ടി.വിയില്‍ കാണിക്കുന്ന സിനിമയില്‍, സിനിമാ നടന്‍ മുകേഷിന്റെ ഒരു പ്രണയാഭ്യര്‍ത്ഥനയുടെ സീനാണ്. പതിവുപോലെ തന്നെ നര്‍മ്മത്തില്‍ ചാലിച്ച, കൈയിലെ പതിവ് നമ്പറുകള്‍ കൊണ്ട് കള്ളവേഷം കെട്ടുന്ന ഒരു പ്രണയാഭ്യര്‍ത്ഥന.
വിനു പതിയേ എഴുന്നേറ്റു. ഇനി വരുന്ന ഭാഗം എന്താണെന്ന് അറിയാം. അനവധി തവണ കണ്ടതല്ലേ? സിനിമ കാണുമ്പോള്‍ കാലുകള്‍ പൊക്കി വെച്ചിരുന്ന ചെറിയ മേശമേലും, കതകിലും ഒന്ന് താളം പിടിച്ച് അലക്ഷ്യമായി കുളിമുറിയിലേക്ക് നടന്നു. പോകരുതെന്ന് ആയിരം തവണ മനസ്സ് പറഞ്ഞിട്ടും, പോകാതിരിക്കുവാന്‍ കഴിയുന്നില്ല. കുളിമുറിയിലെ ആള്‍പ്പൊക്കത്തിലുള്ള കണ്ണാടിയില്‍ നോക്കി നിര്‍ന്നിമേഷനായി നിന്നു കുറച്ച് നേരം. പതിയേ, പൊട്ടിയ ചില്ലുകള്‍ക്കരികിലൂടെ വളരെ സൂക്ഷിച്ച് വിരലുകളോടിച്ച് നോക്കി.
നടുവേയാണ് കണ്ണാടിച്ചില്ല് പൊട്ടിയിരിക്കുന്നത്. ചില്ലിനുമുകളിലൂടെ വേരുകള്‍ പോലെ പടര്‍ന്ന പൊട്ടലുകള്‍. ചെറുതും വലുതുമായ അന്‍പത് ചില്ല് കഷ്ണങ്ങള്‍. എണ്ണിനോക്കിയിട്ടുണ്ട്. പൊട്ടിയിട്ടുണ്ടെങ്കിലും അരികിലെ ഒരു കഷ്ണണമല്ലാതെ ഒന്നും താഴെ വീണിട്ടില്ല. അടര്‍ന്ന് വീണ ഒരു കഷ്ണം വിനു ഒട്ടിച്ചു ചേര്‍ത്തതാണ്. പൊട്ടിയ വരകളിലൂടെ വിരലുകള്‍ അമര്‍ത്തണമെന്ന് തോന്നിയെങ്കിലും കഴിഞ്ഞ പ്രാവശ്യത്തെ വിരല്‍ത്തുമ്പിലെ മുറിവുകള്‍ ഉണങ്ങി വരുന്നതേയുള്ളൂ.
ചെറുതും വലുതുമായ വ്യത്യസ്തമായ മുഖങ്ങള്‍. വിനു കണ്ണാടി നോക്കി നിര്‍വ്വികാരനായി ചിരിച്ചു.
“മുഖം നോക്കുന്ന കണ്ണാടി പൊട്ടിയാല്‍ ഏഴുകൊല്ലത്തേക്ക് ദുരിതമാണ് വിനൂ”. ആയമ്മ ഒരിക്കല്‍ പറഞ്ഞതാണ്.
“അതെന്താ ആയമ്മേ?”
“അതെന്താന്നൊന്നും എനിക്കറിയില്ല. പക്ഷെ അങ്ങിനെയാണ്. നീ ഇത് പൊട്ടിക്കരുത്.”
വിനുവിന്റെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലാത്ത ആയമ്മ. ഉത്തരങ്ങളില്ലാത്ത പിന്നേയും ഒരുപാടു പേര്‍. ആയമ്മയുടെ മുറിക്കരികേയുള്ള ചുവരിടുക്കില്‍ അടുക്കിവെച്ചിരിക്കുന്ന ഉത്തരം തരാന്‍ കഴിയാത്ത ചിത്രങ്ങളും വിഗ്രഹങ്ങളും. ആയമ്മയും കണ്ണടച്ച് കൈകൂപ്പിയിരിക്കുമ്പോള്‍ വിഗ്രഹം പോലെ തന്നെ. എന്തെല്ലാമോ പിറുപിറുക്കുന്ന പതിയേ അങ്ങോട്ടുമിങ്ങോട്ടും ചെറിയ കാറ്റത്തെന്ന പോലെ ആടുന്ന, മുഖം നിറയേ കുഴികളുള്ള കറുത്ത വിഗ്രഹം.
“എല്ലാവരും അനങ്ങാതെ ഒരു വിഗ്രഹം പോലെയിരിക്കണം. എന്നിട്ട് ഞാന്‍ ത്രീയെന്ന് പറായുമ്പോള്‍ ഒരുമിച്ച് ചിരിക്കണം.” കൈയില്‍ നീളമുള്ള കുഴലുപോലുള്ള ക്യാമറുമായി ഒരാള്‍ മുന്നില്‍ നിന്ന് ആജ്ഞാപിക്കുകയാണ്.
ഈ കൊല്ലം വിനുവിന് ചിരിക്കുവാന്‍ തോന്നിയില്ല. എല്ലാക്കൊല്ലവും പുസ്തകകെട്ട് പോലെ അടുക്കിനിറുത്തി, ചിരിക്കുന്ന വിഗ്രഹങ്ങളുടെ പടം പിടിക്കാന്‍ വരുന്ന ആരോ ഒരാള്‍. ആര്‍ക്കല്ലാമോ ആയച്ചു കൊടുക്കാനാണത്രെ. ദൂരെ, ഈ ഗതി തങ്ങള്‍ക്ക് വന്നില്ലല്ലോയെന്ന് മനസ്സില്‍ അറിയാതെ സന്തോഷിച്ച്, ഫോട്ടോ നോക്കി സഹതാപം പൊഴിക്കുന്ന ആളുകളെ അവന്‍ ഓര്‍ത്തുനോക്കി. അന്നേരം പുച്ഛമാണവന് മുഖത്ത് വന്നത്. കട്ടിയുള്ള പുറംചട്ടയുള്ള പുസ്തകങ്ങള്‍. വികാരമില്ലതെ ആര്‍ക്കോ വേണ്ടി ചിരിക്കുന്ന ചെറിയ വിഗ്രഹങ്ങള്‍.
“ചിരിക്കൂ. ആ നീല വരയുള്ള ഷര്‍ട്ടിട്ട കുട്ടിയെന്താ കല്ല് പൊലെയിരിക്കുന്നെ?”
എല്ലാവരും ചിരിക്കണമെന്ന് നിര്‍ബന്ധമാണ്. ആത്മാവു നഷ്ടപ്പെട്ട വിഗ്രഹങ്ങള്‍ ചിരിക്കുമൊ? തിരിച്ച് ചോദിക്കണമെന്ന് തോന്നി. സഹതപ്പിക്കാന്‍ തയ്യാറായിരിക്കുന്നവര്‍ അതൊന്നും പക്ഷെ കാണരുതല്ലോ. കൊത്തുപണികള്‍ കൊണ്ട് ഭംഗിയായിക്കിയായ ഏതെങ്കിലും മുന്തിയ തടിയുടെ തട്ടില്‍ ചില്ലിട്ട് പറ്റിപ്പിപിടിച്ചിരിക്കേണ്ടവര്‍. ആഘോഷങ്ങള്‍ നടക്കുന്ന ഏതെങ്കിലും തണുത്ത കാറ്റുള്ള മുറിയിലെ കലണ്ടറില്‍ നിന്ന് ചിരിക്കേണ്ടവര്‍.
പിന്നീടൊരു വര്‍ഷവും അയാള്‍ വരുമ്പോല്‍ അവന്‍ ചിരിച്ചിട്ടില്ല.
“ഇതെന്താ ഈ വിനുവേട്ടന് ഇത്രെം ഗൌരവം? ഞാനൊരു കാര്യം ചോദിച്ചിട്ട് കേള്‍ക്കാത്ത പൊലെ...”
കണ്ണുകള്‍ താഴ്ത്തി വിനുവിരുന്നു. മുന്നിലിരുന്നവള്‍ ചിണുങ്ങുകുയാണ്.
“ഞാന്‍ എന്തു പറയനാ?”
“വിനുവേട്ടനു അമ്മയെ കാണുമ്പോള്‍ തന്നെ മനസ്സിലാവൂട്ടൊ. ഞാന്‍ അമ്മയുടെ തനി പകര്‍പ്പാണ്. എന്റെ കണ്ണുകളും നെറ്റിയും ചിരിയുമൊക്കെ. അമ്മേടെ പഴയ് ഫോട്ടൊ കണ്ടാല്‍ എന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ആണെന്നേ തോന്നുള്ളൂ.”
വിനുവിന്റെ കൈയെടുത്ത് തലോടി, അവന്റെ തൊലിപ്പുറത്തെ നാണയത്തുട്ടുപോലെ പടര്‍ന്ന മറുകില്‍ മുഖമമര്‍ത്തി അവള്‍ പിന്നേയും ചിണുങ്ങകയാണ്.
“ആരുടേതാ, അച്ഛന്റേയോ അമ്മേടേയൊ ഈ മറുക്?”
ഇനിയും പറയാതെയിരിക്കാന്‍ വയ്യ. പറയണം.
“അറിയില്ല.”
“ഏ? അതെന്താ അറിയാത്തെ? അവര്‍ക്കില്ലേ? ഇതുപോലുള്ള മറുകൊക്കെ മിക്കവാറും ആരെങ്കിലുടേയും കിട്ടുന്നതാണ്.” ഒരു കണ്ടുപിടുത്തം പോലെ അവള്‍ പ്രസ്താവിച്ചു.
“അവര്‍ക്കുണ്ടോന്ന് അറിയില്ല.”
കൈകളില്‍ നിന്ന്‍ മുഖമുയര്‍ത്തി അവള്‍ സന്ദേഹത്തോടെയൊന്ന് നോക്കി.
“ഏതു നേരവും കടങ്കഥയിലൂടേ സംസാരിക്കാവൂന്ന് നിര്‍ബന്ധം ഉണ്ടൊ?”
അവളില്‍ നിന്ന് കൈ വലിച്ച് അവന്‍ അവളിലേക്ക് ചേര്‍ന്നിരുന്നു. അവളുടെ മുഖം രണ്ട് കരങ്ങളിലും കോരി, അവളുടെ കണ്ണുകളിലേക്ക് തറപ്പിച്ച് നോക്കി.
അവള്‍ പരിഭവത്തോടെ പുറകോട്ട് തല ചായ്ച്ചു മുഖം വിടുവിച്ചു.
“മതി വിനൂ, നീയെന്റെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം തരുന്നില്ലല്ലൊ...”
“ഉത്തരമില്ലാത്ത ഈ ചോദ്യങ്ങള്‍ ഞാനും അനവധി തവണ ചോദിച്ചിട്ടുണ്ട്. എനിക്കറിയില്ല. ”
അമ്മയില്‍ നിന്നു കിട്ടിയ അവളുടെ നീണ്ട ഭംഗിയുള്ള വിരലുകളെ ഒരു കച്ചിത്തുരുമ്പ് പോലെ അവന്‍ ഇറുക്കെപിടിച്ചു.
“എന്റെ കണ്ണുകള്‍ ആരുടേതെന്ന് എനിക്കറിയില്ല. എന്റെ ഈ ശബ്ദം ആരുടേതെന്ന് എനിക്കറിയില്ല. എന്റെ നഖത്തിന്റെ ഈ ആകൃതി ആരുടേതെന്ന് എനിക്കറിയില്ല. ” അവന്റെ ശബ്ദം ഇടറിയിരുന്നു.
അവള്‍ ഭയന്ന് പുറകോട്ട് മാറി. അവനെ സൂക്ഷിച്ച് നോക്കി അവള്‍ കൈകള്‍ വിടുവിച്ചു. ധൃതിയില്‍ എഴുന്നേറ്റ് താഴെ കിടന്നിരുന്ന സഞ്ചിയും കുടയും അവള്‍ എടുത്തു.
“വിനൂ ഞാന്‍...”
ജീവിതം മുഴുമിപ്പിക്കാതെ അവള്‍ തിരിഞ്ഞു നടന്നു. ഒന്ന് തിരിഞ്ഞുപോലും നോക്കാതെ, കാലുകള്‍ പതിവിലും വേഗത്തില്‍ ചലിപ്പിച്ച്.
മുറിയില്‍ തിരിച്ച് വന്നപ്പോള്‍ അവള്‍ ഒരിക്കല്‍ സമ്മാനം തന്ന പേപ്പര്‍വെയിറ്റാണ് കണ്ണില്‍ പെട്ടത്. യുഗാന്തരങ്ങളായുള്ള നമ്മുടെ പ്രണയത്തിന് -- അതില്‍ കൊത്തിയിരുന്നതങ്ങിനെ.
ആ പേപ്പര്‍വെയിറ്റ് കൊണ്ട് തന്നെ വിനു അന്ന് മുഖം നോക്കുന്ന കണ്ണാടി പൊട്ടിച്ചു. ച്ഛിന്നഭിന്നമായ കഷ്ണങ്ങളില്‍ അവന്‍ പല മുഖങ്ങള്‍ തേടി. വേരുകള്‍ പോലെ പൊട്ടിയ കണ്ണാടിച്ചില്ലുകളില്‍ അവന്‍ വിരലുകള്‍ കൊണ്ട് തേടിയലഞ്ഞു. വിരലുകള്‍ മുറിഞ്ഞ്, വേരുകളില്‍ രക്തനിറം പടര്‍ന്നു. രക്തബന്ധത്തിന്റെ വേരുകള്‍.
മുറിവിലെ നീറ്റലില്‍ അവന്‍ ഭ്രാന്തനേപ്പോലെ അട്ടഹസിച്ചു.
“ഈ ചിരി ആരുടേതായിരിക്കും?” അവന്‍ കണ്ണാടിയോട് അലറി.
മുമ്പില്‍ കാണുന്ന മുറിഞ്ഞ രൂപങ്ങളിലൊന്ന് തന്റെ ശബ്ദത്തിന്റെയാവണം. മറ്റൊന്ന് തന്റെ കണ്ണുകളുടെ ഉടമയുടെ. രക്തം പുരണ്ട കണ്ണാടിയില്‍ വീണ്ടും സൂക്ഷിച്ചു നോക്കുമ്പോള്‍ തേടി നടന്നിരുന്ന ഉത്തരങ്ങള്‍ക്കൊരറുതി. തന്റെ മുന്‍പില്‍, തനിക്കും മുന്‍പേ നടന്നവര്‍. തന്നെ ഇവിടെ വരെ എത്തിച്ചവര്‍, വഴിയില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കുമ്പോള്‍ തന്റെ മുഖം മായ്ച്ച് കളഞ്ഞവര്‍.
ടിവിയില്‍ ഇപ്പോള്‍ ഗാനരംഗമാണ്. മുകേഷിന്റെ പ്രണയാഭ്യര്‍ത്ഥന ഫലിച്ചിരിക്കുന്നു. നായകന്‍ അനാഥനാണെന്നതില്‍ പെണ്ണ് സഹതാപം കൊണ്ട് വീണിരിക്കുന്നു.
2006-10-01
കണ്ണാടിച്ചില്ലുകള്‍
Subscribe to:
Post Comments (Atom)
1 പ്രതികരണങ്ങള്‍:
26 comments:
അഗ്രജന്‍ said...
ഇഞ്ചി, കഥ നന്നായിരിക്കുന്നു...
അനാഥരുടെ നോവുകള്‍ നന്നായി പകര്‍ത്തിവെച്ചിരിക്കുന്നു.
അഭിനന്ദനങ്ങള്‍.
2:13 AM, October 01, 2006
മുസാഫിര്‍ said...
അവനെ വീണ്ടും അവള്‍ അനാഥനാക്കി,അല്ലെ.പാവം.അല്ലെങ്കിലും ഈ പെണ്ണുങ്ങളൊക്കെ ഇങ്ങിനെയാ .
2:34 AM, October 01, 2006
മുരളി വാളൂര്‍ said...
പൊട്ടിയ കണ്ണാടിയില്‍ നോക്കിയപ്പോള്‍ "ചെറുതും വലുതുമായ വ്യത്യസ്ത മുഖങ്ങള്‍"...
എത്ര ശരിയാണത്, ഒരാള്‍ക്കുതന്നെ എത്രയെത്ര വ്യത്യസ്തമുഖങ്ങള്‍. പലപ്പോഴും സ്വയം അഭിനയിക്കുന്നത്, പിന്നെ നിര്‍ബ്ബന്ധിച്ച് അഭിനയിപ്പിക്കുന്നത്. ഇഞ്ചീ കഥയ്ക്ക് വ്യത്യസ്ത ഭാവങ്ങള്‍..നന്നായിരിക്കുന്നു...
3:20 AM, October 01, 2006
പാര്‍വതി said...
ജീവിതമെന്ന വിശാലമായ വഴിയുടെ ഓരം ചേര്‍ന്ന് നടക്കുന്നത് കൊണ്ടാവാം അങ്ങനെ നടക്കുന്നവരെയൊക്കെ ഇഷ്ടപെട്ടു.പക്ഷേ മനസ്സ് മുറിഞ്ഞവരെ കൈകാര്യം ചെയ്യല്‍ അത്ര എളുപ്പമല്ല,സിനിമയില്‍ കാണുന്ന പോലെ ജീവിതങ്ങള്‍ വിജയിക്കാത്തതിന് കാരണവും അത് തന്നെ.
-പാര്‍വതി.
3:38 AM, October 01, 2006
ഇത്തിരിവെട്ടം said...
ഇഞ്ചീ ഒത്തിരി ഇഷ്ടമായി. ഒരു പാട് വേരുകലും ശാഖകളുമുള്ള ഒരു നല്ല കഥ. അസ്സലായിരിക്കുന്നു
3:55 AM, October 01, 2006
പരസ്പരം said...
ഇഞ്ചിപെണ്ണേ..,വളരെ നല്ല കഥ. ബന്ധങ്ങളുടെ മുറിഞ്ഞ വേരുകളിലൂടെ അനാഥത്വത്തിന്റെ മുഖം ഒരു കണ്ണാടിയുടെ പൊട്ടലിലൂടെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. എന്തെങ്കിലും തെറ്റ് കണ്ടുപിടിക്കാനായി ഇതെഴുതുന്നു എന്ന് കരുതരുത്. എങ്കിലും ഈയൊരു വാചകം "വിരലുകള്‍ പൊട്ടിയ വരകളിലൂടെ അമര്‍ത്തണമെന്ന് തോന്നിയെങ്കിലും കഴിഞ്ഞ പ്രാവശ്യത്തെ വിരല്‍ത്തുമ്പിലെ മുറിവുകള്‍ ഉണങ്ങി വരുന്നതേയുള്ളൂ."...എന്നത് “പൊട്ടിയ വരകളിലൂടെ വിരലുകള്‍ അമര്‍ത്തണമെന്ന് തോന്നിയെങ്കിലും കഴിഞ്ഞ പ്രാവശ്യത്തെ വിരല്‍ത്തുമ്പിലെ മുറിവുകള്‍ ഉണങ്ങി വരുന്നതേയുള്ളൂ“ എന്നാകാമായിരുന്നു.
4:20 AM, October 01, 2006
ലാപുട said...
വളരെ നന്നായിരിക്കുന്നു ഇഞ്ചീ....
വേദനകളുടെ ആഴങ്ങളിലേക്ക് അനായാസവും അപ്രതിരോധ്യവുമായി വാക്കുകള്‍ കടന്നുപോകുന്ന തരം സുതാര്യതയുണ്ട് നിങ്ങളുടെ ഭാഷയ്ക്ക്....അഭിനന്ദനങ്ങള്‍...
4:32 AM, October 01, 2006
ദില്‍ബാസുരന്‍ said...
ഇഞ്ചി ചേച്ചീ,
അനാഥ ബാച്ചിലറുടെ കഥ നോവിച്ചു.:(
ഈ കഥ ‘ബാച്ചിലര്‍ ജമന്തി അഥവാ തിരുനല്‍വേലി ജല്ലിക്കെട്ട്’എന്ന ബാച്ചിലര്‍ ക്ലബ്ബ് മാഗസിനില്‍ ചേര്‍ക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ എന്നോട് പറയൂ. വഴിയുണ്ടാക്കാം. :-)
6:12 AM, October 01, 2006
കലേഷ് | kalesh said...
സ്റ്റൈലന്‍ എഴുത്ത്!
6:29 AM, October 01, 2006
കണ്ണൂരാന്‍ - KANNURAN said...
ഇഞ്ചിയുടെ കഥ വളരെ നന്നായിട്ടുണ്ട്. ഭാഷ പ്രത്യേകിച്ചും..
6:39 AM, October 01, 2006
പെരിങ്ങോടന്‍ said...
മുകേഷിന്റെ റോള്‍ ഇത്തവണ പതിവിലും ഗംഭീരമായി.
10:41 AM, October 01, 2006
അനംഗാരി said...
ഇഞ്ചി എഴുത്ത് നന്നായിട്ടുണ്ട്.അഭിനന്ദനങ്ങള്‍.
11:01 AM, October 01, 2006
റീനി said...
ഇഞ്ചിസെ, തന്റെ കഥ കൊള്ളാമല്ലോ. അനാഥന്റെ വേദനയും, നൈരാശ്യവും അതിനോടുള്ള പ്രതീകരണവും. വേരുകള്‍പോലെ പൊട്ടിയ കണ്ണാടിച്ചില്ലുകളില്‍.....ഇഷ്ട്ടായി.
വിനുവിനെ psychiatristനെ കാണിച്ച് prozac, zoloft വല്ലതുമൊക്കെ കൊടുക്ക്. അവനൊന്ന് ചിരിച്ചുകാണട്ടെ.
11:15 PM, October 01, 2006
ബിന്ദു said...
എനിക്ക് വല്യ ഇഷ്ടായി ഇത്. എഴുതിയിരിക്കുന്ന രീതി ഉഗ്രന്‍. :)
11:48 PM, October 01, 2006
ഇക്കാസ് said...
ഇഞ്ച്, നന്നായി പറഞ്ഞിരിക്കുന്നു. ഈ ശൈലി മുന്‍പ് അധികം കണ്ടിട്ടില്ല. ആശംസകള്‍
11:55 PM, October 01, 2006
kumar © said...
എന്റെ ഒരു ചിത്രത്തില്‍ നിന്നുള്ള ഇന്‍സ്പിറേഷന്‍ എന്ന് അവിടെ വന്ന് പറഞ്ഞ് അറിഞ്ഞശേഷമാണ് ഇവിടെ വായിക്കാനെത്തിയത്.
അതുവരെ പേടിയായിരുന്നു, പണ്ടിവിടെ വന്നിട്ട് ഒരു പോസ്റ്റ് മനസിലായില്ലാ എന്ന് കരഞ്ഞതിനു നാട്ടുകാര്‍ മുഴുവന്‍ തന്ന തല്ലിന്റെ വേദന ഇപ്പോഴും ഉണ്ട്.
ഭാഗ്യം ഇത്തവണ ബിംബങ്ങള്‍ മനുഷ്യനു മനസിലാകുന്നതായതു കൊണ്ട് കഥ പിടികിട്ടി.
ഒരു അനാഥനെ വളരെകുറച്ച് ബിംബങ്ങളിലൂടെ തന്നെ നമുക്ക് സൃഷ്ടിക്കാം എന്ന തിരിച്ചറിനെ ഉറപ്പിക്കുന്ന എഴുത്ത്.
നന്നായി എല്‍ ജി.
പക്ഷെ ഒരു കാര്യം കൂടിഞാന്‍ ഓര്‍മ്മിപ്പിക്കാം. എന്റെ ചിത്രത്തിലെ “അവന്‍” ഒരു അനാഥനായിരുന്നില്ല. ഒരു കൂട്ടുകാരനൊപ്പം ഫുഡ്ബോള്‍ കളികാണാന്‍ മൈതാനത്തില്‍ എത്തിയവന്‍ ആണ്. ഒരു ചിന്തയില്‍ പോലും സങ്കല്‍പ്പത്തില്‍ പോലും ഒരുകുട്ടിയും അനാഥനാവരുത് എന്ന് മനസിലുള്ളതു കൊണ്ടാണ് ഈ ഓര്‍മ്മിപ്പിക്കല്‍.
അവന്റെ ചിത്രം എടുക്കുമ്പോള്‍ ഈ ബ്ലോഗില്‍ പോലും പതിക്കും എന്ന് എനിക്കറിയില്ല. അതിനന്നു ഞാന്‍ ബ്ലോഗറും അല്ല. എന്റെ സ്വകാര്യ ശേഖരത്തിലേക്ക് ഒരു ക്ലിക്ക് ആയിരുന്നു അതും.
അങ്ങനെ സഹതപിക്കാന്‍ വേണ്ടി കുട്ടിചിത്രങ്ങള്‍ ചിത്രങ്ങള്‍ എടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതൊരു ക്രൂരതയായിപ്പോകും.
ഗുരുസാഗരത്തില്‍ കുഞ്ഞുണ്ണിയോടൊപ്പം റാണാഘട്ടില്‍ യുദ്ധ ചിത്രങ്ങള്‍ എടുത്തുനടന്ന മദാമ്മ പറഞ്ഞവാക്കുകള്‍ എന്നു മനസിലുണ്ട് ഒരു വേദനയായി. അതിനുമപ്പുറം ഒരു ചിന്തയും തിരിച്ചറിവുമായി.
"ദൈവം എന്റെ ഈ പാപം പൊറുക്കട്ടെ, കൈ കോര്‍ത്തുപിടിച്ചു മരിച്ച ഈ കുട്ടികളുടെ ചിത്രം എന്റെ പത്രങ്ങളില്‍ അച്ചടിച്ചുവരും. ബര്‍ലിനിലും ഫ്രാങ്‌ക്‍ഫര്‍ട്ടിലും പ്രാതല്‍ കഴിക്കുന്ന വീട്ടമ്മമാര്‍ അതിലൂടെ അലസമായി കണ്ണോടിച്ചു പോകും. ദൈവമേ, ദൈവമേ!"
12:15 AM, October 02, 2006
വേണു said...
അനാഥത്വത്തിലെ മാനസിക വ്യഥ വരച്ചു കാണിക്കാന്‍
ഇഞ്ചിയ്ക്കു കഴിഞ്ഞിരിക്കുന്നു.അഭിനന്ദനങ്ങള്‍.
1:58 AM, October 02, 2006
Aravind said...
ഇഞ്ചീ സൂപ്പര്‍ കഥ. കഥയേക്കാള്‍ അത് എഴുതിയിരിക്കുന്ന രീതിയാണ് എനിക്ക് വല്ലാതങ്ങ് ഇഷ്ടപ്പെട്ടത്.
വായിച്ചുകൊണ്ടിരിക്കുമ്പോ മുകേഷിന്റെ സീന്‍ എന്തിനാ ആദ്യം എഴുതിയേ എന്ന് ചിന്തിച്ചുകൊണ്ടിരുന്നു.
ഇഞ്ചി ഈയിടെ കണ്ട പടമാകും, വെറുതെ എഴുതിയതാണെന്ന് വിചാരിച്ചു.
അവസാനം ഗംഭീരാക്കി.
അധികം ബുദ്ധിയില്ലാത്ത ഒരു വായനക്കാരനായതിനാല്‍ കഥയുടെ അന്ത്യം നല്‍കുന്ന വെളിപാടുകള്‍ നന്നായി അനുഭവിക്കാന്‍ സാധിക്കുന്നു.
നല്ല ഉഗ്രന്‍ കഥ, നല്ല ചിന്ത, അത്യുഗ്രന്‍ എഴുത്ത്.
3:08 AM, October 02, 2006
സിമി said...
നന്നായി കഥ. പഴയ കഥയായി തോന്നിയെങ്കിലും പുതിയ എഴുത്തുകാരില്‍ നിന്ന് പ്രതീക്ഷിക്കുന്നതു തന്നെ. ഇത്തിരികൂടി കണ്ണാടിയെ ശക്തമായി ഉപയോഗിക്കാമായിരുന്നു. ഇതു പോലുള്ള ചില കാമ്പസ് കഥകള്‍ വായിച്ചിട്ടുണ്ട്.
‘നന്നായി’ എന്ന് ആരെങ്കിലും പറഞ്ഞാല്‍ ‘നന്ന ആയി’ എന്ന് കുഞ്ഞുണ്ണീ മാഷ് പറഞ്ഞിട്ടുണ്ടു. അല്ലെ ഇഞ്ചി?
3:52 AM, October 02, 2006
പച്ചാളം said...
ഇഞ്ചിയുടെ കഥകളും കമന്‍റുകളും രണ്ടു തരത്തിലാണല്ലോ....വളരെ ഇഷ്ടപ്പെട്ടൂട്ടൊ :)
10:32 AM, October 02, 2006
s.kumar said...
നന്നായിരിക്കുന്നു. തിരക്കിലായതിനാല്‍ ഒന്ന് ഓടിച്ചു വായിച്ചതേ ഉള്ളൂ.
2:47 AM, October 03, 2006
Inji Pennu said...
കുമാറേട്ടാ, ആരു കുമാറേട്ടനെ തല്ലി? അതു ശരി! നമുക്കു ചോദിക്കാം കേട്ടൊ.
പരസ്പരമേ, ഞാന്‍ മാറ്റിയിട്ടുണ്ട്. അങ്ങിനെ എന്തെങ്കിലും ഒക്കെ ഉണ്ടെങ്കില്‍ എപ്പോഴും പറഞ്ഞു തരണേ.
അഗ്രജന്‍ജി, മുസാഫിര്‍ജി, മുരിളിചേട്ടാ, പാറുക്കുട്ടി, ലിറ്റില്‍ ലൈറ്റേ, ലാപുടാജി, ദില്‍ബൂട്ടി, കലേഷേട്ടാ, കണ്ണൂരാന്‍ ജി,
പെരിങ്ങ്സ് (കടംകഥയിലൂടെ സംസാരിക്കണ മറ്റൊരാളാണ് പെരിങ്ങ്സ് :-), അനാംഗരി മാഷേ, റീനി, ബിന്ദൂട്ടി, ഇക്കാസ് ജി, വേണുവേട്ടാ, അരവിന്ദേട്ടാ, സിമിചേച്ചി,
പച്ചാളം കുട്ടി, സ്.കുമാര്‍ ജി - വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
6:59 PM, October 03, 2006
ചക്കര said...
ഇഞ്ചീ.. നല്ല കഥ.
7:23 AM, October 08, 2006
മിടുക്കന്‍ said...
ചിലപ്പോള്‍..
ചിലര്‍ കരയുന്നതു കാണാനും ഭംഗി ഉണ്ടല്ലേ..?
'ഭംഗി' രസകരമായ ഒരു വിഷയം തന്നെ...
ഡാങ്ക്സ് ട്ടാ...
4:12 AM, October 10, 2006
Reshma said...
ഇന്നാ വായിക്കാനായേ. ഇഷ്ടമായി- എന്നാലും പൊട്ടിയ കണ്ണാടിയും മുറിഞ്ഞ് കിടക്കുന്ന പ്രതിഫലനങ്ങളും ഒക്കെ നമ്മള്‍ ഉപയോഗിച്ചുപയോഗിച്ച് ഒര്‍ജിനാലിറ്റി നഷ്ടപ്പെട്ട ഇമെജരിയല്ലേ? അതേല്ലോ. അതോണ്ട്? അതോണ്ട് കഥേന്റെ ആ പഞ്ച്പോയിപോവുംന്ന്. (ഇതൊക്കെ പറയുന്ന എനിക്ക് ഇങ്ങനെ എഴുതാനാവോന്ന് ചോദിച്ചാ ഡിം ട്ടോ:))
7:38 PM, December 24, 2006
Inji Pennu said...
രേഷ്മേ, സത്യം! ആ പറഞ്ഞത് 100% കറക്റ്റ്. കുറച്ചു നാളായി എന്നെ ക്ലിഷേയുടെ ഭൂതം പിടിച്ചേക്കുണൂ.:-) ഇനി കവിതേ രക്ഷയുള്ളൂന്ന് ഞാന്‍ അന്ന് പറഞ്ഞില്ലേ? :)
9:46 AM, December 25, 2006
qw_er_ty
Post a Comment