ഡിസൈൻ എവിടെം വരെയായി?
ചീഫ് ആർക്കിടെക്റ്റ് ഗോപകുമാർ, നീണ്ട കടലാസ്സ് ചുരുളുകൾ വലിയ ഒരു വീശലോടേ വിശാലമായ മേശപ്പുറത്തേയ്ക്ക് വലിച്ചിട്ടു. ഇതാണ് മാഡം, വീ ആർ ഓൾമോസ്റ്റ് ദേർ. മാഡത്തിന്റെ വീടാണെങ്കിലും എനിക്കിതെന്റെ ഡ്രീം വർക്കാണ്. മാഡം പറഞ്ഞ എല്ലാം കാര്യങ്ങളും മനസ്സിൽ കണ്ട് നാട്ടിലെ സാഹചര്യവുമായി ഒത്തിണങ്ങിയ ഒരു ഫന്റാസ്റ്റിക്ക് ഡ്രീം. ഇതു പണിത് തീരുമ്പോൾ ഒരു സംഭവമായിരിക്കും.
സംഭവമൊന്നും ആകണ്ട, എന്റെ സാൻചുറിയാണ്. മുകളിലെ നിലയിലെ ആർട്ട് ആന്റ് സൌണ്ട് സ്റ്റുഡിയോയിലാണ് ഞാൻ ഏറ്റവും പ്രതീക്ഷ അർപ്പിക്കുന്നത്. അതിനാണ് മിസ്റ്റർ ഗോപകുമാറിനെ വെച്ചതും. അല്ലെങ്കിൽ എനിക്ക് വരക്കാവുന്നതേയുള്ളൂ. നിങ്ങളുടെ കമ്പനിയുടെ പല വർക്കും കണ്ടതിൽ വളരെ സന്തോഷവതിയാണ് ഞാൻ. ആർട്ട് സ്റ്റുഡിയോകൾ ഡിസൈൻ ചെയ്യാൻ ഞാൻ നല്ലൊരാളെ തേടുകയായിരുന്നു.
അറിയാം മാഡം, പക്ഷെ മാഡം വരച്ചു തന്ന അബ്സ്ട്രാക്റ്റ് സ്കെച്ചിൽ ഒരുപാട് പോരായ്മകളുണ്ട്. മാഡം ഒരുപാട് വർഷം വിദേശത്തായിരുന്നതിന്റെ ചില്ലറ പോരായ്മ്കളാണവ. ഗോപകുമാർ വിജയഭാവത്തോടെ ഒരിളിഭ്യ ചിരിയിൽ കാര്യം വ്യക്തമാക്കി. ചുവന്ന ചെക്കുകളുള്ള ഷർട്ടിന്റെ കൈ രണ്ടും അല്പം മടക്കി വെച്ച്, മുടിയല്പം പിന്നോട്ട് കോതി, ഒരു സ്വപ്നം വിവരിക്കുന്ന കണ്ണുകളുടെ തിളക്കത്തിൽ ഒരു പെൻസിൽ എടുത്ത്, വരച്ച ഡിസൈനിന്റെ ഫ്ലോർ പ്ലാനും എലിവേഷനും വിശദീകരിക്കാൻ തുടങ്ങി.
ഇവിടെയാണ് മാഡം നമ്മൾ മഴയെ തളച്ചിടുക. എപ്പോഴും പെയ്യാൻ പിന്നെ മറ്റൊരിടവും വേണ്ട. വഴിയിലെ നീർച്ചാൽ നമ്മൾ ഫൈബർ ഗ്ലാസ്സിൽ ഡ്രൈവ് വേ ആക്കും. താഴെയുള്ള സ്വർണ്ണ മത്സ്യങ്ങളോടൊപ്പം മഴയെ അവിടേക്ക് ഒഴുക്കുകയും ചെയ്യാം.
ഈ ഭാഗം കണ്ടോ? ഇവിടെ കാറ്റിനെ നമ്മൾ ചിത്രപ്പണികളിലൂടെ ഒഴുക്കും. മാഡം പറഞ്ഞതുപോലെ എല്ലാ മുറികളും കാറ്റും വെളിച്ചവും ഒഴുകി പരക്കും. വീടിന്റെ ഓരോ മുക്കും മൂലയും അങ്ങിനെ ഒരു നാച്ചുറൽ ലൈറ്റിങ്ങിലാണ് വരച്ചിരിക്കുന്നത്.
ഇതെന്താ? ഇവിടെയെന്താ ഈ ചെറിയ മുറിയ്ക്കെന്താ ജനൽ ഇല്ലാത്തത്? സ്റ്റോർ റൂമാണോ?
അല്ല മാഡം, അത് സെർവൻസ് റൂമാണ്. അവിടെ ജനലിന്റെ ആവശ്യമില്ല. അടുക്കളയിലേക്ക് തുറക്കുന്ന വാതിൽ ഉണ്ടല്ലോ, അതു മതി. പിന്നെ പോരാത്തതിനു ഒരു ഫാനും അത്യാവശ്യമാണെങ്കിൽ വെച്ച് കൊടുക്കാം. അത്രയ്ക്ക് ചൂടൊന്നും ഉണ്ടാവില്ല. മാത്രവുമല്ല, അപ്പുറത്തെ മതിൽ ഡ്രൈവർക്കുള്ളതാണ്. അവിടെയൊരു ജനൽ വെച്ചാൽ...
അറിയാമല്ലോ...അത്ര ശരിയാവില്ല. മാത്രമല്ല ഒരു ജനൽ കൂടിയാൽ അത്രയും ചിലവും കൂടും.
എന്നു വെച്ചാൽ?
മാഡം നാട്ടിൽ ജീവിക്കാത്തതിന്റെ പ്രശ്നങ്ങളാണിതു. ഇതൊക്കെ പ്രത്യേകമായി ചോദിക്കുന്നതു തന്നെ അതുകൊണ്ടാണ്. മാഡത്തിന്റെ ഹസ്ബന്റിനു ഈ വക കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കാൻ സാധിക്കും. അദ്ദേഹം എന്നാണ് എത്തുക?
ഈ വക കാര്യങ്ങൾ ഞാനും കൂടി അറിഞ്ഞാൽ എന്താണ് പ്രശ്നം?
അല്ല പൊതുവേ വീട്ടിലെ ജോലിക്കാരികൾ സ്ത്രീകളാവും. എത്ര പ്രായം ചെന്നവരായാലും അവർക്ക് മിക്കപ്പോഴും ഡ്രൈവറോടോ മറ്റോ ഒരിളക്കവും മറ്റും കാണും. അത് ഒന്ന് ശ്രദ്ധിച്ചില്ലെങ്കിൽ പിന്നെ നമ്മൾ നാറും. ഡ്രൈവറും ആളുകൾ മോശമല്ല. അതുകൊണ്ടാണ് അവർക്കുള്ള മുറികളിൽ ജനലുകൾ ഇല്ലാത്തതും വാതിൽ ഇടുങ്ങിയതും. അവർ അന്യോന്യം ഒരിക്കലും കാണാത്തുപോലെയും വെച്ചിരിക്കുന്നത്. ഒരു കാരണവശാലും അവരുടെ മുറികളിൽ നിന്ന് ഒന്നും സംഭവിക്കരുത്.
എല്ലാ ജോലിക്കാരികളും ഡ്രൈവർമാരും തമ്മിൽ പ്രണയത്തിലാണോ?
മാഡം കരുതുന്നതുപോലെ ഇത് അങ്ങിനെ ഡീസന്റായ പരിപാടിയൊന്നുമല്ല്ല. ഇത് വെറുതേ നമ്മളെപ്പോലുള്ള മാന്യരെ മന:പ്പൂർവ്വം നാണംകെടുത്താൻ അവർ സ്ഥിരം ഏർപ്പെടുന്ന പല പരിപാടികളാണ്. അതുപോലെ നോക്കൂ, അവർക്കുള്ള ബാത്ത്‌റൂമുകളും പ്രത്യേകമാണ്. നമ്മുടെ വീട്ടിന്റെ ഉള്ളിലെ മോടിപിടിപ്പിച്ചിരിക്കുന്ന വിലയേറിയ ബാത്ത്‌റൂമിൽ അവരെയൊന്നും കയറ്റാൻ പറ്റില്ല. തീരെ വൃത്തിയില്ലാത്തവരല്ലേ? അതുകൊണ്ട് അത് ഞാൻ വീടിന്റെ വെളിയിൽ, പട്ടിക്കൂടിനു സമീപം അല്പം ദൂരെയായിയിട്ടാണ് വരച്ചിരിക്കുന്നത്.
പക്ഷെ, രാത്രിയായാൽ എങ്ങിനെ ഒരു സ്ത്രീ അവിടെം വരെ പോവും? ഡ്രൈവർക്ക് അത് കുഴപ്പമില്ല.
ഓ, രാത്രി പെടുക്കണ്ട എന്ന് പറയണം. അല്ലെങ്കിലും ഈ രാത്രി എന്ന് പറയുന്നത് നാലു മണിക്കൂറല്ലേയുള്ളൂ. അവർക്ക് നാലു മണിക്ക് എഴുന്നേറ്റ് പത്ത് പതിനൊന്നു മണി വരെയൊക്കെ എപ്പോഴും ജോലി കാണില്ലേ? പിന്നെ എന്താണിത്ര പ്രശ്നം? ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ രാത്രി വെള്ളം കുടിക്കരുത് എന്ന് പറഞ്ഞാൽ പ്രശ്നം തീരും. അതൊക്കെ ശീലിച്ചവരാണെന്നേ അവർ. അല്ല എന്നുള്ളതൊക്കെ ഒരു തരം വേഷം അല്ലേ?
അപ്പോൾ ഏതെങ്കിലും വല്ലാതെ തണുപ്പുള്ള ഒരു രാത്രി ഡ്രൈവറും വേലക്കാരിയും തമ്മിൽ കണ്ടാലോ? എപ്പോഴെങ്കിലും അവർക്കൊന്നു പോകണമെന്ന് തോന്നിയാൽ?
കസേരയിൽ നിന്ന് ചാടിയെഴുന്നേറ്റ് മുന്നോട്ടാഞ്ഞ് മുഷ്ടി മേശയിൽ ശക്തമായി ഇടിച്ച് ഗോപകുമാർ ചിരിച്ചു.
അതിനല്ലേ മാഡം ഞാൻ ബുദ്ധിപൂർവ്വം അവരുടെ മുറിയുടെ വാതിൽ അടുക്കളയിലോട്ട് വരച്ചിരിക്കുന്നത്? അടുക്കളയുടെ വാതിൽ മാഡത്തിനു വെളിയിൽ നിന്ന് പൂട്ടുകയും ചെയ്യാം. ഡ്രൈവറുടെ മുറി തുറക്കുന്നത് വരാന്തയിലോട്ടുമല്ലേ? അയാൾ ഒരു കാരണവശാലും വീട്ടിൽ കയറുകയുമില്ല. പുറക് വശത്തെ തിണ്ണയിൽ നമുക്ക് ഒരു ബെഞ്ചോ മറ്റോ ഇടാം ഇവർക്കൊക്കെ ഭക്ഷണം കഴിക്കാൻ. അത്രയൊന്നും സൌകര്യം ആരെങ്കിലും ചെയ്തു കൊടുത്തു എന്നൊന്നും വരില്ല. പിന്നെ എന്തൊക്കെയാണെങ്കിലും നമ്മളൊക്കെ മനുഷ്യരല്ലേ, മനുഷ്യപറ്റ് വേണ്ടേ എന്ന് കരുതിയിട്ടാണ്. മാഡത്തിനു ഇഷ്ടമല്ലെങ്കിൽ അതിന്റെ പോലും ആവശ്യമില്ല. അല്ലെങ്കിലും ഒരു പാത്രത്തിൽ നിന്ന് അല്പം ഭക്ഷണം കഴിക്കുന്നത് അത്ര നേരം എടുക്കേണ്ട കാര്യമില്ല.
എന്താ ആലോചിക്കുന്നത് മാഡം? വേണമെങ്കിൽ ഇനിയും മാറ്റി വരയ്ക്കാം.
അല്ല, എന്റെ വീട്ടിലെ വായു ശ്വസിച്ച്, എന്റെ വീട്ടിലെ ഭക്ഷണം പാചകം ചെയ്ത് അതു ഭക്ഷിച്ച്, എന്റെ മക്കളെ നോക്കി, അവർക്കും ഞങ്ങൾക്കും ഭക്ഷണം വെച്ച് വിളമ്പി, അവരെ എപ്പോഴും നോക്കി കുളിപ്പിക്കുന്ന ഒരു സ്ത്രീയുടെ പല കാര്യങ്ങളും മറ്റും മറ്റൊരു നിറത്തിലും മണത്തിലുമാണോ ഉണ്ടാവുക?
തികട്ടിവന്നൊരു വൃത്തികെട്ട ചിരി ഗോപകുമാർ അടക്കിപ്പിടിച്ചു. കസേരയിലേക്ക് ചാഞ്ഞിരുന്നു കാലുകൾ സ്വല്പം ആട്ടി തുടർന്നു,
അതാണ് മാഡം ഞാൻ പറഞ്ഞത്. മാത്രവുമല്ല, അവർക്ക് അവരുടേതായ സ്ഥലവും സ്ഥാനവും നമ്മൾ കൊടുക്കുകയും വേണം. നമ്മുടെ കൂടെയൊക്കെ ഞെളിയാൻ അവർക്ക് വലിയ താല്പര്യമാണ്. ഓരോരുത്തരേയും അവരവരുടെ നിലയ്ക്ക് നിറുത്തണം. മാഡത്തിന്റെ കാര്യത്തിൽ ഞാനെപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്, എന്തിനാണ് അവരെ ചേച്ചി എന്ന് വിളിക്കുന്നത്? അവർക്ക് പേരില്ലേ? മാഡത്തിനെ പറ്റിക്കുവാൻ വളരെ എളുപ്പമാണ്.
ഗോപകുമാർ എന്തിനാണ് എന്നെ മാഡം എന്ന് വിളിക്കുന്നത്?
അത് മാഡം, പ്രൊഫഷണൽ എതിക്സിന്റെ കാര്യത്തിൽ ഞാനൊരു കർക്കശക്കാരനാണ്. ക്ലയ്ൻസിനെ എപ്പോഴും മര്യാദയോട് കൂടിയെ അഭിസംബോധന ചെയ്യുകയുള്ളൂ. അതിൽ ഒരു വിട്ടു വീഴ്ചയുമില്ല, എന്നെക്കാളും എത്ര പ്രായം കുറഞ്ഞവരായാലും. കസേരയിൽ മുന്നോട്ടാഞ്ഞ് ഒട്ടൊരു ഗൌരവഭാവത്തോടെ ഗോപകുമാർ കാര്യങ്ങളിലേക്ക് കടന്നു.
ഗോപകുമാർ, ആ ചേച്ചിയുടെ പേരു വിമല എന്നാണ്. ഒരിക്കൽ ഞാൻ ആശുപത്രിയിൽ ആയിരുന്നപ്പോൾ ഒരു ബാത്ത് റൂം മാത്രമുള്ള ഒരു സിംഗിൾ മുറിയിൽ എന്റെ കട്ടിലിന്റെ അരികെ ഒരുപാട് രാത്രികൾ ഞാൻ കണ്ണ് തുറക്കുന്നതും നോക്കി അവർ പ്രാർത്ഥനയോടെ ഇരുന്നിട്ടുണ്ട്. അന്ന് അവർക്ക് വൃത്തിയുണ്ടായിരുന്നുവോ എന്ന് ഓർക്കാൻ ശ്രമിക്കുകയാണ് ഞാൻ.
മാഡം, അത്... ഞാനങ്ങിനെ ഉദ്ദേശിച്ചല്ല പറഞ്ഞത്. മാഡം ഇതിനെ ഇമോഷണൽ ആയി എടുക്കണ്ട കാര്യമില്ല. ഒരു അഞ്ഞൂറ് രൂപ ആരെങ്കിലും കൂട്ടി കൊടുത്താൽ ഈ വിമലയും കമലയുമെല്ലാം നാളെ മറ്റൊരു വീട്ടിലേക്ക് കടന്നുകളയും, പറ്റുമെങ്കിൽ നമ്മുടെ എന്തെങ്കിലും വിലപിടിപ്പുള്ളത് ഒക്കത്തും വെച്ചുകൊണ്ട്. ഒന്നിനും ഒരു ആത്മാർത്ഥത ഇല്ല മാഡം. എല്ലാം വിളഞ്ഞ വിത്തുകളാണ്. നമ്മളെപ്പോലെ ശുദ്ധർ ഇവരെയൊക്കെ വിശ്വസിക്കുന്നു. വല്ലാത്തൊരു വർഗ്ഗമാണ്. വെറുതെയല്ല മുൻപ് കാരണവന്മാർ ചില നിയമങ്ങളെല്ലാം വെച്ചുകൊണ്ടിരുന്നത് എന്ന് ചിലതെല്ലാം കാണുമ്പോൾ തോന്നാറുമുണ്ട്. അതുപോകട്ടെ, വിമല പോയി മറ്റൊരു സെർവന്റ് വന്നാൽ? നമ്മൾ എല്ലാം ചിന്തിക്കണ്ടേ?
ഇമോഷണൽ ആവുന്നതിന്റെ പ്രശ്നമല്ല ഗോപകുമാർ. വൃത്തിയെക്കുറിച്ചും മറ്റും ഞാൻ അത്രയ്ക്ക് ചിന്തിച്ചിട്ടില്ല. എന്റെ മക്കളുടെ ഒപ്പമാണ് അവർ അവിടെ അന്യനാട്ടിൽ കിടക്കുന്നത്. പ്രത്യേക ബാത്ത്‌റൂമുകളോ സൌകര്യങ്ങളോ ഒന്നും അവിടെയില്ല.
ആ അത് അവിടെയൊക്കെ മറ്റൊരു രീതിയാണ് മാഡം. അതുകൊണ്ടല്ലേ അവിടെയെല്ലാം അസുഖങ്ങളും പെരുകുന്നത്? അവരുടെ സംസ്കാരം പോലെയല്ല നമ്മുടേത്. നമ്മുടെ പാരമ്പര്യങ്ങളും സംസ്കാരവും അനുശാസിക്കുന്നതിൽ കുറച്ചൊക്കെ കഴമ്പുണ്ടെന്ന് തന്നെയാണ് എന്റെ പ്രമാണം.
അതുമാത്രമല്ല മാഡം പ്രശ്നം. ഇപ്പോഴൊക്കെ ഹോം നേർസുകളുടെ പ്രളയമല്ലേ? അവർക്കെന്തൊക്കെ ഡിമാന്റുകൾ ഉണ്ടന്നോ? പ്രത്യേക മുറി, കൃത്യസമയത്ത് ഭക്ഷണം, ഉറക്കം. അങ്ങിനെയാണെങ്കിൽ നമ്മൾക്ക് അവരെ ശുശ്രൂഷിച്ചാൽ പോരേ? കാലം വല്ലാതെ മാറിയിരിക്കുന്നു മാഡം. പട്ടിണിയാണെങ്കിൽ പോലും എന്തൊരു ഹുങ്കാണിവറ്റകൾക്ക്.
സ്വരത്തിൽ അല്പം ഈർഷ്യയോടെ ഗോപകുമാർ പെൻസിൽ വിരലുകൾക്കിടയിൽ വെച്ച് വിറപ്പിക്കുവാൻ തുടങ്ങി.
മാഡം ഇത്ര ആലോചിക്കാനൊന്നുമില്ല. മാഡത്തിന്റെ ഹസ്ബന്റിനോട് ചോദിച്ചു നോക്കണം. ഇങ്ങിനെയല്ല കാര്യങ്ങളെ സമീപിക്കേണ്ടത്. അല്പം കൂടി പക്വത വേണം. ഞാൻ പറഞ്ഞത് സർവ്വസാധാരണമായൊരു നാട്ടുനടപ്പാണ്.
അല്ല ഗോപകുമാർ, എല്ലാ വീടുകളും ഇങ്ങിനെയാണോ വെക്കുന്നത്? ഒരു ബാത്ത് കൂടിയാൽ അത്രയും പൈസ കൂടില്ലേ? ഒരു ജനൽ കൂടിയാൽ പൈസ ലാഭിക്കുന്നതുകൊണ്ടല്ലേ അവരുടെ മുറിയിൽ ജനൽ വേണ്ട എന്ന് പോലും വിചാരിച്ചത്?
മാഡം, ഞാൻ എത്രയോ ഫ്ലാറ്റുകൾക്കും വില്ലകൾക്കും ഡിസൈൻ വരച്ചിരിക്കുന്നു. എല്ലായിടത്തും എല്ലാവരും ആദ്യം ആവശ്യപ്പെടുന്നത് എന്താണറിയുമോ? സെപ്പരേറ്റ് സെർവൻസ് ക്വോർട്ടേർസ് ആന്റ് ബാത്ത്‌റൂം. എത്ര ഇടുങ്ങിയ ഫ്ലാറ്റുകളാണെങ്കിലും അതാണ് ഞങ്ങൾ ആദ്യം വരയ്ക്കുക. അതില്ലെങ്കിൽ ഒന്നും വിറ്റു പോവുകയില്ല. താഴെ പാർക്കിങ്ങ് ലോട്ടിനോട് ചേർന്ന് എപ്പോഴും അങ്ങിനെ എന്തെങ്കിലും ഒരു ചെറിയ മുറി അതിനാണ് എല്ലാ ഫ്ലാറ്റുകളിലും കാണുന്നത്. വെറും പത്തു ലക്ഷത്തിന്റെ വീട് വെക്കുന്നവൻ പോലും വെളിയിൽ മറ്റൊരു ബാത്ത്‌റൂം വെക്കാറുണ്ട്. അത് ഇതുപോലെ വൃത്തിയില്ലാത്തവർക്ക് വേണ്ടിയാണ്.
മാഡം എന്താണിത്ര ആകുലപ്പെടുന്നത് ഇതുപോലെയൊരു കാര്യത്തിൽ എന്ന് എനിക്ക് മനസ്സിലാവുന്നില്ല. മാഡത്തിന്റെ ഹസ്ബന്റ് എപ്പോഴാണ് എത്തുക? കയ്യിലിരുന്ന പെൻസിൽ മേശപ്പുറത്ത് ചെറിയൊരു ശബ്ദത്തിൽ സ്വരമുണ്ടാക്കി തുടങ്ങി.
നമുക്കീ പ്ലാൻ ഒന്ന് മാറ്റി വരക്കണം ഗോപകുമാർ. ഡ്രൈവറെപ്പോലെതന്നെ വീട്ടിലെ വേലക്കാരിയുടെ വൃത്തിയെക്കുറിച്ച് അറിവില്ലാത്ത ഒരുപാട് ബന്ധുക്കളും സുഹൃത്തുക്കളും എനിക്കുണ്ട്. അവർ വിമലയെ ഒരിക്കലും കാണാത്തതു പോലെ ഈ പ്ലാൻ എങ്ങിനെ നമുക്ക് മാറ്റി വരയ്ക്കാം?
2009-07-22
വീട് വെക്കുമ്പോൾ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങൾ
Subscribe to:
Post Comments (Atom)
32 പ്രതികരണങ്ങള്‍:
ആക്ച്വലി ഇവിടെ വീടുവെക്കാന്‍ പോവാണോ? (കഷ്ടകാലസമയത്ത് വീടുവെയ്ക്കും എന്നാ പറയാറ്. :-) അതില്‍ പതിരില്ലാതെയാക്കാന്‍ ആത്മാര്‍ത്ഥമായി യൂണിയനുകള്‍ ശ്രമിക്കാറുമുണ്ട്.)
ഈ പറഞ്ഞതിനൊക്കെ രണ്ട് വശവും പറയാം. അതുകൊണ്ട് ആര്‍കിടെക്റ്റിനെയും അങ്ങിനെയങ്ങ് കുറ്റപ്പെടുത്തുവാന്‍ പറ്റില്ല. പക്ഷെ, വിമലമാരും ധാരാളമുണ്ട്.
ഓഫ്: അവര്‍ക്ക് വൃത്തിയില്ല, അതുകൊണ്ട് പ്രത്യേകം ബാത്ത്‌റൂം, ഇങ്ങിനെയല്ലാതെ; ഇരുകൂട്ടരുടേയും പ്രൈവസിയുടെ കാര്യമെടുത്താല്‍ രണ്ടു ബാത്ത്‌റൂം നല്ലതല്ലേ?
--
ഞങ്ങടെ വീട്ടിലെ ഇരട്ടകളെ ആറു കൊല്ലം നോക്കിയ, മുട്ടത്തോടില്‍ പെയിന്റടിച്ച് ഈര്‍ക്കിലിമേല്‍ ഞാത്തി വള്ളിപ്പടര്‍പ്പില്‍ ഇടാനും ക്രിസ്മസ്സിന് പള്ളീല്‍ കൊണ്ടുപോവാനും ചെപ്പപ്പം ഉണ്ടാക്കാനും ഓടിനടന്ന, പാറശാലക്കാരി സ്വര്‍ണ്ണച്ചേച്ചിയെ ഓര്‍മ്മിപ്പിച്ചു, വിമല.
വളരെ ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്....
വെച്ച് ഉണ്ടാക്കി തന്നു.. വീട് വൃത്തിയാക്കി...നമ്മളെ സമയത്തും കാലത്തും ജീവിപിക്കാന്‍ കഷ്ടപെടുന്ന വേലക്കാരെ തരാം താഴ്ന്നവരായി കാണുന്ന സംസ്കാരം.. മലയാളികള്‍ക്ക് ഉണ്ട്...
ഇത് വായിക്കുമ്പോള്‍ അങ്ങനെ കരുതുന്നവര്‍ ഒക്കെ ഒന്ന് വീണ്ടും ചിന്തിച്ചിരുന്നെങ്കില്‍ അതൊരു വല്യ കാര്യായിരുന്നു
നന്നായി
വായിച്ചപ്പോള്‍ ഇന്ത്യയിലെ ഏറ്റവും സര്‍ക്കുലേഷനുള്ള പത്രത്തിന്റെ വനിതാപ്രസിദ്ധീകരണത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് "വേലക്കാരികളെ എങ്ങനെ നിലക്കു നിര്‍ത്താം" എന്ന കൊച്ചമ്മ ടിപ്‌സു ലേഖനം വായിച്ചതോര്‍മ്മ വന്നു.
പൊളിറ്റിക്സിനു നൂറുമാര്‍ക്ക്. കഥയ്ക്ക്... അറിയില്ല.. ഇഞ്ചി ഈ പോയിന്റൊക്കെ കടന്നു പോയിരുന്നു എന്ന് തോന്നിയിട്ടുണ്ട്.
(പഴഞ്ചന്‍ കഥ എഴുതുന്നത് ഗുപ്തന്റെ മാത്രം അവകാശമാണോ എന്ന് ചോദിക്കരുത് ഹിഹി )
ആഹാ, ഇഞ്ചി വീട് വെയ്ക്കാന്‍ പോകുവാണോ??
പിന്നെ കഥയോട് ന്യൂട്രല്‍ അപ്രോച്!:)
ഇത്തരം മധ്യവര്‍ഗ്ഗ പൊങ്ങച്ചങ്ങള്‍ ഇഞ്ചിക്കുതന്നെ സഹിക്കാനാവുന്നില്ല. നല്ലത്.
Good.
ആ ആര്‍ക്കിടെക്റ്റ് പറഞ്ഞ രീതി ശരിയല്ല. പക്ഷെ servant's room വയ്ക്കുന്നത് ഒരു പുതുമ ഉള്ള കാര്യമായി തോന്നുന്നില്ല. കൂടാതെ സ്വന്തം മക്കളുടെ ഒപ്പം ആണ് അവര്‍ ഉറങ്ങുന്നത് എന്നു പറഞ്ഞു. അവരിപ്പൊള്‍ ചെറിയ കുട്ടികള്‍ ആയിരിക്കും അല്ലെ? അവര്‍ വളര്‍ന്നു വരുമ്പോഴും ഇതു തന്നെ പറയുമൊ?
നന്നായിട്ടുണ്ട്.
എല്ലാവരെയും മനുഷ്യരായി മനസ്സിലാക്കാന്‍ നമ്മളിനിയും എത്ര യാത്ര ചെയ്യേണ്‍ടിയിരിക്കുന്നു.
നന്നായിട്ടുണ്ട്.
സ്വാമിശരണം...
സംഗതി ഫിക്ഷൻ ആണെന്ന് ഗുപ്തന്റെ കമന്റ് കണ്ടപ്പോഴാണ് മനസിലായത്.
അനുഭവകുറിപ്പെന്ന നിലയിൽ വായിച്ചാൽ സംഗതി ജോറായിണ്ട്.
കഥയെന്ന നിലയിൽ ക്രാഫ്റ്റ് :-|
ക്രാഫ്റ്റ് - അതെന്ത്‌ര് സാധനം കാവിയണ്ണാ?
നായിക ഒരു പെണ്ണ്. അനുഭവക്കുറിപ്പിലേക്ക് ഓട്ടോമാജിക്കിലി ചാഞ്ചാടുമോ വായന?
it is nice.. actually i suddenly think about my maid... :-)
I like her very much.. even she look after my baby very nicely....
Ini malayalathil... pakshe ella veetu jolikkarum angane alla kto... chooshanam cheyyunnavarum undu...
നല്ല കഥ!!! :)
Like in every crime no matter how brilliantly it has executed there remains a lead to the criminal, every story leaves a link to the mind which crafted the story. It has always been amazing to read you while finding those leads. Sexuality of narrator has been beautifully crafted without a single line directly referring to it. It was equally painful to see the Architect's violence on her sexuality (again untold literally)
:) Nice.
ഇതു് അനുഭവമാണെങ്കിലും കഥയാണെങ്കിലും അതിലെ നിലപാടു് എനിക്കിഷ്ടപ്പെട്ടു. ഒരു കല്ലിലുടയുന്നതു് എന്നു് ഒരിടത്തും ഇങ്ങനെ മറ്റൊരിടത്തും എഴുതുമ്പോള്‍ പക്ഷെ ആകെ കണ്‍ഫ്യൂഷന്‍...
balancing is d pblm...we have to respect "their" dignity and daily papers come out with stories of elpng/mrdr/thft..etc..etc...considering the emotional factr/ economical factr/ cnvnce fctr/and all and all no no no not forgot the fassion fctr ....head ache "maaadam!
I was in search of u injippennu (curious name ! )
HAppy to meet u!
കവിതകള്‍ വായിക്കാന്‍ ഇഷ്ടം ആണെങ്കില്‍ , സെറീനയെ വായിച്ച് "ഹോ " എന്ന് പറഞ്ഞെങ്കില്‍ ,
നന്ദയുടെ കവിതകള്‍ , ലേഖയുടെ കഥകള്‍ വായിച്ച് കണ്‍ നിറച്ചു എങ്കില്‍ ,
എങ്കില്‍ ഇനി ഹരിതകം.ബ്ലോഗ്സ്പോട്ട്.കോം ( harithakam.blogspot,.com) ഇല്‍ ഒരു പന്ത്രണ്ട് വയസ്സുകാരിയുണ്ട് അഭിരാമി , അവളെ വായിക്കുക കണ്‍ മിഴിക്കുക
ഫ്രം ചേച്ചി (പെണ്ണ് )
ടു ഇഞ്ചി (പെണ്ണ് )
കഥ ഇഷ്ടമായി :)
പക്ഷെ വിഷയത്തിനോട് സമദൂര സിദ്ധാന്തമാണ്.
http://sijijoy.blogspot.com
ithu vayikkuka,
ente blog alla ketto ( ente arudem alla)
മെയ്‌ഡ് ഇന്‍ ഇന്തോനീഷ്യ, മെയ്‌ഡ് ഇന്‍ ഫിലിപ്പൈന്‍സ്, മെയ്‌ഡ് ഇന്‍ ഇന്ത്യ - ഇവിടെ നിത്യവും കാണുന്ന മെയ്‌ഡുകള്‍..രണ്ടോ, മൂന്നോ വര്‍ഷത്തിലൊരിക്കല്‍ സ്വന്തം മക്കളെ കാണാന്‍ പോകുന്ന അമ്മമാര്‍..അതുവരെ, ആരാന്റെ മക്കളെ നോക്കിയും, തീറ്റിയും, പോറ്റിയും ജീവിക്കുന്ന സാധുക്കള്‍..വഴിയിലൂടെ ചിരിച്ചും, കളി പറഞ്ഞും നടന്നുപോകുന്ന അവരെ കാണുമ്പോള്‍, ആ നെഞ്ചുകള്‍ക്കുള്ളിലെ തീ എനിക്ക് തൊടാന്‍ കഴിയുന്നുണ്ട്..നാട്ടിലുള്ള അവരുടെ മക്കളെ എനിക്ക് കാണാന്‍ കഴിയുന്നുണ്ട് ഈ കുറിപ്പിലുമുണ്ട് ആ ചൂട്.
വേലായുധന്‍ ഡോക്ടറുടെ ഡയഗണോസിസ്സിനോടുള്ള ഈ കുറിപ്പിന്റെ നാഭീനാളബന്ധം എന്റെ വെറും തോന്നലാണോ?
അഭിവാദ്യങ്ങളോടെ
അനാഥരായ സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്ന സാഥി എന്ന എന്‍ജിഓ സംഘടനയുടെ സാരഥിയും ബാലവേല മുതല്‍ ചേരി സ്ത്രീകളുടെ ദുരിതങ്ങള്‍ വരെയുള്ള താഴെക്കിടക്കാരുടെ പ്രശ്നങ്ങള്‍ക്കെതിരെ ഘോര ഘോരം പ്രതികരിക്കുകയും ചെയ്യുന്ന സുചിത്ര കൃഷ്ണമൂര്‍ത്തിയെന്ന ഗായികാ + സാമൂഹ്യപ്രവര്‍ത്തകക്കെതിരെ ഇന്ന് വീട്ട് ജോലിക്ക് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ഉപയോഗിച്ചതിന്റെ പേരില്‍ ബാലവേല നിരോധന പ്രകാരം കേസെടുത്ത വാര്‍ത്ത ഈ പോസ്റ്റ് വായിച്ചപ്പൊള്‍ ഓര്‍മ്മ വന്നത് കേവലം യാദൃശ്ചികത മാത്രമാവും , ആവുമെന്നല്ല ആണ് .
നല്ല പോസ്റ്റ് .
Ingi കുട്ടിക്ക് ഒരു അവാര്‍ഡ് തരണം തരണം എന്ന് ഒത്തിരി നാളായി വിചാരിക്കുന്നു , ഇപ്പോഴാണ് ഒരെണ്ണം കയ്യില്‍ കിട്ടിയത്. എന്റെ ബ്ലോഗില്‍ പോയി നോക്കു.
അമ്മയെന്നാൽ ആഴ്ച്ചയിലൊരുനാൾ ഫോണിൽ കേൾക്കുന്ന വാത്സല്യവും മാസത്തിൽ രണ്ടുവട്ടം വരുന്ന ഉമ്മ നിറച്ച കത്തും ആയിരുന്ന എന്നെ,സ്വന്തം ചൂടു തന്നു വളർത്തിയ മായച്ചേച്ചീ,ഞാൻ എന്തിനാണിപ്പോൾ ഇവിടെ കണ്ണുനിറയ്ക്കുന്നത്?
Dear Injikkutty,
Wanted to type in Malayalam. Due to lack of time, bear with me. I have been enjoying your posts for quite some time. Being in U.S and wanting to go back to Kerala, this post got my attention. So are you returning to Kerala? If so when and which school are the kids going to?
Usually we don't see many Malloos returning to Kerala. Athenganeya, vartha vayichal avide jeevikkane pattilla ennu thonnumallo. Kalikalam!
നന്നായിട്ടുണ്ട് .. ആന്‍ഡ് കോണ്‍സെപ്റ്റ് ഉം
Post a Comment