2007-10-17

അമ്മയ്ക്കറിയാത്തത്

വാഴക്കൂമ്പിനുള്ളിലെ തേനൂറും പൂവുകള്‍ പോലുള്ള ചുവന്ന കുഞ്ഞിക്കൈകള്‍ പതിയേ സാരിത്തുമ്പില്‍ നിന്ന് വിടുവിച്ച്, ഉറങ്ങിക്കിടുക്കുന്ന കുഞ്ഞിനെ തുടരേ തുടരേ ഉമ്മ വെച്ച് ഉമ്മ വെച്ച് അമ്മയൊന്ന് അടര്‍ന്ന് മാറാന്‍ ‍ശ്രമിക്കുമ്പോഴാണ്, കുഞ്ഞിളം കൈകള്‍ കൊണ്ട് ഉറക്കത്തിലും അമ്മയുടെ വിരലുകളില്‍ കുഞ്ഞ് വരിഞ്ഞ് മുറുക്കുന്നത്. അതില്‍ ഞെരുങ്ങിയമരുന്നതാകട്ടേ അമ്മയുടെ ഹൃദയവും. എങ്കിലും മെതുവേ ചെറു മുത്തം കൊണ്ട് കുഞ്ഞിനെ മൂടി വിരലുകളോരോന്നായി മുല്ലമൊട്ടുകള്‍ വിടര്‍ത്തുമ്പോലെ വിടുവിക്കാന്‍ ശ്രമിക്കുമ്പോഴാണ്, കുഞ്ഞ് ഉറക്കത്തില്‍ ചെറുതായൊന്ന് ഏങ്ങുന്നത്. അത് കാണുന്നതും പിന്നേയും കുഞ്ഞിനെ കോരിയെടുത്ത് വാരിപ്പുണര്‍ന്ന് മാറോടണയ്ക്കുവാന്‍ അമ്മയ്ക്ക് പിന്നീടൊരു നിമിഷം പോലും വേണ്ട. പൂമ്പാറ്റച്ചിറക് പോലെ മൃദുവായ കുഞ്ഞിന്‍ ഉടല്‍ അമ്മ തോളില്‍ ചേര്‍ത്തുവെച്ച് മെല്ലെ തട്ടി തീരെ ചെറിയൊരു താരാട്ട് പാട്ട് മൂളി ശ്വാസത്തിന്റെ ദോലന നിരക്കില്‍ ചെറുതായി കുലുങ്ങിക്കൊണ്ട് കുഞ്ഞിനെ പതിയേ ഉറക്കുവാന്‍ ശ്രമിക്കുമ്പോഴാവും അമ്മയുടെ തലമുടിനാരിഴിയില്‍ കൂടി കൈകള്‍ ബന്ധനത്തിലാക്കുവാന്‍ കുഞ്ഞ് ഉറക്കത്തിലും ശ്രമിക്കുന്നത്. കുഞ്ഞിനെ ഉണര്‍ത്താതിരിക്കുവാന്‍ അമ്മ മുടിവലിയുന്ന വേദന അറിയുന്നതേയുണ്ടാവില്ല. പിന്നേയും ഉറങ്ങിയെന്നുറപ്പുവരുത്തി അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുമ്പോഴാവും അമ്മയെ ഇളംചൂടില്‍ കുഞ്ഞ് പുണ്യാഹം തളിക്കുന്നത്. ആ നനവില്‍ ഞെട്ടിയുണര്‍ന്ന് വാവിട്ട് കരയുന്ന കുഞ്ഞിനെ ചെറുചിരിയോടെ അമ്മ മുലയൂട്ടുന്നതും അപ്പോഴാണ്. മുല കുടിക്കുന്ന കുഞ്ഞിന്റെ വസ്ത്രങ്ങള്‍ മെല്ലെ മാറ്റി പൊന്നിളം മേനി തുടച്ച് നനഞ്ഞ വസ്ത്രങ്ങളോടെ അമ്മ കുഞ്ഞിനെ നോക്കിയിരിക്കുമ്പോഴാവണം വായില്‍ നിന്ന് കവിളിലേക്ക് മുലപ്പാലിറ്റി ചെറുതായി അല്ലിമൊട്ടുകള്‍ പിളര്‍ത്തി കുഞ്ഞ് ഉറങ്ങിവീഴുന്നത്. സാരിത്തുമ്പ് കൊണ്ട് ചുണ്ടുകള്‍ തുടച്ച് നറുമുത്തം കൊണ്ട് കണ്ണുകള്‍ നിറച്ച് പതിയേ കിടത്തുവാന്‍ തുനിയുമ്പോഴാണ് അമ്മ താങ്ങിക്കിടത്തിയിരിക്കുന്ന കയ്യിലോട്ട് ഉറക്കത്തിലെന്ന പോലേ കുസൃതിയോടെ കുഞ്ഞ് ചെരിഞ്ഞ് വീഴുന്നത്. പിന്നീടാ കൈകള്‍ വിടുവിക്കാന്‍ സാധ്യമാവാതെ അമ്മ കുഞ്ഞിന്റെ തൂവല്‍ മേനിയില്‍ മുഖം ചേര്‍ത്ത് കിടന്നുറങ്ങുകയാണ് പതിവ്.

അമ്മയില്‍ നിന്നും അടരാന്‍ ഇഷ്ടമല്ലായെന്ന് അമ്മയ്ക്കെന്താണമ്മേ അറിയാത്തത്?

19 പ്രതികരണങ്ങള്‍:

ശ്രീ said...

“അമ്മയില്‍ നിന്നും അടരാന്‍ ഇഷ്ടമല്ലായെന്ന് അമ്മയ്ക്കെന്താണമ്മേ അറിയാത്തത്?”

വളരെ നന്നായിരിക്കുന്നു.
:)

Pramod.KM said...

നല്ല സൂക്ഷ്മത:)

reshma said...

അടര്‍ത്തണ്ട. ഇത് പിടി www.babysling.com:D

(നീ മനുഷ്യന്മാരെ തോപ്പിക്കും!)

വല്യമ്മായി said...

അമ്മയ്ക്കറിയാഞ്ഞിട്ടല്ല,അറിയില്ലെന്ന് നടിക്കാന്‍ നിര്‍ബന്ധിക്കുന്ന നിസ്സഹായകത ആകാം

Sanal Kumar Sasidharan said...

മാധവിക്കുട്ടിയുടെ എന്റെ കഥയില്‍,മകനെ ഉറക്കി കിടത്തിയിട്ടുവേണം സുഹൃത്തിന്റെ അടുത്തേക്കു പോകാന്‍ എന്നു പറഞ്ഞിട്ടുണ്ട്.അതാണ് പെട്ടെന്നു ഓര്‍മ്മവന്നത്.ഇങ്ങനെയൊരു സാധ്യത അപ്പോഴും തോന്നിയിരുന്നു. നന്നായി

അരവിന്ദ് :: aravind said...

അതേയ്..എഴുതിയതെല്ലാം ശരി. അച്ചട്ട്.
പക്ഷേ മുലയൂട്ടുന്ന ഭാഗം ഒഴിച്ച് ബാക്കിയെല്ലാം അപ്പന്മാരെ വെച്ച് എഴുതിയാലും ശര്യാ ട്ടാ.
ആ ഭാഗത്ത് 'ദേണ്ട്ടീ കുഞ്ഞ് കരേണു..അവള്‍ടെ ഒടുക്കത്തെ ഒരു മേക്കപ്പിടീല്‍" എന്ന് വിളിച്ചു പറയും-മാരിക്കും.

ആന്റ്..."പിന്നേയും ഉറങ്ങിയെന്നുറപ്പുവരുത്തി അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുമ്പോഴാവും അമ്മയെ ഇളംചൂടില്‍ കുഞ്ഞ് പുണ്യാഹം തളിക്കുന്നത്."

അതൊക്കെ പണ്ട്. പാമ്പേര്‍സ്..വിത്ത് എക്‌സ്ട്റാ പ്രൊട്ടെക്ഷന്‍. കേട്ടിട്ടില്ലേ?

പറയാതെ വയ്യ, ടച്ചിംഗ് പോസ്റ്റ്.

ദീപു : sandeep said...

വളരെ ടച്ചിങ്ങായി...

:)

ഡാലി said...

അമ്മയ്ക്കറിയാത്തത് അറിഞ്ഞു കഴിഞ്ഞാ പിന്നെ രേഷ്മ പറഞ്ഞതന്യാണു പരിഹാരം :) ( കഴിഞ്ഞ പോസ്റ്റിലെ തമഴത്തി അത്തരം സാധനം ഇഞ്ചിയ്ക്ക് ലൈവായി കാണിച്ച് കൊടുക്കുന്നുണ്ടാവും (ജീവിതത്തിന്റെ ഗന്ധം :) )

ഹ ഹ രേഷ്മാ, അപ്പോ ഇവളു മനുഷ്യത്തിയല്ലാന്ന് അനക്കും മനസ്സിലായാ.

എന്റെ ഒരു കൂട്ടാരി മൂന്നാം മാസം കുട്ടീനെ അവള്‍ടെ അമ്മേന്റെ കയ്യില്‍ കൊടുത്തട്ട് പഠിക്കാന്‍ വന്നു. അവള്‍ പറയാ കുട്ടി വയറ്റില്‍ കിടക്കുമ്പോ എന്തു സമാധാനാണ്. നമ്മള്‍ പോണോടത്തൊക്കെ അതിനെ കൊണ്ട് നടക്കാം, കംഗാരൂന്റെ പോലെ ഒരു സഞ്ചി ഉണ്ടായിരുന്നെങ്കില്‍ എന്തു നന്നായിരുന്നുന്ന്.

Haree said...

:)
പ്രായമാവുമ്പോള്‍ അമ്മയെ തള്ളിമാറ്റുന്നത് കണ്ടിട്ടെഴുതിയതാണോ!!!
--

Anonymous said...

പിറന്നു വീഴുന്നതിനു മുമ്പേ കുഞ്ഞിനെ കൊല്ലുന്ന അമ്മമാരെയും നാം മറക്കാതിരിക്കുക!!

അമ്മ സ്നേഹമാണ്, നന്മയാണ്, ക്ഷമയാണ്, പ്രതീക്ഷയാണ്, സന്തോഷമാണ്, സംരക്ഷണമാണ്....എല്ലാമെല്ലാമാണ്.

അമ്മക്കു പകരം അമ്മ മാത്രം!!

സഹയാത്രികന്‍ said...

ഇഞ്ഞ്യേ... കലക്കി... മനസ്സില്‍ത്തട്ടി...

:)

മഹിമേ... താങ്കള്‍ക്കും വന്ദനം... അമ്മയും അച്ചനും കഴിഞ്ഞേ ഉള്ളൂ എന്തും...

:)

രാജ് said...

അമ്മയില്‍ നിന്നും അടരാന്‍ ഇഷ്ടമല്ലായെന്ന്

(അവസാന വരിയില്‍ നിന്നു് മുകളില്‍ എഴുതിയത്ര ഭാഗം മായ്ചുകളയുവാനുള്ള സ്വാതന്ത്ര്യമെടുക്കുന്നു)

അമ്മയ്ക്കെന്താണമ്മേ അറിയാത്തത്?

evuraan said...

ശ്വാസത്തിന്റെ ദോലന നിരക്കില്‍
മെതുവേ

എന്റയ്യോ..!

ആഷ | Asha said...

കാണാന്‍ വൈകി
വളരെ ഇഷ്ടപ്പെട്ടു.

Anonymous said...

സൂക്ഷ്മമായ വിവരണം...നന്നായിരിക്കുന്നു.

The Prophet Of Frivolity said...

അമ്മയെക്കുറിച്ചൂ എഴുതാന്‍,പറയാന്‍ ഒക്കെ എനിക്കു പേടിയാണു..പറഞ്ഞുതുടങ്ങുമ്പോഴേ വാക്കുകളൊക്കെ നിരാശരായി നിലവിളിച്ചൂ പരക്കം പായാ‍ന്‍ തുടങ്ങും..അമ്മയ്ക്കൂ മാ‍ത്രമറിയുന്ന ദുഖത്തിന്റെ മൈലാഞ്ചിവാഴികളിലൂടെ കൈപിടിച്ചുനടത്താന്‍ ഉതകുന്ന ഏതുവാക്കുണ്ടു?അമ്മ സത്യമാണു...പരിപൂര്‍ണസത്യം. A Priori...

Good Going..

Sethunath UN said...

എന്തൊരു സുഖ‌ം വായിയ്ക്കാന്‍. അത്ര ന‌ന്ന് ഈ എഴുത്ത്.

നാട്ടു പ്രമാണി. said...

നന്നായിരിക്കുന്നു. അമ്മയുടെ സ്നേഹവും, കുട്ടിയുടെ മ്രുദലമായ കൈവിരലുകളും..


ഓമനതിങല്‍ കിടാവോ.. ' യുടെ വരികള്‍ കൈയിലുണ്ടൊ?

നാട്ടു പ്രമാണി. said...
This comment has been removed by the author.