വാതിലടച്ചതും, മരിയ വസ്ത്രങ്ങൾ ദ്രുതമായൊരു താളത്തോടെ ഉരിഞ്ഞു മാറ്റുകയും ഏസി പ്രവർത്തിപ്പിക്കുകയും ഷൂസുകൾ കാലുകൊണ്ട് ചവിട്ടി മേൽപ്പോട്ടെറിയുകയും ഒരു കോണ്ടം ഹോട്ടൽ മുറിയിലെ മേശവലിപ്പിലെവിടെയോ നിന്ന് പരതിയെടുക്കയും ചെയ്തു.
ഇത്രയും മിനുട്ടുകുൾക്കുള്ളിൽ കൺമുൻപിൽ നടന്നത് ഒരു കെട്ടിടം വെടിമരുന്നിനാൽ പൊളിഞ്ഞു വീഴുന്നതുപോലെയോ അല്ലെങ്കിലൊരു ഭൂമികുലുക്കം പോലെയോ മധുവിനു തോന്നിക്കാണണം. ആദ്യമായാണ് ഒരു വേശ്യയെ ഇത്ര അടുത്ത് കാണുന്നത്.
അതു മാത്രമോ, ഒരു മുറിക്കുള്ളിൽ, എന്തും സംഭവിക്കാവുന്ന, എന്തും സംഭവിപ്പിക്കാവുന്ന ഒരു മുറിക്കുള്ളിൽ അത്രയും നാളുകൾ കൊണ്ട് കെട്ടിപ്പൊക്കിയ പലതും, പല ന്യായങ്ങളും വിശ്വാസങ്ങളും, ആദർശങ്ങളും വലിച്ചെറിഞ്ഞ് വാതിലടച്ചതും ആദ്യമായാണ്.
സ്നേഹമുള്ളൊരു ഭാര്യയും മകനും ജോലിയും അച്ഛനും അമ്മയും എല്ലാമുണ്ടായിട്ടും മരിയ ഹോറേയൊടൊപ്പം നാലു ചുവരുകൾക്കുള്ളിലായതിന്റെ പിന്നിൽ, മനശ്ശാസ്ത്രപരമായൊരു വിശകലനം അതിസങ്കീർണ്ണമാവുന്നത് സ്നേഹത്തിനു വേണ്ടി കാമം എന്ന പര്യർത്ഥങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ മാത്രമാവും.
പറയത്തക്ക കാമാസക്തിയേതുമില്ലാതെ, വെറുതേ ലാസ് വേഗസിൽ സുഹൃത്തുക്കളോടൊപ്പം ചുറ്റിക്കറങ്ങിയ മധു, ബെല്ലാജിയോ എന്ന പടകൂറ്റൻ ഹൊട്ടലിന്റെ മുൻപിലെ വെള്ളച്ചാട്ടം തനിയേ ആസ്വദിക്കുന്നത് ശ്രദ്ധിച്ചവരുണ്ടാവും.
അപ്പോഴൊന്നും മരിയ അവിടെ ഉണ്ടായിരുന്നില്ല.
വെള്ളച്ചാട്ടങ്ങൾ എത്രയെണ്ണം മധു കണ്ടിരിക്കുന്നു? ഓർമ്മയില്ലേ ലാൽ ബാഗിൽ പോയത്? അതെ, ബാംഗ്ലൂരിലെ ലാൽബാഗ് തന്നെ. മറ്റെവിടെയെങ്കിലും എത്രയെത്ര പേരുകളിൽ അതേ വെള്ളച്ചാട്ടങ്ങൾ നിറം കൊടുത്തും സംഗീതം പകർന്നും കുതിച്ചുചാടിയും മതിമറന്നും നിൽപ്പുണ്ടെന്ന് അന്നു നിനച്ചതുപോലുമില്ലല്ലോ.
-1-
ലാസ് വേഗസ്.
രാത്രിയാമങ്ങളിൽ മിഴിതുറക്കുകയും ചില്ലറത്തുട്ടുകളുടെ സംഗീതത്തിൽ അഭിരമിക്കുകയും കടുംവർണ്ണങ്ങളുടെ ശീഘ്രസ്ഖലനത്തിൽ മയങ്ങുകയും ചെയ്യുന്ന നഗരമാണല്ലോ?
മരുഭൂമിയിൽ കെട്ടിപ്പൊക്കിയ പാരിസും ഇറ്റലിയും ഈജിപ്തും മറ്റു മഹാനഗരങ്ങളും, മദാലസകളുടെ മാറിടങ്ങളിലെ സിലിക്കൺ ഇമ്പ്ലാന്റുകൾ പോലെ നമ്മെ നോക്കി പരിഹസിക്കുമ്പോഴും, അവയെല്ലാം അവിടെ സ്ഥാപിച്ചുവെന്നു നമ്മളെ വിശ്വസിപ്പിക്കുകയും, നമ്മൾ അവയെല്ലാം വിശ്വസിക്കാൻ സന്തോഷപൂർവ്വം സമ്മതിക്കുകയും ചെയ്യുന്നു.
എത്ര എൽവിസ് വേഷധാരികൾ, അയാൾ മരിച്ചു പോയതായി വഴിനീളെ ഓർമ്മിപ്പിക്കുന്നു. എത്ര ലിമസിനുകൾ നമ്മളിലൂടെ ഇഴഞ്ഞ് നീങ്ങുന്നു. എത്ര വെളിച്ചങ്ങളിലൂടെ സഞ്ചരിക്കുമ്പോഴാണ് ഈ തെരുവിനെ മണലിൽ കൊണ്ടെത്തിക്കാനാകുക? എത്ര വേശ്യകളുടെ നരബാധിച്ച അമ്മമാരിൽ നിന്ന് ഫോൺ നമ്പർ കുറിച്ച കടലാസ്സ് തുണ്ടുകൾ മറികടന്നാലാണ് രാത്രിയിലെപ്പോഴെങ്കിലും ഒന്ന് ഉറങ്ങാനാവുക?
അങ്ങിനെ ഒരു കടലാസ്സ് തുണ്ടിന്റെ അകമ്പടി പോലുമില്ലാതെ മരിയോടൊപ്പം മധു നടന്നത്, റോഡ് മുറിച്ചത്, ഹോട്ടലിലേക്ക് ചെന്നത്, ഒരു വെള്ളച്ചാട്ടത്തിന്റെ പരിസമാപ്തിയിലും മറ്റൊരു വെള്ളച്ചാട്ടത്തിന്റെ തുടക്കത്തിനും നടുവിലെ ഏതോ ഒരു നിമിഷത്തിൽ, അവൾ കൈയിൽ കടന്ന് പിടിച്ച്, “ഒരല്പം സന്തോഷം സ്നേഹമേ?” എന്ന് ചോദിച്ചതുകൊണ്ട് മാത്രമാവുമോ?
സ്പാനിഷ് കലർന്ന ഇംഗ്ലീഷിന്റെ ചുവടുകൾക്ക് പിന്നിൽ കുമിഞ്ഞ് കൂടിയ ഇരുട്ട്, ഇടുങ്ങിപ്പൊളിഞ്ഞൊരു ഹോട്ടൽ മുറിയിൽ നക്ഷത്രമായി മാറിയ കാഴ്ചയിലെ പരിഭ്രാന്തയിൽ നിന്ന് മധു അപ്പോഴും വിമുക്തനായിരുന്നില്ല.
“സമയമില്ല മിസ്റ്റർ, എനിക്കെന്റെ ജോലി തീർക്കണം. അര മണിക്കൂറിനാണ് പറഞ്ഞത്. എങ്ങിനെയാണ് വേണ്ടത്? മുൻപിലോ പിന്നിലോ? ഓറലിനു അൻപത് ഡോളർ കൂടുതലുണ്ട്”
സ്പാനിഷിൽ മരിയ പറഞ്ഞത് മനസ്സിലാവാതെ, അവളുടെ ചലനങ്ങളിൽ ചാഞ്ചാടുന്ന ചെറിയ മാറിടങ്ങളിൽ കണ്ണുകൾ വിടർത്തി അടുത്തയൊരു വെള്ളച്ചാട്ടത്തിനായ് മധു കാതോർത്തു നിന്നു.
വലിയ ഒരു രണ്ട് ലിറ്റർ കൊക്കോകോള ബോട്ടിലിനെ ഓർമ്മിപ്പിക്കും വിധം, ചെറിയ തലയും തടിച്ചു നീളത്തിലുരുണ്ടൊരു ദേഹവുമായ് നുരഞ്ഞു പൊന്തി മരിയ മധുവിനടുത്തേക്ക് പാഞ്ഞെത്തി. വിലകുറഞ്ഞ ക്യാമറകളിൽ, രാത്രിയാമങ്ങളിലെ വെളിച്ചത്തിന്റെ ചലനങ്ങൾ പ്രതിഫലിപ്പിക്കും പോലെ അവൾ ഒരു നിമിഷത്തിൽ നിന്ന് മറ്റൊരു നിമിഷത്തിലേക്ക് പറക്കുകയാണ്, വെളിച്ചത്തുള്ളികളെ ഭക്ഷിക്കുന്ന ഒരു പക്ഷിയെപ്പോലെ.
“നോ സ്പാനിഷ്? യൂ ഇംഗ്ലീഷ്?” മധുവിന്റെ വസ്ത്രങ്ങളിൽ അവൾ പിടിച്ചുലച്ചു.
ലോകത്തെവിടെയും വിലക്കു വാങ്ങുന്ന കാമത്തിന്റെ ഒരേയൊരു ഭാഷയെ മറികടക്കുവാൻ കഴിയാതെ മധു, അവളുടെ വളഞ്ഞ അരക്കെട്ടിലൂടെ കൈകൾ ഞാത്തി അവളെ ചുംബിക്കാനൊരുങ്ങി. തികഞ്ഞ ഒരു കാമുകനെപ്പോലെ, കണ്ണുകൾ പോലും മൃദുവായ് താഴ്ത്തുകയും ചെയ്തു.
വല്ലാത്തൊരു ആഘാതത്തോടെ തറയിലേക്ക് വീണ മധുവിനെ മരിയ പിടിച്ചുയർത്തി.
“ഹേ! ” ചുണ്ടുകളിൽ ചൂണ്ടാണി വിരൽ വെച്ച് അവൾ പറഞ്ഞത് ശബ്ദം പുറപ്പെടുവിക്കരുതെന്ന് മാത്രമാണ് മധുവിനു തോന്നിയത്. ക്രുധമായ അവളുടെ കണ്ണുകളും അത് തന്നെയാണ് പറഞ്ഞത്.
നിവർന്ന് നിന്ന്, പിന്നീടും ചുംബിക്കാനാഞ്ഞ മധുവിനെ, അവൾ പെട്ടെന്ന് തള്ളിമാറ്റി. കട്ടിലിനു മുകളിലെ സ്പാനിഷിൽ എഴുതിയിരുന്ന പഴയ ബോർഡ് പറിച്ചെടുത്തു അവന്റെ മുഖത്തേക്ക് അതെറിഞ്ഞു. അതിനു ശേഷം തലയിൽ കൈവെച്ച്കൊണ്ട് വല്ലാത്തൊരു കോപത്തോടെ അവനെ നോക്കി വാവിട്ട് കരയുന്നൊരു ശബ്ദം പുറപ്പെടുവിച്ചു.
എന്നിട്ടും കലിയടങ്ങാത്തവണ്ണം കട്ടിൽ കാലുകളിൽ അവൾ ശക്തമായി തൊഴിച്ചു. പെട്ടെന്ന് കട്ടിലിന്റെ അടിയിലേക്ക് കുനിഞ്ഞ് കൊലുന്നനേയൊരു ചെറിയ പെൺകുട്ടിയെ പൊക്കിയെടുത്ത് കസേരയിൽ ഇരുത്തി, കുലുക്കി, മുഖത്തടിച്ചു. അടിയുടെ ആഘാതത്തിലും ഒന്നു മുഖം ചുളുക്കുക പോലും ചെയ്യാതെ, അമ്മയെ തള്ളിമാറ്റി പെൺകുട്ടി ഉറക്കച്ചവടിൽ പിന്നേയും കട്ടിലിനടിയിലേക്ക് പോകുവാൻ തുനിയുകയാണുണ്ടായത്.
മധു ഭയന്ന് പോയിരുന്നു.
കട്ടിലിനടിയിൽ നിന്ന് വലിച്ചെടുത്തത് ഒരു ശവമായിരുന്നോ എന്ന് പോലും ഒരു നിമിഷം പരിഭ്രമിച്ച് പോയി. ഇംഗ്ലീഷ് സിനിമകളുടെ ആഴത്തിലുള്ള ദൃശ്യാവിഷ്കാരങ്ങളിലൂടെ മധുവും പലപ്പോഴും കടന്ന് പോയിട്ടുണ്ടല്ലോ. അവ സൃഷ്ടിക്കുന്ന തീരാനിഴലുകളിൽ നിന്നും കുതറിമാറുവാൻ പോലും അശക്തനായി, മുൻപിൽ കാണുന്ന രണ്ട് മനുഷ്യക്കോലങ്ങൾക്കിടയിൽ ശ്വാസം എടുക്കുവാൻ പോലും പരിഭ്രമിച്ച്, കടന്ന് വന്ന വഴികളിലെ ഇരുട്ടിനെ കീറിമുറിക്കുവാൻ വിഫലമായി ശ്രമിച്ചുകൊണ്ടിരുന്നു.
കുട്ടിയെ പിടിച്ചിരുത്തി, എന്തൊക്കയോ പുലമ്പി, നഗ്നയായ് നിലത്തിരുന്ന് കരയുന്ന മരിയ ഹോറേയ്ക്ക് അപ്പോഴും വേശ്യയുടെ തിളക്കമുണ്ടായിരുന്നതായി ആരും സമ്മതിച്ചു പോകും. കുട്ടി, തളർന്ന മിഴികളും ശരീരവും കൊണ്ട് കുനിഞ്ഞ് കൂടി, അമ്മയ്ക്കരികിൽ സ്ഥാനം പിടിക്കുവാൻ കസേരയിൽ നിന്നിറങ്ങി, നിലത്ത് പതിയേ ഇഴഞ്ഞ് ചെല്ലുകയും ചെയ്തു.
അമ്മ പിന്നെയും കുട്ടിയെ തള്ളി മാറ്റി ചെകിട്ടിൽ തുടരെ അടിച്ച് മധുവിനെ ചൂണ്ടി പുലമ്പി.
കുട്ടി രണ്ട് ചെവിയും പൊത്തിപ്പിടിച്ച് വിതുമ്പി കരയുവാൻ തുടങ്ങി. അമ്മയാകട്ടെ അവളെ വെളിച്ചത്തിലേക്ക് കൊണ്ടുവരുവാൻ പണിപ്പെടുന്നുണ്ടായിരുന്നു, അതിനായി അസഹ്യമായൊരു ശബ്ദത്തോടെ മുഖത്ത് മർദ്ദിച്ചുകൊണ്ടിരുന്നു.
“ഹേ! നിങ്ങൾക്ക് സ്പാനിഷ് അറിയില്ലേ? നിങ്ങളുടെ മീശ കണ്ടിട്ട് സ്പാനിഷ് അറിയാമെന്ന് അമ്മ പറയുന്നു?” മുറിഞ്ഞ് മുറിഞ്ഞ് ഇംഗ്ലീഷും സ്പാനിഷും വല്ലാതെ കലർത്തി കുട്ടി മധുവിനെ നോക്കി. അരണ്ട വെളിച്ചത്തിലെ കണ്ണിലെ ഒരു പാടപോലെ മാത്രമേ അപ്പോഴും മധുവിനു കുട്ടി തെളിഞ്ഞിരുന്നുള്ളൂ.
പൊട്ടും പൊടിയുമുള്ള ഇംഗ്ലീഷ് കേട്ട വ്യഗ്രതയിൽ മധു പൊടുന്നനേ അറിയാവുന്ന സ്പാനിഷ് വാക്കുകൾ ഉരുവിട്ടു “ഹോള, മീ നോ ഇസ്പാനോൾ”
അമ്മ കുട്ടിയേയും കുട്ടി അമ്മയേയും മധു ഇവരേയും നോക്കി അഞ്ചുമിനുട്ടുകൾ കടന്ന് പോയി. കുട്ടി പെട്ടെന്ന് പൊട്ടിച്ചിരിക്കുവാൻ തുടങ്ങി. തല കാർപ്പറ്റിൽ വെച്ച് കാലുകൾ ചമ്രം പടിഞ്ഞ് വെച്ച് കൈ കുത്തി കുട്ടി അട്ടഹസിച്ച് ചിരിക്കുവാൻ തുടങ്ങി.
അമ്മ പിടഞ്ഞെഴുന്നേറ്റ് മേശവലിപ്പിൽ നിന്ന് ഒരു സിഗറെറ്റ് എടുത്ത് പുകച്ചു. വസ്ത്രങ്ങളിൽ ഒരു ടീഷർട്ട് മാത്രം എടുത്ത് ധരിച്ച്, ഏ.സിയുടെ മുരൾച്ചയുടെ മുകളിൽ പോയി വല്ലാത്തൊരു നിസ്സംഗതയോടെ അകലങ്ങളിലേക്കെന്നവണ്ണം കണ്ണുകൾ പായിച്ച് മധുവിനെ വീക്ഷിച്ച് ഇരിപ്പുറപ്പിച്ചു.
“ഡോളറുണ്ടോ?” ആംഗ്യഭാഷയിൽ രണ്ട് വിരലുകൾ തിരുമ്മി, ഒന്നും ഉരിയിടാതെ കുട്ടി മധുവിന്റെ കണ്ണുകളിലേക്ക് നോക്കി.
പോക്കറ്റിൽ കയ്യിട്ട് പേർസിൽ നിന്ന് മധു രണ്ട് നൂറ് ഡോളറിന്റെ നോട്ടുകൾ കാണിച്ചു.
“നിങ്ങൾക്ക് എന്താണ് വേണ്ടത്? മുൻപിലോ പിന്നിലോ? ഓറലിനു അൻപത് ഡോളർ കൂടുതലുണ്ട്” മരവിച്ച മേൽചുണ്ടുകളുള്ള തത്തയായി മാറിയ കുട്ടിയുടെ മുന്നിൽ മധു പെട്ടെന്ന് കൈകൾ കൂപ്പി നിലത്ത് മുട്ടുകുത്തിയിരുന്ന് കരയുവാൻ തുടങ്ങി.
“എനിക്ക് പോയാൽ മതി, പൈസ നിങ്ങൾ എടുത്തോളൂ.”
മരിയ പൊടുന്നനേ എഴുന്നേറ്റ്, കയ്യിലെരിഞ്ഞ സിഗററ്റ് മതിലിൽ കുത്തി അണച്ചു. മധുവിന്റെ കയ്യിൽ നിന്നും നോട്ട് കെട്ടുകൾ പറിച്ചെടുത്തു. കുട്ടിയെ നോക്കി ആദ്യമായ് ചിരിച്ചു. മഞ്ഞക്കറയുള്ള പൊട്ടിയ പല്ലുകൾ കാണിച്ച് കുട്ടിയെ നോക്കി നോട്ടുകൾ ഒരു കുസൃതിയോടെ വീശി.
“നിങ്ങൾ സ്പാനിഷ് അല്ലേ?”
അമ്മയോട് കുട്ടി മധു മറ്റൊരു രാജ്യക്കാരനാണെന്നും അവിടേയും ആണുങ്ങൾ പൊതുവേ മീശ വെക്കുകയും ചെയ്യുന്നുണ്ടെന്ന് അറിയിച്ചു. മധു തന്റെ രാജ്യം ആവർത്തിക്കുന്നത് അവരൊരു അത്ഭുതം കണക്കേ കേട്ടിരുന്നു.
ആദ്യമായാണങ്ങനെയൊന്നവർ കേൾക്കുന്നത്. ആദ്യമായണങ്ങിനെയൊരാളെ കാണുന്നതും.
പിന്നീടുള്ള നിശ്ബ്ദതയുടെ അരികുകളിലൂടെ കുട്ടി, ഇതെന്റെ അമ്മയാണ്, ഞങ്ങൾ മെക്സിക്കോയിൽ നിന്നാണ്, ഞാൻ ജനിച്ചത് ഇവിടെയാണ് എന്ന് പിച്ചവെച്ച് നടന്നു.
മെകിസ്ക്കോ? നിങ്ങൾ കേട്ടിട്ടുണ്ടോ മിസ്റ്റർ? ഗോദലോപ്പേ എന്ന നഗരത്തിലാണ് താമസിച്ചിരുന്നത്. യേശുവിന്റെ അമ്മ അവിടെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ ലോകത്തിൽ അമ്മ മരിയത്തിന്റെ ഏറ്റവും വലിയ പ്രത്യക്ഷം നടന്ന നഗരമാണ്. എത്ര വിശ്വാസികളെന്നോ എത്രയോ നഗരങ്ങൾ താണ്ടി അമ്മ മരിയത്തെ തേടി എത്തുക? അവിടെയുള്ള എല്ലാ പെൺകുട്ടികളുടേയും പേരു മരിയ എന്നാണ്. മാതാവിനോടുള്ള ഭക്തി അത്രയ്ക്കുമാണ്.
പതിനൊന്ന് വയസ്സ് വരെയോ മാറിടം പൊങ്ങുന്ന വരെയോ മാത്രമേ ഞങ്ങൾ മരിയമാർ അവിടെ തങ്ങാറുള്ളൂ. അമ്മ കുട്ടിയോടൊപ്പം പൊട്ടിച്ചിരിച്ചു.
നിങ്ങൾ എത്ര നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നു. മരിയ മധുവിന്റെ അടുത്തേക്ക് കാലുകൾ നീട്ടി വെച്ചു. നിങ്ങൾ സംസാരിക്കുന്ന ഭാഷയും ഞാനും ഒപ്പമുണ്ടെങ്കിൽ നമ്മൾക്ക് ലക്ഷങ്ങൾ കൊയ്യാം? ഈ പട്ടണത്തിൽ മണൽത്തരികളേക്കാളും കൂടുതൽ സ്വർണ്ണനാണയങ്ങളാണ്, ഇവയിലെ സ്വർണ്ണം നമുക്ക് ഉരുക്കിയെടുക്കാം.
കൈകളിൽ സ്വർണ്ണനാണയങ്ങൾ കുമിഞ്ഞതിന്റെ ഭാരം താങ്ങാനാവത്തപോലെ മരിയയുടെ കണ്ണുകൾ വിടർന്നു.
ഇതുവരെ കേട്ടിട്ടില്ലാത്തൊരു രാജ്യത്ത് നല്ല മനുഷ്യർ മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് മരിയ പൊടുന്നനേ ആ നിമിഷത്തിൽ ഉറച്ചു വിശ്വസിച്ചു. സ്വപ്നങ്ങളിലെ രാജ്യങ്ങളിൽ സ്വപ്നങ്ങളിലെ കൊട്ടാരങ്ങളിൽ സ്വപ്നങ്ങളിലെ തടാകങ്ങളിൽ എത്ര തെളിമയുള്ള നിലാവാണ് ഉദിക്കുന്നത്.
എത്ര ആഗ്രഹമാണെന്നറിയുമോ എന്റേതുമാത്രമായ ഒരു ഹോട്ടൽ, ഹോട്ടൽ മുറി? അവയിലെ എല്ലാ മുറികളും ഞാൻ എനിക്കിഷ്ടമുള്ള നിറങ്ങൾ കൊണ്ട് മാത്രം അലങ്കരിക്കും. ഇതുപോലുള്ള മെത്തകളാവില്ല, പഞ്ഞിക്കെട്ടുകൾ പോലെയുള്ള മെത്തകൾ.
സ്വപ്നത്തിൽ നിന്നുണർന്ന്, ഇവൾക്ക് ഇംഗ്ലീഷ് അറിയുമെങ്കിലും ചെവി നേരാംവണ്ണം കേൾക്കില്ല, മകളെ ചൂണ്ടി മറിയ വെറുപ്പ് പുറപ്പെടുവിച്ചു.
ഇരുട്ടിൽ ചുണ്ടുകളനങ്ങുന്നത് കാണാനാവാതെ ഇവൾ എന്തു ചെയ്യും? കഷ്ടം. ഞങ്ങളുടെ തൊഴിലിനു ഏറ്റവും കൂടുതൽ ആവശ്യം യോനിയല്ല, ചെവികളാണെന്നറിയുമോ? ഓരോ പുരുഷനും വേണ്ട കനാകത്വം ഞങ്ങൾ സൂക്ഷിക്കുന്നതവിടെയാണ്.
“അതറിയാതെയാവണം നിങ്ങളിത്ര അലയുന്നത്.” രണ്ട് വിരലുകൾ ഇരട്ടക്കുഴൽ തോക്ക് പോലെ നിവർത്തി തലയിൽ വെടിവെയ്ക്കുമ്പോലെ ഭാവിച്ച് കണ്ണുകളിൽ പൊടുന്നനേയൊരു സഹതാപത്തോടെ മധുവിനെ നോക്കിയിരുന്നു.
പിന്നീട്, കുറച്ച് നേരം മുൻപ് പറിച്ചെടുത്തെറിഞ്ഞ ബോർഡ്, തറയിൽ നിന്നും പെറുക്കിയെടുത്ത് ആണിയിൽ തൂക്കിയിടുകയും, മധുവിനൊരു മന്ദഹാസവുമായി ആടിയുലഞ്ഞ് മധുവിന്റെ മടിയിൽ ചാഞ്ഞ് കിടക്കുകയും ചെയ്തു.
ലാസ് വേഗസിലെ വേശ്യാതെരുവുകളിൽ ചുംണ്ടുകളിൽ ചുംബനം നിഷിദ്ധമാണെന്ന് അറിവില്ലാതെയാണോ നിങ്ങൾ ഇതിനു വന്നത്? മറ്റെന്തും ചെയ്യും, സ്നേഹത്തോടെയുള്ള ചുംബനങ്ങളിൽ കുരുങ്ങാതിരിക്കാൻ പ്രത്യേകം ഞങ്ങൾ ശ്രദ്ധിക്കണം. മരിയമാർ എപ്പോഴും പ്രസവിക്കുന്നത് കർത്താവീശോമിശിഹായെ അല്ല.
മരിയ ഒരു ഞെരക്കത്തോടെ ഉറക്കത്തിലേക്ക് ഒലിച്ചു പോയി.
-2-
പറഞ്ഞിട്ടില്ലെങ്കിൽ മരിച്ചുപോകുമെന്നൊരവസ്ഥ വരുമ്പോഴാവണം, മരണക്കിടക്കയിൽ, ഇഷ്ടമുള്ള കള്ളങ്ങളിലൂടെയൊരു കഥ മെനഞ്ഞ്, ജീവിച്ചിരിക്കുന്നവരെ തീരാപരിഭ്രാന്തിയിലാഴ്ത്തുകയും അസ്വസ്ഥരാക്കയും, മരണത്തിന്റെ വാർപ്പിലായതുകൊണ്ട് മാത്രം അവരെ വിശ്വസിക്കേണ്ടി വരുകയും, പിന്നീടുള്ള ദുരിതങ്ങളുടെ പ്രതികാരം മറ്റൊരു മരണക്കിടക്കയിൽ തീരുകയും ചെയ്യുന്നത്?
മധു ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നത് മരിയയുടെ ഗന്ധമാണ്. അവൾക്ക് ചൂട് മണൽത്തരികളുടെ ഗന്ധമാണ്. “ഞാനവളെ ചുംബിച്ചിട്ടുണ്ട്, ചുണ്ടുകളിൽ. വെള്ളച്ചാട്ടങ്ങൾ നിലച്ച് പോയിട്ടുള്ളതുപോലെ.”
ചഷകങ്ങളിൽ നുരഞ്ഞ് പൊന്തുന്ന ലഹരിയുടെ സുഖസുഷിപ്തിയിൽ, വേഗസിൽ ഒരു രാവ് പിന്നേയും ഉറങ്ങുകയാണ്, രാത്രിയിലേക്ക്. മധുവാകട്ടെ കിടക്കരികിൽ എപ്പോഴും കാവലിരിക്കുന്ന തീരെ നേർത്തു കാണുന്ന ഒരു രൂപത്തോട് തന്റെ സന്തോഷം പങ്കുവെച്ചതിന്റെ ആഴങ്ങളിലേക്കും.
2009-09-06
മരിയ വേഗസ്
Subscribe to:
Post Comments (Atom)
25 പ്രതികരണങ്ങള്‍:
!
കൊള്ളാം. ഇറ്റ് ഈസ് ഡിഫെറെന്‍റ്.
വ്യത്യസ്തതയുള്ള കഥ... നല്ല ആഖ്യാനശൈലി...
ഹൃദയത്തിന്റെ പ്രകമ്പനങ്ങള്‍ വായിക്കാനറിയാമോ,
എങ്കില്‍ ഒന്ന് പറഞ്ഞു തരൂ,
നീയൊഴുക്കി വിട്ട ഈ വെള്ളച്ചാട്ടത്തില്‍
പല്ലുകള്‍ കൂട്ടിയിടിച്ച് വിറച്ചു നില്‍ക്കുന്ന ഞാന്‍
ഈ നിമിഷം മരിച്ചു പോകുമോ?
u havnt missed anythng u havnt lost anythng. One of your best work. its solid.
കഥയിഷ്ടമായി.
നന്നായിരിക്കുന്നു
superb..!!
“ മരിയമാർ എപ്പോഴും പ്രസവിക്കുന്നത് കർത്താവീശോമിശിഹായെ അല്ല...”-
കഥ നന്നായി....
നല്ലത്.
ഇതിവൃത്തം നന്നായി.ക്രാഫ്റ്റും.ഇടക്കെവിടേയോ ഒരു ചെറിയ താളപ്പിഴ...എങ്കിലും നന്നായിട്ടുണ്ട്..ആശംസകൾ!
ഇഞ്ചിയെഴുതിയതില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥ എന്ന് പറയാമെന്നു തോന്നുന്നു. ഈ തീം പക്ഷെ എവിടെയോ വായിച്ചതോര്‍ക്കുന്നു. ചുംബനമിഷ്ടമില്ലാത്ത വേശ്യകളെ കുറിച്ച് - ഓര്‍മയില്ല. ക്രാഫ്റ്റ് ഇഷ്ടപ്പെട്ടു പ്രത്യേകിച്ചും മധുവിനെ കുറിച്ച് പറയാതെ പോയ കാര്യങ്ങള്‍. നന്നായിരിക്കുന്നു.
കഥകള്‍ തുടരുമല്ലോ?
മരിയമാർ എപ്പോഴും പ്രസവിക്കുന്നത് കർത്താവീശോമിശിഹായെ അല്ല...”-
katharumaru kananda!!!
kollam, feel the difference!!!
നന്നായിട്ടുണ്ട്. എഴുത്തിങ്ങനെ ഉടച്ചുവാര്‍ക്കാന്‍ കഴിയുന്നത് അതിശയപ്പെടുത്തുന്നു.
സുന്ദരമായ കഥ! പറയുന്നതും പറയാത്തതും ഒക്കെ കേള്‍പ്പിക്കുന്ന കഥ. ഇഷ്ടമായി.
രസികന്‍ എഴുത്ത്.Angela ഓര്‍ത്തത് 11 Minutes അല്ലേ?
വല്യമ്മായി ഞാൻ ഏഞ്ചലയോട് അതേത് ആണെന്ന് ഇന്നലെ എഴുതി ചോദിച്ചതേയുള്ളൂ. :) , ഇപ്പോൾ 11 മിനിട്സ് പറഞ്ഞപ്പോൾ ഞാൻ പോയി നോക്കി എന്താണെന്ന്, വായിച്ചിട്ടേയുള്ളൂ. അതിലും പേരു മരിയ എന്നാണെന്ന് കാണുന്നു. താാാങ്ക്സ് :)
മലയാളത്തിലും ഒന്നുണ്ടായിരുന്നു, അതിനെ മറ്റൊരു തരത്തില്‍ സിനിമയും ആക്കിയിട്ടുണ്ട്,....
സുന്ദരം!
ഇഞ്ചിയുടെ വേറിട്ട ഒരു ശൈലി... വായിക്കാൻ രസമുണ്ട്... നന്നായിരിക്കുന്നു.
സുഹൃത്തേ വളരെ നല്ല പ്രമേയവും വ്യത്യസ്തമായ രചനാശൈലിയും. എങ്ങനെയാണ് ഇത്രയും വ്യത്യസ്തമായ ശൈലിയിൽ എഴുതുവാനാകുന്നത്?
ഇഷ്ടായി
മധുവിന്റെ മനസ്സ് പിടികിട്ടുന്നില്ലല്ലോ മാഷേ ..വെള്ളചാട്ടങ്ങളെ പ്രണയിച്ച മധു പ്രണയമില്ലാത്ത ഒരു വെള്ളചാട്ടതില്‍ നനയാന്‍ പോയതെന്തേ ? മനസ്സിലായില്ല ..
loved reading ur story
വീടിനെക്കുറിച്ച് അറിയേണ്ടതെല്ലാം.
www.swapnakoodu.com
മലയാളത്തിലെ ആദ്യ ആര്‍ക്കിടെക്‌ചര്‍ വെബ് പോര്‍ട്ടല്‍.
ഇപ്പോഴാണു കണ്ടത്. സുന്ദരം. കൊതിപ്പിക്കുന്ന എഴുത്ത്.
Post a Comment