2008-12-09

നിയമസഭ തെരഞ്ഞെടുപ്പ് പറയുന്നത്

- ദില്ലി, മിസോറാം, രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് നടന്നത് നവമ്പര്‍ 29 2008-നായിരുന്നു. മുംബൈയിലെ ടെററര്‍ അറ്റാക്കിന്റെ അവസാന ദിനം. അതുകൊണ്ട് തന്നെ ഇവിടെയെല്ലാമുള്ള കോണ്‌ഗ്രസ്സിന്റെ വിജയം തീര്‍ച്ചയായും ശക്തമായ സന്ദേശം നല്‍കുന്നുവയാണ്. ഇന്ത്യന്‍ സെക്യൂരിറ്റി പ്രശ്നങ്ങള്‍ ബിജെപിക്ക് അനുകൂലമാവും എന്ന പഴയ കണക്കുക്കൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടുള്ള വിജയം കോണ്‍‌ഗ്രസ്സിനു പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ ആശയ്ക്ക് വക നല്‍കുന്നതാണ്.

- മിസോറാമിലേയും രാജസ്ഥാനിലേയും വിജയം കോണ്‍‌ഗ്രസ്സിന്റെ തിരിച്ചു വരവാണ്. രാജസ്ഥാനിലെ കിരീടമില്ലാ റാണി വസുന്ധര രാജേയെ അധികാരത്തില്‍ നിന്നു താഴെയിറക്കാന്‍ കഴിഞ്ഞതില് തീര്ച്ചയായും കോണ്‌ഗ്രസ്സിനു അഭിമാനിക്കാം.

- ദില്ലി തീര്‍ച്ചയായും പൊതു തെരഞ്ഞെടുപ്പിനു ഒരു ബാരോമീറ്റര്‍ ആണ്. അവിടുത്തെ കോണ്‍‌ഗ്രസ്സിന്റെ നിയമസഭ വിജയം പൊതു തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ട്. ഷീലാ ദീക്ഷിത് തന്നെയാണ് മൂന്നാമതും അവരുടെ പ്രിയ മുഖ്യമന്ത്രി.

- തെരഞ്ഞെടുപ്പ് കൂടുതല്‍ ഉത്തരവാദിത്വപരമായി ജനങ്ങള്‍ നോക്കികാണുന്നു എന്നതു തന്നെയാണ് തീവ്രവാദത്തിനു എതിരെ ജനങ്ങള്‍ തരുന്ന സന്ദേശം.

- മായാ‍വതിയുടെ ജാതിരാഷ്ട്രീയം എവിടേയും ഏറ്റില്ല എന്നത് പൊതു തെരഞ്ഞെടുപ്പില്‍ മായവാതി കൂട്ടുകെട്ടുകാര്‍ക്ക് ഒരു താക്കീതാണ്. ജനങ്ങള്‍ ജാതി രാഷ്ട്രീയം പതിയേ തള്ളിക്കളയുന്നു എന്നത് ഈ തെരഞ്ഞെടുപ്പ് പരോക്ഷമായി സൂചിപ്പിക്കുന്നുവോ? അങ്ങിനെയെങ്കില്‍ ജാതി/മതം തിരിച്ചുള്ള രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ പുന:പരിശോധിക്കേണ്ടതായി തീരും. അങ്ങിനെയൊരു തീരുമാനം വോട്ടര്‍മാര്‍ എടുത്തു തുടങ്ങിയെങ്കില്‍ ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പിനു എന്തുകൊണ്ടും ശുഭസൂചകമാണ്.

- ആണവ കരാര്‍, പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധന, ഇന്‍ഫ്ലേഷന്‍, തീവ്രവാദം - ഇവയെല്ലാം കോണ്‍‌ഗ്ഗ്രസ്സിനു മറികടക്കാന്‍ സാധിച്ചുവോ? പ്രത്യേകിച്ച് ദില്ലിയിലെ വിജയം ഇതാണോ സൂചിപ്പിക്കുന്നത്?

23 പ്രതികരണങ്ങള്‍:

Anonymous said...

അതിരുകള്‍ കടന്ന്‌ 'മായാ'വിലാസം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിന്റെ നാലതിരുകളും ഭേദിച്ച്‌ ഇന്ത്യയോളം വളരാനുള്ള ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ശ്രമങ്ങള്‍ക്ക്‌ ഫലം കണ്ടുവരുന്നു. ഹിന്ദിഹൃദയഭൂമിയില്‍ ഒട്ടാകെ ബി.എസ്‌.പിയുടെ വേരിറങ്ങിച്ചെല്ലുന്നതിന്റെ സൂചനയാണ്‌ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം. മായാവതി പ്രധാനമന്ത്രിപദസ്വപ്‌നം യാഥാര്‍ഥ്യമാക്കുന്നതിലേക്ക്‌ ഒരു ചുവടുകൂടിവെച്ചുവെന്ന സൂചനയുമുണ്ട്‌.
ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്‌, ഛത്തീസ്‌ഗഢ്‌ എന്നിവിടങ്ങളിലായി 18 സീറ്റുകളാണ്‌ മായാവതിയുടെ ബി.എസ്‌.പി. കരസ്ഥമാക്കിയത്‌. 2003ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയൊഴികെയുള്ള മൂന്നിടത്തുമായി ആറ്‌ സീറ്റുകള്‍ മാത്രമാണ്‌ പാര്‍ട്ടിക്ക്‌ കൈപ്പിടിയിലൊതുക്കാനായത്‌. നാലിടത്തും ആകെയുള്ള 590 സീറ്റുകളിലും ബി.എസ്‌.പി ഇത്തവണ മത്സരിച്ചു. സഖ്യത്തിനായി ആരുമായും കൈകോര്‍ത്തുമില്ല.

ചരിത്രത്തിലാദ്യമായി ഡല്‍ഹിയില്‍ ബി.എസ്‌.പി രണ്ട്‌ നിയമസഭാ സീറ്റുകള്‍ ഇക്കുറി നേടി. 12.5 ശതമാനം വോട്ടും കൈക്കലാക്കി. 2003ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 5.7 ശതമാനമായിരുന്നു ഡല്‍ഹിയില്‍ ബി.എസ്‌.പിയുടെ വോട്ട്‌ വിഹിതം. കഴിഞ്ഞ വര്‍ഷത്തെ ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ആദ്യമായി 17 സീറ്റുകളും 9.5 ശതമാനം വോട്ടുകളും നേടി. ഒരുവര്‍ഷംകൊണ്ടാണ്‌ മൂന്ന്‌ ശതമാനം വോട്ട്‌ കൂടിയത്‌.

രാജസ്ഥാനിലും മധ്യപ്രദേശിലും ഏഴ്‌ വീതം സീറ്റുകളാണ്‌ ബി.എസ്‌.പി വരുതിയിലാക്കിയത്‌. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ട്‌ വീതമായിരുന്നു ഇരുസംസ്ഥാനങ്ങളിലെയും സീറ്റ്‌ നില. രണ്ടിടത്തും ഒട്ടേറെ സീറ്റുകളില്‍ മികവുറ്റ പ്രകടനവും പാര്‍ട്ടി കാഴ്‌ചവെച്ചു. ഛത്തീസ്‌ഗഢില്‍ നിലവിലുണ്ടായിരുന്ന രണ്ട്‌ സീറ്റുകള്‍ നിലനിര്‍ത്തി.

നീലക്കൊടിയും ആനച്ചന്തവും മായാവതിയുടെ സ്വപ്‌നങ്ങളും ജനഹൃദയങ്ങളിലിടം നേടുന്ന പ്രചാരണമാണ്‌ ബി.എസ്‌.പി കാഴ്‌ചവെച്ചത്‌. ദളിതര്‍ക്കും മേല്‍ജാതിയിലെ ദരിദ്രര്‍ക്കും മുസ്‌്‌ലിങ്ങള്‍ക്കും സംവരണമേര്‍പ്പെടുത്തുമെന്ന വാഗ്‌ദാനം ബി.എസ്‌.പിയുടേത്‌ മാത്രമായിരുന്നു. കോണ്‍ഗ്രസ്സിനെ പരമ്പരാഗതമായി തുണച്ച ദളിതര്‍ ബി.എസ്‌.പിയുടെ പാളയത്തിലേക്ക്‌ ദിശമാറി സഞ്ചരിക്കുകയാണ്‌. ഒപ്പം മുസ്‌്‌ലിം, യാദവ ഇതര പിന്നാക്ക വിഭാഗങ്ങള്‍, ബ്രാഹ്മണര്‍ എന്നിവരെ കൂടെക്കൂട്ടിയുള്ള സര്‍വസമാജ്‌ എന്ന യു.പി മോഡലും നാലിടത്തും പരീക്ഷിച്ചു.

നേരത്തെ ഹിമാചല്‍പ്രദേശ്‌, ഗുജറാത്ത്‌ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ്‌ വോട്ടുബാങ്കില്‍ ചോര്‍ച്ചയുണ്ടാക്കി ബി.എസ്‌.പി നേട്ടം കൊയ്‌തിരുന്നു. ഇപ്പോഴത്തെ നിലയനുസരിച്ച്‌ യു.പിയടക്കം 90ഓളം ലോക്‌സഭാ സീറ്റുകളില്‍ ബി.എസ്‌.പിക്ക്‌ ഭൂരിപക്ഷം കിട്ടുമെന്നാണ്‌ കണക്ക്‌. പടിപടിയായി ഉയരുന്ന വോട്ട്‌ വിഹിതം നോക്കുമ്പോള്‍ പ്രബലമായ മൂന്നാംശക്തിയായി ബി.എസ്‌.പി മാറുമെന്നും വിലയിരുത്തപ്പെടുന്നു. കന്‍ഷിറാമിന്റെ കൈയില്‍ നിന്ന്‌ നേതൃത്വത്തിന്റെ കൊടിയേറ്റുവാങ്ങിയ ശേഷം ഫ്രബഹന്‍ജി'യുടെ സര്‍വജന്‍ പാര്‍ട്ടിയായി ബി.എസ്‌.പി വളര്‍ന്നുമുന്നേറുന്നതാണ്‌ കാഴ്‌ച.

കെ.കെ. സുബൈര്‍
Mathrubhumi news

Inji Pennu said...

മായാവതിയുടെ പ്രകടനം പ്രതീക്ഷച്ചതിനേക്കാള്‍ മോശമാണെന്ന് തന്നെ എനിക്ക് തോന്നി. കൂടുതല്‍ സീറ്റുകള്‍ കിട്ടി എന്നത് ഇനി മൂ‍ന്ന് നാല്‍ മാസത്തിനുള്ളില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ അത്ര വലിയ മാറ്റം ഉണ്ടാക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. മായാവതി തന്നെ ഇതിലും കൂടുതല്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് പറഞ്ഞിട്ടുണ്ടല്ലോ? കാര്യമായ വിള്ളല്‍ ഉണ്ടാക്കുവാന്‍ സാധിച്ചില്ല എന്ന് വേണം കരുതുവാന്‍.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഈ പോസ്റ്റിനെ ഒന്നു ക്രിട്ടിക്കല്‍ ആയി (വസ്തു നിഷ്ഠമായി) കാണാന്‍ ശ്രമിക്കുകയാണ്‌.

ഒന്നും രണ്ടും പാരഗ്രാഫുകളോടു വിയോജിക്കാന്‍ കഴിയുന്നില്ല. പ്രത്യേകിച്ച്‌ ബി.ജെ.പി.യുടെ കോട്ടയായ രാജസ്ഥാനില്‍ നിന്നും അവരെ തുരത്തിയത്‌ കോണ്‍ഗ്രസിണ്റ്റെ നേട്ടം തന്നെ.

"ദില്ലി തീര്‍ച്ചയായും പൊതു തെരഞ്ഞെടുപ്പിനു ഒരു ബാരോമീറ്റര്‍ ആണ്. അവിടുത്തെ കോണ്‍‌ഗ്രസ്സിന്റെ നിയമസഭ വിജയം പൊതു തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ട്."
തോണ്ണൂറ്റി എട്ടു ഡിസംബറില്‍ ഡല്‍ഹി നിയമ സഭാ എലക്ഷനില്‍ കോണ്‍ഗ്രസ്‌ അമ്പത്തൊന്നു സീറ്റ്‌ നേടിയപ്പോള്‍ അതൊരു റിക്കാഡ്‌ ആയി. ബി.ജെ.പിക്കു വെറും പതിനഞ്ചു സീറ്റാണ്‌ കിട്ടിയത്‌. ഷീലാ ദീക്ഷിത്‌ മുഖ്യമന്ത്രി ആയി മാസങ്ങള്‍ കഴിഞ്ഞ്‌ തൊണ്ണൂറ്റി ഒന്‍പതില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ വാജ്പേയ്‌ മൂന്നാമതും പ്രധാനമന്ത്രി ആയെന്നെരിക്കെ എങ്ങിനെ ആ ബാരോമീറ്ററിനെ വിശ്വസിക്കും? പൊതു തിരഞ്ഞെടുപ്പിണ്റ്റെ അളവുകോലിലൂടെ ഈ തിരഞ്ഞെടുപ്പിനെ കണ്ടാലോ. മൊത്തം സീറ്റുകള്‍ - 629 കോണ്‍ഗ്രസ്‌ - 278 ബി.ജെ.പി. 295 ബി.എസ്‌.പി. - 16. എം.പി. യില്‍ ഉമാ ഭാരതി ഉണ്ടാക്കിയ വോട്ട്‌ സ്പ്ളിറ്റ്‌ കോണ്‍ഗ്രസിനു മുതലെടുക്കാനായില്ല എന്നു കരുതേണ്ടിയിരിക്കുന്നു.

അടുത്ത രണ്ടു പാരഗ്രാഫുകളുകളേയും ഒന്നിച്ചു കാണാം. യു. പി.യില്‍ ഒതുങ്ങി നിന്നിരുന്ന ബി.എസ്‌.പിക്കു പുറമേ നിന്നു പതിനാറു സീറ്റുകള്‍ നേടാനായത്‌ ജനങ്ങള്‍ക്കു ഉത്തരവാദിത്തം നിറവേറ്റാന്‍ കഴിഞ്ഞില്ലെന്നു കാണിക്കുന്നു. ഹങ്ങ്‌ റിസള്‍ട്ടുകള്‍ അവര്‍ക്കു ചാകരയാണ്‌ എന്നും എവിടേയും. ബി. എസ്‌. പി. പരാജയപ്പെട്ടു എന്നത്‌ ഈ അര്‍ഥത്തില്‍ ശരിയല്ല.

ഒടുവില്‍ ഡല്‍ഹിയുടെ കാര്യം വീണ്ടും. (ഈയുള്ളവനും ഇവിടുത്തെ വോട്ടറാണ്‌). കോണ്‍ഗ്രസിണ്റ്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ ജനങ്ങള്‍ വോട്ട്‌ ചെയ്തിരിക്കുന്നത്‌. തികച്ചും അനുയോജ്യമാണത്‌. (വര്‍ഷങ്ങള്‍കു മുമ്പ്‌ അപകടകരമായി ഉയര്‍ന്ന അന്തരീക്ഷ്‌ മലിനീകരണം കുറേയെങ്കിലും കുറഞ്ഞത്‌ സി.എന്‍.ജി വാഹനങ്ങള്‍ നിര്‍ബന്ധിതമാക്കിയതും മെട്രോ റെയില്‍ തുടങ്ങിയ പദ്ധതികള്‍ വിജയകരമായി കൊണ്ടുവന്നതും ഒക്കെ കാരണമാണെന്ന് ഇവിടുത്തെ വോട്ടര്‍മാര്‍ അറിയാതിരിക്കുമെന്ന് കരുതാനാവില്ല. )

Inji Pennu said...

ജിതേന്ദ്ര
ഇങ്ങിനെയാണ് ഞാന്‍ ആ നിഗമനത്തില്‍ എത്തിയത്
അന്നു ബിജെപിക്ക് വാജ്പേയി എന്ന പ്രധാനമന്ത്രി സ്ഥാ‍നാര്‍ത്ഥി. രാമജന്മഭൂമി പ്രശ്നം.
ഇന്ന് ഒട്ടും പോപ്പുലര്‍ അല്ലാത്ത അഡ്വാനി. ബി.ജെ.പിക്ക് ഒരു പ്രധാന വിഷയം ഇല്ല. ഉണ്ടായിരുന്നത് തീവ്രവാദം. ദില്ലിയാകട്ടെ അതിനു ഒരുപാട് തവണ ഇരയായതും. അതുകൊണ്ട് കൂടി ദില്ലി ഇലക്ഷനിലെ തീവ്രവാദ ഫാക്റ്റര്‍ ഉണ്ടാകുമോ എന്ന് ആശങ്ക ഉണ്ടായിരുന്നു. ഷീലാ ദീക്ഷിതിനെ പൊലെയൊരു പോപ്പുലര്‍ മുഖ്യമന്ത്രിയെ
മറികടക്കാന്‍ ബി.ജെ.പിക്ക് സാധിച്ചിരുന്നെങ്കില്‍ അത് വരുവാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ വ്യക്തമായ സൂചന ആവുമായിരുന്നില്ലേ? അങ്ങിനെ ഒന്നില്ലാണ്ടായത് തീര്‍ച്ചായായും കോണ്‍‌ഗ്രസ്സിനു നല്ല ആശക്ക് വക നല്‍കുന്നുണ്ട്. ആന്റി-ഇങ്ക്യുംബന്‍സി ഫാക്റ്റര്‍ ഉണ്ടെങ്കില്‍ പോലും അത് ഒരു പരിധിവരെ മറികടക്കാന്‍ സാധിക്കുന്നു എന്ന് വേണം കരുതാന്‍.

ദില്ലിയിലെ അല്ല മറിച്ച് മധ്യപ്രദേശിലെ മോശം പ്രകട‍നമാണ് ബി.എസ്.പിക്ക് അധികം വിള്ളല്‍ ഉണ്ടാക്കാന്‍ സാധിക്കുന്നില്ല എന്ന നിഗമനത്തില്‍ ഞാന്‍ എത്തിയത്.

താങ്കള്‍ പറഞ്ഞതുപോലെ തൂക്ക് മന്ത്രിസഭയിലെ വിലപേശലിനു ബി.എസ്.പിക്ക് സാധ്യതകള്‍ കാണുന്നുണ്ട്, പക്ഷെ മായാവതി പ്രധാനമന്ത്രിയെന്ന മോഹത്തിനു അടുത്ത തെരഞ്ഞെടുപ്പില്‍ ക്ലച്ച് ഉണ്ടാവില്ല എന്ന് തന്നെ തോന്നുന്നു.

വിശാഖ് ശങ്കര്‍ said...

ബി ജെ പിയ്ക്ക് മുംബൈ ആക്രമണത്തെ വിറ്റ് വോട്ടാക്കാന്‍ കഴിയരുതേയെന്നു തന്നെയാണ് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മറ്റാരെയും പോലെ എന്റെയും ആഗ്രഹം. പക്ഷേ ഈ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ അതു നേടിക്കഴിഞ്ഞുവെന്ന് നമുക്ക് വിശ്വസിക്കാനാവുമോ?
മുംബൈ ആക്രമണത്തിന്റെ അവസാനദിവസമായ നവംബര്‍ 29 ന് ആയിരുന്നു ദില്ലി, മിസോറാം, രാജസ്ഥാന്‍ തിരഞ്ഞെടുപ്പുകള്‍ നടന്നത് എന്നത്കൊണ്ട് തന്നെ എല്ലാത്തരം മാധ്യമങ്ങളും ലഭ്യമായ ഉപരി-മധ്യവര്‍ഗ്ഗങ്ങളിലേക്കല്ലാതെ തിരഞ്ഞെടുപ്പ് വിജയങ്ങളില്‍ നിര്‍ണായകപങ്ക് വഹിക്കുന്ന അടിസ്ഥാനവര്‍ഗ്ഗങ്ങളിലേക്ക് തങ്ങളുടെ രാജ്യസ്നേഹത്തിന്റെ കള്ളനാണയം പ്രചരിപ്പിക്കാന്‍ ബിജെപിയ്ക്ക് വേണ്ടത്ര സമയം കിട്ടിയിരുന്നില്ല എന്നു വേണം കരുതാന്‍. അതുകൊണ്ട്തന്നെ ഈ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം നമുക്ക് സ്വസ്ഥരായിരിക്കാനാവുമെന്ന് തോന്നുന്നില്ല.

വര്‍ത്തമാന ഇന്ത്യന്‍രാഷ്ട്രീയത്തില്‍ മായാവതിയുടെ ബിയെസ്പി അത്രയ്ക്ക് അസ്പൃശ്യയാണോ എന്നതിലും സന്ദേഹമുണ്ട്.അഴിമതിയുടെ കാര്യത്തില്‍ മുഖ്യകക്ഷികളായ യുപി എയും എന്‍ഡി എയും തുല്ല്യശക്തികളാണെന്നിരിക്കേ ലല്ലുവിനില്ലാത്തൊരു തീണ്ടായ്മ അവര്‍ക്കെന്തിന്?

Inji Pennu said...

വിശാഖേ
തെരഞ്ഞെടുപ്പില്‍ മറ്റും പ്രതീക്ഷച്ചതില്‍ കൂടുതല്‍ വോട്ടര്‍ ടേണ്‍ ഔട്ടുകള്‍ ഉണ്ടായതും അത് പ്രതീക്ഷ തെറ്റിച്ച് കോണ്‍‌ഗ്രസ്സിനെ വിജയത്തിലേക്ക് നയിച്ചത് ചെറിയ കാര്യമല്ല എന്ന് തന്നെ തോന്നുന്നു. പ്രത്യേകിച്ചും ഇത്രയധികം ഘടകങ്ങള്‍ കോണ്‍‌ഗ്രസ്സിനു എതിരു നില്‍ക്കുന്നു എന്ന് പറയുമ്പോള്‍. തീവ്രവാദ ആക്രമണം കോണ്‍‌ഗ്രസ്സിനു തന്നെ ഗുണം ചെയ്തു എന്ന് കരുതുന്നു. സംഘ് പരിവാരിന്റെ തീവ്രവാദ ബന്ധവും ചിലപ്പോള്‍ ഒരു ഘടകമായോ? അങ്ങിയെങ്കില്‍ സ്റ്റ്രോങ്ങ് വോട്ടര്‍ ടേണ്‍ ഔട്ട് തന്നെ തീവ്രവാദത്തിനെതിരെ ഒരു താക്കീതെന്നു വിശ്വസിക്കുവാനാണെനിക്കിഷ്ടം.

രാജസ്ഥാനും ദില്ലിയും കോണ്‍‌ഗ്രസ്സ് നേതൃത്വം തന്നെ എഴുതി തള്ളിയിരുന്നതല്ലേ?

വിശാഖ് ശങ്കര്‍ said...

നേരത്തേയിട്ട കമന്റില്‍ ചേര്‍ക്കാന്‍ വിട്ടുപോയൊരു കാര്യം, താങ്കള്‍ പറഞ്ഞതുപോലെ മലേഗാവ് സ്ഫോടനത്തിലെ ഹിന്ദുത്വവാദികളുടെ പങ്ക് തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തിരിച്ചടിയായിരിക്കാം എന്നതാണ്. അതേസമയം മുംബൈ സ്ഫോടനത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ അവര്‍ക്ക് വേണ്ടത്ര സമയം കിട്ടിയിരുന്നോ എന്നത് സംശയവുമാണ്. അതുകൊണ്ട് തന്നെ അവരതിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് ജനാധിപത്യവാദികള്‍ ജാഗ്രത്തയിരിക്കേണ്ടതുണ്ട് എന്നു തോന്നുന്നു.

Anonymous said...

ഒരു റീഡേര്സ് ഡയജസ്റ്റ് ടൈപ്പ് പക്ഷപാതമായ എഴുത്ത്

മാരീചന്‍ said...

പോസ്റ്റിനെക്കുറിച്ചുളള അഭിപ്രായം പറയുന്നതിനു മുമ്പൊരു ചോദ്യം.

ഇന്ന് ഒട്ടും പോപ്പുലര്‍ അല്ലാത്ത അഡ്വാനി.

ഇങ്ങനെയൊരു വാചകം ഒരു കമന്റില് കണ്ടു. ഒന്നു വിശദീകരിക്കാമോ....ഇന്ത്യയില് അദ്വാനി പോപ്പുലറല്ലേ... അതോ പോപ്പുലറിന് നമ്മളറിയാത്ത വേറെ അര്ത്ഥം വല്ലതുമുണ്ടോ...?

അങ്കിള്‍ said...

ദില്ലി ഒരു ബാരോമിറ്ററാണെന്നുള്ളത് ഈ തെരഞ്ഞടുപ്പിനെ സംബന്ധിച്ച് ശരിയല്ലെന്നാണെനിക്കു തോന്നുന്നത്. വോട്ടര്‍മാരില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ജീവനക്കാരാണ്. ആറാം ശംബളക്കമ്മിഷന്‍ കൊണ്ടുണ്ടായ പ്രയോജനം ചില്ലറയൊന്നുമല്ല. സ്ത്രീജീവനക്കാര്‍ക്ക് നല്‍കിയ പ്രയോജനങ്ങള്‍ അവര്‍ ഒരിക്കലും മറക്കില്ല, child care leave നു നിയന്ത്രണങ്ങള്‍ പിന്നീട് കൊണ്ടുവന്നെങ്കിലും.

Radheyan said...

ഈ പോസ്റ്റിലെ നിരീക്ഷണങ്ങള്‍ ഒരുപാട് ലളിതവല്‍ക്കരിക്കപ്പെട്ടുവോ എന്ന് സംശയം.പ്രത്യേകിച്ചും മായാവതി ഫാക്ടര്‍.മായാവതി തന്റെ ബേസ് വര്‍ധിപ്പിക്കുകയാണ് ചെയ്തത് എന്ന് നിസംശയം പറയാന്‍ കഴിയും.കാരണം ഈ മേഖലകളില്‍ അവരുടെ സ്വാധീനം തുലോം കമ്മിയായിരുന്നു,(കേരളത്തില്‍ ഒരു സീറ്റില്‍ ബിജെപി വിജയിച്ചാല്‍ 139 സീറ്റി തോറ്റു അതിനാല്‍ തകര്‍ച്ച എന്നല്ല പറയുക,മുന്നേറ്റം എന്നു തന്നെയാണ്).

ബിജെപിയോട് ജനത്തിന് താല്‍പ്പര്യം കുറഞ്ഞു വരുന്നു എന്ന് വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്നു.വ്യത്യസ്ഥത എന്ന അവരുടെ ക്ലെയിം പൊള്ളയാണെന്ന് ജനം മനസ്സിലാക്കിയത് പോലെ തോന്നുന്നു.തീവ്ര ഹിന്ദുത്വം പരണയില്‍ വെച്ച് ജനപ്രിയത പയറ്റിയ ശിവരാജ് ചൌഹാനും രമണ്‍ സിങ്ങും ആന്റി ഇന്‍‌കുമ്പന്‍സിയെ അതിജീവിച്ചപ്പോള്‍ കൂടുതല്‍ പ്രത്യയശാസ്ത്ര ശാഠ്യമുള്ള രജപുത്രവനിതക്ക് കാലിടറി.

മിസോറാമിനെയും ദില്ലിയെയും സൂചകങ്ങളായി എടുക്കാന്‍ സാധിക്കുമോ?മിസോറാം ദേശീയതയുമായി ബന്ധമില്ലാത്ത ഒരു പ്രദേശമെന്ന നിലയില്‍ ദേശീയപ്രശ്നങ്ങള്‍ ഒരിക്കാലും ചര്‍ച്ച ചെയ്യപ്പെടാത്ത സ്ഥലമാണ്.ദില്ലിയാണെങ്കില്‍ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമെന്ന നിലയിലാണ് തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്.ഇവിടെ പ്രാദേശിക വികസന വിഷയങ്ങള്‍ സാമാന്യത്തിലധികം ചര്‍ച്ച ചെയ്യപ്പെടുകയും മറ്റ് വിഷയങ്ങള്‍ അവഗണിക്കപ്പെടുകയും ചെയ്യപ്പെടുന്നു.

ചുരുക്കത്തില്‍ ഇത് പൊതുതിരഞ്ഞെടുപ്പിന്റെ സൂചകമെന്നെടുക്കാന്‍ ബുദ്ധിമുട്ടുണ്ട്.വളരെ സ്കാറ്റേര്‍ഡ് ആയ തൂക്കുസഭയാണ് എന്റെ പ്രവചനം.കോണ്‍ഗ്രസ് ചുരുക്കം ചില സംസ്ഥാനങ്ങളില്‍ നന്നായി പെര്‍ഫോം ചെയ്യും-രാജസ്ഥാന്‍,മഹാരാഷ്ട്ര,കര്‍ണ്ണാടക,പഞ്ചാബ്,കേരളം(താങ്ക്സ് അച്ചുമാന്‍ & കോ),സഖ്യകക്ഷികളായ ഡി.എംകെക്ക് തമിഴ്നാട്ടിലും ലാലുവിന് ബീഹാറിലും കുറച്ച് മുന്‍‌കൈ കിട്ടിയേക്കും,പക്ഷെ കഴിഞ്ഞ തവണത്തെ ഏകപക്ഷീയത പ്രതീക്ഷിക്കേണ്ട തമിഴ്‌നാട്ടില്‍.

ഗുജറാത്ത്,മധ്യപ്രദേശ്,ഒറീസ്സ,ഹരിയാന്ന തുടങ്ങിയ സംസ്ഥാനങ്ങള്‍ ബിജെപിക്ക് ഗുണകരമായേക്കാം.

ആന്ധ്ര,ഉത്തര്‍പ്രദേശ്,ബംഗാള്‍ തുടങ്ങിയ വലിയ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിതര-ബിജെപി ഇതര കക്ഷികളെ തുണക്കാനാണ് സാധ്യത.ബീഹാറിലും ഇക്കൂട്ടര്‍ക്ക് ചില മുന്നേറ്റങ്ങള്‍ സാധ്യമായേക്കും.

നിര്‍ണ്ണായകമാകുന്നത് 7 സംസ്ഥാനങ്ങളാണ്-ഉത്തര്‍പ്രദേശ്,മധ്യപ്രദേശ്,ബീഹാര്‍,ബംഗാള്‍,ആന്ധ്ര,തമിഴ്നാട്,മഹാരാഷ്ട്ര.ഇവയെല്ലാം കൂടി 350 സീറ്റുകള്‍ കൈയ്യടക്കി വെച്ചിരിക്കുന്നു.അവയില്‍ പലതും റൂറല്‍ സ്വഭാവമുള്ള വോട്ടിങ്ങ് പാറ്റേണാണ്.ഇത്തരത്തിലുള്ളവര്‍ പ്രവചനങ്ങളോ റ്റീവി അവതാരകരുടെ വാചാടോപമോ ഇഞ്ചിയുടെ ബ്ലോഗോ എന്റെ കമന്റോ വായിക്കാറില്ല.ഇവയൊന്നും അവരുടെ വോട്ടിങ്ങിനെ സ്വാധീനിക്കാറുമില്ല.അതുകൊണ്ട് കാത്തിരുന്ന് കാണുക.

Anonymous said...

പ്രവചിയ്ക്കാൻ താരതംയേന എളുപ്പമുണ്ടായിരുന്നതും പ്രവചനങ്ങൾ ഏറെക്കുറെ സത്യമായിവന്നതുമായതും ആയ ഒരു ഇലക്ഷനായിരുന്നു ഇത് എന്ന് തോന്നുന്നു. ഒരു പുതിയ റ്റ്രെൻഡോ റ്റ്വിസ്റ്റോ ഒന്നും ബാക്കിവെയ്ക്കാതെപോയ, തൊട്ടുമുൻപ് നടന്ന പല ഇലക്ഷനുകളിലെയും കണ്ടെത്തലുകളെ ശരിവെയ്ക്കുക മാത്രം ചെയ്ത ഒരു ഇലക്ഷൻ.

രാജസ്താനിൽ ബീജെപിയ്ക്ക് ഭരണപരമായ പിഴവുകൾ സംഭവിച്ചു എന്നും ഡെൽഹിയിൽ ഷീലാ ദീക്ഷിതിന്റെ കോട്ട തകറ്ക്കുക ദുഷ്കരമാണെന്നും ഇലക്ഷനുമുൻപ് തന്നെ ബീജെപി ചായ്‌വുള്ളവരടക്കമുള്ള അനലിസ്റ്റുകൾ നിർദ്ദേശിക്കുകയുണ്ടായിട്ടുണ്ട്.

തീവ്രവാദത്തിനെതിരെ ഒരു തരംഗമുണ്ടാകുമോ എന്ന് സംശയിക്കുമ്പോൾത്തന്നെ വോടേഴ്സ് കൂടുതൽ ലോകലും സ്പെസിഫികുമായി പെരുമാറിയേക്കാവുന്ന സാധ്യതകളും ധാരാളമായി ചറ്ച്ച ചെയ്യപ്പെട്ടിട്ടുള്ളതാൺ. തീവ്രവാദം ഈവൻ ദേശീയ ഇലക്ഷനിൽ‌പ്പോലും ഡിസിസീവ് ഫാക്റ്ററ് ആകും എന്ന് പ്രതീക്ഷിയ്ക്കുന്നവറ് ഈ ഇലക്ഷനുമുൻപും പിൻപും, കുറവ് തന്നെയാൺ.

ചിന്തയെ ഉദ്ദീപിപ്പിക്കുന്നത് എന്നു പറയാൻ എന്നെ സംബന്ധിച്ച് മൂന്ന് കാര്യങ്ങളാൺ ഈ ഇലക്ഷനിൽ ഉണ്ടായിട്ടുള്ളത്:

1. ഡെൽഹിയിൽ വോട്ടേഴ്സ് ഷീലാ ദീക്ഷിതിനോട് കാണിച്ച കടുത്ത ലോയൽറ്റിയും, മുംബൈ സ്ഫോടനത്തോടുള്ള തണുത്ത പ്രതികരണവും.
2. രാജസ്താനിൽ ഭരണവിരുദ്ധവികാരമുണ്ടായിട്ടുപോലും പ്രധാനപ്രതിപക്ഷമായ കോൺഗ്രസ്സ് മാർജിനുണ്ടാക്കാൻ ബുദ്ധിമുട്ടിയതും, ‘അദേഴ്സി‘ൻ കിട്ടിയ സീറ്റുകളും
3. മൂന്നിടങ്ങളിൽ, പ്രത്യേകിച്ച് മധ്യപ്രദേശിൽ, ഭരിയ്ക്കുന്ന പാറ്ട്ടികൾ നേടിയ വിജയവും, ഭരണം ഉപയോഗിച്ച് ജനങ്ങളെ പ്രീതിപ്പെടുത്തുന്നതിൽ പൊതുവേ ഇന്ത്യൻ രാഷ്ട്രീയക്കാരൻ കൂടുതൽ വിജയിക്കുന്നുവോ എന്ന ചോദ്യവും.

അദ്വാനിയെക്കുറിച്ചും മായവതിയെക്കുറിച്ചും താങ്കൾക്കുള്ള കാഴ്ചപ്പാടുകളോട് തീറ്ത്തും വിയോജിയ്ക്കുന്നു. മായാവതി മുന്നോട്ട് തന്നെയാൺ നീങ്ങുന്നത് എന്നും, എൽ കെ അദ്വാനി തന്നെയാൺ ഇന്ത്യയിൽ ഇന്ന് ജീ‍വിച്ചിരിക്കുന്നതിൽ ഏറ്റവും കരുത്തനായ രാഷ്ട്രീയനേതാവ് എന്നും തികച്ചും നിഷ്പക്ഷമായി നോക്കിയാൽ പോലും സമ്മതിക്കാതെ വയ്യ.

ജനു said...

പ്രത്യയ ശാസ്ത്രതിലൂന്നിയ ജനാധിപത്യ പ്രക്രിയ ഇനിയും ശക്തിപ്പെടാനിരിക്കുന്നതേയുള്ളു. അതുകൊണ്ടു ഇതൊരു സുചിന്തിത വ്യതിയനമായി
അല്ലെങ്കിൽ തെരഞെടുപ്പായി, കാണുക വയ്യ.

പകല്‍കിനാവന്‍ | daYdreaMer said...

ഇവിടെങ്ങളില്‍ ഉള്ള ഭൂരിഭാഗം വോട്ടര്‍മാരും നിരക്ഷരരും വാര്‍ത്തകള്‍ അറിയാത്തവരുമാനെന്നു കൂടി ഓര്‍ക്കുന്നത് നന്നായിരിക്കും.... അതുകൊണ്ട് ഇതൊരു ശക്തമായ സന്ദേശം നല്കുന്നുവെന്നു കരുതുക വയ്യ ....

ഗുപ്തന്‍ said...

രാധേയന്റെ കമന്റ് നല്ല നിരീക്ഷണമായി തോന്നി.

ഇലക്ഷന്‍ കഴിഞ്ഞാല്‍ വിലപേശി ബിജേപീക്കു ചൂട്ടുപിടീക്കാന്‍ പോകാന്‍ മടിക്കാത്ത മായാവതിക്കും ജയലളിതയ്ക്കും വേണ്ടി വോട്ടു പിടിക്കലാണ് ഈ തൂക്കുസഭയുണ്ടാകാന്‍ ഇടയുള്ള സാഹചര്യത്തില്‍ ഇടതുപക്ഷം ചെയ്യാന്‍ പോകുന്ന ദേശീയ സേവനം. രാജസ്ഥാനില്‍ രണ്ടുസീറ്റില്‍ നിന്ന് ഏഴുസീറ്റിലേക്ക് ആ ആ‍നക്കുട്ടിയെ വളര്‍ത്താന്‍ വേണ്ടി അവിടെ തമ്പടിച്ച് കിട്ക്കുവാരുന്നു ചേട്ടന്മാര്‍ ബോംബേ സ്ഫോടനങ്ങള്‍ നടക്കുമ്പോള്‍.

ജിവി/JiVi said...

അഞ്ചെണ്ണത്തില്‍ ഭരണവിരുദ്ധവികാരം ഇല്ലായിരുന്ന ഒരേഒരു സംസ്ഥാനം ഡല്‍ഹി ആയിരുന്നെന്ന് നിരീക്ഷകര്‍. അവിടെ വേണ്ടത്രനേട്ടം ഉണ്ടാക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞോ എന്ന് സംശയം. മധ്യപ്രദേശില്‍ ബി ജെ പി വീണ്ടും വന്നത് കോണ്‍ഗ്രസ്സിന്റെ ദൌര്‍ബല്യം അല്ലാതെ മറ്റൊന്നുമല്ല. രാജസ്ഥാനിലാവട്ടെ നേരിയവിജയം മാത്രം. ദേശീയപ്രശ്നങ്ങള്‍ക്ക് ഒട്ടും സ്വാധീനം ചെലുത്താന്‍ കഴിയാതിരുന്ന തെരഞ്ഞെടുപ്പ്. ഇഞ്ചിയേക്കാള്‍ സെന്‍സിബിളായി തെരഞ്ഞെടുപ്പ്ഫലം വിശകലനം ചെയ്യുന്നവര്‍ കോണ്‍ഗ്രസ്സില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

Radheyan said...

ഗുപ്തന്റെ നിരീക്ഷണത്തില്‍ വസ്തുതാപരമായ പിശകുണ്ട്.

രാജസ്ഥാനില്‍ അങ്ങനെ ഒരു ബി എസ് പി-ഇടത് സഖ്യം നിലവിലില്ല,രാജസ്ഥാനില്‍ കാരാട്ടും മറ്റും പോയത് സ്വന്തം സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് പിടിക്കാനാണ്.

മൂന്ന് ദരിദ്ര കര്‍ഷകരെ രാജസ്ഥാനില്‍ സി.പി.എമ്മിന് ഒറ്റക്ക് ജയിപ്പിക്കാന്‍ സാധിച്ചു എന്നതും പ്രസ്താവ്യമാണ്.

ഗുപ്തന്‍ said...

സി പി എമ്മീന് മൂന്ന് എം എല്‍ എ മാരുണ്ടെന്നത് (ഒന്നില്‍ നിന്ന് മൂന്നിലേക്ക്) ശ്രദ്ധിച്ചിരുന്നു രാധേയന്‍. പക്ഷെ ബി എസ് പിയും സിപിയെമ്മും തമ്മില്‍ ധാരണയുണ്ടെന്നും ഇലക്ഷനുമുന്‍പ് വായിച്ചിരുന്നു.

Inji Pennu said...

രാധേയാ
തൂക്ക് മന്ത്രിസഭ തന്നെ എന്ന് ഇപ്പോള്‍ തോന്നുന്നു. പക്ഷെ ഞാന്‍ കോണ്‍‌ഗ്രസ്സ് നിലം തൊടില്ലേ തൊടില്ലേ എന്നിങ്ങിനെ എക്കോയില്‍ ആലോചിച്ചുകൊണ്ടിരിക്കാരുന്നു. പ്രത്യേകിച്ച് ഈ സാമ്പത്തിക ഞെരുക്കം, തീവ്രവാ‍ദം. അങ്ങിനെ നോക്ക്കുമ്പോള്‍ ഇതെനിക്ക് ശുഭകാര്യമായി തോന്നുന്നു. എവിടേയോ ഞാന്‍ വായിച്ചു കോണ്‍ഗ്രസ്സ് ഈസ് ഇക്ക്കലി സ്റ്റണ്ഡ് ബൈ ദ റിസള്‍ട്ട്സ് എന്ന് 2004ലെ പൊതുതിരഞ്ഞെടുപ്പ് പോലെ തന്നെ.

ആ കാരണങ്ങളില്‍ കൊണ്ട് തന്നെ ഈ വിജയങ്ങള്‍ കോണ്‍‌ഗ്രസ്സിനു എതിരെ ഒരു മൊമെന്റം ഇല്ലായെന്നു തന്നെയല്ലേ മനസ്സിലാക്കേണ്ടതു? ബി.ജെ.പിയുടെ വിജയങ്ങള്‍ ഒക്കെ കണ്ടപ്പോള്‍ ഞാന്‍ അങ്ങിനെ കരുതിയിരുന്നു.

പിന്നെ ദില്ലിയിലെ കാര്യം. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ജസ്റ്റ് ഒരു കൊല്ലം മുന്‍പല്ലേ നടന്നത്? അതില്‍ കോണ്‍‌ഗ്രസ്സിനു ബി.എസ്.പി ബി.ജെ.പി കൂട്ട്കെട്ട് നിലം‌പരിശായിക്കിയില്ലേ? അതേ ബി.എസ്.പി ഇപ്പോഴും സ്പോയിലര്‍ ആവുമെന്ന് തന്നെ ഞാന്‍ കാര്യമായി തന്നെ ശങ്കിച്ചിരുന്നു പ്ലസ് മുംബൈ കൂടിയായപ്പോള്‍ ബി.ജെ.പി തന്നെ എന്ന് കരുതി. അതുമല്ല 90നു(?) ശേഷം ഇത്രയും വോട്ടര്‍ ടേണ്‍ ഔട്ട് ഇല്ലായെന്നു പറയുന്നു. കഴിഞ്ഞ തവണ 43% എങ്കില്‍ ഇത്തവണ അത് 61%. അത്രയും വ്യത്യാസം എന്തിന്റെയൊക്കെയോ സൂചനയല്ല്ലേ?

മായാവതിയെ ഞാന്‍ എഴുതിത്തള്ളിയതല്ല. പക്ഷെ കഴിഞ്ഞ കൊല്ലത്തെ പ്രകടനം ഒന്നും കാഴ്ച വെക്കാനായില്ല എന്ന് തന്നെ കരുതുന്നു.
അല്ലെങ്കില്‍ ഷീ കുഡൈന്റ് ഈറ്റ് ഇന്റു ദ കോണ്‍‌ഗ്രസ്സ് വോട്ടര്‍ ബേസ്.

മാരീച്ചാ‍ാ
അദ്വാനിയുടെ പ്രധാനമന്ത്രി പോപ്പുലാരിറ്റി 3% എങ്ങാണ്ടാണെന്ന് ഞാന്‍ എതോ ഒക്കെ പോള്‍ റിസള്‍ട്ട് വായിച്ചിട്ടുണ്ടായിരുന്നു. ഇനി അല്ലെ? ആളു പോപ്പുലറാ? ആളുടെ ടി.വി ഒക്കെ വര്‍ക്ക് ചെയ്യുന്നുണ്ടോ? എനിക്ക് പത്രങ്ങളില്‍ നിന്നു വായിക്കുന്ന പള്‍സേ അറിയുള്ളൂ. (മനുഷ്യനെ ടെന്‍ഷന്‍ അടിപ്പിക്കല്ലേ.)

Inji Pennu said...

മധു
തീവ്രവാദത്തെക്കുറിച്ച് പറയുമ്പോള്‍ കോയമ്പത്തൂറിലെ ബോംബ് സ്ഫോടനമാണ് ഓര്‍മ്മ വരുന്നത്. അന്ന് തമിഴ്നാട് ബി.ജെ.പി ജയലളിത കൂട്ട്കെട്ട് തൂത്ത് വാരിയത്. ഒരൊറ്റ ദിവസം കൊണ്ട് അത്രയും ദിവസമുണ്ടായിരുന്ന പോളുകളെ ഞെട്ടിച്ചുകൊണ്ട് തൂത്ത് വാരിയത്.

താങ്കളുടെ ഈ നീ‍രീക്ഷണം ശരിയാണ്.

“മൂന്നിടങ്ങളിൽ, പ്രത്യേകിച്ച് മധ്യപ്രദേശിൽ, ഭരിയ്ക്കുന്ന പാറ്ട്ടികൾ നേടിയ വിജയവും, ഭരണം ഉപയോഗിച്ച് ജനങ്ങളെ പ്രീതിപ്പെടുത്തുന്നതിൽ പൊതുവേ ഇന്ത്യൻ രാഷ്ട്രീയക്കാരൻ കൂടുതൽ വിജയിക്കുന്നുവോ എന്ന ചോദ്യവും.” - അതെ.

Manoj മനോജ് said...

"അതുകൊണ്ട് തന്നെ ഇവിടെയെല്ലാമുള്ള കോണ്‌ഗ്രസ്സിന്റെ വിജയം തീര്‍ച്ചയായും ശക്തമായ സന്ദേശം നല്‍കുന്നുവയാണ്. ഇന്ത്യന്‍ സെക്യൂരിറ്റി പ്രശ്നങ്ങള്‍ ബിജെപിക്ക് അനുകൂലമാവും എന്ന പഴയ കണക്കുക്കൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടുള്ള വിജയം കോണ്‍‌ഗ്രസ്സിനു പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ ആശയ്ക്ക് വക നല്‍കുന്നതാണ്."
തുടക്കം തന്നെ പിഴച്ചു. :)
സംസ്ഥാന തെരഞ്ഞെടുപ്പുകളുടെ ഫലം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ ബാധിക്കില്ല എന്ന് പണ്ടേ കണ്ടിട്ടുള്ളതാണ്. എന്തിന് കേരളം വരെ അത് തെളിയിച്ചിട്ടുണ്ട്.

“മായാ‍വതിയുടെ ജാതിരാഷ്ട്രീയം എവിടേയും ഏറ്റില്ല എന്നത് പൊതു തെരഞ്ഞെടുപ്പില്‍ മായവാതി കൂട്ടുകെട്ടുകാര്‍ക്ക് ഒരു താക്കീതാണ്.” എങ്ങിനെ ചിരിക്കാതിരിക്കും?
ഇഞ്ചി സങ്കടത്തോടെ തന്നെ പറയട്ടെ, ഇന്ത്യ മാറി കഴിഞ്ഞു. ഇനി ജാതി രാഷ്ട്രീയത്തിന്റെ പിന്തുണയില്ലാതെ ഒരു പാര്‍ട്ടിക്കും ഇന്ത്യയില്‍ രക്ഷയില്ല. രാജസ്ഥാനും കാണിക്കുന്നത് അത് തന്നെയാണ്. രാജസ്ഥാനിലെ അവസ്ഥ കോണ്‍ഗ്രസ്സിന്റെ നേട്ടമല്ല മറിച്ച് അവിടത്തെ ജാതി ചിന്തയുടെ പ്രതിഫലനമാണ്. സെസ്സിനു വേണ്ടി സ്ഥലം നഷ്ടപ്പെട്ട ജനവിഭാഗങ്ങളുടെ വികാര പ്രകടനമാണ്.

ഉപരി വിപ്ലവമാകാതെ വിഷയങ്ങളിലേയ്ക്ക് ഒന്ന് കൂടി ആഴത്തില്‍ ഇറങ്ങി വിലയിരുത്തേണ്ടിയിരുന്നു....

Anonymous said...

wishful thinking

Rajeend U R said...

ഈ വോട്ടെടുപ്പിന്റെ ഫലം ഇന്ത്യൻ രാഷ്ട്രീയത്തില് വളരെ നിരാശാ ജനകമായ ഒന്നാണ്. രാജ്യം എന്ന ഒരു വികാരത്തെ മുന്നില് നിറുത്തി ഇവിടെ ഭരണം നടത്താനു അലപമെങ്കിലും കഴിവുള്ള രണ്ടു പാർട്ടികൾ കോൺഗ്രസും ബി ജെ പി യുമാണ്.
ഒരു സ്ഥിരതായാർന്ന ഭരണം കാഴ്ചവെക്കാൻ ബി ജെ പി യുടെ നേതൃത്വത്തിൽ ഒരു ഗവണ്മെന്റ് വരും എന്നുള്ള ഒരു പ്രതീക്ഷ ഇല്ലാതായി.
പിന്നെ കോൺഗ്രസിനു 150 നും - 225 നും ഇടയ്ക്ക് സീറ്റ് നേടാൻ കഴിഞ്ഞേക്കാം പക്ഷെ അതു കാരണം ഒരു കൂട്ടു കക്ഷി ഭരണത്തിന്റെ ദുരവസ്ഥ ജനങ്ങളും രാജ്യവും അനുഭവിക്കണ്ടേ?

എല്ലാ സഹോദരന്മാരും ദയവായി വോട്ടു രേഖപ്പെടുത്താൻ അപേക്ഷിക്കുന്നു.