2007-10-16

ടൂറിസ്റ്റുകളേ ഇതിലേ!

എന്താ കഥ! ധാരാവിയിലേക്ക് വിനോദയാത്രക്ക് ആളുകളെ കൊണ്ടുപോകാന്‍ ടൂറിസ്റ്റ് ബസ്സുകള്‍ നിരന്നു നില്‍ക്കുവാന്‍ പോകുന്നുവത്രേ.

ഈ ധാരാവി ധാരാവി എന്ന് നിങ്ങള്‍ കേട്ടിട്ടില്ലേ? അത് തന്നെ സ്ഥലം. മുമ്പൈയിലെ പാവപ്പെട്ട ആളുകള്‍ തിങ്ങിവസിക്കുന്ന ഒരു ചേരി. അതാണത്രേ പുതിയ ടൂറിസം മന്ത്ര. ശരിയാണ് ശരിയാണ്, പാവപ്പെട്ടവന്‍ എങ്ങിനെയിരിക്കുന്നുവെന്ന് കാണുവാന്‍ വിദേശിയര്‍ക്കും പൈസയുള്ള തദ്ദേശിയര്‍ക്കും ആകാംക്ഷയുണ്ടാവും. എന്താ ആ ‘പാവപ്പെട്ട’ വര്‍ഗ്ഗത്തിന്റെ ഡെയ്ലി ആക്റ്റിവിറ്റീസ്? അവര്‍ തങ്ങളെപ്പോലെ തന്നെ കയ്യും കാലുമുള്ളവരാണോ? ഹൃദയമുള്ളവരാവുമോ? അഭിമാനമോ? ഏയ്, അതുണ്ടാവില്ല. പൈസയില്ലാത്തവനു എന്ത് അഭിമാനം? അവര്‍ വസിക്കുന്നിടം മൃഗശാലകളിലെ കൂടുകള്‍ പോലെ സങ്കല്പിച്ച് അവരെ കാണുവാന്‍ വിനോദയാത്ര. ഉഗ്രന്‍ ഐഡിയ! എന്ത് കൊണ്ട് ദാസാ നമ്മള്‍ക്കീ ബുദ്ധി മുന്നേ തോന്നിയില്ല?

പാവപ്പെട്ടവന്റെ ദയനീയത മുതലെടുത്ത് അതിനെ പ്രസിദ്ധിക്ക് വേണ്ടി ഫോട്ടോ ഓപ്പ് ആക്കുന്ന മലയാളം സമാജങ്ങളിലും ഇന്ത്യന്‍ സമൂഹങ്ങളിലും ഇതൊന്നും പുതുമയാവില്ല. അഭിമാനക്ഷതം കൊണ്ട് ലോകത്തില്‍ നിന്ന് മറച്ച് പിടിക്കാന്‍ പഴഞ്ചാക്ക് കൊണ്ട് മറച്ചിരിക്കുന്ന അവന്റെ തകരപ്പാട്ട മുറിയിലേക്കും നമ്മള്‍ക്കിനി ഉളിഞ്ഞ് നോക്കാം. അതിനു പേരും കൊടുക്കാം, പൂവറിസം! അതുപോലൊരു വിനോദയാത്രക്ക് പോകണമെങ്കില്‍ ഇന്റര്‍നെറ്റില്‍ നിന്ന് ബുക്കും ചെയ്യാം.

It is also one of India's newest tourist attractions. Since January of last year, a young British entrepreneur, Christopher Way, and his Indian business partner, Krishna Poojari, have been selling walking tours of Dharavi as if it were Jerusalem's walled city or the byways of Dickens' London. There seems to be a market for this sort of thing: almost every day during the recent December holidays, small groups of foreign travelers, accompanied by Poojari or another guide, tramped through Dharavi's fetid alleys in a stoic quest for...What? Enlightenment? Authenticity? The three-hour excursions are slated for mention in a forthcoming Lonely Planet guide, and they cost about $6.75 a head—more if you want to go to Dharavi by air-conditioned car.
Excerpt from Smithsonian.

ഇതിനെക്കുറിച്ചറിഞ്ഞ് ഞെട്ടിത്തരിച്ചിരിക്കുന്നവരുടെ സമാധാനത്തിനു NGO എന്നോ ആ പൈസയുടെ അന്‍പതു ശതമാനം പാവപ്പെട്ടവര്‍ക്ക് തന്നെ പോകുന്നുവെന്നോ ഒരു കണ്ണില്‍പൊടിയും. അടുത്തത് വേശ്യാത്തെരുവോ, മരിക്കാന്‍ കിടക്കുന്ന രോഗികളോ, അല്ലെങ്കില്‍ മോര്‍ച്ചറിയോ ആകട്ടെ ടൂറിസത്തിനു തിരഞ്ഞെടുക്കുന്ന പുതിയ മാര്‍ഗ്ഗങ്ങള്‍!

പാവപ്പെട്ടവനു വേണ്ടത് വെറുതേ എറിഞ്ഞുകൊടുക്കുന്ന നാണയത്തുട്ടുകളല്ല മറിച്ച് സ്നേഹവും അഭിമാനവും ആണെന്ന് പഠിപ്പിച്ച മദര്‍തെരേസയുടെ വാക്കുകള്‍ മറക്കുവാന്‍ നമുക്ക് ശ്രമിക്കാം!

21 പ്രതികരണങ്ങള്‍:

Haree said...

:(
--

ദിലീപ് വിശ്വനാഥ് said...

ഇന്ത്യയുടെ ടൂറിസം വികസനത്തില്‍ ഒരു പുതിയ നാഴികകല്ല്.
നന്ദി, ഈ പോസ്റ്റിന്.

സു | Su said...

ഇവരെയൊക്കെ കേരളത്തില്‍ കൊണ്ടുവന്ന്, റോഡിലെ കുഴികള്‍ കാണിച്ച്, അതിലൂടെ പോയി നോക്കാന്‍ പറഞ്ഞാലോ. ;)

Anonymous said...

ഇങ്ങനെ വന്ന ഒരു ടൂറിസ്റ്റിനെയല്ലേ സര്‍ക്കീട്ട് പണ്ട്‌ മെഡിക്കല്‍ കോളേജിലേക്ക് പൊക്കികൊണ്ടോയത്, മുന്നാബായിക്ക് സര്‍ജറി പഠിക്കാന്‍ ;)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പോസ്റ്റ് കാലികം, എന്നാല്‍ സൂ ചേച്ചീടെ കമന്റ് കലക്കി, പെട്ടന്നാവട്ടെ മണ്ണിട്ട് നികത്തും മുന്‍പ്.

രാജ് said...

എംടിയുടെ ‘വാക്കുകളുടെ വിസ്മയം’ എന്ന പ്രസംഗസമാ‍ഹാരത്തിലാണെന്ന് തോന്നുന്നു, നഗരത്തിലെ ഏതോ റോ‍ട്ടറി ക്ലബിന്റെ സേവനവാരത്തില്‍ വൃത്തിയുള്ള ഉടുപ്പുകളും കൃതജ്ഞത ചുവയ്ക്കുന്ന മുഖവുമുള്ള കുട്ടികള്‍ ബാക്ക്‍സ്റ്റേജിന്റെ ഒരു മൂലയില്‍ സ്റ്റേജിലെ പ്രകാശവിസ്മയത്തിലേയ്ക്കു് അമ്പരപ്പോടെ കടന്നു ചെല്ലുന്നതിനുള്ള ഊഴവും കാത്തിരിക്കുന്നതിനെ കുറിച്ചു വായിച്ചത്. പത്രത്തിന്റെ അകത്തെ ഏതെങ്കിലും താളില്‍ ഒരു കോളം വാര്‍ത്ത ലഭിച്ചേയ്ക്കും, റോട്ടറി ക്ലബ്ബിന്റെ നോട്ടീസ് ബോര്‍ഡിനു ഭാരമാ‍കും. ഈ അപഹാസ്യതകള്‍ക്കിടയിലും നാലാംക്ലാസിലെ ഏതെങ്കിലും മിടുക്കന്മാര്‍ സമാഹരിച്ച പത്തോ ആയിരമോ രൂപ അവകാശവാദങ്ങളില്ലാതെ അവരുടെ അറിയപ്പെടാത്ത ഏതെങ്കിലും സഹോദരങ്ങളുടെ വയറ്റില്‍ അന്നമായും കണ്ണീരൊപ്പാനുള്ള തുണിയായും മാറുന്നുണ്ടാകും.

ക്രിസ്‌വിന്‍ said...

എന്താ ആ ‘പാവപ്പെട്ട’ വര്‍ഗ്ഗത്തിന്റെ ഡെയ്ലി ആക്റ്റിവിറ്റീസ്? അവര്‍ തങ്ങളെപ്പോലെ തന്നെ കയ്യും കാലുമുള്ളവരാണോ? ഹൃദയമുള്ളവരാവുമോ? അഭിമാനമോ? ഏയ്, അതുണ്ടാവില്ല. പൈസയില്ലാത്തവനു എന്ത് അഭിമാനം?

നന്നായി ആസ്വദിച്ച്‌ വായിച്ചു

അരവിന്ദ് :: aravind said...

ഇത് കാടത്തമാണ്.
ഈ വക ടൂറിസ്റ്റുകളെ ധാരാവിക്കാര്‍ തന്നെ പാഠം പഠിപ്പിക്കട്ടെ!

(ഏതോ ടൂറിസ്റ്റ് ഏതോ പാ..വം യുവതിയെ പീഡിപ്പിച്ച പോസ്റ്റാന്നാ വിചാരിച്ചേ)

പ്രയാസി said...

പാവപ്പെട്ടവനു വേണ്ടത് വെറുതേ എറിഞ്ഞുകൊടുക്കുന്ന നാണയത്തുട്ടുകളല്ല മറിച്ച് സ്നേഹവും അഭിമാനവും ആണെന്ന് പഠിപ്പിച്ച മദര്‍തെരേസയുടെ വാക്കുകള്‍ മറക്കുവാന്‍ നമുക്ക് ശ്രമിക്കാം!
ആദ്യമായാ ഇവിടെ..
ഇഞ്ചി കടിച്ച പോലുണ്ടു..പോസ്റ്റ്..:)

Raji Chandrasekhar said...

enganeyaanu prathikarikkentathennariyilla.
Reji Mash

മന്‍സുര്‍ said...

ഇഞ്ചി...

അയ്യോ...സ്ഥലം മാറി...വന്നതാണ്‌....ഞാന്‍ ടൂറിസ്റ്റല്ലാ....
നാടിന്റെ പച്ചതേടിവരുന്ന ടൂറിസ്റ്റുകളെ പച്ചക്ക്‌ തന്നെ കൊള്ളയടിക്കുന്ന നമ്മുടെ രാജ്യം എന്ന്‌ രക്ഷപ്പെടും

നന്നായിട്ടുണ്ട്....അഭിനന്ദനങ്ങള്‍...

നന്‍മകള്‍ നേരുന്നു

Anonymous said...

എനിക്കൊരു കൂട്ടുകാരനുണ്ടായിരുന്നു ..സാന്‍ജ്ജോ..വലിയ ഒരു സമ്പന്ന കുടുമ്പതിലെ ഒറ്റപ്പുത്രനാണ്..അവന്റെ അച്ചന്‍ വിദേശത്തു നിന്നും വരുമ്പോള്‍ കുടുമ്പസമേതം യാത്ര പോകും ..പലപ്പോഴും അനാഥാലയങ്ങള്‍, വൃഥസദനങ്ങള്‍ എല്ലാം ...അവന്റെ കൈകൊണ്ട് അവിടെ പൈസ കൊടുക്കും..അവന്റെ ജീവിതത്തെ, വ്യക്ത്തിത്വത്തെ അതെത്ര സ്വാധീനിച്ചിട്ടുണ്ടെന്ന് എനിക്കു നന്നായി അറിയാം.

ധാരാവി തെരുവിലൂടെ ഒരു ബസ്സുപോയാല്‍ എന്തു സംഭവിക്കുമെന്നെനിക്കറിയില്ല. പക്ഷെ അതില്‍ നിന്നൊരു യാത്രക്കാരന്‍ ഇറങ്ങി വിശന്നിരിക്കുന്ന ഒരു കുട്ടിക്ക് ഒരു ഭക്ഷണപ്പൊതി വാങ്ങിക്കൊടുത്താല്‍ എന്തു സംഭവിക്കും ആ കുട്ടിയുടെ വയറീനെന്നറിയാം. തെരുവില്‍ മുറിബീഡി വലിച്ചിരിക്കുന്ന ഒരുത്തനെ സ്പോണ്‍സര്‍ ചെയ്യാന്‍ തോന്നിയാല്‍ ഇന്ത്യക്ക് ഒരു ‘ഭായി’ യെക്കൂടി ചിലപ്പോള്‍ നഷ്ട്പ്പെട്ടേക്കാം എന്നുമറിയാം.

ഈ ടൂര്‍[?] ന്റെ സാമ്പത്തികലക്ഷ്യം എന്തെങ്കിലുമാകട്ടെ
പക്ഷെ
“ഇതിനെക്കുറിച്ചറിഞ്ഞ് ഞെട്ടിത്തരിച്ചിരിക്കുന്നവരുടെ സമാധാനത്തിനു NGO എന്നോ ആ പൈസയുടെ അന്‍പതു ശതമാനം പാവപ്പെട്ടവര്‍ക്ക് തന്നെ പോകുന്നുവെന്നോ ഒരു കണ്ണില്‍പൊടിയും“

ഈ വാചകത്തിന്റെ ആധികാരികത എന്താണെന്നു ഒട്ടും തന്നെ മനസിലായില്ല. അന്‍പതു ശതമാനം ശരിക്കും പാവപ്പെട്ടവര്‍ക്കു പൊകുന്നുവെങ്കില്‍..?വളരെ വികൃതമായിപ്പോകില്ലെ മേല്‍പ്പറഞ്ഞത്..?

-സ്നേഹാദരങ്ങളോടെ

Inji Pennu said...

ചോപ്പേ,
ദാരിദ്ര്യം ഒരു കോമോഡിറ്റിയല്ല, നഷ്ടം കഴിഞ്ഞ് പ്രോഫിറ്റ് മാത്രം കൊടുക്കാന്‍. അത് സെല്‍ ചെയ്യാനുള്ളതല്ല. ടൂര്‍ കാട്ടാനുള്ളതല്ല.

എന്റെ വീടിന്റെ മുന്നെ ടൂര്‍ ഗൈഡ് വന്ന് നില്‍ക്കുന്നതും അതിലൂടെ ഒരു പൊതിച്ചോറ് എറിയുന്നതും എനിക്ക് അപമാനകരമാണ്. എറിഞ്ഞു കിട്ടുന്ന ഉച്ഛിഷ്ടങ്ങള്‍ ആളുകള്‍ വാങ്ങിക്കുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ അതിനു കൃതജ്ഞതാ മുഖം കാട്ടുന്നുണ്ടെങ്കില്‍ അത് അവന്റെ ഗതികേട് കൊണ്ടാണ്, അല്ലാതെ ഇഷ്ടമുണ്ടായിട്ടല്ല. പക്ഷെ ഒരിക്കലും ഒരു ശരിയാവില്ല.

Anonymous said...

ദാരിദ്ര്യം ഒരു കോമോഡിറ്റിയല്ല..
ആണെന്നു ഞാന്‍ പറഞ്ഞുമില്ലല്ലോ..?
വീട്ടില്‍ ഒരു പിച്ചക്കാരന്‍ വന്നാല്‍ പൊലും എന്റെ അമ്മ ഒന്നും എറിഞ്ഞുകൊടുക്കുന്നതു ഞാന്‍ കണ്ടിട്ടില്ല
ഇഞ്ജിപ്പെണ്ണ് അങ്ങനെയാണോ..?
ആ ടൂറില്‍(?) വരുന്നവരെല്ലാം അങ്ങനെയുള്ളവരാണോ..?

അനാഥമന്തിരങ്ങളിലേക്ക് കുടുമ്പങ്ങളും സ്കൂളുകളും യാത്ര നടത്തുന്നില്ലെ..?
അതൊക്കെ എന്താണ്..?
ടൂര്‍ കാട്ടലാണോ..?

Inji Pennu said...

ചോപ്പേ
ചോപ്പ് കണ്‍ഫ്യൂസ്ഡാവുന്നു. ചാരിറ്റിയോ അല്ലെങ്കില്‍ അനാഥമന്ദിരങ്ങളല്ല ഇത്. ഇതിലെ കാടത്തം കാണുവാന്‍ സാധിക്കുന്നില്ലേ? അതോ NGO എന്ന് വാക്കാണോ ശരിയല്ലായെന്ന് തോന്നിയത്? ആലോചിച്ചു നോക്കൂ. അല്ലാതെ പാവപ്പെട്ടവരെ സഹായിക്കരുതെന്നല്ലല്ലോ ? അങ്ങിനെയാണോ വായിച്ചത്? ഞാന്‍ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ തന്നെ പോയി നോക്കൊ? അവയില്‍ തന്നെ അതിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.


ദയവായി പേര്‍സ്ണല്‍ ലെവല്‍ ടയ്പ്പ് ഇഞ്ചിയങ്ങിനെയാണോ എന്നുള്ള ചോദ്യങ്ങള്‍ ഒഴിവാക്കുന്നതല്ലേ നല്ലത്. ലേഖനത്തെക്കുറിച്ച് മാത്രമേ ഞാന്‍ സംസാരിക്കാന്‍ തയ്യാറുള്ളൂ.

Anonymous said...

ഞാന്‍ ആ ലിങ്കുകളില്‍ പോയി നോക്കിയിട്ടാണ് സംസാരിച്ചത്,
എനിക്ക് ഒന്നും തോന്നുന്നില്ല, ദൈവമേ ഞാനിനി കരിങ്കല്ലു ഹൃദയമുള്ളവനാണോ..?
പിന്നില്‍ സാമ്പത്തികലക്ഷ്യമുണ്ടാകം എങ്കിലും അങ്ങിനെയും ജീവിതമുണ്ടെന്നു ആളുകളറിയേണ്ടെ..?
വായിച്ചറിയുന്നതിനേക്കാളും കേട്ടറിയുന്നതിനേക്കാളും കണ്ടറിയുമ്പോളാണ്, പ്രതികരണങ്ങള്‍, അതു ഒരു പൊതിച്ചോറിന്റെ രൂപത്തിലായാലും ഊണ്ടാകുന്നത്(ഇത്തരം വിഷയങ്ങളില്‍)

കൂടുതലൊന്നും പറയാനില്ലാട്ടോ, ഇപ്പൊ പറഞ്ഞതു തന്നെ ആവര്‍ത്തനമായിപ്പോയി,
‘പേര്‍സണല്‍ ലെവല്‍’ ക്ഷമിക്കുക

- സ്നേഹാദരങ്ങളോടെ

ivideyilla said...

ചോപ്പേ
ദാരിദ്ര്യം കാണരുതെന്നല്ല ഹൊ! കണ്ടറിഞ്ഞ് വളരണം ചുറ്റുപാടുകളെ. അതല്ലല്ലോ പറയുന്നത്. അതൊരു വിനോദസഞത്തിനുള്ള ഉപാധിയല്ല. എനിക്കവിടെ പോയി ചിരിക്കാമോ? ഞാന്‍ കാശ് കൊടുത്തതാണ് ഈ ട്രിപ്പിനു എനിക്ക് ഫോട്ടോ പിടിക്കണം അത് കണ്ട് ചിരിക്കണം എന്നൊക്കെ പറയാമോ? മനസ്സിലാവുന്നില്ലേ അതിന്റെ വൃത്തികേട്? ടൂറിസം ഈസ് ദ കീവേഡ് ഹിയര്‍. ദാരിദ്ര്യമോ ദരിദ്രരോ അല്ല. ചിന്തിച്ച് നോക്കിക്കേ ഒന്ന് കണ്ണടച്ച്...അപ്പൊ കിട്ടും :)

വേണു venu said...

വില്പനയുടെ വിപണിയില്‍‍ ദാരിദ്ര്യം എന്നേ വിറ്റഴിക്കപ്പെടുന്നുണ്ടായിരുന്നു.
ടൂറിസ്റ്റുകാരെ ആകര്ഷിക്കാനും അതുപയോഗപ്പെടുത്തുന്നു. കാഴ്ച ബംഗ്ലാവുകളിലേയ്ക്കു് ആകാംക്ഷയോടെ പോകുന്ന സഞ്ചാരികളെ കാണിക്കാന്‍‍ ദയനീയമായ മനുഷ്യന്‍റെ മറ്റൊരു മുഖം.
ഇതാ നിങ്ങള്‍ക്കു് വിനോദിക്കാന്‍‍.:(

Anonymous said...

its pretty much the same thing 'kalpana' was doing when she hosted a show in '?? asianet' during onam , where she took her crew to poor peoples home. she was showing pseudo empathy describing their plight, and giving them a 'gift hamper' from the shows sponsors......... pathetic

രാജേഷ് ആർ. വർമ്മ said...

പാദരക്ഷാഭീമന്‍ നൈക്കിയുടെ ലോക ആസ്ഥാനം പോര്‍ട്ട്‌ലന്‍ഡിലാണ്‌. അതിന്റെ മുന്‍പില്‍ക്കൂടിയുള്ള വഴിയുടെ എതിര്‍വശത്ത്‌ വളരെ ഉയരമുള്ള ഒരു ഗംഭീരന്‍ മതില്‍ കാണാം. അതിന്റെ പിറകില്‍ ഒരു ട്രെയ്‌ലര്‍ പാര്‍ക്ക്‌ (ഓടിച്ചുകൊണ്ടു നടക്കാവുന്ന എന്ന പേരുള്ള ഒരു മുറിയുടെ വലിപ്പം വരുന്ന പെട്ടികളില്‍ മനുഷ്യര്‍ താമസിക്കുന്നത്‌) ആണ്‌ . വഴിമാറി പോയാല്‍ മാത്രം അതു കാണാന്‍ വേണ്ടിയാണ്‌ മതില്‍. പോര്‍ട്ട്‌ലന്‍ഡ്‌ കാണാന്‍ വരുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞാന്‍ അതിനകത്തു കൊണ്ടുപോകാറുണ്ട്‌. സായിപ്പന്മാരിലും ദരിദ്രവാസികളുണ്ടോ, അമേരിക്കയില്‍ ദാരിദ്ര്യമുണ്ടോ എന്നൊക്കെ സംശയമുള്ള പലരും അമേരിക്കയില്‍ ദീര്‍ഘകാലമായി താമസിക്കുന്ന മലയാളികളില്‍പ്പോലും ഉണ്ട്‌. കാറിലിരുന്നു കാണുന്നതല്ലാതെ കാല്‍നടപര്യടനത്തിനുള്ള ധൈര്യം വന്നിട്ടില്ല. ട്രെയ്‌ലര്‍ പാര്‍ക്ക്‌ പര്യടനത്തിനു പ്രത്യേകം പൈസയൊന്നും വാങ്ങാറുമില്ല. എല്ലാം പാക്കേജില്‍ ഇന്‍ക്ലൂഡഡ്‌ ആണ്‌.

absolute_void(); said...

ധാരാവിക്ക് ദാരിദ്ര്യം എന്ന് മാത്രമല്ല, അര്‍ത്ഥം. തുകല്‍വ്യവസായം, മീറ്റ് പ്രോസസിംഗ്, പ്രസുകള്‍ എന്നുവേണ്ട, ധാരാവിയിലില്ലാത്ത തൊഴില്‍ സ്ഥാപനങ്ങള്‍ കാണില്ല. തമിഴരാണ് ഇവിടുത്തെ പ്രധാനികള്‍.

ഈയടുത്ത് മിഡ് ഡേ എന്ന ഉച്ചപ്പത്രത്തില്‍ ഇവിടുത്തെ മറ്റൊരു വ്യവസായം കാണാനായി. ഉടമസ്ഥനെ ജോലിസ്ഥലത്ത് തുപ്പിയ ശേഷം കാറുമായി ഷോഫര്‍മാര്‍ ഇവിടേക്ക് വരുന്നു. കുട്ടികള്‍ വന്ന് ചെറിയ കുഴലുപയോഗിച്ച് പെട്രോള്‍ ഊറ്റിയെടുക്കുന്നു. ഇതിനായി കാറുകള്‍ ക്യൂവാണ്.

ഡ്രൈവര്‍മാര്‍ കായിവാങ്ങി പോക്കറ്റിലിട്ട് സന്തോഷത്തോടെ പോകുന്നു. പെട്രോള്‍ വാങ്ങാനായി മറ്റുചിലര്‍ വരുന്നു. പമ്പിനേക്കാള്‍ കുറഞ്ഞ ചെലവില്‍ വില പറഞ്ഞുറപ്പിച്ച് അവര്‍ പെട്രോള്‍ വാങ്ങുന്നു. അങ്ങനെയങ്ങനെ.

ചുരുക്കം പറഞ്ഞാല്‍ ലോകത്ത് എന്തൊക്കെ നടക്കാമോ, അതിനെല്ലാം ഇടമുള്ള ചേരി. ചേരിയുടെ രുചിയറിയാത്തവര്‍ക്കെല്ലാം അതൊരു കാഴ്ചവസ്തുതന്നെയാണ്. തുറന്ന വെളിമ്പറമ്പുകളും വഴിനീളെ തുപ്പല്‍ കോളാമ്പികളുമായി ഒരു മ്യൂസിയം പീസ്. ധാരാവി നിവാസികളുടെ എതിര്‍പ്പിനെ അവഗണിച്ച് ചേരി പൊളിച്ചുപണിയാന്‍ പോകുകയാണ് സര്‍ക്കാര്‍. വലിയ കാഴ്ചപ്പണ്ടം നാടുനീങ്ങുംമുമ്പേ കാശുണ്ടാക്കാനുള്ള തത്രപ്പാടിലാവും ടൂറിസ്റ്റ് പ്രഭുക്കന്മാര്‍ !