2006-12-05

ഏയ്, ഇവിടെ കൊടുങ്കാറ്റടിക്കില്ല!

ഏവൂര്‍ജിയുടെ കമന്റ് കണ്ടപ്പൊ എനിക്കെഴുതാന്‍ കൊതിയായി. എഴുതാന്‍ കൊതിയായാല്‍ പിന്നെ എത്ര കണ്ട്രോള്‍ ചെയ്താലും നടക്കൂല്ല.

ഫ്ലോറിഡായില്‍ 2005 ഒക്റ്റോബറില്‍ ഒരു വമ്പന്‍ കൊടുങ്കാറ്റടിച്ചു. 120 മൈത്സ് പെര്‍ ഹവര്‍. ഞങ്ങളുടെ താമസസ്ഥലം ബീച്ചില്‍ നിന്ന് ആറ് മൈലേയുള്ളൂവെങ്കിലും, ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് അന്‍പത് കൊല്ലങ്ങള്‍ക്ക് ശേഷമാണ് അങ്ങിനെയൊരു ഭീമാകാരന്‍ അടിക്കുന്നത്. (കൊടുങ്കാറ്റടിച്ചതിന്റെ ഓര്‍മ്മക്ക് ഞാന്‍ കൊടുങ്കാറ്റെന്നൊരു കഥ(?) എഴുതിയിട്ടുണ്ട്. ഇക്കൊല്ലത്തെ (2006) കൊടുങ്കാറ്റ് സീസണ്‍ തുടങ്ങിയപ്പോള്‍ പോയ കൊല്ലത്തെ കാറ്റടിച്ചതിന്റെ ഒര്‍മ്മകളുടെ ഒരു ഡിപ്രഷന്‍ തീര്‍ക്കാനാണത് എഴുതിയത്.)

ജൂലായ് മുതല്‍ നവമ്പര്‍ വരെയാണ് ഇവിടെ കൊടുങ്കാറ്റ് സീസണ്‍. കൊടുങ്കാറ്റിനെ കുറിച്ച് പറയുന്നതിനു മുന്‍പ് അമേരിക്കയിലെ വീടുകളെക്കുറിച്ച് പറയണം. നമ്മുടെ നാട്ടിലെ കോണ്‍ക്രീറ്റ് വീടുകളുടെ സേഫ്റ്റി റേഷ്യോ 100 ആണെങ്കില്‍ അമേരിക്കയിലെ വീടുകളുടെ സേഫ്റ്റി റേഷ്യോ വെറും 20 മറ്റോ ആണ്. അതുകൊണ്ട് തന്നെ മൂന്നൊ നാലോ മാസം കൊണ്ട് 4000 ചതുരശ്ര അടി വീടുകള്‍ വരെ മൊത്തം ഫിനിഷ് ചെയ്തു പണിതു തരും. സാധാരണ സാഹചര്യത്തില്‍ 20 ധാരാളമാണ്. പക്ഷെ ഇതുപോലെ പ്രകൃതി ദുരന്തങ്ങള്‍ വരുമ്പോഴാണ് നമ്മള്‍ വീടിന്റെ സുരക്ഷിതത്വം എന്തു മാത്രമാണെന്ന് മനസ്സിലാക്കുന്നത്.

ഇവിടെ 93-നു ശേഷമുള്ള വീടുകളെല്ലാം 140 മൈത്സ് പെര്‍ ഹവറിലുള്ള കാറ്റു വരേ താങ്ങുകയുള്ളൂ. അതിനു മുന്നേയുള്ളതു അത്രയും പോലും താങ്ങില്ല. എന്നുവെച്ചാല്‍ വീട് നിരപ്പായി പോകുമെന്ന്. 92-ല്‍ ആണ്ട്രൂ എന്ന കൊടുങ്കാറ്റടിച്ച് മയാമിയുടെ സൌത്തിലോട്ടുള്ള വീടുകളെല്ലാം നിരപ്പാക്കിയതിനു ശേഷമാണ് അത്രയെങ്കിലും കെട്ടിട നിയമങ്ങള്‍ കൊണ്ട് വന്നത്. (പിന്നീടൊരവസത്തില്‍, അമേരിക്കയിലെ പുറം വാതിലുകളെക്കുറിച്ച്, നിയമങ്ങളേയും ലോബിയേയും കുറിച്ച്‍, ഇതുപോലെ കൊതി വരുമ്പൊ എഴുതാം)

ആദ്യം തന്നെ കാറ്റ് വരുന്നു എന്നു പറഞ്ഞപ്പോള്‍, എന്റെ ‘നല്ല’ സ്വഭാവത്തിനു ഞാന്‍ വിചാരിച്ചു ഏ, ഇവിടോട്ടൊന്നും വരില്ലായെന്ന്. അത് ആദ്യത്തെ പ്രതികരണമായ ഡിനയല്‍ മോഡാണ്. ഇത് ഞാന്‍ മാത്രമല്ല, അറിയാവുന്ന മിക്ക മലയാളികളും അങ്ങിനെ തന്നെ. സായിപ്പ് എപ്പോഴും ജഗരൂകരാണ്, റേഡിയോ കേട്ടും മറ്റും എല്ലാ തയ്യാറെടുപ്പകളോട് കൂടിയാണ് അവര്‍ ഇരിക്കുന്നത്. നമ്മളാകട്ടെ, ഏയ് ഇവിടോട്ടൊന്നും വരില്ലായെന്ന് ചുമ്മാ ഒരു പ്രവചനമാണ്. അന്‍പതു കൊല്ലമായിട്ട് അടിച്ചിട്ടില്ല. പിന്നെയാണ് ഇനി. ഇതൊക്കെയാണ് കാറ്റടിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പും നമ്മുടെ കൂട്ടര്‍ എല്ലാവരും പറയുന്നതു.

എവിടേക്കാണീ കാറ്റ് വരുകയെന്ന് ഇത്രയും വലിയ കുന്ത്രാണ്ടങ്ങളും കൂണു പോലെ സാറ്റിലൈറ്റുകളുണ്ടായിട്ടും പ്രവചിക്കാന്‍ പറ്റിയിട്ടില്ല. കാറ്റ് വരുന്നതിനു ഒരു ഇരുപത്തിനാല് മണിക്കൂര്‍ മുന്‍പ്, ഇവിടെ എല്ലായിടത്തും ആളുകള്‍ ഹറിക്കേന്‍ ഷട്ടര്‍ ജനലുകളില്‍ അടിക്കാന്‍ ആരംഭിച്ചു. കട്ടിയുള്ള പ്ലൈവുഡ് മുതല്‍ സ്റ്റീലിന്റെ കട്ടിയുള്ള ഷട്ടറുകള്‍ ആയി ഹറിക്കേന്‍ ഷട്ടറുകള്‍ പലവിധമുണ്ട്. ഞങ്ങടെ വീടിനുള്ളത് സ്റ്റീലിന്റെയാണ്.

ഷട്ടറുകള്‍ ജനലുകളില്‍ സ്ക്രൂ തിരികി പിടിപ്പിക്കും. ജനലിലെ ചില്ല് പൊട്ടി കാറ്റ് അകത്തേക്ക് പ്രവേശിച്ചാല്‍, കാറ്റിന് പുറത്തു കടക്കാന്‍ നിവൃത്തിയില്ലാ‍തെ വീടിന്റെ മേല്‍ക്കൂര പൊളിച്ചുകൊണ്ട് പോവും. ഇവിടത്തെ മേല്‍ക്കൂരകള്‍ക്ക് അത്രക്കും ബലമേയുള്ളൂ. ഷട്ടറിടുമ്പോളുള്ള പ്രശ്നം, തീരെ സൂര്യപ്രകാശമോ വെട്ടമോ വീടിന്റെ ഉള്ളില്‍ ഉണ്ടാവില്ലായെന്നാണ്. ജനലുകള്‍ മൊത്തം മൂടിയിരിക്കുകയാണല്ലൊ.

എന്തായാലും അടുത്തുള്ളവരൊക്കെ ഷട്ടറിടുന്ന കണ്ടപ്പോള്‍ ഞങ്ങളുമിട്ടു. ഇതൊക്കെ ഇടുമ്പോഴും കാറ്റടിക്കുമെന്ന് ഞങ്ങള്‍ മലയളികള്‍ക്ക് കാര്യമായ തോന്നലില്ല. പക്ഷെ, എന്തോ പന്തിക്കെടുണ്ടെന്ന് തോന്നുന്നത് പെട്രോള്‍ പമ്പുകള്‍ കണ്ടപ്പോഴാണ്. വല്ലാത്ത നീണ്ട നിര. സാധാരണ ഒരു വണ്ടിയോ രണ്ടു വണ്ടിയോ മറ്റുമേ മുന്നില്‍ കാണു. കാരണം എല്ലാ മുക്കിലും ഒരു ബങ്ക് കാണും. ഇതാണെങ്കില്‍ റോഡിലോട്ടൊക്കെ നീളുന്ന നീണ്ട നിര. മെഡിക്കല്‍ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന കൂട്ടുകാര്‍ക്കും ബന്ധുകള്‍ക്കുമൊക്കെ ഉടനടി റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തരവ്. എന്തോ ചെറുതായിട്ടു ഉണ്ടാവുമെന്ന് കരുതി ഞങ്ങളെല്ലാവരും വണ്ടികളില്‍ ‍പെട്രോള്‍ അടിച്ചിട്ടു.

വേറെ ഒരു തയ്യാറെടുപ്പുകളും എടുത്തില്ലാന്ന് മാത്രമല്ല, എടുക്കുന്നോരെ നിരുത്സാഹപ്പെടുത്തിയും നെട്ടോട്ടമോടുന്ന സായിപ്പന്മാരെ കളിയാക്കി ചിരിച്ചും മലയാളിയുടെ കര്‍ത്തവ്യനിര്‍വ്വഹണം നടത്തിപ്പോന്നു. മിക്ക വീടുകളിലും ഏഷ്യാനെറ്റ് മാത്രമേയുള്ളൂ. കാറ്റ് വന്നാല്‍ അതു വരുന്നുണ്ടോയെന്ന് അറിയാനുള്ള സംവിധാനം പോലുമില്ല. വേണ്ടല്ലൊ, കാരണം കൊടുങ്കാറ്റ് നമ്മള്‍ പറയുന്നതുപോലെ പെരുമാറുമല്ലൊ. :)

എന്തായാലും സന്ധ്യ ആയപ്പോഴേക്കും ചെറുതായി കാറ്റ് വീശി തുടങ്ങി. ഓ, നല്ല ഇളം കാറ്റെന്നൊക്കെ പറഞ്ഞ്, ഷട്ടറിട്ടതുകൊണ്ട് ശ്വാസം കിട്ടട്ടേയെന്നൊക്കെ വിചാരിച്ചു, വെളിയില്‍ സൊറ പറഞ്ഞിരിന്നു കുറച്ചു നേരം. പിന്നെ അവിടെന്നും ഇവിടെന്നും കമ്പും കൊള്ളിയും ഒക്കെ പറന്നു തുടങ്ങി‍യപ്പോള്‍, പതുക്കെ സംഗതി ശരിയാവില്ലാന്ന് കരുതി അകത്തു കയറി.

ഞങ്ങളുടെ വീട്ടില്‍ മൂന്ന് ഫാമിലികള്‍ ഒരുമിച്ചിരുന്ന് കാറ്റിനെ നേരിടാം എന്ന് തീരുമാനിച്ചിരുന്നു. കൂട്ടുള്ളപ്പോള്‍ അധികം പേടി തോന്നില്ലല്ലൊ. എനിക്കാണെങ്കില്‍ സന്തോഷമായി. ഇത്രേം പേര്‍ക്ക് കുക്കാമല്ലൊ. ഞാന്‍ പെരുന്നാളു പോലെ ഭക്ഷണം ഒക്കെ ഉണ്ടാക്കി എല്ലാവര്‍ക്കും ചോറൊക്കെ കൊടുത്തു.

ഞങ്ങളുടെ വീടിന്റെ ലനായിലോട്ട് ഇറങ്ങുവാന്‍, വലിയ ഒരു വാതിലുണ്ട്. അത് മൊത്തം ചില്ലാണ്. ചോറൊക്കെ ഉണ്ട്, സിനിമാ കാണാം എന്നും ഒക്കെ വിശേഷങ്ങളൊക്കെ പറഞ്ഞ് ആ ചില്ലിലോട്ട് ഞാന്‍ ചാരി ഇരുന്നതും, ചില്ല് ഭയങ്കര ഒരു ഉലച്ചില്‍. എന്റെ നല്ല ജീവന്‍ പോയി. സ്റ്റീലുകൊണ്ടുള്ള ഷട്ടറിട്ടും ചില്ല് അത്രയും ഉലയുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. അത്രയും നേരം ഏ, കാറ്റൊന്നും കുഴപ്പമില്ല, എനിക്ക് പേടിയൊന്നുമില്ലായെന്ന് പറഞ്ഞു കൊണ്ടിരുന്ന എന്റെ ചങ്ക് പടാ പടാന്ന് മിടിക്കാന്‍ തുടങ്ങി. കാണാന്‍ പോകുന്ന പൂരം ഇച്ചിരെ വലിയ പൂരമായിരിക്കുമെന്ന് മനസ്സ് പറഞ്ഞു.

പിന്നെയങ്ങോട്ട് ഒരു അരമണിക്കൂറിനുള്ളില്‍ ജീവിതത്തില്‍ നടക്കാത്ത പലതും നടന്നു. ഒരു വലിയ ട്രെയിന്‍ വന്ന് വീട്ടിലോട്ട് ഇടിക്കുന്ന പോലെയായിരുന്നു കാറ്റിന്റെ വരവ്. അതും നിര്‍ത്താതെ. ശരിയായിട്ടും വിവരിക്കാന്‍ സാധ്യമല്ല. എന്തെല്ലാമോ പൊട്ടി തകരുന്ന ശബ്ദങ്ങള്‍. പുറത്ത് എന്താണ് നടക്കുന്നേയെന്ന് അറിയാണ്ട് എല്ലാവരും വിരണ്ടിരിക്കുന്നു. ടി.വിയില്‍ വാര്‍ത്തയില്‍ കാറ്റിന്റെ ഔട്ടര്‍ ബാന്‍സ് മുകളിലൂടെ പോകുന്നുവെന്ന് മനസ്സിലായി. കാറ്റിന്റെ ഹുങ്കാരം എന്നൊക്കെ വായിച്ചിട്ടുണ്ടെന്നല്ലാതെ, ആ പദത്തിന്റെ അര്‍ത്ഥം അറിയണമെങ്കില്‍ അവിടെ അന്നേരം വേണമായിരുന്നു. തമാശ അതല്ല, അപ്പോഴും ശരിയായ കാറ്റ് അടിച്ചു തുടങ്ങിയിട്ടുണ്ടായിരുന്നില്ല.

നിറുത്താതെ ഒരു മിനിട്ട് സാവകാശമില്ലാതെ കാറ്റടിക്കുകയാണ്. ഇങ്ങിനെ ഇടതടവില്ലാതെ ഈ ശബ്ദം കേള്‍ക്കുന്നതുകൊണ്ട് ഷട്ടറിട്ടതിന്റെ ക്ഷീണം ഉണ്ടങ്കിലും, രാത്രിയായിട്ടും ആര്‍ക്കും ഉറങ്ങാന്‍ സാധിക്കുന്നില്ല. വീട് എപ്പൊ ഇടിഞ്ഞു പൊളിഞ്ഞു വീഴുമെന്ന് മാത്രമായിരുന്നു എല്ലാവരുടേയും ചിന്ത. അതുപോലെയായിരുന്നു സംഹാരതാണ്ഡവം. കുഞ്ഞുങ്ങള്‍ എല്ലാം കളിക്കാന്‍ കൂട്ടുകാരെ കിട്ടിയ ത്രില്ലില്‍ ഇത്രയും കോലാഹലം നടന്നിട്ടും ഉറങ്ങാതെ ചിരിയും കളിയും. വലിയവര്‍ എല്ലാം ശ്വാസം അടക്കിപിടിച്ചും പ്രാര്‍ത്ഥിച്ചും കഴിഞ്ഞു. ആ രാത്രി മുഴുവന്‍ ഒരു ശബ്ദം കേള്‍ക്കുമ്പോള്‍ ആ മുറി ഇടിഞ്ഞു വീണൊ, അതോ ഈ മുറിയാണൊ എന്ന് നിരീക്ഷിക്കലായിരുന്നു. (പിന്നീടാണ് അറിഞ്ഞത്, കുഞ്ഞുങ്ങള്‍ അങ്ങിനെ കൂട്ടുകാരുടെ കൂടെ ഇരുന്നതുകൊണ്ട് നന്നാ‍യി എന്ന്. ഒറ്റക്കിരുന്ന കുട്ടികള്‍ പലരും പേടിച്ചു വിറച്ച് ഒരു തരം ഡിപ്രഷനിലായിയെന്ന്. )

എന്തായാലും കുരിശു വരച്ചും, അന്യോന്യം നോക്കിയും, എങ്ങിനെയോ പകലായി. കാറ്റൊന്ന് ശമിച്ച പോലെ തോന്നി. എന്തൊക്കെ സംഭവിച്ചു എന്ന് ഇറങ്ങി നോക്കിയാലോ എന്ന് കരുതി ആണുങ്ങള്‍ പതിയെ ഇറങ്ങി നോക്കി. ഏറ്റവും അപകടം പിടിച്ചതാണ് ഈ ഇടക്കുള്ള ഇറങ്ങി നോക്കല്‍. പക്ഷെ, ശമിച്ചുവെന്ന് കരുതി ഇറങ്ങിയതാണ്.

കണ്ട കാഴ്ച ഭീകരം. ശരിക്കുമൊരു ബോമ്പിട്ട പോലെ. മരങ്ങള്‍ എല്ലാം ഒടിഞ്ഞു തൂങ്ങി. സ്റ്റ്രീട് ലാമ്പുകളും സൈനുകളും എല്ലാം താഴെ. അരുടെയോ വണ്ടിയുടെ മുകളിലോട്ട് മരങ്ങള്‍. അടുത്തുള്ള വീടിന്റെ ഗരാജ് എങ്ങിനേയോ പൊന്തി അതിലോട്ട് ഒരു മരം ഞാന്നു കിടക്കുന്നു. ഞങ്ങള്‍ക്കുണ്ടായിരുന്നു ഒന്ന് രണ്ട് ചെറിയ മരങ്ങളുടേയും മറ്റും സ്ഥാനത്ത് കുഴികള്‍. കൃഷി ഒക്കെ ഉണ്ടായിരുന്നിടത്ത് ഒരു ഇലപോലുമില്ല.

പിന്നേയും ചെറുതായിട്ട് കാറ്റടിച്ചു തുടങ്ങിയതും എല്ലാവരും ഓടി വീടിന്റെ ഉള്ളില്‍ കയറി. അപ്പോഴും അടുത്തു നടക്കാന്‍ പോകുന്നതൊന്നും അറിയില്ലാത്തതുകൊണ്ട് രണ്ട് ദിവസം ഓഫീസുണ്ടാവില്ലാന്നുള്ള സന്തോഷത്തിലാണ് എല്ലാവരും.

പിന്നെ വന്ന കാറ്റ് രാത്രിയടിച്ചതിനേക്കാളും ഭീകരമായിരുന്നു. കൂടെ നിറുത്താതെ മഴയും. ദൂരെയുള്ള ഒരു കുടുമ്പം വിളിച്ച് അവരുടെ മേല്‍ക്കൂര പകുതി പോയെന്ന് ഫോണിലൂടെ കരയുന്നു. അവര്‍ക്ക് ഒരു കൊച്ചു കുട്ടിയുമുണ്ട്. ഏതെങ്കിലും മുറിയുടെ ക്ലോസെറ്റിലോ മറ്റോ ഇരിക്കൂ സുരക്ഷിതമായി എന്നു പറയുന്നതിനിടെയില്‍ കറന്റും പോയി. ഞാന്‍ എല്ലാ‍വര്‍ക്കും പുട്ടും ചാ‍യയും പ്രാതലും ഉണ്ടാക്കി അടുപ്പ് ഓഫ് ചെയ്തതേ ഉണ്ടായിരുന്നുള്ളൂ. എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. അവസാനത്തെ കുറ്റി എടുത്തതും കറന്റ് പോയി.

കറന്റിപ്പൊ വരും എന്നു പറഞ്ഞു എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ആശ്വസിപ്പിച്ചു. പകലായിട്ടും വീട്ടില്‍ നല്ല ഇരുട്ട്. അതു മാത്രമല്ല, ഇവിടുത്തെ വീടുകളില്‍ തീരെ വെന്റിലേഷനില്ല. ഏ.സി അല്ലെങ്കില്‍ ഹീറ്റര്‍ എപ്പോഴും ഇടുവാനുള്ള സംവിധാനത്തിലാണ് വീടുണ്ടാക്കുന്നതു. കറന്റ് പോയതോട് കൂടി, ഇത്രയും പേര്‍ ഒരുമിച്ചു ഇരിക്കുന്നതു കൊണ്ടു തീരെ വായുസഞ്ചാരമില്ലാത്ത ഒരു അവസ്ഥ. ജനലോ വാതിലോ തുറക്കാനും സാധ്യമല്ലല്ലൊ. കുറച്ച് കഴിഞ്ഞു ഫോണും ഡെഡായി. ഫോണും പോയതോടു കൂടി ആരുടേയും വിവരം അറിയാണ്ട് എവിടെയോ ഒറ്റപ്പെട്ടുപോയതുപോലെ. സെല്ഫോണും ലാണ്ട് ലൈനും ഒന്നും പ്രവര്‍ത്തിക്കുന്നില്ല. ഞങ്ങളുടെ ടെന്‍ഷന്‍ കണ്ടിട്ടാവണം കുഞ്ഞുങ്ങളെല്ലാം കരഞ്ഞു തുടങ്ങി. പക്ഷെ, തലേ ദിവസം ഉറങ്ങാത്തകൊണ്ടും കുറച്ചു നേരം കരഞ്ഞാണെങ്കിലും അവരെല്ലാം പെട്ടെന്ന് ഭാഗ്യത്തിന് ഉറങ്ങിപ്പോയി.

കറന്റിപ്പൊ വരും, വരും എന്നു എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും പറയുന്നതല്ലാതെ കറന്റ് വരുന്നില്ല. ഉച്ചക്കുള്ള ഭക്ഷണം ഫ്രിഡ്ജില്‍ നിന്നും അവിടെ നിന്നും ഇവിടെ നിന്നും ഒക്കെ സീരിയലും ബ്രെഡും ഒക്കെയായി ഒരുവിധം ഒപ്പിച്ചു. ഈ സമയങ്ങളില്‍ കാന്‍ഡ് ഫുഡ് കരുതണമെന്ന് ടി.വിയില്‍ ഒക്കെ നേരത്തെ പറയുന്നുണ്ടായിരുന്നെങ്കിലും ഏ, ഇവിടെ കാറ്റടിക്കില്ലല്ലൊ എന്നല്ലേ നമ്മള്‍ വിചാരിക്കുന്നത്. അതുകൊണ്ട് പെട്രോള്‍ അടിച്ചതും ഷട്ടറിട്ടതും അല്ലാതെ വേറെ ഒന്നും കരുതി വെച്ചിരുന്നില്ല.

സംഗതി ഗൌരവമാണെന്ന് മനസ്സിലായി തുടങ്ങി. കറന്റില്ലെങ്കില്‍ ഒന്നും നടക്കില്ല. വീട്ടിലെ അടുപ്പ് മുതല്‍ സെക്യൂരിറ്റി സിസ്റ്റം വരെ ഒന്നും പ്രവൃത്തിക്കില്ല. അമേരിക്കയില്‍ കറന്റില്ലാത്ത അവസ്ഥ നാട്ടില്‍ ഹര്‍ത്താലിനേക്കാളും ഭീകരമാണ്. സകല സാധനങ്ങളും പ്രവര്‍ത്തിക്കുന്നതും മാത്രമല്ല, നമ്മള്‍ കറന്റ് ഒരു മിനുട്ട് പോകുന്നതിനു ഒട്ടും തയ്യാറല്ല്ലാ താനും. നാട്ടിലെപ്പോലെ വെളിയില്‍ ഒരു അടുപ്പൊ, അല്ലെങ്കില്‍ ഒരു കിണറോ ഒന്നുമില്ല. കറന്റ് ഒരു ദിവസം നിന്നാല്‍ വെള്ളം നില്‍ക്കുമെന്നും കൂടി ആരൊ പറഞ്ഞു. വെള്ളം ശുദ്ധീകരിക്കാന്‍ സാധിക്കില്ലാത്രെ. ഏ, കറന്റ് ഒരു ദിവസത്തില്‍ കൂടുതല്‍ വരാതെയിരിക്കുമൊ? ഇത് അമേരിക്കയല്ലേ? എല്ലാവരും പിന്നേയും അവനവന്റെ അല്പവിവരത്തിലുള്ള അഭിപ്രായം രേഖപ്പെടുത്തി.

എന്തായാലും ഉച്ചയോടെ കാറ്റു നിന്നുവെന്നു മനസ്സിലായി. ഡോര്‍ തുറന്നു നോക്കിയപ്പോള്‍ റോഡിലൊക്കെ ഓരോ വണ്ടി കണ്ടു തുടങ്ങി. കാറ്റുണ്ടെങ്കിലും ചെറുതായിട്ടേ ഉള്ളൂ. വൈകുന്നേരം ആയപ്പോഴേക്കും വെളിയിലോട്ട് ഇറങ്ങി എന്തെങ്കിലും സാധനങ്ങള്‍ മേടിക്കാമെന്ന് കരുതി ഒരോരുത്തര്‍ വണ്ടിയുമെടുത്ത് പതിയെ പോയിത്തുടണ്ടാമെന്ന് പ്ലാനിട്ടു. മാത്രമല്ല ഞങ്ങളുടെ കൂടെയുള്ളവരുടെ വീടുകള്‍ ഏതു സ്ഥിതിയിലാണെന്നും അറിയണമല്ലൊ. പോവുകയാണെങ്കില്‍ ഒരുമിച്ചു പോകാം എന്നും പറഞ്ഞ് എല്ലാവരും കൂടി ഒരുമിച്ചു ഇറങ്ങി.

ഭംഗിയായി ചെത്തി മിനുക്കിയ പുല്‍ത്തകിടിയും നിറയേ മരങ്ങളും കൊണ്ട് നല്ല ഭംഗിയായിരുന്നു ഞങ്ങളുടെ സിറ്റി. പുറത്തേക്കിറങ്ങിയപ്പോള്‍ ഒരൊറ്റ മരമില്ല. ഉള്ളതു തന്നെ ചെരിഞ്ഞും ആടിയും നില്‍ക്കുന്നു. ഇരുപതും അന്‍പതും വര്‍ഷങ്ങള്‍ പഴയ ഭീമാകരമായ മരങ്ങള്‍ കടയോടെ പിഴുത്, ടാറിട്ട റോഡ് വരെ പൊളിച്ചു ഗതാഗത തടസ്സുമുണ്ടാക്കി നില്‍ക്കുന്നു. ട്രാഫിക്ക് ലൈറ്റുകള്‍ ആടിതൂങ്ങുന്നു. സ്റ്റ്രീറ്റ് മാര്‍ക്കേര്‍സും ലൈറ്റുമെല്ലാം തഥൈവ. ഏതോ സിനിമയില്‍ ഒക്കെ കണ്ടിട്ടുള്ള യുദ്ധം കഴിഞ്ഞ ശവപ്പറമ്പ് പോലെ.

അറിയാവുന്ന ഒരാളുടെ വീട്ടിലെ സ്വമ്മിങ്ങ് പൂളിലോട്ട്, അടുത്തു നിന്നിരുന്ന ഒരു കൂറ്റന്‍ മരം കടപുഴകി വിണുകിടക്കുന്നു. ഭാഗ്യത്തിന് വീടിനൊന്നും പറ്റിയില്ല. ആ സ്വിമ്മിങ്ങ് പൂളവിടെ ഇല്ലായിരുന്നെവെങ്കില്‍ ആ മരം വീട്ടിലോട്ടായിരുന്നേനെ. മറ്റൊരു വീട്ടുകാര്‍ക്ക് ഒരേക്കറോളം സ്ഥല‍മുണ്ട്. നിറയേ മാവും, പ്ലാവും വാഴയുമായി ആകാശം കാണുകയില്ലായിരുന്നു അവിടെ മുന്‍പൊക്കെ ചെന്നാല്‍. ആ പറമ്പില്‍ ഒരൊറ്റ മരമില്ല. വെളുത്തിരിക്കുന്നു. കുറച്ച് ഓടുകള്‍ പൊയിട്ടുണ്ടെന്നാല്ലാതെ അറിയാവുന്ന ബാക്കിയാരുടേയും വീടുകള്‍ക്കൊന്നും ഭാഗ്യം കൊണ്ട് ഒന്നും സംഭവിച്ചില്ല. അതു തന്നെ എല്ലാവര്‍ക്കും ഒരു സമാധാനമായി. അത്രയും തമ്പുരാന്‍ കാത്തല്ലൊ. പതുക്കെ പോകാന്‍ പറ്റാവുന്ന വീടുകളില്‍ ഒക്കെ പോയി ആര്‍ക്കും കുഴപ്പമില്ലായെന്ന് ഉറപ്പ് വരുത്തി.

ഒരു കുപ്പി വെള്ളം വാങ്ങാനൊ, കുട്ടികള്‍ക്ക് പാലും ജ്യൂസും വാങ്ങാനൊ, കടകള്‍ പോയിട്ട് പ്രെട്രോള്‍ ബങ്കുകളെല്ലാം തുറന്നാല്‍ മതിയെന്ന് വിചാരിച്ചു. വെള്ളം പോലും ആരും കരുതിയിരുന്നില്ല. പിന്നെയാണ് ഓര്‍ത്തത്, കാറില്‍ ഇങ്ങിനെ കറങ്ങുന്നതുകൊണ്ട് പെട്രോളും തീരുമല്ലൊ. എന്നാല്‍ ഇനി അധികം ചുറ്റണ്ടായെന്ന് തീരുമാനിച്ച്, എല്ലാവരും ബാര്‍ബിക്യൂ ഗാസ് ഗ്രില്‍ ഉള്ള ഒരു വീട്ടില്‍ കൂടി. കറന്റില്ലാത്ത കൊണ്ട് ഇനി ഗ്രില്‍ തന്നെ ശരണം. ഗ്രില്ലില്‍ ഒരു അടുപ്പുണ്ട്. അതില്‍ കാര്യങ്ങളെല്ലാം നടത്താം എന്നു കരുതി എല്ലാവരും സ്വന്തം വീട്ടിലെ മിച്ചമുണ്ടായിരുന്ന ഭക്ഷണവും വെള്ളവും എടുത്തുകൊണ്ട് അവിടെ കൂടി.

അതിനിടക്ക് കാലത്തെ ഫോണ്‍ ചെയ്ത കൂട്ടുകാരന്റെ വീട്ടിലോട്ടെത്താന്‍ രണ്ട് മൂന്ന് തവണ നോക്കിയെങ്കിലും റോഡിന്റെ സ്ഥിതി കാരണം സാധിച്ചില്ല. എന്തായാലും കാറ്റ് തീര്‍ന്നതോട് കൂടി ആ വീട്ടിലെ ഷട്ടറൊക്കെ മാറ്റി, ഗ്രില്ലില്‍ പാചകം ചെയ്തു തുടങ്ങി. അപ്പോഴാണ് റേഡിയോയില്‍ അറിയിപ്പ്, വെള്ളം തീരുമത്രെ. പിന്നെ എല്ലാ പാത്രങ്ങളിലും, ബാത്ത് ടബിലും, എന്തിന് കട്ടിയുള്ള പ്ലാസ്റ്റിക്ക് കവറുകളില്‍ വരെ വെള്ളം ശേഖരിക്കാന്‍ തുടങ്ങി. അങ്ങിനെ ആദ്യത്തെ ദിവസം എങ്ങിനേയോ തീര്‍ന്നു. എത്ര ശേഖരിച്ചാലും ഒരു ദിവസത്തിനുള്ളതേ ശേഖരിക്കാന്‍ പറ്റുകയുള്ളൂ. വെള്ളം നില്‍ക്കുമെന്ന് ഒരിക്കലും സ്വപ്നത്തില്‍ പോലും വിചാരിക്കില്ലല്ലൊ.

ആ ദിവസവും എങ്ങിനെയോ തള്ളി നീക്കി. തലേ ദിവസത്തെ ക്ഷീണം കാരണം, എല്ലാവരും ഒന്ന് ഉറങ്ങി. രണ്ടാം ദിവസവും വൈദ്യുതിയില്ല. ശേഖരിച്ചു വെച്ച വെള്ളം കൊണ്ട് ഒരു വിധം എല്ലാവരും ഒപ്പിക്കുന്നു. കുട്ടികളെ ഒക്കെ കിടത്തി ഉറക്കാന്‍ എല്ലാവരും ശ്രമിച്ചു കൊണ്ടിരുന്നു. അത്രയും വെള്ളം ലാഭിക്കാമല്ലൊ. വൈകുന്നേരമായപ്പോഴേക്കും പോലീസ് വിളിച്ചറിയിച്ചുകൊണ്ട് പോവുന്നു, വെള്ളവും ഐസും വേണമെങ്കില്‍ അടുത്തുള്ള സ്കൂളിന്റെ ഗ്രൌണ്ടില്‍ എത്താന്‍. ഒരാള്‍ക്ക് ഒരു പാക്കറ്റ് ഐസും രണ്ട് കുപ്പി വെള്ളവും തരുമത്രെ. ആ അനൌണ്‍സ്മെന്റ് കേട്ടപ്പോഴാണ് എപ്പോഴും ടി.വിയിലും മറ്റും കാണുന്ന, എന്നാല്‍ പെട്ടെന്ന് ചാനല്‍ മാറ്റുന്ന രംഗങ്ങള്‍ ഓര്‍മ്മ വന്നത്. വെള്ളത്തിനും ഐസിനും നിരയായി നില്‍ക്കുന്ന അഭയാര്‍ത്ഥികള്‍.

അടുത്ത ദിവസം രാവിലെ തന്നെ, കുട്ടികളെ നോക്കാന്‍ ഒരാള്‍ മാത്രം വീട്ടിലിരുന്നിട്ട്, എല്ലാവരും ഗ്രൌണ്ടിലേക്ക് വണ്ടിയോടിച്ചു. ഗ്രൌണ്ട് വരെ എത്താന്‍ സാധിക്കുന്നില്ല. വഴിയില്‍ മൊത്തം മരങ്ങളും തടസ്സങ്ങളും. ഏതൊക്കെയോ വഴികളില്‍ കൂടി കറങ്ങി തിരി‍ഞ്ഞ് ഗ്രൌണ്ടിന്റെ അടുത്തെത്തി. ദൂരെ ഗ്രൌണ്ട് കാണാം എന്നല്ലാതെ അങ്ങോട്ട് അടുക്കാന്‍ പറ്റുന്നില്ല. രണ്ട് മൈലോളം നീണ്ട നിര. എന്തായാലും നിന്നല്ലേ പറ്റൂ...അങ്ങിനെ അമേരിക്കയിലൊരു അഭയാര്‍ത്ഥി നിരയില്‍ കയറിപറ്റി.

മൂന്ന് നാല് മണിക്കൂറോളം ലൈന്‍ നിന്ന് വെള്ളം കൊടുക്കുന്നതിന്റെ അടുത്ത് എത്താറായപ്പോഴേക്കും ശുഭവാര്‍ത്ത; വെള്ളവും ഐസും തീര്‍ന്നു പോയത്രെ. എപ്പോഴും അടുക്കത്തോടും ഒതുക്കത്തോടും പ്ലീസ്, എക്സ്ക്യൂസ് മീ ഒക്കെ സെക്കണ്ട് വെച്ചു പറയുന്ന അമേരിക്കക്കാര്‍, ഗവണമെന്റിനെ പച്ച ചീത്ത വിളിച്ചു തുടങ്ങി. ഒരു മണിക്കൂറിനുള്ളില്‍ വേറൊരു വണ്ടി എത്തുമെന്ന് പറഞ്ഞു. പിന്നേയും ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വിളിച്ചു പറഞ്ഞു, വണ്ടിക്ക് വഴി തെറ്റിപോയത്രെ. ആളുകളെല്ലാം ഭയങ്കരമായി മുറവിളി കൂട്ടി തുടങ്ങി. എത്ര നന്നായി പെരുമാറാന്‍ ജീവിതകാലം മുഴുവന്‍ പഠിച്ചാലും, മനുഷ്യന്‍ മനുഷ്യനാവുന്നത് ഇങ്ങിനെയുള്ള അവസരങ്ങളിലാണ്. എന്തൊക്കെ മുറവിളി കൂട്ടിയാലും എന്തു ചെയ്യാന്‍ പറ്റും? വണ്ടി വരുന്ന വരെ കാത്തിരിക്കുക തന്നെ.

കുരുത്തത്തിനു, എന്നാല്‍ ഏതെങ്കിലും ചെറിയ കട തുറന്നിട്ടുണ്ടോയെന്നറിയാന്‍ ഞാനും രണ്ട് പേരും കൂടി മറ്റുള്ളവരെ ലൈനില്‍ നിറുത്തി കറങ്ങാം എന്ന് തീരുമാനിച്ചു. ഒരു മണിക്കൂറിനുള്ളില്‍ തിരിച്ചു വരാമല്ലൊ. സകലയിടത്തും ചുറ്റിത്തിരിഞ്ഞപ്പോള്‍ വാള്‍-മാര്‍ട്ട് എന്ന സൂപ്പര്‍ മാര്‍ക്കെറ്റ് മാത്രം തുറന്നിരിക്കുന്നു, ഒരല്‍ഭുതം പോലെ. അവര്‍ മാത്രം ജെനറേറ്റര്‍ എല്ലാം വെച്ച് കട തുറന്നു വെച്ചിരിക്കുന്നു. അവിടേയും പക്ഷെ നീണ്ട നിര. ഒരു വിധത്തില്‍ റേഷന്‍ കടയില്‍ ഒക്കെ ക്യൂ നില്‍ക്കുന്ന പോലെ നിന്ന് അകത്ത് കേറി പറ്റിയപ്പോള്‍ ഷെല്ഫില്‍ ഒന്നും ഒരു സാധനമില്ല. രണ്ടേ രണ്ടു കുപ്പി വെള്ളം കിട്ടി. വേറെ ഒന്നുമില്ല. കുട്ടികള്‍ക്ക് കുടിക്കാന്‍ പാല്‍ ആയിരുന്നു അത്യാവശ്യം. പക്ഷെ, ഒരു പാക്കറ്റ് ബ്രെഡ് പോലുമില്ല. കുറച്ചു മെഴുകുതിരികളും ആ സ്വര്‍ണ്ണം പോലത്തെ രണ്ട് കുപ്പി വെള്ളവും കൊണ്ട് പിന്നേയും ബില്‍ അടക്കാന്‍ നീണ്ട നീരയില്‍ നിന്നു.

അപ്പോഴാണ് പേര്‍സില്‍ രണ്ടോ മൂന്നോ ഡോളര്‍ മാത്രമാണെന്ന് ഓര്‍മ്മ വന്നത്. കാശ് കുറച്ച് വീട്ടിലിരിപ്പുണ്ടെങ്കിലും പെട്ടെന്നുള്ള ടെന്‍ഷനില്‍ പേര്‍സ് മാത്രമേ മൂന്നു പേരും എടുത്തിട്ടുണ്ടായിരുന്നുള്ളൂ. പേര്‍സില്‍ അഞ്ചും ആറും ക്രെഡിറ്റ് കാര്‍ഡുകളും മറ്റും ഉണ്ടെങ്കിലും കാര്യമില്ലല്ലൊ. മാത്രമല്ല കട തുറന്നിരിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ലായിരുന്നു. പിന്നെ ഒരാള്‍ പോയി, കാറിലെ ചില്ലറകളും ഒക്കെ പെറുക്കിയെടുത്ത് അവിടെ കൊടുത്തു. അധികം സാധനം ഒന്നും വാങ്ങിക്കാന്‍ സാധിക്കാത്തകൊണ്ട് പൈസായുടെ പ്രശ്നം വന്നില്ലാന്ന് പറയുന്നതാവും ശരി. അവിടത്തെ ക്യാഷ് കൌണ്ടറില്‍ നില്‍ക്കുന്ന സ്ത്രീയോട് ഗവണ്‍മെന്റ് എങ്ങിനെയാണെങ്കിലും നിങ്ങള്‍ മഹാന്മാര്‍ എന്നൊക്കെ അന്നത്തെ വികാരത്തില്‍ എന്തൊക്കെയോ പറഞ്ഞു.

വീണ്ടും അഭയാര്‍ത്ഥി ഗ്രൌണ്ടിലേക്ക്. അതിനിടയില്‍ വാര്‍ത്തക്കാര്‍ ഹെലികോപ്റ്ററിലും മറ്റും ഇറങ്ങി വാര്‍ത്ത സംപ്രേക്ഷണം ചെയ്യുന്നുണ്ടായിരുന്നു. അങ്ങിനെയുള്ള സന്ദര്‍ഭങ്ങാളില്‍ വാര്‍ത്തക്കാര്‍ കഴുകന്മാര്‍ ആണെന്ന് ശരിക്കും തോന്നിപ്പോവും. ഞങ്ങളെല്ലാം വെയിലും കൊണ്ട് വാടിത്തളര്‍ന്ന് വീട്ടിലിടുന്ന ഉടുപ്പും ഒക്കെ ഇട്ട്, നിലത്തിരുന്നും മറ്റും ഒരു പരുവമായിരിക്കുമ്പോള്‍ അവര്‍ നല്ല കുട്ടപ്പനായി, മുഖത്ത് പൌഡര്‍ ഒക്കെ ഇട്ട് നില്‍ക്കുന്നു. ഇടക്കിടക്ക് അവരുടെ കയ്യിലെ കുപ്പിയില്‍ നിന്ന് വെള്ളവും ജ്യൂസും കുടിക്കുന്നു, സ്നാക്സും തിന്നുന്നു. നാട്ടിലായിരുന്നെങ്കില്‍ ആരെങ്കിലും കല്ലെടുത്തെറിഞ്ഞേനെ. :)

എന്തായാലും ഉച്ചയോടടുപ്പിച്ച്, ഞങ്ങള്‍ക്ക് ഒരോരുത്തര്‍ക്കും റേഷന്‍ കിട്ടി. ആ ഐസിന്റേയും വെള്ളത്തിന്റേയും വില ഒരിക്കലും മറക്കാന്‍ പറ്റില്ല. ഐസ് ഫ്രീസറില്‍ അത്യാവശ്യ സാധനങ്ങളായ മരുന്നും മറ്റും തണുപ്പിക്കാന്‍ ഉപകരിച്ചു. പിന്നേയും രണ്ട് ദിവസങ്ങള്‍ കൂടി കറന്റില്ലായിരുന്നു. എല്ലാ ദിവസവും പോയി ഇതുപോലെ ക്യൂ നില്‍ക്കും. ഹൊ! അമേരിക്കയില്‍ ഒരിക്കലും അങ്ങിനെ ഒരു അനുഭവം ഉണ്ടാവുമെന്ന് വിചാരിച്ചില്ല. മാത്രമല്ല ഇതുപോലെയൊരു അവസരത്തില്‍ മിക്ക ഗവണ്മെന്റുകളും അതിപ്പൊ അമേരിക്കയായാലും ഇന്ത്യയായാലും ശുഷ്ക്കാന്തി എല്ലാം ഒരുപോലെ തന്നെ എന്നും മനസ്സിലായി. അതുകൊണ്ട് ഗവണ്മെന്റിന്റെ നമ്പി ഇരിക്കരുതെന്നും, നമ്മള്‍ തന്നെ വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്നും അന്ന് തീരുമാനിച്ചു.

പിന്നെ രണ്ട് ദിവസം കൂടി കഴിഞ്ഞ് കറന്റ് വന്നപ്പോള്‍ പെട്രോള്‍ ബങ്കും കടകളും മരുന്നു കടകളും ഒക്കെ തുറന്നെങ്കിലും രണ്ടാഴ്ചയെടുത്തു എല്ലാം ഒന്ന് ശരിയാകാന്‍. അതുകൊണ്ട് രണ്ട് ആഴ്ച ആര്‍ക്കും ജോലിയുമില്ലായിരുന്നു. മുഴുവന്‍ ശമ്പളത്തോടെ ജോലി ചെയ്യാതെ ഇരിക്കാമായിരുന്നു എന്നതു മാത്രം ഒരു പ്ലസ് പോയിന്റ്. പൊട്ടിപ്പൊളിഞ്ഞ വീടുകളും മേല്‍ക്കൂരയും ഒക്കെ ഇപ്പോഴും ഒരു സാക്ഷ്യപത്രം പോലെ അവിടവിടെ കാണാം.

എന്നിരുന്നാലും, ഈ കൊല്ലവും ക്യൂബയില്‍ മറ്റോ കൊടുങ്കാറ്റ് വരുന്നുണ്ടെന്ന് കേട്ടപ്പോള്‍ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ഫോണില്‍ വിളിച്ച്... “എയ്, അതു ക്യൂബയില്‍ അല്ലേ? ഇങ്ങോട്ട് വരുമൊ?” എന്ന് തന്നെ ചോദിച്ചു. പക്ഷെ എന്തൊക്കെയാണെങ്കിലും എന്തൊക്കെ നഷ്ടപ്പെട്ടാലും അറിയാവുന്ന ആര്‍ക്കും ആള‍പായമോ മറ്റുമില്ലായിരുന്നു എന്നത് ദൈവകാരുണ്യം. കത്രീനയില്‍ സംഭവിച്ചതു വെച്ച് നോക്കുമ്പോള്‍ ഞങ്ങളുടെ കാറ്റ് ഒരു ഇളംകാറ്റ് തന്നെയായിരുന്നു.

39 പ്രതികരണങ്ങള്‍:

reshma said...

ഷട്ടറിട്ട വീട്ടിലെ ഇരുട്ടില്‍ ഇഞ്ചീടെ കൂടെ ഭയം തിന്നിരുന്ന പോലെ വായിച്ചപ്പോ.


ഇവിടത്തെ വീടുകള്‍- പണ്ട് ക്ലാസ്സിലേക്കുള്ള വഴിയില്‍ ഒരു പഴയ വീട് പൊളിച്ചുതുടങ്ങുന്നത് കണ്ടു, രണ്ടു ദിവസം കൊണ്ട് അവിടം ക്ലീന്‍, അടുത്ത് ആഴ്ച തറയും മതിലുകളും, മൂന്നാമത്തെ ആഴ്ച മിനുക്ക് പണികളും കഴിഞ്ഞു ഒരു കുട്ടപ്പന്‍ വീട്.

സ്വാര്‍ത്ഥന്‍ said...

എത്ര നന്നായി പെരുമാറാന്‍ ജീവിതകാലം മുഴുവന്‍ പഠിച്ചാലും, മനുഷ്യന്‍ മനുഷ്യനാവുന്നത് ഇങ്ങിനെയുള്ള അവസരങ്ങളിലാണ്.
ഇഞ്ചീ, ആത്മാര്‍ത്ഥമായ വിവരണം!

ലിഡിയ said...

രാത്രി ഒരു പേടിസ്വപ്നം കാണാനുള്ള വകയൊരുക്കി തന്നല്ലോ ഇഞ്ചിപെണ്ണേ, സത്യമായും വായിച്ചു തീര്‍ത്തപ്പോഴേയ്ക്കും ഹൃദയമിടിപ്പ് ഒരു നിര മുകളില്‍ കയറിയിരുന്നു.

-പാര്‍വതി.

കാളിയമ്പി said...

നല്ലതെന്ന് പറയാമോ..

ആ ദുഷിച്ച ദിവസങ്ങളില്‍ നിങ്ങളനുഭവിച്ച ദുരിതത്തെ.. ഇവിടെയിരുന്ന് വായിയ്ക്കുമ്പോള്‍ ഒന്നുമറിയാതെ ‘നല്ല‘തന്നെങ്ങനെ പറയും
സ്വാര്‍ഥന്‍ പറഞ്ഞതു ശരി..

ആത്മാര്‍ത്ഥമായ വിവരണം
പിന്നെ തന്നിലേയ്ക്കു തെന്നെ ഒരു തിരിഞ്ഞു നോട്ടവും..കാറ്റിന് ദേശകാലങ്ങളില്ലല്ലോ..
കാറ്റിനു മാത്രമല്ല ഒന്നിനും.

നന്ദി ഇഞ്ചിയെച്ചിയേ..ഇത് പങ്കു വച്ചതിന്.

ദേവന്‍ said...

ആഗ്രഹിച്ചു വച്ച അവിയല്‍ കോഞ്ഞാട്ടയായതിനെ തുടര്‍ന്ന് ഭക്ഷണം മൂന്നു ബഡ്‌ സഹിതം ബാറിലാക്കി ഇന്ന്‌ (കൊട്ടുവടി വീട്ടില്‍ വാങ്ങി വച്ചാല്‍ മൂന്നു നാലഞ്ചായിപ്പോകും, ഞാന്‍ ഒറ്റക്കല്ലേ)

ആറു വര്‍ഷമായി കാണുന്ന ഒരു മുഖം ഇന്ന് വ്യാകുലമായാണ്‌ കണ്ടത്‌ അവിടെ.
"മിഷേല്‍, മനിലയില്‍ ഒരു സൂപ്പര്‍ ടൈഫൂണ്‍ വീശുന്നെന്ന് ടി വിയില്‍ കണ്ടു, ആര്‍ക്കും കുഴപ്പമൊന്നും ഇല്ലല്ലോ?" വെറും കുശലമായി തിരക്കിയതാണ്‌.

" എന്റെ ചേച്ചിയുടെ ഭര്‍ത്താവിനെയും അതു കൊണ്ടു പോയി. ഫയര്‍മാന്‍ ആയിരുന്നു." ബാര്‍ ഗേള്‍ പറഞ്ഞു.

"നീ പോയില്ലേ എന്നിട്ട്‌?"
"ചേച്ചിക്കു ജോലിയൊന്നുമില്ല. പോകുന്നതിനെക്കാള്‍ ആവശ്യം എനിക്കാവുന്ന പണം യച്ചുകൊടുക്കലാണ്‌"

അപ്പോഴാണ്‌ ശ്രദ്ധിച്ചത്‌. കോട്ടിനകത്തായി ഉടുപ്പിനു വെളിയില്‍ അവള്‍ എന്നും തൂക്കിയിരുന്ന അഞ്ചാറു പവന്റെ കുരിശുമാല ഇന്നില്ല. കാറ്റു കൊണ്ടുപോയി.

കാറ്റിങ്ങനെ വീശാതിരിക്കട്ടെ ഒരിടത്തും.

ബിന്ദു said...

നമ്മുടെ ആരും അപകട സ്ഥലത്തൊന്നും ഇല്ലെങ്കില്‍ എല്ലാം നിസ്സംഗതയോടു കൂടി കാണുന്നു. ഈ വാര്‍ത്ത കേള്‍ക്കുമ്പോഴും ടിവിയില്‍ കാണുമ്പോഴും ഒക്കെ. നിങ്ങളവിടെ ഇത്ര മാത്രം കഷ്ടപ്പെട്ടതോര്‍ക്കുമ്പോള്‍....:( ആരുടെയെങ്കിലും ആരെങ്കിലുമൊക്കെ അല്ലേ അല്ലെ.
ഇപ്പൊ ഫ്ലോറിഡ എന്നൊക്കെ കാണുമ്പോഴും കേള്‍ക്കുമ്പോഴും സാകൂതം ശ്രദ്ധിക്കാറുണ്ട്. ഓ നമ്മുടെ ഇഞ്ചിപ്പെണ്ണവിടെ അല്ലെ എന്നോര്‍ത്തിട്ട്. ഇനിയും കൊടുങ്കാറ്റുകള്‍ വീശാതിരിക്കട്ടെ!!( ഓഫടിക്കാന്‍ പിന്നെയെങ്ങാനും വരാം, ഞാന്‍ സെന്റിയായി.)

Tedy Kanjirathinkal said...

വായിച്ചു ഡെസ്പായി :-(

ഹാറ്റ്സ് ഓഫ്ഫ്, ഇഞ്ചിയേച്ചീ, ഹാറ്റ്സ് ഓഫ് - വിവരണം വല്ലാണ്ടങ്ങു ഹൃദയത്തെ സ്പര്‍ശിച്ചു, ഭാവവും, ഭീകരതയും, നിസ്സഹായതയും എല്ലാം !

വിഷ്ണു പ്രസാദ് said...

ട്വിസ്റ്റര്‍ എന്ന പടം ഓര്‍മ വന്നു.ഇപ്പോള്‍ കൊടുങ്കാറ്റിലെ മനുഷ്യരുടെ ഉല്‍കണ്ഠകള്‍ അനുഭവിച്ചറിഞ്ഞ പോലെ...

Adithyan said...

യ്യോ :)

Adithyan said...

ഒരു സംശയം, നിങ്ങള്‍ ഏത് ശോണിലാര്‍ന്ന്? A? B? C? D?

ഇവാക്യുവേറ്റ് ചെയ്യാന്‍ പറഞ്ഞില്ലേ?

ദിവാസ്വപ്നം said...

ശരിയാണ്. കണക്കിലെടുക്കാത്ത പ്രകൃതിദുരന്തങ്ങള്‍ ഏതുനാട്ടിലായാലും ഒരു ഗവണ്മെന്റിനും ആശ്വാസമെത്തിക്കാന്‍ കഴിയില്ല; അമേരിക്കയായാലും ഇംഗ്ലണ്ടായാലും.

സത്യത്തില്‍, ഇത്രയുമല്ലേയുണ്ടായുള്ളൂ എന്ന് ആശ്വസിക്കാം. ഇനി വരാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം.

പോസ്റ്റ് ഹൃദയസ്പര്‍ശിയായി.

റീനി said...

ഇഞ്ചീസെ, ലേഖനം വായിച്ചിട്ട്‌ ഒരു അസ്വസ്ഥത. എന്നാലും ആ ദിവസം cool ആയി സുഹൃത്തുക്കളെ വിളിച്ച്‌ സദ്യ കൊടുത്തല്ലോ. hurricane ന്റെ പേരെന്തായിരുന്നു? കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ്‌ GLORIA എന്നൊരു hurricane ഇതുവഴി കടന്നു പോയി. electricity ഇല്ലാതെ രണ്ടുദിവസ്സം കഴിഞ്ഞു. ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു ഇത്രയും ശക്തമായ കാറ്റും മഴയും കാണുന്നതുതന്നെ.

Green chilli said...

വളരെ നന്നായിട്ടുണ്ടു. വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു ഹൊറര്‍ പടം കണ്ട പോലെ. പ്രകൃതിയെ കണ്ട്രോള്‍ ചെയ്യാന്‍ സ്ഥലം പ്രസിഡന്റിനു പോലും കഴിയൂല്ല.

Anonymous said...

വളരെ നന്നായിട്ടുണ്ടു. വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു ഹൊറര്‍ പടം കണ്ട പോലെ. പ്രകൃതിയെ കണ്ട്രോള്‍ ചെയ്യാന്‍ സ്ഥലം പ്രസിഡന്റിനു പോലും കഴിയൂല്ല.

Kaithamullu said...

ഇഞ്ചീ,

അനുഭവവിവരണം ഹൃദയസ്പര്‍ശിയായിരുന്നു.നല്ല ഭാഷ!

-നാട്ടില്‍ ഒരു സുനാമി വന്നപ്പോള്‍ മാത്രമാണല്ലോ നാം പ്രകൃതിയെ അല്പമെങ്കിലും അടുത്തറിഞ്ഞത്.എന്നിട്ടും എന്തു കാര്യം: വീതം വയ്ക്കുന്ന്ന കാര്യത്തിലാണപ്പോല്‍ തല്ലുപിടി!

-നന്ദി, ഓര്‍ത്തതിന്നും ഓര്‍മിപ്പിച്ചതിനും.

ഡാലി said...

ഇഞ്ചീ, ഡോണ്ട് ഡൂ, ഡോണ്ട് ഡൂ...
പ്രലോഭിപ്പിക്കല്ലേ. ഒരു യുദ്ധത്തെ നേരിട്ടത് എഴുതാന്‍ വയ്യ. ഞാന്‍ എഴുതൂലാ, എഴുതൂലാ...

“ആ അനൌണ്‍സ്മെന്റ് കേട്ടപ്പോഴാണ് എപ്പോഴും ടി.വിയിലും മറ്റും കാണുന്ന, എന്നാല്‍ പെട്ടെന്ന് ചാനല്‍ മാറ്റുന്ന രംഗങ്ങള്‍ ഓര്‍മ്മ വന്നത്. വെള്ളത്തിനും ഐസിനും നിരയായി നില്‍ക്കുന്ന അഭയാര്‍ത്ഥികള്‍.“

‘അഭയാര്‍ഥികള്‍‘ ആഹാ എത്ര സുന്ദരമായ പദം (അയിത്തം എന്ന സിനിമയിലെ മദാമ്മ പട്ടിണി എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിക്കുന്ന മോഹന്‍ലാലിനോട് “ഇറ്റ് വാസ് ഫന്റാസ്റ്റിക്” എന്ന് പറയുന്ന രംഗവും അതിന്‍ മോഹന്‍ലാലിന്റെ പ്രതികരണവും ഓര്‍മ്മ വന്നു)

ഇതൊന്നും ഓര്‍മ്മിപ്പിക്കാതെ പൊന്നു ഇഞ്ചി കുട്ടി.
പ്രകൃതി ദുരന്തങ്ങളും മനുഷ്യന്‍ ഉണ്ടാക്കുന്ന യുദ്ധവുമൊക്കെ അനുഭവിച്ചാലും നമ്മള്‍ മലയാളികള്‍ അതൊന്നും പറയാന്‍ പാടില്ല. നമ്മള്‍ ഘോര ഘോരം ചോദിക്കണം.

“സഖാക്കളേ, അന്നു പാലസ്തീനിലെ അഭയാര്‍ഥികള്‍ക്ക് എന്തു സംഭവിച്ചു? ഇറക്കിലെ അഭയാര്‍ഥികള്‍ക്ക് എന്ത് സംഭവിച്ചു? ഇതിനൊക്കെ ഉത്തരവാദികള്‍ ഇസ്രായേലും അമേരിക്കയും മാത്രമാണ്. അതിന് കാലം കൊടുക്കുന്ന തിരിച്ചടികളെ നേരിടേണ്ടി വരുന്നത് സ്വാഭാവികം മാത്രം”

മേലാല്‍ ഇത്തരം പോസ്റ്റുകള്‍ എഴുതിയാല്‍... ശുട്ടിടുവേന്‍

Unknown said...

ഇഞ്ചിച്ചേച്ചീ,
ഭയങ്കര അനുഭവം തന്നെ.നല്ല വിവരണവും.

ഓടോ: അല്‍പ്പം കാറ്റ് കൊള്ളണമെങ്കില്‍ ഞാന്‍ ഇനി അങ്ങോട്ട് വന്നാല്‍ മതി അല്ലേ? :-)

അതുല്യ said...

ഞാനും ഒന്നും ഓര്‍ക്കാന്‍ ഇഷ്ടപെടുന്നില്ല. ഒറീസ്സിയിലെ ചുഴലി കാറ്റില്‍ പെട്ട്‌, ഒരു പാവം സ്ത്രീ ഉടുതുണി പോലുമില്ലാത്ത ഒരു അവസ്ഥയില്‍, പ്രസവ വേദന അനുഭവിച്ച്‌ അവരെ ആ കിടപ്പില്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ച ഒരു സംഭവം ഔട്ട്‌ ലുക്ക്‌ മാസികയില്‍ ആ സമയത്ത്‌ പ്രസിദ്ധീകരിച്ചിരുന്നു. ദൈവമേ...ഇതിനു ആരു ഉത്തരവാദി? നീ അറിയാത്ത ശിക്ഷയുണ്ടോ?

ഇഞ്ചിയേ പറയാതെ ഇതൊന്നും ഇനി. ദുരന്തങ്ങള്‍ പങ്കു വെയ്കപെടുകയില്ല എന്ന് എവിടെയോ വായിച്ചിരുന്നു.

നമുക്ക്‌ ഇനിയും ചിരിയ്കാം, കനല്‍ക്കുനകള്‍ തലയില്‍ വീഴുന്നിടം വരെ...

ചീര I Cheera said...

എന്താ പറയണ്ടത് എന്നറിയുന്നില്ല...
ഓരോ വരികളില്‍ നിന്നും ആ അനുഭവത്തിന്റെ തീവ്രത ഊഹിച്ചെടുക്കുവാന്‍ ശ്രമിയ്ക്കുകയായിരുന്നു.
പ്രക്ര്തിയുടെ മുന്‍പില്‍ “നന്നായി പെരുമാറുന്നതിന്“ എന്ത് പ്രസക്തി അല്ലെ?
മനുഷ്യന്‍ എത്ര നിസ്സാരന്‍..

Inji Pennu said...

റീനീസേ,എനിക്കറിയില്ലായിരുന്നു തണുപ്പുള്ള സ്ഥലങ്ങളിലും ഹറിക്കേന്‍ അടിക്കുമെന്ന്. പിന്നെ ഹറിക്കേനെക്കുറിച്ച് വായിച്ചപ്പോഴാണ് മനസ്സിലായെ,ഈസ്റ്റ്കോസ്റ്റിലും ഒക്കെ ഹറിക്കേന്‍ പ്രോണ്‍ ഏരിയകളാണെന്ന്.നമ്മുടെ നാട്ടില്‍ എന്താണാവൊ പിന്നെ ബേയ് ഓഫ് ബെങ്ങാളില്‍ മാത്രം അടിക്കുന്നെ? ആര്‍ക്കെങ്കിലും അറിയാവോ ആവൊ? കാരണം അറ്റ്ലാന്റിക്ക് ഓഷന്റെ പോലെ തന്നെ വാര്‍ം വാട്ടേര്‍സ് അല്ലേ അറേബ്യന്‍ കടലും?

ആദീ, ഇങ്ങോട്ട് വരുമെന്ന് ആരും 48 മണിക്കൂര്‍ മുന്‍പ് പറഞ്ഞില്ലായിരുന്നു. അങ്ങിനെ ആയിരുന്നെങ്കില്‍ ഇവാക്ക്യുവേറ്റ് ചെയ്യാന്‍ പറഞ്ഞേനെ.

Unknown said...

പച്ചയായ പുല്‍പ്പുറങ്ങളിലേക്ക് നടത്തണമേ എന്ന പ്രാര്‍ത്ഥന തിരുത്തി എന്റെ നാടിനെ നിത്യ ഹരിതമായ പുല്‍പ്പൂറമാക്കേണമേയെന്നും, അവിടെ ജീവിച്ചു മരിക്കാന്‍ യോഗമുണ്ടാക്കണേ എന്നുമാക്കാന്‍ എന്തേ ബുദ്ധി നേരത്തേയുദിച്ചില്ല എന്നല്പം വൈക്ലബ്യത്തോടെ ചിന്തിച്ചു പോകുന്നു.

ഒരു പക്ഷെ പ്രവാസത്തിന്റെ രുചിയറിഞ്ഞവരെല്ലാം എപ്പോഴെങ്കിലും ഇതേ തരത്തിലാവും ചിന്തിക്കുന്നത്.

പന്ത്രണ്ട് മണിക്കൂര്‍ ജ്വാലിയും കമ്മ്യൂട്ടും ബാക്കി അല്പം ഉറങ്ങിയും ജീവിതം നീങ്ങിപ്പോകുന്നത് അറിയാതെയല്ല. എണ്ണ ചക്കിലെ കാളയുടെ മുഖത്തിനു മുമ്പെ വെച്ച് കെട്ടിയ വാരക്കോലിന്റെ അറ്റത്തെ പുല്‌‌ക്കെട്ടു പോലെ, വാരന്ത്യങ്ങളില്‍ നിന്നും വാരന്ത്യങ്ങള്‍ തേടി, ഉറ്റവരെ ദൂരെയാക്കി, അജ്ഞാതരുടെയും അന്യസംസ്ക്കാരത്തിന്റെയും അന്യഭാഷക്കാരുടെയും ഇടയിലേക്ക് നടന്നു കയറുന്ന ഞാനും, അസ്തിത്വമില്ലാത്ത എന്റെ മക്കളും.

ചാക്രികമായ വളര്‍ച്ചയില്‍, നാളെ അവരും ഇതു പോലെ നടന്നകലും, ഏതെങ്കിലും ഒരു ചില്ലയില്‍ ചെന്ന് ചേക്കേറും.

അവര്‍ കൂട്ടുന്ന കൂടുകള്‍ ഞാന്‍ വിട്ടു പോന്ന എന്റെ തായ്‌ത്തടിയില്‍ തന്നെ വേണമെന്ന് വെറുതെ കൊതിക്കാം.

Unknown said...

വാരന്ത്യങ്ങള്‍ == വാരാന്ത്യങ്ങള്‍

's/വാരന്ത്യങ്ങള്‍/വാരാന്ത്യങ്ങള്‍/g'

ക്ഷമി. ബോണ്‍‌ജീ.!

Inji Pennu said...

ഈശ്വരാ!ഏവൂര്‍ജി! ആ കമന്റ് ഈ പോസ്റ്റിനുള്ളത് തന്നേ? അതോ സൊലീറ്റായുടെ മമ്മീടെ പോസ്റ്റിനുള്ളതോ? വായിച്ചിട്ട് അത് സൊലീറ്റാടെ മമ്മി മോളെ പിരിഞ്ഞിരുന്ന പോസ്റ്റിനുള്ളതുപോലെ തോന്നണു..! അതൊ എല്ലാര്‍ക്കും കൂടിയുള്ളതൊ? ഏവൂര്‍ജീയുടെ കമന്റ് വായിച്ചിട്ട് ഒരു കൊടുങ്കാറ്റ് വീശിയടിച്ച മാതിരി!ഹൊ!ഒന്നൊന്നര കമന്റ്!

ഇവിടേക്കുള്ളതെല്ലെങ്കിലും പ്ലീസ് ഡിലീറ്റണ്ടാ..
ഞാന്‍ ഇടക്കിടക്ക് വായിച്ച് പഠിക്കട്ടെ.

Adithyan said...

ഓഹോ അപ്പോ പഴേ ജോണിന്റെ കഥേന്റെ തീം കൊടുങ്കാറ്റാരുന്നല്ലേ? എനിക്ക് വായിച്ചിട്ട് തോന്നിയത് കൈയില്‍ പച്ച കുത്തുന്നതിന്റെ സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങളെപ്പറ്റിയാരുന്നെന്നാ... ;)

(കൊടുങ്കാറ്റുകളെ ചങ്ങലക്കിട്ടു നിയന്ത്രിക്കുന്ന ദേവാ, എനിക്കോടാന്‍ ശക്തി തരൂ...)

ann said...

Very touching..even while watching it all on TV, never could realize the distress at all..but nw after reading ur testimony , one can really feel it :( !!

ദിവാസ്വപ്നം said...

evuraan said "

"അവര്‍ കൂട്ടുന്ന കൂടുകള്‍ ഞാന്‍ വിട്ടു പോന്ന എന്റെ തായ്‌ത്തടിയില്‍ തന്നെ വേണമെന്ന് വെറുതെ കൊതിക്കാം"

I like it

wr

രാജീവ് സാക്ഷി | Rajeev Sakshi said...

അനുഭവത്തിന്‍റെ ചൂളയില്‍ വാര്‍ത്തെടുത്തതുകൊണ്ടാകാം വാക്കുകള്‍ നേരിട്ട് ഹൃദയത്തോട് സംസാരിക്കുകയാണ്. അതുകൊണ്ടുതന്നെയാണ് ഒരു ചലച്ചിത്രത്തിലെന്നപോലെ ദൃശ്യങ്ങള്‍ കണ്മുന്നില്‍ തെളിയുന്നത്, അക്ഷരങ്ങള്‍ പെയ്തൊഴിഞ്ഞിട്ടും ഹൃദയം ശവപ്പറമ്പായിത്തന്നെ കിടക്കുന്നത്.

Unknown said...

ഇഞ്ചിച്ചേച്ചി,
ഹറിക്കേന്‍ കേരളത്തിലടിക്കാത്തതെന്താച്ചാല്‍ ആരടിച്ചാലും നമ്മള്‍ മലയാളികള്‍ തിരിച്ചടിയ്ക്കും എന്ന ഇമേജ് കണ്ട് പേടിച്ചിട്ടാ. കൂടി വന്നാല്‍ ഒരു ഹര്‍ത്താലേ ഉണ്ടാവുള്ളൂ എന്ന കാര്യമറിഞ്ഞിരുന്നേല്‍ എന്നേ ഹറിക്കേന്‍ ബ്ലേ ഒഫ് ബ്ലംഗാള്‍ വിട്ട് കേരലായില്‍ വന്ന് അര്‍മ്മാദിച്ചേനേ. :-)

Inji Pennu said...

കൊടുങ്കാറ്റടിക്കുമ്പോള്‍ കൂട്ടിന് വന്ന,
രേഷ്മക്കുട്ടിക്കും (ഈശ്വരാ, രണ്ട് ദിവസം കൊണ്ടാണെങ്കില്‍ ചിലപ്പൊ ട്രെയിലര്‍ ഹോം ആണൊ?),
സ്വാര്‍ത്ഥന്‍ മാഷിനും,
പാറുക്കുട്ടിക്കും,
അംബിക്കുട്ടിക്കും,
ദേവേട്ടനും - ഈ ദേവേട്ടനു എന്റെ എല്ലാ പോസ്റ്റിനും ഇതുപൊലെ ഒരു കമന്റിട്ടാല്‍ എന്നാന്നേ? - ഏ എന്തു എന്റെ പോസ്റ്റിനു നിലവാരം ഇല്ലാന്നൊ? :) :),
ബിന്ദൂട്ടിക്കും,
റ്റെഡിക്കുട്ടിക്കും,
വിഷ്ണുമാഷിനും,
ആദിക്കും,
ദിവാന്‍ ജിക്കും,
റീനീസിനും,
സാരംഗിക്കും,
കൈതമുള്ള് മാഷിനും,
ഡാലിക്കുട്ടിക്കും - എഴുതൂന്നെ, ഒരു തെറാപ്പിയാവട്ടെ,
താരക്കുട്ടിക്കും,
ദില്‍ബൂട്ടിക്കും,
അതുല്യേച്ചിക്കും,
പി.ആര്‍ നും,
ഏവൂര്‍ജിക്കും,
അന്നക്കുട്ടിക്കും,
സാക്ഷിക്കും

നല്ലവാക്കുകള്‍ക്ക് ബഹുത്ത് ശുകരിയാ‍ാ.

ദിലീപ് വിശ്വനാഥ് said...

ശരിക്കും ഭീകരം. ഞാന്‍ കണ്ട കാറ്റ് എത്ര ചെറുത്‌... ഇതു ഞാന്‍ ലിങ്ക് ചെയുന്നു. എന്തെങ്കിലും വിരോധം ഉണ്ടെങ്കില്‍ മാറ്റാം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പ്രകൃതിയെന്നും അങ്ങനെയാണ്‌.സുന്ദരവും ഭയാനകവും മാറി മാറി വരുന്ന ഒരു മുഖം.
വിവരണം കേട്ടപ്പൊള്‍ ഭയമാനു തോന്നിയത്‌

ആഷ | Asha said...

വാല്‍മീകി ലിങ്ക് കൊടുത്തതു കൊണ്ടാണ് ഇതു വായിക്കാന്‍ സാധിച്ചത്.

ഈ അനുഭവം പങ്കുവെച്ചതിനു വളരെ നന്ദി.
ഇതില്‍ നിന്നും ഞാനും ഒരു പാഠം പഠിച്ചു. ഒന്നു നിസാരവല്‍ക്കരിക്കരുതെന്ന്. :)

ഉപാസന || Upasana said...

വിവരണം കേമം...
വാല്‍മീകിയുടെ ലിങ്കിന് നന്ദി

ഉപാസന

Sherlock said...

ശരിക്കും കണ്ടപോലെ തന്നെ....:)

Sethunath UN said...

അനുഭ‌വ‌ം ഭയങ്ക‌ര‌ം. പ‌റഞ്ഞ ശൈലി ഗ‌ംഭീര‌ം.
കൈയ്യില്‍ എത്ര കാശുണ്ടെന്നു പറഞ്ഞിട്ടും ഒരു കാര്യവും ഇല്ലാത്ത ആ അവസ്ഥ. അതൊരു വ‌ല്ലാത്തതു തന്നെ. കാശു കൊടുത്താലും കിട്ടാന്‍ വേണ്ടേ വെള്ള‌വും, ആഹാര‌വും, കറന്റും മ‌റ്റും.
ഈശ്വരോ ര‌ക്ഷതു!

-Prinson- said...

അയ്യൊ ഇവന്‍ പടപ്പന്‍ കാറ്റു തന്നെ..
നല്ല വിവരണം.
മുന്നില്‍ കാണുന്നതു പോലെ തന്നെ ഉണ്ട്.
വാല്‍മീകിടെ ലിങ്കിലാണ് ഇവിടെ എത്തിയത്!
അവിടയും കുറെ കാറ്റു കഥകള്‍ വായിച്ചിരുന്നു നേരത്തെ..
may God watch over you people there!

വാണി said...

ഇവിടത്തെ കാറ്റിന്റെ ഭീകരത അനുഭവസ്ഥരായ പല കൂട്ടുകാരും പറഞ്ഞുകേട്ടിട്ടുണ്ട്..

മനുഷ്യനു ദൈവത്തെക്കാണാന്‍ കഴിയുക ഇത്തരം അവസരങ്ങളിലാണ്...അല്ലേ..

Mr. K# said...

വാല്‍മീകിയുടെ ലിങ്കിലൂടെ എത്തിയതാ. ഒരു കൊല്ലമായല്ലേ പോസ്റ്റീട്ട്. എന്നാലും കൊള്ളാം.

Zebu Bull::മാണിക്കൻ said...

ഇഞ്ചീ, വളരെ നല്ല വിവരണം. സംഗതി ഭീകരമെങ്കിലും, നിങ്ങളനുഭവിച്ച ടെന്‍‌ഷനെയോര്‍‌ത്ത് സഹതാപമുണ്ടെങ്കിലും, ഇടയ്ക്കിടയ്ക്ക് ആ ഏരിയ മുഴുവന്‍ വൃത്തിയാക്കിത്തരുന്നുണ്ടല്ലോ കൊടുങ്കാറ്റുകള്‍? :-)