2007-10-29

ഹവ്വ

‘എപ്പോഴാണ് സ്ത്രീയാവുന്നത്?’

തടിച്ച ബയന്റുള്ള ബുക്കില്‍ നിന്ന് കണ്ണുകള്‍ ഉയര്‍ത്തി, കാലുകളില്‍ നിന്ന് തെന്നിമാറി കിടന്നിരുന്ന എന്റെ പാവാട നീട്ടിവലിച്ചിട്ട് സീത ചോദ്യം എറിഞ്ഞു. നക്ഷത്രങ്ങളിലേക്ക് ക്രീം നിറത്തില്‍ പെയിന്റടിച്ച ചെറിയ ജനലുകള്‍ തുറന്നിട്ട് രാത്രിയിലെ ഇളംകാറ്റിനെ എന്റെ വസ്ത്രങ്ങളിലിട്ട് കൊഞ്ചിപ്പിക്കുകയായിരുന്ന ഞാനാ ചോദ്യം കേള്‍ക്കാത്തതുപോലെ ഇരുന്നു. വീണ്ടും അവള്‍ ആ ചോദ്യം ആവര്‍ത്തിക്കാന്‍ വേണ്ടി മാത്രം. ജനല്‍ക്കമ്പികളില്‍ പല്ലു കൊണ്ട് ചെറുതായി കടിക്കുന്ന എന്റെ ചെറുപ്പത്തിലേയുള്ള ശീലം നിമിത്തം അടര്‍ന്ന് വീഴാറായ പെയിന്റിന്റെ ഭാഗങ്ങള്‍ വായില്‍ ഒരു വല്ലാത്ത രുചി പകര്‍ന്നിരുന്നു. അങ്ങിങ്ങായി കറുത്ത് തുടങ്ങിയിരുന്ന എന്റെ വെള്ളിക്കൊലുസ്സിലെ മണികളെ വിരലുകള്‍ കൊണ്ട് തൊട്ട് ചെറുതായി കിലുക്കിക്കൊണ്ട് അവള്‍ വീണ്ടും അതേ ചോദ്യം ആവര്‍ത്തിച്ചു.

മുറിയിലേക്ക് പതിയേ വീശുന്ന കാറ്റില്‍, വിട്ടുപോകുവാന്‍ മനസ്സ് വരാതെ മൈക്കിള്‍ ജാക്സണും റ്റോം ഹാങ്ക്സും അഗാസ്സിയുമെല്ലാം വെള്ള പൂശിയ ഹോസ്റ്റല്‍ മുറിയിലെ സാനിറ്ററി പാഡിന്റേയും പൌഡര്‍ കുപ്പികളുടേയും എഴുതാതെ പോയ പ്രണയലേഖനങ്ങളുടേയും നടുവില്‍ അള്ളിപ്പിടിച്ചിരുന്നു.

നാലാമത്തെ നിലയിലെ കുടുസ്സുമുറികളിലൊന്നില്‍ ജനല്‍ തുറന്നിട്ടാല്‍ ദൂരെ ഒരു മല കാണാം, രാത്രി മാത്രം കാണാവുന്ന മല. അതില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുമ്പോഴാണ് കാണുവാന്‍ സാധിക്കുക. ആളിക്കത്തുന്ന തീയാണ് മലയെ ഞങ്ങള്‍ക്ക് കാട്ടിത്തരിക. തീ പടര്‍ത്തുന്ന കാറ്റും. രാത്രി മാത്രം കാണാവുന്ന മലയെ കറുത്ത മലയെന്ന് ഞങ്ങള്‍ പേരിട്ടിരുന്നു. മലയിലെ തീ ഒരു വില്ല് പോലെ വളഞ്ഞിരുന്നു. ചുട്ട് പഴുത്ത പൊടിമണല്‍ നിറഞ്ഞ കാറ്റിനു തീയുടെ രുചി, അതോ അടര്‍ന്ന് വീഴുന്ന ജനലിലെ തുരുമ്പിനോ?

‘മൌനവ്രതമാണോ ഇന്ന്?’

‘അല്ല എന്റെ ചീതേ, ഇതുപോലേയുള്ള വട്ട് ചോദ്യങ്ങള്‍ക്കൊന്നും എന്റെ കയ്യില്‍ ഉത്തരമില്ല്യ. നീ ആര്‍ച്ചീസിലെ ടെഡിബേറിന്റെ വിലയോ രാജേഷിന്റെ ബൈക്കിന്റെ നമ്പറോ ചോദിക്ക്.’

‘ഉം, എനിക്കറിയണം. നിനക്കറിയുന്നത് എന്താണ്?’

ഞാന്‍ ഉറക്കേ ചിരിച്ചു. ശബ്ദമില്ലാതെ. ഉറക്കേ ചിരിക്കുവാനും ശബ്ദത്തിനു പകരം തോളെല്ലുകള്‍ കുലുക്കുവാനും ഹോസ്റ്റല്‍ മുറികള്‍ എന്നെ എപ്പോഴേ പഠിപ്പിച്ചിരുന്നു. ‘ഇതുപോലെ ഒന്നിനുമല്ലാതെ എന്നാല്‍ എന്തോ അറിഞ്ഞുകൊണ്ട് ശബ്ദമില്ലാതെ ഉറക്കേ ചിരിക്കുമ്പോഴാവും സ്ത്രീയാവുക ചീതേ.’ അവളുടെ കയ്യിലിരുന്ന വലിയ പുസ്തകം എന്റെ ശരീരത്തില്‍ വന്ന് പതിക്കും മുന്‍പേ ഞാന്‍ കട്ടിലില്‍ നിന്ന് എഴുന്നേറ്റ് ഓടിയിരുന്നു.

പിന്നീട് ഞാന്‍ കണ്ടത് സുമയേയാണ്.

‘വിമല്‍’....ഫോണിലൂടെ അവള്‍ ഉറക്കേ കിതച്ചു. അവളുടെ വിളിയിലെ വി ക്ക് നിശബ്ദതയും മല്‍-ന് വല്ലാത്തൊരു ആന്തലുമായിരുന്നു.

‘എന്നെ ആരോ തൊട്ടു. എനിക്ക് പറയാന്‍ അറിയില്ല.’ നിനക്ക് അത് മനസ്സിലാവില്ല.

‘ഞാന്‍ കോരിത്തരിച്ചു പോയി വിമല്‍.’ ഒരു ജീവന്‍, എന്റെ ഉള്ളിലൊരു ജീവന്‍. അതാ‍ദ്യമായി എന്നെ തൊട്ടു. ‘ഞാനറിഞ്ഞു വിമല്‍. എനിക്ക് വിശ്വസിക്കാനാവുന്നില്ല.’

‘ഇല്ല, ഞാന്‍ വഴിയരുകില്‍ വണ്ടി നിറുത്തിയാണ് ഫോണ്‍ ചെയ്യുന്നത്. പേടിക്കണ്ട വിമല്‍.’

‘വിമല്‍, പക്ഷെ എനിക്കത് പറഞ്ഞുതരുവാന്‍ സാധിക്കുന്നില്ല.’ ഉള്ളിലേതോ ആത്മാവ്. എന്റെ ജീവന്‍ വിമല്‍. ‘നമ്മുടേത് വിമല്‍...നമ്മുടേത്.’

‘ഈയൊരു സ്പര്‍ശത്തിനു വേണ്ടി ഞാന്‍ ഒരായിരം തവണ ഗര്‍ഭം ധരിക്കും വിമല്‍. ഞാന്‍ കാത്തിരിക്കുന്നു അതിനു മാത്രമായി വീണ്ടും.’

‘സേഫ് ആയി ഡ്രൈവ് ചെയ്തോളാം. വിഷമിയ്ക്കണ്ടാ. നിനക്ക് ഞാന്‍ പറയുന്നത് മനസ്സിലാവുന്നില്ലേ?’ സ്പര്‍ശം. ഉള്ളിന്റെ ഉള്ളിലെ സ്പര്‍ശം. മിടിക്കുന്ന ഹൃദയം ഒരു നിമിഷം നിന്ന് എന്നെ കൈനീട്ടി സ്പര്‍ശിച്ചതുപോലേ. തൊലിപ്പുറത്തെ നേര്‍ത്ത സുഷിരങ്ങളില്‍ സ്നേഹം നിറയുന്നത് പോലേ. ‘നിനക്ക് മനസ്സിലാവുന്നുണ്ടോ വിമല്‍?’

‘ഇല്ല്ല. ഞാന്‍ ഉച്ചയ്ക്ക് തിരിച്ച് പോകുന്നില്ല. എന്നെ വീണ്ടും സ്പര്‍ശിക്കുമ്പോള്‍ എനിക്ക് അറിയണം. കണ്ണാടിയില്‍ എനിക്കെന്റെ മുഖം കാണണം.’ നിനക്കിത് അനുഭവിക്കാന്‍ കഴിയുന്നില്ലല്ലോ വിമല്‍.

പിന്നീടൊരിക്കല്‍ കൂടി സുമയെ കണ്ടിരുന്നു.

വീട്ടിലേക്ക് തിരിയുന്ന ഇടവഴിയില്‍ അവള്‍ ചതഞ്ഞരഞ്ഞത്. ഒരു പതിനെട്ട് വീലര്‍ ട്രക്കിന്റെ പുറകില്‍ ചെന്ന് ഇടിയ്ക്കുകയായിരുന്നു. നിറുത്തിയിട്ടിരുന്ന ട്രക്കിന്റെ പിന്‍വാതിലില്‍ അവളുടെ ജീവന്‍ രക്തത്തോടു ചേര്‍ന്നലിഞ്ഞു. ആയിരം തവണം ഗര്‍ഭം ധരിക്കാന്‍ വേണ്ടിയാവണം കൈകളില്‍ ഒന്ന് അടിവയറില്‍ തൊട്ടിരുന്നു.

അതുവരേയുള്ള സേഫ് ഡ്രൈവിങ്ങ് റിക്കോര്‍ഡ് തകര്‍ത്തുകൊണ്ട് ട്രക്കിന്റെ പിന്നില്ലേക്ക് അവള്‍ ഇടിച്ചുകയറി. കണ്ണാ‍ടിച്ചില്ലുകള്‍ ചിതറുന്ന ശബ്ദം. കാറിന്റെ മുന്‍ഭാഗത്ത് നിന്നുയരുന്ന കറുത്ത പുക. ട്രക്ക് അവള്‍ക്ക് കാണുവാന്‍ സാധിച്ചിരുന്നില്ല. വീണ്ടും എപ്പോഴോ ആ സ്പര്‍ശത്തില്‍ അവള്‍ മതിമറന്നിരുന്നു. കണ്ണുകളില്‍ ആനന്ദത്തിന്റെ ഉത്സവത്തില്‍ മുന്‍പിലുള്ള വലിയ ട്രക്ക് അവള്‍ കണ്ടിരുന്നില്ല. ആ സ്പര്‍ശം തീ പോലെ അവളില്‍ പടര്‍ന്നിരിക്കണം. ജീവന്റെ സ്പര്‍ശം.

മലയ്ക്ക് ജീവന്‍ വെയ്ക്കുന്നത് അങ്ങിനേയാണ്. പകലെങ്ങും കാണാത്ത മലയെ തീയാണ് കാട്ടിത്തരുന്നത്. ജീവന്റെ സ്പര്‍ശം. തീപടര്‍ന്ന മലയിലാണ് ദൈവം ജീവനായി മോശക്ക് ആദ്യമായി പ്രത്യക്ഷപ്പെട്ടതും.

കേട്ടിരുന്നിരിക്കണം. ദൈവം അത് ശ്രദ്ധിച്ചിരുന്നിരിക്കണം. ആയിരം തവണ ഗര്‍ഭം ധരിക്കുവാന്‍ അവള്‍ ആഗ്രഹിച്ചത് ഒരു ഇടിമുഴക്കം പോലെ ആ കാതുകളില്‍ വന്ന് പതിഞ്ഞിരിക്കും.

‘പൂഴി കൊണ്ട് സൃഷ്ടിച്ചെടുത്ത് നാസാരന്ധ്രകളിലേക്ക് നിശ്വസിച്ച് ജീവന്‍ നല്‍കിയ ആദാമേ നീ എന്തിനിത് ചെയ്തു? നിഷിധമായത് ഭക്ഷിക്കാന്‍ നിന്നെ ആര്‍ പ്രേരിപ്പിച്ചു?’ ദൈവം ഗര്‍ജ്ജിച്ചു. ഗര്‍ജ്ജനം കൊണ്ട് ഭൂമിയും ആകാശവും പ്രകമ്പനംകൊണ്ടു. സൂര്യന്‍ മങ്ങി. ഇലകള്‍ പൊഴിഞ്ഞു. ആളിപ്പടരുന്ന തീ കെട്ടടങ്ങി. മലകള്‍ അപ്രത്യക്ഷമായി.

‘ഇവള്‍! ഇവള്‍! നീ എനിക്ക് കൂട്ടിനായി തന്നവള്‍. അവളറിഞ്ഞു ആ ആനന്ദം. എനിക്കുമത് അനുഭവിക്കണം. ഈ പഴം ഭക്ഷിച്ചാല്‍ അതറിയുമെന്നവള്‍ പറഞ്ഞു.’ കൈകള്‍ കൊണ്ട് മുഖം താങ്ങി ആദം മൊഴിഞ്ഞു.

‘എന്റെ വാരിയെല്ലില്‍ നീ തീര്‍ത്തവള്‍. ജീവന്റെ കണിക അവളില്‍. ഇവള്‍ക്കുള്ളത് എന്നിലേക്ക് പകര്‍ത്തണം. എനിക്ക് നീയാകണം. നീയെന്നെ സ്പര്‍ശിക്കണം.’ വ്യസനം കൊണ്ട് വിറച്ച് തളര്‍ന്ന് ആദാം മുട്ടുകാലുകള്‍ കുഴഞ്ഞ് നിലത്തേയ്ക്ക് പതിച്ചു. അങ്ങിനെ ഇരുന്നു പോയത് നഗ്നത മറയ്ക്കുവാനെന്ന് പില്‍ക്കാലത്ത് എപ്പോഴോ അവന്‍ സ്വയം തിരുത്തി.

‘നിനക്ക് ഞാന്‍ വേദനകള്‍ തരും. കൊടിയും ക്രൂരവുമായ വേദനയോടേ നീ മക്കളെ പ്രസവിക്കും!’ ദൈവം ഹവ്വായോടു ഗര്‍ജ്ജിച്ചു.

ഹവ്വ പൊട്ടിച്ചിരിച്ചു, ശബ്ദമില്ലാതെ.

‘പിന്നീട് ഭൂമിയിലേയ്ക്ക് തുരത്തപ്പെട്ട ശേഷം ഹവ്വ ഒരു ജീവനെ വേദനയോടേ പ്രസവിച്ചു ചീതേ, എന്റെ പട്ടത്തിക്കുട്ടിക്ക് അറിയുമോ ബൈബിളിലെ കഥ?’

30 പ്രതികരണങ്ങള്‍:

Santhosh said...

വായിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തു.

G.MANU said...

പൂഴി കൊണ്ട് സൃഷ്ടിച്ചെടുത്ത് നാസാരന്ധ്രകളിലേക്ക് നിശ്വസിച്ച് ജീവന്‍ നല്‍കിയ ആദാമേ നീ എന്തിനിത് ചെയ്തു? നിഷിധമായത് ഭക്ഷിക്കാന്‍ നിന്നെ ആര്‍ പ്രേരിപ്പിച്ചു?’ ദൈവം ഗര്‍ജ്ജിച്ചു. ഗര്‍ജ്ജനം കൊണ്ട് ഭൂമിയും ആകാശവും പ്രകമ്പനംകൊണ്ടു. സൂര്യന്‍ മങ്ങി. ഇലകള്‍ പൊഴിഞ്ഞു. ആളിപ്പടരുന്ന തീ കെട്ടടങ്ങി. മലകള്‍ അപ്രത്യക്ഷമായി.

strong ezhuthu pengale

രാജ് said...

Feminine എന്നെഴുതുന്നത് കുറച്ചുകാട്ടലാണെന്ന് ആരോ ധരിച്ചിട്ടുണ്ട്, too feminine എന്നെഴുതുന്നത് അധിക്ഷേപവും. അപ്പോള്‍ എന്തെഴുതണം എന്നു ഞാന്‍ ആലോചിക്കുകയാണ്. പട്ടത്തിക്കുട്ടിക്കു മനസ്സിലായിക്കാണണം അത്, അതു തന്നെ. ഇഞ്ചീടെ ബെസ്റ്റ്?

aneeshans said...

വല്ലാതെ പിന്തുടരുന്ന വിഷ്വല്‍ സ്. നല്ല കഥ

Siji vyloppilly said...

നന്നായിട്ടുണ്ട്‌ ഇഞ്ചി

simy nazareth said...

ഇഞ്ചി ഓരോ പോസ്റ്റിലും എഴുത്ത് ഒന്നിനൊന്നു മെച്ചപ്പെട്ടുവരുന്നു. പണ്ട് എഴുതുന്നതില്‍ കുറെ പതിരായിരുന്നു. ഇപ്പൊ തുടര്‍ച്ചയായി പവിഴങ്ങള്‍!

(ഷോക്ക് വല്ലതും അടിച്ചാ?)

:-) ഇനിയും ഇനിയും എഴുതി തകര്‍ക്ക്. ഈ പോസ്റ്റ് വളരെ നന്നായി.

സാരംഗി said...

വായിച്ചു, കിടിലം.

ബിന്ദു said...

സ്പര്‍ശത്തിന്റെ ആ ഫീലിങ്ങ്‌ മുഴുവനായി കിട്ടിയ എഴുത്ത്‌. ഹവ്വയ്ക്കു മാത്രം കിട്ടുന്ന അനുഭൂതി ? :)

reshma said...

Beautiful.

absolute_void(); said...

vallathe ishtappettu. adivayattil koluthi valikkunnu. dayvame!

അനംഗാരി said...

ഇഞ്ചിയേ..കിടിലം..കിടിലോല്‍ക്കിടിലം...
ഹാവൂ..ഇഞ്ചി നന്നായി മൂക്കുന്നുണ്ട്..ഇനി ചുക്കാക്കാം.:)

മയൂര said...

സൂപ്പര്‍ബ് കഥ:)

Sethunath UN said...

ന‌ല്ല എഴുത്ത്

Roby said...

നിറുത്തിയിട്ടിരുന്ന ട്രക്കിന്റെ പിന്‍വാതിലില്‍ അവളുടെ ജീവന്‍ രക്തത്തോടു ചേര്‍ന്നലിഞ്ഞു. ആയിരം തവണ ഗര്‍ഭം ധരിക്കാന്‍ വേണ്ടിയാവണം കൈകളില്‍ ഒന്ന് അടിവയറില്‍ തൊട്ടിരുന്നു.

ഇഞ്ചീ,
നന്നായിരിക്കുന്നൂ...

ചീര I Cheera said...

ഇഞ്ചീ..
ഒരു ചിത്രം വരഞ്ഞിട്ട പോലെ??
അത്രയൊക്കെയേ എന്നെക്കൊണ്ട് പറയാനാവൂ...:))

സ്പര്‍ശത്തിന്റെ അനുഭൂതിയും വരച്ചു കാട്ടാനാവുമോ? എന്ന സംശയത്തിലാണിപ്പോള്‍..:)

salil | drishyan said...

ഇഞ്ചിയേ,
നല്ല ആശയം.
ചീതയില്‍ നിന്ന് സുമയിലേക്കും അവിടെ നിന്ന് ഹവ്വയിലേക്കും വീണ്ടും സുമയുടെ ചോദ്യത്തിലേക്കുമുള്ള യാത്ര വേണ്ടത്ര ഫലപ്രദമായോ എന്ന് സംശയം.

“ആയിരം തവണ ഗര്‍ഭം ധരിക്കുവാന്‍ അവള്‍ ആഗ്രഹിച്ചത് ഒരു ഇടിമുഴക്കം പോലെ ആ കാതുകളില്‍ വന്ന് പതിഞ്ഞിരിക്കും.“- ഈ രംഗമാറ്റം നന്ന്.

തീമലയെ പറ്റി ആദ്യമായ് പറയുന്നിടത്തൊക്കെ എഴുത്തിലെ അച്ചടക്കമില്ലായ്മ തെളിഞ്ഞു കാണുന്നു.

“അങ്ങിനെ ഇരുന്നു പോയത് നഗ്നത മറയ്ക്കുവാനെന്ന് പില്‍ക്കാലത്ത് എപ്പോഴോ അവന്‍ സ്വയം തിരുത്തി.“- ഇവിടത്തെ കാഴ്ചപ്പാടിലെ വൈരുദ്ധ്യം എനിക്ക് നന്നേ പിടിച്ചു.,

വീണ്ടും പറയുന്നു, നല്ല ആശയം. പക്ഷെ തന്‍‌റ്റെ ഭാഷയ്ക്ക് ഇതിലും നന്നായി എഴുതാന്‍ കഴിയില്ലേ? എനിയ്ക്കുറപ്പാണ്. അടുത്തത് ഇതിലും നന്നാക്കൂ.

സസ്നേഹം
ദൃശ്യന്‍

സജീവ് കടവനാട് said...

വായിച്ചു. ബ്ലോഗ്ഗിലൊക്കെ തിരഞ്ഞു നടന്നതെന്തോ കിട്ടിയ പ്രതീതിയായിരുന്നു തുടക്കത്തത്തില്‍. കഥയിലേക്ക് സുമയെത്തിയപ്പോള്‍ ശരിക്കുമൊരു പരിഭവം തോന്നി. ഇല്ല. അതും നന്നായി അവസാനിപ്പിച്ചു. ഹവ്വ. ഛേ വേണ്ടായിരുന്നു. പക്ഷേ ‘നിനക്ക് ഞാന്‍ വേദനകള്‍ തരും. കൊടിയും ക്രൂരവുമായ വേദനയോടേ നീ മക്കളെ പ്രസവിക്കും!’ ദൈവം ഹവ്വായോടു ഗര്‍ജ്ജിച്ചു.’ എന്നു പറയാതെ എങ്ങിനെ കഥയവസാനിപ്പിക്കും. ആ തുടക്കം വീണ്ടും വീണ്ടും വായിക്കാം. നന്ദി.

ദിലീപ് വിശ്വനാഥ് said...

വളരെ ശക്തമായ ഒരു കഥ. കഥയുടെ എല്ലാ സങ്കേതങ്ങളും കാട്ടിത്തരുന്നു.

അരവിന്ദ് :: aravind said...

നന്നായിട്ടുണ്ട്, പ്രത്യേകിച്ച് അവസാനഭാഗം.

സ്പര്‍‌‍ശത്തിന്റെ തീവ്രത കാട്ടാനാണോ സുമയെ കൊന്നത്? മരണം മലയാളകഥയിലെ ക്ലീഷേ ആവുകയാണോ? ആ ആദ്യത്തെ ഫോണ്‍ വിളി കേട്ടപ്പോള്‍ തന്നെ ഊഹിച്ചു, ഇവള് താമസിയാതെ തട്ടിപ്പോകും എന്ന്.

അപാര്‍ട്ട് ഫ്രം ദാറ്റ്, ബുദ്ധിയുള്ള കഥ.

Inji Pennu said...

ദൃശ്യന്‍
നന്ദി. ഞാന്‍ ശ്രമിക്കാം. ഇത്രേ ഒക്കെ എന്നെക്കൊണ്ട് പറ്റുള്ളൂ എന്നാണെപ്പോഴും എന്റെ തോന്നല്‍.

അരവിന്ദാ,
അല്ല, സ്പര്‍ശത്തിനു വേണ്ടിയല്ല കൊന്നത്. മറിച്ച് ദൈവം സുമയുടെ ആഗ്രഹം കേട്ട് ആ ഗര്‍ഭപാത്രം നശിപ്പിച്ചതാ‍ണ്. അതാണവിടെ ഹവ്വയെ കൊണ്ട് വന്നത്. ഹവ്വ്യക്ക് കിട്ടിയ ശാപം ഹവ്വ പുച്ഛിച്ച് തള്ളിയതും അതുകൊണ്ടാണ്. വേദന കൊടുത്തിട്ടും അവള്‍ പ്രസവിച്ചുകൊണ്ടിരുന്നത് ആ സ്പര്‍ശത്തിനു വേണ്ടിയാണ്. ആദം/പുരുഷന്‍ അസൂയപ്പെട്ടതും. ദൈവവും പുരുഷനാണെന്നാണാല്ലോ വെപ്പ്. (ഇത്രേം ഒക്കെ കഥക്ക് എക്സ്പ്ലെന്‍ ചെയ്യേണ്ടി വരുന്നത് എന്റെ പിഴ പിഴ പിഴ മാത്രം)

വായിച്ച എല്ലാവര്‍ക്കും നന്ദി.

സിമിയേ, ഉവ്വ ഷോക്കടിച്ചു. സിമീന്റെ ബ്ലോഗ് വായിച്ചു. അപ്പളാ‍ാ. :)


സ്നിഗ്ദ്ദാ, നന്ദി ആ കമന്റിനു. പ്രത്യേകം നന്ദി. അതുപോലെയുള്ള ഒരു കമന്റ് കഥയെഴുതിക്കഴിഞ്ഞു എന്നെ പിടികൂടാറുള്ള ഒരുതരം മരവിപ്പ് മാറ്റി പിന്നേയും ഈ കഥയില്‍ എനിക്ക് ജീവന്‍ വെപ്പിച്ചുതന്നു.

ഇട്ടിമാളു അഗ്നിമിത്ര said...

ഇഞ്ചീ.. വല്ലാതെ നീറുന്നു..

Anonymous said...

Really beutiful... Kudos to u..

അപര്‍ണ്ണ said...

അങ്ങിനെ ഞാനും എത്തി. ഏറെ പ്രിയപ്പെട്ടതിനോടു എന്തു പറയണം എന്നറിയാത്ത confusion.

ഗുപ്തന്‍ said...

Excellent!!

Sanal Kumar Sasidharan said...

വളരെ നല്ല എഴുത്താണ്‌ .എങ്കിലും പലേടത്തും സ്കിപ്പ് ചെയ്തു പോകുകയോ പിണഞ്ഞു പോവുകയോ ഒക്കെ ചെയുന്നതായി തോന്നീ.ഇതിനു മുന്‍പും തങ്കളുടെ രചനകള്‍ വായിച്ചിട്ടുള്ളതുകൊണ്ട് ഇത് ഇനിയും മെച്ചപ്പെടുത്താന്‍ താങ്കള്‍ക്ക് സാധിക്കുമായിരുന്നു എന്നും തോന്നിപ്പോയി

സാല്‍ജോҐsaljo said...

മഴകാരണം ഇവിടെ തോണി അടുപ്പിക്കാന്‍ പറ്റിയില്ല.. ഇപ്പഴാ കണ്ടത്.. :)

നന്നായിരിക്കുന്നു.

ബാക്കി അല്പം കഴിഞ്ഞ് പറയാം.

അശോക് said...

മനോഹരമയിരിക്കുന്നു ഈ കഥ.

സു | Su said...

എവിടെപ്പോയി? തിരക്കിലാണോ?

Midhu said...

നല്ല കഥ തുടര്‍ന്നും എഴുതുക.

evuraan said...

ഇഷ്ടമായി, വളരെ നന്ന്. ഇഞ്ചിയെഴുതി ഞാന് വായിച്ച ഏറ്റവും നല്ല കഥയാവും ഇത്.

നിരാശയും തോന്നി. കുറച്ചു കൂടി ജോലി ചെയ്യാനുണ്ടായിരുന്നു. ഇത്ര നല്ലൊരു തീം, യോജിച്ച ആഖ്യാന രീതിയും. തീമിനോട് കഥാകാരി പൂര്ണ്ണമായും നീതി പുലര്ത്തിയിട്ടില്ല എന്നു് ചെറിയ ശബ്ദത്തില് പിറുപിറുത്തോട്ടേ?