തെങ്ങോലത്തലപ്പുകളില്‍ നിന്ന് ആകാശം പിച്ചിചീന്തി പിച്ചിചീന്തി വീഴുന്നതു നോക്കി ട്രീസ നടക്കും. മമ്മയുടെ കൈ പിടിച്ച്, പള്ളിയിലേക്ക്. ഒരിടവഴി, പിന്നെയൊരിടവഴി, പിന്നെ വീതിയുള്ള വലിയ വാഹനങ്ങളുടെ പുക കൊണ്ട് മൂടിയ മെയിന്‍ റോഡും കടന്ന്‍ പൂഴിമണലുകൊണ്ട് മുറ്റം നിറയേ വിതറിയ, ഇത്രയും വെളുത്തിരുന്നെങ്കില്‍ മമ്മയ്ക്കും മാതാവിന്റെ മുഖമായിരുന്നേനെ എന്ന് പള്ളിമുറ്റത്തെ രൂപക്കൂട്ടില്‍ എന്നും രാവിലെ മെഴുകുതിരി കത്തിച്ച് വെയ്ക്കുമ്പോള്‍ ഓര്‍ത്ത്, ഈശോപ്പാ കാത്തോളണേ എന്ന് കണ്ണടച്ച് ഒന്ന് ദീര്‍ഘനിശ്വാസത്തോടെ പ്രാര്‍ത്ഥിച്ച് തിരിച്ചു നടക്കും, മമ്മയുടെ കൈ പിടിച്ച്. പള്ളിമുറ്റത്തെ റോഡിലൂടെ തിരിച്ച് നടന്ന് പിന്നെ ചെറിയ മരപ്പാലത്തിലൂടെ എളുപ്പവഴിയുണ്ട് ട്രീസയുടെ വീട്ടിലേക്ക്.
പിന്നിടുന്ന ഇടവഴികള്‍ നിറയേ വീടുകളാണ്, നിറയേ മതിലുകളും, മതിലുകള്‍ നിറയേ പരസ്യങ്ങളും. ഒന്ന് ആലൂക്കാസിന്റെ, ഒന്ന് ഹൈപ്പോണ്‍ ജെനറേറ്ററിന്റെ, പിന്നെ ഒന്ന് ഒരാളുടെ മുഖം പാതി വലിച്ച് കീറിയ പടം, പിന്നെ നിറയേ വെള്ളയും ഇളം മഞ്ഞ നിറമുള്ള മതിലുകളും. പരസ്യം പതിയ്ക്കരുത് എന്ന് ട്രീസ ഉറക്കേ വായിക്കും. എത്ര പരസ്യം പതിക്കരുത് ഉണ്ടെന്ന് എണ്ണി നോക്കും, വീടെത്തുമ്പോഴേക്കും എപ്പോഴും തെറ്റും, തേര്‍ട്ടി റ്റൂ വരെ എണ്ണിയെന്നത് ശരിയാണെന്ന് ഒരു ദിവസം കരുതിയിപ്പോഴേയ്ക്കും പിന്നെയത് എണ്ണി നോക്കിയപ്പോള്‍ തേര്‍ട്ടി ഫൈവായി. ശ്ശൊ, മമ്മാ എണ്ണം തെറ്റി എന്ന് പറയുന്നത് മമ്മ ശ്രദ്ധിക്കില്ല, മിനിയാന്റിയോട് വര്‍ത്തമാനം പറഞ്ഞ് നടക്കുകയായിരിക്കും മമ്മ അപ്പോള്‍. മതിലുകളില്‍ ചുള്ളിക്കമ്പ് കൊണ്ട് ഉരച്ച് മമ്മയുടെ കൈ പിടിച്ചും ചിലപ്പോള്‍ കൈ വിടുവിച്ചും മറ്റു ചിലപ്പോള്‍ മമ്മയുടെ പിച്ചു വാങ്ങിയും ട്രീസ ലോകം കാണും.
അങ്ങിനെയൊരു ഇടവഴിയിലങ്ങിനെയെപ്പോഴോ ട്രീസ എണ്ണം മറന്നുപോയി, വഴി മറന്നു പോയി ഒരു ദിവസം നിന്നത് വെളുത്ത ഒരാട്ടിങ്കുട്ടിയെ കണ്ടയന്നാണ്. അന്നു വരെ കേട്ടിട്ടില്ലാത്തൊരു വികൃത ശബ്ദത്തില്‍ കരയുന്ന, പഞ്ഞിച്ചുരുളുകള്‍ ഒട്ടിച്ചു വെച്ചതു പോലെയുള്ള ഒരാട്ടിന്‍ങ്കുട്ടി. കരയുന്ന ആടിനു ചുറ്റും കുറച്ച് ആളുകള്‍ ചുറ്റും കൂടി നിന്ന് കലപിലാന്ന് പറയുന്നുണ്ടായിരുന്നത് വകവെയ്ക്കാതെ മമ്മയുടെ കൈ പെട്ടെന്ന് വിടുവിച്ച് ട്രീസ കൂടി നിന്നവരുടെ കാലുകളുടെ ഇടയിലേക്ക് ഊളിയിട്ടു. ബേബി ഡോളിന്റെ പോലെ കണ്ണുകളുള്ള ആട്ടിങ്കുട്ടി. നല്ല കടും ചുവപ്പ് ചുണ്ടുകള്‍ പിളര്‍ത്തി കഴുത്ത് വലിഞ്ഞ് കരയുന്നതു, ഇമ വെട്ടാതെ നോക്കി നിന്നിരുന്നതില്‍ നിന്നും മമ്മയുടെ പിച്ച് കിട്ടിയപ്പോഴാണ് കണ്ണെടുത്തത്.
അന്നു മുതല്‍ അപ്പയോട് മമ്മയോട് അച്ചാച്ചനോട് ആട്ടിങ്കുട്ടിയെപോലെ ചുണ്ടു പിളര്‍ത്തി നിറുത്താതെ നാലു ദിവസം ട്രീസ കരഞ്ഞു. ആട്ടിങ്കുട്ടിയെ മേടിച്ച് തരാമെന്ന് ഉറപ്പ് കിട്ടുന്നതുവരെ ട്രീസ രാവും പകലും കഴുത്ത് വലിഞ്ഞു മുറുകി നിലവിളിച്ചു. കരയുന്നതിനു അടി കിട്ടുമ്പോള്‍ ശബ്ദം താഴ്ത്തി ഏങ്ങി ഏങ്ങി കരഞ്ഞു. 'കുഞ്ഞിനു വല്ല അസുഖവും വരുമെന്ന്' അച്ചാച്ചന്‍ പറഞ്ഞത് അപ്പ തലയാട്ടി മൂളിക്കേട്ടു. അങ്ങിനെ നാലു ദിവസത്തിന്റെ കണ്ണീരിലാണ് ട്രീസയുടെ വീട്ടില്‍ ആട്ടിങ്കുട്ടി വന്നത്.
ട്രീസയുടെ വീട് അഞ്ചു സെന്റിലാണ്. രണ്ട് നിലയുള്ള വലിയ ചുമരുകളുള്ള മാളികവീട്. വീടിന്റെ മുന്‍വശത്തെ കാര്‍ഷെഡ് മുന്‍പിലുള്ള വലിയ ഗേറ്റിനെ തൊട്ട് തൊടാതെ നില്‍ക്കും. മഴവെള്ളം കാര്‍ഷെഡിന്റെ മുകളില്‍ നിന്ന് അതിന്റെ ചെറിയ പൈപ്പിലൂടെ ഗേറ്റിന്റെ വെളിയിലോട്ട് ചീറ്റും. അത് ഗേറ്റിന്റെ ഉള്ളിലോട്ട് വീണിരുന്നുവെങ്കില്‍ എന്ന് ട്രീസ ആലോചിക്കാറുണ്ട്.
അഞ്ചു സെന്റ് നിറയേ വീടാണ്. കോണ്‍ക്രീറ്റ് ചെയ്ത വലിയ ഒരു വീട്, വീടിനു അരാഞ്ഞാണം കെട്ടിയതുപോലെ ശ്വാസം മുട്ടി നില്‍ക്കുന്ന കൂറ്റന്‍ മതിലും. ട്രീസയുടെ വീടിന്റെ മുകളില്‍ നിന്നു നോക്കിയാല്‍ ഇടതേവശത്ത് ഓരോലമേഞ്ഞ പുര കാണാം. ട്രീസയുടെ വീട്ടില്‍ എന്തെങ്കിലും ആഘോഷം ഉണ്ടാവുന്ന സമയത്തുള്ള ആളുകള്‍ ആ ഓലമേഞ്ഞ ചെറിയ വീട്ടില്‍ എപ്പോഴും താമസിക്കാറുണ്ട്. മമ്മ ശ്രദ്ധിക്കാത്തപ്പോള്‍ ട്രീസ എപ്പോഴും താഴത്തെ ഓലമേഞ്ഞ വീട് നോക്കി ജനല്‍പ്പടിയിന്മേല്‍ കിടക്കും. എന്നും എന്തോ കാര്യമായ ആഘോഷം ആയിരിക്കുമവിടെയെന്ന് ട്രീസയ്ക്കറിയാം. അവരുടെ വീട്ടില്‍ പോകുവാന്‍ പറ്റിയെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ടെങ്കിലും ട്രീസയ്ക്കെന്തോ മമ്മയോട് ചോദിക്കാന്‍ ഇതു വരെ തോന്നിയിട്ടില്ല.
ചില കാര്യങ്ങള്‍ അങ്ങിനെയാണ്, ആട്ടിങ്കുട്ടിയ്ക്ക് വേണ്ടി കരയാമെന്ന്‍ ട്രീസയ്ക്ക് ആരും പറയാതെ അറിയാം. പക്ഷെ ആ വീട്ടില്‍ പോകണമെന്ന് ചോദിക്കാന്‍ പോലും പാടില്ലായെന്നും ട്രീസയ്ക്ക് ആരും പറയാതെ അറിയാം.
വലിയ പെരുന്നാള്‍ വരുമ്പോള്‍ അവിടുത്തെ നസീമാന്റി മഞ്ഞ നിറമുള്ള മൂക്ക് മയങ്ങിപ്പോവുന്ന മണമുള്ള ബിരിയാണിയും നെയ്ച്ചോറും, വെളിയില്‍ ഒരു വലിയ മേശയില്‍ നിലാവില്‍ അടിച്ച പൊറോട്ടയും കറിയും കൊണ്ടു വരും. 'അയ്യോ ഇത് വേണ്ടായിരുന്നൂ നസീമാ!' എന്ന് എപ്പോഴും എല്ലാ പെരുന്നാളിനും മമ്മ പറയും. മമ്മ വെറുതേ പറയുന്നതാണ്. പെരുന്നാളായാല്‍ നസീമാന്റി ബിരിയാണി കൊണ്ടു വരുമെന്ന് കരുതി മമ്മ അന്ന് വീട്ടില്‍ ചോറ് വെയ്ക്കാറില്ല. എന്നാലും എല്ലാ പെരുന്നാളിനും മമ്മ നസീമാന്റിയെ ചോറ് കൊണ്ടു വരുന്നതിനു വഴക്ക് പറയും. ട്രീസ കാത്തിരിയ്ക്കും നസീമാന്റിയുടെ മണമുള്ള ചോറിനു. വേറൊരു രുചിയാണ്. എന്തു സുഖമായിരിക്കും നസിമാന്റിയ്ക്കും അവിടെ എന്നും ആഘോഷിക്കുന്നവര്‍ക്കും. 'അവര്‍ക്ക് എന്നും കഴിക്കാം ഈ നെയ്ചോറ് അല്ലേ മമ്മാ' എന്ന് ട്രീസ ചോദിക്കുമ്പോള്‍ മമ്മ പതിയേ ട്രീസയെ തലോടും.
നസീമാന്റിയുടെ ഭര്‍ത്താവാണ് ട്രീസയ്ക്ക് ഒരാട്ടിങ്കുട്ടിയെ കൊണ്ടു വന്നത്. വെയില്‍ മങ്ങിയൊരു ഉച്ച നേരത്ത് ഒരു നീണ്ട കയറിന്റെ അറ്റത്ത് കാലെല്ലാം പിന്നിലോട്ട് വലിച്ച് മുറുക്കി നില്‍ക്കുന്ന പഞ്ഞിക്കെട്ടിനെ ട്രീസ കണ്ടതും, ട്രീസ മമ്മയെ വട്ടം പിടിച്ചു. 'എനിക്ക് തൊടണം മമ്മാ, എനിക്ക് ആട്ടിങ്കുട്ടിയെ തൊടണം മമ്മാ.'
അടുത്തു ചേര്‍ത്ത് ഞെക്കിപിടിക്കുമ്പോള്‍ പതുപതുത്തിരിക്കുന്ന ആട്ടിങ്കുട്ടി. പക്ഷെ അങ്ങിനെ പിടിക്കുന്നത് അതിനു ഇഷ്ടമല്ലാത്തതുപോലെ അതു കുതറി. എന്നാലും മമ്മ കയറിന്റെ അറ്റം പിടിച്ച് മുഖം മാറ്റി പിടിച്ചപ്പോള്‍ ട്രീസ അതിന്റെ വയറില്‍ ഞെക്കിപ്പിടിച്ചു. അത് ശ്വാസം കിട്ടാത്തതുപോലെ പിടഞ്ഞു.
ആടിനെ കെട്ടാന്‍ ഒരു പറ്റിയ സ്ഥലം അന്വേഷിച്ച് മമ്മയും നസീമാന്റിയും വീടിനു ചുറ്റും നടന്നു നോക്കി.
‘അല്പം വെയിലും വെളിച്ചവും കിട്ടുന്ന ഒരു സ്ഥലം വേണം, അല്ലെങ്കില്‍ പിന്നെയവിടെയെല്ലാം നാറും’ നസീമാന്റി പറഞ്ഞു.
'ഇതിനെ എവിടെ ഇനി കെട്ടും നസീമാ, ഈ പെണ്ണിന്റെ ഓരോ തുള്ളല്‍. അതിനു കൂട്ട് നില്‍ക്കാന്‍ അച്ചാച്ചനും' അമ്മ മിനിയാന്റിയോട് പറയുന്നതുപോലെ നസീമാന്റിയോടും പറഞ്ഞുകൊണ്ടിരുന്നു, നിറുത്താതെ.
ഒരാള്‍ക്ക് കഷ്ടി നടന്നു പോകാവുന്ന സ്ഥലമേയുള്ളൂ വീടിനു ചുറ്റും. എങ്കിലും അടുക്കള ഭാഗത്തോട് ചേര്‍ന്ന് മതിലൊന്ന് വളയുന്ന ഒരു ഓരത്ത് ഒരു ചെറിയ കുറ്റിയിന്മേല്‍ ആട്ടിങ്കുട്ടിയെ കെട്ടി.
ട്രീസ ആട്ടിങ്കുട്ടിക്ക് മുന്നില്‍ കുറച്ച് നേരം കൈ താടിയ്ക്ക് കൊടുത്ത് കുത്തിയിരുന്നു. പിന്നെ കൈകള്‍ നിലത്ത് കുത്തിനിറുത്തി കാലുകള്‍ കൊണ്ടു മുട്ടുകുത്തി അതിന്റെ മുഖത്തോട്ട് ഉറ്റു നോക്കി. പിന്നെ പതിയേ എഴുന്നേറ്റ് കയ്യിലെ മണ്ണ് ഉടുപ്പില്‍ തുടച്ച് ആട്ടിങ്കുട്ടിയുടെ പുറകില്‍ പോയി നോക്കി നിന്നു. പിന്നെ വട്ടം നടന്നു നോക്കി.
അപ്പോഴേക്കും മമ്മ കഞ്ഞിവെള്ളവും നസീമാന്റിയില്‍ നിന്നു വാങ്ങിയ വലിയ ഇലകളും കൊണ്ടു വന്നു കൊടുത്തു . ട്രീസയോട് കൊടുക്കാന്‍ പറഞ്ഞപ്പോള്‍ ട്രീസയ്ക്ക് ആകെ നാണമായി. 'ആഹാ, അപ്പൊ ഇതിനാണോ ആട്ടിങ്കുട്ടിയെ വേണമെന്ന് പറഞ്ഞത്?' നസീമാന്റി കളിയാക്കി.
ട്രീസ കണ്ണെടുക്കാന്‍ പേടിച്ച് ആട്ടിങ്കുട്ടിയെ കുത്തിയിരുന്ന് നോക്കിക്കൊണ്ടേയിരുന്നു. അന്ന് രാത്രി മുഴുവന്‍ ട്രീസ ഉറങ്ങാതെ കിടന്നു, ജനലില്‍ തല ചേര്‍ത്തു വെച്ച് ശബ്ദം കേള്‍ക്കാമോയെന്ന് കാതോര്‍ത്തു. ഇപ്പോള്‍ ആട്ടിങ്കുട്ടി എന്തെടുക്കുകയാവും, ഉറങ്ങുന്നത് എങ്ങിനെയാവും എന്ന് അലോചിച്ചിട്ട് ട്രീസയ്ക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. ഇനി നാളെ രാത്രിയില്‍ ഉറങ്ങുമ്പോള്‍ പതിയേ ചെന്ന് നോക്കണം എന്ന് ട്രീസ ഓര്‍ത്തു. കണ്ണടച്ചുറങ്ങുമ്പോള്‍ ആട്ടിങ്കുട്ടിക്ക് വെളുത്ത നിറം തന്നെയായിരിക്കുമോ ആവോ?
അടുത്ത ദിവസം അതിരാവിലെ ട്രീസ ഞെട്ടിയാണെഴുന്നേറ്റത്, മമ്മ വിളിക്കാതെ തന്നെ. 'മമ്മാ ആട്ടിങ്കുട്ടി എന്തിയേ' എന്ന് കതക് വലിച്ചടച്ച് ഓടിയണച്ച് അടുക്കളയുടെ പുറക് വശത്തോട്ട് പരക്കം പാഞ്ഞ് ചെന്നു. 'എഴുന്നേറ്റപ്പോ കുരിശ് വരപ്പിച്ചില്ലല്ലോ മോളെ' എന്നും പറഞ്ഞ് മമ്മ പിന്നാലെ ഓടി ചെന്ന് കുരിശു വരപ്പിച്ചു, കൈ കൂപ്പി പിടിച്ച് ട്രീസ ആട്ടിങ്കുട്ടിക്ക് സ്തുതി കൊടുത്തു. മമ്മ അതും നോക്കി നിന്ന് ഒരുപാട് ചിരിച്ചു. പിന്നെ ചിരിച്ചുകൊണ്ട് അടുക്കളയിലോട്ട് മറഞ്ഞു. ഇനി പള്ളിയില്‍ പോവുമ്പോള്‍ മിനിയാന്റിയോട് ഇതു പറഞ്ഞു മമ്മ ചിരിക്കുമെന്ന് ട്രീസയ്ക്ക് ഉറപ്പായി. അച്ചനോടും സിസ്റ്റര്‍മാരോടും പോലും ഇനിയിതു പറയും.
മമ്മ പോയിക്കഴിഞ്ഞപ്പോഴാണ് ട്രീസ കാണുന്നത്, ആട്ടിങ്കുട്ടി നിന്നിരുന്ന ഭാഗത്തെല്ലാം വലിയ കടുകു പോലെ കറുത്തതെന്തോ ഉരുണ്ടു ഉരുണ്ട് കിടക്കുന്നു. ഒരെണ്ണം എടുത്ത് ഇതെന്താ മമ്മാ എന്ന് ചോദിക്കാന്‍ ചെന്നതാണ്, മമ്മ കാറിത്തുപ്പി നല്ല പിച്ചു പിച്ചി. പിന്നെ ട്രീസയുടെ കൈകള്‍ സോപ്പിട്ട് ഉരച്ച് കുറേ വട്ടം കഴുകിപ്പിച്ച് മമ്മ മണത്തു നോക്കി തൃപ്തിപ്പെട്ടു. 'ഇന്നിനി ഭക്ഷണം സ്പൂണില്‍ കഴിച്ചാല്‍ മതി. ഇങ്ങിനെയൊരു പെണ്ണ് ', മമ്മ മിനിയാന്റിയോട് പറയുന്നതുപോലെ നിറുത്താതെ പറഞ്ഞ് കൊണ്ടിരുന്നു.
ട്രീസ പിന്നേയും ചെന്ന് ആട്ടിങ്കുട്ടിയുടെ മുന്‍പില്‍ കുത്തിയിരുന്നു, കണ്ണെടുക്കാതെ. എന്നെ കാണുന്നുണ്ടോ എന്ന് ആട്ടിങ്കുട്ടിയുടെ കണ്ണില്‍ നോക്കി കുറേ വട്ടം ചോദിച്ചു നോക്കി. ഒത്തിരി അടുത്തു പോകുവാന്‍ ട്രീസയ്ക്ക് പേടിയായെങ്കിലും ആ കണ്ണാടിപോലെയുള്ള കണ്ണുകളില്‍ ട്രീസയെ കാണുന്നുണ്ടോയെന്ന് അറിയാന്‍ കഴുത്ത് മാത്രം നീട്ടി ട്രീസ സൂക്ഷിച്ചു നോക്കി. ട്രീസയുടെ മേല്‍നോട്ടത്തില്‍ കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ആദ്യം ആട്ടിങ്കുട്ടി പതിയേ കാലുകള്‍ ഓരോന്നായി നിലത്ത് നിന്ന് പൊക്കി പൊക്കി ചെറിയ എന്തോ ശബ്ദം പുറപ്പെടുവിച്ചു തുടങ്ങി. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ അത് ഉച്ചത്തില്‍ നിലവിളിക്കാന്‍ തുടങ്ങി. ട്രീസ ഭയന്നു പിന്നോട്ട് വീണു പോയി. മമ്മ വേഗം കുറച്ച് ഇലകളും വെള്ളവും കൊണ്ടു വന്നു അതിന്റെ അടുത്തേയ്ക്ക് നീക്കിവെച്ചു. ആട്ടിങ്കുട്ടി അതൊന്നും ഗൌനിക്കാതെ കരച്ചില്‍ തുടര്‍ന്നു. 'ഇതെന്താ ഇങ്ങിനെ കരയുന്നേ? ഇതിന്റെ തള്ളയെ കാണാഞ്ഞിട്ടാവോ' മമ്മ പരിഭ്രമിച്ചു. ആട്ടിങ്കുട്ടി നൃത്തം ചവിട്ടുന്നതുപോലെ ഓരോ കാലും ഉയര്‍ത്തി വാവിട്ട് നിറുത്താതെ നിലവിളിച്ചുകൊണ്ടുമിരുന്നു.
വളരെ ദയനീയമായി തൊണ്ട പൊട്ടുന്ന പോലെയാണ് ആട്ടിങ്കുട്ടി നിറുത്താതെ കരഞ്ഞു കൊണ്ടിരുന്നത്. കെട്ടിയിരിക്കുന്ന കയര്‍ പൊട്ടിച്ചൂരാന്‍ അത് കഴുത്തു കൊണ്ട് വലിച്ചുകൊണ്ടിരുന്നു. കയറുരഞ്ഞ് അതിന്റെ കഴുത്തില്‍ ചെറുതായി പാട് വീണു. നിറുത്താതെ ഈ കുന്തം ഇങ്ങിനെ കരഞ്ഞ് മനുഷ്യനു സ്വൈര്യക്കേടുണ്ടാക്കുമെന്ന്, മമ്മ അന്നു മുഴുവന്‍ ട്രീസയേയും ആട്ടിങ്കുട്ടിയേയും വഴക്ക് പറഞ്ഞുകൊണ്ടിരുന്നു . മമ്മയുടെ വഴക്ക് കേട്ടിട്ടും അത് കൂസലില്ലാതെ അലറിവിളിച്ച് നിറുത്താതെ കരഞ്ഞു. എന്തിനാണ് ഇതുപോലെ കരയുന്നതെന്ന് ആര്‍ക്കും മനസ്സിലായതുമില്ല. എന്തിനാ കരയണേ, ഇന്നാ വെള്ളം എന്നൊക്കെ കുറേ തവണ ട്രീസ പറഞ്ഞു നോക്കി. എന്നിട്ടും നിറുത്താതെ ആയപ്പോള്‍ ട്രീസയും ആരും കാണാതെ കേള്‍ക്കാതെ വിതുമ്പിപ്പോയി. നേരം ഇരുട്ടിയപ്പോഴേയ്ക്കും കരച്ചിലടക്കി അട്ടിങ്കുട്ടി പതിയേ തളര്‍ന്ന് വീണു. ആട്ടിങ്കുട്ടി ഉറങ്ങുന്നത് അങ്ങിനെയാണ് അന്ന് ട്രീസ കണ്ടത്. കണ്ണടയ്ക്കുമ്പോഴും ആട്ടിങ്കുട്ടിയ്ക്ക് വെള്ളം നിറം തന്നെയാണ്.
രണ്ടാമത്തെ ദിവസവും പകല്‍ സമയത്തെ നിറുത്താതെയുള്ള കരച്ചില്‍ കേട്ട് നസീമാന്റി കാര്യം അന്വേഷിയ്ക്കാന്‍ വന്നു. 'എന്റെ ചേച്ചി, കോണ്‍ക്രീറ്റ് തറയല്ലേ, അതിനു ചൂടടിച്ചിട്ടാണ്, അത് ചുട്ടു പൊള്ളുകയാണ്. അതാണ് അത് കാലുയര്‍ത്തി കരയുന്നത് .' നസീമാന്റിയും മമ്മയും വേഗം ഒരു പഴയ ചാക്ക് നല്ലവണ്ണം വെള്ളത്തില്‍ നനച്ച് ആട്ടിങ്കുട്ടിയെ അതിന്റെ മുകളില്‍ പിടിച്ചു നിറുത്തി. പൊള്ളിയ കാലുകള്‍ നീറുന്നതുപോലെ അതു പിന്നേയും പതിയേ കാലുയര്‍ത്തുന്നുണ്ടായിരുന്നു. നേരെ നില്‍ക്കുവാന്‍ കെല്പില്ലാത്തതുപോലെ കണ്ണുകള്‍ കൂമ്പി മതിലില്‍ ചാരി ആട്ടിങ്കുട്ടി നിന്നു. അതിന്റെ കരച്ചില്‍ പതിയേ കുറഞ്ഞ് കുറഞ്ഞ് വന്നു. ചാക്കില്‍ നിന്ന് കാലുമാറ്റി വെക്കുമ്പോഴോ അല്ലെങ്കില്‍ ചാക്കുണങ്ങി കഴിയുമ്പോഴോ അതു പിന്നേയും അലറിക്കരയും, ഓരോ കാലും നിലത്ത് നിന്ന് പൊക്കി പൊക്കി.
അന്ന് വൈകുന്നേരം ആയപ്പോഴേക്കും ആട്ടിങ്കുട്ടിയുടേയും ട്രീസയുടേയും കരച്ചില്‍ സഹിക്കാന്‍ വയ്യാതെ ട്രീസയെ മുറിയില്‍ പൂട്ടിയിട്ട്, മമ്മ നസീമാന്റിയുടെ ഭര്‍ത്താവിനു ആട്ടിങ്കുട്ടിയെ കൊടുത്തുവിട്ടു. ഞങ്ങള്‍ വളര്‍ത്തിയതല്ലേ അതുകൊണ്ട് കഴിക്കാന്‍ മടി, മമ്മ നസീമാന്റിയോട് പറയുന്നത് ട്രീസയ്ക്ക് മനസ്സിലായില്ല. പക്ഷെ ഒരു കയറ് കെട്ടി വലിച്ച് അതിന്റെ അറ്റത്ത് ആട്ടിങ്കുട്ടി പോവുന്നത് ഏങ്ങലടിച്ച് ബെഡ്‌റൂമിന്റെ ജനല്‍ക്കല്‍ നിന്ന് ട്രീസ നോക്കിക്കണ്ടു. പ്ലീസ് മമ്മാ എന്ന് ട്രീസ നിറുത്താതെ കരഞ്ഞ് പറഞ്ഞുകൊണ്ടിരുന്നു, മമ്മ മിനിയാന്റിയോട് പറയുന്നതുപോലെ.
കുറച്ച് നേരം കഴിഞ്ഞ് ട്രീസയുടെ കരച്ചില്‍ അടങ്ങിയപ്പോള്‍ മമ്മ വന്ന് പതിയേ മുറി തുറന്നു. വാതില്‍ തുറന്നതും മമ്മയെ തള്ളിമാറ്റി ട്രീസ വേഗം ആട്ടിങ്കുട്ടി നിന്നിരുന്ന പഴയചാക്കില്‍ പോയി ചമ്രംപടിഞ്ഞിരുന്നു. അതിനെ കെട്ടിയിരുന്ന കയറിന്റെ ഒരറ്റം കുറ്റിയില്‍ അവശേഷിച്ചിരിപ്പുണ്ടായിരുന്നു. അവിടെവടെയായി നനഞ്ഞ ചാക്കില്‍ അങ്ങിങ്ങായി വലിയ കറുത്ത കടുകുമണികളും ചിതറിക്കിടന്നു. അതില്‍ ഒന്ന് എടുത്ത് ട്രീസ പതിയേ നാക്കില്‍ വെച്ചു. എന്നിട്ട് അവിടെയിരുന്ന് കഴുത്ത് വെട്ടിച്ച് മുകളിലോട്ട് നോക്കി. അവിടെയൊരു തുരുത്തില്‍ ആകാശം പിച്ചി ചീന്തി പിച്ചി ചീന്തി ഒഴുകി നടക്കുന്നത് കാണാം.
ട്രീസ മുകളിലോട്ട് നോക്കി വിരല്‍ ചൂണ്ടി എണ്ണുവാന്‍ തുടങ്ങി. വണ്‍ ക്ലൌഡ്, റ്റൂ സ്മോള്‍ ക്ലൌഡ്...
2008-03-12
അഞ്ച് സെന്റ്
Subscribe to:
Post Comments (Atom)
25 പ്രതികരണങ്ങള്‍:
. നല്ല വിവരണം.. ഇഷ്ടമായി..
നല്ല രസമുണ്ട് വായിക്കാന്‍. സുന്ദരമായ ശൈലി.
ആട്ടിന്കുട്ടിയും ട്രീസമോളും മനസ്സില്‍ മായാതെ നില്‍ക്കുന്നു.
നന്ദി ..ആശംസകള്‍.
ഇഞ്ചി .. ഈ കൊഞ്ചിക്കഥ ഇഷ്ടായി ട്ടൊ.. ഞങ്ങടെ വീട്ടിലും വാശിപിടിച്ച് കുറച്ച് കാലം ആടിനെ വളര്‍ത്തിയിരുന്നു.. ആ കാലം ഓര്‍ത്തു.. ഒരു കളിപ്പാട്ടം പോലെ അതിനെ കൊണ്ടു നടന്നതും
ലളിതം, വ്യത്യസ്തം, മനോഹരം :)
one cloud, too small cloud....
"കണ്ണടയ്ക്കുമ്പോഴും ആട്ടിങ്കുട്ടിയ്ക്ക് വെള്ളം നിറം തന്നെയാണ്" - ഇത് ഞാനങ്ങെടുത്തു! പിന്നെ ട്രീസകുട്ട്യേം.
:) നല്ല രസം പറയണത് വായിയ്ക്കാന്. ഒരു കുഞ്ഞുവാവേടെ അടുത്തിരുന്നു കേള്ക്കണ പോലെ രസം.
ഇഷ്ടമായി.. എന്നാലും ആ ഇടക്കിടയ്ക്ക് 'മമ്മ മിനിയാന്റിയോട് പറയുന്ന പോലെ' എന്താന്ന് മനസ്സിലായില്ല. :)
ആട്ടിന്‍ കുട്ടിയുടെ മുന്നില്‍ കുത്തിയിരിക്കുന്ന ട്റീസയുടെ ചിത്രം വളരെ ഇഷ്ടമായി ഇഞ്ചി.
പിച്ചി ചീന്തി പിച്ചി ചീന്തി ഒഴുകി നടക്കുന്ന ആകാശവും.:)
എനിക്കിഷ്ടായി കഥ.
ഉള്ളിലെവിടേയോ ഒരു നൊമ്പരമുണ്ടാക്കി !
തരക്കേടില്ലാത്ത ഒരു കുട്ടിക്കഥ.
തേഡ് പേര്‍സണ്‍ നരേറ്റീവില്‍ നിന്ന് ഫസ്റ്റ് പേര്‍സണ്‍ ആക്കാരുന്നു. കുറച്ചു കൂടി ഫീലിംഗ്സ് വന്നേനെ.
(ഈ ആട്ടുംകാട്ടത്തിന് ഇത്ര പ്രാധാന്യം എന്തിനാണാവോ ആവോ? പറഞ്ഞുതരാന്‍ ഇനി വെള്ളെഴുത്ത് വേണ്ടി വര്വോ? :-))
"കണ്ണടച്ചുറങ്ങുമ്പോള്‍ ആട്ടിങ്കുട്ടിക്ക് വെളുത്ത നിറം തന്നെയായിരിക്കുമോ ആവോ?" -:)
:). ഇഷ്ടമായി.
ട്രീസയെന്ന ആട്ടിങ്കുട്ടിയെ ഇഷ്ടമായി.
ട്രീസയ്ക്കുണ്ടൊരു കുഞ്ഞാട് തകര്‍ത്തു ഇഞ്ചി!
നല്ല രചന, ആടിന്‍ കുട്ടിയും മറ്റ് വിവരണങ്ങളും ഇത്തിരി നൊസ്റ്റാള്‍ജിക്കായി.. നന്ന്..... ആശംസകള്‍...
നല്ല കഥ. ഹൃദയം കൊണ്ട് പറഞ്ഞു വന്ന ഒരു നല്ല കഥ അവസാനമായപ്പോള്‍ തലച്ചോറു കൊണ്ടു് പറയുന്നതുപോലെ.. ബുദ്ധികൊണ്ട് പറഞ്ഞുകൂടെന്നല്ല.എന്നാലും ഈ നറേഷനു അതു വേണ്ടായിരുന്നു.
മനോഹരമായ കഥ.മറക്കാനാവാത്ത ഒന്ന്
ലളിതം. അതീവ സുന്ദരം...
വളരെ നല്ല കഥ. ഇപ്പോഴാണ് കണ്ടത്.
വടവോസ്കിയുടെ നിരൂപണത്തിനു നന്ദി.
ഇഞ്ചീ, വടവോസ്കിയുടെ പരിചയപ്പെടുത്തലില്‍ നിന്നാണ് ഇവിടെയെത്തിയത്. നല്ല കഥ. അതിമനൊഹരം തന്നെ. ഒരു കൊച്ചുകുഞ്ഞിന്റെ മനസ്സ് നന്നായി വായിച്ചറിഞ്ഞ് എഴുതിയിരിക്കുന്നു. അഭിനന്ന്ദനങ്ങള്‍
ഇഞ്ചീസെ, അയ്യോ കൊച്ചു പിള്ളാരെഴുതുന്നതുപോലാണല്ലൊ കഥ എഴുതിയിരിക്കുന്നത്? (റിവന്‍ഞ്ച്)
---
ഇഞ്ചീ നല്ല കഥ എന്റെ പിള്ളാരും ഇങ്ങനെയൊക്കെ തന്നെയാവും ചിന്തിക്കുക അല്ലെ - എനിക്കു വീണ്ടുവിചാരമുണ്ടാകുന്നു.
ട്രീസക്കുണ്ടൊരു കുഞ്ഞാട് എന്ന് പാടി വന്നതായിരുന്നു. അപ്പൊ ദാ നമത് ആദ്യം കേറി പാടി
കഥ ഇഷ്ടമായി
രണ്ടു മാസത്തിനു ശേഷം ഒരു രണ്ടാം വായന. വടവോസ്കിയുടെ പോസ്റ്റ് വായിച്ചതിനു ശേഷം. ഇപ്പോള്‍ എന്തൊക്കെയോ മനസിലായി. മതില്‍ അകപ്പെട്ടു പോകുന്ന ബാല്യവും ജീവിതവും അതിന്റെ തിരിച്ചറിവുകളും.
Post a Comment