2006-08-10

ഉല്‍പ്പത്തിയും പിന്നീ‍ടും...

ഡിസ്ക്ലെയിമര്‍: ഇതൊരു ആധികാരിക ലേഖനമല്ല. എനിക്ക് പലപ്പോഴായി വായിച്ചും ജോലിസംബന്ധമായി ഉപയോഗിച്ചും മറ്റും അറിയാവുന്ന കാര്യങ്ങള്‍ കുറിക്കുന്നു എന്നേ ഉള്ളൂ. ഇത് വായിച്ച് ബുദ്ധിജീവികള്‍ക്ക് പുച്ഛം തോന്നുന്നെങ്കില്‍ അതിന് ഉത്തരവാദി ഞാനല്ല എന്ന് താഴ്മയായി പറഞ്ഞ് കൊള്ളട്ടെ.

കാക്കത്തൊള്ളായിരം ഡിജിറ്റല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഒരുപാട് കമ്പ്യൂട്ടറുകളില്‍ അങ്ങിങ്ങായി കിടന്നിരുന്ന ബിറ്റ്സുകളേയും ബൈറ്റ്സുകളേയും കണ്ടപ്പോള്‍ ദൈവത്തിന് ഒരു കൌതുകം. എന്നാല്‍ ഇവര്‍ക്ക് കൂട്ടുകാരെ കൊടുത്താലൊ, ദൈവം ചിന്തയിലാണ്ടു.

ഈമെയിലുകള്‍ ഉണ്ടാവട്ടെ! ദൈവത്തിന്റെ ഗര്‍ജ്ജനം കേട്ടു കമ്പ്യൂട്ടര്‍ ഡിസ്ക്കുകള്‍ കിടുങ്ങി. അങ്ങിനെ ആദ്യത്തെ ഈമെയില്‍ പോലെയൊരു മെസേജ് 1965 യില്‍ ഒരു കമ്പ്യൂട്ടറില്‍ നിന്ന് മറ്റൊന്നിലേക്ക് ചീറിപ്പാഞ്ഞു. ഒരു കമ്പ്യൂട്ടറില്‍ അനവധി കമ്പ്യൂട്ടറുകള്‍ ഘടിപ്പിച്ച, ആല്‍മരത്തില്‍ നിന്ന് വേരുകള്‍ ഇറങ്ങി വരുന്ന പോലെ ഒരു അതികായന്‍ കമ്പ്യൂട്ടര്‍ ആയിരുന്നു മെയിന്‍ഫ്രേമുകള്‍. ഈ മെയിന്‍ഫ്രേമുകള്‍ ബുദ്ധി സ്വന്തമാക്കി വെച്ചിരുന്നു. അതില്‍ ഘടിപ്പിച്ച ബുദ്ധിയില്ലാ കമ്പ്യൂട്ടറുകള്‍ (dumb terminals), കുറച്ച് വിവരം തരുമോ എന്ന് ചോദിച്ച് അയച്ച സന്ദേശങ്ങള്‍ ആണത്രെ ആദ്യത്തെ ഈമെയില്‍ സന്ദേശങ്ങള്‍.

ഈ അതികായന്റെ വേരുകള്‍ നിങ്ങള്‍ കണ്ട് കാണും. പച്ച നിറത്തില്‍ അക്കങ്ങള്‍ കാണുന്ന യാതൊരു ഭംഗിയുമില്ലാത്ത, എയര്‍പ്പോര്‍ട്ടിലും റെയില്‍വേ റിസര്‍വേഷന്‍ കൌണ്ടറുകളിലും കാണപ്പെടുന്നവയാണ് ഇത്. ഇവയിലാ‍ണിപ്പോഴും ഈ ലോകത്തിന്റെ നാടിമിടുപ്പായ പല രാജ്യങ്ങളുടേയും സമ്പദ് വ്യവസ്ഥകള്‍ വരെ തീരുമാനിക്കപ്പെടുന്ന വിവരങ്ങള്‍ (data) എണ്‍പതു ശതമാനവും ശേഖരിച്ച് വെക്കപ്പെട്ടിരിക്കുന്നത്.

എന്തായാലും അന്നത്തെ ഈമെയില്‍ ഈ വമ്പന്‍ അതികായനില്‍ നിന്ന് അവനില്‍ ഘടിപ്പിച്ചിരിക്കുന്ന ബുദ്ധിയില്ലാ ചെറിയ കമ്പ്യൂട്ടറുകള്‍ക്ക് മാത്രം അങ്ങോട്ടുമിങ്ങോട്ടും കൈമാറാവുന്നത് മാത്രമായിരുന്നു. ഇത് കണ്ട് ദൈവം ദു:ഖിച്ചു. ഇന്റര്‍ നെറ്റ്വര്‍ക്കുകള്‍ (network) ഉണ്ടാവട്ടെ, പല പല അതികായന്മാരും കൈ കോര്‍ക്കട്ടേ! എന്നുള്ള, അടുത്ത ഗര്‍ജ്ജനം പുറപ്പെടുവിക്കാന്‍ ഒരു ഈമെയില്‍ സെന്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുന്ന നേരം പോലുമെടുത്തില്ലാന്ന് മൈക്കിള്‍, പേര്‍ളി സ്റ്റുഡിയോവില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പക്ഷെ ഈ ഗര്‍ജ്ജനം താഴെ അമേരിക്കയുടെ തലസ്ഥനത്ത് കേട്ടത് അര്‍പ്പാനെറ്റ് എന്നാണ്. 1969-ല്‍ പെന്റഗണില്‍ അര്‍പ്പാനെറ്റ് ഒരു പരീക്ഷാടിസ്ഥാനത്തില്‍, എന്ന് വെച്ചാല്‍ പല പല കമ്പ്യൂട്ടറുകളില്‍ ശേഖരിച്ചു വെച്ചിരിക്കുന്ന വിവരങ്ങള്‍ ഒരു അണുവായുധ യുദ്ധം ഉണ്ടായാല്‍ അങ്ങോട്ടും ഇങ്ങോട്ടും കൈമാറാന്‍ ആയിരുന്നത്രെ ഉണ്ടാക്കിയത്. പക്ഷെ റഷ്യക്കാര്‍ അമേരിക്കക്കാരേക്കാളും സാമാന്യബുദ്ധിയുള്ളവരാണെന്ന് നിങ്ങള്‍ കേട്ടുകാണും (കേട്ടിട്ടില്ലെ, ശ്യൂന്യാകാശത്തെ പെന്‍സിലിന്റെ കഥ).

എന്തായാലും നിങ്ങള്‍ കേട്ടത് ശരി തന്നെ. അവര്‍ അമേരിക്കയിലേക്ക് ഒരു അണുവായുധം പോയിട്ട് അണു പോലും കയറ്റി അയക്കാന്‍ കൂട്ടാക്കിയില്ല. അതുകൊണ്ട് യുദ്ധകാലത്തിന് കരുതി വെച്ചിരുന്ന ഈ പരീക്ഷണം പതിയെ അമേരിക്കന്‍ ഗവണ്‍ന്മെന്റ് സാധാരണ ജനത്തിനും കൊടുത്തു തുടങ്ങി (ഇപ്പോള്‍ എല്ലാ കവലയിലും കാണപ്പെടുന്ന ഹമ്മറുകളും അങ്ങിനെയാണത്രെ ജനത്തിലേക്ക് ഇറങ്ങി ചെന്നത്‌).

പക്ഷെ, അതിനിടയില്‍, ദൈവം പോലുമറിയാതെ ഒരു തമാശ ഉണ്ടായി. സോഡാ കണ്ണാടി വെച്ച, സ്കൂളില്‍ നിന്ന് ഓടിപ്പോന്ന, ബുദ്ധിയും ബിസിനസ്സും ഒരുമിച്ച് സ്പൂണില്‍ വാരിത്തിന്ന ഒരു ചെക്കന്‍ അവന്റെ ഗരാജില്‍ സോഫറ്റ് വേര്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു.

പല പല അതികായകന്മാരും ആ കൊച്ചു ചെറുക്കനെ പുച്ഛിച്ചു തള്ളി. ഇന്നത്തെപോലെയല്ല, അന്ന് ബുദ്ധിജീവിത്തരം ഒരു ഫാഷന്‍ ആയിരുന്നു. നീ ഉണ്ട ഉണ്ടാക്കും, വിവരമുള്ളവര്‍ക്ക് മാത്രമാണ് കമ്പ്യൂട്ടറുകള്‍ എന്ന് പറഞ്ഞ് ആ ചെക്കനേയും അവന്റെ കൂട്ടുകാരെയും അതികായകന്മാര്‍ കളിയാക്കി. പക്ഷെ, ചെറുപ്പക്കാരുണ്ടോ വിടുന്നു. തിളക്കുന്ന യുവരക്തമല്ലെ? കാണിച്ചു തരാം! എന്ന് അവര്‍. ഓരോ ഡെസ്കിലും, സാധാരണക്കാരന്റെ ഡെസ്കിലും ഞങ്ങള്‍ ഈ പി.സി വെക്കും എന്ന് അവര്‍ വെല്ലുവിളിച്ചു.

ആ വെല്ലുവിളിയുടെ അനന്തര ഫലം ആണിന്ന് നമ്മള്‍ യാതൊരു ബഹുമാനവും കൊടുക്കാതെ, ചുമ്മാ ബൂ‍ട്ട് ചെയ്തും ഓള്‍ട്ട്+കണ്ട്രോള്‍+ഡിലീറ്റ് ചെയ്തു കളിക്കുന്ന ഈ പി.സിക്കുഞ്ഞുങ്ങള്‍. അതോടെ പഴഞ്ചന്‍ അര്‍പ്പാനെറ്റൊക്കെ മാറി അത് ഇന്റെര്‍‍നെറ്റുകള്‍ ആവാന്‍ ദൈവം കണ്ണടച്ചു തുറക്കുന്ന സമയം മതിയായിരുന്നു.

അങ്ങിനെ സാധാരണ ജനങ്ങള്‍ ഇന്റെര്‍‍നെറ്റും ഈമെയിലും ഒക്കെ ഉപയോഗിക്കുവാന്‍ തുടങ്ങി. അങ്ങിനെ അങ്ങോട്ടുമിങ്ങോട്ടും വളരെ അകലെയുള്ളവര്‍ വരെ സല്ലപിക്കുവാന്‍ തുടങ്ങി. ഇതില്‍ ഒരുപാട് സമയമുള്ളവര്‍ അല്ലെങ്കില്‍ എഴുത്ത് എഴുതാന്‍ ഇഷ്ടപ്പെട്ടിരുന്നവര്‍ കഥകളും തമാശകളും ചമയ്ക്കുവാന്‍ തുടങ്ങി. ഇതു എപ്പോഴും കിട്ടിക്കൊണ്ടിരുന്നവര്‍, ഇവന്റെ കത്തി ഞാന്‍ മാത്രം സഹിച്ചാല്‍ ‍പറ്റൂലല്ലൊ എന്ന് കരുതി, soc.culture എന്ന് പൊലെയുള്ള ഈമെയില്‍ ഗ്രൂപ്പുകളിലേക്ക് അവ അയച്ചു തുടങ്ങി. വെബ് പേജുകളും ഇതിനിടയില്‍ ഒരവസാനമില്ലാത്ത പോലെ ഉണ്ടാ‍യിക്കൊണ്ടിരുന്നു.

ദൈവം സന്തോഷിച്ചു. സ്നേഹം എങ്ങും പടരുന്നത് കണ്ട് ദൈവം ഒരുപാട് സന്തോഷിച്ചു. ഒരു പാട് സന്തോഷിച്ചാല്‍ പെട്ടെന്ന് തന്നെ ദു:ഖിക്കേണ്ടി വരുമെന്ന് അന്ധവിശ്വാസിയല്ലാതിരുന്ന ദൈവത്തിന് അറിയില്ലായിരുന്നു. അടുത്ത ദിവസം കണ്ണ് തുറന്ന് നോക്കിയ ദൈവം കണ്ടതെന്തു?

പൊരിഞ്ഞ അടി! നീ കാക്കി നിക്കര്‍ ഇട്ട ബി.ജെ.പി. നീയൊരു സ്യൂഡോ സെക്കുലര്‍. മനുഷ്യന്മാരല്ലെ, അടിയില്ലാതെ പറ്റുമൊ? അങ്ങിനെ soc.culture.* പോലെയുള്ള ഗ്രൂപ്പുകളില്‍ പൊരിഞ്ഞ യുദ്ധം തന്നെ നടക്കുന്നു. ഇതു ഭാഷാ രാജ്യ ഭേദമന്യേ നടന്നുകൊണ്ടിരുന്നു. വെളുത്തവരും കറുത്തവരും, ജൂതന്മാരും അല്ലാത്തവരും അങ്ങിനെ അടിയുണ്ടാക്കുന്നവരുടെ ലിസ്റ്റ് നീണ്ട് നീണ്ട് പോയി.

പലപ്പോഴായി യുദ്ധങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍ എന്നതൊക്കെ പടച്ചു വിട്ട് അത് കണ്ട് പൊട്ടിപ്പൊട്ടിച്ചിരിച്ച് മനുഷ്യന്മാരെ വടി ആക്കാറുണ്ടെങ്കിലും പൊതുവെ സമാധാനപ്രിയന്‍ എന്ന് ഇമേജ് കാത്ത് സൂക്ഷിക്കാന്‍ വേണ്ടിയും, നാളെയെങ്ങാനും സമാധാന നോബല്‍ നോമിനേഷന്‍ ഉണ്ടെങ്കിലൊ എന്ന് ദൈവം ആകുലതപ്പെട്ടതിനാലും, പെട്ടെന്ന് തന്നെ ഒരു സെകന്റ് പോലും ആലോചിക്കാതെ അടുത്ത ഓര്‍ഡര്‍ കൊടുത്തു. പോര്‍ട്ടലുകള്‍ ഉണ്ടാവട്ടെ, പിന്നേയും ദൈവം ഗര്‍ജ്ജിച്ചു!

അങ്ങിനെ പല സ്ഥലത്തായി കിടന്നിരുന്ന അറിവുകള്‍ ഒരൊറ്റ വെബ്പേജില്‍ കൊണ്ട് വരാമെന്ന് മനുഷ്യന് ബുദ്ധി ഉദിച്ചു. അന്നും ഈ ഈമെയിലുകളും പ്രത്യേക പ്രത്യേക വെബ്പേജുകളും ഓടിനടന്ന് വായിക്കാന്‍ സമയമില്ലാത്തവര്‍ ഉണ്ടായിരുന്നത്രെ. എന്തായാലും പോര്‍ട്ടുലുകള്‍ അവരുടെ ശ്രദ്ധ ഹഠാദാകര്‍ഷിച്ചു. പോര്‍ട്ടലുകള്‍ ഉണ്ടാക്കിയവരാകട്ടെ, വളരെ ഇടുങ്ങിയ ചിന്താഗതിക്കാരായി കാണപ്പെട്ടു.

അങ്ങിനെ കണ്ട അവനും ഇവനും വന്ന് നിരങ്ങാന്‍ ഉള്ളതല്ല, ഇതൊരു വഴിയമ്പലമല്ല, എന്നൊക്കെ അവര്‍ നിബന്ധനകള്‍ വെച്ചു. എന്ന് വെച്ചാല്‍ അവര്‍ക്ക് ഇഷ്ടമുള്ളവരെ മാത്രം, അല്ലെങ്കില്‍ അവര്‍ക്ക് പ്രയോജനമുള്ളതു മാത്രം അവര്‍ ഉള്‍പ്പെടുത്തുവാന്‍ തുടങ്ങി. പലതും വളരെ വിജ്ഞാനപ്രദം ആയിരുന്നെവെങ്കിലും, വളരെ ഗുണമുള്ളതായിരുന്നെങ്കിലും അവരുടെ ചിറ്റമ്മനയത്തില്‍ പ്രതിഷേധിക്കുവാന്‍ സാധാരണ ജനങ്ങള്‍ക്ക് ഈമെയിലുകളിലും വെബ്പേജുകളിലും മാത്രമായി ഒതുങ്ങി കൂടേണ്ടി വന്നു.

മലയാളത്തില്‍ ആദ്യത്തെ പോര്‍ട്ടല്‍ kerala.com(or kerala.org) ആയിരുന്നു. (*) പണ്ടുണ്ടായിരുന്ന keral.com ആണ് ഇന്നത്തെ malayalavedhi.com എന്ന് എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ കരുതുന്നു. ആദ്യത്തെ ഇന്ത്യന്‍ പോര്‍ട്ടലുകളില്‍ ഒന്നായിരുന്നു samachar.com. പക്ഷെ, ഇന്ന് അതൊന്നും ആ പഴയ സ്ഥിതിയില്‍ അല്ല. പല പല പോര്‍ട്ടലുകളും ഉണ്ടായത്, അന്നത്തെ കാലത്ത് സ്വര്‍ണ്ണത്തേക്കാളും വിലപിടിപ്പായിരുന്ന സെര്‍വര്‍ സ്പേസും ബാന്റ് വിഡത്തും എടുത്ത്, മൂന്നോ നാലോ പേരുടെ അദ്ധ്വാനവും, അവരുടെ കാശു മുടക്കും കൊണ്ട് മാത്രമായിരുന്നു. മാത്രമല്ല, എല്ലാ പോര്‍ട്ടലുകളും ഏതൊ അഘിലിത നിയമം അനുസരിച്ചു, അവരുടെ കണ്‍ന്റെന്റ് (content) ഫ്രീ ആയിട്ട് വെക്കുകയും ചെയ്യണമായിരുന്നു. എത്ര ലോയല്‍ യൂസേര്‍സ് ഉണ്ടോ, അല്ലെങ്കില്‍ എത്ര പേര്‍ അവരുടെ ഈമെയില്‍ ഐഡികള്‍ പോര്‍ട്ടലിന് ‍കൊടുത്ത് അവരുടെ കൂറ് പ്രഖ്യാപിക്കുന്നുവൊ, അതിലാണ് പോര്‍ട്ടലുകള്‍ അവരുടെ നിലനില്‍പ്പിനാവശ്യമായ പരസ്യങ്ങള്‍ പിടിച്ചുകൊണ്ടിരുന്നത്. പ്രജകളില്ലെങ്കില്‍ രാജ്യമില്ലല്ലൊ, രാജാവില്ലല്ലൊ!

അതില്‍ ഏറ്റവും വിജയം കണ്ട ഒരു പോര്‍ട്ടല്‍ ആണ് yahoo.com. ഇന്ത്യന്‍ പോര്‍ട്ടലുകളില്‍ sulekha.com-ഉം. പക്ഷെ, ലാഭമുണ്ടാക്കാതെയുള്ള ബിസിനസ്സ് മോഡലുകള്‍ ആയിരുന്ന പല പോര്‍ട്ടലുകളും തകര്‍ന്ന് വീണു. ആറാം തമ്പുരാനു ശേഷം മോഹന്‍ലാലിന്റെ സിനിമകള്‍ പലതും തകര്‍ന്ന് വീണതിനേക്കാളും വേഗത്തില്‍.

പക്ഷെ, എങ്കിലും ഇവരിലും കേള്‍ക്കാതെ പോയ ഒത്തിരി ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ദൈവത്തിന്റെ ചെവിയില്‍ വീണു. ആ ശബ്ദങ്ങള്‍ കൂടി കൂടി ചെവി വേദന വന്ന് രണ്ട് പാരാസെറ്റമോള്‍ അടിച്ചിട്ടും മാറാതെ വന്നപ്പോള്‍ നിവൃത്തിയില്ലാതെ ദൈവം, ഗര്‍ജ്ജനം അടിക്കടി അടിച്ച് ക്ഷീണിതനായിരുന്നുവെങ്കിലും, ഉള്ള ശബ്ദത്തില്‍ തൊണ്ട ഒന്ന് ക്ലിയര്‍ ആക്കി പിന്നെയും ഒരു ഓര്‍ഡര്‍ കൊടുത്തു.

“ബ്ലോഗുകള്‍!”

പക്ഷെ, അതിനുമൊക്കെ മുന്‍പ്, രണ്ട് ചുണക്കുട്ടന്മാര്‍, സെര്‍ജിയും പേജും എന്ന് പേരുള്ള രണ്ട് പുലിക്കുട്ടികള്‍ ഇന്റെര്‍‍നെറ്റുകള്‍ വഴിതെറ്റി പോവുന്നതില്‍ മനംനൊന്ത്, എല്ലാവരും മന:പൂര്‍വ്വം മറന്നിരുന്ന ‘സേര്‍ച്ച്’ എന്ന അന്യം നിന്ന് പോവേണ്ട സാങ്കേതിക വിദ്യ, വെറുതെ കൂട്ടുകാരില്‍ നിന്നൊപ്പിച്ച പഴയ കമ്പ്യൂട്ടറുകള്‍ വെച്ച്, വളരെ മനോഹരമായി വികസിപ്പിച്ചെടുത്തു.

പെട്ടെന്ന് തന്നെ കോട്ടകള്‍ തകര്‍ന്ന് വീണു. പല പോര്‍ട്ടല്‍ രാജാക്കന്മാരുടേയും രാജ്യങ്ങളില്‍ നിന്ന് ആളുകള്‍ കൂട്ടം കൂട്ടമായി പുതിയ മെച്ചില്‍പ്പുറങ്ങള്‍ തിരഞ്ഞ് പോയി. അങ്ങിനെ, പോര്‍ട്ടലുകളെ ആരും ആശ്രയിക്കാതെ ആയി. ഒരു സേര്‍ച്ച് ചെയ്താല്‍ കണ്ട് പിടിക്കാ‍വുന്നവയുള്ളപ്പോള്‍ എന്തിന് പോര്‍ട്ടലുകളുടെ അനേകമായിരം ലിങ്കുകള്‍ ക്ലിക്കി പോകണം, ആളുകള്‍ ആലോചിച്ചു. മാത്രമല്ല, പോര്‍ട്ടലുകളില്‍ ഒന്നും പെടാതെ നിന്നിരുന്ന,സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരുടെ നൊമ്പരങ്ങള്‍...സോറി...വെബ്പേജുകള്‍ കണ്ട് പിടിക്കപ്പെട്ടു. അതോടെ പല നഗ്നസത്യങ്ങളും വെളിപ്പെട്ടു.

എന്നാല്‍ നിങ്ങള്‍ക്കിതാ, ഡെസേര്‍ട്ടിനു കേക്കിനു മുകളില്‍ ഐസ്ക്രീം പോലെ, ബ്ലോഗുകളെയും കൂടി തരാം എന്ന് ദൈവം അനുഗ്രഹിച്ചു. എന്തിനധികം പറയുന്നു കൂട്ടരെ? ഒരൊരുത്തര്‍ക്കും സ്വന്തമായി ഒരോ പോര്‍ട്ടലുകള്‍ പോലെ സ്വന്തം ബ്ലോഗുകള്‍ ഉണ്ടായി. html-ഉം പ്രോഗ്രാമിങ്ങും അറിയാത്തവര്‍ക്കും, ഒരോ ദിവസം എഴുതുന്നുവ എളുപ്പത്തില്‍ തരം തിരിച്ചു കാണിക്കുവാനും ബ്ലോഗുകള്‍ വഴി എളുപ്പം സാധിച്ചു. അങ്ങോട്ടുമിങ്ങോട്ടും പ്രോത്സാഹിപ്പിച്ചും, അകമഴിഞ്ഞ് അഭിനന്ദിച്ചും പല വിധത്തിലുള്ള ബ്ലോഗ് കൂട്ടയ്മ‌കള്‍ വരെ ഉണ്ടായി. ഇതിനിടയില്‍ പണ്ട് മുതലെ, soc.culture.* മുതല്‍ പയറ്റി തെളിഞ്ഞ വില്ലന്മാരെ പുറത്താക്കാന്‍, അനോണിമസ് കമന്റുകള്‍ ഓഫ് ചെയ്യാന്‍, ഡിലീറ്റ് ചെയ്യാന്‍ വരെ സംവിധാനം ഉണ്ടായി. അതും ഒരോരുത്തര്‍ക്കും സ്വന്തം ബ്ലോഗുകളില്‍ സാധിച്ചു. അതൊരു ചെറിയ കാര്യമല്ലയിരുന്നു. എന്റെ വീട്ടില്‍ ആരു വരണമെന്ന് എനിക്ക് തീരുമാനിക്കാവുന്ന പോലെയായി കാര്യങ്ങള്‍.

അങ്ങിനെ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, ദൈവം പോലും ആശ്വസിക്കാം എന്ന് കരുതുന്ന സമയത്ത് ഈ ബ്ലോഗുകളില്‍ നിന്നെല്ലാം വിവരം ശേഖരിച്ചു പിന്നേയും ഒരു സ്ഥലത്ത് കൊണ്ട് ചെന്നി‍ടുന്ന ഫീഡുകള്‍ ഉണ്ടായിക്കൊണ്ടിരി‍ക്കുന്നു. അവയ്ക്ക് പഴയ പോര്‍ട്ടലുകളുടെ സ്വഭാവമത്രെ. പിന്നേയും ബ്ലോഗുകള്‍ തരം തിരിക്കപ്പെടുന്നു. സാധാരണക്കാരുടെ ശബ്ദങ്ങള്‍ കേള്‍‍ക്കപ്പെടാതെ പോകുവാന്‍ തുടങ്ങുന്നു...ഇതിന്റെ അവസാനം അല്ലെങ്കില്‍ ഇതിനൊരുത്തരം ഇനിയും ഉരുത്തിരിഞ്ഞിട്ടില്ല...ദൈവം ഈസ് ഇന്‍ തിങ്കിങ്ങ് മോഡ്.

ഇനി digg.com, desipundit.com, putvotes.com എന്നിവയുടെ സ്വഭാവങ്ങള്‍.

digg.com ഒരു വാര്‍ത്താ ഫീഡര്‍ ആണ്. സമകാലികാപ്രാധാന്യമുള്ള വാര്‍ത്തകള്‍ അവരുടെ സേവനത്തിനു സൈന്‍ അപ്പ് ചെയ്യുന്ന ആളുകള്‍ തരം തിരിച്ചു വോട്ടു ചെയ്ത് അതിന്റെ ആദ്യത്തെ പേജില്‍ കൊണ്ട് വരുന്നു. പഴയ പോര്‍ട്ടലുകളില്‍ നിന്ന് ഇവയ്ക്ക് എന്തു വ്യത്യാസം എന്ന് എനിക്കറിയില്ല.

ഈ ലക്കത്തെ Business Week-ല്‍, digg.com-ന്റെ കെവിന്‍ റോസ് ഒരു മഹാന്‍ ആണെന്ന് പറയുന്നുണ്ടെങ്കിലും, എന്താണ് ഇതിലെ കൊട്ടിഘോഷിക്കപ്പെടുന്ന സംഭവം എന്ന് എനിക്ക് ഇനിയും മനസ്സിലായിട്ടില്ല. അവര്‍ ചെയ്യുന്നത് ഒരു പുതിയ കാര്യമല്ലാതാനും. എന്തിന് വേറെ തേടുന്നു, നമ്മുടെ ഇന്ത്യന്‍ പോര്‍ട്ടല്‍ ആയ sulekha.com-ല്‍ പോലും ഇങ്ങിനെ ഒരു സംവിധാനം വാര്‍ത്തകള്‍ക്ക് (newshopper)വേണ്ടി പണ്ട് മുതല്‍ക്കേ ഉണ്ടായിരുന്നു.

desipundit.com കുറച്ച് എഡിറ്റേര്‍സ് മാത്രം ചെയ്യുന്ന വോട്ടിങ്ങ് ആണ്. അതു വീണ്ടും പോര്‍ട്ടലുകള്‍ പോലെ തന്നെ. putvotes.com ആകട്ടെ digg.com പോലെ ആകാന്‍ ശ്രമിക്കുന്ന ഒന്നും. ഇതെല്ലാം പിന്നേയും നമ്മളെ പഴയ പോര്‍ട്ടലുകളിലേക്ക് നയിക്കുന്നു. ബ്ലോഗുകള്‍ വന്നത് പോര്‍ട്ടലുകള്‍ തകര്‍ത്ത് എറിയപ്പെടാന്‍ വേണ്ടിയാണ്. പിന്നെയും അതേ വഴിക്ക് തിരിച്ചു പോവുന്നതിനോട് ideologically ആയി ഞാന്‍ എതിരാണ് എന്ന് പറയുവാന്‍ വേണ്ടി മാത്രമാണ് ഇന്നത്തെ ഏഷ്യനെറ്റിലെ നാലു സീരിയലുകള്‍ മിസ്സ് ചെയ്ത് ഇത്രേം ടയ്പ് ചെയ്തു കയറ്റിയത്.

ഇനി എന്തു സംഭവിക്കും? അതു എനിക്ക് അറിയില്ല. ദൈവം ഇനി എന്തു ചിന്തിക്കുമെന്ന് ആര്‍ക്കും പറയുക സാധ്യമല്ല. പക്ഷെ മഹാനായ ബില്‍ ഗേറ്റ്സ് പറഞ്ഞതിനെ ഞാന്‍ ഇവിടെ ആവര്‍ത്തിക്കട്ടെ. [I am not afraid of giants like IBM or Sun, but I am worried about two boys sitting somewhere in an old garage, coding their way to create the next big thing] . ഇതേ വാക്കുകള്‍ ആണോ എന്ന് എനിക്ക് അറിയില്ല. അദ്ദെഹത്തിന്റെ ഏതൊ ലേഖനം വായിച്ച ഓര്‍മ്മയില്‍ നിന്നാണ്.

അതുകൊണ്ട് അടുത്ത എന്തു സംഭവിക്കും എന്ന് നമുക്ക് കാത്തിരിക്കാം....

ഇത്രേം വായിച്ചുവെങ്കില്‍ ഇനി അല്പം ഫലിതം:

ഈയടുത്ത് ഒരു വീട്ടില്‍ നിന്ന് കേട്ടത്.

പുരുഷ ശബ്ദം: എന്താണടീ നീ തട്ടുമ്പുറത്ത് ചെയ്യുന്നെ?

പെണ്ണ്: ചെട്ടാ, അത്...ഞാനീ പഴയ വനിതയൊക്കെ പൊടിതട്ടി എടുക്കുവാണ്.

പുരുഷന്‍: അതെന്നാത്തിനാടീ?

പെണ്ണ്: ഓ, അതിലെ റെസിപ്പിയൊക്കെ ഫുഡ് ബ്ലോഗില്‍ എഴുതാനാണന്നെ.

പുരുഷന്‍: അപ്പൊ മനോരമക്കാര് എന്തെങ്കിലും പറഞ്ഞാലൊ?

പെണ്ണ്: ഓ, അവരെഴുതുന്ന ഒരു സ്പൂണ്‍ ഉപ്പിന് പകരം രണ്ട് സ്പൂണ്‍ എന്ന് എഴുതിയാല്‍ അവരെങ്ങിനെ കണ്ട് പിടിക്കാനാണന്നെ.

1 പ്രതികരണങ്ങള്‍:

Inji Pennu said...

37 Comments -
archana said...
Athyugran !!!! Apaaaaram !!!

11:41 PM, August 10, 2006


Inji Pennu said...
ഹയ്..ഞാനെഴുതി പോസ്റ്റി ഒന്ന് വായിക്കുന്നതിനു മുമ്പ് അര്‍ച്ചനക്കുട്ടി അത് വായിച്ച് തീര്‍ത്തൊ?

12:16 AM, August 11, 2006


Adithyan said...
ഇന്‍ ദ് നേം ഓഫ് ദി ഫാദര്‍ ആന്‍ഡ് ഓഫ് ദ് സണ്‍ ആന്‍ഡോഫ്‌ദി ഹോളി സ്പിരിറ്റ്

ഏമേന്‍!!!

12:28 AM, August 11, 2006


ഷിജു അലക്സ്‌‌: :Shiju Alex said...
ഒന്ന്‌ ഓടിച്ച്‌ വായിച്ചു. ഇഞ്ചി പെണ്ണിന് ഇതിനെ ചരിത്രത്തിലൊക്കെ നല്ല അവഗാഹം ഉണ്ടല്ലോ. വിശദമായി ഒന്നു കൂടി വായ്ക്കണം.
എന്തായാലും സംഗതി അപാരം.

അവസാനത്തെ ഫലിതം അടിപൊളി. വനിത ഒക്കെ കെട്ടിപ്പെറുക്കി ആണോ അങ്ങോട്ട്‌ പോയിരിക്കുന്നത്‌. ലഗേജ്‌ ചാര്‍ജ്‌ കുറേ കൊടുത്തു കാണുമല്ലോ.

12:34 AM, August 11, 2006


ഷിജു അലക്സ്‌‌: :Shiju Alex said...
ഇതൊരു ആധികാരിക ലേഘനം അല്ല.

ഉമേഷേട്ടന്‍ കാണുന്നതിന് മുന്‍പ്‌ ലേഖനം എന്ന്‌ തിരിത്തിക്കോളൂ.

12:36 AM, August 11, 2006


വല്യമ്മായി said...
നന്നായിരിക്കുന്നു

12:50 AM, August 11, 2006


മുല്ലപ്പൂ || Mullappoo said...
ഇഞ്ചീ എവിടെയായിരുന്നു..
കുറേ നാളായല്ലോ?
മുങ്ങുന്നതിനുമുന്‍പു ഒന്നു പറഞ്ഞു കൂടെ...
അല്ലെങ്കില്‍ വെള്ളത്തിനടിയില്‍ വെച്ച് ഒരു s.o.s അയച്ചു കൂടെ ..(പരിഭവം..)


qw_er_ty for pinmozhi blocking

1:00 AM, August 11, 2006


മുല്ലപ്പൂ || Mullappoo said...
ചരിത്രം കൊള്ളാം.
വാല്‍ക്കഷണമായ ‘ശാസ്ത്രവും’.

1:03 AM, August 11, 2006


bodhappayi said...
നല്ല അവതരണം... ഈ പോസ്റ്റു തന്നെ ഒരു പോര്‍ട്ടല്‍ ആണല്ലോ... :)

1:12 AM, August 11, 2006


കരീം മാഷ്‌ said...
അനോണിയോടു പ്രതികരിക്കുന്നതു ശൂന്യതയോടു പടവെട്ടുന്നതു പോലെ വ്യര്‍ത്ഥമാണ്‌.
അവഗണിക്കുകയാണ്‌ നല്ലത്‌.
നന്മയാണ്‌ മനസ്സിലെങ്കില്‍ നേരിട്ടു പറഞ്ഞാല്‍ പോരെ?

ശൗച്യാലയ ലിഖിതങ്ങള്‍ വായിച്ചു റ്റെന്‍ഷനടിക്കാതിരിക്കുകയാണു ബുദ്ധി.
Abdulkareem.Thonikadavath
http://tkkareem.blogspot.com/

1:59 AM, August 11, 2006


അരവിന്ദ് :: aravind said...
നന്നായിട്ടുണ്ട് എല്‍‌ജ്യേ :-)
ഡിഗ്ഗിനെപറ്റി കേട്ടിട്ടില്ലായിരുന്നു. ഒന്ന് പോയി നോക്കട്ടെ.
ആ ഹെഡറിലുള്ള നാലുകെട്ടും തോണിയും..വൌ! മനോഹരം..എല്‍‌ജി വരച്ചതാ??

3:23 AM, August 11, 2006


കല്യാണി said...
ഇഞ്ചീസേ, ഞാനൊന്ന് ഉമേഷേട്ടന്‍ കളിക്കട്ടെ
തലസ്ഥാനം
ഹഠാദാകര്‍ഷിച്ചു
വിജ്ഞാനപ്രദം

തീര്‍ന്നു, ഇനിയില്ല :-)

ഏതാ ആ ഏഷ്യാനെറ്റ് സീരിയലുകള്‍? അല്ലാ, ഇനി എനിക്കൊരെണ്ണം മിസായാലും ഇഞ്ചീസിനോട് കഥ ചോദിക്കാല്ലോ :-)

4:23 AM, August 11, 2006


പെരിങ്ങോടന്‍ said...
ഇഞ്ചിപ്പെണ്ണിന്റെ നല്ല ലേഖനം. ബില്‍ ഗേറ്റ്‌സിന്റെ വാക്കുകള്‍ ഉദ്ധരിച്ചിരിക്കുന്നതു്, ഗൂഗിളുമായി മൈക്രോസോഫ്റ്റിനെ താരതമ്യം ചെയ്യുമ്പോഴെല്ലാം കേള്‍ക്കുന്നതാണു്.

ഡിഗ്ഗ്.കോം ഒരു പോര്‍ട്ടലല്ല. ആദ്യകാലങ്ങളില്‍ അതു ടെക്നോളജി സോഷ്യല്‍ ബുക്ക്‍മാര്‍ക്കിങ് സൈറ്റ് മാത്രമായിരുന്നു. പിന്നീട് മറ്റു വിഷയങ്ങളിലേയ്ക്കു കൂടി ബുക്ക്‍മാര്‍ക്ക് ചെയ്യുവാന്‍ അവസരം നല്‍കുകയാണുണ്ടായതു്, അപ്പോഴും പോര്‍ട്ടലെന്നു പറയാമോ എന്തോ?

ബ്ലോഗുകളുടെ തനതായ സ്വഭാവം, അവയിലെ contents വായനക്കാരനെ തേടിപ്പോകുന്നു എന്നുള്ളതാണു്. ബ്ലോഗിലെ ഫീഡുകള്‍, ബ്ലോഗ്‌നോട്ടിഫിക്കേഷന്‍ സര്‍വീസുകളും, സേര്‍ച്ച് എഞ്ചിനുകളും ഇന്‍‌ഡെക്സ് ചെയ്യുന്നതോടെ, വായനക്കാരനു താല്പര്യമുള്ള വിഷയങ്ങള്‍ ‘നെറ്റ്’ അയാളെ നോട്ടി‌ഫൈ ചെയ്യുന്നു (ഇതിനെക്കുറിച്ചെല്ലാം സിബു പലയിടത്തായി വ്യക്തമായി എഴുതിയിട്ടുണ്ടു്) പോര്‍ട്ടലുകള്‍ നേരെമറിച്ചു contents, manual ആയി അഗ്രിഗേറ്റ് ചെയ്യുകയായിരുന്നു. ബ്ലോഗിലുള്ളതുപോലെ ഒരു ഓട്ടോ‌മേറ്റഡ് സംവിധാനം അവിടെ സാധ്യമാകുമായിരുന്നില്ല. ഇന്നിപ്പോള്‍ ടെക്നിക്കല്‍ സ്കി‌ല്ലുകളുള്ള ഏതൊരാള്‍ക്കും ഏറ്റവും പുതിയ ബ്ലോഗുകളെപ്പോലും കാറ്റഗറി പ്രകാരം ഒരു പോര്‍ട്ടല്‍ കണക്കെ പ്രദര്‍ശിപ്പിക്കാം എന്നുവന്നിരിക്കുന്നു. സാധാരണ വെബ്‌പേജുകള്‍/വ്യക്തിഗതഹോം‌പേജുകള്‍ എന്നിവ ക്രാള്‍ ചെയ്തെടുക്കുന്നതിനേക്കാള്‍ വേഗത്തില്‍ ബ്ലോഗുകള്‍ ഇന്‍‌ഡെക്സ് ചെയ്യപ്പെടുന്നതുകൊണ്ടു ബ്ലോഗുകള്‍ കൂടുതല്‍ പ്രശസ്തമായി.

5:59 AM, August 11, 2006


സിബു::cibu said...
ഇഞ്ചി വളരെ ശ്രദ്ധാപൂര്‍വ്വം കാത്തുസൂക്ഷിച്ചിരുന്ന പാവം, മന്ദബുദ്ധി ഇമേജ്‌ ഇതോടെ പൊട്ടി :))

6:26 AM, August 11, 2006


ബെന്നി::benny said...
ലേഖനം വായിച്ചു. രസകരമായി എഴുതിയിരിക്കുന്നു. ഇതില്‍ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങളില്‍ എന്റെ ചില സന്ദേഹങ്ങളും നിരീക്ഷണങ്ങളും -

ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുള്ള പോലെയോ പോര്‍ട്ടല്‍?

കമ്മ്യൂണിറ്റി ബില്‍ഡിംഗ് ഉപകരണങ്ങളും ബഹുവിധ സേവനങ്ങളുമാണ് ഒരു വെബ്‌സൈറ്റിനെ പോര്‍ട്ടലാക്കി മാറ്റുന്നത് എന്നാണ് എന്റെ ധാരണ. പോര്‍ട്ടലുകള്‍ക്ക് വല്യേട്ടന്‍ നയമുണ്ടെന്നൊന്നും എനിക്കു തോന്നുന്നില്ല. മനോരമയോ മാതൃഭൂമിയോ ഒക്കെ ചെയ്യുന്നതേ അവരും ചെയ്യുന്നുള്ളൂ. ദിനപ്പത്രം ചെയ്യേണ്ട ജോലിയാണോ വായനക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തുകയെന്നത്? പിടിച്ചുനില്‍ക്കാനായി അതുപോലും നമ്മുടെ പത്രങ്ങള്‍ ചെയ്യുന്നു!

ഇ-മെയിലും വ്യക്തിഗത വെബ്‌പേജുകളും കൊണ്ട് പോര്‍ട്ടലെന്ന ബഹുവിധ സംവിധാനത്തിനൊരു പകരസംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. സാധാരണ ജനങ്ങള്‍ ഇപ്പോഴും കൂടുതലാശ്രയിക്കുന്നത് പോര്‍ട്ടലുകളെത്തന്നെയാണ്. വ്യക്തിഗത വെബ്‌പേജുകളിലും ഇ-മെയിലുകളിലുമായി അവര്‍ ഒതുങ്ങിക്കൂടിയെന്ന നിരീക്ഷണം കണക്കുകള്‍ക്ക് നിരക്കാത്തതാണ്.

അടുത്തത് കണ്ടന്റ് ഫ്രീ കോണ്‍‌സപ്റ്റ്

ഇതുവരെ ഒരു പോര്‍ട്ടലിനെ കണ്ടന്റും യൂസര്‍മാര്‍ക്ക് സൌജന്യമായി കിട്ടിയിട്ടില്ല. ചക്കാത്തിനല്ല ആരും ബ്രൌസ് ചെയ്യുന്നത്. സ്വന്തം കയ്യില്‍ നിന്ന് പൈസ മുടക്കിയോ, ഓഫീസ് ചെലവിലോ ആണ് എല്ലാവരുടെയും ബ്രൌസിംഗ്. പൈസ ചെലവാവുന്നുണ്ടെങ്കില്‍, പിന്നെ വായിക്കുന്നത് എങ്ങനെയാണ് സൌജന്യമാവുക? പൈസാ കൊടുത്ത് വനിത വാങ്ങിയിട്ട്, അതു സ്വസ്ഥമായിരുന്ന് വായിക്കണമെങ്കില്‍ വീണ്ടും പൈസ കൊടുക്കണം എന്ന അവസ്ഥ ശരിയാണോ?

ഐഡി വെച്ച് ആഡു പിടുത്തം

ഇ-മെയില്‍ ഐഡി സമാഹരിക്കേണ്ട കാമ്പയിനുകള്‍ പോര്‍ട്ടലുകള്‍ ചെയ്യാറുണ്ടെന്നത് ശരിയാണ്. എന്നാല്‍ പോര്‍ട്ടലുകള്‍ക്ക് ലഭിക്കുന്ന 90 ശതമാനം പരസ്യങ്ങളുടെയും അടിസ്ഥാനം ക്ലിക്ക്‌ത്രൂ കണക്കാണ്. യുണീക്ക് യൂസര്‍മാരുടെ എണ്ണം, പേജ് വ്യൂ കണക്ക്, ഡെമോഗ്രാഫിക്ക് റിപ്പോര്‍ട്ട് എന്നിവയുടെയൊക്കെ പരസ്യം തരുന്നവര്‍ കണക്കിലെടുക്കുന്നുണ്ട്. പരസ്യം എത്രപേര്‍ കാണുന്നുണ്ട് എന്നൊക്കെയുള്ള കണക്കുകള്‍ നിരീക്ഷിക്കുന്നത് പോര്‍ട്ടലുകളല്ല, പകരം മൂന്നാം കക്ഷികളാണെന്നും (ആഡ് സെര്‍വറുകള്‍) ഓര്‍ക്കുക.

സുലേഖയോ റെഡിഫോ?

ഇന്ത്യയില്‍ ഏറ്റവും വിജയകരമായി നടന്നുപോവുന്ന പോര്‍ട്ടല്‍ സുലേഖയല്ല. റെഡിഫും സിഫിയുമൊക്കെയാണ് സുലേഖയേക്കാള്‍ ലാഭം കൊയ്യുന്നത്. സുലേഖയുടേതൊരു “ഫ്രീ ആഡ്” പോളിസിയാണ്. മൂന്നാംകക്ഷികളില്‍ നിന്നും കോണ്‍‌ട്രിബ്യൂട്ടര്‍മാരില്‍ നിന്നും വാങ്ങിയിടുന്ന കണ്ടന്റൊഴികെ എക്സ്ക്ലുസീവായി സുലേഖയില്‍ ഒന്നും തന്നെയില്ല. റേറ്റിംഗ് ഏജന്‍സിയായ അലക്സയുടെ സിഫി - സുലേഖാ താരതമ്യം ഇവിടെ കാണുക.

ബ്ലോഗറും നാര്‍സിസിസവും

സ്വന്തം വീട്ടില്‍ ആരു വരണമെന്ന് തീരുമാനിക്കാവുന്ന ബ്ലോഗുകളെപ്പറ്റി വായിച്ചപ്പോള്‍ മേതിലിനെ ഓര്‍ത്തുപോയി. ബ്ലോഗ് സ്വന്തം വീടുപോലെയാണെന്നും നാര്‍സിസിസ്റ്റുകളാണ് ബ്ലോഗര്‍മാരെന്നുമാണ് മേതില്‍ അഭിപ്രായപ്പെട്ടത്. ഫോറങ്ങള്‍ക്കാണ് കൂടുതല്‍ ജനകീയ സ്വഭാവമെന്നും മേതില്‍ പറഞ്ഞിരുന്നു.

യാഹുവും ഗൂഗിളും അഗ്രിഗേറ്ററുകള്‍

ബ്ലോഗുകള്‍ക്ക് മാത്രമല്ല അഗ്രിഗേറ്ററുകള്‍ ഉള്ളത്. ന്യൂസ് ഡോട്ട് യാഹൂ ഡോട്ട് കോം, ന്യൂസ് ഡോട്ട് ഗൂഗിള്‍ ഡോട്ട് കോം എന്നിവയും അഗ്രിഗേറ്ററുകളാണ്. എന്തിനധികം പോവുന്നു, എല്ലാ സെര്‍ച്ച് എഞ്ചിനുകളും അഗ്രിഗേറ്ററുകളാണ്. ഇന്‍‌ഹൌസ് പ്രൊഡക്ഷന്‍ നടത്തി, ഉണ്ടാക്കിയെടുക്കുന്ന കണ്ടന്റ് സെര്‍ച്ച് എഞ്ചിനുകളും അഗ്രിഗേറ്ററുകളും കൊണ്ടുപോവുന്നതിനെതിരെ ഇപ്പോള്‍ തന്നെ പ്രക്ഷോഭമുണ്ട്. അത് ഒരുവശം മാത്രം.

എക്സ്ക്ലൂസീവ് കണ്ടന്റുള്ള റെഡിഫ് പോലുള്ള പോര്‍ട്ടലുകള്‍ അഗ്രിഗേറ്ററുകളെ സഹായിക്കുന്ന എക്സ് എം എല്‍ ഫീഡിനെ പിന്തുണയ്ക്കുന്നുവെന്നത് മുകളില്‍ പറഞ്ഞ പ്രക്ഷോഭത്തിന്റെ മറുവശമാണ്. മാക്സിമം റീച്ചെന്ന സ്വപ്നമാണ് പോര്‍ട്ടലുകളെ എക്സ് എം എല്‍ ഫീഡിനെ പുണരാന്‍ പ്രേരിപ്പിക്കുന്നത്. ഇതുകൊണ്ട് ആര്‍ക്കും നഷ്ടമില്ല. അഗ്രിഗേറ്ററുകള്‍ക്ക് ഹിറ്റ് കൂടുന്നതോടൊപ്പം കണ്ടന്റിന്റെ ഉടമസ്ഥര്‍ക്കും ഹിറ്റ് കൂടും.

ആരും ലാഭമുണ്ടാക്കണ്ട

അഗ്രിഗേറ്ററുകള്‍ അങ്ങനെ നിഗളിക്കണ്ടെന്നും അവയില്‍ നിന്ന് വരുന്ന ഹിറ്റുകള്‍ വേണ്ടെന്നും തീരുമാനിക്കാന്‍ കണ്ടന്റ് ഉണ്ടാക്കുന്നയാള്‍ക്ക് അവകാശമുണ്ട്. ആദ്യത്തെ മാര്‍ഗ്ഗം, സൈറ്റിലേക്ക് അറിയുന്നവര്‍ക്കു മാത്രം പ്രവേശനം അനുവദിക്കുക എന്നതാണ്. ഇതിനായി യൂസര്‍‌നെയിം, പാസ്സ്‌വേഡ് വാലിഡേഷന്‍ വേണ്ടിവരും. രണ്ടാമത്തെ മാര്‍ഗ്ഗം, ആവശ്യക്കാര്‍ക്ക് മെയിലുപയോഗിച്ച് കണ്ടന്റ് എത്തിക്കുക എന്നതാണ്. മൂന്നാമത്തെ മാര്‍ഗ്ഗം, ഉണ്ടാക്കിയ കണ്ടന്റ് വെബില്‍ ഇടാതെ കമ്പ്യൂട്ടറില്‍ സൂക്ഷിക്കുക എന്നതും!

വോട്ടിംഗും പറ്റിക്കലും

വോട്ടിംഗില്‍ എന്താണ് പ്രശ്നമെന്ന് മനസ്സിലാകുന്നില്ല. നമ്മുടെ രാജ്യത്ത് ഒരു ഭരണകൂടം നിര്‍ണ്ണയിക്കുന്നതുതന്നെ വോട്ടിംഗിലൂടെയാണ്. എത്ര വലിയ സുരക്ഷാസംവിധാനം ഉണ്ടായാലും ബൂത്ത് പിടിക്കുന്നവരെ നിലക്ക് നിര്‍ത്താനാവുന്നില്ലെന്ന് നമുക്കറിയാം. അധികാരം കൈയാളാനുള്ള അമിതമോഹമാണ് ബൂത്ത് പിടിക്കുന്നതിലും ചാക്കിട്ട് പിടിക്കുന്നതിലുമൊക്കെ കലാശിക്കുന്നത്.

അഗ്രിഗേറ്ററില്‍ റേറ്റിംഗിട്ടാലും ഈ വക പ്രശ്നങ്ങളൊക്കെ ഉണ്ടാവുമെന്നത് വാസ്തവം. അധികാരം കിട്ടിയില്ലെങ്കിലും, ആളു ചമയാനൊരു അവസരമെന്നു കരുതി, കുത്തിപ്പിടിച്ചിരുന്ന്, അഗ്രിഗേറ്റര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നവരെ നമുക്ക് സങ്കല്‍പ്പിക്കാനാവും. എന്നാല്‍ ഇതൊക്കെ എത്രകാലം? യൂസര്‍മാരുടെ എണ്ണം കൂടുന്നതിന്നുസരിച്ച് വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടിപ്പിച്ചാലും ഏശാത്ത സ്ഥിതി വരും.

പിന്നെ, പക്ഷങ്ങള്‍ നെറ്റിലും ഉണ്ടാവും. കമ്മ്യൂണിസ്റ്റു ചായ്‌വുള്ള എനിക്ക്, നെറ്റിലെ ആര്‍ എസ് എസ്സുകാരുടെ വീക്ഷണങ്ങളോട് യോജിക്കാന്‍ കഴിയില്ലല്ലോ. സ്വാഭാവികമായും ഞാന്‍ കമ്മ്യൂണിസ്റ്റ് ചായ്‌വുള്ള ബ്ലോഗര്‍മാരുടെ പക്ഷത്തായിരിക്കും. ഈ പക്ഷം ചേരല്‍, പൊളിറ്റിക്കലാണ്‌. അതുണ്ടാവാതിരിക്കാന്‍ തരമില്ല. അതു വേണ്ടതും ആണ്.

8:59 AM, August 11, 2006


ബിന്ദു said...
ഈ ദൈവം ഇടയ്ക്കു ഗര്‍ജിക്കുന്നതാണോ ഇടിവെട്ടുന്നതായി നമുക്കു തോന്നുന്നത്‌? എന്റെ പണ്ടു തൊട്ടേയുള്ള സംശയം ആണ്‌. :) ഇവിടെ ഒരു ഓഫ്‌ അടിച്ചില്ലെങ്കില്‍ എന്തു രസം??:)

9:05 AM, August 11, 2006


Inji Pennu said...
ബെന്നിചേട്ടാ

വിശദമായി മറുപിടി പിന്നെ എഴുതാം. ചെറിയ രണ്ട് കാര്യങ്ങള്‍ പറഞ്ഞുകൊള്ളട്ടെ.

rediff.com ആദ്യത്തെ ന്യൂസ് പോര്‍ട്ടല്‍ ആണ്. എന്ന് വെച്ചാല്‍ ഒരു പുതിയ ന്യൂസ് പേപ്പര്‍ ഇറക്കുന്നതിനു പകരം അവരതു വെബില്‍ ഇട്ടു. ആത്രേ ഉള്ളൂ. പിന്നീട് ന്യൂസ് കൊണ്ട് മാത്രം അത് ലാഭം ആകാതെ വന്നപ്പോഴാണ് അവര്‍ മറ്റു പലതും സപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. അതൊരു റിയല്‍ user community ആയിരുന്നില്ല.

sulekha.com വളരെ ബുദ്ധിപൂര്‍വ്വം ആദ്യം മുതലേ വികസിപ്പിച്ചെടുത്ത പോര്‍ട്ടലുകള്‍ക്ക് അത്യാവശ്യം വേണ്ട ദിവസേന തന്നെ പല പല സമയങ്ങളിലും കണ്ടന്റ് മാറിക്കൊണ്ടിരുന്ന ഒന്നാണ്.

പണ്ട് ബി.ജെ.പി ഭരിച്ചിരുന്ന കാലത്ത്, സുലേഖയില്‍ ഏറ്റവും ഉയര്‍ന്ന് കേട്ടിരുന്ന ശബ്ദം rss leaning ആളുകളുടെ ആയിരുന്നു. ന്യൂസ് ഹോപ്പറില്‍ തന്നെ അവരാണ്,അല്ലെങ്കില്‍ ഏറ്റവും സമയം അവര്‍ക്ക് ഉണ്ടായിരുന്നതുകൊണ്ട് മാത്രം അവരുടെ ലീനിങ്ങ് ന്യൂസുകള്‍ക്ക് വോട്ടും കമന്റ്സും കൂടുതല്‍ ആയിരുന്നു. അപ്രധാനമായ പല വാര്‍ത്തകള്‍ക്കും സംവാദങ്ങള്‍ക്കും അതുകൊണ്ട് മാത്രം സ്ഥലം കൊടുത്തു. യൂസേര്‍സ് വോട്ടിങ്ങ് എന്ന് പറയുന്നത് പലപ്പോഴും ഏത് ഗ്രൂപ്പിന് കൂടുതല്‍ സമയം ഉണ്ടോ അവരുടെ കണ്ടന്റ് ആദ്യം വരുന്നു എന്ന് മാത്രം ആയി ചുരുങ്ങുന്ന ഒന്നാണെന്ന് എനിക്ക് അനുഭവത്തില്‍ നിന്ന് തോന്നിയിട്ടുള്ളതു. ശരിയാവണമെന്നില്ല. പോര്‍ട്ടലുകള്‍ക്ക് വേണ്ടത് ആളുകള്‍ ആണ്. അതുകൊണ്ട് അവര്‍ പലതും കണ്ടില്ലാന്ന് നടിച്ചു.

ബ്ലോഗുകളില്‍ ഒരു ലേഖനം എഴുതി ഇട്ടാല്‍ അത് എനിക്ക് കണ്ട്രോള്‍ ചെയ്യാം.

ഒരു എക്സാമ്പിള്‍ എന്റെ ഫുഡ് ബ്ലോഗില്‍ ഞാന്‍ ബീഫിനെക്കുറിച്ച് എഴുതി. എന്നോട് യുദ്ധത്തിനു പലരും വന്നു.വന്നവരെല്ലാം അനോണിമസുകള്‍.
പക്ഷെ,സഭ്യമെന്ന് തോന്നിയ എതിര്‍ വാ‍ദങ്ങള്‍ക്ക് ഞാന്‍ മറുപിടിയും കൊടുത്തു. സഭ്യമല്ലാന്ന് തോന്നിയതിനെ അല്ലെങ്കില്‍ വെറുതെ demagogue എന്ന് തോന്നിയവരെ ഞാന്‍ ഡിലീറ്റ് ചെയ്തു.അവര്‍ക്ക് മറുപിടി കൊടുക്കേണ്ട ആവശ്യമില്ലല്ലൊ.

എന്നാല്‍ ഇതൊരു പോര്‍ട്ടലില്‍ ആണ് വന്നെങ്കില്‍ എന്റെ അമ്മേനേം അപ്പനേം വരെ തെറി വിളിക്കുകയും അത് പോര്‍ട്ടലുകാര്‍ കണ്ണടക്കുകയും ചെയ്തെനെ..കാരണം യുദ്ധം ഉണ്ടാവുമ്പോള്‍ ആളുകള്‍ ശ്രദ്ധിക്കുന്നു. യൂസേര്‍സ് കൂടുന്നു....

പിന്നെ വിശദമായി മറുപിടി എഴുതാം. ചോറ് ഒക്കെ പാക്ക് ചെയ്ത് കൊടുത്തിട്ട് വരാം. :)

9:46 AM, August 11, 2006


താര said...
എന്റെ ഇഞ്ചിക്കുട്ടാ, മിടുക്കത്തി....ഇത്രേം വിവരം കുഞ്ഞിമണ്ടത്തലേല് ഒളിപ്പിച്ച് വച്ചിരിക്യാരുന്നുല്ലേ...ഇനീം പോരട്ടെ..എന്തായാലും അടിപൊളി ആയിട്ടുണ്ട്. RSS ഫീഡും XML ഫീഡും തമ്മിലുള്ള വ്യത്യാസം കൂടി ഒന്ന് പറഞ്ഞ് താ പെണ്ണേ...

ഓഫ്: അതു ശരി കോപ്പിയടിയാ അല്ലേ..വനിതക്കാര് കാണണ്ട. അല്ല ഇപ്പൊ കണ്ടാലെന്താ, പരിപ്പില്‍ പച്ചമുളകിട്ടാ ഒരു കറി, വറ്റല്‍മുളകിട്ടാ വേറൊരു കറി. പരിപ്പ് കൊണ്ടൊരു പത്തിരുപത് കറി വക്കാന്‍ ഞാന്‍ കേമിയാ :)

9:57 AM, August 11, 2006


ഉമേഷ്::Umesh said...
കൊള്ളാം. പക്ഷേ വക്കാരിയുടെ നവരസങ്ങളില്‍ ആദ്യത്തേതു ചിലേടത്തു കലര്‍ന്നതു് ഒഴിവാക്കുകയും (ബെന്നി പറഞ്ഞതുപോലെ rediff-നെ വിടുകയും sulekhaയെ എടുക്കുകയും ചെയ്തതു്), ചില വസ്തുതകള്‍ പ്രതിപാദിക്കുന്നതു് വസ്തുനിഷ്ഠമാകുകയും (ബില്‍ ഗേറ്റ്സിനെപ്പറ്റി എഴുതിയതു വായിച്ചാല്‍ അദ്ദേഹം കണ്ടുപിടിച്ചതു പി. സി. യുടെ ഹാര്‍ഡ്വെയര്‍ ആണു്, അതില്‍ ഓടുന്ന സോഫ്റ്റ്വെയര്‍ അല്ല എന്നു തോന്നും), ഒളിഞ്ഞിരിക്കുന്ന ചില മുള്ളുകള്‍ ഒഴിവാക്കുകയും (“ദൈവം ചിന്തയിലാണല്ലോ!” എന്നതു് ഉദാഹരണം) ചെയ്തിരുന്നെങ്കില്‍ വക്കാരിയുടെ സ്റ്റൈലില്‍ നര്‍മ്മവും സാങ്കേതികതയും കലര്‍ത്തി എഴുതിയ ഒരു ഉഗ്രന്‍ ലേഖനമായേനേ ഇതു്.

അല്ലാ, soc.culture.* ന്യൂസ്‌ഗ്രൂപ്പുകളേ ഇഞ്ചി വായിച്ചിട്ടുള്ളോ? വേറെയും ഒരുപാടുണ്ടു് വളരെ ഉപകാരമുള്ളതു്. അവയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. നമ്മുടെ പിന്മൊഴികളും തൊലിയുരിച്ചുനോക്കിയാല്‍ ഇതുപോലൊരു ഗ്രൂപ്പാണു്.

ലേഖനങ്ങള്‍ എഴുതുമ്പോള്‍ സ്വന്തം അറിവിനോടൊപ്പം അല്പം റിസര്‍ച്ചു കൂടി ചെയ്തു സമഗ്രമാക്കിയാല്‍ ആസ്വാദ്യത കൂടും. ഇത്തരം പോസ്റ്റുകള്‍ ഡ്രാഫ്റ്റ് ആയി കുറേ സമയം ഇട്ടിട്ടു നന്നാക്കി അവസാനം പോസ്റ്റ് ചെയ്യേണ്ടവയാണു്. ഇഞ്ചി ഒരിക്കല്‍ പറഞ്ഞതുപോലെ, നേരേ പോസ്റ്റുചെയ്താലും പത്തു ഡ്രാഫ്റ്റിനു ശേഷം പോസ്റ്റു ചെയ്താലും ഒരുപോലെ ഇരിക്കും എന്ന ധാരണ തെറ്റാണു്.

10:03 AM, August 11, 2006


Inji Pennu said...
ഉമേഷേട്ടാ

ഉം...എന്താണ് പറഞ്ഞതെന്ന് എനിക്ക് ഇപ്പോള്‍ മനസ്സിലായി. പ്ലീസ് ഡോണ്ട് റീഡ് ബിറ്റ്വീന്‍ ലൈന്‍സ്. ഞാന്‍ ഗോഡ് ഈസ് ഇന്‍ തിങ്കിങ്ങ് മോഡ് എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ. വേറെ ഒന്നിനെക്കുറിച്ചും ആലോച്ചിച്ചല്ല ആ സെന്റെന്‍സ് എഴുതിയത്. ഇനി അതിനെക്കുറിച്ച് ഒരു വാദപ്രതിവാദത്തിന് ഞാനില്ല. ഇനി ഞാന്‍ എന്ത് ഉദ്ദേശിച്ചു എന്ന് മറ്റുള്ളവര്‍ പറഞ്ഞ് കേള്‍ക്കേണ്ടി വരുമായിരിക്കും.സാരമില്ല.ആ പോട്ടേ..ഉമേഷേട്ടന്‍ അല്ലെ...ഞാനത് മാറ്റിക്കൊള്ളാം. ദൈവം ഈസ് തിങ്കിങ്ങ് എന്ന് തന്നെ ആക്കാം.

പിന്നെ പറയാനുള്ളത് ഫലിതം എന്ന് തന്നെ പറഞ്ഞ് ഞാന്‍ എഴുതിയതാണ്. കെ.പി സാറിന്റെ ആരോപണങ്ങള്‍ വായിച്ചപ്പോള്‍ ഇച്ചിരെ വേദനിച്ചുവെങ്കിലും അത് തമാശ കൊണ്ട് നേരിടുന്നതാണ് അതും സെല്ഫ്- depreceiating humour എന്ന് എനിക്ക് തോന്നി. ഇനി അതും മാറ്റണമെങ്കില്‍ ഉമേഷേട്ടന്‍ പറയൂ...ഞാന്‍ മാറ്റാം.പോരെ?

ഹഹഹ..ഇപ്പോഴാണ് ഓര്‍ത്തത്...ഉമേഷേട്ടന്‍
ബൂലോക ക്ലബില്‍ ലിങ്ക് കൊടുത്തപ്പോള്‍ ബാക്കിയുള്ളവര്‍ തെറ്റിദ്ധരിച്ചതിന്റെ ഹാങ്ങ് ഓവര്‍ ആണൊ? ഹഹഹ..ഉമേഷേട്ടന്റെ പരാമര്‍ശം വായിച്ചപ്പോളുള്ള എന്റെ വിഷമം പോയി..ഞാന്‍ ഓകെ ആയി...ഹഹഹ...

10:23 AM, August 11, 2006


ഉമേഷ്::Umesh said...
അതുകൊണ്ടു തന്നെയാണു ഡ്രാഫ്റ്റ് ആയി ഇട്ടു് പല തവണ വായിച്ചതിനു ശേഷം മാത്രമേ പോസ്റ്റു ചെയ്യാവൂ എന്നു ഞാന്‍ പറഞ്ഞതു്.

ഇഞ്ചി ആ അര്‍ത്ഥം ഉദ്ദേശിച്ചില്ല. പക്ഷേ വായിക്കുന്നവര്‍ക്കു തോന്നി. പ്രത്യേകിച്ചു് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നു എന്നു ചില പോര്‍ട്ടലുകളെപ്പറ്റി പരാമര്‍ശിച്ചതിനു തൊട്ടു താഴെ അതു പറഞ്ഞപ്പോള്‍. അതായിരുന്നല്ലോ തര്‍ക്കത്തിന്റെ കാതല്‍.

ഞാന്‍ ബൂലോഗക്ലബ്ബില്‍ എഴുതിയതിനെ ആരും തെറ്റിദ്ധരിച്ചില്ലല്ലോ ഇഞ്ചീ. എഴുതിയതിന്റെ ഉള്ളടക്കം ഗുണമാണോ ദോഷമാണോ ചെയ്യുക എന്നതിനെപ്പറ്റി ആയിരുന്നില്ലേ തര്‍ക്കം? ശരിയായിത്തന്നെയാണു് എല്ലാവരും ധരിച്ചതു്-വിമര്‍ശിച്ചവര്‍ ഉള്‍പ്പെടെ.

തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാന്‍ ഞാന്‍ കഴിയുന്നത്ര ശ്രമിക്കാറുണ്ടു്-കമന്റുകളില്‍ പോലും. പല തവണ മാറ്റിയെഴുതിയാണു് പല പോസ്റ്റുകളും എഴുതുന്നതു്.

വേദിക് മാത്തമാറ്റിക്സിനെ എതിര്‍ത്തുകൊണ്ടു് ഒരു പോസ്റ്റ് രണ്ടര മാസമായി ഞാന്‍ എഴുതുന്നു. തിരുത്തല്‍, വാക്യങ്ങള്‍ മാറ്റല്‍, കൂടുതല്‍ റെഫറന്‍സുകള്‍ തെരയല്‍, എന്നിങ്ങനെ...

“ഇന്നു ഭാഷയതപൂര്‍ണ്ണമിങ്ങഹോ
വന്നു പോം പിഴയുമര്‍ത്ഥശങ്കയാല്‍...”

10:51 AM, August 11, 2006


Inji Pennu said...
എന്തായാലും ഉമേഷേട്ടനോട് തര്‍ക്കിച്ച് ജയിക്കാന്‍ എനിക്കീ ജന്മം പറ്റുമെന്ന് തോന്നുന്നില്ല (ഇനിയിപ്പോ തര്‍ക്കിക്കുമ്പോ ജയിക്കാനുള്ളതല്ലാ..അതൊരു തരം വികാരവിക്ഷോഭമാണ് എന്നൊക്കെ പറഞ്ഞ് തുടങ്ങിയാല്‍ നോ രക്ഷ...)

അതോണ്ട് ഒരു സെന്‍ കഥ പറയാം...

ഒരു വയസ്സായ സന്യാസിയും ഒരു ചെറുപ്പക്കാരനായ സന്യാസിയും കൂടി ഒരു വലിയ പുഴയുടെ തീരത്ത് നടക്കുവായിരുന്നു. അപ്പോള്‍ ഒരു സുന്ദരി ആയ യുവതി പുഴ കടക്കുവാന്‍ പാടു പെടുന്നത് കണ്ടു. ഉടനേ തന്നെ ചെറുപ്പകാരനായ സന്യാസി ആ സുന്ദരി ആയ യുവതിയേയും എടുത്തു കൊണ്ട് പുഴ കടന്നു തിരിച്ചു വന്നു. അത്രേം നേരം അത് കണ്ടോണ്ടിരുന്ന വയസ്സനായ സന്യാസി ഒന്നും മിണ്ടിയില്ല. കുറെ അധികം ദൂരം താണ്ടിയപ്പോള്‍ ആ വയസ്സായ സന്യാസി പറഞ്ഞു,ഹും നീ ചെയ്തത് ഒട്ടും ശരിയായില്ല.നീയെന്തിന് ഒരു പെണ്ണിനെ തൊട്ടു ? നമ്മള്‍ ബ്രമചാരികള്‍ അല്ലേയെന്നൊക്കെ അദ്ദേഹം ക്ഷുഭിതനായി. അപ്പോള്‍ ചെറുപ്പക്കാരനായ സന്യാസി പറഞ്ഞു, ഞാനവളെ ചുമന്ന് ആ പുഴ വക്കില്‍ എപ്പോഴെ ഉപേക്ഷിച്ചു..താങ്കള്‍ ഇപ്പോഴും അവളെ ചുമന്ന്കൊണ്ടിരിക്കുന്നു... :-)

ഇനി പറയാന്‍ ഉള്ളതൊക്കെ സെന്‍ കാരോട് പറഞ്ഞാല്‍ മതി. ഞാന്‍ ഉത്തരവാദിയല്ല. :-)
ശ്ലോകം പറഞ്ഞ് ഇതിനൊരുത്തരം തരാന്‍ പോവുകയാണെങ്കില്‍ അത് തര്‍ജ്ജമ ചെയ്യുമ്പൊ കുറച്ചും കൂടി കട്ടി കുറച്ച് ചെയ്യണമെന്നും അപേക്ഷ..:)


സിബുചേട്ടന്റെ കമന്റ് ഇപ്പോഴാ കണ്ടെ..
സിബുചേട്ടാ..ഞാന്‍ ഇവിടെ വന്നപ്പോ മുതല്‍ എനിക്ക് ബുദ്ധിയുണ്ടെന്ന് ഇവിടെ ആര്‍ത്തലച്ച് നടന്ന് പറഞ്ഞിട്ടും ആരും മൈന്റ് ചെയ്തില്ല.
കുട്ട്യേട്ടത്തി പോലും എനിക്കു വേണ്ട് അത് എത്ര തവണ പറഞ്ഞു..എന്നിട്ടും നോ രക്ഷ..പിന്നെ എന്താ ചെയ്യാ? അന്നേരം സിബുചേട്ടന്‍ നാട്ടീ പോയിരിക്കുവായിരുന്ന് എന്ന് തോന്നണു.

ഉടനെ തന്നെ ഉമേഷേട്ടന്‍ ആ പഴയ ലിങ്കൊന്നും പൊക്കി എടുക്കണ്ട.ഇന്നലെ റസ്സല്‍ ക്രോവിനെപറ്റിയുള്ള ലിങ്ക് പൊക്കിയെടുത്തതിന്റെ നാണക്കേട് ഇനിയും മാറിയിട്ടില്ലാ....

11:14 AM, August 11, 2006


ഉമേഷ്::Umesh said...
സെന്‍ കഥയൂം ഇവിടത്തെ കോണ്ടക്സ്റ്റും ഇഷ്ടപ്പെട്ടു. ബ്രില്ല്യന്റ്!

റസ്സല്‍ കാക്കച്ചേട്ടനെ പൊക്കിയതുപോലെ പഴയ ഒരു ലിങ്കു പൊക്കി (15 മിനിറ്റു മെനക്കെട്ടു അതിനു്!) നളനിട്ടൊരു പാര വെച്ചിട്ടുണ്ടു്, ദാ ഇപ്പോള്‍.

ഓഫീസില്‍ പോകാറായി. ബാക്കി പാരകള്‍ പിന്നീടു്.

11:18 AM, August 11, 2006


കൂമന്‍ said...
“ദൈവം ഇന്റര്‍നെറ്റ് സൃഷ്ടിച്ച ശേഷം മുപ്പത് വെള്ളിക്കാശിനായി ബില്‍ ഗേറ്റ്സ് ഇന്റര്‍നെറ്റിനെ തള്ളിപ്പറഞ്ഞു. പിന്നെ വര്‍ഷങ്ങള്‍ക്കു ശേഷം പശ്ചാത്തപിച്ച് കര്‍ത്താവിന്റെ സന്നിധിയിങ്കല്‍ ചേര്‍ന്ന് ഇന്റര്‍നെറ്റിന്റെ പ്രചാരകനായി മാറി. പിന്നെ അല്‍ ഗോര്‍ എന്ന അവിശ്വാസി താനാണ് ഇന്റര്‍നെറ്റിന്റെ കണ്ടുപിടുത്തക്കാരന്‍ എന്ന് കുപ്രചരണം നടത്തി. ദൈവം കോപിച്ച് അല്‍ ഗോറിനെ പടിയിറക്കി വിട്ടു...“ എന്നു കൂടിച്ചേര്‍ക്കണം

ഇഞ്ചീ, ലേഖനം നന്നായിട്ടുണ്ടല്ലോ. ഇന്റര്‍നെറ്റ് പൊതുജനത്തിനു കൊടുത്തു എന്നു പറയുന്നത് വാസ്തവമാണോ? ഇന്റര്‍നെറ്റ് പൊതുജനത്തിനു കൊടുക്കുന്നതിനു പകരം സ്വകാര്യകമ്പനികളെ ഏല്‍പ്പിച്ചു കൊടുത്തു എന്നു പറയുന്നതല്ലേ ശരി?

ഉമേഷ് പറഞ്ഞപോലെ ചില മുള്ളുകള്‍ കൂടി ഒഴിവാക്കിയെങ്കില്‍ കൂടുതല്‍ നന്നായേനെ. ഒപ്പം ഒളിച്ചു നിന്നു പള്ളു വിളിക്കുന്നവരെ ഗൌനീക്കാതിരിക്കുകയല്ല്ലേ നല്ലത്?

ബ്ലോഗുകളുടെ ഉള്ളടക്കം പബ്ലിക് സ്പേസില്‍ വരുന്നതല്ലേ. അവിടെ എന്റെ ബ്ലോഗ് ആരും ഇന്‍ഡക്സ് ചെയ്യരുത് എന്ന് വാശിപിടിക്കാനാകുമോ? ഗൂഗിള്‍ ഓരോ തവണയും ഇഴഞ്ഞിഴഞ്ഞ് അപ്പോള്‍ കാണുന്നതെല്ലാം കാഷ് (cache) ചെയ്യുന്നില്ലേ? ഇതൊക്കെ നമ്മുടെ അവകാശത്തിന്മേല്‍ കൈവയ്ക്കലാണെന്നു പറയാമോ? (വാഗ്വാദത്തിനൊന്നും വന്നതല്ലാട്ടോ.)

12:10 PM, August 11, 2006


Inji Pennu said...
കൂമന്‍ ചേട്ടാ

ഹഹഹ.ആല്‍ ഗോര്‍ പാവം..അദ്ദേഹം അങ്ങിനെ ഒന്നും പറഞ്ഞിട്ടില്ല..അതാ റൈറ്റ് വിങ്ങ് റിപ്പബ്ലിക്കന്‍ കാര്‍ അദ്ദേഹത്തിന്റെ വായില്‍ കൂത്തി തിരുകിയ വാക്കുകള്‍ അല്ലെ? :-)

ഇനി എന്ത് മുള്ള്?ഉണ്ടായിരുന്ന ഒരു മുള്ള ഉമേഷേട്ടന്‍ പറഞ്ഞപ്പൊ ഞാന്‍ എടുത്തു.. ആദ്യത്തെ ഡിസ്ക്ലെയിമര്‍ ആണൊ? അത് പേടിച്ചിട്ടാണ്..പലരും എന്നെ കോവര്‍ കഴുത എന്ന് പറഞ്ഞ് എപ്പോഴും പുച്ഛിക്കാറുണ്ട്.. അതോണ്ടാണ്... പിന്നെ മുള്ള് ഉണ്ടെന്ന് തോന്നുന്നെങ്കില്‍ ഞാന്‍ കമന്റില്‍ പറഞ്ഞ ആ സെന്‍ കഥയും കൂട് ചേര്‍ത്ത് വായിക്കുക :)

പിന്നെ ആരെയൊക്കെ പറഞ്ഞാലും ഗൂഗ്ഗിളുകാരെ പറ്റി ഒന്നും പറായരുതു..അമ്മച്ചിയാണെ സഹിക്കത്തില്ല. റസ്സ്ലല്‍ ക്രോവിനെ പറ്റി പറഞ്ഞാലും ഞാന്‍ സഹിക്കും...പക്ഷെ ഗൂഗിള്‍ കാരെ പറ്റി മാത്രെം...നോ. നഹീം..!!! :)

12:25 PM, August 11, 2006


Kuttyedathi said...
രാവിലെ മുതല്‍ തുറന്നു വച്ചിട്ടിപ്പോ, ദാ, ചപ്പാത്തിക്കു കറി ആയിട്ടെല്‍ജിയുടെ പോസ്റ്റ്‌ വായിച്ചു. കൈ കഴുകുന്നതിനു മുന്‍പു തന്നെ ഒരു കമന്റിട്ടേക്കാം.

ശോ, ഈ എല്‍ജി ഇങ്ങനെ ബുദ്ധിജീവി പോസ്റ്റുകളെഴുതി, ബുദ്ധിജീവികളുടെ കൂട്ടത്തിലേയ്ക്കു കളം മാറി ചവിട്ടാന്‍ തുടങ്ങിയാല്‍, ഞാനിനി ആരെയാ ഒന്നു മണ്ടീന്നു വിളിക്കുക ? എടയ്ക്കെടക്കു കൊരങേന്നു വിളിക്കാന്‍ മുട്ടുമ്പോ എന്നാ ചെയ്യും :)

ഇത്രോമൊക്കെ വെവരമുണ്ടല്ലെ തലേല്‌ ? എല്ലാത്തിന്റെയും ചരിത്രത്തെ പറ്റി നല്ല അവബോധമാണല്ലോ എല്‍ജിക്ക്‌. കപ്പ പുഴുക്കുണ്ടാക്കുന്നതെങ്ങനെ എന്നെഴുതുമ്പോള്‍, കപ്പയുടെ ഉല്‍പ്പത്തി, കപ്പ എങ്ങനെ ഇന്‍ഡ്യയിലെത്തി, കപ്പയുടെ ശാസ്ത്രീയ നാമം, കപ്പ വൃത്തിയായി കഴുകാതെ കഴിച്ചാല്‍ ഉണ്ടാകാന്‍ സാധ്യത ഉള്ള സൈട്‌ ഇഫ്ഫക്റ്റ്സ്‌ എന്തെല്ലാം ഇതൊക്കെ വളരെ മനോഹരമായെഴുതും എല്‍ജി. അതാണല്ലോ എല്‍ജിയുടെ കുക്കിംഗ്‌ ബ്ലോഗിനെ കെ എം മാത്യുവില്‍ നിന്നും വനിതയില്‍ നിന്നുമൊക്കെ വ്യത്യസ്തമാക്കുന്നതും.

ഹഠാദാകര്‍ഷിച്ചു അല്ലേ ശരി ?

പിന്നെ ആ വെല്ലുവിളിയുടെ 'ഭാഗം' ആണോ ?, ആ വെല്ലുവിളിയുടെ 'അനന്തര ഫലം' അല്ലേ ശരി ?

പിന്നെ 'വെബ്‌ പേജുക'ളാണോ ? 'വെബ്‌ ലോഗുകളല്ലേ കണ്ടുപിടിക്കപ്പെട്ടത്‌ ?

1:45 PM, August 11, 2006


സിബു::cibu said...
ബെന്നീ, ബ്ലോഗുകളും അവയുടെ അഗ്രിഗേറ്ററുകളും കൂടി തരാത്ത എന്താണ് ഡിസ്കഷന്‍ ഫോറം തരുന്നത്‌ എന്ന്‍ മേതിലിനോടൊന്ന്‌ ചോദിക്കണേ സമയം കിട്ടുമ്പോള്‍...

6:12 PM, August 11, 2006


Anonymous said...
Very interesting.

1. Is it correct to say Sergy & Page developed Search? Search was there even before google.I remember using yahoo to search in 96. They 'monetized' search successfully. very succesfully.

2. The general idea I got by reading your blog was 'Portals are bad and blogs are replacement of portals'.
Blogs are web logs. Authors can express their opinion about anything they want in their blog. It's their view of the world. An author may want to share his/her knowledge about a specific topic or may want to comment on 'world peace'.

People use portals for different purpose. Isn't it?

3. Something on the same line with your 'ideology' - 'Net Neutrality'. It's about network bandwidth but could control the contents as well.
http://www.google.com/help/netneutrality.html

Baiju

6:20 PM, August 11, 2006


Inji Pennu said...
അര്‍ച്ചനക്കും ആദിക്കും വല്ല്യമ്മായിക്കും മുല്ലപ്പൂവിനും കുട്ടപ്പായിക്കും കരീം ചേട്ടനും നന്ദി

ഷിജു ചേട്ടാ,അത് ഒരു self-depreciating ഹ്യൂമര്‍ പോലെ നോക്കിയതാണ്. വനിതയില്‍ നിന്നാണെങ്കില്‍ ഞാന്‍ വനിതയില്‍ നിന്ന് എന്ന് പറയാറുണ്ട്. ചുമ്മാ ഒരു തമാശിന് എഴുതിയതാണ്. ലേഖനം ഞാന്‍ തിരുത്തി..താങ്ക്സ്.. :)

ഉവ്വ..ഞാന്‍ വരക്കണ്. അഡോബിയുണ്ടെങ്കില്‍ ഏത് പോലീസുകാരിക്കും എന്തും ചെയ്യാല്ലൊ :)

കല്ല്യാണിക്കുടിയെ, അമ്മ മനസ്സ് മുതല്‍ ഉള്ളവ.. :-) ഞാന്‍ ടി.വി യും കമ്പ്യൂട്ടറും ഒരു സ്ഥലത്താണ് വെച്ചിരിക്കുന്നെ, അതോണ്ട് എളുപ്പമാണ്.ഏഷ്യാനെറ്റിലെ പലതും റേഡിയോ പോലെയാണ് കേള്‍ക്കുന്നെ :). മുരിങ്ങേടെ തൈ കൊണ്ട് വന്നോ? തിരുത്തിന് നന്ദി. അല്ലെങ്കില്‍ മാഷ് വന്ന് തല്ലിയെനെ.

ബിന്ദൂട്ടിയെ, പിന്നെയല്ലാതെ. :-)

താരക്കുട്ടിയെ, ഇതൊക്കെ ഇതില്‍ ജോലി ചെയ്യുന്ന എല്ലാര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ ആണന്നെ.പിന്നെ ഞാന്‍ ചുമ്മാ ഒന്ന് എഴുതി നോക്കിയതാണ്. അത്രെ ഉള്ളൂ.പിന്നെ ചോദിച്ച ചോദ്യത്തിന് ഗൂഗിള്‍ നോക്കുകയെ നിവൃത്തിയുള്ളൂ..ഞാന്‍ തന്നെ നോക്കണോ അതോ താരക്കുട്ടി നോക്കുമൊ? അയ്യോ..
അല്ലാട്ടൊ ഞാന്‍ വിറ്റടിക്കാന്‍ നോക്കിയതാ..വനിത ആണെങ്കില്‍ വനിത എന്ന് പറയും സോര്‍സ്. നമുക്ക് ആരുടേയും ഓസ് വേണ്ടെ..ഹിഹിഹി :)

കുട്ട്യേട്ടത്തിയെ, ഹിഹി...പേടിക്കണ്ട..
എന്തായാലും ആ വണ്ടിയില്‍ നമ്മളെ ആരും കേറ്റൂല്ല.നമുക്ക് ജബീന്ദര്‍ പ്രസാദ് തന്നെ ശരണം.
പറഞ്ഞ് തന്നെ തിരുത്തൊക്കെ തിരുത്തുന്നതായിരിക്കും..ഉമേഷേട്ടന്‍ എന്നെ കൈ വിട്ടുന്നാ തോന്നണെ. അതോണ്ട് ഇപ്പൊ നിങ്ങള്‍ ഒക്കെ തന്നെ പറഞ്ഞ് തരണം. :)

qw_er_ty

11:00 PM, August 11, 2006


Inji Pennu said...
ബെന്നിചേട്ടാ
ഇത്രേം വലിയ കമന്റിന് നന്ദി. അത്രേം ഞാന്‍ പ്രതീക്ഷിച്ചില്ല.

ഇനി,
1. പോര്‍ട്ടലുകള്‍ എന്റെ അറിവില്‍ ഒരു യെല്ലോപേജ്സ് പോലെ തുടങ്ങി പിന്നെ അതില്‍ നിന്ന് വികസിച്ച് വന്നവയാണ്. ന്യൂസ് പോര്‍ട്ടലുകളെ കമ്മ്യ്യൂണിറ്റി പോര്‍ട്ടലുകളുമായി കൂട്ടിക്കുഴക്കാന്‍ പറ്റുമൊ? പോര്‍ട്ടാലുകള്‍ക്ക് അവരുടേതായ ചിട്ട വട്ടങ്ങള്‍ ഉണ്ട് എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. ഇന്റര്‍നെറ്റ് വന്നത് ഫ്രീ ഇന്‍ഫര്‍മേഷന്‍ എന്ന് പറഞ്ഞ് കൊണ്ടാണല്ലൊ. അപ്പൊ അതിനെ എടുത്ത് ഒരു പഴയ മീഡിയാ ഫോര്‍മാറ്റ് പോലെയാക്കുന്നു പോര്‍ട്ടലുകള്‍ എന്ന് ഞാന്‍ ധരിക്കുന്നു. പോര്‍ട്ടലുകള്‍ ഇന്റര്‍നെറ്റില്‍ ഉണ്ട് എന്നല്ലാതെ എന്താണ് അതും ഒരു വീകിലി മാഗസിനും തമ്മിലുള്ള വിത്യാസം? വിവരങ്ങള്‍ അവരവരുടെ പോര്‍ട്ടലുകളുടെ മാനദണ്ഠം അനുസരിച്ച് പോര്‍ട്ടലുകള്‍ പിന്നേയും ചട്ടക്കൂട്ടില്‍ കയറ്റുന്നു.
അത് ഒരു വല്ല്യേട്ടന്‍ മനോഭാവം അറിയാതെ എങ്കിലും വരുന്നു. ഇപ്പൊ ഇത് ഫ്രീ ആയിട്ട് വെക്കണമെന്ന് പോര്‍ട്ടലുകള്‍ക്ക് തീരെ ആഗ്രഹമില്ല.പക്ഷെ നിവൃത്തികേടുകൊണ്ടാണ് അല്ലെങ്കില്‍ ആരും സബ്സ്ക്രിബ് ചെയ്യില്ലാ എന്നുള്ളതു കൊണ്ടാണ് മിക്ക പോര്‍ട്ടലുകളും ഇത് ഫ്രീ ആയിട്ട് കൊടുക്കുന്നത്. അപ്പോഴും നമ്മള്‍ പഴയ മാഗസിന്‍ ഫോര്‍മാറ്റിലേക്ക് പോവുന്നില്ലേ? ഗൂഗിള്‍ ഇത്രേം സ്പേസ് ഈമെയില്‍ കൊണ്ട് വന്ന ഒരു നടുക്കം സൃഷ്ടിക്കുന്നതിന് മുമ്പ് പല സെര്‍വീസുകളും പതുക്കെ ഫ്രീ സെര്‍വീസ് ഒക്കെ സ്റ്റോപ് ചെയ്തു തുടങ്ങിയിരുന്നു. ശരിയാണ് ഇപ്പോഴും പോര്‍ട്ടലുകളെ ആശ്രയിക്കുന്നവര്‍ ഉണ്ട്. ഇല്ലെന്നല്ല. പക്ഷെ അത് മാറി വരുകയാണ്. പണ്ട് bawarchi.com പോലെ ഒരു സൈറ്റിനെ ആശ്രയിക്കുന്നതിനേക്കാളും ഇപ്പോള്‍ റെസിപ്പി നോക്കുന്നവര്‍ ഫുഡ് വ്യക്തിഗത ബ്ലോഗുകളെ ആശ്രയിച്ച് തുടങ്ങിയിരിക്കുന്നു. ബ്ലോഗുകളെ കുറിച്ച് അറിവ് വെച്ച് വരുന്നതേയുള്ളൂ.
പോര്‍ട്ടലുകളില്‍ വരാന്‍ സാധിക്കാത്തതാണ് ഈമെയിലുല്‍ വെബ്പേജിലും ഒതുങ്ങി കൂടിയെന്ന് ഞാന്‍ ഉദ്ദേശിച്ചത്..

2. അങ്ങിനെ പറഞ്ഞാ‍ല്‍ ടി.വി കാണുമ്പോള്‍ കേബിള്‍ കാശ് മാത്രമല്ല, കരണ്ട് ബില്ലും വീട്ട് വാടകയും ടി.വി സെറ്റിന്റെ കാശും കൂടി നമ്മള്‍ കണക്ക് കൂട്ടുമൊ? പല ഓഫീസുകളും ഇന്റെര്‍നെറ്റ് അനുവദിക്കുന്നത് ഈ ഇന്‍ഫര്‍മേഷന്‍ ഫ്ലോക്ക് വേണ്ടിയാണ്.

3.അതെ ശരിയാണ്.ഞാന്‍ അതാണ് ലോയല്‍ യൂസേര്‍സ് എന്ന് ഉദ്ദേശിച്ചത്.

5.പോര്‍ട്ടലില്‍ ഞാന്‍ ഒരു ലേഖനമിട്ടാല്‍ അവരുടെ എഡിറ്റര്‍മാരുടെ കാരുണ്യത്തിലാണ്. വായിക്കുന്നവരുടെ അഭിപ്രായങ്ങള്‍ എന്റെ വീട്ടുകാരെ തെറി വിളിക്കുന്നതായലും ശരി യൂസേര്‍സ് കൂടുന്നുണ്ടെങ്കില്‍ പല പോര്‍ട്ടലുകളും കണ്ടില്ലാന്ന് നടിക്കുന്നു. ഇനി അതാണൊ ജനകീയ സ്വഭാവം? വെറുതെ ഒന്ന് ക്ലിക്കുന്നതിനെ എളുപ്പം കൊണ്ടാണ് ഇത്രേം പേര്‍ കമന്റുകളെ അബ്യൂസ് ചെയ്യുന്നത്. പണ്ട് പത്രത്തില്‍ തിരുത്ത് വരുത്തണമെങ്കില്‍ സ്വന്തം കയ്യില്‍ കാശ് മുടങ്ങുമായിരുന്നു. അത് പോലെ ഒന്നിവിടെ ഇല്ല. അത് കൊണ്ട് ആര്‍ക്കും എന്തും പറായാം എന്നും , ഡിസ്ക്ഷന്‍ ഫോറമുകള്‍ ഒരൊറ്റ യൂസറിന് തന്നെ 50 ഐ.ഡി ഉണ്ടെങ്കിലും കണ്ണടക്കുകയും ചെയ്യേണ്ടി വരുന്നു. സ്വന്തം വീട്ടില്‍ ആര് വരണമെന്ന് തീരുമാനിക്കുന്നത് അഹങ്കാരം ആണൊ? ആരാണ് മേതില്‍ എന്ന് എനിക്ക് അറിയില്ല.. :-( സോറി.

6. അതെ. ശരിയാണ്. സാധാരണ ലിങ്ക് അഗ്രിഗേറ്ററുകള്‍ക്കല്ല, പോര്‍ട്ടല്‍ പോലെ ബിഹേവ് ചെയ്യുന്ന അഗ്രിഗേറ്ററുകളോടാണ് എനിക്ക് ഒരു അസ്കിത. ചിലപ്പൊ നാളെ അത് മാറുമായിരിക്കും.അഭിപ്രായങ്ങള്‍ ഇരുമ്പുലക്കയല്ലല്ലോ :-)

7. അല്ല.എന്നെ തെറ്റിദ്ധരിച്ചു.ആരും കണ്ടന്റ് കണ്ട് സുഖിക്കണ്ടാ എന്നല്ല ഞാന്‍ ഉദ്ദേശിച്ചെ. അങ്ങിനെ ആണെങ്കില്‍ കമ്പ്യൂട്ടറില്‍ തന്നെ വെച്ചാല്‍ മതിയല്ലൊ. പക്ഷെ കണ്ടന്റ് കൊണ്ട് മാത്രം പോര്‍ട്ടലുകള്‍ പോലെ ബിഹേവ് ചെയ്യാന്‍ ശ്രമിക്കുന്നതിനോടാണ് എനിക്ക് അസ്കിത. അതു പോര്‍ട്ടലുകള്‍ക്ക് മാത്രമല്ല. nandalaya.org/mahanandi എന്ന ഈ ടോപ് ഫുഡ് ബ്ലോഗില്‍ നിന്ന് കണ്ടന്റ് (ഫോട്ടോസും റെസിപ്പിയും) മോഷ്ടിച്ച് ന്യൂസ് പോര്‍ട്ടലുകള്‍ ,പ്രിന്റ് മിഡിയ അതും കന്നഡയും തമിഴും ഒക്കെ ചെയ്യുന്നു കാരണം ഈ പാവം കുട്ടി ഫീഡെല്ലാം നിറുത്തി വെച്ചിരിക്കുവാണ്. തെലുഗു മാത്രമറിയാവുന്ന ഈ കുട്ടി കന്നഡാ പത്രത്തിനോട് എങ്ങിനെ പടവെട്ടാ‍ന്‍? ഇതിന് എന്തു സൊല്യൂഷന്‍ എന്ന് എനിക്ക് അറിയില്ല. ഇത് പുതിയ കാര്യവുമല്ല..പ്രിയദര്‍ശന്‍ എത്ര കാലമായി ചെയ്യുന്നു :-) പക്ഷെ പ്രതികരിച്ച് പോവുന്നതാണ്...അത്രെയുള്ളൂ.

അപ്പൊ സഖാവാണല്ലെ? :-) ലാല്‍ സലാം!
പക്ഷെ ഞാന്‍ സഖിയല്ല കേട്ടൊ.. :-)

11:41 PM, August 11, 2006


പാപ്പാന്‍‌/mahout said...
-എല്‍‌ജീ, self-deprecating ആണു ശരി.
-ബെന്നി സഖാവല്ല, കോളജില്‍ പഠിക്കുന്ന കാലത്ത് കെ എസ് യു ആയിരുന്നു എന്ന് എവിടെയോ എഴുതിയിരുന്നല്ലോ.
- എല്‍‌ജി ഒരു ഡെമോക്രാറ്റ് ആണോ? ആല്‍ ഗോറിനെ പിന്തുണച്ചതുകൊണ്ടു ചോദിച്ചതാണ്‍. ഏതായാലും ഗോര്‍ പറഞ്ഞത് ഇതാണ്‍. ഞാന്‍ (2000-ത്തിനുശേഷമുള്ള) ഗോറിന്റെ ഒരാരാധകനുമാണ്‍.

12:03 AM, August 12, 2006


ഇത്തിരിവെട്ടം|Ithiri said...
നന്നായിട്ടുണ്ട്.

12:15 AM, August 12, 2006


ഷിജു അലക്സ്‌‌: :Shiju Alex said...
ഇഞ്ചിയേ
ഈ പോസ്റ്റ് ഇട്ട സമയം എന്തായാലും നന്നായി. ഓഗസ്റ്റ്‌ 12-നു ആണെത്രെ പി.സി യുടെ ജന്മദിനം. മൂപ്പര്‍ക്ക്‌ 25 വയസായത്രെ ഇന്ന്‌. ഇതാ വെബ്‌ ലോകത്തില്‍ വന്ന ഈ ലേഖനം ഒന്നു വായിച്ച്‌ നോക്കൂ.

4:55 AM, August 12, 2006


കൈത്തിരി said...
സന്ധ്യയായി ഉഷസുമായി നാല്‍പത്താറാം വര്‍ഷം... കൊള്ളാം....

5:53 AM, August 12, 2006


Inji Pennu said...
പാപ്പാന്‍ ചേട്ടാ
ഏയ് ഞാന്‍ ഡെമോക്രാറ്റ് അല്ല. ലെഫ്റ്റ് ഓഫ് ദ സെന്റര്‍ ആണ്. :-) സൈന്‍ഫീല്‍ഡിന്റെ പോലെ :-)
അതെ, ഗോര്‍ ഇപ്പോ എന്‍വിറോണ്‍മെന്റെ പുറകെ നടക്കുവാണ്...

എനിക്കി ജോണ്‍ മെക്കെയിനെ ആയിരുന്നു ഇഷ്ടം..ഇപ്പോ ഹിലാരി ക്ലിന്റണ്‍ ഒന്ന് ജയിച്ച് അമേരിക്കയുടെ ചരിത്രം തിരുത്തിക്കുറിക്കട്ടേ എന്നാണ്..അവരോട് ഇഷ്ടം കൊണ്ടല്ല..ബട്ട് സ്റ്റില്‍ അവര്‍ക്കാണ് ഇപ്പൊ ഡെമോക്രാറ്റ്സില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് പിരിക്കാന്‍ കഴിവും..
പക്ഷെ എന്നാലും സൌത്തില്‍ നിന്നുള്ള ഗവര്‍ണര്‍ മാര്‍ ആരെങ്കിലും വരുവുള്ളൂ സാധാരണയായി അല്ലെ? എന്നാലും ഐ ആം റൂട്ടിങ്ങ് ഫോര്‍ ഹിലാരി...

5:20 PM, August 12, 2006


:: niKk | നിക്ക് :: said...
വളരെ നോസ്റ്റാള്‍ജിക്ക്‌ ആവുന്ന തരത്തിലുള്ളതാണ്‌ ജാലകത്തിലൂടെ നോക്കിക്കൊണ്ടിരിക്കുന്ന ആ കൊച്ചു പെണ്‍കുട്ടിയുടെ ചിത്രം. അതു ഇഞ്ഞി തന്നെ എന്നു അനുമാനിക്കുന്നു. നന്നായിട്ടുണ്ട്‌.

ഒരു സംശയം, ഇഞ്ഞി / ഇഞ്ചി വിച്ച്‌ വണ്‍ ഈസ്‌ കറക്റ്റ്‌ ?

11:27 PM, August 13, 2006


വയനാടന്‍ said...
ബില്ല് ഗേട്സിനെ മഹാനെന്ന് വിളിച്ചതില്‍ ചെറിയ പ്രതിഷേധം....സ്റ്‍റാള്‍മാനൊക്കെ ഉള്ളപ്പൊള്‍......

5:28 AM, August 14, 2006