കവിതകള്‍, കഥകള്‍, ലേഖനങ്ങള്‍, ചിത്രങ്ങള്‍, കുറിപ്പുകള്‍, എന്തിന് ഒരു ഗുരുകുലം വരെ നമ്മള്‍ ബ്ലോഗില്‍ ചെയ്തു. വളരെ നല്ല കാര്യം. അതല്ലാതെ എന്തെല്ലാം ബ്ലോഗുകള്‍ കൊണ്ട് സാദ്ധ്യമാണ്? ഇതു മാത്രമായി ബ്ലോഗുകള്‍ ചുരുങ്ങുമോ? എഴുതാന്‍ ഒരു വരിയില്ലാത്തവര്‍ക്കും ആത്മപ്രകാശനത്തിന് ആഗ്രഹമില്ലാത്തവര്‍ക്കും കൂടി ബ്ലോഗെന്ന മാദ്ധ്യമത്തെ എങ്ങിനെ ഉപയോഗപ്പെടുത്താം? അതിനെക്കുറിച്ചൊന്ന് ചിന്തിക്കണ്ടേ?
അതു ശരി! അങ്ങിനെ വെറുതേ വിട്ടാല്‍ പറ്റില്ലല്ലോ. അതും കൂടി നമുക്കൊന്നറിയണമല്ലോ എന്നു കരുതി ഞാന്‍ തലപുകഞ്ഞാലോചിച്ചു. സാധാരണ ഇങ്ങിനെ കാപ്പി കുടിക്കുമ്പോഴോ വെറുതെയിരിക്കുമ്പോഴോ, അല്ലെങ്കില്‍ അത്യാവശ്യമായിട്ടെന്തെങ്കിലും ചെയ്യുമ്പോഴോ ഒരോന്ന് ആലോചിക്കും. അത് കുറിച്ചു വെക്കുന്ന പതിവില്ല. അത് വീണ്ടും വീണ്ടും ശക്തമായി വന്നാലേ, എന്നാലൊന്ന് എഴുതിക്കളയാമെന്ന് കരുതുള്ളൂ. ആ നേരം കൊണ്ട് ആമ്പിള്ളേര്‍ അതിനൊരു പ്രോടോടൈപ്പും ബിസിനസ്സ് മോഡലും വരെ ഉണ്ടാക്കി കഴിഞ്ഞിരിക്കും. അതുകൊണ്ട് താഴെയുള്ളവ എന്റെ മനസ്സില്‍ തോന്നിയതാണെങ്കിലും നൂറ് വട്ടം ഉറപ്പാണ് ഇതൊക്കെ ഇതിലും ഭംഗിയായി എവിടെയെങ്കിലുമൊക്കെ ആരെങ്കിലും ചെയ്തു കഴിഞ്ഞിരിക്കും. ഇതൊക്കെ എല്ലാവരും ചിലപ്പൊ 1994-ല്‍ തന്നെ കേട്ടിരിക്കും. എന്നാലും എഴുതി വെക്കുക തന്നെ.
1. ആദ്യം തന്നെ, എനിക്ക് തോന്നിയ ഒരാശയമാണ് കണ്‍സ്യൂമര്‍ ബ്ലോഗുകള്‍. എന്നു വെച്ചാല്‍ mouthshut.com എന്ന റിവ്യൂ പോര്‍ട്ടല്‍ പോലെ ബ്ലോഗില്‍ പ്രോഡക്റ്റ് റിവ്യൂകള്‍. അത് ഒരു പ്രോഡക്റ്റാവണമെന്നില്ല. സെര്‍വീസുകളും റിവ്യൂ ചെയ്യാം.
ഉദാഹരണത്തിനു, നമ്മള്‍ ഒരു ഡോക്ടറുടെ ഓഫീസില്‍ പോയി. നമ്മുടെ കാലുവേദനക്ക് പകരം, കൈയ്യിനവര്‍ മരുന്നു തന്നാല്‍, നമ്മള്‍ വീട്ടില്‍ വന്ന് അത് അറിയാവുന്ന നാലു പേരോട് പറയും. പക്ഷെ അതുകൊണ്ടായില്ലല്ലോ. അത് ഒരു ബ്ലോഗില്‍ ഒരു പോസ്റ്റാക്കിയാല്‍ നാലിനു പകരം നൂറ് പേര്‍ അറിയില്ലേ? അതുകൊണ്ട് അവിടെ ഇനിയും ചെല്ലാതെയിരിക്കുവാനോ അല്ലെങ്കില്‍ പ്രസ്തുത ഡോക്ടറുടെ അടുത്ത് ചെല്ലുമ്പോള്‍ ഇതൊന്ന് സൂചിപ്പിക്കാനോ, നിങ്ങളെ ഒരിക്കലും കണ്ടിട്ടില്ലാത്ത, നിങ്ങളുടെ തൂലികാ നാമമോ ബ്ലോഗൊ മാത്രം വായിച്ച മറ്റൊരു സഹൃദയനു സാധിക്കും.
(പ്രധാനമായി ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ, അങ്ങിനെയൊരു പോസ്റ്റിടുന്നതിനു മുന്‍പ് നിങ്ങള്‍ക്കൊരു വിശ്വാസ്യത ഉണ്ടായിരിക്കണം. അതാണ് ഏറ്റവും പ്രധാനം. ഒരു കാര്യത്തെ കരിവാരിത്തേക്കാന്‍ മാത്രം ഒരു ബ്ലോഗ് തുടങ്ങാം. അത് ശരിയാവില്ല. അതുകൊണ്ട് എഴുതുന്നത് പിന്‍ന്താങ്ങുവാന്‍ തക്ക ബില്ലോ, മറ്റു സാമഗ്രികളോ മറ്റോ ഉണ്ടായിരിക്കുകയും ചെയ്യണം).
നമ്മുടെ നാട്ടിലെ പല കാര്യത്തിനും ഇങ്ങിനെയൊരു പ്രതികരണം വേണം. പ്രത്യേകിച്ച് വമ്പന്‍ കച്ചവട സ്ഥാപനങ്ങള്‍ മാധ്യമങ്ങളെ കൈയ്യടക്കി വെച്ചിരിക്കുന്ന സ്ഥിതിക്ക്. എന്റെ ഒരു അനുഭവം പറയാം, വനിതയില്‍ ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ രണ്ട് പേജ് ലേഖനം വായിച്ച് ഞാന്‍ എന്റെ ഒരു ബന്ധുവിനെ അവിടെ പറഞ്ഞു വിട്ടു. വനിതയിലൊക്കെ വന്നതല്ലേ എന്നു തന്നെ എല്ലാവരേയും പോലെ ഞാനും കരുതി. അവിടെ ചെന്ന് ഡോക്ടറെ ഒരു നോക്ക് കണ്ടില്ലെങ്കില്‍ എന്താ, അറുനൂറ് രൂപയുടെ ബില്ല് അടിച്ചുകൊടുത്തു. ബാക്കി പറയാതെ ഇരിക്കുന്നതാണ് ഭേദം.
പിന്നീടാലോചിച്ചപ്പോള്‍ വനിതയുടെ മാനേജ്മെന്റിന്റെ ബന്ധുവോ മറ്റോ ആയിരിക്കാം ഈ ഡോക്ടര്‍ എന്ന് കരുതുന്നു. അങ്ങിനെയെങ്കില്‍ പത്രാധിപര്‍ക്കൊരു കത്തെഴുതാം എന്നതില്‍ കവിഞ്ഞ് അത് വായിച്ച് എന്നെപ്പോലെ ഈ ഡോക്ടറെ സമീപിക്കുന്ന മറ്റുള്ളവരെ ഞാന്‍ എങ്ങിനെ അതറിയിക്കും? ഉത്തരം: മറ്റൊരു മാദ്ധ്യമത്തില്‍ കൂടെ. അതേത് മാദ്ധ്യമം? ബ്ലോഗ്! ഉത്തരം എന്ത് ലളിതം. :)
നിറപറയുടെ അരിയില്‍ നിറയേ, റൈസ് ബാണ്‍ ഓയിലാണ്. അത്കൊണ്ട് അത് കഴുകുമ്പോള്‍ കൈകള്‍ എണ്ണമയമാവുന്നു. ഈ മായം ചേര്‍ക്കലിനെതിരെ എവിടെ പറയും ? ബ്ലോഗ്!
ഓ, അങ്ങിനെ പറഞ്ഞതുകൊണ്ട് എന്തു കാര്യം? കാര്യമുണ്ട്. കാര്യമുണ്ട്. ഏത് കണ്‍സ്യൂമര്‍ കൊടതിയേക്കാളും ഒരു മാദ്ധ്യമത്തിനു, വേര്‍ഡ് ഓഫ് മൌത്ത് പബ്ലിസിറ്റിക്ക് വളരെയധികം വിലയുണ്ട്. ചിലപ്പോള്‍ ആ ഒരൊറ്റ പോസ്റ്റ് മതി, ആ പ്രോഡക്റ്റിന്റെ വിശ്വാസ്യത അറിയാന്‍.
ചോദ്യം: ഈ മുകളില്‍ പറഞ്ഞ അതേ മാതിരിയല്ലെങ്കിലും അതുപോലെ ഒരു പരിധി വരെയെങ്കിലും ഒരു പ്രോഡക്റ്റിനെ കുറിച്ച് കാര്യമായി റിവ്യൂ ചെയ്യുന്ന ഒരു ബ്ലോഗര്‍ നമ്മുടെയിടയിലുണ്ട്. ഗെസ്സ്? ഗെസ്സ്? ഉത്തരങ്ങള്‍ ലേഖനത്തിനു ചുവടെ.
2. സത്യമായിട്ടും ohmynews.com വരുന്നതിനു വളരെ മുന്‍പേ, ഈ ആശയം എന്റെ മനസ്സിലുണ്ടായിരുന്നതാണ്. പറഞ്ഞില്ലേ, അതാമ്പിള്ളേര്‍ അടിച്ചെടുത്തു കൊണ്ട് പോയി കഞ്ഞി വെച്ച് കഴിച്ചു. :) അപ്പോള്‍ അതെന്താണ് സംഭവം? ഇനിയും കേട്ടിട്ടില്ലാത്തവര്‍ക്ക് അവര്‍ ചെയ്യുന്നത് സിറ്റിസണ്‍ ജേര്‍ണലിസമാണ്. നിങ്ങള്‍ ഒരു വീട്ടമ്മയാകാം, ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയാകാം, റിട്ടയറായി ശിഷ്ടകാലം നാമം ജപിച്ചിരിക്കുന്ന ഒരാളുമാകാം. നിങ്ങളുടെ മുന്നില്‍ നടക്കുന്ന വാര്‍ത്താപ്രാധാന്യമുള്ള സമകാലീന സംഭവങ്ങള്‍ നിങ്ങളയച്ച് കൊടുത്താല്‍ ohmynews.com അത് പ്രസിദ്ധീകരിക്കും. അതിനു നിങ്ങള്‍ക്ക് ഒരു പത്രപവര്‍ത്തകന്റെ ഡിഗ്രിയോ പഠിപ്പോ ഒന്നുമാവശ്യമില്ല. നല്ല കാര്യമല്ലേ?
ബാംഗ്ലൂര്‍ ബന്നാര്‍ഗട്ടയില്‍ നടക്കുന്ന ഒരു കാര്യം - അവിടുത്തെ ട്രാഫിക്ക് ബ്ലോക്കോ, അന്നുണ്ടായ അപകടമോ, കാലവസ്ഥയോ, പോലീസുകാര്‍ കാണിക്കുന്ന ചൂഷണമോ, അവിടെ ഒരു കടയില്‍ സെയിലോ - അങ്ങിനെ എല്ലാമെല്ലാം ചൂടോടെ, അപ്പോള്‍ തന്നെ നിങ്ങള്‍ പോസ്റ്റുന്നു. അത് ഇങ്ങ് വൈറ്റ്ഫീല്‍ഡില്‍ ഇരിക്കുന്ന എനിക്ക് നിമിഷങ്ങള്‍ കൊണ്ട് കിട്ടുന്നു. ആഹാ, ഞാന്‍ കോറമംഗലായിലുള്ള എന്റെ അമ്മയെ വിളിച്ചു പറയുന്നു.
“അമ്മേ, അവിടെ ഇന്ന കടയില്‍ ഇന്ന് ഉച്ച വരെ സെയിലുണ്ട്, പക്ഷെ അങ്ങോട്ട് പോകാന്‍ ട്രാഫിക്ക് ബ്ലോക്കുണ്ട്, പിന്നെ ചെറുതായി മഴ ചാറുന്നുമുണ്ട്. അമ്മ കൈനെറ്റിക്ക് എടുക്കുവാണെങ്കില്‍ ലൈസന്‍സും എടുക്കണം. ആ കടയുടെ തൊട്ടിപ്പറത്ത് പോലീസുകാര്‍ നില്‍പ്പുണ്ട്” എങ്ങിനെയുണ്ട്? അതാണ് ഈ മാദ്ധ്യമത്തിന്റെ ഒരു റീച്ച്. അതും അപ്പപ്പോള്‍ കിട്ടുന്ന വാര്‍ത്തകളുടെ ഒരു സുഖം, നല്ല ഒരു ഒന്നാന്തരം ഏലക്കാ ചായ കുടിക്കുന്ന സുഖം.
ohmynews.com ലേക്ക് വാര്‍ത്തകളയുക്കുമ്പോള്‍ അവിടെ എഡിറ്റര്‍മാര്‍ തീരുമാനിക്കുന്നു ഏത് വാര്‍ത്തക്കാണ് പ്രാധാന്യമെന്ന്. പക്ഷെ എഡിറ്റര്‍മാരില്ലാത്ത ഒരു സൂത്രം നമ്മുടെ കയ്യില്‍ ഇല്ലേ? ഏതാണത്? ബ്ലോഗ്! ആഹാ, എന്നിട്ടാണോ നമ്മള്‍ കയ്യും കെട്ടിയിരിക്കുന്നേ?
വാര്‍ത്തകള്‍ പോസ്റ്റുമ്പോള്‍ അത് ഒരു ഫോര്‍മല്‍ വാര്‍ത്തകള്‍ പോലെയോ, നമ്മള്‍ കാലകാലങ്ങളായി പഠിച്ചു വന്ന “എങ്ങിനെയൊരു ലേഖനം എഴുതാം?” എന്നിങ്ങനെയുള്ള ചട്ടക്കൂടുകളൊന്നും തന്നെ ആവശ്യമില്ല. അതാണ് ബ്ലോഗിന്റെ ഒരു പ്രത്യേകത. അത് പലരും മനസ്സിലാക്കാതെ പോകുന്ന ഒരു കാര്യവുമാണ്. മുന്‍പൊക്കെ ഫോര്‍മല്‍ എഴുത്തുകള്‍ എഴുതിയിരുന്ന പോലെയല്ല, ഇപ്പോള്‍ ഈമെയിലുകള്‍ അതിപ്പൊ ബോസ്സിനായാലും നമ്മള്‍ എഴുതുക. അതുകൊണ്ട് നിങ്ങള്‍ക്കിഷ്ടമുള്ളപോലെയെഴുതുക. അതാണ് ബ്ലോഗിങ്ങിന്റെ സൌന്ദര്യവും. നിങ്ങളുടെ വ്യക്തിത്വമാണ് അവിടെ കാണേണ്ടത്.
എല്ലാം പറയുമ്പൊ ഇതും കൂടി പറയണം. ഇതിനും വിശ്വാസ്യത വളരെ മുഖ്യമാണ്. വാര്‍ത്തകളെ മെനയരുത്. പോലീസുകാരുടെ ഒരു പട്ടി വഴിയാത്രകാരനെ കടിച്ചു എന്ന് എഴുതുന്നത് തെറ്റാണെങ്കില്‍ അപ്പോള്‍ തന്നെ നിങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം. പിന്നെ പട്ടി എന്നല്ല വട്ട് എന്നാണെഴുതിയെ എന്നൊന്നും പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. ഇവിടെ നിങ്ങളുടെ വിശ്വാസ്യത വായനക്കാര്‍ തീരുമാനിക്കുന്നു.
ചോദ്യം: ഈ മുകളില്‍ പറഞ്ഞ അതേ രൂപത്തിലല്ലാതെ തന്നെ, ഇതുപോലെ നമ്മളെ വളരെ രസകരമായ നുറുങ്ങുകളിലൂടെ ഒരു സ്ഥലത്തെ വാര്‍ത്തകള്‍ നമ്മളെ അറിയിക്കുന്ന ഒരു ബ്ലോഗറുണ്ട്. ആരാണ്? പറയൂ. പറയൂ. ഉത്തരം ലേഖനത്തിന്റെ ചുവടെ.
3. നിങ്ങള്‍ ഒരു സാഹിത്യകാരനാണ്, ചിത്രകാരനുമാണ്. നിങ്ങള്‍ക്ക് ഒന്നില്‍ കൂടുതല്‍ ബ്ലോഗുണ്ട്. കഥ, കവിത, പടം അങ്ങിനെ. പക്ഷെ, നിങ്ങളുടെ വീട്ടിലിരിക്കുന്ന ഭാര്യക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. ആകെ കൂടി അറിയാവുന്നത്, ചോറും കറിയുമുണ്ടാക്കാന്‍. വളരെ നന്നായി അച്ചാറിടുകയു ചെയ്യും. ചില സുഹൃത്തുക്കള്‍ പുള്ളിക്കാരിയുടെ അച്ചാറുകള്‍ വാങ്ങിക്കൊണ്ട് പോകുവാന്‍ വീട്ടില്‍ വരാറുണ്ട്. അപ്പോള്‍ പുള്ളിക്കാരിക്ക് എന്തിനു ബ്ലോഗ് എന്നാണോ നിങ്ങള്‍ പറഞ്ഞു വരുന്നത്?
അല്ല. ബ്ലോഗ് വഴി നിങ്ങള്‍ നിങ്ങളുടെ പ്രോഡക്റ്റ് പ്രദര്‍ശിപ്പിക്കുക. എന്തെല്ലാം ചെയ്യാം? പടങ്ങള്‍, ആര്‍ട്ട് വര്‍ക്കുകള്‍, ക്രാഫ്റ്റുകള്‍, ഗ്രീറ്റിങ്ങ് കാര്‍ഡുകള്‍, മസാലകള്‍, ചെടികള്‍, പൂക്കൂടകള്‍ അങ്ങിനെ സാദ്ധ്യതകള്‍ എന്തെല്ലാം. ഒരു വെബ് പേജ് ഉണ്ടാക്കി അതിലൊരു ഷോപ്പിങ്ങ് കാര്‍ട്ടുണ്ടാക്കി ചെയ്യുന്നതൊക്കെ പ്രൊഫഷണലായിട്ട് മതി. പക്ഷെ, അതിനു മുന്‍പൊരു എക്സപ്പോഷര്‍ തീര്‍ച്ചയായും ബ്ലോഗുകള്‍ തരും. മാത്രമല്ല, നിങ്ങള്‍ക്കവക്കൊക്കെ ഒരു പേര്‍സണല്‍ ടച്ച് കൊടുക്കുവാനും സാധിക്കും. ഒരു ഷോപ്പിങ്ങ് വെബ് പേജിനു ഇല്ലാത്തതും ആ പേര്‍സണല്‍ ടച്ചാണ്. ഒരു കടയില്‍ കയറിയാല്‍, കടക്കാരനോട് “ആ, എന്തൊക്കെയുണ്ട്? ഇത് പുതിയതാണൊ?” അല്ലെങ്കില്‍ “നല്ല, ചിത്രം. ഇത് സ്ഥലം എവിടെയാ? എങ്ങിനെ എടുക്കാന്‍ പറ്റി ഈ ഷോട്ട്? ” എന്ന് ചോദിക്കുമ്പോള്‍ കിട്ടുന്ന ആ സുഖം വെബ് പേജുകള്‍ തരുന്നില്ല. അത് തരാന്‍ എന്തിനു കഴിയും? ബ്ലോഗ്!
4. പരമു(ബ്ലോഗറല്ല, ഇത് മറ്റൊരു പരമു) എന്നും തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കില്‍ ഓഫീസിലേക്കു പോവുന്നു. അവിടെ നിന്നും കടയിലേക്ക് പോവുന്നു, വരുന്ന വഴി ഒരു സിനിമാ കാണുന്നു. തിരിച്ച് വീട്ടിലേക്കും. ഏ, അതിനെന്ത്? ഇത് സാധാരണ നടക്കുന്ന കാര്യമല്ലേയെന്ന് ചോദിച്ചേക്കാം. എന്നാല്‍ ഓഫീസിലേക്ക് പോകുന്ന വഴിയും, തിരിച്ചുള്ള വഴിയും, അടുത്തുള്ള സിനിമ തീയേറ്ററിന്റെയോ ബാറിന്റേയോ വഴിയും ഒക്കെ കൂടി ചിത്രങ്ങളോടെ ഒരു ബ്ലോഗില്‍ ഒന്ന് പോസ്റ്റി നോക്കിയേ. അങ്ങിനെ ചെറിയ ചെറിയ പോസ്റ്റുകള്‍ പലര്‍ ചെയ്യുമ്പോള്‍ അവിടെ ഒരു ലൈവ് മാപ്പ് രൂപാന്തരപ്പെടുന്നു. ഈ ബ്ലോഗ് പോസ്റ്റ് ക്ലസ്റ്റേര്‍സ് എല്ലാം കൂടി ആ പ്രദേശത്തെക്കുറിച്ചൊരു ഒന്നാന്തരം ലൈവ് മാപ്പുകള്‍ മറ്റൊരാള്‍ക്ക് തരുന്നു.
അതൊക്കെ വായിക്കുന്ന കൊച്ചിയില്‍ ഇരിക്കുന്ന എനിക്കാകട്ടെ, ആഹാ, തിരുവനന്തപുരത്ത് ടെക്നോപ്പാര്‍ക്കിന്റെ പരിസരപ്രദേശങ്ങളില്‍ ചെന്നാല്‍ ഇന്ന ഇന്ന കടകളുണ്ട്, ഇന്ന തീയേറ്ററുണ്ട്, ഇന്ന ബാറുണ്ട് (ച്ഛേ! അത് വേണ്ട) എന്നൊക്കെ മനസ്സിലാവുകയും, ഏതൊരു യാഹൂ ഗൂഗിള്‍ മാപ്പിനേക്കാളും പരമുവിന്റെ മാപ്പിനെ ആശ്രയിക്കുകയും ചെയ്യും.
പ്രത്യേകിച്ച് കൊച്ച് കൊച്ച് സ്ഥലങ്ങളിലേക്ക് പോകുമ്പോള്‍. ആദ്യമായി പുറം നാട്ടിലോ മറ്റോ ജോലിക്കോ വിദ്യാഭ്യാസത്തിനോ ഒറ്റക്ക് പോകേണ്ടി വരുന്ന ഒരാള്‍ക്ക് ഇങ്ങിനെയുള്ള നുറുങ്ങുകള്‍ എന്തു മാത്രം പ്രയോജനപ്പെടുമെന്ന് ആലോചിച്ച് നോക്കിക്കേ.
“പ്രിയ പരമുവെ, ഈ റോഡൊക്കെ ഉള്ളതു തന്നെ?” എന്നൊരു കമന്റിടുമ്പോള്‍ പരമു പറയുന്നു. ആ, അതൊക്കെ ഒരു മൂന്നാലു ദിവസം മുന്‍പ്. ദേ ഇന്നലെ അവിടെ ടെലിഫോണ്‍കാര് കുഴി കുത്തി. അതോണ്ട് അതിന്റെ ഒരു സൈഡ് റോഡിലൂടെ വിട്ടേരെ എന്ന്. ആഹാ, എത്ര നല്ല നടക്കാത്ത സ്വപ്നം! :). പരമുവിനു ഇതൊക്കെ ചെയ്യണമെങ്കില്‍ എന്തു വേണം? ബ്ലോഗ്!
എന്റെ ആര്‍ക്കും ഇന്നേവരെ തോന്നിയിട്ടില്ലാത്ത ഈ അതിഭയങ്കര ഐഡിയകളെക്കുറിച്ച് പറഞ്ഞു കഴിഞ്ഞു. :) എന്നാല്‍ ഇതൊക്കെ തുടങ്ങണമെങ്കില്‍ അന്‍പത് ബ്ലോഗ് തുടങ്ങേണ്ടി വരുമല്ലൊ എന്റെ പൊന്നു ചേച്ചി എന്ന് പറയുകയാണെങ്കില്‍ ഞാന്‍ പറയും, "ന്റെ മോനേ, അതിനല്ലേ ഈ ലേബല്‍ ലേബല്‍ എന്ന് പറയുന്ന സാധനം ഉള്ളതെന്ന്”. എന്നു വെച്ചാല്‍ എല്ലാം ലേബല്‍ ചെയ്ത് വെച്ചാല്‍ ഒരൊറ്റ ബ്ലോഗ് മതി. പാചകപുസ്തകങ്ങളും എയര്‍ക്രാഫ്റ്റ് ഡിസൈനും ഒരൊറ്റ ലൈബ്രറിയലല്ലേയുള്ളൂ. അതുപോലെ, ലേബലുകള്‍ ചെയ്ത്, അത് സൈഡിലോ അല്ലെങ്കില്‍ പേജിന്റെ മുകളില്‍ തന്നെയോ കൊടുത്താല്‍ ആവശ്യക്കാരന്‍, അത് ക്ലിക്കി ക്ലിക്കി വായിച്ചോളും. (മാത്രമല്ല, ഫീഡുകളിലും ആ ലേബലുകള്‍ പ്രോസസ്സ് ഓട്ടോമേറ്റഡ് ആക്കുന്നു).
ആഹാ, ഇത്രേം ഒക്കെയുണ്ടായിട്ടാണൊ ഇനിയുമൊരു ബ്ലോഗ് തുടങ്ങാതെയിരിക്കുന്നത് പ്രിയ സുഹൃത്തേ?
ഉത്തരങ്ങള്‍: (അല്ല, അല്ല, അവസാനം വരെ വായിപ്പിക്കാനുള്ള സൂത്രമായിരുന്നില്ല.) :-)
1. ചന്ദ്രേട്ടന്‍
2. ശ്രീജിത്ത്
2007-02-05
ബ്ലോഗിന്റെ അനന്തസാദ്ധ്യതകള്‍
Subscribe to:
Post Comments (Atom)
60 പ്രതികരണങ്ങള്‍:
ബ്ലോഗിന്റെ സാദ്ധ്യതകള്‍. ഒരു ലേഖനം പോസ്റ്റുന്നു.
ഇഞ്ചിയേ.... :)
ഞാന്‍ ദാ ഇപ്പൊ വരാം. ഒരു സംഭവം പോസ്റ്റ് ചെയ്യാനു ഉണ്ടേ..(ചുമ്മാ)
നന്നായിട്ടുണ്ട് ട്ടൊ.
അയ്യോ ഇതെന്താ എന്റെ പേരിങ്ങനെ കാണിക്കുന്നത് ആവൊ?
qw_er_ty
ബിന്ദൂട്ടിക്ക് അടി അടി! വെറും മൂന്ന് മിനുട്ട് കൊണ്ട് അതത്രയും വായിച്ചെന്നൊ? പിച്ചിടുവേന്‍! :)
നല്ല പോസ്റ്റ്,ബ്ലോഗിന്റെ ചക്രവാളങ്ങള്‍ ഇനിയുമിനിയും വികസിക്കട്ടെ
യിത് ഞാന്‍ ഇന്ന് രാത്രി പോസ്റ്റാക്കാന്‍ വച്ചിരുന്ന സംഭവമായിരുന്നു. ശ്ശൊ
വായിച്ചു...കാര്യമൊക്കെ കൊള്ളാം.പക്ഷേ ബാറുകള്‍ അടയാളപ്പെടുത്തണ്ട എന്ന് പറഞ്ഞതിനോടു ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു.എന്റെ പ്രതിഷേധം അറിയിക്കുന്നതിനായിട്ട് എറണാകുളം ജില്ലയിലെ ബാറുകള്‍,ഷാപ്പുകള്‍ തുടങ്ങിയ ജനോപകരപ്രദങ്ങളായ പുണ്യസ്ഥലങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ ഒരു മാപ് ഞാന്‍ എന്റെ സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കും.
മാപ്പില്‍ പുണ്യസ്ഥലങ്ങള്‍ മാത്രമല്ലാ..അവിടുന്ന് വണ്ടിയോടിച്ച് ഇറങ്ങി വരുന്നവരുടെ സുരക്ഷക്കു വേണ്ടി, കാക്കിക്കാരുടെ സ്ഥിരം ചെക്കിംഗ് പോയന്റുകള്‍ ഏവ.....ഇനി അവര്‍ കൈ കാണിച്ചാല്‍ നിര്‍ത്താതെ പോയി രക്ഷപെടാന്‍ പറ്റിയ കുറുക്കു വഴികള്‍ ...അങ്ങനെ ഒരു അരുക്കാകാന്‍ പറ്റിയ എല്ല വിവരങ്ങളും ആ മാപ്പില്‍ ഉണ്ടായിരിക്കുന്നതാണു.
അടിക്കും ഞാന്‍ ഓഫ്;ആര്‍ക്കും തുടങ്ങാം ബ്ലോഗ് എന്ന് കാണിക്കാനാണോ താഴെ 1ഉം 2ന്റും ഉദാഹരണങ്ങള്‍ കാണിച്ചിരിക്കുന്നത്.
[ഞാന്‍ പൊതുവേ അങ്ങനെ വീടിനു പുറത്തിറങ്ങാറില്ലാ]
വളരെ നല്ല ആശയങ്ങള്‍..ബ്ലോഗിന്‍റെ സാദ്ധ്യതകള്‍ തന്നെ എല്ലാം.
ഇതില്‍ രണ്ടാമതായി പറഞ്ഞിരിക്കുന്നത് പലപ്പോഴും ഞാനും ആലോചിക്കാറുള്ളതാണ്. വാര്‍ത്താപത്രിക. പലരാജ്യങ്ങളില്‍ ഉപജീവനത്തോടൊപ്പം ബ്ലോഗും കൊണ്ട് നടക്കുന്നതിനിടയില്‍ വീണുകിട്ടുന്ന വാര്‍ത്തകള്‍, അതിന്‍റെ അപ്ഡേഷന്‍, ഒക്കെ അവനവന്‍ തന്നെ എഡിറ്റ് ചെയ്ത് അപ്‍ലോഡ് ചെയ്യുന്ന ഒരു രീതി. വിശ്വാസ്യതയുടെ പ്രശ്നമൊക്കെ കൂട്ടായ്മ രൂപം കൊള്ളുമ്പോള്‍ ഇല്ലാതായികൊള്ളും.
ഇത്തരത്തിലല്ലെങ്കിലും മറ്റൊരുതരം സങ്കേത മാതൃകയാണ് ദേവന്‍ തുടങ്ങിവെച്ച് ഞങ്ങള്‍ അംഗങ്ങളായ ‘കൊല്ലം’ ബ്ലോഗ്. വളരെപതുക്കെയാണെങ്കിലും അതും ഒരു ‘പരമു’ മോഡലാകും.
ആശംസകളോടെ
നൈജീരിയയില്‍ നിന്നും സ്വന്തം ലേഖകന്‍..
ഓടോ:
ലേബല്‍ ചേര്‍ക്കുന്നതിനെപറ്റി വിശദമായ പോസ്റ്റ് ആരെങ്കിലും ഇട്ടാല്‍ ഉപകാരപ്രദമായേനെ.
:)
ഇഞ്ചീ... നല്ല ലേഖനം.
ഞാനും വിചാരിച്ചതാ..!!
എന്തോ....
ഓ..വിചാരം മാത്രേ ഉള്ളൂ.. എഴുത്തില്ല..
കൃഷ് | krish
ഞാന്‍ കണ്ടു...ഇനി എന്നും കാണാന്‍ ലിങ്കു ചെയ്യുന്നു.
ഫോട്ടോ ശരിയാക്കിത്തരാമൊ..
താങ്കള്‍ പറഞ്ഞതുപോലെ നോക്കിയപ്പോള്‍ ഇങ്ങനെ ....
Cannot find file at specified URL: link is broken (failed request)...
കാണിച്ചു.
ഇഞ്ചിയുടെ സ്ഥലമപ്പോള്‍ കൊച്ചിയാണല്ലേ...
എന്നാലും ഈ പ്രൊഫൈല്‍ ചിത്രത്തിലുള്ള പടം ആരുടേതാ? മോളുടെയാണോ?
--
സേവനവും സാധനവുമൊന്നും ഞാന്‍ റിവ്യൂ ചെയ്യാറില്ലെങ്കിലും, സിനിമകള്‍ ഞാന്‍ റിവ്യൂ ചെയ്യാറുണ്ടെ... അതായത് ഇഞ്ചി അത് ചിന്തിച്ചിവിടെ പോസ്റ്റും മുന്‍പേ, മൌത്ത്‍ഷട്ട് മാത്രമല്ല, ഞാനും അത് ഇവിടെത്തുടങ്ങി, പക്ഷേ, കഞ്ഞികുടിയൊന്നും നടക്കുന്നില്ല. :)
--
ഞാനെന്‍റെ കാര്‍ടൂണ്‍ ബ്ലോഗില്‍ ഞാനെന്തോന്നിനു ബ്ലോഗു ചെയ്യുന്നു എന്നൊരു സരസ ലേഖനം with cartoon ശരിയാക്കി ഇന്നു പോസ്റ്റു ചെയ്യാനായി http://nizhalkuth.blogspot.com ലോഗു ചെയ്യാന്‍ തുടങ്ങുമ്പോള്‍ കാണുന്നു ഈ ബ്ലോഗിലെ അനന്ത സാധ്യതകള്‍. അനന്തം അജ്ഞാതം അവര്‍ണനീയം എന്നു മനസ്സിലാക്കി, വീണ്ടും ഒരഴിച്ചു പണിയാവശ്യമുണ്ടോ എന്നു തോന്നി ,ഞാനീ നല്ല ലേഖനം വായിച്ചു പഠിക്കുന്നു.
ഓ.ടോ.
ദൈവമേ എന്‍റെ കാര്ടൂണിന്‍റെ പരസ്യമൊന്നുമായില്ലല്ലൊ ഇതു്.
ഹരി പറഞ്ഞതുപോലെ...
കഞ്ഞികുടി നടന്നുപോകുന്ന വല്ല പരിപാടിയും ആയിരുന്നെങ്കില്‍ല്‍ല്‍ല്‍ല്‍..............
കറിവേപ്പിലയില്‍ പോസ്റ്റ് വെച്ചു. കുഴപ്പം ഉണ്ടെങ്കില്‍ മാറ്റാം. നോക്കുമോ?
qw_er_ty
കൊള്ളാം..
ബോഗിലെഴുതുന്നതിനെ പറ്റിപറയുമ്പോള്‍ വായിക്കുന്നതിനെ പറ്റികൂടി പറയണം. അല്ലെങ്കില്‍ ആദ്യം പറയണം.
ഒരു പരസ്യം കൂടി പിടി: ഏതെഴുത്തുകാരനേയും പ്രസാധകനാക്കുന്ന സൂത്രമാണ് ബ്ലോഗെങ്കില്‍ ഏത് വായനക്കാരനേയും പ്രസാധകനാക്കുന്ന മഹാസൂത്രമാണ് ഗൂഗിള്‍ റീഡര്‍. വായിക്കൂ വരിക്കാരാകൂ :)
ഇഞ്ചീ, ബ്ലോഗുകളുടെ അനന്ത സാധ്യതകളെക്കുറിച്ചുള്ള ലേഖനം ഒന്നംതരമായി.അഭിനന്ദനങ്ങള്‍!!ബ്ലോഗുകളുടെ ലോകത്തേക്ക് വരുന്നതിനൊക്കെ വളരെക്കാലം മുന്‍പ്, സുനാമിദുരന്തത്തില്‍ പെട്ടവരുടെ വിവിരങ്ങള്‍ പുറംലോകത്തെട്ടിച്ച ഒരു വിദ്വാന്റെ ബ്ലോഗില്‍ ഒരു ദിവസത്തെ( അതോ ഒരാഴ്ചത്തെയോ-ഓര്‍മ്മയില്ല!)ഹിറ്റുകള്‍ ഒന്നരലക്ഷമായിരുന്നുവെന്നു വാര്‍ത്തകളിലെവിടെയോ കേട്ടിട്ടുണ്ട്! അന്ന് ബ്ലോഗെന്താണെന്നറിയാത്തതുകൊണ്ട് കൂടുതല്‍ തലയിടാന്‍ പോയില്ല!ഏതായാലും ബ്ലോഗുകളുടെ അനന്ത സാധ്യതയിലൊന്ന് ഞാനും പ്രയോജനപ്പെടുത്തിയാലോ എന്ന് ഇന്ന് വളരെ തലപുകച്ചു, പിന്നെ നിലവിലുള്ള ഒന്നുകൂടാതെ ഒരെണ്ണം അങ്ങു കാച്ചി! 'പിന്തുണ'എന്നപേരില്‍. പക്ഷേ എന്തുപ്രയോജനം,ആരും ഇതുവരെ തിരിഞ്ഞുകൂടി നോക്കിയില്ലെന്നു മാത്രം!നമ്മുടെ സുവേച്ചിയുടെ തക്കാളിച്ചോറ് കട്ടുതിന്ന ആ ഭീകരനിട്ടിരിക്കട്ടെ ഒരു താങ്ങ് എന്ന് തോന്നിയതുകൊണ്ടാണ് ഈ സാഹസത്തിന് ചാടിപ്പുറപ്പെട്ടത്. ഇഞ്ചിയുടെ 'ഇഞ്ചിമുട്ടയി, ഇഞ്ചിതൈര്' എന്ന ആംഗലേയ ബ്ലോഗിലും അതിനെക്കുറിച്ച് പറഞ്ഞുകൊണ്ട് ആംഗലേയത്തില്‍ തന്നെ ഒരു കമന്റും ഇട്ടു.സുവേച്ചിയുടെവെള്ളമടിക്കാരന്‍ തങ്കപ്പന്റെ കഥയ്‌ക് ഒരു കമന്റിട്ടകൂട്ടത്തില്‍ അതിനെക്കുറിച്ച് പറഞ്ഞിരുന്നു. പക്ഷെതിരക്കുമൂലമാണോ എന്നറിയില്ല നിങ്ങളെ രണ്ടാളെപ്പോലും ആവഴിക്കെങ്ങും കണ്ടില്ല!എപ്പോഴെങ്കിലും സമയം കിട്ടുമ്പോള്‍ ചുമ്മാതെ ഒന്നു നോക്കിയിട്ട് പോകുമല്ലോ! അഭിപ്രായം പറയണമെന്നു നിര്‍ബന്ധമില്ല!
കണ്ട് പിടിച്ചു! അപ്പൊ സിബുചേട്ടന് ഗൂഗിള്‍ ആഡ് സെന്‍സ് ഡെവല്പമെന്റ് ഹെഡ് ആയിട്ടാണാല്ലേ ജോലി? :)
ഹരിയെ, സ്വാര്‍ത്ഥന്‍ മാഷേ, ഗൂഗിള്‍ ആഡ് സെന്‍സ് വെക്കൂ. നമ്മുടെ കുറുമാന്‍ ചേട്ടന്‍ ഈയിടെ ഒരൊറ്റ പോസ്റ്റില്‍ 17 ഡോളര്‍ അടിച്ചു. അതോണ്ട് ഗൂഗിള്‍ ആഡ് സെന്‍സ് വെക്കൂ. ആരും ആഡില്‍ ക്ലിക്കിയില്ലെങ്കിലും പേജ് ഇമ്പ്രഷന്‍സിനു പൈസയുണ്ട്.
ഹഹഹ..സാണ്ടോസേ അതെനിക്കിഷ്ടപ്പെട്ടു. തുടങ്ങൂ..തുടങ്ങൂ..വേഗാവട്ടെ.
വല്ല്യമ്മായി, തറവാടി, പച്ചാളോ,കൃഷ്, രജി മാഷെ,വേണുവേട്ടാ - നന്ദിയെ പിടിച്ചാലും
ഗുണളന്‍ മാഷെ - വാചകത്തിനു മാത്രമാണ് താല്‍പ്പര്യം. മെയ് അനങ്ങി പണി ഒന്നും ചെയ്യാന്‍ പറ്റൂല്ല :) നന്ദി. പിന്നെ പോര്‍ട്ടലും ബ്ലോഗും വേറെയല്ലെ, ഞാന്‍ പോര്‍ട്ടലിനു പൊതുവ സപ്പോര്‍ട്ടല്ല.
അലിഫ് മാഷെ- തുടങ്ങൂ. തുടങ്ങൂ..സ്വന്തം ലേഖകന്റെ റിപ്പോര്‍ട്ടുകള്‍..
അലിഫ് മാഷേ,
ആ ലേബല്‍ എന്നു പറയുന്ന സാധനം ഒന്നുമില്ല. ബ്ലോഗര്‍ ബീറ്റായിലേക്ക് മാറുമ്പോള്‍ അതൊരു ഫീച്ചറാണ്. ബ്ലോഗര്‍ ബീറ്റായില്‍ നമുക്ക് ടെമ്പ്ലേറ്റൊക്കെ ഒത്തിരി റ്റ്വീക്ക് ചെയ്യാം. അപ്പോള്‍ എല്ലാ പോസ്റ്റിനും ഇന്ന ഇന്ന വിഭാഗം തിരിക്കാം. അത്ര്യേയുള്ളൂ.
ഉഗ്രന്‍ പോസ്റ്റ്!
സിബു ഗൂഗിളില്‍ കയറിയില്ല, അതിനു മുമ്പേ പരസ്യവും (ഗൂഗിള് റീഡര്‍) തുടങ്ങിയോ? വരമൊഴി ഇനി ഗൂഗിള്‍ മൊഴി ആകുമോ?
ഇഞ്ചീ, വളരെ നല്ല ആശയം. പക്ഷെ നമ്മുടെ ബ്ലോഗര്‍മാരില്‍ 80 ശതമാനവും സീരിയസ്സായി ഒരു ബ്ലോഗിട്ടാല്‍ ആ വഴി തിരിഞ്ഞു പോലും നൊക്കില്ല. (എന്റെ അനുഭവം മാത്രമാണിത്). ഒരു ചെറിയ ഉദാഹരണം ഇവിടെ ഞാന്‍ കാണിക്കട്ടെ. ഇഞ്ചി ഒരു സീരിയസ്സായ വിഷയം നല്ല ലാഘവത്തോടെ അവതരിപ്പിച്ചു. എന്നാല്‍ അതിലെ സധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം സാന്‍ഡോസ് ചെയ്തത് അതിലെ ബാറില്‍ കേറി പിടിച്ചു. ഇവിടെയിപ്പോ അതല്ലല്ലോ പ്രശ്നം?.
ഈ കഴിഞ്ഞയാഴ്ക ഞാനൊരു പോസ്റ്റിട്ടു. (സൌദിയില്‍ മഴപെയ്തതു സംബന്ധിച്ഛ്) ഇന്നലെ അതു ഞാന്‍ ഡിലീറ്റ് ചെയ്തു. രണ്ടോ മൂന്നൊ പേരതുവഴി വന്നു. എന്റെ തല പോകാതിരിക്കാന്‍ ഞാനതു അവിടെ വെറുതെയിടണ്ട എന്നു കരുതി.
കുറച്ചു നാള്‍ മുന്‍പ് ഒന്നു രണ്ട് പോസ്റ്റിട്ടിരുന്നു ഒന്ന് സൌദിയില്‍ വ്യാജ കെല്‍ട്രോണ്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുന്നതിനെ സംബന്ധിച്ച്. ആര്‍ക്കും താല്‍പ്പര്യമില്ല. ഞാനൊറ്റയ്ക്കു നടത്തിയ ആ പോരാട്ടത്തില്‍ ഒരു പരിധിവരെ എനിക്കു വിജയിക്കാന്‍ കഴിഞ്ഞു. (എന്നെ സഹായിക്കാന്‍ തുടക്കം മുതല്‍ കൂടെയുണ്ടായിരുന്നതു ഗള്‍ഫ് മാധ്യമത്തിന്റെ റിയാദ് ലേഖകനായിരുന്നു എന്നും ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു).
ഒരിക്കല്‍ ബ്ലോഗിലുള്ള ഒരാള്‍ എന്നോട് ചോദിച്ചിരുന്നു മാഷെന്താ സീരിയസ്സാണോന്ന്?. അതിനു ശേഷം പരമാവധി കമന്റുകളിലെങ്കിലും മസിലുപിടിത്തം നിര്‍ത്തി. (താങ്കള്‍ അവിടെ കമന്റിട്ടിട്ടുണ്ടായിരുന്നു എന്ന കര്യം വിസ്മരിക്കുന്നില്ല)
അര്‍ത്ഥമില്ലാത്ത വെറും സംസാരത്തിനായി ബ്ലോഗുകള്‍ വളരുന്ന കണ്ടപ്പോള്‍ ഒരിക്കല്‍ മനം മടുത്തിട്ട് ഒരര്‍ത്ഥവുമില്ലാതെ നാലേ നാലു വരിയെഴുതിയപ്പോള്‍ 41 കമന്റുകള്‍ വന്ന കഥയും ഞാനോറ്ക്കുന്നു. (ശിവപ്രസാദിന് മാത്രം അറിയാവുന്ന ആ രഹസ്യം രഹസ്യമായിരിക്കട്ടേ!). എന്‍ . പി. ആറിന്റെ (മാതൃഭൂമി) ബ്ലൊഗിലെ പോസ്റ്റുകള്‍ എത്രപേര്‍ വായിക്കുന്നുണ്ട്?.
ഇന്‍ഫൊര്‍മേഷന്‍ ബ്ലോഗുകളില്‍ (ഒരുദാഹരണത്തിനു) ഇന്നു ന്യൂ തിയേറ്ററില്‍ .... ചിത്രം ആരംഭിക്കുന്നു. എന്ന വിവരം ഒരു സഹൃദയനിട്ടാല്‍ തൊട്ടു താഴെ കമന്റുവരും “അവിടേ ഷക്കീല ചേച്ചീടെ പടം എപ്പ വരുമെടേ!.“ ഇതാണു രീതി.
ആഡ് സെന്‍സ് മലയാളം ഭാഷയെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടോ?. ഞാന്‍ ഗൂഗിള്‍ പേജില്‍ ഒരു പേജ് ചെയ്തു അവിടെ ആഡ് സെന്‍സിടാന്‍ നോക്കിയപ്പോള്‍ അവരുടെ മറുപടി ഞ്ങ്ങള്‍ ഉള്‍പ്പെടുത്താത്ത ഭാഷ ആയതിനാല്‍ സപ്പോര്‍ട്ട് ചെയ്യാന്‍ പറ്റില്ല എന്നും ഒപ്പം അവര്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഭാഷകളുടെ ഒരു ലിസ്റ്റും തന്നിരുന്നു?.
സീരിയസ്സിനെ സീരിയസ്സായും കളിയെ കളിയായും കാണുന്ന ബ്ലൊഗര്‍മാര്‍ ധരാളമുണ്ടായാല് ഇഞ്ചി പറഞ്ഞ സംഭവം മലയാളത്തില്‍ വിജയിക്കും. വിജയിക്കട്ടെ. എല്ലാ ഭാവുകങ്ങളും.
ഇഞ്ചി
ഇതു കലക്കി. കിടിലന്‍ പരിപാടികള്‍.
ബ്ലോഗോണ്ടുള്ള ഒരേ ഉപയോഹങ്ങളേ.
ഓടോ :
ഈ പോസ്റ്റ്
“വഞ്ചിയില്‍ പഞ്ചാര ചാക്കു വച്ചു
തുഞ്ചത്തിരുന്നു തുഴഞ്ഞു കുഞ്ചു
പഞ്ചാര തിന്നു മടുത്തു കുഞ്ചു
ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു”
പഞ്ചാരക്കിടയിലെ ഇഞ്ചിപോലെ ഇഞ്ചിയുടെ ഈ പോസ്റ്റ്.
-സുല്‍
വളരെ നല്ല ലേഖനം ഇഞ്ചി.
നന്ദു പറഞ്ഞതില്‍ വളരെ കാര്യമുണ്ട്.
ബ്ലോഗിനെ ഒരു സീരിയസ്സ് മീഡിയ ആയി കാണാന്‍ മാത്രം ബ്ലോഗിലെ കണ്ടന്റുകള്‍ വളര്‍ന്നിട്ടില്ല/അല്ലെങ്കില്‍ വിശ്വാസ യോഗ്യമല്ല എന്നതാവാം ഒരു പക്ഷെ മുഖ്യ കാരണം. കൂടാതെ, ബ്ലോഗില്‍ വരുന്നവരിലതികവും ഒരു സ്ട്രെസ്സ് ഫ്രീ ഉപാധിയായിട്ടാണ് ബ്ലോഗില്‍ വരുന്നതും, വായിക്കുന്നതും, അപ്പോള്‍ സീരിയസ്സ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തലപുണ്ണാക്കാനും അധികമാരും മിനക്കെടില്ല. ഇത് എന്റെ മാത്രം അഭിപ്രായം
ഇഞ്ചിയേ,
നല്ലൊരു പോസ്റ്റായിരുന്നു.ബ്ലോഗിനെ ഗൌരവത്തോടെ കാണുന്ന വായനക്കാര്‍ കൂടുന്ന മുറയ്ക്ക് ഇപ്പറഞ്ഞവയൊക്കെ നടക്കും എന്നു തന്നെയാണ് എന്റെയും ഒരു തോന്നല്‍.
നന്ദൂസെ-എന്റെ പേര്‍ കണ്ടത് കൊണ്ടാണു ഞാന്‍ പിന്നേയും ഈ വഴി വന്നത്.ആരോപണങ്ങള്‍ എല്ലാം ഏല്‍ക്കുന്നു.
ഒരു പോസ്റ്റ് വായിച്ചാല്‍ അത് സീരിയസ് ആണോ ലാഘവത്തോടെ ആണോ എന്ന് മനസ്സിലാക്കാന്‍ ഒക്കെ മിക്കവര്‍ക്കും കഴിയും എന്നാണു തോന്നുന്നത്.
കലക്കി..ചിന്തിക്കേണ്ട വിഷയം....ഞാനും ആലോചിച്ചതാ....വളരെ നന്നായി എന്നു തുടങ്ങുന്ന കമന്റുകളേകാളും ജനത്തിനെ ആകര്‍ഷിക്കാന്‍ ചില വളിപ്പ് കമന്റുകള്‍ക്ക് കഴിയുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇവന്‍ എന്ത് തേങ്ങ ആണു പുലമ്പുന്നത് എന്നറിയാന്‍ കയറി വന്ന് പോസ്റ്റിന്റെ അന്തസത്ത 'ഉള്‍ക്കൊണ്ട' രണ്ടുമൂന്ന് പേരെങ്കിലും ഉണ്ടാവും എന്നു തന്നെയാണു എന്റെ വിശ്വാസം.
Sandoz, വെറുതെ താങ്കളുടെ മേല്‍ കുറ്റം ആരോപിക്കാന്‍ വേണ്ടിപ്പറഞ്ഞതല്ല. പെട്ടെന്നു ഒരു ഉദഹരണം അപ്പോള്‍ അതു മാത്രമെ മുന്നില്‍ കണ്ടുള്ളൂ. നല്ല ഉദ്ദേശത്തോടെയുള്ള താനകളുടെ ശ്രമങ്ങളെ ആദരിക്കുന്നു.
ഇഞ്ചി, ഞാനും ആലോചിച്ചിരുന്നു, ആരെങ്കിലും കണ്‍സ്യൂമര്‍ ബ്ലോഗുകള്‍ തുറന്നിരുന്നു എങ്കില്‍ എന്ന്. ഞാനൊക്കെ ശരിക്കും കൂട്ടുകാരുടെ അഭിപ്രായമൊക്കെ ചോദിച്ചിട്ടാണ് ഒരു കടയില്‍ പോകുക. ശ്രീജിത്ത്, ഒരിക്കല്‍ മൊഹന്‍ലാലിന്റെ ഹോട്ടലില്‍ പൊയ അനുഭവം എഴുതിയിരുന്നു, ആ പോസ്റ്റില്‍ വന്ന കമന്റുകളും കൂടി ചേര്‍ന്നപ്പോള്‍ ആ ഹോട്ടലിനെ കുറിച്ച് പലര്‍ക്കുള്ള അഭിപ്രായം അറിയാന്‍ പറ്റി. അതില്‍ തന്നെയാണെന്നു തോന്നുന്നു മോഹന്‍ലാലിന്റെ ഫുഡ് പ്രോഡക്റ്റിനേകുറിച്ചും ആരോ എഴുതി. ഒന്നിനും കൊള്ളാത്ത ആ കറിപൌഡറിനേകുറിച്ച് പലര്‍ക്കും അറിയാന്‍ പറ്റി. ഹരിയുടെ സിനിമാനിരൂപണവും ഈ ഗണത്തില്‍ പെടുത്താം എന്നു തോന്നുന്നു. ആ നിരൂപണം വായിച്ച് “കൈയ്യൊപ്പ്” എന്ന സിനിമ കാണണം എന്നു കൊതിച്ചിരിക്കുന്നു.
ഇങ്ങനെയുള്ള പോസ്റ്റുകള്‍ വരുമ്പോള്‍ അതില്‍ വരുന്ന കമന്റുകള്‍ കൂടി ചേര്‍ത്ത് വായിച്ചാല്‍ ആ പ്രോഡക്ടിനെ കുറിച്ച് പലരുടെ അഭിപ്രായങ്ങള്‍ അറിയാന്‍ പറ്റും.
എല്ലാ ആശയങ്ങളും നല്ലതാണ്. നന്നായി വിവരിച്ചിട്ടുമുണ്ട്. ഇനി ഈ ഗണങ്ങളില്‍ പെട്ട ബ്ലോഗുകള്‍ ധാരാളം വരും എന്നു പ്രതീക്ഷിക്കാം.
ആശയം നന്നായിരിക്കുന്നു.വിശദമായി പിന്നീട് ഒരു കമന്റിടാം.
ഹരിയെ, സ്വാര്‍ത്ഥന്‍ മാഷേ... ഹൊ, ഞാനൊന്നു ഞെട്ടി, ഞാനോര്‍ത്തു എന്നെ സ്വാര്‍ത്ഥനാക്കിയതാണെന്ന്... തൊട്ടുപിന്നാലെ ശരിയായ സ്വാര്‍ത്ഥന്മാഷിന്റെ കമന്റ് കണ്ടപ്പോളല്ലേ സമാധാനമായത്.
--
ഞാനൊരിക്കല്‍ എന്റെ വെബ്‌സൈറ്റില്‍ ഇടാന്‍ നോക്കിയതാ, പക്ഷെ ഗൂഗിള്‍ സമ്മതിച്ചില്ല. ഹിറ്റ് കുറവാണത്രേ... കുറുമാന്‍ കഥകളു പോലെയല്ലല്ലോ എന്റെ പാവം ചിത്രവിശേഷം... ഉം.. ഞാനുമൊന്ന് അപ്ലേ ചെയ്തു നോക്കട്ടെ... ഇഞ്ചിയുടെ നാവ് പൊന്നായിരിക്കട്ടെ... :)
--
എല്ലാം മനസ്സിലായി. പക്ഷെ അവസാനം എന്റെ പേരും ബ്ലോഗ് ലിങ്കും കൊടുത്തത് മനസ്സിലായില്ല.
ഇഞ്ചിയുടെ ആശയം മനോഹരം. പക്ഷെ പ്രായോഗികമായി നടപ്പിലാക്കണമെങ്കില്‍ ചില്ലറ ബുദ്ധിമുട്ടുകളല്ല ഉള്ളത്. ഓഫീസ് ബ്ലോഗേര്‍സിന് ഇത്രയധികം സമയം ഇതിനായി ചിലവഴിക്കാന്‍ പറ്റില്ല എന്നതാണ് അതില്‍ പ്രധാനം. എങ്കിലും ഇത് നടപ്പിലായിവന്നാല്‍ നല്ലത് തന്നെ.
ഏതാണ്ടിതേ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വച്ചാണ് ഒരു പോര്‍ട്ടലിനായി ഞാനടക്കം ചിലര്‍ മുന്‍പ് ശ്രമിച്ചത്. പക്ഷെ പല കാരണങ്ങളാല്‍ ഇന്നും ഞങ്ങള്‍ തുടങ്ങിയേടത്ത് നില്‍ക്കുന്നു :(
ലേഖനം നന്നായി. ഇഞ്ചിയുടെ ബുദ്ധിക്കും ചിന്തകള്‍ക്കും സലാം.
ലേഖനം പ്രസക്തം ..
ഇവിടത്തെ പത്രത്തില്‍ /അതിന്റെ സൈറ്റ് ഇല്‍ stomp എന്നു പറഞ്ഞു ഒരു പംക്തി ഉണ്ടു..അതു ഇഞ്ചി /അലിഫ് പരയുന്നതു പോലെ സാദ ജനം റിപ്പോര്‍ട്ട് ചെയ്യുന്നതാണു..
നന്ദുവിനോദും യോജിക്കുന്നു..പക്ഷെ കുറുമാന്‍ പറഞ്ഞതും ഒരു റീസണ്‍ ആണെന്നു തോന്നുന്നു..ഇതിന്റെ അനൗപചാരികതയാണു പലരേയും ഇതിലേ ആകര്‍ഷിക്കുന്നത്.
കാലക്രമേണെ മലയാളം ബ്ലോഗ് കുറേ കൂടി ഗൗരവതരമാകുമെന്നു കരുതാം..
qw_er_ty
നല്ല പോസ്റ്റ്!
ഓടോ:ഇങ്ങനെ പോസ്റ്റുകളില്‍ ചെന്ന് കമന്റ് ചെയ്യുന്നതിന് ഒരു ബിസിനസ് മോഡലായാലോ എന്നാ എന്റെ ആലോചന. കുമാറേട്ടാ അന്ന് ഞാന്‍ ചോദിച്ച ആ മോഡലിന്റെ ഫോണ്‍ നമ്പറൊന്ന് മുദ്രയുടെ ഫോണ്‍ ബുക്കില്‍ നിന്ന് തപ്പിയെടുത്ത് തന്നേ. :-)
ഇഞ്ചി,
ohmynews.com പോലെയൊരു സംരഭത്തിന് നാട്ടില്‍ വലിയ സാധ്യതയുണ്ട്. അമേരിക്കയിലൊക്കെയുള്ളപോലെ പ്രദേശികവാര്‍ത്തകള്‍ക്ക് നാട്ടില്‍ അധികം പ്രാധാന്യം വന്‍ കിട മാധ്യമങ്ങള്‍ കോടുക്കാത്തതുകൊണ്ടാണ് അങ്ങനെയൊരു സാധ്യതയുള്ളത്. അമേരിക്കയില്‍ റേഡിയോവിലും രണ്ടാംനിര സൌജന്യ പത്രങ്ങളിലും (city wide community papers) മാസികകളിലൊക്കെയുമായിട്ട് പ്രാദേശിക വാര്‍ത്തകള്‍ എല്ലാം തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നാട്ടില്‍ അങ്ങനെ ഒരു സാഹചര്യം ഉണ്ടാവുമെന്നു തോന്നുന്നില്ല; പരസ്യത്തിന്റെ അഭാവം തന്നെ പ്രധാന കാരണം. NRI വായനക്കാരുടെ പിന്തുണകൊണ്ടു മാത്രം അത്തരം ബ്ലോഗുകള്‍ aggregate ചെയ്യുന്ന ഒരു സേവനത്തിനും അതുമായി സഹകരിക്കുന്ന ബ്ലോഗുകള്‍ക്കും പൈസയുണ്ടാക്കാന്‍ പറ്റും. വന്‍ കിടപത്രങ്ങള്‍ക്കും NRI പ്രസിദ്ധീകരണങ്ങള്‍ക്കും ചൂടന്‍ വാര്‍ത്തകള്‍ സിന്‍ഡിക്കേറ്റ് ചെയ്ത് കൊടുത്ത് വേറെ കാശുണ്ടാക്കാനും പറ്റും.
നാട്ടുമ്പുറങ്ങളിലൊക്കെ എത്ര രസകരമായ വാര്‍ത്തകളാണ് ദിവസവും ഉണ്ടാകുന്നത്; അതൊന്നും എഴുതിവയ്ക്കാന്‍ ആള്‍ക്കാരില്ലായെന്നേയുള്ളൂ. പ്രതിഫലം കിട്ടുമെന്നറിഞ്ഞാല്‍ അക്ഷയപോലുള്ള സൌകര്യങ്ങളുപയോഗിച്ച് ആള്‍ക്കാര്‍ ബ്ലോഗു ചെയ്തുകൊള്ളും. നീതിപൂര്‍വ്വമായി അവരുടെ ബ്ലൊഗുകളില്‍ നിന്നുള്ള വരുമാനം വിതരണം ചെയ്യണമെന്നേയുള്ളൂ. അവിടെയാണ് നല്ലോരു aggregator -ന്റെ ആവശ്യമുള്ളത്.
1. ഇതിന് വലിയ സാധ്യതയൊന്നും ഉണ്ടെന്നു തോന്നുന്നില്ല. പ്രധാനമായും ബ്ലോഗുകളുടെ വിശ്വാസ്യതയും coverage ഉം ആണ് പ്രശ്നം. അത്തരം കാര്യങ്ങള്‍ക്ക് വെബ്സൈറ്റുകളുടെ rating tools പോലുള്ളവയാണ് നല്ലതെന്നു തോന്നുന്നു. ഉദാഹരണത്തിന് netflix -ല്‍ നിന്ന് ഉയര്‍ന്ന റേറ്റിംഗുള്ള പടമെടുത്താല്‍ അതൊരിക്കലും മോശമാകാറില്ല.
3. ഇതൊക്കെ ഇപ്പോള്‍തന്നെ ആള്‍ക്കാര്‍ ചെയ്യുന്നില്ലേ?
4. ഇവിടെ aggregation -ന്റെ പ്രശ്നമുണ്ടാവുമെന്ന് തോന്നുന്നു. പരമുവിനെ മാത്രം നമുക്കെപ്പോഴും ആശ്രയിക്കാന്‍ പറ്റില്ലല്ലോ. netflix, yahoo, amazon (യഥാക്രമം ഡി.വി.ഡി.,സിനിമ, പുസ്തകം എന്നിവക്ക്) വായനക്കാര്‍ക്ക് റേറ്റ് ചെയ്യാനുള്ള സൌകര്യം കൊടുക്കുന്നുമുണ്ട്. യാഹുവോ എം.എസ്സ്. എന്നോ ഒക്കെ മലയാളത്തില്‍ അത്തരം സേവനങ്ങളുമായി ഉടനെ എത്തുകയും ചെയ്യും.
ഇഞ്ചിയുടെ profile-ല്‍ കാണുന്ന ചിത്രം “The Figure at a Window" എന്ന
സാല്‍വദോര്‍ ദാലിയുടെ പെയിന്റിംഗിനെ ഓര്‍മ്മിപ്പിക്കുന്നു. എന്റെ കൈയിലിരിക്കുന്ന കോളജ് മാഗസിന്റെ ഒരു കോപ്പിയില്‍ ആ പടമുണ്ട്.
nalla aaSayam, nalla manass.. nandi !!
സാന്റോസ് കുട്ട്യേ,
വിഷമിക്കണ്ട. ബ്ലോഗോ കമന്റോ പണ്ടത്തെ പോലെയുള്ള മാദ്ധ്യമങ്ങള്‍ പോലെ മസിലു പിടിച്ചു ചെയ്യണ്ട ഒന്നല്ല എന്നു തന്നെയാണ് എന്റെ അഭിപ്രായം. സായിപ്പു പോലും ഇപ്പോള്‍ നിക്കറും ഹവാവ് ചപ്പത്സും ഇടുന്നു. ബ്ലോഗുകള്‍ കൊണ്ട് പഴയ ആ എയറു പിടിത്തം കുറയുന്നു. അതുകൊണ്ട് അങ്ങിനത്തെ കമന്റുകള്‍ ഒക്കെ സ്വാഗതാര്‍ഹമാണ്. കാരണാം ആ ‘ബാര്‍’ മാപ്പ് വളരെ നല്ല ആശയം ആണ് (കര്‍ത്താവേ! പൊറുക്കണെ). പക്ഷെ ഇങ്ങിനെ പറഞ്ഞിട്ട് അത് ചെയ്യാണ്ടിരിക്കരുത്. അപ്പൊ അടി! :)
നന്ദു മാഷേ, എനിക്ക് മാഷിനോട് ഇച്ചിരെ വിയോജിപ്പുണ്ട്. എന്താണ് സീരിയസ് കാര്യം എന്താണ് ചിരിക്കണ്ട കാര്യം എന്നൊക്കെ അവനവന്‍ തീരുമാനിക്കണം എന്ന അഭിപ്രായക്കാരിയാണ് ഞാന്‍. അതിനുള്ളാ ബുദ്ധിയും വിവരവും സാമാന്യ ജനത്തിനുണ്ട്. അത് അവര്‍ക്ക് വിട്ടു കൊടുക്കണം. മാഷിനു തോന്നുന്ന സീരിയസ്സ്നെസ്സ് എനിക്ക് ചിലതിനു തോന്നിയെന്ന് വരില്ല. തിരിച്ചും. അതുകൊണ്ട് നമ്മള്‍ ഒരു സീരിയസ് കാര്യം എഴുതി ആരും പ്രതികരിച്ചില്ല എന്ന് പറയന്നതില്‍ കാര്യമില്ല എന്ന് തോന്നുന്നു. എനിക്കോര്‍മ്മയുണ്ട് മാഷ് ആദ്യം ബ്ലോഗ് തുടങ്ങി വെച്ച പോസ്റ്റാണത് എന്ന് തോന്നുന്നു. അപ്പോള്‍ ആളുകള്‍ മാഷിനെ അറിഞ്ഞു വരുന്നേയുള്ളൂ അല്ലെങ്കില്‍ അറിയില്ല. അപ്പോള്‍ ഒരാള്‍ അങ്ങിനെ പറയുമ്പോള്‍ ആ ‘വിശ്വാസ്യത’ യുടെ പ്രശ്നം അവിടെ ഉദിക്കുന്നു. അതേ പോലൊരു പോസ്റ്റ് ഇവിടെ കമന്റി പോസ്റ്റി തെളിഞ്ഞ ഒരാള്‍ വെച്ചാല്‍ ഉറപ്പായും കുറച്ചും കൂടി സംവാദങ്ങള്‍ നടക്കും. അതാണ് ആ ‘വിശ്വാസ്യത’ കള്‍റ്റിവേറ്റ് ചെയ്യപ്പെടേണ്ട കാര്യമെന്ന് ഞാന്‍ ലേഖനത്തിലും ഉദ്ദേശിച്ചത്. അതുപോലെ മറ്റൊന്ന്, നമ്മുടെ പോസ്റ്റിന്റെ സ്വഭാവവും. എനിക്ക് ഭയങ്കരമായി എഴുതി ഫലിപ്പിക്കാനോ ഒന്നും കഴിവില്ല. അതുകൊണ്ട് എന്റെ പോസ്റ്റില്‍ അധികം സംവാദങ്ങള്‍ നടക്കില്ലായിരിക്കാം. അത് എന്റെ കുറവായിട്ടാണ് ഞാന്‍ കാണുന്നത്, വായനക്കാരന്റെ അല്ല. പക്ഷെ, ഇതില്‍ നിന്ന് ആശയം എടുത്ത്, മറ്റുള്ളൊരാള്‍ ഇതിലും നന്നായി അത് എഴുതി ഫലിപ്പിച്ചാല്‍ അവിടെ നല്ല ഒരു സംവാദം നടക്കും. അത്രേയുള്ളൂ എന്ന് എനിക്ക് തോന്നുന്നു.
ഗൂഗിള്‍ ആഡ് സെന്‍സ് മലയാളം സപ്പോര്‍ട്ട് ചെയ്യണ്ട. അവിടെ ഇംഗ്ലീഷിലും ആഡ് ഇടാം. പേജ് ഇമ്പ്രഷനും വാല്യൂ ഉണ്ട്.
ശാലിനിക്കുട്ട്യെ, അവിടെയാണ് കുഴപ്പം. മറ്റുള്ളവര്‍ തുടങ്ങണമെന്ന് എന്തിനു വിചാരിക്കുന്നു. ശാലിനിയുടെ അനുഭവം ഒരോ പ്രോഡക്റ്റിനേക്കുറിച്ചും എഴുതാമല്ലൊ.
ശ്രീജിത്തെ, ശ്രീജിത്തിന്റെ പോസ്റ്റുകളില്‍ നിന്ന് എന്തു മാത്രം ബാംഗ്ലൂര്‍ വിശേഷങ്ങള്‍ എനിക്ക് കിട്ടുന്നുണ്ടെന്ന് അറിയുമോ? അതാണ്.ശ്രീജിത്ത് പോലും അറിയാതെ തരുന്ന ഈ നുറുങ്ങുകള്‍ ഒരു ന്യൂസ് റിപ്പോര്‍ട്ട് പോലെയാണ്. ആരും ശ്രദ്ധിക്കാത്തെ വിവരങ്ങള്‍. അതുപോലെ തന്നെ, പോര്‍ട്ടലിന്റേയും ബ്ലോഗിന്റേയും സ്വഭാവങ്ങള്‍ രണ്ടും രണ്ടാണ്. ബ്ലോഗിനു ഒരു ഇന്‍ഫോര്‍മാലിറ്റിയുണ്ട്. എനിക്കിഷ്ടമുള്ളപ്പോള്‍ പോസ്റ്റിയാല്‍ മതി. അത് എന്റെ ഒരു ഹോബി പോലെ, അതില്‍ ഒരു തലവേദനയില്ല. പക്ഷെ അതുപോലെ നിറയേ ആളുകള്‍ സ്വന്തം ഇഷ്ടപ്രകാരം പോസ്റ്റുമ്പോള്‍ അതൊരു ഇന്‍ഫര്‍മേഷന്‍ ടണല്‍ ആകുന്നു.
അതാണതിന്റെ വ്യത്യാസം. പക്ഷെ പോര്‍ട്ടല്‍ അങ്ങിനെയല്ല. ഞാന്‍ പൊതുവേ, പോര്‍ട്ടലുകള്‍ക്ക് അതുകൊണ്ട് തന്നെ അധികം സപ്പോര്‍ട്ടല്ല.
ശ്രീ കുറുമാന്‍റെയും:
ബ്ലോഗിനെ ഒരു സീരിയസ്സ് മീഡിയ ആയി കാണാന്‍ മാത്രം ബ്ലോഗിലെ കണ്ടന്റുകള്‍ വളര്‍ന്നിട്ടില്ല/അല്ലെങ്കില്‍ വിശ്വാസ യോഗ്യമല്ല എന്നതാവാം ഒരു പക്ഷെ മുഖ്യ കാരണം. കൂടാതെ, ബ്ലോഗില്‍ വരുന്നവരിലതികവും ഒരു സ്ട്രെസ്സ് ഫ്രീ ഉപാധിയായിട്ടാണ് ബ്ലോഗില്‍ വരുന്നതും, വായിക്കുന്നതും, അപ്പോള്‍ സീരിയസ്സ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തലപുണ്ണാക്കാനും അധികമാരും മിനക്കെടില്ല. ഇത് എന്റെ മാത്രം അഭിപ്രായം
ശ്രീ ശ്രീ ശ്രീയുടെയും:
ഇഞ്ചിയുടെ ആശയം മനോഹരം. പക്ഷെ പ്രായോഗികമായി നടപ്പിലാക്കണമെങ്കില്‍ ചില്ലറ ബുദ്ധിമുട്ടുകളല്ല ഉള്ളത്. ഓഫീസ് ബ്ലോഗേര്‍സിന് ഇത്രയധികം സമയം ഇതിനായി ചിലവഴിക്കാന്‍ പറ്റില്ല എന്നതാണ് അതില്‍ പ്രധാനം. എങ്കിലും ഇത് നടപ്പിലായിവന്നാല്‍ നല്ലത് തന്നെ.
കമന്‍റുകള്‍ വെട്ടിയെടുത്ത് ഒട്ടിച്ചു വച്ച് , അവരോട് കടപ്പെട്ട്, ഞാനെന്‍റെ അഭിപ്രായം പ്രകടിപ്പിക്കട്ടെ.
ഇഞ്ചീ നല്ല ഐഡിയകള്‍ തന്നെ. ഉമേഷിനെപ്പോലെ ഒരു സീരിയസ്സ് ജീവിതവും ഒരുസീരിയസ്സ് ബ്ലൊഗും ഒന്നിച്ചു കൊണ്ടുപോകുക എന്നുള്ളത് ചിലര്‍ക്കു മാത്രം കഴിയുന്നതാണ് (പലരും നേരമ്പോക്കു സംഭവങ്ങളാണു കുറിച്ചിടുന്നതെങ്കിലും അവയൊക്കെ വായനക്കാര്‍ക്കു സുഖം പകരുന്നതാണ് എന്നതില്‍ തര്‍ക്കമില്ല). ഇഞ്ചി പറഞ്ഞ എല്ലാ ഇനം ബ്ലോഗുകളും ആരെങ്കിലുമൊക്കെ തുടങ്ങുമെന്നു കരുതുന്നു. ആശംസകള്‍!!
അല്ല ഇഞ്ചിയോടു തന്നെ ചോദിക്കട്ടെ: ഇതെങ്ങനെ സാധിക്കുന്നു? എങ്ങനെ ഇതെല്ലാം ഓടിച്ചു കൊണ്ടു പോകുന്നു?
Only cowards delete comments.
പ്രിയ അനോണിമസേ,
എന്റെ ബ്ലോഗില്‍ കുറച്ചു നേരമായി താങ്കള്‍ നടത്തുന്ന കമന്റും ഒക്കെ ശ്രദ്ധിച്ചു. അത് ചെന്നയിലെ നിങ്ങളുടെ ഓഫീസില്‍ ഇരുന്ന് തന്നെ വേണൊ? ഞാന്‍ സംശയിക്കില്ലേ? മറ്റേ യാഹൂ പ്രശ്നത്തിന്റെ പേരില്‍ ആണെന്ന്?
അനോണിമസ് കമന്റുകള്‍ ഇട്ട് മന:പൂര്‍വ്വം അധിക്ഷേപിക്കുന്നവര്‍ക്ക് മറുപടി പോലും അര്‍ഹിക്കാതെ ഡിലീറ്റണമെന്ന് തന്നെയാണ് എന്റെ നയം.
പക്ഷെ ദയവായി അറിവില്ലാന്ന് കരുതരുത്.
ഓ പിന്നേ,
കമന്റിടുമ്പോള്‍ പോലും ഒളിച്ചു കളിക്കുന്ന, അനോണിമസല്ലേ ധൈര്യശാലി...
--
ഇഞ്ചിക്കുട്ടീ,
ന്നാ പ്പിന്നെ ബ്ലോഹ് വഴി ഒരു മാര്യേജ് ബ്യൂറോ തുടങ്ങാമെന്ന് കുറെനാളായി ഞാന്‍ നേമിക്കുന്നു. മ്മ്‌ടെ ഒരുഫാട് ബ്ലോഹേഴ്സ് പെണ്ണുംതപ്പി നടപ്പാണ്...
തൊടങ്ങട്ടോ..സൌജന്യമാണ്
(മാതുലന്‍ എന്ന കര്‍മ്മപ്പേര് ചാര്‍ത്തിത്തരരുതേ)
ഇഞ്ചീ :) കമന്റ് കണ്ടില്ല ഞാന്‍. ഡിലീറ്റ് ചെയ്യല്ലേ പ്ലീസ്. ഇനി.
എന്നെ സഹായിക്കുന്നതിനാണോ? എന്നാല്‍ വേണ്ട കേട്ടോ അനോണിയേ.
പേടിപ്പിച്ചാല്‍ വകുപ്പ് മാറും അനോണിയേ. ഓര്‍ത്തോ. ഇത്രയും നേരം ഉള്ള സഹതാപം പോലും ഉണ്ടാവില്ല അപ്പോ. ഒന്നും ചെയ്യാന്‍ പറ്റിയില്ലെങ്കില്‍, ഇന്ത്യയിലെ പത്രത്തില്‍ മുഴുവന്‍ കാണാം.
നാണം മാത്രമല്ല, ധൈര്യവും ഇല്ല എന്ന് മനസ്സിലായി.
അവിടെ ഞാന്‍ അനോണിമസ് എടുത്തുകളഞ്ഞു. അതുകൊണ്ട് ഇവിടെ വന്ന് പറയുകയാവും.
ഇഞ്ചീ, ദയവായിട്ട് കമന്റ് ഡിലീറ്റ് ചെയ്യല്ലേ.
ഇവിടെ എന്താ അനോണി കമന്റു വന്നോ ഇഞ്ചി?
ഇഞ്ചി ചേച്ചീ..
നല്ല ആശയങ്ങള്‍
ഞാനും ഇതു പോലെ വല്ലോമൊക്കെ തുടങ്ങിയാലോന്ന് ആലോചിച്ചതാ
ആലോചിച്ച ഉടനെ തന്നെ നടപ്പില്‍ വരുത്തുന്ന സ്വഭാവമായതു കൊണ്ട് ...
ഒന്നരകൊല്ലം മുമ്പ് ബ്ലോഗര്‍ മെമ്പര്‍ഷിപ്പെടുത്തിട്ട് രണ്ട് പോസ്റ്റ് മര്യാദക്കിടാത്ത ഞാനാണിനി :-)
ഇഞ്ചി,
അടിപൊളി ലേഖനം. എന്നെപ്പോലെയുള്ള ബ്ലോഗ് ശിശുക്കള്‍ക്ക് വിവരം വയ്ക്കാന്‍ ഇങ്ങനെ ഒന്നു തന്നെ വേണം, താങ്ക്യൂ വെരി മച്ച് :)
ഒരു സംശയം ബാക്കി, വെമ്പള്ളി മാഷ് ചൊദിച്ച പോലെ
ഇതൊക്കെ എങ്ങിനെ ഒന്നിച്ചു മുന്നോട്ടു കൊണ്ട് പോകുന്നു?
ബൈ ദ ബൈ, ഇഞ്ചിയുടെ ഫുഡ് ബ്ലോഗിന്റ്റെയും ഒരു ആരാധികയാണ്‍ ഞാന്‍.
“ഐഡന്റിറ്റി അറിയണമെന്ന് ആത്മാര്‍ത്ഥമയി ആഗ്രഹമുള്ളവര്‍ക്കും ആവശ്യം
ഉള്ളവര്‍ക്കും അത് കൊടുക്കുന്നണ്ട്. അതു പോരെ?”
-
ആണോ? എന്നോട് സൂ ചേച്ചി ഓര്‍ക്കുട്ടില്‍ പറഞ്ഞത്, ഐഡന്‍റിറ്റി എന്ന് കേള്‍ക്കുന്നതു പോലും ചേച്ചിക്ക് അലര്‍ജിയാണെന്നാണല്ലോ :)
എനിക്ക് ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടേ... അങ്ങിനെ ചിലപ്പോള്‍ തോന്നില്ലായിരിക്കും, എന്തു ചെയ്യാനാ, എന്‍റെ ആത്മാര്‍ത്ഥത ആരും മനസിലാക്കാറില്ല... :)
--
ഓര്‍ക്കുട്ടിലെന്താ വരാത്തേ? സു ചേച്ചിയും ബിന്ദു ചേച്ചിയുമൊക്കെയുണ്ടല്ലോ? അവിടെയും ഈ ഒളിച്ചുകളി നടത്താന്‍ പാടുമില്ല... പിന്നെ? അല്ലെങ്കില്‍ ഇങ്ങിനെയുള്ള കമന്‍റുകളൊക്കെ ഈ ബ്ലോഗിലിടണമായിരുന്നോ? ഇതിപ്പോള്‍ പിന്മൊഴികളില്‍ വരാതാക്കിയാല്‍ ചേച്ചി കാണുമോന്നും ഉറപ്പില്ല...
--
ഹരീ.....എന്നേം കൂടി ഒന്നാ കൊട്ടേല്‍.....സ്ഥലം ഉണ്ടാവോ ആവോ....[എന്താ ചെയ്കാ]
ഹഹഹ...ഹരീക്കുട്ട്യേ, സാന്റോസെ :-)
ഐഡന്റിറ്റി എന്ന് കേള്‍ക്കുന്നത് അലര്‍ജി തന്നെയാ. സൂവേച്ചി പറഞ്ഞത് തന്നെയാ കറക്റ്റ്. എന്റെ ഫോട്ടോ ഇവിടെ ഇട്ടാല്‍, എന്റെ ‘വ്യക്തി പ്രഭാവം’ കണ്ട് അതില്‍ നിന്ന് കണ്ണെടുക്കാണ്ട് എന്റെ ബ്ലോഗ് വായിക്കില്ലല്ലൊ. അതല്ലേ? :-) ഹഹഹഹ..
ഹരിക്കുട്ടീന്റെ ബ്ലോഗ് ആരെങ്കിലും കട്ടെടുക്കട്ടെ. അന്നേരം ഐഡന്റിറ്റി തരാം,പോരെ?
ഓര്‍ക്കുട്ട് കൊണ്ട് എനിക്ക് പ്രത്യേക പ്രയോജനം ഒന്നും തോന്നുന്നില്ല. അത് വെറുതെ ഒരു ഫ്രന്‍സ് സര്‍ക്കിള്‍ അല്ലെ? ഈമെയിലൂലേടേയും ഫോണിലൂടേയും പറയാന്‍ പറ്റാത്തത് ഓര്‍ക്കുട്ടിലൂടെ ഇട്ടിട്ട് പ്രത്യേകിച്ച് കാര്യമില്ലല്ലൊ. പിന്നെ എന്റെ നഴ്സറി മുതലുള്ള പഴയ കൂട്ടുകാര്‍ക്കൊക്കെ എന്റെ എല്ലാ വിവരവും കത്തും, ഈമെയിലും, ഫോണും ഒക്കെ വഴി അറിയാം. ഇന്നേ വരെ ഒരു കൂട്ടുകാരേം ഞാന്‍ നഷ്ടപ്പെടുത്തീട്ടില്ല. അതുകൊണ്ട് ഓര്‍ക്ക്ട്ട് എനിക്ക് വേണ്ടാ...(ഹയ്, ഞാന്‍ സെന്റിയായല്ലൊ) :-)
ഇഞ്ചീസെ....ഹ..ഹ..ഹ..ഇതിപ്പൊ ഉത്തരം....എനിക്കോ...ഹരിക്കോ....
ആദ്യജാതരെ കൊട്ടയില്‍ ചേര്‍ക്കാന്‍ ഇവിടെ ആരുമില്ലാത്ത സ്ഥിതിക്ക് അവരെ ചേര്‍ക്കാന്‍ ഞാന്‍ മുന്‍ കൈ എടുക്കാന്‍ പോവുകയാണു.അവരും ഈ കൊട്ട ഒന്ന് കാണട്ടെ മാഷേ.......ഏത്.
ഈ പോസ്റ്റ് അനന്തസാധ്യതകള്‍ ആണു കാണിച്ചു തരുന്നത്.....'ആത്മാര്‍ഥമായിട്ട്' പറയുകയാണു കേട്ടോ.എന്റെ ആത്മാര്‍ഥത നിങ്ങള്‍ എന്താ മനസ്സിലാക്കാത്തത്.
ആഹാ ഒരു 50. ഇഞ്ചിയേ ആ ആത്മാര്‍ത്ഥത അളക്കുന്ന ഉപകരണം വച്ചെന്നേയും.. :)
ഹഹഹ...നോക്കട്ടെ നോക്കട്ടെ..ബിന്ദൂട്ടീനേ ഇനിയും ടെസ്റ്റ് ചെയ്യാന്‍ ഉണ്ട്... :-)
പിന്നെ ബിന്ദൂട്ടീനെ ഒക്കെ അളന്നാല്‍ അതിന്റെ സൂചി മാക്സിമത്തില്‍ കൊണ്ട് നിന്ന് പൊട്ടിപ്പോവുമോയെന്നും പെടിയുണ്ട്... :)
അന്‍പതു കഴിഞ്ഞോ....ഹാവൂ...ആത്മാര്‍ത്ത്മായി....
സോറി....സമാധാനമായി.....
ഹഹഹ
എനിക്കാരെങ്കിലും ഒരു കിലോ ആത്മാറ്ത്ഥത ഈമെയില്‍ അറ്റാച്മെന്റായി അയച്ചുതരാവോ? എന്നിട്ടു വേണം...
നല്ല ലേഖനം ഇഞ്ചീ :-)
എനിക്കും ഇങ്ങനെ പല ഐഡിയാസും പലപ്പോഴും വരുന്നതാ..കുത്തിയിരുന്ന് ഒരു റിസേര്‍ച്ച് നടത്തുമ്പോ കാണാം അത് മാര്‍ക്കെറ്റില്‍ ഓള്‍റെഡി ഉണ്ടെന്ന്...
ലോക്കല്‍ ന്യൂസ് കൊള്ളാം. കേരളത്തിലൊക്കെ എത്രത്തോളം ഫിനാന്‍ഷ്യലി വയബിള്‍ ആകും?
മാത്രമല്ല, “തങ്കപ്പന്റെ മകന്‍ ബിനുക്കുട്ടനെ അയല്‍വക്കക്ക്ക്കാരി കാര്‍ത്ത്യായനി ചിരവക്കടിച്ചു” എന്ന ന്യൂസൊക്കെ വന്നാല്‍...
:-)
കഴിഞ്ഞ ഒക്ടോബറിലെ ടൈം മാഗസിനില്‍ ‘ദി നെക്സ്റ്റ് യൂ ട്യൂബ്‌സ്” എന്ന ലേഖനം വായിച്ചോ? അതിലും ഉണ്ടായിരുന്നു ചില ഐഡിയകള്‍. വായിച്ച ഓര്‍മ ശരിയാണെങ്കില്‍ സെര്‍വീസ് റിവ്യൂസ് എഴുതുന്ന സൈറ്റൊക്കെ ഉണ്ടെന്നാ തോന്നുന്നേ...
മാപ്പ് ഐഡിയാ കൊള്ളാം..ബട്ട്...
ദേ ഇപ്പം നോക്കിയാ മൊബൈലില്‍ മാപ്പ് കൊടുക്കുന്നു.
എനിവേ..നല്ല ലേഖനം.
-അര
(ഓ.ടോ: എന്നതാ ഇഞ്ചീ മുഖത്തെന്നോടൊരു പിണക്കം പോലെ? തോന്നലാണോ?)
qw_er_ty
ചേച്ച്യേ...
എന്നെ ആക്കിയതാണോന്നൊരു സംശയമില്ലാതില്ലാട്ടോ...
“ഹരിക്കുട്ടീന്റെ ബ്ലോഗ് ആരെങ്കിലും കട്ടെടുക്കട്ടെ. അന്നേരം ഐഡന്റിറ്റി തരാം,പോരെ?”
--
എനിക്കൈഡന്‍റിറ്റി വേണ്ടായേ... :)
പക്ഷെ, ഓര്‍ക്കുട്ടിനെ അങ്ങിനെ കൊച്ചാക്കി കാണണ്ട. ഓര്‍ക്കുട്ടിലും ഞങ്ങള്‍ ഒരു തനിമലയാളക്കൂട്ടമൊക്കെ തുടങ്ങിയിട്ടുണ്ട്. പിന്നെ ഞാനിതിവിടെഴുതുന്നതും ഈ ടോപ്പിക്കുമായി ഒരു ബന്ധവുമില്ലല്ലോ, അങ്ങിനെയുള്ള കമന്‍റുകള്‍ ഓര്‍ക്കുട്ടിലൂടയയ്ക്കാല്ലോ... അത്രേ ഞാന്‍ പറഞ്ഞുള്ളൂ.
“പിന്നെ എന്റെ നഴ്സറി മുതലുള്ള പഴയ കൂട്ടുകാര്‍ക്കൊക്കെ എന്റെ എല്ലാ വിവരവും കത്തും, ഈമെയിലും, ഫോണും ഒക്കെ വഴി അറിയാം.” - ഇത് ഗുണ്ട്... വെറും ഗുണ്ടല്ലാ, ആറ്റം ഗുണ്ട്. :) ഒരു സമാധാനം, ഇഞ്ചി ചേച്ചിക്ക് അവരേയും, അവരുടെ വിവരങ്ങളും അറിയാം എന്നൊന്നും പറഞ്ഞില്ലല്ലോ...
ഇനിയിപ്പോ വല്ല അരുന്ധതി റോയ് വല്ലതുമാണോ ഈ ഇഞ്ചി? അങ്ങിനെയുള്ളവരുടേ ഡീറ്റയിത്സ്, കൂട്ടുകാര്‍ക്കൊക്കെ സ്വാഭാവികമായും അറിയായിരിക്കും, തിരിച്ചറിയുകയുമില്ല... ആം ഐ കറക്ട്?
--
ഹഹ..നല്ല സുഖം അങ്ങിനെ കേള്‍ക്കാന്‍ റോയ് ആണൊന്ന്...ആവട്ടേ..എപ്പോഴെങ്കിലും റോയിനേം റോയിന്റെ കൂട്ടുകാരി മേധ ചേച്ചിയേയും ഒന്ന് തൊടാന്‍ പറ്റിയെങ്കില്‍ :)
ഇങ്ങിനത്തെ കമന്റുകള്‍ എന്റെ ഇഞ്ചിമാങ്ങേല്‍ ഇട്ടാല്‍ മതി. അപ്പോള്‍ പിന്മൊഴിയില്‍ വരുവുമില്ല ഞാന്‍ കാണേം ചെയ്യും..
ഹഹഹ..ഒരു ഗുണ്ട് അടിച്ചു ഇവിടെ ജീവിക്കാന്‍ സമ്മതിക്കൂലല്ലേ ഈ കൊച്ച്..! :-) കൂട്ടുകാരാരും ഇല്ലയിരുന്നു...ഒറ്റക്കാ അപ്പൊ പിന്നെ കോണ്ടാക്റ്റ് വേണ്ടല്ലൊ...:-)
ഇതൊറു ഓഫാണു..പിന്നെ ഇത്രയും നേരം എന്താ ചെയ്തത് എന്ന് ചോദിക്കരുത്;
ആക്കിയാലും മനസ്സിലാവാത്ത നിഷ് കളങ്കര്‍ ഈ ഭൂലോഗത്തും......അതോ നിഷ്കളങ്കത അഭിനയിക്കുന്നതോ.....ഹാ....കഷ്ടം...[പലരും പുറത്ത് നിന്ന് ചിരിക്കുന്നുണ്ട് കുഞ്ഞേ.....ഞാന്‍ വിട്ടു]
ഇതിനെ സുന്ദരിക്കുട്ടിയാക്കിയല്ലൊ.:)ഒരു തോണികൂടി എവിടെ നിന്നെങ്കിലും വാങ്ങൂ.
qw_er_ty
ഇഞ്ചിപ്പെണ്ണെ: ആരോ എന്റെ വേര്‍ഡ്‌പ്രസ് പേജില്‍ “ചന്ദ്രേട്ടന്‍” എന്ന വാക്ക് സെര്‍ച്ച് ചെയ്ത് വന്നിരിക്കുന്നു. ഞാനും വിചാരിച്ചു ആ വാക്കൊന്ന് നോക്കിക്കളയാമെന്ന്. ആദ്യം തുറന്നത് കൊടകരപുരാണം ബി.ബി.സി ന്യൂസ് അത് എന്താനെന്ന് പറയുന്നില്ല. രണ്ടാമതാണ് ഇവിടെ എത്തിയത്. അതും ഫ്ലോക് പേജിന്റെ സെര്‍ച്ചിലൂടെ. ആദ്യം നോക്കിയത് ആ വേര്‍ഡാണ് കണ്ടത് ചന്ദ്രേട്ടന്‍ എന്ന് ആദരപൂര്‍വം കൊടുത്തിരിക്കുന്ന ഒരു ഹൈപ്പെര്‍ ലിങ്കാണ്. പിന്നീടാണ് പോസ്റ്റ് വായിച്ചത്. കമെന്റുകള്‍ മുഴുവനും വായിച്ചില്ല. ഞാനിപ്പോള്‍ വേര്‍ഡ്‌പ്രസിലാണ് ശ്രദ്ധ കേന്ദ്രീ കരിക്കുന്നത്. കമെന്റുകളോ സന്ദര്‍ശകരുടെ എണ്ണമോ എന്നെ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല. കാലാകാലങ്ങളില്‍ എനിക്കറിയുവാന്‍ കഴിയുന്ന കാര്യങ്ങള്‍ ഞാന്‍ മറ്റുള്ളവരുടെ അറിവിലേയ്ക്കായി പോസ്റ്റുന്നു. മാസങ്ങള്‍ക്കുശേഷവും എന്റെ പഴയ പോസ്റ്റുകള്‍ പലരും തുറക്കുകയും അവിടെനിന്നും ചില മറ്റു പേജുകളിലേയ്ക്ക് പോകുകയും ചെയ്യുന്നതായി കാണാന്‍ കഴിയുന്നുണ്ട്. പലരും കമെന്റിട്ടു കഴിഞ്ഞതുകൊണ്ടാണ് അല്പം വരികള്‍ കൂടിപ്പോയത്. നന്ദു കെല്‍ട്രോണിനെ പറ്റി പോസ്റ്റിട്ടത് ഞാനും വായിച്ചിരുന്നു. പക്ഷെ ആ വിഷയവുമായി പരിചയമില്ലാത്തതുകൊണ്ട് കമെന്റിട്ടില്ല. ഞാന്‍ പലരുടെയും പോസ്റ്റുകളില്‍ അധികം കമെന്റിടാറില്ലെകിലും പലരും എന്റെ പോസ്റ്റുകളില്‍ കമെന്റിട്ട് കാണുന്നു. കാര്‍ഷിക പ്രാധാന്യമുള്ള പോസ്റ്റുകളാകയാല്‍ പലരും വായിക്കുകയും ഐ.റ്റി പ്രൊഫഷണലുകളാകയാല്‍ കമെന്റിടാതെ പോകുകയും ചെയ്യുന്നു. ആ കാലം മാറും കര്‍ഷകരും കൃഷി ശാസ്ത്രജ്ഞരും ബ്ലോഗുകളില്‍ വരുന്ന കാലം വിദൂരമല്ല.
ഇഞ്ചിയുടെ ചിന്തയില്‍ എനിക്കു തരുന്ന ആ അംഗീകാരമുള്ള സ്ഥാനം വളരെ വളരെ വിലപ്പെട്ടതുതന്നെ. നന്ദിയുണ്ട്.
http://upabhokthakkal.blogspot.com
എന്നൊരെണ്ണം തുടങ്ങിയതേയുള്ളു, അപ്പോഴേക്ക് ഇത് റീഡറില്‍ ഷെയറു ചെയ്ത് കിട്ടി
അയ്യോ, ഇത് ആന്ന് കുത്തിയിരുന്ന് വായിച്ചിരുന്നു, പക്ഷെ ഒന്നും തലയില്‍ കയറിയില്ല.. :)
ബ്ലോഗ് തുടങ്ങുന്ന സമയത്ത്, എന്റെ ‘അനുഭവങ്ങള്‍” വേറെ കിടന്നോടട്ടെ (ആരും കണ്ടില്ലെങ്കില്‍ അത്രേം നല്ലത് എന്നും കൂടി ഉണ്ടായിരുന്നു) എന്നു കരുതിയാ അത് വേറെ ബ്ലോഗാക്കിയത്. ലേബല്‍ ഇപ്പൊഴാ ഉപയോഗിയ്ക്കാന്‍ തുടങ്ങ്യേ.
ഇനീപ്പോ എല്ലാം കൂടി ഒറ്റ ബ്ലോഗിലേയ്ക്കാക്കാന്‍ ഒരു വഴി തിരഞ്ഞോണ്ടിരിയ്ക്കാണ്.
Post a Comment