2006-09-11

സ്റ്റാന്റ് അപ്പ് കൊമേഡിയന്‍

ഇന്ന് ഈ കഥയിലെ നായകന്റെ സ്റ്റാന്റ് അപ്പ് കോമഡിയുണ്ട്. അതിനു വേണ്ടി അദ്ദേഹം കാര്യമായ ഒരുക്കത്തില്‍ തന്നെയാണ്. ഇന്ന് ഒരുപാട് പേരു വരുന്നുണ്ട് ഇത് കാണാനും കേള്‍ക്കാനും പൊട്ടിപൊട്ടി ചിരിക്കാനും.

കൊമേഡിയന്‍ ആണെങ്കിലും കോട്ടും സൂട്ടും ഒക്കെ ഇട്ട് വളരെ ഫോര്‍മല്‍ ആയിത്തനെ വസ്ത്രം ധരിക്കണമെന്നാണ് ഏജന്‍സിയുടെ കീഴ് വഴക്കം. അതുകൊണ്ട് ഏറ്റവും ഫോര്‍മല്‍ ആയ കറുത്ത നിറത്തിലുള്ള സൂട്ട് തന്നെയാണ് മിക്കവാറും അദ്ദേഹത്തിന്റെ വേഷം. ഇന്ന് കറുത്ത സൂട്ടിന്റെ കൂടെ നീല ടൈയും തിരഞ്ഞെടുത്തു. വേഷം തൃപതികരം.

ഇന്നത്തെ കോമഡി സ്ക്രിപ്റ്റു എടുത്ത് അദ്ദേഹം ഒന്ന് മറിച്ച് നോക്കി. കണ്ണാടിയില്‍ നോക്കി വായിച്ചതൊക്കെ ഒന്ന് ഉരുവിട്ട് നോക്കി. സ്വയം എഴുതിയ ആ തമാശകള്‍ കേട്ട് ചിരിയടക്കാന്‍ കഴിയുന്നില്ല. സ്റ്റേജില്‍ കയറുമ്പോള്‍ ഒട്ടുമേ ചിരിക്കാതെ മുഖത്ത് യാതൊരു ഭാവഭേദവുമില്ലാതെ പറയണം. തമാശ പറയുന്ന ആള്‍ തന്നെ ആദ്യം ചിരിച്ചാല്‍ എല്ലാം കുഴയും. ആ പറയുന്നതിന്റെ ശരിയായ എഫക്റ്റ് കിട്ടുകയുമില്ല. പറഞ്ഞു കഴിഞ്ഞതിന് ശേഷം കാണികള്‍ എല്ലാവരും ആര്‍ത്ത് ചിരിക്കുമ്പോള്‍ പതുക്കെ ഒരു പുഞ്ചിരിയാവാം. കാണികളെ കയ്യിലെടുത്തുവെന്ന് അറിയുമ്പോഴുള്ള ഒരു പുഞ്ചിരി.

കരുതുന്നതോ കാണുന്നതോ പോലയല്ല, വളരെ വിഷമം പിടിച്ച ജോലിയാണിത്. ആദ്യം തന്നെ നല്ല വായനാശീലം വേണം. സമകാലിക കാര്യങ്ങളുമായി നല്ലയൊരു സമ്പര്‍ക്കവും വേണം. കാരണം മിക്ക തമാശകളും ലോകത്ത് നിത്യേന മാറി മാറി നടക്കുന്ന സമകാലിക സംഭവങ്ങളുമായി കൂട്ടിക്കുഴച്ച് വേണം ഇതിന്റെ സ്ക്രിപ്റ്റ് തയ്യാറാക്കാന്‍. മാത്രവുമല്ല, നല്ലൊരു പഞ്ച് ലൈനും വേണം. കുറിക്കുകൊള്ളുന്ന ഈ വരിയിലാണ് കാണികളെ കയ്യിലെടുക്കേണ്ടത്. അതിലാണ് അവര്‍ ആര്‍ത്തട്ടഹസിച്ച് ചിരിക്കേണ്ടത്. ശമ്പളത്തേക്കാളുപരി, ആ ചിരികളുടെ അലയടിക്കുന്ന മുഴക്കമാണ് ഈ ജോലിയുടെ സംതൃപ്തിയും.

കുറച്ച് വര്‍ഷങ്ങളായി ഇദ്ദേഹം ഈ ജോലി തുടങ്ങിയിട്ട്. സ്റ്റാന്റ് അപ്പ് കോമഡിയില്‍ അഗ്രഗണ്യനാണെന്നും ഇദ്ദേഹത്തെ വെല്ലാന്‍ ആരുമില്ലെന്നും ഒക്കെ പത്രങ്ങള്‍ പലതും എഴുതുന്നുണ്ടെങ്കിലും ഏത് പരിപാടി തുടങ്ങുന്നതിനു മുമ്പും ഈയൊരു അങ്കലാ‍പ്പ് പതിവുള്ളതാണ്.
അടുത്തിരുന്ന ഗ്ലാസ്സിലെ വെള്ളം മൊത്തം കുടിച്ച് തീര്‍ത്ത്, ശ്വാസം ആഞ്ഞൊന്നു വലിച്ചു. മനസ്സിലെ ടെന്‍ഷന്‍ ചെറുതായിയൊന്ന് കുറഞ്ഞതുപോലെ. എന്തായാലും ഇനി പരിപാടി തുടങ്ങുവാന്‍ പത്ത് മിനുട്ട് മാത്രം ബാക്കി.

സ്റ്റേജിലേക്ക് സഹപ്രവര്‍ത്തകര്‍ ആനയിച്ചു. അദ്ദേഹത്തെ കണ്ടതും നീണ്ടു നിന്ന കരഘോഷം
അദ്ദേഹത്തിന്റെ പ്രശസ്തി ഊട്ടിയുറപ്പിക്കുന്നു.

“വീ അറ്റ് യു.എന്‍ ഹാവ് ആസ്കഡ് ഇസ്രയേല്‍ റ്റു സ്റ്റോപ്പ് ബോംബിങ്ങ് ലെബനണ്‍” - സ്ക്രിപറ്റിലെ ആദ്യത്തെ പഞ്ച് ലൈന്‍ അദ്ദേഹം ഉരുവിട്ടു.

അവിടെ കൂടിയിരുന്ന കാണികളും, തത്സ്മയ പരിപാടിയുടെ സംപ്രേഷണം കണ്ട്കൊണ്ടിരുന്ന ജനകോടികളും അത് കേട്ട് ആര്‍ത്തു ചിരിച്ചു.

കാണികളിലൊരാള്‍ കയ്യിലിരുന്ന ടിക്കറ്റ് ഒന്ന് മറിച്ച് നോക്കി.

- യു. എന്‍ പ്രെസ്സ് പാസ്സ്
കോഫി അന്നന്‍ പ്രെസ്സ് കവറേജ് -

1 പ്രതികരണങ്ങള്‍:

Inji Pennu said...

25 comments:
Inji Pennu said...
എന്റെ ഒരു കുഞ്ഞു സ്റ്റാന്റ് അപ്പ് കൊമേഡിയന്‍! :)

3:46 PM, September 11, 2006
Anil:അനില്‍ said...
ശ്രീമതി കേയെസ് ചിത്രയ്ക്കും ഇത്രകാലം കഴിഞ്ഞിട്ടും ഒരു പാട്ടു പാടാന്‍ ഇതേ unകലാപ്പാണത്രേ. പിന്നെ ആ അണ്ണന്റെ കാര്യം പറയാനുണ്ടോ ;)

സ്ക്വാഡ് വരുന്നതിനു മുമ്പുള്ള മുന്നറിയിപ്പ്: ഘരഘോഷം അല്ല.

3:57 PM, September 11, 2006
പെരിങ്ങോടന്‍ said...
ഹാഹാ ഉഗ്രന്‍.

4:19 PM, September 11, 2006
prapra said...
യു.എന്‍ പിരിച്ച് വിടേണ്ട സമയം ആയെന്ന് തോന്നുന്നു. സെക്രട്ടറി ജനറല്‍ പറയുന്ന കാര്യങ്ങള്‍ ആളുകള്‍ ചിരിച്ച് തള്ളുന്നു. ഇന്ന് ഈ സ്ഥാപനത്തിന്‌ എന്ത് പ്രസക്തി എന്ന് ഞാനും പലപ്പോഴും ചോദിച്ച് പോകാറുണ്ട്.
നമ്മുടെ അണ്ണന്‌ ഇങ്ങനെ ഒരു റോള്‍ ?

ഈ കഥയിലും ഒളിച്ചിരിക്കുന്ന വല്ലതും ഉണ്ടോ ആവോ? ഒരു മൈന്‍ ഫീല്ഡില്‍ ഇറങ്ങുന്ന മനസ്സോടേയാണ്‌ ഞാന്‍ സാധാരണ ഇവിടെ വരാറ്.

4:27 PM, September 11, 2006
ബിന്ദു said...
ദൈവമേ.. കോമഡി എനെഴുതി വച്ചിട്ടും ചിരി വന്നില്ല എനിക്ക്. എനിക്കെന്താണോ കുഴപ്പം ആവോ? ;)

5:29 PM, September 11, 2006
വല്യമ്മായി said...
അല്ലെങ്കിലും ഒരുതരം പാവകളിയല്ലേ അവരൊക്കെ കളിക്കുന്നത്.
ഉപമ നന്നായിരിക്കുന്നു ഇഞ്ചി.

11:43 PM, September 11, 2006
സൂര്യോദയം said...
ഉഗ്രന്‍.. ക്ലൈമാക്സ്‌ കലക്കി.. :-)

11:49 PM, September 11, 2006
ഇടിവാള്‍ said...
അതു കൊള്ളാമല്ലോ എല്‍‌ജിയേ ! ഹ ഹ !

1:06 AM, September 12, 2006
അരവിന്ദ് :: aravind said...
അത്യുഗ്രന്‍ എല്‍‌ജീ അത്യുഗ്രന്‍!
ഇതാണ് ക്രിയേറ്റീവ് റൈറ്റിംഗ്..ക്ലൈമാക്സ് കലക്കി!

2:47 AM, September 12, 2006
ദേവരാഗം said...
പാവം കാപ്പിയണ്ണന്‍.
"ശവത്തില്‍" കുത്താതെ കുട്ടികളേ!

2:51 AM, September 12, 2006
ശ്രീജിത്ത്‌ കെ said...
കലക്കി ഇഞ്ചീ, ആക്ഷേപഹാസ്യം നന്നായി.

ക്ലൈമാക്സ് അത്യുഗ്രന്‍. ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു അന്ത്യം.

3:00 AM, September 12, 2006
ഇത്തിരിവെട്ടം said...
ഇഞ്ചീ അത്യുഗ്രന്‍... സൂപ്പര്‍. അണ്ണന്റെ മനസ്സ് വായിച്ചല്ലേ....

3:07 AM, September 12, 2006
daly said...
ഇഞ്ചീ... ചിരിയല്ല വരുന്നത് അമര്‍ഷം, ദേഷ്യം, പിന്നെ ഇങ്ങനെ ഒക്കെ എഴുതാനും വായിക്കാനും അല്ലേ പറ്റൂ എന്ന സങ്കടം നിറഞ്ഞ നിസ്സഹായത.
ബിന്ദൂനെ പോലെ എനിക്കും എന്തോ കുഴപ്പമുണ്ട്.
ദേവേട്ടന്‍ പറഞ്ഞത് സത്യം “ശവത്തില്‍ കുത്താതെ”

3:31 AM, September 12, 2006
താര said...
ഇഞ്ചിപ്പെണ്ണേ എനിക്കൊന്നും മനസ്സിലായില്ല:(
ഇങ്ങനത്തെ ഹൈഫൈ കാര്യങ്ങളൊക്കെ എഴുതുമ്പൊ എന്നെപ്പോലത്തെ ട്യൂബ് ലൈറ്റുകള്‍ക്ക് വേണ്ടി ഒരു സ്പെഷ്യല്‍ പാരഗ്രാഫ് അവസാനം ചേര്‍ക്കണംട്ടോ.

പക്ഷെ എഴുത്തിന്റെ ശൈലി വളരെ നന്നായിട്ടുണ്ട്. പലതരം മനുഷ്യരുടെ പലവിധ മനോവിചാരങ്ങള്‍ നല്ല രസമായി വിവരിക്കാന്‍ ഇഞ്ചിപ്പെണ്ണ് നല്ല കഴിവുണ്ട്. കീപ് ഇറ്റ് അപ്! :)

5:45 AM, September 12, 2006
Anonymous said...
നാലുകെട്ടിലേക്കു പോകാന്‍ തോണിയിലേറുമ്പോള്‍ ഇഞ്ചിപെണ്ണിന്റെ ചിന്താശ്രേണിയുടെ ഉന്നത നിലവാരം നമുക്ക്‌ വെളിവാകുന്നു.

സ്വച്ഛന്ദ നീലമായ്‌ കായല്‍പരപ്പില്‍ ഒരു കൊതുമ്പു വള്ളത്തില്‍ ഇഞ്ചിപ്പെണ്ണിന്റെ തുഴച്ചിലിനൊത്ത്‌ യാത്ര തുടരുന്നു നാം.
പൊടുന്നനെ കടവിലേക്ക്‌ ഒരു മായജാലക്കാരിയേപ്പോലെ തോണിയടുപ്പിക്കുന്നു.

ഇതാ കടവെത്തി . അല്‍പം അത്ബുതത്തൊടെ നാം പകച്ചു നില്‍ക്കുന്നു. പടവുകള്‍ കയറുമ്പോള്‍ നാലുകെട്ട്‌ നമുക്ക്‌ വെളിവാകുന്നു. നിലാവില്‍ കുളിച്ച്‌ സ്വപ്ന സുന്ദരമായി.

കോഫി അന്നനെ റ്റ്വിസ്റ്റ്‌ ചെയ്തത്‌ പെരുത്തിഷ്ടപ്പെട്ടു എന്നാണ്‌ ഞാന്‍ കഷ്ടപ്പെട്ടെഴുതിയത്‌.

gandharvan

6:32 AM, September 12, 2006
ദില്‍ബാസുരന്‍ said...
ഇഞ്ചി ചേച്ചീ,

കളിമാക്സ് ഊഹിക്കാനേ കഴിഞ്ഞില്ല. അസ്സലായിരിക്കുന്നു! :)

7:21 AM, September 12, 2006
Inji Pennu said...
ഹഹഹ...ബിന്ദൂട്ടിന്റെ കമന്റ് വായിച്ചിട്ട് എന്റെ ചങ്ക് തകര്‍ന്ന് പോയതായിരുന്നു. ബോറായീന്ന് വിചാരിച്ച്..എന്നാലുമെന്താ അമ്മച്ചിയാണെ ഡിലീറ്റണ പരിപാടിയില്ലാന്ന് കട്ടായം!
വിശാലേട്ടന്‍ പോലും ഇപ്പൊ താരകുട്ടിക്ക് പഠിക്കുവാണ്.. :-)

അനിലേട്ടാ,പിന്നെ എങ്ങിനെയാ അത് എഴുതാന്ന് കൂടി പറാ‍ന്നെ.അതു ശരി! എന്നെ വഴക്ക് കൊള്ളിക്കാന്‍ തന്നെയാണ് ഇഷ്ടം ല്ലെ?

പെരിങ്ങ്സ്, ശരിക്കും? താങ്ക്സ്. പെരിങ്ങ്സ് നല്ലതാന്ന് പറയുമ്പൊ എനിക്ക് ഒരു ചമ്മലാ. :)

പരോപകാരിചേട്ടാ,മൈന്‍ ഫീല്‍ഡില്‍ മുമ്പൊക്കെ ഇറങ്ങിയിട്ടുണ്ടോ? ഹിഹിഹി ആ മനസ്സു വരാന്‍..എന്നെ ഇങ്ങിനെ ആക്കല്ലെ!! പിച്ച് തരും..!! ങ്ങാ.ഒളിച്ചിരിപ്പുണ്ട്..ഒരു സ്വര്‍ണ്ണ നാണയം..കണ്ട്പിടിക്കാമെങ്കില്‍ കണ്ട് പിടിച്ചൊ :-)

വല്ല്യമ്മായി,സൂര്യോദയം,ഇടിവാള്‍ ഗഡീ - നന്ദി

ജോസ്പ്രകാശേ - ഉം..ഉം. ആരും കേക്കണ്ട:)

ദേവേട്ടാ - ബാക്കിയുള്ള ശവങ്ങളില്‍ അവര്‍ കുത്തി നല്ലോണം രസിക്കുന്നില്ലെ? പിന്നെ എന്താ?

ശ്രീജിത്തു,ലിറ്റില്‍ ലൈറ്റേ - നന്ദി.

ഡാലി - എനിക്കും അങ്ങിന്യൊക്കെ തന്നെ. പിന്നെ എന്താ നമ്മള് ചെയ്യാ? ഞാനോര്‍ക്കും സ്കൂളില്‍ പഠിക്കുമ്പൊ ഈ പോസ്റ്റു
എന്നൊക്കെ പറഞ്ഞാ ഗാന്ധിജി കഴിഞ്ഞ് എനിക്ക് ബഹുമാനം തോന്നിയിരുന്ന ആളൊക്കെയാണ്..:-(

താരക്കുട്ടീ - ഹയ്..ഇത് ഒന്നുമില്ല. വളരെ സിമ്പിള്‍ കാര്യങ്ങളാണ്. ഒന്നൂടെ നോക്കിക്കെ.
സ്റ്റാന്റ് അപ്പ് കോമഡി കണ്ടിട്ടില്ലെ? അതുപോലെ തന്നെ വേറൊരാള്‍ നിത്യം ചെയ്യുന്നത് എന്ന് തോന്നാറില്ലെ?

ഗന്ധര്‍വ്ജി - ഹഹഹാ...എന്നെ കുറിച്ച് നല്ലോണം മനസ്സിലായീന്ന് തോന്നണ്. എല്ലാം എഴുതീട്ട് എനിക്ക് മനസ്സിലാവാന്‍ വേണ്ടി ആ ലാസ്റ്റ് ലൈന്‍ എഴുതി..ഹഹഹഹ...

ദില്‍ബൂട്ടിയെ - നന്ദി..നമസ്കാരം.

ഇത് ആക്ചുവലി എനിക്കൊരു പ്രിയ സുഹൃത്ത് ഒരു ഫേമസ് ആളുടെ കുറച്ച് കൃതികള്‍ അയച്ചു തന്നതിന്റെ ആഫ്ട്ടര്‍ ഇഫക്ട് അണ്. ആരുടെ കൃതികള്‍ എന്ന് പറയാന്‍ പേടി. നിങ്ങള്‍ തല്ലിയാലൊ.. :-)

9:11 AM, September 12, 2006
തഥാഗതന്‍ said...
കാപ്പി അണ്ണന്‍ എന്ന പ്രയോഗം എടുത്ത്‌ പ്രയോഗിക്കാം എന്നു കരുതി നോക്കുമ്പോഴേക്കും അതാ മീശാഹാജി അത്‌ already ഉപയോഗിച്ചിരിക്കുന്നു.. ഷെടാ ഇനി ഇപ്പ എന്ത ചെയ്യുക?

ഇഞ്ചിയെ പ്രോല്‍സാഹിപ്പിക്കാനുതകുന്ന കുറച്ച്‌ നല്ല വാക്കുകള്‍ നോക്കിയിട്ട്‌ മനസ്സില്‍ വരുന്നില്ല. എന്തായാലും ഇഞ്ചി ആ പാവത്തെ ഇത്രയ്ക്കങ്ങട്‌ ശരിപ്പെടുത്തേണ്ടിയിരുന്നില്ല..

പാലക്കാട്‌ ഭാഷയില്‍ പറഞ്ഞാല്‍ സംഗതി എരമ്പി
സത്യം പറഞ്ഞാല്‍ ബിന്ദു പറഞ്ഞ അഭിപ്രായം വായിച്ചിട്ട്‌ എനിക്ക്‌ ചിരി അടക്കാന്‍ പറ്റുന്നില്ല

9:54 AM, September 12, 2006
Adithyan said...
ഒരു ഫാക്‌ച്വല്‍ മിസ്റ്റേക്ക് ഉണ്ടല്ലോ. അതോ ആധുനികോത്തര കഥാസംരങ്ങളില്‍ നിങ്ങള്‍ ഇളമുറക്കാര്‍ ഇമ്മാതിരി തെറ്റുകള്‍ പ്രശ്നമാക്കാറില്ലെന്നോ?

അതായത്, ഈ പറയുന്ന സ്റ്റാന്റ് അപ്പ് കോമഡി പെര്‍ഫോര്‍മന്‍സിന്റെ ലൈവ് ഓഡിയന്‍സ് ഒരിക്കലും ഈ കോമഡി ആസ്വദിച്ച് ചിരിക്കാറില്ലല്ലോ. അവര്‍ വളരെ പണിപ്പെട്ട് ഗൌരവത്തിന്റെ ഒരു മുഖമ്മൂടി എടുത്തണിയാറില്ലെ? പെര്‍ഫോര്‍മന്‍സിനു ശേഷം ഓര്‍ത്തോര്‍ത്തു ചിരിക്കാനും തമ്മില്‍ പറഞ്ഞു ചിരിക്കാനുമുള്ളതെല്ലേ ഈ സ്റ്റാന്റ് അപ്പ് കോമഡി ?

1:36 PM, September 12, 2006
Inji Pennu said...
ആദി ശരിക്കും പറഞ്ഞതാ‍?
അങ്ങിനെയാണെങ്കില്‍ അപ്പൊ ആദിക്കുട്ടി ഇന്നേവരെ സ്റ്റാന്റ് അപ്പ് കോമഡി കാണാന്‍ പോയിട്ടില്ലാന്ന് മനസ്സിലായി... :-)

ഹിഹി..പിന്നെ ആ ഇളമുറക്കാര്‍ എന്ന പ്രയോഗം എനിക്ക് പിടിച്ച് പോച്ച്..ഹിഹി

1:43 PM, September 12, 2006
Adithyan said...
ഹാവൂ കണ്‍ഫ്യൂഷന്‍ ആയല്ലെ? “ഈ പറയുന്ന സ്റ്റാന്റ് അപ്പ് കോമഡി പെര്‍ഫോര്‍മന്‍സിന്റെ” എന്നതിന് ഞാന്‍ ഉദ്ദേശിച്ചത് “ഈ കഥയില്‍ പറയുന്ന സ്റ്റാന്റ് അപ്പ് കോമഡി പെര്‍ഫോര്‍മന്‍സിന്റെ “ എന്നാണ്.

1:54 PM, September 12, 2006
Inji Pennu said...
ഓ, അങ്ങിനെ... ഇപ്പൊ മനസ്സിലായി..

അങ്ങിനെയാണെങ്കില്‍ ഈ എഴുതിയത് മൊത്തം എററോ എറര്‍ അല്ലെ? അദ്ദേഹം സ്വയം കണ്ണാടി നോക്കി ചിരിക്കണൂന്നൊക്കെ? :-)
ഭാവനയെ ഇഷ്ടമല്ലല്ലേ, മീരാ ജാസ്മിനെയാ ഇഷ്ടം? :-)

1:58 PM, September 12, 2006
Adithyan said...
നവ്യാ നായര്‍...
;)

പിന്നെ ആ കുട്ടിക്കും കൂടി ഇഷ്ടമാണേല്‍ മാത്രം... ;)

2:04 PM, September 12, 2006
Anonymous said...
അതിലെന്താണിത്ര തമാശ? ബുഷ് ഏമാന്‍ എന്താണോ എഴുതിക്കൊടുക്കുന്നത്, അത് ഒരുതുള്ളി വെള്ളം തൊടാതെ അപ്പടി വിഴുങ്ങുന്ന പണിയല്ലേ കഴിഞ്ഞ കുറേ കാലങ്ങളായി, യുനൈറ്റഡ് നേഷന്‍സ് ഓഫ് അമേരിക്കയുടെ തലവനായ ഈ കാപ്പിരി അണ്ണന്‍ നടത്തുന്നത്? പിന്നെ, വിശുദ്ഥ പശുക്കളായ ഞങ്ങളോടു കളിച്ചാല്‍ ഇങ്ങനിരിക്കും. രണ്ട് പട്ടാ‍ളക്കാര്‍ക്ക് പകരം 1500 സിവിലിയന്മാരെയാണ് ഞങ്ങള്‍ യമപുരിക്കയച്ചത്. ഞങ്ങള്‍ ആഞ്ഞൊന്നു മുള്ളിയാല്‍ ഒലിച്ചു പോകാവുന്നതേയുള്ളൂ ഈ അറേബ്യന്‍ പെനിന്‍സുലയിലുള്ള മുഴുവന്‍ രാജ്യങ്ങളും എന്ന് ഓര്‍ത്തിരിക്കുന്നത് നന്നായിരിക്കും

ജാഗ്രതെ!!

2:56 PM, September 12, 2006
Chackochi said...
പാവക്കൂത്ത്‌ നന്നായിട്ടുണ്ട്‌!

ഒരു ആര്‍ച്ചര്‍ സ്റ്റൈല്‍ ആണല്ലോ അവസാന വരി.
7:49 AM, September 13, 2006

qw_er_ty