2007-12-25

ഫെമിനിസം

വെള്ള ടീഷര്‍ട്ട്, അതിനു മുകളിലൊരു വരയന്‍ ഓപണ്‍ ഷര്‍ട്ട്, പുറകിലോട്ട് നീണ്ട ചെറുതായി ചുരുണ്ട ഹിപ്പി മുടി, ചെമ്പന്‍ നീണ്ട മീശ, അതിലും നീളമുള്ള ഇപ്പോള്‍ ഠപ്പോന്ന്‍ അവ രണ്ടും കൂട്ടിമുട്ടുമെന്ന് തോന്നുമാറൊരു കൃത്ഥാവും, കക്ഷത്തില്‍ ഒരു സഞ്ചിനിറയേ പാട്ടുകളും, കണ്ണുകളില്‍ എമ്പാടും ചിരിയും, പെണ്മക്കളുള്ള അപ്പനെന്ന് വിളിച്ചോതുന്ന ആഹ്ലാദമുള്ള മുഖവും. എന്റെ അപ്പനെ ഞാന്‍ ഓര്‍ക്കുന്നത് അങ്ങിനെയാണ്. അപ്പന്റെ ഗിറ്റാറിന്റെ തന്ത്രികളില്‍ നിന്നൂര്‍ന്ന് വീഴുന്ന എല്‍വിസ് പ്രെസലിയും അബ്ബായും ബോണിയെമ്മും അപ്പയുടെ മുറിയില്‍ ഒരഞ്ചു വയസ്സുകാരിക്ക് ചുവടു വെയ്ക്കാന്‍ പാകത്തില്‍ എപ്പോഴും മുഴങ്ങിയിരുന്നു.

അപ്പനാണെന്റെ ഏറ്റവും വലിയ ഹീറോ. അറിയോ അപ്പാ? യൂ ആര്‍ മൈ ഡാഡ്. ലോകം മൊത്തം കറങ്ങുന്ന വല്ലപ്പോഴും അവധിക്കോടി വരുന്ന അപ്പായെ കാത്തിരുന്നത് ഞാനങ്ങിനെയാണ്. അപ്പായ്ക്കെല്ലാമറിയാം. അമേരിക്കയും റഷ്യയും അന്റാര്‍ട്ടിക്കാവരേയും അപ്പായ്ക്കറിയാം. എന്റെ അപ്പായ്ക്ക് കണക്കറിയാം, സയന്‍സറിയാം, ഈശോയുടെ കഥകളും അറിയാം. അപ്പ ഈസ് ബ്രില്ല്യന്റ്. അപ്പായ്ക്ക് എങ്ങിനെ കറക്റ്റ് പൊസിഷനില്‍ പല്ല് തേയ്ക്കാമെന്നറിയാം, അടുത്ത അവധിക്ക് വരുമ്പോള്‍ ഞാന്‍ എത്ര പൊക്കം വെക്കുമെന്ന് വരെ അറിയാം. എന്റെ പ്രിയപ്പെട്ട മജീഷ്യന്‍.

താടിക്ക് കയ്യും കുത്തിയിരുന്ന് അപ്പായെ നോക്കിക്കോണ്ടിരിക്കേ എനിക്ക് ഏഴ് വയസ്സായി. ആ അവധിക്ക് അപ്പാ കാസറ്റുകളുടെ കൂടെ കൊണ്ട് വന്നത് പുതിയൊരു വാക്കായിരുന്നു. ഫെമിനിസം.

അമ്മയോടും അമ്മമ്മയോടും അപ്പ ഫെമിനിസം പ്രസംഗിച്ചു.
“അമേരിക്കയിലെ മദാമ്മകളെ നോക്കൂ. അവര്‍ നീണ്ട മുടി ചീകുന്നില്ല, അടുക്കളപ്പണിചെയ്യുന്നില്ല, എങ്കിലും അവര്‍ സ്ത്രീകളാവുന്നു!” അമ്മയും അമ്മമ്മയും അടുക്കള ചവുട്ടിത്തേച്ച് ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നതിനിടയില്‍ അപ്പ പലതവണയതാവര്‍ത്തിച്ചിട്ടും അമ്മയ്കോ അമ്മമ്മയ്കോ അത് കേട്ട ഭാവമില്ല.

മേശയ്ക്കപ്പുറം ഹീറോയെ നോക്കി കണ്ണുകള്‍ വിടര്‍ത്തിയിരിക്കുന്ന രണ്ട് കുഞ്ഞുങ്ങളെ അപ്പയപ്പോഴാണ് ശ്രദ്ധിച്ചത്. രണ്ട് പേര്‍ക്കും വളരെ നീണ്ട തലമുടി. അമ്മയും അമ്മമ്മയും ഞങ്ങളെപ്പോലും ഞങ്ങളുടെ തലമുടി തൊടാന്‍ അനുവദിച്ചിരുന്നില്ല. ഒരു വാശിയോടെ എന്നും എണ്ണ തേച്ച് താളിതേച്ച് അവര്‍ അത് പരിപാലിച്ചു പോന്നിരുന്നു. സ്കൂളില്‍ പോകുന്നതിനു മുന്‍പ് യുദ്ധകാലടിസ്ഥാനം പോലെ മുടി ചീവി ടെന്റുകള്‍ വലിച്ചു കെട്ടുന്നതുപോലെ ഇരുവശവും ചീകി പിന്നിക്കെട്ടി മേപ്പോട്ടു കെട്ടി അമ്മയും അമ്മമ്മയും ഒരു മണിക്കൂര്‍ ഇതിനുമാത്രമായി ചിലവഴിക്കുകയും അതില്‍ ആനന്ദം കൊള്ളുകയും ചെയ്തിരുന്നു. ഒരിഞ്ച് തലമുടിയ്ക്ക് നീളം വെച്ചാല്‍ കൊച്ചുങ്ങള്‍ക്ക് പൊക്കം വെച്ചില്ലെങ്കിലും സാരമില്ല, തലമുടിക്ക് നീളം വെക്കുന്നുണ്ടല്ലോയെന്ന് ഇരുവരും ഹൈ-ഫൈയടിക്കാതെ മറ്റേതോ ഭാഷയില്‍ സന്തോഷം പ്രകടിപ്പിച്ചിരുന്നു.

ആ തലമുടിയിലേക്കാണ് അപ്പന്റെ നോട്ടം. എന്തിനാണീ ചെറിയ കിടാങ്ങള്‍ക്ക് സിക്കുകാരുടെ പോലെ തലമുടി? അപ്പന്‍ ആരോടെന്നില്ലാതെ ഉറക്കേ ഒരു ചോദ്യം. ഇറച്ചിക്കറിക്ക് തേങ്ങാ കൊത്തി ചേര്‍ക്കണോ അതോ തെങ്ങാ വറുത്ത് ചേര്‍ക്കണോയെന്നുള്ള ഗൌരവസംവാദത്തില്‍ അതും അമ്മയും അമ്മമ്മയും കേട്ടില്ല.

ഞങ്ങള്‍ അത് കേട്ടു. എന്റെ ചേച്ചിക്ക് വിപ്ലവം തലയിലുദിച്ചു.

അമേരിക്കയില്‍ മദാമ്മകള്‍ സ്മാര്‍ട്ടാവാന്‍ കാരണമെന്താ? അവര്‍ക്ക് തോളൊപ്പം മാത്രം തലമുടി. അപ്പന്റെ വക എങ്ങും തൊടാത്തൊരു ഇന്‍സ്പിരേഷന്‍.

മുകളില്‍ ടെറസ്സില്‍ പോയിരുന്ന് അമ്മയുടെ തുണിവെട്ടുന്ന കത്രിക കൊണ്ട് ഞാന്‍ ചേച്ചിയുടെ തലമുടി തോളൊപ്പം എലി കരണ്ടുന്നതുപോലെ കരണ്ടി. അല്ലെങ്കില്‍ സിബ് പോലെ സിഗ് സാഗ് ആയൊരു ഷേപ്പില്‍ ചേച്ചിയോളം പൊക്കമുണ്ടായിരുന്ന തലമുടി ഞാന്‍ കരണ്ടി. ചേച്ചിക്ക് വിപ്ലവം. എനിക്ക് അമ്മയുടെ പൊന്നു പോലുള്ള കത്രിക ഉപയോഗിക്കാന്‍ കിട്ടിയ സന്തോഷവും.

സന്ധ്യയ്ക്ക് അമ്മമ്മ കുരിശു വരയ്കാന്‍ മുട്ടുകുത്തുന്നതു വരെ ഞങ്ങള്‍ ടെറസ്സില്‍ ഒളിച്ചു. അമ്മയെ പേടിച്ച് ചാവേര്‍ ആവാന്‍ തീരുമാനിച്ചിരുന്നു. പക്ഷെ കുരിശു വരയ്കുമ്പോള്‍ മക്കളെല്ലാം കാരണവന്മാര്‍ക്ക് മുന്നേ നിന്ന് മുട്ടുകുത്തണം. അങ്ങിനെ ഞങ്ങള്‍ വിപ്ലവകാരികള്‍ മുട്ടുകുത്തിയതും അമ്മ പൊടുന്നനേ ഒരലര്‍ച്ചയായിരുന്നു.

“അയ്യോ! എന്റെ കുഞ്ഞിന്റെ തലമുടി!”

ഫെമിനിസം.

“നിങ്ങളെന്റെ പിള്ളേരെ വഴിതെറ്റിക്കാനാണോ ഇറങ്ങിയിരിക്കുന്നത്?” അതുവരെ കണ്ടിട്ടില്ലാത്തൊരു രൌദ്രഭാവത്തില്‍ അമ്മ അപ്പനു നേരെ അലറി.

ഭൂമി കുലുങ്ങിയാലും കുരിശുവരയ്കുമ്പോള്‍ അനങ്ങാത്ത അമ്മമ്മ എഴുന്നേറ്റ് അപ്പന്റെ ചെവിക്ക് പിടിച്ചൊരു തിരി. “നെന്നോട് ഞാന്‍ പറഞ്ഞിട്ടില്ലേ മോനേ, ഓരോ നാട്ടിലെ പഠിപ്പ് അവിടെ വെച്ചിട്ട് പോന്നാല്‍ മതിയെന്ന് ?”

എത്ര നിഷ്കളങ്ക ഭാവം വരുത്തിയിട്ടും അപ്പയ്ക്ക് അതില്‍ നിന്നും ആ അവധിക്കാലം തീരും വരെ രക്ഷപ്പെടാന്‍ ആയില്ല. അമ്മമ്മ മരിയ്ക്കും വരെയെങ്കിലും ഫെമിനിസത്തെക്കുറിച്ച് പ്രസംഗിക്കാനും.

വാല്‍ക്ഷണം:
- നീയെന്റെ തുണിവെട്ടുന്ന കത്രിക എടുത്താണോ മുടി മുറിച്ചത്?
- ഠപ്പ്. പൊന്നീച്ച.

17 പ്രതികരണങ്ങള്‍:

നന്ദന്‍ said...

ശ്ശോ!! പൊന്നീച്ച.. :) നന്നായിരിക്കുന്നു..

ക്രിസ്ത്‌‌മസ്‌ ആശംസകള്‍.. :)

പ്രിയംവദ-priyamvada said...

അല്ലെങ്കിലും സ്ത്രീകളാണു സ്ത്രീകളുടെ പുരോഗതിയക്കു തടസ്സം ..അല്ല്യോ ഇഞ്ചി ;-)

എന്നിട്ടു പിന്നെ എപ്പൊഴെങ്കിലും മുടി തോളിനേക്കാള്‍ വലുതായോ?

Happy Newyr

ആഷ | Asha said...

പാവം ഫെമിനിസ്റ്റുകള്‍!
എന്നാലും പൊന്നീച്ചയെ കാണാന്‍ പറ്റിയല്ലോ. നല്ല രസാ കാണാന്‍?

ഇഞ്ചിപെണ്ണിനും ഇഞ്ചിചെക്കനും ഇഞ്ചിപിള്ളേര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ ക്രിസ്മസ് നവവത്സരാശംസകള്‍!

Haree said...

പെണ്മക്കളുള്ള അപ്പനെന്ന് വിളിച്ചോതുന്ന ആഹ്ലാദമുള്ള മുഖവും. - ഇതെനിക്ക് മനസിലായില്ല. പെണ്മക്കളുള്ള അപ്പന്മാര്‍ക്ക് ദുഃഖമുണ്ടാവുമെന്നു ഞാന്‍ പറയില്ല, പക്ഷെ അങ്ങിനെ പ്രത്യേകിച്ചൊരു സന്തോഷമുണ്ടാവുമോ?

മറുകവിള്‍ കാണിച്ചു കൊടുക്കണ്ടേ... എന്തായാലും ഒരടിയല്ലേ കിട്ടിയുള്ളൂ... ഒരഞ്ചാറടിക്കുള്ള വകുപ്പുണ്ടായിരുന്നു... :P ആക്ച്വലി ചേച്ചിയുടെ മുടിയോട് അസൂയപൂണ്ട അനിയത്തിയുടെയല്ലേ ഇതിനു പിന്നിലെ കറുത്ത കരങ്ങള്‍?
--

Haree said...

പെണ്മക്കളുള്ള അപ്പനെന്ന് വിളിച്ചോതുന്ന ആഹ്ലാദമുള്ള മുഖവും. - ഇപ്പൊ വായിച്ചപ്പോളത് നെഗറ്റീവ് മീനിംഗിലല്ലേ ഉപയോഗിച്ചതെന്നൊരു ശങ്ക... ഒന്നാമതേ പെണ്മക്കള്‍, അവരുടെ കൈയ്യിലിരുപ്പോ, ഈ വിധവും - നാച്വറലി അദ്ദേഹത്തിന് സന്തോഷിക്കുവാന്‍ വകുപ്പുണ്ട്... :)
--

രാജ് said...

രണ്ടാമത്തെ പാരഗ്രാഫ്.

ദിവാസ്വപ്നം said...

ഗ്രാഫ് മുകളിലേയ്ക്ക് തന്നെ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മുന്‍പ് കേട്ടു പരിചയമുള്ള വിഷയം.

അവതരണം ഇഷ്ടപ്പെട്ടു

ആശംസകള്‍

Anonymous said...

ഇഞ്ചിപ്പെണ്ണ് - മുഖ്യധാരയില്‍ പ്രസിദ്ധീകരിച്ച ശേഷം ജനസമ്മിതിയാര്‍ജ്ജിച്ച അഞ്ചു പുസ്തകങ്ങള്‍ക്കര്‍ഹയാണ്. സാഹിത്യത്തിനുള്ള നൊബേല്‍ നോമിനേഷന്‍ കിട്ടിയിട്ടുണ്ട്. ആഫ്രിക്കന്‍, അമേരിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ ഇത്യാദി സാഹിത്യ ശാഖകളില്‍ കാര്യമായ സംഭാവനകള്‍ നല്‍കിയതിനു യു.എന്‍ ആദരിക്കണമെന്ന് കരുതുന്ന വ്യക്തിത്വം. ഇപ്പോള്‍ സാഹിത്യത്തില്‍ നിന്ന് റിട്ടയര്‍മെന്റ് എടുത്ത് എപ്പോഴും മനസ്സില്‍ താലോലിച്ചിരുന്ന ചവറുകള്‍ എഴുതിക്കൂട്ടി വായനക്കാരെ* മണ്ടരാക്കാന്‍ ശ്രമിക്കുന്നു. യഥാര്‍ത്ഥ നാമത്തിലെഴുതി വീണ്ടും ഈ റ്റൂ മച്ച് പ്രശസ്തി ആഗ്രഹിക്കാത്തതുകൊണ്ട് ഇഞ്ചിപ്പെണ്ണ് എന്ന അപരനാമത്തില്‍ ബ്ലോഗുന്നു.

സജീവ് കടവനാട് said...

കഥ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ഞാനൊരു ഫെമിനിസ്റ്റല്ല എന്ന് പറയാന്‍ ഒരു ഫെമിനിസ്റ്റ് ലൈനിലുള്ള കഥ തന്നെ എത്ര വിദഗ്ദമായി ഉപയോഗിച്ചു.

ചീര I Cheera said...

രണ്ടു പേരുടേയും ബേസിക് ദേഷ്യം ഒന്നിനോടു തന്നെയെങ്കിലും പുറത്തു വന്ന രീ‍ീതി നaന്ന്നാ‍ായി... അമ്മമ്മയ്ക്ക് ആവശ്യമില്ലാത്തത് തലയില്‍ കുത്തികേറ്റി നിറച്ചതിന്റെ ദേഷ്യം, അമ്മയ്ക്ക് പൊന്നു പോലെയുള്ള കത്രികയെടുത്ത് പരുമാറിയതിന്റെ ദേഷ്യം..
വലിയ ഇഷ്ടമായി ഇത്..
പൊന്നീച്ച പാറുന്ന കുഞ്ഞു മുഖവും അതിലേറെ ഇഷ്ടമായി..

Inji Pennu said...

ഹരീ
പെണ്മക്കളുള്ള അപ്പന്മാരുടെ സന്തോഷം അത് അനുഭവിച്ചവര്‍ക്കേ അറിയൂ. പുരുഷന്മാര്‍ക്ക് ജീവിതത്തില്‍ ആദ്യമായി കറകളഞ്ഞ ഫാന്‍സിനെ കിട്ടുന്നത് ഒരു മകള്‍ ഉണ്ടാവുന്നതോടു കൂടിയാണ്. ചിലതെല്ലാം അനുഭവിച്ചാല്‍ മാത്രം അറിയുന്ന കാര്യങ്ങളാണ്. നെഗറ്റീവ് ആയിട്ടല്ല എഴുതിയത്. വളരെ വളരെ പോസിറ്റീവ് ആയിട്ടാണ്. മകളോളം സ്നേഹം വേറെ ആര്‍ക്കും നല്‍കാന്‍ കഴിയില്ല. അപ്പമാരുടെ ഹൃദയം കവരുന്നതാണത്. ഞാന്‍ കുറേ എഴുതിപ്പോവും. :) അതോണ്ട് നിറുത്തുന്നു.

Roby said...

ഇഞ്ചീ,
പേണ്‍മക്കളുള്ള അപ്പന്‍മാരുടെ സന്തോഷം അതനുഭവിച്ചാലെ അറിയൂ...
അത്‌ കറക്റ്റ്‌...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

:)

ഉപാസന || Upasana said...

:)))
ഉപാസന

sreeni sreedharan said...

അപ്പനെ ഇഷ്ടപ്പെട്ടു. ആ ‘ഠപ്’ ഉം.

Latheesh Mohan said...

ഡാഡി ഡാഡി യു ബാസ്റ്റഡ്
ഐ ആം ത്രൂ

എന്ന് ഞാന്‍ സില്‍വിയാ പ്ലാത്തിനെ ഓര്‍ത്തെതെന്തിന്?