2007-07-09

അസ്ഥിത

ഒരിടത്തൊരിടത്ത് ഒരു സന്തുഷ്ട കുടുമ്പം. ചുവന്ന കെഎസ്ആര്‍ടിസി ബസ്സിന്റെ പുറകില്‍ ത്രികോണാകൃതിയിലെ മഞ്ഞ നിറത്തിലുള്ള സന്തുഷ്ട പരസ്യങ്ങള്‍ പോലെ അച്ഛനും അമ്മയും രണ്ട് കുഞ്ഞുമക്കളും. കുഞ്ഞുങ്ങള്‍ പൊന്നോമനമക്കളായി അച്ഛനും അമ്മയും എന്നും ഉരുട്ടിയുരുളകളായി കൊടുക്കുന്ന ഒരുപാട് പ്രതീക്ഷകള്‍ ഭക്ഷിച്ച് ചിട്ടയോടെ വളരുന്നു. ഇളയ കുട്ടിക്ക് ആറ് വയസ്സും മൂത്ത കുട്ടിക്ക് പത്ത് വയസ്സും. ആദ്യത്തെ പ്രസവം കഴിഞ്ഞ് ഗയനക്കോളജിസ്റ്റ് പറഞ്ഞു കൊടുത്തിരുന്നതുപോലെ അച്ചട്ടായി അഞ്ച് വര്‍ഷം ഗ്യാപ്പില്‍. ജോലിക്ക് പോവുന്ന അച്ഛന്‍. സ്കൂളില്‍ പോകുന്ന മക്കള്‍. അവരെ കാത്തിരിക്കുന്ന അമ്മ. ശുഭം.

ഇളയവളുടെ ആറാം പിറന്നാള്‍ ആഘോഷിച്ച് അധിക ദിവസങ്ങള്‍ കഴിയുന്നതിനു മുന്‍പേ അമ്മ മരണമടയുന്നു. തികച്ചും സ്വാഭാവിക മരണം. ആരേയും കുറ്റം പറയാന്‍ സാധിക്കാത്ത ഒരു ചെറിയ പനിയില്‍ തുടങ്ങി, ഒരു ചെറിയ പനി വന്നാല്‍ മതി ഇക്കാലത്ത് എന്ന് ആളുകള്‍ പറയുന്ന തരത്തിലുള്ള മരണം.

അലറിവിളിക്കുന്ന മക്കളുടെ കരച്ചില്‍ കണ്ട് നില്‍ക്കുന്നവര്‍ക്ക് തീമഴ പോലെ മനസ്സില്‍. അറിവുള്ള പ്രായം. മരണം എന്നത് നീണ്ട ഒരു ഉറക്കമല്ലായെന്നും ഇനിയുമൊരിക്കല്‍ അമ്മയുടെ ശ്വാസം മുഖത്ത് വീഴുമെന്നും പ്രതീക്ഷയില്ലാത്ത പ്രായം. മരവിച്ച് ഇരിക്കുന്ന ഗൃഹനാഥനോട് പലരും കരയാന്‍ ഉപദേശിച്ചു. സങ്കടം ഉള്ളില്‍ ഒതുക്കുന്നത് പിന്നീട് ദോഷം ചെയ്യുമത്രെ. അതെ അതെ, പിന്നീട് പില്‍ക്കാലത്ത്, ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ പ്രതീക്ഷയുടേയും ജീ‍വിതത്തിന്റേയും. ഒരു മരണത്തിനു ശേഷവും ജീവിതം ഉറ്റുനോക്കുന്നണ്ടല്ലൊ, മരിക്കുന്നവര്‍ക്ക് പിടികിട്ടാത്തത്.

അധികം ദിവസങ്ങള്‍ അമ്മയില്ലാതെ മക്കളോ ഭര്‍ത്താവോ പിരിഞ്ഞ് ജീവിച്ചിട്ടില്ല്ല. ഉടുപ്പ് തേച്ചുകൊടുക്കുവാനും, മുടി ചീകി റിബ്ബണുകള്‍ കെട്ടുവാനും, കൂടെ ചിരിക്കാനും കരയാനും അമ്മയല്ലാതെ വേറാരാണ്? വലുതാവുമ്പോള്‍ അമ്മക്ക് വലിയ വലിയ സാധനങ്ങള്‍ വാങ്ങിക്കൊടുത്ത് സന്തോഷവതിയാക്കുമെന്നും, മക്കള്‍ വലുതായശേഷം അവള്‍‍ക്കിഷ്ടമുള്ള സ്ഥലങ്ങളിലെല്ലാം രണ്ട് പേരും ചേര്‍ന്ന് സര്‍ക്കീട്ടടിക്കണമെന്നും മക്കളും ഭര്‍ത്താവും അമ്മയോടു എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു. അമ്മയുടെ തീരാത്ത തോരാത്ത സ്നേഹത്തിനു പകരം വെക്കാ‍ന്‍ പ്രതീക്ഷകള്‍ കൊണ്ടു കൊരുത്ത ‍വാക്കുകളെങ്കിലും വെക്കണമല്ലൊ.

മരണം രംഗബോധമില്ലാത്ത കോമാളിയെന്ന് പഴഞ്ചൊല്ലുകള്‍ പടച്ച് വിട്ടത് വെറുതയല്ലല്ലൊ. മരണശേഷം വീട് മൂന്ന് പേരും തികച്ചും വെറുത്തു. ഇനിയീ വീട്ടില്‍ ജീവിക്കണ്ടായെന്നും മറ്റൊരു വീട്ടിലേക്ക് മാറണമെന്നും മക്കള്‍ ശാഠ്യം പിടിച്ചു. വീട് ഒരു വലിയ കുഴിയിലേക്ക് പതിച്ചതുപോലെ. സ്കൂളില്‍ നിന്നും ഓഫീസില്‍ നിന്നും തിരിച്ച് വരുമ്പോള്‍ അന്ധകാരത്തിലേക്ക് നടന്നടുക്കുന്ന തോന്നല്‍. വിജാഗിരിയില്‍ എണ്ണതേക്കാത്ത കര കര കരയുന്ന വീട്ടില്‍ ഇങ്ങിനെ ഓര്‍ത്തും കരഞ്ഞും എത്ര നാള്‍?

അമ്മ മരിച്ചത് വളരെ പെട്ടെന്നായിരുന്നതിനാല്‍ ഒന്നും തയ്യാറാക്കി വെച്ചിട്ടില്ലായിരുന്നു. മരിക്കുമെന്നുറപ്പായിരുന്നെങ്കില്‍ കുറച്ച് പാവക്കാ കൊണ്ടാട്ടവും, ചമ്മന്തിപ്പൊടിയും, പലവിധ അച്ചാറുകളും കുപ്പികളിലും ഭരണികളിലും നിറഞ്ഞിരുന്നേനെ. വ്യാഴാഴ്ച ഒരു ചെറിയ പനിപോലെ തോന്നിയിരുന്നു എന്ന് പറഞ്ഞത് ഭര്‍ത്താവിനു ഓര്‍മ്മയുണ്ട്. അടുക്കളയിലെ പണികള്‍ കഴിഞ്ഞ് വന്ന് കിടക്കാന്‍ നേരം, ഒന്ന് തൊട്ട് നോക്കൊ എന്നവള്‍ ചോദിച്ചത് ഉറക്കത്തില്‍ വഴുതി വീഴും മുന്‍പ് ചെറിയരോര്‍മ്മ പോലെ. എപ്പോഴത്തേയും പോലെ അവള്‍ കുട്ടികള്‍ക്ക് ഭക്ഷണം ഒരുക്കുന്നത് കേട്ടെഴുന്നേറ്റതാണ് അടുത്ത ദിവസം. പനി മാറിയോയെന്ന് ഓഫീസിലേക്ക് പത്രവുമെടുത്ത് പടിക്കലേക്ക് പോവുംനേരം പിന്നോട്ട് എറിഞ്ഞിരുന്നു. അവള്‍ കയ്യെത്തിപ്പിടിച്ചോ ആവൊ ആ ചോദ്യം? അറിയില്ല. പിന്നെ അവളെ ജീവനോടെ കണ്ടിട്ടില്ലല്ലൊ.

തൊട്ടപ്പറത്തെ ലക്ഷ്മിടീച്ചറാണ് കണ്ടുപിടിച്ചത്. ലക്ഷ്മി ടീച്ചറെ തനിക്ക് തീരെ ഇഷ്ടമല്ലായെന്നും വീട്ടില്‍ വരുമ്പോള്‍ അധികം നേരം വര്‍ത്തമാനം പറഞ്ഞിരുത്തരുതെന്നും എത്രയോ തവണ അവളോട് പറഞ്ഞിരിക്കുന്നു. വേറെ ആരാ പകല്‍ ഒന്ന് മിണ്ടാന്‍ വരാന്ന് അവളും. വീട്ടില്‍ എത്രയോ കാര്യങ്ങള്‍ ചെയ്യാന്‍ കിടക്കുന്നു, ലക്ഷ്മി ടീച്ചറുടെ റിട്ടയറായ പകലുകള്‍ക്ക് ഇവളാണ് ഇര. കൂട്ടാണത്രെ. ആ കൂട്ട് വളരെ ആശ്വാസ്യമെന്ന് അവളും. നിറുത്താതെ വര്‍ത്തമാനം പറയുന്ന, സ്കൂളിലെ മാര്‍ക്കുകള്‍ ചോദിക്കുന്ന, കവിളില്‍ നുള്ളുന്ന ലക്ഷ്മി ടീച്ചറെ കുട്ടികള്‍ക്കും ഇഷ്ടമല്ലായിരുന്നു.

ലക്ഷ്മിടീച്ചറാണ് ബോധം കെട്ടുകിടക്കുന്ന അമ്മയെ കണ്ടത്. അടുപ്പത്ത് ചീരത്തോരനും, സാമ്പറും തയ്യാറാക്കി വെച്ചിരുന്നു. സ്റ്റൌവ് അണച്ചിരുന്നു. സ്റ്റൌവ് അണച്ചില്ലായിരുന്നെങ്കിലോ എന്ന് മരണവിവരം അറിഞ്ഞപ്പോള്‍ പലരും ഭയന്ന് അന്യോന്യം ചോദിച്ചു. സാമ്പാറിന്റേയും ചീരത്തോരന്റേയും ഗന്ധം വീട്ടില്‍ നിറഞ്ഞുനിന്നിരുന്നു. സാമ്പാര്‍ മൂപ്പിക്കുമ്പോള്‍ ആവശ്യത്തിലധികം കായം ചേര്‍ക്കും അമ്മ. തുളച്ച് കയറുന്ന കായപ്പൊടിയുടെ മണം അണ്ണാക്ക് വരെ കയ്പ്പിക്കും. ആശുപത്രിയില്‍ നിന്ന് മൃതദേഹം കൊണ്ടുവരുമ്പോഴും ചിത അണഞ്ഞിട്ടും സാമ്പാറിന്റെ ഗന്ധം വീട്ടില്‍ നിറഞ്ഞുനിന്നിരുന്നു. അമ്മയുടെ മണം, വിട്ടുപോകാന്‍ മനസ്സു വരാതെ.

ഭാര്യ മരിച്ചിട്ട് അധികം നാള്‍ അതായത് ഏകദേശം ആറ് മാസം കഴിഞ്ഞതോട് കൂടി ലക്ഷ്മി ടീച്ചറുടെ ശല്ല്ല്യം കൂടിക്കൂടി വന്നു. ഒരു കല്ല്യാണം കഴിച്ചുകൂടെ, രണ്ട് പെണ്‍മക്കളല്ലേയെന്ന് ചന്തയിലും ബസ് സ്റ്റോപ്പിലും അവര്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. അവസാനം ഒരു നാള്‍ കര്‍ക്കശമായി തന്റെ കാര്യത്തില്‍ ഇനി ഇടപെടരുതെന്ന് അയാള്‍ക്ക് പറയേണ്ടി വന്നു. പിന്നെ എന്തു ചെയ്യും? അവളുടെ ഓര്‍മ്മകള്‍ ഒരു നിമിഷം പോലും മായാതെ അവളെ മാത്രം ഓര്‍ത്ത് ജീവിക്കാന്‍ തുനിയുമ്പോള്‍ ഇങ്ങിനെയുള്ള അനാ‍വശ്യ ഇടപെടലുകള്‍. അവള്‍ ഇല്ലാതായപ്പോഴാണ് വീടിന്റെ ഓരോ അണുവിലും അവളുണ്ടായിരുന്നുവെന്ന് മനസ്സിലായത്. സ്വന്തമായി എത്ര കുളി കുളിച്ചു കഴിഞ്ഞാലും കുട്ടികളുടെ ചെവിയുടെ പുറകില്‍ അഴുക്കുണ്ടാവുന്നതുപോലെ, എന്തു ചെയ്താലും ആരൊക്കെ ചെയ്താലും അവള്‍ ചെയ്യുന്നപോലെ ഒന്നും എവിടേയും എത്തുന്നില്ല. ജീവിച്ചിരുന്നപ്പോഴത്തേക്കാളും അവള്‍ മരിച്ചതിനു ശേഷമാണ് അവളെ സ്നേഹിച്ചു തുടങ്ങിയത് എന്നയാള്‍ ഭയപ്പാടോടെ കുറ്റബോധത്തോടെ ഓര്‍ത്തു.

മൂത്തവള്‍ ഋതുമതിയായപ്പോള്‍ വൈമനസ്യത്തോടെ ലക്ഷ്മി ടീച്ചറെ സഹായത്തിനു വിളിക്കേണ്ടി വന്നു. അന്നവര്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു, കല്ല്യാണം കഴിക്കുന്നതിനെപ്പറ്റി. വളരുന്ന പെണ്‍കുട്ടികള്‍ക്ക് അമ്മയുടെ ആവശ്യത്തെപറ്റി. പക്ഷെ ടീച്ചറേ, എന്റെ കുട്ടികളെ അവര്‍ നോക്കിയില്ലെങ്കിലൊ എന്ന് വേദനയോടെ ചോദിച്ചു. അതൊക്കെ വെറും കെട്ട് കഥകളല്ലേ മോനേയെന്ന് സ്നേഹത്തോടെ പുഞ്ചിരിയോടെ അവര്‍. അന്നാദ്യമായി ലക്ഷ്മിടീച്ചറോട് കുറച്ചധികം നേരം വര്‍ത്തമാനം പറഞ്ഞിരുന്നു. എന്റെ കുട്ടികള്‍ എന്നോട് ക്ഷമിക്കുമോ ടീച്ചറേയെന്നുള്ള ചോദ്യത്തിനു ഇതവര്‍ക്ക് വേണ്ടി മാത്രമല്ലേയെന്ന് കണ്ണുകളിലേക്ക് നോക്കി ലക്ഷ്മി ടീച്ചര്‍ വീണ്ടും വീണ്ടും ആശ്വസിപ്പിച്ചു.

ഇതിനു ശേഷം കഥാകാരി ആകെ പരുങ്ങലിലായിരിക്കുകയാണ്. എങ്ങിനെയാണ് കഥ ഇനി മുന്നോട്ട് കൊണ്ട് പോവുക? അച്ഛന്റെ മനസ്സിളകി കഴിഞ്ഞിരിക്കുന്നു. കഥ ശുഭപര്യയവസാനിപ്പിക്കാതെ
‘രണ്ടാനമ്മയും’ മക്കളുമായുള്ള സന്ദര്‍ഭങ്ങള്‍ വിശദീകരിച്ച് ഇതൊരു പൈങ്കിളി കഥയാക്കാം. അല്ലെങ്കില്‍ എല്ലം ശുഭം എന്ന നാട്യത്തില്‍ അച്ഛന്റേയും മക്കളുടെയും മനോവിഷമത്തിലൂടെ നടന്ന് ഇതിനൊരു അത്യാധുനിക കഥയുടെ പരിവേഷം നല്‍കാം.

അഹം നശിച്ചിരിക്കുന്നു. തന്റേതായിട്ട് ഒന്നുമില്ല. മണ്ണിടിഞ്ഞ് കഴിഞ്ഞിരിക്കുന്നവര്‍ക്ക് പകരക്കാര്‍ എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതെങ്ങിനെ പറഞ്ഞ് ഫലിപ്പിക്കും? എവിടെന്ന് തുടങ്ങും? ഭൂജനതയുടെ തീവ്രമായ വികാരത്തിന്റെ കൊങ്ങക്കാണ് കൈവെച്ചിരിക്കുന്നത്. ഇത് നന്നായി പറഞ്ഞ് ഫലിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എഴുത്ത് തന്നെ ഉപേക്ഷിക്കേണ്ടതായി വരും. അമ്മയ്ക്ക് പകരം വെയ്ക്കാന്‍ ആരും ഇതുവരെ കഥകളില്‍ വന്നിട്ടില്ലല്ലൊ.

പുതിയ കല്ല്യാണം കഴിഞ്ഞ് രണ്ട് കൊല്ലത്തിനു ശേഷം കഥാകാരി കഥാപാത്രങ്ങളെ ഇന്റര്‍വ്യൂ ചെയ്യുകയാണെങ്കിലൊ?

അച്ഛന്‍? മക്കള്‍ക്കൊരമ്മ ഉണ്ടാവണമെന്നേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളൂ. അല്ലാതെ ചെറുപ്പത്തില്‍ ഭാര്യ നഷ്ടപ്പെട്ടതിന്റെ വിഷമം ഒന്നുമല്ലായിരുന്നു പിന്നീടെന്നെ കല്ല്യാണം കഴിക്കാന്‍ പ്രേരിപ്പിച്ചത്. സുഭിക്ഷമായ അത്താഴവും കഴിഞ്ഞ് കട്ടിലില്‍ ചാഞ്ഞ് കിടന്ന് അവള്‍ കിടപ്പറിയിലേക്ക് വരുന്നതും കാത്ത് കിടക്കുമ്പോഴാവും അദ്ദേഹം ഇത് പറയുക. അവള്‍ വന്ന് കഴിഞ്ഞാല്‍ അവളുടെ തോളില്‍ അധികാരത്തോടെ കയ്യ് ചേര്‍ത്ത് ഇതിനൊരു തിരുത്തദ്ദേഹം തരും. ഇവളുടെ സ്നേഹം എല്ലാ വിഷമവും മായ്ച്ചുകളഞ്ഞിരിക്കുന്നു. പക്ഷെ ചെറിയ പനി എനിക്കിപ്പോഴും നേരിയ ഭയമുളവാക്കാറുണ്ട്.

മകള്‍? അച്ഛന്‍ കല്ല്യാണം കഴിക്കുന്ന ദിവസം അമ്മയുടെ ഫോട്ടോ കെട്ടിപ്പിടിച്ച് കരയണമെന്നും പുതിയ അമ്മയുടെ മുഖത്തേക്ക് ഒരിക്കലും നോക്കില്ലെന്നും ഒക്കെ കരുതിയിരുന്നു. പക്ഷെ കല്ല്യാണം ദിവസം വളരെ തിരക്കുള്ളതായിരുന്നു. ചീരത്തോരനും സാമ്പാറും ജീവിതത്തിലൊരിക്കലും കഴിക്കില്ലെന്നും നിശ്ചയിച്ചിരുന്നു. അണ്ണാക്ക് വരെ കയ്പ്പിക്കുന്ന കയ്പ്പ് സാമ്പാര്‍ മൂപ്പിക്കുമ്പോള്‍ പിന്നീട് തോന്നിയിട്ടില്ല.

രണ്ടാമത്തെ മകള്‍? ഈ അമ്മയേയും ആ അമ്മയേയും (ഫോട്ടോയിലേക്ക് കൈ ചൂണ്ടി) എനിക്കിഷ്ടാ. ഒരു ദിവസം പുതിയ അമ്മയുടെ വയറ്റില്‍ നിന്ന് ജനിച്ചെങ്കില്‍ എന്ന് ഒരിക്കല്‍ ചേച്ചിയോട് പറഞ്ഞതിനു ചേച്ചി എന്നെ ഒരുപാട് തല്ലുകയും ഒപ്പം കരയുകയും ചെയ്തു. പുതിയ അമ്മ അതീവ സുന്ദരിയായിരുന്നു.

കഥാകാരി ആകെ വിഷമാവസ്ഥയിലാണ്. എങ്ങിനെയാണിതിനെ ജനമദ്ധ്യത്തിലേക്കിറക്കുക? അമ്മ മരിച്ചതിന്റെ ദു:ഖം കുട്ടികളിലും ഭര്‍ത്താവിലും ഇപ്പോള്‍ കാണുന്നില്ലയെന്ന് പറഞ്ഞാല്‍ തന്നെ ഒരു കാപാലിക ആയി സമൂഹം മുദ്രചാര്‍ത്തും. ചിലപ്പോള്‍ സ്ത്രീകള്‍ വഴിയോരത്തും മാര്‍ജിന്‍ ഫ്രീ മാര്‍ക്കെറ്റിലും കാണുമ്പോള്‍ കാര്‍ക്കിച്ചു തുപ്പിയെന്നും വരും. രഹസ്യമായി പുരുഷന്മാര്‍ തന്നെ അഭിനന്ദിക്കുമ്പോഴും അമ്മയുടെ അര്‍ത്ഥങ്ങള്‍ക്ക് വെറുമൊരു ജോലിക്കാരിയുടെ വിലയേ കൊടുത്തുള്ളൂവെന്ന് തന്നെ പരസ്യമായി പഴി ചാര്‍ത്തും.

പക്ഷെ

കഥ എഴുതിക്കൊണ്ടിരുന്ന പേജുകള്‍ നോട്ട് ബുക്കില്‍ നിന്ന് വലിച്ച് കീറി ചവറ്റു കൊട്ടയിലേക്ക് നടക്കുമ്പോഴാണ് ആരോ മേശപ്പുറത്ത് തുറന്ന് വെച്ചിരുന്ന ബൈബിളില്‍, 1 രാജാക്കന്മാര്‍ കണ്ണില്‍ പെട്ടത്. പേജുകള്‍ മറിച്ചുനോക്കുമ്പോള്‍ പിന്നേയും കണ്ടു പലതവണ വായിച്ചിട്ടും മനസ്സിലാകാത്ത ഒരു വചനം.

രാജാക്കന്മാര്‍ 1: 24
ഒരു വാള്‍ കൊണ്ടു വരുക; രാജാവ് കല്പിച്ചു; സേവകന്‍ വാള്‍ കൊണ്ടു വന്നു.
രാജാവ് വീണ്ടും കല്‍പ്പിച്ചു; ജീവനുള്ള കുഞ്ഞിനെ രണ്ടായി പകുത്തു രണ്ടു പേര്‍ക്കും കൊടുക്കുക.
ഉടനെ ജീവനുള്ള ശിശുവിന്റെ അമ്മ തന്റെ കുഞ്ഞിനെയോര്‍ത്തു ഹൃദയം നീറി പറഞ്ഞു: യജമാനനേ കുട്ടിയെ കൊല്ലരുത്; അവനെ അവള്‍ക്ക് ജീവനോടെ കൊടുത്തുകൊള്ളുക. എന്നാല്‍, മറ്റവള്‍ പറഞ്ഞു : കുട്ടിയെ എനിക്കും വേണ്ടാ, നിനക്കും വേണ്ട; അവനെ വിഭജിക്കുക.


ഇല്ല. ഇത് തെറ്റാണ്. എഴുതേണ്ടിയിരിക്കുന്നു മറ്റമ്മയെക്കുറിച്ച്.

വായനക്കാര്‍ക്ക് : ഈ കഥ കഥാകാരി ചവറ്റു കൊട്ടയില്‍ നിക്ഷേപിച്ചിരിക്കുന്നു. മറ്റമ്മ എന്നൊരു കഥയുടെ പണിപ്പുരയിലാ‍ണ് കഥാകാരി. സദയം ക്ഷമിക്കുക.

33 പ്രതികരണങ്ങള്‍:

സു | Su said...

ഇനി മറ്റമ്മയുടെ കഥ എഴുതുമ്പോള്‍ വായിക്കാം. ഇതെന്തായാലും ഒരുവഴിക്കായി. അല്ലെങ്കില്‍ ബാക്കി, വായനക്കാര്‍ക്ക് വിട്ടുകൊടുക്കാം. അച്ഛന്‍, പെണ്‍‌മക്കള്‍ എന്നിവരുടെ കൂടെ, ലക്ഷ്മിട്ടീച്ചര്‍, മറ്റ് അയല്‍ക്കാര്‍ എന്നിവരോടും കൂടെ അഭിപ്രായം ചോദിക്കാം.

Haree said...

വട്ടായോ???

ഇതാണു പറയുന്നത് അധികമൊന്നും ചിന്തിക്കാന്‍ പോവരുതെന്ന്. ഇവിടെ സാമൂഹിക വ്യവസ്ഥിതി എന്നുപറഞ്ഞൊരു സാധനമുണ്ട്, അതിനൊത്തങ്ങ് തുഴഞ്ഞാല്‍ നമ്മള്‍ മാന്യന്മാരാവും. പിന്നെ, അതിനെതിരെ തുഴഞ്ഞ് ജീവിക്കാം, പക്ഷെ മിനിമം ഒരു ലോക്കല്‍ ബുദ്ധിജീവി/എഴുത്തുകാരന്‍ എങ്കിലുമായിരിക്കണം. സാധാരണക്കാര്‍ക്ക് ജീവിക്കുവാനുള്ള മാര്‍ഗരേഖയാണ് വ്യവസ്ഥിതി. അതുണ്ടാക്കിയത് നമ്മളൊക്കെത്തന്നെ, പക്ഷെ അതിപ്പോള്‍ നമ്മളെയാണ് ഭരിക്കുന്നത്. അതാര്‍ക്കും പിടികിട്ടുകയുമില്ല!!!
--

Anonymous said...

nice as usual.

quick question what happened to pinmozhi? has it been discontinued??

സു | Su said...

അസ്ഥിത? അസ്ഥിരത?

സു | Su said...

അസ്ഥിത തന്നെ. :)

-B- said...

കൂടിയോ? ;)

വല്യമ്മായി said...

പ്രിയപ്പെട്ട കഥാകാരി,

എന്താണ് നിങ്ങള്‍ക്കറിയേണ്ടത്,പതിനെട്ടു വര്‍ഷം ഉമ്മയുടെ മകളായി പതിനഞ്ച് വര്‍ഷം മറ്റമ്മയുടെ മകളായി ജിവിച്ച എനിക്കൊരുത്തരം തരാന്‍ കഴിഞ്ഞേക്കും.

പുള്ളി said...

"അമ്മ മരിച്ചത് വളരെ പെട്ടെന്നായിരുന്നതിനാല്‍ ഒന്നും തയ്യാറാക്കി വെച്ചിട്ടില്ലായിരുന്നു. മരിക്കുമെന്നുറപ്പായിരുന്നെങ്കില്‍ കുറച്ച് പാവക്കാ കൊണ്ടാട്ടവും, ചമ്മന്തിപ്പൊടിയും, പലവിധ അച്ചാറുകളും കുപ്പികളിലും ഭരണികളിലും നിറഞ്ഞിരുന്നേനെ. "
ക്വോട് ചെയ്യാതിരിയ്ക്കാന്‍ കഴിയുന്നില്ല...
ഇഞ്ചീ, ഇത് വളരെ വ്യത്യസ്ഥ‌മായ ഒരു അമ്മക്കഥ. ഇഷ്ട്പ്പെട്ടു.

കരീം മാഷ്‌ said...

ഇഷ്ട്പ്പെട്ടു.

ദീപു : sandeep said...

വായിച്ചുതുടങ്ങിയപ്പോള്‍ തോന്നി ഇതെന്തുപറ്റി പലപ്രാവശ്യം പലരും ആവര്‍ത്തിച്ച കഥ പിന്നേം പറയാന്‍ ന്ന്‌. പിന്നെയല്ലേ ഗുട്ടന്‍‌സ്‌ മനസ്സിലായത്‌.

ഇനി ലക്ഷ്മിട്ടീച്ചര്‍ പറേണപോലെ മറ്റമ്മയുടെ കഥ എഴുതിയാല്‍ മതി... ഇനി വേണേല്‍ മറ്റമ്മയെ ലക്ഷ്മിട്ടീച്ചറിന്റെ വകയിലുള്ള ഒരു ബന്ധു ആക്കാം. ചുമ്മാ ഒരു രസത്തിന്‌

G.MANU said...

injiyute injimanasu valarunnallo....

Anonymous said...

അമ്മ മരിച്ചത് വളരെ പെട്ടെന്നായിരുന്നതിനാല്‍ ഒന്നും തയ്യാറാക്കി വെച്ചിട്ടില്ലായിരുന്നു. മരിക്കുമെന്നുറപ്പായിരുന്നെങ്കില്‍ കുറച്ച് പാവക്കാ കൊണ്ടാട്ടവും, ചമ്മന്തിപ്പൊടിയും, പലവിധ അച്ചാറുകളും കുപ്പികളിലും ഭരണികളിലും നിറഞ്ഞിരുന്നേനെ.

കഥ മാധവിക്കുട്ടിയുടെ "നെയ്പ്പായസം" എന്ന കഥയുടെ കോപ്പി ആണു. മുഴുവനല്ല. ആദ്യപകുതി അതാണ്.

മരണത്തിന് മുന്നേ അമ്മ ഉണ്ടാക്കി വെച്ച ചോറൂം കറിയും നെയ്പ്പായസവും കഴിക്കുന്ന കുഞ്ഞുങ്ങളും ഭര്‍ത്താവും.

ബാക്കി പകുതി (സുബാഷ് ചന്ദ്രന്റെ ആണെന്ന് തോന്നുന്നു) 'കരടി' എന്ന കഥയും. ഒരച്ഛനും മകളും, മകള്‍ ഋതുമതിയാകുമ്പോള്‍ പകച്ച് നിന്ന് എന്ത് ചെയ്യണമെന്നറിയാതെ അലയുന്ന അഛന്‍. അവസാനം മുറേ ക്ലീഷെ ചേര്‍ത്തിരിക്കുന്നു

കപീഷ് said...

ഇതു വായിച്ചപ്പോള്‍ തന്നെ ഒരു മാധവിക്കുട്ടി മണക്കുന്നല്ലോ എന്ന് സംശയിച്ചതാണ്. കോപിക്യാറ്റിന്റെ കമന്റു കണ്ടപ്പ്പോള്‍ ഉറപ്പായി.
ഇങ്ങനേം മോഷ്‌ടിക്കാമോ? അതും ഇഞ്ചിയെപ്പോലെ ക്രെഡിബിലിറ്റി ഉള്ള ഒരു നല്ല എഴുത്തുകാരി!
അപ്പ പഴേതൊക്കെയും ഇമ്മാതിര്‍പ്പണി ആരുന്നോ?
ഛെ! മോശം മോശം...

Kaithamullu said...

രണ്ട് കഥേം ഞാന്‍ വായിച്ചിട്ടുണ്ട്.(നെയ്പായസവും കരടിയും) പക്ഷേ ഇഞ്ചിയുടെ കഥ വായിച്ചപ്പോള്‍ എന്തേ ഇത് രണ്ടും എനിക്കോര്‍മ്മ വന്നില്ലാ?

എസ്. ജിതേഷ്ജി/S. Jitheshji said...

മാധവിക്കുട്ടിയുടെ മണമുണ്ടെന്നത് നേരുതന്നെ. ആശയസാദൃശ്യം എവിടേം അറിഞ്ഞോ അറിയാതെയോ സംഭവിക്കാം. വാക്കുകള്‍ ,ഘടന, ക്രാഫ്റ്റ് , ഭാഷ ഇവയെല്ലാം സൂക്ഷമായി പരിശോധിക്കേണ്ടതുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഇതിനെ മോഷണം എന്നു വിളിക്കാനുമാവില്ല. പക്ഷേ മാധവിക്കുട്ടിയുടെ നെയ്പ്പായസം ഇഞ്ജി വായിച്ചില്ലെന്നു പറഞ്ഞാല്‍ മാത്രം ഞാന്‍ വിശ്വസിക്കില്ല. നെയ്പ്പായസം മണക്കുന്നത് അതിന്‍ടെ ഒരു സ്വാധീനം ഉള്ളതുകൊണ്ടാവും. പക്ഷേ രചനാശൈലിയും ഉപയോഗിച്ചിരിക്കുന്ന ഭാഷയുമൊക്കെ ഇഞ്ജിയുടെ സ്വന്തം തന്നെയാണ്‍. ഒരേ പ്രമേയത്തെ വിവിധ ആംഗിളുകളിലൂടെ എഴുതുന്നതില്‍ തെറ്റില്ല. പക്ഷേ പലരും ച്ഛര്‍ദ്ദിച്ചിട്ട പ്രമേയങ്ങള്‍ കോരിയെടുത്ത് ഊണൊരുക്കുന്നതുകൊണ്ട് ആര്‍ക്കു ഗുണം എന്ന് ഇഞ്ജി തന്നെ ആലോചിക്കേണ്ടതാണ്‍. കന്യകാത്വമുള്ള പ്രമേയവും ഭാഷയും ക്രാഫ്റ്റും കണ്ടെത്തിയാല്‍ മാത്രമേ രചനകളില്‍ പുതുമയുണ്ടാകൂ. ഇഞ്ജിയുടെ പ്രതിഭ ആ നിലയിലേക്ക് വളരെട്ടെ. ഭാവുകങ്ങള്‍ നേരുന്നു.

Inji Pennu said...

ആഹാ, കൊള്ളാലോ കോപ്പികാറ്റേ, കപീഷേ. പിന്നെ എന്തൊക്കെയുണ്ട് ആരോപണങ്ങള്‍?
എന്തായാലും ഈ പറഞ്ഞത് ഞാന്‍ കോമ്പ്ലിമെന്റായിട്ട് എടുക്കുവാണ്. മാധവിക്കുട്ടിയും സുബാഷ് ചന്ദ്രനും. ഹൊ! അത്രക്കും എന്നെ പൊക്കണ്ടായിരുന്നു. ദേ തലമുട്ടി റൂഫുമേ. സത്യം!

reshma said...

നല്ല കഥ. കൊങ്ങക്ക് പിടിച്ച് കൊണ്ട് തീര്‍ന്ന കഥ, എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഒരു ക്ലീഷെ പോലെ സമൂഹം കണ്ണും പൂട്ടി സ്വീകരിച്ച കാര്യത്തിനെ കാണിക്കാന്‍ ക്ലീഷേകള്‍ തന്നെ ഉപയോഗിച്ചത് രസമായി തോന്നി.

രാജ് said...

ക്രാഫ്റ്റ് != ബുദ്ധി.

പക്ഷെ നല്ല അറ്റമ്പ്റ്റ് എനിക്കിഷ്ടായി.

ഡാലി said...

ഇഞ്ചി നൈസ് ക്രാഫ്റ്റ്. ആശയം പഴയതാണെങ്കിലും കഥ അവതരിപ്പിച്ച രീതിയ്ക്ക് നല്ല പുതുമയുണ്ട്. സമൂഹത്തില്‍ വളരെയധികം സ്വീകരിക്കപ്പെട്ടീട്ടുള്ള ഒരു കാര്യത്തീനെതിരെ എഴുതുമ്പോള്‍ ഉണ്ടാകുന്ന ആന്തരീക സംഘര്‍ഷം കാഥാകാരിയൂടെ ക്രാഫിറ്റിലൂടെ ഇഞ്ചി നന്നായി സാധിച്ചീട്ടുണ്ട്.

ബിന്ദു said...

ഒരാളെഴുതിയ ആശയം പിന്നീടാരും എഴുതാന്‍ പറ്റില്ലായിരുന്നെങ്കില്‍ പ്രേമത്തെപറ്റി ഇത്രയധികം വായിക്കേണ്ടി വരില്ലായിരുന്നു :)
എനിക്കിതു അവസാനിപ്പിച്ച രീതി ഭയങ്കരമായിട്ട്‌ ഇഷ്ടമായി.

വേണു venu said...

സ്റ്റൌവ് അണച്ചില്ലായിരുന്നെങ്കിലോ എന്ന് മരണവിവരം അറിഞ്ഞപ്പോള്‍ പലരും ഭയന്ന് അന്യോന്യം ചോദിച്ചു.
അതു രസിച്ചു.
സാമ്പാറില്‍ കൂടുതല്‍ കായം ചേര്‍ക്കുന്നതു് സന്തോഷകരമായ കുടുംബ ജീവിതത്തിനു് നല്ലതാണു്. കായം കൂടുതല്‍ കഴിക്കുന്നതു് ദേഷ്യം കുറയ്ക്കും.(ആയുര്‍വേദം)
പാവം .
മരണം രംഗബോധമില്ലാത്ത കോമാളിയെന്ന് പഴഞ്ചൊല്ലുകള്‍ പടച്ച് വിട്ടത് വെറുതയല്ലല്ലൊ.
നെയ്പായസവും കരടിയും എന്നോ ഞാനും വായിച്ചിരുന്നു , പക്ഷേ ഈ കഥ ആസ്വദിക്കുമ്പോള്‍ ആ കഥകളിലെ കടുവറക്കുന്ന മണം പോലും എനിക്കുമുണ്ടായില്ല.
ക്രാഫ്റ്റെന്നൊക്കെ പറയുന്നതു് മലയാളത്തില്‍ രചനാകൌശലം അല്ലേ, എനിക്കിഷ്ടമായി. കഥ തീര്‍ന്നു വീഴുമ്പോള്‍,
നക്സല്‍ ബാരി (കെ.എ.അബ്ബാസ്സു്) എന്ന സിനിമയവസാനിക്കുന്നതു് എഴുതി കാണിക്കുന്നതു് ഓര്‍മ്മ വന്നു. “കഥ ഇവിടെ തുടരുന്നു. ”
മറ്റമ്മ മറ്റൊരു കഥയാകട്ടെ.:)

Siji vyloppilly said...

Inchi,

Nice story..
Eppo aduthu vaayichchathil vechu attavum nalla story..valare valare nannaayirikkunnu.

- Siji

SUNISH THOMAS said...

നെയ്പായസത്തിന്‍റെ രുചിയൊന്നുമില്ല. അത്രയ്ക്കു രുചിയില്ലെങ്കിലും സംഗതി കൊള്ളാം.
അസ്ഥിത!!!

Siju | സിജു said...

ഇളയ കുട്ടിക്ക് ആറു വയസ്സും മൂത്ത കുട്ടിക്ക് പത്തു വയസ്സും അച്ചട്ടായി അഞ്ചു വര്‍ഷം ഗ്യാപ്പില്‍.. (കണക്കിനെത്ര മാര്‍ക്കാണെന്നാ പറഞ്ഞത്..)
ഇനി ബാച്ചിലറായതു കൊണ്ട് എന്റെ കണക്ക് തെറ്റിയതാവാനും മതി.. ഇനിയും പറഞ്ഞാല്‍ ഞരമ്പ് രോഗിയാക്കും..

ഓടോ : കഥയും ആശയവും ഇഷ്ടപെട്ടു.

എതിരന്‍ കതിരവന്‍ said...

Why does Kathhaakaari refrain from strongly protecting, saving and leading her characters through life? Why should she be concerned about society's stigma? if Kathhaakaari herself does not love her characters and keep them close to her heart readers would care less.
The old trick (starting from Vaalmeeki) is the writer himself transcending to save the character. Is "mattamma" Kathhaakaari? I would prefer to believe so.

Yes, there are shadows of "Neyppaayasam" here. But it is a highly allegoracal story the sweeness of paayasam being the motherly affection, which slides into the paternal image. He would compensate for the devoid.

Regarding the writer and his characters, have you seen M. F. Hussain/his son's movie "Tale of Three Cities"? (Tabu, Kunal Kapoor...)

Please read Maadhavikkutti's "Naavika vEsham dharichcha kuTTi" her best story. And of course the best on motherhood. Its revelation is shocking.

പരസ്പരം said...

ഒരു കഥയെന്ന് ഞാനിതിനെ പറയില്ല...അസ്ഥിത.. ഒരു നല്ല രചന, ഒരു കഥാകൃത്തിന്റെ മനോവ്യാപാരങ്ങള്‍‍. അപൂര്‍ണ്ണമായത് ബോറാക്കി, മറ്റൊരു കഥയ്ക്കായ് വായനക്കാരെ കാത്തിരിപ്പിക്കുന്നതിലും ഭേദം എന്തെങ്കിലും ഒരു തലത്തില്‍ അതിനെ അവസാനിപ്പിക്കാമായിരുന്നു.

എന്തെങ്കിലും ആരെങ്കിലും നന്നായ് എഴുതിയാല്‍ അത് ആസ്വദിക്കാതെ, ഇത് എങ്ങനെ ആ വ്യക്തിക്ക് എഴുതാനാകും എന്ന് കൂലംകഷമായി ചിന്തിച്ച് ഒടുവില്‍ ചില കഥകളുമായി സമാനതകള്‍ കണ്ടു പിടിച്ച്, എഴുതിയ കഥയെ കോപ്പിയാണെന്ന് പറഞ്ഞ് സ്വയം ആഹ്ലാദിക്കുന്ന ഒരു സമൂഹം; അവരെന്തിന് കഥകള്‍ വായിക്കുന്നു? തെറ്റുകള്‍ കണ്ടുപിടിക്കുവാനോ...? ഒരിക്കലെങ്കിലും ഇഞ്ചി പെണ്ണിനെപോലെ കഥകളെഴുതാന്‍ വെല്ലുവിളിക്കുന്നു. അങ്ങനെ എഴുതുവാനാകില്ല എന്നതുകൊണ്ടു നിങ്ങള്‍ ഇങ്ങനെയൊക്കെ എഴുതുന്നു.

ഞാന്‍ ഇരിങ്ങല്‍ said...

ഇഞ്ചിയുടെ കഥ ആദ്യ ചില വരികള്‍ ബോറായി തോന്നിയെങ്കിലും വായിച്ചു തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ഇഷ്ടപ്പെട്ടു,
ഈ പറഞ്ഞതു പോലെ വായിച്ച കഥകളുടെ ഒരു ഹാങോവര്‍ ഉണ്ട് എന്നത് ശരിതന്നെ.
എങ്കിലും കഥയെ ഈ വിധം അവതരിപ്പിക്കുവാന്‍ തീരുമാനിച്ചതിലുള്ള പുതിയ മനസ്സ് അഭിനന്ദനീയം തന്നെ.

ഇനിയും കഥാകാരിക്ക് സംശയമുണ്ടെങ്കില്‍ വല്യമ്മായിയുടെ കമന്‍ രുകള്‍ ഒന്നു കൂടെ വായിക്കുക.

വീണ്ടും നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു.

മുസ്തഫ|musthapha said...

നെയ്പ്പായസം വായിച്ചു...
ഇഞ്ചിയുടെ പോസ്റ്റും വായിച്ചു...

നെയ്പായസം കോപ്പിയടിച്ചാണ് ഇഞ്ചി ഇതെഴുതിയതെന്ന് കേട്ടാല്‍ മാധവിക്കുട്ടി ഓടിച്ചിട്ടടിക്കും - അത് പറഞ്ഞവരെ :)

ഇരിങ്ങല്‍ പറഞ്ഞത് പോലെ, വായിച്ച കഥ(കളുടെ) ഹാങ്ങോവര്‍ കാരണം (വായനക്കാരന്) തോന്നാവുന്ന സാദൃശ്യങ്ങള്‍ എന്നതിലുപരി മറ്റൊന്നും എനിക്ക് കാണാന്‍ കഴിഞ്ഞില്ല.

ഈ അവതരണ ശൈലി നന്നായിട്ടുണ്ട് - ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്.

Inji Pennu said...

നെയ്പ്പായസത്തില്‍ ഒരമ്മ മരിക്കുന്നു. ഭക്ഷ്ണം വെച്ചു വെച്ച്. അതു ഇവിടെ ഈ കഥയിലും വന്നത് സാമ്യമായെങ്കില്‍ നന്നായി. കാരണം, പകല്‍ ഒരു ഉച്ച സമയം കഴിഞ്ഞ് പെട്ടെന്ന് മരിക്കുന്ന അമ്മമാരെല്ലാം അങ്ങിനെ തന്നെ ആവും. അവര്‍ക്ക് മരിക്കുമ്പോള്‍ മഞ്ഞപ്പൊടിയുടേയും അന്ന് വെച്ച് കറികളുടേയും ഗന്ധവും ഉണ്ടാവും. അതൊരു സാമ്യം ആയി കണ്ടതെങ്കില്‍ എനിക്ക് സന്തോഷം. അങ്ങിനെ പെട്ടെന്ന് മരിച്ചുപോവുന്ന, ചോറും കറികളും പാത്രങ്ങളിലോട്ട് വിളമ്പാതെ വിട്ടു പോവുന്ന അമ്മമ്മാരെക്കുറിച്ച് ആരൊക്കെ എത്രയൊക്കെ എഴുതിയാലും തീരില്ലല്ലൊ. എന്തായാലും ഈ അമ്മ ആ അമ്മയല്ലാട്ടൊ. എത്രയൊക്കെ പറഞ്ഞാലും.

വെറുതെ പക്ഷെ എന്തെങ്കിലും ഇങ്ങിനെയൊക്കെ ഉന്നയിക്കുമ്പൊള്‍ ധൈര്യസമേതം സ്വന്തം ഐഡിയില്‍ നിന്ന് തന്നെ ഉന്നയിക്കണേ. എന്നെ ഇത്ര പേടിക്കണ്ട? :) കൂട്ടുകാരെ വിളിച്ചോണ്ട് വരുമ്പോള്‍ കൂട്ടുകാരോടും പറഞ്ഞോളൂ അത്. പേടിക്കണ്ടാന്നെ. ;)

സൂവേച്ചി, നന്ദി. അസ്ഥിത തന്നെ. ചുവന്ന പുസ്തകത്തില്‍ കറക്കികുത്തിയപ്പൊ കിട്ടീതാ

ഹരീ, ഹ്ഹ് വട്ടായി :)

അനോണിമസ, നന്ദി. അതെ പിന്മൊഴി നിന്നു. ഇപ്പോള്‍ തനിമലയാളം. മലയലാളം.ഇന്‍ എന്നിങ്ങനെയുള്ള പോര്‍ട്ടലുകള്‍ വഴിയാണ് വായിക്കേണ്ടത്. അല്ലെങ്കില്‍ റീഡര്‍ ലിസ്റ്റ്.

ബിരിയാണിക്കുട്ടി, കൂടീടി..കൂടി :)

വല്ല്യമ്മായി, വല്ല്യാമ്മായീന്റെ കമന്റ് എനിക്ക് ഒരുപാട് ഇഷ്ടായി.

പുള്ളി, നന്ദിയുണ്ട്. കോട്ട് ചെയ്യുമ്പോള്‍ സന്തോഷം കൂടുതല്‍.

കരീം മാഷ്, നന്ദി.

ദീപു, നന്ദി. മറ്റമ്മയുടെ കഥ എഴുതാം.

മനു, നന്ദി.

കൈതമുള്ള്, നന്ദി.

ജിതേഷ്, നന്ദി. അങ്ങിനെ പുതുമയുണ്ടാവണം എന്നൊന്നും എനിക്കില്ല്യ. എനിക്ക് മനസുഖം കിട്ടണം എന്ന് മാത്രം :)

രേഷ്മേ, നന്ദി. ഈ കഥയുടെ കൊങ്ങയില്‍ പിടിച്ചതിനു.

പെരിങ്ങ്സ്, നന്ദി. അപ്പൊ ചീറ്റിപ്പോയോ? :)

ഡാലി, നന്ദി. ക്രാഫ്റ്റ് നന്നെന്ന് പറഞ്ഞപ്പൊ പൊരുത്ത് സന്തോഷം. അതും ഡാലീസിന്റെ വായില്‍ നിന്ന്.

ബിന്ദൂ‍ൂട്ടി, നന്ദി.

വേണുവേട്ടാ, നന്ദി. കോട്ട് ചെയ്തതിനു ഡബിള്‍ നന്ദി. മറ്റമ്മയെഴുതാം.

സിജിക്കുട്ടീ, നന്ദീണ്ടേ.

സുനീഷ്, നന്ദി.

സിജു, ഹ്ഹ്ഹ്! നോക്കട്ടെ വിരലില്‍ എണ്ണി നോക്കട്ടെ. ഇത്രേം പെണ്ണുങ്ങള്‍ ഇവിടെയുണ്ടായിട്ട് ഒരെണ്ണം അത് മിണ്ടീല്ലല്ലൊ.:)

എതിരവന്‍, നോ. താങ്കള്‍ കരുതുന്നതുപോലെ കഥാകാരി മറ്റമ്മായാവന്‍ പോയതൊന്നുമല്ല. ഈ കഥ ഞാന്‍ എഴുതാന്‍ ഉദ്ദേശിച്ച് മറ്റമ്മ എന്ന കഥക്ക് ഒരു മുഖവുരയാണ്. കഥാപാത്രങ്ങള്‍ ശക്തരാവാം നിസ്സഹായരും ആവാല്ലൊ. ശക്തന്മാരുടെ കഥകള്‍ വേണ്ടുവോളമില്ലെ. ഇല്ല്യ. ടേള്‍ ഓഫ് റ്റൂ സിറ്റീസ് കണ്ടിട്ടില്ല്യ. റിവ്യൂവില്‍ ബോറായിരുന്നു എന്നൊ മറ്റൊ കേട്ടു. എടുത്തു കാണാം. ഇല്ല്യ മാധവിക്കുട്ടീന്റെ വായിച്ചിട്ടില്ല്യ. എന്റെ മല്യാള്‍മ് വായന തുടങ്ങിയിട്ടേയുള്ളൂ. വായിക്കാന്‍ നോക്കാം.

പര്സപരമേ, വാക്കുകള്‍ക്ക് ഒരുപാട് ഒരുപാട് നന്ദി. ബോറായി പോയി എന്ന് പറഞ്ഞതിനും പെരുത്ത് നന്ദി. ആത്മാര്‍ത്ഥ അഭിപ്രായപ്രകടനങ്ങള്‍ ഒരുപാട് ഇഷ്ടം എനിക്ക്.

ഇരിങ്ങല്‍ ചേട്ടാ, നന്ദി. വല്ല്യമ്മായിടെ കമന്റ് എനിക്കും പിടിച്ചു.

അഗ്രജന്‍ ജി, ഹ്ഹ്! അതു തന്നെ. മാധവിക്കുട്ടി ഇടിച്ചു ഷേപ്പ് മാറ്റട്ടെ അവരുടെയൊക്കെ. :)നന്ദി.

Physel said...

നെയ്പ്പായസത്തില്‍ ഒരമ്മ മരിക്കുന്നു. ഭക്ഷ്ണം വെച്ചു വെച്ച്. അതു ഇവിടെ ഈ കഥയിലും വന്നത് സാമ്യമായെങ്കില്‍ നന്നായി. കാരണം, പകല്‍ ഒരു ഉച്ച സമയം കഴിഞ്ഞ് പെട്ടെന്ന് മരിക്കുന്ന അമ്മമാരെല്ലാം അങ്ങിനെ തന്നെ ആവും. അവര്‍ക്ക് മരിക്കുമ്പോള്‍ മഞ്ഞപ്പൊടിയുടേയും അന്ന് വെച്ച് കറികളുടേയും ഗന്ധവും ഉണ്ടാവും.

കഥയെക്കാള്‍ കാമ്പുള്ളതായി ഇഞ്ചീ ഈ നിരീക്ഷണം..... കഥയിലെ വത്യസ്തമായ അവതരണ ശൈലിയും ഇഷ്ടമായി!

സാജന്‍| SAJAN said...

ഇഞ്ചി, ഞാന്‍ ഇതിപ്പോഴാ കാണുന്നത്, ചിന്തയില്‍ വരാത്ത ചില നല്ല പോസ്റ്റുകളും ഉണ്ടെന്ന് ഇപ്പൊ മനസ്സിലായി,
എനിക്ക് ഇഞ്ചിയുടെ കഥ ഇഷ്ടപ്പെട്ടു, അവസാന ഭാഗം പ്രത്യേകിച്ചും, അതിലുപരിയായി അവസാനത്തെ കമന്റും..
ഇത് കാണാതെ പോയതിലുള്ള ഒരു വിഷമം ഇപ്പൊഴും ഉണ്ട്, പുതിയ പോസ്റ്റുകള്‍ ഒക്കെ മിസ്സാവാതിരിക്കാന്‍ എന്തെങ്കിലും എളുപ്പ വഴിയുണ്ടോ?

സാല്‍ജോҐsaljo said...

ഈ സ്ഥിതി സങ്കടപ്പെടുത്തി,
ശരിക്കും.

ഓ. ടോ.: ഓര്‍ക്കുട്ടും അതിന്റെ അപരന്മാരെയും ബ്ലോക്കി ദുബൈയില്‍!... പറ്റുമെങ്കില്‍ saljojoseph@gmail.com എന്ന അഡ്രസില്‍ ഒരു മെയില്‍ അയയ്ക്കുമോ?

മരമാക്രി said...

ഇഞ്ചിപെണ്ണ് എഴുത്ത് നിര്‍ത്തണം. ഞാന്‍ തുടങ്ങി.