2008-10-31

ഭൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ!

പേടിച്ചോ? ആ ഇന്ന് അല്പം പേടിക്കേണ്ട ദിവസാണ്. ഹാലോവീനാണ്. പിള്ളേരേം കൊണ്ട് മുട്ടായി പിച്ചയ്ക്ക് പോയി വന്നിട്ടൊന്നു മുതുകു നിവർത്തിയേയുള്ളൂ. ഇല്ലെങ്കിൽ പിള്ളേരു ഇരുത്തിപ്പൊറുപ്പിക്കോ?

മൈത്സ് റ്റു ഗോ ഫോർ ദ പിച്ച

ഇവിടെ വന്ന ആദ്യവർഷത്തെ ഹാലോവീനിൽ ഓഫീസിലെ കഫറ്റീരിയേടെ വാതിൽ തുറന്നപ്പോൾ ചോരയൊലിപ്പിക്കുന്ന പൈശാചികമായ രൂപം കണ്ടുണ്ടായ എന്റെ അലർച്ചയിൽ എന്നെ പേടിപ്പിക്കാൻ മാസ്കുമിട്ട് വാതിലിന്റെ അപ്പറത്ത് നിന്ന എന്റെ മാനേജർ പേടിച്ച് പോയി. ഇനിയയാൾ ജന്മത്ത് ആരേം പേടിപ്പിക്കൂലാ. ഹാലോവീൻ ദിനത്തിൽ അമേരിക്കയിൽ വിമാനമിറങ്ങിയ എന്റെ കൂട്ടുകാരി കരുതി, ശ്ശെടാ ഇതെന്തുനാട്? ഇവിടെയീ മനുഷ്യരൊക്കെ എന്തിനാണിങ്ങിനെ പ്രച്ഛന്ന വേഷത്തിൽ നടക്കുന്നേ? ഇതെന്താ ഫാൻസി ഡ്രസ്സുകാരുടെ സംസ്ഥാന സമ്മേളനമോ?

ബാറ്റ് മാൻ ആദ്യത്തെ കളക്ഷൻ എങ്ങിനെയുണ്ടെന്ന് എണ്ണി നോക്കുകയാണ്

ഒസാമാ ബിൻലാദിൻ ആയിട്ട് വേഷം കെട്ടുക ആയിരുന്നു 2001/2002-ലെ ഏറ്റവും ഹിറ്റ് വേഷം. അതായത് എന്തിനെ പേടിക്കുന്നോ, അതിനെ വേഷം കെട്ടി അതിന്റെ പേടി മാറ്റുക, ആട്ടിയോടിക്കുക എന്ന അതിഭയങ്കര സൈക്കോളജിക്കലോഡിംഗോളിഫിക്കേഷനാണീ ഹാലോവീൻ പരിപാടി. ചെറുതുങ്ങളെയൊക്കെ സാധാരണ കാർട്ടൂൺ കഥാപാത്രങ്ങളായോ മാലാഖയായോ ആയിട്ടാണ് വേഷം കെട്ടിക്കാറ്. പിന്നെ മുതിരുമ്പൊ സ്വഭാവം മാറുന്നതിനുസരിച്ച് അത് മാച്ച് ചെയ്യാൻ പിശാചായോ മറ്റോ അവർ സ്വയം വേഷം കെട്ടിക്കോളും. ടീനേജൊക്കെ ആയി കഴിഞ്ഞാ പിന്നെ അവർക്ക് അതിനു പ്രത്യേകിച്ച് മേക്കപ്പിന്റെ ആവശ്യവും ഉണ്ടാവാറില്ല.

ബമ്പിൾ ബീ (മഞ്ഞയുടുപ്പ്) യുടെ ആദ്യത്തെ പിച്ചപരിപാടിയാണ്. അതുകൊണ്ട് ആദ്യത്തെ ഒരു വൈക്ലബ്യത്തിൽ ഒന്ന് പോസ് മോഡിൽ ആയിപ്പോയി, പിച്ചയെടുക്കുന്ന മുതിർന്നവരെ നീരീ‍ക്ഷിക്കുകയാണ് ഇത് സേഫ് ഏർപ്പാടാണോയെന്ന്.

വളരെ കാലം മുൻപ് വിളവെടുപ്പ് തീർന്നുവെന്നു സൂചിപ്പിക്കാനും ശീതകാലത്തെ വരവേൽക്കാൻ ആഘോഷിച്ചിരുന്നതാണെന്നും അതുകൊണ്ട് ഹാലോവീനിൽ ബോൺ ഫയറിന്റെ പ്രസക്തിയെന്നും പറയപ്പെടുന്നു. ഇത് അമേരിക്കക്കാരുടെ മൂരാച്ചി കുത്തക ആഘോഷമൊന്നുമല്ലാട്ടോ. ഇത് അയർലണ്ടുകാരും സ്കോട്‌ലണ്ടുകാരുമാണ് അമേരിക്കയിലോട്ട് കൊണ്ടു വന്നതു. കത്തോലിക്കാ വിശ്വാസത്തിൽ നവം‌ബർ ഒന്ന് ഓൾ സെയിന്റ്സ് ഡേ ആണ്. പുണ്യാത്മാക്കളുടെ ദിവസം. അതിനു മുന്നോടിയായിട്ടുള്ളതാണ് ഈ ഹാലോവീൻ ആഘോഷം എന്നും പറയുന്നു.

ഇതിനു വേണ്ടി ചോരയൊലിപ്പിക്കുന്ന പൈശാചിക മോഡൽ ഭക്ഷണം വരെ ഉണ്ടാക്കി വെച്ചാണ് സ്കൂളിലും ഓഫീസിലും പാർട്ടികൾ. ഒരു സാമ്പിൾ ഇവിടെ. വീടൊക്കെ മത്സരിച്ച് പ്രേതക്കോട്ടകളായി അലങ്കരിക്കും. മിക്ക വീടുകളുടെ മുന്നിലും ശവക്കോട്ടകളും മാറാലകളും ഒക്കെ കൊണ്ട് അലങ്കരിക്കും. ഇവിടെയടുത്തുള്ള ഒരാൾ അലങ്കരിച്ച് അലങ്കരിച്ച് അറുപത് കല്ലറകൾ വീടിന്റെ മുന്നിൽ പണിത് വെച്ചുവെന്ന്. തലക്കൊക്കെ എന്തു നല്ല വെളിവുള്ള മനുഷ്യൻ.

ദേ മുട്ടായി കൊടുക്കാൻ മാസ്ക് വെച്ച് പിള്ളേരേം കാത്ത് നിക്കണ ഒരു പിശാശ്.
പിച്ചക്ക് വരുന്നവരെ പേടിപ്പിക്കാൻ. പേടിച്ചോ? ഇതും കണ്ടിട്ട് പേടിച്ചില്ലാ?
എന്തായാലും ഇത് കണ്ടിട്ട് പേടിക്കാണ്ടിരിക്കില്ല ;)
അമേരിക്കയിൽ ചില സ്ഥലങ്ങളിലൊക്കെ ഇതിനെ പിച്ചക്കാരുടെ രാത്രി എന്നും പറയാറുണ്ട്. പിന്നെയല്ലാണ്ട് ഈ പരിപാടിയെ എന്തു വിളിക്കും? കൊച്ച് പിള്ളേരെല്ലാം കൂടി പല ദുഷ്ടപിശാ‍ച് വേഷവും കെട്ടി ഒരു ഓറഞ്ച് മത്തങ്ങ ഷേപ്പിലുള്ള ബക്കറ്റുമായി ഇറങ്ങി എല്ലാ വീടിന്റേയും മുന്നിൽ ചെന്ന് കൊട്ടി, "ട്രിക്ക് ഓർ ട്രീറ്റ്" എന്ന് ചോദിക്കും. അതായത്, മുട്ടായി തന്നില്ലെങ്കിൽ എന്തെങ്കിലും സൂത്രം ഒപ്പിക്കും എന്ന്. അപ്പോൾ ആ ബക്കറ്റിലോട്ട് നമ്മൾ കാലേകൂട്ടി വാങ്ങി വെച്ചിരിക്കുന്ന മുട്ടായി ഇട്ട് രക്ഷപ്പെട്ടോണം. ഇതൊക്കെയല്ലേ ഹരിശ്രീ അശോകൻ മനോഹരമായി മലയാള സിനിമയിൽ കാണിച്ചിരിക്കുന്നത്?

ഇത് കൂടാതെ വലിയ ആ‍ന വലുപ്പത്തിലുള്ള മത്തങ്ങ എടുത്ത് അതിനൊരു ഭീകര മുഖവും കൊടുത്ത് (pumpkin carving) അതിന്റെ ഉള്ളിൽ മെഴുകുതിരിയും കത്തിച്ച് വെച്ചാൽ ജാക്ക്-ഓ-ലാന്റേൺ എന്ന് പറയും. അതായത് പണ്ട് ജാക്ക് എന്നൊരു കർഷകൻ പിശാചിനെ ബുദ്ധിപൂർവ്വം വെട്ടിലാക്കിയ കഥയെ അനുസ്മരിക്കുന്ന പരിപാടി. നമ്മളീ അത്തപ്പൂക്കളമിട്ട് മാവേലിയേയും കാത്തിരിക്കണത് പോലെ ഇവരീ മത്തങ്ങയും തുരന്ന് അത് ആഘോഷിക്കുന്നു.

കളക്ഷൻ എങ്ങിനെയുണ്ട്?

എന്തു പറയാൻ? ഇനി ഈ മുട്ടായി ഉറുമ്പ് കേറാത്ത സ്ഥലങ്ങളിൽ ഇതുങ്ങളുറങ്ങുമ്പൊ ഒളിപ്പിച്ച് വെക്കണം!

24 പ്രതികരണങ്ങള്‍:

പാഞ്ചാലി said...

നന്നായി! കുറെ നാളായി ഇവിടെയെങ്ങും ഇഞ്ചിപെണ്ണിനെ കാണാനില്ലല്ലോ എന്നോര്‍ത്തിരിക്കുകയായിരുന്നു! അങ്ങനെയിരിക്കുമ്പോള്‍ ശ്രീലാലിന്റെ ഫോട്ടോയുടെ അടിയിലെ ഇഞ്ചിപെണ്ണിന്റെ കമന്റും ഡേറ്റും കണ്ട് ചിരിച്ചു പോയി. ഹാല്ലോവീന്‍ ദിനത്തില്‍ തന്നെ ഡാകിനിയെപ്പോലെ പറന്നിറങ്ങിയല്ലോ എന്നോര്ത്തപ്പോള്‍.
:)

പാഞ്ചാലി said...

ഞാന്‍ അടുത്ത ചൂലില്‍ കയറി പറന്ന് അകലേക്ക് പോയിക്കഴിഞ്ഞു!

Haree said...

ഹൊ! ആ മത്തങ്ങ തുരന്ന്, മെഴുകുതിരി കത്തിച്ചു വെച്ചിരിക്കുന്നതു കണ്ടാല്‍ ശരിക്കും പേടിയാവും... :-P

ആ കഥയൊന്നു പറയുവോ? കര്‍ഷകന്‍ പിശാചിനെ പിടിച്ചതേ...

അലങ്കരിച്ച് അറുപത് കല്ലറകൾ വീടിന്റെ മുന്നിൽ പണിത് വെച്ചുവെന്ന്. തലക്കൊക്കെ എന്തു നല്ല വെളിവുള്ള മനുഷ്യൻ.” - അയല്‍ക്കാരനല്ലേ? ;-)
--

Anonymous said...

“മുതിരുമ്പൊ സ്വഭാവം മാറുന്നതിനുസരിച്ച് അത് മാച്ച് ചെയ്യാൻ പിശാചായോ മറ്റോ അവർ സ്വയം വേഷം കെട്ടിക്കോളും. ടീനേജൊക്കെ ആയി കഴിഞ്ഞാ പിന്നെ അവർക്ക് അതിനു പ്രത്യേകിച്ച് മേക്കപ്പിന്റെ ആവശ്യവും ഉണ്ടാവാറില്ല.“

ഹ ഹ ഹ ഹ്..

എന്തായാലും ഈ പടങ്ങളൊക്കെ കാണിച്ച് എന്നെ പേടിപ്പിക്കാമെന്ന് നോക്കണ്ട.

Anonymous said...

ഗൊള്ളാ‍ാ‍ാം..

ബൈ ദ വേ എവിടാരുന്ന്

Anonymous said...

കൊള്ളാം ... കളക്ഷന്‍ കണ്ടപ്പോ എനിക്കും വരണം എന്ന് തോനുന്നു

സു | Su said...

ഛെ! അറിഞ്ഞില്ല. ഞാൻ പിന്നെ വേഷമൊന്നും കെട്ടേണ്ടിവരില്ല. നേരെ പോയങ്ങ് നിന്നുകൊടുത്താൽ മതി. ആരും പേടിക്കും. ;) പക്ഷേ, പേടിക്കുന്നോർക്ക് മാത്രേ മുട്ടായിയുള്ളൂന്നുവെച്ചാ‍ൽ ഞാൻ ഒരുപാട് പേടിച്ചോളാം.

ഇനി ഇവിടെയൊക്കെ കാണുമല്ലോ അല്ലേ?

അനംഗാരി said...

Is this an ad for Mcain and Palin?

Hmmm..that is not good!

N:B.Btw...it is nice to see you in your real face:)

ഗോപക്‌ യു ആര്‍ said...

ഹഹഹ....കൊള്ളാമല്ലൊ....

കാവാലം ജയകൃഷ്ണന്‍ said...

മനുഷ്യാവസ്ഥയിങ്ങനെ...!

ഇവിടെ നമ്മള്‍ ഈശ്വരാ പിച്ചയെടുപ്പിക്കല്ലേ എന്നു പ്രാര്‍ത്ഥീക്കുന്നു. ഇവരെന്താണാവോ ഇങ്ങനെയായത്...

ആശംസകള്‍

smitha adharsh said...

ഈ ദിവസത്തെപ്പറ്റി പലയിടത്തും വായിച്ചു കേട്ടിട്ടുണ്ട്.
ഇത്ര വിശദമായി അറിയില്ലായിരുന്നു.
പോസ്റ്നു നന്ദി.
നല്ല പോസ്റ്റ്

Physel said...

കുറ്റിച്ചൂലിൽ കയറി തന്നെ വന്നു അല്ലേ? വന്ന ദിവവൂം കൊള്ളാം ഈ പോസ്റ്റും കൊള്ളാം....Perefect Fit!

ആദര്‍ശ്║Adarsh said...

ബാലരമയിലൊക്കെ കണ്ടിട്ടുണ്ട് ഈ ഭൂതങ്ങളെ ..ഈ ആഘോഷം വിശദമായി പരിചയപ്പെടുത്തിയതിനു നന്ദി .

തറവാടി said...

റമദാനിന്‍‌റ്റെ അവസാന നാളുകളില്‍ , പ്രത്യേകിച്ചും ഇരുപത്തേഴാം രാവില്‍ കൂട്ടമായി വീടുകളില്‍ പോകും മിഠായി അല്ല പൈസയാണ് കിട്ടുക. :)

simy nazareth said...

തിരുമ്പി വന്നതില്‍ സന്തോഷം :)

Jayasree Lakshmy Kumar said...

ഹാലോവീനു സാധാരണ പ്രേതപിശാചുക്കളെയാണു കാണുന്നത്. ഇവിടെയാണെങ്കിലോ കുറേ മാലാഖക്കുഞ്ഞുങ്ങളുടെ പടം. ഹലോവീനു ഈ തെണ്ടൽ പരിപാടി കൂടി ഉണ്ടെന്ന് ഇപ്പഴാ അറിഞ്ഞത്. ഇതിന്റെ ചരിത്രത്തെ കുറിച്ചു പ്രതിപാദിച്ചതും നന്നായി

ജിവി/JiVi said...

ദുബായിലെ ഹാലോവീന്‍ ആഘോഷങ്ങള്‍ നൈറ്റ് ക്ലബ്ബുകളിലാണ് കണ്ടിട്ടുള്ളത്. ഈ ആഘോഷത്തോടുള്ള കൌതുകം ഇപ്പൊഴും മാറിയിട്ടില്ല. അതിന്റെ പിന്നിലെ ഐതീഹ്യവും മറ്റും വളരെ കാഷ്യുല്‍ ആയ രീതിയില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് നന്ദി. അടിസ്ഥാനപരമായി ഇതൊരു യൂറോപ്യന്‍ സംഗതിയാണല്ലോ. അതുകൊണ്ട്തന്നെ യൂറൊപ്പിലുള്ളവരുടെ കമന്റുകള്‍ ക്ഷണിക്കാനുള്ള സ്വാതന്ത്ര്യം എടുക്കട്ടെ.

കിഷോർ‍:Kishor said...

നല്ല ഹലോവിന്‍ ചിത്രങ്ങള്‍ ...

ഹലോവിന്റെ കേരള-അവതാരമല്ലെ നമ്മുടെ തിരുവാതിരയില്‍ നടക്കാറുള്ള ‘പൊറാട്ട്”?

പാഞ്ചാലി said...

ഇതു കൂടി കണ്ടു നോക്കുക!
http://www.youtube.com/watch?v=Vd6aMtAKWm4

t.k. formerly known as thomman said...

McCain-Palin yard sign കണ്ടാല്‍ എന്തായാലും പേടിക്കും :-) "New Yorker"-ന്റെ മക്കെയിന്റെയും പേലിന്റെയും മുഖമ്മൂടി അണിഞ്ഞുവരുന്നവരെ കണ്ട് പേടിച്ചോടുന്ന പ്രേതങ്ങളുടെ പടമുള്ള ഹാലോവീന്‍ ഇഷ്യൂവിന്റെ കവര്‍ രസകരമാണ്.

Inji Pennu said...

സോറി പാഞ്ചാലി സൊ ഗുപ്താർവർകളേ ഇബിടിണ്ടാർന്നൂ, പക്ഷെ കൊറച്ചേരം കൂടുതൽ ഉറങ്ങിപ്പോയി :) :)

namath said...

വെല്‍ക്കം ബാക്ക് ഇഞ്ചി. തോണി അക്കരെയാണോന്നറിയാന്‍ നാടന്‍ സങ്കേതത്തില്‍ കൂവണമെന്നുണ്ടായിരുന്നു.

ഓടോ. ഇടതു വലത് വിവേചനത്തില്‍ ഘോരംഘോരം പ്രതിഷേധിക്കുന്നു.

ആഗ്നേയ said...

ഹാലോവീന്‍ ന്നു കേട്ടതല്ലാതെ എന്താന്നിപ്പോഴല്ലേ പിടികിട്ടിയത്..
നല്ല രസിപ്പിച്ച പോസ്റ്റ്..:-)

ചീര I Cheera said...

ഇവിടേം കേട്ടു ഹാലോവീനെ പറ്റി. ഞാനാദ്യം കേള്‍ക്കുകയായിരുന്നു.

പിന്നെ,ഒരു സംശം.
“എന്തു പറയാൻ? ഇനി ഈ മുട്ടായി ഉറുമ്പ് കേറാത്ത സ്ഥലങ്ങളിൽ ഇതുങ്ങളുറങ്ങുമ്പൊ ഒളിപ്പിച്ച് വെക്കണം!“

അങ്ങനെ ഒളിപ്പിച്ചു വെയ്ക്കാന്‍ പറ്റിയ സ്ഥലൊക്കെ വീട്ടില്‍ ഇനിയും ബാക്കിയുണ്ടല്ലേ? :)

ഒരോഫും കൂടി.
സുഖമല്ലേ?