2007-02-21

ടെലിവിഷന്‍ വില്‍പ്പനക്ക്

പുതിയൊരു ടെലിവിഷന്‍ വാങ്ങണമെനിക്ക്,
പഴയതൊരെണ്ണം വില്‍ക്കാനുണ്ടെന്റെ വീട്ടില്‍
പഴയതില്‍ പല കാഴ്ചകള്‍, മടുപ്പുളവാക്കുന്നവ

സ്കൂള്‍ യൂണിഫോമില്‍ നനഞ്ഞു കുതിര്‍ന്ന കുഞ്ഞുമക്കള്‍
കൊഞ്ഞനം കുത്തുന്ന ഫ്ലാഷുകള്‍ക്ക് മുന്നില്‍ മുഖം കോട്ടി
പകലമ്മ കൊടുത്ത പുട്ടും, ഹോര്‍ളിക്സും ദഹിച്ചു തീരും മുന്‍പേ,
പൊതിഞ്ഞു കൊടുത്ത ബിസ്കറ്റുകള്‍ കായലില്‍ അലിഞ്ഞു തീര്‍ന്നു പോയി

പ്രാണനെയോര്‍ത്ത് നിലവിളിക്കുന്ന പെറ്റവയറുമപ്പനും ‌‌--
പഴയ ടെലിവിഷനിലെ സ്ഥിരം കാഴ്ചകള്‍
ചാനലുകള്‍ പലവുരു മാറി മറിഞ്ഞിട്ടും
സ്വീകരണ മുറിക്കെന്നും ശ്മശാന മൂകത

കെട്ടിപ്പിണഞ്ഞ മതവും ചാരവും
സംഝോദായിലെ കരിഞ്ഞ വസ്ത്രങ്ങളും
പെട്ടിയില്‍ സൂക്ഷിച്ച കാലനെയവര്‍
ഓടുന്ന വണ്ടിയില്‍ ഉപേക്ഷിച്ചു പോയവര്‍

പുതിയ കാഴ്ചകള്‍ മാത്രം മതിയെനിക്ക്
ആട്ടവും പാട്ടും ക്രിക്കറ്റും മിമിക്രിയും
മാത്രമുള്ളൊരു ടെലിവിഷന്‍ വാങ്ങണം

നീറുന്ന കണ്ണുകള്‍ പഴങ്കഥയാവണം
സ്വീകരണമുറിക്കൊരു അലങ്കാരമാവണം
ടെലിവിഷനൊരെണ്ണം വില്‍ക്കാനുണ്ടെന്റെ വീട്ടില്‍!

27 പ്രതികരണങ്ങള്‍:

കുറുമാന്‍ said...

ഇഞ്ചീ എന്തഭിപ്രായം പറയും ഈ കവിതക്ക്? വല്ലാത്ത നോവ്.

സുല്‍ |Sul said...

ഇഞ്ചീ ഇതു വല്ലാത്ത കവിത തന്നെ. നന്നായിരിക്കുന്നു.

ഓടോ : ബൂലോകം ഇക്കാര്യത്തില്‍ യാഥാസ്തിതിക മാധ്യമങ്ങളെ കുറ്റം പറഞ്ഞ് കയ്യടി നേടുകയാണോ?

Anonymous said...

യഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയല്ല നമ്മള്‍ വേണ്ടതെന്ന് ഞാന്‍ കരുതുന്നു.
എല്ലാവര്‍ക്കും ആഗ്രഹം ഉണ്ടും ഉറങ്ങിയും ജീവിതം വിഷമമില്ലാതെ കഴിച്ചു കൂട്ടുകയാണ്.
അതു കൊണ്ടാണ് രവിശങ്കറിനെ പോലുള്ളവര്‍ നമ്മെ ഉന്മാദത്തിലെത്തിക്കുയും ഇതാണ് ആനന്ദം എന്ന് കാട്ടിത്തരുകയും ചെയ്യുന്നത്.

നമ്മളെ ആനന്ദത്തിലെത്തിക്കുകയും യാഥാര്‍ത്ഥ്യങ്ങളെ ഓര്‍മ്മിക്കാതിരിക്കാന്‍ നമുക്ക് സ്വപ്നങ്ങള്‍ നല്‍കുകയും യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചു പിടിക്കുകയുമാണ് മുഖ്യധാരാ മാ‍ധ്യമങ്ങള്‍ ചെയ്യുന്നത്.

അതു കൊണ്ടു തന്നെ കാണികളായ / കേള്‍വിക്കാരാ‍യ നമ്മള്‍ സുഖങ്ങളില്‍ മുഴുകാതെ യഥാര്‍ത്ഥ ജീവിതം കിട്ടാന്‍ പ്രയത്നിക്കുകയുമാണ് വേണ്ടത്.

ടെലിവിഷനിലെ കാഴ്ചയല്ല ജീവിതമെന്ന് നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇന്‍ റര്‍വ്യൂ കളില്‍ ചോദിക്കുന്ന ചോദ്യങ്ങളൊക്കെയും എന്താണ് ഉത്തരങ്ങള്‍ കേള്‍വിക്കാരന് വേണ്ടതെന്നും എന്താണ് മറച്ചു വയ്ക്കേണ്ടതെന്നും മുന്‍ കൂട്ടി പ്ലാന്‍ ചെയ്താണ് ചെയ്യുന്നത്.

എല്ലാ വോട്ടിങ്ങുകളും യഥാര്‍ത്ഥ വിധികളല്ല നടപ്പിലാക്കുന്നതെന്ന് നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.

Unknown said...

ഇഞ്ചിപ്പെണ്ണേ,
ഇതു നന്നായിട്ടുണ്ട് .

പറയാനൊരുപാടു മനസ്സിലുണ്ടെങ്കിലും
തടയാനെന്‍ കണ്‍‌മുന്‍പില്‍ ഒരു ചിത്രം മാത്രം.
കേള്‍വിയാകെ നശിച്ചു പോയ് കാതില്‍
അലയടിക്കുന്നു നിലവിളി മാത്രം.

അതു കൊണ്ട് കൂടുതലായൊന്നും പറയാനാവുന്നില്ല.ക്ഷമിക്കൂ.

അഭയാര്‍ത്ഥി said...

ഇഞ്ചികുഞ്ഞിന്റെ എഴുത്തിലപ്പിടി നാരുകളാണ്‌. ഫൈബര്‍ കണ്ടന്റ്‌.

എം എസ്‌ സുബ്ബലക്ഷ്മി, പി ലീല തുടങ്ങിയവര്‍ ഒരു പാട്‌ ഇഞ്ചി ഉപയോഗിക്കുകയും അതു വഴി അവരുടെ കോമള സ്വരവും സൗന്ദര്യവും നിലനിര്‍ത്തിയിരുന്നതായി കേട്ടറിവ്‌.

ഈ ഇഞ്ചിനാരില്‍ – ഈ ഫൈബറില്‍ കൂടി സമ്പ്രേഷണം ചെയ്യപ്പെടുന്നതെപ്പോഴും നന്മകളിലേക്കുള്ള എത്തിനോട്ടമൊ ആഗ്രഹമൊ ആണെന്നതിനാല്‍ , നാലുകെട്ടും തോണിയുമെന്ന ദൂര ദര്‍ശനത്തില്‍ എന്നും തെളിയുന്നത്‌ നന്മകള്‍ മാത്രം.

G.MANU said...

ഇഞ്ഞിപ്പേണ്ണേ..റിമോട്ടിണ്റ്റെ എട്ടാം കട്ടയില്‍ എഫ്‌.ടി.വിയും, അടുത്തതില്‍ കാര്‍ട്ടൂണും പിന്നെ പോരെങ്കില്‍ അടിത്തട്ടില്‍ ഡി.വി.ഡിയും ഒക്കെ ഉണ്ടായിട്ടും ടി.വി മാറണം എന്നു തോന്നിയ ഇതുപോലുള്ള മനസുകള്‍ ഇനിയും വേണം ഈ ഭൂമിക്കു....നല്ല കവിത

(മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തൂ കണ്ണടകള്‍ വേണം... എന്ന കാട്ടാക്കട കവിത ഓര്‍ത്തു പോയി)

തമനു said...

വില്‍ക്കേണ്ടാ ഇഞ്ചീ ആ ടെലിവിഷന്‍.
സഹതാപം വിറ്റു കാശാക്കുന്നവന്റെ ദുഷ്ടക്കണ്ണുകള്‍ മറ്റുള്ളവര്‍ക്ക്‌ വിറ്റിട്ട്‌ ആ ശാപം എന്തിന്‌ തലയില്‍ വലിച്ചു വയ്ക്കുന്നു.

ആട്ടവും, പാട്ടും, ക്രിക്കറ്റും, മിമിക്രിയും, പെറ്റമ്മയുടെ കരച്ചിലും എല്ല്ലാം അവര്‍ക്കൊരുപോലെയാണ്‌. കരച്ചില്‍ കാണാന്‍ കൂടുതല്‍ ആള്‍ വന്നാല്‍ കൂടുതല്‍ പരസ്യം ഇട്ടു കൂടേ അവര്‍ക്ക്‌.

വില്‍ക്കേണ്ടാ ഇഞ്ചീ ആ ടെലിവിഷന്‍..... നമുക്കതടിച്ചു പൊട്ടിച്ചു കളയാം.

chithrakaran:ചിത്രകാരന്‍ said...

ഇന്ത്യയുടെ സ്വന്തം പൊട്ടങ്കളിയും,കെരളത്തിന്റെ സ്വന്തം ഗൊഷ്ടിക്കളിയും മാത്രമുള്ള ടിവി ഇപ്പൊള്‍ കണ്ടിരിക്കുന്നത്‌ വീണവായിച്ചിരിക്കുന്നതിനു തുല്യമാകും ഇഞ്ചി. അതിനാല്‍ വില്‍ക്കണ്ട.. ഒോഫ്‌ ചെയ്താല്‍ മതി. ചാനലുകാരനെ അലക്കുന്നതും നല്ലതാണ്‌.

ഒടിയന്‍... said...

ginger girl,
കൊള്ളാം..പക്ഷേ ടി വീ ഓഫ് ചെയ്തലും ലോകത്തു ഇതൊക്കേ നടക്കും..എത്ര ഒളിച്ചൊടിയലും വ്യഥകള്‍ നമ്മേ പിന്തുടരും....

സു | Su said...

നല്ല കവിത. :|

Anonymous said...

ഇഞ്ചീ,
നല്ല ആശമാണ്. എന്നാല്‍
<>പകലമ്മ കൊടുത്ത പുട്ടും, ഹോര്‍ളിക്സും ദഹിച്ചു തീരും മുന്‍പേ,പൊതിഞ്ഞു കൊടുത്ത ബിസ്കറ്റുകള്‍ കായലില്‍ അലിഞ്ഞു തീര്‍ന്നു പോയി<>
വരികളില്‍ അല്‍പ്പം ചോക്ലേറ്റ് രുചിയടിച്ചു.
അല്‍പ്പം കൂടി നന്നാക്കാമായിരുന്നു ആയിടങ്ങളില്‍.

<>കെട്ടിപ്പിണഞ്ഞ മതവും ചാരവും,
നീറുന്ന കണ്ണുകള്‍ പഴങ്കഥയാവണം<> നല്ല സിമ്പല്‍‌സ്

വേണു venu said...

ഇഞ്ചീ,
കവിത ഇഷ്ടമായി.
നാലുകെട്ടിന്‍റെ പുതുക്കി പണിയും ഇഷ്ടപ്പെട്ടു. വീടെങ്ങനെ അല്ങ്കോലമാക്കാമെന്ന പോസ്റ്റിലെ എല്ലാ സാദ്ധ്യതകളും ഇവിടെ ഉപയോഗിച്ചു അല്ലേ.:)

ചീര I Cheera said...

കവിത ഇഷ്ട്ടപ്പെട്ടു.‍
വരികളിലെ നൊമ്പരം ശരിയ്ക്കും അറിയുന്നുണ്ട്.

reshma said...

എനിക്കും ഇഷ്ടമായി.

Haree said...

ഇഞ്ചിച്ചേച്ച്യേ,
പോസ്റ്റ് തിടുക്കത്തിലായോ എന്നൊരു സംശയമില്ലാതില്ല.

കെട്ടിപ്പിണഞ്ഞ മതവും ചാരവും
സംഝോദായിലെ കരിഞ്ഞ വസ്ത്രങ്ങളും
പെട്ടിയില്‍ സൂക്ഷിച്ച കാലനെയവര്‍
ഓടുന്ന വണ്ടിയില്‍ ഉപേക്ഷിച്ചു പോയവര്‍

ഈ വരികളിലെ സൌന്ദര്യവും തീഷ്ണതയും മറ്റു വരികള്‍ക്കുണ്ടോ, സംശയമാണ്. :)
--

ഏറനാടന്‍ said...

ഇഞ്ചിപ്പേണ്ണേ കടലിന്നക്കരെനിന്നെങ്കിലും ഒരാള്‍ വിലാപകാവ്യം വൈകാതെതന്നെയിട്ടല്ലോ.

വായിച്ചപ്പോള്‍ ഒരു കുഞ്ഞിന്റെ വാശിയാലുള്ള ആവശ്യമായിട്ട്‌ തോന്നി "പുതിയ ടീവീ വേണമെന്ന്!"

നിര്‍മ്മല said...

ഇപ്പോഴാണ്‌ ആ പേര്‌ അന്വര്‍ത്ഥമായത്‌ -
വീര്യവും ഔഷധ ഗുണവുമുള്ള ഇഞ്ചി!
തമാശയുടെ തൊലിക്കുള്ളിലൊളിച്ചിരുന്ന് നീറുന്ന നീരു പേറുന്നിഞ്ചി!

Siji vyloppilly said...

വളരെ നല്ല ആശയം.

ബിന്ദു said...

പല ചാനലുകള്‍ ഇല്ലാത്തതുകൊണ്ടെന്റെ ടെലിവിഷനെ ആദ്യായിട്ട് കണ്ടു. പകരം വിവിധ പത്രങ്ങള്‍ കിട്ടുന്ന എന്റെ കമ്പ്യൂട്ടര്‍ വില്‍ക്കാന്‍ വച്ചു. എനിക്കും സന്തോഷം മാത്രം മതി.

myexperimentsandme said...

നന്നായിരിക്കുന്നു.

ലോനപ്പന്‍ പറഞ്ഞതുപോലെ ഹോര്‍ലിക്സിനും ബിസ്‌കറ്റിനും പകരം നമ്മുടെ നാടന്‍ ചോറുപൊതിയായിരുന്നുവെങ്കില്‍ എന്ന് വെറുതെ ഒന്ന് തോന്നി.

നല്ലപോലെ മനസ്സിലായ ഒരു കവിത. അതും പെട്ടെന്നെഴുതിയത്. കൊള്ളാം.

ഒളിച്ചോടിയിട്ട് കാര്യമില്ല, എങ്ങിനെ അതിജീവിക്കാം എന്ന് നോക്കാം.

ഷാനവാസ്‌ ഇലിപ്പക്കുളം said...

ഇഞ്ചീ, കവിത അവസരോചിതം, നന്ന്. കവിതയ്ക്ക് പുരത്തേയ്ക്ക് അല്പം കൂടി:
എത്രയെത്ര മാതാപിതാക്കളുടെ സ്വപനങ്ങളും ആശകളുമാണ് കായല്‍ പരപ്പില്‍ പൊലിഞ്ഞത്. ഇതിനുത്തരവാദിത്വം ആരുടെയെങ്കിലും തലയില്‍ കെട്ടിവെക്കാന്‍ വേണ്ടിയല്ല, നാളെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കനെങ്കിലും വേണ്ടിയെങ്കിലും ഇതില്‍ കുറ്റക്കാരായവരെ ആരെയും രക്ഷപ്പേടാന്‍ അനുവദിക്കരുത്.ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയുടെ മറ്റൊരു ക്രൂരമുഖം. സങ്കടപ്പെടുത്തുന്ന വാര്‍ത്തകള്‍ക്കിടയിലും കച്ചവടം കണ്ടെത്തുന്ന മാധ്യമ ശവം തീനികളും,ഹാ കഷ്ടം. ദുഖിതരായ, തങ്ങളുടെ മാത്രം നഷ്ടമായ പിഞ്ചോമനകളുടെ അകാല നഷ്ടത്തില്‍ മാതാപിതാക്കളുടെ കണ്ണീരില്‍ പങ്കുചേരുന്നു. അവര്‍ക്ക് മനശ്ശാന്തി നല്‍കാന്‍ പ്രാര്‍ത്ഥിക്കുന്നു.

പ്രിയംവദ-priyamvada said...

എന്തു ചെയ്യാം ..ഈ 'ടെലിവിഷം' വിഴുങ്ങി മരിക്കാനാണല്ലൊ കാണികളുക്കു യോഗം...

Kalesh Kumar said...

കവിത നന്നായിട്ടൂണ്ട്.

ലോകം അങ്ങനെയല്ലേ? എന്തൊക്കെ സംഭവിച്ചാലും ഷോ മസ്റ്റ് ഗോ ഓണ്‍....

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

മോബ്‌ ചാനല്‍ http://www.mobchannel.com സ്പോണ്‍സര്‍ ചെയ്യുന്ന മികച്ച മലയാളം ബ്ലോഗുകള്‍ക്കുള്ള ഫെബ്രുവരി മാസത്തെ മത്സരത്തിനായി എന്ട്രികള്‍‍ ക്ഷണിക്കുന്നു. താങ്കളുടെ പോസ്റ്റിന്റെ ലിങ്ക് vidarunnamottukal@gmail.com ലേക്ക് അയക്കുക. എല്ലാ വിഭാഗത്തില്‍ പെട്ട ബ്ലോഗുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു www.mobchannel.com or http://vidarunnamottukal.blogspot.com/ സന്ദര്‍ശിക്കുക..... എന്ട്രികള്‍‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം 28.2.2007 ആണ്.

Anonymous said...

ടിവി വില്‍ക്കൂ..പുതിയത് വാങാതെയുമിരിക്കൂ..

കരീം മാഷ്‌ said...

ഇവിടെ സെക്കന്‍ഡ് ഹാന്‍ഡ് ഇലക്ട്രോണിക് സാധനങ്ങള്‍ വില്‍ക്കനുടെന്ന പരസ്യം കേട്ടു വന്നതാ.
പഴയ ടി.വി.കെന്നാ വില.

keralafarmer said...

ഇഞ്ചീ ആ റ്റി.വി ഏതെങ്കിലും യുഎയി ക്കാര്‍ക്ക്‌ കൊടുക്കണെ ചിലപ്പോള്‍ അവര്‍ക്കതില്‍ കലേഷ്‌കുമാറിനെ നാണാന്‍ കഴിഞ്ഞെന്നു വരും. (വരുമ്പോള്‍ ഞാന്‍ അറിയിക്കാം) ഈ ബൂലോഗര്‍ പറയുന്നതും കേട്ട്‌ തല്ലിപ്പൊളിച്ച്‌ തറയിലിട്ടുകളയരുതെ. അത്‌ ഒരിക്കലും വളമാകില്ല. അതു വെറും റ്റീ വീ വേസ്റ്റ്‌, അത്തരം വേസ്റ്റുകളെ നമുക്ക്‌ ചന്ദ്രനിലോ ചൊവ്വയിലോ കൊണ്ടുചെന്നെത്തിക്കാം.