ജൂണ്‍ പന്ത്രണ്ട്.
ദിവസങ്ങളായുള്ള മുഷിപ്പിക്കുന്ന കാത്തിരിപ്പിനൊടുവില്‍, വളരെ ഭംഗിയുള്ള ഒരു നെക്ലേസുമായാണ് ഇന്ന് ചേട്ടന്‍ ഓഫീസില്‍ നിന്നെത്തിയത്. എന്റെ പിറന്നാളുകള്‍ ഇത്രമാത്രം കൊണ്ടാടാന്‍, എന്നെ ഇത്രമാത്രം സ്നേഹിക്കുന്ന ഈ മനസ്സുള്ള ആളെ ദൈവം തന്നത് എന്റെ മുന്‍ജന്മ സുകൃതമാണൊ? വൈരക്കല്ലെന്ന് തോന്നിപ്പിക്കുന്ന കല്ലുകള്‍ പതിച്ച പൂവിന്റെ ആകൃതിയിലിള്ള നെക്ലേസ്.
എന്റെ കാതുകളില്‍ വെള്ളക്കല്ലുകള്‍ പതിപ്പിച്ച കമ്മലുകളെ നോക്കി, ഇതു പോലെ ഒരു മാലയും കൂടെ ഉണ്ടെങ്കില്‍ നന്നായേനെ എന്ന്, ചേട്ടന്‍ കുറച്ചു നാള്‍ മുന്‍പ് എന്റെ കാതില്‍ മുഖമമര്‍ത്തി ചോദിച്ചതെ ഉണ്ടായിരുന്നുള്ളൂ... അതിതിനായിരുന്നല്ലെ? കള്ളന്‍! തിരക്കിട്ട ബിസിനസ്സ് യാത്രകള്‍ക്കിടയിലും എന്നെയോര്‍ക്കുവാന്‍...എന്റെ പിറന്നാളിന് ഓടിയെത്തുവാന്‍...
ഞാന്‍ അദ്ദേഹത്തെ സ്നേഹിക്കുന്നതില്‍ നൂറിരട്ടി സ്നേഹം കൊണ്ടെന്നെ പൊതിയുന്നു. അതെന്നില്‍ വല്ലാത്ത കുറ്റബോധം ഉണ്ടാക്കുന്നുണ്ട്. പക്ഷെ എന്താ ചെയ്യാ? അതുപോലെ സ്നേഹിക്കാന്‍ ചേട്ടനെ പോലെയുള്ള ഒരു മനസ്സും വേണം. എനിക്കതില്ലാതെ പോയല്ലൊ. കഷ്ടം!
കൂട്ടുകാരികള്‍ എന്നെ നോക്കി അസൂയപ്പെടുന്നുണ്ടാവുമെന്ന് തീര്‍ച്ച. ഭഗവതീ! ആരും കണ്ണു വെക്കരുതേ ഞങ്ങളെ നോക്കി. കുറച്ചു ദിവസം ചേട്ടന്‍ ഓഫീസ് ട്ടൂറുമായി വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത്, അതുകൊണ്ട് തന്നെ നല്ലതെന്ന് എനിക്ക് പലപ്പോഴും തോന്നുന്നുണ്ട്. ഒറ്റക്ക് ചേട്ടന്‍ ഇല്ലാതെ ഒരു നിമിഷം പോലും ഇരിക്കാന്‍ സാധിക്കുന്നില്ലെങ്കിലും, ആ ഏകാന്തത എന്നെ ശ്വാസം മുട്ടിക്കുന്നുണ്ടെങ്കിലും, ചേട്ടന്റെ ഫോട്ടോ നെഞ്ചില്‍ ചേര്‍ത്ത് പിടിച്ചെന്റെ നിമിഷങ്ങള്‍ ഞാന്‍ തള്ളി നീക്കുമെങ്കിലും, കണ്ണ് കിട്ടാതെ ഇരിക്കുവാന്‍ ഞങ്ങളുടെ ഈ വിരഹം അത്യാവശ്യമാണെന്ന് പോലും തോന്നുന്നു. പാവം...ഒറ്റക്ക് നീ എങ്ങിനെയാ ഇരിക്കാ എന്നുള്ള കൂട്ടുകാരികളുടെ കപട സഹതാപങ്ങള്‍ക്കിടയില്‍ പുച്ഛഭാവം മറയ്ക്കുവാന്‍ ഞാന്‍ പണിപ്പെടാറുണ്ടെങ്കിലെന്ത്?
പക്ഷെ, പാവം ചേട്ടന്‍! ഞാനില്ലാതെ പോകുന്ന ആ ദിവസങ്ങള്‍ എന്തുമാത്രം വേദനിക്കുന്നുണ്ടാകും? അതു മാത്രം ഓര്‍ക്കുമ്പോള്‍...പക്ഷെ എന്നാലും, പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം, സൂക്ഷിച്ചു വെച്ച സ്നേഹം മൊത്തം വാരിക്കോരി കൊടുക്കുന്നതിനും ഒരു പ്രത്യേക സുഖമുണ്ട്, പിന്നീടുള്ള ദിവസങ്ങളില്‍ ഒരു ഉന്മാദാവസ്ഥയുണ്ട്...ചിലപ്പോള്‍ ഇടക്ക് ഇടക്ക് കിട്ടുന്ന വിരഹത്തെ ഞാന്‍ കാത്തിരിക്കുന്നതും അതുകൊണ്ടാവും.
നാല് ദിവസത്തില്‍ കൂടുതല്‍ ചേട്ടന്‍ എന്നെ വിട്ടുനിന്നിട്ടില്ല. അതിലും കൂടുതല്‍ ദിവസങ്ങളില്‍ കമ്പനി ടൂറിന് പോയാല്‍ ജോലിക്ക് അഭിവൃദ്ധി ഉണ്ടാകുമെങ്കിലും ചേട്ടനെന്നെ വിട്ട് പോവാന്‍ മടിയണത്രെ...ഞാന്‍ എത്ര ഭാഗ്യവതി! അങ്ങിനെ മാനേജര്‍ പറയുന്നുണ്ടെങ്കിലും മനോജരോട് ഇന്നലേയും വഴക്കിട്ടുവത്രെ അതും പറഞ്ഞ്. നിങ്ങള്‍ കല്ല്യാണം കഴിച്ചിട്ട് രണ്ട് കൊല്ലങ്ങള്‍ തികയാറായില്ലേയെന്ന് ചോദിച്ച് മാനേജര്‍ കളിയക്കിയത്രെ. ദുഷ്ടനായ മാനേജര്‍!
സ്നേഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും അയാള്‍ക്ക് ഒന്നും അറിയില്ല്ലാന്ന് തോന്നുന്നു. കുറേ അധികം നാള്‍ മാറി നിന്നാല്‍ പോലും ഞങ്ങളുടെ സ്നേഹം പത്ത് മടങ്ങ് വര്‍ദ്ധിക്കുകയേയുള്ളൂവെന്ന് ആ ശുംഭനു അറിയില്ല്ലല്ലൊ...
പിന്നീട് കാണുമ്പോഴുള്ള ആ ഉന്മാദാവസ്ഥ....അയാള്‍ക്ക് വയസ്സായില്ലെ, എങ്ങിനെ അതറിയാന്‍?എത്ര ദിവസത്തേക്ക് മാറി നിന്നാലും ഞങ്ങളുടെ സ്നേഹം ആയിരം മടങ്ങ് വര്‍ദ്ധിക്കും.....അത് തീര്‍ച്ച!
നാളെത്തന്നെ നെക്ലേസ് ബാങ്ക് ലോക്കറില്‍ വെക്കാന്‍ ഓര്‍ക്കണം.
പലപ്പോഴായി താളുകള്‍ കീറിയെടുക്കുമ്പോള്‍ സൃഷ്ടിച്ച, അവിടവിടെയായി വിടവുകളുള്ള, ചോക്ലേറ്റ് നിറത്തിലുള്ള കട്ടിയുള്ള പുറംചട്ട അടച്ച്, ഉറങ്ങി കിടക്കുന്ന അവനെ ഒന്ന് ശ്രദ്ധിച്ചു നോക്കി, അവന്‍ എപ്പോഴും തിരയാറുള്ള ക്രെഡിറ്റ് കാര്‍ഡുകളുടെ ബില്ലുകളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും വെച്ചിരിക്കുന്ന മേശവലിപ്പിന്റെ ഉള്ളിലേക്ക് ആ ഡയറി അവള്‍ ഒളിപ്പിച്ചു വെച്ചു.
2006-07-18
നാടകം - രണ്ടാം ഭാഗം
Subscribe to:
Post Comments (Atom)
1 പ്രതികരണങ്ങള്‍:
41 comments:
Inji Pennu said...
ഇന്ന എന്റെ ഒരു “നാടകം - രണ്ടാം ഭാഗം“
10:37 PM, July 18, 2006
പാപ്പാന്‍/mahout said...
പരിണാമഗുപ്തന്‍ നായരെ ശരിക്കും പിടികിട്ടിയില്ല. എങ്കിലും ആകെയൊരുന്മാദം തോന്നി.
10:51 PM, July 18, 2006
Adithyan said...
എനിക്ക് ഉന്മാദം മാത്രം തോന്നി. ഗുപതന്‍ നായരെ ആദ്യമേ അതിന്റെ വഴിയ്ക്കു വിട്ടിരുന്നു.
ഈ നാടകത്തിന്റെ ഒന്നാം ഭാഗം ഇവിടെയെവിടെയെങ്കിലുമുണ്ടെങ്കില്‍ സ്റ്റേജിനു പുറകിലേയ്ക്കു വരേണ്ടതാണ്
10:58 PM, July 18, 2006
ബിന്ദു said...
ഇതിന്റെ ഒന്നാം ഭാഗത്തിനായി കാത്തു നില്‍ക്കുന്നവരുടെ കൂടെ ഞാനുമുണ്ടേ...
ഗുപ്തനെ എനിക്കും കിട്ടിയില്ല, അവസാനം വരെ ഇപ്പ കിട്ടും ന്നു കരുതി ഇരുന്നെങ്കിലും. :)
11:05 PM, July 18, 2006
സാക്ഷി said...
എല്ലാവരും ഇങ്ങനെ തിരക്കുപിടിച്ചാലോ?
ഒരു കഥാപാത്രത്തെ നമ്മള്‍ നേരില്‍ കണ്ടു. മറ്റൊരു കഥാപാത്രത്തെ നേരില്‍ കണ്ട കഥാപാത്രത്തിന്‍റെ കണ്ണിലൂടെയും കണ്ടു. ആ കഥാപാത്രത്തെ നേരില്‍ കാണുമ്പോഴറിയാം തനിനിറം. അങ്ങനെയല്ലേ എല്‍ജി? ആണോ? അല്ലാഅല്ലേ?
ഇനിയും കണ്‍ഫ്യൂഷനാവാത്തവരാരെങ്കിലുമുണ്ടെങ്കില്‍ സ്റ്റേജിന്‍റെ പുറകിലേക്കു വരേണ്ടതാണ്.
ഉറങ്ങിക്കിടക്കുന്ന നാടകം-മൂന്നാം ഭാഗത്തിനെ എല്‍ജി വിളിച്ചുണര്‍ത്തിക്കാണിച്ച് കണ്‍ഫ്യൂഷനാക്കിത്തരുന്നതായിരിക്കും.
12:34 AM, July 19, 2006
കല്യാണി said...
ഞാനും ഉണ്ടേ, ഒന്നാം ഭാഗത്തിന്‍ വേണ്ടി കാത്തിരിക്കാന്‍. അതോ ഇനി മൂന്നാം ഭാഗമാണോ വരാന്‍ പോകുന്നത് എല്‍ജീ?
12:41 AM, July 19, 2006
അരവിന്ദ് :: aravind said...
എല്‍ജ്യേ...ഞാനും ഇത്തിരി കണ്‍ഫ്യൂഷനായി.
പക്ഷേ എന്തൊക്കെയോ മനസ്സിലായപോലെ...
ഒന്നാം ഭാഗം ഊഹിക്കണം അല്ലേ ?? :-)
എനിക്ക് മനസ്സിലായത് വച്ച് നാടകം കൊള്ളാം എന്ന് പറയുന്നു..ഇനി മനസ്സിലായത് തെറ്റാണെങ്കില്‍...
2:48 AM, July 19, 2006
അജിത് | Ajith said...
നാടകത്തിന്റെ പേരാണോ ഈ 'രണ്ടാം ഭാഗം'? എങ്കില്‍ പിന്നെ മൂന്നാം ഭാഗം പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ലല്ലോ..
4:34 AM, July 19, 2006
സിദ്ധാര്‍ത്ഥന്‍ said...
എന്നാലും ഇതിനെയൊക്കെ നാടകമെന്നു വിളിച്ചതിത്തിരി കടന്ന കൈയായിപോയില്ലേ എല്‍ജി പെരുങ്കായമേ. ഇതെങ്ങാനുമവള്‍ വായിച്ചാല്‍.... ദൈവമേ!
ഇബ്രുവിന്റെ സ്നേഹ(പരാജയം)ത്തെ രക്ഷിക്കാന്‍ മനസ്സുണ്ടായ എല്‍ജിയേയും ആരെങ്കിലും രക്ഷിക്കേണ്ടേ?
നെക്ലെസ് കൊടുത്ത നാടകത്തിനു നന്ദി പറയുന്ന നാടകമാണീ രണ്ടാം ഭാഗം എന്നാണു് ഞാന്‍ മനസ്സിലാക്കിയതു്. ഇനി ഇത്തരമൊന്നു് ബ്ലോഗ്ഗിലിടുക വഴി എല്‍ജിയും ഏതെങ്കിലും നാടകം കളിക്കുകയാണോ എന്നതാര്‍ക്കും തോന്നാവുന്ന ഒരു സംശയം മാത്രം. ആ സംശയത്തിന്റെ നിവൃത്തിക്കായി അടുത്തകാലത്തൊന്നും തനിക്കൊരു നെക്ലേസ് കിട്ടിയിട്ടില്ലെന്ന സ്റ്റേറ്റ്‌മന്റ് ഉടനെ പ്രതീക്ഷിക്കുന്നു.
6:52 AM, July 19, 2006
സു | Su said...
എല്‍ ജീ :) നന്നായിരിക്കുന്നു. ചേട്ടന്‍ യാത്ര പോയാലും വേണ്ടില്ല നെക്ലേസ് കിട്ടിയാല്‍ മതി എന്ന് വിചാരിക്കുന്ന ഭാര്യമാര്‍ കുറേ ഉണ്ട് (എന്നെ സംശയദൃഷ്ടിയോടെ നോക്കരുത്;). എന്നാലും ഭര്‍ത്താവ് ടൂറിനുപോകുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുക,എന്നിട്ട് ബില്ലൊക്കെ ഒളിപ്പിച്ച് വെക്കുക. ഹോ.. എല്‍ ജി ഇതൊക്കെ എങ്ങനെ ചെയ്യുന്നു ;)
7:17 AM, July 19, 2006
Inji Pennu said...
അപ്പൊ ഇതു ഗമ്പ്ലീറ്റ് ഗുളമായല്ലെ? എനിക്ക് വയ്യ!
ശ്ശൊ! ഇതെന്തോന്ന് ബാലരമേല് വരുന്ന മുയലിനെ കണ്ട് പിടിക്കുക പോലെ ഉണ്ടല്ലൊ..
നിങ്ങടെ കമന്റുകള്‍ വായിക്കുമ്പോള്‍.. :-)
ഈ ഗുപതന്‍ നായര്‍ സാര്‍ ഒരു ക്രിട്ടിക്ക് അല്ലായിരുന്നൊ? പക്ഷെ ഈ പരിണാമ ഗുപ്തന്‍ പ്രയോഗം എനിക്ക് മനസ്സിലായില്ല.അതെന്താണ് അതിന്റെ അര്‍ത്ഥം?
സൂവേച്ചി,ഇച്ചിരെ തെറ്റി വായിച്ചു...നെക്ലേസിന് വേണ്ടി മാത്രമല്ല.....പിന്നെ അവന്‍ എപ്പോഴും നോക്കാറുള്ള മേശ വലിപ്പില്‍ അവള്‍ ‘ഒളിപ്പിച്ചു’ വെച്ചതാണ്...അവന്‍ വായിക്കേണ്ടാത്തത് അവള്‍ കീറി കളഞ്ഞാണ് ആ ഡയറിയില്‍ പേജുകള്‍ക്കിടയില്‍ വിടവുകള്‍ വന്നത്...
പിന്നേയ്....ഒരു നാടകം അവന്‍ വന്നപ്പോള്‍ അവള്‍ കളിച്ചു കാണില്ലെ, ഈ ഡയറി എഴുത്ത് അതുകൊണ്ട് ഒരു രണ്ടാഭാഗം എന്ന് ഇട്ടു അവനിനിയും പോകാന്‍ വേണ്ടി...
ശ്ശൊ!എന്റെ വിവരമില്ല്ലായമ പൊറുക്കണം.. വേറെ എന്ത് പേരാ ഇടാന്ന് എനിക്കറിയില്ല..!!
:-(
9:21 AM, July 19, 2006
ഉമേഷ്::Umesh said...
എല്‍ജി വിഷമിക്കേണ്ടാ. എല്ലാം നന്നായി എഴുതിയിട്ടിട്ടുണ്ടു്. വിവരമില്ലാത്തവന്മാര്‍ക്കു മനസ്സിലായില്ലെങ്കില്‍ പോകട്ടേ.
(പോസ്റ്റൂ വായിക്കുന്നതിനു മുമ്പു സൂവിന്റെ കമന്റു വായിച്ചതേതായാാലും നന്നായി. അല്ലെങ്കില്‍ കാണാമായിരുന്നു, ഞാനും ഗുപ്തന്‍ നായരെ അന്വേഷിച്ചു നടക്കുന്നതു്...)
എല്‍ജീ, ഈ പരിണാമഗുപ്തി എന്നു പറഞ്ഞാല്‍,...
പാപ്പാനേ, അതിന്റെ ഇംഗ്ലീഷ് ഈ കൊച്ചിനൊന്നു പറഞ്ഞുകൊടുത്തേ...
9:42 AM, July 19, 2006
മുസാഫിര്‍ said...
കഥയും ബാക്കിയുള്ളവരുടെ അഭിപ്രായങളും വായിച്ചു തല പുകഞു പോയി,തീ പിടിക്കുന്നതിനു മുന്‍പ് എല്‍ജിയുടെ വിശദീകരണത്തിലേക്കു എത്തി.
- എന്തായാലും കഥ വ്യത്യസ്ഥമായതു കൊണ്ടാണല്ലോ ആള്‍ക്കാര്‍ അഭിപ്രായങള്‍ എഴുതിയത്
എന്നു സമാാധാനിക്കുക.ഇനിയും നന്നാവട്ടെ !
പരിണാമഗുപ്തി = സസ്പെന്‍സ്
10:18 AM, July 19, 2006
ബിന്ദു said...
എല്ജീസേ.. ഇപ്പോള്‍ എല്ലാം പാലു പോലെ പകല്‍ പോലെ വ്യക്തം. :) എന്നാലും ഞാന പാപ്പാന്‍ പറയുന്നതു കേട്ടു ഗുപ്തനെ അന്വേഷിച്ചുപോകാതിരുന്നെങ്കില്‍ ;)
ഞാന്‍ തനി കരിക്കാസു തന്നെ !
11:16 AM, July 19, 2006
വഴിപോക്കന്‍ said...
എപ്പോഴും കമന്റാറില്ലെങ്കിലും LG എഴുതുന്നത് ഒക്കെ, പ്രത്യേകിച്ച് കഥകള്‍, വായിയ്ക്കാറുണ്ട്.
ഇതു വായിച്ച് LGയ്ക്ക് ഒരു നെക്ലേസ് കിട്ടിയ ചൂടില്‍ എഴുതിയതാണോ, പക്ഷെ അങ്ങനെ എങ്കില്‍ അതിലെവിടെ നാടകം,അപ്പൊ മാനേജറെ തെറി പറയുന്നതെന്തിന്, ഇനി ഉത്തരാദ്ധുനികന്‍ വല്ലതുമാണൊ, അതിലും കൂടിയ വല്ലതുമാണോ എന്നൊക്കെ ആകെ വണ്ടറടിച്ചു. LGയുടെ കമന്റും ചേര്‍ത്ത് വായിച്ചപ്പോളാണ് കുറേ പിടി കിട്ടിയത്.
പരിണാമ ഗുപ്തി എന്നാല്‍ കഥയുടെ അവസാനത്തെ സസ്പെന്‍സ്. അങ്ങനെ അല്ലെ?.
11:18 AM, July 19, 2006
Adithyan said...
ആ ‘തിരയാറുള്ള‘ എന്ന ഒറ്റ വാക്കാണ് എന്നെ വഴിതെറ്റിച്ചത്. ‘കാണാതെ തിരയാറുള്ള‘ എന്ന അര്‍ത്ഥത്തിലാ ഞാന്‍ അതെടുത്തെ.
എങ്ങനെയുണ്ട് ഫോളിംഗ് ആന്‍ഡ് റോളിംഗ് ?
9:07 PM, July 19, 2006
Inji Pennu said...
സത്യം പറഞ്ഞാല്‍ ഞാനും ആകെ അന്തം വിട്ടു.
ഞാന്‍ കരുതി കര്‍ത്താവെ, ഇതിന് ഞാന്‍ എന്തു കുരിശാണീ എഴുതി വെച്ചിരിക്കുന്നതെന്ന്..:-)
ശരിയാണ് ആദിക്കുട്ടീ.. തിരയുക എന്നതിന്‍ അതാണ് അര്‍ത്ഥം എന്ന് തോന്നുന്നു...അതിന് പകരം എന്തു വാക്കുപയോഗിക്കാം കണ്‍ഫ്യൂഷന്‍ തീര്‍ക്കാന്‍...ഞാന്‍ മാറ്റാം...
10:26 PM, July 19, 2006
Inji Pennu said...
അതുപോലെ ഞാന്‍ പരിണാമം എന്നേ കേട്ടിട്ടുള്ളൂ..പരിണാം ഗുപ്തി എന്നൊരു വാക്ക് ആദ്യമായിട്ടാണ് കേള്‍ക്കുന്നത്..അതും പരിണാമവും തമ്മിലുള്ള വിത്യാസം എന്തു?
10:27 PM, July 19, 2006
Adithyan said...
ഒരു വാക്കും വേണ്ടായേ... ഇതു തന്നെ മതി. ഇതിനൊരു കുഴപ്പവുമില്ല.. ഞന്‍ വെറുതെ പറഞ്ഞതാ :)
പിന്നെ പരിണാമവും പരിണാമ ഗുസ്തിയും തമ്മിലുള്ള വ്യത്യാസം അല്ലെ?
പാപ്പാഞ്ചേട്ടോ, ദേ എല്‍ജി വിളിക്കുന്നു.
10:56 PM, July 19, 2006
വര്‍ണ്ണമേഘങ്ങള്‍ said...
ഗണ്‍ഫൈയൂഷനായെങ്കിലും ശരി..
മൂന്നാം ഭാഗം വരുമോന്ന് നോക്കട്ടെ..
കണ്ണ് തുറന്ന് പിടിക്കുന്നു... കാതുകളും,.
7:48 AM, July 20, 2006
Inji Pennu said...
അപ്പഴെ,...
കണ്‍ഫ്യൂഷന്‍ തുടങ്ങിവെച്ച പപ്പാന്‍ ചേട്ടനും,
ഉന്മാദിച്ച ആദിക്കും,അത് ഏറ്റു പിടിച്ച ബിന്ദൂട്ടിക്കും
ഒക്കെ എന്റെ നന്ദി.എന്നെ സഹായിക്കാന്‍ വന്ന സാക്ഷിക്കും സിദ്ദാര്‍ത്തേട്ടനും നന്ദി..:) താങ്ക്സ്.കല്യാണിക്കുട്ടിയെ,അജിത്തെ, വര്‍ണ്ണമേഘമേ, ഇതിന് ഈ ഒരൊറ്റ ഭാഗമെ ഉള്ളൂ...ശ്ശൊ! സൂവേച്ചിക്കും അരവിന്ദേട്ടനും,
നിങ്ങള്‍ മാത്രമാണെന്നെ മനസ്സിലാക്കിയെ...
നിങ്ങളോടേ ഇനി കൂട്ടുള്ളൂ.. :-)
ഉമേഷേട്ടാ, അങ്ങിനെ പോകാന്‍ പറഞ്ഞാല്‍ പിന്നെ എല്ലാരും അങ്ങട് പോയാലൊ..:)
മുസാഫീര്‍ യൊ യാരൊ..നന്നാക്കാ എന്നൊക്കെ പറഞ്ഞാല്‍ എനിക്കിച്ചിരെ ബുദ്ധിമുട്ടുള്ള കാര്യമാണെ :).വഴിപോക്കന്‍ ചേട്ടാ,അതു ശരി! അപ്പൊ ഒളിച്ചിരുന്നു വായിക്കുവാണല്ലെ.
9:44 AM, July 20, 2006
താര said...
എല്ലൂട്ടീ, പോസ്റ്റിന്റെ പേര് കേട്ട് ഒരു നാടകം കാണാനുള്ള തയ്യാറെടുപ്പോടെ വന്നതാ...:(
ദേ ഇങ്ങനാ ഞാന്‍ മനസ്സിലാക്കിയത്
1. നായിക നായകനെ പറ്റിക്കുന്നുണ്ട് നായകനില്ലാത്ത്പ്പൊ!?
2. നായികക്ക്, നായകന്‍ തിരിച്ച് വരുമ്പൊ എപ്പോഴും സമ്മാനം വേണം!?
3. എപ്പോഴും തിരയാറുള്ള മേശ വലിപ്പില്‍ വച്ചാല്‍ ഡയറി നായകന്‍ കണ്ടുപിടിക്കില്ലേ??
ഇങ്ങനൊക്കെയാണോ? അതോ വേറെ എന്തെങ്കിലുമോ?
10:16 AM, July 20, 2006
ദില്‍ബാസുരന്‍ said...
തുടക്കത്തിലെ കണ്‍ഫ്യൂഷന്‍ “ഇതാ ഇന്ന് മുതല്‍, ഇതാ നാളെ മുതല്‍” എന്ന് അനൌണ്‍സ് ചെയ്തത് പോലെ ആയി.
മൂന്നാം റൌണ്ട് പരിണാമ ഗുസ്തി ഉടന്‍ പ്രതീക്ഷിക്കുന്നു.ഇനി ഈ രണ്ടാം റൌണ്ട് ഒരു റൌണ്ട് റൌണ്ടിക്കഴിഞ്ഞിട്ട് മൂന്നാം റൌണ്ട് റൌണ്ടാം എന്നോ മറ്റോ ആണോ? :)
10:27 AM, July 20, 2006
Immigrant in Canada said...
Enikku manassilayathu, she is a smart manupulative woman, she is palying with her husband's emotions...She writes all these things and leave it for him to see.. he falls for all her 'love' in the diary and buy new stuff for her.. ah love is blind alle LG?
4:29 PM, July 21, 2006
Inji Pennu said...
ഹൊ! എന്റെ കര്‍ത്താവെ! എനിക്കിനി ചത്താലും വേണ്ടൂല്ലാ...സാറാക്കുട്ടിക്കെങ്കിലും മനസ്സിലായല്ല്ലൊ... അതും ഒരു തികഞ്ഞ മലയാളി അല്ലാഞ്ഞിട്ട് കൂടി..ഏ? ഇനി ചിലപ്പൊ അതുകൊണ്ടാവുമൊ മനസ്സിലായത്?
ചുമ്മാതല്ല നമ്മള് ഇരട്ടകള്‍ ആയത്..
ഇവിടത്തെ ഈ മനുഷ്യരൊക്കെ ചുമ്മാ..എന്നെ ആകെ നിരാശയിലാഴ്തി...
She also doesnt care for the stuff he buys...She is planning to put it in the locker instead of wearing it...;) But she just dont love him! Thats all..Pure and Simple.. and for God's sake she is not having any affair. You dont need an affair just not to love someone..!!
ഹിഹിഹി..എന്നാലുംഞാനൊരു ജോക്ക് പറഞ്ഞിട്ട് ഇതു ജോക്കാണെന്നും കൂടി പറയണമുള്ളതുകൊണ്ട് ഇനി ഇങ്ങിനെ ഒരു കഥയും അമ്മച്ചിയാണെ എഴുതൂല്ലാ..:)ഞാന്‍ നിറുത്തി...ഇതു നമുക്ക് പറ്റൂല്ലാന്നാ തോന്നണെ..
10:23 PM, July 21, 2006
ബിന്ദു said...
പറ്റില്ല എല്ജീസെ, ഇനിയും ജോക്കെഴുതണം. എനിക്കു മനസ്സിലാവാത്തതു... ബുദ്ധിയില്ലാത്തതുകൊണ്ടാവുമെന്നെ ;) ബാക്കി രണ്ടുപേരുടെ കാര്യം അറിയില്ല :)
ഇനി എഴുതില്ല എന്നെങ്ങാന്‍ പറഞ്ഞാല്‍ ഞാന്‍ യൂണിയനില്‍ നിന്നു രാജി വയ്ക്കും അമ്മച്ചിയാണേ...
:) സാറാക്കുട്ടി ആദ്യം കമന്റ്സെല്ലാം വായിച്ചൂന്നാ തോന്നണെ.
10:35 PM, July 21, 2006
Adithyan said...
എല്‍ജിയേ ബിന്ദൂട്ടി നൈസായിട്ട് ഒതുക്കിയതാ... ഇത്രയും സീരിയസായിട്ട് തകര്‍ന്നു കൊണ്ടിരിയ്ക്കുന്ന കുടുംബബന്ധങ്ങളുടെ ഒരു കരളലിയിപ്പിയ്ക്കുന്ന കഥ എല്‍ജിയേച്ചി എഴുതിക്കഴിഞ്ഞപ്പോ ബിന്ദൂട്ടി പറയുന്നതു കണ്ടില്ലേ - “പറ്റില്ല എല്ജീസെ, ഇനിയും ജോക്കെഴുതണം“.
ഇനി ഞാന്‍ കൂടുതലെന്തേലും പറയണോ?
(ബു ഹ ഹാഹ്ഹഹ്ഹ.. ബുന്ദൂട്ടി, കൊടുത്താല്‍ കൊടുങ്ങല്ലൂരും കിട്ടും)
ബൈദിബൈ, മോളില്‍ ഇംഗ്ലീഷ് കമന്റിട്ടിരിയ്ക്കുന്ന ആള്‍ ജിഗരി ദോസ്ത് ആണല്ലെ? എന്ത് കൊടുത്തു ആ കമന്റ് അങ്ങനെ ഇടാന്‍?
10:52 PM, July 21, 2006
Inji Pennu said...
ഹഹഹ.സേം പിച്ച്...എന്റെ ആദിയെ,ഞാനും അങ്ങിനെ തന്നെ വിചാരിച്ചു..ബിന്ദൂട്ടിയെ എപ്പോഴെങ്കിലും കാണുകയാണെങ്കില്‍ ഒരു നുള്ളും കൊടുക്കണാമെന്ന്...ഈ കരളലിയുന്ന കഥ വായിച്ചിട്ട്..ഇനിയും ഇതുപോലെ ജോക്കെഴുതണം എന്ന്...എനിക്ക് വയ്യ..! പ്ലീസ് ഒരു കയര്‍ കിട്ടിയിരുന്നെങ്കില്‍.....
10:55 PM, July 21, 2006
ബിന്ദു said...
ദൈവമേ.. എന്നെക്കൊണ്ടു ഞാന്‍ തോറ്റൂ... ജോക്കെഴുത്തു നിര്‍ത്താന്‍ പോണൂന്നു കേട്ടതുകൊണ്ടാ ഞാന്‍ അങ്ങനെ പറഞ്ഞത്. :( അതു ശരി, നേരത്തെ പറഞ്ഞതിനു പകരം വീട്ടിയതാണല്ലെ.. അപ്പോള്‍ ഞാന്‍ ഒറ്റ. :(
11:09 PM, July 21, 2006
ബിരിയാണിക്കുട്ടി said...
ഒരു കഥ എഴുതി ഇട്ടാലും പോരാ, പിന്നെ അതിന് എക്സ്‌പ്ലനേഷനും കൊടുക്കണം അല്ലേ എല്‍ജി.. നമ്മള്‍ പിന്നെ ഈ വക എടവാടിലൊക്കെ മൈക്രൊ സോഫ്റ്റ് സര്‍ട്ടിഫിക്കേഷന്‍ എടുത്തിട്ടുള്ളതോണ്ട് കാര്യം പെട്ടെന്ന് മനസ്സിലായി.. ഹി..ഹി..ഹി..
11:32 PM, July 21, 2006
Adithyan said...
നമ്മള്‍ പിന്നെ ഈ വക എടവാടിലൊക്കെ മൈക്രൊ സോഫ്റ്റ് സര്‍ട്ടിഫിക്കേഷന്‍ എടുത്തിട്ടുള്ളതോണ്ട് കാര്യം പെട്ടെന്ന് മനസ്സിലായി..
അയ്യെ, അയ്യയ്യേ... യീ വക യെടവാടൊക്കെ കല്യാണത്തിനു മുന്നേ തുടങ്ങിയോ? പാവം ഹരിപ്പിള്ള, കൊറെ മുത്തുമാല വാങ്ങേണ്ടി വരും
11:39 PM, July 21, 2006
പാപ്പാന്‍/mahout said...
"പ്രിയ ഡയറി, എന്റെ ഭാര്യ ഇത്രയ്ക്കു മണ്ടിയായത് എന്റെ ഭാഗ്യം. ഒരു നെക്‍ലസ്സോ മറ്റോ ഇടയ്ക്കിടയ്ക്കു വാങ്ങൈക്കൊടുത്താല്‍ പിന്നെ ഞഞ്ഞാപിഞ്ഞാ എന്നുള്ള ആ ചിലയ്ക്കല്‍ കുറച്ചുനേരത്തേയ്ക്കു സഹിക്കണ്ടല്ലോ എന്നു കരുതിയാണിതൊക്കെ വാങ്ങുന്നതു തന്നെ. നാലുദിവസത്തില്‍ കൂടുതല്‍ ബിസിനസ്സ് ട്രിപ് പറ്റില്ലെന്നു മാനേജര്‍ കട്ടായം പറഞ്ഞു -- അല്ലെങ്കില്‍ വീട്ടില്‍ വരുന്നത് കുറച്ചു കൂടെ കുറയ്ക്കാമായിരുന്നു. അന്നു മാനേജര്‍ പറഞ്ഞുവെന്നുപറഞ്ഞ് ഞാനടിച്ചുവിട്ട നുണ മുഴുവന്‍ ഇവള്‍ തൊണ്ട തൊടാതെവിഴുങ്ങിയെന്നു തോന്നുന്നു.
ഒരു ചോക്കലേറ്റ് നിറമുള്ള ബുക്കില്‍ എന്തൊക്കെയോ എഴുതിയിട്ട് അവള്‍ മേശയ്ക്കകത്ത് കൊണ്ടുവയ്ക്കുന്നതുകാണാം പലപ്പോഴും. ക്രെഡിറ്റ്കാര്‍ഡുകളൊക്കെ വെബ് വഴി സെറ്റില്‍ ചെയ്തുതുടങ്ങിയതില്‍പ്പിന്നെ ആ മേശവലിപ്പ് ഞാന്‍ തുറക്കാറുതന്നെയില്ല. അല്ലെങ്കിലും, അവളെഴുതുന്നതെന്താണെന്നറിയാനുള്ള ജിജ്ഞാസ അവളോട് ഒരിക്കല്‍ തോന്നിയിരുന്ന ഇഷ്ടം പോലെ എപ്പോഴോ ആത്മഹത്യ ചെയ്തുകഴിഞ്ഞിരിക്കുന്നു.”
എഴുതിത്തീര്‍ത്തിട്ട് അവന്‍ ഫയല്‍ സേവ് ചെയ്തു. കമ്പ്യൂട്ടറില്‍ നിന്നു ലോഗ് ഔട് ചെയ്ത് അടുത്ത ബിസിനസ് ട്രിപ് വരെയുള്ള ദിവസങ്ങള്‍ എങ്ങനെ തള്ളിനീക്കുമെന്ന ആലോചനയില്‍ മുഴുകിയിരുന്നു.
11:42 PM, July 21, 2006
ബിരിയാണിക്കുട്ടി said...
അടുത്ത ഒരു ബെല്ലോടെ നാടകം ഒന്നാം ഭാഗം ആരംഭിക്കുന്നതായിരിക്കും.
എല്‍ജീ, ഒന്നാം ഭാഗം ദേ എറങ്ങി.. പാപ്പോ.. ഇതും രണ്ടാം ഭാഗം പോലെ സൂപ്പര്‍ ഹിറ്റാവുന്ന ലക്ഷണമുണ്ട്.. ഹി..ഹി..ഹി..
ആദി മകാനെ.. ആദിയും അന്തവുമില്ലാതെ ഇങ്ങനെ വല്ലോമൊക്കെ പറ.. പിള്ള സാറിന്റെ ഭാര്യാ വിഭാഗം വളരെ സ്‌ട്രോങ്ങാ.. നിലമ്പൂര്‍ കാട്ടിലെ ആ തേക്ക് തടി ലുക്കാ. ഞാനൊരു പടമായി ബൂലോഗത്തിന്റെ ഭിത്തിയില്‍ ചിരിച്ചിരിക്കുന്നത് കാണാന്‍ ഇത്ര പൂത്യാ?? :)
11:53 PM, July 21, 2006
Adithyan said...
നാടകകൃത്തേ ഒരു ഓട്ടോഗ്രാഫ് :)
12:12 AM, July 22, 2006
സന്തോഷ് said...
എക്സാക്റ്റ്ലി, പാപ്പാനേ! അവള്‍ക്ക് affair ഇല്ല എന്നു മാത്രമല്ല, അങ്ങോര്‍ക്ക് ഉണ്ടെന്ന കാര്യം അറിയുകയുമില്ല. ഹായ്,ഹായ്...
12:21 AM, July 22, 2006
prapra said...
സന്തോഷ്, അയലത്തെ അദ്ദേഹം.
രണ്ടാം ഭാഗം എന്ന് കണ്ടപ്പോള്‍ വായിക്കാതിരുന്നതാ, എല്‍ജി എഴുതി എഴുതി ജി.എല്‍-ന് (ജോര്‍ജ്ജ് ലൂക്കാസ്) പഠിക്കുവാണോ എന്ന് വിചാരിച്ചു പോയി.
[ഇനി ഇത് എന്തോന്ന് എന്ന് ചോദിക്കാന്‍ ഇരിക്കുന്നവര്‍ക്ക് : ജോര്‍ജ്ജ് ലൂക്കാസ് സ്റ്റാര്‍ വാര്‍സിന്റെ 4,5,6 എടുത്ത ശേഷം ആയിരുന്നു 1,2,3 എടുത്തത്].
12:33 AM, July 22, 2006
ഇടിവാള്‍ said...
നല്ല ക്രെഡിറ്റ് ലിമിറ്റു കാണുമല്ലോ, ആ കാര്‍ഡിന് ! ;)
12:47 AM, July 22, 2006
nalan::നളന്‍ said...
ചേട്ടന്റെ തൊഴിയെറ്റ് നിലത്ത് വീണ ഞാന്‍ ഞെട്ടിയുണര്‍ന്നെന്ന രണ്ടു വരിയില്‍ ഒതുങ്ങില്ല മൂന്നാം ഭാഗം (അതോ ഒന്നാം ഭാഗമോ) എന്നു പ്രതീക്ഷിക്കട്ടെ!
3:19 PM, July 23, 2006
Gopan said...
എല്‍ജി.. മനോഹരമായി സംഭവം.. ക്ലൈമാക്സ് വയിക്കും വരെ കരുതിയതു വെറും ഒരു പെണ്ണെഴുത്താണെന്നാണു.ക്ലൈമാക്സില്‍ വ്ച്ഛു ഗംഭീരമാക്കിക്കളഞു... തനിക്കു റ്റാലെന്റ് ഉണ്‍ട്.. ക്രാഫ്റ്റും... ഭാഷ മാത്രം കുറചു കൂടി ഒന്നു മിനുക്കി എടുത്താല്‍ ... Perfect!
Believe me you have it in you !
12:06 PM, July 31, 2006
പാര്‍വതി said...
ഇവിടെന്താ സംഭവിച്ചത്..എനിക്കൊന്നും മനസ്സിലായില്ല.ഇഞ്ചി പെണ്ണെ..ഇതിന്റെ അര്‍ഥമൊന്നു പറഞ്ഞ് തരാമോ?
;-))
-പാര്‍വതി...(സത്യം പറഞ്ഞതാ കെട്ടോ)
12:20 PM, July 31, 2006
സു | Su said...
പാറൂ ഇവിടെ പലതും സംഭവിച്ചു. അതൊക്കെ അവരുടെ കുടുംബകാര്യങ്ങള്‍ അല്ലേ? (നായകന്റേം നായികയുടേയും). അതൊക്കെ ചോദിച്ച് ഇഞ്ചിപ്പെണ്ണിനെ വിഷമിപ്പിക്കരുത്. എന്റെ ആദ്യത്തെ കമന്റില്‍ ഒക്കെ ഉണ്ട്. അതുവായിക്കൂ ;)
12:26 PM, July 31, 2006
Post a Comment