2007-04-18

ഒരു വറുത്ത മീനിന്റെ കഷ്ണം

ചിലപ്പോഴൊക്കെ പവര്‍ക്കട്ടിന്റെ ഇരുട്ടില്‍, എന്റെ കുഞ്ഞുപാത്രത്തില്‍ നിന്ന് ചേട്ടന്‍ കട്ടെടുക്കുമായിരുന്നു, തലയാണെങ്കിലും വറുത്ത മീനിന്റെ എന്റെ പങ്ക്. അമ്മേ എന്ന് നിലവിളിക്കുമ്പോഴേക്കും അവന്‍ അകത്താക്കിയിരിക്കുമത്. "ഇവള് തന്ന്യെയാ അമ്മേ തിന്നേ" എന്ന് അവന്‍ നുണപറയുമ്പോഴേക്കും ഞാന്‍ ഒന്നും മിണ്ടാനാവാതെ വിമ്മിപ്പൊട്ടിയിരിക്കും. ചോറാകെ നനഞ്ഞ്, വായിലാകെ ഉപ്പുമായി.

ആണ്‍കുട്ടികള്‍ക്ക് എപ്പോഴും വറുത്ത മീനിന്റെ നല്ലഭാഗം. പെണ്‍ട്ടികള്‍ക്ക് തലയാണെങ്കിലും മതി. ആണ്‍കുട്ടികള്‍ക്ക് എപ്പോഴും കോഴിയുടെ കാല്, പെണ്‍കുട്ടികള്‍ക്ക് ചിറകാണെങ്കിലും മതി. അമ്മയില്‍ നിന്ന് ഞാന്‍ പഠിച്ച പാഠങ്ങള്‍. പെണ്‍കുട്ടി അമ്മയാവുമ്പോഴൊ, മീന്‍ വറുത്ത് പൊടിഞ്ഞ എണ്ണയോ, കോഴിയുടെ ചാറോ മതി സ്വാദിനു. ജീവിതത്തില്‍ എപ്പോഴൊ പട്ടിണിയറിഞ്ഞിരുന്നതുകൊണ്ടാവണം, എത്ര സുഖസൌകര്യങ്ങളുണ്ടായിരുന്നിട്ടും അമ്മക്ക്, പിഞ്ഞാണത്തില്‍ വിളമ്പും നേരം എപ്പോഴും ഒരു പിശുക്കും, ഒരു കണക്കും. നാളേക്ക് ഭയപ്പാടോടെ സ്വരൂക്കൂട്ടിവെക്കുന്നതാവണം മീനിന്റെ നല്ലഭാഗവും കോഴീന്റെ കാലും.

വിവാഹശേഷം ഞാനുമത് അച്ചട്ടായി പാലിച്ചു പോന്നു. നല്ലഭാഗം നല്ലപാതിക്കും, തല എനിക്കും. എച്ചില്‍ പാത്രത്തില്‍ എനിക്കുള്ള ചോറിട്ട് സ്വാദോടെ കഴിക്കുമ്പോള്‍, "ശീലാവതി ചമയല്ലേ" എന്നുള്ള പരിഹാസവും ചോറിന്റെ കൂടെ എത്ര തവണ കുഴച്ച് കഴിച്ചിരിക്കുന്നു. അല്ലെങ്കിലും ആണുങ്ങള്‍ക്കറിയുമൊ വറുത്ത തലയുടെ സ്വാദ്.

ചിലപ്പോഴൊക്കെ ഒരു വറുത്ത മീന്‍ കഷ്ണം മാത്രം മിച്ചമുള്ളപ്പോള്‍ പങ്കിട്ടെടുക്കാനും, എനിക്കുള്ളതാണെന്നും തോന്നിയിട്ടില്ല. അമ്മ ഉരുവിട്ട പാഠങ്ങള്‍ മറക്കുവാനും കഴിഞ്ഞിട്ടില്ല. ഇന്നലെ പാത്രം തുറന്നപ്പോള്‍ പിന്നേയും ബാക്കിയായി ഒരു കഷ്ണം വറുത്ത മീന്‍. നല്ലപാതിക്കത് എന്നത്തേയും പോലെ വിളമ്പിയിട്ട്, പണികളെല്ലാം കഴിഞ്ഞ് സ്വസ്ഥമായി ഉണ്ണാനിരിക്കുമ്പോള്‍ ഞാന്‍ വിളമ്പിയ മീന്‍ എന്റെ ചോറിന്റെ കൂമ്പാരത്തിനരുകില്‍. പിന്നേയുമൊരിക്കല്‍ ചോറാകെ നനഞ്ഞ്, വായിലാകെ ഉപ്പും.

39 പ്രതികരണങ്ങള്‍:

Inji Pennu said...

ഒരു വറുത്ത മീനിന്റെ കഷ്ണം

കുറുമാന്‍ said...

ആദ്യം തേങ്ങ. ഠോ.......ഇതിലും മുന്‍പത്തെ പോസ്റ്റില്‍ കമന്റാന്‍ പോലും പറ്റിയില്ല. ചിപ്പിക്കകത്തായിരുന്നു. ഇന്ന് പുലര്‍ച്ചെ തന്നെ പറ്റാവുന്നത് അരിച്ചു പെറുക്കി, ഭാക്കി രാത്രിയും മുഴുവനാക്കാം എന്നു കരുതിയിറങ്ങിയതാ.

ഓര്‍മ്മകള്‍ അയവിറക്കിയത് നന്നായിരിക്കുന്നു. നാളേകുറിച്ചുള്ള വേവലാതി ഒട്ടുമിക്ക അമ്മമാര്‍ക്കും ഉള്ളത് തന്നെ.

പിന്നെ, വറുത്തമീന്‍ പൊടിഞ്ഞ എണ്ണ, അത് എന്റെ അഭിപ്രായത്തില്‍,എണ്ണ അവശേഷിച്ച മീന്‍ വറുത്ത പാത്രത്തില്‍ ചോറിട്ട് ഇളക്കിയതിന്റെ സ്വാദ് ബിരിയാണിക്കു പോലും കിട്ടില്ല (ബീക്കുട്ടിക്കല്ല്)....

സു | Su said...

ആ വറുത്ത മീനിന്റെ തലയുടെ സ്വാദിനോട് അടുപ്പം തോന്നാന്‍ എന്നേ പഠിച്ചുകഴിഞ്ഞു ഞാന്‍. ഇപ്പോ മീനിനെ നോക്കുമ്പോള്‍ എനിക്ക് കൊതി തോന്നാറില്ല. കാരണം, തല പോലും കിട്ടാത്തവര്‍ ഉണ്ടെന്ന് എനിക്കറിയാം. വറുത്ത മീനിന്റെ തലയും, കഷണവും, വീതം വെക്കാനുള്ള സൌഭാഗ്യം പോലും ഇല്ലാത്തവരും ഉണ്ടെന്ന് അറിയാം.

ബിന്ദു said...

വറുത്ത മീനിന്റെ തലയ്ക്കാണോ ടേസ്റ്റ് അതോ ഉടലിനോ എന്നൊരു ഗവേഷണം നടത്തിനോക്കണം. ക്ഷേത്രപാലനു പാത്രത്തോടെ ന്ന് കേട്ടിട്ടുണ്ടോ? അതുപോലെ മെഴുക്കുപുരട്ടിയൊക്കെ പാത്രത്തിന്റെ അടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്നതിന് എന്തൊരു ടേസ്റ്റാണ്. അതുപോലെ എന്തെങ്കിലും ട്രിക്കാവും ആ തലയിലും ഇഞ്ചീ. അമ്മമാര്‍ക്ക് പെണ്മക്കളോട് തന്നെയാണ് ഇഷ്ടക്കൂടുതല്‍ എന്നു തെളിയിക്കാന്‍ ഇതില്‍ കൂടുതല്‍ തെളിവു വേണോ? അതുപോട്ടെ, ഇന്നവിടെ മീനെന്താ? :)
ങ്ങേ.. സൂ മീനൊക്കെ കൂട്ടിത്തുടങ്ങിയൊ? ;)(ഞാന്‍ ഓടണോ അതോ നിക്കണോ? )

reshma said...

മറന്നേ തീരൂ മറന്നേ തീരൂ
ചില പാഠങ്ങള്‍ മറന്നേ തീരൂ.

(സത്യായിട്ടും തീറ്റകാര്യം കണ്ടപ്പോ ഓടിവന്നതല്ല ട്ടോ:D)

സു | Su said...

അയ്യേ ച്ഛെ! മീനെന്ന് പറഞ്ഞേയുള്ളൂ. ഞാന്‍ ഉദ്ദേശിച്ചത്, നമുക്ക് കിട്ടുന്ന കാര്യങ്ങളുടെ കാര്യമാ. മെഴുക്ക് പുരട്ടിയെന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷെ എനിക്ക് ബിന്ദുവിന്റെ അത്രേം സ്പീഡില്ല. ഓടാന്‍. ഹി. ഹി. ഹി...

റീനി said...

കുറുമാനെ, വറുത്തമീന്‍ പൊടിഞ്ഞ എണ്ണയില്‍ ചോറിട്ടിളക്കി...എന്നൊക്കെ എഴുതി മനുഷ്യനെ വെറുതെ വലക്കാതെ, വയര്‍ അറബിക്കടല്‍ പോലെ ഇരമ്പുന്ന സമയത്ത്‌. നാലുമണിക്കൂര്‍ മുമ്പ്‌ കഴിച്ച അത്താഴം എവിടെപ്പോയോ. എന്തോ?

ഇഞ്ചീസെ, പിന്നെയും പ്രത്യക്ഷപ്പെട്ടുവല്ലേ, സന്തോഷം.

ഇട്ടിമാളു അഗ്നിമിത്ര said...

“ശീലാവതി ചമയല്ലെ ..!” .. ഹി ഹി ഹി ഇതൊക്കെ എഴുതിയത് അടുത്ത തവണയും നല്ലപാതി ആ മീന്‍‌കഷ്ണം അവിടെ വെച്ച് പോവാനല്ലെ....കൊള്ളാം ഓര്‍‌മ്മകള്‍

സുല്‍ |Sul said...

ഇഞ്ചിപ്പെണ്ണേ,

“ശീലാവതി ചമയല്ലെ ..!” .. ആങ്കുട്ടികള്‍ക്കു കൊടുക്കുന്ന വറുത്ത മീനിന്റെ നല്ലഭാഗം എവിടെപോകുന്നു എന്ന് വിശദമായി
ഇവിടെയെഴുതിയിട്ടുണ്ട്.


-സുല്‍

ആവനാഴി said...

ഇഞ്ചിപ്പെണ്ണേ,

വറുത്ത മീനിന്റെ കൂടെ ചേരുന്ന രണ്ടു വിഭവങ്ങള്‍ ഉണ്ട്. പരിപ്പുകൂട്ടാനും, പപ്പടം കാച്ചിയതും.

അവ കൂട്ടി നല്ല കുത്തരിച്ചോറുണ്ടു നോക്കൂ.

എന്നിട്ടു വിവരം പറയൂ.

സസ്നേഹം
ആവനാഴി.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇഞ്ചിച്ചേച്ചിയേ വറുത്ത ചട്ടിയില്‍ മീന്‍ ബിരിയാണി ഉണ്ടാക്കിക്കഴിക്കുന്നതും പോരാ കരിഞ്ഞ മീന്‍ കഷ്ണം നല്ലപാതിക്കു കൊടുത്ത് പറ്റിക്കാനും ശ്രമിക്കുന്നോ ??

തമനു said...

ഇഞ്ചീസേ,

മീന്‍ തല കഴിച്ചാല്‍ ബുദ്ധിയുണ്ടാകുമത്രേ !! അതു കൊണ്ടായിരിക്കും അമ്മ അതു സ്ഥിരമായി തന്നിരുന്നത്‌. അങ്ങനെയെങ്കിലും കുറച്ചുണ്ടാവട്ടേ എന്നു കരുതിക്കാണും.(എന്നിട്ടും കിം ഫലം..)

എന്നിട്ടോ ... ഞങ്ങക്കൊക്കെ അതിന്റെ വയറിന്റേം, വാലിന്റേം ഭാഗം. ങ്ഹും.!@# എന്തൊരതിക്രമം. പിന്നെ ഞങ്ങള്‍ക്ക്‌ ജന്മനാ ലഭിച്ച ബുദ്ധി തന്നെ കൂടുതലായതു കൊണ്ട് ജീവിച്ചു പോകുന്നു.

എന്നാലും മീന്‍ വറുത്ത് ആ എണ്ണയില്‍ ഇളക്കിയെടുക്കുന്ന ആ ചോറ്... ഹോ ... കൊതിവരുന്നു.

ആഷ | Asha said...

നന്നായിരിക്കുന്നു ഇഞ്ചി
“ചോറാകെ നനഞ്ഞ്, വായിലാകെ ഉപ്പുമായി.”
ഇത്തിരി കൂടെ ശ്രമിച്ചിരുന്നേ കഞ്ഞിയാക്കി കുടിക്കാരുന്നല്ലോ? ഉപ്പും ലാഭം.;)

ഇപ്പോഴാ വേറൊരു കാര്യമോര്‍ത്തേ എന്റെ ഒരു ബന്ധു (ഒത്തിരി അംഗങ്ങളുള്ള വീട്ടിലെ അമ്മ) കറി വെച്ചത് നന്നായില്ലേല്ല്ലോ പുകഞ്ഞാലോ പറയും ഇന്നെനിക്ക് ചോറിന്റെ കൂടെ കൂട്ടാന്‍ കറിയുണ്ടാവുന്ന്. അല്ലെങ്കില്‍ പാവത്തിനു എപ്പോഴും ചട്ടി വടിക്കേണ്ടി വരും.

കുടുംബംകലക്കി said...

വിവാഹശേഷം ഞാനുമത് അച്ചട്ടായി പാലിച്ചു പോന്നു. നല്ലഭാഗം നല്ലപാതിക്കും, തല എനിക്കും.

വലിയ വിഷമമാ ഇതു കൈകാര്യം ചെയ്യാന്‍. (തുല്യതാ വാദികള്‍ക്ക്!!!)

ചില നേരത്ത്.. said...

പരമ്പരാഗത പുരുഷപക്ഷപാതിയെ പ്രകോപിപ്പിക്കാന്‍ മാത്രം കരുത്തുണ്ട് ഈ കുറിപ്പിന്. എന്നിലെ എം.സി.പി യെ തീ‍ര്‍ച്ഛയായും ഇത് പ്രകോപിപ്പിക്കുന്നു. അവസാനത്തില്‍ ഒരു നേര്‍ത്ത തലോടലുണ്ടെങ്കില്‍ പോലും.

Siju | സിജു said...

അയലത്തലയാണെങ്കില്‍ അളിയനും കൊടുക്കില്ലെന്നാ പറയാറ്
എന്നിട്ടാ..

അരവിന്ദ് :: aravind said...

ബ്യൂട്ടിഫുള്‍. വേറൊന്നും പറയാനില്ല.

(ബൈ ദ ബൈ, അത് തിന്നാതെ വച്ചതേ, അത് ഇത്തിരി കരിഞ്ഞത് കൊണ്ടാവും :-))

സുശീലന്‍ said...

വറുത്ത മീനിന്റെ തല എനിക്കും പഥ്യം. മീന് വറുത്തതിന്റെ പിശടില്‍ ചോറിട്ടിളക്കി പണ്ട് അമ്മൂമ്മ തന്നിരുന്നത് ഓറ്മ്മ വന്നു. ഓര്‍മ്മകള്‍ നന്നായിരിക്കുന്നു.

Unknown said...

ഇബ്രൂ,
എം സീ പിക്കാരന്‍ പെരിങ്സ് മുക്കണ കണ്ട് മുക്കല്ലേ... ഹ ഹ. പെരിങ്സിന്റെ അത്ര തത്വശാസ്ത്രപരമായ പിന്‍ബലം നമ്മുടെ വാദങ്ങള്‍ക്ക് കാണില്ല ഒരു കാലത്തും.

എന്ത് വന്നാലും വലിയ പീസ് മീന്‍ കിട്ടിയേ പറ്റൂ. ഫെമിനിസം ഗോ ബാക്ക്.... :-)

സൂര്യോദയം said...

ആ പഴയ സിദ്ധാന്തങ്ങളില്‍ നിന്നും പുരുഷവിഭാഗവും വളരെ മാറിയിരിയ്ക്കുന്നു. പരസ്പരം നല്ല പാതി കൊടുക്കുന്ന നല്ല പാതികളുടെ കാലമാകുന്നു ഇത്‌.. :-)

ഏറനാടന്‍ said...

ഇഞ്ചീചേച്ചീ (?), ഈ ഓര്‍മ്മക്കുറിപ്പ്‌ അക്ഷരംപ്രതി വാസ്‌തവമായി.

എല്ലാവര്‍ക്കും വിളമ്പികൊടുത്ത്‌ അവസാനം മാത്രം കാന്തന്റെ എച്ചിലുപാത്രത്തില്‌ ഭക്ഷിക്കുന്ന സ്ത്രീകളുണ്ട്‌. ആ മനസ്സിന്റെ വിശാലത അനിര്‍വചനീയമാണ്‌. അല്ലേ?

എന്റെ മാതാവും ഈ ഗണത്തിലുള്ളവരാണ്‌. ഞങ്ങള്‍ മക്കളെല്ലാവരും എത്ര പറഞ്ഞാലും ആ ചര്യ മാറ്റിയില്ല.

നന്ദി നല്ലൊരു കുറിപ്പ്‌ തന്നതിന്‌.

മഴത്തുള്ളി said...

ഈ പോസ്റ്റ് വായിച്ചുകളിഞ്ഞപ്പോള്‍ ഒരു വറുത്ത മീനിന്റെ മണം എവിടെന്നോ വരുന്നുണ്ട് :)

ഗുപ്തന്‍ said...

നാട്ടിലെ ഒരുപാട് യാത്രകളുടെ ഇടയില്‍ ഒരുനാള്‍ ബൊക്കാറോ എക്സ്പ്രസ്സില്‍ ഈ രാവെപ്പോഴാണ് വെളുത്തുകിട്ടുക എന്ന് ആധി പിടിച്ച് മുകളിലെ ബെര്‍ത്തില്‍ കിടക്കുമ്പോള്‍ താഴെ ഒരു ചെറിയകുടുംബം -ഭാര്യയും ഭര്‍ത്താവും ഒരു കുഞ്ഞും കുഞ്ഞ് ഉറങ്ങിയിരുന്നു- വൈകി അത്താഴം കഴിക്കുന്നതു കണ്ടു. ഒരു പൊതിച്ചോറഴിച്ച് അതിലെ പകുതിയിലധികവും നല്ല ഭാഗം തിരഞ്ഞ് ഭര്‍ത്താവിനു മാറ്റിവച്ച് അരികില്‍ നിന്നൊരല്പം കഴിക്കുന്ന ഭാര്യ. അതേപോലെ ഒരു താല്പര്യം അവളുടെ കാര്യത്തില്‍ അയാളും കാണിച്ചു എന്നാണ് എനിക്ക് തോന്നിയത് അധികം വിജയിച്ചില്ലെങ്കിലും. ഏതായാലും വിവാഹിതനായ ഒരു പുരുഷനോട് അസൂയതോന്നിയ ഒരേ ഒരവസരമായി ഞാന്‍ അതു ഓര്‍ത്തിരിക്കുന്നു.

നന്നായി എഴുതിയിരിക്കുന്നു ഇഞ്ചി. പങ്കുവയ്പ്പിന്റെ സുഖം എന്നും ആസ്വദിക്കാന്‍ കഴിയട്ടെ... സ്തീയോട് വിവേചനം മാത്രം കാണിച്ചിട്ടുള്ള പാരമ്പര്യത്തിന്റെ കെട്ടുപാടുകള്‍ മനസ്സിലില്ലാതെ തന്നെ.

സാജന്‍| SAJAN said...

ഒരു കഷണം മീനില്‍ സ്നേഹം കൂട്ടിവച്ച് പരസ്പരം ഊട്ടിയ കഥ എന്തു മനോഹരം :)
സൊറീ ഒരു കുഞ്ഞു ഓ ടോ:-
ഇവിടെ ഇത്രയും ഭാര്യമാര്‍ സ്നേഹം കൊണ്ട് ഭര്‍ത്താക്കന്‍ മ്മാരെ വീര്‍പ്പ് മുട്ടിക്കുന്നത് കണ്ടിട്ടും ഈ ബാച്ചികള്‍ക്കൊരു കുലുക്കവും ഇല്ലല്ലൊ എന്റെ ദൈവമേ:)

രാജ് said...

ഇബ്രാ, ദില്‍ബനിയാ,നിങ്ങള്‍ പെണ്‍‌വാക്ക് കേട്ട് ചഞ്ചലപ്പെട്ടു പോകരുതേ. പെണ്ണുങ്ങള്‍ 'കണ്ണന്‍ മത്സ്യത്തെ പോലെയാണ്‌' വരമ്പത്തു നിന്നു പിടിച്ചാല്‍ കണ്ടത്തിലേയ്ക്കു ചാടും, കണ്ടത്തില്‍ നിന്നു പിടിച്ചാല്‍ തോട്ടിലേയ്ക്കും. ഭയങ്കര വഴുക്കാണ്‌, വഴുവഴുക്കാണു്‌. ഫെമിനിസ്റ്റുകളുടെ കാര്യം പിന്നെ പറയും വേണ്ടാ ;)

മീനിന്റെ തല തിന്നു കെറുവിക്കുന്നവര്‍ ചേരയുടെ നടുക്കഷ്ണം തിന്നുന്നവരെ കുറിച്ചു ഓര്‍ക്കാതെ പോയല്ലോ.

Inji Pennu said...

ഈ കണ്ണന്‍ മീനിനെ ‘പിടിക്കാന്‍’ ശ്രമിക്കുന്നതെന്തേ മുക്കുവാ പെരിങ്ങ്സേ? ജീവിക്കാന്‍ സമ്മതിക്കാണ്ട്?

നടുക്കഷണം ബൈ ചോയ്സ്. തല നോ ചോയ്സ്.

Haree said...

അത് ആ മീന്‍ ഇഷ്ടല്ലാഞ്ഞായിരിക്കും... ;)
ചുമ്മാ..
--

കരീം മാഷ്‌ said...

ഇതു വായിച്ചപ്പോള്‍ ഞങ്ങളുടെ “കൊട്ടാരം പേറ്റാട്ടി” ആയിശ്ശാത്ത തന്റെ പ്രിയന്‍ അവറാന്‍ കാക്കാനെ നാണത്തോടെ ഓര്‍ത്തു പറയാറുണ്ടായിരുന്ന ഒരു ഈരടി ഓര്‍മ്മ വന്നൂ (നൊസ്റ്റാള്‍ജിയ..!, അയ്യേ വീണ്ടും നൊസ്റ്റാള്‍ജിയ !)
“ആവോലിത്തല പഞ്ഞിപോലെ,
അവറാന്‍ കാക്കാന്റെ നെഞ്ചു പോലെ!”

കുതിരവട്ടന്‍ | kuthiravattan said...

"പണികളെല്ലാം കഴിഞ്ഞ് സ്വസ്ഥമായി ഉണ്ണാനിരിക്കുമ്പോള്‍ ഞാന്‍ വിളമ്പിയ മീന്‍ എന്റെ ചോറിന്റെ കൂമ്പാരത്തിനരുകില്‍"
ചോറിന്റെ കൂമ്പാരമോ? എന്റെ ദൈവമേ!!! എത്ര പറ അരിയുടെ ചോറുണ്ണും ഒരു ദിവസം??? ആരെങ്കിലും ഏതെങ്കിലും സദ്യക്ക് ഇഞ്ചിയെ വിളിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഒന്നു കൂടെ ആലോചിച്ചോളൂ. :-)

Pramod.KM said...

അമ്പട മീനേ...;)

Anonymous said...

വറുത്തമീനിന്റെ പങ്കിട്ടെടുക്കല്‍ ചടങ്ങിനു പിന്നിലുള്ളത് മാറാത്ത,മാറ്റാന്‍ ശ്രമിക്കാത്ത ഒരു പിന്തിരിപ്പന്‍ ആശയത്തിന്റെ ബോധപൂര്‍വ്വമോ അല്ലാതേയോയുള്ള പിന്തുടര്‍ച്ചയായതുകൊണ്ട് ഇതൊരു പിന്തിരിപ്പന്‍ രചനയാകുന്നു :)

Vempally|വെമ്പള്ളി said...

എളിമ, അതെന്നും നല്ലതാണു കുഞ്ഞേ! അതിപ്പോ വറുത്ത മീനിന്‍റെ കാര്യത്തിലായാലും ചിക്കന്‍ കാലിന്‍റെ കാര്യത്തിലായാലും.

നല്ലതേ വരൂ!!!.

(എന്നാലും ഇത്രേം കൊതി പിടിക്കേണ്ട കാര്യമുണ്ടൊ?)

ഞാന്‍ മിസ്റ്റര്‍ ഇഞ്ചീടെ കൂടെയാ

Unknown said...

ഭാഗ്യ്‌വതി...! അതും കൂട്ടി സുഖമായി ചോറുണ്ടിട്ട്, “എടിയേ, വറുത്ത മീനൊരു കഷണം കൂടിത്തന്നേ..” എന്ന് അതിയാന്‍ ചോദിച്ചില്ലല്ലോ?

:)

Anonymous said...

well written,went back to childhood memories.we children used to fight for the big piece of fried fish. As always I get the smallest since I am the youngest.

സാല്‍ജോҐsaljo said...

ഒന്നും പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല.
സത്യം.

മറ്റൊരു പോസ്റ്റില്‍ കമന്റിടാന്‍ വന്നപ്പോള്‍ കയറി നോക്കിയതാണ്. വായിച്ചു തീര്‍ന്നപ്പോള്‍ മനസിലെവിടെയോ ഒരു ഭാരം പോലെ...

എതിരന്‍ കതിരവന്‍ said...

ഇഞ്ചീ
സത്യത്തില്‍ ഞാന്‍ ഇപ്പോഴാണ് ഇതു വായിക്കുന്നത്!
അപ്പോള്‍ ഞാന്‍ കേട്ട കാര്യങ്ങളൊക്ക്ക്കെ നിങ്ങളെല്ലാവരും അനുഭവിച്ചു കഴിഞ്ഞിരുന്നു!

മീന്‍ തന്നെ ഉണ്ടാക്കി അതിന്റെ നല്ല ഭാഗം ഭാര്യക്കു തരുന്ന ഒരു ഭര്‍ത്താവുണ്ടാവാന്‍, അങ്ങനെയൊരു സിറ്റുവേഷന്‍ ഉണ്ടാവാന്‍ ആരൊക്കെ പ്രയത്നിക്കണം? അമ്മ? മകള്‍? മകന്‍? ആണുങ്ങള്‍ പൊതുവേ? പെണ്ണുങ്ങള്‍ പൊതുവേ?

അമ്മമാരാദ്യം ചെയ്തു തുടങ്ങണം എന്നാണ് എന്റെ അഭിപ്രായം.

ഇഞ്ചിയ്ക്ക് ആണ്മക്കളുണ്ടോ?
(ഉത്തരം തരേണ്ട. എന്നാലും ചോദ്യം അവശേഷിക്കും)

Inji Pennu said...

Dear Ethiravana maashe,

Why do we think mothers should start the process? Why cannot fathers start that process? I do understand Moms influence kids more everywhere in this World. But for that mom to gain that confidence that she should treat her kids equal, she should get that confidence from her dad and from her husband. This is what I feel.

Even in U.S there is rampant discrimination against women in many levels, but I dont see this discrimination of food only because both men and women can work and earn. I think thats the root cause of all discrimination, simple economics.

What do you think?

എതിരന്‍ കതിരവന്‍ said...

inchee:
Because mother is the deciding element in the kitchen and generally the household. Why should she wait for the confidence to ooze out from father/husband?

Kitchen is the powerhouse of the household. Discrimination can start and end there. Feeding behavior sends cues to the siblings and affect identity realizations.

Father/husband 's attitude still could be male egotistic. (Trend all over the world). Boys need more "strength' to hunt and feed the group, instinct may direct. Such instincts are no more needed currently and so mother could weed it out. Male ego still could work to direct the boys for more athletically oriented behavior patterns and favor discrimination in feeding primarily and could extend to other domination patterns. Only a mother can "watch out" for male ego thrust.

Males will not take drastic steps to alter gender identities in the household since their (our?)comfort levels will be affected.


You know all these. Are you just trying me?

Please watch the movie "Billy Elliot". The challenge a boy takes to confront father-generated gender identities.The absence of a mother is noticeable.


(That piano-crushing/spliting scene! Hard to watch)

Inji Pennu said...

"Father/husband 's attitude still could be male egotistic. (Trend all over the world)" :-)

Maashe,Even without looking at your profile I know those thots come from a male. No wonder they say Men come from Mars and women from Venus. :)

Mind you I dont subscribe to the western feminism. I dont think feminism is wearing jeans and smoking and drinking with men. To me thats crass.

Anyway will write more about it as a post of what my views are about discrimination. Always wanted to write about that, but want to cover a larger topic of discrimination than just men/women. When I get time, I will post one and then we can discuss in detail.

Thanks for movie recommendations like this. Surely will watch.