അധിനിവേശ ജീവജാലങ്ങളുടെ പ്രദര്‍ശനം കണ്ടുകൊണ്ടു നില്‌ക്കുമ്പോള്‍ ജേണലിസം ഇന്‍സ്റ്റിറ്റിയൂട്ടില്‍ അധ്യാപകനായിരുന്ന ജോസഫ് ആന്റണി സാറെ വിളിച്ചു. തിരുവനന്തപുരത്തെ അമ്പൂരിക്കാരന്‍. നെയ്യാര്‍ റിസര്‍വ്വോയറിന് ചേര്‍ന്നു കിടക്കുന്ന പ്രദേശം.
എത്രതരം മീനുകളുണാടിയിരുന്നെന്നോ ഞങ്ങളുടെ നാട്ടില്‍...ഇപ്പോള്‍ പലതുമില്ലാതായി. അദ്ദേഹം പറഞ്ഞു. മുമ്പ് വലയും ചൂണ്ടയുമിട്ടാല്‍ ധാരാളം മത്സ്യങ്ങള്‍ കിട്ടുമായിരുന്നു. കറ്റി, മ്ലാഞ്ഞില്‍, ചോട്ടാവാള, കുറുവ, കൂരല്‍...ഇപ്പോള്‍ ഇവയൊന്നുമില്ല. തിലോപ്പിയയും കട്‌ലയും കിട്ടും. രണ്ടും വരുത്തന്മാര്‍... ഇടക്കാലത്ത് നമ്മുടെ ശുദ്ധജലാശയങ്ങളിലെത്തിപ്പെട്ട തിലോപ്പിയ എന്ന ഭീകരനാണ് നാടന്‍ മത്സ്യയിനങ്ങളെ ഇല്ലാതാക്കിയത്. കാണുന്ന എന്തിനേയും ഇവന്‍ ശാപ്പിട്ടുകളയും.
മൈന ഉമൈബാന്റെ ലേഖനത്തിലെ ഏതാനും വരികളാണിവ. നാട്ടിൻപുറങ്ങളിലെ വർത്തമാനങ്ങളിലെ വറ്റുന്ന പുഴകളേയും കറുത്ത ആകാശങ്ങളേയും കുറിച്ചുള്ള ആശങ്കകളിൽ കുറച്ച് വർഷങ്ങളായി തനതുമത്സ്യങ്ങളും കടന്നുകൂടിയിരിക്കുന്നു.
ഇന്ത്യൻ കാർപ്പ് വിഭാഗത്തിൽപ്പെട്ട രോഹു, മൃഗാൾ, കട്ല എന്നിവ വനമേഖലകളിലെ റിസർവോയറുകളിൽ നിക്ഷേപിക്കാനുള്ള കേരള സർക്കാർ പദ്ധതിയെന്ന ഹരീഷ് മടിയന്റെ പോസ്റ്റും അതിനു മറുപടിയായി വന്ന ദേവനന്ദ് പിള്ളയുടെ പോസ്റ്റിന്റേയും വിവരങ്ങളിൽ പരസ്പരവിരുദ്ധമായി പലതുമുണ്ടായിരുന്നതിനാൽ അതു മനസ്സിലാക്കുവാൻ സ്വന്തമായൊരു അന്വേഷണം നടത്തിയേ തീരൂ എന്നായി. ഹരീഷ് ഒരുപാട് കാര്യങ്ങൾ കൃത്യമായ ലിങ്കുകളോ പഠനങ്ങളോ നൽകാതെയിരിക്കുന്നതിന്റെ അവ്യക്ത നീക്കാനെന്ന മട്ടിൽ ദേവാനന്ദ് പിള്ള സഹോദരനായ റിട്ടയേഡ് ഫിഷറീസ് ഉദ്യോഗസ്ഥനോട് സംസാരിച്ചതു പബ്ലിഷ് ചെയ്തതു വഴി എന്തെങ്കിലും തെളിവോ കാര്യങ്ങൾ വ്യക്തമാവുകയോ ചെയ്തിരുന്നില്ല.
ഗോക്രിയെ ശാസ്ത്രീയമായി പൊളിച്ചടുക്കിയതിനു സാക്ഷ്യം വഹിച്ച നമ്മൾ യാതൊരുവിധ തെളിവോ പഠനങ്ങളോ ഇല്ലാതെ എങ്ങിനെ ഒരു സർക്കാർ റിട്ടയേഡ് ഉദ്യോഗസ്ഥൻ പറയുന്നതിലേക്ക് വിശ്വസിപ്പിക്കാൻ കാര്യങ്ങൾ കൊണ്ടു വരുന്നു? വർഷങ്ങളായി അതേ ഡിപാർട്ട്മെന്റിൽ ജോലി ചെയ്യുന്ന ഒരാൾ സ്വന്തം വകുപ്പ് ചെയ്തത് ശരിയല്ലായിരുന്നു എന്നു പറയുമോ? അതോ ചോദ്യങ്ങളിലും ഉത്തരങ്ങളിലും വസ്തുതാപരമായ തെറ്റുകൾ ഒട്ടും വരുത്താതെ വിദഗ്ധമായ ചോദ്യങ്ങളിലൂടെ വസ്തുതകളെ വളച്ചൊടിക്കലാണോ ദേവനാന്ദ് പിള്ളയുടെ ഇന്റർവ്യൂവിൽ നടന്നത്? ഗോക്രിയെ പൊളിച്ചടുക്കാൻ ഗോക്രിയുടെ ആശ്രമത്തിലൊരാളെ വിളിച്ച് നിങ്ങൾ കാണിക്കുന്നത് ഗോക്രിസമാണോ എന്നു ചോദിക്കുകയും അല്ല എന്നു ഉത്തരം കിട്ടുകയും ചെയ്യുന്നതല്ലേ ഗോക്രിത്തരം? ഇങ്ങിനെയുള്ള ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങളിൽ നിന്നാണീ പോസ്റ്റിന്റെ ഉത്ഭവം.
എന്റെ അന്വേഷണങ്ങൾ വായിക്കുന്നതിനു മുൻപ് ആദ്യം സ്വയം ചോദിക്കേണ്ടത്, പരിസ്ഥിതി ബോധം എന്നാൽ എന്താണ് എന്നാണ്? തിരിച്ച് കാളവണ്ടി യുഗത്തിലേക്കോ അല്ലെങ്കിൽ കാട്ടിൽ ചെന്ന് കുടിൽ കെട്ടി നിവസിക്കിലോ അല്ല ഒരു പൌരനു വേണ്ട ശരാശരി പരിസ്ഥിതി ബോധം. പ്ലാസ്റ്റിക്കുകൾ ഭൂമിക്ക് വിനാശം എന്നു വായിച്ചതിനു ശേഷം, പ്ലാസ്റ്റിക്ക് ബാഗുകൾ നിരോധിക്കണമെന്നു പറയുന്നതും അതു ഉപയോഗിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുന്നതും അവശ്യം വേണ്ട പരിസ്ഥിതിബോധമാണ്, അല്ലാതെ സർജറിക്ക് ഉപയോഗിക്കുന്ന കയ്യുറകൾ നിരോധിക്കണമെന്നോ ഉപയോഗിക്കാതിരിക്കലോ അല്ല. ഔപചാരികമായ യാതൊരുവിധ ക്വോളിഫിക്കേഷനുകളും അവകാശപ്പെടാനില്ലാത്ത, തൂമ്പാ എടുത്ത് കിളക്കുന്ന സാധാരണ കർഷകരോട് ചോദിച്ചാൽ അവർ പറഞ്ഞുതരും എന്താണ് പരിസ്ഥിതി ബോധം എന്നുള്ളത്. ഡിഗ്രികളും മറ്റു മത്താപ്പൂക്കളും വച്ചലങ്കരിച്ച മേശപ്പുറങ്ങൾക്ക് മുന്നിൽ, ചാരുകസേരകളിൽ ഞെളിഞ്ഞിരിയ്ക്കുന്നവർക്ക് പരിസ്ഥിതി ബോധം എന്തെന്ന് ഒട്ട് അറിയുകയുമില്ല. ഇങ്ങിനെയുള്ള കുറച്ച് ഡിഗ്രികൾ മാത്രം കൈമുതലായുള്ള പരിസ്ഥിതി ബോധം തൊട്ട്തീണ്ടിയിട്ടില്ലാത്തവരെടുക്കുന്ന തീരുമാനങ്ങളിൽ കുടുങ്ങിയാണ് ഇന്ന് എൻഡോസൾഫാൻ എന്ന കീടനാശിനി കുറേയധികം മനുഷ്യജീവിതങ്ങളെ പന്താടിക്കൊണ്ടിരിക്കുന്നത്.
പരിസ്ഥിതിയെക്കുറിച്ചും ഇൻവേസീസ് സ്പീഷിസിനെക്കുറിച്ചും സംസാരിക്കുമ്പോൾ “കപ്പ ഇൻവേസീവ് ആണോ?” എന്ന അപക്വവും എന്നാൽ പ്രാധാന്യം അർഹിക്കുന്നതുമായ ചോദ്യത്തിൽ നിന്നു തന്നെ തുടങ്ങാം.
കപ്പ കേരളത്തിലേക്ക് പരിചയപ്പെടുത്തുമ്പോൾ പട്ടിണിയെ തുരത്തുക എന്നതായിരുന്നു മുഖ്യലക്ഷ്യം. പട്ടിണിയും മറ്റും കഴിഞ്ഞിട്ടേ പരിസ്ഥിതിയെക്കുറിച്ച് സംസാരിക്കേണ്ടതുള്ളൂ എന്നതിനർത്ഥമില്ല. എന്നാൽ അതേ സമയം അന്നത്തെ രാജാവ് വൈശാഖം തിരുനാൾ, കപ്പ കൃഷി ചെയ്യാൻ കേരളത്തിന്റെ ഭൂപ്രകൃതിയുടെ സംഗീതമായ സൈലന്റ് വാലി നശിപ്പിച്ചിരുന്നെങ്കിലോ അവയിലെ വനങ്ങൾ വെട്ടിത്തെളിച്ചിരുന്നുവെങ്കിലോ ഇന്നു നമുക്ക് നഷ്ടപ്പെടുമായിരുന്ന ജൈവ വനസമ്പത്തിനെക്കുറിച്ചും അതിന്റെ ഭീകരതയെക്കുറിച്ചും ഊഹിക്കാവുന്നതേയുള്ളൂ. ഒരു ദിവസം ചെയ്ത തെറ്റിനു പരിഹാരമായി കമ്പ്യൂട്ടറിൽ അൺഡു ബട്ടൺ ഞെക്കുന്നതുപോലെ മാറ്റാൻ സാധിക്കില്ലല്ലോ മഴക്കാടുകളും നിബിഢ വനങ്ങളും. വർഷങ്ങളായി ഉരുത്തിരിഞ്ഞു വരുന്ന അവയുടെ നേരിയ എക്കോസിസ്റ്റങ്ങൾ(ecosystem) പരിപാലിക്കേണ്ടത് മനുഷ്യന്റെ നിലനില്പിനു തന്നെ അത്യാവശ്യമാണ്.
എന്റെ സംശയനിവാരണത്തിനായി ഞാൻ സംസാരിച്ച വ്യക്തികളിൽ നിന്നു ശേഖരിച്ച വിവരങ്ങൾ ചോദ്യോത്തരമായി ചുവടെ കൊടുക്കുന്നു. (ചോദ്യങ്ങളും ഉത്തരങ്ങളും പദാനുപദമല്ല).
i. എൻ. നാരായണൻ നമ്പൂതിരി, ജോയിന്റ് ഡയറക്റ്റർ ഓഫ് ഫിഷറീസ് (കേരള സംസ്ഥാനം).
ii. ഡോക്ടർ സി.പി. ഷാജി, കേരള ബയോഡൈവേർസിറ്റി ബോർഡ്, സയന്റിസ്റ്റ്. PHD in Forestry
iii. ഡോ. ബിജു കുമാർ, അസ്സിസ്റ്റന്റ് പ്രൊഫസർ, ഡിപാർട്ട്മെന്റ് ഓഫ് അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ്, കേരള സർവ്വകലാശാല.
iv. എൻ.വി. ത്രിവേദി ബാബു. പ്രിൻസിപ്പൾ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ്, കേരള
1. ഇന്ത്യൻ കാർപ്പ് വിഭാഗത്തിൽ പെട്ട രോഹു, കട്ല, മൃഗാൾ ഇൻവേസീവ് സ്പീഷിസ് അല്ല എന്നു പറയുന്നു. എന്നാൽ ഇവ കേരളത്തിലെ തനതുമത്സ്യങ്ങളുമല്ല. പിന്നെ എന്തു തരം മീനുകളാണ്?
(എൻ.എൻ നമ്പൂതിരി)
ഇവ ഇന്ത്യൻ മത്സ്യങ്ങളാണ്. അതുകൊണ്ട് ഇവ വിദേശ മത്സ്യങ്ങളെന്ന് പറയാൻ സാധിക്കില്ല. ഇവ നമ്മുറ്റെ പുഴകളിൽ സ്വയം പെറ്റുപെരുകാറില്ല. അതുകൊണ്ട് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുള്ളതായി അറിയില്ല.
(ഡോ. ബിജു) ഇൻവേസീസ് സ്പീഷീസ് എന്നതൊരു ടെക്നിക്കൽ ടേം മാത്രമാണ്. അതുകൊണ്ട് അവ ഇൻവേസീവ് അല്ലയെന്നു പറയാൻ സാധിക്കില്ല. ഇവ എക്സോട്ടിക്ക് സ്പീഷീസ് ഗണത്തിൽ പെടുത്താം. അതായത് വടക്കേ ഇന്ത്യയിൽ നിന്നോ മറ്റൊരു സംസ്ഥാനത്തിൽ നിന്നോ ഒരു ചെടിയോ ഒരു ജീവിയെയോ കേരളത്തിലെ കാലവസ്ഥക്കും ഭൂപ്രകൃതിക്കും അനുസൃതമായി വളർത്തുമ്പോൾ അവ എക്സോട്ടിക്ക് സ്പീഷീസാവുന്നു. നമ്മുടെ വനമേഖലകൾ വളരെ സെൻസിറ്റീവായ എക്കോസിസ്റ്റം നിലനിർത്തുന്നവയാണ്. എക്സോട്ടിക്ക് സ്പീഷീസിൽ പെടുന്ന ഇവയ്ക്ക് വളരാനുള്ള സാഹചര്യം ഒരുക്കി കൊടുക്കുന്നത് കേരളത്തിലെ മറ്റു പലതിന്റേം ഇക്കോസിസ്റ്റവും ഹാബിറ്റാറ്റും നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം പഠനങ്ങൾക്ക് ശേഷമേ ഇങ്ങിനെയുള്ള തീരുമാനങ്ങൾക്ക് മുതിരാവൂ.
(ഡോ. ഷാജി) ഇൻവേസീവ് അല്ലായെന്നു പറയുന്നത് പ്രെഡേറ്ററി അല്ലെങ്കിൽ പെറ്റു പെരുകുകയോ മറ്റുള്ള മീനുകളെ ഭക്ഷിക്കുകയോ ചെയ്യുന്നതു കൊണ്ട് മാത്രമാവുന്നില്ല്. അത് ബയോഇൻവേഷൻ എന്നൊരു പദത്തിന്റെ ടെക്സ്നിക്കൽ എക്സപ്ലനേഷൻ മാത്രമാണ്. ഒരു പുഴയിൽ അവയുടെ എക്കോസിസ്റ്റത്തിനു ഒരു സ്പേസ് ഉണ്ടാവും. എകോളജിക്കൽ സ്പേസ് അലെങ്കിൽ അതിനെ നിഷ് എന്നു പറയുന്നു. സ്പേസ് ഓവർലാപ്പിങ്ങ്/എക്കോളജിക്കൽ നിഷ്(Ecological_niche) എന്നിങ്ങനെയുള്ള പദങ്ങൾ ഇവയെ സൂചിപ്പിക്കുന്നു. അതായത് ഇവർ എത്ര ഭക്ഷണം ഉപയോഗിക്കുന്നു, എത്ര സ്ഥലം ഉപയോഗിക്കുന്നു എന്നിങ്ങനെയുള്ളത് കണക്കുക്കൂട്ടുന്നു. ചെറിയ പുഴകളിൽ അതുകൊണ്ട് തന്നെ ഈ സ്പേസ് വളരെ പരിമിതമാണ്. നമ്മുടെ പുഴകൾ വളരെ ചെറിയതാണ്. അവയിൽ ഇവയെ വളർത്തുമ്പോൾ ഇൻവേഷൻ തന്നെയാണ് സംഭവിക്കുന്നതു. ഹൈ ആൾട്ടിറ്റ്യൂഡ് സ്ട്രീമുകൾ ഉള്ള റിസർവോയറുകളിലെ സിസ്റ്റങ്ങൾ തന്നെ വ്യത്യാസമാണ്. കൃത്യമായ പ്ലാനിങ്ങിൽ നടക്കുന്ന ഒരു ഫുഡ് വെബില്ലേക്കാണ് ഈ പുതിയ ഇനം മത്സ്യങ്ങളെ പ്രവേശിപ്പിക്കുന്നത്. ഉദാഹരണത്തിനു തേക്കടിയിൽ ബ്രഹ്മണകട്ട, കരിമ്പാച്ചി, കാരിയാൻ തുടങ്ങിയ മത്സ്യങ്ങൾ അവിടെ മാത്രമേയുള്ളൂ. അവ മറ്റെവിടെയും വളരുന്നില്ല. അതിനിടയിലേക്കാണീ വിദേശീ മത്സ്യങ്ങൾ വന്നു കയറുന്നതു. നമ്മുടെ തനതുമത്സ്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തുകയും അവയെ പുഴകളിൽ നിക്ഷേപിക്കുകയും ചെയ്യാത്തത് അവ പ്രിഡേറ്ററി സ്വഭാവം ഉള്ളതുകൊണ്ട് എന്നു പറയുന്നതിൽ കഴമ്പില്ല. മഹസീർ മീനുകളും ബ്രാലും എല്ലാം നമ്മുടെ പുഴകളിലേതാണ്. അവ മറ്റു മത്സ്യങ്ങളെ ഭക്ഷിക്കുന്നത് പ്രസ്തുത മത്സ്യങ്ങളുടെ ജീവനത്തിന്റെ ഭാഗം മാത്രമാണ്.
(ത്രിവേദി ബാബു) ഇവ എക്സോട്ടിക്ക് സ്പീഷീസാണ്. ഇത് കേരളത്തിലെ തനതുമത്സ്യങ്ങളല്ലാത്തതുകൊണ്ട് പരിധിയിലുള്ള വനമേഖലകളിലെ റിസർവോയറുകളിൽ നിക്ഷേപിക്കുന്നതിനു ഞങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
(എന്റെ അനുമാനം) എന്റെ പ്രധാന സംശയമായ തനതുമത്സ്യങ്ങൾ എന്നതിനെക്കുറിച്ച് എനിക്ക് ഉത്തരം കിട്ടി. എക്സോട്ടിക്ക് എന്നു പറയുമ്പോൾ അവ വിദേശ മത്സ്യങ്ങൾ തന്നെ. ഒരു എകോസിസ്റ്റത്തിനെ സംബന്ധിയ്ക്കുമ്പോഴാണ് അതിലില്ലാത്ത ജീവി വിദേശി ആകുന്നത്. ഭൂപടത്തിലെ രാഷ്ട്രാതിരുകൾ കൊണ്ട് മാത്രമല്ല ഒരു മത്സ്യം ഒരു എകോസസ്റ്റത്തിൽ സ്വദേശി/വിദേശി ആകുന്നത്. അതനുസരിച്ച് കേരളത്തിലെ ഒരു നദിയിലില്ലാത്ത മത്സ്യം, അവ ഇന്ത്യയിലെ മറ്റെവിടെയെങ്കിലോ ഉള്ളതാണെങ്കിൽ കൂടി, പ്രസ്തുത നദിയിൽ വിദേശി ആകുന്നു. ഇവ ഇതുവരെ പെറ്റുപെരുകാറില്ലാത്തതുകൊണ്ട് ഇതിനെ ടെക്ക്നിക്കലായി ബൈയോ ഇൻവേസീവ് എന്നു ഇപ്പോഴുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ പറയാൻ സാധിക്കില്ല എന്നു മാത്രം. വേനലിൽ വെള്ളം കുറയുമ്പോള്‍ മറ്റിടങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യതയുമുണ്ട്. ഇതു ഒരു വർഷം കൊണ്ടോ പത്തു വർഷം കൊണ്ടോ സംഭവിക്കുന്ന ഒന്നാവണമെന്നില്ല. ചെറിയ / മറ്റു മീനുകളെ തിന്നില്ല, അതു പോലെ അവർ സ്വന്തമായി നമ്മുടെ പുഴകളിൽ പ്രത്യുൽപ്പാദനം നടത്തില്ല എന്നീ കാരണങ്ങൾ കൊണ്ടു മാത്രം Invasive Species അല്ല എന്ന് തീർപ്പുകൽപ്പിക്കാൻ സാധിക്കില്ല. കേരളത്തിലെ ചെറിയ പുഴകളിൽ തനതു മീനുകൾക്ക് കിട്ടുന്ന ഭക്ഷണം, ഇവ കഴിച്ചു തീർക്കാനുള്ള സാധ്യത, അതു പോലെ ഇവർ സ്ഥിരമായി കഴിക്കുന്ന ഭക്ഷണമില്ലാതെ വന്നാൽ അവ മറ്റുള്ള മീനുകളുടെ ഭക്ഷണത്തെ അപഹരിക്കുന്നതിന്റെ സാധ്യത, അതു പോലെ ചെറിയ നദികളിലെ പരിമിതമായ നിഷ് കൊണ്ടുണ്ടാകവുന്ന പ്രശ്നങ്ങൾ - ഇവയെ പറ്റിയുള്ള പഠനങ്ങൾ ഇല്ല. ഈ ആശങ്കകൾ പരിഹരിക്കാതെ അവ Invasive Species അല്ല എന്ന് തീർത്ത് പറയാനാകുമോ?
ഇൻവേസീവ് സ്പീഷിസിനെക്കുറിച്ച് ഈയടുത്ത് യൂറോപ്പിലെ പഠനം വന്നതിന്റെ വാർത്ത ശ്രദ്ധിക്കുക. അവ ഈ ആശങ്കകളെ ബലപ്പെടുത്തുന്നു.
Invasive Species എന്ന പദത്തിനു തന്നെ പലവിധ അർത്ഥതലങ്ങളുണ്ട്. ഇപ്പോഴും കോണ്ട്രവേർസിയുള്ള വാക്കാണിവ. ആഫ്രിക്കൻ പായൽ മറ്റുള്ളവയെ ആക്രമിച്ച് ഇൻവേസീവ് ആവുന്നതുപോലെ തന്നെ ഉപദ്രവകാരിയല്ലാത്ത ഗോൾഡ് ഫിഷും ഇൻവേസീവ് ആയി തരം തിരിക്കാം.
2. ഇതൊരു പുതിയ പദ്ധതിയാണോ? പണ്ട് മുതൽക്കേ ഇവയെ നിക്ഷേപിക്കുന്നില്ലേ?
(എൻ.എൻ. നമ്പൂതിരി) 1985 മുതൽ ഇതു വ്യാപകമായി ഫിഷറീസ് വകുപ്പ് നടത്തിക്കൊണ്ടുപോകുന്നുണ്ട്. വനമേഖലയിലെ റിസർവോയറുകൾ വെറുതെ കിടക്കുകയാണ്. അവയിലേക്കാണ് ഞങ്ങൾ അനുവാദം ചോദിച്ചിരിക്കുന്നത്. പുതിയതായി അവിടെ നിക്ഷേപിക്കാനാണ് പദ്ധതി. ഇതിപ്പോൾ ഫിഷറീസ് വകുപ്പ് നിക്ഷേപിച്ചില്ലെങ്കിൽ പോലും അവിടെയുള്ള എസ്റ്റേറ്റ് ഉടമകളും മറ്റും അനധികൃതമായി നിക്ഷേപിച്ചതുവഴി ഇവയെല്ലാം ചെറിയ അളവിൽ പുഴകളിൽ കാണപ്പെടുന്നുണ്ട്. അതിനെ തുരത്താനൊന്നും നമുക്ക് സാധിക്കുന്നില്ല. അതുകൊണ്ട് നമ്മൾ ഇവയിലേക്ക് നിക്ഷേപിച്ചാലും ഇതൊരു പുതിയ കാര്യം ആവുന്നില്ല.
(ഡോ. ബിജു) വനമേഖലയിൽ നിക്ഷേപിക്കുന്നത് പുതിയ പദ്ധതിയാണ്. ഇതിനു വനംവകുപ്പിന്റെ അനുമതിക്ക് സമർപ്പിച്ചിട്ടുണ്ട്. അതിനോട് മാത്രമേ എതിർപ്പുള്ളൂ. ബാക്കി സ്ഥലങ്ങളിലും മറ്റും ഇവ മുൻപേ നിക്ഷേപിച്ചിട്ടുണ്ട്, പക്ഷെ ഇവ വനമേഖലകളിൽ നിക്ഷേപിക്കരുത്. ഒരു പോണ്ടിൽ നിക്ഷേപിക്കുന്നതു പോലെയാവില്ല ഒരു പുഴയിൽ. കേരളത്തിൽ പുഴകളും ആറുകളും വലിപ്പം കൊണ്ട് വളരെ ചെറുതാണ്. അവയുടെ എക്കോസിസ്റ്റം അതുകൊണ്ട് തന്നെ വളരെ നേർമ്മയേറിയതാണ്. വടക്കേ ഇന്ത്യയിൽ വളരെ വലിയ പുഴകളായ സിന്ധു ബ്രഹ്മപുത്ര പോലെയുള്ളതല്ല കേരളത്തിലെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.
(ഡോ. ഷാജി) പല കാലഘട്ടങ്ങളിലായി ഇതുപോലെ സംരംഭങ്ങൾ ഉണ്ടായിട്ടുണ്ട്. മുൻപ് മദ്രാസ് ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ആയിരുന്ന കാലത്ത്, 1916, 1932, 1949 - കാലഘട്ടങ്ങളിൽ ബ്രിട്ടീഷുകാരുടെ രീതിയിൽ ഇതുപോലെ മറ്റു മത്സ്യങ്ങളെ നമ്മുടെ ജൈവ സമ്പത്തിലേക്ക് ഒരാഘോഷമായി തുറന്നുവിട്ടിട്ടുണ്ട്. തേക്കടിയിൽ അങ്ങിനെ നിക്ഷേപിച്ചതിനു രേഖകളുണ്ട്. അതിനു ശേഷം 1951-ൽ റിസർവോയറുകൾ കേന്ദ്രീകരിച്ച് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. 1952-ൽ തിലാപ്പിയയും പിന്നെ പത്തോ പതിനഞ്ചോ വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ കാർപ്പും. അന്നു പക്ഷെ ശരിയായ പഠനങ്ങളോ അല്ലെങ്കിൽ ഇൻവേസീവ് എന്നോ അറിയാതെ ചെയ്താണിത്. എന്നാൽ ഇന്നു ഇൻവേസീവ് സ്പീഷിസ് എന്നതിനു നിയമങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. എന്നിട്ടും അനധികൃതമായി ഏതാണ്ട് ഇരുപത്തേഴ് തരം മത്സ്യങ്ങളെ നിക്ഷേപിച്ചിട്ടുണ്ട്. ചാലക്കുടി പുഴയിൽ പിരാന എന്ന മീൻ വന്നതു തന്നെ നല്ല ഉദാഹരണം. ഇതുപോലെ വനമേഖലയിൽ നിക്ഷേപിക്കുന്നതിനു ശരിയായ പഠനങ്ങളോ മറ്റൊ നടത്താതെ തുടരാൻ ശ്രമിക്കുകയാണ്. അമിത ചൂഷണം നിമിത്തമുള്ള സ്പ്പേസണ് ഈ വിദേശ മത്സ്യങ്ങളെ നിക്ഷേപിക്കുന്നതിനു കാരണമെങ്കിൽ നമ്മുടെ തനതുമത്സ്യങ്ങളെക്കുറിച്ചുള്ള പ്രോജക്റ്റുകളാണ് വേണ്ടത്. മഹസീർ മീനുകൾക്ക് വേണ്ടിയുള്ള ഒരു ഇന്തോ-ജെർമൻ പ്രോജക്റ്റ് പകുതി വഴിക്ക് ഉപേക്ഷിച്ചിരുന്നതയാണ് അറിവ്.
(ബാബു ത്രിവേദി) ഇതു മുൻപ് മറ്റ് സ്ഥലങ്ങളിൽ നടത്തിയിരുന്നത് ഇപ്പോൾ വനമേഖലയിലേക്ക് വ്യാപിപ്പിക്കാനുള്ള അനുമതിയാണ് ഞങ്ങളോട് ചോദിച്ചിരിക്കുന്നത്.
3. തനതുമത്സ്യ സമ്പത്തിനെ ബാധിക്കുമെന്നതിനു എന്തെങ്കിലും പഠനങ്ങൾ നടന്നിട്ടുണ്ടോ? ഒരുപാട് പഠനങ്ങൾക്ക് ശേഷമാണിവ നിക്ഷേപിക്കുന്നതെന്ന് ഒരു ഫിഷറീസ് ഉദ്യോഗസ്ഥൻ ഒരു ഇന്റർവ്യൂവിൽ പറയുന്നു?
(എൻ.എൻ നമ്പൂതിരി) ഇവ പെറ്റുപെരുകാറില്ല എന്നു പഠനങ്ങൾ നടന്നിട്ടുണ്ട്. ബാക്കിയുള്ള പഠനങ്ങൾ നടത്തേണ്ടത് ഫിഷറീസ് വകുപ്പല്ല. ഞങ്ങൾ സമർപ്പിച്ച അനുമതിക്ക് റിഫറൻസായി കൊടുത്തിരിക്കുന്ന പഠനത്തിൽ ആഫ്രിക്കൻ മൂഷി വരെ നിക്ഷേപിക്കാമെന്നുണ്ട്. അതൊന്നും പക്ഷെ ചെയ്യുന്നില്ല, ഇന്ത്യൻ കാർപ്പ് വിഭഗത്തിള്ളതിനു മാത്രമേ ഇപ്പോൾ പദ്ധതിയുള്ളൂ. എക്കോ സിസ്റ്റത്തിനു ഹാനികരം എന്നു പറയുന്നെങ്കിൽ നമ്മളീ ഡാം തന്നെ കെട്ടരുതായിരുന്നു. ഡാം കെട്ടിയതാണ് ഏറ്റവും വലിയ തെറ്റ്. ഡാം കെട്ടി നമ്മൾ എക്കോ സിസ്റ്റം നശിപ്പിച്ചിട്ടുണ്ടെങ്കിൽ പിന്നെ അതിൽ നമ്മൾ മത്സ്യങ്ങളെ വളർത്തിയാൽ എന്താണ് പ്രശ്നം?
(ഡോ. ബിജു) ഇന്ത്യൻ കാർപ്പിനെ വനമേഖലകളിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ചൊ മറ്റോ കേരളത്തിലോ ഇന്ത്യയിലോ ആധികാരമായി ഒരു പഠനങ്ങളും ശ്രദ്ധയിൽ പെട്ടിട്ടില്ല. എന്നാൽ മറ്റു സ്ഥലങ്ങളിൽ ലൊക്കേഷൻ മാറി പുതിയതരം മീനുകളെ നിക്ഷേപിക്കുന്നതിനെക്കുറിച്ച് പഠനങ്ങൾ നടന്നിട്ടുണ്ട്, അവ തനതുമത്സ്യ സമ്പത്ത് ശോഷിച്ചു എന്നു തന്നെയാണ് സൂചിപ്പിക്കുന്നതും. ശരിയായ പഠനങ്ങൾക്ക് ശേഷമേ ഇവ തുടങ്ങാവൂ എന്നേ ആവശ്യപ്പെടുന്നുള്ളൂ.
(ഡോ. ഷാജി) തേക്കടിയിൽ യൂറോപ്പ്യൻ കാർപ്പിനെ സംബന്ധിച്ച് എൽ.കെ അരുൺ 98‘ൽ ഒരു പഠനം നടത്തിയതു പ്രകാരം തനതു മത്സ്യങ്ങളുടെ പോപ്പുലേഷൻ ശോഷിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇന്ത്യൻ കാർപ്പ് വിഭാഗത്തിൽ ഇതുവരെ ഇതിനുവേണ്ടിയോ ഇതിനു എതിരെയോ പഠനങ്ങൾ നടന്നിട്ടില്ല. ഫിഷറീസ് വകുപ്പിന്റെ കയ്യിൽ ഇതിനു വേണ്ട പഠനങ്ങൾ എന്തെങ്കിലും ഉള്ളതായി അറിവില്ല.
(ബാബു ത്രിവേദി) ഫിഷറീസ് വകുപ്പ് എന്തെങ്കിലും പഠനങ്ങൾ ഇതിനുവേണ്ടി ഉപയോഗിച്ചതായി പറയുന്നില്ല. എന്നാൽ അതേ സമയം ഇവയെ നിക്ഷേപിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങളും പ്രശ്നങ്ങളും ഉണ്ടാവുമെന്നുള്ള ശാസ്ത്രീയ പഠനങ്ങളും മറ്റു വിദഗ്ധ അഭിപ്രായങ്ങളും ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഇവ സ്വരൂപിച്ച് ഞങ്ങൾ ഫിഷറീസ് വകുപ്പിനും സർക്കാരിനും സമർപ്പിച്ചിട്ടുണ്ട്.
4. അറുപതു വർഷമായി നടക്കുന്ന ഇതിലെ പുതുമ ഇതിപ്പോൾ വനമേഖലകളിലെ റിസർവോയറുകളിലേക്ക് വ്യാപിപ്പിക്കുന്നു എന്നതല്ലേ? ഇതിനു അനുമതി വേണ്ടത് വനം വകുപ്പിന്റേതാണോ? അതോ ഇലക്റ്റ്രിസിറ്റി ബോർഡിന്റേതാണോ?
(എൻ.എൻ നമ്പൂതിരി) വനം വകുപ്പിന്റേതാണ്.
(ഡോ. ബിജു) വനം വകുപ്പിന്റേതാണ്. വനം വകുപ്പ് പ്രിൻസിപ്പൾ ചീഫ് കൺസർവേറ്ററി ഓഫീസറുടെ അനുമതിയാണ് വേണ്ടതു.
(ഡോ. ഷാജി) മലമ്പുഴ പോലുള്ള സ്ഥലങ്ങൾ ഒഴികെ മിക്കതും വനസംരക്ഷണ വകുപ്പിൽ പെടുന്നവയാണ്. ഇരുപതോളം റിസർവോയറുകൾ എന്നാണ് എനിക്ക് കിട്ടിയ ലിസ്റ്റ്. അതിൽ മിക്കവയും പ്രൊട്ടക്റ്റ്ഡ് ഏരിയയിലേതും. അതുകൊണ്ട് വനം വകുപ്പിന്റെ അനുമതി കൂടിയേ തീരൂ.
(ബാബു ത്രിവേദി) വനം വകുപ്പിന്റെ റിസർവോയറുകളിൽ നിക്ഷേപിക്കാൻ വനം വകുപ്പിന്റെ അനുമതിയാണ് വേണ്ടത്. ഇതിനു കെ.എസ്.ഇ.ബിയുമായി ബന്ധമില്ല.
5. ഇവ ലാഭകരമല്ല എന്നു പറയുന്നു. കമേഷ്യൽ ഫിഷിങ്ങ് സാധ്യമല്ല എന്നു പറയുന്നു. പിന്നെ എന്തുകൊണ്ടാവണം ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ഇതുമായി മുന്നോട്ട് പോകുന്നത്?
(എൻ.എൻ നമ്പൂതിരി) ഇവ ലാഭകരമാണ്. എത്രയോ പേർക്ക് ഉപജീവനമാണ്. പ്രൊട്ടീൻ റിച്ച് ഫുഡ് കിട്ടും. നമ്മൾ റിസർവോയറുകളുടെ കപ്പാസിറ്റിക്ക് അനുസൃതമായി ആണ് നിക്ഷേപിക്കുന്നത്. വനം വകുപ്പ് മേഖലകളിൽ കമേഷ്യൽ ഫിഷിങ്ങ് അനുവദിച്ചിട്ടില്ലെങ്കിലും ലോക്കലി ഒരാൾക്ക് പിടിക്കാമല്ലോ, അയാൾ മാർകെറ്റ് ചെയ്യണ്ട എന്നല്ലേയുള്ളൂ. ഇത് ദേശീയ മത്സ്യവികസന ഫണ്ടിൽ നിന്നു സംസ്ഥാനത്തിനു മാത്രമായി 238.2 ലക്ഷം രൂപയുടെ പ്രോജ്കറ്റാണ്.
(ഡോ. ബിജു) - ഇതു കോടികളുടെ പ്രോജക്റ്റാണ്. കേന്ദ്രത്തിൽ നിന്ന് ഇതിനു ഫണ്ടുകൾ കിട്ടി. അത്രയേയുള്ളൂ.
(ഡോ. ഷാജി) - അധികം ഗവേഷണമോ പഠനമോ ഇല്ലാതെ എളുപ്പത്തിൽ കിട്ടാവുന്ന കേന്ദ്ര ഫണ്ടുകൾ എന്നല്ലാതെ മറ്റെന്തെങ്കിലും ഇല്ല.
6. ഏത് പരിസ്ഥിതി പദ്ധതിയെക്കാളും കർഷകനു മുൻതൂക്കം വേണമല്ലോ? ഈ പദ്ധതി ലാഭകരമാണെന്നതിനു എന്തെങ്കിലും തെളിവുണ്ടോ?
(ഡോ. ബിജു) ആദ്യം തന്നെ ഈ റിസർവോയറുകളെല്ലാം പ്രൊട്ടക്റ്റ്ഡ് ഏരിയയിലുള്ളവയാണ്. അവിടെ മീൻ പിടിക്കാൻ അനുവാദമില്ലാത്ത സ്ഥലങ്ങളാണ്. കുറച്ച് ട്രൈബൽസിനു മാത്രമേ ഇവിടെ അനുവാദമുള്ളൂ. അതുകൊണ്ട് തന്നെ ഇവയെ അവിടെ നിക്ഷേപിക്കുന്നതു വഴി കർഷകനു എന്തെങ്കിലും കാര്യമുണ്ടാവുന്നതായി തോന്നുന്നില്ല.
(ഡോ. ഷാജി) കേരളത്തിൽ അതിനെക്കുറിച്ച് പഠനങ്ങൾ നടന്നിട്ടുള്ളത് രണ്ട് രീതിയിലാണ്. രണ്ട്തരത്തിലുള്ള ഡാറ്റയാണ് ഉപ്പായോഗിക്കുക. ഇന്ത്യൻ കാർപ്പിനെ നിക്ഷേപിച്ചതിനു ശേഷമുള്ള ക്യാച്ച് ഡാറ്റാ പരിശോധിക്കാം. അതാണ് ഫിഷറീസ് ഓപ്പറേഷൻ വഴിയുള്ള ഡാറ്റ. കേരളത്തിലെ വലിയ ഡാമുകളിലും ചെറിയ ഡാമുകളിലുമുള്ള മത്സ്യ സമ്പത്തിനെക്കുറിച്ചുള്ള വിവരങ്ങളിൽ തനതുമത്സ്യങ്ങളുടെ അളവിൽ കാര്യമായ ക്ഷതം സംഭവിച്ചിട്ടുണ്ട്. ആ റിപ്പോർട്ടുകളിൽ തന്നെ 1500 ഹെക്റ്ററിൽ കുറവുള്ള റിസർവോയറുകളിൽ നടത്തിയ ഈ മത്സ്യകൃഷി ഒന്നും തന്നെ ലാഭകരമല്ല എന്നു ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ തന്നെ ഒരു പഠനത്തിൽ തെളിയിക്കുന്നു. നമ്മുടെ വനമേഖലകളിലുള്ള റിസർവോയറുകളെല്ലാം വളരെ ചെറിയവയാണ്. മാത്രവുമല്ല ഈ ഏരിയകളെല്ലാം വനം വകുപ്പിന്റെ പരിധിയിലുള്ളതിനാൽ ഇവിടെ കൊമേഷ്യൽ ഫിഷിങ്ങ് സാധ്യമല്ല.
ബന്ധപ്പെട്ട വകുപ്പിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരോടുള്ള എന്റെ ചോദ്യങ്ങൾക്ക് ശേഷം അമേരിക്കയിലും മറ്റും ചെയ്യുന്ന സാൽമൺ വളർത്തലിനെക്കുറിച്ച് ദേവന്റെ ബസ്സിൽ എഴുതിയിരുന്നതിനെക്കുറിച്ചു കൂടുതൽ വായിച്ചറിഞ്ഞു. ആ ചോദ്യം തനതുമത്സ്യങ്ങളുടെ കൂടെ ചോദിച്ചതും മറ്റും വളരെയധികം ആശയക്കുഴപ്പം ഉണ്ടാക്കി എന്നു പറയാതെ വയ്യ. ആനയെക്കുറിച്ച് ചോദിക്കുന്നതിനു കുതിരയുടെ ഉത്തരം കിട്ടിയതുപോലെയായി.
എന്താണ് Oregon STEP (Salmon & Trout Enhancement Program)?
അമേരിക്കയിലെയും യൂറോപ്പിലെയും തനതു മത്സ്യങ്ങളിലൊന്നാണ് സാൽമൺ. ഇവയെ പെറ്റുപെരുകിക്കാൻ ചെയ്യുന്ന സംരംഭമാണിത്. രോഹു, കട്ല, മൃഗാൾ എന്നീ വിദേശ മത്സ്യങ്ങളെ കേരളത്തിലെ പുഴകളില്ലേക്ക് ഒഴുക്കി വിടുന്ന പോലെ ഒരു പദ്ധതിയല്ല ഇത്. ശോഷിച്ചു പോയ തന്തുത്സ്യമ്പത്തിനെ പരിപോഷിപ്പിക്കാനുള്ള പദ്ധതിയാണിത്. സ്കൂൾ കുട്ടികൾ മുതൽ തുടങ്ങുന്ന ഒരു വൻ വൊളന്റിയർ ലിസ്റ്റിൽ സ്വമധേയാ ആളുകൾ പങ്കെടുക്കുന്ന ഒരു വൻ പദ്ധതിയാണിത്. ഈ പദ്ധതി വേണ്ടത്ര വിജയം കൈവരിച്ചില്ലായെന്നു പുതിയതായി വന്ന പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ടു താനും. ഇതിനെക്കുറിച്ച് വിശദമാക്കാൻ ഒരുപാടുള്ളതുകൊണ്ടും അതീ പോസ്റ്റുമായി ബന്ധമില്ലാത്തതുകൊണ്ടും ചുരുക്കിപറയുന്നു എന്നു മാത്രം.
പരിസ്ഥിതിയെക്കുറിച്ചുള്ള എന്റെ ആകുലതകൾ ഒരു ശരാശരി പൌരനു വേണ്ടതിനേക്കാളും കുറവാണ്. ഉപജീവനമാർഗ്ഗങ്ങൾക്കോ വികസനമാർഗ്ഗങ്ങൾക്കോ തടയായി പരിസ്ഥിതിവാദം നിൽക്കുമ്പോൾ എല്ലാവരേയും പോലെ അത് ചിന്താക്കുഴപ്പം വരുത്താറുണ്ട്. നിങ്ങളൊരു പരിസ്ഥിതി വാദിയോ അല്ലയോ എന്നതിവിടെ പ്രസക്തമാകുന്നില്ല. ഒറ്റപ്പെട്ട സ്വരങ്ങളാണ് ബ്ലോഗുകളെ ആകർഷണീയമാക്കിയത്. പരിസ്ഥിതി പ്രശ്നങ്ങളിൽ ഇടപെടുന്നവർ എപ്പോഴും ഒറ്റക്കാണ് താനും. എന്നാൽ ഈ ഒറ്റപ്പെട്ട സ്വരങ്ങളെ കൂട്ടത്തോടെ അപഹസിക്കാനും ആക്ഷേപിക്കാനും അവർ പറയുന്നത് സമർത്ഥമായി വളച്ചൊടിക്കാനും ബ്ലോഗുകളിൽ സ്വയം ആൾദൈവങ്ങളായി അവരോധിച്ചിരിക്കുന്നവർ തുനിഞ്ഞിറങ്ങിയാൽ അതു തീർത്തും ആശങ്കാജനകമാണ്. വിക്കി ലീക്സ് യുഗത്തിൽ കുറച്ച് പരിസ്ഥിതി പ്രവർത്തകരുടെ ഒറ്റപ്പെട്ട ഒച്ചകളെ കക്ഷി രാഷ്ട്രീയത്തിന്റേയും ആൾക്കൂട്ട ആരവങ്ങളുടേയും മറവിൽ കാര്യങ്ങളുടെ നിജസ്ഥിതിയായി അവതരിപ്പിക്കുകയും സാംസ്കാരിക നായകന്മാരായി ചമയുന്നവർ യഥാർത്ഥ വിവരങ്ങൾ വളച്ചൊടിക്കകയും ചെയ്യുമ്പോൾ അവിടെ ഫാസിസത്തിന്റെ കനത്ത ഗന്ധം പരക്കുന്നുണ്ട്.
പിൻകുറിപ്പ്:
ഹരീഷ് മടിയന്റെ പോസ്റ്റും അദ്ദേഹത്തിനോടുള്ള ഈമെയിലും ഫോൺ വഴി ചോദ്യങ്ങളും ഉത്തരങ്ങളും പോസ്റ്റിലെ ലിങ്കുകളും ആളുകളും എന്നെ ഈ അന്വേഷണത്തിനു ഒട്ടേറെ സഹായിച്ചു. പോസ്റ്റിലുണ്ടായതിൽ കൂടുതൽ വിവരങ്ങൾ കൈവശം ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് അവ ബസ്സിൽ ഇട്ടില്ല എന്ന ചോദ്യത്തിനു കമ്പ്യൂട്ടർ ലഭിക്കുന്നതിന്റെ പരിമിതിയും സമയക്കുറവും എന്നായിരുന്നു ഹരീഷിന്റെ ഉത്തരം. മാത്രമല്ല വേണ്ടത്ര തെളിവുകൾ ഉണ്ടായിരുന്ന റിപ്പോർട്ടുകൾ ദേവന്റെ ബസ്സിൽ ഇട്ടിരുന്നതായും അതിൽ കൂടുതൽ ഒന്നും പറയാനില്ലാത്തതിനാലും കമ്പ്യൂട്ടറിന്റെ മുന്നിലിരുന്നു തർക്കത്തിനും മറ്റുമുള്ള ഒരു അന്തരീക്ഷമില്ലായിരുന്നു എന്നും പറയുന്നു. തെളിവുകൾ കൊണ്ടു വന്നപ്പോഴേക്കും ആളുകൾ ഒരു പക്ഷം പിടിച്ചിരുന്നു താനും.
ഈ ലേഖനം തയ്യാറാക്കാൻ വാക്ക് കൊണ്ടും വിവരങ്ങൾ തന്നും വായിച്ചും തിരുത്തിയും ശരിയായ ചോദ്യങ്ങൾ ചോദിച്ചും പേരു വെക്കാൻ ആഗ്രഹമില്ലാത്ത ഒട്ടേറെ പേർ സഹായിച്ചിരുന്നു. അവരുടെ സഹകരണത്തിനും സമയത്തിനും നന്ദി പറയാതെ ഇത് പൂർത്തിയാവില്ല.
അഡീഷണൽ റെഫറൻസുകൾ:
1. When we introduce an exotic fish species for our commercial gain, we change the species composition and bring additional pressure on the local fish fauna.
2. In some of the reservoirs in Southern India, they have established breeding populations. The country's policy on stocking reservoirs,though not very explicit, disallows the introduction of exotic species into reservoirs.
3. The present move to introduce exotic fishes into the reservoirs should be halted immediately.
2010-12-27
ചാലക്കുടിപ്പുഴയിലെ പിരാനകൾ
-
Inji Pennu
at
12:28 AM
Subscribe to:
Post Comments (Atom)
12 പ്രതികരണങ്ങള്‍:
ഇഞ്ചിപ്പെണ്ണിന് അഭിനന്ദനങ്ങള്‍-
നമ്പൂതിരിയുടെ മറുപടികളില്‍ നിന്ന് ഊഹിക്കാവുന്നത് ഫണ്ടാണു വില്ലന്‍ എന്നാണു. ഫണ്ട് എങ്ങിനെയെങ്കിലും ചിലവാക്കണം. അതിനു കാരണങ്ങളുണ്ടാക്കിയേ മതിയാകൂ. മലപ്പുറം കലക്റ്റേറ്റില്‍ ഒരിക്കല്‍ പോയപ്പോള്‍ മനോഹരമായ അതിന്റെ ലാന്റ്സ്കേപ്പിനൊരിക്കലും യോജിക്കാത്ത കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത് കണ്ടു. ജോലി ചെയ്യുന്ന ഒരു സ്നേഹിതനോട് ചോദിച്ചപ്പോള്‍ പറഞ്ഞത് കെട്ടിടങ്ങല്‍ ഉണ്ടാക്കിയാലല്ലേ വല്ലതും കിട്ടൂ എന്നാണു. ചിലവാക്കുമ്പോഴല്ലെ വലിക്കാനാവൂ എന്നു ചുരുക്കം. നാം നടപ്പാക്കാനുദ്ദേശിച്ച ലൈഗികവിദ്യാഭ്യാസവും ഇങ്ങിനെ ആയിരുന്നു. നമ്മുടെ പരിസ്ഥിതി നമുക്കൊരു പ്രശ്നമല്ല. ഫണ്ടാണു പ്രശ്നം. ചിലവഴിക്കേണ്ടെ? ചിലവഴിച്ചാലല്ലെ വലിക്കാനാവൂmuncessn
നല്ല ലേഖനം ...അഭിനന്ദനങ്ങള്‍ ...
അഭിനന്ദനങ്ങള്‍.
നമ്മുടെ പുഴകളില്‍ ഇന്ന് കാണപ്പെടുന്ന അധിനിവേശ മത്സ്യങ്ങളുടെ എണ്ണം, അതിലെ വര്‍ധനവ, ആശങ്കാജനകം തന്നെയാണ്.
ഒരു alien species , അത് തനതു species കള്‍ക്ക് പ്രത്യക്ഷത്തില്‍ നാശം ഉണ്ടാക്കുന്നില്ലെങ്കില്‍ കൂടി അപകടകരമാണ്.
ഒരു തനതു മത്സ്യമായ വാഴക്കാവരയന്റെ, അഞ്ഞൂറിരട്ടിയോളം വരും ഒരു കട്ട്ല മത്സ്യം.
കേവലം നീര്‍ച്ചാലുകള്‍ മാത്രമായ നമ്മുടെ നദികളില്‍ ഒരു കട്ട്ല മത്സ്യം എന്നത് അഞ്ഞൂറ് തനതു മത്സ്യങ്ങളുടെയും അവ ഉള്‍പ്പെടുന്ന ഒരു ഭക്ഷ്യ ശ്രിമ്ഗലയുടെയും നാശത്തിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.....
ആഴത്തിലുള്ള അറിവുകള്‍ തേടിപ്പിടിച്ച് അത്യന്തം ആത്മാര്‍ത്ഥതയോടെ തയ്യാറാക്കിയ ഈ പോസ്റ്റിനും ഇഞ്ചിപ്പെണ്ണിനും ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!!
"ഗോക്രിയെ ശാസ്ത്രീയമായി പൊളിച്ചടുക്കിയത്” പോലെ “ഗവേഷണം” നടത്തി പൊളിച്ചടക്കിയതിന് അഭിനന്ദനങ്ങള്‍....
മത്സ്യങ്ങള്‍ക്ക് വന്നത് പോലെയുള്ള അതേ അനുഭവം തന്നെ വാള്‍മാര്‍ട്ട് വന്നാല്‍ ഇന്ത്യയിലെ ചെറുകിട കച്ചവടക്കാര്‍ക്ക് അനുഭവിക്കേണ്ടി വരുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കക്ഷിരാഷ്ട്രീയക്കാര്‍ എന്ന് വിലയിരുത്തന്നവര്‍ക്കുള്ള ചുട്ട മറുപടിയാണ് ഈ ലേഖനം :) :)
വനംവകുപ്പ് സ്വഭാവിക പുല്‍മേടുകളില്‍ യൂക്കാലിയും അക്കേഷ്യയും വച്ച് പിടിപ്പിക്കുന്ന പരിപാടിയുടെ വേറൊരു പതിപ്പ്. ബോണക്കാടിന് സമീപമുള്ള 'പത്ത്' എന്നറിയപ്പെടുന്ന പുല്‍മേട്ടില്‍ ഇതിണ്റ്റെ അവശിഷ്ടം ഇപ്പോഴും കാണാം. വിദേശി, സ്വദേശിയെ അവശിഷ്ടമാക്കാതിരിക്കാനുള്ള മുന്‍ കരുതല്‍ പഠനം ഇല്ലങ്കില്‍ ചിലപ്പോള്‍ കളി പാളും.
നല്ല പോസ്റ്റ്.
ഈ പുതുവര്‍ഷത്തില്‍ വളരെ ഗുണകരമായ ഒരു ബ്ലോഗിങ്ങ് സംസ്കാരം ഉണ്ടായിവരുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്.
"പരിസ്ഥിതിയെക്കുറിച്ചുള്ള എന്റെ ആകുലതകൾ ഒരു ശരാശരി പൌരനു വേണ്ടതിനേക്കാളും കുറവാണ്. ഉപജീവനമാർഗ്ഗങ്ങൾക്കോ വികസനമാർഗ്ഗങ്ങൾക്കോ തടയായി പരിസ്ഥിതിവാദം നിൽക്കുമ്പോൾ എല്ലാവരേയും പോലെ അത് ചിന്താക്കുഴപ്പം വരുത്താറുണ്ട്. നിങ്ങളൊരു പരിസ്ഥിതി വാദിയോ അല്ലയോ എന്നതിവിടെ പ്രസക്തമാകുന്നില്ല. ഒറ്റപ്പെട്ട സ്വരങ്ങളാണ് ബ്ലോഗുകളെ ആകർഷണീയമാക്കിയത്. പരിസ്ഥിതി പ്രശ്നങ്ങളിൽ ഇടപെടുന്നവർ എപ്പോഴും ഒറ്റക്കാണ് താനും. എന്നാൽ ഈ ഒറ്റപ്പെട്ട സ്വരങ്ങളെ കൂട്ടത്തോടെ അപഹസിക്കാനും ആക്ഷേപിക്കാനും അവർ പറയുന്നത് സമർത്ഥമായി വളച്ചൊടിക്കാനും ബ്ലോഗുകളിൽ സ്വയം ആൾദൈവങ്ങളായി അവരോധിച്ചിരിക്കുന്നവർ തുനിഞ്ഞിറങ്ങിയാൽ അതു തീർത്തും ആശങ്കാജനകമാണ്. വിക്കി ലീക്സ് യുഗത്തിൽ കുറച്ച് പരിസ്ഥിതി പ്രവർത്തകരുടെ ഒറ്റപ്പെട്ട ഒച്ചകളെ കക്ഷി രാഷ്ട്രീയത്തിന്റേയും ആൾക്കൂട്ട ആരവങ്ങളുടേയും മറവിൽ കാര്യങ്ങളുടെ നിജസ്ഥിതിയായി അവതരിപ്പിക്കുകയും സാംസ്കാരിക നായകന്മാരായി ചമയുന്നവർ യഥാർത്ഥ വിവരങ്ങൾ വളച്ചൊടിക്കകയും ചെയ്യുമ്പോൾ അവിടെ ഫാസിസത്തിന്റെ കനത്ത ഗന്ധം പരക്കുന്നുണ്ട്."
Second it!
ചിന്തകളുറങ്ങുന്ന ലേഖനം..
രചനകള്‍ക്ക്
ഹൃദയം നിറഞ്ഞ ആശംസകള്‍!!!
നല്ല ലേഖനം
അഭിനന്ദനങ്ങള്‍-
nice..
Post a Comment