2009-07-14

പറുദീസയുടെ ഏകാന്തതകളിൽ

കടപുഴകിയൊഴുകുന്ന തായ്‌വേരുകളിലൊന്നു മുറുക്കെപ്പിടിച്ച് പ്രാണവായുവിനുവേണ്ടി എപ്പോഴെങ്കിലും കുതറിയിട്ടുണ്ടോ? നിലയില്ലാതെ പിടയുമ്പോഴും പുഴയിലെ നിലാവിനെ കയ്യെത്തിപ്പിടിക്കുവാൻ ശ്രമിച്ചിട്ടുണ്ടോ? ഒരു നിമിഷത്തെ, ഒരു മൌനത്തെ, ഒരു നോട്ടത്തെ, ഹൃദയത്തിൽ നിത്യവും പെയ്യുന്ന തീമഴയായി കൊണ്ട് നടന്നിട്ടുണ്ടോ? പ്രണയത്തിന്റെ വ്യഗ്രതയിൽ വീർപ്പുമുട്ടി, ജീവിതത്തെ അനന്തമായൊരു കയത്തിലേക്ക് തള്ളിവിടുന്ന സങ്കീർണ്ണമായൊരു കാഴ്ചയാണ് രൂപേഷ് പോൾ സംവിധാനം ചെയ്ത മൈ മദേർസ് ലാപ്ടോപ് എന്ന സിനിമ.

അമ്മയെപ്പോലൊരു പെണ്ണ് വേണമെന്ന് മോഹിച്ച് നടക്കുന്ന ആൺകുട്ടികളനവധിയാവും. അമ്മയിലെ അനന്തമായ സ്നേഹത്തെ, അമ്മയുടെ സ്ത്രീത്വത്തെ മോഹിച്ച്, അമ്മയെപ്പോലൊരു ഭാര്യയെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് വരുന്നവർ. അന്യോന്യമുള്ള അസാമാന്യമായ ചേർച്ചകളിൽ കുരുങ്ങി മകനിലും ഭർത്താവിലും അധികാരം സ്ഥാപിക്കുന്നതിനുള്ള സ്ത്രീത്വത്തിന്റെ വടംവലിയിലാവണം പുരുഷഹൃദയങ്ങൾ വീർപ്പുമുട്ടാറുള്ളത്.

അമ്മയെപ്പോലൊരു പെണ്ണല്ല, പെണ്ണെന്നാൽ അമ്മ തന്നെയെന്ന് മോഹിച്ച് നടക്കുന്നവർ വിരളമേയുള്ളൂ എന്ന വിശ്വാസപ്രമാണങ്ങളിൽ നമ്മളെപ്പോഴോ ചെന്നെത്തിപ്പിടിച്ചിട്ടുണ്ട്. അമ്മയിലൂടെ മാത്രം ലോകത്തിന്റെ സ്നേഹച്ചരുടുകളിൽ കുരുങ്ങിപ്പോയ ഒരു ചെറുപ്പക്കാരന്റെ കഥയാണ് കഥാതന്തു. സാമൂഹിക പാഠങ്ങളുടെ നിസ്സാരതയിലും അതിലൂടെയുള്ള നേർവരകളിലും നടക്കാനാവാതെ സദാ ഏതോ അഞ്ജാതമായ കുറ്റബോധത്തിൽ കുരുങ്ങുന്ന, സ്വന്തം പൌരുഷത്തിൽ നൊന്തു പോവുന്ന ഒരു ചെറുപ്പക്കാരനാവണം അയാൾ. അമ്മയുടെ സൌന്ദര്യത്തെ ഒരു തെന്നലായി ഇപ്പോഴും തലോടുമ്പോൾ, അമ്മയുടെ സ്നേഹത്തിന്റെ പൂമഴയിൽ മറ്റൊരു സ്നേഹവും തിരിച്ചറിയാതെ പോകുവാൻ സാധിക്കാത്ത അജാനുബാഹുവായ, സുന്ദരിയായ കാമുകിയിൽ പോലും പ്രലോഭനം തോന്നാത്ത രവി എന്ന നാൽ‌പ്പതു വയസ്സുകാരൻ. ഈ കൊച്ചു വെളുപ്പാൻ‌കാലത്ത് ഒരു കൊച്ച് പെൺകുട്ടി വന്ന് പുണരുമ്പോൾ എന്തു തോന്നുന്നു എന്ന പായൽ എന്ന കാമുകിയുടെ ചോദ്യത്തിനു മറുപടിയായി, ആ ചോദ്യം പോലും അറിയാതെ പോയ കാമുകൻ. ഒറ്റക്കാക്കരുതേ എന്ന പായലിന്റെ കെഞ്ചലിൽ ഒരു സ്വപ്നത്തിലേക്കെന്ന പോലെ പിന്നോട്ട് ചുവടുകൾ വെക്കുന്ന രവി. ഒരു വലിയ മുറിയിലെ വെള്ളമതിലിനോട് ചേർന്ന് നിൽക്കുന്ന, കാമുകന്റെ പൌരുഷത്തിന്റെ ഉരസലിനു വേണ്ടി കാത്തു നിൽക്കുന്ന പായൽ എന്ന കാമുകിയെ കാണാതെ അമ്മയുടെ ഇളംനീലമിഴികളിൽ കുടുങ്ങിപ്പോവുന്ന മകൻ.

ചുറ്റും പതുങ്ങിയിരിക്കുന്ന ഏകാന്തതകളിൽ നിന്ന് ഓടിയൊളിക്കാൻ ശ്രമിക്കാതെ, കടലിന്റെ നീല ഇരമ്പലിൽ അന്യോന്യം സ്നേഹിക്കുന്ന അമ്മയുടേയും മകന്റേയും കഥ. എല്ലാം മറന്നുറുങ്ങുന്ന അമ്മയെ കാവലിരുന്ന്, കാല്പാദങ്ങളിൽ കെട്ടിപ്പുണർന്ന് സൂര്യാസ്തമയത്തിന്റെ നിറങ്ങളിൽ അമ്മയുടെ ഓർമ്മകൾ സ്വരൂകൂട്ടുന്ന പത്തുവയസ്സുകാരൻ രവി. ഒന്നാലോചിച്ചാൽ ചിറകുകൾ മുളച്ച് തുടങ്ങും മുൻപ് എവിടെയെല്ലാം എത്ര എത്ര ഏകാന്തതകളാണ് നമ്മൾ ശേഖരിച്ച് വെക്കുക? ചെറിയ മേശവലിപ്പിൽ, നീളമുള്ള വലിയ കുപ്പായങ്ങളിൽ, നിറം‌മങ്ങിയ ചിത്രങ്ങളിൽ, അടുക്കളകളിലെ ചില്ലറത്തുട്ടുകളിൽ. ഓരോന്നായി നുള്ളിയെടുത്ത് ഒരു വലിയ ഏകാന്തത സൃഷ്ടിക്കാനാവാതെ പരാജയപ്പെടുന്ന നമ്മളിൽ നിന്ന് ഒരുപാട് ദൂരെയാണ് അമ്മയും മകനും. ആരവങ്ങളിൽ ശ്രദ്ധ പതിക്കാതെ ഏകാന്തതകളിലൂടെ മാത്രം സഞ്ചരിക്കുന്നുണ്ടെങ്കിലും പരസ്പരം പങ്കുവെക്കുന്ന വേദനകളിൽ കണിശമായി കണക്കു വെക്കുന്നുമുണ്ട്.

അറിയാതെ നൽകിയ സ്നേഹത്തിനു ഈഡിപ്പസ് ഒരുപാട് പഴികേട്ടിട്ടുണ്ട്. കണ്ണുകൾ ചൂഴ്ന്ന് കൊടുത്തിട്ടും ഇപ്പോഴും അകറ്റിനിർത്തപ്പെട്ടിട്ടുണ്ട്. തെറ്റുകളുള്ള സ്നേഹം തുടങ്ങുന്നത് എങ്ങിനെയാണ്, എവിടെ നിന്നാണ്? സ്വാർത്ഥതയില്ലാത്ത സ്നേഹത്തിലെങ്ങിനെയാണ് തെറ്റുകളുടെ മുള്ളുകൾ മുളയ്ക്കുക? ആ തെറ്റുകളുടെ മുള്ളുകളൊന്നു ഹൃദയത്തിൽ കൊണ്ട് നടന്നതുകൊണ്ടാവണം ഉറക്കത്തിൽ വന്നു ശല്യപ്പെടുത്തിയ പാവ വില്പനക്കാരിയായ വേശ്യയെ നായകൻ തള്ളിമാറ്റി ഓടിപ്പോയത്. ആ തലോടലിന്റെ ദു:സ്വപ്നത്തിൽ നിന്നു പോലും ഭയന്ന് ഓടിയകന്നത്? ഈഡിപ്പസിന്റെ ചൂഴ്ന്ന കണ്ണുകൾ അമ്മയോട് ചോദിച്ചത് എന്താവും? സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞിനെ തിരിച്ചറിയാതെപോയതോ സ്വന്തം മകന്റെ സ്നേഹത്തിനു മുന്നിൽ അടിപതറിപ്പോയതോ? തെറ്റുകൾ ശരിയാക്കപ്പെടുന്ന ഒരു മാതൃഹൃദയത്തിനു മാത്രമേ ആ കഥ മുഴുമുപ്പിക്കാനാകൂ. പകുതി കളിയായും പകുതി കാര്യമായും ഈഡിപ്പസ്സേ എന്നു വിളിക്കുന്ന കാമുകിയുടെ ആലിംഗനത്തിൽ നിന്ന് അമ്മയുടെ സ്നേഹത്തിന്റെ തിരമാലകളിൽ അടിപ്പെട്ടു പോകുന്ന രവി അമ്മയെത്തേടിയുള്ള യാത്രയിൽ ചെന്നെത്തുന്നത്, സൌന്ദര്യം നശിച്ച, അമ്മേ എന്ന വിളിപോലും കേൾക്കാനാവതെ ആശുപത്രിയിലെ കിടക്കയിലേക്ക് മൂന്നുമാസമായി അലിഞ്ഞു ചേർന്നു പോയ അമ്മയിലാണ്.

അമ്മ എന്നെക്കുറിച്ച് ആന്റിയോട് നല്ലത് പറഞ്ഞിട്ടുണ്ട്, അത് എനിക്കും കൂടെ കേൾക്കണ്ടേ എന്ന് പായലിനോട് നിഷ്കളങ്കമായി ചോദിച്ച് ഒരു വലിയ സത്യം ഒളിപ്പിച്ചു വെക്കാൻ ശ്രമിക്കുന്ന രവിയിൽ, എന്നേയും അമ്മയേപ്പോലെ സ്നേഹിച്ചൂടെ എന്ന് തിരിച്ചറിയുന്ന കാമുകി. പായലിന്റെ എല്ലാ ചോദ്യങ്ങൾക്കും അമ്മേ എന്നൊരു വിളിയിൽ എങ്കിലും ഞാൻ ഇനി ജീവിച്ചോട്ടെ എന്നൊരു നിലവിളി മാത്രമാണ് രവിയിൽ നിന്നുയരുന്നത്. അമ്മയുടെ ഗർഭപാത്രം താങ്ങുന്ന കുപ്പി മാറോട് ചേർക്കുമ്പോഴും, തന്റെ കിളിക്കൊഞ്ചലുകൾ അമ്മ റെക്കോർഡ് ചെയ്ത കാസറ്റ് ചെവിയോടു ചേർത്ത് വെച്ച് കേൾക്കുമ്പോഴും, എട്ടുകാലിയെ കൊന്ന ശേഷം നനഞ്ഞ ചെവി മതിലിനോട് ചേർത്ത് വെച്ച് നിൽക്കുമ്പോഴും, നായകൻ സ്വർഗ്ഗീയമായൊരു അനുഭൂതിയുടെ തലങ്ങളിലേക്ക് ചെന്നെത്തിപ്പെടുകയാണ്. ആ സീനുകൾ പ്രേഷകരിൽ അസൂയാവഹമായൊരു അരോചകത്വം തോന്നിപ്പിക്കുമാറ് സങ്കീർണമാണ്. ആശുപത്രിയിലാണെന്ന് പോലും അറിയാതെ അത്രയും കാലം അമ്മയിൽ നിന്നു രവി എന്തിനു അകന്നു നിന്നു എന്നതിനു ഒരുപാടു തെളിവുകൾ ശേഷിപ്പിക്കുന്നവയാണവ. അറിയാതെ പോകുന്നവയല്ല മറിച്ച് അവഗണിക്കപ്പെടുന്ന സ്നേഹമേയുള്ളൂ എന്നറിയുന്നതിനു രവിയുടെ കണ്ണുകളിലൂടെ മാത്രം സഞ്ചരിച്ചാൽ മതിയാവും.

സ്നേഹം കുടിയിരിക്കപ്പെടുന്ന ശവക്കോട്ടകളും, അതിലൂടെ വാനമ്പാടിയെപ്പോലെ പൂക്കൾ ശേഖരിക്കുന്ന പായലും, വെള്ളം തുള്ളിതുള്ളിയാ‍യി ഒഴുകിപ്പരക്കുന്ന അടപ്പില്ലാത്തൊരു വെള്ളക്കുപ്പിയും, കുടിയൊഴുപ്പിക്കപ്പെടുന്ന ആദിവാസിയായ അമ്മയും മകനും, മെഴുകുതിരിവെളിച്ചത്തിൽ കാത്തു നിൽക്കുന്ന പത്തുവയസ്സുകാരനും അങ്ങിനെ പ്രതീകങ്ങളാൽ സമ്പന്നമാക്കി ചിത്രത്തെ അപൂർവമാക്കിയിട്ടുണ്ട് രൂപേഷ് പോൾ എന്ന സംവിധായകൻ. പൊതുവേയുള്ള മലയാളം സിനിമകളിൽ നിന്നു തീർത്തും വേറിട്ട് അമ്മയുടേയും മകന്റേയും ഉപബോധമനസ്സിലെ പ്രണയത്തിന്റെ നിർവ്വചനങ്ങളെ അനായാസമായ വഴക്കത്തോടെ ലൈംഗികതിയിലേക്ക് ചുവട് മാറ്റിപ്പിക്കുന്ന കാഴ്ചകൾ അസാധാരണമാണ്. മലയാളം സിനിമയിൽ ലൈംഗികതയുടെ നേർത്ത നിഗൂഢതകൾ മനോഹരമായി ഉപയോഗിച്ചിരുന്ന പത്മരാജൻ എന്ന സംവിധായകനു മോക്ഷം കിട്ടിക്കാണണം.

എത്രയൊക്കെ സ്നേഹിച്ചിട്ടും അമ്മയോളമൊപ്പം എത്തുന്നില്ലല്ലോ എന്ന വേവലാതിയിൽ അമ്മയായി സ്വയം അവരോധിക്കുന്ന, കാമുകനെ രാവിലെ എഴുന്നേൽ‌പ്പിച്ച് മൂത്രമൊഴിപ്പിക്കാൻ വരെ ശ്രമിക്കുന്ന അമ്മുകിയായ പായൽ, ചിത്രത്തിലെ ശക്തമായൊരു പിടിവള്ളിയാണ്. രവിയെ എങ്ങിനെ സ്നേഹിക്കണം, എങ്ങിനെ തന്നിലേക്ക് വലിച്ചടുപ്പിക്കണം എന്നറിയാതെ പരിഭ്രമിക്കുന്നതിനിടയിൽ അമ്മയുടേയും മകന്റേയും സ്നേഹത്തിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുന്ന പായലിനെ കഴുത്തിനു പിടിച്ച് തള്ളുന്ന രവി. നിന്നെയാർക്കും രക്ഷപ്പെടുത്തുവാൻ കഴിയുകയില്ല എന്നലറുന്ന അവൾ, രവിയെ അഗാധമായി സ്നേഹിക്കുകയാണ്. പായലിലൂടെ മാത്രമേ തനിക്ക് മോചനമുള്ളൂ എന്ന തിരിച്ചറിവിലും അതിനു സാധിക്കാതെ നിസ്സഹായനായ ഒരു മകൻ. ചീനവലകളുടെ ഏകാന്തതയിൽ നിന്ന് പായലിന്റെ നീലിമയിലേക്ക് ആ യാത്ര അവസാനിക്കുന്നത് അമ്മയിലേക്ക് തന്നയോ?

‘തളിരിളം ചുണ്ടിലാകെ ഞാൻ അമൃതമായി ചുരന്നു പോയി’ -- അമ്മയറിയുന്നുണ്ടോ അമ്മേ മകന്റെ ഈ വിരഹം? പക്ഷെ ഇത്രയും സ്നേഹിച്ചിട്ടും വെന്തുപോകുന്ന പ്രണയത്തീയിലും മദ്യത്തിന്റെ ലഹരിയിൽ ഒരു നിമിഷം അമ്മയെ മറന്നുപോകുന്ന ഒരു സാധാരണ പുരുഷനിലേയ്ക്ക് എത്തുകയാണ് കഥ. സ്നേഹത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് രക്ഷപ്പെട്ടോടുന്ന സാധാരണ പുരുഷനിലേക്ക് രവിയെത്തിയത് എത്ര നിസ്സാരമായാണ്, എത്ര പെട്ടെന്നാണ്?

സുബാഷ് ചന്ദ്രന്റെ പ്ലാസ്റ്റിക്ക് കുപ്പിക്കുള്ളിലെ ഗർഭപാത്രം മറന്നു വെച്ചുപോകുന്ന പറുദീസ നഷ്ടം എന്നൊരു കഥയിൽ നിന്നു അമ്മയോടുള്ള തീരാപ്രണയമായി ഇന്ദുമേനോൻ എന്ന എഴുത്തുകാരിക്ക് ഒരു അസാമാന്യ തിരക്കഥ ചേർത്തുവെക്കാൻ സാധിച്ചത്, പ്രസ്തുത കഥയിലെ ഒരു വരിയിൽ മകൻ ആ കുപ്പി എപ്പോഴോ നെഞ്ചോട് ചേർത്തു വെച്ചപ്പോഴാവുമോ? ഒരു സ്ത്രീയ്ക്ക് മാത്രം എഴുതുവാൻ കഴിയുമെന്നു തോന്നുന്ന തിരക്കഥയിലൂടെ ഒരു മകന്റെ കുറ്റബോധത്തിന്റെ പിടച്ചിൽ അത്യുജ്ജലമായി വെളിവാക്കപ്പെട്ടത്, സ്നേഹത്തിന്റെ താക്കോലുകൾ സ്ത്രീയെ മാത്രം ഏല്പിച്ച് വിഗ്രഹങ്ങളിലേക്ക് വിറങ്ങലിച്ചുപോയ ദൈവങ്ങൾ നിമിത്തമാവും.

നിത്യ സംഗീതത്തിന്റെ ശ്രുതികളിലെപ്പോഴോ സ്ഥാനം പിടിക്കുന്ന നിശബ്ദമായൊരു താളത്തെ കയ്യെത്തിപ്പിടിക്കുവാൻ ശ്രമിക്കുന്ന രൂപേഷ് പോൾ എന്ന ആദ്യസംവിധായകൻ മലയാളത്തിനു നൽകിയത് ഒരു സിനിമയല്ല, മറിച്ച് സ്നേഹത്തിന്റെ സ്വപ്ന നൂൽച്ചരുടുകളിലൊന്നാണ്. അതിലൂടെ എപ്പോഴെങ്കിലും ഉയർന്നുപറക്കുന്ന ആ പ്രണയത്തെ കയ്യെത്തിപ്പിടിക്കുവാൻ പ്രേഷകനു ഒരിക്കലെങ്കിലും കഴിഞ്ഞിരുന്നെങ്കിൽ. എല്ലാവർക്കും ആ ഭാഗ്യം ഉണ്ടാവണമെന്നില്ല. അങ്ങിനെ വീണുകിട്ടിയ ആ വാൽനക്ഷത്രത്തിന്റെ കാഴ്ചയിലാണ് ഈ ലേഖനം ഇവിടെ കുറിച്ചത്.

സിനിമയുടെ സാങ്കേതികതയെക്കുറിച്ചും മറ്റും എഴുതണമെന്നുണ്ട്. ഇത് പക്ഷെ, രവിയ്ക്കായി എഴുതിയ പ്രണയലേഖനമാണ്. രവിയിലേക്ക് ഒരു ചെറിയ താക്കോൽ മറന്നു വെച്ചു പോവുകയാണ്.

14 പ്രതികരണങ്ങള്‍:

അനുരഞ്ജന വര്‍‍‍മ്മ said...

:)

"ട്രക്കിങ്ങ്"

Kumar Neelakandan © (Kumar NM) said...

ഇഞ്ചി ഈ പോസ്റ്റ് പറുദീസാ നഷ്ടം എന്ന സുബാഷ് ചന്ദ്രന്റെ കഥയെ കുറിച്ചാണെങ്കില്‍ ഓകെ, സന്തോഷം.
പക്ഷെ മൈ മദേര്‍സ് ലാപ്ടോപ് എന്ന രൂപേഷ് പോളിന്റെ സിനിമയെ കുറിച്ചാണെങ്കില്‍, സത്യത്തില്‍ ചിരി വന്നു.

പക്ഷെ ഒരുകാര്യം പറയാം, ഇതുപോലെ ഒരു വിഷയത്തില്‍ വെറുതെ കുത്തിപ്പീടിച്ചുവച്ചിട്ടുള്ള മാതൃസ്നേഹം, സ്ത്രീ എന്നതിന്റെ മേന്മകള്‍ എന്നതും ഒക്കെയും കൊള്ളാം. ഡബീള്‍ ഓകെ. പക്ഷെ ചില മെറ്റഫോറുകളില്‍ പൈങ്കിളി ചുറ്റിക്കെട്ടി ഉണ്ടാക്കിയ വെറും ഒരു കച്ചടപ്പടം മാത്രമായാണ് കണ്ടുകഴിഞ്ഞപ്പോള്‍ എനിക്കു തോന്നിയത് (തെറ്റിദ്ധരിക്കലേ, കച്ചവടപ്പടം എന്നല്ല :).
ഒരു അവാര്‍ഡു വാങ്ങിയേ തീരു എന്ന വാശിയല്ലാതെ എന്തു മനോഭാവമായിരുന്നു ഈ ചിത്രത്തെ ഇങ്ങനെ വലിച്ചിഴയ്ക്കപ്പെട്ടതില്‍ എന്നു ആര്‍ക്കും സംശയിക്കാം.
വളരെ പാപ്പരത്വം നിറഞ്ഞ സിനിമാ ഭാഷ. ഒരു അവാര്‍ഡ് ചിലപ്പോള്‍ തരപ്പെട്ടാലോ എന്നു വച്ചെടുത്ത ഫോര്‍സ്‌ഡ് ഷോട്ടുകള്‍. സുരേഷ് ഗോപിയുടെ അറിഞ്ഞുള്ള “അഫിനയം”. (താടിഒക്കെയുള്ള ഡിഫറന്റ് സ്റ്റില്‍സ് ഒക്കെ ആയിരുന്നു ആ ചിത്രം കാണാന്‍ പ്രചോദനമേകിയത്)

സത്യം പറഞ്ഞാല്‍ ചില ഷോട്ടുകളില്‍ സംവിധായകബാല്യത്തിന്റെ വള്ളിനിക്കര്‍ മുഴച്ചു നില്‍ക്കുന്നു.

ഈ ചിത്രം കണ്ടപ്പോള്‍ മെലോഡ്രാമാ തിളങ്ങി നിന്ന അപൂര്‍വ്വം ചില സിനിമകളും മനസിലെത്തി.


ഇഞ്ചി പറഞ്ഞ “ഇന്ദുമേനോൻ എന്ന എഴുത്തുകാരിക്ക് ഒരു അസാമാന്യ തിരക്കഥ ചേർത്തുവെക്കാൻ സാധിച്ചത്“ ഈ “അസാമാന്യതിരക്കഥ“യായിരുന്നു ഈ സിനിയുടെ സഞ്ചയന കാര്‍ഡും എന്നാണ് എനിക്കു തോന്നിയത്. ആ നല്ല കഥയെ മെലോഡ്രാമാ ഒഴിവാക്കി സ്ക്രിപ്റ്റ് ചെയ്യാമായിരുന്നു.

ഈ ഒരു ചിത്രത്തില്‍ അഛന്റെ ആത്മാവിനു മോക്ഷം ലഭിക്കാതിരിക്കാന്‍ അമ്മ അദ്ദേഹത്തിന്റെ ചിതാഭസ്മം ഒളിപ്പിച്ചു വച്ചതൊക്കെ തിരിച്ചറിയുമ്പോള്‍ ശരിക്കും കാണികള്‍ ചിരിച്ചു പോകും. ഒരു സംവിധായകന്റെ കരവിരുതില്‍ പറ്റിയ കയ്യബദ്ധമാണ് ഈ സിനിമയില്‍ ഇതുപോലെ പലതും.
ഇതൊരു പക്കാ കമേര്‍സ്യല്‍ പടം ആയിരുന്നു എങ്കില്‍ ഞങ്ങള്‍ ഇരുന്നു കരഞ്ഞേനെ. കയ്യടിച്ചേനെ. പക്ഷെ ഇത്തരത്തിലൊരു കഥയില്‍/ താളത്തില്‍/ഒഴുക്കില്‍/ട്രീറ്റ്മെന്റില്‍ മുഴച്ചു നില്‍ക്കുന്ന ഭാഗങ്ങള്‍ ആയിരുന്നു ഇതുപോലെ ചില നാടകങ്ങള്‍.

ഈ സിനിമയില്‍ സുരേഷ് ഗോപി സഞ്ചിയിലാക്കി മീന്‍ ചന്തയിലും ബാറിലും കയറിയത് അയാള്‍ടെ അമ്മയുടെ ഗര്‍ഭപാത്രമല്ല, ഈ സിനിമയുടെ ഗര്‍ഭപാത്രമായിരുന്നു എന്ന് കണ്ടുകഴിഞ്ഞപ്പോള്‍ തോന്നിയിരുന്നു.

പദ്മരാജന്റെ ജയകൃഷ്ണന്‍ തന്റെ രണ്ടാം ഭാവം പുറത്തെടുക്കുന്ന വഴിയില്‍ ചന്തയില്‍ നിന്നുവാങ്ങി സഞ്ചിയിലാക്കി ബാറിലൊക്കെ കൊണ്ടു നടന്ന ഒരു ആട്ടിന്റെ തല ഇപ്പോഴും അതിന്റെ സ്ക്രിപ്റ്റിന്റേയും മേക്കിങ്ങിന്റേയും ബലത്തില്‍ ഈ രംഗത്തേക്കാള്‍ കാഠിന്യമേറി മനസില്‍ കിടക്കുന്നതുകൊണ്ടാവും ചിലപ്പോള്‍.

ഓടോ : ഞാന്‍ ഈ എഴുതിയതൊക്കെ ഇഞ്ചിയുടെ പോസ്റ്റിനെതിരെ അല്ല, ഇതില്‍ പറയുന്ന സിനിമയ്ക്കെതിരെയാണ്, മറക്കരുത്.

(അതേയ്.. ആ ഓറ്റി മറയുന്നത് കുമാര്‍ അല്ലേ? തന്നെ തന്നെ! :)

Haree said...

• സുഭാഷ് ചന്ദ്രന്റെ കഥയില്‍ ചായകുടിക്കുവാനിറങ്ങുമ്പോള്‍ പ്ലാസ്റ്റിക് കുപ്പി കൊണ്ടുനടന്ന സഞ്ചി മോഷ്ടിക്കപ്പെടുകയാണ്. ഇവിടെ വന്നപ്പോള്‍ അത് കള്ളുകുടിച്ച് മറന്നു വെയ്ക്കലായി, ഒപ്പം കുട്ടിയെ തല്ലല്‍, മറ്റുള്ളവര്‍ തിരിച്ചു തല്ലല്‍.. ഹൊ! തിരക്കഥ അസാധാരണം തന്നെ!
• നിത്യ സംഗീതത്തിന്റെ ശ്രുതികളിലെപ്പോഴോ സ്ഥാനം പിടിക്കുന്ന നിശബ്ദമായൊരു താളത്തെ കയ്യെത്തിപ്പിടിക്കുവാൻ ശ്രമിക്കുന്ന രൂപേഷ് പോൾ എന്ന ആദ്യസംവിധായകൻ മലയാളത്തിനു നൽകിയത് ഒരു സിനിമയല്ല, മറിച്ച് സ്നേഹത്തിന്റെ സ്വപ്ന നൂൽച്ചരുടുകളിലൊന്നാണ്. - ഹ ഹ ഹ! :-)
--

ഗുപ്തന്‍ said...

valare nannaayi chithreekaricha chila ramgangal kondu vallaathe mohippichu niraazappeduthiya padam :)

I didnt really like the story either ..

oru penninu maathram enna excuse kond theerumo inji njangal aanungalude (may be not everyone; talking only about those who commented here) samvedanathil vanna vidavu?

Inji Pennu said...

കുമാറേ
ഞാനെന്ന വ്യക്തിക്കെതിരെ ആരെങ്കിലും എന്തെങ്കിലും എഴുതുന്നു എന്ന് ഇതുവരെ എനിക്ക് തോന്നിയിട്ടില്ല. ഞാനും അങ്ങിനെ ചെയ്തിട്ടില്ല. അതല്ലേ ഇങ്ങിനെ തിളച്ച്മറിഞ്ഞ് നടക്കാൻ സാധിക്കുന്നത്? അതുകൊണ്ട് അങ്ങിനെയൊരു ജാമ്യം എന്റെ അടുത്ത് എപ്പോഴും എടുക്കണ്ട :)

ബാക്കിയുള്ളതിനൊന്നും തൽക്കാലം മറുപടിയില്ല. അവസാ‍നം എഴുതിയില്ലേ? എല്ലാവർക്കും ആ വാൽ‌നക്ഷത്രം കിട്ടണമെന്നില്ല. അത് കണ്ടതിന്റെ ഭാഗ്യത്തിൽ ഞാ‍നൊന്ന് ആനന്ദിച്ചോട്ടെ തൽക്കാലം. ഞാൻ എഴുതുന്നതിന്റെ ആകാശം നിങ്ങൾക്ക് കിട്ടിയില്ലെങ്കിൽ ഐം ദ സോറി.

നായര്‍ said...

ഒരു ഓ.ടോ
പായല്‍ എന്നപേരിന്റെ അര്‍ത്ഥം ചവിട്ടിയാല്‍ തെന്നിപ്പോവുന്നത് എന്നാണ്

Anil cheleri kumaran said...

സത്യത്തില്‍ ഇത്രയ്ക്കെഴുതാനും മാത്രമുണ്ടോ?? സുഭാഷ്ചന്ദ്രന്‍ പോലും ആ പടം കണ്ടിട്ടില്ലെന്നു എന്നോട് നേരില്‍ പറഞ്ഞതാണു. അദ്ദേഹത്തിനു പോലും അതില്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. (ഞാന്‍ സംവിധാനം ചെയ്യും, എന്റെ ഭാര്യ തിരക്കഥയെഴുതും, എന്റെ അമ്മ പാട്ടെഴുതുകയും ചെയ്യും.. പിന്നെ, ബാക്കി കൂടെ അവരു കുടുംബക്കാര്‍ ചെയ്താ പോരേ..)

അരവിന്ദ് :: aravind said...

ആസ്വാദനം വായിക്കാന്‍ നല്ലത്.
പടം കണ്ടാല്‍ അഭിപ്രായം പറയാം.

Readers Dais said...

this blog & coments are really informative & interesting thanks..

Tom Sawyer said...

വളരെ മുമ്പ് രൂപേഷ് പോളിന്റെ ചില കവിതകള്‍ വായിച്ചിരുന്നു , നല്ല കവിതകള്‍.
ആ പരിഗണന വെച്ചായിരുന്നു സിനിമ കണ്ടത് .
സുഭാഷ് ചന്ദ്രന്റെ കഥ വായിച്ചിട്ടില്ല .ഒരു തരത്തിലും സഹിക്കാനാകാത്ത പടം , എന്നിട്ടും ഇത്ര നല്ല കുറിപ്പ് എഴുതിയ ഇഞ്ചിയുടെ മനക്കട്ടിക്ക് ഒരായിരം പൂച്ചെണ്ട് .
പക്ഷെ പാട്ട് കൊള്ളാമായിരുന്നു.

Anonymous said...

ആകാശത്തിന്റെ ഒരു തുണ്ട്‌ തരോ ? :)

deepdowne said...

കുറേക്കാലം കൂടി രാഷ്‌ട്രീയവും ബഹളവുമില്ലാത്ത ഒരു പോസ്റ്റ് ഈ ബ്ലോഗില്‍ കണ്ടപ്പോള്‍ ഒറ്റ ഇരിപ്പിന്‌ (ഒറ്റ ശ്വാസത്തിലെന്നും പറയാം) മുഴുവനും വായിച്ചു. ആസ്വദിച്ചു. പക്ഷെ പിന്നാലെയുള്ള കമന്റുകള്‍ കണ്ടപ്പോള്‍ ഞെട്ടി‍. എങ്കിലും പോസ്റ്റ് വളരെ ഇഷ്ടമായി എന്ന് പറയാതെ വയ്യ. സിനിമ കണ്ടിട്ടില്ലാത്തതുകൊണ്ട് അതിനെക്കുറിച്ച് അഭിപ്രായമൊന്നുമില്ല, തല്‍ക്കാലം.

yetanother.softwarejunk said...

ഇഞ്ചിപ്പെണ്ണ്, ഒരു ഓഫ് ടോപ്പിക്ക്.

മഷിത്തണ്ടിന്റെ ഭാഗമായി ഞങ്ങള്‍ മലയാളത്തില്‍ പദപ്രശ്നം കളിക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നു. താങ്കളുടേയും ഈ ബ്ലോഗിന്റെ വായനക്കാരുടേയും ശ്രദ്ധ http://crossword.mashithantu.com/ ലേക്ക് ക്ഷണിക്കുന്നു.

രാവുണ്ണി said...
This comment has been removed by the author.