2006-04-28

മനോജുട്ടന്റെ പ്രാര്‍ത്ഥന

“എന്റെ ഭഗവതീ!നാരായണനമ്മാവന്‍ പെട്ടെന്നു മരിക്കണേ!”, മനോജുട്ടന്‍ എന്നും കൈകള്‍ കൂപ്പി കണ്ണടച്ചു നെഞ്ചു ഉരുകി പ്രാര്‍ത്‌ഥിക്കും.

പന്ത്രണ്ടു വയസ്സു മുതല്‍ പ്രാര്‍ത്‌ഥിച്ചു തുടങ്ങിയതാണു അങ്ങിനെ. പതിമൂന്നു കൊല്ലമായിട്ടും ഭഗവതി പ്രാര്‍ത്‌ഥന കേട്ട മട്ടില്ല. എന്നാ‍ലും ഇത്രേം ദുഷ്ടനായ ഒരാള്‍ നരകിച്ചു മരിക്കും എന്നു മനോജുട്ടനു നൂറു വട്ടം ഉറപ്പാണു. ദുഷ്ടത ചെയ്താല്‍ കഷ്ട്ത ഫലം! ഒത്തിരി ചീത്ത വിളിച്ചു എല്ലവരേയും കുറ്റം പറഞ്ഞോണ്ടു നടന്ന, എപ്പൊഴും മുറുക്കി ചുവന്നിരുന്ന നാണിയമ്മ നാ‍ക്കിലും കവിളത്തും പുണ്ണ് വന്നു മരിച്ചതു തന്നെ തെളിവല്ലേ? അങ്ങുനെ എന്തെല്ലാം എത്ര പേരുടെ കഥകള്‍.

നാരയണന്‍ അമ്മാവനെ കാണുംബോള്‍ മനോജുട്ടന്‍ എപ്പോഴും അമ്മാവന്റെ വലതു കാലിലേക്കു ഒന്നു അറിയാതെ നോക്കിപ്പോവും. പുണ്ണു വല്ലോം ഉണ്ടോ?ആ കാലു വെച്ചല്ലേ നിറവയറായ അമ്മയെ തൊഴിച്ചതു. നിലവിളിച്ചു കൂട്ടിയിട്ടിരുന്ന നെല്ലിന്റെ കൂംബാരത്തിലേക്കു അമ്മ വീഴുന്നതു അനിയത്തിയുടെ വളഞ്ഞ കൈ കാണുംബോള്‍ മനോജുട്ടന്‍ ഓര്‍ക്കാറുണ്ടു. അനിയത്തിയുടെ കൈമുട്ടിനു മേപ്പോട്ടു സ്വല്‍പ്പം എല്ലു വളഞ്ഞാണു ഇരിക്കുന്നതു. അവള്‍ക്കെല്ലാം സ്വയം ചെയ്യുവാന്‍ പറ്റും. പക്ഷെ, അവള്‍ ജനിച്ചപ്പോള്‍ സാബു ഡോക്‌ട്ടറു ഒത്തിരി കഷ്ട്ടപ്പെട്ടാ‍ണു അത്രേം എങ്കിലും കൈ ശെരി ആക്കിയതു. അതും ഒരു നയാ പൈസ മേടിക്കതെ. അവളേം മാറോടു ചേര്‍ത്തി അമ്മേടേം അച്‌ഛന്റേയും നെഞ്ചുപൊട്ടിയുള്ള കരച്ചില്‍ കണ്ടിട്ടാവണം. അന്നു മനോജൂട്ടനും കരഞ്ഞതാണു ഒത്തിരി. അന്നു തുടങ്ങിയ പ്രാര്‍ത്‌ഥന ആണു ഭഗവതിയോടു. ഒരിക്കലും മുടങ്ങാതെ.

എന്നിട്ടും അച്‌ഛന്‍ എത്ര പെട്ടന്നാണു എല്ലാം മറന്നതു. “ദേഷ്യം വെച്ചോണ്ടു ഇരുന്നിട്ട് എന്തു കാര്യം? മനൂ?” അച്‌ഛന്‍ മനോജുട്ടനെ ഉപദേശിക്കും.അതൊക്കെ പഴയ കാര്യമല്ലേ? ഓരൊ ഓരൊ ദേഷ്യത്തിനു ഓരുരത്തര്‍ ചെയ്തു പോവുന്നതാ‍ണു എന്നാണു അച്‌ഛന്റെ ന്യായം. ഇത്രേം ദുഷ്ട്ടനായ അമ്മാവനെ അച്‌ഛന്‍ മാത്രം ആണു ആ നാട്ടില്‍ തന്നെ ന്യായീകരിച്ചു കണ്ടിട്ടുള്ളതു.

അച്‌ഛന്‍ ഇത്രേം സാധുവായിപ്പൊയതാണു പ്രശ്നം എന്നു അമ്മ പറയും. അമ്മേടെ സ്വന്തം ജ്യെഷ്ട്നോടു അമ്മക്കു തോന്നുന്ന വെറുപ്പിന്റെ ഒരു അംശം എങ്കിലും അച്‌ഛനു തോന്നിയിരുന്നെങ്കില്‍ എന്നു അമ്മ നെടുവീര്‍പ്പിടും. കാലണ പോലും തറവാട്ടീന്നു അമ്മാവന്‍ കൊടുക്കാത്തതാണു അമ്മക്കു ആ തൊഴിയെക്കാളും ദേഷ്യം. അവകാശപ്പെട്ടതു നേടിയെടുക്കാന്‍ ഒരിക്കല്‍ പോലും അച്‌ഛന്‍ ഒന്നു അമ്മാവന്റെ മുഖ:ത്തു നോക്കി ചോദിച്ചെങ്കില്‍. കേസ് കൊടുക്കാ‍ന്‍ പലരും ഉപദേശിച്ചതാണു. അച്‌ഛന്‍ ചിരിച്ചതേ ഉള്ളൂ. “സ്വന്തം രക്തത്തിനോടു യുധം ചെയ്തു ജയിച്ചിട്ടു എന്തു കാര്യം? എനിക്ക് ഈ മാഷു പണിയില്‍ നിന്നു കിട്ടുന്നതു തന്നെ മതി”. അച്‌ഛന്‍ പിന്നേയും ന്യായീകരിക്കും.

അന്നു അമ്മയെ തൊഴിച്ചപ്പോള്‍‍ മാത്രം ആണു മനോജുട്ടന്‍ അച്‌ഛനെ ഒന്നു കാര്യമായി അരിശപ്പെട്ട് കണ്ടതു. അമ്മവാനെ ശക്തമായി തള്ളിമാ‍റ്റിയിട്ടു അമ്മേയും താങ്ങി എടുത്തു ഇറങ്ങിയതാ‍ണു അച്‌ഛന്‍ അന്നു തറവാ‍ട്ടീല്‍ നിന്ന്.

“നാട്ടില്‍ എല്ലാവരുടെയും പ്രിയപ്പെട്ട മാഷ്! പക്ഷെ അതുകൊണ്ടു എന്തു കാര്യം?” അമ്മ അരിശം മൂക്കുംബോള്‍ പുച്‌ഛിക്കും.

ഇനി ഒരു രണ്ടു മണിക്കൂര്‍ കൂടി കഴിഞ്ഞാല്‍ വീടെത്തും. അച്‌ഛനും അമ്മക്കും അനിയത്തിക്കും സഞ്ചി നിറയെ സമ്മാന‍ങ്ങളുമായി ആണു ജോലിയില്‍ നിന്നു അവധി അപേക്ഷിച്ച് വീട്ടിലേക്കു തിരിച്ചതു.
ഒന്നു വീടു വരെ വരണം എന്നു അമ്മ രണ്ടു ആഴ്ച മുന്‍ബു ഒന്നു സൂചിപ്പിച്ചു. ഇനി വല്ലോ കല്യാണ ആലോചനയ്ക്കും ആണോ അമ്മയുടെ ഈ വിളി. എന്നാല്‍ അമ്മയോടു ഒരു നല്ല വഴക്കു തന്നെ ഉണ്ട് ഇത്തവണ. ജോലി കിട്ടിയ അന്നു മുതല്‍ തുടങ്ങീതാണു അമ്മയുടെ ഈ കുറുംബു.

“സാബു ഡോക്ട്രെറ ചെന്നു കാണാന്‍ പറഞ്ഞു.” വീട്ടിന്റെ പടി കയറുന്നതിനു മുന്‍ബു തന്നെ അമ്മ പറഞ്ഞു.

വൈകുന്നേരം ക്ലിനിക്കില്‍ ചെന്നപ്പൊള്‍ ഒരു മുഖവരയുമില്ലതെ സാബു ഡോക്ടുറ് പറഞ്ഞു തുടങ്ങി.
“മനോജിന്റെ അച്‌ഛനു രക്താര്‍ബുദം ആണു. വളരെയധികം താമസിച്ചു പോയിരിക്കുന്നു. ചികത്സിച്ചിട്ടൊന്നും യാതൊരു കാര്യവുമില്ല. വെറുതേ കുറെ മരുന്നുകള്‍ കുത്തി വെ‌ച്ചു ആ ശരീരത്തെ പീഡിപ്പിക്കാം എന്നല്ലാതെ....” പിന്നീടുള്ളതൊന്നും കേട്ടില്ല.

അച്‌ഛന്‍‍ അംബത്തി മൂന്നാം വയസ്സില്‍, ഒരു കൊല്ലം മുഴുവന്‍ നരകി‌ച്ചു നരകിച്ചു വേദന തിന്നു മരിച്ചു. “ആരെങ്കിലും എന്നെ ഒരു കൊന്നു തരുവോ” എന്നു വേദന കൊണ്ടു പുളയുംബോള്‍ അച്‌ഛന്‍ കരഞ്ഞ് ചോദിക്കുന്നതു ചിതക്കു തീ കൊളുത്തുംബോള്‍ മനോജൂട്ടന്‍ അറിയാതെ ഓര്‍ത്തുപോയി.

മരിച്ചപ്പോഴും ശ്രാദ്‌ധത്തിനും നാരായണനമ്മാവന്‍ വന്നിരുന്നു. എണ്‍പത്തിഎട്ടാം വയസ്സിലും ചുറുചുറുക്കിനു യാതൊരു കുറവുമില്ലാതെ ആരോഗ്ഗ്യവാനായി, എല്ലാവരോടും കുശലം പറഞ്ഞും പഴയ ആ തലയെടുപ്പോടെ.

ഭഗവതിയോടുള്ള ആ പ്രാര്‍ത്‌ഥന ഒരു കൊല്ലം മുംബു സാബു ഡോക്ട്രുടെ ക്ലിനിക്കില്‍ നിന്നു ഇറങ്ങിയതിനു ശേഷം പിന്നീടു ഒരിക്കല്‍ പോലും മനോജൂട്ടന്റെ മനസ്സില്‍ തോന്നിയിട്ടില്ല. ആ‍രും നരകിച്ചു മരിക്കരുതേ,അതു കാണേണ്ടി വരരുതേ എന്നു മാത്രമെ ഇപ്പൊ ഭഗവതിയോടു വല്ലപ്പോഴും പ്രാര്‍ത്‌ഥിക്കുംബോള്‍ ആവശ്യപ്പെടാറുള്ളൂ.

1 പ്രതികരണങ്ങള്‍:

Inji Pennu said...

18 comments:
ബിജു വര്‍മ്മ said...
നന്നായിട്ടുണ്ട് കേട്ടോ എല്‍ജീ.

ഇങ്ങനെ ഓരോന്നു വായിച്ചിരിക്കാനാ എനിക്കിഷ്ടം. സമയം പോലെ ഇനിയുമെഴുതുക.

10:18 PM, April 28, 2006
കണ്ണൂസ്‌ said...
ഉം...

ഇനിയും എഴുതൂ എല്‍.ജി. നന്നായിരിക്കുന്നു.

3:09 AM, April 30, 2006
Inji Pennu said...
നന്ദി ഞാന്‍ ആരോടു ചൊല്ലേണ്ടു?
മലയാളം ബ്ലോഗെഴുതാം എന്നു കണ്ടു പിടിച്ചവരോടൊ?...
അതൊ,
പിന്മൊഴിയെകുറിച്ചെനിക്കു പറഞ്ഞു തന്ന കുട്ട്യേടത്തിയോടൊ?...
അതൊ,
എന്റെ ബ്ലോഗില്‍ കമന്റി എന്നെ പ്രോത്സാഹിപ്പിക്കുന്നവരോടൊ?...
നന്ദി ആരോടു ഞാ‍ന്‍ ചൊല്ലേണ്ടു?

12:41 AM, May 04, 2006
വക്കാരിമഷ്‌ടാ said...
അതേയ്, തല്‍‌ക്കാലം നാനിയൊക്കെ അവര്‍ക്ക് കൊടുത്തിട്ട് ഒള്ള മാനിയെത്രയാന്നു വെച്ചാ നമുക്ക് സെറ്റിലുചെയ്യാം... നാനിയാരോടു ഞാന്‍ ചൊല്ലേണ്ടൂ എന്ന പാട്ടുമിട്ട്.

വാര്‍ഡ് വരിഫിക്ക്യേഷ്യനും കൂടി ഇട്ടോളൂട്ടോ

12:47 AM, May 04, 2006
Inji Pennu said...
ഇനി എന്താണു ഈ നാനി? ദൈവമേ! ഈ ബ്ലോഗ്ഗുകളില്‍ നിന്നു ഇനി എന്തെല്ലം പഠിക്കണം.

3:40 PM, May 04, 2006
Kuttyedathi said...
ഹാഹാ.. എല്‍ജീസേ ബ്ലോഗില്‍ നിന്നെന്തെല്ലാം പഠിക്കാന്‍ കെടക്കണു. അടിയൊന്നുമായിട്ടില്ല മോളേ, വടി വെട്ടാന്‍ പോയിട്ടേയുള്ളൂ:)

പണ്ടൊരു സായിപ്പിനെ വള്ളക്കാരന്‍ കടത്തു കടത്തി വിട്ടപ്പോ സായിപ്പു ച്വാദിച്ചു. "നാനി വേനോ മാനി വേനോ" (നന്ദി വേണോ മണി വേണോ എന്ന്)

നാനി എന്തോ വല്യ സംഭവം എന്നോര്‍ത്ത വള്ളക്കാരന്‍ പറഞ്ഞു നാനി മതി.

'താങ്ക്സ്‌, ഐ അപ്രീഷിയേറ്റ്‌..' എന്നൊക്കെ പറഞ്ഞിട്ടു സായിപ്പു പോയി.

ഈ വക്കാരിയിങ്ങനെയാ... പിച്ചും പേയും പറഞ്ഞുകൊണ്ടേയിരിക്കും. കുറച്ചു നാളെടുക്കും എല്ലാമൊന്നു മനസ്സിലാക്കി വരാന്‍:)

4:02 PM, May 04, 2006
വക്കാരിമഷ്‌ടാ said...
എല്‍ജീ, വളരെ നല്ല കഥ കേട്ടോ.. അതുപറഞ്ഞില്ല നേരത്തേ.

എന്തായാലും തക്ക സമയത്ത് കുട്ട്യേടത്തി വന്നതുകൊണ്ട് രക്ഷപെട്ടു. നാനി-മാനി കണ്‍‌ഫ്യൂഷനൊക്കെ മാറിയല്ലോ. എന്നാല്‍...ഇനി...സെറ്റില്‍....

ഉമേഷ്‌ജി, കുമാര്‍‌ജി എന്നൊക്കെ ബഹുമാനിക്കുന്നതുപോലെ എല്ലിന്റെ ബഹുമാനമാണോ എല്ല്‌ജീ-അതോ എല്ല്‌ജിജീ എന്നാണോ ആവോ..

ചുമ്മാതാണേ... ഞാനിങ്ങനെ....പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ...ഇവിടേം..അവിടേം..ഇങ്ങിനെ...വെറുതെ...ങൂഹൂം..പ്‌ശ്‌ച്

12:26 AM, May 05, 2006
ഉമേഷ്::Umesh said...
വക്കാരീ, നീയെന്റേന്നു വേടിക്കൂംന്നാ തോന്നുന്നേ...

കുമാര്‍ജിയുടെയും ഉമേഷ്ജിയുടെയും കൂടെ ഡീ. ഓ. ജി. യെ കൂട്ടിയില്ലല്ലോ, ഭാഗ്യം!

12:29 AM, May 05, 2006
വക്കാരിമഷ്‌ടാ said...
ഹ..ഹ.. ഉമേഷ്‌ജീ, ഡി.ഓ.ജീടെ കാര്യം അങ്ങ് കത്തിയില്ല.. ഞാന്‍ എത്രമാത്രം നേരാ വാ പോ വാ ഒന്നു പോ സ്റ്റൈലാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ....

12:49 AM, May 05, 2006
Kuttyedathi said...
ഉമേഷ്ജി,

മേടിക്കും എന്നാണോ വേടിക്കും എന്നാണോ ? ഇതിലേതാണു ശരി ? തിരുവനന്തപുരം ആളുകള്‍ പറഞ്ഞാണു ഞാന്‍ വേടിക്കും കേട്ടത്‌. അവര്‍ പൊതുവെ മിക്ക വാക്കുകള്‍ക്കും അവരുടേതായ ഒരു രീതി കൊടുക്കാറുള്ളതുകൊണ്ട്‌ മേടിക്കും തന്നെയായിരിക്കും ശരി എന്നോര്‍ത്തു. പക്ഷേ ഇപ്പോ ഉമേഷ്ജി വേടിക്കും പറഞ്ഞപ്പോ കണ്‍ഫ്യൂഷ്യസായി!

ആരെങ്കിലും പറഞ്ഞു തരൂ. ഏതാണു ശരി ?

11:33 AM, May 05, 2006
ഉമേഷ്::Umesh said...
കുട്ട്യേ,

ഞാന്‍ “മേടിക്കും” എന്നേ പറയാറുള്ളൂ. ഇവിടെ ഞാന്‍ വി. കെ. എന്‍-ന്റെ പയ്യന്‍ കഥകളില്‍ ഇട്ടൂപ്പു് പയ്യനോടു പറയുന്നതു് ഉദ്ധരിച്ചതാണു്. ഇട്ടൂപ്പു ഡെല്ലിയ്ക്കു വരുന്ന ഒരു കഥയിലുള്ളതാണിതു്. അതു പോലെ, “എടാ” എന്നതിനു “ഡാ”, “എടോ” എന്നതിനു “ഡോ” തുടങ്ങിയവയും ഇട്ടൂപ്പിന്റെ ഭാഷയാണു്.

ഇതു തിരുവന്തോരം ഭാഷയല്ല, തൃശ്ശൂര്‍ ഭാഷയാണു്. സാധാരണ ഞാനിതു തൃശ്ശൂര്‍ക്കാരോടേ (വിശാലന്‍, സിബു) പറയാറുള്ളൂ. ഈ വക്കാരി ഏതു കോത്താഴത്തുകാരനാണെന്നാര്‍ക്കറിയാം!

1:02 PM, May 05, 2006
Kuttyedathi said...
അപ്പോള്‍ മേടിക്കും എന്നതാണോ ശരി.

കോത്താഴത്തുകാരെ ഭൂലോക മണ്ടന്മരെന്നു വിളിക്കാനുള്ള കാരണങ്ങള്‍ പണ്ടെന്നോ കേട്ടിട്ടുണ്ട്‌. എണ്ണി എണ്ണിയുള്ള പത്തു കാരണങ്ങളിലൊന്നും ഓര്‍മ്മയിലില്ല. അല്‍ഷിമേര്‍സിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ ഇനിയും കണ്ടു തുടങ്ങാത്ത ആര്‍ക്കെങ്കിലും ഓര്‍മ ഉണ്ടെങ്കില്‍ പറഞ്ഞു തരൂ.

ഇനിയീ വക്കാരി മ്മടെ സുകുമാര ക്കുറുപ്പോ മറ്റോ ആരിക്കുമോ ? മൊത്തം നിഘൂഡത ...

2:13 PM, May 05, 2006
ജേക്കബ്‌ said...
അപ്പൊ "വാങ്ങിക്കും" എന്നതോ?

3:10 PM, May 05, 2006
സന്തോഷ് said...
ഭാഷയുടെ ഇത്തരം വകഭേദങ്ങള്‍ എല്ലാം തന്നെ ശരിയാണ്.

3:29 PM, May 05, 2006
പെരിങ്ങോടന്‍ said...
എം.ടിയുടെ വളരെ പ്രശസ്തമായ ഒരു കഥയുണ്ടു്, ഒരു പിറന്നാള്‍ എന്ന ആ കഥയെയാണു തുടക്കം വായിച്ചപ്പോള്‍ എനിക്കു പെട്ടെന്നു ഓര്‍മ്മ വന്നതു്. തന്റേതായ രീതിയില്‍ നന്നായി എഴുതിയിരിക്കുന്നു എല്‍.ജീ. ആശംസകള്‍!

2:41 AM, May 10, 2006
Inji Pennu said...
പെരിങ്ങോടരേ,

ഒത്തിരി ഒത്തിരി നന്ദി. എം.ടി യുടെ കഥ വായിച്ചു. എം.ടി.യുടെ “ഒരു വടക്കന്‍ വീരഗാഥ” സിനിമാ കണ്ടിട്ടുണ്ടു. ഒന്നും വായിക്കന്‍ ഭാഗ്യം കിട്ടീട്ടില്ല. ഇങ്ങിനെ വേറെ എവിടെയെങ്കിലും അദ്ദേഹത്തിന്റെ കളക്ഷന്‍സ് ഉണ്ടോ? ഒന്നു വായിക്കാല്ലോ? പ്ലീസ്

4:25 PM, May 17, 2006
പെരിങ്ങോടന്‍ said...
വേണേല്‍ എം.ടിയുടെ ഒരു അമേരിക്കന്‍ കഥയായ “ഷെര്‍ലക്ക്” ഞാന്‍ അയച്ചു തരാം.

8:47 AM, May 25, 2006