2008-08-06

വിദ്യ ആഭാസ രാഷ്ട്രീയം

മക്ക് ഡോണാൾട്‌സ് എന്ന ഫാസ്റ്റ് ഫൂഡ് ചെയിനിന്റെ ഒരു പ്രശസ്ത പരസ്യം കണ്ടിട്ടുണ്ടോ? ചെറിയ കുട്ടികൾ അവരുടെ റെസ്റ്റോറന്റിലേക്ക് കടന്ന് വന്ന് ബർഗറും ഫ്രൈസും വാങ്ങിക്കുമ്പോൾ പരസ്യത്തിൽ ഫ്യൂച്ചർ മക്ക് ഡോണാൾട്‌സ് എംബ്ലോയീ (Future Mc Donald's Employee) എന്ന് എഴുതികാണിക്കും. കുട്ടികളെ ഇത്രയധികം നേരിട്ട് മാർക്കെറ്റ് ചെയ്യുന്ന മറ്റൊരു ഫൂഡ് ചെയിൻ ഉണ്ടാവില്ല. കമ്പനിക്കറിയാം ഇന്നത്തെ പത്ത് വയസ്സുകാരനെ സ്വാധീനിക്കാൻ സാധിച്ചാൽ അടുത്ത അൻപതു വർഷത്തേക്കുള്ള കച്ചവടവും ലാഭവും സുഗമം. ഇതാണ് ബിസിനസ്സിലെ ദീർഘവീക്ഷണം.

ഇതേ ദീർഘവീക്ഷണമാണ് പാഠപുസ്തകങ്ങളുടെ കാര്യത്തിലും വിവിധ സംസ്ഥാന/കേന്ദ്ര സർക്കാരുകൾ കാണിക്കുന്നത് എന്നതിൽ തർക്കമില്ല. അനുവദനീയമായ അളവെത്ര എന്നതിൽ മാത്രമേ നമുക്ക് തർക്കമുള്ളൂ.

ചില അതിശയകരമായ ഉദാഹരണങ്ങൾ :

ഗുജറാത്ത്


a. ഗുജറാത്തിലെ ചരിത്ര പുസ്തകങ്ങളിൽ സതി ഒരു നല്ല കാര്യമായാണ് പഠിപ്പിക്കുന്നത്. നേരിട്ട് സതി ഒരു നല്ല കാര്യമാണെന്നല്ല മറിച്ച് ഭർത്താക്കന്മാർ യുദ്ധത്തിൽ മരിച്ചപ്പോൾ രജ്‌പുതായ റാണി പത്മനി പതിനാറായിരം സ്ത്രീകളോടൊത്ത് ചിതയിൽ വെന്തു ചാരമായ അഭിമാനകരമായ കാര്യമാണ് പഠിപ്പിക്കുന്നത്.

b. ചാതുർവർണ്ണ്യം ആര്യന്മാർ ലോകത്തിനു സംഭാവന ചെയ്ത ഒരു മഹത്തരമായ കാര്യമാണെന്നും അതുകൊണ്ടുണ്ടായ സാമൂഹിക മാറ്റങ്ങൾ ഗംഭീരമാണെന്നും പഠിപ്പിക്കുന്നുണ്ട്. കൂടാതെ ക്രിസ്ത്യാനികളും മുസ്ലീമുകളും വിദേശികളാണെന്നും പഠിപ്പിക്കുന്നുണ്ട്.

c. ഇതൊന്നും പോരാതെ ഹിറ്റ്ലർ ജർമ്മനിയിൽ നടപ്പാക്കിയ ‘നല്ല’ സാമ്പത്തിക മാറ്റങ്ങൾ മുതൽ ഹിറ്റ്ലറുടെ കാലത്ത് ജർമ്മനി പച്ചപിടിച്ചതും വർണ്ണിക്കുന്നുണ്ട്.

ഗുജറാത്തിലെ സ്കൂളുകളിൽ പഠിച്ചിറങ്ങുന്ന കുട്ടികളുടെ വിദ്യാഭ്യാസ നിലവാരവും രാഷ്ട്രീയവും എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

പശ്ചിമ ബംഗാൾ


a. പശ്ചിമ ബംഗാളിലെ ‘92ലെ ഒരു ചോദ്യപേപ്പറിൽ ഉണ്ടായിരുന്നത് ഇപ്രകാരമാണ്.

ഏതെങ്കിലും ഒന്നിനെക്കുറിച്ച് ലേഖനം എഴുതുക:
i. ദേശീയതയും അഖണ്ഡതയും തെറ്റായ രാഷ്ട്രീയ മുദ്രവാക്യങ്ങളാണ്.
ii. ഹിന്ദുസ്ഥാനിൽ, ഹിന്ദുവിനോ ഹിന്ദിക്കോ സ്ഥാനമില്ല.
iii. ഇന്ത്യയുടെ അഞ്ച് വർഷ പദ്ധതികൾ ഒരു മിഥ്യയാണ്.
iv. ദേശീയ വികസന കണക്കുകൾ കള്ളത്തരമാണ്.
v. ജനാധിപത്യം ആസൂത്രിതമായ ഉപജാപമാണ്.
vi. ദേശീയ വിപ്ലവം മാത്രമേ വികസനത്തിനെ സഹായിക്കൂ.

b. ഇതാ രണ്ടായിരത്തിലെ പരീക്ഷക്ക് വന്ന കണക്കിലെ ചോദ്യപേപ്പർ:

മൂന്നു സുഹൃത്തുക്കൾ, പെർവേസ്, അദൽ, ബിൽ - ഇവർ പിക്നിക്കിനു പോകുന്നു. പെർവേസ് 750 ഗ്രാമിന്റെ മാംസം നൂറ്റിരുപത് രൂപയ്ക്ക് വാങ്ങിക്കുമ്പോൾ, അദൽ എഴുപത്തഞ്ച് രൂപയ്ക്ക് മറ്റു ഭക്ഷണങ്ങൾ വാങ്ങിക്കുന്നു. പക്ഷെ ഇവരുടെ ഭക്ഷണത്തിനുള്ള പൈസ തുല്യമായി കൊടുത്തത് ബിൽ ആണ്. എത്ര പൈസയാണ് ബിൽ രണ്ട് പേർക്കുമായി വീതിച്ചത്?

നല്ല തമാശ അല്ലേ? എന്താ ചോദ്യകർത്താക്കളുടെ ഭാവന. ഈ തമാശകളെല്ലാം സ്റ്റേറ്റ് സിലബസ്സുകളിലാണ് നടക്കുന്നത്. അവിടെയെല്ലാം പഠിക്കുന്നത് മുന്തിയ സി.ബി.എസ്‌.സി-യിലും മറ്റും പോകാൻ നിവൃത്തിയില്ലാത്ത നിർദ്ധനരായ കുട്ടികളും.

കേരളത്തിൽ പാഠപുസ്തക വിവാദം ഏതാണ്ട് കെട്ടടങ്ങിയ സമയത്താണ് 80,000-ോളം കുട്ടികൾ സർക്കാർ സ്കൂളിലെ കേരള സിലബസ്സിൽ നിന്നും മാറി മറ്റു സിലബസ്സുകൾ പഠിപ്പിക്കുന്ന സ്കൂളുകളിൽ ചേരുന്ന വാർത്ത വന്നത്. അതാരും അധികം ശ്രദ്ധിച്ചുമില്ല. എന്തിനു ശ്രദ്ധിക്കണം? പുതിയ കാര്യമല്ലല്ലോ? എന്തിനാണ് ഇന്ത്യയിൽ ഇത്രമാത്രം സിലബസ്സുകൾ? എതുകൊണ്ടാണ് സംസ്ഥാന സിലബസ്സുകൾക്ക് സി.ബി.എസ്.സി അല്ലെങ്കിൽ ഐ.സി.എസ്.സി പോലുള്ള സിലബസ്സുകളുടെ നിലവാരമില്ലാത്തത്? രാജ്യത്ത് എന്തിനാണിത്രയധികം തരത്തിലുള്ള പൗരന്മാർ ?

ബന്ധുവായ കേരളത്തിലെ ഒരു അദ്ധ്യാപിക പറഞ്ഞതനുസരിച്ച്, ഓട്ടോക്കാരന്റെ കുട്ടികളെപ്പോലും വളരെയധികം കഷ്ടപ്പെട്ട് അവർ സി.ബി.എസ്.സി സ്കൂളിൽ താങ്ങാനാവാത്ത ഫീസ് കൊടുത്ത് വിടുന്നു. സർക്കാർ സ്കൂളുകൾ സൗജന്യമായിട്ടും സർക്കാർ ഇതര സ്കൂളുകളിൽ കുട്ടികളെ പറഞ്ഞയക്കുന്നവരുടെ ചേതോവികാരമെന്താണ്?

എന്തുകൊണ്ടാണ് കേരളത്തിലെ വിദ്യാർത്ഥികൾ അഭിമാനപൂർവ്വം ഞങ്ങൾ സർക്കാർ വക എഞ്ചിനീയറിംഗ് കോളേജിലും മെഡിക്കൽ കോളേജിലും പഠിച്ചിരുന്നുവെന്നും പഠിക്കുന്നുവെന്നും അവകാശപ്പെടുമ്പോൾ അതേ അഭിമാനം സർക്കാർ സ്കൂളിലാണ് പഠിച്ചത് എന്ന് പ്രകടിപ്പിക്കാത്തത്? എന്തുകൊണ്ട് ഉന്നതനിലവാരമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ സർക്കാർ കീഴിൽ ഉള്ളപ്പോൾ അതേ നിലവാരം സർക്കാർ സ്കൂളുകളിൽ പ്രകടമാക്കാത്തത്? എന്തുകൊണ്ടാണ് വിദ്യാഭ്യാസ കച്ചവടത്തെക്കുറിച്ച് വ്യാകുലപ്പെടുന്നവർ ഇതിനെക്കുറിച്ച് വ്യാകുലപ്പെടാത്തത്?

അംഗീകൃത അണ്‍എയ്‌ഡഡ്‌ സ്‌കൂളുകളെക്കുറിച്ച്‌ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗ സമിതിയുടെ കണ്ടെത്തെലുകൾ പ്രകാരം സർക്കാർ സ്കൂളിൽ പതിനഞ്ച് ലക്ഷം കുട്ടികൾ പഠിക്കുമ്പോൾ എയ്ഡഡ് സ്കൂളുകളിൽ അത് മുപ്പത് ലക്ഷമാണ്. അൺ എയ്ഡഡിൽ പഠിക്കുന്നവരുടെ കണക്കുകൾ കയ്യിലില്ല (കിരണിനു നന്ദി തിരുത്തലിനു)

എന്നിട്ടും ഇങ്ങോട്ട് തന്നെ അയക്കണമെങ്കിൽ എത്ര നിലവാരം കുറഞ്ഞതാവണം സർക്കാർ സ്കൂളുകൾ? സർക്കാർ സ്കൂളുകളിലെ അധ്യാപകർ പഞ്ചായത്ത് അംഗമായോ അങ്ങിനെ എന്തെങ്കിലുമൊക്കെ രാഷ്ട്രീയ പ്രവർത്തനം കൂടി ഒരുമിച്ചു കൊണ്ട് പോകുന്നതു കാരണം സ്കൂളിൽ വരാൻ നേരം കിട്ടുന്നില്ല എന്നും പുതിയ റിപ്പോർട്ടിൽ പറയുന്നു. സർക്കാർ സ്കൂളിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ മക്കൾ പോലും അവിടെയല്ല പഠിക്കുന്നത്. മറ്റു സർക്കാർ സ്ഥാപനങ്ങളിൽ ജോലിസമയം പാഴാക്കുന്നത് പോലെ തന്നെ കക്ഷിരാഷ്ട്രീയത്തിനു സമയം കണ്ടെത്തുന്ന അദ്ധ്യാപകരെക്കുറിച്ച് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇങ്ങിനെ സർക്കാർ സ്കൂളുകളെ പരിതാപകരമായ നിലയിൽ തള്ളിയിട്ടിട്ട് സ്വകാര്യ വിദ്യഭ്യാസത്തിനെതിരെ രോഷം കൊള്ളുന്നതിലെ രാഷ്ട്രീയ ആഭാസം എങ്ങിനെ എത്ര നാൾ കണ്ടില്ലെന്ന് നടിക്കും?

നമ്മളിൽ എത്ര പേർ കുട്ടിയെ സർക്കാർ സ്കൂളിലേക്ക് അയക്കും?

30 പ്രതികരണങ്ങള്‍:

Haree said...

ഇതു വായിച്ചപ്പോൾ മറ്റൊരു സംഭവം ഓർത്തുപോവുകയാണ്. ഒരിടത്ത് നളചരിതം രണ്ടാം ദിവസം കഥകളി അവതരിപ്പിച്ചപ്പോൾ, നൈഷധത്തിന്റെ(നളന്റെ രാജ്യം) മഹത്വം കാണിക്കുവാനായി സ്ത്രീകൾ സതി അനുഷ്ഠിക്കുന്നു എന്ന വിശദമായ ആട്ടം അവതരിപ്പിക്കുകയുണ്ടായി. അത് പണ്ടുകാലത്ത് മഹത്തരമായി കരുതിപ്പോന്നിരുന്ന ഒരു കാര്യമാണെങ്കിലും, ഇന്ന് അത് ശ്രേഷ്ഠതയുടെ ലക്ഷണമായി പറയുന്നത് കലയിലാണെങ്കിൽ പോലും എതിർക്കപ്പെടേണ്ടതാണ് എന്ന എന്റെ അഭിപ്പായം കളിയരങ്ങിലെ ആസ്വാദനക്കുറിപ്പിൽ ഞാൻ പറഞ്ഞിരുന്നു.

ഇതുപോലെ പണ്ടുകാലത്ത് മഹത്തരമായി കരുതിപ്പോന്നിരുന്ന കാര്യങ്ങൾ പലതുണ്ടാവാം. എന്നാൽ അത് ഇന്നും മഹത്താണ്(അല്ലെങ്കിൽ അന്നത് മഹത്വമായി കണ്ടത് ശരിയാണ്) എന്നു പഠിപ്പിക്കുന്നത് അപലപനീയമാണ്. അന്ന് അങ്ങിനെ തെറ്റായി ധരിച്ചിരുന്നു; അതിൽ നിന്നുമൊക്കെ നാം ഇന്നത്തെ രീതിയിലേക്ക് മാറിയത് എന്തുകൊണ്ടും നല്ലത്, എന്ന രീതിയിൽ അവയെക്കുറിച്ച് പഠിപ്പിക്കുന്നതിലും കുഴപ്പമില്ല്ല.

പശ്ചിമബംഗാളിലെ 92-ലെ ചോദ്യപ്പേപ്പർ, ഏത് തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായുള്ളതാണ്? കണക്കിലെ ഭാവന ഉഗ്രൻ! :-)

ചോദ്യങ്ങൾക്കുത്തരം സിമ്പിൾ: ഉന്നതവിദ്യാഭ്യാസം നൽകുന്ന സർക്കാർ സ്കൂളിൽ(ഫീസില്ലാതെ/കുറഞ്ഞ ഫീസിൽ) ചേർന്നു പഠിക്കണമെങ്കിൽ, അടിസ്ഥാനപഠനം സർക്കാരിതര(ഫീസ് കൊടുത്ത്) സ്കൂളുകളിലായിരിക്കണം. ഉന്നതവിദ്യാഭ്യാസമാണോ, അടിസ്ഥാനവിദ്യാഭ്യാസമാണോ ഫീസ് കൊടുത്തു പഠിക്കേണ്ടത് എന്നാലോചിച്ചാൽ; ലാഭം അടിസ്ഥാനവിദ്യാഭ്യാസത്തിനു ഫീസ് കൊടുക്കുന്നതാണ് എന്നും മനസിലാക്കാം.

ഓഫ്: ഞാൻ പഠിച്ചു വന്നത് നാലുവരെ സർക്കാർ സ്കൂളിലും, അഞ്ചു മുതൽ പത്തുവരെ അർദ്ധസർക്കാർ(സ്വകാര്യ മാനേജ്മെന്റ്, സർക്കാർ ശമ്പളം) സ്കൂളിലുമായിരുന്നു. ഇരുപത് വർഷം മുൻപ് ഈ പറഞ്ഞതുപോലെ ആയിരുന്നില്ല സർക്കാർ സ്കൂളുകളിലെ അധ്യാപകർ.
--

ഗോപക്‌ യു ആര്‍ said...

i would like to agree with you

my children were at govt schools

കിരണ്‍ തോമസ് തോമ്പില്‍ said...

ഇഞ്ചി ഗുരുതരമായ ഒരു പിശക്‌ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു. ഇല്ലെങ്കില്‍ ചര്‍ച്ച വഴിമാറിപ്പോകുകയും ഈ പോസ്റ്റു വായിക്കുന്നവര്‍ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യും.

ഇഞ്ചി പറയുന്നത്‌ ഇങ്ങനെ

സർക്കാർ സ്കൂളിൽ പതിനഞ്ച് ലക്ഷം കുട്ടികൾ പഠിക്കുമ്പോൾ സർക്കാരിതര സ്കൂളുകളിൽ അത് മുപ്പത് ലക്ഷമാണ്. ഈ മുപ്പത് ലക്ഷവും പഠിക്കുന്നത് നല്ല ഉയർന്ന ഫീസ് കൊടുത്തിട്ടാണെന്ന് ഓർക്കണം. നിശ്ചിത ഫീസ് ഉണ്ടെങ്കിൽ കൂടി ബിൾഡിങ്ങ് ഡോണേഷൻ, ലൈബ്രറി ഡൊണേഷൻ ഇങ്ങിനെ മാതാപിതാക്കളെ പിഴിഞ്ഞു ഫീസ് ഈടാക്കുമെന്നത് ഒരു രഹസ്യമല്ല.


എന്നാല്‍ സര്‍ക്കാരിതരം എന്ന് പറഞ്ഞിട്ടുള്ള 30 ലക്ഷം കുട്ടികള്‍ പഠിക്കുന്നത്‌ സര്‍ക്കാര്‍ ഏയ്‌ഡഡ്‌ വിദ്യാലയങ്ങളിലാണ്‌. അവിടെ ഫീസോ ഡോണേഷനോ ഇല്ല. സര്‍ക്കാര്‍ ഇതരം എന്ന വാക്കാകും ഇഞ്ചിയേ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകുക എന്ന് കരുതുന്നു. ഫലത്തില്‍ 45 ലക്ഷം കുട്ടികള്‍ ഫീസോ ഡോണേഷനോ ഇല്ലാതെ പഠിക്കുന്നുണ്ട്‌.

ആധാരം ഈ മാതൃഭൂമി വാര്‍ത്ത

Suraj said...

പ്രിയ ഇഞ്ചിപ്പെണ്ണ്,

1. പോസ്റ്റിന്റെ ആദ്യഭാഗത്ത് സർക്കാരുകൾ കാണിക്കുന്ന “മക് ഡോണൾഡ്സ് മോഡൽ ദീർഘവീക്ഷണ”ത്തിന്റെ ഉദാഹരണമായി ‘സിലബസ്സിലെ’ സംഗതികളും ചോദ്യപ്പേപ്പറും നൽകിയിട്ട് പിന്നെ സർക്കാർ സ്കൂളിൽ കുട്ടികൾ ചേരാത്തതിനെ കുറിച്ചെഴുതിയത് തീരേ അങ്ങോട്ടു മനസ്സിലായില്ല - പാഠപുസ്തകത്തിനോ ചോദ്യപ്പേപ്പറുകൾക്കോ നിലവാരമില്ല എന്ന കാരണത്താലാണ് ഈ ‘കൊഴിഞ്ഞു ’പോക്ക് എന്നാണോ ഇഞ്ചി ഉദ്ദേശിച്ചത് ?

2. ആ ഗുജറാത്ത് പുസ്തകം/ബംഗാൾ ചോദ്യപ്പേപ്പർ വിവരത്തിന്റെ ഉറവിടം ?

കൈയ്യിലുണ്ടെങ്കിൽ ഒന്നു സ്കാൻ ചെയ്തിടാമോ ? ലിങ്കിട്ടാലും മതി. ഒന്നു നേരിൽ കാണാനാണ്. ഈയടുത്തുണ്ടായ പാഠപുസ്തകവിവാദത്തിൽ ജനം ബുക്ക് നേരിൽ കണ്ടപ്പോൾ കഥമാറിയത് ഓർത്ത് പറഞ്ഞെന്നേയുള്ളൂ.

അരവിന്ദ് നീലേശ്വരം said...

ഗുജറാത്തിലെ ഏത് ക്ലാസ്സിലെ ഏത് പുസ്തകത്തിലാണ് ഇത്തരം കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത് എന്നു കൂടി പറഞ്ഞിരുന്നെങ്കില്‍ കുറച്ച് വിശ്വാസ്യത വന്നേനേ....
അറിയുമെങ്കില്‍ ഒന്ന് പറയുക....

സജീവ് കടവനാട് said...

കിരണിന്റെ ആ കമന്റില്ലെങ്കില്‍ ആകെ കണ്‍ഫായേനെ.
സര്‍ക്കാര്‍ സ്കൂളുകളുടേയും അണ്‍ എയ്ഡഡ് സ്കൂളുകളുടേയും മൊത്തം എണ്ണം കൊണ്ട് ഈ പറയുന്ന കണക്കിനെ ഒന്നു താരതമ്യം ചെയ്തതാണേ...

ഒരു സര്‍ക്കാര്‍ പള്ളിക്കൂടത്തിന്റെ സന്തതി, സ്കൂളുകളിലയക്കാതെയും കുഞ്ഞുങ്ങള്‍ക്ക് വിദ്യഭ്യാസം നല്‍കാന്‍ കഴിയുമെന്നു ചിന്തിക്കുന്നവന്‍. :)

“നമ്മളിൽ എത്ര പേർ കുട്ടിയെ സർക്കാർ സ്കൂളിലേക്ക് അയക്കും?”- ലേഖിക തയ്യാറാകുമോ?
തന്റെ നാട്ടിന്‍പുറത്തെ ഒരു സര്‍ക്കാര്‍ സ്കൂളിനെ മെച്ചപ്പെട്ട നിലവാരത്തിലേക്കെത്തിക്കാന്‍ ലേഖികക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?
അങ്ങിനെ ചെയ്ത ഉദാഹരണങ്ങളുള്ളതുകൊണ്ട് ചോദിച്ചതാണ്.

ചോദ്യങ്ങള്‍ ചോദിക്കുന്നതോടൊപ്പം ഉത്തരങ്ങള്‍ കണ്ടെത്തുക എന്നതും ഒരു സാധ്യതയാണ്.

കണ്ണൂസ്‌ said...

കേരളത്തില്‍ ഡി.പി.ഇ.പി അല്ലെങ്കില്‍ ബോധന വിദ്യാഭ്യാസത്തിന്റെ ഏതെങ്കിലും മാതൃക വരാത്തിടത്തോളം കാലം ഞാന്‍ എന്റെ കുട്ടികളെ സര്‍ക്കാര്‍ സ്കൂളില്‍ എന്നല്ല കേരളത്തിലെ ഒരു സ്കൂളിലും പഠിപ്പിക്കില്ല. അതിന് ദൈവം ഇടവരുത്താതിരിക്കട്ടേ.

ഗുജറാത്തിലേയും ബംഗാളിലേയും ചൂണ്ടിക്കാണിക്കപ്പെട്ട പാഠഭാഗങ്ങള്‍ ശരിയാണെങ്കില്‍ കോടതി സ്വമേധയാ എങ്കിലും നടപടി എടുക്കേണ്ടതാണ്‍് ഇവര്‍ക്കെതിരെ.

കണ്ണൂസ്‌ said...

അരവിന്ദ് നീലേശ്വരം അഹമ്മദാബാദില്‍ അല്ലേ? ഒന്ന് അന്വേഷിക്കാമോ ഗുജറാത്തില്‍ ഇങ്ങനത്തെ പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നുന്ടോ എന്ന്?

വെറുതെ ഒന്നറിഞ്ഞിരിക്കാനാ.

ഡാലി said...

സൂരജിന്റെ ഒന്നാം ചോദ്യത്തിനുള്ള മറുപടി കണ്ടീട്ട് കൊടുതല്‍ എഴുതാം എന്ന് കരുതുന്നു.
ഒരു ചോദ്യം കൂടി ഉണ്ട്. ഈ വര്‍ഷം സംസ്ഥാന സിലബസ്സില്‍ നിന്ന് കേന്ദ്ര സിലബസ്സുകളിലേയ്ക്ക് (സി.ബി.എസ്.സി, ഐ.സി.എസ്.സി) പോയ കുട്ടികള്‍ എത്രയുണ്ട്? എന്തെങ്കിലും റെഫറന്‍സുണ്ടോ അതിന്? പോസ്റ്റില്‍ പറഞ്ഞ വാര്‍ത്തയുടെ ലിങ്കായാലും മതി.

ചോദിക്കാന്‍ കാരണം കേന്ദ്ര - സ്റ്റേറ്റ് സിലബസ് സ്കൂളുകള്‍ താരതമ്യ ചെയ്തീട്ട് റെഫറന്‍സ് തന്നിരിക്കുന്നത് സര്‍ക്കാര്‍ -സര്‍ക്കാരിതര സ്കൂളുകളുടെ കണക്കാണ്. (<>അംഗീകൃത അണ്‍എയ്‌ഡഡ്‌ സ്‌കൂളുകളെക്കുറിച്ച്‌ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗ സമിതിയുടെ കണ്ടെത്തെലുകൾ പ്രകാരം സർക്കാർ സ്കൂളിൽ പതിനഞ്ച് ലക്ഷം കുട്ടികൾ പഠിക്കുമ്പോൾ സർക്കാരിതര സ്കൂളുകളിൽ അത് മുപ്പത് ലക്ഷമാണ്. <>)
വാര്‍ത്തയിലെ സര്‍ക്കാര്‍ ഇതര എന്നാല്‍ എയിഡഡ് എന്നത് ഒരു കാര്യം (അത് കിരണ്‍ പറഞ്ഞു).
രണ്ടാമത്തെ കാര്യം സര്‍ക്കാരിതര എന്നാല്‍ അണ്‍‌എയിഡഡ് സ്കൂള്‍ എന്നാണ് മനസ്സിലാക്കിയിരിക്ക്കുന്നതെങ്കില്‍ എല്ലാ അണ്‍-ഐഡഡ് സ്കൂളുകളും കേന്ദ്ര സിലബസ് അല്ല എന്നുള്ളതാണ്.
മറുപടിയെഴുതുമ്പോള്‍ ഈ രണ്ട് കാര്യങ്ങള്‍ കൂടി ശ്രദ്ധവെയ്ക്കണം എന്ന് റിക്വസ്റ്റ് ഇടുന്നു.

ramachandran said...

സി.ബി.എസ്.സി എന്നു പറയുന്നത് എന്തരോ എന്തോ? പുതിയ കോഴ്‌സാ?

Unknown said...

സി.ബി.എസ്.സി സ്കൂളുകള്‍ക്ക് ഉണ്ട് എന്നുപറയുന്ന നിലവാരം മാത്രമാണോ മലയാളികള്‍
കുട്ടികളേ അങ്ങോട്ട് അയക്കാന്‍ കാരണം?

മലയാളിയുടെ മറ്റു പലകാര്യങ്ങളിലുമുള്ളതു പോലുള്ള
ദുരഭിമാനം ഇക്കാര്യത്തിലുമില്ലെ?

സി.ബി.എസ്.സി സിലബസ് ആണെന്ന് പറഞ്ഞ് സാധാരണ് ഗവണ്‍‌മെന്‍റ് സ്കൂളിന്‍റെ നിലവാരം പോലും
ഇല്ലാത്ത എത്രസ്കൂളുകള്‍ കേരളത്തില്‍ ഉണ്ട്?

സി.ബി.എസ്.സി സിലബസ് എന്ന് പറഞ്ഞ് പഠിപ്പിക്കുന്നത് പലസ്കൂളുകളിലും പഠിപ്പിക്കുന്നത്
പല പുസ്തകങ്ങളല്ലെ?

ഹൈസ്കൂള്‍ മുതലല്ലേ സി.ബി.എസ്.സി സിലബസ്
ആരംഭിക്കുന്നത്?

kaalachakram said...

ഇതിലെ ബംഗാള്‍ ഭാഗങ്ങള്‍ ക്വോട്ട് ചെയ്ത് റിഡിഫില്‍ ഒരു സ്ത്രീ കടുത്ത വര്‍ഗ്ഗീയവിഷം ചൊരിഞ്ഞതോര്‍ക്കുന്നു,4-5 വര്‍ഷം മുന്‍പ്.

സു | Su said...

സി. ബി. എസ്. ഇ എന്നല്ലേ?

അപ്പോൾ എല്ലായിടത്തേയും സർക്കാർ ഭാവിവാഗ്ദാനങ്ങൾ എന്തുപഠിക്കണമെന്നും എന്തു പഠിക്കരുതെന്നും തീരുമാനമില്ലാത്തവരും, എന്തെങ്കിലും പഠിച്ചോട്ടെ എന്ന മനസ്ഥിതിയുള്ളവരും ആണെന്ന് ചുരുക്കം. ഗുജറാത്തായാലും ബംഗാളായാലും കർണാടകമായാലും, കേരളമായാലും. പഠനപുസ്തകങ്ങൾ ഇന്നതുപോലെ വേണമെന്ന്, അതായത് അതിൽ പഠിപ്പിക്കേണ്ടുന്ന ഭാഗങ്ങൾ, കുട്ടികളുടെ ഭാവിയ്ക്ക് ആവശ്യമുണ്ടെന്ന് അഭിപ്രായം ഇല്ലാത്തതുപോലെയാണല്ലോ അടിച്ചിറക്കി വിടുന്നത്. വീട്ടിലിരുത്തി പഠിപ്പിക്കുന്നവരെക്കുറിച്ച് വായിച്ചിട്ടുണ്ട്. അവർക്ക് കൂടുതൽ അറിവുണ്ടാകുമോയെന്ന് അറിയില്ല. പക്ഷെ അവർക്ക് സമൂഹത്തിൽ ഇടപെടാൻ പെട്ടെന്ന് കഴിഞ്ഞെന്ന് വരുമോന്ന് ഒരു സംശയം.

കണക്കെനിക്ക് അറിയാത്തതുകൊണ്ട് അതിനെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. ;)

എന്തായാലും തെറ്റ് തെറ്റു തന്നെ. ഏതു സർക്കാർ സ്കൂൾ സിലബസ്സായാലും. കേന്ദ്ര സിലബസ്സായാലും.

പിന്നെ രാഷ്ട്രീയ ആഭാസം. അതിനി എന്തു തന്നെ വന്നാലും തീരാൻ പോകുന്നില്ല. പഠിച്ചാൽ കുറ്റം, പഠിപ്പിച്ചാൽ കുറ്റം, സിലബസ്സിൽ കുറ്റം, സിലബസ്സു മാറ്റിയാൽ കുറ്റം. ഏതെങ്കിലുമൊരു പാർട്ടിക്ക് ഹർത്താൽ നടത്താനുള്ള വക അവരു കണ്ടെത്തും.

ചലോ സർക്കാർ സ്കൂൾ എന്ന പദ്ധതി എവിടെ എത്തിയെന്തോ! http://nilavathekozhi.blogspot.com/2007/08/blog-post.html

Muneer said...

>>സർക്കാർ സ്കൂളുകൾ സൗജന്യമായിട്ടും സർക്കാർ ഇതര സ്കൂളുകളിൽ കുട്ടികളെ പറഞ്ഞയക്കുന്നവരുടെ ചേതോവികാരമെന്താണ്?

ഒറ്റ കാരണം മാത്രം. പണത്തിനു പിന്നാലെ മരണപ്പാച്ചില്‍ പായുന്ന നമ്മുടെ സാമൂഹ്യക്രമം. വിദ്യാഭ്യാസം എന്നത് ഒരു നല്ല മനുഷ്യനെ ഉണ്ടാക്കാനുള്ള മാര്‍ഗം ആണെന്ന് ഇപ്പോള്‍ ആരും കരുതുന്നില്ല, സ്കൂളിലെ സിലബസ് എഴുതുന്ന വിദഗ്ദ്ധര്‍ പോലും. അഥവാ കരുതിയാല്‍ തന്നെ അവനു ഇവിടെ ജീവിക്കാന്‍ പറ്റില്ല.

വിദ്യാലയങ്ങളില്‍ സ്വന്തം ആശയങ്ങളെ അടിച്ചേല്പ്പിക്കുന്നതിനെക്കുറിച്ച്: ആശയങ്ങളുടെ സ്വതന്ത്രമായ സഞ്ചാരം സധ്യമവുംബോഴാണ്(ഹൊ. ഈ mba എന്ന് എങ്ങനെ ആണാവോ ടൈപ്പ് ചെയ്യുന്നത്?) സമൂഹം നന്നാവുന്നത് എന്ന് നമ്മുടെ രാഷ്ട്രീയക്കാര്‍ എന്നാണാവോ മനസ്സിലാക്കുന്നത്? കെട്ടിക്കിടക്കുന്ന വെള്ളത്തിനെക്കാള്‍് നല്ലത് കുത്തി ഒലിക്കുന്ന വെള്ളമാണെന്നു അറിയില്ലെന്നുണ്ടോ? അതോ അവരും പണത്തിനു പിന്നാലെ ആണോ?

സൂര്യോദയം said...

നല്ല നിലവാരത്തില്‍ അദ്ധ്യയനം നടക്കുന്ന നിരവധി സര്‍ക്കാര്‍ സ്കൂളുകളുണ്ട്‌. സര്‍ക്കാര്‍ സ്കൂളുകളുടെ നിലവാരം ഉയര്‍ത്താന്‍ ജനങ്ങളും ഭരണനേതൃത്വവും അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും മുന്നിട്ടിറങ്ങണം.

സര്‍ക്കാര്‍ സ്കൂളുകളിലെ കൊഴിഞ്ഞ്‌ പോക്ക്‌ സമൂഹത്തില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കുന്നുണ്ട്‌. വരുമാനം കുറഞ്ഞവര്‍പോലും പല കാരണത്താല്‍ (വീമ്പ്‌ പറച്ചിലും ഉള്‍പ്പെടെ) കുട്ടികളെ നല്ലൊരു ഫീസ്‌ കൊടുത്ത്‌ പഠിപ്പിക്കുന്നു. വിദ്യാഭ്യാസം സൗജന്യമായി നല്‍കണമെന്നും ഭരണഘടനാപരമായ കര്‍ത്തവ്യമാണെന്നുമുള്ളതൊക്കെ വിസ്മരിച്ചുകൊണ്ട്‌ തന്നെ ഈ പ്രവണത വളരുന്നു.

1. അതാത്‌ സ്കൂളുകളിലെ അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും ആ ഭാഗത്തെ രാഷ്ട്രീയ ഭരണകര്‍ത്താക്കളും ഉള്‍പ്പെടെയുള്ള ഒരു കമ്മിറ്റി സ്കൂളിന്റെ പുരോഗമനത്തിന്‌ നിരന്തരം പ്രവര്‍ത്തിച്ചാല്‍ മാറ്റം ഉറപ്പായും പ്രകടമാകും. പല സ്കൂളുകള്‍ ഉദാഹരണങ്ങളുണ്ട്‌.

2. ഇത്തരം പുരോഗതിയിലേയ്ക്കുള്ള പ്രവര്‍ത്തനങ്ങളോടൊപ്പം എല്ലാ സര്‍ക്കാര്‍ ജീവനക്കാരും അവരുടെ കുട്ടികളെ സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിപ്പിക്കണമെന്ന ഒരു നിയമവും നന്നായിരിക്കും. (ഇതിന്‌ തയ്യാറല്ലാത്തവര്‍ സര്‍ക്കാര്‍ ജോലി ചെയ്യണമെന്നില്ല. അല്ലാ പിന്നെ..)

(ഇഷ്ടം പോലെ തെറി കേള്‍ക്കാനുള്ള സ്കോപ്പായി എന്ന് തോന്നുന്നു)

Rachana , Appu said...

The very concept of good or bad schools is something which evolved in the past 5 or 8 years.

20 years back all schools were considered as good. There is no differentiation at all. In fact,there were only very few CBSE schools those days. Forget about CBSE , even English medium schools were less. But ,most of us who studied in the so called govt or govt aided schools did well in studies and most of the seats in professional colleges were also bagged by the students from these schools.
Today , things are different. There are son many people who woek outside the state they belong to and CBSE schools are needed which provide common curriculum . The standard of education has improved , teaching methods have changed, children have better exposure even from the age of 3, which never used to be the case earlier. There is a cut throat competition for everything. Awareness of people and affordability also has increased. So , every one looks for the best.
The fees I pay for my child today per quarter is same as the total fees paid for my 4-year engg course. But ,is there a choice? Even within CBSE schools, people want to choose the best. Does that mean other schools are bad ? Ofcourse , not. But ,more than academics , now people even look forward to the other opportunities the school offers for overall development of the child , be it art, literature , sports..
But , ofcourse there is one aspect. Running a school has become a profitable business today. Education is no more about commitment , teacher student relationship . It is also a business. Earlier , donation or hefty fees was something which are there in provate professional colleges ,that too in states like Karnataka only.Today it starts from LKG.
Every parent wants to give the best education to theie child . There is more focus on upbringing of a child especially on education. It is all a result of all these. In my days , the responsibility of the parent ends when he/she puts their child in the nearest school to their house and it is upto the child to learn and grow. That creates independence and also resposnsibility in some children , but in some it is the other way. Today , everything is monitored , measured and parents own the responsibility throughout a child's education..

Education should not become a business in anyway.. All Other improvements are always welcome !

മൂര്‍ത്തി said...

“കേരളത്തിൽ പാഠപുസ്തക വിവാദം ഏതാണ്ട് കെട്ടടങ്ങിയ സമയത്താണ് 80,000-ോളം കുട്ടികൾ സർക്കാർ സ്കൂളിലെ കേരള സിലബസ്സിൽ നിന്നും മാറി മറ്റു സിലബസ്സുകൾ പഠിപ്പിക്കുന്ന സ്കൂളുകളിൽ ചേരുന്ന വാർത്ത വന്നത്.“

ഈ കണക്ക് സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് മറ്റു സിലബസിലേക്ക് പോയവരുടെ എണ്ണമാണെന്ന് ഉറപ്പുണ്ടോ? കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം സര്‍ക്കാര്‍ സ്കൂളിലെ കുട്ടികളുടെ എണ്ണത്തില്‍ 80000 കുറവുണ്ടെന്ന് ഒരു മാതൃഭൂമി വാ‍ര്‍ത്ത ഉണ്ടായിരുന്നു.

പ്രസക്ത ഭാഗം ഇങ്ങിനെ

“ഈ വര്‍ഷത്തെ ആറാം പ്രവൃത്തിദിവസം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും നടത്തിയ കണക്കെടുപ്പിലാണ്‌ സംസ്ഥാന സിലബസ്സിനോട്‌ വിദ്യാര്‍ഥികള്‍ക്ക്‌ ആഭിമുഖ്യം കുറഞ്ഞുവരുന്നതിന്റെ സൂചന നല്‍കുന്ന കണക്ക്‌ വ്യക്തമായത്‌. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 35,748 കുട്ടികളും എയ്‌ഡഡ്‌ മേഖലയില്‍ 44,146 പേരും അണ്‍ എയ്‌ഡഡ്‌ വിഭാഗത്തില്‍ 115 കുട്ടികളുമാണ്‌ കുറഞ്ഞത്‌. മുന്‍ വര്‍ഷത്തെ അപേക്ഷിച്ചുള്ള കണക്കാണിത്‌.“

ഈ വാര്‍ത്ത തന്നെയാണ് പ്രസ്തുത പരാമര്‍ശത്തിനു ആധാരം എങ്കില്‍ സര്‍ക്കാര്‍ സിലബസില്‍ നിന്ന് സി.ബി.എസ്.ഇയിലേക്ക് പോയവര്‍ 80000 എന്ന പരാമര്‍ശം ശരിയാണോ?

2001-02ലെ കണക്കനുസരിച്ച് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയവിദ്യാലയം, നവോദയ എന്നിവിടങ്ങളില്‍ പഠികുന്ന കുട്ടികളുടെ എണ്ണം 284422. ഇത് വര്‍ദ്ധിക്കുന്നുണ്ട് എന്നത് സത്യമാണ്. സര്‍ക്കാര്‍ സിലബസില്‍ 45 ലക്ഷം കുട്ടികള്‍ പഠിക്കുന്നുണ്ട്. 80000 എന്നത് 1.7% വരും.

Santosh said...

Has Inji realized that in the US of A where you stay, the Darwin's theory of evolution is not taught to students until they finish high school and opt for any of the life sciences for higher education? The Bible influence?

My point is that this agenda exists at all levels and in all countries - irrespective of being high cost or low cost economy. What we can do as parents to prepare our children to be resilient, broad minded and emphathetic is what matters - so that they learn to stay away from such and many other pitfalls.

ജിവി/JiVi said...

സര്‍ക്കാര്‍ സ്ക്കൂളുകള്‍ നിലവാരം കുറഞ്ഞത് എന്ന പ്രചാരണം സത്യത്തില്‍ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായി നടത്തപ്പെട്ടതാണ്. വര്‍ഷങ്ങളുടെ അസത്യ പ്രചരണം കേരളത്തിന്റെ മാസ്സ് മിഡില്‍ ക്ലാസ്സിനെ സര്‍ക്കാ‍ര്‍ സ്ക്കൂളില്‍ നിന്നു അകറ്റുകയും അതു സര്‍ക്കാര്‍ സ്ക്കൂളുകളുടെ നിലവാരം താഴ്ത്തുകയും ചെയ്തു.

ഉദാഹരണമായി 25 വര്‍ഷം മുമ്പു ഞാ‍ന്‍ പഡിച്ച സര്‍ക്കാര്‍ സ്ക്കൂളില്‍ അന്നു എന്റെ സഹപാഡികളായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും ഡോക്ടര്‍മാര്‍ അടക്കമുള്ള പ്രൊഫഷണലുകളുടെയും വിദേശ മലയാളികളുടെയും മക്കളുണ്ടായിരുന്നു. ഇന്നു സ്വാഭാവിക മരണത്തിലേക്കു നീങ്ങുന്ന ആ സ്ക്കൂളില്‍, തൊട്ടടുത്തു കൂട്ടമായി താമസിക്കുന്ന തമിഴു തൊഴിലാളികളുടെ മക്കള്‍ മാത്രമാണു. ഉച്ചക്കഞ്ഞിയാണു മുഖ്യ ആകര്‍ഷണം.

ഈയടുത്ത കാലത്തു ചില എയ്ഡഡു മാനേജുമെന്റുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ഗണ്യമായ പുരോഗതിയും സ്വീകാര്യതയും കൈവരിച്ചിട്ടുണ്ടു.

സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കും ആ നിലയില്‍ ഉയരാന്‍ കഴിയും. ബേബിയെപ്പോലൊരു CPM മന്ത്രി പത്തു വര്‍ഷമെങ്കിലും ഇതേ നിലയില്‍ പ്രവര്‍ത്തിക്കണം.

അണ്‍ എയ്ഡഡു വിദ്യാഭ്യാസ കച്ചവട സ്ഥാപനങ്ങളുടെ സ്വാഭാവിക മരണം കാണാന്‍ കൊതിക്കുന്ന ഒരാളാണു ഞാന്‍.

The Common Man | പ്രാരബ്ധം said...

"എന്തുകൊണ്ടാണ് കേരളത്തിലെ വിദ്യാർത്ഥികൾ അഭിമാനപൂർവ്വം ഞങ്ങൾ സർക്കാർ വക എഞ്ചിനീയറിംഗ് കോളേജിലും മെഡിക്കൽ കോളേജിലും പഠിച്ചിരുന്നുവെന്നും പഠിക്കുന്നുവെന്നും അവകാശപ്പെടുമ്പോൾ അതേ അഭിമാനം സർക്കാർ സ്കൂളിലാണ് പഠിച്ചത് എന്ന് പ്രകടിപ്പിക്കാത്തത്"

എന്നാരു പറഞ്ഞു? ആറാം ക്ലാസ്സ്‌ വരെ വളരെ വിശേഷപ്പെട്ട 'സി.ബി.എസ്‌.സി' സിലബസില്‍ പഠിച്ച ശേഷം, എയ്ഡഡ്‌ സ്കൂളില്‍ സര്‍ക്കാര്‍ സിലബസില്‍ പഠിച്ച ഒരു വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍. അതുകൊണ്ടു ഒരു പോരായ്മയും ഇതു വരെ അനുഭവിച്ചില്ല. അതു പരസ്യമായി പറയാന്‍ ഒരു നാണക്കേടും തോന്നിയിട്ടുമില്ല. സർക്കാർ വക എഞ്ചിനീയറിംഗ് കോളേജിലും മെഡിക്കൽ കോളേജിലും പഠിച്ചിരുന്നുവെന്നും പഠിക്കുന്നുവെന്നും അവകാശപ്പെടുന്നവര്‍ക്കു , അതേ അഭിമാനം സർക്കാർ സ്കൂളിലാണ് പഠിച്ചത് എന്ന് പ്രകടിപ്പിക്കുന്നില്ലെങ്കില്‍ അവരു സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ചിട്ടില്ലാത്തതു കൊണ്ടു തന്നെയായിരിക്കണം.

പറഞ്ഞതു പോലെ, സർക്കാർ വക എഞ്ചിനീയറിംഗ് കോളേജിലും മെഡിക്കൽ കോളേജിലും പഠിച്ചിരുന്നുവെന്നും പഠിക്കുന്നുവെന്നും പറഞ്ഞു അഭിമാനം കൊള്ളുന്നവന്‍, എന്തിന്റെ പേരിലാണാവോ അഭിമാനം കൊള്ളുന്നതു ? നിലവാരമുള്ള വിദ്യാഭ്യാസം കുറഞ്ഞ ഫീസില്‍ ലഭിക്കുന്നതു കൊണ്ടു സര്‍ക്കാര്‍ കോളെജില്‍ ചേര്‍ന്നവരാണു എല്ലാവരും. അല്ലാതെ 'ഞാന്‍ സര്‍ക്കാര്‍ സ്ഥാപനത്തിലേ പഠിക്കൂ' എന്ന ആദര്‍ശം കൊണ്ടൊന്നുമല്ല.

സര്‍ക്കാര്‍ സ്കൂളുകളുടെ നിലവാരതകര്‍ച്ചയില്‍ എനിക്കും വിഷമമുണ്ട്‌. പക്ഷേ അതു നടത്തിപ്പിലെ പിടിപ്പുകേടു കൊണ്ടുണ്ടാകുന്നതാണ്‌. അല്ലാതെ പഠിപ്പിക്കുന്ന സിലബസുമായി അതിനു ബന്ധമില്ല.

"..നമ്മളിൽ എത്ര പേർ കുട്ടിയെ സർക്കാർ സ്കൂളിലേക്ക് അയക്കും?.."?


സര്‍ക്കാര്‍ സ്കൂളില്‍ തന്നെ പഠിപ്പിക്കും എന്നു അവകാശപ്പെടുന്നില്ല. പക്ഷേ സാധ്യമെങ്കില്‍ അവരു സര്‍ക്കാര്‍ സിലബസു തന്നെ പഠിക്കും.

അനീഷ് രവീന്ദ്രൻ said...

ഇഞ്ചീ...എന്തായാലും എന്റെ കുട്ടിയെ സർക്കാർ സ്കൂളിൽ വിടാൻ നിർവാഹമില്ല. ആദർശത്തിന്റെ പേരിൽ എന്റെ കുട്ടി എന്തിന് ഒരു ബലിയാടാവണം. എന്റെ കൂടെ സർക്കാർ സ്കൂളിൽ ഒന്നു മുതൽ പത്ത് വരെ പഠിച്ച രണ്ടു പേർ ഇന്ന് സയന്റിസ്റ്റാണ്. സർക്കാർ സ്കൂളിൽ പഠിച്ചത് കൊണ്ട് എന്തെങ്കിലും കുറവുണ്ടായി എന്നെനിക്കൊരിക്കലും തോന്നിയിട്ടില്ല. പക്ഷേ അത് പഴയ കാലം! ‘മാവേലി നാടു വാണീടും കാലം‘ പോലെ ആരെങ്കിലും നാലു വരി മേൽ‌പ്പറഞ്ഞ കാലത്തേക്കുറിച്ചും എന്നെങ്കിലും എഴുതിപ്പാടുമായിരിക്കും. അന്ന് നമുക്കും ശ്രുതി ചേർത്ത് നീട്ടിപ്പാടാം.

മറ്റൊരു വഴിയേ ചിന്തിച്ച് നോക്കിയാൽ കേരളത്തിന്റെ ഈ അവസ്ഥയിൽ രോഷം കൊള്ളാൻ എനിക്കും നിനക്കും എന്തവകാശം. വാളയാറിലെ ഉഷ്ണക്കാറ്റാണോ മലയാളിയുടെ ചിന്തകൾക്കു തീ പിടിപ്പിക്കുന്നതെന്ന് ആരെങ്കിലും ചോദിച്ചാൽ മിണ്ടാതിരിക്കാനല്ലേ നിർവാഹമുള്ളൂ. ഈ നാട്ടിൽ ജീവിച്ച് മരിക്കാൻ തീരുമാനിച്ച കവികളും കലാകാരന്മാരും എഴുത്തുകാരും അദ്ധ്യാപകരിൽ ചിലരായിരുന്നു. അവർ പഠിപ്പിച്ചിരുന്ന സർക്കാർ സ്കൂളുകൾ മാത്രുകാ വിദ്യാലയങ്ങളായിരുന്നു. അവർക്കു പിൻഗാമികളാകേണ്ടിയിരുന്ന ഇഞ്ചിയെപ്പോലുള്ള ശ്രേഷ്ഠർ ഫ്ലോറിഡയിലിരിന്ന് ബ്ലോഗ്ഗിൽ രോഷം കൊണ്ടാൽ അച്ചുമ്മാമ അറിയുമോ, പിണറായി സാറ് അറിയുമോ. അവരുടെ ബുദ്ധി വികസിക്കുമോ? നാട് നന്നാവുമോ? എങ്കിലും ഇനിയും രോഷം കൊള്ളണം വായിക്കാൻ രസമുണ്ടേ!

സുന്ദരമായ ഒരു വിദ്യാഭ്യാസ പരിഷ്കാരം കൊണ്ടു വന്ന പ്രൊഫ. മുണ്ടശ്ശേരിയെപ്പോലുള്ള ഒരു പണ്ടിതനെ ‘മണ്ടാ മുണ്ടാ മുണ്ടശ്ശേരി എന്നു വിളിച്ച് വിമോചന സമരം നമ്മൾ നടത്തിയത് മറന്നു പോയോ? അനുഭവിക്ക്! അതിലൊരു വിദ്വാൻ ആദർശധീരനെന്ന പേരെടുത്ത് കേന്ദ്രത്തിലിരിപ്പുണ്ട്. പട്ടം കൊടുത്തത് മറ്റാരുമല്ല, മനോരമ തന്നെ.

ഈ മൂല്യച്യുതിക്ക് പിന്നിൽ പ്രവാസിയെന്ന പേര് സ്വയം വിളിച്ച് സുഖിക്കുന്ന ഞാനും നീയും തന്നയല്ലേ? ധനികനാകാനുള്ള എന്റെയും നിന്റെയും സ്വാർത്ഥതയല്ലേ?

(ഇടതു കൈയിലെ ചൂണ്ടുവിരൽ വിറപ്പിച്ചു കൊണ്ട്, പുസ്തകം നോക്കാതെ കവിത പഠിപ്പിച്ചിരുന്ന, എന്റെ പ്രിയപ്പെട്ട മലയാളം അദ്ധ്യാപകൻ ദിവംഗതനായ ശ്രീ. രാമപുരം മുരളി എന്ന കവിയുടെ ഓർമ്മൾക്ക് മുൻപിൽ പ്രണാമം)

രാവുണ്ണി said...

ജീവി പറഞ്ഞതുതന്നെയാണ് കഥ. നിരന്തരമായ അസത്യപ്രചരണങ്ങള്‍ അവസാനം ആടിനെ പട്ടിയാക്കി. ഒരു പോരായ്മയും പറയാനില്ലാതിരുന്ന ഒന്നാന്തരം സര്‍ക്കാര്‍ സ്കൂളുകളെ മധ്യവര്‍ഗത്തിന്റെ ഉല്‍ക്കണ്ഠകളും പ്രവാസിധനവും ചേര്‍ന്ന് ഞെക്കിക്കൊല്ലുന്നത് എണ്‍പതുകളിലും തൊണ്ണൂറുകളിലും നേരില്‍ കാണാവുന്ന കാഴ്ചയായിരുന്നു.

Inji Pennu said...

കിരൺ, തിരുത്തിനു വളരെ നന്ദി. പോസ്റ്റിൽ തിരുത്തിയിട്ടുണ്ട്.

സൂരജ്, മക്ഡോണാ‍ൾസിന്റെ ഉപമ വന്നത് മാർക്കെറ്റിങ്ങിനെ കുറിച്ച് പറയുവാനാണ്. കുട്ടികളെ ബംഗാളും ഗുജറാത്തും മാർകെറ്റ് ചെയ്യുന്നത് എന്തിനാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

ഇതൊക്കെ 2002-2003 കാലഘട്ടത്തിൽ സുപ്രീം കോടതിയിൽ വന്ന കേസുകളാണ്. സൂരജിനു തന്നെ ലിങ്കുകൾ സേർച്ച് ചെയ്തു നോക്കാമല്ല്ലോ.

സർക്കാർ സ്കൂളിൽ പഠനനിലവാരം കുറയുന്നു എന്നത് ഈയടുത്ത് നിയമിച്ച് കമ്മീഷൻ തന്നെ കണ്ട് പിടിച്ചതാണ്, അല്ലാതെ ഞാനല്ല. തിരുവനന്തപുരത്ത് തന്നെയുള്ള മോഡൽ സ്കൂളും കോട്ടൺ ഹിത്സ് സ്കൂളും തമ്മിലുള്ള പഠന നിലവാരം തിരുവനന്തപുരത്തുള്ളവർക്ക് വ്യക്തമായി അറിയേണ്ടതാണ്. ആദ്യത്തേത് രാഷ്ട്രീയ കൂത്തരങ്ങും കോട്ടൺ ഹിത്സ് സർക്കാർവക തന്നെ ഒരു മാതൃക വിദ്യാലയവും.

കേരള സിൽബസ്സിൽ നിന്ന് കുട്ടികൾ ഒഴിഞ്ഞ് പോയ ഈ എൺപതിനായിരം എന്ന കണക്ക് ഞാൻ ഏഷ്യാനെറ്റില ഒരു വാർത്തയിൽ നിന്ന്കേട്ടതാണ്. അതിൽ ഇതുപോലെ സിബി എസ് സ്സി സിലബസ്സിലേക്ക് കുട്ടികൾ ചുവട് മാറുന്നു എന്ന് ആശങ്ക പ്രകടിപ്പിച്ചിരുന്നു. മൂർത്തി പറഞ്ഞതനുസരിച്ച് ‘സര്‍ക്കാര്‍ സ്‌കൂളുകളില്‍ 35,748 കുട്ടികളും എയ്‌ഡഡ്‌ മേഖലയില്‍ 44,146 പേരും’ എന്ന കണക്കും ഏകദേശം അപ്പോൾ ആ എൺപതിനായരത്തിനോട് അടുത്ത് വരുന്നില്ലേ? അവരെല്ലാം ഒന്നില്ലെങ്കിൽ പഠിത്തം നിറുത്തിയവരോ അല്ലെങ്കിൽ അൺ എയ്ഡഡ് സ്കൂളിൽ പോകുന്നവരോ ആവില്ലേ? അൺ എയ്ഡഡിലേക്ക് പോകണമെങ്കിൽ തന്നെ അത് മെച്ചപ്പെട്ട സിലബസ് അല്ലെങ്കിൽ നല്ല സ്കൂൾ എന്നുള്ളതുകൊണ്ടായിരിക്കണമല്ലോ, ല്ലേ? അത്രയും വലിയ ഒരു ശതമാനം ഒരു വല്ലാത്ത കണക്കല്ലേ? എന്തോ കാര്യമായ തകരാറെന്ന് സൂചിപ്പിക്കുന്നില്ലേ?


ആ രാവുണ്ണിക്കും വഴിക്കും ആശ്വസിക്കാം. ഇതൊക്കെ വെറുതേ ഗോസിപ്പുകളാ‍വും. എന്നാലും ഹൊ ഈ ഗോസിപ്പ് മാത്രം കേട്ട് പിള്ളേരെ പ്രൈവറ്റ് സ്കൂളിലേക്ക് തള്ളി വിടുന്ന ഈ മാതാപിതാക്കന്മാരുടെ ഒരു കാര്യം. എന്തായാലും കേരളത്തിലെ ഒരു രക്ഷിതാവിനെ അതും മക്കളുടെ പഠന കാര്യങ്ങളിൽ അങ്ങിനെ ഗോസിപ്പിൽ വീഴ്ത്താമെന്ന് എനിക്കെന്തോ വിശ്വാസം പോരാ സുഹൃത്തേ.


ഓഫ്:
എന്റെ കുട്ടികളെ സർക്കാർ സ്കൂളിലാ വിടുക. അമേരിക്കയിലാണെന്ന് മാത്രം. പന്ത്രണ്ട് വരെ ഫ്രീയാ. :). ഇനി ഒരു പോസ്റ്റിടുമ്പൊ വ്യക്തിപരമായ വിവരണൾ കൂടി ചേർക്കാം. എന്നാൽ അല്ലേ വിമർശിക്കാൻ പോയിന്റുള്ളൂ :)

അമ്പിളീ,
ഞാൻ എന്തൊക്കെ ചെയ്യും? സർക്കാർ സ്കൂളിൽ പഠിപ്പിക്കോ, ഗവണ്മെന്റ് സ്ഥാപനങ്ങൾ നന്നാക്കാനായി അവിടെ ചേരുമോ, അതോ ഇനി രാഷ്ട്രീയത്തിൽ ചേരുമോ അതോ ഇനി രാജ്യം കാ‍ക്കാൻ പോകുമോ? രണ്ട് കയ്യല്ലേ ഉള്ളൂ മോളേ? :)

Anonymous said...

“എന്നാൽ അല്ലേ വിമർശിക്കാൻ പോയിന്റുള്ളൂ ...”

ഇന്ത അഹന്തെക്കെന്തു പട്ട്.

വായിക്കുമ്പോള്‍ വിമര്‍ശിക്കാനെങ്കിലും എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിലപ്പോള്‍ കൊതി തോന്നാറുണ്ട്. :(


“ഇനി ഒരു പോസ്റ്റിടുമ്പൊ വ്യക്തിപരമായ വിവരണൾ കൂടി ചേർക്കാം.”
വ്യക്തിപരമായ യാതൊരു വിവരണവുമില്ലാഞ്ഞിട്ടും വായനക്കാരന്‍ അതൊക്കെ ചികഞ്ഞു മനസിലാക്കിയെങ്കില്‍ ‘എനിക്കൊന്നും മനസിലാകുന്നില്ലെന്നൊരു പോസ്റ്റിട്ടാല്‍ മനസിലാവുന്നതേയുള്ളൂ’

അമേരിക്കക്ക് സമാധാനത്തെക്കുറിച്ചു പറയാന്‍ യാതൊരു യോഗ്യതയുമില്ലെന്ന് നാലാംക്ലാസിലെ പുള്ളാര് പോലും പറയുന്നത് റിസര്‍ച്ചു നടത്തിയിട്ടൊന്നുമല്ലെന്ന് അറിയാത്തയാളൊന്നുമല്ല്ലല്ലോ...?

Suraj said...

"സൂരജ്, മക്ഡോണാ‍ൾസിന്റെ ഉപമ വന്നത് മാർക്കെറ്റിങ്ങിനെ കുറിച്ച് പറയുവാനാണ്. കുട്ടികളെ ബംഗാളും ഗുജറാത്തും മാർകെറ്റ് ചെയ്യുന്നത് എന്തിനാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ."

അതല്ലല്ലോ ഇഞ്ചിയേ ഞാൻ ചോദിച്ചത് :)
പാഠപുസ്തകത്തിനോ ചോദ്യപ്പേപ്പറുകൾക്കോ നിലവാരമില്ല എന്ന കാരണത്താലാണ് ഈ ‘കൊഴിഞ്ഞു ’പോക്ക് എന്നാണോ ഇഞ്ചി ഉദ്ദേശിച്ചത് ?... എന്നല്ലേ ?

ഇഞ്ചി രണ്ടും കൂടി കണക്ട് ചെയ്താണ് എഴുതിയിരിക്കുന്നത് . അതുകൊണ്ട് ചോദിച്ചുവെന്നേയുള്ളൂ. (എന്റെ പുകമറോ മീറ്ററിന്റെ കുഴപ്പമാണോ !?)

സിലബസ്സിലെ ഇടപെടലും മാർക്കറ്റിംഗുമൊക്കെയാണു നിലവാരത്തെ താഴ്ത്തുന്നതെങ്കിൽ സി.ബി.എസ്.ഇ സ്കൂളുകളിൽ പഠിപ്പിക്കുന്ന NCERT പാഠപുസ്തകങ്ങളും രാജ്യവ്യാപകമായി എത്രയോ വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നിട്ട് സി.ബി.എസ്.സി സ്കൂളുകളിൽ തള്ള് കുറഞ്ഞിട്ടില്ലല്ലൊ.

എസ് എസ് എൽ സി സിലബസ്സ് സർക്കാർ സ്റ്റേറ്റ് കൌൺസിൽ ഉണ്ടാക്കുന്നതാണ്. എത്രയോ പ്രൈവറ്റ് സ്കൂളുകൾ ആ സിലബസ്സ് പഠിപ്പിക്കുന്നു, പരീക്ഷകൾ വരുമ്പോൾ ‘ഉന്നതവിജയ’ വാർത്തകളിൽ നിറയുന്നു.

പോസ്റ്റിന്റെ ലേബൽ “എനിക്കൊന്നും മനസ്സിലാകുനില്ല” എന്നതായതുകൊണ്ട് ഇതിനൊന്നും വല്യ പ്രസക്തിയില്ല..എന്നാലും വെറുതേ.. ;)

രാവുണ്ണി said...

എന്റെ കമെന്റിനെ തെറ്റിദ്ധരിച്ചെന്നു തോന്നുന്നു. ഏകദേശം രണ്ടു ദശാബ്ദങ്ങള്‍ക്കു മുമ്പാണ് അണ്‍ എയ്ഡഡ് സ്കൂളുകള്‍ തരംഗം സൃഷ്ടിച്ചു തുടങ്ങിയത്. അന്ന് സര്‍ക്കാര്‍ സ്കൂളുകളുടെ പോരായ്മകള്‍ സാമാന്യം പൊലിപ്പിച്ചു തന്നെയാണ് കാണിച്ചിരുന്നത്. അത് വെറും ഗോസിപ്പുമായിരുന്നില്ല, ഫലപ്രദമായ ഒരു ബിസിനസ് പ്രൊമോഷന്‍ തന്നെയായിരുന്നു (കുട്ടിയെ സ്കൂള്‍ മാറ്റാന്‍ എന്റെ അച്ഛനമ്മമാരെയും അന്ന് ഏജന്റുമാര്‍ നിര്‍ബന്ധിച്ചിട്ടുണ്ട്). അത് മാതാപിതാക്കളെ സ്വധീനിച്ചിട്ടുണ്ടു താനും. ഇന്നത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ സ്ഥിതീയെപ്പറ്റി എനിക്കു വലിയ അഭിപ്രാ‍യവ്യത്യാസമില്ല, പക്ഷെ അതില്‍ അന്നത്തെ ഈ പ്രചരണത്തിനു നല്ലപങ്കുണ്ട്.

ലേഖിക സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ചിടുണ്ടോ എന്നെനിക്കറിയില്ല. ഒരു ഗ്രാമപ്രദേശത്തെ സര്‍കാര്‍ സ്കൂളിലാ‍ണ് ഞാന്‍ പഠിച്ചത് (ചില വിഷയങ്ങള്‍ക്ക് കുറച്ചുകാലം അധ്യാപകരില്ലാത്ത അവസ്ഥയൊക്കെ ഉണ്ടായിരുന്നു:) എന്നു വച്ച് വിദ്യാര്‍ഥികളുടെ ഭാവി തൂലയ്ക്കുന്നത്ര വലിയ പ്രശ്നവുമായിരുന്നില്ലത്). അന്നും ഏഴില്‍ തോറ്റ ഗള്‍ഫ് പണക്കാര്‍ മക്കളെ നിര്‍ബന്ധപൂര്‍വം അകലെയുള്ള ഇംഗ്ലീഷ് സ്കൂളുകളിലേക്കയക്കാന്‍ വലിയ താല്പര്യം കാണിച്ചിരുന്നു, ഈ പ്രവണതയുടെ വളര്‍ച്ച സമൂഹത്തില്‍ വളരെ പ്രകടവുമായിരുന്നന്ന്.

പൊങ്ങച്ചം എല്ലായിടത്തും ഒരു സ്വാധീനഘടകമല്ലേ ഇഞ്ചി? മക്കളെ അമേരിക്കയിലെ സര്‍ക്കാര്‍ സ്കൂളില്‍ പറഞ്ഞയക്കുമെന്നു ഇഞ്ചി പറയുന്നു. പബ്ലിക് സ്കൂളുകളില്‍ കുട്ടികളെ വിടുന്നതേ അപമാനമായി കരുതുന്ന മാതാപിതാക്കള്‍ എത്രയോ ഉണ്ടിവിടെ? തങ്ങളുടേതാണ് അല്പം മുന്തിയ സ്കൂള്‍ ഡിസ്ട്രിക്റ്റെന്നു മേനി പറയുന്ന സൌഹൃദ സദസ്സുകള്‍ ഇഞ്ചി താമസിക്കുന്നിടത്തുമില്ലേ?

രാവുണ്ണി said...

ലേഖനം ഇപ്പോഴാണ് വായിച്ചത്. കമന്റുകള്‍ മറ്റു കമന്റുകളുടെ അടിസ്ഥാനത്തിലായിരുന്നു:)
"സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപകര്‍ പഞ്ചായത്ത് അംഗമായോ അങ്ങിനെ എന്തെങ്കിലുമൊക്കെ രാഷ്ട്രീയ പ്രവര്‍ത്തനം കൂടി ഒരുമിച്ചു കൊണ്ട് പോകുന്നതു കാരണം സ്കൂളില്‍ വരാന്‍ നേരം കിട്ടുന്നില്ല എന്നും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു."
എന്റെ അറിവില്‍ പെട്ടിടത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രാഷ്ട്രീയപ്പാര്‍ട്ടികളില്‍ അംഗമാവാനോ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ ഒന്നും പറ്റില്ല. ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയാലും ഒരേ സമയം സര്‍ക്കാര്‍ അധ്യാപകനും പഞ്ചായത്തംഗവുമായിരിക്കാന്‍ നിയമം അനുവദിക്കുന്നില്ല. അതോ ഇപ്പോള്‍ അങ്ങനെ അല്ലെന്നുണ്ടോ??

അനീഷ് രവീന്ദ്രൻ said...

അപ്പോൾ എവിടെയാണെങ്കിലും സർക്കാർ സ്കൂളിൽ പഠിക്കണം എന്നൊരു വാശിയേയുള്ളൂ. അതോ ഫ്രീയായി പഠിപ്പിക്കണമെന്നോ? അതിലും നല്ല ചിന്തയല്ലേ എന്റെ കുട്ടികൾ മലയാളം എഴുതുകയും വായിക്കുകയും ചെയ്യട്ടെ എന്നു കരുതി കേരളത്തിലെ ഏതെങ്കിലും ഒരു സ്കൂളിൽ പഠിപ്പിക്കുന്നത്? I don't wanna be the dad of a bloody foreigner എന്നു പറഞ്ഞ സുഹ്രുത്തിനോടു ബഹുമാനം തോന്നിയത് ഇഞ്ചിയുടെ മറുപടിയിലെ, കടുകോളം പോന്ന പൊങ്ങച്ചം കണ്ടപ്പോഴാണ്. ഒരു സായിപ്പിന്റേയോ മദാമ്മയുടേയോ പിത്രുത്വം വഹിക്കുന്നതിനേക്കാൾ നല്ലത് അതു തന്നെ എന്ന ചിന്തയാവാം ശരി. അമേരിക്കയിൽ നിന്ന് തിരിച്ചു വന്നു കൂടെ? ഷാരൂഖ് ഖാൻ സ്വദേശിൽ ചെയ്യുന്ന പോലെ?
കേരളം എന്ന പേർ കേട്ടാലോ തിളക്കണം ചോര ഞരമ്പുകളിൽ എന്നല്ലേ കവി പാടിയത്?

കൈകൾ എല്ലാവർക്കും രണ്ടല്ലേയുള്ളൂ? മഹത്തായ മറ്റെന്തോ ചെയ്യുന്നൂ എന്നൊരു ധ്വനി ഉദ്ദേശിച്ചുവോ?

വിമർശിക്കാൻ ഞാനാരുമല്ല. വിമർശിക്കപ്പെടെണ്ടത് വിവരദോഷം പറയുന്നവരുമാണ്. ആശയവൈകല്യത്തിന്റെ ചടച്ച രൂപം മരപ്രഭുനൊപ്പം എത്തിയപ്പോൾ വെറുതെ ഒരു വാക്കു പറഞ്ഞെന്നു മാത്രം.അബദ്ധമായെങ്കിൽ വിട്ടുകള.

അരവിന്ദ് നീലേശ്വരം said...

Inji Pennu,

I was waiting for a reply from your side to my question. Please tell, in which text book in Gujarat, the quoted portion is there?

Anonymous said...

ഗുജറാത്തിലെ പാഠപുസ്ത്കങ്ങളെക്കുറിച്ച് പ്രസക്തമായ രണ്ട് ലിങ്കുകള്‍.

ഒന്ന്

രണ്ട്

പ്രസ്തുത ലേഖനങ്ങളില്‍ അവയെല്ലാം ഏത് ക്ലാസ്സില്‍ എന്ന് വിശദമാക്കുന്നുണ്ട്.