2007-12-04

ജനകീയ വായന അഥവാ നല്ല വായന

വായനാലിസ്റ്റ് ആദ്യം തന്നെ ഉണ്ടാക്കിയവര്‍ ഒരുപാട് പേരുണ്ടെങ്കിലും, അവരില്‍ മിക്കവര്‍ക്കും അതിന്റെ ശരിയായ ഉപയോഗമോ മറ്റോ മനസ്സിലായിട്ടില്ലായെന്നുള്ളതാണല്ലോ ഇരുപക്ഷവും എങ്ങുമെത്താത്ത കൊടുമ്പിരികൊണ്ട സംവാദങ്ങള്‍ (1, 2, 3) സൂചിപ്പിക്കുന്നത്.
(വായനാലിസ്റ്റുകള്‍ എന്ത്? എങ്ങിനെയാണുണ്ടാക്കുക എന്ന് അറിയില്ലേ? ഇനിയും അറിയില്ലെങ്കില്‍ ഈ ലിങ്ക് കാണുക. ഇവിടെ ചിത്രം സഹിതം സരളമായി അത് വിശദമാക്കിയിട്ടുണ്ട്.)

വായനാലിസ്റ്റ് തുടങ്ങിയവരും അതുപയോഗിച്ചിരുന്നവരും രണ്ട് പോസ്റ്റ് ഷേര്‍ ചെയ്ത ശേഷം അത് ഉപയോഗം നിറുത്തിയവരോടും ചോദിച്ചതില്‍ നിന്ന് മനസ്സിലാക്കിയത് അതുപയോഗിക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളാണ്. മിക്കവരും തനിമലയാളത്തില്‍ നിന്നാണ് ബ്ലോഗ് പോസ്റ്റ് വായിക്കുന്നത്. മിക്കവര്‍ക്കും രണ്ടോ മൂന്നോ ജീമെയില്‍ അക്കൌണ്ടുകളുമുണ്ട്. വായിക്കുന്ന സമയങ്ങളിലെപ്പോഴും റീഡറിലേക്ക് അല്ലെങ്കില്‍ റീഡര്‍ ഉള്ള ഐഡിയിലേക്ക് ലോഗിന്‍ ചെയ്യാന്‍ സാദ്ധ്യതയുണ്ടാവില്ല. ഒരു പോസ്റ്റ് കാണുമ്പോള്‍ റീഡറിലേക്ക് ലോഗിന്‍ ചെയ്ത് പിന്നെ അത് ഷേര്‍ ചെയ്ത്, എന്റെ അമ്മേ! ഇങ്ങിനെ ചെയ്തോണ്ടിരുന്ന എന്നെപ്പോലുള്ള നല്ല മന‍സ്കരെ സമ്മതിക്കണം :). പക്ഷെ അതിനൊക്കെ പകരം നിങ്ങളുടെ വായനാനുഭവം സുഗമമാക്കാന്‍ വേണ്ടി ഇതാ നോക്കൂ ഡിലീഷ്യസ്. പേരു പോലെ തന്നെ മധുരം. എളുപ്പം. http://del.icio.us/

ആദ്യം തന്നെ ഡിലീഷ്യസില്‍ പോയി അത് ഇന്‍സ്റ്റാള്‍ ചെയ്യുക. അത് നിങ്ങളുടെ ബ്രൌസര്‍ ബാറില്‍ ചെറിയ ഒരു ബട്ടണ്‍ ആയിട്ട് ഇന്‍സ്റ്റാള്‍ ആവും.
(ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ വലുതായി കാണുവാന്‍ സാധിക്കും)


ഇനി തനിമലയാളത്തില്‍ നിന്ന് ഒരു പോസ്റ്റില്‍ എത്തിയെന്ന് ഇരിക്കട്ടേ, അവിടെ നിന്ന് ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലേ, ആ നീല ചതുരത്തില്‍ ക്ലിക്കിയാല്‍, Bookmark this on delicious എന്ന ലിങ്ക് കിട്ടും. അതില്‍ ക്ലിക്കുക. അത്രേയുള്ളൂ.


ഫേവറേറ്റ്സുകള്‍ കമ്പ്യൂട്ടറില്‍ സൂക്ഷിക്കുന്നതുപോലെ ഇത് ഡിലീഷ്യസില്‍ സൂക്ഷിക്കപ്പെടും. അതിന്റെ ഗുണമോ? നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടത് നിങ്ങള്‍ക്ക് മറ്റുള്ളവരുമായി പങ്കുവെക്കാം. മാത്രമല്ല, കമ്പ്യൂട്ടര്‍ മാറിയാലോ ഒന്നും യാതൊരു കുഴപ്പവുമില്ല. ഇക്കാലത്ത് മിനിമം രണ്ടോ അതില്‍ കൂടുതലോ കമ്പ്യൂട്ടറുകള്‍ ഒരു ദിവസം ഉപയോഗിക്കുന്നവരാണധികവും. അവര്‍ക്ക് ഫേവിറേറ്റ്സ് എല്ലായിടത്തും കിട്ടുന്നത് എത്ര പ്രയോജനപ്രദമാണ്. ഡിലീഷ്യസിലോട്ട് ലോഗിന്‍ ചെയ്താല്‍ മാത്രം മതി.

ഇനി നിങ്ങളുടെ റീഡര്‍ ലിസ്റ്റില്‍ സൈന്‍ ഓണ്‍ ചെയ്യുക. മുകളിലെ ചിത്രം ശ്രദ്ധിക്കുക. എന്നിട്ട് ഡിലീഷ്യസ് ലിങ്ക് സബ്സ്ക്രബ് ചെയ്യുക. ലിങ്ക് ഇതാവും. http://del.icio.us/rss/injipennu. എന്റെ ഡിലീഷ്യസ് ലോഗിന്‍ ഐഡി injipennu. നിങ്ങളുടെ ലോഗിന്‍ ഐഡി ഡിലീഷ്യസീല്‍ എന്താണോ അതാവും injipennu എന്നതിനു പകരം. ashag എന്നാണ് ലോഗിന്‍ എങ്കില്‍ http://del.icio.us/rss/ashag എന്ന് മാറ്റുക. ആഡ്ഡ് ചെയ്യുക. അത്രേയേ വേണ്ടൂ.

ശ്രദ്ധിക്കുക: ഡിലീഷ്യസില്‍ എന്ത് ഐഡി ഉണ്ടാക്കുന്നോ അതാണ് പബ്ലിക്കിലും വരിക. ഡിലീഷ്യസില്‍ നിന്നുള്ളത് ഗൂഗിള്‍ റീഡര്‍ ലിസ്റ്റില്‍ ഷെയര്‍ ചെയ്തു കഴിഞ്ഞാല്‍ ആ ലിങ്ക് ഡിലീഷ്യസില്‍ നിന്ന് ഡിലീറ്റിയാലും ഗൂഗിള്‍ റീഡര്‍ ലിസ്റ്റില്‍ ഉണ്ടാവും.

ചിലപ്പോള്‍ ചില സംവാദങ്ങള്‍ ശ്രദ്ധിക്കാനോ മറ്റോ ഞാന്‍ ഡിലീഷ്യസും ഗൂഗിള്‍ വായനാലിസ്റ്റും ഉപയോഗിക്കാറുണ്ട്. പോസ്റ്റിനേക്കാളും നല്ല കമന്റുകള്‍ ഉണ്ടാവാറുണ്ടല്ലോ. ആ പോസ്റ്റിന്റെ കാലപരിധി കഴിയുമ്പോള്‍ ഞാന്‍ ഗൂഗിള്‍ റീഡറില്‍ അത് അണ്‍ഷേര്‍ ആക്കുകയോ ഡിലീഷ്യസില്‍ നിന്ന്‍ ഡിലീറ്റുകയോ ചെയ്യും. ഇപ്പോഴാകട്ടെ കമന്റ് ഇട്ടിട്ടുണ്ടെങ്കില്‍ അതിന്റെ ആവശ്യമില്ല. ഇപ്പോള്‍ കമന്റ് സബ്സ്ക്രിപ്ഷന്‍ വഴി അത് സാധ്യമാവുന്നു. ലിങ്ക് ശ്രദ്ധിക്കുക. ഇതെല്ലാം നല്ല വായനയ്ക്കുള്ള ഉപാധികളാണ്.

ഡിലീഷ്യസിന്റെ ഒരു പ്രശ്നം, അല്പം ടൈം ലാഗ് അഥവാ ലിങ്ക് ഇട്ട ഉടനേ അത് റീഡറില്‍ വരികയില്ലായെന്നുള്ളതാണ്. ഞാന്‍ ബ്ലോഗുകള്‍ വായിക്കുന്ന മുറയ്ക്ക് ഡിലീഷ്യസില്‍ മാര്‍ക്ക് ചെയ്യും. എന്നിട്ട് എപ്പോഴെങ്കിലും ദിവസത്തില്‍ ഒരിക്കല്‍ മറ്റുള്ളവ‍രുടെ വായനാലിസ്റ്റില്‍ എന്തൊക്കെയുണ്ട് എന്ന് നോക്കുവാന്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഞാന്‍ ഡിലീഷ്യസില്‍ ഇട്ടതും നോക്കും, പിന്നേയും ഇഷ്ടപ്പെട്ടു എന്ന് തോന്നിയാല്‍ അത് ഷേര്‍ ചെയ്യും. അങ്ങിനെയാണ് ഞാന്‍ പോസ്റ്റുകള്‍ ഷേര്‍ ചെയ്യുന്നത്. ഇതാണെനിക്കിഷ്ടപ്പെട്ട മാര്‍ഗ്ഗം.

ഇപ്പോള്‍ ന്യായമായ ഒരു ചോദ്യം, മറ്റുള്ളവരുടെ വായനാലിസ്റ്റോ? അതെന്തിന് എങ്ങിനെ എന്ന് ആഷ എന്ന ബ്ലോഗര്‍ എന്നോട് സംശയം ചോദിച്ചിരുന്നു. അതാണ് വായനാലിസ്റ്റിന്റെ പ്രധാന ഗുണം. അല്ലാതെ ഞാന്‍ എന്ത് വായിച്ചു എന്ന് സാജന്‍ ആരോപിച്ചതുപോലെ ഒരു പ്രദര്‍ശനം അല്ല. ഞാന്‍ കാണാതിരുന്ന പോസ്റ്റുകള്‍ ആഷയുടെ വായനാലിസ്റ്റ് സബ്സ്ക്രൈബ് ചെയ്തിരുന്നതുകൊണ്ട് എനിക്ക് കാണുവാന്‍ സാധിച്ചു. അങ്ങിനെയാണ് ഞാന്‍ ജി.മനുവിന്റെ ബ്രിജ് വിഹാരത്തിലെ ഇന്ദുചൂഡാമണി കാണുന്നതും വായിക്കുന്നതും.

വായനാലിസ്റ്റ് എന്ന് പറയുന്നത് ചെറിയ ബുക്ക് ക്ലബുകള്‍ പോലെയാണ്. ആഷ വായിച്ച ബുക്കുകള്‍ എനിക്ക് തരുന്നു, ഞാന്‍ വായിച്ചവ ആഷയ്ക്കും. പക്ഷെ ഇന്റര്‍നെറ്റ് എനിക്കും ആഷക്കും മാത്രമല്ല, ഒരുപാട് പേരെ നേരിട്ട് അറിയാവുന്നതും അറിയില്ലാത്തതുമായ ആളുകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ്. അതുകൊണ്ട് ഞാന്‍ എന്റെ ബ്ലോഗില്‍ എന്റെ വായനലിസ്റ്റിന്റെ ലിങ്ക് ഇടുമ്പോള്‍ എന്റെ ബ്ലോഗില്‍ വന്ന് എത്തിപ്പെടുന്നവര്‍ക്ക്, എന്റെ വായനാലിസ്റ്റ് കിട്ടുന്നു, അവരതില്‍ സബ്സ്ക്രൈബ് ചെയ്യുന്നു.

താഴെയുള്ള ചിത്രങ്ങള്‍ ശ്രദ്ധിക്കുക. എങ്ങിനെ വായനാലിസ്റ്റ് സബ്സ്ക്രൈബ് ചെയ്യാം എന്നുള്ളത് വിശദീകരിച്ചിട്ടുണ്ട്.
1.
2.
3.
ഇന്നു ഏതോ പോസ്റ്റില്‍ ക്ലിക്കിയാണ് ഞാന്‍ സുല്ലിന്റെ സുസ്മേരം ബ്ലോഗില്‍ എത്തിപ്പെടുന്നത്. അവിടെ നിന്ന് സുല്ലിന്റെ വായനാലിസ്റ്റ് കാണുകയും ഓടിച്ചെന്ന് സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തു. ഇനി കുറച്ച് നാള്‍ കഴിഞ്ഞ് സുല്ലിന്റെ വായനാ സെലക്ഷന്‍ എനിക്ക് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ഞാന്‍ അത് എന്റെ വായനാലിസ്റ്റില്‍ നിന്ന് എടുത്തുകളയും. അത്രേയുള്ളൂ. ഉത്തരവാദിത്വപരമായി സുല്‍ വായനാലിസ്റ്റില്‍ പോസ്റ്റുകള്‍ പങ്ക് വെച്ചാല്‍ കൂടുതല്‍ പേര്‍ സുല്ലിന്റെ വായനാലിസ്റ്റ് സബ്സ്ക്രൈബ് ചെയ്യും.

നിങ്ങള്‍ വായനാലിസ്റ്റ് ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ വിക്കിയില്‍ അതിന്റെ ലിങ്ക് ഇടുവാന്‍ ശ്രദ്ധിക്കുക. അത് വഴി പുതിയ വായനാലിസ്റ്റുകള്‍ മറ്റൊരാള്‍ക്ക് കാണുവാനും അത് നിങ്ങളുടെ വായന ഇഷ്ടപ്പെടുന്ന സമാനമനസ്കര്‍ക്ക് സബ്സ്ക്രൈബ് ചെയ്യുവാനും സാധിക്കും.

(എങ്ങിനെ നിങ്ങളുടെ ബ്ലോഗില്‍ വായനാലിസ്റ്റ് വിഡ്ജറ്റ് പ്രദര്‍ശിപ്പിക്കാമെന്ന് സംശയമുണ്ടെങ്കില്‍ ഈ പോസ്റ്റില്‍ ചോദിച്ചുകൊള്ളുക.)

വായനാലിസ്റ്റിനെതിരെയുള്ള ബാലിശമായ ആരോപണങ്ങള്‍ കാണുമ്പോള്‍ എനിക്ക് ചോദിക്കുവാനുള്ളത് ഇത്രേയുള്ളൂ. ഗൂഗിള്‍ റീഡര്‍ ലിസ്റ്റും, അതുപോലെയൊരു ടെക്നോളജിയും ഒക്കെ ഗൂഗിളോ മറ്റൊരു കമ്പനിയോ ഉണ്ടാക്കിയത് മലയാളം ബ്ലോഗിനോ മലയാളികള്‍ക്ക് വേണ്ടി മാത്രമാണോ? മലയാളം ബ്ലോഗുകളേ ഇതൊക്കെ ഉപയോഗിക്കുന്നുള്ളോ? പിന്നെ എന്തിനാണ് പുതിയ ഒരു അറിവിനോട് ഇത്ര ഭയം വെച്ചു പുലര്‍ത്തുന്നത്? അതും ബ്ലോഗ് പോലുള്ള തികച്ചും നൂതനമായ ഒരു മാധ്യമം ഉപയോഗിക്കുന്നവര്‍? വായനാലിസ്റ്റില്‍ പോസ്റ്റ് ഇട്ടാല്‍, ഒരു പോസ്റ്റ് ഇഷ്ടപ്പെട്ടോ ഇല്ലയോ എന്ന് അഭിപ്രായം പറയില്ല എന്നൊക്കെയുള്ള ശുദ്ധ അസംബന്ധം എങ്ങിനെയാണ് ഉരുത്തിരിയുന്നത്?

ബ്ലോഗ് വായന എന്ന് പറയുന്നത് ഒരു ഇട്ടാവട്ട കോണ്‍സെപ്റ്റല്ല. മറുമൊഴി/പിന്മൊഴി പോലുള്ള ഔട്ട് ഡേറ്റഡ് സങ്കേതങ്ങള്‍ ഇനിയും ഉപയോഗിക്കുന്നതുകൊണ്ടാണ്, ബ്ലോഗ് എന്ന് പറയുന്നത് മലയാളികള്‍ക്ക് സൌഹൃദം സ്ഥാപിക്കാനും, മീറ്റു കൂടുവാനും മാത്രമുള്ള ഒരു പൊട്ടക്കിണറായി കാണുവാന്‍ സാധിക്കുന്നതും വിശാലമായ വായനയുടേയും എഴുത്തിന്റേയും ലോകം വിദൂരമാവുന്നതും. മുന്‍പ് സ്വതന്ത്രബ്ലോഗിങ്ങ് കീ ജയ്! എന്ന് പോസ്റ്റിട്ടതിനു ശേഷം പി.ആര്‍ എന്ന ബ്ലോഗര്‍ ഒരു കമന്റിട്ടിരുന്നു. ശരിയായ വായനയിലേക്ക് തിരിച്ച് വരണം എന്ന് അവര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതില്‍ കൂടുതല്‍ ഒന്നും തന്നെ എനിക്കും പറയാനില്ല.

നിങ്ങള്‍ക്ക് ഒരു പോസ്റ്റ് ഇഷ്ടപ്പെട്ടുവെന്നിരിക്കട്ടേ, സാജന്‍ പറയുന്നതുപോലെ ഇന്ദുചൂഡാമണി. അത്രയധികം അത് ഇഷ്ടപ്പെട്ടിട്ടും സാജനൊരു വായനാലിസ്റ്റു ഉണ്ടായിട്ടും അത് ‍ ഷെയര്‍ ചെയ്തില്ലെങ്കില്‍ അത് സാജന്റെ വെസ്റ്റഡ് ഇന്ററസ്റ്റ് ആണെന്ന് ഞാന്‍ തിരിച്ചാരോപിച്ചാല്‍? അത്രയും ഇഷ്ടപ്പെട്ടിട്ടും വെറുതെ ഒരു കമന്റ് മാത്രം കൊണ്ട് അതിനെ മുക്കിക്കളഞ്ഞത് എന്തുകൊണ്ട്? എന്തുകൊണ്ട് സാജന്‍ അതിനു വേണ്ടി പ്രവര്‍ത്തിച്ചില്ല? മറ്റുള്ളവര്‍ അത് പില്‍ക്കാലത്തും വായിക്കണമെന്ന് ആഗ്രഹിച്ചില്ല? ഇങ്ങിനെയൊക്കെ തിരിച്ചും എനിക്കും എളുപ്പത്തില്‍ ചോദിക്കാ‍വുന്നതേയുള്ളൂ.

നമ്മള്‍ സാധാരണയായി മനസ്സിലാക്കാത്ത ഒരു കാര്യമാണ് ഒരു മാധ്യമത്തില്‍ അതും നവമാധ്യമങ്ങളായ ബ്ലോഗുകളില്‍ ഉടനീളം നിലനില്‍ക്കുന്ന അല്ലെങ്കില്‍ ഉരുത്തിരിയുന്ന രാഷ്ട്രീയം. അത് ഏറ്റവും ഫലപ്രദമായി വഴിതിരിച്ച് വിടാവുന്ന ഏറ്റവും നല്ല ഉപാധിയാണ് വായനാലിസ്റ്റുകള്‍. എനിക്ക് ആയുര്‍വേദ മരുന്നുകള്‍ ഇഷ്ടമാണെങ്കില്‍, എന്റെ വായനാലിസ്റ്റില്‍ അതിനേക്കുറിച്ചുള്ള പോസ്റ്റുകള്‍ എപ്പോഴും സ്ഥാനം പിടിച്ചിരിക്കും. വായനാലിസ്റ്റിനെക്കുറിച്ചുള്ള ഏതൊരു ലേഖനവും നോക്കിക്കോളൂ മറ്റുള്ളവരുടെ വായനാലിസ്റ്റുകളില്‍ കടന്നു കൂടും.


സ്വതന്ത്ര ബ്ലോഗിങ്ങിനെക്കുറിച്ചുള്ള പോസ്റ്റ് പതിനഞ്ചോളം വാ‍യനാലിസ്റ്റില്‍ കടന്നു കൂടി. ഇത് സൂചിപ്പിക്കുന്നത് എന്താണ്? നിങ്ങള്‍ക്ക് അതായത് സാധാരണ വായനക്കാരനു ഒരു പ്രത്യേക രാഷ്ട്രീയം അല്ലെങ്കില്‍ ഇഷ്ടപ്പെട്ട വിഷയം പ്രചരിപ്പിക്കാന്‍ അധികാരം കിട്ടുന്നു. സാധാരണ ഇത് എഴുത്തുകാരനു മാത്രം സാധിച്ചിരുന്ന ഒന്നാണ്. ഇത്രയും വിപ്ലവകരമായ ഒരു മാറ്റം മനസ്സിലാവാതെ, അതിന്റെ രാഷ്ട്രീയം മനസ്സിലാക്കാന്‍ ശ്രമിക്കാതെ അതിനുവേണ്ടി ഉത്സുകരായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കാതെ, ഞാന്‍ കയ്യും കെട്ടി ഇരിക്കും പക്ഷെ എല്ലാം തനിയേ നടന്നോളണം എന്ന് വിചാരിക്കാന്‍ ഇത് കേരളമല്ല, സോ കോള്‍ഡ് ബൂലോകമല്ലേ? കൂപമണ്ഡൂകങ്ങളാവണോ വേണ്ടയോ എന്നുള്ളത് അവനവന്റെ സ്വാതന്ത്ര്യമാണെങ്കിലും കൂപമണ്ഡൂകമേ ആവൂ എന്നുള്ള വാശി ദയവായി ഉപേക്ഷിക്കുക.

ഗോള്‍: ഇനി നിങ്ങള്‍ വായനാലിസ്റ്റ് ഉണ്ടാക്കിയില്ലെങ്കില്‍ ലോകം ഇടിഞ്ഞു വീഴുമോ? ഇല്ല. നിങ്ങളല്ല സാക്ഷാല്‍ വിശാലമന‍സ്കന്‍ ബ്ലോഗ് എഴുതിയില്ലെങ്കിലും ഒന്നും തന്നെ സംഭവിക്കാന്‍ പോകുന്നില്ല. അതുപോലെയേ ഉള്ളൂ ഇതും. വേണമെന്നുള്ളവര്‍ക്ക് മാത്രം.

31 പ്രതികരണങ്ങള്‍:

ദിവാസ്വപ്നം said...

നല്ല സുന്ദരന്‍ പോസ്റ്റ്

ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു.

ആഷ | Asha said...

ഇഞ്ചീ,

വളരെ നന്ദി ഇങ്ങനെ വിശദമായി വിവരിച്ചതില്‍.
രണ്ട് ഐഡിയുടെ പ്രശ്നം എനിക്കുമുണ്ട്. ബ്ലോഗ് ചെയ്യുന്ന ഐഡി വേറേയും റീഡറിന്റേതു വേറേയും അതിനാല്‍ ചില സമയം കമന്റ് ഇട്ടാല്‍ റീഡര്‍ തുറന്നിരിക്കുന്ന വിന്‍ഡോ ബ്ലോഗിന്റെ ഐഡിയിലേക്ക് മാറി പോവുമായിരുന്നു. പിന്നെ വീണ്ടും ലോഗിന്‍ ചെയ്യേണ്ടി വരും.

എന്തായാലും ഈ ഡിലേഷ്യസ് ഒന്നു ഉപയോഗിച്ചു നോക്കട്ടേ.

N.J Joju said...

ഉപകാരപ്പെടുമെന്നു തോന്നുന്നു, സമയം കിട്ടുമ്പോള്‍ ഒന്നു പരീക്ഷിച്ചു നോക്കണം.

ആഷ | Asha said...

ഒത്തിരി താമസമാണെന്നു തോന്നുന്നല്ലോ ഈ ഡിലീഷ്യസ് റീഡറില്‍ വരാന്‍?
ഇതുവരെ ഞാന്‍ ബുക്ക്മാര്‍ക്ക് ചെയ്ത ഒരു പോസ്റ്റു പോലും വന്നില്ല. :(

വായനാലിസ്റ്റ് എന്നെ സംബന്ധിച്ച് എന്റെ മൂഡും സമയം അനുസരിച്ചിരിക്കും. ഇതും നാളെ ഞാന്‍ തുടര്‍ന്നു കൊണ്ടു പോകുമെന്നു ഒരു ഗ്യാരണ്ടിയുമില്ല. വായനലിസ്റ്റിനോടും വിധേയത്വമില്ലെന്നു സാരം.

Inji Pennu said...

അതെ ആഷേ. ഇതു പുതിയ ഒരു ടെക്നോളജിയാണ്. അത്രേയുള്ളൂ. അല്ല്ലാതെ ആളുകള്‍ ‘ഭയക്കുന്ന’ പോലെ ഒന്നും അതിമാനുഷം സംഭവം അല്ല. എനിക്കും ആഷക്കും ഉപകാരപ്രദമാവുന്ന ഒന്ന്. അത്രേയുള്ളൂ. നാളെ മറ്റൊന്ന് വരികയാണെങ്കില്‍ അതാവും നല്ലത്. അത്രേ എല്ലാത്തിനോടും വിധേയത്വം പാടുള്ളൂ. അതാണീ പോസ്റ്റിന്റെ കാതലും.

അതേ ഡിലീഷ്യസില്‍ ഫീഡ് ആദ്യം കണ്ട് പിടിക്കാന്‍ താമസമുണ്ട്. പക്ഷെ ഉപയോഗിച്ച് തുടങ്ങിയാല്‍ അത് നല്ല ഈസിയാണ് രണ്ട് ഐഡിയില്‍ ലോഗിനേക്കാളും ഒക്കെ. ഡിലീഷ്യസീന്റെ പ്രശ്നമാണത്. അതെന്താണെന്ന് അറിവുള്ളവര്‍ പറഞ്ഞു തരുമെന്ന് കരുതുന്നു. ഞാന്‍ ഡിലീഷ്യസില്‍ മാര്‍ക്ക് ചെയ്തു ഇടും ഓഫീസില്‍ വെച്ച്, പിന്നെ വീട്ടില്‍ വരുമ്പൊ അത് ഷേര്‍ ചെയ്യും ഒന്നുകൂടെ വായിച്ചിട്ട്. ആദ്യം തുടക്കത്തില്‍ അത് താമസം ഉണ്ടാവും ഒരു കുറച്ച് മണിക്കൂറുകളുടെ.

സുല്‍ |Sul said...

ഇഞ്ചിപ്പെണ്ണേ,
സുല്ലിന്റെ ഷെയേര്‍ഡ് ഐറ്റംസ് എത്രയും വേഗം ലിസ്റ്റില്‍ നിന്ന് മാറ്റേണ്ടി വരുമെന്നാണ് തോന്നുന്നത്. മറ്റൊന്നും കൊണ്ടല്ല, ഇത് എന്റെ വായനാ ലിസ്റ്റ് അല്ലാത്തതു കൊണ്ടു തന്നെ. മലയാളത്തില്‍ വരുന്ന എല്ലാ പോസ്റ്റുകളും (ബ്ലോഗ്ഗറും, വേര്‍ഡ്പ്രസ്സും, ലിവ് ജേര്‍ണലും എല്ലാം) ഈ ലിസ്റ്റില്‍ കാണാം. ഇത് ഗൂഗില്‍ തരുന്ന ബ്ലോഗ് സെര്‍ച്ച് എന്ന സംവിധാനം ഉപയോഗിച്ച് ഉണ്ടാക്കിയതാണ്. തനിമലയാളം, ചിന്ത, എന്നീ അഗ്രഗേറ്ററുകള്‍ ചെയ്യ്യുന്നത് തന്നെ കുറച്ചു കൂടി വേഗത്തില്‍ അപ്ഡേറ്റുകള്‍ കിട്ടുമെന്നു മാത്രം.

വഴിവിളക്ക് എന്ന എന്റെ മറ്റൊരു ബ്ലോഗില്‍ ഇതിന്റെ ഫുള്‍ സെര്‍ച് റിസല്‍റ്റും കിട്ടും, പോസ്റ്റ് പബ്ലിഷ് ചെയ്റ്റ് കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ. ഗൂഗിളില്‍ മലയാളം ബ്ലോഗുകള്‍ സെര്‍ച്ച് ചെയ്യാന്‍ പറഞ്ഞ് നേരം കളയേണ്ട എന്ന ഒരു ഗുണം മാത്രം. :)

-സുല്‍

chithrakaran ചിത്രകാരന്‍ said...

നന്നായിരിക്കുന്നു. ഉപകാരപ്രദം.
:)

Haree said...

:)
നല്ല പോസ്റ്റ്. പക്ഷെ, എന്റെ സംശയം; എന്തുകൊണ്ട് ഗൂഗിള്‍ ഈ ഡെലീഷ്യസ് പോലെയൊരു സംവിധാ‍നം റീഡര്‍ ഷെയേഡ് ലിസ്റ്റില്‍ കൊണ്ടുവരുന്നില്ല എന്നാണ്... ഇനി അവിടേം കൂടിപ്പോയി ഒരു ഐഡിയുണ്ടാക്കുവാന്‍ ഭയങ്കര മടി. അതുകൊണ്ട്, വായിച്ചിഷ്ടപ്പെടുന്നത് റീഡറിലെത്തി ഷെയര്‍ ചെയ്യുക എന്നതാണ് ഇപ്പോഴും എന്റെ ടെക്നോളജി. നമുക്ക് റീഡറില്‍ സേര്‍ച്ച് ചെയ്യുവാന്‍ പറ്റുമല്ലോ... അതുകൊണ്ട് അത്ര ബുദ്ധിമുട്ട് തോന്നാറില്ല. എനിക്കെല്ലാം കൂടി ഒരൊറ്റ ഗൂഗിള്‍ ഐഡിയേ ഉള്ളൂ, അതിനാല്‍ അങ്ങിനെയൊരു പ്രശ്നമില്ല.

ഹല്ല, വായന ജനകീയമായാല്‍, അതു ‘നല്ല വായന’ എന്നു പറയുവാനൊക്കുമോ!!! ജനകീയമാവുന്ന സിനിമകള്‍ നല്ലതാവണമെന്നില്ലല്ലോ? അതുപോലെ... :)
--

Unknown said...

പുതിയ അറിവുകള്‍
നല്‍കിയതിനു
നന്ദി.
ആശംസകള്‍

വേണു venu said...

നല്ല ഒന്നാംതരം പോസ്റ്റ്.ആശംസകള്‍.:)


എന്‍റെ വിയോജിപ്പുകള്‍ കൂടി അറിയിക്കുന്നു.


ഒത്തിരി ആളുകള്‍ ശ്രദ്ധിച്ച ഒരു പോസ്റ്റിനെ വായനാലിസ്റ്റില്‍ ഞാന്‍ ഉള്‍പ്പെടുത്തുന്നത് ആ പോസ്റ്റിനോടുള്ള ആരാധന കൊണ്ടാണ് .
ഇഷ്ടപ്പെട്ടു പക്ഷേ അതു ശ്രദ്ധിക്കപ്പെട്ടു എങ്കില്‍, ഞാന്‍ വായനാ ലിസ്റ്റില്‍ പെടുത്തുന്നത് മേല്പറഞ്ഞതു കൊണ്ടോ അല്ലെങ്കില്‍ മറ്റു ഉദ്ദേശങ്ങള്‍ കൊണ്ടോ ആകാം.
മേല്പറഞ്ഞ പോലുള്ള ഒരു പോസ്റ്റ് എന്‍റെ വായനാ ലിസ്റ്റില്‍ കണ്ടില്ലെങ്കില്‍ അതിനര്ഥം ഞാന്‍ അതിനെ അവ്ഗണിച്ചു, ഞാനൊരു കമന്‍റിട്ടതിനെ മുക്കി കൊല്ലുന്നു എന്നു പറയുമ്പോള്‍ അതു ശരിയാവുന്നില്ല എന്ന് തോന്നുന്നു.
http://brijviharam.blogspot.com/2007/11/blog-post.html “ഇന്ദു ചൂടാമണി“ ഞാനും വായിച്ചു. അതു രസിച്ച് ജീവനുള്ള ഒരു കമന്‍റും ഇട്ടു. അതെഴുതിയ ആളു് അതു കണ്ടു കാണും. അയാളുടെ കൃതി ആരൊക്കെ വായനാ ലിസ്റ്റില്‍ ഇട്ടു എന്നറിയുന്നത് പിന്നെ ആയിരിക്കും. ഒരു പാട് കമന്‍റുകള്‍ വന്നിട്ടുണ്ടെങ്കില്‍ അത് തിരക്കാനൊട്ടു പോകുകയുമില്ല. അതിന്‍റെ ആവ്ശ്യവും ഇല്ല.

ഒരുദാഹരണം.ഞാനൊരിക്കല്‍ ഒരു പോസ്റ്റിട്ടു. (ഈ പോസ്റ്റു തന്നെ..)വലിയ ലോകവും ചെറിയ വരകളും.ബുദ്ധിജീവി.2
ആ പോസ്റ്റില്‍ ഒത്തിരി ആളുകളെത്തി എന്ന് കൌണ്ടറണ്ണാച്ചി എഴുതി കാണിക്കുന്നെങ്കിലും ആരും ഉരിയാടിയില്ല.
നിഴല്‍ക്കുത്തില്‍ ഞാനിടുന്ന പോസ്റ്റുകളൊക്കെ വായിക്കുന്ന എന്‍റെ പ്രിയപ്പെട്ട വായനക്കാര്‍ ഈ പോസ്റ്റിന് കമാ എന്ന് ഒരക്ഷരമല്ലാ രണ്ടക്ഷരവും പറഞ്ഞില്ല.:) ഇതെഴുതുന്ന വരേയും.
ഞാന്‍ തിരക്കാതിരുന്നില്ല. പക്ഷേ ഞാന്‍ കണ്ടുപിടിച്ചു. ഇഞ്ചിപെണ്ണിന്‍റെ വായനാലിസ്റ്റില്‍ അത് വന്നിട്ടുണ്ട്.
ഞാന്‍ സംതൃപ്തനായെങ്കില്‍ അതിന്‍റെ കാരണം ആ വായനാ ലിസ്റ്റു തന്നെ.

അപ്പോള്‍ പറഞ്ഞു വരാന്‍‍ ശ്രമിച്ചത് ശ്രദ്ധിക്ക പെട്ട പോസ്റ്റ് വായനാലിസ്റ്റില്‍ വരുത്തുന്നത്, ആ വായനാലിസ്റ്റിന്‍റെ ഉടമയുടെ ഇഷ്ടാനിഷ്ടം.
പക്ഷേ ശ്രദ്ധിക്കപ്പെടാത്ത നല്ല പോസ്റ്റുകളെ ചൂണ്ടി കാണിക്കാന്‍ വായനാലിസ്റ്റുപയോഗപ്രദമാക്കുന്നത് അഭികാമ്യം എന്ന് തോന്നുന്നു. ആരോ വായനാ ലിസ്റ്റിനെ കുറിച്ചെഴുതിയിരുന്നപ്പോള്‍ ചൂണ്ടിക്കാട്ടിയതും ഓര്‍ക്കുന്നു. ഇഷ്ടപ്പെടാത്തതിനേയും തനിക്ക് വിമര്‍ശിക്കണമെന്നു തോന്നിയതിനേയും ചൂണ്ടികാണിക്കാനും വായനാലിസ്റ്റുപയോഗിക്കുന്നു എന്ന്. അപ്പോള്‍ വായനാ ലിസ്റ്റിന്‍റെ സാദ്ധ്യതകള്‍ മനസ്സിലാക്കിയെടുക്കേണ്ടിയിരിക്കുന്നു.
അതുകൊണ്ടുതന്നെ...
ഇഷ്ടപ്പെട്ടിട്ടും വായനാലിസ്റ്റു ഉണ്ടായിട്ടും അത് ‍ ഷെയര്‍ ചെയ്തില്ലെങ്കില്‍ അത് എന്ത്.‍? അത്രയും ഇഷ്ടപ്പെട്ടിട്ടും വെറുതെ ഒരു കമന്റ് മാത്രം നല്‍കി ഒഴിഞ്ഞുമാറിയത് എന്തുകൊണ്ട്? ഇങ്ങിനെയൊക്കെ ചോദിച്ചാല്‍‍....

ആ ചോദ്യം നിരര്ഥകമാകുമെന്ന് എനിക്ക് തോന്നുന്നു. വായനാലിസ്റ്റിന്റ്റെ ഉള്‍ക്കാഴ്ച മനസ്സിലാക്കിയെടുക്കേണ്ടിയിരിക്കുന്നു.

ഓ.ടോ. ഈ ഡെലീഷ്യസ്സിലൊന്നും പോകാതെ, പോസ്റ്റിന്‍റെ ലിങ്കിന്‍റെ സൈഡില്‍ വരുന്ന ചിഹ്നത്തില്‍ ക്ലിക്കു് ചെയ്ത് നേരിട്ട് റീഡറില്‍ ഞാനെത്തുന്നു. അവിടെ നിന്ന് ഷെയര്‍ ചെയ്യുന്നതെനിക്ക് എളുപ്പം എന്നും തോന്നുന്നു.അപ്പോള്‍ തന്നെ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്യുന്നു.
നല്ല പോസ്റ്റിനു് നന്ദി.:)

സാക്ഷരന്‍ said...

കൊള്ളാം പുതിയ കാര്യ്ങ്ള് …

ഇന്ജി വിചാരിച്ച പോലെ അല്ലാട്ടോ

Inji Pennu said...

സുല്‍, അങ്ങിനെയെങ്കില്‍ സേര്‍ച്ചില്‍ വരുന്ന എല്ലാ പോസ്റ്റും സുല്‍ ഷേര്‍ എന്ന് ക്ലിക്കുന്നുണ്ടോ? അതുകൊണ്ടുള്ള പ്രയോജനം എന്ത്? പറഞ്ഞു തരുമോ? അങ്ങിനെയെങ്കില്‍ വായനാലിസ്റ്റിന്റെ ഉപയോഗം മനസ്സിലാവാതെയാണോ ? സുല്ലിന്റെ വായനാലിസ്റ്റ് ഞാന്‍ പറഞ്ഞതുപോലെ ഉത്തരവാദിത്വപരമായി അല്ലെങ്കില്‍ സിമ്പിള്‍ ആയി പറഞ്ഞാല്‍ എനിക്ക് ഒട്ടും താതാത്മ്യം പ്രാ‍പിക്കാന്‍ പറ്റിയില്ലെങ്കില്‍ അത് ഞാന്‍ എടുത്തുകളയും. പക്ഷെ എപ്പോഴും പുതിയ ഒരു വായനാലിസ്റ്റ് കാണുമ്പോള്‍ ഞാന്‍ ചെന്ന് സബ്സ്ക്രൈബ് ചെയ്യാറുണ്ട്.

ഹരീ, ജനകീയ വായന അല്ല മറിച്ച് ഇതെന്തോ ഉപരിവര്‍ഗ്ഗത്തിന്റെ വായന എന്നപോലെ പരാമര്‍ശം വാദപ്രതിവാദങ്ങളില്‍ കണ്ടിരുന്നു. അതുകൊണ്ടാണ് ഇത് എല്ലാവര്‍ക്കും സാധിക്കുന്ന ഒന്നാണ് എന്ന അര്‍ത്ഥ്ഹത്തില്‍ ഇട്ടത്. ജനകീയം എന്ന് പറഞ്ഞാല്‍ കോമണ്‍ മാന്‍ എന്നല്ലേയുള്ളൂ അര്‍ത്ഥം. സാ‍ധാരണ ആള്‍ക്കാരുടേത് നല്ല വായന അല്ലേ? അല്ലെന്ന് പറഞ്ഞാല്‍ ഹരി അത് വിശദീകരിക്കേണ്ടി വരും..:) (എങ്ങിനെ ഞാന്‍ പ്ലേറ്റ് മാറ്റിയെന്ന് കണ്ടാ?):)

വേണൂജി, സാജന്‍ യാതൊരു കാര്യവുമില്ലാതെ ആരോപിച്ചതുപോലെ ഞാനും ആരോപിച്ച് നോക്കിയതാണ്. അല്ലാതെ കമന്റും വായനാലിസ്റ്റുമായി യാതൊരു ബന്ധവും ഇല്ല. കമന്റിടുന്നത് ഇരു ബുക്ക് വായിച്ചിട്ട് അത് എഴുതിയ ആളിനോട് നേരിട്ട് ചെന്ന് കൊള്ളാമായിരുന്നു എന്ന് പറയുന്നതാണ്. വായനാലിസ്റ്റ് അതേ ബുക്ക് ഒരു പത്ത് പന്ത്രണ്ട് പേരോട് വായിക്കാന്‍ ശുപാര്‍ശ ചെയ്യുന്നതും. രണ്ടാമത്തേതാണ് എന്തായാലും കൂടുതല്‍ അഭികാമ്യം? അല്ലേ?

ചീര I Cheera said...

ഈ വായനാലിസ്റ്റിന്റെ ഉപയോഗം, പൂര്‍ണ്ണമാകണമെങ്കില്‍ എല്ലാവരും അതുപയോഗിച്ചു തുടങ്ങേണ്ടി വരുമെന്നാണെനിയ്ക് തോന്നിയിട്ടുള്ളത്. അത് നടക്കാന്നുള്ള സാദ്ധ്യത ഒരൂ തരത്തിലും കാണാനാവുന്ന്നുമില്ല... :)

എന്റെ വ്യക്തിപരമായ അനുഭവം, വായനാലിസ്റ്റിന്റെ ഉപയോഗം, വായന കുറച്ചു കൂടി ഫോകസ്സ്ഡ് ആകുന്നു എന്നതാണ്. ആ ഒരു ഫോകസ് തീര്‍ച്ചയായും എഴുത്തിലൂം വന്നു കൂടുന്നു എന്നതും. (എന്റെ എഴുത്ത് അതുകൊണ്ട് നന്നായിപോ‍ായി എന്ന അര്‍ഥം ഇതിനില്ലേ...) മറിച്ച് വായന കൂടുമ്പോള്‍, എഴുതാനുള്ള പ്രചോദനം ഏറെയാണ്.(എനിയ്ക്ക്). വായനക്കാരന്‌ രസകരമാ‍വാന്‍ വേണ്ടി ഒരു അക്ഷരം പോലും എക്സ്സ്റ്റ്ര വെയ്ക്കാതെ, പൂര്‍ണ്ണമായും ഒന്നും ന്നോക്കാതെ, ഓരോ വാചകവും എനിയ്ക്കു വേണ്ടി മാത്രമാണ് ഞാനെഴുതുന്നത്,എന്ന വ്യത്യാസം. അതിന്റെ സുഖം വേറെ തന്നെ എന്നും വിശ്വസിയ്ക്കുന്നു.

ഇനി, വായനാലിസ്റ്റുണ്ട് എന്നത്, കമന്റിടാനോ, കമന്റുകളെ സ്വീകaരിയ്ക്കാനോ ബുദ്ധിമുട്ടുകളുണ്ടാക്കുന്നതായി തോന്നീയിട്ടില്ല. അത് രണ്ടും തമ്മില്‍ ബന്ധിപ്പിയ്ക്കേണ്ട ആവശ്യമേ വരുന്നില്ല എന്നത് തന്നെയാണ് സത്യവും. എല്ലാവരും പറയുന്ന പോലെ തന്നെ.
പക്ഷെ ഒരു മറുവശം ഉള്ളത്, കമന്റിടുമ്പോള്‍, പോസ്റ്റിട്ട ആള്‍ കാണുന്നു, പിന്നെ കമന്റിടാന്‍ വരുന്നരും കാണുന്നു, എല്ലാവര്‍ക്കും സന്തൊഷം. അതതോടു കൂടി അവസാനീച്ചു. പക്ഷെ ഷെയറും കൂടി ചെയ്യുമ്പോള്‍ ആ പോസ്റ്റ് മുഴുവനുമാ‍ാണ് (കമന്റുകളുമടക്കം)ഷെയര്‍ ചെയ്യപ്പെടുന്നത് എന്നതാവൂം അതിനുള്ള വ്യത്യാസം എന്നു തോന്നുന്നു, അതിന് വ്യാപ്തിയും ഗുണവും കൂടുതലുണ്ടാവുമെന്ന് തോന്നുന്നു.

സത്യത്തീല്‍ ഒരു പോസ്റ്റ് വായിച്ചത് ഷെയര്‍ ചെയ്യുമ്പോള്‍ അതിലും ഒരു സ്ന്തോഷം തോ‍ാന്ന്നാറുണ്ട്. വായനയ്ക്കൊപ്പം അത് ഷെയര്‍ ചെയ്യാനാവുന്നു, അത് ഒരു പ്രോ ആക്റ്റീവ് ആയ തികച്ചും ആരോ‍ാഗ്യകരമായ ഒരു സമീപനമല്ലേ...

ഞാന്‍ കമന്റും ചെയ്യാറുന്ട്, ഷെയറും ചെയ്യാറുണ്ട്. എന്നാല്‍ കമന്റിട്ട എല്ലാ പോസ്റ്റും ഷെയര്‍ ചെയ്തോളണമെന്ന് നിര്‍ബന്ധം പിടീയ്ക്കാറില്ല. എഴുത്തിലോ, ആശയത്തിലോ‍, അല്ലെങ്കില്‍ ഏതെങ്കിലുമൊരൂ തരത്തില്‍ ശ്രദ്ധേയം എന്നെനിയ്ക്ക് തോന്നുന്നതാണ് ഞാന്‍ ഷെയര്‍ചെയ്യാറുള്ളത്. അതൊരിയ്ക്കലും നിലവാരമളന്ന് നല്ലത്, ചീത്ത എന്നവേര്‍തിരിവ് അല്ല. ഒരാള്‍ എപ്പോഴും ശ്രദ്ധേയമായ പൊസ്റ്റ് ഇട്ടുകൊള്ളണമെന്ന് നിര്‍ബന്ധമില്ലല്ലോ‍ാ, ഒരാളുടെ ഒരു പോസ്റ്റ് അല്ലെങ്കില്‍ മറ്റൊന്ന് ഷെയര്‍ ചെയ്യ്യപ്പെട്ടുന്നു, അത്രമാത്രമേയുള്ളു.. (എന്റെ തോന്നല്‍)
മാത്രമല്ല, എന്റെ കൂടി തോന്നലുകളാകുന്ന ഒരു പോസ്റ്റ് ഷെയര്‍ ചെയ്യാനാവുക എന്നത് എത്ര നല്ല കാര്യം! അതു വഴി ഞാനെന്റെ കാഴ്ചപ്പാടുകള്‍ കൂടിയാണ് പങ്കുവെയ്യ്ക്കുന്നത്.(എന്റെ വിശ്വാസം)

പക്ഷെ എനിയ്ക്ക് സ്വാതന്ത്ര്യം ഉണ്ടെന്ന് തോന്നുന്നിടത്തെല്ലാം കമന്റാറുണ്ട്, അതും ഒരുതരം ആശയവിനിമയം, അത്തിന്റേതായ സുഖം അതിനും ഉണ്ട്. ഇതിലപ്പുറമായുള്ള “രാഷ്ട്രീയം, അല്ലെങ്കില്‍ വേറെയെന്തൊക്കെയോ” എന്ന്നിവയൊന്നും, കമന്റിടാനോ, അല്ലെങ്കില്‍ ഷെയര്‍ ചെയ്യുവാനോ ഒന്നിലും എനിയ്ക്ക് ഒന്നും തോന്നിയിട്ടില്ല.

പിന്നെ, വേണൂ ജി പറഞ്ഞ കാര്യം എനിയ്ക്കും തോന്ന്നിയിരുന്നു. ശ്രദ്ധിയ്ക്കപ്പെടാത്ത പൊസ്റ്റുകള്‍ ഷെയര്‍ ചെയ്യുക എന്നത്,പക്ഷെ അതും എന്ന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായി തീര്‍ന്നു,കാ‍രണമത്രയും വിപുലമായി വായിയ്ക്കാനുള്ള സമയപരിധി തന്നെ.
അതുകൊണ്ട് ഞാന്‍ വായിയ്ക്കുന്നവ ഷെയര്‍ ചെയ്യുന്നു, മറ്റുള്ളവരുടെ വായനാലിസ്റ്റില്‍ നിന്നും വായിയ്ക്കുന്നു, പിന്നെ തനിമലയാളത്തിലുടേയും വായിയ്ക്കുന്നു ..

ഇത്രയുമായാല്‍ തന്നെ വായിയ്ക്കാനുള്ള സമയം കിട്ടുന്നില്ല.
വായിച്ചത് ഷെയര്‍ ചെയ്യാനുള്ളa സന്തോഷമാണ് എനിയ്ക്ക് വലുതായി തോന്നുന്നത്, എന്റെ വായനാലിസ്റ്റ് ആരെങ്കീലും സബ്സ്ക്രൈബ് ചെയ്യുന്നുണ്ടോ എന്നു പോലും എനിയ്ക്കറിയില്ല എന്നതാണ് സത്യം.

ഇത്രയും പറയാന്‍ പറ്റീയതിന് സന്തോഷമുണ്ട്. പല തവണ ഒരുങ്ങീരുന്നു, പക്ഷെ സാധിച്ചില്ല. നന്ദി ഇഞ്ചീ..

aneel kumar said...

:)
ഇനിയിപ്പോ അറിയാനുള്ളത് ഇന്ചിയ്ക്ക് പരിചയമുള്ള ആരെങ്കിലും ഡിലീഷ്യസ് എന്ന കുത്തക സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ടോ എന്നാണ്.
അഥവാ ഇല്ലെങ്കിലും ചുമ്മാ ഒരു റൂമര്‍ ഇറക്കാമോ എന്ന് നോക്കാം. ;)

Inji Pennu said...

പി. ആറേ
എല്ല്ലാവരും വായനാലിസ്റ്റ് ഉപയോഗിച്ചു തുടങ്ങിയാലും ഇല്ലെങ്കിലും ഇപ്പോഴുള്ള വായനാലിസ്റ്റ് വെച്ച് തന്നെ വായന ഒരുവിധം നടക്കുന്നുണ്ട്. ഇല്ലേ? പോസ്റ്റൊന്നും തന്നെ മിസ്സാവുന്നില്ല. അതുകൊണ്ട് എല്ലാവരും വായനാലിസ്റ്റ് ഉണ്ടാക്കണമെന്നൊന്നും അഭിപ്രായം തീരെയില്ല. ആവശ്യമുള്ളവര്‍ മാത്രം.
അത്രയും നല്ലൊരു കമന്റിനു വളരെ നന്ദി.

അനിലേട്ടാ, ഹഹ :) ഞാന്‍ ഡിലീഷ്യസില്‍ ജോലിചെയ്യുന്നു എന്നാക്കിയാലോ ആ റൂമര്‍? പ്ലീസ്. ഒരു വെയിറ്റിരിക്കട്ടേ :)

സുല്‍ |Sul said...

"പോസ്റ്റൊന്നും തന്നെ മിസ്സാവുന്നില്ല."
ഇതു മാത്രമാണ് എന്റെ വായനാലിസ്റ്റിന്റെ ഉദ്ദ്യേശം. പുതിയ പോസ്റ്റുകള്‍ വരുമ്പോള്‍ അത് തന്നത്താന്‍ ഈ ലിസ്റ്റില്‍ അപ്ഡേറ്റ് ചെയ്യപ്പെടും. അങ്ങനെയാണ് അത് ഡിസൈന്‍ ചെയ്തിട്ടുള്ളത്. എന്റെ വായനാലിസ്റ്റെന്ന് തെറ്റിദ്ദരിക്കുന്ന ഈ ലിസ്റ്റ് ഇത് ഞാന്‍ വായിച്ച പോസ്റ്റുകളുടെയല്ല. ഞാന്‍ കാണാത്ത പോസ്റ്റുകളാണധികവും. ആരുടേയും വായനാലിസ്റ്റ് ഷെയര്‍ ചെയ്യാതെ തന്നെ എനിക്ക് എല്ലാ പോസ്റ്റുകളും കിട്ടും എന്റെ വായനാ ലിസ്റ്റില്‍, അതും ഞാന്‍ വായിക്കാതെ തന്നെ :). അഗ്രഗേറ്ററുകള്‍ പൂട്ടിക്കെട്ടിയാലും പിന്മൊഴി മറുമൊഴികള്‍ പൂ‍ട്ടിയാലും എനിക്കെല്ലാ പോസ്റ്റുകളുടെ ലിസ്റ്റും കിട്ടും. അത്രമാത്രം. :)

-സുല്‍

സാജന്‍| SAJAN said...

ഇഞ്ചി, ഞാനിപ്പോഴാണ് ഈ പോസ്റ്റ് കണ്ടത് !
ഇഞ്ചിയുട വാദമുഖങ്ങള്‍ വളരെ നന്നായി എഴുതിയിരിക്കുന്നു, കൂടാതെ ഇത്ര ലഘുവായി ചെയ്യാന്‍ കഴിയുന്ന രീതിയില്‍ വശദീകരിച്ചതിനും
നന്ദി!


എന്റെ പേരും ഈ പോസ്റ്റില്‍ ഒന്നില്‍ അധികം തവണ പരാമര്‍ശിക്കപ്പെട്ടതുകൊണ്ടു മാത്രം രണ്ട് കവിള്‍ സംസാരിക്കാതെ പൂവാന്‍ തോന്നുന്നില്ല!എന്റെ ഭാഗം കൂടെ ന്യായീകരിക്കാന്‍ ഒരു അവസാനശ്രമം.

ഇഞ്ചിക്കറിയാം എന്ന് തോന്നുന്നു, ആദ്യം ഷേയേര്‍ഡ് ലിസ്റ്റുണ്ടാക്കിയ കൂട്ടത്തിലൊരാളായിരുന്നു ഞാനും കാലക്രമേണ എന്റെ മനസാക്ഷിയോട് ന്യായീകരിക്കാന്‍ കഴിയാത്തതിനാല്‍ ഞാന്‍ അത് അപ്ഡേറ്റ് ചെയ്യാതിരിക്കുന്നു, ചെലപ്പൊ ഒരു പുതിയ ബ്ലോഗര്‍ അത്ര നിലവാരം ഇല്ലാത്ത എന്ന് ഒറ്റ നോട്ടത്തില്‍ മറ്റുള്ളവര്‍ക്ക് തോന്നുന്ന ഒരു പോസ്റ്റെഴുതിയെന്നിരിക്കട്ടെ,അത് വായിച്ച് ഏതെങ്കിലും രീതിയില്‍ എന്നെ അത് സന്തോഷിപ്പിച്ചെന്നും വയ്ക്കുക, സ്വാഭാവികമായും ഞാന്‍ അത് എന്റെ ഷേയേര്‍ഡ് ലിസ്റ്റില്‍ പ്രദര്‍ശിപ്പിക്കണം , പക്ഷേ ഒരാള്‍ എന്റെ ഷേയേര്‍ഡ് ലിസ്റ്റ് കണ്ടാല്‍ ഇത്തരം ചപ്പും ചവറും മാത്രമാണോ ഇദ്ദേഹത്തിനിഷ്ടപ്പെട്ടത് എന്ന തോന്നലൊഴിവാക്കാന്‍ ഞാന്‍ അത്തരത്തിലുള്ളതൊന്നും ഷേയേര്‍ഡ് ലിസ്റ്റില്‍ കൊടുക്കുവാന്‍ ഇഷ്ടപ്പെടില്ല,കാരണം എനിക്ക് ബൌദ്ധികമായി അത്രത്തോളം നിലവാരം ഇല്ലാത്തതിനാല്‍ എല്ലാരെയും കൊണ്ട് ഞാനൊരു പൊട്ടനാണെന്ന് പറയിപ്പിക്കുന്നതെന്തിനാ പകരം കുറച്ചു ബുദ്ധിജീവി പോസ്റ്റുകള്‍ മാത്രം (ഒറ്റ നോട്ടത്തില്‍ നിലവാരം ഉണ്ടെന്ന് തോന്നിപ്പിക്കുന്ന)ആയിരിക്കണം കൊടുക്കേണ്ടത് എന്ന് ഞാന്‍ തീരുമാനിച്ചു.

മിക്ക കവിതയും എനിക്ക് വായിച്ചാ മനസ്സിലാവില്ല, വല്യ വല്യ കാര്യങ്ങള്‍പറഞ്ഞാല്‍ ഒട്ടും മനസ്സിലാവില്ല പോട്ടെ നന്നായിട്ട് മലയാളം എഴുതിയാല്‍ പോലും മനസ്സിലാവില്ല, ചില കഥയുടെ കാര്യോം ഒക്കെ പറയാനേ പാടില്ല ആ ഞാന്‍ പിന്നെ ഷെയര്‍ ചെയ്യേണ്ടത് എന്തെങ്കിലും പൈങ്കിളിക്കഥകളോ, വളിപ്പുകളോ വല്ല കാക്കേടെം പൂച്ചേടെം പടങ്ങളോ ഒക്കെയല്ലേ?
എനിക്കു തന്നെ അറിയാം അതിനൊന്നിനും വല്യ സ്റ്റാന്‍ഡേര്‍ഡ് ഇല്ല അപ്പൊ എന്നെപ്പോലെ ആയിരിക്കുമല്ലോ ചിലരെങ്കിലും ചിന്തിക്കുന്നത് എന്ന് കരുതി , അത്തരം മുന്‍‌വിധിയോടെ ചില ബ്ലോഗുകള്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടെയൊക്കെ ഷേയേര്‍ഡ് ലിസ്റ്റുകള്‍ കണ്ടു ചിലതിലൊക്കെ കുറച്ച് ബുദ്ധിജീവി പോസ്റ്റുകള്‍ മാത്രം .
വേണോങ്കില്‍ എനിക്കും അങ്ങനെ ചെയ്യാം പക്ഷേ എന്റെ മനസ്സാക്ഷി അനുവദിക്കുന്നില്ല അത് ചെയ്യാന്‍, കൂടാതെ, ഇതിന്റെഒക്കെ പേരില്‍ ബ്ലോഗിലെ ചില നല്ല സൌഹൃദങ്ങള്‍ നശിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല(എല്ലാവരോടും കഴിയുന്നതും ഒരുപോലെ സഹവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു), കൂടാതെ സമയാസമയങ്ങളില്‍ ഇതൊക്കെ അപ്ഡേട് ചെയ്യണം

ഞാനെന്തിനാ ഇഞ്ചീ ഇത്രയും റിസ്കെടുക്കുന്നത്?

ഇത്രയും സമയമെടുത്ത് ബ്ലോഗുകളെ പരിപോഷിപ്പിക്കുവാന്‍ എനിക്ക് കിട്ടിയ കുടുംബത്തിന്റെ ഷെയര്‍ ഒന്നുമല്ലല്ലൊ ഈ ഷെയറിങ്ങ് ലിസ്റ്റെന്ന സാധനം ചുരുക്കിപ്പറഞ്ഞാല്‍ ഇഞ്ചി സാധാരണപ്പറയുന്നത് പോലെ മറ്റൊരു അര്‍ത്ഥത്തില്‍ തികച്ചും സ്വതന്ത്ര ബ്ലോഗര്‍ ആവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നു ചുരുക്കം ഇത്രയും ഒക്കെയാണ് എന്റെ വെസ്റ്റെഡ് ഇന്റെറെസ്റ്റ്സ്!

ഇപ്പൊ ഒരുമിനിട്ടോ രണ്ട് മിനിട്ടോ എടുത്ത് ഒരുകമന്റ് ഇട്ട് തീര്‍ക്കാവുന്ന ഉത്തരവാദിത്വമേയുള്ളൂ എനിക്ക് ഈ ബ്ലോഗുകളായിട്ട് അതങ്ങനെ തന്നെ അങ്ങ് പൊയ്ക്കോട്ടേ, എന്നെ തല്ലണ്ട അമ്മാവാ ഞാന്‍ നന്നാവില്ല
(ഇനി ഇതിന്റെ പേരില്‍ ഒരു വിവാദം വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല ഇഞ്ചിക്ക് എന്തെങ്കിലും മറുപടി ഉണ്ടെങ്കില്‍ എഴുതാം പക്ഷേ ഞാന്‍ ഇക്കാര്യത്തില്‍ കൂടുതലായി ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല)

സു | Su said...

എനിക്ക് ഞാന്‍ വായിക്കുന്ന ബ്ലോഗേഴ്സിന്റെയൊക്കെ പോസ്റ്റുകള്‍ ഇഷ്ടമാണ്. അതുകൊണ്ടാണ് ഞാന്‍ വായിക്കുന്നതും, എല്ലാ പോസ്റ്റിനും ഇല്ലെങ്കിലും, കമന്റും ഇടുന്നത്. അപ്പോ, ഞാനൊരു ലിസ്റ്റ് ഉണ്ടാക്കിയാല്‍, അതില്‍ എല്ലാ പോസ്റ്റും വരേണ്ടിവരില്ലേ?

മറ്റുള്ളവര്‍ക്ക് എന്താവും ഇഷ്ടം എന്ന് നോക്കിയല്ലല്ലോ, നമ്മള്‍ ലിസ്റ്റില്‍ ചേര്‍ക്കുന്നത്, നമ്മള്‍ വായിച്ചത്, മറ്റുള്ളവരും വായിക്കണം, അല്ലെങ്കില്‍ വായിച്ചാല്‍ കൊള്ളാം എന്ന് വിചാരിച്ചല്ലേ? അപ്പോ, ഞാന്‍ വായിക്കുന്ന സകല പോസ്റ്റും, മറ്റു ബ്ലോഗേഴ്സും വായിച്ചോട്ടെ, അഥവാ സൌകര്യമുണ്ടെങ്കില്‍ ശ്രദ്ധിച്ചോട്ടെ എന്ന് ഞാന്‍ വിചാരിച്ചാല്‍ തെറ്റുണ്ടോ? അപ്പോ വായനാലിസ്റ്റിന്റെ പ്രസക്തി എന്താവും? എന്നെ സംബന്ധിച്ച്?

പിന്നെ, അവളുടെ പിറകെ അവന്‍ ഓടി, അവളുടെ മുടിയില്‍ പിടികൂടി, അതൂര്‍ന്ന് കൈകളില്‍ വീണു, അതെന്റമ്മോ വെപ്പു മുടിയായിരുന്നു, അവന്‍ പിന്തിരിഞ്ഞോടി എന്നൊരു പോസ്റ്റ് ഒരാള്‍ ഇട്ടു എന്നുവയ്ക്കുക. അപ്പോ അതെനിക്ക് ഇഷ്ടമായി. ഞാന്‍ വായനാലിസ്റ്റില്‍ ഇട്ടു. അപ്പോ, അതിഷ്ടപ്പെടാത്ത ബുദ്ധിജീവികള്‍, അയ്യേന്ന് വിചാരിച്ചാല്‍ എനിക്കൊന്നും സംഭവിക്കില്ല, പക്ഷെ, അങ്ങനെ ആര്‍ക്കും യോജിക്കാത്തത് എന്നും വന്നാല്‍, എന്റെ വായനാലിസ്റ്റ് ആരെങ്കിലും ഷെയര്‍ ചെയ്യുമോ? അത് ഷെയര്‍ ചെയ്യുന്നില്ലെങ്കില്‍, ഞാനിതൊക്കെ വായിക്കുന്നു, കണ്ടോടേയ് എന്ന മട്ടില്‍ ഒരു വെറും പ്രദര്‍ശനം ആവില്ലേ അത്?

പത്തിരുനൂറ് ബുക്കുള്ള എന്റെ അലമാരയില്‍ നിന്ന്, നിനക്കിഷ്ടമുള്ള ഒരു പുസ്തകം എടുത്തുതാ എന്ന് ആരെങ്കിലും പറഞ്ഞുവന്നാല്‍, ഞാന്‍ ചിലപ്പോള്‍, വിശാലന്റേയോ, കുറുമാന്റേയോ, നിര്‍മ്മലച്ചേച്ചിയുടേയോ, മറ്റ് ബ്ലോഗേഴ്സിന്റേയോ ബുക്ക് എടുത്തുകൊടുക്കും. അപ്പോ, പിന്നൊരിക്കല്‍, ഏതെങ്കിലും വായിച്ചിട്ട് വന്നിട്ട്, നിന്റടുത്ത് ഉണ്ടായിട്ടും നീ പറഞ്ഞില്ല എന്ന മട്ടില്‍ പറഞ്ഞാലോ? അതുപോലെ, എനിക്കിഷ്ടമുള്ള ബ്ലോഗ് പ്രദര്‍ശിപ്പിച്ച്, അത് വായിച്ച് നോക്കി, ഇഷ്ടമായി, വീണ്ടും എന്റെ ലിസ്റ്റില്‍ വന്നുനോക്കി, അതുതന്നെ വായിച്ചിരുന്ന്, ആ വായനക്കാരനോ വായനക്കാരിക്കോ, അഭിരുചിയുള്ള പോസ്റ്റുകള്‍ വേറെ കാണുമ്പോള്‍, ഒരുപാട് ഉണ്ടായിരുന്നു എന്നു കാണുമ്പോള്‍, അവര്‍ക്ക് എന്റെ വായനാ ലിസ്റ്റ് ശരിയല്ല എന്നല്ലേ തോന്നൂ. അവരെന്റെ വായനാലിസ്റ്റ് മാത്രം വായിച്ചുവന്നവരാണെങ്കില്‍? അവരും നിര്‍ത്തും എന്റെ ലിസ്റ്റ് നോക്കി വായന. പിന്നെ എനിക്ക് മാത്രമായിട്ട് ഒരു ലിസ്റ്റ് ഇട്ടുവെക്കേണ്ട കാര്യം ഇല്ലല്ലോ.

പിന്നെ വായനാലിസ്റ്റുകള്‍ ഷെയര്‍ ചെയ്യുമ്പോള്‍, വായനക്കാര്‍ തരംതിരിക്കപ്പെടുന്നില്ലേന്ന് എനിക്കൊരു സംശയം. അതായത്, ചിലരുടെ കവിത മാത്രം ചിലര്‍ വയ്ക്കും, ചിലരുടെ കഥ മാത്രം ചിലര്‍ വയ്ക്കും, ചിലരുടെ ലേഖനം മാത്രം വയ്ക്കും, നര്‍മ്മപ്പോസ്റ്റുകള്‍ മാത്രം ലിസ്റ്റില്‍ ഇടുന്നവര്‍. ഇങ്ങനെയൊക്കെയായാല്‍ ബ്ലോഗില്‍ എല്ലാവരുടേയും എഴുത്തിന് എല്ലാ വായനക്കാരും ഉണ്ടാവുമോ? ഇഞ്ചി എന്റെ ഒരു പോസ്റ്റ് വെച്ചു, ഇഞ്ചിയുടെ ഒരു പോസ്റ്റ്, എനിക്കുമാത്രം ഇഷ്ടപ്പെട്ട് ഞാന്‍ മാത്രം വെച്ചാല്‍ അതില്‍ പുറംചൊറിയല്‍ കണ്ടെത്തില്ലേ?

ഞാന്‍ വായനാലിസ്റ്റ് വെക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ചേട്ടന്‍ പറഞ്ഞത്, അത് തനിമലയാളത്തിന്റെ കോപ്പി അല്ലേ എന്ന്. ;)

Inji Pennu said...

സാജാ :)
അബടെ നിക്ക്...എങ്ങടാ പോണേ? ഇവിടിരുന്നു സംസാരിക്കാം. ഇനി വാദത്തിനില്ല്യ എന്നൊന്നും കരുതണ്ട. സാജനപ്പോലെയൊരാള്‍ വായനാലിസ്റ്റ് ഉണ്ടാക്കീലെങ്കിലും വേണ്ടാ അതിനെ ഇതുപോലെ തെറ്റിദ്ധരിച്ച് ഇതുപോലെ തെറ്റായ കാര്യങ്ങള്‍ പറയരുത് എന്ന് എനിക്ക് നിര്‍ബന്ധമുള്ളതുകൊണ്ട് മാത്രമാണ് ഈ പൊസ്റ്റ് ഇട്ടതും അതില്‍ നിറയേ സാജന്‍ സാജന്‍ എന്ന് എഴുതിയതും :)

ഞാനല്ലേ സാജനോട് വായനാലിസ്റ്റിന്റെ കാര്യം പറഞ്ഞതും സ്ക്രീന്‍ ഷോട്ടുണ്ടാക്കീതും ഒക്കേ? എന്തിനാണത് ചെയ്തേന്ന് അറിയോ? സാജനോട് പറയുന്നതുപോലെ ബിന്ദൂട്ടിയോടും തമനുവിനോടും ഒക്കെ പറഞ്ഞിരുന്നു. അവരും ഒക്കെ അത് ചെയ്തിരുന്നൂ. എന്തിനാ? എനിക്കും ഈ ‘ബുദ്ധിജീവി’ വായന മാത്രമല്ല എല്ലാത്തരം വായനയും ഇഷ്ടമുള്ള കൂട്ടത്തിലാണ്. അതുകൊണ്ടാണ് സമാനനംസ്കര്‍ എന്ന് തോന്നിയവരോട് പറഞ്ഞത്....എന്നിട്ട് നിങ്ങള്‍ മൂന്നാളും നിറുത്തി..(ഐശ്വര്യമുള്ള കൈ :) ) പക്ഷെ എന്നും പറഞ്ഞ് ‘ബുദ്ധിജീവി‘ കാര്യങ്ങള്‍ മാത്രം വായിക്കുന്നവരോട് യാതൊരു വിധത്തിലുമുള്ള വിരോധവും ഇല്ല. എനിക്ക് ഇപ്പോള്‍ മംഗളമോ മനോരമയോ വായിക്കാനുള്ള താത്പര്യം ഇല്ല. മുന്‍പ് ചെറുപ്പത്തില്‍ ഉണ്ടായിരുന്നൂ..എന്നു കരുതി അത് ഇപ്പോഴും ഉണ്ടാവണമെന്നില്ല. അതുപോലെയാണ് ചിലര്‍ നല്ല വായന തേടി മുന്നേറുന്നതും ചിലര്‍ ചിലയിടങ്ങളില്‍ സ്റ്റക്കാവുന്നതും. അത്രേയുള്ളൂ.

സാജാ, സാജന്‍ പറയുന്നത് എനിക്ക് മനസ്സിലായി. എന്നാല്‍ സാജന്‍ വായനാലിസ്റ്റ് എന്നതിനേയോ ബ്ലോഗ് എന്നതിനേയോ നേരാംവണ്ണം മനസ്സിലാക്കിയിട്ടില്ല എന്ന് തന്നെ തോന്നുന്നൂ. ബ്ലോഗ് എനിക്ക് വെറുമൊരു നേരമ്പോക്കല്ല. വായനയ്ക്ക് വേണ്ടിയുള്ളതുമല്ല. ബ്ലോഗിനേക്കാളും കൂടുതല്‍ ഞാന്‍ പുസ്തകങ്ങളും മാഗസിനും വായിക്കുന്നുണ്ട്. ബ്ലോഗ് എന്ന് മാധ്യമത്തിന്റെ ശക്തി അറിഞ്ഞതുകൊണ്ടും എനിക്ക് ലോകത്തിനോട് വിളിച്ച് പറ്യാന്‍ കുറേ കാര്യങ്ങള്‍ ഉള്ളതുകൊണ്ടും ആണ് ഞാന്‍ ബ്ലോഗ് തുടങ്ങിയത്...അതുപോലെയാണ് എനിക്കെന്റെ വായനാലിസ്റ്റും. ഇത് അത്യാവശ്യമായി നിങ്ങള്‍ വായിക്കൂ എന്ന് ലോകത്തിനോട് വിളിച്ചു പറയുന്നൂ.. അത്രേയുള്ളൂ. എനിക്ക് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരെ പൊതുവേ ഇഷ്ടമല്ല. അവര്‍ക്കെതിരേ എന്തെങ്കിലും പോസ്റ്റ് ഉണ്ടെങ്കില്‍ അതുറപ്പായുംമെന്റെ വായനാലിസ്റ്റില്‍ വരും. :) പക്ഷെ ചിലപ്പോള്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട ബ്ലോഗിലെ ഒരു കഥ എന്റെ വായനാലിസ്റ്റില്‍ വരില്ല. അത് ലോകം വായിച്ചില്ലെങ്കിലും കുഴപ്പമില്ല. ഇങ്ങിന്യാണ് ഇതിനെ ഞാന്‍ കാണുന്നത്...

സാജന്‍ ബുദ്ധിജീവി പോസ്റ്റ് മാത്രം ഇടാന്നൊക്കെ കരുതിയത് സാജനോട് തന്നെ ചെയ്യുന്ന അന്യായം അല്ലേ? എങ്ങിനെ അങ്ങിനെ കരുതുന്നൂ? ബ്ലോഗ് എഴുതുന്നത് മാത്രമല്ല, എന്തും എനിക്ക് മനസ്സിലാവാത്ത കാര്യം അങ്ങിനെ ചെയ്യുന്നത് എങ്ങിനെ? എനിക്കറിയില്ല. എനിക്കാരേം ബോധിപ്പിക്കാനില്ല, എന്നെത്തന്നെയല്ലാതെ. എന്റെ കൂട്ടുകാര്‍ എന്നോട് ഞാന്‍ അവരുടെ പൊസ്റ്റ് വായനാലിസ്റ്റില്‍ ഇട്ടില്ലെങ്കില്‍ പിണങ്ങുമെന്നോ? ബെസ്റ്റ്! അങ്ങിനെയൊന്നുംമെനിക്ക് ജീവിക്കാന്‍ പറ്റില്ല. I need my space. അങ്ങിനെ എന്നെ അറിയുന്നവരെ മതി എനിക്ക് കൂട്ടുകാരായിട്ടും. ഈ ലോകത്തില്‍ എല്ലാവരുമായി സൊഹൃദം സ്ഥാപിക്കാനൊന്നും എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. എനിക്കിഷ്ടമില്ലാത്തത് ചെയ്യുന്ന എത്രയോ കൂട്ടുകാരുണ്ടെനിക്ക്.. I respect their space too. സാജാ, എന്റെ ബ്ലോഗിന്റെ വലതുവശത്ത് ഞാന്‍ കുറച്ച് ലിങ്ക്സ് കൊടുത്തിട്ടുണ്ട്. കുറച്ച് നാള്‍ മിസ്സായാല്‍ അവരൊക്കെ എന്താ എഴുതിയേ എന്ന് ഓടിച്ച് വായിക്കാന്‍. ഈ ദുനിയാവിലുള്ള ബ്ലോഗ് മൊത്തം ഞാനവിടെ ഇടില്ല്. എനിക്ക് വായിച്ചിരിക്കണം എന്ന് തോന്നിയവ മാത്രം. അതില്‍ എന്റെ സൌഹൃദവലയങ്ങളിലുള്ളവര്‍ കുറേയൊന്നും ഇല്ല.

അതുപോലെ മറ്റുള്ളവരുടെ വായ്ാലിസ്റ്റില്‍ പുറംപൂച്ചാണെന്നും കണ്ടെത്തുന്നതും മുന്‍വിധിയല്ലേ? അതെങ്ങനെ? ഇനി എന്റെ വായനാലിസ്റ്റ് ആണോ കണ്ടത്? എങ്കില്‍ ഞെട്ടിപ്പിക്കുന്ന ഒരു സത്യം പറയാം.. I moonlight as a ബുദ്ധിജീവി :) :)

>>ഞാനെന്തിനാ ഇഞ്ചീ ഇത്രയും റിസ്കെടുക്കുന്നത്? ഇത്രയും സമയമെടുത്ത് ബ്ലോഗുകളെ പരിപോഷിപ്പിക്കുവാന്‍

ഇതാണ് സാജാ എനിക്ക് പറയാനുണ്ടായിരുന്നതും. സാജന്‍ റിസ്കെടുക്കണ്ട. പക്ഷെ നാട്ടില്‍ ഒരു ചെറിയ ലൈബ്രറി പണിയാന്‍ ആഗ്രഹിക്കുന്നവരെ , അതിന്റെ റിസ്കെടുക്കാനും അതിനു വേണ്ടി സൊഹൃദങ്ങള്‍ കളയാനും അതിനു വേണ്ടി ഉത്സുകരായി പ്രവര്‍ത്തിക്കാനും താത്പര്യമുള്ളവരെ പൊങ്ങച്ചക്കരെന്നോ വെസ്റ്റഡ് ഇന്ററസ്റ്റെന്നോ പറഞ്ഞ് അധിക്ഷേപിക്കണോ? അത് ഒരിക്കലും ശരിയല്ല. സാജനു നേരമോ താത്പര്യമോ ഇല്ലെങ്കില്‍ വേണ്ട...സാജനു മറ്റൊരു പ്രവര്‍ത്തിയിലാവും താത്പര്യം..അത്രേയുള്ളൂ... ഇതിന്റെ എല്ലാം പ്രശ്നങ്ങള്‍. ഞാന്‍ അവസാനം ഗോള്‍ എന്ന് എഴുതിയത് അതാണ്. ഇതിനു താത്പര്യം ഉള്ളവര്‍ മാത്രമാണ് വേണ്ടത്. കാരണം വായനാലിസ്റ്റ് ഒരു സേവനമാണ്. ഒന്നും തിരിച്ചു കിട്ടാത്ത ഒരു സേവനം. അങ്ങിനെയൊരു സേവനത്തിനു താത്പര്യം ഉള്ളവര്‍ക്ക് അല്പസ്വല്പം hurdles നേരിടേണ്ടി വരും. അതിനു മനസ്സുള്ളവര്‍ മാത്രം മതി.


സൂവേച്ചി,

സാജനുള്ള അവസാനത്തെ പാരഗ്രാഫ് ആണ് സൂവേച്ചിയോടും എനിക്ക് പറ്യാനുള്ളത്. ബ്ലോഗ് എഴുതുന്നവര്‍ മാത്രമല്ല, ബ്ലോഗേ ഇല്ലാത്തവര്‍ക്കും ഉണ്ടാക്കാവുന്ന ഒന്നാണ് വായനാലിസ്റ്റ്. സൂവേച്ചിയുടെ വായന ഇഷ്ടപ്പെടുന്നവരുട്ണെങ്കില്‍ അവര്‍ സൂവേച്ചി വായനാലിസ്റ്റ് ഉണ്ടാക്കിയാല്‍ അത് നോക്കും. ഇല്ലെങ്കില്‍ ഇല്ല. സൂവേച്ചിയുടെ ബ്ലോഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് ഉറപ്പായും മിക്കപ്പോഴും സൂവേച്ചി വായിക്കുന്നതും ഇഷ്ടപ്പെടണം. തനിമലയാളത്തിലെ എല്ലാ പോസ്റ്റും വായിക്കാന്‍ എനിക്ക് നേരം ഉണ്ടെങ്കിലും അതില്‍ ഒരു ദിവസത്തില്‍ രണ്ടോ മൂന്നോ പോസ്റ്റേ എനിക്ക് മറ്റുള്ളവരോട് വായിക്കൂ എന്ന് പറയാന്‍ തോന്നാറുള്ളൂ. അതുകൊണ്ട് ഞാന്‍ വായനാലിസ്റ്റില്‍ അവയിടും. ഇല്ലെങ്കില്‍ ഇടില്ല. ഇത്രേയുള്ളൂന്നേ ഇതിന്റെ പ്രശ്നം. ചിലരുടെ കവിത മാത്രം ചിലര്‍ വായിക്കുന്നതുകൊണ്ട് എന്ത് പ്രശ്നം? എനിക്കതില്‍ ഒരു പ്രശ്നവുമില്ല. അവരെയൊക്കെ നിര്‍ബന്ധിച്ച് എന്റെ കവിത വായിപ്പിക്കണമെന്ന് എനിക്ക് അതിയായ ആഗ്രഹം ഉണ്ടെങ്കിലും :) അത് അവരുടെ സ്വാതന്ത്ര്യമല്ലേ എന്ത് വായിക്കണം വായിക്കില്ലയെന്നുള്ളത്?

ഇനി സൂവേച്ചി ഒരു പോസ്റ്റ് ഷേര്‍ ചെയ്തു എന്നിരിക്കട്ടേ. ഇന്ദുചൂഡാമണി. സാജന്‍ ഷേര്‍ ചെയ്തു, ആഷയും ഷെയര്‍ ചെയ്തു. അങ്ങിനെ മൂന്ന് പേര്‍ മറ്റോ ഷേര്‍ ചെയ്താല്‍
അത് ഇവിടെ സിബുവിന്റെ http://vayanalist.blogspot.com/ ഇവിടെ വിക്കിയിലുള്ള എല്ലാ വായനാലിസ്റ്റിലൂടേയും പോകുന്ന പൈപ്പ് പിടിച്ചിടും. അത് ഇന്ദുചൂഡാമണിക്ക് കൂടുതല്‍ വായനക്കാരെ കിട്ടുവാന്‍ നിങ്ങള്‍ ചെയ്ത ഒരു സേവനമാണ്...അത്രേയുള്ളൂ അതിന്റെ മോറല്‍ ഓഫ് ദ സ്റ്റോറി. ഇതു ആഷ മാത്രം ഷേര്‍ ചെയ്തു. അപ്പോള്‍ അവിടെ വരില്ല. പിന്ന അവിടെ എന്തുകൊണ്ട് വന്നില്ല എന്ന് ചോദിക്കരുത്? നിങ്ങള്‍ ചെയ്തില്ല. അത്രേയുള്ളൂ..

സാജന്‍| SAJAN said...

ഇഞ്ചി:)
ശരിക്കും ഞാന്‍ ഇഞ്ചിയുടെ ഏഫേര്‍ട്ട് മനസ്സിലാക്കുന്നു, അത്രയും കഷ്ടപ്പെട്ട് എനിക്ക് മെയിലില്‍ കൂടെ സ്ക്രീന്‍ ഷോട്ട് ഒക്കെ അയച്ചുതന്നു ഹേല്‍‌പ് ചെയ്തിട്ട് പ്രയോജനമില്ലാതെ പോയി അല്ലേ?
പക്ഷേ ഈ പറഞ്ഞത് ഇത്തിരി കടന്നുപോയി കേട്ടൊ
ഞാ‍ന്‍ മനപൂര്‍‌വം ഞാന്‍ ആരേയും അധിക്ഷേപിപിച്ചിട്ടില്ല, അങ്ങനെ തോന്നിയെങ്കില്‍ ശരിക്കും ഒരു സോറി ഇഞ്ചി!

Inji Pennu said...

അയ്യേ! എന്നെ നാണം കെടുത്തല്ലേ. സ്ക്രീന്‍ ഷൊട്ടുണ്ടക്കാന്‍ കഷ്ടപ്പാടൊന്നുമില്ല. ഞാന്‍ സാജനു ഇഷ്ടാവുമെന്ന് കരുതി. അത്രേയുള്ളൂ. :)
തെറ്റിദ്ധാരണ തിരുത്താന്‍ ഉള്ളതാണല്ലോ, അത്രേയുള്ളൂ. എനിക്കും മാറി. ഞാന്‍ കരുതി സാജന്‍ അങ്ങിനെ ധരിച്ചുവെന്ന് വെസ്റ്റഡ് ഇന്ററസ് എന്ന് വാക്ക് കടുപ്പമുള്ള വാക്കല്ലേ അതോണ്ടാവും.

സു | Su said...

ഇത്രേ ഉള്ളൂ അല്ലേ? അപ്പോ നമ്മള്‍ക്കിഷ്ടമുള്ളത് ഒക്കെ ഷേര്‍ ചെയ്യേണ്ട, മറ്റുള്ളവര്‍ വായിക്കണം എന്ന് കരുതുന്നതുമാത്രം എന്നുപറയുമ്പോള്‍ത്തന്നെ, അതില്‍ ഒരിതില്ലേ?

എന്തായാലും നോക്കാം.

absolute_void(); said...

ഞാന്‍ സ്വയം ഒരു വായനാലിസ്റ്റ് ഉണ്ടാക്കിയിട്ടില്ല. അതെന്റെ മടികൊണ്ടുമാത്രമാണ്. എന്നാല്‍ വായനാ ലിസ്റ്റ് എന്ന ആശയത്തോടും രീതിയോടും എനിക്ക് അങ്ങേയറ്റം ബഹുമാനവും യോജിപ്പുമാണ്. ഞാന്‍ തന്നെ ഇപ്പോള്‍ ഇഞ്ചിപ്പെണ്ണ്, പരാജിതന്‍, ഹരീ, സിബു, ഉമേഷ്‌ജീ , സന്തോഷ് തുടങ്ങിയവരുടെ വായനാലിസ്റ്റ് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. എന്നുകരുതി ഇവര്‍ മാത്രമാണ് കൊള്ളാവുന്നവര്‍ എന്ന അഭിപ്രായവും എനിക്കില്ല.

നിലവാരമുള്ളതോ വായിക്കേണ്ടതോ ആയ പോസ്റ്റുകള്‍ ഇവരുടെ വായനാലിസ്റ്റുകളില്‍ നിന്ന് തന്നെ എനിക്കു ലഭിക്കുന്നുണ്ട്. ഇനിയിപ്പോള്‍ വളരെ നല്ല വായനാലിസ്റ്റ് ഉണ്ടായീന്ന് പറഞ്ഞാലും, ഞാന്‍ പുതുതായി ഒന്ന് സബ്സ്ക്രൈബ് ചെയ്തൂന്ന് വരില്ല. കാരണം, എനിക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ വായിക്കാന്‍ ലഭിക്കുന്ന സമയം കൊണ്ട് വായിച്ചുതീര്‍ക്കാവുന്നത്രയും നല്ല പോസ്റ്റുകള്‍ ഇത്രയും പേര്‍ ചേര്‍ന്ന് ലിസ്റ്റുചെയ്യുന്നുണ്ട്.

തനിക്കിഷ്ടപ്പെട്ട പോസ്റ്റുകളല്ല, മറ്റുള്ളവര്‍ വായിക്കണമെന്ന തനിക്ക് തോന്നുന്ന പോസ്റ്റുകളാണ് ഒരാള്‍ ഷെയര്‍ ചെയ്യാന്‍ കൂടുതല്‍ സാധ്യത എന്നതാണ് എന്റെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ആ പോസ്റ്റില്‍ പറയുന്ന കാര്യങ്ങള്‍ അത് ഷെയര്‍ ചെയ്യുന്ന ആളിന്റെ അഭിപ്രായം ആയിക്കൊള്ളണമെന്നില്ല. നേരെ വിപരീതമായ അഭിപ്രായമാകാം, അയാള്‍ക്കുണ്ടാവുക.

വായനാലിസ്റ്റിന് അത്രയധികം പേര്‍ ഡെലീഷ്യസ് ഉപയോഗിക്കുന്നുണ്ടാവും എന്ന് ഞാന്‍ കരുതുന്നില്ല. ബ്ലോഗിങ്ങിനെ കുറിച്ച് കേട്ടുതുടങ്ങുന്നതിനും മുമ്പ് മുതല്‍ ഡെലീഷ്യസ് ഉപയോഗിക്കുന്ന ആളാണ് ഞാന്‍. ഡെലീഷ്യസിന് ഇഞ്ചിപ്പെണ്ണ് കാണുന്ന ഉപയോഗമല്ല, ഞാന്‍ കാണുന്നത്. എനിക്ക് എക്കാലത്തേക്കും ശേഖരിച്ചുവയ്ക്കാന്‍ തോന്നുന്ന ലിങ്കുകളാണ് ഞാനവിടെ ബുക്ക്മാര്‍ക്ക് ചെയ്യുന്നത്. റെഫറന്‍സ് ലിങ്കുകള്‍ എന്ന് ഞാനവയെ വിളിക്കും. അവ ഇട്ക്കിടെ ഡിലീറ്റ് ചെയ്യാറില്ല.

എന്റെ കുറച്ചു സുഹൃത്തുക്കളുടെ ഡെലീഷ്യസ് ബുക്ക്മാര്‍ക്കുകളും ഞാന്‍ ഇടയ്ക്കിടെ നോക്കാറുണ്ട്. യു.ആര്‍.എല്‍ കൃത്യമായി നല്‍കിയാല്‍ ഓപ്പണ്‍ ആയ ആരുടെ ഡെലീഷ്യസ് ബുക്ക്മാര്‍ക്കും ആര്‍ക്കും കാണാമല്ലോ. അത് ഇന്‍ഡയറക്ട് ആയി ഒരു ഷെയേര്‍ഡ് ലിസ്റ്റിന്റെ കര്‍മ്മം നിര്‍വ്വഹിക്കുന്നുണ്ട് താനും.

ഇനി സാജന്‍ പറഞ്ഞ കാര്യം. ഒരാള്‍ മറ്റുള്ളവര്‍ തന്നെക്കുറിച്ച് എന്തുവിചാരിക്കുമെന്ന കരുതി തല പുണ്ണാക്കേണ്ട കാര്യമില്ല. മറ്റുള്ളവരും ചിന്തിക്കുന്നത് നമ്മള്‍ അവരെ പറ്റി എന്തു കരുതുമെന്നാവും. ആ മറയൊക്കെ മാറ്റിവച്ചിട്ട് സത്യസന്ധമായി ഷെയര്‍ ചെയ്യാന്‍ തോന്നുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുക. എല്ലാവര്‍ക്കും ഇഞ്ചിപ്പെണ്ണിന്റെ താത്പര്യങ്ങളായിരിക്കില്ലല്ലോ. ചിലര്‍ക്ക് സാജന്റെ താത്പര്യങ്ങളോടാവും അടുപ്പം. അങ്ങനെയുള്ളവര്‍ സാജന്റെ വായനാലിസ്റ്റ് സബ്സ്ക്രൈബ് ചെയ്തുകൊള്ളും. അതില്‍ ഒരു ‌'വിലനിവാരത്തകര്‍ച്ച'യുടെ പ്രശ്നം ഉദിക്കുന്നില്ല.

ഇനിയിപ്പം വായനാലിസ്റ്റൊന്നുമില്ലെങ്കിലും ഞാന്‍ ഉറപ്പായും വായിക്കുന്ന ചില ബ്ലോഗര്‍മാര്‍ കാണും. ഇടയ്ക്കിടെ ഞാന്‍ അവരുടെ ബ്ലോഗില്‍ പോയി നോക്കും. ദേവരാഗം, ചിത്രകാരന്‍, സിബു, എതിരന്‍ കതിരവന്‍, ഡിങ്കന്‍, വണ്‍ സ്വാളോ, ഡീപ് ഡൌണ്‍, ഇന്ത്യാ ഹെറിറ്റേജ്, ഡോ. സൂരജ്, പേരു പേരക്ക, തുടങ്ങിയവര്‍ (ഇനിയും പലരുമുണ്ടേ...) ഉദാഹരണം. പിന്നെ ബൂലോഗത്തിലെ ഏറ്റവും ആധികാരികമായ ബ്ലോഗെന്ന് ഞാന്‍ കരുതുന്ന ഗുരുകുലം. എന്റെ ജീവിതത്തില്‍ ഗുരുസ്ഥാനം നല്‍കി ആദരിക്കുന്ന ചുരുക്കം ചിലരിലൊരാളായി ഞാന്‍ ഗുരുകുലം എന്ന ബ്ലോഗെഴുതുന്ന ഉമേഷിനെ കാണുന്നു. അത് അദ്ദേഹത്തോട് സമ്മതം ചോദിച്ചിട്ടല്ല. വായനാലിസ്റ്റ് കണ്ടിട്ടുമല്ല.

ജാമ്യം: ഞാനീപ്പറഞ്ഞതൊക്കെ ടെന്‍ഡേറ്റീവ് ആയ കാര്യങ്ങളാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ എനിക്ക് ശരിയെന്നു തോന്നുന്നവ. നാളെ ഒരു പക്ഷെ അഭിപ്രായം മാറിയേക്കാം. അതിനെ അവസരവാദമെന്നല്ല, വളര്‍ച്ചയെന്നാണ് വിശേഷിപ്പിക്കേണ്ടത്.

സ്വതന്ത്ര ബ്ലോഗിങ് കീ ജയ്!!!

ബിന്ദു said...

ഏതെങ്കിലും തെറ്റിദ്ധാരണകൊണ്ടു പുതുക്കാതെ ഇരിക്കുന്നതല്ല എന്റെ വായനാലിസ്റ്റ്‌. ഇഞ്ചി തന്നെ ആദ്യം പറഞ്ഞതുപോലെ ഏതെങ്കിലുമൊരു പോസ്റ്റ്‌ വായിക്കുന്നതിനായിട്ടു ഒരു ഐഡിയില്‍ ലോഗിന്‍ ചെയ്തു അതു ലിസ്റ്റിലിട്ടൊക്കെ.. വല്യ മെനക്കേടായി തോന്നി എന്നും ചെയ്യാന്‍. അതുകൊണ്ടാണ്‌. ഇപ്പോള്‍ ഇരിക്കാന്‍ പറ്റുന്ന ദിവസം തനിയിലോ ചിന്തയിലോ നോക്കി കുറച്ചുപോസ്റ്റുകള്‍ നോക്കി വായിക്കുന്നതു നല്ല എളുപ്പം. :) എന്റെ മടി തന്നെ കാരണം, അതിനിപ്പോള്‍ ഒരു ലിസ്റ്റിനേയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

ഞാനൊരു ലിസ്റ്റ്‌ ഉണ്ടാക്കുന്നെങ്കില്‍ എനിക്കിഷ്ടം സിമ്പിള്‍ വായന തന്നെയായിരിക്കും.

myexperimentsandme said...

ഡെലീഷ്യസ് പോസ്റ്റ്. കമന്റുകള്‍ പോസ്റ്റുപോലെ വിജ്ഞാന്‍ സദന്‍, വിജ്ഞാന്‍ മാര്‍ഗ്ഗ്, നയി ദില്ലി, ഏക്കേക്ക് ശൂന്യ് ശൂന്യ് ശൂന്യ് ദോ.

ഡിലീഷ്യസിന്റെ സ്ഥാപക പ്രസിഡണ്ടും ഇപ്പോഴത്തെ സീയീയോയുമായ ഇഞ്ചി തന്നെ ഡിലീഷ്യത്തെപ്പറ്റി പോസ്റ്റിട്ടല്ലോ എന്നൊരു മണ്ണുകടി മാത്രം :) (കഃട് അനില്‍ജി)

എനിക്കിഷ്ടപ്പെട്ടതും എന്റെ പോസ്റ്റ് വായിക്കാന്‍ വരുന്ന കാക്കത്തൊള്ളായിരം ആള്‍ക്കാരില്‍ ആരെങ്കിലുമൊക്കെ വായിച്ചിരിക്കണമെന്ന് എനിക്ക് തോന്നുന്നതുമായ പോസ്റ്റുകളാണ് ഞാന്‍ സാധാരണ ഷെയര്‍ ചെയ്യുന്നത്. ഒന്നാന്തരം ലാലേട്ടപ്പങ്കയായ ഞാന്‍ ആരെങ്കിലും ലാലേട്ടന് കഷണ്ടിയാണെന്നോ മറ്റോ പറഞ്ഞ് ആ മനസ്സിനെ വേദനിപ്പിക്കാന്‍ നോക്കിയാല്‍ ആ പോസ്റ്റും ഷെയര്‍ ചെയ്യണം- “കണ്ടോ, പറഞ്ഞിരിക്കുന്നത് കണ്ടോ, ലാലേട്ടന്റെ തലയിലെ ഒരു രോമത്തിനു പോലും വേദനയുണ്ടാക്കാതെ സൂക്ഷിക്കേണ്ടതാരാ? നമ്മളൊക്കെ. അതുകൊണ്ട് നമുക്കൊന്ന് ചോദിക്കേണ്ടേ” എന്ന് എന്റെ പോസ്റ്റില്‍ ദിവസവും വരുന്ന കാക്കത്തൊള്ളായിരം ലാലേട്ടന്‍ പങ്കകളെ കാണിച്ച് കൊടുക്കാന്‍ :)

സാജാ, ഒരാളുടെ ഷെയേഡ് ലിസ്റ്റില്‍ നമുക്ക് കടിച്ചാല്‍ പൊട്ടാത്ത കുറച്ച് സംഗതികളാണ് കിടക്കുന്നതെങ്കില്‍ അവ അയാളുടെ ലിസ്റ്റ് സബ്‌സ്ക്രൈബ് ചെയ്യുന്നവരും അയാളുടെ ബ്ലോഗ് സന്ദര്‍ശിക്കുന്നവരും വായിക്കേണ്ടവയാണ് എന്ന് അയാള്‍ക്ക് തോന്നിയതുകൊണ്ട് ഇട്ടതാവാം എന്നും കരുതാന്‍ വയ്യേ? അത് തികച്ചും ആ സര്‍ക്കിളിനുമാത്രം ബാധകമായ കാര്യം. സമാന ചിന്തയുള്ള വേറൊരാളുണ്ടെങ്കില്‍ ആ മൂന്നാമനും കൂടെക്കൂടും, പിന്നെ നാലാമന്‍, അഞ്ചാമന്‍... അങ്ങിനെ കരുതിക്കൂടേ? സാജന്‍ സാജന് തോന്നുന്നവ (നിലവാരം, ഗുണം, മണം ഇവയെല്ലാം ആപേക്ഷികം. ഈ മൂന്നു ഗുണവുമുള്ള ഒരേയൊരു ചായയേ ഉള്ളൂ എന്നല്ലേ) മാത്രം ഷെയര്‍ ചെയ്യുകയാണെങ്കില്‍ ഒരാളെപ്പോലെ ഒമ്പത് പേരെങ്കിലും ബ്ലോഗിലുണ്ടെന്ന തിയറി വെച്ചാണെങ്കില്‍ പോലും ഒമ്പൈറ്റൊന്‍പത് തൊണ്ണൂറ്റൊമ്പത് പേരെങ്കിലും കാണും സാജന്റെ സമാന ഇഷ്ടങ്ങളുള്ളവര്‍ :)

“ഓ എന്റെ ലിസ്റ്റ് കണ്ടാല്‍ മറ്റുള്ളവര്‍ എന്നെപ്പറ്റിയെന്ത് വിചാരിക്കും” എന്ന ചിന്ത വേണ്ടേ വേണ്ട. “ഓ എന്റെ ഫോട്ടോ കണ്ടാല്‍ മറ്റുള്ളവര്‍ എന്നെപ്പറ്റി എന്ത് വിചാരിക്കും” എന്ന ചിന്ത വല്ലപ്പോഴുമെങ്കിലുമുണ്ടായിരുന്നെങ്കില്‍ ഉമേഷ്‌ജിയൊക്കെ സ്വന്തം ഫോട്ടോ പ്രൊഫൈലിലുടുമോ? :)

അതുപോലെ “എന്നാലും എന്റെ പോസ്റ്റ് നീ ലിസ്റ്റിയില്ലല്ലോ” എന്ന് വിചാരിക്കുന്ന സുഹൃത്തിന്റെ നാളത്തെ വിചാരം വേറെന്തെങ്കിലുമായിരിക്കും. ഇങ്ങിനെ എത്ര നാള്‍? നമുക്ക് നമ്മുടേതായ ഇഷ്ടങ്ങളുണ്ടെന്നുള്ളതും ആ ഇഷ്ടങ്ങളെല്ലാം നമ്മുടെ സുഹൃത്തിന്റേതിന് സമാനമായവ ആയിരിക്കണമെന്നില്ല എന്നും നമുക്ക് ആ സുഹൃത്തിനെപ്പോലെ വേറെയും സുഹൃത്തുക്കള്‍ ഉണ്ടെന്നുള്ളതും ഇവര്‍ക്കെല്ലാം അവരവരുടേതായ പേഴ്സണാലിറ്റികള്‍ ഉണ്ടെന്നുള്ളതും അവയെല്ലാം തമ്മില്‍ മാച്ചാവണമെന്നില്ല എന്നും അങ്ങിനെ മാച്ചാവുന്നില്ല എന്നത് തികച്ചും സ്വാഭാവികമാണെന്നും അങ്ങിനെ മാച്ചാവുന്നില്ല എന്ന് വെച്ച് അത് നമ്മുടെ സൌഹൃദത്തെ ഒരിക്കലും ബാധിക്കുന്നില്ല എന്നും സൌഹൃദം എന്ന് പറഞ്ഞാല്‍ ഇതെല്ലാം മനസ്സിലാക്കിക്കൊണ്ടും എന്നാല്‍ ഇതിനെല്ല്ലാം അതീതമായ ഒന്നുമാണെന്നുമൊക്കെ മനസ്സിലാക്കാ‍ത്ത സൌഹൃദം എന്ത് സൌഹൃദം (എനിക്കിത്തിരി വെള്ളം തായോ) :)

നമ്മുടെ ലിസ്റ്റ് നമ്മുടെ മാത്രം സ്വാതന്ത്ര്യത്തിന്റെയും ഇഷ്ടത്തിന്റെയും ചിന്തയുടെയും അടിസ്ഥാനത്തില്‍ എന്ന നിലപാടുകാരനാണ് ഞാന്‍. എന്റെ ഷെയറിംഗ് ഫിലോഭാസി എന്താണെന്ന് വെച്ചാല്‍: ബാക്കിയുള്ളവര്‍ എന്ത് വേണമെങ്കിലും ലിസ്റ്റിക്കൊള്ളട്ടെ, നാലുപേര്‍ വായിക്കണമെന്ന് എനിക്കു തോന്നുന്ന എന്തും ഞാന്‍ ഷെയര്‍ ചെയ്യും. നമുക്ക് വായിച്ചിട്ട് ഒരു കുന്തവും മനസ്സിലാവാത്തതാണെങ്കിലും വേറേ ആരെങ്കിലും വായിച്ച് മനസ്സിലാക്കി അതിനെപ്പറ്റി എന്തെങ്കിലും പറയട്ടെ എന്നോര്‍ത്തും ഷെയര്‍ ചെയ്യാം. ഈ പോസ്റ്റ് ആരും മിസ്സാക്കരുതേ എന്നു കരുതിയും ഷെയര്‍ ചെയ്യാം.നാലുപോയിട്ട് നാലിലൊന്ന് പോലും പേര്‍ വായിച്ചില്ലെങ്കിലും നോ പിരോബിളം. എന്റെ ലിസ്റ്റുകണ്ടിട്ട് ആര്‍ക്കെങ്കിലും ചുമ, പനി, ശ്വാസം മുട്ടല്‍ ഇവയുണ്ടായാലും എനിക്കെന്ത് ചെയ്യാന്‍ പറ്റും? നമുക്ക് നഷ്ടപ്പെടാന്‍ ഏലക്കാടുകള്‍... പക്ഷേ നമുക്ക് പാര്‍ക്കാനോ ആട്ടിന്‍ കൂടുകള്‍.

അനിലൻ said...

എളുപ്പമല്ല.
എന്നെക്കൊണ്ടിതിനൊന്നും വയ്യ :)

ദേവന്‍ said...

വായനാലിസ്റ്റ്‌ വേണ്ടുന്നവര്‍ ഉണ്ടാക്കട്ടേ, വേണ്ടുന്നവര്‍ ഉപയോഗിക്കട്ടെ. ഞാന്‍ കഴിഞ്ഞ ഒരാഴ്ച്ചയായി ചെയ്യുന്നതുപോലെ ഇതിലും ഓഫ്‌ അടിക്കാന്‍ തന്നെയാണു വന്നത്‌.

ഗൂഗിള്‍ റീഡര്‍ ഞാനുപയോഗിക്കുന്നത്‌ മുഖ്യമായും ബ്ലോഗ്‌ ഒരു ഈ-ബുക്ക്‌ പോലെ സുഖിച്ചു വായിക്കാനാണ്‌ . അതേ, ഞാനെന്ന വായനക്കാരന്റെ എഴുത്തുകാരന്റെ താല്‍പ്പര്യം കണക്കിലെടുക്കാത്ത എന്നു വേണേല്‍ പറയാവുന്ന, തന്നിഷ്ടം. ഷോര്‍ട്ട്‌ ഫീഡുകള്‍ തരുന്ന ബ്ലോഗുകള്‍ ഞാന്‍ റീഡറിലൂടെ വായിക്കാറില്ല, കാരണം എനിക്കതു കാണുമ്പോള്‍ "ശേഷം വെള്ളിത്തിരയില്‍" ഉള്ള സിനിമാ നോട്ടീസ്‌ ഓര്‍മ്മവരും. മനുവിന്റെ ബ്രിജ്ജ്‌ വിഹാരം ഈ അടുത്തസമയത്താണു കണ്ടത്‌ , മുഴുഫീഡ്‌ ഉള്ളതുകാരണം ഒറ്റയടിക്ക്‌ ഒരു പുസ്തകം പോലെ വായിച്ച്‌ ആര്‍മ്മാദിച്ചു.

ഷോര്‍ട്ട്‌ ഫീഡ്‌ ആണെങ്കിലേ പേജ്‌ ഹിറ്റ്‌ കൂടൂ, കമന്റ്‌ വരൂ എന്നൊക്കെ പലരും പറഞ്ഞു കേട്ടിട്ടുണ്ട്‌ അതുകൊണ്ടു തന്നെ "ഫുള്‍ ഫീഡ്‌ താടേ” എന്ന് ആരോടും ഇതുവരെ പറഞ്ഞിട്ടുമില്ല. എന്റെ വായനാലിസ്റ്റ്‌ കൃത്യമായൊന്നും അപ്പ്‌ഡേറ്റ്‌ ചെയ്യാത്തതിന്റെ ഒരു കാരണം ഇവിടെ പറയുന്നു- ഷോര്‍ട്ട്‌ ഫീഡ്‌ ഉള്ള ബ്ലോഗുകള്‍ (റ്റൈറ്റില്‍ കൊണ്ട്‌ എന്നെ ഭയങ്കരമായി മോഹിപ്പിച്ചില്ലെങ്കില്‍) ഞാന്‍ വേറൊരുപണിയും ഇല്ലാതെ ഇരിക്കുന്ന അപൂര്‍വ്വം അവസരങ്ങളില്‍ റീഡര്‍ ഇല്ലാതൈരുന്നാണ്‌ വായിക്കാറ്‌, അതുകൊണ്ടുതന്നെ ഫുള്‍ ഫീഡ്‌ ബ്ലോഗുകളോട്‌ എന്റെ വായനയ്ക്ക്‌ ഭയങ്കരമായ ചായ്വുണ്ട്‌, ഞാന്‍
ഷെയറിയാല്‍ അത്‌ നല്ലതെന്ന് തോന്നുന്ന പോസ്റ്റുകളോ എല്ലാവരും വായിക്കണമെന്നു തോന്നുന്ന പോസ്റ്റുകളോ ഫുള്‍ ഫീഡ്‌ തരുന്നവയിലേത്‌ മാത്രമായിരിക്കും.

ഇങ്ങനെ വായിക്കുന്നതാണോ ശരി എന്നു ചോദിച്ചാല്‍ ഇങ്ങനെ ചെയ്യാനാണു ഇഷ്ടം എന്നാണു ഉത്തരം. വായനക്കാരന്‍ എപ്പോഴും തന്നിഷ്ടകാരനല്ലേ.

myexperimentsandme said...

അപ്പോള്‍ പേരുമാറ്റിക്കോ ദേവേട്ടാ...

തോന്ന്യാനന്ദ് പിള്ളൈ :)

അപ്പോള്‍ തിരിക്കാം:

1. ബ്ലോഗുള്ളവന്‍, ബ്ലോഗില്ലാത്തവന്‍

2. ബ്ലോഗുള്ളവനില്‍:
പോസ്റ്റുള്ളവന്‍, പോസ്റ്റില്ലാത്തവന്‍

3. പോസ്റ്റുള്ളവനില്‍
ലിസ്റ്റുള്ളവന്‍, ലിസ്റ്റില്ലാത്തവന്‍

4. ലിസ്റ്റുള്ളവനില്‍
ഫുള്ളുള്ളവന്‍, ജിമ്മി ക്വാര്‍ട്ടര്‍

5. ഫുള്ളുള്ളവനില്‍...

(എല്ലാ വന്‍-നോടും വള്‍-ഉം ചേര്‍ക്കാനപേക്ഷ).

ഇഞ്ചീ, ഇതോഫാണോ :)

ഫീഡ് ഫുള്‍ വേണോ ജിമ്മി മതിയോ എന്ന കണ്‍ഫ്യൂഷനായി ഇപ്പോള്‍. ആദ്യം ഫുള്ളായിരുന്നു, പിന്നെ ജിമ്മിയാക്കി, പിന്നേം ഫുള്ളാക്കി. വെറുതെയിരിക്കുമ്പോള്‍ ഇതിങ്ങനെ മാറ്റിക്കളിക്കാമല്ലോ.

ഫീഡ് ഫുള്ളിയാല്‍ ബ്ലോഗുന്നവന്റെ ഡിലീഷ്‌കാര സ്വാതന്ത്ര്യത്തെ (എന്റെ ബ്ലോഗ് മൊത്തത്തില്‍ കരകാണക്കടലല മേലേ പോലുമല്ല, കീഴേ തന്നെ കിടക്കട്ടെ) ബാധിക്കില്ലേ എന്നൊരു തോന്നലുണ്ട്. കാരണം നമ്മള്‍ ഡിലീറ്റിയാലും അത് റീഡറില്‍ ചിരിച്ചോണ്ടിരിക്കുന്നത് കാണുമ്പോള്‍ ഒരിത് (വാരികയില്‍ അച്ചടിച്ച നോവല്‍ പിന്നൊരുകാലത്ത് ഡിലീറ്റണം എന്ന് തോന്നിയാല്‍ അവിടെ കാര്യമില്ലല്ലോ എന്നതും ഓര്‍ക്കുന്നു-പക്ഷേ ഇത് ബ്ലോഗല്ലേ, നമ്മളല്ലേ യഥാരാജാ, യഥാപ്രജ). പക്ഷേ ഒരു ദുര്‍ബല നിമിഷത്തില്‍ ദുര്‍ലഭമായി മാത്രം തോന്നുന്ന തോന്നലില്‍ അത് ഡിലീറ്റുകയും തൊട്ടടുത്ത സെക്കന്റില്‍ മാനസൈക്കണ്ടരാനന്തപ്പെട്ട് അതെല്ലാം തിരിച്ച് വേണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ആ അസുലഭ മുഹൂര്‍ത്തത്തില്‍ ഫീഡ് ഫുള്ളാണെങ്കില്‍ റീഡറില്‍ നിന്നും മറ്റും പൊക്കാം (എന്ന് തോന്നുന്നു). പിന്നെ വലിയ സെറ്റപ്പൊക്കെ ചെയ്ത് കളര്‍ കോമ്പി ടെമ്പ്ലേറ്റോമ്പ്ലേറ്റൊക്കെയാക്കി വെച്ചാല്‍ മാത്രം വായിക്കാന്‍ തോന്നുന്ന പോസ്റ്റൊക്കെ റീഡറിന്റെ വെളുപ്പേല്‍ കറുപ്പ് പശ്ചാത്തലത്തില്‍ വായിക്കപ്പെടുമ്പോള്‍ അത് വായിക്കുന്നവന്റെ പ്രശ്‌നം, വായിനോക്കുന്നവനതിലെന്ത് കാര്യം എന്ന് തോന്നാമെങ്കിലും ഇത്തരം സില്ലി ചിന്തകള്‍ക്കപ്പുറം ഫുള്‍ ഫീഡിന് എന്തെങ്കിലുമൊക്കെ പ്രയോജനം കാണുമായിരിക്കണം. അതുകൊണ്ട് ഞാന്‍ ഫീഡ് ഫുള്ളാക്കി.

Inji Pennu said...

ദേവേട്ടാ,
ഞാന്‍ ഷോട്ട് ഫീഡ് ന്റെ വക്താവാണ്. കാരണം ബ്ലോഗ് എന്ന് പറയുന്നത് പഴയ അച്ചടി മാധ്യമങ്ങളെപ്പോലെ വായനക്കാരനു നോണ്‍ ഇന്ററാക്റ്റീവ് വായനയല്ല. അതിനു പുസ്തകം വായിച്ചാല്‍ മതി. ബ്ലോഗ് വായിക്കണ്ട. പുസ്തകമാണ് അങ്ങിനെ വായിക്കെണ്ടതെന്ന പക്ഷക്കാരിയാണ് ഞാന്‍. ബ്ലോഗ് വായന വ്യത്യസ്ഥമാണ്. അവിടെ വായനക്കാരുടെ ഇന്ററാക്ഷന്‍, ബ്ലോഗറുടെ വ്യക്തിത്വം അങ്ങിനെ പലതുമുണ്ട്. പഴ്യ മാധ്യമങ്ങളുമായി ബ്ലോഗിനെ സങ്കല്പിച്ച് ഇതീ പേപ്പറില്‍ അച്ചടിച്ച് വരുന്നതെല്ലാം ഇപ്പോ കമ്പ്യൂട്ടറിലുമായി എന്ന് മാത്രം ചിന്തിക്കുമ്പോളാണ് അങ്ങിനെ ഫുള്‍ ഫീഡുമാത്രം വായിക്കാന്‍ തോന്നത്. അതൊരു നോണ്‍ പേര്‍സ്ണല്‍ വായനയാണ്.

എനിക്ക് ബ്ലോഗില്‍ ചെല്ലണം ഒരാളുടെ. അവിടെ മറ്റു വല്ല ഇന്ററസ്റ്റിങ്ങ് ലിങ്കുകള്‍ ഉണ്ടോ, വായനാലിസ്റ്റ് പോലെ വല്ലതുമുണ്ടോ, യൂ റ്റ്യൂബ് വീഡിയോകള്‍ പുതിയതുണ്ടോ, ആളുടെ പ്രൊഫൈല്‍ മാറ്റി പുതിയ കുഞ്ഞ് ജനിച്ച ഫോട്ടോയുണ്ടോ, പുതിയ ഫ്ലിക്കറ് സ്ലൈഡ് ഷോയുണ്ടോ എന്നൊക്കെ അറിയണം വായിക്കുന്നതിനൊപ്പം. അതൊരു പുതിയ വായനയാണ്. ആ വായനയ്ക്ക് ഞാന്‍ ഷോട്ട് ഫീഡ്സിന്റെ ആളാണ്. ഇത് മാത്രമല്ല, ബ്ലോഗുകളില്‍ പരസ്യങ്ങള്‍ പതിക്കുന്നവര്‍ക്ക് മസ്റ്റാണ് ഷോട്ട് ഫീഡ്സ്.

ആഷ | Asha said...

ഫുള്‍ ഫീഡ് കൊടുക്കുന്നത് നല്ലത് ചീത്തത് എന്നുള്ളത് ആപേക്ഷികമാണെന്നാണ് എനിക്കു തോന്നുന്നത്.

ഉദാ: ഫുള്‍ ഫീഡ് കൊടുത്തിരിക്കുന്ന ഒരു ബ്ലോഗര്‍ ഒരു ഫോട്ടോ പോസ്റ്റ് ഇട്ടു വെന്ന് വെയ്ക്കുക. അത് കറുപ്പു പശ്ചാത്തലത്തിലാണ് കൂടുതല്‍ എടുപ്പെന്നു തോന്നി അദ്ദേഹം മെനക്കെട്ടിരുന്ന് ബ്ലോഗ് ടെമ്പ്ലേറ്റ് ആ നിറത്തിലാക്കിയിട്ട് റീഡറില്‍ അതു വെളുത്ത നിറത്തില്‍ വരുന്നത് നല്ല കാര്യമല്ല.

എന്നാല്‍ ആ ബ്ലോഗര്‍ കളര്‍ സെന്‍സില്ലാത്ത ഒരാളാണെന്നു വെയ്ക്കുക. കണ്ണിനു പ്രയാസമുണ്ടാക്കുന്ന ഒരു നിറമാണ് അദ്ദേഹം ടെമ്പ്ലേറ്റിനായി തിരഞ്ഞെടുത്തതെങ്കില്‍ ഫുള്‍ ഫീഡ് വായനക്കാര്‍ക്ക് അനുഗ്രഹമാവും.

Anonymous said...

ചെയ്തു :)