1. പോലീസിനെ അറിയിച്ചോ ?
അറിയിച്ചു. ഇന്ത്യയിലും അമേരിക്കയിലും അറിയിച്ചിട്ടുണ്ട്. ഇത് ഞാന്‍ കഴിഞ്ഞ അപ്‌ഡേറ്റില്‍ പറഞ്ഞിരുന്നതാണ്. എങ്ങിനെയോ ബഹളത്തില്‍ മുങ്ങിപ്പോയി. ഇനിയും കുറച്ച് കാര്യങ്ങള്‍ കൂടി ഇതിനുവേണ്ടി അധികാരപ്പെട്ടവര്‍ക്ക് എത്തിച്ചു കൊടുക്കുവാനുണ്ട്. എന്റെ ജോലിയുടെ ഇടയ്ക്കും വീട്ടുകാര്യങ്ങളുടെ ഇടയ്ക്കും ഈ പ്രശ്നത്തിന്റെ പേരില്‍ പോസ്റ്റിടാനും മറ്റും രണ്ട് ദിവസം ഇതിനു വേണ്ടി ഒഴിവെടുക്കേണ്ടി വന്നു. ഇനിയും അവധി എടുക്കാന്‍ നിര്‍വ്വാഹമില്ലാത്തതുകൊണ്ട് ബാക്കി ഇതിനു വേണ്ടിയുള്ള കാര്യങ്ങളും കൂടി ചെയ്യാനുള്ളതും കൂടി ചെയ്ത് തീര്‍ത്തിട്ട് ബ്ലോഗില്‍ പോസ്റ്റിടാമെന്ന് കരുതി. പക്ഷെ അപ്പോഴേക്കും അക്ഷമരായി കഴിഞ്ഞുവല്ലോ പലരും, ഊഹാപോഹങ്ങളുടെ ലിസ്റ്റും കൂടി. അത് കൊണ്ടാണിവിടെ ഇപ്പോള്‍ ധൃതിയില്‍ പോസ്റ്റ് വെക്കുന്നത്. ഒരു കമന്റോ പോസ്റ്റോ എഴുതുന്നത്ര എളുപ്പമല്ലല്ലോ ഒരു പോലീസ് സ്റ്റേഷനിലോ വക്കീലിന്റേയോ അടുത്ത് പോകാന്‍. നമ്മള്‍ അറിയാത്ത പല നൂലാമാലകളും ഇതിനുണ്ടാവുമല്ലോ. പോലീസ് ഇത് എങ്ങിനെ കൈകാര്യം ചെയ്യുന്നു ഇത്യാദി ഒന്നും ഇപ്പോള്‍ പറയാന്‍ സാധിക്കുമോ എന്നും എനിക്കറിയില്ല. എന്തെങ്കിലും അറിയിക്കാന്‍ തക്കതായത് ഉണ്ടെങ്കില്‍ തീര്‍ച്ചയായും അറിയിച്ചിരിക്കും. ഇന്ന് കമ്പ്ലെയിന്റ് ചെയ്തു എന്ന് കരുതി മറ്റന്നാള്‍ പിടിക്കുന്ന ഒരു പോലീസും ലോകത്തില്ലല്ലോ.
2. എന്തിനാ ബ്ലോഗില്‍ ഇട്ടത്, മിണ്ടാതെ ഇരുന്നാല്‍ പോരായിരുന്നോ? അല്ലെങ്കില്‍ പോലീസിനെ അറിയിച്ച് മിണ്ടാതെ ഇരിക്കണമായിരുന്നു. ബ്ലോഗില്‍ ഇട്ടതുകൊണ്ടെന്ത് കാര്യം?
ബ്ലോഗ് എനിക്ക് സ്വതന്ത്ര മാധ്യമമാണ്. ഞാന്‍ ബ്ലോഗില്‍ ഇടപെടുന്നത് ഒരു മാധ്യമം എന്ന നിലയ്ക്കാണ്. കേരള്‍സ്.കോം-നെക്കുറിച്ച് മറ്റൊരു മാധ്യമവും റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും എനിക്ക് എന്റെ ബ്ലോഗില്‍ ഇടാന്‍ അവകാശമുണ്ട്. സ്ത്രീകള്‍ക്ക് നേരെ പ്രത്യേകിച്ച് ഓണ്‍ലൈനില്‍ വളരെയധികം ആക്രമങ്ങളുണ്ടെന്ന് കണക്കുകള്‍ ശരി വെക്കുന്നു. അതുകൊണ്ട് കൂടി അശ്ലീല വെബ് സൈറ്റിലും മറ്റും യൂസര്‍ ഐഡിയും മറ്റ് ഇട്ട് എന്നെ വിരട്ടാന്‍ നോക്കിയ ശേഷം ഞാന്‍ മിണ്ടാതെ ഇരുന്നാല്‍ ശരിയാവില്ല എന്നെനിക്ക് തോന്നി. അതെന്റെ ന്യായം.
ബഹളം മുഴുവന്‍ ഇട്ടതിനും കാര്യമുണ്ട്. ജോലിയും കുടുംബവും അതും ഇതും കഴിഞ്ഞ് മൂന്നും നാലും മണിക്കൂര്‍ ഇതു മുഴുവന്‍ എഡിറ്റ് ചെയ്ത് ഇടാന്‍ സത്യമായിട്ടും ഒരു രസവുമില്ല. സത്യം! ഓരോ തവണ ഈമെയില്‍ വായിക്കുമ്പോഴും അതിലൂടെ വീണ്ടും കടന്നു പോവുകയാണ്, അതുകൊണ്ട് തന്നെ യാതൊരു രസവുമുള്ള കാര്യമല്ല.
പക്ഷെ,
പണ്ട് യാഹൂ പ്രശ്നത്തില്‍ എന്ത് എങ്ങിനെ എന്നൊക്കെ പറയണമോ എന്ന് ഒരു തീരുമാനത്തിലെത്താന്‍ സാധിക്കാതെയും, അത് പറയാന്‍ തന്നെ ഒരു വര്‍ഷം എടുക്കുകയും ചെയ്തപ്പോള്‍, അത് താമസിച്ചുപോയി എന്നും ആരോപണം ഉയര്‍ന്നിരുന്നു. യാഹൂവില്‍ ഇടപെട്ടവരുടെ മൌനം പലപ്പോഴും പലതിനും വളമായി. ഒരു പാട് പേര്‍ ഊഹാപോഹങ്ങളുണ്ടാക്കിയും തമ്മില്‍ തല്ലിച്ചും നടന്നു. അതേ പോലെ വീണ്ടും ഊഹാപോഹങ്ങളും ഗ്രൂപ്പിസവും ആരോപണവും ഉണ്ടാവരുതെന്നും ഓരോ കാര്യത്തിനും maximum transparency വേണമെന്നും കരുതിയിട്ടുമാണ്. മാത്രവുമല്ല, ഇതൊരു പാഠമാവും ഇനി വരുന്നവര്‍ക്കും. ഇങ്ങിനെ ഒരു മെയില്‍ അയച്ച് വിറപ്പിച്ചാല്‍ വിരളരുത് എന്നു തന്നെ നാളെ മറ്റൊരാള്‍ക്ക് തോന്നണം.
ഇത് ബ്ലോഗ് മൂലമല്ലാത്തൊരു പ്രശ്നമാണെങ്കില്‍ ഇത് ബ്ലോഗില്‍ ഇട്ടെന്നും വരില്ല. ബ്ലോഗിനെ ബാധിക്കുന്ന ഒരു പ്രശ്നം, ബ്ലോഗേര്‍സിനെ ബാധിക്കുന്ന ഒരു പ്രശ്നം, ബ്ലോഗ് അതിന്റെ കീവേര്‍ഡ്.
3. സ്ക്രീന്‍ ഷോട്സ് ഇടുന്നത് കേസിനെ ബാധിക്കുമോ? അല്ലെങ്കില്‍ അതുകൊണ്ടെന്തു കാര്യം?
എന്റെ ഈമെയില്‍ ഐഡി ഫോര്‍ജ് ചെയ്തപ്പോഴാണ് ആദ്യമായി അത് പറയേണ്ടി വരുന്നത്. കാരണം എന്റെ ആ ഈമെയില്‍ ഐഡിയില്‍ നിന്ന് ഫോര്‍ജ് ചെയ്ത് എല്ലാവര്‍ക്കും മെയില്‍ അയക്കുമെന്നും ഒക്കെ കരുതിയതുകൊണ്ടും അതിനൊരു വാര്‍ണിങ്ങ് എന്ന നിലയ്ക്കുമാണ് അത് ഇട്ടത്. സ്ക്രീന്‍ ഷോട്സ് ഇട്ടതുകൊണ്ട് കേസിനെ ബാധിക്കുമെങ്കില്‍ ബാധിച്ചോട്ടെ, സാരമില്ല എന്ന് കരുതാനേ എനിക്കൊക്കൂ. കാരണം, അത് അപ്പോഴത്തെ അവസ്ഥയില്‍ അത്യാവശ്യമായിരുന്നു. ഇതെല്ലാം എങ്ങിനെയൊക്കെ ചെയ്യണമെന്നും മറ്റും ഞാന്‍ പഠിച്ചു വരുന്നതല്ലേയുള്ളൂ. സത്യസന്ധമല്ലാത്ത ഒരു കാര്യം ചെയ്താലേ എനിക്ക് ഭയപ്പടേണ്ടതുള്ളൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതിവിടെ ഇട്ടതുകൊണ്ട് കേസിനെ ബാധിക്കുന്നത് ഒരു നെഗോസിയേഷനു അവരുമായി പോയാല്‍ മാത്രമേയുള്ളൂവെന്ന് എന്റെ പരിമിത വിവരം.
4. എന്തിനു വീണ്ടും വീണ്ടും അവരുമായി സംസാരിച്ചു?
ഒന്ന് സംസാരിച്ചാല്‍ തീരുന്ന പ്രശ്നമെങ്കില്‍ തീരട്ടെ എന്ന് കരുതി. എവിടെ? അവരും കൂടി അങ്ങിനെ കരുതണ്ടേ? ഈമെയില്‍ അയക്കാതെ ഇരുന്നിട്ടും തുടര്‍ന്നും ഭീഷണിയും അശ്ലീലതയും നിറയുമ്പോള്‍ പിന്നെ എന്ത് ചെയ്യും?
5. ഇതവര്‍ക്കൊരു പ്രസിദ്ധിയാവില്ലേ? ഞാന്‍ ഇന്നാണീ സൈറ്റിനെക്കുറിച്ച് അറിയുന്നത്.
kerala.com, kerals.com ഇവ രണ്ടും ആദ്യകാലങ്ങളില്‍ അമേരിക്കയിലേയും വിദേശത്തേയും ഒരുപാട് മലയാളികള്‍ ഉപയോഗിച്ചിരുന്ന രണ്ട് പ്രധാന സൈറ്റുകളാണ്. ഇതിലൂടെ ഷോപ്പിങ്ങും വിവാഹപരസ്യങ്ങളും അങ്ങിനെ ഒട്ടനവധി കാര്യങ്ങള്‍ ചെയ്യുന്ന സൈറ്റാണ്. ഗൂഗിള്‍ സേര്‍ച്ചിലെല്ലാം ഇവരുടെ സൈറ്റാണ് ഗിഫ്റ്റ് അയക്കാനും മറ്റും മുന്‍പന്തിയില്‍ വരുന്നത്. അല്ലാതെ ഇതാരും കേട്ട് കേള്‍വിയില്ലാത്ത സൈറ്റല്ല. അതുകൊണ്ട് തന്നെ ഇതുപോലെയുള്ള ഇടപാടുകളും അശ്ലീല സൈറ്റുകളും ഇവര്‍ നടത്തുന്നുണ്ടെന്ന് അറിയുന്നത് പൊതുജന താല്പര്യാര്‍ത്ഥമാണ്. ഇത് അവര്‍ക്ക് തീര്‍ച്ചയായും കുപ്രസിദ്ധിയാണ്. പിന്നെ കേരള്‍സ്.കോം എന്ന പേരു പറയാതെ എങ്ങിനെ ഇതിനെ നേരിടണമെന്ന് അറിവില്ല. എനിക്കറിയാവുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്തു. നിങ്ങള്‍ക്കറിവുള്ളത് നിങ്ങള്‍ ചെയ്യുന്നു.
വളരെ പ്രശസ്തമായ ഹിന്ദുവില്‍ വരെ കേരള്‍സ്.കോം ന്റെ ഷോപ്പിങ്ങും ഗ്രീറ്റിംഗ് കാര്‍ഡിനെക്കുറിച്ചും പരാമര്‍ശമുണ്ട്. അതെഴുതിയ ഹിന്ദു പത്രപ്രവര്‍ത്തക രേണു രാംനാഥ് തന്നെ, എന്റെ ഇഞ്ചിമാങ്ങയിലെ പോസ്റ്റ് കണ്ട് അവിടെ കമന്റും വെച്ചിട്ടുണ്ട്. അതിന്റെ അര്‍ത്ഥം, നാളെ കേരളസ്.കോമിനെ പ്രശംസിച്ച് ഒരു കുറിപ്പ് അവര്‍ എഴുതില്ല എന്ന് തന്നെയാണ്. ബ്ലോഗുകള്‍ ഇതുപോലെയാണ് സാമൂഹികമായി ഇടപടേണ്ടത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ബ്ലോഗുകള്‍ എന്തുകൊണ്ട് മുഖ്യധാരയാവുന്നില്ല എന്ന് ചോദിക്കുന്നവര്‍ക്കൊരു മറുപടിയാണത്.
ഞാനിത് എന്റെ കാര്യമായി ഒതുക്കിയിരുന്നെങ്കില്‍ ഇത്രയധികം പേരിതറിയുമായിരുന്നില്ല. നാളെ മറ്റൊരാള്‍ക്ക് ഈ വിവരങ്ങള്‍ ലഭിക്കുന്നതു വഴി വഞ്ചിതരാകാതെ ഇരിക്കാം. സേര്‍ച്ച് എഞ്ചിന്റേയും ഇന്റര്‍നെറ്റിന്റേയും ബ്ലോഗിന്റേം ശക്തിയും റീച്ചും നമ്മളോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ്. അതറിയാതെയാണ് എന്തിനാണ് എപ്പോഴും പലരും പ്രതിഷേധം എന്ന് ചോദിക്കുന്നതും. മിക്ക ഇന്റര്‍നെറ്റ് യൂസേര്‍സും സേര്‍ച്ച് വഴിയാണ് മിക്ക കാര്യങ്ങളിലും എത്തിപെടാറുള്ളത്.
6. കരിവാരം. എന്തിനു?
ഇങ്ങിനെയൊരു പരിപാടി ഞാനറിഞ്ഞിരുന്നില്ല. ഞായറാഴ്ച വൈകുന്നേരമാണ് രണ്ട് ദിവസത്തിനു ശേഷം കമ്പ്യൂട്ടറിന്റെ മുന്നില്‍ വന്നിരുന്നപ്പോള്‍ ഇതറിയുന്നത്. ‘ഇഞ്ചിപ്പെണ്ണിനു’ വേണ്ടി അല്ലെങ്കില്‍ ഞാന്‍ പറഞ്ഞിട്ടാണ് ആരെങ്കിലും ഇത് ചെയ്തെങ്കില്‍ ദയവായി ആ ബ്ലോഗ് പോസ്റ്റുകള്‍ ബ്ലോഗുകളില്‍ നിന്ന് മാറ്റണം എന്ന് തന്നെ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. മറിച്ച്, നിങ്ങളുടെ ഓരോരുത്തരുടേയും ശബ്ദം ജനാധിപത്യപരമായി മുഴങ്ങിക്കേള്‍ക്കാനും മറ്റൊരാള്‍ ഇതുപോലെ ഒരു
അവസ്ഥയില്‍ എത്താതെ ഇരിക്കുന്നതിനും മുന്നോടിയായും ബ്ലോഗുകളോടുള്ള അനീതിക്കെതിരേയും പ്രതികരിക്കണമെന്നാണ് കരുതുന്നതെങ്കില്‍ എന്റെ സലാം! ഞാന്‍ മനസ്സിലാക്കിയ കരിവാരവും അതാണ്.
നിസ്സാരനായ ബ്ലോഗര്‍ എന്ന് കരുതുന്നതുകൊണ്ടാണ് മിക്കപ്പോഴും മലയാളം മനോരമ, ടൈം ഓഫ് ഇന്ത്യ, യാഹൂ, കേരള്‍സ് തുടങ്ങിയ പോര്‍ട്ടലുകള്‍ ബ്ലോഗുകളില്‍ നിന്ന് യാതൊരു ഉളുപ്പില്ലാതെ മോഷ്ടിക്കുവാന്‍ ഒരുമ്പെടുന്നത്. രണ്ട് മോഷണ പരമ്പരയും മലയാളത്തില്‍ നിന്നായതും ശ്രദ്ധേയമാണ്. ഒരു ജാഥ കടന്നു പോകുമ്പോള്‍ ഒന്ന് കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്യുന്നതാവണം ഈ കരിവാരം കൊണ്ട് കരിവാരത്തില്‍ പങ്കെടുത്ത ഓരോ ബ്ലോഗറും അവരവരുടെ ബ്ലോഗില്‍ പോസ്റ്റു കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഞാന്‍ അനുമാനിക്കുന്നു. ഇതില്‍ എല്ലാവരും പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവര്‍ നെറികേട് ചെയ്യുന്നുവെന്നുമുള്ള പരാമര്‍ശങ്ങള്‍ ഖേദകരം മാത്രമല്ല മറ്റൊരാളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ചോദ്യം ചെയ്യലും ആവും.
7. മലയാളം ബ്ലോഗ് ഗ്രൂപ്പ്?
എന്റെ ഇംഗ്ലീഷ് ബ്ലോഗില്‍ ഇതുപോലെ ഒരു പോസ്റ്റുണ്ട്. അതിനു വരുന്ന കമന്റുകളും ഏകദേശം മലയാളം ബ്ലോഗിന്റേതിനു സമമാണ്. ഇംഗ്ലീഷ് ബ്ലോഗില്‍ പത്ത് പേരില്‍ കൂടുതല്‍ ആരുടേയും ബ്ലോഗ് പോലും ഞാന്‍ വായിക്കാറില്ല. കമന്റുകള്‍ വളരെ വിരളമാണ്. എന്നിട്ടും അവിടേയും പലരും ഇതു വരെ പരിചയമില്ലാത്തവര്‍ സഹായഹസ്തവുമായി മുന്നോട്ട് വരുന്നുണ്ട്, വായനക്കാര്‍ മുതല്‍ വക്കീലന്മാര്‍ വരെ ഈമെയില്‍ അയക്കുന്നുണ്ട്. അവിടെ ഇംഗ്ലീഷ് ബ്ലോഗില്‍ കൂട്ടായ്മ/ഗ്രൂപ്പ് അങ്ങിനെയൊന്നുമില്ല. ഒരു പ്രശ്നം വരുന്ന മുറയ്ക്ക് അവരവര്‍ പ്രതികരിക്കുന്നു എന്നേയുള്ളൂ.
പിന്നീട് ഈ പ്രശ്നത്തിനു പ്രതികരിച്ചവര്‍ മറ്റൊരു പ്രശ്നത്തിനു പ്രതികരിച്ചു കൊള്ളണമെന്നില്ല. അവനവന്റെ സ്വാതന്ത്ര്യം തന്നെയാണ് മുഖ്യം. അവനവനു തോന്നുന്നതു മാത്രമേ ചെയ്യേണ്ടതുള്ളൂ താനും. അല്ലാതെ ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമായതുകൊണ്ടോ ഇനി ഇവരില്‍ നിന്നെല്ലാം എന്തെങ്കിലും പ്രതീക്ഷിക്കുന്നതുകൊണ്ടോ ആവില്ലല്ലോ. ഇതിനു വേണ്ടി പോസ്റ്റിട്ടവര്‍ക്കെല്ലാം മറ്റൊരു വ്യത്യസ്ഥമായ പ്രശ്നം വന്നാല്‍ ഞാനോ ഇന്ന് പോസ്റ്റിട്ടവരോ പോസ്റ്റിടുമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. എനിക്ക് തികച്ചും ഉചിതമെന്ന് തോന്നുന്നതേ ഞാനിതു വരെ ചെയ്തിട്ടുള്ളൂ. ഒരു നിര്‍ബന്ധത്തിനും ഞാന്‍ വഴങ്ങില്ല.
8. എന്തിനു സജിയുടെ ബ്ലോഗ് മോഷണം പോയതില്‍ ഞാനിടപെട്ടു?
ഇത് എന്നേയും കുഴയ്ക്കുന്ന പ്രശ്നമാണ്. സജിയുടെ ബ്ലോഗില്‍ പോസ്റ്റ് ഞാന്‍ കാണുന്നത് തന്നെ രണ്ട് ദിവസം കഴിഞ്ഞിട്ടാണ്. അപ്പോഴേക്കും അവിടെ കുറേയധികം കമന്റുകള്‍ വന്നിരുന്നു. എന്റെ മനസ്സില്‍ അവിടെ കമന്റിട്ടവരെല്ലാം തന്നെ കേരള്‍സ്.കോം നെതിരെ പ്രതികരിച്ചു കഴിഞ്ഞുവെന്നും എന്നിട്ടും മറുപടി ഇല്ലായെന്നും മറ്റുമാണ് കമന്റുകളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയത്. മാത്രമല്ല, കേരള്‍സ്.കോം-ലാകട്ടെ മുഴുവന്‍ കണ്ടന്റും മോഷ്ടിക്കപ്പെട്ടതും. അതുകൊണ്ട് തന്നെ അടുത്ത സ്റ്റെപ് ആയ ഗൂഗിള്‍ ആഡ് സെന്‍സ് അല്ലെങ്കില്‍ വെബ് ഹോസ്റ്റിങ്ങ് പ്രൊവൈഡര്‍ ഇവയിലേക്ക് അറിയിക്കുകയാണ്. ഇത് തന്നെയാണ് കേരള്‍സ്.കോം -ലേക്ക് എഴുതി അറിയിച്ചതും. മോഷണം നടത്തുകയും,
അതിനെതിരെ എഴുതി ചോദിച്ചവരെ ഗൌനിക്കാതിരിക്കുകയും ചെയ്ത ഒരു കള്ളനോട്, അതില്‍ കൂടുതല്‍ സൌമ്യമായി ഒരു കാര്യം പറയുവാനുള്ള തക്ക തൊലിക്കട്ടി എനിക്കില്ല. എന്തായാലും അതിനു മുന്‍പ് കമന്റ് വെച്ചവര്‍ ഒന്നും മെയില്‍ അയച്ചില്ല എന്ന് എനിക്ക് പിന്നീടാണ് മനസ്സിലായത്. അദ്യം എന്നെ കിട്ടി അവര്‍ക്ക്. എനിക്കിട്ട് തന്നു. അത്രേയുള്ളൂ. എനിക്കറിയാവുന്നത് ഞാന്‍ പ്രവര്‍ത്തിച്ചു. അത്ര മാത്രം.
9. ചില വ്യക്തികള്‍ക്ക് വേണ്ടി മാത്രമേ നില്‍ക്കുന്നുള്ളൂ? യാഹൂ മുതല്‍ കേരള്‍സ് വരെ?
ഇതുവരേയും ഒരു വ്യക്തിക്കു വേണ്ടിയും ഞാന്‍ നിന്നിട്ടില്ല എന്നാണെന്റെ വിശ്വാസം. എന്റെ വിശ്വാസങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും ബ്ലോഗിനു വേണ്ടിയുമാണ് ഞാന്‍ പ്രതികരിക്കാറുള്ളത്. അത് ആരായാലും പ്രശ്നമില്ല. നാളേയും അത് തന്നെ ചെയ്യും. വെറും പൊള്ളയായ വാക്കുകളല്ല ഇത്. I like to walk the talk. എന്റെ മനസ്സാക്ഷിക്കുതകുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്യും. അതിനിയിപ്പോ ഞാന്‍ മാത്രമേ അതിനു വേണ്ടിയുള്ളൂവെങ്കില്‍ പോലും ഞാന്‍ ചെയ്തിരിക്കും.
യാഹൂ, കേരള്‍സ് രണ്ടും വമ്പന്‍ പോര്‍ട്ടലുകളാണ്. ബ്ലോഗിന്റെ സ്വതന്ത്ര്യവും മറ്റും പോര്‍ട്ടലുകളുടെ വളര്‍ച്ചയ്ക്ക് വിലങ്ങ് തടിയാണ്. അതുകൊണ്ട് തന്നെ പോര്‍ട്ടലുകള്‍ മോഷ്ടിക്കുമ്പോഴും അത് വെച്ച് അവര്‍ പണം സമ്പാദിക്കുമ്പോഴുമാണ് എനിക്ക് പ്രതികരിക്കുവാന്‍ തോന്നാറുള്ളൂ. യാഹൂവിനു ശേഷവും കേരള്‍സിനു മുന്‍പും ഏതെങ്കിലും വമ്പന്‍ പോര്‍ട്ടലുകള്‍ ഇതുപോലെ ഒരു മോഷണം നടത്തിയതായി എനിക്ക് അറിവില്ല. പൊതുവേ ഒന്നോ രണ്ടോ വ്യക്തികള്‍ മോഷ്ടിക്കുകയോ അല്ലെങ്കില്‍ അങ്ങിനെ എന്തെങ്കിലും തരം കാര്യങ്ങള്‍ക്കെതിരെ പ്രതികരിക്കണമെന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല. കാരണം അതിന്റെ ഇമ്പാക്റ്റ് വാല്യൂ(impact value) ബ്ലോഗിന്റെ പ്രവര്‍ത്തനത്തിനു അധികം ബാധിക്കില്ല എന്ന് കരുതുന്നതുകൊണ്ട്. അത് മാത്രമല്ല, ഇനി നാളെ പ്രതികരിക്കാതിരിക്കുവാനും എന്റെ സ്വാതന്ത്ര്യമാണ്.
10. ഇതില്‍ വിജയിക്കുമോ?
ഇതു വരെ ഇതിനുവേണ്ടി പോരാടിയതിനെല്ലാം തന്ന ചെറിയ ചെറിയ വിജയങ്ങള്‍ ആത്മവിശ്വാസമുണ്ടാക്കുന്നുണ്ട്. സജിയുടെ ബ്ലോഗില്‍ വെറുതെ ഒരു കമന്റിട്ട് പോവാതെ, ഒരു മെയില്‍ എങ്കിലും അവര്‍ക്ക് അയക്കണം എന്ന് തോന്നിയതുകൊണ്ടാണ് അത് ചെയ്തത്. കേരള്‍സ്.കോം ന്റെ നീച മുഖം മറനീക്കി പുറത്തുകൊണ്ട് വരാന്‍ സാധിക്കുമെന്നും, അവരുടെ അനാഥാലയ ഇടപാടുകളും അശ്ലീല വെബ് സൈറ്റുകളെ പറ്റിയുള്ള വിവരങ്ങള്‍ ശേഖരിക്കുവാന്‍ സാധിക്കുമെന്നും, മലയാളം സെക്ഷന്‍ അടച്ച് പൂട്ടുമെന്നും ശിവകുമാര്‍ ചെയ്തതിനെതിരെ അവരുടെ മാനേജ്‌മെന്റ് അവരുടെ സൈറ്റില്‍ മാപ്പ് പറയുമെന്നും ഒന്നും മുന്‍കൂട്ടി കാണുവാന്‍ സാധിക്കാത്ത കാര്യങ്ങളായിരുന്നു.
ഇനിയും ഓരോ കാര്യവും വരുന്നിടത്തു വെച്ച് തന്നെ നേരിടേണ്ടി വരും. ഒന്നുമില്ലെങ്കിലും ഞാന്‍ മിണ്ടാതെ തല കുനിച്ച് ഇരുന്നു എന്ന് എനിക്ക് പിന്നീട് തോന്നരുത്. എനിക്കാവുന്നിടം വരെ ഞാന്‍ ഇതിനുവേണ്ടി നില്‍ക്കും. അത്രയേ എനിക്ക് പറയാന്‍ സാധിക്കുകയുള്ളൂ. നാളെ മറ്റൊരാള്‍ എന്നേക്കാളും രണ്ട് കാതം ദൂരം കൂടി നടക്കും. അങ്ങിനെയാണല്ലോ എല്ലാം മുന്നോട്ട് പോകുന്നത്.
11. അടുത്ത അപ്‌ഡേറ്റ്?
ഇതിന്റെ പിന്നില്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടാവുമെന്ന് കരുതുന്നു. ചിലരൊക്കെ കേസിനു പോവുമെന്നും മറ്റും ഞാന്‍ കേള്‍ക്കുന്നു, പക്ഷെ ഊഹാപോഹങ്ങള്‍ എഴുതി വിടാന്‍ പറ്റില്ലല്ലോ. എന്റെ കാര്യത്തില്‍ സമര്‍പ്പിച്ച പരാതിയില്‍ എന്തെങ്കിലും തീരുമാനം ഉണ്ടായാല്‍ അല്ലെങ്കില്‍ അറിയിക്കാന്‍ കുഴപ്പമില്ലാത്ത കാര്യങ്ങള്‍ ഉണ്ടായാല്‍ തീര്‍ച്ചയായും അറിയിച്ചിരിക്കും. ഇങ്ങിനെ ഒരു പ്രശ്നം ഏതൊരു ബ്ലോഗറേയും ഇന്നോ നാളെയോ ബാധിക്കുന്ന പ്രശ്നമായതുകൊണ്ട് ഇതിനെക്കുറിച്ച് അറിയിക്കണം എന്ന് തന്നെ എനിക്കുണ്ട്.
2008-06-10
കേരള്‍സ്.കോം - പുതിയ വിവരങ്ങള്‍
Subscribe to:
Post Comments (Atom)
34 പ്രതികരണങ്ങള്‍:
യാഹൂവിന്റെ കാര്യത്തില്‍ ചെയ്തതുപോലെ ഒരു പോസ്റ്റിട്ടതുകൊണ്ടോ, കരിവാരം ആചരിച്ചതുകൊണ്ടോ, കേരള്‍സ്.കോം തെറ്റുകള്‍ തിരിച്ചറിയുമെന്നോ, തിരുത്തുമെന്നോ കരുതുക വയ്യ. പോസ്റ്റ് കോപ്പി ചെയ്തതിനുപരിയായി ‘ഇഞ്ചിപ്പെണ്ണ്’ എന്ന ബ്ലോഗറോട് പെരുമാറിയ രീതി അപലപനീയമാണ്. എന്നാല്‍, പോസ്റ്റിനേക്കാളുപരി നിയമപരമായി അവരെ നേരിടുന്നതിലേ കാര്യമുള്ളൂ എന്നു തന്നെയാണ് എന്റെ വിശ്വാസം. 1-ല്‍ പറഞ്ഞ പ്രകാരം തന്നെയായിരുന്നു ചെയ്യേണ്ടിയിരുന്നത്.
നിയമത്തിന്റെ വഴി തേടിയ നിലയ്ക്ക് ഇനി കാര്യങ്ങള്‍ മുറപോലെ നടക്കുമെന്നു കരുതാം. മിക്കവാറും, കേരള്‍സ്.കോം അധികൃതര്‍ക്ക് പിടിപാടുകളും/സ്വാധീനവും കുറവായിരിക്കുവാന്‍ സാധ്യതയില്ലല്ലോ! അതുകോണ്ട് കാര്യമായ ഫലമെന്തെങ്കിലും ഉണ്ടാവുമെന്നും കരുതുക വയ്യ.
6-ല്‍ പറഞ്ഞ കരിവാരം അപ്പോള്‍ ആരാണ് ആഹ്വാനം ചെയ്തത്? ഇഞ്ചിമാങ്ങയും, നാലുകെട്ടും തോണിയും കറുപ്പിക്കാതിരിക്കുകയും, മറ്റുള്ളവര്‍ ‘ഇഞ്ചിപ്പെണ്ണിനു വേണ്ടി’ എന്ന ലേബലില്‍ ബ്ലോഗുകള്‍ കറുപ്പിക്കുകയും!
ഏതായാലും ഇങ്ങിനെയൊരു പോസ്റ്റിട്ടത് നന്നായി. കുറച്ചുപേരുടെയെങ്കിലും തെറ്റിദ്ധാരണകള്‍ മാറുവാന്‍ ഇതുകൊണ്ട് സാധിച്ചെക്കാം.
--
ഈ ബഹളങ്ങള്‍ക്കിടയില്‍ ഇഞ്ചി എവിടെപ്പോയീന്ന് ആലോചിച്ച് ലേശം ശങ്ക തോന്നിയിരുന്നു (തമാശയല്ല). ഇപ്പോ സമാധാനമായി. പിന്നെ, അമ്മയെത്തല്ലിയാലും രണ്ടു പക്ഷമുണ്ടാവുമെന്ന് പറയുന്നപോലെ, ഇവിടെയും രണ്ട് പക്ഷം. എന്നാല്‍ ഭൂരിഭാഗവും താങ്കളുടെ കൂടെയാണ്. ബ്ലോഗേര്‍സും, സാധാരണ ബ്ലോഗ് വായിക്കാത്തവര്‍ക്കും ഇഞ്ചിയുടെ പോസ്റ്റിന്റെ ലിങ്ക് ഈമെയില്‍ വഴി കിട്ടുന്നുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. കാരണം എനിയ്ക്കും കിട്ടി ഒരു മെയില്‍. വീണ്ടും എന്റെ എല്ലാ പിന്തുണയും ...
തീര്‍ച്ചയായും ഇഞ്ചി കഴിഞ്ഞ പോസ്റ്റ് ഇട്ടതു കൊണ്ട് എന്നെ സംബദ്ധിച്ച് പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിച്ചു. ഉദാ: ഇങ്ങനെ ഈമെയില്‍ ഫോര്‍ജ്ജ് ചെയ്യാം എന്നൊന്നും എനിക്ക് അറിയാന്‍ പാടില്ലായിരുന്നു. നാളെ അത്തരമൊരു മെയിലോ മറ്റൊ വരുകയാണെങ്കില്‍ അത് ഫോര്‍ജ്ജ് ചെയ്ത അയച്ചതാവാന്നും എനിക്ക് പരാതി നല്‍കാനാവുമെന്നും ഒക്കെ മനസ്സിലായി.
പിന്നെ കരിവാരത്തില്‍ പങ്കെടുത്തത് എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ്. അതില്‍ മനസ്താപമൊന്നുമില്ല.
12. കരിവാരം ആരാണു് ആഹ്വാനം ചെയ്തതു്?
കരിവാരം ആരും ആഹ്വാനം ചെയ്തീട്ടില്ല. അതു എങ്ങനെ ഒരു പ്രൊട്ടെസ്റ്റ് എന്ന രീതിയില്‍ വളര്‍ന്നു എന്നാണു് ചോദ്യമെങ്കില്‍ ഉത്തരം.
ആദ്യം രാജ്നീട്ടിയത്ത് ആണു കോപ്പീറൈറ്റ് വയലേഷനും അപ്പുറത്തുണ്ടായ കേരള്‍സിന്റെ ക്രിമിനല്‍ കുറ്റങ്ങള്‍ക്കെതിരെ ഇഞ്ചി തുടര്‍ന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപീച്ച് തന്റെ ബ്ലോഗ് കറുപ്പാക്കിയതു്. രാജ് ആരോടും കറുപ്പാക്കാന്‍ ആവശ്യപ്പെട്ടില്ല. പിറ്റേ ദിവസം വണ്‍ സ്വാളോ തന്റെ ബ്ലോഗ് കറുപ്പിക്കുകയും അതൊരു ഐക്യദാര്‍ഡ്യമായി കണ്ട് മറ്റുള്ളവരോട് ജോയിന്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അതു കണ്ട് അങ്ങനെ ചെയ്യുന്നതില്‍ ശരി കണ്ടീത്തിയവര്‍ ആണു് പിന്നീട് ബ്ലോഗ് കറുപ്പിച്ചതു്. ഇതു പ്രതിഷേധങ്ങള്‍ക്കു് മുന്നില്‍ നില്‍ക്കുന്നവരോടുള്ള ഐക്യദാര്‍ഡ്യത്തിനാണു്.
ഒരു വര്‍ഷത്തോളമായിട്ടുള്ളു ബ്ലോഗുകള്‍ നിരീക്ഷിക്കാന്‍ തുടങ്ങിയിട്ട്. നിങ്ങളുടെ പല ചിന്താരീതികളും ഞാനിഷ്ടപെടത്തതാണ്. നിങ്ങളുടെ പല കമ്മന്റുകളും പോസ്റ്റുകളും എന്റെ ചിന്തയുമായി ഒരിക്കലും ഒത്തിണങ്ങാറില്ല..
പോസ്റ്റ് കോപ്പി ചെയ്തതിനു പരിയായി ‘ഇഞ്ചിപ്പെണ്ണ്’ എന്ന ബ്ലോഗറോട് പെരുമാറിയ രീതി അപലപനീയമാണ്. ഇനി ഒരു ബ്ലോഗറും അതറിയരുത്.
അത് കൊണ്ട് ഞാനും കൂടി.. അത് കൊണ്ട് മാത്രം..
“ഇനിയും ഓരോ കാര്യവും വരുന്നിടത്തു വെച്ച് തന്നെ നേരിടേണ്ടി വരും. ഒന്നുമില്ലെങ്കിലും ഞാന്‍ മിണ്ടാതെ തല കുനിച്ച് ഇരുന്നു എന്ന് എനിക്ക് പിന്നീട് തോന്നരുത്. എനിക്കാവുന്നിടം വരെ ഞാന്‍ ഇതിനുവേണ്ടി നില്‍ക്കും. അത്രയേ എനിക്ക് പറയാന്‍ സാധിക്കുകയുള്ളൂ. നാളെ മറ്റൊരാള്‍ എന്നേക്കാളും രണ്ട് കാതം ദൂരം കൂടി നടക്കും. അങ്ങിനെയാണല്ലോ എല്ലാം മുന്നോട്ട് പോകുന്നത്. ”
:)
വിശദീകരണങ്ങള്‍ നന്നായി
കാര്യങ്ങള്‍ മനസിലാക്കുവാന്‍ സഹായകരം.
നിങ്ങളുടെ ശ്രമങ്ങള്‍ ഫലം കാണട്ടെ. എന്നാശംസിക്കുന്നു.
നന്ദി.
Good news for you. It seems Google has acted faster than anyone else. They have banned the adsense account of this company.
For proof, just go to kerals.com. Go to any post inside. Right click -> View Source. You will find the ad code from Google adsense, but if you see the page there is no ad being served. (Acc to the code they have two 160*600 banner which should be served alongside) That is clear proof of them getting banned from Adsense.
I being a webmaster myself can understand that, getting banned from adsense is a huge loss for any organization.
Kudos, you have already won half the battle!!!
ഞാന്‍ ഈ കാര്യത്തില്‍ ഒത്തിരി അഭിപ്രായങ്ങള്‍ പറയാത്ത ആളാണ്. പക്ഷേ ഒരു കമ്പ്ലൈന്റ് ഏതൊക്കെയോ പോസ്റ്റില്‍ കണ്ടത് പ്രകാരം ഗൂഗിളിനും ആ സര്‍വര്‍ മുതലാളിക്കും അയച്ചിരുന്നു. ഇപ്പോള്‍ ഗൂഗിള്‍ അവരുടെ പരസ്യം എടുത്ത് കളഞ്ഞെങ്കില്‍ ഞാന്‍ കൂടി അയച്ച പരാതി പ്രകാരം ആനെന്ന് വിനയ പുരസ്സരം അറിയിക്കട്ടെ. ഇത് ആരുടെയും വിജയം ആയി അനോണി സ്വയം പ്രഖ്യാപിക്കണ്ട. അത്ര ആഹ്ലാദം ഉള്ള വാര്‍ത്ത സ്വന്തം ബ്ലോഗില്‍ എന്തു കൊണ്ട് "അനോണി" ഇടുന്നില്ല? അതല്ലായിരുന്നോ എല്ലാവരും അറിയാനുള്ള മാര്‍ഗ്ഗം...
ഒരു സംശയം... ആ പരസ്യങ്ങള്‍ ഗൂഗിളിന്റേത് തന്നെ ആയിരുന്നോ?
ഇഞ്ചീ, എല്ലാ പിന്തുണയും. ധീരയായി പൊരുതുക. ബ്ലോഗ് ആശയ വിനിമയത്തിന്‍റെ ശക്തമായ മാധ്യമം തന്നെയാണ്. അതിലെ കള്ളനാണയങ്ങള്‍ പോയി തുലയട്ടെ.
..
ഹലോ ഇഞ്ചീ
ഇഞ്ചി പറഞ്ഞതിനോട് പൂര്‍ണ്ണമായി യോജിക്കുന്നു.
ഒരോരുത്തരുടേയും മനോധര്‍മ്മം പോലെ പ്രശ്നങ്ങളില്‍ ഇടപെടുക, പ്രതികരിക്കുക എന്നൊക്കെത്തന്നെയാണ് എന്റേയും കാഴ്ചപ്പാട്. നാളെ എനിക്ക് ഒരു പ്രശ്നം വന്നാല്‍ ഇഞ്ചി പ്രതികരിച്ചില്ലെങ്കില്‍, അതെന്ത് കൊണ്ടാണ്, ഞാന്‍ വേറെ ഗ്രൂപ്പായത് കൊണ്ടാണോ എന്നൊന്നും ഞാന്‍ പറയില്ല. ഒരോരുത്തരും പൂര്‍ണ്ണമായും സ്വതന്ത്രരാണ്, നിലപാടുകളെടുക്കാന്‍. ഗ്രൂപ്പ് ഉള്ളവരും ഇല്ലാത്തവരും.
കോപ്പ് റൈറ്റ് ഇഷ്യുവിനേക്കാള്‍ ഇത് ഒരു ഹരാസ്സ്മെന്റ് കേസ് ആയാണ് എനിക്ക് തോന്നിയത്. ഒരു വ്യക്തിയെ ഒരു കമ്പനിയുടെ മറവില്‍ നിന്ന് നീചമായി ഹരാസ്സ് ചെയ്യുക. പിന്തുടരുക, ഭീഷണിപ്പെടുത്തുക, കള്ളം പറഞ്ഞ് എതിര്‍ വികാരമിളക്കി വിടുക! തികച്ചും ശിക്ഷാര്‍ഹമായ ക്രിമിനല്‍ കുറ്റമായി എനിക്ക് തോന്നി. പരിമിതികളാല്‍ മോറല്‍ സപ്പോര്‍ട്ടോ ഫൈനാന്‍ഷ്യല്‍ സപ്പോര്‍ട്ടോ മാത്രമേ തരാന്‍ കഴിയുമായിരുന്നുള്ളൂ എന്നത് വേറെ കാര്യം. എങ്കിലും സപ്പോര്‍ട്ട് ചെയ്യുന്നു എന്നൊരു വാചകം എഴുതിയിരുന്നില്ലെങ്കില്‍ ഒരു മനസാക്ഷിക്കുത്ത് അനുഭവപ്പെടുമായിരുന്നു. അതിനാലെഴുതി..അല്ലാതെ കേരള്‍സിനെ ഞാന്‍ മൂക്കില്‍ കയറ്റിക്കളയും എന്നൊന്നും വിചാരിച്ചിട്ടല്ല.
ഒരോരുത്തരും അവരവരുടെ ചെറിയ യുദ്ധങ്ങള്‍ ജയിക്കാന്‍ നോക്കില്ലേ?
ഏതായാലും ഒന്നു കൂടി പറയട്ടെ..
അഭിനന്ദനങ്ങള്‍. ഇഞ്ചിക്ക് ചെയ്യാനുള്ളത് ചെയ്തു എന്നാണ് എനിക്ക് തോന്നുന്നത്. ഇനി നിയമം അതിന്റെ വഴിക്ക് പോകട്ടെ.
ഈ പ്രശ്നത്തില്‍ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ വാഗ്‌ദാനം ചെയ്യുന്നു.
അരവിന്ദ്.
പ്രസിഡന്റ് ,ബ്ലോഗ് ആഫ്രിക്കന്‍ ഗ്രൂപ്പ് യൂണിയന്‍ (അ) വിഭാഗം
pls inju ente kesinte karyam enthayi
ഒരു സല്യൂട്ട്.. :-)
പോരട്ടെ പോരട്ടെ ആളെ വിഡ്ഡിയക്കാനുള്ള പുതിയ നമ്പറുകള്‍.നിങ്ങള്‍ പോലീസില്‍ രേഘാമൂലം പരാതി നല്‍കിയിട്ടില്ല എന്നാണ് എനിക്ക് മനസിലാകുന്നത്.
"
1. പോലീസിനെ അറിയിച്ചോ ?
അറിയിച്ചു. ഇന്ത്യയിലും അമേരിക്കയിലും അറിയിച്ചിട്ടുണ്ട്
"
അതായത് നിങ്ങള്‍ ഇ-മെയില്‍ വഴിയോ മറ്റൊ ഇന്‍ഫോം ചെയ്യുകയാണ് ചെയ്തത്. ഒരു കാര്യം മനസ്സിലാക്കുക്ക, ഇവിടെ പ്രതിഷേധിക്കുന്ന ബ്ലോഗര്‍മാരില്‍ പലരും വ്യക്തമാക്കിയത് തങ്ങള്‍ പ്രതിഷേധിക്കുന്നത് ഇഞ്ചിയ്ക്കെതിരായി കേരള്‍സ്.കോം നടത്തിയ പ്രവര്‍ത്തികള്‍ക്കെതിരെയാണ് എന്നാണ്. അപ്പോള്‍ നിങ്ങള്‍ ഒരു പരാതി ( റിട്ടണ്‍ കംപ്ലേയ്ന്റ് ) പോലും നല്‍കാതെയിരിക്കുന്നത് ശരിയണോ?
Sathya said...
Dear All,
This is Sathya from Kerals.com... Just to let all know that, we have given 2 weeks notice to Shiva Kumar due to this issue.. He no longer will be working for Kerals.com...
We will be posting that in the site shortly.. Not only that we have done few more actions to prevent these kind of activities happening in the future..
Actions we took
1) Gave 2 week termination notice to Shiva Kumar (GM of Anashwara Groups)
2 )Warning to all rep teams who send emails with no self respect..
3) All the members post will be reviewed and approved by moderators before it gets published
4) We have new matured peoples to handle support section and other sections..
Please note that Kerals.com management have no in or out connections with any members who send bad mails... We closed the entire section while bloggers notified that it's there contents..
Thank You for your understanding.. Feel free to mail me at shukria50 @ yahoo.com or sathya @ kerals.com if any questions...
Sathya
അരവിന്ദ് ന്റെ കമന്റിനടിയില്‍ ഒരു ഒപ്പ് കൂടി (ഇത് ആഫ്രിക്കന്‍ ബ്ലോഗര്‍ യൂണിയനില്‍ ഞാന്‍ അംഗമായത് കൊണ്ടല്ല :) അരവിന്ദേ, ഞാനും 'അ' ഗ്രൂപ്പ് ആണ്. എന്നെ സെക്രട്ടറിയാക്കാമോ)
ഈ പ്രശ്നങ്ങളെ തുടര്‍ന്നുള്ള പോസ്റ്റുകളിലൂടെ നിരവധി പുതിയകാര്യങ്ങളെകുറിച്ച് അറിയാന്‍ കഴിഞ്ഞു എന്നത് തന്നെ ഈ മാധ്യമത്തിന്റെ ശക്തിയാണു.
ഇഞ്ചിയുടെ പരിശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു.
എന്നെ നിങ്ങളറിയില്ല.
ഞാനീ ബൂലോക ക്ലിക്കുകളിലെ ഒരു കണ്ണിയല്ല. ഈ പെണ്‍കുട്ടിയെ എനിക്കറിയുകയുമില്ല.
എങ്കിലും ....
അനീതിയെന്ന് തിരിച്ചറിയുന്നതിനെതിരെ പ്രതിക്കരിക്കുന്ന...
സഹജീവിയുടെ രോദനങ്ങള്‍ കാതോര്‍ക്കുന്ന...
"ഒന്നുമില്ലെങ്കിലും ഞാന്‍ മിണ്ടാതെ തലകുനിച്ചിരുന്നുവെന്ന്" പിന്നീട് അലോസരപ്പെടുത്തുന്ന ഒരു മനസ്സുള്ള ...
പെണ്‍കുട്ടീ അഭിവാദനങ്ങള്‍.
വിജയാശംസകള്‍.
കനലുകള്‍ കെടാതിരിക്കട്ടെ.
ശേഖു.
ഇഞ്ചിയുടെ നിലപാടുകള്‍ അഭിനന്ദനമര്‍ഹിക്കുന്നു. കരിവാരം ‘ഇഞ്ചിപ്പെണ്ണിനു വേണ്ടി’എന്ന ലേബലില്‍ ആരും ചെയ്തതാണെന്നു തോന്നുന്നില്ല. തീര്‍ത്തും അപലപനീയമായ ചില നടപടികള്‍ക്കെതിരായ പ്രതിഷേധത്തില്‍ ബ്ലോഗര്‍മാര്‍ സ്വമേധയാ പങ്കുചേര്‍ന്നതാണ്. “നമ്മളായിട്ടിതിനൊന്നും പോവണ്ടെ“ന്നു കരുതുന്ന ഉണ്ണിപ്പിണ്ടി മനസ്കര്‍ക്കും കൂടിവന്നാല്‍ മറുപടിയായി നാലു തെറിക്കത്തുകള്‍ അങ്ങോട്ടയച്ച് കലി തീര്‍ക്കുന്നവര്‍ക്കും ഇഞ്ചി ഇതു കൈകാര്യം ചെയ്ത/ചെയ്യുന്ന രീതി കണ്ട് ചിലതൊക്കെ മനസ്സിലാക്കാവുന്നതാണ്. പിന്നെ ഓരൊ സ്റ്റെപ്പും ശരിയായോ, തെറ്റായോ, ഇതുകൊണ്ടെന്തു പ്രയോജനം, പോലീസില്‍ പരാതി കൊടുത്തൊ, ഉണ്ടെങ്കിലെപ്പോള്‍ തുടങ്ങിയ സന്ദേഹങ്ങളാല്‍ വ്യാകുലപ്പെട്ടും പൊറുതിയില്ലാഞ്ഞും ഇരിക്കുന്നവര്‍ക്ക് വേണമെങ്കില്‍ തങ്ങളുടെ ബ്ലോഗൊന്നു കറുപ്പിക്കാവുന്നതാണ് - ഇതൊരാഹ്വാനമായിട്ടെടുക്കണ്ട.
പ.ലി. കേരള്‍സ്.കോം താരതമ്യേന പുതിയ കൂട്ടരാണെന്നു തോന്നുന്നു. എന്റെ അറിവില്‍ കേരള്‍.കോമുമാണ് പഴയ കക്ഷികള്‍.
hats off!!!
Anyway, i believe you are doing the right thing. I am not in a position to support you, but i believe, its good to at least offer mental support to a fellow being who is being harassed mentally. Now it is in root a problem between inji and Kerals.com(the ones for whom inji talked can be associates), so we have only two options listen to inji or listen to kerals. You choose what you like thats all.
I am iterating my stand once again. Its a problem of abuse than theft. With the laws in both India and U.S, i believe its a bad situation for them. There is a lot problem for them when a criminal proceeding will start. So, there are too many ways before inji. She can take any of them according to her priority. So friends, let her think and decide for her own. Let us give consultations if we are able. I believe thats how good friends act. Even if she is ready for settlement, there is no point in blaming her. Legal proceedings in US is not that cheap. Also, i believe she is in no position to spent time on a trial. Finally decision is hers. Just don't try to make decisions for her.
ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന ബഹുമതിയുമായി എ കെ ആന്റണി ആദ്യമായി കേരള മുഖ്യമന്ത്രിയായ കാലം. നിയമസഭയില്‍ സിപിഎം അടക്കമുളള പ്രതിപക്ഷം ആന്റണിയെ അതിരൂക്ഷമായി വിമര്‍ശിച്ചു. വിമര്‍ശനം പലപ്പോഴും വ്യക്തിപരവുമായിരുന്നു.
അക്ഷോഭ്യനായി മറുപടി പറയാനെഴുനേറ്റ ആന്റണി, ആരോപണങ്ങള്‍ ഖണ്ഡിച്ചു. വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു.
"എനിക്കെതിരെ പ്രയോഗിച്ച വാക്കുകളെയും വാചകങ്ങളെയും കുറിച്ച് ഞാനൊന്നും പറയുന്നില്ല. ഈ പറഞ്ഞതൊന്നും വേണ്ടായിരുന്നുവെന്ന് പറഞ്ഞവര്‍ക്ക് തന്നെ പിന്നീട് തോന്നും." (വാചകങ്ങള്‍ ഓര്‍മ്മയില്‍ നിന്ന്. അവലംബം, ഡോ. ആര്‍ പ്രസന്നന്റെ നിയമസഭയില്‍ നിശബ്ദനായി എന്ന പുസ്തകം).
തികച്ചും ഗൗരവമുളള ഒരു പ്രശ്നത്തില്‍ ഇടപെട്ട നിങ്ങള്‍ക്കെതിരെ അതിരൂക്ഷവും മാന്യത കെട്ടതുമായ പ്രചരണം ഉണ്ടായിട്ടും, അതേക്കുറിച്ച് പാലിക്കുന്ന ഈ ധീരമായ നിശബ്ദതയ്ക്ക് അഭിനന്ദനങ്ങള്‍. സാര്‍ത്ഥവാഹകസംഘം മുന്നോട്ടു തന്നെ പോകും, എന്തുവന്നാലും. കുരയ്ക്കുന്നവരെ പക്ഷേ പട്ടികള്‍ എന്നുവിളിക്കാന്‍ ഞാനില്ല. നായൊരു നല്ല മൃഗമാണെന്നാണല്ലോ വെപ്പ്.
മാരീചന്‍..
നിങ്ങളെക്കുറീച്ചുള്ള മതിപ്പ് കൂടുകയാണല്ലോ സഖാവേ!
മനസ്സില്‍ ആദരവുണ്ടായിരുന്ന പലരും (കിരണിന്റെ പേര് എടുത്ത് പറയട്ടെ- ബേര്‍ളിയുടെ പോസ്റ്റില്‍ അയാള്‍ ഇട്ട ചീപ്പ് കമന്റ്, മൂപ്പരുടെ ചെമ്പ് തെളിയിച്ചു.) ഇതിനെതിരെ പ്രതികരിച്ച വിധം കണ്ട് സങ്കടവും ആശ്ചര്യവും തോന്നിയിരുന്നു!
വേറിട്ടു നില്‍ക്കുന്ന ഈ വ്യക്തിത്വം കാത്തുസൂക്ഷിക്കുക!
ഒരു വായനക്കാരന്‍.
വാര്‍ത്ത ഇവിടെ-
http://www.newindpress.com/NewsItems.asp?ID=IEX20080612225723&Page=X&Title=Kochi&Topic=0&
....
പ്രിയ സുഹൃത്തേ,
അക്ഷരക്കള്ളന്മാര്‍ക്കെതിരെയുള്ള താങ്കളുടെ ഓരോ നീക്കങ്ങളും അഭിനന്ദനാര്‍ഹങ്ങളും, മറ്റുള്ളവര്‍ക്ക്‌മാതൃകയും പ്രോത്സാഹനവും ആണ്. തീര്‍ച്ചയായും, ഇത്തരമൊരു സാമൂഹീക അനീതിയെ നോക്കിക്കൊണ്ടു നില്‍ക്കുക വയ്യ. അതിനാലാണ് നിഷ്കളങ്കന്‍ ഓണ്‍ലൈന്ന് കറുത്തതും, പ്രാതിഷേധക്കുറിപ്പു പ്രസിദ്ധീകരിച്ചതും. അതില്‍ വാദിയോ, പ്രതിയോ ഇല്ല. മറിച്ച്‌അനീതിയും, സത്യവും മാത്രമേ കണ്ടിരുന്നുള്ളൂ. തെറ്റ് അത് ആരു ചെയ്താലും തെറ്റു തന്നെയാണ്..അതു ഞാനായാലും, താങ്കളായാലും മറ്റൊരാളായാലും. അതിനെതിരെ തങ്ങളാലാവും വിധം പ്രതികരിക്കുക എന്നതു നമ്മുടെ ധാര്‍മികമായ ഉത്തരവാദിത്വം മാത്രമാണ്. അതില്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ക്കോ കരിവാരിത്തേയ്ക്കലുകള്‍ക്കോ പ്രസക്തി ഇല്ല തന്നെ.
ഈ സംഭവം ഈ ഇന്‍ഡസ്ട്രിയില്‍ അവസാനത്തേതാവട്ടെ എന്നു പ്രത്യാശിക്കുന്നു
ആശംസകളോടെ
ജയകൃഷ്ണന്‍ കാവാലം
Grow up... i'm sure u're not innocent... thre are lots of good things u got to do in future so neglect that thing why ur wasting ur time on that.. You cannot prosecute them stating that one of thr support person used harsh words on u.. look at What you have done...?
Firstly the facts you have mentioned in your blog are not adequate for file any criminal complaint against the site under any provisions of either the Indian Penal Code or the Information & Technology Act that will be cognizable offence for which the Police in India is empowered under the Criminal Procedure Code to register an F.I.R... They have removed copyrighted contents and they stated solid excuse thats is posted by members.. they can revert it back stating that you are abusing thr site eventhough they removed the contents.. your blog is the proof...
About the person Shiva, you will have to file a complaint against him in the court of the relevant magistrate who can take cognizance of such complaint. In what ever way you want to do so, in case you file a complaint against him, you will be required to attend the proceedings in the court on all dates or as & when you may be asked to do so. Now tell do you have so much time to spend in courts during the proceedings in all these complaints & do you have enough money to waste on engaging advocate for all this purpose? If yes then go ahead who is stopping you it’s your money & time which will be spent how it concerns any other blog member here. If your answer is no then forget this person & stop sending emails to them or stop harrassing him or them who ever she or he may be & report any email from her or him as Spam...
You mentioned that they have poorn site.. Its your assumption, true or not.. If they have it, it is legal... Anyone can start poorn site...
" Since the Internet is an international network and there are currently no international laws regulating pornography, each country deals with Internet pornography differently. Generally, in the United States, if the act depicted in the pornographic content is legal in the jurisdiction that it is being distributed from then the distributor of such content would not be in violation of the law regardless of whether it is accessible in countries where it is illegal. This does not apply to those who access the pornography, however, as they could still be prosecuted under local laws in their country. Due to enforcement problems in anti-pornography laws over the Internet, countries that prohibit or heavily restrict access to pornography have taken other approaches to limit access by their citizens, such as employing content filters""...
http://en.wikipedia.org/wiki/Porn_site
ദാ ഇപ്പോള്‍ വാദി പ്രതിയായിക്കൊണ്ടിരിക്കുന്നു. കേരള്‍സിന്റെ കൂലിക്കെടുത്ത ആള്‍ക്കാരായിരിക്കണം പേര് വെച്ചും, അനോണിയായിട്ടും ഇഞ്ചിക്കെതിരെ കമന്റുകള്‍ പലയിടത്തും ഇട്ട് തുടങ്ങി.
അവര്‍ക്കെതിരെ ധീരമായി പോരാടിയതാണോ ഇഞ്ചി ചെയ്ത തെറ്റ് ? അത് സപ്പോര്‍ട്ട് ചെയ്തതാണോ ബൂലോകത്തെ പലരുടേയും പേരിലുള്ള കുറ്റം. ഇഞ്ചി ആഹ്വാനം ചെയ്തിട്ടല്ലാതെ തന്നെ കരിവാരം ചിലര്‍ തീരുമാന്നിച്ചു. അതിന് പലരും സപ്പോര്‍ട്ടും നല്‍കി. ബ്ലോഗ് കറുപ്പിക്കാന്‍ പോയില്ലെങ്കിലും ഞാനും എല്ലായിടത്തും സപ്പോര്‍ട്ട് ചെയ്ത് കമന്റുകള്‍ ഇട്ടു. അതിനും കുറ്റം പറഞ്ഞു കുറേപ്പേര്‍. വ്യക്തി സ്വാതന്ത്രം എന്നൊന്നില്ലേ ഇവിടെ ? വിശാലമനസ്ക്കന്‍ ചെയ്യുന്നതുപോലും മറ്റ് പരിഷകള്‍ വിചാരിക്കുന്നത് പോലെ ആകണമെന്ന് വെച്ചാല്‍ കഷ്ടാണേ. അദ്ദേഹത്തിന് സ്വയം ഒന്നും ചെയ്യാന്‍ പാടില്ലാത്ത അവസ്ഥ. ബ്ലോഗ് കറുപ്പിച്ചതിന് അങ്ങേര്‍ക്കും കിട്ടി ചീത്തവിളി. ഇഞ്ചിപ്പെണ്ണ് ഒരു പെണ്ണായതുകൊണ്ടാണത്രേ ഈ ജനം മുഴുനന്‍ ഇഞ്ചിയെ സപ്പോര്‍ട്ട് ചെയ്യുന്നതെന്ന് മറ്റൊരു കൂട്ടം മുറവിളി കൂട്ടുന്നു. അവന്മാര്‍ക്ക് അമ്മയും പെങ്ങന്മാരും ഇല്ലാത്തതുകൊണ്ടായിരിക്കും. ഇഞ്ചി എന്ത് നല്ലതുചെയ്താലും അതിനൊക്കെ എതിരെ പോസ്റ്റ് ഇടാന്‍ മറ്റൊരുത്തനും ഉണ്ട്. സര്‍ക്കാസം ആണ് പോലും. അവനും ഉണ്ട് കയ്യടിക്കാനും മൂട് താങ്ങാനും വേറേ കുറേ പരിഷകള്‍.
....കഷ്ടം. വെറുത്തുപോയി കുറഞ്ഞ നാള് കൊണ്ട് ഈ ബൂലോകത്തെ.
ഇത്രയും പറഞ്ഞതുകൊണ്ട് എനിക്കും അനോണിയാകാതെ വയ്യ. കമന്റ് കുറയുമെന്ന് പേടിച്ചിട്ടല്ല. തെറിവിളികള്‍ക്ക് മറുപടി എഴുതാന്‍ സമയം ഇല്ലാത്തതുകൊണ്ടും മനസ്സിലാത്തതുകൊണ്ടും.
ഇഞ്ചി പെണ്ണെ... പറയുന്നതില്‍ വിഷമം തോന്നരുത്.. മറ്റു ബ്ലോഗ്ഗേര്‍സ്-ന്റെ ബ്ലോഗ് ആണ് അവര്‍ സൈറ്റ്-ല് ഇട്ടത് എന്ന് കണ്ടു.. ഇഞ്ചി പെണ്ണിന്റെ ഒരു സൃഷ്ടി പോലും ഇല്ലായിരുന്നു താനും... അവരുടെ എല്ലാ സൃഷ്ടികളും കേരല്സ് റിമൂവ് ചെയ്യുകയും ചെയ്തു... എന്നിട്ടും ഇപ്പോള്‍ ഇഞ്ചി പെണ്ണിന് മാത്രം എന്താ ഈ പ്രശ്നം..? കുറുക്കന്‍ കരയുമ്പോള്‍ പട്ടിക്കു മുരുമുരുപ്പ് എന്ന് പറയുന്നത് പോലെ ആണെല്ലോ.... ഇഞ്ചി പെണ്ണ് അവരോട് ഉള്ള വെക്തി പരമായ വൈരാഗ്യം തീര്‍ക്കുകയോ, അതുമല്ല എന്കില്‍ ആര്‍ക്ക് ഒക്കെയോ വേണ്ടി ബ്ലോഗ്-ന്റെ മറവു പിടിച്ച് പ്രേവേര്തിക്കുകയോ ചെയ്യുക ആണെന്ന് സംശേയിക്കേണ്ടി ഇരിക്കുന്നു.. വര്‍ഷങ്ങള്‍ ആയി പ്രേവേര്തിക്കുന്ന ഒരു സ്ഥാപനത്തിനെ കരി വാരി തേക്കുന്നത് കണ്ടു കണ്ണടയ്ക്കാന്‍ വയ്യ... ഇഞ്ചി പെണ്ണിനെ അനുകുലിച്ച് പലരും ഒരു "സ്ത്രീ" എന്ന അനുകമ്പയില്‍ ആണ് എന്നും സംശയിക്കാണ്ട് വയ്യ...
തോന്നിയ ഒരു കാര്യം.. ഇഞ്ചി പെണ്ണ് അവര്‍ക്ക് അയച്ച ആദ്യ മെയില് കണ്ടു.. അത് തികച്ചും ഉത്തരവ് ആയി തന്നെ ആണ് തോന്നിയത്.. ആര്‍ക്കാ ഇഷ്ട പെടുക അങ്ങനെ ഒക്കെ അയച്ചാല്‍..? ഇഞ്ചി പെണ്ണിന്റെ സൃഷ്ടികള്‍ ഇല്ലാതിരുന്ന സ്ഥിതിക്ക് അല്പം മാന്യം ആയി സംസാരിക്കാമായിരുന്നു...
ഈ മുകളില്‍ പറഞ്ഞതാരാ..
ശിവയുടെ അളിയനോ മറ്റോ ആണോ
അല്ല അങ്ങനെ തോന്നും പറച്ചില്‍ കേട്ടാല്‍
ഇവനൊന്നും വേറെ പണിയൊന്നുമില്ലേ
വര്‍ഷങ്ങളായി നല്ല രീതിയില്‍ പോണ്‍ സൈറ്റ്സ് നടത്തുന്നു എന്നാണോ ഉദ്ദേശിച്ചത്..
കുറുക്കന്‍ കരയുമ്പോള്‍ പട്ടിക്കു മുരുമുരുപ്പ്
എന്നല്ല
അമ്മയും അരിയും തിന്നും അമ്മേം കടിച്ചിട്ടു നായ്ക്കു മുറുമുറുപ്പെന്നാ..
ആ അനോണിയോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു..
ഇഞ്ചി ..കേസ് എന്തായി? വല്ലതും നടക്കുന്നുണ്ടോ? ഒന്നും അറിഞ്ഞില്ല,
ഈ പ്രശ്നം എന്തായി? .... :-?
ഞാൻ,
എനിക്കൊരു ഈമെയിൽ അയക്കുമോ? പബ്ലിക്കായി പറയണമോ എന്ന് അറിയില്ല.
ഇഞ്ചി പെണ്ണേ ഇതുവരെയുള്ള എല്ലാകാര്യങ്ങളും കൊള്ളാം..പക്ഷെ ഒറ്റയ്ക്കു പോരാടാന്‍ വീര്യം ഇപ്പോഴും ഉണ്ടെങ്കില്‍ മാത്രം മുമ്പോട്ട് പോകുക ഇല്ലെങ്കില്‍ വിട്ടുകളയുക. അതുമല്ലെങ്കില്‍ കൂടെ നില്‍ക്കാന്‍ ആളുണ്ടാവുമെന്നു ഉറപ്പു വരുത്തി വേണം മുമ്പോട്ട് പോകാന്‍. കേരള്‍സ് ഡോട്ട് കോം തുലയട്ടെ..കൂലിയെഴുത്തുകാരെ നിങ്ങള്‍ക്കു
ഹാ കഷ്ടം..
http://agasthyacodu.blogspot.com/
Post a Comment