2007-08-05

അയ്യൊ! ഞാനൊരു അനോണിമസ്

പ്രിയ ഡോക്ടര്‍,

എനിക്ക് വിഷമമുണ്ട്. താങ്കള്‍ എന്റെ കഴിഞ്ഞ കത്തിനു മറുപടി തന്നില്ല. താങ്കളും എന്നെ ഒറ്റപ്പെടുത്തുവാന്‍ ശ്രമിക്കുകയാണൊ?

എങ്കിലും എനിക്ക് താങ്കള്‍ക്ക് എഴുതാതെ വയ്യല്ലൊ. ഞാന്‍ എന്തായാലും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതിനു മുന്‍പ് എന്റെ കാര്യങ്ങള്‍ ആത്മാര്‍ത്ഥമായി എഴുതണം എന്ന് അതിയായ ആഗ്രഹം ഉണ്ട്. ആത്മഹത്യ ചെയ്യാന്‍ പോവുന്നതിനു കാരണം എന്തെന്ന് താങ്കള്‍ ന്യായമായും ചോദിക്കും. അതും വിശദീകരിക്കാം.

എനിക്കൊരു മലയാളം ബ്ലോഗുണ്ട്. അബദ്ധത്തില്‍ തുടങ്ങിയതാണ്. എന്ത് ഫ്രീ ആയിട്ട് കിട്ടിയാലും അതുപയോഗിച്ച് കുളമാക്കി കൈയ്യില്‍ കൊടുക്കണം എന്നുള്ള പൊതുവേ ഒരു മലയാളി സ്വഭാവം ഞാനും എടുത്ത് പ്രയോഗിച്ചതാണ്. എസ്.കെ അനോണിമസ് എന്ന പേരിലാണ് എന്റെ ബ്ലോഗ് ഞാന്‍ എഴുതുന്നത്. ഗൂഗിള്‍ മുഴുവന്‍ തപ്പിയിട്ടും ഗൂഗിള്‍ പറയുന്നു 'എന്തിരെങ്കിലും പേരു വെക്കടേ' എന്ന്. പക്ഷെ കുറച്ച് ഗുണ്ടാസംഘങ്ങള്‍ എന്നെ വിരട്ടുന്നു സാര്‍. എനിക്ക് പേടിയാവുന്നു. അവര്‍ പറയുന്നു, അത് പറ്റത്തില്ല. ഗൂഗിള്‍ അല്ല ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്, ഞങ്ങള്‍ കുറച്ച് മലയാളികളാണ്.

അമ്മച്ചിയാണേ! ഞാന്‍ ഇത്രയും നാള്‍ കരുതിയിരുന്നത് ഗൂഗിളിന്റെ ആണ് ബ്ലോഗര്‍ എന്ന്. അതല്ലേ തുടങ്ങിയത്? അല്ലെങ്കില്‍ ഇവിടെ മലയാളി ക്ലബുകളും സ്പോര്‍ട്ട്ക്ലബുകളും പാട്ട് ക്ലബുകളും പൊങ്ങച്ച ക്ലബുകളും ഒക്കെ ഇഷ്ടം മാതിരി ഇല്ലാഞ്ഞിട്ടല്ലല്ലൊ? പക്ഷെ അവരെന്നെ വിരട്ടുന്നു ഡോക്ടറേ, എസ്.കെ അനോണിമസ് എന്ന പേരു ഞങ്ങള്‍ നാറ്റിക്കും, ഞങ്ങള്‍ അത് വെച്ച് ഇരുട്ടത്ത് പോസ്റ്റര്‍ എഴുതിക്കളയും, ഞങ്ങള്‍ നിന്നെ ശരിപ്പെടുത്തും, ഒറ്റപ്പെടുത്തും എന്നൊക്കെ. സാര്‍, സത്യമായിട്ടും എനിക്ക് പേടിയാവുന്നു. പ്ലീസ് വിശ്വസിക്കൂ. പേടിയായിട്ട് പാടില്ല. ഇതെഴുതുമ്പോള്‍ തന്നെ എന്റെ അക്ഷരങ്ങള്‍ക്ക് ഒരു വിറ കാണുന്നില്ലെ? എന്ത് കാണുന്നില്ല്ലാന്നൊ? അത് കമ്പ്യൂട്ടറില്‍ എങ്ങിനെ അക്ഷരങ്ങള്‍ വിറപ്പിക്കും എന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ലാത്തതുകൊണ്ടാണ്.

അതു മാത്രമല്ല സാര്‍, മലയാളികള്‍ക്ക് പൊതുവേ ലോക വിവരം കൂടുതലാണ് എന്ന് എത്ര മലയാളം സിനിമകള്‍ നമ്മളെ പഠിപ്പിക്കുന്നു. ഇന്നസന്റ് 'നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക' യില്‍ വരെ പറഞ്ഞിട്ടുണ്ട്, ഞങ്ങള്‍ മലയാളികള്‍ക്കും ബംഗാളികള്‍ക്കും ബാക്കിയാരേക്കാളും വിവരം ഉണ്ടെന്ന്. ഞാനും അത് വിശ്വസിച്ചു സാര്‍. പക്ഷെ, സത്യം പറയാമല്ലൊ, എനിക്കെന്റെ ഭാര്യയെ പേടിയില്ലെന്നും എനിക്ക് അതിഭയങ്കരമായ സൌന്ദര്യം ഉണ്ടെന്നും ഈ അന്‍പതാം വയസ്സിലും എന്നെ തരുണീമണികള്‍ നോക്കി ചിരിക്കുന്നുവെന്നും കൂടി ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു സാര്‍. എന്നാലും മലയാളികള്‍ തൂലികാ നാമത്തിനു ഒരു വിലയുമില്ലായെന്ന് സ്ഥാപിച്ച് കളയുമോ സാര്‍? പാവം അബ്രാഹം ലിങ്കണ്‍. അദ്ദേഹത്തിനു മൂന്ന് തൂലികാ നാമം ഉണ്ടായിരുന്നു. അദ്ദേഹത്തിനു ഒരു മലയാളി സെക്രട്ടറി ഇല്ലാത്തതാണ് അദ്ദേഹം ആ ശുദ്ധ മണ്ടത്തരം കാണിക്കുവാന്‍ കാരണം എന്ന് ഞാന്‍ വിചാരിക്കുന്നു.

മാത്രമല്ല, ഈ തൂലികാ നാമം ഉള്ളവരെയൊക്കെ ആര്‍ക്കും എന്തു തെറിയും വിളിക്കാം എന്നും വിവരമുള്ളവര്‍ പറയുന്നു സാര്‍. വിവരമുള്ളവര്‍ പറയുമ്പോള്‍ കേള്‍ക്കാതിരിക്കാന്‍ പറ്റുമൊ? കാരണം അവരും അവര്‍ക്ക് വിവരമുണ്ടെന്ന് വിശ്വസിക്കുന്നവരാ‍ണല്ലൊ. ബ്ലോഗില്‍ ലോയര്‍മാര്‍ ഉണ്ട് സാര്‍, ഡോക്ടര്‍മാരും എന്തിനു ബ്രെയിന്‍ സര്‍ജന്‍സ് വരെ. അത് കൊണ്ട് എനിക്ക് ജലദോഷം വരുമ്പോള്‍ ഞാന്‍ ബ്ലോഗില്‍ പോസ്റ്റിടും, എന്റെ ജലദോഷം എങ്ങിനെ മാറ്റും? ഉടനെ കമന്റുകളായി എനിക്ക് ഉത്തരം കിട്ടും. 'മൂക്ക് ചെത്തിക്കളയുക', ' ഇത് ജലദോഷം അല്ല, യെല്ലോ ഫീവറാണ്', 'ഗൂഗിളില്‍ ഇതിനെ ജലദോഷാ കോച്ചിമാ‍മ' എന്നു വിളിക്കുന്നു. ഞാനതങ്ങ് കണ്ണുമടച്ച് വിശ്വസിക്കും. ഭാഗ്യത്തിനു ആ പോസ്റ്റ് ഞാന്‍ വായിച്ചു തീരും മുന്‍പേ ജലദോഷം പോയിരുന്നു, അല്ലെങ്കില്‍ എന്റെ മൂക്കിന്റെ സ്ഥിതി? അതുപോലെയാണ് സാര്‍, എനിക്കെന്തെങ്കിലും പ്രശ്നങ്ങള്‍ വരുമ്പോള്‍ ഞാന്‍ നിയമോപദേശത്തിനു ഈ വിവരമുള്ളവര്‍ പറയുന്നത് കേള്‍ക്കും, പ്രത്യേകിച്ച് കമന്റുകള്‍ പറയുന്നത് അപ്പാടെ അങ്ങ് വിഴുങ്ങും. ഒരു കമന്റിനു ഒരു സ്പൂണ്‍ അച്ചാര്‍ എന്ന നിലയിലാണ് വിഴുങ്ങുന്നത്, അത്രയ്ക്കും കയ്പാണ് സാര്‍ കമന്റുകള്‍ക്ക്. വിവരം മുറ്റി നിറഞ്ഞ് കവിയന്നതുകൊണ്ടാവുമോ സാര്‍? എന്തായാലും കോടതി, പോലീസ് സ്റ്റേഷന്‍, ലോയര്‍ ഓഫീസ്, ഡോക്ടര്‍ ഓഫീസ്, ഇതൊക്കെ ഞങ്ങള്‍ മലയാളികള്‍ ബ്ലോഗില്‍ സ്ഥാപിച്ച് എടുത്തു സാര്‍. ഞാന്‍ വെല്ലുവിളിക്കുന്നു ഒരു ബംഗാളി പോലും ഈ ഉഗ്രന്‍ ഐഡിയ ആലോചിച്ചിട്ടുണ്ടാവില്ല!

സാര്‍ തോരനില്‍ മാത്രമല്ല നമ്മള്‍ ഒതുക്കുക എന്ന പ്രയോഗം ഉപയോഗിക്കുന്നത്, തോരന്‍ പകുതി വേവാവുമ്പോള്‍ തേങ്ങ ഒതുക്കിവെക്കണം എന്ന് അമ്മയും ഭാര്യയും പറയുന്നതു കേട്ടിട്ടുണ്ട്. പക്ഷെ ബ്ലോഗിലും ഉണ്ട് സാര്‍. ഇഷ്ടമല്ലാത്തവരെ ഒതുക്കും. ങ്ങാഹാ! ഗ്രൂപ്പിസത്തില്‍ വിശ്വസിക്കാതെ സ്വതന്ത്രമായി അഭിപ്രായം പറയുന്ന, അതും എന്റെ കൂടെ സംസാരിക്കുകയും, കള്ളു കുടിക്കാതിരിക്കുകയും, ഭക്ഷണം കഴിക്കാതെയും ഇരിക്കുന്ന ഏതെങ്കിലും മലയാളി ബ്ലോഗര്‍ ഈ ദുനിയാവില്‍ ഉണ്ടെങ്കില്‍ അമ്മച്ചിയാണെ ഞാന്‍ ഒതുക്കും സാര്‍. മലയാളി ബ്ലോഗര്‍ ആവാന്‍ മിനിമം യോഗ്യത ബ്ലോഗ് മീറ്റില്‍ പങ്കെടുക്കണം എന്നാണ് സാര്‍. അതും ഗൂഗിള്‍ പറഞ്ഞിട്ടില്ല. പക്ഷെ ഞാന്‍ പറയിപ്പിക്കും. ആഹാ! അത്രക്കായൊ?

ഒരു ദിവസം വിമാനം കയറുന്ന ബസ്-സ്റ്റേഷനില്‍ ചെന്നപ്പോള്‍ ഞാന്‍ കണ്ടു സാര്‍ മറ്റൊരു കാര്യം. എനിക്ക് വളരെ അഭിമാനമുണ്ട്. എല്ലാ മലയാളി ബാഗുകളും കുത്തി നിറച്ച് ഇരിക്കുന്നു. അനുവദനീയമായ ഭാരത്തില്‍ കൂടുതല്‍ കയറ്റിക്കൊണ്ടു പോവണം. ഒരു സാധനം വളച്ചൊടിച്ച് അത് അക്കരെയെത്തിക്കും. സംസാരത്തിലും അങ്ങിനെയാണ് സാര്‍. എനിക്കിഷ്ടമിലാത്തവര്‍ എന്തെങ്കിലും പറയുന്നത് ഞാന്‍ സസൂക്ഷമം വീക്ഷിക്കും. എന്നിട്ട് അത് ഒടിച്ച് മടക്കി അയാളുടെ വായില്‍ കുത്തിത്തിരുകും. എന്നിട്ട് അതായാളെ കൊണ്ട് ചര്‍ദ്ദിപ്പിക്കും. അതിനു ശേഷം അയളുടെ ചര്‍ദ്ദി കോരിക്കളയാന്‍ അയാളെ ഞാന്‍ ഭീഷണിപ്പെടുത്തും. ജാഗ്രതൈ! ഞങ്ങള്‍ മലയാളികളോടാണൊ കളി? അത് ശരി! ഒറ്റപ്പെടുത്തും! ആഹാ!

സാര്‍, പക്ഷെ പ്രശ്നമായി. ഇപ്പോള്‍ എന്നേയും അവര്‍ ഇതുപോലെ ഒറ്റപ്പെടുത്തുന്നു എന്ന് ഭീഷണിപ്പെടുത്തുന്നു. സാര്‍, ഞാന്‍ എങ്ങിനെ മനസ്സമാധാനത്തോടെ കിടന്നുറങ്ങും? ഇവര്‍ എന്നെ ഒറ്റപ്പെടുത്തിയാല്‍ എന്റെ ബ്ലോഗില്‍ കമന്റ് കുറയുമൊ? ഇവര്‍ എന്നെ ഒറ്റപ്പെടുത്തിയാല്‍ ഞാന്‍ ശ്വാസം മുട്ടി ചത്തു പോവുമൊ? ഇവര്‍ എന്നെ ഒറ്റപ്പെടുത്തിയാല്‍ ഞാന്‍ കടാപ്പുറത്തൂടെ പാട്ടും പാടി നടക്കുമൊ? എനിക്ക് പേടിയാവുന്നു സാര്‍. അത് കൊണ്ട് ഈ അനിശ്ചിതത്വം ഭയന്ന് ഞന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. പ്ലീസ് എന്നെ പിന്തിരിപ്പിക്കരുത്. എന്റെ ഫോണ്‍ നമ്പര്‍ ഇതാണ്. എന്നെ പിന്തിരിപ്പിക്കാന്‍ വിളിക്കരുത്. പക്ഷെ ഞാന്‍ ഈ കത്ത് അവിടെ കിട്ടും വരെ ആത്മഹത്യ ചെയ്യില്ല എന്നും ഉറപ്പ് തരുന്നു.

മറ്റൊരു കാര്യം, ഞാന്‍ പെണ്ണല്ല സാര്‍. ആണാണ്. സത്യമായിട്ടും അമ്മച്ചിയാണേ ഞാന്‍ ആണാണ്. ഒരു കൊച്ചു ചെറുക്കന്‍ വന്ന് എന്റെ കഴിഞ്ഞ കത്ത് വായിച്ച് ഞാന്‍ പെണ്ണാണെന്ന് സ്ഥാപിക്കാനുള്ള കുത്സിത ശ്രമം നടത്തി നോക്കി. പെണ്ണാണെന്ന് ധരിക്കല്ലേ സാര്‍. കൂടുതല്‍ പ്രശ്നമാണ്, ചിലപ്പോള്‍ ഈ കത്ത് താങ്കള്‍ക്ക് കിട്ടുന്നതിനു മുന്‍പ് തന്നെ ആത്മഹത്യ ചെയ്യേണ്ടി വരും. അറിയാണ്ട് അബദ്ധത്തില്‍ കുറച്ച് കാര്യങ്ങള്‍ എനിക്ക് അറിയാമെന്ന് ചിലര്‍ക്ക് മനസ്സിലായി തുടങ്ങി സാര്‍. അതുകൊണ്ട് പെണ്ണാണെങ്കില്‍ അത് തീരെ സഹിക്കില്ല. ഞാന്‍ പറഞ്ഞുവല്ലൊ ഞങ്ങള്‍ മലയാളികള്‍ക്ക് വിവരമുണ്ടെന്ന്. പക്ഷെ പെണ്ണുങ്ങള്‍ക്ക് വിവരം ഉണ്ടെന്ന് ഞങ്ങളുടെ ബ്ലോഗ് ലാബിലെ ശാസ്ത്രഞ്ജന്മാര്‍ ഇതുവരെ സമ്മതിച്ചു തന്നിട്ടില്ല. അതുകൊണ്ട് ഞാനും സമ്മതിച്ചു തരില്ല. മാത്രമല്ല സാര്‍, പെണ്ണുങ്ങളാവുമ്പൊ ആരോടെങ്കിലും സംസാരിക്കുമ്പോള്‍ താഴോട്ട് കണ്ണുകള്‍ പായ്ച്ച് നഖചിത്രം എഴുതി നല്ല താഴ്മയോടു കൂടി തന്നെ സംസാരിക്കണം എന്ന് നിര്‍ബന്ധമുണ്ട്. അല്ലെങ്കില്‍ ഈ ചളുക്കുകള്‍ക്ക് വിവരമുണ്ടെന്ന് സമ്മതിക്കാന്‍ പറ്റുമൊ? ഈ ചളുക്കുകള്‍ക്ക് ഇത്രയും പ്രാധാന്യം കൊടുക്കുവാന്‍ സാധിക്കുമൊ? അവരുടെ തലയില്‍ ആള്‍ത്താമസം ഉള്ളത് കടുത്ത പേന്‍ ശല്ല്യം
ആണെന്ന് തന്നെ ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. വീട്ടിലോ എന്റെ ഭാര്യയെ സഹിക്കുന്നു. വെളിയിലും ഇവറ്റകളെയൊക്കെ സഹിക്കാന്‍ മനസ്സില്ല. ഷീലയും ജയഭാരതിയും നമ്മളെ സിനിമയില്‍ പഠിപ്പിച്ചത് അതൊക്കെയല്ലെ? കണ്ടിട്ടില്ലെ സുരേഷ് ഗോപി അങ്ങിനെയല്ലാത്ത പെണ്ണുങ്ങളെ സിനിമയില്‍ രണ്ടെണ്ണം പൊട്ടിക്കുന്നത്? അതുപോലെ എനിക്കും പൊട്ടിക്കണം. ആഹാ! ജസ്റ്റ് റിമമ്പര്‍ ദാറ്റ്!

സാര്‍, അതുപോലെ താങ്കള്‍ തിരിച്ച് മറുപടി എഴുതുമ്പോള്‍ ഒരു കാര്യം കൂടി. കേരളത്തില്‍ മനോരോഗികള്‍ കൂടിവരുന്നു, കേരളത്തില്‍ കള്ളന്‍ ശല്ല്യം കൂ‍ടുന്നു, കേരളത്തില്‍ കൂടുന്ന പൂവാല ശല്ല്യം എങ്ങിനെ പ്രതിരോധിക്കാം എന്നിങ്ങനെ പൊതുവെയുള്ള ഒരു കാര്യത്തിനെക്കുറിച്ച് ഒരിക്കലും എഴുതരുത്. അതൊക്കെ എന്നെക്കുറിച്ചാണെന്ന് ഞാന്‍ വിചാരിക്കുകയും എന്നെ അപമാനിച്ചു എന്ന് വരുത്തിത്തീര്‍ക്കുകയും ഏങ്ങി ഏങ്ങി കരയുകയും ചെയ്യും സാര്‍.

- സ്നേഹപൂര്‍വ്വം താങ്കളുടെ ഫോണ്‍ കോള്‍ പ്രതീക്ഷിച്ചുകൊണ്ട്
എസ്. കെ അനോണിമസ്.


പിന്‍കുറിപ്പ് : ഈ പോസ്റ്റ് വായിച്ച് ആരെങ്കിലും ചിരിക്കുകയാണെങ്കില്‍ അത് മറ്റാരും കാണാതെ ഒറ്റക്ക് ആവണം എന്ന് അപേക്ഷ. കമന്റുകള്‍ എഴുതുകയാണെങ്കില്‍ അനോണിമസായിട്ടും. ഇല്ലെങ്കില്‍ എന്റെ ഗ്രൂപ്പ് എന്ന് ആരോപിച്ച് നിങ്ങള്‍ക്കും തരും ഒരു മഞ്ഞ നച്ചത്രം. ദയവായി ഭയപ്പെടുക. ;-)

19 പ്രതികരണങ്ങള്‍:

Anonymous said...

ഇഞ്ചിയേ,

കലക്കി കടുകുവറുത്ത് മുഖത്തോട്ട് ഒഴിച്ചല്ലൊ.
ആളൊരു കൊച്ചു മിടുക്കിയെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു. ഭാവുകങ്ങള്‍!

- അനോണിമസ് :D (ഇഞ്ചിയോട് എനിക്ക് കലശലായ ആരാധന കൂടുന്നുവെന്ന് ഒരു സംശയം. അതുകൊണ്ട് തല്‍ക്കാലം അനോണിമസ്)

Anonymous said...

എസ്.കെ അനോണിമസ് ആയാലും ഇഞ്ചി പെണ്ണ്‌ അയാലും തെറ്റ്‌ ചെയ്താല്‍ പിടിക്കാനും ശിക്ഷിക്കാനും വരെ ഇവിടെ വകുപ്പുകള്‍. ഉള്ളതായി ഇതുവരെ അറിഞ്ഞില്ലെ. അതല്ലെ ഞാന്‍ ധൈര്യമായി പോസ്റ്റിടുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക എന്നിട്ട്‌ ഇംഗ്ലീഷറിയാമെങ്കില്‍ വായിച്ച്‌ ബോധ്യപ്പെടുക.
കേരളഫാര്‍മര്‍

സാല്‍ജോҐsaljo said...

പേര് വച്ചെഴുതാം.

നടക്കട്ടെ! അതിദൂരം...

:)‌

salil | drishyan said...

‘സ്വാതന്ത്ര്യം’ ഇഷ്ടപെട്ടിരുന്നു. ഇത് അത്ര ഇഷ്ടപെട്ടില്ല.

:-(

സസ്നേഹം
ദൃശ്യന്‍

Anonymous said...

ഭയപ്പെട്ടു. ആരും കാണാതെ ഉറക്കെ ചിരിക്കേം ചെയ്തു. :)

-ബിരിയാണിക്കുട്ടിയനോണിമസ്

കുഞ്ഞന്‍ said...

ഹി ഹി, കൊള്ളാം...

പക്ഷെ ഈ കത്തു വയിച്ച ഡോക്ടറിന്‌ മുഴു വട്ടായേ.....

Anonymous said...

പ്രിയ ഇഞ്ചിപ്പെണ്ണെ,

ഉഗ്രന്‍ മറുപടി! വക്കാരിയുടെ ലേഖനവും വായിച്ചു. നാലോ അഞ്ചോ പേര്‍ പൂര്‍വവൈരാഗ്യം തീര്‍ക്കാന്‍ ഇല്ലാത്ത പ്രശ്നങ്ങള്‍ കുത്തിപ്പൊക്കുന്നതാണെന്ന് ആര്‍ക്കും മനസ്സിലാവും. ഞങ്ങള്‍ കുറച്ചു പേര്‍ക്കും വന്നു ഈമെയിലുകള്‍, വികലാംഗവിനയന്റെ പോസ്റ്റില്‍ പ്രതികരികാന്‍ ആവശ്യപ്പെട്ടുകൊണ്ട്. അതില്‍ നിന്നു തന്നെ മനസ്സിലാവും ഇത് മനപൂര്‍വം നടത്തുന്ന കലാ‍പരിപാടികളാണ്. എന്തൊക്കെ ആരൊക്കെ ശ്രമിച്ചാലും
വിവരമുള്ളവര്‍ക്ക് കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാവും.

ഇഞ്ചി എഴുതിക്കൊണ്ടേയിരിക്കൂ. കമന്റുകള്‍ സധൈര്യം വെക്കൂ.

- ദുബായില്‍ നിന്നു കുറച്ച് ബ്ലോഗേര്‍സ്.

Anonymous said...

ഹഹഹ! പൊളിച്ചടുക്കിയല്ലൊ!

- അയ്യൊ! ഞാനുമൊരു അനോണിമസ് ;)
ദുബായ് ഗ്രൂപ്പ് :) ഞങ്ങളെ തൊട്ടു കളിച്ചാല്‍ അക്കളി തീക്കളി കട്ടായം! :)

കലക്കി ഈ പോസ്റ്റ്. സ്വാതന്ത്ര്യവും വായിക്കാന്‍ പറ്റി. പെരിങ്ങോടരുടെ കമന്റ് ഉഗ്രന്‍. ആഹാ! ഒറ്റപ്പെടുത്തും. ജാഗ്രതൈ! :)

Anonymous said...

ദുബായിലെ ആളുകളെ വിവരമില്ലാത്ത മല്ലുക്കള്‍ എന്ന് വിളിച്ച് അധിക്ഷേപിക്കാനും അവര്‍ക്ക് ഇംഗ്ലീഷ് എഴുതാന്‍ അറിയില്ലയെന്നും ലിഫ്റ്റില്‍ കയറാന്‍ അറിയില്ലയെന്നും സ്ഥാപിച്ചെടുത്ത/സ്ഥിരമായി സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്ന ആളാണൊ ദുബായ് ബ്ലോഗര്‍മാരുടെ പുതിയ രക്ഷകന്‍? നല്ല തമാശ തന്നെ ഇതൊക്കെ കാണാനും കേള്‍ക്കാനും.
ഇപ്പോള്‍ പറയുന്നു, ഒരു കമന്റിന്റെ ധ്വനി അത്രക്കണ്ടട് പോരാന്ന്. മഹത്തരോ മഹത്തരം ഈ പുതിയ അവതാര വേഷം!! കയ്യടിക്കാന്‍ നാലാളു കൂടുമ്പോള്‍ എന്തും എതും ചെയ്യുന്നതാണീ ബുദ്ധിയ്ക്കു പുറകില്‍. ശരിയായ ബുദ്ധിയും ബോധവും മാറ്റി വെക്കും. തിരിച്ചറിവുണ്ടാകട്ടെ എന്ന് ആശംസിക്കാം ഇഞ്ചി.

ജേക്കബ്‌ said...

:-)

പ്രിയംവദ-priyamvada said...

ബ്ലോഗിനു പ്രൊഫിലിലെ വിവരങ്ങളെക്കാ‍ാള്‍ കൂടുതല്‍ പ്രസക്തി കൊടുക്കുന്ന ഒരു കാലം മലയാളം ബ്ലൊഗ്ഗില്‍ വരും ..അതു വരെ പിടിച്ചു നില്‍ക്കു ..പ്ലീസ്‌ ..എന്റെ ക്ലയെന്റ്സ്‌ ..i mean പേഷ്യന്റ്സ്‌ ഒന്നും ഇതു വരെ ആത്മഹത്യ ചെയ്തിട്ടില്ല ..പ്ലീസ്‌

btw ഇത്തരം നിഴല്‍ യുദ്ധങ്ങളില്‍ ആവശ്യമില്ലാതെ ചിലവഴികുന്ന ഉര്‍ജം നല്ല പോസ്റ്റുകള്‍ ഇടുന്നതിനു ഉപയോഗിച്ചിരുന്നെങ്കില്‍ എന്നു ഒരു മലയാള സ്നേഹിയുടെ സ്വാര്‍ഥയോടെ ആശിക്കുകയാണു..വെറുതെ ..
അനോണിവദ

Anonymous said...

കുട്ടിയുടെ പ്രശ്നം വിശദമായി പഠിച്ചതില്‍ നിന്നും ഇത് അനോണിമേറ്റസ് ഒബ്ലൊങ്കട്ട ആണെന്ന് തെളിഞ്ഞിരിക്കുന്നു.തഴെപ്പറയുന്ന പ്രതിവിധികള്‍ ഒരു പരിധിവരെ ഉപയോഗപ്പെടും.

1. ഏതെങ്കിലും ഒരു സ്ത്രീ നാമം. ( ഡോക്റ്റര്‍ ഏവൂരാന്റെ പോസ്റ്റില്‍ നിന്നുള്ള പേരുകളായാലും മതി)
2. പ്രൊഫൈലില്‍ ഒരു സുന്ദരിയുടെ പടം ( മീരാ ജാസ്മിന്റെ വേണ്ട,അവള്‍ക്കല്പം തന്റേടമുണ്ട്).
3. അറ്റ് ലീസ്റ്റ് മൂന്ന്‌ മെയില്‍ ഐഡികള്‍.
4. ഫോണ്‍‌ നമ്പര്‍ (നിര്‍ബന്ധമില്ല, എങ്കിലും മെയില്‍ വഴി എല്ലാവര്‍ക്കും ഒന്നയച്ചേക്കു)

രോഗം തീര്‍ത്തും മാറണമെന്നുണ്ടെങ്കില്‍ വെബ് കാം ഉള്ള കമ്പ്യൂട്ടറ് ഉപയോഗിക്കു..
പിന്നെ വോയ്സ് ചാറ്റ് ഇഷ്ടം പോലെ നാലു നേരവും ഉപയോഗിക്കണം.

ഇത്രയൊക്കെ ആയാല്‍ ഒരു പരിധിവരെ കുറഞ്ഞുകിട്ടും. മലയാളികളായതുകൊണ്ടാണ്‌ ഇത്ര കടുത്ത പ്രതിവിധികള്‍. ആത്മഹത്യക്കൊന്നും പോകണ്ട, ഒന്നും ഫ്രാങ്ക് ആയിട്ട് എഴുതാതിരുന്നാല്‍ മതി. കാല്‍ നഖം നിലത്ത് വരച്ച് പഠിക്കണം ട്ടൊ.. ഇനിയും സംശയമുണ്ടെങ്കില്‍ എഴുതു..

സ്നേഹത്തോടെ,

ഡോക്റ്റര്‍ .

krish | കൃഷ് said...

ആഹാ.. അപ്പോള്‍ ഇഞ്ചി ബ്ലോഗിങ് നിര്‍ത്തി ഇപ്പോള്‍ ഓണ്‍‌ലൈന്‍ മനോരോഗ കണ്‍‌സല്‍ട്ടിങ് തുടങ്ങിയോ. ഡോ.ജിഞ്ചിബെറിസ് അനോണിമൌസ്, MBBS, ABCD, MCH, ETC. ഗുഡ്. കച്ചവടം പൊളിപൊളിക്കും. കട പൊളിക്കുമെന്നല്ല.

Satheesh said...

ങൂം! നടക്കട്ടെ! :)
ഇനി ഇതിന്റെ അടുത്ത റൌണ്ട് എപ്പഴാണാവോ! ബ്ലോഗിലെ എല്ലാ അടിപിടിയും ശനിയാഴ്ചയും ഞായറാഴ്ചയും മാത്രമേ പാടുള്ളൂ എന്ന് നിയമം വേണം!

സു | Su said...

ഇഞ്ചീ,

ഇത്തരം പോസ്റ്റുകള്‍ ഇടാനായിരുന്നെങ്കില്‍, എന്റെ ബ്ലോഗില്‍ ദിവസവും ഓരോന്നുവന്നേനെ. പക്ഷെ, നാറുന്നവരെ ചുമക്കാന്‍ ഞാന്‍ പോകാറില്ല.

നല്ല എന്തെങ്കിലും കഥയോ കവിതയോ എഴുതിയിടൂ.

myexperimentsandme said...

വക്കീലും ഡോക്ടറും സാമൂഹ്യ ശാ‍സ്ത്രജ്ഞനും എല്ലാമായ സ്ഥിതിക്ക് ഇനി ഒരു ജഡ്‌ജിയുടെ കുറവും കൂടിയേ ഉള്ളൂ എന്ന് തോന്നുന്നു. എല്ലാവരും നിര്‍ബന്ധിക്കുകയാണെങ്കില്‍... :)

ഐഡന്റിറ്റി തെഫ്‌റ്റ് ഉള്‍പ്പടെയുള്ള സംഗതികള്‍ ഭയങ്കരമായി വര്‍ദ്ധിച്ചുവരുന്ന ഈ കാലങ്ങളില്‍ ഗവണ്മെന്റ് പോലും സ്വന്തം ഐഡന്റിറ്റി ഇന്റര്‍നെറ്റില്‍ പരസ്യപ്പെടുത്തുന്നതിനെതിരെ ആള്‍ക്കാരെ ബോധവല്‍ക്കരിക്കുമ്പോള്‍ അനോണിമസ് ആയി ഇരിക്കുന്ന ഒരാള്‍ക്ക്, അയാള്‍ ചെയ്യുന്ന കാര്യങ്ങള്‍ സഭ്യവും നിയമാനുസൃതവുമാണെങ്കില്‍, എത്രമാത്രം പരിരക്ഷ മറ്റുള്ളവരുടെ ആക്രമണങ്ങളില്‍ നിന്നും നിയമപരമായും അല്ലാതെയും കൊടുക്കാം എന്നും സഭ്യമല്ലാത്തതും നിമയാനുസൃതമല്ലാത്തതുമായ രീതിയില്‍ മറ്റുള്ള ആള്‍ക്കാരുടെ ഇടപെടലുകള്‍ക്കെതിരെ നിയമപരമായി എന്തൊക്കെ അനോണിമസുകള്‍ക്കും ചെയ്യാമെന്നുമുള്ള ചിന്തകള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടതെന്ന് തോന്നുന്നു. സഭ്യമല്ലാത്തതും നിയമാനുസൃതമല്ലാത്തതുമായ പ്രവര്‍ത്തികള്‍ കാണിക്കുന്ന അനോണിമസുകളെ പിടിക്കാന്‍ ഇപ്പോള്‍ തന്നെ സിസ്റ്റമുണ്ടല്ലോ.

സാല്‍ജോҐsaljo said...

വക്കാ‍രിമാഷെ വിട്ടുപിടി. ഒരു ബോധവല്‍ക്കരണം കൊണ്ട് ഇവിടെല്ലാരും ഐപി പറഞ്ഞു നടക്കുമെന്നു തോന്നുന്നുണ്ടോ?
ഇനിയൊരു ചര്‍ച്ചയ്ക്ക് ആര്‍ക്കും താല്പര്യമില്ല. നിരൂപണമാകാം. വിരോധമില്ല. കഥയ്ക്കും കവിതയ്ക്കും ലേഖനങ്ങള്‍ക്കും താല്പര്യം കാണിക്കുന്നവരാണിവിടെ നല്ലൊരു ശതമാനവും.

Unknown said...

ഞാനിവിറ്റെവന്നൊരു കമെന്റിട്ടപ്പോള്‍ എന്തൊരു സന്ദര്‍ശനം എന്റെ ബ്ലോഗില്‍. ഇത്‌ വേറൊരു ഐ ഡി ആണെ.

രമ്യ said...

):::) good work