2007-04-17

മഴ

മഴ കണ്ടിട്ടുണ്ടോ? എനിക്കേറ്റവും ഇഷ്ടമുള്ള മഴ എവിടെയെങ്കിലും ഒരുങ്ങി പൊട്ടുകുത്തി പോകുവാന്‍ ഇറങ്ങുന്നനേരം പെട്ടെന്ന് തകര്‍ത്തു പെയ്തു എല്ലാവരേയും ഇളിഭ്യരാക്കുന്ന മഴയേയാണു. ജീവിതം പോലെയാണു അപ്പോള്‍ മഴ. കണുക്കു കൂട്ടിയും കഴിച്ചും ഉണ്ടാക്കുന്ന പദ്ധതികളെല്ലാം ഒരു നിമിഷം കൊണ്ടു വെള്ളത്തില്‍ ഒലിപ്പിച്ചു കളയുന്ന മഴ.

നശിച്ച മഴയെന്ന് ബാക്കിയെല്ലാവരും ഇറയത്ത്‌ അവളെ നോക്കി നിന്നു ശപിക്കുമ്പോള്‍ ഞാന്‍ ഉള്ളില്‍ ചിരിക്കുകയാണു പതിവു. സ്വാഗതം എന്ന് ചിരിയമര്‍ത്തി ഉരുവിടാറുണ്ട്. “ദൈവമേ തുണി” എന്ന് പറഞ്ഞ് പിന്നാമ്പുറത്തേക്കോടുന്ന അമ്മയും, അമ്മക്കു മുന്നേ അവയെല്ലാം എടുക്കാന്‍ ഓടിക്കഴിഞ്ഞിരി‍ക്കുന്ന വീട്ടു ജോലിക്കാരിയും. ഇവിടെ തുടംതല്ലി പെയ്താലും ദൂരെ പലയിടങ്ങളിലായി വാങ്ങിയിട്ടിരിക്കുന്ന പറമ്പുകളില്‍ ഇത്രയും തകര്‍ത്ത് പെയ്യുന്നുണ്ടാവുമോ എന്ന് ആകുലപ്പെടുന്ന അപ്പനും. ഞാന്‍ പറഞ്ഞില്ലേ പദ്ധതികള്‍ക്ക് താളം തെറ്റിക്കുന്ന മഴയെ കുറിച്ച്.

വീടിനു മുന്‍പേയുള്ള കടയുടെ ഉമ്മറത്ത് കുടയുണ്ടായിട്ടും കയറി നില്‍ക്കുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിയും, മഴയില്‍ കുതിര്‍ന്നിട്ടും പിന്നേയും നനയാന്‍ കൂട്ടാക്കാതെ സ്കൂട്ടര്‍ ചെരിച്ച് തല മാത്രം കടയുടെ ഇത്തിരിപ്പോന്ന ഇടയില്‍ തിരുകി വെക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥനും തലയില്‍ ഒരു പ്ലാസ്റ്റിക്ക് കവര്‍ കൊണ്ട് മറച്ച് ദേഹമാസകലം നനഞ്ഞ് ഒരുപാട് വര്‍ണ്ണങ്ങളുള്ള മുണ്ടും വാരിപ്പിടിച്ച് ബട്ടന്‍സില്ലാത്ത തുറന്ന ഷര്‍ട്ടുമിട്ട് മഴവെള്ളം ചപ്ലാ ചപ്ലാന്ന് തെറുപ്പിച്ച് ഓടുന്ന ഏതോ ചുമടെടുപ്പുകാരനും എല്ലാം അവള്‍ സമ്മാനിക്കാറുള്ള നനഞ്ഞ പദ്ധതികളുടെ കണങ്ങള്‍.

വീട്ടുമുറ്റത്ത് അപ്രതീക്ഷിതമായി താളം ചവിട്ടുമ്പോള്‍ ചുവന്ന ഇഷ്ടിക പതിപ്പിച്ച ഇടതുവശത്തെ രണ്ട് വീടുകളിലും അവള്‍ താളം ചവിട്ടിപോവാറുണ്ട്. ഒരച്ചില്‍ വാര്‍ക്കപ്പെട്ട സ്വപ്നങ്ങള്‍ പോലെ അടുത്തടുത്ത് രണ്ട് വീടുകള്‍, മതിലുകള്‍ കൊണ്ട് പിരിക്കാതെ ഒരേ പറമ്പില്‍. ചേട്ടനും അനിയനുമാണ്. ചേട്ടന്‍ ദൂ‍രെ നാട്ടില്‍ ഒറ്റക്ക് പോയി ഉണ്ടാക്കി സമ്പാദിച്ച പണം കൊണ്ട് വെച്ച തലയുയര്‍ത്തി നില്‍ക്കുന്ന രണ്ട് മനോഹര വീടുകള്‍. കൈപിടിച്ചോടുന്ന കുട്ടിക്കാലത്തെ ഓര്‍മ്മിച്ചിട്ടാവണം മുട്ടിയുരുമ്മി നില്‍ക്കുന്ന ആ രണ്ട് വീടുകള്‍ ചേട്ടന്‍ ആഗ്രഹിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതേ സ്ഥലത്ത് ഒരോലപ്പുരയുണ്ടായിരുന്നിരിക്കണം. നിശ്ചയമില്ല. പക്ഷെ പൊളിഞ്ഞ ഓരോടു വീടെങ്കിലും ആയിരുന്നിരിക്കണം. പുറത്ത് താണ്ഡവമാടുന്ന മഴയെ അലൂമിനിയം കലങ്ങളിലോ കഞ്ഞിപാത്രങ്ങളിലോ ശേഖരിച്ച്, വല്ലപ്പോഴും കത്തുന്ന അടുപ്പുകളിലെ വിറകു കുതിര്‍ത്ത് ചിരിച്ച് അട്ടഹസിച്ച് പോവുന്ന മഴയെ വെറുത്ത്, മഴയില്ലാതെയുള്ള നാടുകളിലേക്ക് ചേക്കേറാന്‍ പ്രവാസിയെ മോഹിപ്പിക്കുന്നത് അങ്ങിനെയുള്ള വീടുകളായിരിക്കുമെന്ന് നിശ്ചയം. ഒട്ടും നനവ് പറ്റാതെ സുരക്ഷിതമായി ജനാലയുടെ ഇരുമ്പഴിക്കുള്ളിലിരിക്കുമ്പോള്‍ മാത്രമാണ് മഴക്ക് അതിരുകവിഞ്ഞു മോഹിപ്പിക്കുന്ന മാദകത്വം. ജനല്‍ക്കമ്പികളില്‍ അവളുപേക്ഷിച്ചു പോവുന്ന പാദസരമണികളില്‍ വിരല്‍ തൊട്ട് അവളെ അടുത്തറിയാന്‍ ഒരു പാഴ് ശ്രമം. മുറ്റത്ത് വന്ന് നടമാടുമ്പോള്‍ അവളെ ആശ്ലേഷിക്കാന്‍ ആഗ്രഹിക്കണമെങ്കില്‍ മഴയില്ലാത്ത രാജ്യങ്ങളിലേക്ക് കുറേ നാള്‍ പുറപ്പെട്ട് പോകണം. ഒരിക്കലും ഓര്‍ക്കരുതെന്ന് കരുതുന്ന പഴയ ചെളി പിടിച്ച നശിച്ച ഓര്‍മ്മകളും അങ്ങിനെയാണല്ലൊ വിങ്ങലായി തീരുന്ന ഗൃഹാതുരത്വം സമ്മാനിക്കുന്നത്.

ആറു മാസമായിട്ടേയുള്ളൂ ചേട്ടന്‍ മഴയെ സ്നേഹിക്കാന്‍ തിരിച്ചു ചേക്കേറിയിട്ടു. പ്രവാസത്തിന്റെ ഇടുങ്ങിയ ഇടനാഴികളെ മറക്കുവാനാവണം ചേട്ടന്‍ ഒരുപാട് മുറികളുള്ള വലിയ വീട് ആഗ്രഹിച്ചത്. നഷ്ടപ്പെട്ട വിലപ്പെട്ട നിമിഷങ്ങളോരൊന്നും വിശാലമായ മുറികളില്‍ കുത്തിനിറച്ച്, അവയെ ഉരുക്കി നിറമുള്ള ഓര്‍മ്മകളുടെ ഭാണ്ഡക്കെട്ടിലേക്ക് കൂട്ടിയിണക്കാന്‍ എല്ലാ പ്രവാസികളെപ്പോലെയും ശ്രമിക്കുന്നുണ്ടാവണം. മഴയുടെ കിലുക്കം കേള്‍ക്കുമ്പോള്‍ കരിപിടിച്ച കലങ്ങള്‍ തേടിപ്പിടിക്കാന്‍ ചേട്ടന്‍ ഇപ്പോഴും അറിയാതെ അടുക്കളയിലേക്ക് ഓടുന്നുണ്ടാവും. അനിയനാണല്ലൊ വളര്‍ന്നതും മഴ ചോരാത്ത വീടുണ്ടാക്കിയതും.

ചോരാത്ത സിമന്റ് പൂശിയ വീടുകളില്‍ എപ്പോഴും കൊടിയ വേനലിന്റെ ചുട്ടുപഴുത്ത ചൂടാണ്. അസഹ്യമായ വേനലില്‍ മിക്കപ്പോഴും മഴക്കായ് കാത്ത് കാത്തിരുന്ന്, കാര്‍മേഘങ്ങള്‍ ഉരുണ്ട് കൂടി മാനം കറുത്ത്, ആ കറുപ്പ് വീടിനുള്ളിലേക്കും വ്യാപിച്ച്, തുമ്പിക്കൂട്ടങ്ങളെല്ലാം പറന്ന് മോഹിപ്പിച്ച്, കൊട്ടും കുരവയുമായി വന്ന്, കല്ല്യാണ തലേന്നെന്ന പോലെ എല്ലാവരും പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന നേരം, വെറുതെ കണ്ണുനീര്‍ പോലെ രണ്ട് തുള്ളി തൂവി അവള്‍ കുലുങ്ങിച്ചിരിച്ച് കടന്ന് കളയാറുണ്ട്. ജീവിതം ഒരുപാട് മോഹിപ്പിച്ചിട്ട് നിരാശരാക്കി പിടിവിട്ട് പോവാറുള്ളതു പോലെ.

രണ്ട് വീടുകളും ചേട്ടന്റെ പണത്തിനു മേല്‍നോട്ടം വഹിച്ചിരുന്ന അനിയന്റെ പേരിലാണ്. ചേട്ടനെ അനിയന്‍ ഇറക്കിവിട്ടിട്ടില്ല ഇനിയും. ചേട്ടനെ ഇറക്കി വിടാതെയിരിക്കുവാന്‍ അമ്മ ചേട്ടന്റെ കൂടെയാണ് താമസം. ചേട്ടന്റെ ഭാര്യയെ കയറിപ്പിടിക്കാന്‍ ഒരിക്കല്‍ അനിയന്‍ ശ്രമിച്ച അന്നു മുതല്‍, ചേട്ടന്റെ ഭാര്യക്ക് ഭ്രാന്താണ്. അനിയനേയും കുടുമ്പത്തേയും നാട്ടുകാര്‍ക്ക് വര്‍ഷങ്ങളായി അറിയാം. അയല്‍പക്കത്തെ ഗോപി മാഷിന്റെ വീട്ടിലെ ഇളയ കുഞ്ഞിനു മഞ്ഞപ്പിത്തം ബാധിച്ചപ്പോള്‍ അനിയന്റെ കാറിലാണ് കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോയതും കുഞ്ഞ് രക്ഷപ്പെട്ടതും. ചേട്ടന്റെ പണം കൊണ്ട് വാങ്ങിയ കാറെന്നും അതിലോടുന്ന ഇന്ധനമെന്നും മറ്റും മറഞ്ഞിരിക്കുന്നവരെക്കുറിച്ച് കഥകള്‍ പറയേണ്ട ആവശ്യം അനിയനില്ലല്ലൊ, കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന തിരക്കില്‍ അത് മറന്നതാവണം. എല്ലാവരും വിശ്വസിച്ചു. വിശ്വസിച്ചെന്ന് നടിച്ചു. ഗോപി മാഷും പറഞ്ഞു ആ വീട്ടിലെ ചേട്ടത്തിയമ്മക്ക് ഭ്രാന്താണെന്ന്.

രണ്ട് വീട്ടിലും ഒരേപോലെയാണ് മഴ പെയ്യാറുള്ളത്. ഞാനത് നോക്കി നില്‍ക്കാറുണ്ട്. ജീവിതത്തിന്റെ പദ്ധതികള്‍ തെറ്റിത്തെറിപ്പിച്ച് ഒരു വീടിന്റെ ചുമരില്‍ തട്ടി മറ്റേ വീടിന്റെ ജനലിലേക്ക് തെറിക്കുന്ന വലിയ നീളന്‍ സൂചികള്‍ പോലത്തെ മഴ. നൂലുകള്‍ കോര്‍ക്കാ‍ത്ത സൂചികള്‍ കൊണ്ട് ബന്ധങ്ങള്‍ തുന്നിചേര്‍ക്കാനാവാതെ വ്യര്‍ത്ഥമായി ഭ്രാന്തമായി അട്ടഹസിച്ചുകൊണ്ടാവണം അവള്‍ അവിടെ നിന്നും പെയ്തൊഴിയുന്നത്. നിസ്സഹായത്വത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയായ ഭ്രാന്ത്. ഭ്രാന്തമായി പെയ്യുന്ന മഴയാണെനിക്കുമിഷ്ടം. ഇടതടവില്ലാതെ, എപ്പോള്‍ പെയ്തു തീരുമെന്നോ ഒന്നും ആര്‍ക്കും സൂചനകൊടുക്കാതെ പെയ്യുന്ന മഴ. ഭ്രാന്തങ്ങിനെയാണല്ലൊ ആര്‍ക്കും പിടികൊടുക്കാതെ എപ്പോള്‍ തുടങ്ങുമെന്നോ തീരുമെന്നോ ആര്‍‍ക്കും നിശ്ചയമില്ലാതെ, ജീവിതം പോലെ. ആദ്യമാദ്യമുള്ള ഉന്മാദാവസ്ഥയില്‍ നിന്ന് പിന്നെ പതിയെ മച്ചിലും ഇലകളിലും ശിഖിരങ്ങളിലുമെല്ലാം വഴി പരസഹായത്തോടെ മണ്ണിലേക്ക് ഊര്‍ന്നിറങ്ങി നിശ്ബ്ദമാവുന്ന ജിവിതം പോലെ, മഴ.

നശിച്ച മഴ!

21 പ്രതികരണങ്ങള്‍:

Inji Pennu said...

മഴ!

സു | Su said...

ഇത് മഴയോ ചേട്ടന്റേം അനിയന്റേം കഥയോ? ;)

മഴ അങ്ങനെയാണ്. നമ്മുടെ രണ്ടാളുടേയും വീടുകളില്‍ പെയ്യുന്നതും ഒരേ മഴയാണല്ലോ. ചിലപ്പോള്‍ ഭ്രാന്തമായി. ചിലപ്പോള്‍ ശാന്തമായി.

മഴ പെയ്യട്ടെ. നശിച്ച മഴ അല്ലാതെ, നല്ല മഴ ആയിട്ട്.

വീണ്ടും സ്വാഗതം.

അപ്പു ആദ്യാക്ഷരി said...

"പുറത്ത് താണ്ഡവമാടുന്ന മഴയെ അലൂമിനിയം കലങ്ങളിലോ കഞ്ഞിപാത്രങ്ങളിലോ ശേഖരിച്ച്, വല്ലപ്പോഴും കത്തുന്ന അടുപ്പുകളിലെ വിറകു കുതിര്‍ത്ത് ചിരിച്ച് അട്ടഹസിച്ച് പോവുന്ന മഴയെ ... " മഴയെക്കുറിച്ചുള്ള നല്ല നിരീക്ഷണങ്ങള്‍. പക്ഷേ, പ്രവാസി മഴയില്ലാത്ത നാടുകളിലേക്ക് കുടിയേറുന്നത് ഇതുകൊണ്ടാണെന്നു പറഞ്ഞതിനോട് യോജിക്കുന്നില്ല. പിന്നെ, ഈ മഴ സ്മരണകള്‍ക്കിടയില്‍ ചേട്ടനും അനിയനും എന്താണ് കാര്യം? ഒട്ടും മനസ്സിലായില്ല.

Rasheed Chalil said...

അതെ മഴ അങ്ങനെത്തന്നെ... നനുത്ത വെള്ളത്തുള്ളികളില്‍ തണുപ്പൊളിപ്പിച്ച പാറലായി, പിന്നെ ഉണര്‍ന്ന് ഉയര്‍ന്ന് താണ്ഡവമായി അവസാനം വാശിപ്പിടിച്ച് കരയുന്ന കുഞ്ഞിന്റെ അവസാന തേങ്ങലായി അവസാനിക്കുമ്പോള്‍... എവിടെയൊക്കെയോ ജീവന്റെ മുളപൊട്ടാന്‍ തുടങ്ങുന്നു... മറ്റൊരിടത്ത് ജീവന്‍ അവസാന ശ്വാസത്തിനായുള്ള അലച്ചിലിലും ആയിരിക്കും...

മഴപെയ്യട്ടേ... നന്മയായി കുളിരായി സാന്ത്വനമായി... എപ്പോഴും എവിടേയും.

ഇനി ഇത് ഓടോയാണൊ ?

ഇഞ്ചീ നല്ല കഥ. ഒത്തിരി ഇഷ്ടമായി.

ടി.പി.വിനോദ് said...

വായിച്ചു, നനഞ്ഞു, നൊന്തു....

"അവള്‍ സമ്മാനിക്കാറുള്ള നനഞ്ഞ പദ്ധതികളുടെ കണങ്ങള്‍."-
അവള്‍ = ജീവിതം, മഴ, മൌനങ്ങള്‍, സമയം, കാത്തിരിപ്പുകള്‍, സങ്കടങ്ങള്‍...പിന്നെ തണുപ്പും നനവുമുള്ള എല്ലാ തീവ്രതകളും.....

വേണു venu said...

മഴ കണ്ടിട്ടുണ്ടോ?
കണുക്കു കൂട്ടിയും കഴിച്ചും ഉണ്ടാക്കുന്ന പദ്ധതികളെല്ലാം ഒരു നിമിഷം കൊണ്ടു വെള്ളത്തില്‍ ഒലിപ്പിച്ചു കളയുന്ന മഴ.
കണ്ടിട്ടുണ്ടു്. അനുഭവിച്ചിട്ടുണ്ടു്.
ചേട്ടന്റെ ഭാര്യക്ക് ഭ്രാന്താണ്. ചേട്ടനു വരാത്ത ഭ്രാന്തോര്‍ത്തു ഞാന്‍ വ്യാകുലപ്പെടുന്നു.
നന്മകളുടെ പ്രതീകങ്ങള്‍ , പറ്റിയതെന്തെന്നറിഞ്ഞു വരുമ്പോഴേയ്ക്കും ഭ്രാന്തമായ മഴയുടെ ചിരിയില്‍ എല്ലാം അവസാനിച്ചിരിക്കും. നിശ്ബ്ദമാവുന്ന ജിവിതം പോലെ, മഴ. നശിച്ച മഴ!
വളരെ നോവിച്ചു എന്നെ ഈ കഥ..............

ദമനകന്‍ said...

ആദ്യ ഭാഗം ഇഷ്ടമായി, ഒരു വേനല്‍ മഴ നനഞ്ഞപോലെ..
രണ്ടാം ഭാഗം (ഏട്ടന്റേയും അനിയന്റേയും കഥ) ഇഷ്ടമായില്ല..

മുസ്തഫ|musthapha said...

നല്ല പോസ്റ്റ് ഇഞ്ചി...

“...ഒട്ടും നനവ് പറ്റാതെ സുരക്ഷിതമായി ജനാലയുടെ ഇരുമ്പഴിക്കുള്ളിലിരിക്കുമ്പോള്‍ മാത്രമാണ് മഴക്ക് അതിരുകവിഞ്ഞു മോഹിപ്പിക്കുന്ന മാദകത്വം...”

ശരിയാണ് ഇഞ്ചീ, ശരിയായിരിക്കാം അല്ലേ... എനിക്കും തോന്നി പണ്ടൊരിക്കല്‍ ഇതു പോലെ ഒരു മഴ യെ കുറിച്ച്... (ഡയറക്ട് മാര്‍ക്കറ്റിങ്ങ്) :)

I am a fan of...
ഇത് കണ്ട് ഞാന്‍ അടിയിലോട്ട് സ്ക്രോള്‍ ചെയ്തു നോക്കി... ചുമ്മാ... എന്‍റെ പടമെങ്ങാനും... ;)

ഇട്ടിമാളു അഗ്നിമിത്ര said...

ഞാന്‍ മഴയെ കുറിച്ചെഴുതിയപ്പോള്‍ .. ഒരാള്‍ എന്നോട് പറഞ്ഞു ഇഞ്ചിയുടെ മഴയുണ്ടെന്ന് .. കഞ്ഞിപാത്രങ്ങളിലെ വെള്ള സംഭരണം .. ഞാനും അങ്ങിനെ ചെയ്തിരുന്നത് ഓര്‍ത്തു . .. പിന്നെ ചേട്ടത്തിയമ്മക്കു മാത്രമല്ലല്ലൊ ഭ്രാന്ത്.. ആ അനിയനും അതന്നെ അല്ലെ.. രണ്ടും രണ്ടു തരത്തില്‍ ആണെന്നു മാത്രം ... പക്ഷെ എനിക്ക് കഥയെക്കാള്‍ ആ മഴയാ ഇഷ്ടായെ.. അതിന്റെ വിവരണം

Kumar Neelakandan © (Kumar NM) said...

പണ്ടാരടങ്ങണ മഴ.
അവിടെ ഇട്ടിമാളുവിന്റെ പറമ്പിലെത്തിയപ്പോള്‍ അവിടെയും മഴ. ആ ഒട്ടുമാവിന്റെ ചോട്ടിലിരുന്നു മഴയെ കമന്റടിച്ചു. മഴയ്ക്കു നാ‍ണമില്ല. ഞാന്‍ തോറ്റ് പുറത്തേക്ക് ഓടി. ഇവിടെ കയറിയപ്പോള്‍ ഇവിടേയും മഴ. ഭ്രാന്തുപിടിച്ച മഴ.

ദേ ഇഞ്ചീ, മഴയത്ത് നാലുകെട്ടിന്റെ ഇറയത്ത് ഇരുന്നു സെന്റിമെന്റ്സ് പറയരുത്. എനിക്ക് ഫീല്‍ ചെയ്യും.

ഇനി മഴ തോര്‍ന്നിട്ടേ ഇവിടം വിടുന്നുള്ളു.

ഓഫ് മഴ : ഫസ്റ്റ് ഹാഫ് ഒന്നു അടങ്ങിയ ശേഷം വന്ന സെക്കന്റ് ഹാഫ് മഴ എനിക്ക് അത്ര ഇഷ്ടമായില്ല. ഒരു തരം ചന്നം പിന്നം മഴ. ഭ്രാന്തു പിടിപ്പിക്കുന്ന മഴയുടെ രൂപം ഇതാണോ?

Unknown said...

എനിക്കേറ്റം ഇഷ്ടമുള്ളാ മഴ ഡയലോഗ് കൃഷണഗുഡിയില്‍ ഒരു പ്രണായകാലത്തിലെയാ.

ആദ്യമായി മഴപെയ്യുമ്പോള്‍ വല്ലാത്ത ഉതസാഹം പിന്നെ എന്നും എന്നും മഴപെയ്ത് ഇതൊന്നു തോര്‍ന്നുകിട്ടിയിരുന്നെങ്കില്‍ എന്നു ചിന്തിച്ചിരിക്കുമ്പോള്‍ പരക്കുന്ന ഒരു വെയില്‍ (ആ ഡയലോഗിന്റെ ഏതാണ്ടൊരു രൂപം ഇങ്ങനെ)

എന്നാലും മഴയും വെയിലും ഒന്നിച്ച് വരണ കുറുക്കന്റെ കല്യാണത്തിന്‍ ഒരു പ്രത്യേക രസാണ്.

എന്തുകൊണ്ടാണ് എത്ര വെയിലത്തും കുടയില്ലാതെ നടന്ന് പോകുന്ന മനുഷ്യര്‍ ഒരു ചാറ്റല്‍ മഴ വരുമ്പോഴേയ്ക്കും കുടപിടിക്കുനത്? വസ്ത്രങ്ങള്‍ നന്നഞ്ഞാല്‍ ഇരിക്കാന്‍ ഒരു സുഖമില്ലാലേ.

കഥായത്രയ്ക്ക് പിടിച്ചില്ലെങ്കിലും മഴ നന്നായി ബോധിച്ചു.

ഏറനാടന്‍ said...

പ്രണയമണിതൂവല്‍ പൊഴിയും
പവിഴമഴാ
തോരാത്ത രാഗമീ മഴാ
ഗന്ധര്‍വഗാനമീ മഴാ
ആദ്യാനുരാഗമീ മഴാ

അങ്ങനെയങ്ങനെ എത്രയെത്ര വേഷഭാവങ്ങളീ മഴയ്‌ക്ക്‌ അല്ലേ ഇഞ്ചിപെണ്ണേ?

ഓയെന്‍വീമാഷിന്റെ 'രാത്രിമഴ'യും നനുത്ത ഭാവങ്ങളുള്ള പെണ്ണിനെപോലെ വര്‍ണ്ണിച്ചത്‌ വിവരാണാതീതമല്ലാതെ പിന്നെയെന്ത്‌.

ഈയ്യിടെ ഈ കവിത, ഗാനമായി ലെനില്‍ രാജേന്ദ്രന്റെ 'രാത്രിമഴ'യില്‍ ഉണ്ട്‌. ആരുടേയടുത്തെങ്കിലുമീ MP3 ഉണ്ടോ? എങ്കില്‍ കോണ്‌ടാക്‌ട്‌ ഇന്‍: 000011423453 ടോള്‍ ഫ്രീ.

Haree said...

:)
--

Inji Pennu said...

അപ്പൂസേ,
:) ഇത്രേം വാരി വലിച്ച് കുറേയൊക്കെ ജാഡക്ക് എഴുതി തീര്‍ത്ത് പോസ്റ്റ് ബട്ടണ്‍ ഞെക്കി.
എന്നിട്ട് അപ്പൂസിന്റെ ഒരൊറ്റ കമന്റില്‍ ഒലിച്ചുപോയ..:):) പോസ്റ്റിനു പറ്റിയ കമന്റ് :)

മനുസ്യന്‍ ചിരിക്കാതെന്തു ചെയ്യും? :)

Pramod.KM said...

ഇല്ല കണ്ടിട്ടില്ല. ;)

ബിന്ദു said...

ആദ്യം ഞാനും കരുതി നല്ലൊരു മഴയില്‍ എന്തിനാ ചേട്ടാനിയന്മാരെ ഉള്‍പ്പെടുത്തി എന്ന്. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലൊ എന്നോര്‍ത്ത് ഒന്നുകൂടി വായിച്ചു. അപ്പോള്‍ മനസ്സിലായി ഇതിലൂടേ ആ ചേട്ടത്തിയുടെ കണ്ണീര്‍മഴയെ പറ്റിയാണ് ഇഞ്ചി പറയുന്നതെന്ന്.( ഇനി അല്ല എന്നെങ്ങാന്‍ പറഞ്ഞാല്‍... ബിന്ദൂട്ടീന്നു വിളിക്കുന്നതൊന്നും ഞാന്‍ നോക്കില്ല. പറഞ്ഞേക്കാം.:) )

ഇട്ടിമാളു അഗ്നിമിത്ര said...

ഏറനാടാ രാത്രിമഴ സുഗത്കുമാരിയുടെ അല്ലെ?

അരവിന്ദ് :: aravind said...

മഴയെക്കുറിച്ചെഴുതിയ ഭാഷയും ചിന്തകളും ഒന്നാന്തരം.
പക്ഷേ ചേട്ടന്റേം അനിയന്റേയും കഥ പറഞ്ഞ രീതി നേരെ വാ നേരെ പോ എന്നായിപ്പോയി.

അതു കൂടി ഒന്ന് കടുപ്പിക്കാമായിരുന്നു.

തുടക്കവും ഒടുക്കവും ഒന്നാന്തരത്തില്‍ ഒന്നാം ക്ലാസ്സ്.
ബൂലോഗത്തിലെ അരുന്ധതി റോയ് തന്നെ.

:-)

ഏറനാടന്‍ said...

ഇട്ടിമാളൂ.. സുഗതകുമാരിയും രാത്രിമഴ എഴുതിയോ? അറിഞ്ഞില്ല.
(ശരിയാണ്‌. എനിക്കാ തെറ്റിയത്‌. ക്ഷമിക്കുക)

Vempally|വെമ്പള്ളി said...

ഇഞ്ചീസെ,
മഴ പെയ്യാതിരിക്കുന്ന ഇടങ്ങളൊക്കെ കാലക്രമേണ മരുഭൂമികളായിപ്പോവാറുണ്ട്. മഴ ജീവന്‍ നല്‍കുന്നതാണ് .

ഇഞ്ചി എല്ലാ കഥകളിലും കാര്യങ്ങളിലും ഒരു സങ്കടം, വിഷാദം,നൊമ്പരം ഒളിപ്പിച്ചു വക്കുന്നു. എല്ലാ പെണ്ണുങ്ങള്‍ക്കും ഉണ്ടാവും ഇത് അല്ലെ!
നല്ല എഴുത്ത്!

Inji Pennu said...

വെമ്പള്ളി മാഷെ, അതല്ലേ ഈ സോ കോള്‍ഡ് ‘പെണ്ണെഴുത്ത്’?:)

എല്ലാര്‍ക്കും പേരെടുത്ത് നന്ദി. അരവിന്ദന്‍ ഭായ്ക്ക് ഞാന്‍ വെച്ചിട്ടുണ്ട്! :)