2007-09-30

അ ആ

തപ്പോ തപ്പോ മലയാളം
ഇംഗ്ലീഷില്‍ മാത്രം ചൊല്ലേണം
യൂ പേ ഫൈന്‍! സിസ്റ്റര്‍ പറഞ്ഞു
യൂ പേ ഫൈന്‍! പപ്പയും പറഞ്ഞു

ടീച്ചര്‍ക്ക് ഫൈന്‍ പപ്പായുടെ ബാങ്കില്‍
പപ്പാക്ക് ഫൈനെന്റെ പിഗ്ഗി ബാങ്കില്‍
രൂപയഞ്ചൊരു വാക്കിനു സ്കൂളില്‍
പത്തുപൈസയൊരു വാക്കിനു വീട്ടില്‍

തപ്പോ തപ്പോ മലയാളം
ഇംഗ്ലീഷില്‍ മാത്രം ചൊല്ലേണം
മലയാളം വേണം ജീവിക്കാന്‍
ബസ്സിന്റെ ബോര്‍ഡിനു ഒരു ടീസ്പൂണ്‍
പരീക്ഷക്ക് മാര്‍ക്ക് കുറഞ്ഞോട്ടേ
മലയാളത്തിനു കുറഞ്ഞോട്ടേ
അദര്‍ സബ്ജക്റ്റ്സിനു ഫുള്‍ വേണം!

തപ്പോ തപ്പോ മലയാളം
ഇംഗ്ലീഷില്‍ മാത്രം ചൊല്ലേണം
ഉണ്ണിയപ്പത്തിനെന്താണിംഗ്ലീഷില്‍
ചോറുരുളക്കുമെന്താണിംഗ്ലീഷില്‍
പപ്പാ വിയര്‍ത്തു സിസ്റ്റര്‍ കയര്‍ത്തു
വടികൊണ്ട് ഡിസിപ്ലിന്‍ കാട്ടിത്തന്നു

ചിണുങ്ങണമെനിക്ക് കൊഞ്ചണമെനിക്ക്
ഡോട്ടര്‍ പോരാ മോളേയെന്നമ്മ വിളിക്കേണം
കണ്ണായെന്നപ്പനും വിളിക്കേണം
നെയ്യുരുളയെനിക്കമ്മ ഊട്ടേണം
സാരീടെ വാലിലും തൂങ്ങേണം
സ്പ്പൂണും ഫോര്‍ക്കും എറിയേണം
ടെല്‍ മീ പപ്പാ, ചോറുരുളക്കെന്താണിംഗ്ലീഷ്?
കണ്ണായെന്നെങ്ങിനെ ഇംഗ്ലീഷില്‍?

തപ്പോ തപ്പോ മലയാളം
ഇംഗ്ലീഷില്‍ മാത്രം ചൊല്ലേണം
സിസ്റ്ററെഴുതി റിപ്പോര്‍ട്ട് കാര്‍ഡ്
ചൈല്‍ഡ് നീഡ്സ് ഡിസിപ്ലിന്‍ ഇംഗ്ലീഷില്‍
അമ്മ പറഞ്ഞു സാരൂല്ല്യ
പപ്പായൊന്നു ജോലിക്ക് പോക്കോട്ടേ
അമ്മക്കും വയ്യ ഇംഗ്ലീഷ്
കം മൈ ഡോട്ടര്‍ ഹാവ് സം റൈസ്
അയ്യേ! അമ്മക്കറച്ചു ഇംഗ്ലീഷ്

അപ്പനും തോറ്റോയി സിസ്റ്ററും തോറ്റോയി
അമ്മേടെ മുന്നിലെല്ലാരും തോറ്റോയി
അമ്മ പറഞ്ഞു
യെന്നു വാ തുറന്നേ മോളൂ
നെയ്യുരുളയൊരെണ്ണം തന്നോട്ടേ
അമ്മയെന്നൊന്നെന്നെ വിളിച്ചാട്ടേ.

(ലേബല്‍ - പട്ടണം പാട്ട്)

21 പ്രതികരണങ്ങള്‍:

വിഷ്ണു പ്രസാദ് said...

ഇഞ്ചീ,കൊട് കൈ.രണ്ടുകാര്യങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.ഒന്ന് :ഇങ്ങനെ എഴുതാനാവും എന്ന് തെളിയച്ചതിന്.രണ്ട്:കവിതയിലെ ആശയത്തിന്.

ശ്രീ said...

നല്ല ആശയം!
“ഉണ്ണിയപ്പത്തിനെന്താണിംഗ്ലീഷില്‍
ചോറുരുളക്കുമെന്താണിംഗ്ലീഷില്‍
പപ്പാ വിയര്‍ത്തു സിസ്റ്റര്‍ കയര്‍ത്തു
വടികൊണ്ട് ഡിസിപ്ലിന്‍ കാട്ടിത്തന്നു”
:)

കുഞ്ഞന്‍ said...

എന്തായാലും മൊട്ടയടിച്ചില്ലല്ലൊ....

ഉണ്ണിയപ്പം = child cake

ചോറുരുള = boil rice roll

ഇത്രെയൊക്കെ മനസ്സിലാക്കിയാല്‍ മതി...

ശരിക്കും ചോറുരുളയ്ക്ക് ഇംഗ്ലീഷില്‍ എങ്ങിനെയാണ്?

reshma said...

രസിച്ചു!

കം മൈ ഡോട്ടര്‍, ഹാവ് എ തൊപ്പി.

സഹയാത്രികന്‍ said...

ഹ ഹ ഹ.... ഇഞ്ഞ്യേ... കലക്കി... അടിപൊളി.... ഹേയ് മെല്‍യാളീസ്...കാണൂ... മനസ്സിലാക്കൂ...

സ്വീറ്റീ... ഡോണ്‍ട് പ്ലേ വിത്ത് മണ്ണ്....!

:)

മെലോഡിയസ് said...

“ചിണുങ്ങണമെനിക്ക് കൊഞ്ചണമെനിക്ക്
ഡോട്ടര്‍ പോരാ മോളേയെന്നമ്മ വിളിക്കേണം
കണ്ണായെന്നപ്പനും വിളിക്കേണം
നെയ്യുരുളയെനിക്കമ്മ ഊട്ടേണം
സാരീടെ വാലിലും തൂങ്ങേണം“

ഇന്നത്തെ മിക്ക പിള്ളേര്‍ക്കും കിട്ടാതെ പോകുന്നത് ഇതൊക്കെ..
നന്നായിട്ടുണ്ട്..

Anonymous said...

പട്ടണം പാട്ട് :)

സൂര്യോദയം said...

ന്യായമായ ചോദ്യം...ആശയവും കൊള്ളാം :-)

രാജ് said...

പൊന്നുണ്ണീ പൂങ്കരളേ,
പോന്നണയും പൊന്‍കതിരേ.
വണ്ടോടിന്‍ വടിവിലെഴും
നീലക്കല്ലോലകളില്‍
മാന്തളിരില്‍ത്തൂവെള്ളി
ച്ചെറുമുല്ലപ്പൂമുനയാല്‍
പൂന്തണലില്‍ച്ചെറുകാറ്റ
ത്തിവിടെയിരുന്നെഴുതാലോ.
ഓലയെഴുത്താണികളെ
ക്കാട്ടിലെറിഞ്ഞിങ്ങണയൂ. (പൂതപ്പാട്ട്, ഇടശ്ശേരി)

പൂതം പോലും കൊഞ്ചിക്കൊഞ്ചിക്കൊണ്ടു പറയുന്ന മലയാളത്തിനെ അമ്മമാരും മറന്നാലെങ്ങനെയാ അല്ലേ?

സു | Su said...

നല്ല പാട്ട്. പറയാന്‍ എളുപ്പം. നാളെ ഇംഗ്ലീഷ് അറിയാത്തതിന്റെ പേരില്‍, ജോലി കിട്ടാതെ തെക്കും വടക്കും നടക്കുമ്പോള്‍, ഒന്നും വേണ്ടായിരുന്നു എന്നു തോന്നും. അമ്മമാരും പണ്ട് കുട്ടികളായിരുന്നിട്ടാണല്ലോ, പടവുകള്‍ കയറിക്കയറി വന്നത്? അതുകൊണ്ട് അവര്‍ക്ക് കൂടുതലറിയാം കാര്യങ്ങള്‍.

Anonymous said...

ആശയം മാത്രം ഇഷ്ടായി

Mrs. K said...

ഹഹഹ..
ഉണ്ണിയപ്പത്തിന്‍ ഉന്നീആപ്പം എന്ന് സായിപ്പ് പറഞ്ഞാലെങ്ങനെയിരിക്കും എന്നുള്ള ഒരു സ്റ്റൈലില്‍ അങ്ങട് പറഞ്ഞാമതി കുട്ടീ. പപ്പയും സിസ്റ്ററും കുട്ടിയെ കണ്ടു പഠിക്കട്ടെ!

ബിന്ദു said...

പട്ടണം പാട്ടല്ല, കുട്ടിപ്പാട്ട്‌.
:)

Sanal Kumar Sasidharan said...

തപ്പോ തപ്പോ മലയാളം
ഇംഗ്ലീഷില്‍ മാത്രം ചൊല്ലേണം

nannayi :)

വെള്ളെഴുത്ത് said...

prose states
poetry suggests

Sethunath UN said...

ന‌ന്നായി

അരവിന്ദ് :: aravind said...

ഉരുളക്ക് ഇംഗ്ലീഷില്‍ ഉരുളാ എന്ന് പറയും.
കണ്ണാന്ന് ഇംഗ്ലീഷില്‍ വിളിക്കും. പിന്നല്ലാണ്ടെ കണ്ണന് ഇംഗ്ലീഷില്‍ റോബേര്‍ട്ട് എന്നാണോ?
അതിനെന്താ?

(ഓ..മലയാളത്തിന് കുറേ മാര്‍ക്കടിച്ചിട്ട് ഞാനങ്ങ് ആളായി..ഒരു ഗുണോണ്ടായില്ല..സത്യം.)

എന്നാലും പാട്ട് വെറുതേ വായിച്ചു പോകാന്‍ കൊള്ളാം.

Raji Chandrasekhar said...

മനസ്സിലായിട്ടും കാര്യമില്ല. മാറ്റമൊന്നും പ്രതീക്ഷിക്കാനില്ല.

Anonymous said...

ഇഞ്ചീടെ ഈ ബ്ലോഗില്‍ നിന്നും പലരും എന്റെ പോസ്റ്റില്‍ വരുന്നുണ്ട്. ‍

പൈങ്ങോടന്‍ said...

ഹ ഹ ഹ..ഭേഷായി..

ഇതു വായിച്ചപ്പോള്‍ അച്ചുവിന്റെ അമ്മ എന്ന സിനിമയില്‍ ഉര്‍വ്വശിയും മീരാ ജാസ്മിനും തമ്മിലുള്ള സംഭാഷണമാണ് ഓര്‍മ്മവന്നത്

absolute_void(); said...

ഞാന് പഠിച്ചത് ഒരു ഇംഗ്ളീഷ് മീഡിയം സ്കൂളിലാ. അവിടെ ഞങ്ങള് ഹൈസ്കൂളിലെത്തിയപ്പോ ഇതേ പോലെ ഒരു പരിപാടി ഏര്പ്പെടുത്തി. രാവിലെ ക്ളാസ് മോണിട്ടര്ക്ക് ക്ളാസ് ടീച്ചര് ഒരു ടോക്കണ് നല്കും. ഈ ടോക്കണ് മലയാളം പറയുന്ന ആള്ക്ക് കൈമാറണം. അയാളുടെ പേരെഴുതിയ ഒരു കടലാസും ഒപ്പം കൊടുക്കണം. അയാള് മറ്റൊരാളെ കണ്ടെത്തി പുതിയാളുടെ പേര് കടലാസില് കുറിച്ച് ടോക്കണ് വീണ്ടും കൈമാറണം. അവസാന പീരിഡില് ടോക്കണ് ആരുടെ കൈവശമാണോ, അയാള് ടോക്കണും പേരുകളെഴുതിയ കടലാസും ക്ളാസ് ടീച്ചര്ക്ക് കൈമാറണം. ഒപ്പം ഈ അവസാനത്തെ ഹതഭാഗ്യന് - അങ്ങനെ പറയാമോ? - പത്തുരൂപ ഫൈനും നല്കണം.

10 പൈസ എസ് ടി നിലവിലുള്ള സമയം. 1 രൂപയോ 50 പൈസയോ മറ്റോ കൊടുത്താല് ഒരു പരിപ്പുവട തിന്നാവുന്ന കാലം. അത്ര പണ്ടെന്നുമല്ല, 80-കളിലാണ്. ഈ പരിപാടി ആദ്യം പൊളിച്ചത് ഞങ്ങളുടെ ക്ളാസ്സിലാണ്. ക്ളാസ്സ് ലീഡര് തീരുമാനിച്ചു, താനിതാര്ക്കും കൈമാറുന്നില്ലെന്ന്. എന്നിട്ട് ഞങ്ങളെല്ലാം മലയാളത്തില് തന്നെ സംസാരിച്ചു. ഞങ്ങളുടെ ക്ളാസ്സില് മാത്രം ആരും ഫൈന് കൊടുത്തില്ല.

അതുകൊണ്ട് ഞങ്ങള്ക്കെന്തു ഗുണമുണ്ടായീന്നു ചോദിച്ചാല് നിയമം ലംഘിക്കുന്നതിനറെ ഒരു സുഖം കിട്ടീന്ന് മാത്രം. അന്ന് ഇംഗ്ളീഷ് സംസാരിച്ച് പഠിച്ചിരുന്നെങ്കില് നന്നായേനെ എന്നു പിന്നീടു തോന്നി. വേറൊന്നുകൊണ്ടുമല്ല. എനിക്ക് നന്നായി ഇംഗ്ളീഷില് എഴുതാനറിയാം. പക്ഷെ സ്പോക്കണ് ഇംഗ്ളീഷ് പോര. ചില പത്രസമ്മേളനങ്ങളിലൊക്കെ പോകുമ്പോള് അത് പ്രശ്നമാകാറുണ്ട്.

എന്നാല് തമാശ ഇതൊന്നുമല്ല. ഞങ്ങളുടെ തൊട്ടടുത്ത ഡിവിഷനില് ടോക്കണ് കൈമാറുന്നത് സംബന്ധിച്ച തര്ക്കം കയ്യാങ്കളിയിലെത്തി. ആരോ തന്റെ കൂട്ടുകാരനോട് Please give me your cheep എന്നു ചോദിച്ചു. ഉടനെ ടോക്കണ് കൈവശമിരുന്നയാള് അത് ഇവനെ ഏല്പ്പിച്ചു. ഞാന് ഇംഗ്ളീഷില് തന്നെയാ സംസാരിച്ചതെന്ന് ആദ്യത്തെയാള്. മലയാളം വാക്കുപയോഗിച്ചു എന്ന് രണ്ടാമത്തെയാള്.
Cheep is Malayalam, Comb is its’ English എന്നതാണ് വാദം. ഒടുവില് ഷര്ട്ടില് പിടിത്തമിട്ടു, അടി പൊട്ടി, ബഹളമായി, ടീച്ചര്മാര് ഇടപെട്ടു... രണ്ടാള്ക്കും പെട കിട്ടി. ഇങ്ങനെ എത്രയേറെ സംഭവങ്ങള്...

ഭാഷ നന്നായി കൈകാര്യം ചെയ്യണമെങ്കില് അത് തെരുവില് നിന്ന് പെറുക്കിയെടുക്കണം. നമ്മുടെ തെരുവില് മലയാളമാണ് സംസാരിക്കുന്നത്. അപ്പോ തെരുവില് നിന്ന് ഇംഗ്ളീഷ് കിട്ടില്ല. പിന്നെ ഒരേയൊരു വഴി ഇംഗ്ലീഷ് സംസാരിച്ചു പഠിക്കുകയാണ്. ഉപജീവനത്തിന് അതു സഹായമാകുമെങ്കില് അങ്ങു പഠിച്ചോട്ടെ എന്നു വച്ചാല് പോരേ. മലയാളം പഠിക്കരുതെന്നല്ലല്ലോ അതിന്റെ അര്ത്ഥം.