2006-08-29

കൊന്നപ്പൂക്കള്‍

ആദ്യമേ യാതൊരു വിധ മുഖവുരയും കൂടാതെ പറഞ്ഞുകൊള്ളട്ടെ, ഇതൊരു പ്രണയനൈരാശ്യത്തിന്റെ കഥയാണ്. അവള്‍, എന്റെ പ്രണയിനി എന്റേതല്ലാതായ കഥ.

അവളെ ഞാന്‍ ആദ്യമായ് കണ്ടത്, മഞ്ഞ മുഴുവന്‍ പാവാടയും അതിന് ചേര്‍ന്ന മഞ്ഞ ജാക്കറ്റുമണിഞ്ഞ്, നെറ്റിയില്‍ വട്ടത്തില്‍ വലിയ ചുവന്ന കുംങ്കുമപ്പൊട്ട് തൊട്ട്, കുഞ്ഞുങ്ങളുടെ പോലെ നൈര്‍മല്ല്യമുള്ള മുഖവുമായൊരു പാവാടക്കാരിയായിട്ടാണ്. അതു മാത്രമോ അവളെ ഇങ്ങിനെ ഞാന്‍ കണ്ടത് പൂത്തു നിന്നൊരു കണിക്കൊന്നയുടെ ചുവട്ടിലും. ആരാണൊന്ന് അവളെ നോക്കി നിന്ന് പോവാത്തത്?

പ്രീഡിഗ്രിക്കാരനായ ഞാന്‍ അവിടെ ബസ്സ് കാത്തു നില്‍ക്കുകയും ഒരു ചെറിയ പുസ്തകക്കെട്ട് നെഞ്ചോട് ചേര്‍ത്ത് പിടിച്ച് നേരെ എതിര്‍വശത്തേക്കുള്ള ബസ്സും കാത്ത് അവള്‍ അവിടെ വന്നത് ദൈവത്തിന്റെ കരവിരുതോ കുസൃതിയോ? എന്തെങ്കിലുമാകട്ടെ, ആ കുഞ്ഞു മുഖത്തെ ചുവന്ന വലിയ കുങ്കുമപ്പൊട്ടാണ് ഞാന്‍ നോക്കി നിന്നുപോയത്. ആരോടോ പിണങ്ങി നില്‍ക്കുന്നതുപോലെ തോന്നിച്ചിരുന്നു. ഒറ്റക്കാക്കിയിട്ട് പോയ കൂട്ടുകാരികളോട് ആയിരി‍ക്കുമോ പരിഭവം? അന്നവള്‍ ഒറ്റക്ക് ആ മഞ്ഞപൂക്കള്‍ വീണു കിടക്കുന്ന മരച്ചോട്ടിലേക്ക് വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ ശ്രദ്ധിക്കുമായിരുന്നില്ലല്ലൊ. അവര്‍ വരാഞ്ഞതു ഞങ്ങളുടെ പ്രണയത്തിന്റെ ആദ്യ നിമിത്തമായിരുന്നിരിക്കണം.

എന്തായാലും അന്ന് എന്റെ ബസ്സ് വന്നതിനു ശേഷവും അവള്‍ക്കുള്ള ബസ്സ് വരുന്നതുവരേയും ഞാന്‍ അവിടെ നിന്നു. പിന്നെയെന്നും അവളേയും കാത്ത് അവിടെ ചെന്നിരുന്നുവെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലൊ. അവളുടെ കൂട്ടുകാരികളുടെ കൂടെ കളിയും തമാശയും പറഞ്ഞ് ചിരിച്ചുകൊണ്ടിരിക്കുന്ന അവളെ അടുത്തു കാണുവാന്‍, ഒന്ന് രണ്ട് ആഴ്ചകള്‍ക്ക് ശേഷമാണ് റോഡ് മുറിച്ച് കടക്കുവാന്‍ എനിക്ക് ധൈര്യം കിട്ടിയത്. അവളുടെ സ്റ്റോപ്പിലേക്ക് നടന്നടുക്കുമ്പോഴും എന്റെ കണ്ണുകള്‍ മൊത്തം അവളില്‍ പതിഞ്ഞിരുന്നത് അവള്‍ ശ്രദ്ധിച്ചതുപോലെ, ഒരു മിന്നായം പോലെ അവള്‍ എന്നെ ആദ്യമായി നോക്കിയതു പോലെ എനിക്ക് തോന്നിയിരുന്നു. അല്ല, അവള്‍ നോക്കിയിരുന്നിരിക്കണം. ഞാന്‍ വന്നതും അവാള്‍ പുറം തിരിഞ്ഞു നിന്നത് അതായിരിക്കുമല്ലൊ കാരണം?

രണ്ട് ദിവസങ്ങള്‍ക്ക് ശേഷം, അവളുടെ ബസ്സില്‍ തന്നെ, അവളുടെ വഴികളിലൂടെ ഞാനും എന്റെ പ്രണയത്തിനു വേണ്ടി യാത്രയായി. അവളിറിങ്ങുന്ന സ്റ്റോപ്പില്‍ ഇറങ്ങാനും അവള്‍ നടന്ന് കയറുന്ന മുറ്റവും വീടും കണ്ടുപിടിക്കാനും പിന്നേയും കുറേയധികം നാളെടുത്തു. എന്നെ കാണുമ്പോള്‍ അവള്‍ തല പെട്ടെന്ന് താഴ്ത്തുന്നതും, അവളുടെ നടത്തത്തിനു ഒരു പ്രത്യേക മാര്‍ദ്ദവവും താളവും വരുന്നതും, അവളുടെ പുസ്തകക്കെട്ടുകളെ മുറുക്കെ നെഞ്ചോടു ചേര്‍ക്കുന്നതും, അവളുടെ നെറ്റിത്തടത്തിലെ ഇല്ലാത്ത മുടിയിഴകളെ അവള്‍ മാടിയൊതുക്കാന്‍ ശ്രമിക്കുന്നതും, എല്ലാം എന്റെ മനസ്സിലെ പ്രണയത്തിനെ ആഴത്തിലുറപ്പിച്ചു.

ഒരിക്കലെങ്കിലും പ്രണയിച്ചവര്‍ക്ക് എന്റെ അവസ്ഥ മനസ്സിലാവുമല്ലൊ. ഒരു നിമിഷം പോലും ആ പാവാടക്കാരി എന്റെ മനസ്സില്‍ നിന്നു മാഞ്ഞില്ല. അടുത്തു ചെന്ന് അവളുടെ കണ്ണുകളിലേക്ക് ആഴത്തില്‍ നോക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഒരിക്കല്‍ പോലും അടുത്തു വരുമ്പോള്‍ അവള്‍ എന്റെ മുഖത്തേക്ക് നേരെയൊന്ന് നോക്കിയിട്ടില്ല. എന്നെ കാണുമ്പോള്‍ മുഖത്തെ അവളുടെ പരിഭവം എന്നോടുള്ള പ്രണയമായിരിക്കുമെന്ന് തന്നെ ഞാന്‍ വിശ്വസിച്ചു.

പിന്നീട് കുറച്ച് കാലം എനിക്കവളെ കാണുവാന്‍ സാധിച്ചില്ല. വളരെ ഉയര്‍ന്ന മാര്‍ക്കോടെ പത്ത് പാസ്സായ ഞാന്‍ ഒന്നാംവര്‍ഷം പ്രീഡിഗ്രിക്ക് രണ്ട് വിഷയങ്ങള്‍ക്ക് തോറ്റുപോയതും എന്റെ പ്രണയ ഏടുകളിലെ ഒരു സത്യം. എനിക്കതില്‍ പരാതിയോ പരിഭവമോ ഇല്ലായിരുന്നു. അവളെ എന്നിനി കാണാന്‍ പറ്റുമെന്ന് മാത്രമായിരുന്നു ചിന്ത. ഇത്തവണയെങ്കിലും അവളുടെ കണ്ണുകളിലേക്ക് നോക്കുവാന്‍ സാധിക്കണം. എന്തെങ്കിലും രണ്ട് വാക്ക് മിണ്ടുവാന്‍ സാധിക്കണം. പേരൊന്ന് അറിയണം. ഇത്രയും വലിയ കുംങ്കുമപ്പൊട്ട് എന്തിനെന്ന് ചോദിക്കണം. കൊന്നപ്പൂക്കളിഷ്ടമാണെന്നെനിക്കറിയാമെന്ന് പറയണം.

മൂടി വെച്ചിരുന്ന പ്രണയം കൂട്ടുകാരറിഞ്ഞതോട് കൂടി സംഗതി ഉഷാറായി. അവളുടെ ഫോണ്‍ നമ്പറും പേരും ഒക്കെ രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ എനിക്ക് കിട്ടി. അവളുടെ നമ്പര്‍ കറക്കി അവളുടെ ശബ്ദമാണെന്ന് എനിക്ക് തോന്നുമ്പോള്‍ ഫോണ്‍ പെട്ടെന്ന് കട്ട് ചെയ്യാതെ, ഒന്നും മിണ്ടാതെ, അവളുടെ നിശ്വാസം മാത്രം ഞാന്‍ കേട്ടിരുന്നു. ഹല്ലോ എന്നല്ലാതെ അവളും ഒരക്ഷരം മിണ്ടിയതുമില്ല. ഒന്നും മിണ്ടാന്‍ എനിക്കാവുമായിരുന്നില്ല. എന്തെങ്കിലും സാംസാരിച്ച് സ്വര്‍ഗ്ഗത്തിലെ എന്റെ പ്രണയത്തെ ഭൂമിയിലെക്ക് കൊണ്ടുവരാന്‍ എന്തോ എനിക്ക് തോന്നിയില്ല എന്ന് വേണം കരുതുവാന്‍.

പ്രണയത്തില്‍ മുഴുകി അവളുടെ നിശ്വാസങ്ങള്‍ മാത്രം കേട്ടു ഞാന്‍ സ്വപ്നങ്ങള്‍ ഒരുപാട് കണ്ടുകൂട്ടി. എന്റെ സ്വപ്നങ്ങളില്‍ എന്നും പൂക്കുന്ന കണിക്കൊന്ന മരവും, മുറ്റം നിറയേ മഞ്ഞപൂക്കള്‍ ഉതിര്‍ത്ത് ഞങ്ങളെ കോരിത്തരിപ്പിക്കുന്ന കണിക്കൊന്നയുമുണ്ടായിരുന്നു.

അങ്ങിനെ ഞങ്ങളറിയാതെ പ്രണയം നീണ്ടുപോവുമ്പോഴാണ് അവള്‍ സാരിയുടുത്ത് ഞാന്‍ ആദ്യമായി കണ്ട്. പച്ച നിറമുള്ള സാരി ചുറ്റി, കൈ നിറയെ പച്ച കുപ്പിവളകളിട്ട്, മുടി നിറയെ മുല്ല്ലപ്പൂ ചൂടി, കണ്ണുകളില്‍ മഷി പടര്‍ത്തിയ എന്റെ മഞ്ഞ പാവാടക്കാരി. അന്ന് അവളെ നോക്കിനില്‍ക്കുമ്പോള്‍ എന്റെ ഇമകള്‍ ഒരിക്കല്‍ പോലും വെട്ടിയിരുന്നൊയെന്ന് എനിക്ക് സംശയമാണ്. ബോധം നശിച്ച ഒരു അവസ്ഥ പോലായായിരുന്നു അവളെ അന്ന് അങ്ങിനെ കണ്ടപ്പോള്‍. മനസ്സിലും ദേഹം മുഴുവനും നിലക്കാത്ത വിദ്യുത്ച്ഛക്തി പ്രവാഹം. പ്രണയത്തിന്റെ അനുഭൂതിക്ക് പുത്തന്‍ നിറങ്ങള്‍. എന്നിട്ടും അവളെന്നെ നേര്‍ക്കു നേര്‍ അന്നും നോക്കിയില്ല. നന്നായി. അന്നെന്നെ അവളൊന്നു നോക്കിയിരുന്നെങ്കില്‍ യഥാര്‍ത്ഥത്തില്‍ പ്രജ്ഞയറ്റു പോയേനെ.

പിന്നേയും കുറെ പ്രണയവസന്തങ്ങള്‍ക്ക് ശേഷം, ആരോ പറഞ്ഞ് ഞാനറിഞ്ഞു അവളുടെ വിവാഹമാണെന്ന്.

പിന്നേയും അവളെ കണ്ടു, അവളുടെ ഭര്‍ത്താവിന്റെ കൂടെ. എന്നെ കണ്ടതും മുഖം സ്വല്‍പ്പം താ‍ഴ്ത്തി, സാരിയുടെ തുമ്പില്‍ ഇറുക്കെ പിടിച്ച്, അവള്‍ മുടിയിഴകള്‍ മാടിയൊതുക്കി. അതുകൊണ്ട് തന്നെ ചുവന്ന കുങ്കുമപ്പൊട്ടിന് മുകളിലെ ചുവന്ന സിന്ദൂരം കണ്ടില്ലാന്ന് നടിക്കാന്‍ എനിക്കെളുപ്പമായി.

വിരോധാഭാസമോയെന്നറിയില്ല, വിവാഹത്തിനു ശേഷമാണ് അവളെ കൂടുതല്‍ കൂടുതല്‍ കാണുവാന്‍ സാധിച്ചത്. അമ്പലത്തിലും, വഴിയിലും കടകളിലും ഒക്കെയായി ഒറ്റക്കും അല്ലാതെയും. ഞങ്ങളുടെ പ്രണയം പിന്നേയും യാതൊരു ഭംഗങ്ങളുമില്ലാതെ നീണ്ടുപോയി. വല്ലപ്പോഴുമാണെങ്കിലും ഒന്നോ രണ്ടോ നിമിഷത്തേക്കാണെങ്കിലും ഫോണില്‍ കൂടി അവളുടെ നിശ്വാസം വല്ലപ്പോഴുമൊക്കെ ഞാന്‍ പിന്നേയും കേട്ടിരുന്നു. കണിക്കൊന്നകള്‍ പൂക്കുന്നതും മുറ്റം നിറയെ മഞ്ഞപ്പൂക്കളും എന്റെ സ്വപ്നത്തില്‍ എപ്പോഴും നിറഞ്ഞു നിന്നു.

കിട്ടുമായിരുന്ന നല്ല ജോലികള്‍ പലതും അവള്‍ക്ക് വേണ്ടി, അവളെയെന്നും കാണുവാന്‍ വേണ്ടി ഞാന്‍ തള്ളിക്കളഞ്ഞു. വിവാഹാലോചനകള്‍ ഞാന്‍ ചിരിച്ചു തള്ളി. ഒരുവളെ പ്രണയിക്കുമ്പോള്‍ മറ്റൊരുവളെ ഞാന്‍ സ്വീകരിക്കുകയോ? കൂട്ടുകാരുടേയും വീട്ടുകാരുടേയും മുന്നില്‍ അപഹാസ്യനായി എപ്പോഴേ തീര്‍ന്നിരുന്നുവെങ്കിലും എനിക്ക് അവളുണ്ടല്ലൊ, എന്റെ മഞ്ഞ പാവാടക്കാരി.

ഇന്നലെ ഞാനവളെ വീണ്ടും കണ്ടു, കുറച്ചധികം നാളുകള്‍ക്ക് ശേഷം. ഒരു കൈക്കുഞ്ഞുമായി. എന്നെ കണ്ടതും, എന്റെ കണ്ണുകളിലേക്ക് ആദ്യമായി തറപ്പിച്ച് നോക്കി, കുഞ്ഞിന്റെ തല പതുക്കെ തലോടി അവള്‍ ചിരിച്ചു. അദ്യമായി, ഞങ്ങളുടെ ഇത്രയും പ്രണയവര്‍ഷങ്ങള്‍ക്ക് ശേഷം എന്നെ നോക്കി അവള്‍ ചിരിച്ചു. നാ‍ണത്തില്‍ കുതിരാത്ത, പതറാത്ത, ദൃഡമായ, വിടര്‍ന്ന കളങ്കിമില്ലാത്ത ചിരി.

കൊന്നമരങ്ങള്‍ ഒരിക്കലും പുഷ്പ്പിക്കാത്തതും അവയെല്ലാം എന്റെ മുറ്റത്ത് നിന്ന് വെട്ടിമാറ്റപ്പെടുന്നതും ഏതൊയൊരവസ്ഥയില്‍ കണ്മുന്നില്‍ ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നു.

2 പ്രതികരണങ്ങള്‍:

Inji Pennu said...

33 comments:
Immigrant in Canada said...
Konna didn't blossom or didn't let it blossom?

3:01 PM, August 29, 2006
Inji Pennu said...
ദേ എന്റെ വകയും കുറച്ച് കൊന്നപ്പൂക്കള്‍.....
ബോറാണെങ്കില്‍ പറ്യണെ..
ആദ്യായിട്ടാണിങ്ങ്നെ..അതോണ്ട് എനിക്ക് ചമ്മലും ഉണ്ട്.. :-)

3:18 PM, August 29, 2006
Kuttyedathi said...
ഇഞ്ജിപ്പെണ്ണേ, സത്യം പറ . നീ ചെക്കനാണോ ? ചുമ്മാ ഇഞ്ചി കുഞ്ചി എന്നൊക്കെ പേരിട്ടു ഞങളെ പറ്റിക്കുവാല്ലേ ?

പെണ്ണേ, ‘ആഴ്ച‘ (aazhcha) ആണു കേട്ടോ. നാളെ ഇമ്പോസിഷന്‍ എഴുതിക്കൊണ്ടു വന്നില്ലെങ്കില്‍ പിന്നെ കെട്ടിയോന്‍സിനെ വിളിച്ചോണ്ടു വന്നിട്ടു ക്ലാസ്സില്‍ കേറിയാല്‍ മതി.

പെണ്ണേ, ഇതെന്തോന്നു നൂറു പ്രാവശ്യം ശ്രമിച്ചിട്ടാ കമന്റിടാന്‍ പറ്റിയത്. എല്ലാമൊന്നു ശരിയാവുന്ന വരെ ആ വേഡ് വെരി അങ്ങ് ഓഫ് ചെയ്തിടൂ. Page contains secure and non secure items , do you want to ? ഒക്കെ വന്നിട്ടു പിന്നെ വേട് വെരിയുടെ അവിടെ ശൂന്യം.

കാറ്റൊരെണ്ണം വരുന്നുണ്ടല്ലോ. പറന്നു പോകാതെ മുറുക്കെ പിടിച്ചു നിക്കണേ.

3:38 PM, August 29, 2006
പാര്‍വതി said...
“വിരോധം തോന്നുമാറുക്തി” ആണല്ലോ ഇഞ്ചീ തന്റെ കഥകളില്‍ മുഴുവന്‍..ഇതിന് മുന്‍പിലെ മരണമാസ്വദിക്കുന്ന കുട്ടിയും എല്ലാം ???

പുളിയ്ഞ്ചിക്കും ഒരു ടേസ്റ്റില്ലേ...

പോരട്ടെ..

-പാര്‍വതി.

4:11 PM, August 29, 2006
Kareem Maash said...
അതു ശരിയായിരിക്കാം.
പ്രണയം പറയാനാവാതെ
പ്രണയിനിനിയെ പാതകള്‍ തോറും പിന്തുടര്‍ന്ന
പാരമ്പര്യമുള്ള പുരുഷന്മാര്‍ക്ക്‌
എഴുതാന്‍ പറ്റാത്ത ഈ കഥ.
ഇഞ്ജി പെണ്ണിന്റെ പേനത്തുന്‍പില്‍ നിന്നിറ്റുവീണപ്പോള്‍ പെരുത്തു പകിട്ട്‌

6:23 PM, August 29, 2006
ബിന്ദു said...
മനസ്സിലാക്കപ്പെടാത്ത സ്നേഹം മനസ്സിന്റെ വിങ്ങല്‍ എന്നൊക്കെ പറഞ്ഞു കൊണ്ടാരൊക്കെയോ വരുന്നുണ്ട്. ;)അവര്‍ക്കായി ഞാന്‍ വഴി മാറുന്നു. എന്റെ ഈശ്വരാ.. കുട്ടിയേടത്തി പറഞ്ഞത് സത്യമാണോ? കെട്ടിയോന്‍സിനെ വിളിച്ചോണ്ടു വന്നിട്ടുമതി ബാക്കി വര്‍ത്തമാനം. :)

7:01 PM, August 29, 2006
Adithyan said...
ഹ്ഹഹഹ

സത്യായും ഇതു വായിച്ചിട്ട് ചിരി വന്നു. എന്തിനാ ചിരി വന്നതെന്ന് അറിയില്ല. പക്ഷെ ഭയങ്കര ചിരി :)))

ഇഞ്ചീസ് കൊള്ളാം കേട്ടോ...

ഓടോ: ഇപ്പോ ദില്‍ബാസുരന്‍ വരും ട്യൂഷന്‍ എടുക്കാന്‍ - “അവന്‍ അങ്ങനെ ചെയ്യണമായിരുന്നു. ഇങ്ങനെ ചെയ്യണമായിരുന്നു. പുഷപ്പും പുള്ളപ്പും 25 വീതം എടുക്കണമാരുന്നു...“ എന്നൊക്കെ പറഞ്ഞോണ്ട് വരും ;)

7:30 PM, August 29, 2006
Anonymous said...
hm!
എന്തൊക്കെയോ എഴുതാന്‍ തോന്നി.
ഒന്നും എഴുതാതെ, വെറുതെ ഒരു നിശ്വാസം മാത്രം കേള്‍പ്പിച്ച്, പോട്ടെ.

-ഡിറ്റക്റ്റീവ് പുഷ്പരാജ്

7:48 PM, August 29, 2006
ബാബു said...
കഥയപ്പൊ കരീംമാഷെ കൊച്ചു കവിയാക്കി?

7:56 PM, August 29, 2006
റീനി said...
എന്താ ഇഞ്ചി...... ഇതില്‍ കമന്റാന്‍ ഇത്ര പാട്‌? എത്ര മതിലുകള്‍ പൊളിച്ചിട്ടാണന്നോ ഞാനകത്ത്‌ കയറിയത്‌.
എന്നാലും പെണ്ണിന്റെ പുറകെ നടത്തിച്ച്‌ പയ്യന്‍സിന്റെ ആയകാലം മുഴുവനും ഇഞ്ചി കളഞ്ഞില്ലേ? അവന്‍ പൊറുക്കൂല്ലാ ട്ടോ.

ചമ്മണ്ടാ...തലയും ഉയര്‍ത്തിപ്പിടിച്ച്‌ നടന്നോളൂ.

കരീംമാഷെ,..... നിരാശാകാമുകമ്മാര്‍ എങ്ങനെയാ കഥ എഴുതുക? അവര്‌ കടാപ്പുറത്തൂടെ പാടി പാടി മരിക്കയല്ലേ ചെയ്യുക?

8:00 PM, August 29, 2006
കുടിയന്‍ said...
ഇതു കഥയാണെന്ന് ഞാന്‍ പറയില്ല. ഇഞ്ചി എന്ന ചെക്കന്റെ(?) ആദ്യ പ്രണയനൈരാശ്യത്തിന്റെ ഒരു നൊമ്പരപ്പെടുത്തുന്ന ഏടാണു. സത്യമല്ലെ ഇഞ്ചി?.നാളെ ആണാണൊ, പെണ്ണാണൊ എന്നുള്ള സര്‍ടിഫിക്കറ്റും കൊന്ട് വാ..എന്നിട് ബാക്കി പറയാം.

9:50 PM, August 29, 2006
മഞ്ഞുതുള്ളി said...
പ്രണയ നൈരാശ്യം ഇല്ലാത്തവറ് ചുരുക്കം.. എന്റേയും ഓര്‍മ്മകളെ പുറകോട്ട് പിടിച്ചു കൊണ്ട് പോയി. അയ്യോ .. വയ്യ. ദേ ഞാന്‍ കരയുന്നു. ഈ കഥ വായിച്ചിട്ട്....

10:21 PM, August 29, 2006
RP said...
നല്ല കഥ.

ഇഞ്ചീ, ഞാന്‍ പോസ്റ്റൊക്കെ ഡ്രാഫ്റ്റ് ചെയ്തു. അപ്പഴാ ഇഞ്ചി പറഞ്ഞത് ഇപ്പോ ഇടല്ലേന്ന്. അതുകൊണ്ട് ഹോള്‍ഡ് ചെയ്യുന്നു.

11:26 PM, August 29, 2006
RP said...
അല്ല ഇനി എല്ലാരും പറഞ്ഞ പോലെ ചെക്കനാണോ??? ഒരു സംശയവും തോന്നാതിരിക്കാനാണോ പേരില്‍ പെണ്ണ് എന്നു കൂട്ടി ഇട്ടിരിക്കുന്നത്? അയ്യേ ഇപ്പഴല്ലേ മനസ്സിലായത്!

11:30 PM, August 29, 2006
വല്യമ്മായി said...
നഷ്ടപ്രണയത്തിന്‍റെ വര്‍ണ്ണമഴ പെയ്യിച്ച ഇഞ്ചിക്ക് അഭിനന്ദനങ്ങള്‍

11:48 PM, August 29, 2006
പുള്ളി said...
ഇതൊരു ആത്മകഥയാണെങ്കിലല്ലേ ഇഞ്ചി 'പെണ്ണാണോ' എന്നൊ ചിന്തിക്കേണ്ടൂ..
നന്നായി എഴുതിയിരിക്കുന്നൂ.

11:51 PM, August 29, 2006
വക്കാരിമഷ്ടാ said...
നന്നായിരിക്കുന്നു. ഇരുത്തം വന്ന എഴുത്തുകാരുടേതു പോലെ (ഇനി അങ്ങിനെതന്നെയാണോ?). അഭിനന്ദനങ്ങള്‍.

1:18 AM, August 30, 2006
മുല്ലപ്പൂ said...
ഇഞ്ചീ, മഞ്ഞക്കിളിയിലേക്കുള്ള എല്ലാ മാനദണ്ഡങ്ങളും അനുസരിക്കുന്ന ഒരു പോസ്റ്റ്.

1:40 AM, August 30, 2006
ദില്‍ബാസുരന്‍ said...
ഇഞ്ചിച്ചെക്കാ,
ഇടയ്ക്കെങ്കിലും മഞ്ഞപ്പാവാടയും കണിക്കൊന്നയും ഞാനും‍ സ്വപ്നം കാണാറുണ്ട്. ഇത് എന്നെ ചിന്തിപ്പിക്കുന്നു,വേദനിപ്പിക്കുന്നു. നന്നായി എഴുതിയിരിക്കുന്നു.

(ഓടോ:ആദീ...ഞാന്‍ വെച്ചിട്ടുണ്ട് മോനേ ദിനേശാ...)

2:09 AM, August 30, 2006
സൂര്യോദയം said...
'പെണ്ണും ചാരി നിന്നവന്‍ മണ്ണും കൊണ്ട്‌ പോയി' എന്നും പറയാം അല്ലേ... എന്തായാലും ഇനിയും കൊന്ന പൂക്കട്ടെ... മനം വീണ്ടും നിറയട്ടെ...

2:28 AM, August 30, 2006
kuliyander said...
ഞ്ഞി പെണ്ണേ.....
നെരൂദ പാടിയിട്ടുണ്ട്

പ്രേമിച്ചു ഞാനവളെ
ചിലപ്പോളവളെന്നെയും
പക്ഷേ
എന്റെ പ്രണയത്തിനായില്ല
അവളെയെന്നൊപ്പമായ്
കാത്തു സൂക്ഷിക്കുവാന്‍..

മഞ്ഞുതുള്ളികള്‍
പുല്‍തകിടിയിലിറുന്നു
വീഴുമ്പോലെ
വന്നു വീഴുന്നിതാത്മാവില്‍
കവിതകള്‍

സ്വച്ച വിശാലമാമിഴിക്കോണുകള്‍
കണ്ടാല്‍ കൊതിക്കാത്തതെങ്ങിനെ

3:21 AM, August 30, 2006
അരവിന്ദ് :: aravind said...
ഇഞ്ചിയുടെ മറ്റുകഥകളെ അപേക്ഷിച്ച് ഇതിന് തിളക്കം അല്പം കുറവാണെങ്കിലും ഒന്ന് തനിയെ മാറ്റിവച്ച് നോക്കിയാല്‍ നന്നായിരിക്കുന്നു.
പ്രണയ നൈരാശ്യത്തില്‍ പുതിയതായി ഒന്നുമില്ലല്ലോ എന്ന് തോന്നി...ആദിത്യന്റെ പ്രണയകഥകള്‍ വായിക്കുന്നത് കൊണ്ടാകാം...:-)
പക്ഷേ ഇഞ്ചി ആണല്ല എന്ന് ഇത് വായിച്ചിട്ട് ഞാനുറപ്പിച്ചു ട്ടോ... :-)


വെല്‍‌ഡണ്‍ ഇഞ്ചിപെണ്‍....വെല്‍ഡണ്‍...(ജോസ് പ്രകാശ് സ്റ്റൈല്‍)

3:33 AM, August 30, 2006
താര said...
എന്റെ ഇഞ്ചിപ്പെണ്ണേ, ഇതെനിക്കിഷ്ടായീ, ഭയങ്കര ഇഷ്ടായീ. പ്രണയത്തിന്റെ തീവ്രതയും ബന്ധങ്ങളുടെ ആഴവും വളരെ നന്നായി പറഞ്ഞിരിക്കുന്നു. സിമ്പ്ലി സൂപ്പര്‍!:)

ശ്ശോ, ഒരു കഥാകാരന്‍ അഥവാ കഥാകാരി സ്വന്തം അനുഭവങ്ങള്‍ വച്ചല്ലല്ലോ കഥ എഴുതുക; എന്തെങ്കിലും കുറച്ച് സ്വാധീനം ഉണ്ടാവാം അത്ര മാത്രം. അതുകൊണ്ട് തന്നെ ഇഞ്ചിപ്പെണ്ണ് ഒരു പെണ്ണാണെന്നുള്ളതിന് എനിക്കൊരു സംശയവും ഇല്ലാട്ടോ.

4:46 AM, August 30, 2006
കണ്ണൂസ്‌ said...
ഇഞ്ചിയുടെ ഈ കഥയെപ്പറ്റി സ്വാമി പ്രണയാനന്ദനുമായി സംസാരിക്കാന്‍ ഇന്നുച്ചക്ക്‌ അവസരം കിട്ടി.

കൊന്നപ്പൂവിലെ പ്രണയത്തിന്റെ ഈ വഴി, "പ്രണയിക്കാന്‍ 101 വഴികള്‍" എന്ന മഹാകാവ്യമെഴുതിയ ദില്‍ബാസുരാനന്ദ സ്വാമിക്കു പോലും കാണാന്‍ പറ്റാത്തതാണെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. കൊന്നയുടെ മഞ്ഞയില്‍ നിന്ന് സാരിയുടെ പച്ചയിലേക്ക്‌ സംക്രമിച്ച പ്രണയനിറം സിന്ദൂരപ്പൊട്ടിന്റെ ചുവപ്പിലേക്ക്‌ മാറിയതറിയാതെ കൊന്നമരം വെട്ടിമാറ്റുന്നതും കാത്തിരിക്കുന്ന ചെക്കന്‍ ദുബായ്‌ മുനിസിപ്പാലിറ്റിയുടെ ഉദ്ദ്യോഗസ്ഥന്‍ ആണെന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം. ഈ കാര്യം കൂടുതല്‍ വ്യക്തമാക്കാന്‍ " ഗതാഗതവിളക്കുകളുടെ തത്വശാസ്ത്രം" എന്ന പേരില്‍ മലയാളത്തിലോ, The philospohy of Traffic Lights എന്ന പേരില്‍ ഇംഗ്ലീഷിലോ അദ്ദേഹം ഒരു ഗ്രന്ഥം എഴുതുന്നുണ്ടത്രേ.

അതും പറഞ്ഞ്‌, ചുവന്ന ഓള്‍ഡ്‌ മങ്ക്‌ ഒരു പെഗ്ഗടിച്ച്‌, മഞ്ഞ കാഡിലാക്കില്‍ കേറി, അങ്ങേര്‍ പച്ച നിറത്തിലുള്ള പുതിന പുലാവ്‌ കഴിക്കാന്‍ പോയി.

എന്റെ ഉച്ച ഭക്ഷണം തൈരുസാദവും കയ്‌പ്പക്ക കൊണ്ടാട്ടവും.

5:16 AM, August 30, 2006
പരസ്പരം said...
ഒരു പക്ഷേ ഒരാണിന്റെ തലത്തില്‍ നിന്നെഴുതിയതുകൊണ്ടാവാം ആ എല്‍ജി..ഇഞ്ജിപ്പെണ്ണ് ടച്ചില്ലാതെ പോയി.

6:49 AM, August 30, 2006
സു | Su said...
മേരേ ഹാഥ് മേം തേരാ ഹാഥ് ഹോ
സാരീ ജന്നത്തേം മേരേ സാഥ് ഹോ.
തൂ ജോ പാസ് ഹോ ഫിര്‍ ക്യാ യേ ജഹാം
തേരേ പ്യാര്‍ മേം ഹോ ജാവൂം ഫനാ.

ഫനയിലെ പാട്ടും കേട്ട് ഇത് വായിക്കാന്‍ നല്ല രസംണ്ട്.

നല്ല പ്രണയം. മഴവില്ലുപോലെ ഉയരത്തില്‍, പല നിറത്തില്‍.

ജിത്‌നേ പാസ് പാസ് സാഗര്‍ കെ ലെഹര്‍
ഉത്‌നീ പാസ് തൂ രഹ്‌നാ ഹംസഫര്‍.

അവസാനം അവളുടെ കുഴിമാടത്തില്‍ ഒരു കൈക്കുടന്ന പൂവ് വിറയ്ക്കുന്ന കൈകൊണ്ട് വെച്ച്, ഒരുപാട് പ്രണയം നിറച്ച ആ കണ്ണിലെ കണ്ണീര്‍ തുടച്ച് വീണ്ടും ജന്മജന്മാന്തരങ്ങളില്‍ എവിടെയെങ്കിലും വെച്ച് കണിക്കൊന്ന വീണുകിടക്കുന്ന പാതയോരത്ത് വെച്ച് കണ്ടുമുട്ടാമെന്നുള്ള സ്വപ്നവുമായി പുഞ്ചിരിച്ച് വേച്ച് വേച്ച് നടക്കുമ്പോഴേ യഥാര്‍ത്ഥപ്രണയം പൂര്‍ണമാകൂ. അതുവരെ കൊന്നമരങ്ങളും പൂക്കളും വെട്ടിമാറ്റപ്പെടാതിരിക്കട്ടെ.

7:27 AM, August 30, 2006
painter said...
Why should I keep lovin U...?
When I know; u r not true...
Wasted days.. & wasted nights...

Ha... ha..

10:58 AM, August 30, 2006
minnaminugu said...
ആരാന്റെ ബസ് കാത്തു നിന്നാല്‍ അവനവന്റെ ബസ് പോകുന്നത് അറിയില്ല. പിന്നെ “ബസ് പോയിട്ട് കൈ കാണിച്ചിട്ട് കാര്യവുമില്ല”.

12:44 PM, August 30, 2006
തഥാഗതന്‍ said...
കാര്യങ്ങള്‍ പറഞ്ഞ്‌ ഫലിപ്പിക്കാന്‍ ഇഞ്ചിക്ക്‌ നന്നായി അറിയാം.ഇതിവൃത്തവും കൊള്ളാം. പക്ഷെ കഥയുടെ അവസാനം ശരിയായൊ?

കൊന്നമരങ്ങള്‍ വെട്ടിമാറ്റാന്‍ പുള്ളിക്കാരത്തിക്ക്‌ ഒരു കുഞ്ഞ്‌ ജനിക്കും വരെ കാത്തിരിക്കണമായിരുന്നോ?. അയമ്മയുടെ കല്യാണം കഴിഞ്ഞു എന്ന് അറിഞ്ഞതും വെട്ടിമാറ്റാമയിരുന്നില്ലേ?

(മറ്റ്‌ എല്ലാവര്‍ക്കും ഉണ്ടായ സംശയം എനിക്കും ഉണ്ടേ.. ഇനി ഇപ്പോ ഇഞ്ചി ഒരു ആണാണൊ?)

എന്തായാലും ഒരു ആണിന്റെ മനസ്സു കൊണ്ടു ചിന്തിക്കാന്‍ ഒരു സ്ത്രീയായ ഇഞ്ചിക്ക്‌ കഴിഞ്ഞത്‌ പ്രശംസനീയം തന്നെ.

4:15 AM, August 31, 2006
Inji Pennu said...
തഥാഗതര്‍ജി,അതേയ് അതു ശരി.ഇതു ചുമ്മാ ആപ്പയൂപ്പ പ്രണയമണൊ? :-) അവള്‍ക്കു പ്രണയമില്ലാന്ന് മനസ്സിലായപ്പോഴല്ലെ അവന്‍ കൊന്നമരം ഒക്കെ വെട്ടിമാറ്റിയെ :-)ഹിഹിഹി

താരേ,ആങ്ങിനെ പറഞ്ഞുകൊടുക്കേ, നമ്മളെ ആരെങ്കിലും പ്രേമിച്ചിട്ട് വേണ്ടെ അനുഭവം ഉണ്ടാവാന്‍ :-)

കുട്ട്യേട്ടത്തി, ആണോണോന്ന് ചോദിച്ചതു ഗോമ്പ്ലിമെന്റ് ആയിട്ട് എടുക്കട്ടെ ഈയവസരത്തില്‍ മാത്രം.എന്നിട്ട് എല്ലാരേം കൊണ്ട് അതു ചോദിപ്പിച്ചില്ലേ ഭീകരി! :-)

പാറുക്കുട്ടീന്റെ കമന്റിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ ഞാന്‍ വേറൊരു ബുദ്ധിമതിയോട് ചോദിക്കേണ്ടി വന്നു:)

അതെന്നാത്തിനാ ആദി ചിരിച്ചത്,വല്ലോനും പറ്റിയ അബദ്ധം ആലോച്ചിട്ടാണൊ? :-)

വക്കാരിജി :നന്നായി ഇരുന്നാ‍ണ് എഴുതണെ :-)ഹിഹിഹി

ജോസ്പ്രകാശേ, താങ്ക്സ്. ഒരു കഥക്കും പുതുമയില്ലല്ലൊ..എഴുതാനുള്ളതൊക്കെ മനുസ്നമാര്‍ നേരത്തെ എഴുതി തീര്‍ത്ത് നമുക്ക് ഒന്നും എഴുതാന്‍ പറ്റാണ്ടാക്കിയേക്കണു.

കണ്ണൂസേട്ടാ, കമന്റ് വായിച്ച് എനിക്ക് വട്ടായി :) ഞാന്‍ അങ്ങോട്ട് വട്ടാ‍ക്കിയേന് ഇങ്ങോട്ടും പ്രതികാര നടപടി എടുത്തതാണല്ലെ? :)


മിന്നാമിനുങ്ങേ,പെയിന്ററേ,സൂവേച്ചി,പരസ്പരമേ,മുല്ലപ്പൂവേ,കരീം മാഷേ,ബിന്ദൂട്ടിയെ,
റീനിക്കുട്ടിയെ,ഡിറ്റക്റ്റീവ് പുഷ്പരാജ് ,കുടിയര്‍ജി,
മഞ്ഞുതുള്ളി,ആര്‍പ്പിക്കുട്ടീ,വല്ല്യാന്റീ,പുള്ളി,
ദില്‍ബൂട്ടിയെ,സൂര്യോദയമെ,കുലിയാണ്ടര്‍,
ആപ്പ് ലോഗോം കോ കമന്റനേ കീ നന്ദി ഹെ ഹു ഹൈ...

അദ്യായിട്ട് ഒരു പ്രണയകഥ എഴുതി നോക്കീതാണ്.
ഇനി നിറുത്തി...:-)

5:59 PM, September 01, 2006
Inji Pennu said...
യ്യോ സാറക്കുട്ടീ...താങ്ക്സ്..:)

qw_er_ty

5:59 PM, September 01, 2006
കാര്‍ത്തുവിന്‌... said...
ഇഞ്ചി പെണ്ണേ വാ ... വാ...

എന്റെ ജീവതത്തില്‍ നിന്നും രണ്ട്‌ വാക്ക്‌
" Love never fails
But lovers..."
സ്നേഹിക്കുന്നവര്‍ ഒരുപക്ഷേ തോറ്റുപോയേക്കാം പക്ഷേ...
സ്നേഹം അനശ്വരമാണ്‌
അത്‌ സ്നേഹിക്കുന്നവരോടുകൂടി എന്നെന്നും അനശ്വരമായി...

പിന്നേയ്‌...

വിവാഹം കഴിഞ്ഞ കൊന്നപ്പൂവിനെ അങ്ങ്‌ട്‌ കളയുക. എന്നിട്ട്‌
വിവാഹത്തിന്‌ മുന്‍പുള്ള കൊന്നപ്പൂവിനെ മനസില്‍ അങ്ങ്‌ട്‌ പ്രതിഷ്ടിക്ക..
അവിടെ വെച്ച്‌.. പിണങ്ങുകയോ.. ഇണങ്ങുകയോ.. എന്ത്‌ വേണോച്ചാല്‍ ആവാല്ലോ...

3:06 PM, September 22, 2006
Magic Lens said...
well..she should've smiled at him long back...hehehe
one smile frm her erased all the konnappoos and konnamarangal frm his mind...what a tragedy!!

5:20 PM, September 28, 2006
qw_er_ty

Manoj | മനോജ്‌ said...

നല്ല കഥ! മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ ദുരന്തനായികയെപ്പോലെ കാണാനഴകുള്ള ഒരു പാവം പാവാടക്കാരിയോട് pre-degree സമയത്തു തോന്നിയ one way ഇഷ്ടം ഓര്‍മ്മിപ്പിച്ചു ഈ കൊചു കഥ. ഓര്‍മ്മകളെക്കാള്‍ സുഖമുള്ള നൊമ്പരമായി ഈ പൂക്കള്‍... ആശംസകളോടെ...