എനിക്കോര്‍മ്മ വെച്ച കാലം മുതല്‍ തുടങ്ങിയതാണ് എനിക്കീ കള്ള് വിരോധം. എന്റെ കുഞ്ഞു തലച്ചോറിനെ കഴുകിയെടുക്കാന്‍ അപ്പനും അമ്മയും നല്ലപോലെ അടവുകള്‍ നിരത്തിയിട്ടുണ്ടെന്ന് എനിക്കിപ്പോള്‍ പുറകോട്ട് ചിന്തിക്കുമ്പോള്‍ തോന്നുന്നു. എന്നാല്‍ അതൊന്നു എഴുതിയിടണമെന്ന് തോന്നി.
ഇതിപ്പൊ ചിന്തിക്കുവാന്‍ കാരണമുണ്ട്. ജീവിതത്തില്‍ ജീവന്‍ തിരിച്ചുകിട്ടിയല്ലോയെന്ന് വിചാരിച്ച ഒരു സന്ദര്‍ഭത്തില്‍, ഇങ്ങിനെ പെട്ടെന്നു എന്തും സംഭവിക്കാവുന്ന ജീവിതം ആണെങ്കില്‍ ഇത്രേം മസ്സിലു പിടിച്ചു എന്തിനു ജീവിക്കണം, കുറച്ച് കള്ളും കഞ്ചാവും വലിക്കേം, എന്റെ നീളമുള്ള തലമുടി മുറിച്ച് തോളൊപ്പം ആക്കേം അല്ലെങ്കില്‍ മൊത്തം തന്നെ വടിച്ച് നന്ദിതാ ദാസാവേം അല്ലെങ്കില്‍ തലയിലെ മുടിയുടെ നിറം പിങ്ക് കളറാക്കേം, നഖങ്ങള്‍ നീട്ടി വളര്‍ത്തി പല പല കളറുള്ള ചായം പൂശേം, ഉറക്കെ അട്ടഹസിച്ചു ചിരിക്കേം, ജങ്ക് ഫുഡ് മാത്രം തിന്നേം, പള്ളിയില്‍ ഇനി കയറാതെയിരിക്കേം ചെയ്യണമെന്നൊക്കെ എനിക്ക് തോന്നിപ്പോയി. മരുന്നിന്റെ കെട്ടിറങ്ങിയപ്പോള്‍ മുകളില്‍ പറഞ്ഞിട്ടുള്ളതില്‍ ആകെ കൂടി ചെയ്യാന്‍ ഒരു ധൈര്യം തോന്നിയത്, എന്നാല്‍ ഇച്ചിരെ വൈന്‍ എങ്കിലും കുടിച്ചു നോക്കിയാലോ എന്നാണ്.
പക്ഷെ അതിനും ധൈര്യം പോരാ. പല നേരത്തും നാവിന്റെ തുമ്പില്‍, ചേട്ടായീ എനിക്കിച്ചിരെ വൈന്‍ മേടിച്ചു തരോ എന്നു ചൊദിക്കാന്‍ വന്നതാണ്. വൈന്‍ കുടിക്കാന്‍ വേണ്ടീട്ടല്ല, ആരോടോക്കെയോ ഒരു പ്രതികാരം ചെയ്യാന്‍. പക്ഷെ എന്നെക്കൊണ്ട് എന്തോ പറ്റുന്നില്ല.
അതെന്താണെന്ന് ആലോചിച്ചിപ്പോഴാണ്, കുഞ്ഞു നാളില്‍ അപ്പന്റെ വല്ല്യ അലമാരീടെ താഴെ ഇരിക്കുന്ന പല പല നിറമുള്ള കുപ്പികളെക്കുറിച്ചോര്‍മ്മ വന്നത്. നാലോ അഞ്ചോ വയസ്സു മുതല്‍ അപ്പന്റെ അലമാരിയില്‍ പണിയാന്‍ ഇഷ്ടം ആയിരുന്നു. അലമാരീടെ അടിത്തട്ടില്‍ ഒരു കുഞ്ഞു കള്ളു കട തന്നെയുണ്ട്. അന്നൊക്കെ അത് കള്ളാണെന്ന് അറിയില്ല. എടുത്താല്‍ പൊന്താത്ത അത്രേം വല്ല്യ പല സൈസുള്ള വയറുള്ള കുപ്പികള്‍. ആ കുപ്പികളില്‍ ജനലില്‍ കൂടി സൂര്യ വെളിച്ചം വന്ന് മഴവില്ല് പോലെ സൃഷ്ടിക്കുന്നത് എനിക്കോര്‍മ്മയുണ്ട്. ഇപ്പോള്‍ ഓര്‍ക്കുമ്പോഴാണ് അതൊക്കെ ജാക്ക് ഡാനിയേലും, ഷിവാസ് റീഗളും, ജോണി വാക്കറുമായിരുന്നുവെന്ന് എനിക്ക് മനസ്സിലാവുന്നത്.
കുപ്പികളില്‍ എനിക്കേറ്റവും ഇഷ്ടം ജോണി വാക്കറായിരുന്നു. നീണ്ട കഴുത്തുള്ള ഒരു മെലിഞ്ഞു കൊലുന്നനേ ഒരു സുന്ദരി. അതു മാത്രം എനിക്ക് പൊന്തിക്കാന്‍ പറ്റുള്ളായിരുന്നു എന്നുള്ളതാണ് അതെന്റെ പ്രിയ കുപ്പിയാക്കിയത്. അതുകൊണ്ടാണോയെന്നറിയില്ല, എവിടെ ജോണി വാക്കറിന്റെ കുപ്പി കാണുമ്പോഴും ഞാന്‍ പെട്ടെന്ന് വികാരഭരിതയും നൊസ്റ്റാള്‍ജിക്ക് ആവുകയും വീട്ടില്‍ പോണമെന്ന് തോന്നുകയും ചെയ്യും.
ഈ കുപ്പിയൊക്കെ എന്തിനാ അപ്പാ എന്ന് ചോദിക്കുമ്പോള്‍ അതൊക്കെ ആളുകള്‍ക്ക് കൊടുക്കാനാണെന്നും അവരോരോ കാര്യം സാധിച്ചു തരുമ്പോള്‍ ഈ കുപ്പി കൊടുത്താല്‍ മതിയെന്നും പറയുമായിരുന്നു. നമ്മള്‍ക്ക് ഇതു കഴിച്ചൂടെ എന്ന് ചോദിക്കുമ്പൊ അപ്പന്‍ പറയുമായിരുന്നു, അതൊക്കെ ഇച്ചിച്ചിയാണ് മോളേയെന്ന്. എന്തിനാണ് അപ്പന്‍ മറ്റുള്ളോര്‍ക്ക് ഇച്ചിച്ചി കൊടുക്കണതെന്ന് പിന്നേം കുറച്ചും കൂടി വലുതായപ്പോഴാണ് മനസ്സിലായത്. രാഷ്ട്രീയക്കാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കും ഈ ഫോറിന്‍ കുപ്പിയൊരെണ്ണം കൊടുത്താല്‍ ഏതു പേപ്പറിലും അവര്‍ ഒപ്പിട്ടു തരുമത്രേ.
ഇത്രേം കുപ്പികള്‍ ഒക്കെയുള്ള വീടാണെങ്കിലും അപ്പന്‍ കള്ളു തൊടില്ല. അപ്പന്റെ ജോലിയില്‍ കള്ളു കുടിക്കാത്ത ഏക ആളാണെന്ന് തോന്നിയിട്ടുണ്ട്. ഇയാളുടെ അപ്പന്‍ 'അവിടെ' ജോലി ചെയ്തിട്ടാണൊ കള്ളു കുടിക്കാത്തേയെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. അതു കേള്‍ക്കുമ്പോളാണ് അപ്പന്‍ ഒരു തികഞ്ഞ മദ്യ വിരോധിയാണെന്നെനിക്ക് മനസ്സിലായത്. അമ്മയും വൈനോ ഒന്നും കുടിക്കില്ല.
എന്നാല്‍ തികച്ചും വിപരീതമാണു രണ്ട് കുടുമ്പക്കാരുടേയും സ്ഥിതി. അപ്പന്‍ വീട്ടിലും അമ്മ വീട്ടിലും കള്ളു കുടിയന്മാര്‍ അനവധി. അങ്ങിനെ വെറുതെ സിമ്പിള്‍ ആയിട്ടല്ലാ അവരുടെ കള്ളുകുടിയേപറ്റി എഴുതേണ്ടത്. എന്റെ ബന്ധുക്കള്‍ ചിലരുടെ എക്കാലത്തേയും സ്റ്റേറ്റ്മെന്റ് എന്താണെന്ന് വെച്ചാല്‍, “എടീ കുടുമ്മത്ത് പിറന്ന തൃശൂര്‍ക്കാരാണെങ്കില്‍, അവനൊരു നസ്രാണിയാണെങ്കില്‍ കള്ളു കുടിച്ചിരിക്കും, മറ്റുള്ളോരെ കള്ളു കുടിപ്പിക്കേം ചെയ്യും” എന്നായിരുന്നു.
അപ്പാപ്പന്മാര്‍ പലപ്പോഴും തീരെ കുഞ്ഞുങ്ങളായ ഞങ്ങള്‍ക്ക് തെങ്ങും കള്ള് തൊട്ട് വായില്‍ വെച്ചു തരും, അമ്മയോ അപ്പനോ കാണാതെ. കുടിച്ചു വളര്‍ന്ന് ഞങ്ങളെങ്കിലും കുടുമ്പ പാരമ്പര്യം നിലനിറുത്തട്ടേയെന്ന് കരുതിയാവണം. ഒരിക്കല്‍ അതു കണ്ടോണ്ട് വന്ന അമ്മ, തൃശൂര്‍ ജില്ലയില്‍ പട്ടാളം ഇറങ്ങിയാലുള്ള ഭീകരാന്തരീക്ഷം സൃഷിടിക്കുകയും, “നിനക്ക് മാത്രേ പിള്ളേരുള്ളൊ, അവളെന്റെ രക്തമാടീ, ഞാന്‍ കള്ള് തൊട്ടു കൊടുത്താല്‍ അതവള്‍ക്ക് അനുഗ്രഹമാടീ” എന്നൊക്കെ അപ്പാപ്പന്‍ പറഞ്ഞു നോക്കി നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അന്നേരം തന്നെ എന്റെ അമ്മ, അമ്പ് പെരുന്നാളായിട്ട് കൂടി പെട്ടിയും ഒക്കെ കെട്ടിപ്പൂട്ടി വീട്ടിലോട്ട് പോരുകയും ചെയ്തു. അത്രയും കടുത്ത കള്ളു വിരോധിയാണ് അമ്മ.
അമ്പു പെരുന്നാളിന് നിറമുള്ള മുത്തുക്കുട പിടിച്ചു നില്‍ക്കുന്ന അപ്പാപ്പന്മാരും എളേപ്പന്മാരും മറ്റു ആണുങ്ങള്‍ ബന്ധുക്കളും കുറേശ്ശെ ആടുന്നതും അവിടെയാകെ ഒരു പുളിച്ച മണം എപ്പോഴും ഉള്ളതും എന്റെ കുഞ്ഞു മനസ്സിന്റെ ഭാവനയില്‍, കുടക്ക് ഭാരം ഉള്ളതുകൊണ്ടാണ് അവര്‍ ആടുന്നതെന്നും, അവരുടെ വിയര്‍പ്പിന്റെ മണമാണ് ആ പുളിച്ച മണമെന്നും കരുതിപ്പോന്നു. അമ്പു പെരുന്നാളിന് നാട്ടില്‍ പോവുമ്പോഴാണ് കള്ളിനു വെള്ള നിറവുമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയത്. തറവാടിന്റെ ഉമ്മറത്ത്, ഇങ്ങിനെ കൊഴുത്ത വെള്ളനിറമുള്ള കുപ്പികള്‍ ഞങ്ങള്‍ പിള്ളേര്‍ കാലത്തെ കഞ്ഞികുടിച്ച് വരുമ്പോഴേക്കും കാണുമായിരുന്നു. വൈകുന്നേരത്തെ പരിപ്പുവടയുടെ നേരത്ത് അതെല്ലാം ഒഴിഞ്ഞും.
അമ്പു പെരുന്നാളിന്റെ ഒരു പ്രത്യേകതയാണ് സെബസ്ത്യാനോസ് പുണ്യാളന്റെ പ്രതിമയില്‍ ചെറിയ അമ്പ് കൊണ്ട് ശരീരത്തില്‍ കുത്തുന്നത്. സ്വര്‍ണ്ണ നിറമുള്ള അമ്പ്, ചുവന്ന പട്ടുള്ള ഒരു ചെറിയ താലത്തില്‍ വെച്ച് , അമ്പ് പിടിക്കുന്നോര്‍ക്ക് ഒരു മുത്തുക്കുട പിടിച്ച്, പള്ളിയും കപ്പേളയും ചുറ്റി, പുണ്യാളനെ അമ്പ് തറപ്പിക്കുമായിരുന്നു. കുറച്ച് വലുതായേപ്പിന്നെ കുട്ടികള്‍ ഒറ്റക്ക് ഒറ്റക്ക് അമ്പ് കുത്തണമെന്നാണ് വീട്ടിലെ നേര്‍ച്ചയും നിയമവും. പക്ഷെ, ഇതെനിക്ക് ഭയങ്കര വിഷമമുള്ളതും. എന്തിനാ പാവം, ഒന്നാമതേ കയ്യും കാലും കയറു കൊണ്ട് പുറകിലോട്ട് വരിഞ്ഞു മുറിക്കി കെട്ടിയ കുഞ്ഞി പുണ്യാളനിട്ട് ഇനി ഒരു അമ്പും കൂടി ഞാന്‍ കുത്തിയിറക്കണേയെന്ന് ആങ്ങളയൊട് പ്രതിഷേധിച്ചപ്പോള്‍, ആങ്ങള എന്നെ സമാധാനിപ്പിച്ചത്, “ഏന്റെ മോളെ, ആ അമ്പ് കൊണ്ട് കുത്തണ സങ്കടം സഹിക്കാമേലാഞ്ഞിട്ടല്ലേടീ, ഞങ്ങള്‍ അമ്പു പെരുന്നാളിന് ഇതു പോലെ മൂക്കറ്റം കുടിക്കണത്. പുണ്യാളന്റെ വേദന കണ്ടോണ്ട് നിക്കാന്‍ പാടില്ലാഞ്ഞിട്ടാടീ” എന്നാണ്.
ഇതുപോലെ എന്തിനും ഏതിനും കള്ളില്‍ ചെന്നു നില്‍ക്കുന്ന പ്രിയ ബന്ധുക്കളില്‍ നിന്നൊക്കെ ഞങ്ങള്‍ മക്കളെ സമ്പൂര്‍ണ്ണ ശ്രീ നാരയാണാ ഗുരുകുലത്തിലെ പിള്ളേരാക്കിയത് അമ്മയുടേം അപ്പന്റേയും പിടിവാശിയൊന്നു മാത്രമാണ്. കള്ള് കുടിക്കുന്ന ആണുങ്ങള്‍ കുടുമ്പത്തോട് ചുമതലാ ബോധം തീരെ ഇല്ലാത്തവരാണെന്ന് എന്റെ അപ്പനും അമ്മയും ഒരോ കള്ളു കുടിയന്മാരെ കാണുമ്പോള്‍ പറഞ്ഞു തരുമായിരുന്നു. കള്ളു കുടിച്ചു മരിച്ചോരുടേയും നശിച്ചോരുടേയും കഥകള്‍, എന്നും രാത്രി അമ്മ തരുന്ന ഒരു ഗ്ലാസ്സ് പാലു പോലെ ഒരോ ചെറിയ ഗ്ലാസ്സില്‍ പകര്‍ന്നു തന്നുപോന്നു. അങ്ങിനെ ഞങ്ങടെ കുടുമ്പം മാത്രം നല്ലവരെന്നും ബാക്കിയുള്ളോരൊക്കെ കള്ളു കുപ്പിയും കൊണ്ട് നരകത്തിലോട്ടെന്നും ഞാന്‍ വിശ്വസിച്ചു പോന്നു.
ഇങ്ങിനെ ചെറുപ്പത്തില്‍ ആണിയടിപ്പിക്കപ്പെട്ട വിശ്വാസങ്ങള്‍ എത്ര വലുതായാലും മാറ്റിയെടുക്കുവാന്‍ വളരെ ബുദ്ധിമുട്ടാണ്. കോളേജിലും മറ്റും കള്ളു കുടിക്കുന്ന ആണ്‍കുട്ടിയാണെന്ന് വിവരം കിട്ടിയാല്‍ പിന്നെ എന്റെ ചിരിയും കളിയുമൊക്കെ മാറി, ഒരു വളിച്ച ചിരി പാസ്സാക്കേം, മാക്സിമം ആളുടെ അടുത്ത് സംസാരിക്കാതിരിക്കാന്‍ ശ്രദ്ധിക്കേം ചെയ്യുമായിരുന്നു. എന്റെ ഈ വട്ട് സ്വഭാവം അറിഞ്ഞിട്ടാവണം, എന്റെ നല്ല കള്ളുകുടിയന്മാരായ ആണ്‍ കൂട്ടുകാര്‍, ജഗതി “ലോ...ലവന്‍!” എന്ന് പറയുന്ന പോലെ, ഒന്ന് രണ്ട് പേരെ മാത്രം കള്ളു കുടിയനെന്ന് ചൂണ്ടി കാണിച്ച് തന്നിട്ട്, അവരെല്ലാം കണ്ണാടികൂട്ടില്‍ ഇരിക്കേണ്ടവരാണെന്ന മട്ടില്‍ നല്ല ഒന്നാന്തരമായി അഭിനയിക്കുമായിരുന്നു.
ഇത് അഭിനയമാണെന്ന് ഞാന്‍ മനസ്സിലാക്കിയത്, അവസാന വര്‍ഷത്തെ ക്ലാസ്സ് യാത്രയിലാണ്. എന്റെ ഒരു കൂട്ടുകാരന്‍ മുംബായിലെ എലിഫെന്റാ കേവ്സിലെ ഒരു പാറയുടെ മുകളില്‍ നിന്ന് ചുമ്മാ താഴോട്ട് ചാടുന്നു. മുകളില്‍ കയറുന്നു, പിന്നേം താഴൊട്ട് ചാടുന്നു. വേറൊരാള്‍ മൊത്തം നേരം ആംഗലേയ കവിതകള്‍ പാടി കരയുന്നു . മറ്റൊരാള്‍ ബസ്സിന്റെ പുറകിലത്തെ സീറ്റില്‍ കമിഴ്ന്നു കിടക്കന്നു. വേറൊരാള്‍ക്ക് അര ഗ്ലാസ്സ് ചായ മതി. ഒരു ഗ്ലാസ്സ് ചായ പകുതി തറയില്‍ ഒഴിച്ചു കളഞ്ഞാലേ, ആശാന്‍ കുടിക്കുള്ളൂവെന്ന്.
അങ്ങിനെയുള്ള ആ ക്ലാസ്സ് ട്രിപ്പിന്റെ അവസാന ലെഗ് ഗോവയായിരുന്നു. ട്രിപ്പ് പ്ലാന്‍ ചെയ്യുമ്പോള്‍ കള്ള് കിട്ടുന്ന സ്ഥലങ്ങള്‍ നോക്കിയാണ് പ്ലാന്‍ ചെയ്യുകയെന്ന് കോളേജൊക്കെ അടച്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മനസ്സിലാവുന്നത്. അല്ലെങ്കില്‍ ഗോവയില്‍ എന്തു ഇന്‍ഡസ്റ്റ്രി? ഗോവയില്‍ ബീച്ചിലൊക്കെ തലയും കുത്തി മറിഞ്ഞു മടുത്ത് ഞാനൊരു മതിലില്‍ ചാരി നില്‍ക്കുന്ന സമയത്ത്, അതേ മതിലില്‍ തന്നെ ഒരു അഞ്ചു അടി മാറി നെയ്ത ഒരോല മറ നീങ്ങുകയും, ആ മറയുടെ ഗ്യാപ്പില്‍ നിന്ന് ലോകം മൊത്തം പരക്കുന്ന ചോറ് വളിച്ച പോലെ ഒരു മണം ഗും എന്ന് വരുകയും, വരിവരിയായി യാതൊരു പ്രശ്നവുമില്ലാതെ സ്മാര്‍ട്ട് ആയി നടന്നു നീങ്ങുന്ന കള്ളുകുടിയന്മാരെ നാണിപ്പിച്ചുകൊണ്ട് ഞാന്‍ അവിടെ തന്നെ ശര്‍ദ്ദിക്കേം ചെയ്തു. അത്രക്കും കപ്പാസിറ്റിയെനിക്കുണ്ടെന്ന് മനസ്സിലാക്കിയ ഒരു കൂട്ടുകാരി, ഓട്ടോഗ്രാഫില്‍ ഒപ്പിടുമ്പോള്‍, കല്ല്യാണം കഴിക്കുന്നതിനു മുന്‍പ്, കള്ളു കുടിക്കാത്ത ചെറുക്കനായിരിക്കണമെന്ന് ഉറപ്പ് വരുത്തണമെന്ന് വളരെ കാര്യമായി തന്നെ എന്നെ ഉപദേശിച്ചിരുന്നു.
ജോലിക്ക് ചേര്‍ന്നപ്പോള്‍ ജോലിയിലെ പാര്‍ട്ടികള്‍ക്ക് പോവുന്നേരം ഒരു കാരണവശാലും പച്ച വെള്ളം പോലും കുടിക്കരുതെന്ന് അപ്പന്‍ നിഷ്ക്കര്‍ഷിച്ചിരുന്നു. ആ ഗ്ലാസ്സില്‍ ആര്‍ക്ക് വേണമെങ്കിലും എന്തു വേണമെങ്കിലും നിറമില്ലാത്ത കള്ളും ചേര്‍ക്കാമത്രെ. ഞാന്‍ അക്ഷരം പ്രതി അതു പാലിക്കുകയും ചെയ്തു. അതുപോലത്തെ ഒരു പാര്‍ട്ടിയില്‍, നാമം ജപിക്കുന്ന ഒരു പട്ടത്തിക്കുട്ടി, നാലു പേരിരുന്ന (രണ്ട് പെണ്ണും രണ്ട് ആണും) ഞങ്ങളുടെ ടേബിളില്‍ വന്ന വെയിറ്ററോട്, ത്രീ ബിയര്‍, വണ്‍ വെജിറ്റബിള്‍ ബിരിയാണി ആന്റ് ത്രീ മട്ടണ്‍ ബിരിയാണി എന്നു പറയുകയും ചെയ്തു. ഈ ത്രീ ബിയര്‍ എന്നതു ഒരു സൈഡ് ഡിഷാണെന്ന് യാതൊരു സംശയവുമില്ലാതെ ഞാന്‍ കരുതി, ബിയര്‍ വരുന്നതു വരേയും അതിന്റെ നുര മാറ്റി കുടിച്ച് ചിറി തുടക്കുന്ന അവളെയും കാണുന്നതുവരെ. കള്ളു കുടിക്കന്നത് ആണുങ്ങള്‍ മാത്രമല്ലായെന്നും, അരയൊപ്പം മുടി നീട്ടിയ, കണ്ടാല്‍ സാഷ്ടാംഗം പ്രണമിക്കാന്‍ തോന്നുന്ന, നന്നായി ശാസ്ത്രീയ സംഗീതം പാടുന്ന ഒരു പട്ടത്തിക്കുട്ടിക്കും പറ്റുമെന്ന് എനിക്ക് മനസ്സിലായി.
അതിന് നേരെ വിപരീതമായി ഒരു ഗോവാക്കാരിയേയും ഞാന്‍ ആ കാലങ്ങളില്‍ പരിചയപ്പെട്ടു. ബാംഗ്ലൂറിലെ എം.ജി റോഡില്‍ ഒരു കുഞ്ഞ് ഐസ്ക്രീം കടയുണ്ട്. ഞാനും എന്റെ കൂട്ടുകാരിയും എന്നും വൈകുന്നേരങ്ങളില്‍ രണ്ട് കോണ്‍ ഐസ്ക്രീം മേടിക്കും. ജോലി കിട്ടി കഴിഞ്ഞാല്‍ എന്നും ഐസ്ക്രീം എന്നുള്ള ഞങ്ങളുടെ രണ്ടാളുടേയും ജീവിതാഭിലാഷത്തിന്റെ സാഫല്ല്യമായിരുന്നു ആ വൈകുന്നേരങ്ങളിലെ ഐസ്ക്രീം നുണയല്‍. തിരിച്ച് പേയിംഗെസ്റ്റായിട്ട് താമസിക്കുന്ന വീട്ടില്‍ വന്ന ഞങ്ങളെ, കൂടെയുണ്ടായിരുന്ന സഹമുറിയത്തി ഗോവക്കാരി ഒരു ദിവസം പിടിച്ചു നിറുത്തി, ഞങ്ങളുള്‍ വൈകുന്നേരങ്ങളില്‍ കള്ള് കുടിക്കാനും സിഗററ്റ് വലിക്കുവാന്‍ പോകുന്നതും അവര്‍ക്കിഷ്ടമല്ലായെന്നും ഇങ്ങിനെ ഇതു തുടര്‍ന്നാല്‍ അവര്‍ക്ക് റൂം മാറണം എന്ന് ക്ഷുഭിതയായി.
ആദ്യം തമാശ പറയുന്നതാവും എന്നു കരുതി ചിരിച്ച ഞങ്ങള്‍ അവളുടെ മുഖഭാവത്തില്‍ നിന്ന് കാര്യം ഗുരുതരമെന്ന് മനസ്സിലാക്കുകയും, ഞങ്ങളുടെ വസ്ത്രങ്ങളില്‍ രൂക്ഷമായ സിഗററ്റിന്റെ ഗന്ധമാണെന്ന് അവള്‍ പറയുന്നത് കേട്ട് ഞെട്ടിത്തരിച്ച്, കര്‍ത്താവേ ഇനി ഐസ്ക്രീമില്‍ അവര്‍ സിഗററ്റു പൊടി വല്ലോം ചേര്‍ക്കുന്നുണ്ടോയെന്ന് ന്യായമായും സംശയിക്കുകയും ചെയ്തു. പിന്നീടാണ്, എം.ജി റോഡില്‍, റോഡില്‍ നിന്നും അണ്ടര്‍ഗ്രൌണ്ടില്‍ താഴെയുള്ളതെല്ലാം പബ്ബുകളാണെന്നും അതിന്റെ മുന്നില്‍ നില്‍ക്കുന്നവര്‍ വലിക്കുന്ന സിഗററ്റു പൊടി ഒട്ടിപ്പിടിക്കുന്നത് ഈ ഞങ്ങളുടെ വസ്ത്രങ്ങളിലുമാണെന്ന് ഞെട്ടിപ്പിക്കുന്ന സത്യം ഞങ്ങള്‍ മനസ്സിലാക്കിയതു.
എന്നാലും പിടിച്ചു നില്‍ക്കാന്‍, താനൊരു ഗോവക്കാരിയല്ലേ, നിങ്ങളൊക്കെ എപ്പോഴും കള്ള് കുടിക്കുന്നവരല്ലേയെന്നുള്ള എന്റെ കൂട്ടുകാരിയുടെ ജൂലീ സിനിമയിലെ ജനറല്‍ നോളേജ് വെച്ചുള്ള ചോദ്യത്തിന് ഒരു മണിക്കൂര്‍ ഗോവന്‍ ഗ്രാമത്തിന്റെ നിഷ്ക്കളങ്കമായ ചരിത്രത്തെക്കുറിച്ചും, സിനിമയില്‍ അവരെ താറടിച്ചു കാണിക്കുന്ന ഗൂഡാലോചനയെക്കുറിച്ചും, മുടി ബോബ് കട്ട് ചെയ്ത, എപ്പോഴും മേക്കപ്പ് ചെയ്യുന്ന, ചുണ്ടില്‍ ചുവന്ന കടുത്ത ലിപ്സ്റ്റിക്ക് ധരിക്കുന്ന, മുട്ടിനെ തൊട്ട് തൊട്ടില്ലായെന്ന് നില്‍ക്കുന്ന പാവാടയില്‍ മുകളിലോട്ട് ഒരു സ്ലിറ്റും കൂടിയുള്ള ആ പെണ്ണ് മനസ്സിലാക്കി തന്നു. പിന്നീടൊരിക്കല്‍ ക്ലിയോണാ എന്നൊരു കൂട്ടുകാരിയും അതുപോലെ ഒന്ന് പൊട്ടിത്തെറിച്ചു.
മിന്നുന്നതല്ലാം പൊന്നാല്ലായെന്ന് മനസ്സിലാക്കുവാന്‍ പിന്നേയും നാളുകളെടുത്തു. ആരെ ചൂണ്ടിക്കാണിച്ചു തന്നാലും കണ്ണു പൊട്ടനായാലും മുടന്തനായാലും അപ്പനോട് യേസ് മൂളുന്ന ഒരു പ്രായത്തിലാണ് ബുദ്ധിപൂര്‍വ്വം എന്നെ കെട്ടിച്ചയച്ചത്. താമസിച്ചാല്‍, എനിക്ക് ബുദ്ധി ഉറക്കുമെന്ന് അപ്പനും അമ്മയും മനസ്സിലാക്കി കാണും. ചെറുക്കന്റെ വീട്ടുകാര്‍ കല്ല്യാണത്തിന് മദ്യം വിളമ്പുന്നവരാവരുതെന്നൊക്കെ അപ്പന്‍ നിഷ്കര്‍ഷിച്ചിരുന്നു. ഞങ്ങടെ പോലെ തന്നെ ഒരു കള്ളു കുടിക്കാത്ത ഒരു കുടുമ്പത്തെ അപ്പന്‍ കണ്ട് പിടിച്ചു. അങ്ങിനെ ഉറപ്പിച്ചു ‘ച്ചു’ എന്ന് പറയാന്‍ വരട്ടേയെന്ന് എനിക്ക് തോന്നി.
ചെറുക്കന്‍ ഫോണ്‍ വിളിക്കുമ്പൊ എനിക്ക് കള്ളു കുടിക്കുമൊ എന്ന് ചോദിക്കണമെന്നുണ്ട്. പക്ഷെ ധൈര്യം പോരാ. പിന്നെ മനസ്സമതവും കൂടി കഴിഞ്ഞപ്പൊ, ഒരു ധൈര്യത്തിന് കള്ള് കുടിക്കുമോയെന്ന് ചോദിക്കുകയും യാതൊരു കൂസലുമില്ലാതെ, ഏയ്, വീട്ടില്‍ വെച്ചില്ലായെന്ന് സാകൂതം പറയുകയും ചെയ്തു. ഐരാവതം എന്നു പറഞ്ഞതുപോലെ ഒരുഗ്രന്‍ വെടിയാണെന്ന് പിന്നീടാണ് മനസ്സിലാക്കിയത്.
കല്ല്യാണം കഴിഞ്ഞ് രണ്ടാം ദിവസം കൂട്ടുകാരന്റെ കല്ല്യാണത്തിന് എന്നെ കൂട്ടിക്കൊണ്ട് പോവുകയും, എന്റെ സുന്ദര കള്ളില്ലാത്ത ചിത്രഹാറിന് പവര്‍ കട്ട് അടിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ വീട്ടില്‍ കള്ളുകുപ്പികള്‍ കയറ്റരുതെന്ന്, കല്ല്യാണം കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ഒരു പ്രതിജ്ഞ ഞാന്‍ ബുദ്ധിപൂര്‍വ്വം മേടിച്ചു. ആ ദിവസങ്ങളില്‍ ഞാന്‍ എന്തു പറഞ്ഞാലും ചെയ്യുമായിരുന്നു. ഇപ്പോഴും എന്റെ അന്നത്തെ ആ ബുദ്ധിയില്‍ എനിക്ക് അഭിമാനം തോന്നാറുണ്ട്. എന്തായാലും ആ പ്രതിജ്ഞ ആശാന്‍ ഇപ്പോഴും ഹോണര്‍ ചെയ്യുന്നത്, അത് വെച്ചെന്നെ ബ്ലാക്ക് മെയില്‍ ചെയ്യാനും, കള്ള് കേറ്റിയാല്‍ സ്വന്തം അപ്പന്റെ ചീത്ത കേള്‍ക്കും എന്നുമുള്ള ഒരൊറ്റ കാരണത്താലാണ്.
കല്ല്യാണം കഴിഞ്ഞ ആദ്യ സമയത്ത് എന്നെ എല്ലാ വീക്കെണ്ടിലും മൂന്ന് ദിവസവും സിനിമക്ക് കൊണ്ട് പോവുകയും വെളിയില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം മേടിച്ചു തരുകയും തുടങ്ങിയ റൊമാന്റിക്ക് കാര്യങ്ങള്‍ യാഷ് ചോപ്രാ പോലെ വളരെ അച്ചട്ടായി ചെയ്തുപോന്നിരുന്നു. എനിക്കൊരു സംശയവും തോന്നിയില്ല എന്നു മാത്രമല്ല, ഇത്രേം നല്ലൊരു കെട്ടിയോനെ തന്നതില്‍ രണ്ട് നന്മനിറഞ്ഞ മറിയം കൂടി ചൊല്ലുമായിരുന്നു.
പക്ഷെ, അതിന്റെ ദുരുദ്ദേശ്യം മനസ്സിലാക്കിയത് പിന്നേം കുറച്ചു നാളുകള്‍ക്ക് ശേഷമാണ്. വെയിറ്ററോട് പുള്ളിക്കാരന്‍ ഭംഗിയുള്ള ഗ്ലാസ്സില്‍ കുടയൊക്കെ വെച്ച നീല നിറവും ചുവപ്പുമുള്ളത് ഓര്‍ഡര്‍ ചെയ്യുകയും എനിക്ക് പ്ലെയിന്‍ വാട്ടര്‍ ഓര്‍ഡര്‍ ചെയ്യുകയും ചെയ്യും. അതെന്താ എനിക്കതു ഓര്‍ഡര്‍ ചെയ്യാത്തെ എന്ന് ചോദിക്കുമ്പൊള്‍, ഏടീ ഇത് കോക്കിനേക്കാളും വേസ്റ്റ് സാധനമാ എന്നു പറയുകയും, കോക്കോ സോഡായോ കുടിക്കാത്ത എന്നെ സുഖമായി ആങ്ങിനേയും കുറേ നാള്‍ പറ്റിച്ചു പോന്നു.
പക്ഷെ, ഇപ്പോഴും കേക്കുണ്ടാക്കാന്‍ ഞാന്‍ കൂട്ടുകാരോടൊ ബന്ധുക്കളോടൊ കുറച്ച് റം അന്വേഷിക്കുമ്പോള്‍ എവിടുന്നോ പകുതി ഒഴിഞ്ഞ റമ്മോ ബ്രാണ്ടിയോ വിസ്കിയുടേയോ കുപ്പികള്‍ വീട്ടില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതെവിടുന്നാ എന്നു മാത്രം എനിക്ക് ഇതു വരേയും മനസ്സിലായിട്ടില്ല. കൂട്ടുകാരന്റെ വീട്ടിലെ കുപ്പികള്‍ എന്ന യാതൊരു കൂസലുമില്ലാത്ത ഉത്തരം ഞാന്‍ പ്ലീസ് എന്റെ മനസ്സമാധാനത്തിനു വേണ്ടിയെങ്കിലും വിശ്വസിക്കട്ടെ.
2006-12-01
കള്ളുകുപ്പികളുടെ നിഴലില്‍
Subscribe to:
Post Comments (Atom)
46 പ്രതികരണങ്ങള്‍:
അപ്പോ അങ്ങനെ ഒരു ബോധോദയം ഉണ്ടായതുകൊണ്ടാണോ കുറച്ചൊക്കെ ഡീറ്റെയില്‍സ് പറയാം എന്നു വച്ചത്. ഏത്?;)
നല്ല രസമുണ്ടായിരുന്നു ട്ടൊവായിക്കാന്‍. തികഞ്ഞ വെജിറ്റേറിയനായ ഞാന്‍, പെണ്ണുകാണാന്‍ വന്നപ്പോള്‍ ചോദിക്കേണ്ടിയിരുന്ന ചോദ്യം നോണ്‍ കഴിക്കുമോ എന്നായിരുന്നു എന്നെനിക്കു പലപ്പോഴും തോന്നാറുണ്ട്. :) ബാക്കി പിന്നെ.
ഒരു കള്ളുകുടിയുടെ സ്വീക്വന്‍സില്‍ തന്നെയാണല്ലോ എഴുത്ത്...
നവമ്പര്‍ 30 ന് ഐസുകട്ടകള്‍
ഡിസംബര്‍ 1 ന് കള്ളുകുപ്പികള്‍
ഇനി നാളെ ടിപ്പുസുല്‍ത്താന്റെ വാളായിരിക്കുമോ :)
നല്ല എഴുത്ത്. ഒറ്റയിരുപ്പിന് വായിച്ചു.
ഈശ്വരാ!!!!
ഒറ്റയിരിപ്പിനു വായിച്ചൂ ഇഞ്ചിയേച്ചീ... വായന തുടങ്ങിക്കഴിഞ്ഞപ്പോഴാനു മനസ്സിലാക്കിയത് ശ്വാസമെടുക്കാല്‍ അലാറം വെയ്ക്കേണ്ടി വരുമെന്ന് :-)
ഇന്നു തൊട്ടു നോമ്പായതു കൊണ്ട്, 25 ദിവസത്തേയ്ക്ക് “ലക്ഷം ലക്ഷം പിന്നാലെ” :-)
മഗര്‍ ഏക്ക് ഡൌട്ട് ബാക്കീ ഹെ - “ജീവിതത്തില്‍ ജീവന്‍ തിരിച്ചുകിട്ടിയല്ലോയെന്ന് വിചാരിച്ച ഒരു സന്ദര്‍ഭത്തില്‍” - കിയു ?
ഗോവയെ പറ്റിയുള്ള തെറ്റിദ്ധാരണ ജിഞ്ചര്‍ഗേളും കൂട്ടുകാരിയും സുന്ദരമായി തിരുത്തി തന്നു:)
വക്കാരി, ഇങ്ങളൊരു സംഭവം തന്നെ ട്ടോ.
:)
അപ്പോ എന്നെപ്പോലെ മറ്റൊരു മദ്യവിരോധി ;)
(ഇഞ്ചീസ്, ഗ്രീന്‍ ചട്ട്ണിക്കും ഒരു ബ്രേക്കൊക്കെ വേണ്ടെ?എന്റെ ഫുഡ്ബ്ലോഗ്ഗിങ്ങ് ക്രേസ് കഴിഞ്ഞെന്നാ തോന്ന്ണേ, എഴുതുന്നത് പോയിട്ട് ഫുഡ് ബ്ലോഗ്സ് വായിക്കാറും ഇല്ല ഇപ്പൊ. ഇഞ്ചിപെണ്ണിന്റെ കമന്റ്സ് ഇന്നാ കണ്ടെ ട്ടോ.)
qw_er_ty
നല്ല രസ്യന്‍ പോസ്റ്റ്.
എന്നാലും, പാവം കള്ളുകുടിയന്മാരും ജീവിച്ച് പോട്ടെ...:-)
എന്റെ വിവാഹത്തിനു മുന്‍പ് ഭാര്യ ചോദിച്ചു. കള്ളു കുടിക്കുമോ എന്ന്. അതെ എന്ന് ഞാന്‍.കക്ഷി ഒന്ന് ഞെട്ടി.വിവാഹത്തിനു ശേഷം കുടിക്കുമോ എന്നായി പിന്നെ. വേണമെങ്കില്‍ നിര്‍ത്താം എന്ന് ഞാന്‍. പക്ഷെ, അതിങ്ങനെ ഇടക്കിടെ വന്നുപോയും ഇരിക്കുന്നു.
ബിന്ദു പറഞ്ഞപോലെ ഞാന്‍ ചോദിക്കാന്‍ മറന്ന ഒരു ചോദ്യമായിരുന്നു അത്.നോണ്‍ കഴിക്കുമോ എന്ന്!.എന്തു ചെയ്യാം. ഒരു വീട്ടില്‍ ഒരു വെജിറ്റേറിയനും ഒരു നോണ്‍ വെജിറ്റേറിയനും.പെടാപാട് തന്നെ!
ഇഞ്ചി പോസ്റ്റ് മനോഹരം.ഒറ്റയിരുപ്പിന് വായിച്ച് തീര്‍ത്തു. വിഷയം കള്ളായതു കൊണ്ടാണേ.
ഓ:ടോ: ഈ മെയില്‍ കിട്ടിയില്ലല്ലോ?
എന്റെ ഇഞ്ചി പുണ്യാളത്തിയേ, ഞാനൊക്കെ എന്നാ മണ്ടിയാ ? ഇനിയെങ്കിലും ഇഞ്ചിയുടെ കമന്റുകളും പോസ്റ്റുകളും, എന്നു വേണ്ടാ, ആ തിരുനാവില്‍ന്നു വീഴുന്ന ഓരോ മുത്തുമണികളുമെടുത്തു സൂക്ഷിച്ചു വയ്ക്കട്ടെ. നാളെ ഒരിക്കല്‍ വാഴ്ത്തപ്പെട്ട ഇഞ്ചി, വിശുദ്ധ ഇഞ്ചി ഒക്കെയായിട്ടു പ്രഖ്യാപിക്കെപ്പെടുമ്പോള്‍, എന്റെ കയ്യിലുമുണ്ടു കുറച്ചു തിരുശേഷിപ്പുകള്‍ എന്നു പറയാമല്ലോ :)
എന്റെ കുഞ്ഞേ, കയ്യിലു നഖം നീട്ടുന്നതും നെയില്‍ പോളീഷിടുന്നതും, മുടി വെട്ടിയിടുന്നതുമൊക്കെ ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കില്‍, അതീ ലോകത്തു വച്ചു ചെയ്യാതെ, ഒരു മാതിരി ആരെയോ പേടിച്ച പോലെ ജീവിക്കണതെന്നാത്തിനാ ? അങ്ങനെയൊക്കെ ചെയ്താല്‍, നിന്നെ ഒടലോടെ സ്വര്‍ഗ്ഗത്തിലേയ്ക്കെടുക്കൂല്ലാ മകാളേ ന്നു പറഞ്ഞിട്ടുണ്ടോ ദൈവം തമ്പ്രാന്‍ ?
വൈന്‍ കുടിക്കാന്‍ കൊതിയാണെങ്കില്‍ ഞാനുണ്ടാക്കിയ വൈന്‍ അയച്ചു തരാം കേട്ടോ.
കേക്കുണ്ടാക്കാന്‍ ഞാന്‍ കൂട്ടുകാരോടൊ ബന്ധുക്കളോടൊ കുറച്ച് റം അന്വേഷിക്കുമ്പോള്‍ എവിടുന്നോ പകുതി ഒഴിഞ്ഞ റമ്മോ ബ്രാണ്ടിയോ വിസ്കിയുടേയോ കുപ്പികള്‍ വീട്ടില്‍ പ്രത്യക്ഷപ്പെടാറുണ്ട്. കൂട്ടുകാരന്റെ വീട്ടിലെ കുപ്പികള്‍ എന്ന യാതൊരു കൂസലുമില്ലാത്ത ഉത്തരം എന്റെ മനസ്സമാധാനത്തിനു വേണ്ടിയെങ്കിലും വിശ്വസിക്കട്ടെ.
ഈ ലേഖനം കുപ്പികളുടെ നിഴലിനു പിന്നിലെ ചിരിപ്പിക്കുന്ന സത്യങ്ങളെ വെളിച്ചത്തു കൊണ്ടു വരുന്നു.നന്നായെഴുതിയിരിക്കുന്നു.
Inchi,
This is an excellent post.
I dont think you would do it, but if you can, pl send an me a test mail to divaswapnam at yahoo dot com
wr
ഇഞ്ചീ, ഞാന്‍ തൊഴുതുപോകുന്നു. മനോഹരം ഈ പോസ്റ്റ്. ഒറ്റയിരുപ്പിന് വായിച്ചു.
കള്ള് വിരോധം തുടര്‍ന്നും ശക്തിയായി കൊണ്ട് പോകാന്‍ എന്റെ ആശംസകള്‍. ഭര്‍ത്താവ് കള്ളുകുടിക്കുന്നതില്‍ പ്രശ്നം ഒന്നും ഇല്ല എന്ന് പറയുന്നവരാണ് എന്റെ കൂട്ടുകാരികളില്‍ അധികവും. എന്നാലും ഇഞ്ചിയുടെ ഈ സ്വഭാവമാണ് എനിക്കിഷ്ടം.
കള്ളുകുപ്പികളുടെ നിഴലില്‍ത്തന്നെ എഴുതിയതാണോ പോസ്റ്റ് ;)
കള്ളിനെക്കുറിച്ചുള്ള പോസ്റ്റില്‍ അഭിപ്രായം പറയാന്‍ പോലും എനിക്കൊരു പേടിയുണ്ട്.
ഇഞ്ചീ നല്ല പോസ്റ്റ്. ഒഴുക്കുള്ള ഒരു വായനയുടെ സുഖം കിട്ടി. നന്ദി
ഇഞ്ചി.. ഇത് അതീവ ഹൃദ്യം
നല്ല ആര്‍ജ്ജവം ഉള്ള എഴുത്ത്..
ഈ കാലത്തിനുള്ളില്‍ ഞാന്‍ വായിച്ച,ഇഞ്ചിയുടെ ഏറ്റവും നല്ല സൃഷ്ടി..
ഇത് വായിച്ചപ്പോള്‍ മനസ്സില്‍ ഒരു കുറ്റബോധം..
ഇങ്ങനെ ഒക്കെ പറഞ്ഞ് ഞാന്‍ ഭാര്യയെ പറ്റിച്ചിട്ടൊന്നും ഇല്ല.(അതിന്‍ ഞാന്‍ മദ്യപിയ്ക്കുന്ന കാര്യം ഭാര്യ അറിഞ്ഞിട്ടുവേണ്ടെ).
ഇന്നലെ പോലും രണ്ട് സുഹൃത്തുക്കളുമായി ഇരിയ്ക്കുമ്പോള്‍ ഇക്കാര്യം സംസാരിച്ചു."മാഷെ നിങ്ങല്‍ എങ്ങനെ ഇതു maintain ചെയ്യുന്നു" എന്ന് അവര്‍ ചോദിച്ചു
ഞാന്‍ ബാംഗളൂരിലും പത്നിയും പുത്രിയും നാട്ടിലുമാണ്. നേരത്തെ മാസത്തില്‍ ഒരു തവണ മുടങ്ങാതെ നാട്ടില്‍ പോകുമായിരുന്നു. ഇപ്പോല്‍ മകള്‍ വലുതായപ്പോള്‍( 9 വയസ്സായി) അത് മാസത്തില്‍ രണ്ട് തവണ ആയി. സ്‌ക്കൂളും കോളേജും അടയ്ക്കുമ്പോള്‍ അവര്‍ ഇങ്ങോട്ട് വരും. ക്രിസ്ത്‌മസ് വെക്കേഷന് പത്ത് ദിവസം പിന്നെ സമ്മര്‍ വെക്കേഷന് ഒന്നര മാസം.
ഒരു മാസത്തില്‍ നാട്ടില്‍ ആയിരിക്കുന്ന 4-5 ദിവസങ്ങളിലും അതു പോലെ ക്രിസ്ത്‌മസ്,സമ്മര്‍ വെക്കേഷന്‍ കാലങ്ങളിലും എന്റെ മദ്യപാനത്തിനും അവധിയാണ്
ഞാന്‍ ഒരു സ്ഥിരം-മുഴു കുടിയന്‍ ഒന്നും അല്ല.. ലിമിറ്റ് വിട്ട് ഇന്നേവരെ കുടിച്ചിട്ടും ഇല്ല.എന്റെ മദ്യപാനം കൊണ്ട് കുടുംബ ജീവിതതില്‍ ഇന്നേ വരെ ഒരു പ്രശ്നവും ഉണ്ടായിട്ടും ഇല്ല..
എന്നാലും ഇഞ്ചി എഴുതിയതു വായിച്ചപ്പോള്‍ എന്തൊ ഒരു ഇത്..
qw_er_ty
too feminine :)
ഇഞ്ചീ,
വളരെ നല്ലൊരു ഭാഷ കൈമുതലായുള്ള ആള്‍ എന്ന് പറയട്ടേ.
-കള്ളുകുടിക്കുമെങ്കിലും ഇഞ്ചിയുടെ ചേട്ടായി ഉഗ്രന്‍-അന്തസ്സ്- ഭര്‍ത്താവാണെന്ന് മനസിലായി. കള്ളുകുടിക്കാത്ത മാന്യന്മാര്‍ -വൃത്തികെട്ട ഭര്‍ത്താക്കന്മാരായി - ജീവിക്കുന്ന എത്രയോ പേരെ അറിയാം. അങ്ങോട്ട് നോക്കരുത്, ഇങ്ങോട്ട് നോക്കരുത് ഇത്യാദി കടും പിടുത്തക്കാര്‍. എന്നാല്‍ നാട്ടാരുടെ മുന്നില്‍ കുടിക്കില്ല, വലിക്കില്ല ഹോ എത്ര നല്ല ചെക്കന്‍!
ഇഞ്ചി ഭാഗ്യവതി ആണെന്നെനിക്ക് തോന്നുന്നു.
നമുക്കും കല്യണം ഉറപ്പിച്ചതിനു ശേഷം 45 ദിവസം ഫോണില്‍ കത്തിവക്കാന്‍ അവസരം കിട്ടിയിരുന്നു. ഓണ്‍ലി ഔട് ഗോയിംഗ് കോള്‍. ഇവിടുന്നങ്ങോട്ട്- ഇങ്ങോട്ടില്ല.
പ്രതിശ്രുതയുടെ കസിന്‍സ് ഒക്കെ നമ്മുടെ അയല്‍ക്കാര്‍ ആയിരുന്നു. കള്ളുകുടി കമ്പനികളും -സാമാന്യം ഭേദപ്പെട്ട അറിയപ്പെടുന്ന കള്ളുകുടിക്കാരും. അവര്‍ കള്ളൂകുടിക്കും എന്ന് പ്രതിശ്രുതയ്ക്കറിയാമെന്ന് ഫോണ്‍ പഞ്ചാരയില്‍ കൂടി മനസിലായി. അതിനെ തുടര്‍ന്ന് ഒരു ചോദ്യത്തിനുത്തരമായി: ഞാനും സത്യം പറഞ്ഞു: വല്ലപ്പോഴും അടിക്കും എന്ന്.
പ്രതിശ്രുധ (ആ ദിവസം ഉത്രാടമായിരുന്നു) അന്ന് പല്ലു തേച്ചില്ല, കുളിച്ചില്ല. ഭക്ഷണം കഴിച്ചില്ല!!!!
ഇന്ന് ഭാര്യയായിരിക്കുന്ന് ടി പ്രതിശ്രുധ, പ്രശ്നമുണ്ടാക്കുന്നത് -ഇന്ന് ബ്രാണ്ടി കുടിക്കണ്ട, വിസ്കി മതി എന്നൊക്കെ പറഞ്ഞാണ്.
നമ്മള്‍ പരസ്പരം സ്നേഹിക്കുന്നുണ്ടോ എന്നാണ് കാര്യം ഇഞ്ച്ചീ. അല്ലാതെ കള്ളു വീട്ടില്‍ കയറ്റുന്നതോ അല്ലാതതതോ അല്ല.
കള്ളു കുടിച്ച് റോട്ടില്‍ കിടക്കുന്നവരാണ് കള്ളുകുടിയന്മാര്‍. നമ്മളൊന്നും അത്തരക്കാരല്ലല്ലോ.!
ബ്ലോഗുകളൊക്കെ വായിച്ചിട്ടു കാലമേറെയായി. ഇടയ്ക്കൊന്ന് എത്തി നോക്കിയെത്തിയതാണ്. വെറുതെയായില്ല. നല്ല ഒന്നാന്തരം രചന. അതിന്റെ ഒഴുക്കില്‍ ഒറ്റയിരുപ്പിനു വായിച്ചു. ചില ഗ്രാമര്‍ സംശയങ്ങളില്‍ ഉടക്കി നിന്നിട്ടു പോലും. വെല്‍ ഡണ്‍ ഇഞ്ചിച്ചേച്ചീ.
എഴുത്ത് രസം രസകരം.
സെബസ്ത്യാനോസ്പുണ്യാളന്റെ അമ്പുപെരുന്നാള്‍ കൂടിയിട്ട് ശ്ശി കാലായി. കുടിച്ച് പൂക്കുറ്റിയായ ജോസേട്ടനെ, ഹെര്‍ക്കുലീസ് സൈക്കിള്‍ വീട്ടിലേക്ക് കൊണ്ടുപോകുന്നതും അമ്പെടുത്ത പയ്യന്റെ കുടയില്‍ വീഴാതിരിക്കാന്‍ പിടിമുറുക്കി തമ്പോറടിക്കുന്ന പാണ്ടിത്തോമേട്ടനെയൊക്കെ ഓര്‍മ്മവന്നു.
മദത്തിന്റെ ഇരയാണ് മദിര
അതിനെ കുറ്റം പറയരുത്..!
ഇഞ്ചിയേച്ചിയേ.. കള്ളു കണ്ണാടി പോലെയാണെന്നാ എനിക്കു തോന്നുന്നേ..
ദുര്‍മുഖവുമായി അതിനെ നോക്കിയാല്‍ അതു പിണങ്ങും.
ചിരിച്ചോണ്ടു നോക്കിയാല്‍ ബഹു രസം.
വേറെന്താണ്ടെങ്കിലുമൊക്കെ ഓര്‍ത്താല്‍ ചിലപ്പോ കാണുക പോലുമില്ല.
കള്ളല്ല പ്രശ്നം കുടിയന്മാരാ.. അതെന്തു കുടിക്കുന്നവരാണേലും.
കള്ളുകുപ്പികളുടെ നിഴലില്‍ - ഹാവൂ പേരു കണ്ടപ്പോ തന്നെ, ഓടി വന്നു വായിച്ചു. നഷ്ടായില്ല. ഒരെണ്ണം അടിച്ച പ്രതീതി. ഗൊള്ളാം......
ഇഞ്ചിയേ,
ഇടിവെട്ട് തലക്കെട്ടു കെട്ടോ!
കുപ്പികളുടെ നിഴല്‍, കള്ളിന്റെ മണം,
മീഞ്ചാറിന്റെ രുചി, കൊലുസിന്റെ കിലുക്കം....
-എന്തായിരുന്നു സീന്‍! പക്ഷെ അവസാനം എന്തു കിട്ടി?
-ഒരൊഴിഞ്ഞ കുപ്പി! (അതോ അതില്‍ പാതിയുണ്ടായിരുന്നോ?)
എഴുത്തിന്നൊരു ഒഴുക്കൊക്കെയുണ്ടു കെട്ടോ, പക്ഷെ നന്നായി ‘എഡിറ്റ്’ ചെയ്യാന്‍ ശ്രമിക്കണം.
വെറും വിമര്‍ശനമല്ലാ - നല്ലതിനു വേണ്ടി മാത്രം.
ALL THE BEST!
ഇഞ്ചീീ.. ഈ പോസ്റ്റ് രസിച്ചൂട്ടാ..
ഐശരി.. അപ്പ തൃശ്ശൂക്കാര്യാണ്‍ല്ലേ ക്ടാവേ ?
ആ തൃശ്ശൂരു നസ്രാണികളെപ്പറ്റി പറഞ്ഞത് വാസ്തവം !
പിന്നെ ഒരു കാര്യം: ദൂരദര്‍ശനീലെ “ചിത്രഹാര്‍” പരിപാടിയൊക്കെ ഫേമസ് ആയിരുന്ന കാലത്താരുന്നല്ലേ കല്യാണം, അതായത്, 1985-90 കളില്‍ ! ഹ ഹ ഹ .. ബാക്കി ഞാന്‍ പറയൂല്ല്ല.. ആദിത്യന്‍ ഊഹിച്ചോളും !
ഞാന്‍ കുറുമാന്റെ കൂടെ റഷ്യയിലേക്കു വിട്ടു ;)
ഇഞ്ചി,
പഴയ ഫോമിലെത്തിയല്ലൊ സതോഷം.
നന്നായി എഴുതിയിരിക്കുന്നു.
കുറ്റമറ്റ എഴുത്ത്.പെരിങ്ങോടന്റെ കമന്റ് കൃത്യം.
തൃശ്ശൂര്‍ നസ്രാണികള്‍, പിന്നെ അമ്പുപെരുന്നാള്‍ കള്ളൊഴുക്കാണ് പിന്നെ. ഒന്നും കൂടെ കൂട്ടി ചേര്‍ക്കണം എനിക്ക്. രാത്രി അമ്പിന്റെ അവസാനം ഉണ്ടക്കുന്ന, കള്ളും പുറത്തെ അലമ്പ്. ഒരു പെരുന്നാളിന്റെ സന്തോഷം മൊത്തം അതോടെ തീര്‍ന്ന് കിട്ടും.
ശരിയാ ഇതൊക്കെ കുറച്ച് സ്ത്രൈണ ഭാവം ഉള്ളവര്‍ക്കേ മനസ്സിലാവൂ.
ഡാലിചേച്ചി, ചിറ്റാട്ടുകര പിണ്ടിപ്പെരുന്നാള്‍ക്ക് പണ്ട് മറ്റൊരു പരിപാടികൂടിയുണ്ട്. വെടിക്കെട്ട് കഴിഞ്ഞ്, രാത്രി 12 മണികഴിഞ്ഞാല്‍ ഒരു ഗ്രൂപ്പ് പാവറട്ടിക്കാരിറങ്ങി അങ്ങാടിയിലെ വീടുകള്‍ക്കു മുന്‍പില്‍ വെച്ചിരിക്കുന്ന അലങ്കരിച്ച വാഴപ്പിണ്ടികള്‍ പിഴുതെടുത്ത് അവരവരുടെ വാതില്‍പ്പടിയില്‍ ചാരിവെക്കും. ആരെങ്കിലുമത് കണ്ടാല്‍ അടിയോടടി..
ഇഞ്ചിച്ചേച്ചീ... പൂയ്...
സീക്രട്ട് സ്ഥലങ്ങല്‍ പറഞ്ഞ് തരണോ വീട്ടില്‍ റെയ്ഡ് നടത്താന്‍? :-)
ഞാന്‍ ഇഞ്ചിയേച്ചിയുടെ സൈഡാ.
ഞാന്‍ എന്‍റെ ഭാര്യേന പറ്റിക്കൂലാന്ന് തീരുമാനിച്ചു കഴിഞ്ഞു.
ഹഹഹ..പച്ചാളമേ, കല്ല്യാണം കഴിക്കാന്‍ മിനിമം മിനിമം താലി കെട്ടാനുള്ള ആരോഗ്യം എങ്കിലും വേണം എന്നുള്ള ഹരിശ്രീ അശോകന്റെ ഏതൊ ഒരു ഡയലോഗ് പച്ചാളത്തിന്റെ കമന്റ് കണ്ട് ഞാന്‍ ഓര്‍ത്തു ചിരിച്ചു... :-)
ഒളിച്ചും പതുങ്ങിയും കള്ളുകുടിക്കേണ്ടി വരുന്ന കെട്ട്യോന്‍റെ ഗതിയേ...
വേലീലിരുന്ന കമന്‍റെടുത്ത് തോളേല്‍ വച്ചതു പോലായ്,
ഞാനൊരു മുഴുക്കുടിയനായാല്‍ അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇഞ്ചിയേച്ചിക്കായിരിക്കും.
എന്‍റെ ദേവദാസ് മുത്തപ്പാ ..എന്നെ നീ തന്നെ കാത്തോളണേ.
(അന്നാലും ഇഞ്ചിയേച്ചി....എന്നോട്... :(
ഹായ്!..എനിക്ക് ഇഞ്ചീടെ പോസ്റ്റിലെ ഓരോ വരിയും മനസ്സിലായേ!..
നന്നായി രസിച്ചു വായിച്ചു.
ആഹാ ഇഞ്ചീം ഇങ്ങനെയൊക്കെയാണോ? ഞാനുമതേ..പക്ഷെ എന്റെ ഭാഗ്യത്തിന് എന്റെ ചുറ്റുവട്ടത്താരും കള്ളുകുടിക്കണവരില്ല. കള്ളുകുപ്പീം കുടിക്കണവരേം ഒന്നും...എനിക്കിഷ്ടമല്ലാന്ന് പറയാന്‍ തുടങ്ങിയതായിരുന്ന്. പക്ഷെ കുറുമാന്‍ നല്ലതാ ല്ലേ?
ഇഞ്ചിയേച്ചീ.. കറങ്ങിനടക്കാതെ എല്ലാവര്‍ക്കും ഉള്ള നന്ദിനിപശുവിനെ വീതം വയ്ക്കു.അല്ലെങ്കില്‍ വക്കാരി ഇപ്പോള്‍ വരും. ;)
ഉഗ്രന്‍ പോസ്റ്റ്!:) ഇനിയും എഴുതൂ..:)
ബിന്ദൂട്ട്ടിയെ, ഇതൊക്കെ ഒരു പുളിവടിയല്ലേ? നമ്മടെ ഡീറ്റയിത്സ് നമ്മള്‍ അങ്ങിനെ അങ്ങ് കൊടുക്കൊ? :)
വക്കാരിജി: ഹഹ.അത് എനിക്കിഷ്ടപ്പെട്ടു.
റ്റെഡിബെയറെ,അങ്ങിനേം സന്ദര്‍ഭം ഉണ്ടാവും.
എന്തെങ്കിലും ഒക്കെ എഴുതണ്ടേ ?:)
രേഷ്മാസ്: അതെ,അതെ വക്കാരിജി ഒരു സംഭവം തന്നെ.
ആദിയെ: അയ്യട മനമേ! തീപ്പട്ടിക്കോലേ(സോറി, ആദീനെ വിളിച്ചതല്ലാ)
ഉത്സവം മാഷെ: ആ, അവരും ജീവിക്കട്ടെ.
അനാംഗരി മാഷേ: എന്റെ ഫോട്ടോ രണ്ടെണ്ണം കയ്യിലുള്ള ആള്‍ക്ക് എന്റെ ഈമെയില്‍ ഐഡിയും അറിയാമായിരിക്കണമല്ലൊ :)
കുട്ട്യേട്ടത്തി: അയ്യോ ആരേം പേടിച്ചട്ടല്ല. ഒരു പ്രിന്‍സിപ്പിളിന്റെ പുറത്താണ് പലതും ചെയ്യുന്നത്. ശരിയാവണമെന്നില്ല.അയ്യ്! എനിക്ക് വൈനിന്റെ മണം പോലും ശരിയായിട്ട് തോന്നില്ല. പിന്നെയാണൊ കുടിക്കണത്.
വേണുവേട്ടാ, നന്ദി
ദിവാന്‍ ജി: ;) സ്കൈ ഈസ് ബ്ലൂ
ശ്രീജിയെ, മതി മതി!അതു മതി.
സപ്പോര്‍ട്ടുണ്ടല്ലൊ.താങ്ക്സ്.
സൂവേച്ചി,ഹഹ.
ഫൈസലിക്കാ, ശുക്കരിയാ
തഥാഗതര്‍ ജീ: ട്ടച്ചുള്ള കമന്റ്!
പെരിങ്ങ്സ്: ഹഹ
സങ്കുചിതന്‍ മാഷേ: അയ്യോ ഞാന്‍ അതോര്‍ത്തോണ്ടിര്‍ക്കുവൊന്നുമല്ല. വെറുതേ എഴുതീന്നേയുള്ളൂ.
കൂമന്‍ ജി: നന്ദി. ഉവ്വ ഉവ്വ ഗ്രാമറും സ്പെലിങ്ങും കശയാ. എനിക്ക് പക്ഷെ തിരുത്താനും അറിയണ്ടെ? :(
കെ.എം: നന്ദി
പൊന്നപ്പന്‍സ്: ഹഹ
കുറുമാനേട്ടാ: നന്ദി. ആ അടിച്ച പ്രതീതിയാണ് എനിക്കും:)
കൈതമുള്ള് മാഷേ: എന്താ കൈതമുള്ളെന്ന ബ്ലോഗ് ഐഡിയുടെ ഒരു ഇടിവെട്ട് :).എനിക്ക് പറ്റാവുന്ന പോലെയൊക്കെ എഡിറ്റി നോക്കി. അതിനുള്ള വിവരം കം ഹെ.
ഇടിവാള്‍ ഗഡീ: ഹൊ! എന്തൊരു ആപ്റ്റ് ഗസ്സ്! തല വെളിയില്‍ കാണിക്കരുതു കെട്ടൊ, മിന്നലേക്കും :)
മുസാഫിര്‍ യോ യാരൊ: സ്നേഹത്തിന് നന്ദി
വിഷ്ണുമാഷേ: നന്ദി
ഡാലിക്കുട്ട്യെ: നന്ദി. പാലപ്പം പാലപ്പം.
ദില്‍ബൂട്ടിയെ: കാര്യമില്ല.:( സകല സത്ഥലത്തും നോക്കീട്ടുണ്ട്. എന്നാലും പറ.
പച്ചാളം കുട്ടീ: ഹഹ..ചുമ്മാതല്ലേ
സന്തോഷേട്ടാ: അനുഭവം ഗുരുവാണൊ? ;)
പീലിക്കുട്ട്യേ: നന്ദി
ദുര്‍ഗ്ഗാസ്: നന്ദി.
ആര്‍പ്പിക്കുട്ട്യേ: ഹഹ..അതെ അതെ. കുറുമാന്‍ ചേട്ടന്‍ പാവാ.
ബിന്ദൂട്ടി - ഒരു മൂഡില്ലായിരുന്നു നന്ദി പ്രഭാഷണത്തിനു.അതായിരുന്നു.
കള്ളുകുപ്പിയുടെ നിഴലില്‍ - ഇരുന്നു വായിച്ചു. നാട്ടില്‍ മദ്യനിരോധന ജാഥക്കു പോയിട്ടുണ്ടെങ്കിലും ഇവിടുത്തെ തണുപ്പത്തെന്തു ചെയ്യാന്‍. പക്ഷെ ഇഞ്ചിയോട് ഐക്യദാര്‍ഡ്യം(?)പ്രഖ്യാപിച്ച് കുറുമാനും ഞാനും കുടിനിര്‍ത്തി.
നന്നായെഴുതിയിരിക്കുന്നു
വളരെയധികം സ്പര്‍ശിച്ച ഒരു പോസ്റ്റ്. ന്ന് വച്ച് ഞാന്‍ എന്റെ മിതമദ്യപാനം നിര്‍ത്താനൊന്നും പോണില്ല കേട്ടോ
ദേ പിന്നൊരു കാര്യം; കൊടുങ്കാറ്റും കള്ളുകുപ്പികളും എഴുതിയ മാതിരി സുന്ദരമായി എഴുതാനുള്ള ഭാഷ കൈവശമുള്ള ഇഞ്ചിപ്പെണ്ണ് ഇനി മേലാല്‍ കടങ്കഥക്കഥകള്‍ എഴുതരുത് എന്ന് ഞാന്‍ പറയുന്നു. മനുഷ്യന്റെ തല പെരുപ്പിക്കുന്ന ഏതെങ്കിലും പോസ്റ്റ് ഇനി കണ്ടാലൊണ്ടല്ലോ....... ഞാന്‍ വായിച്ചിട്ട് കമന്റിടാതെ തിരിഞ്ഞുനടക്കും. അല്ലാതെന്തു ചെയ്യാന്‍ (:
സസ്നേഹം
കണ്ടത്തില്‍ വില്യം മാപ്പിള പറഞ്ഞതു വായിച്ചിട്ടുണ്ടല്ലോ, അല്ലേ?
“മദ്യം മനുഷ്യനെ നിന്ദ്യനും പരിഹാസ്യനുമാക്കുന്നു.“
പള്ളിച്ചുമരിലെഴുതിയ ഈ പരമാര്‍ത്ഥം വറീതേട്ടന്‍ ദിവസേന രണ്ടുതവണ വായിക്കും.
ഷാപ്പില്‍ പൊകുമ്പോഴും വരുമ്പോഴും.
എവിടെയോ കെട്ടതുതന്നെയെ പറയാനുള്ളൂ,
മദ്യം വിഷമാണ്. അതില്ല്യാച്ചാല്‍ വിഷമവും.
കള്ള് ഞമ്മളെ ഉസ്മാന്റെ മാതിരിയാന് ഓന്‍ ല്ല്യാണ്ട് ഞമ്മക്ക് ക്യ്ഞൂടാന്‍ പറ്റില്ല്യ ന്നു പങ്കജനുദാസന്റെ പാട്ടു കെട്ടിട്ടില്ല്യെ?
പോസ്റ്റ് ഗംഭീരായി മാഷേ.
മ്മടെ ഫേവറിറ്റ് നടന്‍ ഹംഫ്രി ബോഗാര്‍ട്ട് പണ്ടൊരിക്കല്‍ പറഞ്ഞിട്ടുണ്ട്;
“People who don't drink are afraid of revealing themselves”
അപ്പോഴാണ് ഞാന്‍ വെള്ളമടിക്കാത്തതിന്റെ കാരണം എനിക്ക് മനസ്സിലായത്
Siju | സിജു
മ്മടെ ഫേവറിറ്റ് ഹംഫ്രി ബോഗാര്‍ട്ട് പണ്ട് പറഞ്ഞിട്ടുണ്ട്
“People who don't drink are afraid of revealing themselves”
അപ്പോഴാ ഞാന്‍ വെള്ളമടിക്കാത്തതിന്റെ രഹസ്യം എനിക്ക് മനസ്സിലായത്
വെലക്കം ബാക്ക് (എത്ര ദിവസത്തേയ്ക്കുണ്ടാവും)
പെരിങ്ങ്സേ, എന്തോന്ന് എത്ര ദിവസത്തേക്കുണ്ടാവുമെന്ന്? ഈശ്വരാ, ഞാനാണൊ? ഏ എന്നെ തല്ലാന്‍ ആളൊളെ അയച്ചിട്ടുണ്ടൊ? അവര്‍ കടല്‍ കടന്നൊ? :)
ഇതെങ്ങനെ കാണാന്‍ വൈകി ഇത്രയും?
നന്നായിരിക്കുന്നൂ ഇഞ്ചിയേ..!
Post a Comment