2006-09-15

അവര്‍

അവര്‍ അവനെ നോക്കി ചിരിക്കുകയാണ്. കൈ ചൂണ്ടി അടക്കം പറഞ്ഞു ചിരിക്കുകയാണ്.

ഞാന്‍ എന്തു ചെയ്തു? അവന്‍ കൈ രണ്ടും കൊണ്ട് മുഖത്തെ മറച്ച് വിലപിക്കുന്നു.

നീ ഒന്നും ചെയ്യുന്നില്ല. ഞങ്ങള്‍ എത്ര ഉപായങ്ങള്‍ പറഞ്ഞ് തന്നിരിക്കുന്നു. എത്ര മാര്‍ഗ്ഗങ്ങള്‍ വരച്ചു കാട്ടിയിരിക്കുന്നു. നീ എന്നിട്ടും അതെല്ലാം അവഗണിക്കുന്നു. നിന്റെ അഹങ്കാരം ഞങ്ങളുടെ അടുത്തൊ? നീ സ്വയം ചിന്തിക്കുന്നുവോ? നിന്റെ ലോകം നിന്നെക്കൊണ്ട് നീ നിറക്കുന്നുവൊ? ഞങ്ങളെ നീ ശ്രദ്ധിക്കുന്നില്ല.

പക്ഷെ ചങ്ങാതിമാരേ, ഞാന്‍ എന്നൊന്നില്ലെ? എന്റെ സ്വാതന്ത്ര്യം എന്നൊന്നില്ലെ?

അതു ഞങ്ങളുടെ പ്രശ്നമല്ല. നിന്നില്‍ കുറ്റബോധം നിറക്കുക മാത്രമാണ് ഞങ്ങളുടെ ഉദ്ദേശം. നിന്നെ അപഹര്‍ഷതാബോധമുള്ളവനാക്കണം. നിന്റെ സമനില തെറ്റിക്കണം. നീ ഞങ്ങളുടെ അടിമയായിരിക്കണം. പക്ഷെ, ഞങ്ങള്‍ പറയുന്നത് പോലെ നടന്നാല്‍ അതിനും ഞങ്ങള്‍ ഒരിക്കല്‍ നിന്നെ പഴി പറയും. നീ ഒരു വിഡ്ഡിയെന്ന് ഞങ്ങള്‍ പ്രഘോഷിക്കും. അവര്‍ അതും പറഞ്ഞു പൊട്ടി ചിരിച്ചു.

പക്ഷെ എന്റെ ജീവിതത്തിന് വഴി മുട്ടുമ്പോള്‍ ആരെങ്കിലും എന്നെ...

നോക്കൂ നീ പിന്നേയും നിന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്നു. നിന്റെ ഹൃദയം പാറക്കല്ല് പോലെ കഠിനം. നിന്നെ ഞങ്ങള്‍ വിധിക്കും. ഞങ്ങള്‍ക്ക് അതിന് പല മാര്‍ഗ്ഗങ്ങളുണ്ട്. ദൈവഭക്തിയെ ഞങ്ങള്‍ കൂട്ടു പിടിക്കും. നിന്റെ മനസ്സില്‍ ഞങ്ങള്‍ വിശ്വാസങ്ങള്‍ കുടിയിരുത്തും. നിന്റെ എല്ലാ താഴ്ചകള്‍ക്കും ഞങ്ങള്‍ നിന്നെ വിധിക്കും. നിന്റെ ജീവിതം വെച്ച് ഞങ്ങള്‍ പാവക്കൂത്ത് നടത്തും. ഞങ്ങളെ അനുസരിക്കുന്നതാണ് നിനക്ക് നല്ലത്. ഞങ്ങളുടെ സ്വത്താണ് നീ. ഞങ്ങളുടെ തീരുമാനങ്ങള്‍ എത്ര ബുദ്ധിഹീനമാണെങ്കിലും അത് നീ തെരഞ്ഞെടുത്തേ മതിയാവൂ.

ഞാന്‍ നിങ്ങളെ ധിക്കരിച്ചാലൊ?

അവന്റെ ചോദ്യം കേട്ടുള്ള അവരുടെ കൂട്ട ചിരി മരണമണി പോലെ തോന്നിച്ചു. നിറുത്താതെയുള്ള ദേഹമാകെ പിടിച്ചു കുലുക്കുന്ന ചിരി. നിനക്ക് ഞങ്ങളെ ധിക്കരിക്കാന്‍ പറ്റുമൊ? ഞങ്ങളുടെ നിയമങ്ങളെ നിനക്ക് മറികടക്കാന്‍ പറ്റുമൊ? നീ എന്തു വിഡ്ഡിത്തമാണിപ്പോള്‍ പറഞ്ഞത്?

നിന്നെ ഞങ്ങള്‍ പിച്ചിചീന്തും. നിന്റെ മുഖത്തേക്ക് ഞങ്ങള്‍ കാറിതുപ്പും. നിന്റെ മേല്‍ കല്ലുകള്‍ വന്നു പതിക്കും. ഒരു നികൃഷ്ട ജീവിയപ്പോലെ നീ അലയും. നിന്റെ മിനുത്ത തൊലിയിലെ നേര്‍ത്ത രോമങ്ങളില്‍ പൊടിമണല്‍ കൂട്ടുകൂടും. നിന്റെ കണ്ണുകള്‍ ഗുഹകളിലേക്ക് ചേക്കേറും. നിന്റെ മുഖം വഴുവഴുത്ത പാറക്കല്ലിനെപ്പോല്‍ തോന്നിക്കും. നീ നശിക്കും. സര്‍വ്വതും നിനക്ക് നഷ്ടപ്പെടും.

അതു കേട്ടതും അവന്‍ വല്ലാതെ ഭയന്നു. കണ്ണുകള്‍ നിറഞ്ഞൊഴുകി. ചെവി രണ്ടും പൊത്തി തല അങ്ങോട്ടുമിങ്ങോട്ടും ശക്തമായി തെറിപ്പിച്ച് അവന്‍ നിലവിളിച്ചു. അവ്യക്തമായ ശ്ബദം പുറപ്പെടുവിച്ചുവെന്ന് പറയുന്നതാവും ശരി. അവന്റെ നിലവിളി തൊണ്ട വിട്ട് പുറത്തേക്ക് വന്നില്ല്ല.

പക്ഷെ, നിങ്ങളുടെ വഴികള്‍ എല്ലാം ശരിയല്ലല്ലൊ, നിങ്ങളില്‍ പലരും തെറ്റുകള്‍ ചെയ്യുന്നില്ലെ? കണ്ണുകള്‍ തുടച്ച് അവന്‍ മുഖമുയര്‍ത്തി പതിയെ ഉരുവിട്ടു.

അവര്‍ കൂട്ടമായി നിലത്ത് നിന്ന് പതിയെ ഉയര്‍ന്നു. അവരുടെ കണ്ണുകള്‍ അവന്റെ മേല്‍ പതിഞ്ഞു. ക്രൌര്യവും വെറുപ്പും അവരുടെ ഒരേപോലെയിരിക്കുന്ന ആയിരം മുഖങ്ങളില്‍ മിന്നിമറഞ്ഞു. നീ ഞങ്ങളെ ചോദ്യം ചെയ്യുന്നുവോ? നീ ഞങ്ങളുടെ മേല്‍ കുറ്റം ആരോപിക്കുന്നുവൊ? നിന്നില്‍ നിന്ന് വളരെ ഉയരത്തിലാണ് ഞങ്ങള്‍.

ഹേ വിഡ്ഡീ, നിനക്ക് മുഖമുയര്‍ത്താതെ ഞങ്ങളെ കാണാന്‍ സാധിക്കുന്നുവൊ? നിന്റെ കണ്ണുകളിലെ അന്ധകാരമാണ് നിന്നെക്കൊണ്ടത് ചോദിപ്പിച്ചത്. നിന്റെ ജല്പ്നങ്ങള്‍ വിഭ്രാന്തിയുടേതു തന്നെ. നിന്നെ സ്വതന്ത്രമായി വിട്ടത് ഞങ്ങളുടെ തെറ്റ്. ഇത്രയധികം സംസാരിക്കാന്‍ സമ്മതിച്ചതു തന്നെ കൊടിയ ആപത്ത്. തെറ്റുകള്‍ തിരുത്തപ്പെടേണ്ടവയാണ്.

അവനരുകിലേക്ക് പതുക്കെ അവര്‍ നീങ്ങി, അവനെ അവര്‍ ആവരണം ചെയ്തു. അവന്റെ ദീനരോദനം പതിയെ അലിഞ്ഞില്ലാതെയായി. തലച്ചോര്‍ അവനില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു. കയ്യുകളും കാലുകളും അദൃശ്യമായ വള്ളികള്‍ കൊണ്ടവര്‍ മുറുക്കെ കെട്ടി. അവരുടെ ഉടുപ്പുകള്‍ അവനെ അണിയിച്ചു. കണ്ണുകള്‍ അവര്‍ ചൂഴ്ന്നെടുത്തു. നാക്ക് അവര്‍ പിഴുത് നിലത്തിട്ട് ചവിട്ടിയരച്ചു. അവരുടെ മുഖം അവനു നല്‍‍കി. ചെവിയില്‍ പതിയെ എന്തൊക്കേയൊ മന്ത്രിച്ചു. അവനെ തീരെ തിരിച്ചറിയാന്‍ പറ്റതെയായി.

പിന്നീട്, മറ്റൊരുവനെ തേടി അവര്‍ യാത്രയായി.

1 പ്രതികരണങ്ങള്‍:

Inji Pennu said...

33 comments:
Immigrant in Canada said...
I see the 'me' in the Avan

2:53 PM, September 15, 2006
Inji Pennu said...
ഇന്നാ ഒരു അവര്‍...

4:01 PM, September 15, 2006
മുല്ലപ്പൂ said...
അവര്‍ അവളിലേക്കു ഏറെ നന്മയും കൊടുത്തു.ഒരു നാമവും. ;)

4:32 PM, September 15, 2006
മുല്ലപ്പൂ said...
അവര്‍ അവളിലേക്കു ഏറെ നന്മയും കൊടുത്തു.ഒരു നാമവും. ഇഞ്ചി എന്നോ, മുല്ലപ്പൂ എന്നോ...

4:37 PM, September 15, 2006
പാപ്പാന്‍‌/mahout said...
അനോണികളുടെ ആക്രമണത്തില്‍ പേരുള്ള ഒരു ബ്ലോഗര്‍ കൂടി അനോണിയായി മാറുന്നതാണോ കഥയുടെ വ്യംഗ്യം?

4:43 PM, September 15, 2006
ബിന്ദു said...
അവര്‍ ആരാ? ഞാന്‍ ചോദിക്കാം.;) അടുത്ത ഇര ആരായിരിക്കുമോ? നല്ല ഭാവന. :)

4:46 PM, September 15, 2006
Adithyan said...
രോഗാണുക്കളുടെ ആക്രമണത്തില്‍ ശരീരത്തിലെ കോശങ്ങള്‍ നശിക്കുന്നതാണോ കഥയുടെ വ്യംഗ്യം?

5:20 PM, September 15, 2006
അനംഗാരി said...
അവര്‍ ആരായിരുന്നു?.എനിക്കും നിനക്കും ഇടയിലെ നേര്‍ത്ത വായുവിലും അവരുണ്ടായിരുന്നില്ലെ?.മറ്റൊരുവനെ തേടുന്നതിന് മുന്‍‌പ് നിന്നെ ആവരണം ചെയ്യുന്നതിനു മുന്‍‌പ് അവര്‍
എന്നോട് പറഞ്ഞിരുന്നു. സ്വാതന്ത്ര്യം നിനക്ക് ഞങ്ങള്‍ കല്‍പ്പിച്ച് നല്‍കിയ ഔദാര്യമാണെന്ന്.

10:42 PM, September 15, 2006
റീനി said...
ഇഞ്ചീസെ, അവരില്‍നിന്നും രക്ഷപെടുവാന്‍ വേണ്ടിയാണ്‌ ഞാന്‍ ഇങ്ങോട്ടോടിപ്പോന്നത്‌. അവര്‍ ഇവിടെയുമുണ്ടല്ലേ?
അവരെന്നെ കണ്ണാടിയില്‍ നോക്കിപ്പിച്ചു. അതില്‍ക്കണ്ട അപരിചിത ഞാനോ?

12:26 AM, September 16, 2006
പാപ്പാന്‍‌/mahout said...
പറയാന്‍ മറന്നു, ഞാന്‍ അവരുടെ ആളാ. ഇവിടെ കമന്റിടുന്നവരുടെയൊക്കെ പേര് ഞാന്‍ എഴുതിയെടുക്കുന്നുണ്ട്‌... :)

12:33 AM, September 16, 2006
സു | Su said...
അവരും അവനും ഒരു മാലയിലെ മുത്തുകള്‍ അല്ലേ? അവന്‍ പോയാല്‍ അവരും ചിന്നിച്ചിതറിപ്പോകില്ലേ? :) അവരവനെ കുറച്ച് ശക്തിയോടെ ചേര്‍ത്ത് പിടിക്കുന്നു. അത്രേ ഉള്ളൂ.

12:34 AM, September 16, 2006
ഇത്തിരിവെട്ടം said...
അവരുടെ ഒരു കാര്യം ... പിന്നെയ്... ആരാ ഈ അവര്..
ഇഞ്ചീ ഇത് കോള്ളാം.

12:36 AM, September 16, 2006
റാല്‍മിനോവ് said...
അയ്യോ. ഇതെന്റെ കഥയല്ലേ?

9:25 AM, September 16, 2006
മുന്ന said...
അവര്‍ എന്നത്‌ അമേരിക്കയും കൂട്ടരും..അവന്‍ സദ്ദാം ഹുസൈന്‍...എന്നിലുണരുന്ന ഭാവന ഇതാണ്‍...(ഇഞ്ചിയുടെ മുന്‍ രചനകളും അമേരിക്കന്‍ വിരോധവുമാണോ എന്നെയിങ്ങനെ തോന്നിപ്പിച്ചത്‌?)ഇഞ്ചിച്ചേച്ചിയേ ജാഗ്രതൈ...അവര്‍ ഇറാനു ശേഷം ആരെ എന്ന കാര്യത്തില്‍ ഒരു തീരുമാനമാകാതെ വട്ടം തിരിയുകയാാാ...അവസാനം ഞാനില്ല ഞാനല്ല ന്നൊന്നും ....!!!

9:45 AM, September 16, 2006
ഇടിവാള്‍ said...
അല്ല... എനിക്കു മനസ്സിലായി...

അവന്‍ എന്നത്...
കൈപോലും പൊങ്ങാത്ത ഒരു പാവം സ്ത്രീ പീഢകന്‍ ..ദിവസങ്ങള്‍ക്കു മുന്‍പു വരെ ഒരു മന്ത്രിയായിരുന്നു. നോര്‍ത്ത്, സൌത്ത്, ഈസ്റ്റ് കോസ്റ്റ് എന്നൊക്കെ വെള്ളമടിച്ചാല്‍ വിളിച്ചു പറയുമായിരുന്നു !

അവര്‍ എന്നത്..
അവരു തന്നെ.. മറ്റേ, മൈത്രിക്കേസു കുത്തിപ്പൊക്കിയവര് ! അല്ലാതാര് ! ;)

9:53 AM, September 16, 2006
പച്ചാളം said...
ഈ കഥക്ക് എന്‍റെ വക ഒരു സമ്മാനം;

അവന്‍ വന്നുവോ?
നാശം വിതയ്ക്കുവാന്‍,
കൊടുങ്കാറ്റായ് വീശുവാന്‍,
കരിമഴയായ് പെയ്യുവാന്‍,
മിന്നാലായ് ജ്വലിക്കുവാന്‍..

എന്‍റെ വെളിച്ചം കാണാതിരുന്ന ആദ്യത്തെ ‘കുത്തിക്കുറിക്കല്‍’.

10:21 AM, September 16, 2006
ദില്‍ബാസുരന്‍ said...
അവര്‍= സഖ്യസേന,സമാധാന സേന...
അവന്‍= ഞാന്‍?,നിങ്ങള്‍?,ഇറാന്‍?,ലെബനണ്‍?...
അല്ലേ ഇഞ്ചി ചേച്ചീ.... :)

10:46 AM, September 16, 2006
വളയം said...
“ഇത് എന്റെ കഥ” എന്ന് വായനക്കാരന് തോന്നുന്നുവെങ്കില്‍‍, “ഈ കഥാപാത്രം എനിക്ക് പരിചിതനാണല്ലോ “ എന്നവന് തോന്നുന്നുവെങ്കില്‍ കഥ വിജയിച്ചു എന്ന് കരുതാം. അത് കമന്റുകള്‍ പറയുന്നുണ്ടല്ലോ.

11:25 AM, September 16, 2006
പാര്‍വതി said...
തെന്താപ്പോ പറ്റ്യേക്കണേ എന്റെ ശിവനെ, ഈ ഇഞ്ചിക്കുട്ടിക്ക്,ഇത്തിരി കമന്റിടുവാര്‍ന്ന് പോലും,പിന്നെന്താണാവോ സംഭവിച്ചേ..കാത്തുകൊള്ളണെ മഹാമായേ..

നല്‍യ്യോരു കുട്ട്യാര്‍ന്നു..ശിവ.ശിവാ..

-പാര്‍വതി

12:31 PM, September 16, 2006
Inji Pennu said...
ഒരു കാര്യം പറയട്ടെ, ആദിയോ പപ്പാ‍ന്‍ മാഷോ ഈ വഴിയെങ്ങാനും ഇനി വന്നാല്‍ അമ്മച്ചിയാണെ, ഇവിടുന്ന് ചിക്കാഗോയിലോട്ട് ന്യൂജേര്‍സി സ്റ്റോപ്പ് ഓവര്‍ എന്റെ റ്റൂ എഞ്ചിന്‍ വിമാനം ഞാന്‍ പറപ്പിക്കും...!! മനുഷ്യന്‍ എന്തെങ്കിലും എഴുതാന്ന് വിചാരിച്ച് എന്തെങ്കിലുമൊക്കെ കുറിക്കും..ഉടനെ ചിരിപ്പിക്കാന്‍ രണ്ട് തമാശക്കാര്‍ ഇറങ്ങും...!!!

നിങ്ങളീ എല്ലാരും കൂടി പറയണ അവര്‍ ആരാണ്? ശ്ശെടാ‍? എന്തൊക്കെ ഇമാജിനേഷന്‍.. :-)

അപ്പോള്‍ എല്ലാര്‍ക്കും നന്ദി,നമസ്ക്കാരം. ഞാന്‍ ഈ നന്ദി പരിപാടി നിറുത്തിയലോന്ന് ആലോച്ചിക്കുവാണ്. ഞാന്‍ നോക്കുമ്പൊ ഇവിടുത്തെ വല്യ പുലികളൊന്നും നന്ദി പറയുന്നില്ല. അപ്പൊ നന്ദി പറായാഞ്ഞാ ഒരു പുലി ആയാലൊ എന്ന് എനിക്കൊരു ആശ.:-) ചുമ്മാ തമാശയാണെ, ഇനി പുലികളെല്ലാം കൂടി കടിച്ചാ പൊട്ടാത്ത വാക്കൊക്കെ പറഞ്ഞ് പുലി നഖം വെച്ച് എന്നെ മാന്തരുത്...ഒരു സോദരിയുടെ പുലികളിക്കുള്ള ആശയായി എടുക്കുക.

അല്ലെങ്കില്‍ വേണ്ട, എലിയാണ് ഭേദം.
സാറായെ,മുല്ലൂസ്,ബിന്ദൂ‍ട്ടി,ആനാംഗരി,റീനിക്കുട്ടി,സൂവേച്ചി,ലിറ്റില്‍ ലൈറ്റേ,റാല്‍മിനോവ് മാഷെ,ഇടിവാള്‍ ഗഡീ,പച്ചാളം കുട്ടീ,ദില്‍ബൂട്ടിയെ, വളയം മാഷെ, പാറുക്കുട്ടിയെ - നന്ദി.

ന്റെ മുന്നേ, നിങ്ങള് മനുസനെ ഇങ്ങിനെ ബേജാറക്കാണ്ടിരീന്‍..എനിക്കൊരു അമേരിക്കാ വിരോധവുമില്ല.

11:42 PM, September 16, 2006
വല്യമ്മായി said...
സാധാരണ മനുഷ്യനെ ആള്‍ദൈവങ്ങളും പുരോഹിതരും അവരുടെ വരുതിയിലാക്കുന്നതല്ലേ ഇഞ്ചി ഉദ്ദേശിച്ചത്? പുലിമടയിലേക്കുള്ള പ്രയാണത്തില്‍ എല്ല ഭാവുകങ്ങളും(ശരിക്കും ആ പുലിപ്പട്ടം ഇഞ്ചി അര്‍ഹിക്കുന്നുണ്ട്.) ആശംസകള്‍

12:14 AM, September 17, 2006
പൊതുവാളന്‍ said...
അവരെക്കുറിച്ചു വായിക്കുമ്പോള്‍ ഏതോ നാടകം കാണുന്ന പ്രതീതിയാണ്‌ എനിക്കുണ്ടായത്‌.ആ രംഗത്തും ഇഞ്ചിപ്പെണ്ണിന്‌ ഒന്നു കൈ വെയ്ക്കാവുന്നതാണ്‌. വായിക്കുമ്പോള്‍ അവനവന്റെ ഇച്ഛാനുസരണം വ്യാഖ്യാനിക്കാം എന്നതു തന്നെയാണതിന്റെ ഗുണം. കമന്റിയ എല്ലാവരും അതു വേണ്ടുംപോലെ ചെയ്തിട്ടുമുണ്ട്‌.

5:14 AM, September 17, 2006
daly said...
ഇഞ്ചീസ്, കൂടുതല്‍ സീരിയസ്സാകുന്നു.

7:47 AM, September 17, 2006
Inji Pennu said...
വക്കാരിജി ..ഹലോ കാണാവൊ?
അവിടെ മറുപിടി വെക്കാന്‍ പേടിയൊന്നുമില്ല..എന്നാലും ചെറിയ ഒരു ഭയം :) അതോണ്ട് ഇവിടെ വെക്കുന്നു.

വക്കാരിജി പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നതിനോടൊപ്പം ഒരു കാര്യം കൂടി പറയാതെ വയ്യ. പണമുള്ളവന്‍ പണമില്ലാത്തവന്റെ മുകളില്‍ കെട്ടി വെക്കുന്ന ഒന്നാണ് ഈ സംസ്കാരം എന്ന് ഞാന്‍ ചിലപ്പോഴൊക്കെ വിചാരിക്കുന്നു. ഫോര്‍ എക്സാമ്പിള്‍, സ്ത്രീകള്‍ ബിക്കിനി ഇടുന്നത് നമ്മുടെ സംസ്കാരത്തിന് ആലോചിക്കാന്‍ കൂടി പറ്റാത്തതാണ്.കല്ലെടുത്തു എറിയും. എങ്കിലും പണമുള്ള സായിപ്പ് വന്നതു നാട്ടില്‍ ചെയ്യുമ്പൊള്‍ നമ്മളത് കണ്ടില്ലാന്ന് നടിക്കുന്നു. സൌദി അറേബ്യയില്‍ രാംകോയില്‍ (?) സായിപ്പിന് എന്തു വേണമെങ്കിലും ചെയ്യാം. പെണ്ണുങ്ങള്‍ക്ക് തുണി ഉടുക്കാതെയും നടക്കാം. ആരും ചോദിക്കില്ല. അത്രേം കടുത്ത നിയമങ്ങള്‍ ഉള്ള സൌദിയില്‍ പോലും അന്നേരം ഈ സംസ്കാരത്തെ അവര്‍ കണ്ണടക്കുന്നു. കാരണം സായിപ്പിന്റെ പൈസ വേണം. സോ, യൂ സീ ഈ സംസ്കാരം എന്നൊക്കെ പറയുന്നത് അത്രേയുള്ളൂ... എന്ന് ഞാന്‍ കരുതുന്നു.
തെറ്റാവാം.വെറുതെ കാടു കയറി ചിന്തിക്കുന്നതാവാം.

വക്കാരിജിക്ക് മറുനാട്ടില്‍ ചെന്നാല്‍ അവരുടെ പോലെ തന്നെ പെരുമാറണം എന്ന് രണ്ട് മാസത്തിനുള്ളില്‍ മനസ്സിലാവുന്നത് താങ്കളുടെ വിദ്യഭ്യാസം കൊണ്ടാണെന്ന് ഞാന്‍ വിചാരിക്കുന്നു.പക്ഷെ ഗള്‍ഫില്‍ പൊതുവെ അണ്‍സ്കില്ല്ഡ് ലേബറേര്‍സ് ആണ്. മലയാളികളുടെ കൂടെ മാത്രം ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്നവര്‍. അവര്‍ക്ക് ഇതൊക്കെ മനസ്സിലാക്കാന്‍ പോലുമുള്ള അറിവില്ല. അതിനെ സഹിഷ്ണുതയോടെ കാണെണമെന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ...അല്ലാതെ അവര്‍ ചെയ്യുന്നത് മൊത്തം ശരിയാണന്നല്ല.അധിക്ഷേപിക്കരുത്.

സിംഗപൂറിലും അമേരിക്കയിലും ഒക്കെ വെളിയില്‍ തുപ്പിയാലോ ലിറ്റര്‍ ചെയ്താലൊ അടി മേടിക്കും, അതോണ്ട് എല്ലാരും നിയമങ്ങള്‍ പാലിക്കുന്നു. പിന്നെ അമേരിക്കയിലും സിംഗപ്പൂറിലും ഒക്കെ കുറച്ചും കൂടി വിദ്യഭ്യാസം ഉള്ളാ‍വരാണ് പൊതുവേ കാണാറ്. ഗള്‍ഫിലെ പാവം ലേബറേര്‍സിന്റെ സ്ഥിതി അതല്ലാ.അതുകൊണ്ട് എവിടേം പോകണ്ട, ഗള്‍ഫ് എയര്‍ വഴി ഒന്ന് ഒരിക്കല്‍ പറന്നാല്‍ മതി. ഇതൊക്കെ എയര്‍ലൈനിന്റെ ഉള്ളിലും കാണാം.

നാട്ടില്‍ കൊതുകുണ്ട്, പാമ്പുണ്ട് എനൊക്കെ സെകണ്ട് ജനറേഷന്‍ ഗള്‍ഫന്മാരും അമേരിക്കന്‍ പിള്ളേരും ഒക്കെ പറയുന്നു. ഡര്‍ട്ടി ഇന്ത്യ എന്ന്. അവര്‍ക്ക് വിദ്യയും വിവരം വെച്ചപ്പോള്‍
‘മാനേര്‍സും‘ വരുന്നു.ഗ്രൂമഡ് ആവുന്നു. അവര്‍ അവരുടെ നാട്ടിലെ അപ്പാപ്പന്‍ കാണിക്കുന്നത് കണ്ടാല്‍ മൂക്കത്ത് വിരല്‍ വെക്കും.

അതിനൊക്കെ എനിക്ക് ഓര്‍മ്മ വരുന്നത്
പണ്ട് മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നുവില്‍ ശ്രീനിവാസന്‍ ബെര്‍മുഡായിട്ട് അങ്കിള്‍ എന്ന് വിളിച്ച് ജഗതിയെ അഭിസംബോധന ചെയ്യുമ്പോള്‍
ജഗതി പറയുന്ന ഒരു ക്ലാസ്സിക്ക ഡയലോഗുണ്ട്
“പോടെ,പോടെ,ഇത്പോലെരൊണ്ണാം ഞാനും അടിയില്‍ ഇട്ടിട്ടുണ്ട്” :-)

3:20 PM, September 17, 2006
പാര്‍വതി said...
എന്റെ ഇഞ്ചി..

ഈ ക്ലാസിക്ക് കമന്റ് ഞാന്‍ കണ്ടില്ലെന്ന് എങ്ങനെ നടിക്കും,താനാളൊരു പ്രസ്ഥാനമാണല്ലോ‍ട്യേയ്..

പാര്‍വതി.

3:27 PM, September 17, 2006
വക്കാരിമഷ്ടാ said...
എന്തായാലും ഗള്‍ഫിലെയും സിംഗപ്പൂരിലെയും അമേരിക്കയിലെയും പ്രവാസികള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്ന് ഇഞ്ചി മനസ്സിലാക്കിയല്ലോ :)

പക്ഷേ നേരത്തെ തന്നെ പറഞ്ഞിരുന്നു, ഒരു പൊതു സ്ഥലത്ത് അവിടുത്തുകാര്‍ പെരുമാറുന്നതുപോലെ പെരുമാറാന്‍ അവിടുത്തെ സംസ്കാരം മൊത്തമായി നമ്മിലേക്ക് ആവാഹിക്കേണ്ട കാര്യമില്ല. ഈ കാര്യങ്ങളില്‍ പലതിനെയും സംസ്കാരം എന്നുതന്നെ വിളിക്കാമോ എന്നും സംശയം. ക്യൂ പാലിക്കുക, റോഡില്‍ തുപ്പാതിരിക്കുക മുതലായവയെയാണോ സംസ്കാരമെന്ന് വിളിക്കുന്നത്? ആണെങ്കില്‍ ഓക്കെ.

ഒരു വിസ സംഘടിപ്പിച്ച് വിമാനത്തില്‍ കയറി ഗള്‍ഫില്‍ വന്ന് അവിടെ ജീവിക്കാന്‍ മാത്രം കഴിവുള്ള ഏതൊരാള്‍ക്കും വേണമെങ്കില്‍ ചെയ്യാവുന്ന കാര്യങ്ങളാണ് ഇതൊക്കെ. അവര്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ പാലിക്കേണ്ട കാര്യങ്ങള്‍ അവര്‍ പാലിക്കുന്നുണ്ടാവുമല്ലോ. ഞാന്‍ പാവപ്പെട്ടവനാണ്, അറിവില്ലാത്തവനാണ്, എന്റെ നാട്ടില്‍ ഞാന്‍ രാവിലെ പത്ത് മണിക്ക് മാത്രമേ എഴുന്നേല്‍ക്കൂ. അതുകൊണ്ട് ഇവിടെയും ഞാന്‍ അങ്ങിനെതന്നെയൊക്കെയേ ചെയ്യൂ എന്നൊന്നും അവര്‍ പറയുന്നില്ലല്ലോ. ആ കമ്പനിയിലെ നിയമങ്ങള്‍ നേരാംവണ്ണം പാലിക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ടെങ്കില്‍ ആ നാട്ടില്‍ ചെയ്യേണ്ട സാമാന്യ കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവും അവര്‍ക്കുണ്ട്. പക്ഷേ പലപ്പോഴും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കികൊടുക്കേണ്ടി വരും. അവര്‍ വിദ്യാഭ്യാസമില്ലാത്തവരാണ്, അവരോട് പറഞ്ഞിട്ട് കാര്യമില്ല എന്നുള്ള മനോഭാവമാണെങ്കില്‍ അവരെ അപമാനിക്കുന്നതിന് തുല്യമായിരിക്കും അത്. ലേബറേഴ്‌സ് എന്ന് ഇഞ്ചി വിശേഷിപ്പിച്ച ആള്‍ക്കാര്‍ നല്ല കഴിവും അവരുടെ കാര്യങ്ങളില്‍ അറിവും ഒക്കെ ഉള്ളവര്‍ തന്നെ അവര്‍. ഒരു പുതുനാട്ടില്‍ വരുമ്പോള്‍ ലോകത്തെ പറ്റി അറിയാവുന്ന ഒരു മലയാളിയെക്കാള്‍ പകപ്പ് ചിലപ്പോള്‍ പാവപ്പെട്ട, വിദ്യാഭ്യാസം കുറഞ്ഞ ഒരു മലയാളിക്കുണ്ടാകും. പക്ഷേ ബുദ്ധിയുടെ കാര്യത്തിലോ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവിലോ അവന്‍ മറ്റുള്ളവരെക്കാള്‍ പിന്നിലാണെന്ന് അതിനര്‍ത്ഥമില്ല. അല്ലാതെ അവര്‍ക്ക് ഇതൊന്നും മനസ്സിലാക്കാന്‍ പോലുമുള്ള കഴിവില്ല (മനസ്സിലാക്കാന്‍ വേണ്ടത് കഴിവല്ലേ, അറിവല്ലല്ലോ) എന്നൊക്കെ പറയുന്നതല്ലേ അവര്‍ക്കുള്ള ഏറ്റവും വലിയ അപമാനം എന്ന് എനിക്ക് തോന്നുന്നു. ജോണിക്കുട്ടീ, നിനക്കൊന്നുമറിയില്ല, കാരണം നീ വെറും കുട്ടിയാണ് എന്ന് മോഹന്‍ലാല്‍ നാട്ടുരാജാവില്‍ പറഞ്ഞപ്പോള്‍ അത് എന്തൊരു അപമാനമായിരുന്നു, ജോണിക്കുട്ടിക്ക്.

മലയാളികള്‍, അത് ഏത് തരക്കാരായാലും, മറുനാട്ടില്‍ പോയി ഇത്രയധികം വിജയിക്കുന്നതിന് ഒരു കാരണം അവിടുത്തെ രീതികളുമായി പൊരുത്തപ്പെട്ടുപോകാനുള്ള ഒരു കഴിവാണ്. അതിന് ഉന്നതവിദ്യാഭ്യാസമോ ഇഞ്ചി പറഞ്ഞ സിറ്റി ബ്രഡ് സംസ്കാരമോ ഒന്നും വേണമെന്നും ഇല്ല. നല്ല നിരീക്ഷണപാടവം ഉള്ളവര്‍ തന്നെയാണ് ഏതു തരക്കാരന്‍ മലയാളിയും. പക്ഷേ വേണമെങ്കില്‍ മാത്രമേ അവര്‍ അങ്ങിനെ ചെയ്യൂ എന്ന് മാത്രം.

ഗള്‍ഫിലെന്നല്ല, എവിടെയുമുള്ള പാവപ്പെട്ടവരോടും വിദ്യാഭ്യാസമില്ലാത്തവരോടും കാണിക്കേണ്ടത് “ഓ, അവര്‍ പാവപ്പെട്ടവരല്ലേ, വിദ്യാഭ്യാസമില്ലാത്തവരല്ലേ, അവര്‍ അങ്ങിനെയൊക്കെ ചെയ്തോട്ടെ, അവര്‍ക്ക് ഇതൊന്നും മനസ്സിലാക്കാന്‍ മാത്രമുള്ള കഴിവില്ല” എന്നൊക്കെയുള്ള സ്യൂഡോ സിമ്പതിയല്ല. അങ്ങിനെ ചെയ്ത് അവരെ എന്നും ആ ഒരു മാനസികാവസ്ഥയില്‍ തന്നെ തളച്ചിടരുത് എന്നാണ് എന്റെ അഭിപ്രായം. അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുക എന്നതാണ് നമുക്ക് ചെയ്യാന്‍ പറ്റുന്നത്. അവരെ അവര്‍ക്ക് എടുത്താല്‍ പൊങ്ങാത്ത കാര്യങ്ങള്‍ ചെയ്യിക്കാനുമല്ല. ചെറിയ ചെറിയ പെരുമാറ്റ രീതികള്‍. നാട്ടില്‍ ബസ്സില്‍ കയറിയാല്‍ ടിക്കറ്റെടുക്കണം, ബസ്സിനകത്ത് തുപ്പരുത് തുടങ്ങിയവ പോലുള്ളവ. അത് അങ്ങിനെയൊക്കെയാണെന്നറിഞ്ഞാല്‍ അവര്‍ അത് സന്തോഷത്തോടെ ചെയ്യുകയും ചെയ്യും.

ഇനി നിഷാദ് പറഞ്ഞ സ്പെസിഫിക് കാര്യമെടുത്താല്‍ അത് ഒരു പാവപ്പെട്ട വിദ്യാഭ്യാസമില്ലാത്ത മലയാളിയല്ലായിരുന്നു. ഒരു മുപ്പത് നില കെട്ടിടത്തിന്റെ ഒരു നിലയില്‍ ഇരുന്ന് ഊണ് കഴിച്ചിട്ട് വേറൊരു നിലയിലെ ഓഫീസിലേക്ക് അദ്ദേഹം പോകുന്ന വഴിയിലായിരുന്നു അങ്ങിനെ കാണിച്ചത്. ഗള്‍ഫിലുള്ള നിഷാദിന് അവിടുത്തെ വിവിധ തരം മലയാളികളെപ്പറ്റിയും അവരുടെ പെരുമാറ്റത്തെപ്പറ്റിയും ജപ്പാനിലുള്ള എന്നെക്കാളും അറിയാമല്ലോ. അതുകൊണ്ട് അദ്ദേഹം ഒരു സംഭവം ബ്ലോഗിലൂടെ നമ്മളെ അറിയിക്കണമെങ്കില്‍ അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കാരണവും കാണും. ഒരു ലേബറര്‍, അല്ലെങ്കില്‍ ഒരു പാവപ്പെട്ട മലയാളിയാണ് ഇത്തരം ഒരു പ്രവര്‍ത്തി ചെയ്തിരുന്നതെങ്കില്‍ നിഷാദ് അക്കാര്യം നമ്മളെ അറിയിക്കുകകൂടി ഇല്ലായിരുന്നു എന്ന് തോന്നുന്നു. കാരണം, നിഷാദിന്റെ ഇതിനു മുന്‍‌പുള്ള പോസ്റ്റുകള്‍ വായിച്ചത് വഴി അവിടുത്തെ പാവപ്പെട്ടവരുടെയൊക്കെ വികാരങ്ങള്‍ നല്ലവണ്ണം നേരിട്ട് മനസ്സിലാക്കിയ ഒരാളാണ് നിഷാദെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ഇനി ഗള്‍ഫിലുള്ളവരോട് തന്നെ ചോദിച്ചുകൊള്ളൂ. അരോചകമായ പൊതുസ്ഥല പെരുമാറ്റങ്ങള്‍ പാവപ്പെട്ട ലേബറേഴ്‌സാണോ അതോ കുറച്ചെങ്കിലുമൊക്കെ വിദ്യാഭ്യാസമുണ്ടെന്ന് തോന്നിപ്പിക്കുന്ന, അമേരിക്കയിലും സിംഗപ്പൂരിലുമൊക്കെ വന്നാല്‍ നിയമങ്ങള്‍ പാലിക്കാന്‍ കഴിവുള്ള ആള്‍ക്കാരാണോ കൂടുതല്‍ കാണിക്കുന്നതെന്ന്. അവര്‍ പറയട്ടെ. വേണമെങ്കില്‍ നമുക്ക് രാധേയനോട് തന്നെ ആദ്യം ചോദിക്കാം. ഒരു പൊതുസ്ഥലത്ത് തന്റെ ഭാര്യയെയും കുഞ്ഞിനെയും അപമാനിക്കുക എന്ന സംസ്കാരം കാണിച്ചത് ഏതു തരം ആളായിരുന്നു എന്ന് (അതും പൊതുസ്ഥലത്തെ സാമാന്യ പെരുമാറ്റരീതികളുമായി കൂട്ടിക്കുഴയ്ക്കേണ്ട-എങ്കിലും). എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ അഹങ്കാരം ഏറ്റവും കുറഞ്ഞവരാണ് ഇഞ്ചി പറഞ്ഞ പാവപ്പെട്ട, വിദ്യാഭ്യാസമില്ലാത്ത ആള്‍ക്കാര്‍. ഒരു കാര്യം എങ്ങിനെ ചെയ്യണമെന്ന് മനസ്സിലായാല്‍ ഒരു മടിയും കൂടാതെ ചെയ്യാന്‍ കഴിയുന്നത് അങ്ങിനെയുള്ളവര്‍ക്കാണ്.

അതുകൊണ്ട് ഇങ്ങിനത്തെ മുന്‍‌കൂര്‍ ജാമ്യങ്ങള്‍ എല്ലായ്പ്പോഴും കൊടുക്കാതെ നമ്മളെയൊക്കെ ഇടയ്ക്കിടയ്ക്ക് ചില ആത്മവിശകലനത്തിനും കൂടെ പ്രേരിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം. മറുനാട്ടില്‍ ചെന്നാല്‍ നമ്മള്‍ ഓരോരുത്തരും നമ്മുടെ നാടിന്റെ അംബാസിഡര്‍മാരാണ്. നമ്മുടെ ഓരോരുത്തരുടെയും പ്രവര്‍ത്തി വെച്ചാണ് അന്നാട്ടുകാര്‍ നമ്മുടെ നാടിനെ വിലയിരുത്തുന്നത്. അതിന് പാവപ്പെട്ടവനെന്നോ വിദ്യാഭ്യാ‍സമില്ലാത്തവനെന്നോ പണക്കാരനെന്നോ ഒന്നും വ്യത്യാസമില്ല. അവര്‍ക്ക് എല്ലാവരും ഇന്ത്യക്കാര്‍ മാത്രം.

12:19 AM, September 18, 2006
വക്കാരിമഷ്ടാ said...
ഇഞ്ചി എഴുതാപ്പുറം കുറച്ച് വായിച്ചോ എന്നും സംശയം. നിഷാദ് ആ ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങളെപ്പറ്റിയല്ല എല്‍‌ജി പറയുന്നത് എന്ന് തോന്നുന്നു. സായിപ്പിന്റെ സംസ്കാരം നമ്മുടെ നാട്ടില്‍ കൊണ്ടുവരണമെന്നോ ഒന്നുമല്ല നിഷാദ് അവിടെ പറഞ്ഞത്. നമ്മുടെ നാട്ടിലെ അപ്പാപ്പന്മാരുടെ പ്രവര്‍ത്തികളെ വിമര്‍ശിച്ചുകൊണ്ടുള്ള ലേഖനവുമല്ലായിരുന്നു അത്. അവിടുത്തെ ഒരു ഓഫീസ് കെട്ടിടത്തിലെ ഒരു നിലയില്‍ ജോലി ചെയ്യുന്ന ഒരു മലയാളിയുടെ പ്രവര്‍ത്തിയായിരുന്നു നിഷാദിന്റെ ലേഖനത്തിന്നാധാരം. ആ മലയാളിയുടെ കപ്പാസിറ്റി വെച്ച് അയാള്‍ക്ക് നേരാംവണ്ണം അവിടെ പെരുമാറാമായിരുന്നു എന്നാണ് എനിക്കും തോന്നുന്നത്. അതിനെ വിശകലനം ചെയ്യാന്‍ ഏറ്റവും പറ്റിയ ആള്‍ നിഷാദ് തന്നെ.

12:25 AM, September 18, 2006
വല്യമ്മായി said...
ഇഞ്ചി പെണ്ണെ, ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ഡിന്നറിന്‌ പാലിക്കേണ്ട മര്യാദകളല്ല നിഷാദ് അവിടെ പറഞ്ഞത്,ഒരു സാമൂഹ്യജീവി എന്ന നിലയില്‍ മനുഷ്യന്‍ പാലിക്കേണ്ട ചില മര്യാദകള്‍.അത് ലക്ഷങ്ങള്‍ ശമ്പളം വാങ്ങിക്കുന്നവരായാലും പത്തോ അഞ്ഞൂറോ ശമ്പളം വാങ്ങിക്കുന്നവരായാലും എല്ലാവര്ക്കും ബാധകമല്ലേ.

1:05 AM, September 18, 2006
Anil:അനില്‍ said...
ഗള്‍ഫില്‍ പൊതുവെ അണ്‍സ്കില്ല്ഡ് ലേബറേര്‍സ് ആണ്. മലയാളികളുടെ കൂടെ മാത്രം ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്നവര്‍. അവര്‍ക്ക് ഇതൊക്കെ മനസ്സിലാക്കാന്‍ പോലുമുള്ള അറിവില്ല.

ഈ പ്രസ്താവന അത്രകണ്ട് ശരിയല്ല. എന്നല്ല ഏറെക്കുറെ തെറ്റുമാണ്. ലേബര്‍ ക്യാമ്പുകളില്‍ മലയാളികള്‍ മലയാളികള്‍ക്കൊപ്പം മാത്രമൊന്നുമല്ല താമസിക്കുന്നതും അടുത്തിടപഴകുന്നതും.
വിദ്യാഭ്യാസമുള്ളവര്‍ക്കു മാത്രമേ നല്ല രീതിയില്‍ പെരുമാറാനാവൂ എന്നു പറയുന്നതിനോടും യോജിപ്പില്ല. അപരന്‍ ചെയ്യുന്നതുപോലെങ്കിലും (ആദ്യതവണ ചെയ്യാന്‍ ശ്രദ്ധിച്ചില്ലെങ്കില്‍) കണ്ടു ചെയ്യാന്‍ ശ്രമിക്കുക സ്വാഭാവികം.
റോഡ് /ഡ്രൈവിങ് മര്യാദകള്‍ പാലിക്കുന്നവരില്‍ ഏറിയപങ്കും ‘വിദ്യാഭ്യാസം/പത്രാസ്’ കുറഞ്ഞവരാണെന്നാണെന്റെ നിരീക്ഷണം.
റെഡ് സിഗ്നല്‍ ചാടാനോ നുഴഞ്ഞു കയറാനോ ശ്രമിക്കുന്നവരില്‍ (വിഐപ്പികള്‍ ഒഴികെ) ഏറിയ പങ്കും ഈജിപ്ഷ്യനാദി രാജ്യക്കാരാണെന്നും കാണാം. അവരാണെങ്കില്‍ ജന്മനാ മൊഹന്ദിസുകളും (ഇഞ്ചിനീര്‍).

കീ, സമൂഹ ജീവിയെന്ന നിലയിലെ നിരീക്ഷണവും ഒഴുക്കിനൊത്ത് നീന്താനുള്ള മനസും മാത്രം.

2:11 AM, September 18, 2006
ശിശു said...

അതു കേട്ടതും അവന്‍ വല്ലാതെ ഭയന്നു. കണ്ണുകള്‍ നിറഞ്ഞൊഴുകി. ചെവി രണ്ടും പൊത്തി തല അങ്ങോട്ടുമിങ്ങോട്ടും ശക്തമായി തെറിപ്പിച്ച് അവന്‍ നിലവിളിച്ചു. അവ്യക്തമായ ശ്ബദം പുറപ്പെടുവിച്ചുവെന്ന് പറയുന്നതാവും ശരി. അവന്റെ നിലവിളി തൊണ്ട വിട്ട് പുറത്തേക്ക് വന്നില്ല്ല.

വിനാശ കാലേ...
യുടെ അവസാന ഭാഗങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ ശിശുവിനു സാധിക്കാഞ്ഞത്‌ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. 'അയാളും', 'അവനും' ഒരൊറ്റയാള്‍തന്നെയെന്നു നിസ്സംശയം പറയാന്‍ കഴിയും.വിനാശ കാലേ... യിലെ 'അയാള്‍' മറ്റുള്ളവരെ സന്തോഷിപ്പിക്കുവാന്‍ പുതിയ വാക്കുകള്‍ക്കായി പറശ്ശിനിക്കടവു മുത്തപ്പനെ തപസ്സ്‌ ചെയ്യാന്‍പോയി,ഒടുവില്‍ മറ്റുള്ളവര്‍ സന്തോഷിക്കണമെങ്കില്‍ സംസാര ശക്തി തന്നെ നഷ്ടപ്പെടണമെന്ന് തിരിച്ചറിഞ്ഞയാളാണ്‌.
ഇവിടെ, 'അവര്‍' അവന്റെ തലച്ചോര്‍ നീക്കംചെയ്തു,അദൃശ്യമായ കൈകള്‍ കൊണ്ടു അവന്റെ കൈകാലുകള്‍ ബന്ദിച്ചു,അവരുടെ കുപ്പായങ്ങല്‍ അവനെ അണിയിച്ചു.
അവര്‍,അയാള്‍,അവന്‍ ഇതൊക്കെയാരെന്നു identification parade നടത്തേണ്ടയാവശ്യമുണ്ടോ..ഇല്ലതന്നെ.. പോരെങ്കില്‍ ഈവരികളില്‍ അതെല്ലാമുണ്ട്‌.

നിന്നെ സ്വതന്ത്രമായി വിട്ടത് ഞങ്ങളുടെ തെറ്റ്. ഇത്രയധികം സംസാരിക്കാന്‍ സമ്മതിച്ചതു തന്നെ കൊടിയ ആപത്ത്. തെറ്റുകള്‍ തിരുത്തപ്പെടേണ്ടവയാണ്.

താങ്കളുടെ പ്രതികരണശേഷിയില്‍,അതിന്റെ ആവശ്യകതയില്‍ ശിശു ഊറ്റം കൊള്ളുന്നു, അത്‌ കഴിയാത്തതില്‍ സ്വയം 'ഊഴിത്തരി ചെറുതാകുമ്പോല്‍.. ചെറുതാകുകയും...

2:43 AM, September 18, 2006
അരവിന്ദ് :: aravind said...
ഇഞ്ചിയേ..
ഈ മോഡേണ് സാധനം അത്ര മനസ്സിലായില്ല.
വായിക്കാന്‍ സുഖമുണ്ട് താനും...
മനസ്സിന് മനസ്സിലായത് പോലെ എടുക്കുന്നു.

:-)

4:18 AM, September 18, 2006
തറവാടി said...
സം സ്കാരം വിദ്യാഭ്യാസം കൊണ്ട് നേടാവുന്ന ഒന്നല്ല എന്നാണ്‌ എന്റെ പക്ഷം .
വിദ്യ അറിവ്‌ നേടിത്തരും എനാല്‍ സം സ്കാരം പൈത്രുകമായും ജീവിത സാഹചര്യത്തില്‍ നിന്നും ഉടലെടുക്കുന്ന ഒരു രീതിയാണ്.

അടഞ്ഞ മതിലിനുള്ളില്‍ ഒരാള്‍ കാണിക്കുന്നതാണ്‌ അയാളുടെ സം സ്കാരം എന്നാല്‍ ചട്ടക്കൂട്ടിനുള്ളില്‍ കാണിക്കുന്നത് അനുസരണയാണ്‌ തീറ്ച്ചയായും രണ്ടും രണ്ടാണെന്നാണ്‌ ഞാന്‍ കരുതുന്നത്.

മേല്‍ പറഞ്ഞ ചട്ടക്കൂട്ടിനെ തകര്‍ ക്കണോ , സ്വന്തം ശരീര വേദന വേണൊ എന്ന തര്‍ ക്കത്തില്‍ ആദ്യത്തേതിനെ ഒരാള്‍ ത്യജിച്ചാല്‍ അതിനെ സം സ്കാര ശൂന്യത എന്നതിനേക്കാള്‍ സ്വാര്‍ ത്ഥത എന്ന് പറയാനാണ്‌ എനിക്കിഷ്ടം .

പിന്നെ ഗള്‍ ഫിനെ ക്കുറിച്ച് , ഒരിക്കല്‍ സ്പൈനില്‍ , ഹോട്ടലില്‍ ടി.വി. ചാനല്‍ മാറ്റിക്കൊണ്ടിരുന്നപ്പോള്‍ , ഏ തൊ ഭാഷ മനസ്സിലാക്കാന്‍ പറ്റാത്ത ഒരു ചാനലില്‍ ഇന്ത്യയെക്കുറിച്ചുള്ള ഒരു ഡൊക്ക്യുമ്ന്റി കാണാന്‍ ഇടയായി , അതില്‍ കണ്ടതെന്താണെന്നറിയാമോ , ബൊമ്പയിലെ ചുകന്ന തെരുവുകളും , കലക്കത്തയിലെ തിരക്കില്‍ വണ്ടികള്‍ വലിക്കുന്ന ആളുകളും , ഏകദേശം ഒരു മണിക്കൂര്‍ നീളമുള്ള ഇതില്‍ ഒരൊറ്റ നല്ല സീനുകളും എനിക്ക് കാണാന്‍ കഴിഞ്ഞില്ല , ഇതാണൊ ഇന്ത്യ? അതേ ചൊദ്യം ഞാന്‍ ആവര്ത്തിക്കുന്നു , ഇതാണൊ നിങ്ങള്‍ മനസ്സിലാക്കിയ ഗള്‍ ഫ്?

എന്റെ അഭിപ്രായം ആര്ക്കെങ്കിലും നോവായെങ്കില്‍ .. ക്ഷമിക്കുമല്ലോ?

6:47 AM, September 18, 2006
അഹമീദ് said...
അവര്‍ പോയ വഴിയില്‍ ഞാനുണ്ടോ ആവോ...?

10:02 AM, September 18, 2006

qw_er_ty