2006-10-11

റോസാപ്പൂവും ഡബിള്‍പ്രമോഷനും

ഇന്ന് അമ്മേന്റെ ഹാപ്പി ബര്‍ത്തഡേയാണെന്ന് അച്ഛന്‍ ഡേ കേറില്‍ കൊണ്ട് വിടാന്‍ നേരം പറഞ്ഞായിരുന്നു. അതോണ്ട് ചോക്കളേറ്റ് കേക്ക് രാത്രി അമ്മൂസിന് മേടിച്ചു തരാന്ന് പ്രോമിസ് ചെയ്തിട്ടുണ്ട് അച്ഛന്‍.

അമ്മൂനറിയാം, അമ്മക്കെന്താ ഗിഫ്റ്റ് കൊടുക്കണ്ടേന്ന്. അമ്മക്ക് ഏറ്റവും ഇഷ്ടം റോസാപ്പൂവാണ്. അതോണ്ട് ഇന്ന് ഡേകേറില്‍ നെറയെ റോസാ പൂക്കണ ചെടിയില്‍ നിന്ന് അമ്മ വൈകുന്നേരം വിളിക്കാന്‍ വരുമ്പൊ ഒരെണ്ണം പൊട്ടിക്കണം.

എന്തോരം റോസാപ്പൂവാന്നറിയോ ഡേ കേറില്‍. പക്ഷെ റോസക്കപ്പിടി മുള്ളുള്ളതുകൊണ്ട് അമ്മൂന് ഇച്ചിരെ പേടിയുമുണ്ടേ.

അച്ഛന്‍ അമ്മേനോട് പറയും. “നാട്ടില്‍ തിരിച്ചു ചെല്ലുമ്പൊ ഒരേക്കര്‍ മേടിച്ചു തരാം, എന്നിട്ട് നീ അതു മൊത്തം റോസാ ചെടി വെച്ചോ. ഈ ഫ്ലാറ്റില്‍ ഇനി റോസായും ചെടിചട്ടിയും കൂടി വെച്ചിട്ട് എവിടെ സ്ഥലം?”

അച്ഛന്‍ അമ്മക്ക് എപ്പോഴും ചുവന്ന റോസാപ്പൂവിന്റെ ബൊക്കെ കൊണ്ട് വരുമ്പൊ, അമ്മൂന്റെ കൈ തൊടാണ്ട് അതൊക്കെ മണപ്പിച്ചിട്ട് അമ്മ അത് വെള്ളത്തില്‍ ഇട്ടു വെക്കും. അറിയോ? അത്രക്കിഷ്ടാ അമ്മക്ക് റോസാപ്പൂ.

പക്ഷെ, അമ്മൂനെയാണുട്ടൊ അമ്മക്ക് ഫസ്റ്റ് ഇഷ്ടം. അമ്മ അത് എപ്പളും പറയും, അമ്മക്ക് അമ്മൂനെയാണൊ റോസേനെയാണോ ഇഷ്ടം എന്ന് അമ്മു ചോദിക്കുമ്പൊ, അമ്മ പറയും, “അമ്മൂസാണമ്മേടെ ഏറ്റവും ബ്യൂട്ടിഫുള്‍ റോസാ” എന്ന്.

ഉച്ചക്ക് ഉറക്കം കഴിഞ്ഞപ്പൊ, മുള്ളുള്ള റോസാചെടിയുടെ അടുത്തു ചെന്ന്, ഒരു വലിയ ചുവന്ന റോസാ അമ്മു പൊട്ടിച്ചു. മുള്ള് കൈയില്‍ കൊണ്ട് അമ്മൂന് നൊന്തു. പക്ഷെ നോവുമ്പൊ ഊതിയാ മതീന്നാ അമ്മ പറഞ്ഞെ. അതോണ്ട് അമ്മു മുള്ള് കൊണ്ട് കീറിയ അവിടെ ഫൂ ഫൂ എന്ന് ഊതി. അപ്പൊ വേദന ഓടിപ്പോയി.

അമ്മു പൂവും കൊണ്ട് ഗേറ്റിന്റെ അടുത്ത് പോയി നിന്നു. അമ്മ വരണ ഉടനെ കാണിക്കണം.

“ദേ ഈ കൊച്ച് പൂ പൊട്ടിച്ചു ടീച്ചറേ”, അപ്പോഴാ വാച്ച് മാന്‍ അങ്കിള്‍ ഉറക്കെ വിളിച്ചു പറഞ്ഞത്.

ടീച്ചര്‍ അതു കേട്ടതും ഓടി വന്നു. “ആഹാ, നിനക്കൊക്കെ പൂ പൊട്ടിക്കാന്‍ ആണൊ അത് അവിടെ വളര്‍ത്തണേ?”

അമ്മൂന്റെ കൈയില്‍ നിന്ന് പൂ മേടിച്ച്, നിലത്തിട്ടിട്ട് അമ്മൂനെ ബ്രൌണ്‍ നിറത്തിലുള്ള സ്കേലു കൊണ്ട് കുറേ തല്ലി.

ഫൂ ഫൂ എന്ന് തുടേമേ കുറേ ഊതിയിട്ടും അമ്മൂന്റെ വേദന പോവണില്ല്യ. ഇനി അമ്മക്കെന്താ കൊടുക്കാ? ഷര്‍ട്ടുമേ പിന്‍ കുത്തിയ, ട്രയാംഗിള്‍ ഷേപ്പിലുള്ള, വെള്ളമേ കുഞ്ഞു പൂവുള്ള കര്‍ച്ചീഫ് കൊണ്ട് അമ്മു കണ്ണ് തുടക്കാന്‍ നോക്കീട്ട് വാട്ടര്‍ബോട്ടില്‍ നിന്നു വെള്ളം പോണ പോലെ കണ്ണുമേന്ന് വെള്ളം പൊയ്ക്കോണ്ടേയിരുന്നു.

അപ്പളാ അമ്മേടെ ശബ്ദം കേട്ടേ. അമ്മു കരയണ കണ്ടാ അമ്മക്ക് സങ്കടം വരൂട്ടൊ. അമ്മു ഈ... ഈ... എന്ന് പറഞ്ഞു നോക്കി ചിരിക്കണ പോലെയിരിക്കാന്‍.

“മോളൂസെന്തിനാ കരയണേ?”

“അതോ, ഡിസിപ്ലിന്‍ തീരെയില്ല. അവിടെ ഗാര്‍ഡനില്‍ കയറരുതെന്ന് എത്ര വട്ടം എല്ലാ കുട്ടികളോടും പറഞ്ഞിട്ടുണ്ട്. ഇന്ന് നോക്കുമ്പൊ ഈ അമ്മു അവിടെ കേറിയതും പോരാ, അവിടെന്ന് ഒരു പൂവും ഇറുത്തു.”

“അമ്മക്ക് ഹാപ്പി ബര്‍ത്തഡേക്ക് തരാനാ‍ാ..” അമ്മൂസിന്റെ വാ‍ട്ടര്‍ ബോട്ടിലീന്ന് വെള്ളം ഒഴുകി.

“മൂന്നു വയസ്സുള്ള കുഞ്ഞിനെയാണൊ നിങ്ങള്‍ ഒരു പൂ പൊട്ടിച്ചേന് ഇതുപൊലെ തല്ലിയതു?”

പിന്നെ ഒന്നും അമ്മൂനു മനസ്സിലായില്ല. അമ്മ കരയേം ദേഷ്യം പിടിക്കേം ഒക്കെ ചെയ്യണുണ്ടായിരുന്നു. അമ്മ ടീച്ചറിന്റെ മുന്നില്‍ ഇരുന്ന ആ ബ്രൌണ്‍ സ്കേല്‍ എടുത്ത് നിലത്തൊരേറ്. എല്ലാരും പേടിച്ചു പോയി. അമ്മുവും ഞെട്ടിപ്പോയി. സ്കേലും പൊട്ടിപ്പോയി.

അമ്മ വന്നു അമ്മൂസിനേം എടുത്ത് കെട്ടിപിടിച്ചോണ്ട് കാറില്‍ കയറി. എന്നിട്ട് അമ്മൂന്റെ ബാഗൊക്കെ ഒരേറു കൊടുത്തു ടീച്ചറിന്റെ അടുത്തോട്ട്. പക്ഷെ, വീടെത്തണ വരെ അമ്മേന്റേയും വാട്ടര്‍ ബോട്ടില്‍ പൊട്ടിപ്പോയായിരുന്നു. കാറില്‍ വെച്ച് അമ്മ നെറയേ ഉമ്മ തന്നു. ഉപ്പുള്ള ഉമ്മ.

അച്ഛന്‍ കേക്കുമായി വൈകുന്നേരം വന്നപ്പൊ, അമ്മ പിന്നേം കുറേ കരഞ്ഞു. “എന്റെ കുഞ്ഞിനെ അവരു തല്ലി. ഈ നശിച്ച നഗരത്തീന്ന് ഞാന്‍ പോവാണ്. ഞാന്‍ ഇനി എന്നെ കൊന്നാല്‍ ജോലിക്ക് പോവൂല്ലാ. നാട്ടിലോട്ടു പോയാല്‍ എനിക്ക് ജോലി ചെയ്യണ്ടല്ലൊ. നമുക്ക് ഉള്ളത് മതി.”

കുറേ നേരം കഴിഞ്ഞപ്പൊ, അച്ഛന്‍ അമ്മൂസിന്റെ അടുത്തു വന്നിരുന്ന് തൊടേമെയൊക്കെ ഊതി തന്നു. അച്ഛന്‍ ഊതിയപ്പൊ വേദന ഓടിപ്പോയി.

“അമ്മൂസേ, നമ്മള് കുറച്ചൂസം കഴിയുമ്പൊ ഇവിടെന്ന് പോവൂട്ടൊ. വേറൊരു സ്ഥലത്തോട്ട് പോവാം. അമ്മൂസിനെ ആരും അടിക്കാന്‍ അച്ഛന്‍ സമ്മതിക്കില്ലാട്ടൊ. അമ്മ ഇനി ജോലിക്ക് പോണില്ല്യ. അമ്മൂസിന്റെ കൂടെ ഫുള്‍ ടൈം കളിക്കും കേട്ടൊ.”

എന്തൊരു സന്തോഷായിരുന്നന്നോ അമ്മൂസിന്. അമ്മേനെ ഇനി ഫുള്‍ ടൈം കളിക്കാന്‍ കിട്ടൂല്ലൊ.

എന്നിട്ട് വണ്‍, റ്റൂ, ത്രി, ട്ടെന്‍ കു‍റേ ദിവസം കഴിഞ്ഞപ്പൊ, ചൂ ചൂ ട്രെയിനില് കുറേ വലിയ ബാഗും കൊണ്ട്, പച്ച കളറു നെറയേയുള്ള സ്ഥലത്തോട്ട് അമ്മൂസും അച്ഛനും അമ്മയും റ്റാറ്റാ പോയി. പുതിയ വീട്ടില്‍ കളിക്കാന്‍ എന്തോരം സ്ഥലമാന്ന് അറിയോ. അമ്മ എന്നിട്ട് നെറയേ റോസാ ചെടി വെച്ചു. എന്നിട്ടതില്‍ നെറയേ റോസാപ്പൂ ഉണ്ടായി.

അമ്മൂസ് പക്ഷെ റോസാ ഒന്നും പറച്ചില്ലാട്ടൊ. അമ്മക്ക് റോസാ കൊടുക്കണമെന്ന് തോന്നുമ്പൊ അമ്മൂസ് അമ്മേടെ കൈയില്‍ പിടിച്ച്, “ദേ അമ്മേ, ഈ റോസാ എടുത്തോ” എന്നു പറയും. ഉടനെ അമ്മ ആ റോസാ പൊട്ടിച്ച്, അമ്മൂ‍ന്റെ തലയില്‍ സ്ലൈഡ് കൊണ്ട് കുത്തി തരും.

അങ്ങിനെ കുറേ ഹണ്ട്രഡ് ഡേസ് കഴിഞ്ഞാപ്പൊ അമ്മ പറഞ്ഞു, ഒരു പുതിയ സ്കൂളില്‍ പോവാന്ന്. എന്നിട്ട് ഒരൂസം നല്ല ഉടുപ്പൊക്കെ ഇട്ടു ഒരു വലിയ സ്കൂളില്‍, തലയില്‍ ഉടുപ്പിട്ട സിസ്റ്റര്‍മാരുടെ സ്കൂളില്‍ അമ്മ കൊണ്ടോയി.

അപ്പൊ കണ്ണട വെച്ച വലിയ വയറുള്ള ഒരു സിസ്റ്റര്‍ മേശേന്റെ അപ്പറത്തൂന്ന് ചോദിച്ചു. അമ്മൂന് വണ്‍ റ്റൂ ത്രീ അറിയോ ? അമ്മു പറഞ്ഞു, അറിയാലൊ...എന്നിട്ട് അമ്മൂ തേര്‍ട്ടി വരെ പറഞ്ഞപ്പൊ സിസ്റ്റര്‍ പറാഞ്ഞു, മതി മതി, അമ്മൂന് എ ബി സി ഡി അറിയോന്ന്? അമ്മൂന് അറിയാലോന്ന് പറഞ്ഞു, അമ്മു ഇസഡ് വരെ ഫുള്‍ പറഞ്ഞു. അപ്പൊ സിസ്റ്ററിന്റെ കണ്ണട വലുതായി.

“അമ്മൂന് മലയാളം അറിയോ?”

“ഇല്ല സിസ്റ്ററേ, അവള്‍ക്കു കുറച്ചൊക്കെ മനസ്സിലാവുള്ളൂ. പക്ഷെ, അവള്‍ക്ക് വേറെ
രണ്ട് ഭാഷ ഒരുമാതിരി നന്നായി അറിയാം.”

“ആ. അതു നല്ലതാ. അല്ലെങ്കിലും ഞങ്ങള്‍ മലയാളം എന്‍കറേജ് ചെയ്യുന്നില്ല.”

എന്നിട്ട് സിസ്റ്റര്‍ ചോദിക്കാ,

“എന്തിനാ അമ്മൂനെ എല്‍.കെ.ജി-ല്‍ ചേര്‍ക്കണേ? അമ്മൂനെ ഫസ്റ്റ് സ്റ്റാണ്ടേര്‍ഡില്‍ ഇരുത്തിയാല്‍ മതി”.

“വേണ്ടാ, പിന്നെ പത്താവുമ്പൊ പ്രശ്നമാവില്ലേ സിസ്റ്ററേ?”

“അതു രണ്ട് വയസ്സ് കൂട്ടി എഴുതാം. അമ്മൂന് ഡബിള്‍ പ്രമോഷന്‍ കിട്ടി കേട്ടൊ.” സിസ്റ്റര്‍ ചിരിച്ചോണ്ട് കവിളില്‍ തൊട്ടിട്ട് കുറേ മുട്ടായി തന്നു.

അമ്മു ഫസ്റ്റ് സ്റ്റാന്റേഡില്‍, രണ്ട് സൈഡിലും പിന്നിയിട്ട മുടിയുള്ള, പൊക്കമുള്ള ലക്ഷ്മീടെ അടുത്തു ചെന്ന് ഇരുന്നു. അപ്പൊ ലക്ഷ്മി ചോദിക്കാ, അമ്മൂ എങ്ങിനാ ഫസ്റ്റ് സ്റ്റാണ്ടേര്‍ഡില് വന്നേ, എല്‍.കേ.ജി ല് പോവാണ്ട്?

അമ്മു ഒന്നും പറഞ്ഞില്ല. അമ്മൂന് അറിയില്ലല്ല്യോ.

ലക്ഷ്മി എല്ലാരേം വിളിച്ചിട്ട് പറഞ്ഞു, ദേ ഈ അമ്മു എല്‍.കേ.ജീ ല് ഒന്നും പോയിട്ടില്ലാട്ടൊ. അതോണ്ട് ഈ വാവക്ക് ഒന്നും അറിയില്ലാട്ടൊ.

എല്ലാരും അമ്മൂനെ കളിയാക്കി. ഷേം ഷേം പറഞ്ഞു. അപ്പൊ, അമ്മൂന് നാണം വന്നു.

അന്നേരം ലക്ഷ്മി പറയാ, അമ്മൂന്റെ മുഖം തലേല്‍ കുത്തിയേക്കണ റോസേന്റെ കളറായല്ലൊ. അമ്മൂസിനെ റോസാക്കുട്ടീന്നെ ഞാന്‍ വിളിക്കൂ.

ലക്ഷ്മിയും റോസാക്കുട്ടിയും ഇപ്പളും ബെസ്റ്റ് ഫ്രന്റ്സാ.

2 പ്രതികരണങ്ങള്‍:

Inji Pennu said...

19 comments:
ചക്കര said...
"ഇല്ല സിസ്റ്ററേ, അവള്‍ക്കു കുറച്ചൊക്കെ മനസ്സിലാവുള്ളൂ. പക്ഷെ, അവള്‍ക്ക് വേറെ
രണ്ട് ഭാഷ ഒരുമാതിരി നന്നായി അറിയാം.”
ഇഞ്ചിയേ.. ഇതിപ്പൊ ഇവിടൊരു “സ്റ്റാറ്റസ് സിംബലാ”

2:22 PM, October 11, 2006
പാര്‍വതി said...
അമ്മൂന്റെ ചിരി പോലെ റോസ ചെടിയുടെ നിറം പോലെ കുഞ്ഞി കഥ..

-പാര്‍വതി.

2:42 PM, October 11, 2006
വേണു venu said...
ഒരു രസമുള്ള വായന,
എന്തൊകെയോ മനസ്സിലാവാതെയും.നന്നയെഴുതിയിരിക്കുന്നു.

2:43 PM, October 11, 2006
കുട്ടമ്മേനോന്‍ said...
ഇഞ്ചീ, വായിക്കാന്‍ രസമുണ്ട്. വേണുജി പറഞ്ഞതുപോലെ പലതും മനസ്സില്ലായില്ല. ഒരു പക്ഷേ ഇതെല്ലാം മനസ്സിലാക്കാനുള്ള കഴിവ് നമുക്കില്ലാ‍തെ പോയതായിരിക്കാം. :-)

3:33 PM, October 11, 2006
ബിന്ദു said...
ഇതു നമ്മുടെ സ്വന്തം അമ്മുവല്ലെ.:)കുറേനേരം ഞാന്‍ തലയൊക്കെ കുലുക്കി കുഞ്ഞുവാവയെ ശരിക്കും കേട്ടുകൊണ്ടിരുന്നു. ബെസ്റ്റ് ഫ്രണ്ട്സിപ്പോള്‍ എത്ര പേര്‍??

5:05 PM, October 11, 2006
Adithyan said...
ഹ്ഹാഹാഹഹാ

എനിക്ക് വയ്യ :D

7:07 PM, October 11, 2006
പുള്ളി said...
ഇതിനാണ് ഉപ്പുമാവ് സ്കൂള്‍ എന്ന് മറ്റുള്ള്വര്‍ വിളിയ്ക്കുന്ന സര്‍ക്കാര്‍ സ്കൂളുകള്‍. അര്‍ഹതയുള്ളവരുടെ അതിജീവനം ആണ് അവിടെ നടക്കുന്നത്. പക്ഷേ സ്വന്തം കുട്ടിയുടെ കാര്യത്തില്‍ ആരെടുക്കും ആ ചാന്‍സ്?

8:56 PM, October 11, 2006
അനംഗാരി said...
അമ്മുവെന്ന കഥാപാത്രം കൊള്ളാം. ആക്ഷേപം എനിക്ക് നന്നായി പിടിച്ചു. ഇങ്ങനെ വയസ്സു കൂട്ടിയും, ഭാഷയെ വെറുത്തും കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന വിദ്യാലയങ്ങള്‍ കേരളത്തില്‍ കൂടി വരുന്നു. അതും കന്യാസ്ത്രീകളുടേ നേതൃത്വത്തില്‍.ഭാഷയെ നാം കൊല്ലുകയാണ്. പക്ഷെ, അമ്മുവിനെ കൊണ്ട് കഥ പറഞ്ഞപ്പോള്‍,പൂര്‍ണ്ണമായും കുട്ടികളുടെ ഭാഷയില്‍ വേണമായിരുന്നു കഥ പറയേണ്ടിയിരുന്നത്. അതില്‍ പാളിച്ച പറ്റി. അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ഇതു മനോഹരമാകുമായിരുന്നു.

ഓ:ടോ:കുറെ ദിവസമായി ഇഞ്ചിയെ ഇതുവഴി കണ്ടില്ലല്ലോ?.നാട്ടില്‍ പോയോ?

9:45 PM, October 11, 2006
anwer said...
“അമ്മൂസേ, നമ്മള് കുറച്ചൂസം കഴിയുമ്പൊ ഇവിടെന്ന് പോവൂട്ടൊ. വേറൊരു സ്ഥലത്തോട്ട് പോവാം. അമ്മൂസിനെ ആരും അടിക്കാന്‍ അച്ഛന്‍ സമ്മതിക്കില്ലാട്ടൊ. അമ്മ ഇനി ജോലിക്ക് പോണില്ല്യ. അമ്മൂസിന്റെ കൂടെ ഫുള്‍ ടൈം കളിക്കും കേട്ടൊ.”

എന്തൊരു സന്തോഷായിരുന്നന്നോ അമ്മൂസിന്. അമ്മേനെ ഇനി ഫുള്‍ ടൈം കളിക്കാന്‍ കിട്ടൂല്ലൊ....

ഇഞ്ചിയേച്ചീ...അതെനിക്കു ശരീക്കും ഇഷ്ടമായി... പിന്നെ അമ്മൂന്നുള്ള ആ പേരും...അമ്മൂ..കല്യാണി...ഇതൊക്കെ എന്തു രസമുള്ള പേരാല്ലേ...?

11:29 PM, October 11, 2006
Kuttyedathi said...
അല്ല ഇഞ്ചിയേ, ഈ പറഞ്ഞിരിക്കണതിന്റെ പിന്നിലെ ലോജിക്കെന്താണെന്നു പറഞ്ഞു തരുമോ ?
“നാട്ടിലോട്ടു പോയാല്‍ എനിക്ക് ജോലി ചെയ്യണ്ടല്ലൊ. നമുക്ക് ഉള്ളത് മതി.”

അതെന്താന്നേ, നാട്ടിലാണെങ്കില്‍ മൂന്നു നേരോം ഞം ഞം വയ്ക്കാനുള്ളതു വേറാരെങ്കിലും തേടി തരുമോ ? എവിടെയാണെങ്കിലും ജീവിക്കണംകില്‍ കഷ്ടപ്പെട്ടു ജ്വാലി ചെയ്തല്ലേ പറ്റുള്ളൂ ? അതിലിപ്പോ നാട്ടിലും ഇവിടേം തമ്മിലെന്താ വ്യത്യാസം ? ഒരാളു മാത്രം ജോലി ചെയ്താല്‍, ഇവിടെ അരിഷ്ട്ടിച്ചു കഴിഞ്ഞു കൂടാം. നാട്ടില്‍ പഷേ, അതു വല്യ ബുദ്ധിമുട്ടല്ലേ ?

11:51 PM, October 11, 2006
വല്യമ്മായി said...
നല്ല കഥ.തന്നെ മനസ്സിലാക്കുന്ന മാതാപിതാക്കളെ കിട്ടിയതു റോസക്കുട്ടിയുടെ മഹാഭാഗ്യം

1:26 AM, October 12, 2006
മുസാഫിര്‍ said...
ഇന്‍‌ജി,

കഥ നന്നായിരിക്കുന്നു,ആശയത്തിനു പുതുമ കുറവാണു.അതോ വരികള്‍ക്കിടയില്‍ വായിക്കാന്‍ ഞാന്‍ എന്തെങ്കിലും വിട്ടു പോയോ ?

1:58 AM, October 12, 2006
മിടുക്കന്‍ said...
ഈ അമ്മു എന്റെ കൂട്ടികാരി ആയിരുന്നു..
ഡങ്ക്‌സ്‌ ട്ടാ.. ഇഞ്ചി ചേച്ചി....
അമ്മൂനെന്റെ ചക്കര ഉമ്മ...

4:05 AM, October 12, 2006
സൂര്യോദയം said...
റോസാപ്പൂവിന്റെ നൈര്‍മ്മല്ല്യമുള്ള നല്ല കഥ....

6:57 AM, October 12, 2006
Inji Pennu said...
അതു ശരി! ഇനി എന്റെ അമ്മയോടു അന്നങ്ങിനെ തീരുമാനിച്ചതിന്റെ ലോജിക്ക് ചൊദിക്കണം കുട്ട്യേട്ടത്തിയെ..ഈ കുട്ട്യേട്ടത്തിയെക്കൊണ്ട് തോറ്റു...അന്നങ്ങിനെ ഒക്കെ സംഭവിച്ചതുകൊണ്ടാണ് ഞങ്ങള്‍ സകുടുംബം നാട്ടിലോട്ട് വെച്ചു പിടിച്ചത്. നാട്ടിലാവുംബൊ മേബി അപ്പന്‍സിന്റെ സാലറി മാത്രം മതിയായിരിന്നുരിക്കും. അപ്പന്‍സ് മകള്‍ക്ക് വേണ്ടി അങ്ങിനെയാണ് പ്രവാസിയായത്...

ഇത് ഒക്കെ എന്റെ കുഞ്ഞിലത്തെ ഓര്‍മ്മകളാണ്.
കഥയല്ല :) .അതാ‍ണ് ഓര്‍മ്മകള്‍ എന്ന ലേബലില്‍ ഇട്ടേക്കുന്നെ. അതോണ്ട് പ്ലീസ് ലോജിക്ക്, കഥയുടെ പുതുമ ഇതൊന്നും നോക്കല്ലേ.:)


അനാംഗരി ചേട്ടാ,
ഒന്നും പറയണ്ട..മനുഷ്യന്‍ മര്യാദക്ക് മന:സമാധാനത്തോടെ ബ്ലോഗിക്കൊണ്ട് ഇരുന്നതാണ്.അപ്പോഴാണ് ഒരോരുത്തര്‍ പസിള്‍ ബ്ലോഗ് എന്നും പറഞ്ഞ് ഒരോന്നൊക്കെ തുടങ്ങിയത്..ഞാന്‍ കരുതി..കരയുന്ന വളേടെ പേര് - തവള അങ്ങിനെയൊക്കെ ഒരോ ചോദ്യം ആയിരിക്കുമെന്ന്..ഇതിപ്പൊ അത് വായിച്ചിട്ട് ചോദ്യം മനസ്സില്ലാ‍ക്കണോങ്കി തന്നെ നാലു ദിവസം എടുക്കുവാ..പിന്നെ എങ്ങിനെ മനുഷ്യന്‍ സമയം കണ്ടെത്തും? ഇങ്ങിനെ ജീവിക്കന്‍ സമ്മതിക്കൂല്ലാന്ന് ആളോള് നിരീച്ചാല്‍ എന്തു ചെയ്യും? ആദ്യം വിക്കി ക്ക്വിസ് ആയിരുന്നു. അതിനെ പൂട്ടിച്ചു..ഇനി ആ പസിള്‍ ബ്ലോഗും കൂടി പൂട്ടിക്കണം എങ്ങിനെയെങ്കിലും.. ആ ബ്ലോഗ്ഗൊന്നും ബാന്‍ ചെയ്യാന്‍ ഇവിടാരുമില്ലെ? എനിക്ക് തോന്നണേ അതോണ്ടാണ് സന്തോഷേട്ടന്‍ വരെ അത്യാധുനികന്‍ എഴുതി ചോദ്യങ്ങള്‍ എന്ന പേരില്‍..പാവം! ഒരൊരുത്തര്‍ ഒരോ രീതിയില്‍ അല്ലേ പ്രതികരിക്കാ? സ്ഥിരമായി ഉണ്ടായിരുന്ന കുറേ പേരെയൊന്നും കാണാനേയില്ല.താരയാണെങ്കില്‍ ബ്ലോഗ് മൊത്തം ആ പസില്‍ ബ്ലോഗ്ഗ് തുടങ്ങിയേപ്പിന്നെ പിന്നേം ഡിലീറ്റി...

ആ..ഈ ബ്ലോഗുകള്‍ ഏങ്ങോട്ട്? എന്നു തന്നെ ഞാന്‍ ശക്തമായി ചോദിക്കുകയാണ്..

9:38 AM, October 12, 2006
paarppidam said...
നന്നായിരിക്കുന്നു.സമയക്കുറവുകാരണം തങ്കളുടെ ബ്ലോഗ്ഗ്‌ പോസ്റ്റുകള്‍ പൂര്‍ണ്ണമായി വായിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

9:50 AM, October 12, 2006
Umesh said...
ഇഞ്ചിയേ,

ഒളിയമ്പെയ്യാതെ നേര്‍ക്കുനേരേ സംസാരിക്കൂ, ധൈര്യമുണ്ടെങ്കില്‍! പസില്‍ ബ്ലോഗ് പൂട്ടിക്കുന്നതൊന്നു കാണട്ടേ! :)

കഥ നന്നായി. ഞാന്‍ വളരെ വേദനിക്കുന്ന ഒരു സാമൂഹികപ്രശ്നമാണു് ഈ ഡബിള്‍ പ്രൊമോഷനും വയസ്സു കൂട്ടി ചേര്‍ക്കുന്നതും താങ്ങാവുന്നതില്‍ കൂടുതല്‍ കുത്തിക്കയറ്റുന്നതും. ഇവിടെയും ഇവിടെയും ഞാനതു പറഞ്ഞിട്ടുണ്ടു്.

10:33 AM, October 12, 2006
Muttassy said...
ആ നീ വന്നോ ഇഞ്ചിപ്പെണെ!
കണ്ടില്ലാല്ലോ!കണ്ടില്ലല്ലോ എന്നു ഇപ്പഴാ നാണിത്തള്ളനോട്! പറഞ്ഞങ്ങട്ടു നാവു വായിലിട്ടില്ല,
നിനക്കു റോസാ ഇഷ്‌ടമാണോടീ,
ഇവടെ ഒരുപാടു റോസായുണ്ട്‌, മുഴുവന്‍ കള്ളച്ചെക്കമ്മാരു നാശാക്കും.
നമ്മളെ നാടന്‍ പള്ളിക്കൂടത്തിലാ ഞാനും എന്റെ മക്കളും എല്ലാരും പഠിച്ചത്‌. ഒരു കുറവും തോന്നീട്ടില്ല.
നമ്മളെ അപകര്‍ഷതാന്ന സാധനം കൊന്ടു കളഞ്ഞാല്‍ എല്ലാം ശരിയാവും.
കേരളത്തിന്നു കയറ്റി അയക്കുന്നതില്‍ ഇപ്പോ ഏറ്റവും ഡിമാണ്ടുള്ളത്‌ മനുസ്യന്റെ തലച്ചോറാത്രെ! ഒരു പത്രത്തില്‍ ഇന്നാളു കണ്ടു.
അതു നല്ല നിലക്കു സംസ്‌കരിച്ചെടുക്കാന്‍ നമ്മളെ വിദ്യാഭ്യാസ പരിഷ്‌കര്‍ത്താക്കള്‍ ശ്രമിച്ചാല്‍ നമ്മളു മുന്നില്‍ തന്നെ.

12:11 PM, October 12, 2006
Immigrant in Canada said...
ഒരിക്കല്‍ ചോദിച്ചില്ലെ എന്തേയ് ജോലിക്ക്‌ പോവാതതതെന്ന്.. എന്റെ അമ്മൂസ്‌നേയ് ആരും തല്ലുന്നത്‌ സഹിക്കാന്‍ പറ്റൂല്ല എന്റെ എല്‍ ജി..

2:49 PM, October 12, 2006
qw_er_ty

ഇഞ്ചൂരാന്‍ said...

enganeyanu ithupole ezhuthan kazhiyunnathu ????
cinima seenukal pole manasil thelinju varunnathano ???