മരിക്കുന്നതിനോടല്ല ഭയം. മറിച്ച്,
കല്ലറയ്ക്കുള്ളിലെ ദുർഗന്ധമുള്ള ഏകാന്തതയോടാണ്.
അഴുകിത്തീരുന്നതുവരെ കാത്തിരിക്കേണ്ടിവരുന്ന
തണുത്ത മുഷിപ്പിനോടാണ്.
തെക്കേലെ അമ്മാമ്മയുടെ വിശറിപോലെ ചുരുങ്ങിയടുക്കുകളുള്ള മുഖത്ത് ഒരു ചൂടുള്ള തേപ്പ് പെട്ടി വെച്ച് തേച്ചാൽ ചുളുക്കുകൾ നിവർന്നിരുന്നെങ്കിൽ എന്ന് ചിലപ്പോഴെല്ലാം ഒരു ക്രൂരതയോടെ ആലോചിക്കാറുണ്ട്. ഓർമ്മയിലെ മുഖം തിരിച്ച് കിട്ടുമോ? തൊണ്ണൂറും കഴിഞ്ഞ് ഏതോ ഒരു ദിവസം കൈ നിറയേ മലം കോരി, കിടന്നിരുന്ന ചായ്പ്പ് മുറിയുടെ ചുവരാകെ അമ്മാമ്മ എന്തൊക്കെയോ എഴുതിയത്. തൊണ്ണൂറിലും ഓർമ്മ നശിക്കാത്തതിനു പ്രതിഷേധിച്ചതാവണം. പിന്നീട് അമ്മാമ്മയൊന്നു മരിച്ചു കിട്ടാൻ എല്ലാവരും മുട്ടിപ്പായി പ്രാർത്ഥിച്ചത്.
അന്ന് അനിയത്തിക്ക് അഞ്ച് വയസ്സുണ്ടാവുള്ളൂ. വയസ്സ് അതിലും കുറയണമെന്നാവും ഇപ്പോളവൾ മക്കളുടെ മുന്നിൽ പലരും പലവുരു ഈ കഥകൾ ആവർത്തിക്കുമ്പോൾ ആഗ്രഹിക്കാറുണ്ടാവുക, പക്ഷെ എന്റെ വയസ്സ് അവളുടേതിൽ നിന്നും സെക്കന്റിൽ മാത്രം മുന്നോട്ട് നിൽക്കേ അവൾക്കത് മറച്ച് വെക്കാൻ കഴിയാതെ പോയി. അമ്മാമ്മയുടെ മകളല്ലേ, ആ സൗന്ദര്യം ഒരുവറ്റു പോലും എനിക്ക് തരാതെ അവൾക്കല്ല്ലേ കിട്ടിയത്? അനുഭവിക്കട്ടെ! അമ്മാമ്മ ചെയ്തത് തന്നെ അഞ്ച് വയസ്സിൽ അവൾ ചെയ്തുകൊണ്ടിരുന്നു. പത്രക്കടലാസ്സിൽ മലം നിറച്ച് മതിലനപ്പുറത്തേക്ക് എറിഞ്ഞത് ചെവിപൊട്ടുന്ന തെറിയോടെ തിരിച്ച് വന്നത് അവൾ പറഞ്ഞത്. എവിടെ സൂക്ഷിക്കണം എന്നറിയാതെ വിലപിടിപ്പുള്ള സാധനങ്ങൾ പ്രദർശിപ്പിച്ചു വെച്ചിരുന്ന ഷോ-കേസിന്റെ പുറകിൽ അതെല്ലാം കൊണ്ട് വെച്ചതു. പെയിന്റടിക്കാൻ വന്നവർ ഞെട്ടിപ്പോയത്, പൊതിരെ തല്ല് കിട്ടിയതു.
എഴുതിത്തുടങ്ങിയത് അങ്ങിനെയെപ്പോഴോ കടലാസ്സുകെട്ടുകളിൽ പൊതിഞ്ഞ് വെച്ചാണ്. പക്ഷെ നാളുകൾക്ക് ശേഷം ആശുപത്രിയിലെ മുറിയിൽ മുലകുടി മാറാത്ത കുഞ്ഞിനേയും വീട്ടിലാക്കി കൂടെ പഠിച്ചവൾ ഇരുപത്തിനാലു മണിക്കൂറും ഞാനൊരാൾ കണ്ണ് തുറക്കാനായി കട്ടിലിനരികെ തന്നെ ഇരുന്നുവെന്നത് അറിഞ്ഞപ്പോഴാണ് യഥാർത്ഥത്തിൽ അതെല്ലാം മാറ്റിയെഴുതണമെന്നും ഒരു എഴുത്തുകാരിയാവാമെന്നും തോന്നിത്തുടങ്ങിയത്. കാപട്യത്തിന്റെ രുചിയറിഞ്ഞത്, മോർഫീൻ പമ്പിന്റെ മയക്കത്തിൽ നിന്ന് പതിയേ കണ്ണ് തുറന്ന് കസേരയിൽ തളർന്നുറങ്ങുന്നവളെ കണ്ടപ്പോഴാണ്. അതിലെവിടെയോ എപ്പോഴോ കഥകൾക്ക് ഒരു പാറ്റേൺ വന്നു തുടങ്ങി. തുടക്കവും ഒടുക്കവും വന്നു. കഥയ്കൊരു കഥ ഉരുത്തിരിഞ്ഞു. പൊതിഞ്ഞ് വെച്ച പത്രക്കടലാസ്സിൽ നിന്ന് അടുക്കും ചിട്ടയും വന്നു.
അവളുടെ കുഞ്ഞ് അമ്മിഞ്ഞ കിട്ടാതെ കരയുന്നുണ്ടാവുമോ? മുലകുടി മാറാത്ത കുഞ്ഞിനെ തിരസ്കരിച്ച് മരണത്തിലേക്ക് പറക്കുവാൻ തുടങ്ങിയ കൂട്ടുകാരിക്ക് കൂട്ടിരിക്കുന്നത് എന്തർത്ഥത്തിലാണ്? ആരാണവൾ? എന്തൊരു കപടത. ഛെ!
ഡും ഡും ഡും
ആരാണ്?
മാലാഖ
എന്തിനു വന്നു?
അടുക്കും ചിട്ടയുമില്ലാതെ ഭ്രാന്തിയുടെ ഉലയുന്ന മുടിയിഴകൾ പോലെ (ഉപമ! ഉപമ!) മുഖത്തെ ട്യൂബുകൾക്കിടയിലൂടെയാണ് മുറിയിലെ മിന്നിമറിയുന്ന ടെലിവിഷൻ സ്ക്രീനിലേക്ക് കണ്ണൂകൾ തുറപ്പിച്ച് കിടന്ന സമയങ്ങളിലെപ്പോഴോ ഇവിടുന്ന് ജീവനോടെ എഴുന്നേറ്റാൽ സാരി വലിച്ച് വാരി ചുറ്റില്ലെന്നും നാലു മടക്കായി പിൻ കുത്തി മുന്നോട്ട് കുത്തുമെന്നും ഞൊറികൾ ഭംഗിയായി ഉടുക്കുമെന്നു ഒരു ചെറു പ്രതിജ്ഞയെടുത്തത്. എന്തു രസമാണെന്നോ അപ്പോൾ, ആശുപത്രിയിലെ ഇരുണ്ട മുറികളിൽ ജീവിതത്തെക്കുറിച്ച് സ്വപ്നം കാണുവാൻ. മാറ്റിവെച്ചിരുന്ന യാത്രകൾ ചെയ്യണമെന്നും അതെല്ലാം വരികളിൽ ഒപ്പിയെടുക്കണമെന്നും ചിത്രങ്ങൾ ആളുകൾ കാണുവാൻ പാകത്തിനു ഒരാൽബത്തിൽ നിറയ്കണമെന്നും അത് മുൻവശത്തെ ടീപ്പോയിൽ സ്ഥാനം തെറ്റി വെക്കണമെന്നും. മൊമെന്റോകൾ! ഇത് ഈജിപ്തിലെ മണ്ണ്, ഇത് പസിഫിക്കിലെ ചിപ്പികൾ, പാരിസിലെ ഹോട്ടൽ മുറിയുടെ സ്ലിപ്പ്. കയ്യടി, ഘരഘോഷം. ഹല്ലേല്ലൂയ! ദൈവമേ നീ എത്ര നല്ലവൻ!
പിടയുന്ന പച്ചച്ചോര ഒരു ലിറ്ററോളം വയറ്റിൽ കെട്ടിക്കിടന്നിരുന്നുവെന്ന് കുറച്ചധികം പേരോട് ആവർത്തിക്കുമ്പോൾ കഴിയാവുന്നത്ര നിസ്സംഗത മുഖത്തൊട്ടിച്ചു. ജീവിതമൊരു കുമിളയല്ലേ? എരിവോടെ ചോദിച്ചു. ഞെട്ടട്ടെ. സഹതാപപ്പെടട്ടെ. ധൈര്യവതിയെന്ന് അത്ഭുതത്തോടെ വന്നവർ വന്നവർ പരിഹസിക്കുമ്പോൾ ജീവിതത്തിനോട് കൂസലില്ലാത്തവളെപ്പോലെ ചിരിച്ചു, ചിലപ്പോൾ അല്പം ഉറക്കെ. അധികം ഉറക്കെ ചിരിക്കരുത്, വയറിലെ സ്റ്റിച്ച് വലിയും. അറിയുമോ? നെടുനീളത്തിലാണ് കീറിയത്, ബിക്കിനി ലൈൻ പോലുമല്ല. അത്രയ്ക്കും തിരക്കായിരുന്നു സർജനു എന്റെ ഉള്ളൊന്ന് കാണുവാൻ. കൂട്ടുകാരിക്ക് വേണ്ടി തപസ്സിരുന്നവളെ അങ്ങിനെ തോല്‍പ്പിക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു.
എഴുതുമ്പോൾ ഇവയ്ക്കെല്ലാം എന്തൊരു നിറമാണ്. കടും നിറത്തിൽ ചാലിച്ച വേദനകൾക്ക് നല്ല മാർക്കെറ്റ് വാല്യൂ ഉണ്ടെന്ന് പുസ്തകത്തിന്റെ എട്ടാമതും, പത്താമതും പതിപ്പ്. ജനൽ തുറന്നിടുമ്പോൾ വിടരുന്ന മഴയും കാറ്റും, ഒരു സിഗററ്റ് പുകവളയംപോലെ അലിഞ്ഞടങ്ങിയതു -- അങ്ങിനെ എല്ലാം എഴുതി. വായനക്കാരുടെ ഹൃദയവും മനസ്സും മുഷ്ടിക്കുള്ളിൽ. എന്നിട്ടും തീർന്നില്ല. എന്തൊരു അത്യാർത്തി. (എന്തൊരു ബോറ്!)
കഥയുടെ ഘടന. ജീവൻ. ക്രാഫ്റ്റ്. ജീനിയസ്. വാഹ്! ജീവിതത്തിലേക്ക് ഊക്കോടെ തിരിച്ച് വന്ന അവരുടെ പ്രിയപ്പെട്ട എഴുത്തുകാരി. പെട്ടെന്നൊന്നും തുറക്കാൻ പറ്റാത്തതരം അലൂമിനിയം ഫ്രേമിന്റെ ജനലാണ് എഴുത്തുകാരി താമസിക്കുന്ന വീട്ടിലെന്ന് എത്ര പേർക്ക് അറിയാം? സിഗററ്റ് പുക ശ്വസിച്ചാൽ ആസ്മ കൂടുമെന്നും. ഹഹഹ. (ചിരിയുടെ വൃത്തികെട്ട മൂന്നക്ഷരങ്ങൾ).
ആനപ്പല്ലി, കോന്ത്രം പല്ലീ, നിന്നെ കെട്ടണ ചെക്കൻ കയറു വാങ്ങി തോക്കോള്ളൂ!
പുതിയതായി ഇറങ്ങുന്ന പുസ്തകത്തിന്റെ ഫ്ലാപ്പിൽ എഴുത്തുകാരിയുടെ ഒരു ഫോട്ടോ വേണം. അതിനു അഴിച്ചിട്ട ഈറൻ തലമുടി വേണം. അലസ ഭാവങ്ങളിലൊന്ന് ഒപ്പിയെടുക്കാനാണ് പ്രസാധകർ കുരുന്ന് പയ്യനെ അയച്ചത്.
ഇത്രയും സൗന്ദര്യം എന്തിനാണ് എഴുത്തുകാരിക്ക്?
കുരുന്ന് പയ്യൻ പുരുഷന്റെ സ്വരത്തിൽ തിരിച്ചു ചോദിച്ചു. സൗന്ദര്യമില്ലാത്ത എത്ര എഴുത്തുകാരികളെ അറിയാം? മാധവിക്കുട്ടി, വിർജീനിയ വൂൾഫ്, അരുന്ധതി റായ്, പ്ലാത്?... ഈറൻ മുടി നിവർത്തിയിട്ടതിന്റെ ശാസ്ത്രം പിടികിട്ടിയ ലഹരിയിൽ ഒരു സിഗറിറ്റിനു തീകൊളുത്തി ചുണ്ടത്തോടടുപ്പിച്ചു.
വ്വാവ്! അവൻ കൂവി. ഇത് മതി. നെറ്റിയിൽ ഒരു ചുവന്ന കുങ്കുമപ്പൊട്ട് കൂടി തൊടൂ. വിരലുകൾക്കിടയിൽ എരിയുന്ന ഒരു പന്തം. നെറ്റിയിൽ വശീകരണ ബിംബം. ഇത് കലക്കും ചേച്ചി. (അച്ചടിച്ച് വന്ന ചിത്രത്തിലെ ചുവന്ന കണ്ണുകൾ വല്ലാതെ ചുമച്ചതിന്റെയാണ്)
ഇതേ പോസിൽ എന്റെ കാലുകളുയർത്തി ജനല്‍പ്പടിയിൽ വെച്ചിരുന്നെങ്കിൽ ജനൽക്കമ്പികളുടെ നിഴൽ എന്റെ മുഖത്ത് വീഴുമെങ്കിൽ അതേതെങ്കിലും മുന്തിയ നഗരത്തിലെ ചുവന്ന തെരുവുകളിൽ കാത്തിരിക്കുന്ന ഒരു വേശ്യയുടേതാവില്ലേ? -- എന്റെ തമാശയിൽ കുരുന്ന് പയ്യൻ വല്ലാതെയൊന്ന് പകച്ച് പോയി.
വീടെവിടെയാണ്?
അകലെ. അവൻ പിടിതരാതെ പറഞ്ഞ് നിറുത്തി, മുഖത്ത് ഫ്ലാഷുകൾ മിന്നിച്ചു. കണ്ണടച്ചതു പോലുമില്ല. സർജിക്കൽ തീയേറ്ററിൽ കീറിമുറിക്കാൻ കിടക്കുമ്പോഴുള്ള വെട്ടത്തിനു ഇതിനും തെളിച്ചമാണ്.
നനഞ്ഞ തലമുടി ഉണങ്ങുവാൻ വേണ്ടി ഫാനിന്റെ കീഴീൽ ഊണുമേശയിൽ ഇരുന്ന സമയങ്ങളിലെപ്പോഴോ അമ്മാമ്മ വീണ്ടും അടുത്തു വരാൻ തുടങ്ങി. എല്ലാവരും ഉറങ്ങുമ്പോൾ ഊണുമേശയിലിരുന്നത്രേ മാധവിക്കുട്ടി കഥകൾ എഴുതിയത്. സന്തോഷകരമായ ഒരു ദാമ്പത്യം ഉണ്ടായിരുന്നെങ്കിൽ കഥ എഴുതുവാൻ സമയം കിട്ടുകയില്ലായിരുന്നു എന്നവർ പറഞ്ഞിട്ടുണ്ടെന്ന് എവിടെയോ വായിച്ചുട്ടുണ്ട്. ദാറ്റ് ബ്ലഡി ഹെൽ ഓഫ് എ വുമൺ. എന്തിനാണിതെല്ലാം വിളിച്ച് കൂവുന്നത്?
ഇരട്ടക്കുട്ടികളെ അമ്മ പെറ്റപ്പോൾ മറ്റേമ്മ വന്ന് നിന്നത് അമ്മയ്ക്കൊരു സഹായത്തിനാണ്. കോളേജിൽ പഠിപ്പിക്കാൻ പോകുന്ന അമ്മയെ കന്യാസ്ത്രീ ക്ഷ ങ്ങ വരപ്പിക്കും സമയത്തിനു ചെന്നില്ലെങ്കിൽ. ഇരട്ട പെറ്റതാണ് സിസ്റ്ററേ എന്ന് കരഞ്ഞ് പറഞ്ഞാലും പേറാത്ത കന്യാസ്ത്രീ ഹെഡിനുണ്ടോ വല്ലോ കൂസലും? എന്നാൽ ജോലി രാജിവെച്ച് കുട്ടികളേയും നോക്കിയിരുന്നൂടെ എന്ന് ആ ദുഷ്ട ചോദിക്കുമെന്ന്, കർത്താവിന്റെ മണവാട്ടിയെക്കുറിച്ച് തിരുഹൃദയത്തിന്റെ ഫോട്ടോയിൽ നോക്കി അമ്മ മറ്റേമ്മയോട് പരിഭവപ്പെടാറുണ്ട്. തിരുഹൃദയത്തിന്റെ ഫോട്ടോയിലെ കണ്ണാടിച്ചില്ലിൽ അമ്മയുടെ വിടർത്തിപ്പിടിച്ച ചീട്ടിന്റെ പ്രതിബിംബം കാണാം. ഒരു പ്രൊഫസർ വെളിയിൽ വെച്ച് മദ്യസേവ പാടില്ല, കുട്ടികൾ കണ്ടാൽ എന്ത് വിചാരിക്കും? മുൻവശത്തെ ടീപ്പോയിടെ കീഴെ ഒളിപ്പിച്ചു വെക്കുന്ന കടും നിറത്തിലുള്ള ഗ്ലാസ്സുകൾ തിരുഹൃദയത്തിൽ പതിയും. അതാവുമോ ദൈവത്തിന്റെ എല്ലാം കാണുന്ന കണ്ണ്?
മറ്റമ്മയെ അമ്മാമ്മ എന്ന് വിളിക്കണമെന്ന് മറ്റമ്മ തന്നെയാണ് പറഞ്ഞ് തന്നത്, സ്കൂളിലേക്ക് അയക്കുവാൻ മുടി ചീകി കെട്ടുമ്പോൾ, ചോറ് വാരിത്തരുമ്പോൾ. അമ്മാമ്മ എന്നാൽ രണ്ട് അമ്മയെന്നാണത്രെ. അസുഖം വന്ന് കിടന്നപ്പോൾ മറ്റേമ്മയെ പോയി കാണണമെന്ന് അമ്മ എഴുതിയിരുന്നുവോ? ഓർമ്മയില്ല. എന്തൊരു തിരക്കായിരുന്നു അന്ന്. കാറ്, ബസ്സ്, മൊബൈൽ, കണ്ണാടികെട്ടിടങ്ങൾ. അതിലൂടെ ഞെരുങ്ങിയമർന്ന് ജീവിതത്തിന്റെ ഫുൾ സ്പീഡിൽ. എതിർ ദിശയിലേക്ക് ചീറിപ്പായാനൊരുങ്ങിയ രണ്ട് ബസ്സിന്റെ നടുവിൽ ഞെങ്ങിയമർന്ന് ആരോ മരിച്ചിട്ടുണ്ടത്രേ ഈ നഗരത്തിൽ. എങ്ങിനെ മരിക്കാതിരിക്കും? അത്രയും തിരക്കല്ലേ? ഈ തിരക്കിൽ പെട്ട് പിടയണമെന്നു ആരാണ് ആവേശപ്പെടാത്തത്? ആഗ്രഹിക്കാത്തത്? ഭാഗ്യവാൻ/ഭാഗ്യവതി/നപുംസകം? (!ദൈവമേ. ഈ നഗരങ്ങളുടെ പൊളിറ്റിക്കൽ കറക്റ്റനെസ്സ്)
"ആഹാ, ദേ മക്കൾ വന്നിരിക്കുന്നു കാറും കൊണ്ട് അമ്മാമ്മയെ കൊണ്ടു പോയി വയസ്സാംകാലത്ത് നോക്കാൻ" മറ്റേമ്മയുടെ ഗർഭപാത്രത്തിൽ കുരുത്ത സന്തതി ശവത്തിനരുകിൽ ഒരു പള്ളിനിറയേ ആളുകളുടെ നടുവിൽ നിന്ന് കൈചൂണ്ടി ചീറി. "പുസ്തകം നിറയേ എന്റെ അമ്മയെക്കുറിച്ചെഴുതിയവൾ പ്രസിദ്ധയായി. ഇമ്മിണി കാശുകാരിയായി, ത്ഫൂ!"
റബ്ബർതോപ്പുകൾക്ക് നടുവിൽ കാറ്റിനെ തടുത്ത് നിൽക്കുന്ന ഉറപ്പുള്ള വീടിനു ഇടതു വശത്തായി, അവരുടെ മകനും മരുമകളും ജീവിക്കുന്ന നീല ടാർപ്പോളിൻ കൂര, കാറ്റത്ത് ഉലയുന്നത് കൗതുകത്തോടെ നോക്കിനിൽക്കുകയായിരുന്നു ഞാനപ്പോൾ. അവർ ഉറക്കെ അട്ടഹസിക്കുന്നതൊന്നും ശ്രദ്ധിക്കാൻ സാധിച്ചില്ല, ഇല്ലായിരുന്നെങ്കിൽ എവിടേയും എത്താതെ പോയ ഒരു കഥയ്ക്ക് കുറച്ച് വാചകങ്ങൾ എങ്കിലും തിരുകി കയറ്റാമായിരുന്നു.
കുഞ്ഞിനിച്ചിരെ കട്ടൻ എടുക്കട്ടെ? എന്തു നീണ്ട യാത്രയായിരുന്നു.
ഉം.
കാപ്പിക്ക് നീല ടാർപ്പോളിന്റെ രുചി.
കുഞ്ഞിന്റെ മറ്റമ്മ വീണ്ടും പ്രസവിച്ചു. അറിയുമോ?
ഈ തൊണ്ണൂറാം വയസ്സിലോ?
അതെ. അബ്രഹാമിന്റെ ഭാര്യയ്ക്ക് വൃദ്ധയായിട്ടും പേറാമെങ്കിൽ പിന്നെയെന്താ? അവളെ ഞാൻ കൂരയിലേക്ക് കൊണ്ട് പോന്നു. കിടക്കുമ്പോൾ മുകളിൽ നീലാകാശമാണ്, രാത്രി പോലും.
ചൂട് കാപ്പി ഞാൻ പൊടുന്നനെ നിലത്തോട്ടൊഴിച്ചു.
എന്തേ?
കാപ്പിപ്പൊടിയുടെ വല്ലാത്തൊരു മട്ട് മണം. ഇൻസ്റ്റന്റ് കോഫി കുടിച്ച് ശീലിച്ചതിന്റെ ഓരോരോ ഏനക്കേടുകളാവും. ഇനിയൊന്നും വേണ്ട. എനിക്ക് പോകാറായി.
അനിയത്തി വരുമോ?
എന്തിനു? അവൾക്കിനിയും എത്രയോ നാളുകൾ കിടക്കുന്നു തൊണ്ണൂറാവാൻ.
പെട്ടെന്ന് ഒരു നിമിഷം തിരിഞ്ഞ് നിന്ന് കയ്യിലെ ബാഗിൽ നിന്ന് പുസ്തകം എടുത്ത് അവർക്ക് നേരെ നീട്ടി. എന്റെയാണ്. പന്ത്രണ്ടാം പതിപ്പിന്റെ അവസാനത്തെ കോപ്പി...
അടക്കണ്ട. കത്തിച്ചോളൂ!
18 പ്രതികരണങ്ങള്‍:
ഒന്നോടിച്ചു വായിച്ചു. എഴുത്തിന് നല്ല ഒഴുക്ക് ഉണ്ട്. കാര്യമൊന്നും പിടികിട്ടിയില്ലെങ്കിലും കൊള്ളാമെന്ന് തോന്നുന്നു. അതിനാല്‍ പിന്നീട് വിശദമായിട്ടൊന്ന് വായിക്കാന്‍ മാര്‍ക്ക് ചെയ്യുന്നു.
:(
i read it. my goodness
good
മൂന്ന് പ്രാവശ്യം വായിച്ചു. ചില വാചകങ്ങൾ മനസ്സിൽ തട്ടി. ചിലത് ചിന്തിപ്പിച്ചു. ചിലത് തല പുകയിപ്പിച്ചു. അവസാനമെത്തിയപ്പോൾ വേറൊരു മറ്റമ്മയും കൂടെയുണ്ടോന്ന് വിചാരിച്ചു.
കഥയെനിക്ക് ഇഷ്ടപ്പെട്ടു.
വെല്‍ക്കം ബാക്ക് ഇഞ്ചീ...
“അനിയത്തി വരുമോ?
എന്തിനു? അവൾക്കിനിയും എത്രയോ നാളുകൾ കിടക്കുന്നു തൊണ്ണൂറാവാൻ...”
ഇഷ്‌ടമായി.
ആക്ച്വലി എന്താണ് തന്റെ,പ്രശ്നം?
കഥ ഇഷ്ട്മായി.
ഇഞ്ചി. ഞെട്ടിച്ചുകളഞ്ഞു. സ്ത്രീപക്ഷോം വിശകലനോം കുന്തോം കുടച്ചക്രവുമില്ലാതെ എഴുതുമ്പോള്‍ മനസ്സില്‍ തട്ടുന്നു. ജീവിതം ഒരു ആസിഡ് ടെസ്റ്റാണ്. സ്വര്‍ണ്ണത്തിന്‍റെ കവചത്തില്‍ നിന്നും ചെമ്പു തെളിയിക്കുന്ന ഒന്ന്.റോളര്‍ കോസ്റ്റര്‍ റൈഡ്. മുകളിലിരിക്കുമ്പോള്‍ താഴേക്കു പോകുന്നുവെന്ന് ഒരിക്കലും തിരിച്ചറിയാത്ത അവസ്ഥ.
ആത്മാര്‍ത്ഥമായ വാക്കുകള്‍ക്ക്, ആഖ്യാനത്തിന്, ഹാറ്റ്സ് ഓഫ് ലേഡി! ഹാറ്റ്സ് ഓഫ്!
ഓടോ. ഹോപ്പ് യൂ ആര്‍ ഓകെ?
കഥ ഇഷ്ടപ്പെട്ടു..
ചിലയിടത്ത്..ചില ചോദ്യങ്ങള്‍ പൊന്തി വന്നു..പിന്നെ,വിഴുങ്ങി.കഥയല്ലേ..ചോദ്യം പാടുണ്ടോ?
satyam paranjaal enikku sherikku manasilaayilla.... koodiya inam aanu alle....
പൊളിച്ചെഴുത്തിന് ഫലം രണ്ടുതരത്തില്‍ ആണെന്ന് തോന്നുന്നു: ഘടനയുടെ കാര്യത്തില്‍ പരീക്ഷണം നന്നായി. ഫ്രം ഗുഡ് റ്റു എക്സലന്റ്. ഭാഷയുടെ കാര്യത്തില്‍ നന്നായെന്ന് തോന്നിയില്ല. വാക്യങ്ങള്‍ മനഃപൂര്‍വമായി മുറിഞ്ഞുപോകുന്നതാണോ അതോ വ്യാകരണപ്പിശകുവന്നതാണോ എന്ന് സംശയം തോന്നുന്നുണ്ട് ട്രാന്‍സിഷണല്‍ ഭാഗങ്ങളില്‍ പ്രത്യേകിച്ചും. ചിലയിടത്ത് ശരിക്കും ശ്രദ്ധക്കുറവുണ്ട്...
ഇതൊക്കെ കഥ വായിച്ചെഴുതിയത്. പക്ഷേ ഇഞ്ചീ.. എന്തൊക്കെയോ ഒരു പുക... നമത് ചോദിച്ചത് ആവര്‍ത്തിക്കാന്‍ തോന്നുന്നു: ആര്‍ യൂ ഓള്‍റൈറ്റ്?
എന്തൊരു ശൈലി! കഥയെഴുതുന്നെങ്കില്‍ ഇങ്ങിനെ എഴുതണം!
ആദ്യം മുതല്‍ അവസാനം വരെ ഒരേ ദുരൂഹത.
കൂടുതല്‍ എന്തൊക്കെയോ എഴുതണമെന്നുണ്ട്. പക്ഷെ,എന്തുചെയ്യാം, കൂടുതലൊന്നും പറയാനുള്ള അറിവില്ല.
കഥ വളരെ വളരെ ഇഷ്ടപ്പെട്ടു.
ആശംസകള്‍!
കുറച്ചുകൂടി മനസിലാകുന്ന രീതി ആകാമായിരുന്നു. ഒരുപാടു ക്ലൂകളുടെ പിന്നാലെ നൂലു പിടിച്ച് പോകേണ്ടിവരുന്ന വായന.
“ചിരിക്കരുത്, വയറിലെ സ്റ്റിച്ച് വലിയും....” ഇങ്ങനെ ചിലതൊക്കെ ഇഞ്ചി തന്നെ എഴുതി എവിടെയോ വായിച്ച ഓര്‍മ്മകളും ഒക്കെ ചേര്‍ന്ന് ചെറുതായി വായന വാ പിളര്‍ക്കുന്നു.
വീണ്ടും കണ്ടതില്‍ സന്തോഷം. വീണ്ടും കാണാം.
കഥ മൊത്തം മനസിലാവണേല്‍ ഒന്നൂടെ വായിക്കണം എന്നു തോന്നുന്നു. എന്നാലും തലയ്ക്കകത്ത് കുറെ പടങ്ങള്‍ ആയി.
റഷ്യക്കാരാ,
മുറിച്ചു മുറിച്ചു എഴുതുന്നത് മുറിഞ്ഞ് മുറിഞ്ഞ് എഴുതുന്നതുകൊണ്ടാവും. :)
വായിച്ചു; കമന്റാനുള്ള വിവരമില്ല :(
:(
Post a Comment