പ്രിയ ഡോക്ടര്‍,
താങ്കളുടെ ‘ഡോക്ടറോടു ചോദിക്കൂ’ പംക്തി വനിതയില്‍ ഞാന്‍ ശ്രദ്ധാപൂര്‍വ്വം വായിക്കാറുണ്ട്, ഭാര്യ കാണാതെ. വനിത അവള്‍ക്കുള്ളതാണെന്ന വ്യാജേനയാണ് വരുത്തുന്നത്. അതുകൊണ്ട് എന്റെ പേരോ നാടോ വെയ്ക്കാന്‍ നിര്‍വ്വാഹമില്ല. (മിക്ക സീരിയലുകളിലേയും കഥകളെനിക്കറിയാം എന്നും അവള്‍ക്കറിയില്ല. പത്രം വായിക്കുന്നു എന്ന വ്യാജേന ഞാന്‍ ഇടങ്കണ്ണിട്ട് കാണാറുണ്ട്). പക്ഷെ താങ്കളോട് എന്റെ ഈ പ്രശ്നം എഴുതി ചോദിക്കാതെ യാതൊരു നിവൃത്തിയുമില്ല. ഇങ്ങിനെ എഴുതി ചോദിക്കുന്നവരോടൊക്കെ പണ്ടെനിക്ക് പുച്ഛമായിരുന്നുവെന്നും ഞാന്‍ മനസ്സ് തുറന്നുകൊള്ളട്ടെ.
പ്രശ്നം ആരംഭിക്കുന്നത് കുറച്ച് നാള്‍ ഭാര്യയുടെ അപ്പനും അമ്മയും അനുജനും അവരുടെ വീട്ടിലെ എന്തോ അറ്റകുറ്റ പണികള്‍ കാരണം, ഞങ്ങളുടെ വീട്ടില്‍ വന്നു താമസം തുടങ്ങിയ അന്ന് മുതലാണ്. മൂന്ന് മാസമാണ് അവര്‍ താമസിക്കാന്‍ ഉദ്ദേശിക്കുന്നത്. പക്ഷെ ഒന്നര മാസം കൊണ്ട് തന്നെ പ്രശ്നങ്ങള്‍ അതിസങ്കീര്‍ണ്ണമായിരിക്കുന്നു. ഞാന്‍ ഒരു പുരുഷനാണെന്നും അടുക്കള പെണ്ണുങ്ങളുടെ വര്‍ത്തമാനമോ ഏഷണിയോ പരദൂഷണമോ ഒന്നുമില്ലായെന്നും അതുകൊണ്ട് തന്നെ വിശാലഹൃദയനാണെന്നും എത്ര നാള്‍ വേണമെങ്കിലും ഭാര്യാവീട്ടുകാരെ സഹിക്കാമെന്നും കരുതിപ്പോന്നിരുന്നു. അമ്മായിഅമ്മ-മരുമകള്‍ പോരല്ലേ നമ്മള്‍ വര്‍ഷങ്ങളായി ടിവിയിലും മറ്റും കാണുന്നത്?
പക്ഷെ അമ്മായിഅപ്പന്‍ എന്റെ പല പദ്ധതികളും പൊളിച്ചു. രണ്ട് വര്‍ഷമായി ഭാര്യ എന്നോട് നിത്യേന പറയുന്ന, കാര്‍ഷെഡിലെ ഇളകിപ്പോയ കല്ല് ശരിയാക്കുക, വേസ്റ്റ് ബാസ്കറ്റിന്റെ പിടി ശരിയാക്കുക, സണ്‍ഷേഡിലെ പായല്‍ കളയുക ഇത്യാദി ജോലികള്‍ അങ്ങേര് വന്ന് രണ്ട് ദിവസം കൊണ്ട് ചെയ്തു കളഞ്ഞു. വര്‍ഷങ്ങളായി ഞാന്‍ വളരെ തിരക്കുള്ളവനാണെന്ന് കാണിക്കുവാന്‍ അവള്‍ പറയുന്നത് കേള്‍ക്കാതെ ഭാവിച്ച് നടന്ന എനിക്ക് അതൊരു വലിയ അടിയായിപ്പോയി. മാത്രവുമല്ല, ഞാന്‍ ചെയ്യുമായിരുന്നതിനേക്കാളും നന്നായി അങ്ങേര് ചെയ്തുവെന്ന് ഭാര്യ പറഞ്ഞില്ലെങ്കിലും അവളുടെ മുഖത്ത് നിന്ന് ഞാന്‍ വായിച്ചെടുത്തു. ഒരു മണിക്കൂറേ അപ്പന്‍ എടുത്തുള്ളൂ എന്നവള്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചത് എന്തിനാണ്?
ഇവര്‍ വരുമ്പോള്‍ എന്റെ വീട്ടുചിലവു കണ്ടമാനം കൂടുമെന്നും അത് വെച്ച് ഭാര്യയെ പിന്നീടൊരിക്കല്‍ പറഞ്ഞ് പീഡിപ്പിക്കാമെന്നും ഞാന്‍ കരുതിയിരുന്നു. പക്ഷെ അമ്മായിഅപ്പന്‍ പച്ചക്കറി, ഇറച്ചി, മീന്‍ മുതലായവ എന്നും വാങ്ങിച്ചുകൊണ്ട് വന്ന് എന്റെ ചിലവ് ഇപ്പോള്‍ കുറഞ്ഞിരിക്കുന്നു എന്ന സത്യം എന്നെ കുറച്ചല്ല വേദനിപ്പിച്ചത്. ഞാന്‍ എത്രതവണ വേണ്ടാ എന്ന് പറഞ്ഞിട്ടും ഭാര്യയോ വീട്ടുകാരോ കേള്‍ക്കുന്നില്ല. അതു മാത്രമൊ, അമ്മായിയമ്മ ആകട്ടെ ഞങ്ങള്‍ പാഴാക്കികളഞ്ഞിരുന്ന സാധനങ്ങളെല്ലാം ഉപയോഗമുള്ളതാണെന്ന് കാണിച്ചും തരുന്നു. എന്തൊരു കഷ്ടമാണ്?
അവളുടെ അനിയന്‍ കോളേജ് കുമാരനാണ്. അവന്‍ കോളനിയിലെ പെണ്ണുങ്ങളെ വായില്‍ നോക്കുമെന്നും അവനെ അത് വെച്ച് ഉപദേശിച്ച് നന്നാക്കാമെന്നും എന്നെ കാണുമ്പോള്‍ അവനൊരു ഭയഭക്തി വരുത്തണമെന്നും ഞാന്‍ വ്യാമോഹിച്ചിരുന്നു. എന്നാല്‍ ഞാന്‍ ടെറസ്സില്‍ നിന്ന് സിഗററ്റ് വലിക്കുമ്പോള്‍ രണ്ട് വീട് അപ്പറത്ത് ആ വീട്ടുകാരുടെ വേലക്കാരിപ്പെണ്ണ് ടെറസ്സില്‍ തുണിയുണക്കുവാന്‍ ഇടുന്നത് തികച്ചും യാദൃച്ഛികമായിരുന്നു. പക്ഷെ അത് കണ്ട വന്ന അവന്‍ പെട്ടെന്ന് താഴേക്ക് ഇറങ്ങിപ്പോയതില്‍ എന്തോ പന്തികേട് എനിക്ക് തോന്നുന്നു. അവന്‍ എന്നെ സംശയിച്ചു കാണുമൊ?
എന്നാല്‍ അതൊന്നുമല്ല എന്റെ പ്രശ്നം. എന്റെ സ്വാതന്ത്ര്യത്തിനു ഏറ്റവും വലിയ അടിയായത്, അവരിവിടെയുള്ളതുകൊണ്ട് എനിക്ക് മുന്‍വശത്തെ സോഫായില്‍ ഇരുന്ന് മുണ്ടു അഴിഞ്ഞ് വീഴും വരെ ചാഞ്ഞ് കിടക്കാനൊ, മുണ്ടഴിഞ്ഞ് വീണാലും അതൊന്ന് വാരി ചുറ്റാതെ വാ പൊളിഞ്ഞ് ടി വി കണ്ട് തുപ്പലൊലിപ്പിച്ച് കിടന്നുറങ്ങാനൊ സാധിക്കുന്നില്ല. മാത്രമല്ല, ഭാര്യയോട് എനിക്ക് ഇഷ്ടമുള്ളപ്പോഴൊക്കെ ഒന്ന് നുള്ളാനും സൊള്ളാനും സാധിക്കുന്നില്ല.
അവര്‍ വന്ന് ആദ്യത്തെ രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഞാന്‍ കാണുന്ന ടിവി പരിപാടികളെല്ലാം മഹാ ബോറാണെന്ന് അമ്മായിഅപ്പന്‍ നേരിട്ട് പറഞ്ഞില്ലെങ്കിലും ഞാനത് വയ്ക്കുമ്പോള്‍ അദ്ദേഹം എഴുന്നേറ്റ് പോയി പുസ്തകം വായിക്കാന്‍ പോകുന്നത് ഞാന്‍ ശ്രദ്ധിച്ചു. അതുകൊണ്ട് അവരുള്ളപ്പോള്‍ ഞാന്‍ മൊത്തം നേരം ഏഷ്യാനെറ്റ് ന്യൂസ് ചാനലും, സി.എന്‍.എന്നും, ബിബിസിയും കണ്ട് മടുത്തു. അങ്ങേര്‍ക്ക് ഇതൊക്കെ വല്ല്യ ഇഷ്ടമാണെന്ന് തോന്നുന്നു. എന്റെ ഗതിയോര്‍ത്ത് താങ്കള്‍ക്ക് സഹതാപം തോന്നുന്നില്ലെ?
എങ്ങിനെ ഇവരെ സഹിക്കും എന്ന് എനിക്ക് യാതൊരു പിടിയുമില്ല. എന്റെ സ്വാതന്ത്ര്യം മൊത്തം അവര്‍ വിഴുങ്ങിക്കളഞ്ഞിരിക്കുന്നു. ഇനിയും ഒന്നര മാസം കൂടി ബാക്കിയുണ്ട് അവര്‍ പോകുവാന്‍. എനിക്ക് വട്ട് പിടിക്കുന്ന അവസ്ഥയാണ് ഇവിടെ. എനിക്ക് എന്റെ വീട് എന്റെ ഭാര്യ മാത്രം മതി. അവളുടെ വീട്ടുകാരുടെ കൂടെ ഒരു നിമിഷം ജീവിക്കാന്‍ സാധിക്കുന്നില്ല. അമ്മായിയമ്മ എനിക്കിഷ്ടമുള്ള കറികളെല്ലാം എന്നും ഓര്‍ത്ത് വെച്ച്തരുന്നത് മാത്രമാണ് പൊട്ടിത്തെറിക്കാതെ എന്നെ പിടിച്ചുനിറുത്തുന്ന ഏക ഘടകം.
എനിക്ക് പക്ഷെ മനസ്സിലാവാത്ത ഒരു കാര്യമുണ്ട്. എന്റെ വീട്ടുകാര്‍ വരുമ്പോള്‍ ഭാര്യ ഇതുപോലെയൊരു മുഷിവും കാണിക്കുന്നില്ല. അവര്‍ വരുന്നത് വളരെ സ്നേഹപൂര്‍വ്വം സ്വീകരിക്കുകയും ചെയ്യുന്നു. എന്റെ വീട്ടുകാരുടെ കൂടെ രണ്ട് വര്‍ഷം ഞാന്‍ ട്രാന്‍സ്ഫര്‍ ആയി ദില്ലിയില്‍ ആയിരുന്ന സമയത്ത് അവള്‍ താമസിച്ചിട്ടുണ്ട്. ഹൊ! ഒറ്റയ്ക്ക് ഭാര്യാവീട്ടുകാരുടെ കൂടെ താമസിക്കുന്ന കാര്യം എനിക്ക് ഒരു നിമിഷം പോലും ആലോചിക്കാന്‍ വയ്യ. അവള്‍ എങ്ങിനെ ഇത് ചെയ്യുന്നു? ഒരു ദിവസം സഹികെട്ട് അവളോട് ചോദിച്ചപ്പോള്‍ എടുത്തടിച്ച പോലെ അവളുടെ കഴുത്തിലെ താലിമാല ഊരി എടുത്തുകാണിച്ചിട്ട് പറഞ്ഞു,
“അതേ, ഈ മാല നിങ്ങളുടെ കഴുത്തില്‍ സ്വല്‍പ്പം നേരം ഇട്ടു നോക്കൂ. അന്നേരം മുതല്‍ നിങ്ങള്‍ക്കും എന്നെപ്പോലെ പെരുമാറേണ്ടതായി തോന്നും.”
ഇതൊരു പരിഹാസമല്ലേ? പുരുഷവര്‍ഗ്ഗത്തെ മുഴുവന്‍ അവള്‍ പുച്ഛിച്ചതല്ലെ? ഇതിനൊരു തക്ക മറുപടി തന്ന് എന്നെ ഈ കൊടിയ അപമാനത്തില്‍ നിന്ന് രക്ഷിക്കണമെന്ന് അപേക്ഷിക്കുന്നു. താങ്കളും വിവാഹിതനായ പുരുഷനാണല്ലൊ. എങ്ങിനെ ഇവരെ സഹിക്കുന്നു? കാലകാലങ്ങളായുള്ള ഇവരുടെ ഈ പരിഹാസ പീഢനം നമ്മള്‍ എങ്ങിനെ അവസാനിപ്പിക്കും? ചിന്തിക്കേണ്ടിയിരിക്കുന്നു.
- എന്ന് മറുപടി ആകാംക്ഷാപൂര്‍വ്വം പ്രതീക്ഷിച്ചുകൊണ്ട്,
എസ് കെ അനോണിമസ്.
2007-07-13
സ്വാതന്ത്ര്യം!
Subscribe to:
Post Comments (Atom)
36 പ്രതികരണങ്ങള്‍:
വൌ! പൊട്ടിച്ചിരിപ്പിക്കാനും മിടുക്കിയാണല്ലൊ. :)നല്ല രസം വായിക്കാന്‍.
ഇഞ്ചിയേ,ഇത് ഗംഭീരം നന്നായി ചിരിച്ചു കേട്ടോ, എല്ലാം ഒന്നും സമ്മതിക്കില്ലാ എങ്കിലും കുറേയൊക്കെ സത്യങ്ങള്‍ തന്നെ:)
ഹ ഹ ഹ ഇത് വളരെ ഇഷ്ടപ്പെട്ടു ഇഞ്ചിപ്പെണ്ണേ :-)
“അമ്മായിയമ്മ എനിക്കിഷ്ടമുള്ള കറികളെല്ലാം എന്നും ഓര്‍ത്ത് വെച്ച്തരുന്നത് മാത്രമാണ്...“
എന്നിട്ടും ചുള്ളന് പരാതിയാണോ ? മോശം മോശം :))
“ഭാര്യയോട് എനിക്ക് ഇഷ്ടമുള്ളപ്പോഴൊക്കെ ഒന്ന് നുള്ളാനും സൊള്ളാനും സാധിക്കുന്നില്ല“
അത് പോയിന്റ് :))
regards,
ഉം...ഉം... ഞങ്ങളെല്ലാം കൂടെ അവശപുരുഷഅവകാശസംരക്ഷണസംരക്ഷിതസമതിയുണ്ടാക്കും. പുരുഷാവകാശക്കമ്മീഷന്‍ വേണം, പുരുഷപീഡനത്തിനെതിരെ നിയമം വേണം, ഞങ്ങള്‍ക്കെല്ലാം വേണം... :)
പാവം പുരുഷന്‍... നല്ലോരു മനുഷ്യനായിരുന്നു.
(പോസ്റ്റ് ഒറ്റയിരുപ്പിന് വായിച്ചു എന്നുള്ളത് വേറേ കാര്യം. ആദ്യം കമന്റിട്ട് കുളമാവാക്കേണ്ട എന്ന് വിചാരിച്ച് മാറി നിന്നു. സാജന്‍, ദൈവാന്‍ മുതല്‍പേരേ കണ്ടപ്പോള്‍ സമാധാനമായി. ബിന്ദുവിന്റെ ചിരി നോട്ട് ചെയ്തു) :)
യ്യോ, ബ്ലോഗറിന്റെ ഡിസൈന്‍ പ്രോബ്‌ളം കാരണം ഇടയ്ക്ക് ഗ്യാപ്പില്ലാത്തതുകാരണം മാഞ്ഞുപോയതാണേ
“അവശ പുരുഷ അവകാശ സംരക്ഷണ സംരക്ഷിത സമതിയുണ്ടാക്കും“ എന്നാണേ. “ക്കും” ഉം ഉണ്ടായിരുന്നു, ബ്ലോഗറ് മറച്ചുപിടിച്ചതാണ്.
ഇഞ്ചീ :) നന്നായിട്ടുണ്ട്.
ഇതിന്റെ മറുപടി എന്റെ ബ്ലോഗില്‍ ഇട്ടു. ഇഞ്ചിയ്ക്ക് അതിട്ടത് ഇഷ്ടമായില്ലെങ്കില്‍ ഡിലീറ്റ് ചെയ്യും. നോക്കുമല്ലോ.
ഉവ്വുവ്വേ...
ഇതൊരു തികച്ചും ഏകപക്ഷീയമായ പോസ്റ്റായിപ്പോയെന്നു പറയാതിരിക്കുവാന്‍ നിര്‍വ്വാഹമില്ല. ഒരു നിമിഷത്തെ ചിരിക്കുവേണ്ടി, ഒരു വ്യക്തിയെയല്ല, ലോകമാനമുള്ള പുരുഷാരത്തെമുഴുവന്‍ ഹത്യ ചെയ്യുന്ന ഈ പോസ്റ്റിനെതിരെ ഞാന്‍ ഘോരഘോരം പ്രതിഷേധിച്ചു കൊള്ളുന്നു...
:)
ഓഫ്: ഇതു വട്ടേറിയതോ കുറഞ്ഞതോ!!! ;)
--
പണിയാണില്ല്യേ.. ഞാനൂഹിച്ചു..
:)
എന്റെ ഭാര്യയും ഇഞ്ചിപ്പെണ്ണൂം ഫ്രണ്‍ഡ്സ് ആണോ??? അല്ലെങ്കില്‍ ഈ ഡയലോഗ് ഇഞ്ചിപ്പെണ്ണിനു ഇത്ര കൃത്യമായിട്ട് എങ്ങനെ കിട്ടി????
"അതേ, ഈ മാല നിങ്ങളുടെ കഴുത്തില്‍ സ്വല്‍പ്പം നേരം ഇട്ടു നോക്കൂ. അന്നേരം മുതല്‍ നിങ്ങള്‍ക്കും എന്നെപ്പോലെ പെരുമാറേണ്ടതായി തോന്നും"
പണ്ട് പുരുഷന്മാര്‍ ഇങ്ങനെയുള്ള (ഇത്രയും ഭാവനയൊന്നുമില്ല കേട്ടോ) എഴുത്തുകള്‍ അയക്കാറുണ്ടെന്നു കേട്ടിട്ടുണ്ട്..
ഇപ്പൊ സ്ത്രീകള്‍ പുരുഷനാണെന്ന വ്യാജേന ഇങ്ങനെ എഴുതാറുണ്ടെന്നും മനസ്സിലായി.
ഏതായാലും രസിച്ചു.
പ്രിയ ശ്രീമതി എസ് കെ അനോണിമസ്,
ഈ ശ്രീമതി വിളിയില്‍ നിന്നുണ്ടാവുന്ന ഞെട്ടല്‍ ‘മാനസിക’ പ്രശ്നങ്ങളില്‍ ഡോക്ടര്‍മാര്‍ നല്‍കിപ്പോരുന്ന ഒരു ഷോക്ക് ട്രീറ്റ്മെന്റ് ആണെന്ന് നിങ്ങള്‍ക്കു വഴിയെ മനസ്സിലാകും. തുടര്‍ന്നു വായിക്കുവാന്‍ ശ്രദ്ധിക്കുമല്ലോ.
നിങ്ങളുടെ ഭര്‍ത്താവും അപ്പനും ഞാനും ഉള്‍പ്പെടുന്ന പുരുഷസമൂഹത്തിനു ഇതുവരെ വന്നതും ഇനി വരാന്‍ പോകുന്നതുമായ എല്ലാ സീരിയലുകളുടേയും കഥകളറിയാം, അത് സ്ത്രീകള്‍ക്ക് അറിയാതിരിക്കുന്നതു കൊണ്ടാണല്ലോ അവര്‍ വിഡ്ഡിപ്പെട്ടിക്ക് മുന്നില്‍ ചമഞ്ഞിരിക്കുന്നത്. ഡോക്ടറോട് ചോദിക്കുക എന്ന പംക്തിയിലേയ്ക്കെഴുതുന്നവരോട് പുരുഷന്മാര്‍ക്ക് പുശ്ചമാണ്, അവര്‍ അതിലേയ്ക്ക് എഴുതുന്നുവെങ്കില്‍ ഡോക്ടറെ പറ്റിക്കുവാന്‍ അപരനാമത്തിലേ എഴുതുകയുള്ളൂ, ഡോക്ടറായ എനിക്കിത് മനസ്സിലാവുകയും ഇത്തരം കത്തുകള്‍ക്ക് പൊടിപ്പും തൊങ്ങലും ചേര്‍ത്ത് മറുപടി എഴുതുകയും ചെയ്തു പോരികയാണ് പതിവ്. ഇത്തരം കത്ത്-മറുപടികള്‍ കുറഞ്ഞ് പോകുമ്പോള്‍ ഡോക്ടറായ ഞാന്‍ എനിക്ക് തന്നെ കത്തുകള്‍ എഴുതി അവയ്ക്ക് മറുപടികളും എഴുതുക പതിവാണ്. കത്ത് ഞാനെഴുതിയാലും മറ്റേതെങ്കിലും പുരുഷന്‍ കള്ളപ്പേരിലെഴുതിയാലും അതിന്റെ ആത്യന്തികലക്ഷ്യം അടുത്താ കസേരയിലിരിക്കുന്ന അപ്പനോടോ ഭര്‍ത്താവിനോടോ ഉള്ളുതുറക്കാതെ ഡോക്ടര്‍ക്ക് എഴുതുന്ന ‘അക്കരെപ്പച്ച’ സിന്‍ഡ്രോമിനെ കളിയാക്കുന്നതാണ്.
നിങ്ങളുടെ അപ്പച്ഛന്‍ ഒരു പഠിച്ച കള്ളനാണെന്ന് മിക്കവാറും നിങ്ങളുടെ ഭര്‍ത്താവ് ശ്രീ എസ് കെയ്ക്കു ഈ സമയത്തിനുള്ളില്‍ മനസ്സിലായിക്കാണണം, അപ്പച്ഛന്റെ ലൊട്ടുലൊടുക്കു സൂത്രപ്പണികളെ നിങ്ങളുടെ ഭര്‍ത്താവിന് പരിചയപ്പെടുത്തി കൊടുത്തതു കാരണം നിങ്ങളുടെ ഭാവി ഒരു സ്യൂഡോ-സന്തുഷ്ടകുടുംബമാകുവാന്‍ ഞാന്‍ സാധ്യത കാണുന്നുണ്ട്. ഇനി മുതല്‍ അയാളും നിങ്ങളുടെ അപ്പച്ഛനെ പോലെ പച്ചക്കറി വാങ്ങാനെന്ന ഭാവേനെ അങ്ങാടിയില്‍ പോവുക പതിവാകും, അല്ലെങ്കില്‍ തന്നെ ഒരു സിഗററ്റു വലിക്കുവാന്‍ മഴക്കാലത്തു വഴുക്കലുള്ള ടെറസ്സിലേയ്ക്ക് വലിഞ്ഞു കയറുന്നതെങ്ങിനെ? കാര്‍ഷെഡ്ഡിലെ ഇളകിപ്പോയ കല്ലിനരുകില്‍ ഇന്ന് അപ്പച്ഛനെ കണ്ടെങ്കില്‍ സൂക്ഷിക്കുക, ചില പ്രത്യേക തരം ദ്രാവകങ്ങള്‍ പുരുഷന്മാര്‍ സൂക്ഷിക്കുന്നത് ഇത്തരം ഗോപ്യമായ ഇടങ്ങളില്‍ മറ്റുകാര്യങ്ങള്‍ക്കെന്ന വ്യാജേനെയാണ്, നിങ്ങളുടെ ഭര്‍ത്താവ് ഈ വരും ദിവസങ്ങളില്‍ കാര്‍ഷെഡ്ഡിലെ പല കല്ലുകളും ഇളക്കാനും അവ നേരെയാക്കുവാനും സാധ്യതയുണ്ട്, വേസ്റ്റ് ബാസ്കറ്റിനു പുറകിലൊന്ന് നോക്കുന്നതും നല്ലതായിരിക്കും. ചുരുക്കത്തില്‍ സ്വാതന്ത്ര്യം ആശിച്ചു നടക്കുന്ന രണ്ടു പുരുഷാത്മാക്കളെ നിങ്ങള്‍ ഈ ഒന്നരമാസത്തില്‍ കൂട്ടിമുട്ടിച്ചിരിക്കുന്നുവെന്ന് തോന്നുന്നു, ഒരു ഭീമമായ അബദ്ധമായിരുന്നു അതെന്ന് വരും കാലങ്ങളില്‍ മനസ്സിലായേക്കും.
ഭര്‍ത്താവിന്റെ മുന്നില്‍ പുലിക്കുട്ടി ആയിരിക്കുന്ന നിങ്ങള്‍ അപ്പന്റെ മുന്നില്‍ എലിക്കുട്ടി ആയിരിക്കുന്നതിന്റെ പ്രശ്നങ്ങളാണ് കത്തിന്റെ പലഭാഗങ്ങളും കാണുവാന്‍ കഴിഞ്ഞത്. ‘പട്ടിണിയ്ക്കിട്ടേയ്ക്കും’ എന്ന ഭീതിയാല്‍ സീരിയല്‍ സമയങ്ങളില്‍ റ്റീവി റിമോട്ട് കൈമാറുന്ന ഭര്‍ത്താവിനു ലഭിച്ച ഏറ്റവും വലിയ പ്രോത്സാഹനമായിരിക്കണം നിങ്ങളുടെ അപ്പന്റെ ന്യൂസ് ചാനല്‍ പ്രേമം, ചുരുക്കത്തില്‍ നിങ്ങളുടെ അപ്പനും ഭര്‍ത്താവും കൂടി റ്റീവി കാണല്‍ മേഖലയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നതായി തോന്നുന്നു, ഈ കാര്യങ്ങളില്‍ ഉണ്ടായിരുന്ന അധികാര്യം നഷ്ടപ്പെട്ടതിലാകാം ഒരു പക്ഷെ ഭര്‍ത്താവിന്റെ പേരില്‍ കത്തെഴുതുന്ന തരത്തില്‍ നെഗറ്റീവ്-സ്പ്ലിറ്റ് പേഴ്സണാലിറ്റിയിലേയ്ക്ക് നിങ്ങളെ എത്തിച്ചത്. നിങ്ങളുടെ അമ്മ നിങ്ങളുടെ ഭര്‍ത്താവിനു ‘വായില്‍ വയ്ക്കുവാന്‍ പറ്റുന്ന’ ആഹാരങ്ങള്‍ പാചകം ചെയ്തു കൊടുക്കുന്നത് നിങ്ങളെ വലുതായി തന്നെ ക്രുദ്ധയാക്കിയിരിക്കുന്നതും നിങ്ങളെ വലച്ചിരിക്കുന്നു, ഈ കത്ത് ഒന്നര മാസത്തിനകം തന്നെ എഴുതുവാന്‍ നിങ്ങളെ പ്രേരിപ്പിച്ചതും അതാകുന്നു.
എല്ലാറ്റിനും ഉപരി ഭര്‍ത്താവിന്റെ വീട്ടുകാരോടൊപ്പം താമസിക്കുന്നതിനുള്ള നിങ്ങളുടെ വിമുഖത നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളുടെ വീട്ടുകാരോടൊപ്പം താമസിക്കുന്നതില്‍ പ്രകടിപ്പിച്ചില്ലെന്നുള്ളതും, അയാള്‍ അമ്മായിയപ്പനു ശിഷ്യപ്പെട്ട് ഭാര്യാഭര്‍തൃബന്ധത്തില്‍ അവശ്യം വേണ്ടതായ ചില കള്ളപ്പണികള്‍ പഠിച്ചു പോരുകയാണെന്നുള്ളതും നിങ്ങളെ അക്ഷരാര്‍ഥത്തില്‍ തകര്‍ത്തിരിക്കുന്നു. സാരമില്ല എന്റെ ഈ കത്ത് വായിക്കുമ്പോഴേയ്ക്കും നിങ്ങളുടെ അസുഖം ഭേദപ്പെട്ടിരിക്കണം, കാരണം നിങ്ങളുടെ ഭര്‍ത്താവിനെ ഫോണ്‍ വിളിച്ച് രോഗത്തിന്റെ ഗുരുതരാവസ്ഥയെ പറ്റി ആ നല്ല മനുഷ്യനെ ബോധ്യപ്പെടുത്തിയിരുന്നു (ഫോണ്‍ നമ്പര്‍ നിങ്ങളുടെ കത്തിന്റെ മറുപുറത്തു നിന്നാണ് ലഭിച്ചത്, അസുഖത്തിന്റെ പാര്യമത്തില്‍ ഫോണ്‍ ബില്ലിന്റെ മറുവശമാണ് നിങ്ങള്‍ വെള്ളക്കടലാസായി ഉപയോഗിച്ചിരുന്നത്)
ആശംസകളോടെ,
മനഃശാസ്ത്രവിശാരദന്‍ ഡോക്ടര്‍ ഇട്ടൂപ്പ് മൂളയില്‍
ഇഞ്ചീ പോസ്റ്റ് കൊള്ളാം, പക്ഷേ പെരിങ്ങോടന്റെ കമന്റാ കമന്റ്. :-)
ഇഞ്ചിപെണ്ണേ..ഇതു വെറും മൂന്നംകിട പെണ്ണെഴുത്ത്!. ഫെമിനിസം എന്ന് ലേബല്‍ കൊടുത്തുകൂടായിരുന്നോ?
പെരിങ്ങോടാ കമെന്റ് ക്ലാസ്സ്, ഇത്രയ്ക്കും വികാരഭരിതനാകുന്നത് ഒരുപക്ഷേ ഭാര്യാഭര്‍തൃ ബന്ധത്തിന്റെ മായികാലോകത്തിലായതിനാല്‍. അനുഭവിച്ച് തുടങ്ങുമ്പോള്‍ ഇഞ്ചി പറഞ്ഞതുപോലെ ഒരു സാഹചര്യം വന്നുകൂടായ്കയില്ല. ഇപ്പോള്‍ ടെലിഫോണ്‍ ബില്ലിന്റെ പുറകുവശത്ത് മുഴുവനും പ്രിന്റട് മാറ്ററല്ലേ? ഇട്ടൂപ്പിന്റെ മൂളയ്ക്ക് അല്പം പിശകുപറ്റിയതാണോ?
:-)
പെരിങ്ങോടന്റെ കമന്റും കലക്കന്‍ :))
ഇഞ്ചി,
ഈ ചെറുക്കനെ (പെരിങ്ങ്സ്) അങ്ങു പെണ്ണുകെട്ടിച്ച് നമുക്ക് പ്രതികാരം തീര്‍ക്കണം.... ;)
അയ്യട! വിവേചനം വിവേചനം പരസ്പരം മാഷേ!
ഞാനെഴുതിയത് ‘മൂന്നാംകിട പെണ്ണെഴുത്ത്’ പെരിങ്ങ്സ് എഴുതിയത് ‘ഉദാത്തം’..ഹയ്യട! അതങ്ങ് പള്ളിയില്‍ ! :)
സിജികുട്ടീ, ഞാന്‍ അന്തോണീസ് പുണ്യാളന്റെ ഒന്‍പത് നൊയമ്പ് നോറ്റണുണ്ട് അവന്‍ പെണ്ണ് കെട്ടണേന്ന്! :)
ബിന്ദൂട്ടി: ജയ്!
സാജന്‍ ജി : ഉവ്വ ഉവ്വ! അതില്‍ ഏതാണ് കള്ളം? :)
ദിവാന്‍ ജി : എഴുത്തുകാരിയുടെ ജീവിതവുമായി കൂട്ടിക്കുഴക്കരുത്...അടി!അടി!
വക്കാരിജി: ഹ്ഹ്! പാവം പുരുഷന്‍. നല്ലോരു മനുഷ്യനായിരുന്നു..ഹ്ഹ് അതെനിക്ക് പിടിച്ച്!
സൂവേചി: ധീരം ധീരം മുന്നോട്ട്! ധൈര്യ്മായി ഇട്ടോളൂ :)
ഹരി : പോയെ പോയെ... :)
സാല്‍ജോ മാഷ് : ഹിഹി നന്ദി :
സണ്ണിക്കുട്ടന്‍: നന്ദി
നളനണ്ണാ : നന്ദി :) അതിനിടക്കിട്ട് കൊട്ടിക്കളഞ്ഞു! ഹൌ!
പെരിങ്ങ്സേ: ;) പെരിങ്ങ്സിന്റെ നാട്ടില് വെസ്റ്റിലാണൊ സൂര്യന്‍ ഉദിക്കണത്? :)
കുതിരവട്ടന്‍ : നന്ദി:)
പ്രിയ എസ് കെ അനോണിമസിന്,
പ്രശ്നം നിങ്ങളുടേത് മാത്രമല്ല. ലോകത്തുള്ള സകല (മടിയ എന്നു ബ്രാക്കറ്റില്‍ ചേര്‍ക്കേണ്ടി വരുന്നു. സദയം ക്ഷമിക്കുക) പുരുഷന്മാര്‍ക്കും മരത്തിലെ നീറിനെ, കഴുത്തില്‍ വെച്ച ഒരു അവസ്ഥ തന്നെയാണ് ഈ വരവ്. നിങ്ങള്‍ ഒരുത്തിയുടെ കഴുത്തില്‍ കെട്ടിയ കെട്ടോടൊപ്പം വരുന്ന കെട്ടുപാടുകളാണെന്ന് വിചാരിച്ച് സമാധാനിക്കുക. നിങ്ങള്‍ ചെയ്യാത്ത ജോലി അമ്മായപ്പന്‍ ചെയ്തു എന്നതില്‍ വിഷമിക്കേണ്ട. അദ്ദേഹത്തിനു അതില്‍ വിഷമം ഉണ്ടാവില്ല. കാരണം അദ്ദേഹവും ഒരു മരുമോന്‍ ആയിരുന്നല്ലോ. ഓരോ ജോലിയും അദ്ദേഹം എടുത്തു തീര്‍ക്കുമ്പോള്‍, അദ്ദേഹം ഒരു വളിച്ച ചിരി ചിരിക്കുന്നതും നിങ്ങളുടെ അമ്മായിയമ്മ പല്ലിറുമ്മുന്നതും നിങ്ങള്‍ ഒന്നു സൂക്ഷിച്ചുനോക്കിയാല്‍ കാണാവുന്നതേയുള്ളൂ. പണ്ടു ഞാന്‍ നിങ്ങളോടിത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ നിന്റെ അപ്പനെ വിളിച്ചുകൊണ്ടുവാടീ എന്ന് പറഞ്ഞല്ലോ എന്ന മട്ടില്‍ അവര്‍ അദ്ദേഹത്തെ നോക്കുന്നത് കാണാം. പണ്ട് ചെയ്യാന്‍ മടിച്ചത് ഇപ്പോ ചെയ്യേണ്ടിവരുന്നു എന്ന് വിചാരിക്കുക.
സീരിയലുകളുടെ കാര്യം പറയുകയാണെങ്കില്‍, അത് അദ്ദേഹത്തിനു വിവരം ഉള്ളത് കാണാന്‍ വേണ്ടിയാണെന്നും നിങ്ങള്‍ കാണുന്നത് വിഡ്ഡിസ്സീരിയല്‍ ആണെന്നും തെറ്റിദ്ധരിക്കരുത്. അദ്ദേഹത്തിനു വേറെ ഏതെങ്കിലും സ്പെഷല്‍ ചാനല്‍ ആവും കാണേണ്ടത്. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ അമ്മായിയപ്പന്റെ ഓര്‍മ്മയില്‍ എണീറ്റുപോകുന്നതാവും. മുണ്ടഴിഞ്ഞുപോകുന്നു എന്നു പറയരുത്. ഇപ്പോ ബര്‍മുഡയല്ലേ ഫാഷന്‍. അതിടൂ. ഇറക്കം കൂടുതലുള്ളത് മതി. ഹിന്ദിസിനിമാനടിമാര്‍ ഇടുന്നതുപോലെയുള്ള കുട്ടിക്കുപ്പായം ഇടരുത്.
അടുത്തത് അമ്മായിയമ്മയുടെ കാര്യം. അവരുടെ അമ്മ വരുമ്പോള്‍ പണ്ട് കാണിച്ചുകൊടുത്തിരിക്കുന്നതൊക്കെ ആവര്‍ത്തിച്ചതാവും. നിങ്ങളുടെ അമ്മായിയപ്പനോട് സൂത്രത്തില്‍ ചോദിച്ചുനോക്കൂ അദ്ദേഹം ഇതൊക്കെ അനുഭവിച്ചിട്ടില്ലേന്ന്. അദ്ദേഹം അത്തരം അനുഭവങ്ങളുടെ ഒരു കെട്ടു തന്നെ നിങ്ങളുടെ മുന്നില്‍ തുറന്നിടും.
പിന്നെ അനിയന്റെ കാര്യം. അളിയനിതെന്ത് ഭാവിച്ചാണെന്ന് മനസ്സിലായില്ല എന്ന മട്ടില്‍ പോയതാവും. അവനൊറ്റയ്ക്ക് നിന്ന് നോക്കട്ടേന്നെ. ഇടയ്ക്ക് അവസരം കൊടുക്കൂ. ഉപദേശിക്കാന്‍ മാത്രം പോവരുത്. നിങ്ങള്‍ക്കൊരു പെങ്ങളില്ലാത്തതുകൊണ്ടാവും എന്ന് ഞാന്‍ ഊഹിക്കുന്നു. അതുകാരണം അളിയന്‍ ഇല്ലാത്തതുകൊണ്ട് അതിന്റെ വിഷമം മനസ്സിലാവില്ല. പക്ഷെ ഉപദേശിക്കാന്‍ മാത്രം പോകരുത്.
പിന്നെ, അവരൊക്കെയുള്ളതുകൊണ്ട് നിങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിനു അല്‍പ്പം ഭംഗം വന്നു എന്നു പറഞ്ഞാല്‍ ശരി. പക്ഷെ സൊള്ളണമായിരുന്നു എന്നു പറഞ്ഞതില്‍ അല്‍പ്പം ആത്മാര്‍ത്ഥതക്കുറവില്ലേ? അവരു വന്നു നില്‍ക്കുന്ന ദിവസങ്ങളില്‍ മാത്രമല്ലേ നിങ്ങള്‍ക്കിത്തിരി സൊള്ളാന്‍ തോന്നുന്നത്?
നിങ്ങളുടെ ഭാര്യ പറഞ്ഞത് ശരിയാണ്. കഴുത്തില്‍ മാലയും ഇട്ടുകൊണ്ട് രണ്ടാളും നില്‍ക്കുന്ന ഫോട്ടോ ചുമരില്‍ പതിഞ്ഞുകഴിഞ്ഞാല്‍പ്പിന്നെ, ഏതെങ്കിലും ഒരാളുടെ ഫോട്ടോയില്‍ മാലയിട്ടു തുക്കൂന്നതുവരെ, ചെവിയിലെ പഞ്ഞി മൂക്കിലേക്ക് മാറുന്നതുവരെ ഇതൊക്കെ സഹിച്ചേ പറ്റൂ. അതില്‍ പുരുഷവര്‍ഗ്ഗം ഒരു അപമാനവും കാണേണ്ട കാര്യമില്ല. നിങ്ങളുടെ അമ്മായിയപ്പനെ കണ്ടുപഠിക്കൂ. അദ്ദേഹം എത്ര തൊലിക്കട്ടിയോടെയാണ് കാര്യങ്ങള്‍ നേരിട്ട് ഇവിടംവരെ എത്തിയതെന്ന്. നിങ്ങള്‍ക്കും ഒരവസരം കിട്ടും. ഇതൊക്കെ ആലോചിച്ച് തല പുകയ്ക്കാതെ, പെണ്‍കുഞ്ഞുണ്ടാവാന്‍ പ്രാര്‍ത്ഥിക്കൂ.
പിന്നെ പീഢനത്തെപ്പറ്റിയും സ്വാതന്ത്ര്യത്തെപ്പറ്റിയും ഒക്കെ നമുക്ക് വിശദമായി ഒരു ചര്‍ച്ച പിന്നീട് സമാനമനസ്കരുമായി ചേര്‍ന്ന് നടത്താം. ഇന്ന് നേരമില്ല. അവളുടെ അമ്മയും അപ്പനും അനിയനും, കെട്ടിച്ചുവിട്ട ചേച്ചിയും അവരുടെ ഭര്‍ത്താവും മൂന്ന് പിള്ളേരും വരുന്ന ദിവസമാണ്. അവര്‍ വന്നുകയറിയതിനുശേഷമാണ് ഞാന്‍ ചെല്ലുന്നതെങ്കില്‍ കാര്‍ഗില്‍ എപ്പോ സംഭവിച്ചു എന്നു ചോദിച്ചാല്‍ മതി. പിന്നെ പിള്ളാര്‍ വന്നുകേറുന്നതിനുമുമ്പ്, എന്റെ വീട്ടിലെ കണ്‍സള്‍ട്ടിംഗ് റൂം അടച്ചില്ലെങ്കില്‍ പിന്നെ ഞാന്‍ അത് നിര്‍ത്തേണ്ടി വരും. അത്രയ്ക്കും സ്വൈരക്കേടാണെന്നേ. മൂന്നാര്‍ ആവര്‍ത്തിക്കും അവിടെ. ഇടിച്ചുനിരത്തല്‍.
അതുകൊണ്ട് തല്‍ക്കാലം ഇത്രയേ ഉള്ളൂ. മുഖത്തൊരു ചിരി ഫിറ്റ് ചെയ്യുക. നിങ്ങള്‍ ശ്രീനിവാസന്റെ ഒരു നല്ല പടം കാണുന്നുവെന്ന് വിശ്വസിക്കുക. ആ ചിരി ഉടനീളം നിലനിര്‍ത്തുക.
എന്ന് ഒരു മരുമകന്‍.
പിന്നെ ഡോക്ടര്‍.
(ഇത്തരം കത്തുകള്‍ക്ക് മറുപടി എഴുതുമ്പോള്‍ ഒരു മനസ്സമാധാനം ഉണ്ട്. അനുഭവം ആവുമ്പോള്‍, മറുപടി ഊഹിച്ചെഴുതേണ്ടല്ലോ. അതിനു നിങ്ങള്‍ക്ക് നന്ദി.)
ഇഞ്ചീ :) പോസ്റ്റ് ഇവിടെ കമന്റ് ആയി ഇട്ടു. ഇവിടെ കിടക്കട്ടെ. അങ്ങനെ മതിയെന്നുവെച്ചു.
പിന്നെ,
സന്തോഷമായി ഇരിക്കൂ. :) (ഉപദേശം. ഉപദേശം) ;)
ഇഞ്ചി :) ജസ്റ്റ് ഫോര്‍ ദ റെക്കോര്‍ഡ്, ഐ ഡിഡ്ന്റ് കൂട്ടിക്കുഴയ്ക്ക് എനിതിംഗ് :)
ആണുങ്ങടെ അഹംഭാവം മൊത്തമായും അങ്ങു പൊളിച്ചെടുത്തല്ലോ ഇഞ്ചിയേ. ഇനി അവര് ഭാര്യമാരുടെ മുന്നില്‍ എങ്ങനെ അഭിനയിച്ച് ഫലിപ്പിക്കും?
ശ്ശൊ! വേണ്ടായിരുന്നു..ബൈ ദ ബൈ പോസ്റ്റ് നന്നായി രസിച്ചു..
ഇഞ്ചീ...പറയാതെ തരമില്ലാ,ലോകത്തുള്ള എല്ലാ തരുണീമണിമാരും എപ്പോഴെങ്കിലും ഇങ്ങനെ ഒരു ആങ്ഗിളില്‍ ചിന്തിച്ചിട്ടുണ്ടാവണം...എന്നാല്‍ ഇങ്ങനെ ഒരു ഗതികേട് ആണിന് വരുന്ന അവസ്ഥയെപ്പറ്റി ഒരു പുരുഷനും ചിന്തിച്ചിട്ടും ഉണ്ടാവില്ല...
എന്തായാലും കലക്കീ...വായിച്ച് രസിക്കാന്‍ എന്തായിരുന്നു രസം...
കല്യാണ മാല കനക മാല
കാണുന്നവര്‍കൊരു ഇമ്പമാല
കെട്ടികഴിഞ്ഞാല്‍ നൂലാമാല
ദൈവമേ! ഈ പെണ്ണുങ്ങളെല്ലാം കൂടിതരുന്ന പണിക്കൊരു മറുപടി ഐഡിയാ തോന്നിക്കണേ...!!ബ്ലോഗ്ഗിനാര്‍കാവിലമ്മേ!
:)
സുവേച്ചീ അവിടുന്നു കട്ടേം പടോം മടക്കി മറുപടിയുമായി ഇങ്ങുപോന്നോ. ഗര്‍ര്‍ര്‍... മിണ്ടരുത് ചുപ് രഹോ!
അതേയ് അറിയാമ്മേലാഞ്ഞിട്ടു ചോദിക്കുവാ. ഏതെങ്കിലും ഒരൈഡി ഉണ്ടാക്കി എന്തെങ്കിലും പേരില്‍, ഓര്‍ക്കുട്ടാണേ ബ്ലോക്കി,അല്ലെങ്കില്‍ ഏതേലും പബ്ലിക് സൈറ്റിന്റെ പേരു പറ! ഹമ്മേ! എന്തൊരു ഹെഡ്‌വെയ്റ്റാ ചേച്ചിപ്പെണ്ണേ!
ചിലര്‍ ചെയ്യുന്ന ഇമ്മാതിരിയുള്ള ചെയ്‌തികള്‍ക്ക് മൊത്തം പുരുഷന്മാരെയും കുറ്റപ്പെടുത്താന്‍ ആണെങ്കില്‍ ഈ പോസ്റ്റിനോട് ഞാന്‍ വിയോജിക്കുന്നു. എന്തു തന്നെയായാലും എഴുതിയ രീതി എനിക്കിഷ്ട്ടായി.
:)
സര്‍വ്വത്ര മനോരോഗം തന്നേ?
ചേച്ചിയെന്താ mathematical induction ആണോ ചെയ്യുന്നത്. ഏതോ ഒന്നു രണ്ട് സാമ്പിള്‍ കണ്ടിട്ട് മൊത്തത്തില്‍ ആക്ഷേപിക്കുന്നു... :(.
പ്രതിഷേധം പ്രതിഷേധം... വക്കാരിയണ്ണന്റെ സമതിയില്‍ മെമ്പര്‍ഷിപ്പ് എടുക്കും ജാഗ്രതൈ...
വായിക്കാന്‍ നല്ല രസം ഉണ്ടായിരുന്നു ട്ടോ...
ഇഞ്ചീ:
ആണുങ്ങളെ വീട്ടുകാര്യങ്ങള്‍ സംബന്ധിടത്തോളം നിഷ്ക്രിയരായും ഉത്ത്രരവാദിത്തബോധമില്ലാത്തവരായും വളര്‍ത്തുന്നത് മലയാളികള്‍ മാത്രമല്ല പൊതുവേ ഇന്‍ഡ്യക്കാരുടെ സ്വഭാവമാണ്. അമേരിക്ക പോലെ വീടുജോലികള്‍ പങ്കുവയ്ക്കുന്ന രാജ്യങ്ങളില്‍ വരുമ്പോള്‍ ഷോക്കടിച്ചു പോയ നിരവധി ആണുങ്ങ്നളുണ്ട്. ആണുങ്ങള്‍ മാത്രമാണ് കുടുംബത്തിന്റെ നെടും തൂണ്‍ എന്ന മാതാപിതാക്കളുടെ ,പ്രത്യേകിച്ചും അമ്മയുടെ ചിന്താഗതിയില്‍ നിന്നാണ് ഇത് ഉടലെടുക്കുന്നത്.
മീന്‍ പാചകം ചെയ്യുന്ന വിവിധരീതികളെക്കുറിച്ചുള്ള എന്റെ അന്വേഷണത്തില്‍ എനിക്കു കിട്ടിയ ഒരു വിവരം ഒരു ഉദാഹരണം ആയി കൊണ്ടു വരാന്‍ തോന്നുന്നു. പല സ്ത്രീകളും അവസാനം പറഞ്ഞത് അമ്മയുടെ കൂടെ അടുക്കളയില്‍ നില്‍ക്കുന്ന അവ്ര്ക്ക് തലയോ വാലോ കിട്ടാറുള്ളു എന്നാണ്. നല്ല ഭാഗമൊക്കെ ആണുങ്ങള്‍ക്ക്. ഈ തിരിച്ചുവ്യത്യാസത്തിന്റെ ഉള്‍ഘടകമായിരിക്കണം സ്ത്രീധനത്തെ പിന്തങ്ങാന്‍ പെണ്‍കുട്ടികളെ പ്രേരിപ്പിക്കുന്നത്. ഈ മീന്‍ പാചകക്കദനക്കഥയിലെ ഒരു പെണ്‍കുട്ടീ അച്ഛന്‍ കഷ്ടിച്ചു പണിത വീട് സ്ത്രീധനത്തില്‍ ഉള്‍പ്പെടുത്താന്‍ ആണ്‍ വീട്ടുകാരുമായി യോജിച്ചത് യുക്തിയില്‍ പെടുത്തേണ്ടേ?
താലി ഭര്‍ത്തവിന്റെ കഴുത്തില്‍ കെട്ടി “role reversal" നോക്കം, ഒരു പാഠം എന്ന നിലയ്ക്കു. പക്ഷേ ആണ്മക്കളെ വളര്‍ത്തുന്ന കാലത്തു തന്നെ കുടുംബത്തില്‍ അലിയിക്കാന്‍ അമ്മമാര്‍ ശ്രദ്ധിക്കണം. അതു ചെയ്തില്ലെങ്കില്‍ ആണുങ്ങള്‍ നമ്മുടെ കഥാനായകനെപ്പോലെ മന:ശ്ശാസ്ത്രജ്ഞനെ സമീപിക്കേണ്ടി വരും.
ഒരു സോക്സുമാത്രം ഇട്ടിട്ട് കൌച്ചില്‍ക്കയറി അലസമായിരുന്ന് മറ്റേ സോക്സു കണ്ടു പിടിച്ചു കൊണ്ടു വരുവാന്‍ ഭാര്യയോട് ആജ്ഞാപിക്കുന്ന അളിയന്മാരാണ് എനിക്കുള്ളത്. കോളേജില്‍ പോകുമ്പോള്‍ പോലും അമ്മ കൊണ്ടെ സോക്സ് ഇടീക്കുമായിരുന്നത്രെ ഇവരെ!
(off-topic)
ഇഞ്ചീ,
ഈ ബ്ലോഗ് മുഴുവന്‍ ഇരുന്നു വായിച്ചു. ചിന്തിപ്പിക്കുന്ന കുറേ പോസ്റ്റുകള്‍ കണ്ടു. ശ്രദ്ധയോടെ വായിച്ചു. ഒന്നുരണ്ടിടങ്ങളില്‍ കമന്റുകളിട്ടു. ഒരു കമന്റ് മാത്രം പല കാരണങ്ങള്‍ മൂലം ഇട്ടില്ല. പിന്നത്തേക്കു വെച്ചു.
ഇങ്ങനെയൊക്കെത്തന്നെ എപ്പോഴും എഴുതിക്കൊണ്ടിരിക്കണേ. അഭിനന്ദനങ്ങള്‍!
(off-topic ആയതുകൊണ്ട് വേണമെങ്കില്‍ ഇത് വായിച്ചിട്ട് ഡിലീറ്റ് ചെയ്തേക്കൂ)
:-)
പുരുഷഹത്യ.. പുരുഷഹത്യ.. !
ഇതൊന്നും കാണാന്‍ വനിതാകമ്മീഷന്‍ പോലെ ഒരു പുരുഷകമ്മീഷന്‍ ഇല്ലല്ലോ ദൈവമേ....!
(ആത്മഗതം: പിന്നെ, അമ്മയ്ക്കെന്ന വ്യാജേന ഞാനും ‘വനിത’യും.. ‘ഗൃഹലക്ഷ്മിയും’ ഒരുപാട് വാങ്ങാറുള്ളകാര്യം എന്നെ കൊന്നാലും ഞാന്‍ പുറത്ത് പറയില്ല... സത്യം. സത്യം സത്യം...!)
അഭിലാഷ് (ഷാര്‍ജ്ജ)
[അഭിലാഷങ്ങള്‍]
ചാത്തനേറ്: എന്തോ ആവോ. ബാച്ചിലേര്‍സ് ഇതിലെടപെടുന്നില്ല. സൊള്ളുന്ന കാര്യമൊഴിച്ച് ബാക്കി പരാതികള്‍ വ്യാജമാവാനാ സാധ്യത..
സ്വാതന്ത്ര്യം വായിച്ചു.:)
നല്ല തമാശ.
എതിരന്‍ കതിരവന്‍
കൊടു കൈ. അതാണു കാര്യം. പിന്നെ ഞാനും ഒരമ്മയാണ്‍. ഒരു പെണ്‍കുട്ടിയും ഒരാണ്‍കുട്ടിയും ഉണ്ടെനിക്ക്.അങ്ങനെയൊരു വ്യ്‌ത്യസമില്ലാതെ വളര്‍ത്തണമന്നാണാഗ്രഹം.
ഇഞ്ചീ..
എതിരന്‍ കതിരവന്‍ പറഞ്ഞതു തന്നെയല്ലെ കാര്യം. അങ്ങനെയാണെങ്കില്‍ കുറ്റം വീണ്ടും സ്ത്രീയുടെ തലയില്‍ തന്നെ. എഴുത്തു രസിച്ചു.:)
മനുവേ,
ആ കാര്യം വിട്ടു പോയി. ഇങ്ങോട്ട് വന്ന് നോക്കിയില്ല..
ബാക്കി ‘കത്തിക്കയറുന്ന’ ബ്ലോഗൊക്കെ വായിക്കുന്നതിന്റെ തിരക്കില്‍ ഇത് മറന്നേ പോയി. :)
ആദ്യമായാണ് ഇവിടെ എന്ന് തോന്നുന്നു (ഇഞ്ചീപെണ്ണ് എന്ന് പേര് ഇടയ്ക്കിടെ കേള്‍ക്കാറുണ്ടെങ്കിലും).
രസിച്ചു വായിച്ചു. കൂടൂതല്‍ അഭിപ്രായം പറഞ്ഞ് വിവാദങ്ങളിലേക്കില്ല. :-)
സസ്നേഹം
ദൃശ്യന്‍
nannayittundu penney
kemam. oru print edu bharthavu kanunna tharathi evideyengilum sradhpoorvam asradhamayi pidippikkanam.
Post a Comment