കഴിഞ്ഞയാഴ്ച ഫുഡ് ബ്ലോഗുകളില്‍ ഒരു സംവാദം നടന്നു. ഫുഡ് ബ്ലോഗുകള്‍ എങ്ങിനെ ചെയ്യണമെന്ന് ബ്ലോഗ് ലോകത്ത് പ്രസിദ്ധനായ ഒരമേരിക്കന്‍ ഫുഡ് ബ്ലോഗര്‍ എഴുതിയിരുന്നു. അതിലെ പ്രധാന പോയിന്റ്, എന്നും കഴിക്കുന്ന അല്ലെങ്കില്‍ എന്നുമുണ്ടാക്കുന്ന സാധാരണ തരം ഭക്ഷണങ്ങളെക്കുറിച്ചെഴുതരുതെന്ന്. അങ്ങിനെയുഴുതുന്നത് വളരെ വിരസമത്രെ.
അത് വായിച്ച് സഹികെട്ട് ഇന്ത്യന്‍ ആംഗലേയ ഫുഡ് ബ്ലോഗിങ്ങ് രംഗത്ത് മുടിചൂടാമന്നയായി നില്‍ക്കുന്ന ഒരു സുഹൃത്ത് സ്വന്തം ബ്ലോഗില്‍ കാര്യമായി തന്നെ ആ കാഴ്ചപ്പാടിനെ വിമര്‍ശിച്ചിരുന്നു. അതു മാത്രമല്ല, വിമര്‍ശനത്തിനു കൊഴുപ്പ് കൂട്ടാന്‍ എന്ന രീതിയില്‍ അന്നത്തെ അവരുടെ ബ്ലോഗ് പോസ്റ്റ്, വളരെ സാധാരണ വിഭവമായ ഉലുവാചോറായിരുന്നു. അവരുടെ പ്രധാന ചോദ്യം ഇതായിരുന്നു, "Live and let Live" എന്ന തത്വം എവിടെപ്പോയി? എന്തിനു വെറുതേ നിയമങ്ങള്‍ കൊണ്ടു വരുന്നു? എന്തിനെല്ലാത്തിനേയും ഒരു ചട്ടക്കൂടില്‍ ഇറക്കി വെക്കാന്‍ ശ്രമിക്കുന്നു? എന്തിന് ഞങ്ങള്‍ മറ്റുള്ളവരെ അനുകരിക്കണം?
വളരെ ന്യായമായ ചോദ്യങ്ങള്‍. രണ്ട് പക്ഷത്തും കുറേയൊക്കെ ശരിയുള്ളതുകൊണ്ട് രണ്ട് പേരുടേയും വാദങ്ങള്‍ വായിച്ചുവെന്നല്ലാതെ പ്രതികരിക്കാന്‍ തോന്നിയില്ല. കുറച്ച് കഴിഞ്ഞ്, വേറൊരു ബ്ലോഗര്‍ ഇന്ത്യന്‍ ബ്ലോഗറുടെ പോസ്റ്റിന്റെ താഴെ ഒരു മറുപടി എഴുതി. ആഡം പറയുന്നതൊക്കെ ശരിയല്ലേ? ഇന്ത്യന്‍ ഫുഡ് ബ്ലോഗേര്‍സിനു ശരിയായ ഇംഗ്ലീഷ് ഗ്രാമറില്ല, ഇന്ത്യന്‍ ഫുഡ് ബ്ലോഗേര്‍സ് അവരുടെ ഉച്ചക്കത്തെ വിഭവമാണ് എപ്പോഴും എഴുതുന്നത്, സ്വന്തം ഭര്‍ത്താവിന് വെച്ചു കൊടുക്കുന്ന, എന്നും വായിക്കുന്ന ഒരേതരം ഉരുളക്കിഴങ്ങ് കറിയെക്കുറിച്ച് ആളുകള്‍ എന്തിനു വായിക്കണെമെന്ന്? അതിനേക്കാളും എത്രയോ ഭേദമാണ് പ്രൊഫഷണല്‍ പാചകക്കാരായ സഞ്ചീവ് കപ്പൂറും തരളാ ദലാലും എന്നും. അവരൊക്കെ ഫുഡ് ടെസ്റ്റെങ്കിലും ചെയ്യുന്നുണ്ടെന്ന്. അതുകൊണ്ട് മിക്ക ഇന്ത്യന്‍ ഫുഡ് ബ്ലോഗ്സും ഭയങ്കര ബോറാണ് വായിക്കാന്‍ എന്നും ആയമ്മ പ്രസ്താവിച്ചു.
ഓ, അതു ശരി! അപ്പോള്‍ പിന്നെ ലോഡ് ലോഡ് ആയിട്ട് അഭിപ്രായം സൂക്ഷിച്ചു വെച്ചിരിക്കുന്ന എനിക്ക് പ്രതികരിക്കാതിരിക്കാന്‍ പറ്റുമൊ? ഇന്ത്യന്‍ ഫുഡ് ബ്ലോഗേര്‍സിന്റെ മാത്രമല്ല ഗ്രാമര്‍ തെറ്റുള്ളതു. ഇംഗ്ലീഷ് മുഖ്യ ഭാഷയായ പല അമേരിക്കന്‍ ബ്ലോഗേര്‍സിന്റെയും ബ്ലോഗുകളില്‍ ഇംഗ്ലീഷ് ഗ്രാമര്‍ വൈകല്ല്യമുണ്ട്. അതു മാത്രമല്ല, ബ്ലോഗില്‍ ഇംഗ്ലീഷ് ഗ്രാമര്‍ നല്ലതാണെങ്കില്‍ വായനയുടെയിടയില്‍ ചെറിയ കല്ലുകടിയുണ്ടാവില്ല എന്നു മാത്രമേയുള്ളൂ, അല്ലാതെ തികഞ്ഞ ഗ്രാമറോട് കൂടിയും ഫ്രഫഷണല്‍ ഫോട്ടോസോടും കൂടിയിടുന്ന പല ബ്ലോഗുകളും വായനാ സുഖം തരുന്നവയുമല്ല. മാത്രമല്ല, ബ്ലോഗുകളുടെ വായനാ സുഖവും ഒരു മാഗസിന്റെ വായനാ സുഖവും രണ്ടും രണ്ടാണ്. മാഗസിനില്‍ ഒരു ഗ്രാമര്‍ തെറ്റിയാലൊ മറ്റോ നമ്മള്‍ ക്ഷമിക്കില്ല. ആ കല്ലുകടി തന്നെ മതി ഒരു ലേഖനത്തിന്റെ നിലവാരമളക്കാന്‍. പക്ഷെ ബ്ലോഗുകളില്‍ വരുന്ന പോസ്റ്റുകളില്‍ കണ്‍സെപ്റ്റും കാഴ്ചപ്പാടുകളുമാണ് പോസ്റ്റിന്റെ പ്രെസെന്റേഷനേക്കാളും മുഖ്യം. കാരണം ബ്ലോഗുകള്‍ക്ക് വ്യക്തമായ individual personality ഉണ്ട്. അതാണ് ബ്ലോഗിന്റെ പ്രധാന ആകര്‍ഷണം. ഒരാളെ പരിചയപ്പെടുന്നത് പോലെയാണ് ബ്ലോഗുകള്‍ വായിക്കപ്പെടേണ്ടതെന്ന് എനിക്ക് തോന്നുന്നു.
ഫുഡ് ബ്ലോഗിന്റെ കാര്യം എടുത്തു പറയുകയാണെങ്കില്‍, പലരും ഒരു ഫുഡ് ബ്ലോഗ് സന്ദര്‍ശിക്കുന്നത് മിക്കവാറും റെസിപ്പിയെക്കാളുപരി അവരുടെ വ്യക്തിപരമായ പാചക അനുഭവവും അതില്‍ നിന്നു കിട്ടുന്ന നുറുങ്ങുകള്‍ വായിക്കാനുമാണ്. അല്ലാതെ റെസിപ്പിക്കു വേണ്ടി മാത്രമല്ല. ബ്ലോഗില്‍ ഇന്ന റെസിപ്പിയെക്കുറിച്ച് എനിക്ക് സംശയവും ചോദിക്കാം. അങ്ങിനെ എന്തു കൊണ്ടും സ്റ്റാറ്റിക്ക് ആയിട്ടിരിക്കുന്ന റെസിപ്പി സൈറ്റുകളേക്കാളും നല്ലതാണ് ഇന്റെറാക്റ്റീവായ ഫുഡ് ബ്ലോഗിങ്ങ് എന്നാണ് എന്റെ അഭിപ്രായം. ഇങ്ങിനെയൊക്കെ ഞാന്‍ പ്രതികരിച്ചു. മാത്രമല്ല, ആവേശത്തിന്റെ തിരതള്ളലില്‍ ‘ഞാന്‍ എന്തുകൊണ്ട് ബ്ലോഗുന്നു’ എന്നും കൂടി അവിടെ എഴുതി വെച്ചു.
അങ്ങിനെ ഒരു കമന്റ് എഴുതി കഴിഞ്ഞിട്ടാണ് ഞാന്‍ ചിന്തിച്ചതു തന്നെ അങ്ങിനെയൊരു കാര്യത്തെക്കുറിച്ച്. ആവേശത്തില്‍ എഴുതിയതാണെങ്കിലും എഴുതിയത് സത്യമായിരുന്നു. ഞാന്‍ ബ്ലോഗുന്നത് എന്റെ ഇംഗ്ലീഷ് പാടവം അല്ലെങ്കില്‍ പാടവമില്ലായ്മ കാണിക്കാനോ ഒന്നുമല്ല. അല്ലെങ്കില്‍ ഞാന്‍ പ്രസിദ്ധയാവണമെന്ന് വിചാരിച്ചിട്ടുമല്ല. പിന്നെ, എന്റെ പാഷന്‍(മലയാളം?) -- അതാണ് എന്റെ ഫുഡ് ബ്ലോഗിങ്ങിന്റെ മുഖ്യപ്രേരണയും പ്രചോദനവും. വെറുതെ റെസിപ്പികള്‍ കൈമാറുന്നതിലും ഒരാളുടെ അടുക്കള സന്ദര്‍ശിച്ച് അവരോടൊപ്പം നിന്ന് പാചകം പഠിക്കുന്നതിനും തമ്മില്‍ രാവും പകലും പോലെ വ്യത്യാസമുണ്ട്. മാത്രമല്ല, പാചകം എനിക്കൊരു പാഷനാണ്. അത് എന്റെ പോലെ താല്‍പ്പര്യമുള്ള കുറച്ച് സുഹൃത്തുക്കളുമായി ഞാന്‍ പങ്കു വെക്കുന്നു. ഇനിയതില്‍ നിന്ന് ഞാന്‍ എപ്പോഴെങ്കിലും ഫേമസ് ആവുന്നെങ്കിലോ മറ്റോ അത് അതിന്റെ collateral കാര്യം. അല്ലാതെ അതാവരുത് മുഖ്യ പ്രചോദനം എന്നെനിക്ക് തോന്നുന്നു.
അങ്ങിനെയൊരു പാഷനില്ലാതെ, പെട്ടെന്ന് ഫേമസ് ആവണമെന്നൊ അല്ലെങ്കില്‍ മറ്റു പലതിനോ വേണ്ടി തുടങ്ങുമ്പോഴാണ് ബ്ലോഗിങ്ങ് വിരസമാവുന്നത്. അത് അങ്ങിനെയുള്ള പോസ്റ്റുകള്‍ എന്റേതായാലും മറ്റുള്ളവരുടേതായാലും വായിക്കുമ്പോള്‍ തന്നെ പെട്ടെന്ന് മനസ്സിലാവും. മാത്രമല്ല, ഈ പ്രസിദ്ധമാവണം എന്ന് വിചാരിക്കുന്നതുകൊണ്ടാണ് ചിലര്‍ ആശയങ്ങളും, റെസിപ്പികളും, ഫോട്ടോസും ഒക്കെ കട്ട് സ്വന്തം ബ്ലോഗില്‍ ഇടുന്നതും. ഇത് ഒരു വല്ല്യ ശല്ല്യമായിരിക്കുകയാണ് പോപ്പുലറായ പല ബ്ലോഗേര്‍സിനും. അതുകൊണ്ട് തന്നെ പലരും RSS ഫീഡുകള്‍ നിറുത്തുവാന്‍ പോലും നിര്‍ബന്ധിതരായിട്ടുണ്ട്.
എന്തായാലും അതവിടെ നിക്കട്ടെ. അപ്പോള്‍ ഞാനാലോചിച്ചു, ഞാന്‍ എന്തിനാണീ നാലുകെട്ട് തുറന്ന് വെച്ചിരിക്കുന്നത്? ഇവിടെയെന്തിനാണ് ഞാന്‍ കുത്തിക്കുറിക്കുന്നത്? മലയാളം സാഹിത്യം പോയിട്ട് ‘സാ’ എന്ന് എഴുതാന്‍ കഴിവില്ലാത്തവളാണ്. ആദ്യം തന്നെ മലയാളം എഴുതാനുള്ള കൊതി കൊണ്ട് മാത്രമാണ് ഇത് തുടങ്ങിയത്. എന്റെ ആദ്യത്തെ പോസ്റ്റിങ്ങൊക്കെ കണ്ടാല്‍ കോഴി നെല്ല് കൊത്തിപ്പറുക്കിയിട്ട പോലെയാണ് (കോഴി നെല്ല് പെറുക്കിയിടുന്നത് ഞാന്‍ ഇന്നേ വരെ കണ്ടിട്ടില്ല. പക്ഷെ അതിങ്ങിനെയാവുമെന്ന് വിചാരിക്കുന്നു). മലയാളം ബ്ലോഗിങ്ങ് കമ്മ്യൂണിറ്റി എന്നൊരു ഇമ്മിണി വല്ല്യ ഭീകര പുലികളുടെ സംഘടനയുണ്ടെന്നൊന്നും അന്നെനിക്കറിയില്ലായിരുന്നു. അറിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ ചിലപ്പൊ ഒരു വായനക്കാരി മാത്രമായേനെ. എന്റെ അന്നത്തെ വിവരത്തില്‍ നാലും അഞ്ചും, ഒന്‍പത് ബ്ലോഗോ മറ്റോയുള്ളൂ എന്ന് കരുതി, എന്നാല്‍ ഇന്റെര്‍നെറ്റായ ഇന്റെര്‍നെറ്റും മുഴുവന്‍ മലയാളം എഴുതിയിടാലോ എന്ന് വിചാരിച്ച് തുടങ്ങിയതാണ്.
പിന്നെ പിന്നെ മനസ്സിനെ മഥിക്കുന്ന ഒത്തിരി നോവുകള്‍ കഥയായിട്ടും അല്ലാതേയും എഴുതിയിടാന്‍ തുടങ്ങി. ഭീകരമായ അക്ഷരതെറ്റുകളും വ്യാകരണപിശാച്ചുക്കളും കൊണ്ട് സമ്പന്നമാണ് നാലുകെട്ട്. എന്നാലും എഴുതി തുടങ്ങി കഴിഞ്ഞപ്പോള്‍ പിന്നെ നേരു പറഞ്ഞാല്‍ കണ്ട്രോള്‍ കിട്ടാണ്ടായി. പിന്നെ എഴുതാണ്ടിരിക്കാന്‍ പറ്റാണ്ടായി. എന്റെ പഴയ പോസ്റ്റുകളെല്ലാം എടുത്ത് നോക്കി ഞാന്‍ സ്വയം ഒന്ന് വിശകലനം ചെയ്താപ്പോഴാണ് ഞാന്‍ പോലും അധികം ശ്രദ്ധിക്കാതെയൊരു വിഷയം എനിക്ക് മനസ്സിലായത്. മനസ്സിന് വിഷമം തട്ടിയ ഒരോ കാര്യങ്ങളും കുറിച്ച് വെക്കല്‍ മാത്രമായിരുന്നു എന്റെ എല്ലാ പോസ്റ്റുകളും. ഇടക്കൊക്കെ ഒന്നോ രണ്ടോ തവണ ഒരു ഓണം പോസ്റ്റോ വിശാലേട്ടനു മുട്ട പുഴുങ്ങി കൊടുത്തുവെന്നല്ലാതെ ബാക്കിയെല്ലാം കഥയായിട്ടും കളിയായിട്ടും എന്റെ മനസ്സില്‍ മറ്റാരോടും ഷേര്‍ ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളെഴുതിയിടുകയാണ് ഞാന്‍ ചെയ്തത്. ഒരു സെല്ഫ് തെറാപ്പി പോലെ. അതുകൊണ്ട് തന്നെ പലപ്പോഴും പോസ്റ്റുകളോടൊപ്പം ആ തീയതിക്കും പ്രാധാന്യമുണ്ട്.
ആരൊടും പറയാന്‍ പറ്റാത്തത് കൂട്ടുകാരില്ലാഞ്ഞിട്ടല്ല. പക്ഷെ ഞാന്‍ വിചാരിക്കുന്ന അല്ലെങ്കില്‍ മനസ്സിലിട്ട് കൊണ്ട് നടക്കുന്ന അതേ തീവ്രതയോട് കൂടി പറയണമെങ്കില്‍ എഴുതിയേ പറ്റൂ എന്ന് എനിക്ക് എപ്പോഴും മനസ്സിലായിട്ടുള്ളതാണ്, അതും മലയാളത്തമ്മയുടെ ഭാഷയില്‍. സംസാരിക്കുന്നതിലുപരി എഴുത്തിലൂടെയാണ് ഞാന്‍ ശരിയായി സംവേദിക്കുന്നത്. അപ്പോള്‍ ബ്ലോഗുന്നതിനു മുന്‍പ് ഞാന്‍ എന്തു ചെയ്യുമായിരുന്നു എന്ന് ഞാന്‍ ആലോചിച്ചു? എന്റെ പഴയ പി.സികള്‍ മുഴുവന്‍ വേര്‍ഡ് ഡോക്ക്യുമെന്റ്സാണ്, ഇംഗ്ലീഷില്‍ കുത്തിക്കുറിക്കുന്ന വികാരപ്രകടനങ്ങളാണ്. പക്ഷെ പിന്നീടവ വായിക്കുമ്പോള്‍ മലയാളത്തില്‍ കുറിക്കുന്ന അതേ ഫീലിങ്ങ് എനിക്ക് കിട്ടുന്നില്ല. മാത്രമല്ല, ആരും വായിക്കുന്നില്ലെങ്കില്‍ നമ്മുടെ ജല്പനങ്ങള്‍ക്ക് ഒരു ഭ്രാന്തിന്റെ അവസ്ഥയാണ്. അതു പിന്നേയും ഒരു ഏകാന്തതയിലേക്ക് നയിക്കുന്നു.
നാലുകെട്ടും വേര്‍ഡ് ഡോക്ക്യുമെന്റ്സും തമ്മിലുള്ള മറ്റൊരു വ്യത്യാസം കമന്റു ബോക്സുകളാണ്. നാലുകെട്ടിലെ കമന്റുകള്‍ എനിക്ക് വേറൊരു ലോകം കാണിച്ചു തന്നു. മുഖമില്ലാത്ത ഒരു ലോകം. നമ്മളെഴുതുന്നത് ഈ മുഖമില്ലാത്തെ ചിലര്‍ അതേ പടി മനസ്സിലാക്കുന്നു. അവര്‍ക്കും വേദനിക്കുന്നു അല്ലെങ്കില്‍ അതേപോലെ മനസ്സിലാവുന്നു. sympathy അല്ല empathy. അതൊരല്‍ഭുതമായിരുന്നു. ഒരേ ഫ്രീക്ക്വന്‍സിയിലിരിക്കുന്നവരോട് സംസാരിക്കുക, അതും ഒരുപാട് ദൂരം ശരീരം കൊണ്ടുണ്ടെങ്കിലും മാനസികമായി വളരെ അടുത്ത് നില്‍ക്കാന്‍ സാധിക്കുക. പിന്മൊഴിയിലിരിക്കുന്നവരെക്കെ എന്റെ ഓരോ നേരത്തെ സ്വഭാവത്തിന്റെ മറ്റൊരു പതിപ്പാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ ക്ലോണുകള്‍ പോലെ. അതെന്നെ വീണ്ടും വീണ്ടും എന്റെ മനസ്സിലുള്ളത് ഇങ്ങിനെ പബ്ലിക്കായി കുത്തിക്കുറിക്കാന്‍ പ്രേരിപ്പിക്കുന്നു.
ഇവിടെ കുറേയധികം നല്ല മനുഷ്യരെ virtual ആയി പരിചയപ്പെട്ടു. മിക്കവരും എനിക്ക് കൈ എത്തിപ്പിടിക്കാവുന്നതിലും ദൂരത്ത്, സകലകലാ വല്ലഭരും അതിലുപരി നന്മകളുമുള്ളവര്‍. അതുകൊണ്ട് തന്നെ പലപ്പോഴും നിര്‍ത്തി പോണം, പോസ്റ്റൊക്കെ ഡ്രാഫ്റ്റില്‍ മതി എന്നൊക്കെ തോന്നിയിട്ടുണ്ടെങ്കിലും സാധിക്കില്ല എന്ന് അതേ നിമിഷത്തില്‍ തന്നെ മനസ്സിലാവും. അതാണ് മലയാളം ബ്ലോഗിങ്ങിന്റെ ഒരു പ്രശ്നവും. ഇംഗ്ലീഷ് ബ്ലോഗുകളില്‍ അത് രാഷ്ട്രീയ ബ്ലോഗുകളോ ഫുഡ് ബ്ലോഗുകളോ ആയാലും ഞാന്‍ തിരഞ്ഞെടുത്ത വിരലിലെണ്ണാവുന്ന ബ്ലോഗുകളേ മിക്കപ്പോഴും വായിക്കാറുള്ളൂ. പക്ഷെ, മലയാളം ബ്ലോഗില്‍ അതുപോലെ പെട്ടെന്ന് നോക്കാന്‍ ഒരു ലിസ്റ്റുണ്ടെങ്കിലും ഞാന്‍ മിക്കപ്പോഴും മിക്കതും വായിക്കുന്നു. കാരണം മിക്ക ബ്ലോഗിലും എന്തെങ്കിലും ഒക്കെ എനിക്ക് വായിക്കാനും പഠിക്കാനും ഉണ്ട്.
അതിനെക്കുറിച്ചാലോചിച്ചപ്പോഴാണ് മലയാളം ബ്ലോഗ് പോര്‍ട്ടലിനെക്കുറിച്ചും ആലോചിച്ചത്. ബ്ലോഗില്‍ നിന്ന് ഒരു സാധാരണ പോര്‍ട്ടലിലേക്ക് പോവുക കമ്പ്യൂട്ടറില്‍ നിന്ന് പ്രിന്റ് എടുത്ത് വായിക്കുന്നതുപോലെയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇപ്പോള്‍ തന്നെ മൂന്നോ നാലോ തരം മലയാളം പോര്‍ട്ടലുണ്ടായിട്ടും ഒന്നും ക്ലച്ച് പിടിക്കാത്തതിനും കാരണമത് തന്നെയെന്ന് എനിക്ക് തോന്നുന്നു. ഇംഗ്ലീഷ് ബ്ലോഗുകളില്‍ കമന്റ്സും അല്ലെങ്കില്‍ ഹിറ്റും വെച്ചാണ് പോപ്പുലര്‍ ബ്ലോഗെന്നെങ്കിലും ഒരു തരം തിരുവുണ്ടായത്. പക്ഷെ മലയാളം ബ്ലോഗുകളില്‍ ഇങ്ങിനെ ഒരു വൈബ്രന്റ് ആന്റ് ക്ലോസ് നിറ്റ് കമ്മ്യൂണിറ്റി ഉണ്ടായതുകൊണ്ട് അതിനു നേരെ വിപരീതമാണ് മിക്കപ്പോഴും. ഈ കമ്മ്യൂണിറ്റിയുടെ കൂടെ നടക്കുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷവും രസവും മലയാളം ബ്ലോഗിങ്ങിനെ ഒരു വ്യത്യസ്ത ബ്ലോഗിങ്ങ് അനുഭവമാക്കുന്നു.
ഒളിച്ചേ കണ്ടേ കളിക്കുമ്പോള്‍ ഒളിക്കാന്‍ പോയ ഒരു പെണ്‍കുട്ടിയാണ് ഞാന്‍. എന്റെ ഒളിസങ്കേതത്തില്‍ പക്ഷെ എന്നെപ്പോലെ ഒരുപാട് കൂട്ടുകാരെ ഞാന്‍ കണ്ടു. കളിസ്ഥലത്ത് തിരിച്ചു ചെന്ന് സാറ്റ് വിളിക്കാന്‍ എനിക്കെന്തോ പറ്റുന്നില്ല. ഇനിയും ഇവിടെയിങ്ങിനെ ഒളിച്ചിരിക്കട്ടെ.
2006-12-12
ഞാന്‍ എന്തിനു ബ്ലോഗുന്നു?
Subscribe to:
Post Comments (Atom)
50 പ്രതികരണങ്ങള്‍:
ബ്ലോഗുകള്‍ പ്രസിദ്ധീകരണങ്ങളല്ല, മറിച്ച് ഓരോരുത്തരുടെയും സ്വകാര്യ സ്വത്തായ വികാര വിചാരങ്ങളുടെ പ്രകടനങ്ങളാണ്. അതിനു സ്വന്തമായ ഒരു വ്യക്തിത്വവും, ഭാഷയും, ഭാവവും ഉണ്ട്. എന്തെഴുതണം എഴുതണ്ട എന്നുള്ളത് ഉടമസ്ഥന്റെ മനോഗതിയനുസരിച്ചിരിക്കണം എന്നു തന്നെയാണ് എന്റെയും അഭിപ്രായം. ഏതൊരു വ്യക്തിയേയും പോലെ അതിനും സ്വന്തമായ ഒരു മുഖമുണ്ട്, സംസാരശൈലിയുണ്ട്. എഴുത്തിന്റെ ആവേശത്തിലും, വേദനയിലും സൃഷ്ടിക്കപ്പെടുന്ന ഒരു പ്രത്യേക ശൈലിയുമുണ്ട്. വായിക്കുന്നവനു ആസ്വദിക്കാനും, ചിന്തിക്കാനും, അതില്‍ ലയിക്കാനും കഴിയുന്നുവെങ്കില്‍, അതൊരു നല്ല സൃഷ്ടിയാണെന്നു കണക്കാക്കണം. ഹിറ്റുകളും കമന്റുകളും മാത്രം അതിന്റെ ഏകകങ്ങളല്ല, ആവുകയുമരുത് എന്നാണ് എന്റെ എളിയ അഭിപ്രായം.
വെബ് പോര്‍ട്ടലുകള്‍ ചൂണ്ടു പലകകളാവണം. അതില്‍ ഇനിയുമേറെ ദൂരം നമുക്കു സഞ്ചരിക്കാനിരിക്കുന്നു. ഇനിയുമൊരുപാടു ബ്ലോഗുകളും, സൈറ്റുകളും, പോര്‍ട്ടലുകളും നമുക്കു വേണം. ഒരു ആരോഗ്യപരമായ മത്സരബുദ്ധിയോടെ ഇതിനെ കണ്ടാല്‍ മലയാളം നെറ്റിലെങ്ങും എന്ന നമ്മുടെ ആഗ്രഹപൂര്‍ത്തീകരണത്തിന്റെ പാതയിലേക്കുള്ള ചവിട്ടുപടികളാവും.
വിപ്ലവകാരികള്‍ക്കുള്ളതാണീ പുതിയ മണ്ണ്. പുതിയപാതകള്‍ വെട്ടിത്തെളിച്ചു മുന്നേറാന്‍, വനാന്തരങ്ങളില്‍ ചെന്നു രാപാര്‍ക്കാന്‍ തയ്യാറുള്ളവര്‍ക്കുള്ളതാണീ മണ്ണ്. തടസങ്ങളേയും വിഷച്ചെടികളേയും വെട്ടിത്തള്ളി, വന്യശക്തികളെ സധൈര്യം എതിരിട്ടു ജയിച്ചു, വനാന്തരങ്ങളില്‍ കോട്ടകള്‍ പണിയാന്‍ തയ്യാറുള്ളവന്റേതാണീ മണ്ണ്. മുഖമില്ലാത്ത മുഖങ്ങളുടെ കൂടെ ഇവിടെ ഒളിച്ചിരിക്കൂ. തിരിച്ചു പോകേണ്ട വഴികള്‍ നമുക്കു മറക്കാം. ഇവിടെയിരുന്നു പുതിയ കളികള്‍ നമുക്കുണ്ടാക്കാം. നമുക്കീ ലോകത്തിന്റെ നിര്‍മ്മാണത്തിന് ഒന്നിച്ചു കല്ലുകളുടയ്ക്കാം.
- ഒരു സ്വപ്നജീവി.
മിഥിക്കുന്ന(?) = മഥിക്കുന്ന
നല്ല ചിന്തകള്‍ ഇഞ്ചി.. പൂര്‍ണ്ണമായും യോജിക്കുന്നു..
നേരെ ചൊവ്വേ ലോഗിന്‍ ചെയ്യാന്‍ നോക്കിയാല്‍ നടക്കുന്നില്ലല്ലോ?
ഇതില്‍ കമന്റാന്‍ പറ്റുന്നില്ലാാാാാാാ
(ഇതെങ്ങനെ ചെയ്തെന്നു ചോദിക്കരുത്, സീക്രട്ടാ.. :)
ആര്‍ക്കെങ്കിലും ഇവിടെ വിവരമുണ്ടോയെന്ന് നോക്കട്ടെ. താഴെ കാണുന്ന വാക്കുകളുടെ ശരിയായ മലയാള തര്‍ജ്ജമ തരുന്നവര്‍ക്ക് എന്റെ വിലയേറിയ നന്ദിയും അവരുടെ പോസ്റ്റില്‍ എന്റെ അതിലും വിലയേറിയ ഒരു കമന്റും തരുന്നതാണ്. :)
1. individual personality
2. Live and let Live
3. collateral
4. empathy
5. virtual
individual personality-വ്യതിരിക്തമായ വ്യക്തിത്വം
Live and let Live-ജീവിക്കുക,ജീവിക്കാന്‍ അനുവദിക്കുക
ബാക്കി അറിയത്തില്ല:-).
ഡിസ്ക്ലൈമര്‍:മുകളില്‍ പറഞ്ഞതൊക്കെ എന്റെ ഊഹങ്ങള്‍ ആണു.ശരിയാണെന്നുള്ളതിനു യാതൊരു ഗ്യാരന്റിയുമില്ല(ചില സൊഫ്റ്റ്‌വെയര്‍ കമ്പനിക്കാരുടെ വാണിങ്ങു പോലെ...ഈ സോഫ്റ്റ്‌വെയര്‍ വര്‍ക്കു ചെയ്യും എന്നുള്ളതിനു യാതൊരു ഗ്യരന്റിയുമില്ല!!!)
എന്റെ വക ഉത്തരങ്ങള്‍ :
1. വ്യക്തിഗതമായ വ്യക്തിത്വം.
2. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക.
3. സമാന്തരമായത്.
4.മറ്റുള്ളവരുടെ വികാരങ്ങള്‍ തന്റേതായി കാണുന്നത്.
5. യഥാര്‍ത്ഥമെന്നു തോന്നിപ്പിക്കുമെങ്കിലും അയഥാര്‍ത്ഥം.
മാര്‍ക്ക് അറിയിക്കണം ട്ടോ.
പോസ്റ്റ് വളരെ നന്നായിട്ടുണ്ട്. ചിന്തിച്ചു ചിന്തിച്ചു ചെവിയില്‍ നിന്നു പുക വന്നു.
എന്റെ ഉത്തരങ്ങളിലെ
അക്ഷരത്തെറ്റിനു മാപ്പ്.അവസാനത്തെ ഉത്തരം
യഥാര്‍ഥമെന്നു തോന്നിപ്പിക്കുമെങ്കിലും അയഥാര്‍ഥം എന്നു തിരുത്തിവായിക്കാനപേക്ഷ. സത്യത്തില്‍ ഞാന്‍ ആ വാക്കു മറന്നു പോയി. ഇപ്പോഴാണു അക്ഷരങ്ങള്‍ ഓര്‍മ്മ വന്നത്. 'തന്മാത്ര'യുടെ തുടക്കമാകാം...അറിയില്ല.
നാലുകെട്ടും തോണിയും പലപ്പോഴും എന്‍റെ ബ്ലോഗ് വായനയില്‍ ഉണ്ടായിട്ടുണ്ട്. ആദ്യത്തെ ചില അലസ വായന ഒഴിച്ചു നിര്‍ത്തിയാല്‍ എന്നെ വളരെ ഏറെ സ്വാധീനിച്ച ഒരു ബ്ലോഗ് താങ്കളുടേതാണ് എന്നു പറയുന്നതില്‍ അഭിമാനമേ ഉള്ളൂ. അതിന് പ്രധാന കാരണം താങ്കളുടെ ആതമാര്‍ഥത തന്നെ യാണ്.
‘ഞാന്‍ എന്തിന് ബ്ലോഗുന്നു?” എന്നുള്ളതും വളരെ നല്ല ചിന്ത നല്‍കുന്നു വ്യത്യസ്തതയും.
നന്ദി
നിലവിലുള്ള സങ്കല്‍പ്പങ്ങളെയൊക്കെ തകിടം മറിച്ചുകൊണ്ട്, ഒരു ഡയറിപോലെ, നോവുകളും, സങ്കല്‍പ്പങ്ങളും, സ്വപ്നങ്ങളും കുറിച്ചിടുന്നത് ബ്ലോഗുകളെ വികലമാക്കുകയല്ല മറിച്ചു സമ്പന്നമാക്കുകയാണ്. മറ്റ് ബ്ലോഗുകളില്‍ നിന്നും മലയാളം ബ്ലോഗുകള്‍ വ്യത്യസ്തമാകുന്നതും ഇതുകൊണ്ടാണെന്നു തോന്നുന്നു. എന്തെഴുതണം, എങ്ങിനെ എഴുതണം എന്നൊക്കെ ബ്ലോഗര്‍മാരുടെ വ്യക്തിപരമായ കാര്യം തന്നെയാണെന്നു എനിക്കു തോന്നുന്നു, അതില്‍ മറ്റുള്ളവര്‍ ഇടപെടേണ്ടതില്ല. എന്നാല്‍ അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ രേഖപ്പെടുത്തുകയുമാവാം. നാം സ്വയം തീര്‍ത്ത തോടിനുള്ളിലിരുന്ന് ബ്ലോഗുന്നതും, കമന്റുന്നതും ഒരു പ്രത്യേക സുഖം തരുന്നുവെന്നതില്‍ സംശയമില്ല.
ഇങ്ങനെയൊക്കെ എപ്പോ സംഭവിച്ചു; ഞാന്‍ അറിഞ്ഞില്ലല്ലോ :-)
എല്ലാം വായിച്ചു, ഇഷ്ടപെട്ടു.
ഒരു ഡവുട്ട് മാത്രം “ഞാന്‍ എന്തിനു ബ്ലോഗുന്നു ?” :-(
ഇഞ്ചിപ്പെണ്ണേ, ടെസ്റ്റിംഗ് ടെസ്റ്റിംഗ്..(പുതിയ ഐഡി ഉണ്ടാക്കേണ്ടി വന്നു ഇവിടെ കമന്റിടാന്‍!)
കുറെ പറയാനുണ്ട് പിന്നെ വരാം..ബൈ..ബൈ..:)
വളരെ വളരെ നല്ല പോസ്റ്റ്. വെറുതെ പറയുന്നതല്ല. ചിത്രകാരന്‍ ആരേയും സുഖിപ്പിക്കാറുമില്ല. ആദ്യമായി വരികയാണ്. സാഹിത്യത്തിന്റെ "സ" പോലും അറിയില്ലെന്നു പറഞ്ഞതു മാത്രമാണ് ഈ പോസ്റ്റില്‍ സത്യമല്ലാതായിട്ടുള്ളത്. ( ചിത്രകാരന്റെ വീട്ടില്‍ പോക്ക് താമസിച്ചെങ്കിലും ) മുഴുവന്‍ വായിച്ചു . അസ്സലായിരിക്കുന്നു.
ഹേ,ഇഞ്ചീ..മലയാളം ബ്ലോഗ് എന്തിന് എന്നൂള്ളതിന്റെ നല്ല ഒരു ന്യായീകരണം എഴുതിയിരിക്കുന്നു.ഇഷ്ടമായി..!
qw_er_ty
:-) ഇഞ്ചീ കൊള്ളാം.
ഇഞ്ചീ മനോഹരമായിരിക്കുന്നു, ആത്മാര്‍ത്ഥമായ വിവരണം, ഇഞ്ചി അറിഞ്ഞോ അറിയാതെയോ മുഖമില്ലാത്ത മനസ്സുകളില്‍ ഒന്നാണ് ഞാനും.
അഭിനന്ദനങ്ങള്‍
-പാര്‍വതി.
individual personality = വ്യക്തിത്വം (ഇഞ്ചിടെ പോസ്റ്റില്‍ വ്യക്തിത്വം ആണ് ചേരുക)
empathy = തന്മയീഭാവം.മണിചിത്ര താഴില്‍ ശോഭനയുടെ ഗംഗ എന്ന കഥപാത്രത്തിനു സംഭവിച്ചത് നാഗവല്ലിയോടുള്ള തന്മയീഭാവം.
virtual =സാങ്കല്‍പ്പികം
collateral= സമാന്തരം എന്ന് അര്‍ഥം ഉണ്ട്. ഈ പോസ്റ്റില്‍ പാര്‍ശ്വഫലം, രണ്ടാമത്തെ കാര്യം എന്നൊക്കെ പറയാം
Live and let Live= ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക.(എല്ലവരും പറഞ്ഞതു തന്നെ)
എനിക്കീ അമ്മൂസിന്റെ പോസ്റ്റില്‍ ഏറ്റവും രസിച്ചതും ഞാന്‍ ബൂലോഗത്ത് വരുന്നതും ഈ തന്മയിഭാവത്തിനെറ്റ് പേരിലാണ് (സിമ്പതി എന്ന സഹതാപം എനിക്കും വേണ്ടാ)
“നമ്മളെഴുതുന്നത് ഈ മുഖമില്ലാത്തെ ചിലര്‍ അതേ പടി മനസ്സിലാക്കുന്നു. അവര്‍ക്കും വേദനിക്കുന്നു അല്ലെങ്കില്‍ അതേപോലെ മനസ്സിലാവുന്നു. sympathy അല്ല empathy“
ഒരു രണ്ടാം ലോകമാണ് എനിക്കീ ബൂലോഗം. മുഖമില്ലാത്ത ആളുകള്‍, അവരുടെ രീതികള്‍, തന്മയീകരിക്കല്‍ യഥാര്‍ഥ്യത്തിലുള്ള ലോകത്തില്‍ നിന്നും കുറച്ച് നേരം മാറിയിരിക്കാന്‍ ഒരു വിര്‍ച്ചുവല്‍ വേള്‍ഡ് -സാങ്കല്‍പ്പിക ലോകം. എന്നാല്‍ അതു തികച്ചും സാങ്കല്‍പ്പികമല്ല എന്നതും അതിനെ വ്യതസ്തമാക്കുന്നു. മുഖമില്ലാത്ത ഈ മനുഷ്യരൊക്കെ എവിടെയോ ഉണ്ട്. എനിക്ക് സംവദിക്കാനാകുന്ന ദൂരത്ത്. ഒരു കമന്റില്‍ എന്റെ വികാരങ്ങളെ ഞാന്‍ അവരിലേയ്ക്കെത്തിക്കുന്നു.
അപ്പോളെ ഞാന്‍ ജയിച്ച സമ്മാനം അയകൂട്ടാ.
ഇഞ്ചിപ്പെണ്ണേ :)ഇഞ്ചിപ്പെണ്ണ് എന്തിന് ബ്ലോഗുന്നു എന്ന പോസ്റ്റ് വായിച്ചു. നന്നായിട്ടുണ്ട്.
ഞാന്‍ എന്തിന് ബ്ലോഗുന്നു എന്നെനിക്കറിയാമായിരുന്നു. തുടങ്ങിയപ്പോള്‍. കൂട്ടിനാരും അപ്പോള്‍ ഇല്ലായിരുന്നു. പിന്നെ കൂട്ടുകാര്‍ ഒക്കെ വന്ന് തുടങ്ങി. ഞങ്ങള്‍ അങ്ങനെ കഥയും, കവിതയും, കൊച്ചുവര്‍ത്തമാനങ്ങളും ആയി നീങ്ങി. എല്ലാവരേയും കാണണം എന്നുണ്ടായിരുന്നോ എന്നറിയില്ല. കണ്ടു. ഈ ബ്ലോഗുലകത്തിലെ വളരെക്കുറച്ച് പേരെ ചാറ്റിലൂടെ പരിചയം ആയി. ഇപ്പോഴും, പലരുടേയും പ്രൊഫൈലില്‍ ഉള്ള വിവരങ്ങളേ അറിയൂ. തൊണ്ണൂറ്റെട്ട് ശതമാനം ആള്‍ക്കാരേയും അറിയില്ല. ചിലര്‍ സു എന്ന് വിളിക്കുന്നു, ചിലര്‍ സു ചേച്ചീന്ന് വിളിക്കുന്നു. ഇവരെയൊക്കെ കാണുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്.
എഴുതുന്നതൊക്കെ മലയാളസാഹിത്യം അരച്ചുകലക്കി കുടിച്ച് എഴുതുന്നതൊന്നുമല്ല ഞാന്‍. എന്റെ മനസ്സിലുള്ളത്, അതേപടി പകര്‍ത്ത് വയ്ക്കുകയാണ്. തിരുത്താന്‍ ഉള്ളത്, ബ്ലോഗ് വായിക്കുന്നവര്‍ മാത്രമാണ്. ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നതിനുമുമ്പ് ചേട്ടന്‍, കാണാറുണ്ട്, ചിലപ്പോള്‍. ഒരിക്കലും ഒന്നും തിരുത്തിയില്ല. ചിലത് കാണിക്കുമ്പോള്‍ മോശമില്ല എന്ന് പറയും, ചിലത്, ഇതെന്ത് കഥ എന്നും ചോദിക്കും. എന്നാലും എഴുതാന്‍ തോന്നുന്നതൊക്കെ (മറ്റുള്ളവരോട് പറയണമെന്ന് തോന്നുന്നത്- പറയാന്‍ പറ്റുന്നത് ) ബ്ലോഗില്‍ എഴുതാറുണ്ട്. എന്നെ നേരിട്ട് അറിയുന്നവര്‍, എനിക്കൊരു ബ്ലോഗുണ്ടെന്ന് അറിയുന്നവര്‍ അപൂര്‍വ്വം.
ഇങ്ങനെയൊക്കെ അങ്ങനെ പോകണമെന്നുണ്ട്. ഒരു ബ്ലോഗ് തുടങ്ങി, കുറേ ആളെ വിളിച്ചുപറഞ്ഞ്, എന്റെ പേര് പത്രത്തില്‍ കണ്ട് സന്തോഷിക്കാന്‍ അല്ല ഞാന്‍ ബ്ലോഗ് തുടങ്ങിയത്. അതുകൊണ്ടു തന്നെ കുറച്ച് സ്വകാര്യത കാത്ത് സൂക്ഷിച്ച് പോകുന്നു.
നീയൊക്കെ എന്തിനാ ബ്ലോഗ് തുടങ്ങിയത് എന്ന് ഇന്നസെന്റ് സ്റ്റൈലില്‍ ആരെങ്കിലും ചോദിച്ചാല്‍ ഇതൊക്കെയാണ് പറയാന്‍ ഉള്ളത്.
എന്റെ ബ്ലോഗിലുള്ളത് ആരേയും അടിച്ചേല്‍പ്പിക്കാറില്ല. വായിക്കുന്നവര്‍ക്ക് വായിക്കാം, പോസ്റ്റിനെപ്പറ്റി അഭിപ്രായം പറയാം. (പലര്‍ക്കും വ്യക്തിപരമായി അഭിപ്രായം പറയാന്‍ ആണ് താല്‍പ്പര്യം എന്ന് തോന്നാറുണ്ട്). നല്ലതുമാത്രം പറയണം എന്നുണ്ടായാല്‍ ശരിയാവുമോന്ന് ആരെങ്കിലും ചോദിക്കും. ഇല്ല. കുറ്റങ്ങളും പറയാം. അത് കുറ്റം പറയാന്‍ വേണ്ടി മാത്രം കണ്ടുപിടിച്ച് പറയുന്നതാവരുത്.
ഒരു പോസ്റ്റിനുള്ളത് ആയി. അനുകരണം വേണ്ടാന്നുവെച്ചിട്ടാണ്. ഹിഹിഹി
കമന്റ് വെക്കാന്‍ വേറെ ബ്ലോഗ് തുടങ്ങേണ്ടി വന്നു.
ഇന്നത്തെ മാതൃഭൂമിപ്പത്രത്തില്‍ Baby Halder-നെപ്പറ്റി ഒരു ചെറിയ കോളം കണ്ടു.അതില്‍ കണ്ട എന്തുകൊണ്ടെഴുതുന്നു എന്ന ചോദ്യത്തിലെ സാമ്യത ഇവിടെയെത്തിച്ചു. നല്ലൊരു വായനാനുഭവം തന്നു.
ഇഞ്ചിയേ... ഇപ്പഴാ ഒന്ന് ഇങ്ങട വന്നത്.
ഇന്നലെ ഞാന്‍ പറഞ്ഞതല്ലേ.. രാവിലെ 5 മണിയ്ക് എണീറ്റ് ഇരുന്നോണമ്ന്ന്...
പോസ്റ്റും ദ്രൗപതിയും തമ്മിലൊന്നും ഒരു ബന്ധവുമില്ലാന്നേ വ്യക്തി പരമായിട്ട്. ഗന്ധര്‍വര്‍ ഇട്ട് പോസ്റ്റ് അവരെ പറ്റി ആയത് കൊണ്ട്, ദ്രൗപതി ദ്രൗപതീന്ന് പത്ത് തവണ പറഞ്ഞൂന്ന് മാത്രം. ചുരുക്കത്തില്‍ നമ്മള്‍ പറഞ്ഞ് വന്നത് ക്ല്ബ്ബില്‍ വന്ന് എന്തേനും ഒക്കെ ലിങ്ക് ഇട്ട് വര്‍ത്ത് റീഡിംഗ് ആണെന്നോ അല്ലെങ്കില്‍ ഷീ/ഹീ ഈസ് ഒണ്‍ എമങ്ങ് ദ ബെസ്റ്റ് എന്നോ ഒക്കെ പറയാനും ഒക്കെ ചെയ്യുമ്പോഴും, മറ്റുള്ളവരുടെ പോസ്റ്റുകളെ ഒരു സൈഡ്-ലൈന്‍ ചെയ്യ്ത്/അല്ലെങ്കില്‍ പരോക്ഷമായി വിമര്‍ശിയ്കരുതായിരുന്നും എന്ന് മാത്രമായിരുന്നു. ഇത് ഇപ്പോ സ്വന്തം ബ്ലോഗ്സ്പ്പോട്ടില്‍ കയറി, അതുല്യേടെ പോസ്റ്റ് ശരിയയില്ലാ എന്ന് പറഞ്ഞാ നമക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ? പക്ഷെ അത് പോലെയല്ലല്ലോ ബൂലോക ക്ല്ബില്‍ കൊണ്ട് വന്ന് കൊടി പിടിയ്കുന്നത്. അത് അങ്ങട് പറഞ്ഞൂ എന്നേ ഉള്ളു. അതും പോയിട്ട് ഇനി, ദ്രൗപതി വര്‍മ്മേനേ മാത്രം പറഞ്ഞിരുന്നാലും ഒരുപക്ഷെ എനിക്ക് ചൊറിയില്ല്യായിരുന്നു. നാളെ ഇത് പോലെ നമ്മടെ ഫുഡ് ബ്ലോഗ്ഗില്‍ വരുന്ന അമ്മ്യാരടയും കറിവെപ്പിലയും ദാല്‍ ഫ്രൈയും ഒക്കെ പോലയുള്ള പോസ്റ്റുകള്‍ കാരണം ബ്ലോഗിന്റെ ആസ്വാദനമൂല്യചുതി വന്നു എന്ന് പറഞ്ഞാ ഇഞ്ചിയ്ക് ചൊറിയില്ലേ? അതൊണ്ട് ഇതൊക്കെ വായിച്ച ദ്രൗപതി വര്‍മ്മയ്കോ അല്ലെങ്കില്‍ പുതിയതായി വരുന്നവര്‍ക്കോ ഒക്കെ ഇഫ് ഹീ/ഷീ ഈസ് വിത് കോമണ്‍ പ്രൂഡന്‍സ് എങ്കില്‍ മനസ്സിലാവും. ഈ തര്‍ക്കുത്തര കളരി ഇവിടെ ഇരുന്നോട്ടേ ന്നേ... ആരും ചീത്തയൊന്നും പര്‍ഞ്ഞിട്ടില്ലല്ലോ അല്ലേ, ഒക്കേനും തമാശ തന്നെ. അന്ന് ദേവന്‍ പറഞ്ഞ പോലെ നാളെ മുതല്‍ കട്ടന്‍ കാപ്പി കൈയ്യിലെടുക്കുമ്പോ പോലും ഒരുപക്ഷെ ഞാന്‍ ഗന്ധര്‍വനേയോ പെരിങ്ങ്സിനേയോ ഒക്കെ വിളിയ്കും. അത്രയ്കേയുള്ളു. ഇനി ഇതും പറഞ്ഞ് ക്ല്ബ വേണ്ട പോണു എന്നൊക്കെ പറയാന്‍ ഞാന്‍ ആളല്ലാ. ചുറ്റുവട്ടത് കശപിശയുണ്ടാവുമ്പോള്‍ നമ്മള്‍ റീലോക്കേറ്റ്/മൈഗ്രേറ്റ് ചെയ്ത് പോയാ പിന്നെ നമ്മളെ സാമൂഹ്യ ജീവി എന്ന് എങ്ങനെ പറയും. ബോംബേയില്‍ ബോംബ് പൊട്ടിയിട്ട് പിറ്റേ ദിവസം ഒക്കേനും പതിവു പോലെ നടന്നു. അല്‍പം നോവും, അല്‍പ നേരത്തേയ്ക്, ശ്മശാന ദു:ഖം പോലും പടിപ്പുര വരേയേ ഉള്ളു.
ഇഞ്ചിയേ എഴുതീട്ട് കമന്റിടാന്‍ പോയപ്പോ അവിടെ കവാടം എന്നന്നേയ്കുമായി അടഞ്ഞു. ഇഞ്ചീടെ ചോദ്യമായത് കൊണ്ട്, ഞാന്‍ ഇത് ഒന്ന് ഇവിടെ ഇടുന്നു. എഴുതി പോയതല്ലേ. മാപ്പാക്കൂ. ഞാനും നിര്‍ത്തി. വേണ്ടവര്‍ക്ക് വേണ്ടത് ചെയ്യാം. ഞാന്‍ ചപ്പാത്തി ഫുല്‍ക്ക യുണ്ടാക്കി എന്നും കഴിയ്കുമ്പോള്‍ ചിലര്‍ എന്നും ചോറു കഴിയ്കുന്നു. വി കെനൊട്ട് ഇമ്പോസ് തിങ്ങ്സ് ഓണ്‍ അതേര്‍സ് ഇഫ് ഫ്രീക്വന്‍സി ഡു നൊട്ട് മാച്ച് മച്ച്.. ദെന്‍ വാച്ച് ലൈക്ക് എ ഫിഷ്..... ഇഞ്ചി ക്ഷമ ഒരിക്കല്‍ കൂടി.
ഞാനെന്തിനും ബ്ലോഗുന്നൂ വായിച്ചു, അത് മാത്രമാണു ഇന്ന് വായിയ്കാന്‍ പറ്റിയത്. (ഇന്ന് ശംബളമില്ലാത്ത ജോലിയായിരുന്നു. അതോണ്ട് ബ്ലോഗ്ഗിംഗ് നടന്നില്ല). എഴുതിയത് ഇഷ്ടായി. ഞാനും കരുതിയിരുന്നു, എന്തിനാണു ഈ ബ്ലോഗ് എന്ന്. ഞാനീ അത്താഴം ഒന്ന് ഒരുക്കീട്ട് ഇപ്പോ വരാം. പോവല്ലേ...
ആര്‍ പി... താങ്ക്സ്ട്ടോ.. കണ്ടു ഞാന്‍. പേറ്റന്റ് എന്ന വാക്ക് ഒന്ന് ഡിക്ഷണറി നോക്കി വരൂ ഞാന്‍ തിരിച്ച് വരുമ്പോഴേയ്കും....
അയ്യോ,അതുല്യേച്ചി തെറ്റിദ്ധരിച്ചു. ഞാന്‍ അതിനല്ല അങ്ങിനെ പറഞ്ഞത്. അതിനു ശേഷം ഒരോരുത്തര്‍ ഇന്ന് വന്ന് ആ കുട്ടീനെ കൊന്നൂടെ എന്നൊക്കെ ചോദിച്ചപ്പൊ എനിക്ക് ശരിയല്ലാന്ന് തോന്നി...അതാ..
qw_er_ty
ഇഞ്ചി പെണ്ണേ...
ബ്ബ്ലൊഗ് വായിച്ച ശെഷം എന്നെ ആകെ പൊതിഞ്ഞ വികാരം - അതു ഇംഗ്ലിഷില്‍ പറഞ്ഞാലെ എനിക്കു ആ വികാരത്തിനോടു നീതി പുലര്‍ത്താനാകു:
overwhelmed!
ഇന്നു ബ്ലോഗ് ചെയ്യണമെന്നു വിചാരിച്ചതല്ല. എന്റെ ബ്ലൊഗ്ഗിംഗ് ശീലത്തിനു ഒരു മാസം പ്രായമെയുള്ളു, പക്ഷെ എന്തൊ, കുറെ കാലങ്ങള്‍ക്കു ശേഷം എന്നിലേക്കൊരു ജാലകം തുറന്ന പോലെ, എന്റെ അസ്തിത്വം എന്റെ മുമ്പില്‍ പ്രത്യക്ഷപെട്ടപോലെ.
വിലപെട്ട ജീവിത ബന്ധങ്ങള്‍ക്കിടയില്‍, ഒരു ജാരന്റെ അരികിലേക്കെന്നപോലെ ഞാന്‍ എന്നും രാത്രി എന്റെ ബ്ലോഗുലകത്തിലേക്കു ആകര്‍ഷിക്കപെടുന്നു.
ഉള്ളിലെക്കു തിരിഞ്ഞു നോക്കാന്‍ പ്രെരിപ്പിക്കുന്ന പോസ്റ്റ്... വളരെ ഇഷ്ടപെട്ടു...
അതുല്യേച്ചി, ഡിക്ഷണറിയൊക്കെ നോക്കാം. വഴക്കുപറയാന്‍ പോവാണോ എന്നെ? പേടിയാവണൂ. ഇഞ്ചീ ദൂരോട്ടൊന്നും പോവല്ലേ, എനിക്കൊരു കൂട്ട് വേണം. :)
ഓഫിനുമാപ്പ്.
qw_er_ty
Ginger Girl, very good article. I really like your innocence and open mindness!! I just read your comment in 'Tharavadi's' post about 'engineers'. As that blog doesn't allow annoymous comments, let me write my opinion here...'very good comment'...Hi!Hi!Hi!
ഞാനെന്തിനു ബ്ലോഗ് തുടങ്ങിയെന്നെത്ര പ്രാവശ്യം എഴുതാന്‍ നോക്കി. :( ഇതൊരു പരീക്ഷണം.
അയ്യൊ.. മുകളിലെ അനോണി ഞാനാണേ...:) വരില്ല എന്നു കരുതി പേരിടാന്‍ വിട്ടുപോയി.
ഞാന്‍ ബ്ലോഗ് തുടങ്ങിയതേ കമന്റിടാന്‍ വേണ്ടിയാ.;)ഇപ്പോള്‍ തോന്നുന്നു ഒളിച്ചിരുന്നെഴുതുകയായിരുന്നെങ്കില്‍ എന്ന്.:) നോക്കട്ടെ ഇതിടാന്‍ പറ്റുമോ എന്ന്.
ബിന്ദു.
ഇഞ്ചി ഈ പോസ്റ്റിനു എന്റെ വക ഒരു ഷേയ്ക്ക് ഹാന്റ്...ഉഗ്രനായിട്ടുണ്ട്.ഇപ്പോഴാ വായിച്ചത്.ഞാനൊന്നും ഇതിനെ പറ്റിയെഴുതുന്നില്ല.വേണ്ടപ്പെട്ടവരൊക്കെ നല്ല ഗൈഡന്‍സ് തന്നു കഴിഞ്ഞു.ഞാനിപ്പോഴും ട്വിന്റിനാണ് ഏറ്റവും അധികം വായിക്കുന്നത് ,ഞങ്ങളുടെ കയ്യിലതിന്റെ കളക്ഷനുണ്ട് അതിങ്ങനെ തിരിച്ചും മറിച്ചും വായിക്കതന്നെ..എത്രവായിച്ചാലും മടുക്കൂല.ഖസാക്കിന്റെ ഇതിഹാസം 3 പ്രാവ്ശ്യം വായിച്ചു ഒന്ന് ശരിക്കും മനസ്സിലാകാന്‍.ഗോഡ് ഓഫ് സ്മോള്‍ തിംഗ് സ് വായിച്ചു കഴിഞ്ഞ് ഗാര്‍ബേജു കാനിലിട്ടു. അതൊക്കെ തന്നെ എന്റെ വായന,എനിക്കിഷ്ടമുള്ളത് മറ്റുള്ളവര്‍ക്കിഷ്ടമാകണമെന്നില്ലല്ലോ,മറിച്ചും അങ്ങിനെതന്നെ.നമ്മുടെ ഇഷ്ടം കണ്ടറിഞ്ഞ് വായിക്ക.
'ഈ കമ്മ്യൂണിറ്റിയുടെ കൂടെ നടക്കുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷവും രസവും മലയാളം ബ്ലോഗിങ്ങിനെ ഒരു വ്യത്യസ്ത ബ്ലോഗിങ്ങ് അനുഭവമാക്കുന്നു. '
ഉം ഉം:)
(പക്ഷെ ചിലപ്പോഴെങ്കിലും നമ്മടെ കമ്മ്യൂണിറ്റി സെറ്റപ്പൊരു ആര്‍ഭാടാവുന്നോന്ന് സംശയിക്കാറുമുണ്ടേ;))
സിജിയേ, ബില്യണ്‍സ് ആന്‍ഡ് ബില്യണ്‍സ് ഓഫ് ബ്ലൂ ബ്ലിസ്റ്റെരിങ്ങ് ബാര്‍നെക്ല്സ്!:D
(ബ്ലോഗ്ഗറും ഗ്രൂപ്പുണ്ടാക്കീന്ന് തോന്നുനു, ബീറ്റയില്‍ കമന്റ്റിടാന്‍ പറ്റുന്നില്ല)
രേഷ്മ/മൈലാഞ്ചി.
ഇഞ്ചീ, പോര്‍ട്ടലുകളുടെ ജയപരാജയങ്ങളെ കുറിച്ച്...
ഇന്ന് ബ്ലോഗിലെത്തുന്നവര്‍ പലവഴിക്കാണ് വരുന്നത്. 1) കമന്റുകളിലൂടെ, 2) തനിമലയാളം, ഗൂഗിള്‍ സെര്‍ച്ച് തുടങ്ങീ അഗ്രിഗേറ്ററുകളിലൂടെ. പോര്‍ട്ടല്‍ പലത് വന്നാലും ഇപ്പോള്‍ ബ്ലോഗിലെത്തുന്ന വഴി ഇവരാരും മാറ്റാന്‍ സാധ്യതയില്ല. എന്നാല്‍ ഒരു പുതുമുഖം എങ്ങനെ അവിടെയെത്തും? അല്ലെങ്കില്‍ ഏതിലൂടെ എത്തിക്കണം? എന്റെ അഭിപ്രായം പുതുമുഖത്തിന് ഏറ്റവും സുഗമമായത് ഒരു പോര്‍ട്ടലിന്റെ വഴിയാണ് എന്നെനിക്ക് തോന്നുന്നു. വലിയ സെറ്റപ്പൊന്നും ഉണ്ടാക്കിയില്ലെങ്കിലും, ഗൂഗിള്‍ റീഡര്‍ വച്ച് വായിക്കുന്നവര്‍ ഒരു ഷെയേഡ് ഫീഡ് ഉണ്ടാക്കി സ്വന്തം ഹോം പേജിലോ ബ്ലോഗിലോ പരസ്യപ്പെടുത്തിയാല്‍ നന്നായിരുന്നു. അതുപിടിച്ച് വായിക്കാനുള്ള വക എളുപ്പം കണ്ടെത്താന്‍ മറ്റുള്ളവര്‍ക്കാവും. എന്റേത് ഇത്. പണ്ട് ആദിയും ഞാനും ഉമേഷും കൂടി പടച്ചുണ്ടാക്കിയ വിക്കി പോര്‍ട്ടല്‍, ഒരു ബ്ലോഗ് ഷോക്കേസ് ആക്കിയാലോ എന്നൊരാലോചന - ബ്ലോഗില്‍ ഇന്നേവരെ ഉണ്ടായിട്ടുള്ള രചനകളില്‍ നിന്നും ഏറ്റവും ശ്രദ്ധേയമയത് എടുത്തവതരിപ്പിക്കുക. അതും ഒരു പുതുമുഖത്തെ ആകര്‍ഷിക്കാന്‍ പറ്റുന്നതല്ലേ? എന്നും പോര്‍ട്ടല്‍ അപ്ഡേറ്റ് ചെയ്യുന്ന മെനക്കെട്ട പണിയുമില്ല.
empathy -- സത്യത്തില്‍ ‘സഹാനുഭൂതി’ എന്നാണു വരേണ്ടതെങ്കിലും, സഹാനുഭൂതിയെ ‘sympathy' എന്ന അര്‍ത്ഥത്തിലാണു പ്രയോഗിച്ചുകാണാറ് പൊതുവെ. ‘സമവികാരം” എന്നും പറയാമായിരിക്കും.
collateral -- അമേരിക്കയില്‍ ഇതിനെ ‘ഈടു കൊടുക്കുക’ എന്നതിലെ ‘ഈട്’ എന്ന അര്‍ത്ഥത്തിലാണ് സാധാരണ ഉപയോഗിക്കാറ്.
virtual -- 'അയഥാര്‍ത്ഥം’? (illusionary -- മായികം imaginary -- സാങ്കല്പികം)
ജനിക്കുന്നതെന്തിന്? സമാധാനമായിട്ടൊന്നു മരിക്കാന്‍. ബ്ലോഗെഴുതുന്നതെന്തിന്? സമാധാനമായിട്ടൊന്നു ബ്ലോഗെഴുത്തു നിര്‍ത്താന്‍.
സിബു ചേട്ടാ
എന്റെ മണ്ടത്തരങ്ങള്‍ വിളമ്പാന്‍ പോവാ. ജാഗ്രത പാലിക്കുക. :)
എനിക്ക് തോന്നുന്നത്, ഒരു പോര്‍ട്ടല്‍ കൊണ്ട് ഒരാള്‍ ഒരു വായനക്കാരനേ ആവുന്നുള്ളൂ. ഒരാളെ ഒരു ബ്ലോഗ് തുടങ്ങി എഴുതിപ്പിക്കാന്‍ വേറേ എന്തോ കൂടി വേണം. പക്ഷെ അത് എന്തുവാണെന്ന് എനിക്കറിയില്ല. അത് പോര്‍ട്ടലില്‍ കൂടി കിട്ടുവോന്നും എനിക്ക് അറിയില്ല. ഇനി ഞാന്‍ ഒരു പോര്‍ട്ടലില്‍ വന്നിട്ട് അവിടെന്ന് ലിങ്ക് പോയി മറ്റൊരു ബ്ലോഗില്‍ പോയി, പിന്നെം തിരിച്ചു വന്ന് മറ്റൊരു ബ്ലോഗില്‍ പോവുന്നതിനേക്കാളും ഞാന്‍ ചിലപ്പൊ ആ ബ്ലോഗില്‍ നിന്ന് തന്നെ കമന്റ്സൊ യൂസര്‍ നേമോ ക്ലിക്ക് ചെയ്തു മറ്റൊരു ബ്ലോഗില്‍ പോവാനാണ് സാധ്യത കൂടുതല്‍. മാത്രമല്ല, ഒരു ബ്ലോഗില്‍ പോവുമ്പോള്‍ എനിക്ക് അത് ആദ്യം തന്നെ ഇഷ്ടപ്പെടുകയാണെങ്കില്‍ പിന്നെ ആ ബ്ലോഗിലെ പഴയ പോസ്റ്റൊക്കെ പരതി നില്‍ക്കാനാണ് യൂസറിന്റെ പോലെ ചിന്തിച്ചാല്‍ എനിക്ക് തോന്നുന്നത്. അപ്പോള്‍ തന്നെ എന്റെ മനസ്സില്‍ പോര്‍ട്ടലിന്റെ ഫങ്ക്ഷന്‍ ശരിയാവുന്നില്ല. എന്റെ അഭിപ്രായത്തില്‍ നമ്മളെല്ലാം ചിന്തിക്കുന്നത് പുറകോട്ടാണെന്നാണ്. പോര്‍ട്ടല്‍ പോലെ എന്തോ ഒന്ന് വേണം പക്ഷെ അത് ഇപ്പോള്‍ കാണുന്ന പോലെ പോര്‍ട്ടല്‍ അല്ലാ താനും. think outside the box പോലെ നമ്മള്‍ ചെയ്യുന്നില്ല്ലാ എന്ന് എനിക്കൊരു ഫീലിങ്ങ്. നമ്മള്‍ ഇപ്പോഴും പുതിയ മാധ്യമമായ ബ്ലോഗുകളെ പഴയ മോഡലായ പോര്‍ട്ടലിലേക്ക് ഫിറ്റ് ചെയ്യാന്‍ നോക്കുന്നു എന്ന് എനിക്ക് തോന്നുന്നു. ഗൂഗിള്‍ സേര്‍ച്ച് പ്രോസസ്സ് നവീകരിച്ച് ബാക്ക് ലിങ്ക്സ് ചെയ്തു സേര്‍ച്ചിനെ സുതാര്യമാക്കിയപോലെ എന്തോ ഒരു ഐഡിയ എവിടെയോ നമ്മള്‍ മിസ്സ് ചെയ്യുന്നു. പ്രത്യേകിച്ച് മലയാളം ബ്ലോഗ് പോലെ ഒരു കമന്റുകളും, ഹിറ്റും നല്ലൊരു പോസ്റ്റും തമ്മില്‍ യാതൊരു ബന്ധവുമില്ലാത്ത ഇതുപോലെ ഒരു ക്ലോസ് നിറ്റ് കമ്മ്യൂണിറ്റിയില്‍.
പിന്നെ, തീര്‍ച്ചയായും നല്ല കൃതികളുടെ ഒരു മലയാളം ബ്ലോഗ് virtual എക്സിബിഷന്‍ പോലെയോ എല്ലാ മൂന്ന് മാസമോ ആറ് മാസമോ കൂടുമ്പോഴൊ മറ്റോ ഉണ്ടെങ്കില്‍ വളരെ നല്ലത്. അത് സെലെക്റ്റ് ചെയ്യാന്‍ നിഷ്പക്ഷമായ നല്ല ഒരു പാനലും ഉണ്ടെങ്കില്‍ വളരെ വളരെ നല്ലത്. അതിനു നല്ല മീഡിയാ കവറേജ് കൊടുക്കാന്‍ സാധിക്കുമെങ്കില്‍ എന്റെ മനസ്സില്‍ തോന്നുന്നത്, അതൊരു വന്‍ സംഭവമാക്കി കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ സാധിക്കും എന്നാണ് ഇന്‍സ്റ്റെഡ് ഓഫ് ബ്ലോഗ് മീറ്റ്സ്..
പക്ഷെ അത് പോര്‍ട്ടലാണൊ അങ്ങിനെ എന്തെങ്കിലുമാണൊ എന്ന് എനിക്ക് അറിഞ്ഞൂടാ അല്ലെങ്കില്‍ അതിന്റെ ഒരു ബിസിനസ്സ് മോഡല്‍ എനിക്ക് ശരിക്കും മനസ്സിലാവുന്നില്ല.
തീര്‍ച്ചയായും നിങ്ങള്‍ ചെയ്ത വിക്കി പോര്‍ട്ടല്‍ പുതിയ ആളുകള്‍ക്ക് ഒരു ചൂണ്ട് പലകയാണ്. പക്ഷെ എന്റെ പ്രശ്നം ഇതാണ്. ഒരു മലയാള പത്രം കണ്ടാല്‍ അത് വായിക്കാം എന്നല്ലാതെ ഒരു പത്രം തുടങ്ങാം എന്ന് ആശ വരുന്നതും രണ്ടും രണ്ടാണ്.. സേര്‍ച്ചോ അല്ലെങ്കില്‍ ആരെങ്കിലും പറഞ്ഞ് ഒരു ലിങ്കിലോ വന്ന് ഉടക്കി ആ ബ്ലോഗ് മൊത്തം വായിച്ച് പിന്നെ പിന്മൊഴികള്‍ കണ്ട് പിടിച്ച് പിന്നെ മറ്റു ബ്ലോഗുകളിലേക്ക് പോവുന്നതായിട്ടാണ് എന്റെ ഒരു നീരിക്ഷണത്തില്‍....അപ്പോള്‍ അതുകൊണ്ട് പോര്‍ട്ടലിന്റെ ഉപയോഗം എത്ര എന്ന് എനിക്ക് അറിയില്ല. ഇത് ഒരു ഓട്ടോമേറ്റഡ് പ്രോസസ് ആവുന്നു. അല്ലാതെ നമ്മള്‍ ആരുടേയും കൈ പിടിച്ച് വരുന്നതോ നല്ല കൃതികള്‍ സെലെക്റ്റ് ചെയ്ത് നമ്മുടെ സമയം കളഞ്ഞോ ഒക്കെ ചെയ്യുന്നതിലും ഒക്കെ വേര്‍ത്താണ് എന്റെ ഒരു തിങ്കിങ്ങില്‍ അതേ ഗുണം തന്നെ ജസ്റ്റ് കൊടകരപുരാണത്തിന്റെ ഒരു ലിങ്ക് എന്റെ മലയാളം അറിയാവുന്ന കൂട്ടുകാര്‍ക്ക് അയച്ചു കൊടുക്കുക എന്ന്....
ഇഞ്ചിപറഞ്ഞപോലെയാണ് ഇവിടെ ദീപ ബ്ലോഗ് വായിക്കുന്നത്. എന്നാല്‍, ഞാനാണെങ്കില്‍, റീഡറില്‍ പോയി, പുതിയ ബ്ലോഗുകളുടെ തലക്കെട്ടുകളിലൂടെ ഒന്ന് കണ്ണോടിച്ച് രണ്ടുംകല്പിച്ചൊരെണ്ണം ക്ലിക്ക് ചെയ്യുന്നു. വലിയതാണെങ്കില്‍ പിന്നെ വായിക്കാം എന്ന് വിചാരിച്ച് ഒരിക്കലും വായിക്കാതിരിക്കുന്നു. ഒരു മാതിരി ചെറുതാണെങ്കില്‍ വായിച്ച് ഒന്നു രണ്ട് കമന്റുകളും വായിച്ച് തിരിച്ച് റീഡറിലെത്തുന്നു. ഇടയ്ക്ക് ഇവനാരപ്പാ എന്നറിയാന്‍ ബ്ലോഗര്‍ പ്രൊഫൈലില്‍ ക്ലിക്ക് ചെയ്യാറില്ലെന്നില്ല. എന്നാലും കുറവാണ്. എന്റെ ഈ രീതിയിലുള്ള വായനക്ക് സെലക്റ്റഡ് ലിസ്റ്റും പോര്‍ട്ടലും ഷോക്കേസും ഒക്കെ ഉപകരിക്കൂ. എന്നാലും ഇഞ്ചിയുടെ രീതിയില്‍ വായിക്കുന്നവരോട് ഒരു ചോദ്യം. ബ്ലോഗ് വായ്ക്കാന്‍ തീരുമാനിക്കുമ്പോള്‍, ഏറ്റവും ആദ്യം വായിക്കുന്ന ബ്ലോഗ് എങ്ങനെ ആണ് കണ്ടുപിടിക്കാറ്? തുടക്കം ഒരു അഗ്രിഗേറ്ററില്‍ പോകുന്നതിലും നല്ലതല്ലേ, പോര്‍ട്ടലിലോ, ഷോക്കേസിലോ ആരുടെയെങ്കിലും സെലക്റ്റഡ് ലിസ്റ്റിലോ, പോകുന്നത്?
ഇഞ്ചീപ്പെണ്ണിന്റെ ബ്ലൊഗില്‍ ക്രിയാത്മകമായ ചര്‍ച്ച നടക്കുന്നു... സന്തോഷം !!!!
ഇഞ്ചിപ്പെണ്ണേ, ഞാന്‍ എന്തിന് ബ്ലോഗിങ്ങ് നിര്‍ത്തുന്നു എന്നൊരു പോസ്റ്റ് എന്റെ ബ്ലോഗില്‍ ഇടാന്‍ ഉടനെ കഴിയണേയെന്ന് ഇഞ്ചിപ്പെണ്ണ് വല്ല ദൈവത്തിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണേ. ബാക്കിയുള്ളവരോടും ഞാന്‍ അപേക്ഷിക്കാം. എല്ലാവരും കൂട്ടമായിട്ട് പ്രാര്‍ത്ഥന നടത്തിയാല്‍ ദൈവം കേള്‍ക്കുമായിരിക്കും.
സിബു ചേട്ടാ, ആദ്യം പ്രിയപ്പെട്ട എഴുത്തുകാരുടെ കണ്ടാല്‍ അതില്‍ ആദ്യം ക്ലിക്കുന്നു. പിന്നെ ടൈട്ടില്‍ എന്തെങ്കിലും ഇന്റ്രസ്റ്റിങ്ങ് ആണോ എന്ന് നോക്കുന്നു. അതും കഴിഞ്ഞ് കമന്റില്‍ കൂടി വരുന്നു. അതും കഴിഞ്ഞ് പുതിയ ആളോളുടെ പ്രത്യേകം ശ്രദ്ധിക്കുന്നു. വലിയ പോസ്റ്റ് ചെറിയ പോസ്റ്റ് എന്നൊന്നും തരംതിരിവില്ല വായിക്കാന്‍ ഇരിക്കുമ്പോള്‍...പക്ഷെ ആദ്യത്തെ രണ്ട് പാരയും വിരസമായി തോന്നുകയാണെങ്കില്‍ അത് പിന്നത്തേക്ക് മാറ്റി വെക്കും..അത്രേയുള്ളൂ. ഇതെഴുതിയപ്പോഴാണ് ആലോചിച്ചെ, ഇങ്ങിനയെല്ലെ നമ്മള്‍ പുസ്തകങ്ങളും വായിക്കാ എന്ന്? അങ്ങിനെ ആലോചിക്കുമ്പൊള്‍, സിബു ചേട്ടന്‍ ചിലപ്പൊ ബ്ലോഗ് റീഡിങ്ങിന് അധികം ഇമ്പോര്‍ട്ടന്‍സ് കൊടുക്കാത്തോണ്ടാവുമൊ?
ഇഞ്ചീ,
സുഖമെന്നു വിശ്വസിക്കുന്നു:)
"അവള്‍ക്കു പോകണമെന്ന്" എന്ന പോസ്റ്റിന് കാര്യമായ മറുപടിയൊക്കെ എഴുതി നാലുകെട്ടില്‍ വന്നപ്പോ എന്നെ കേറ്റീല്ല്യല്ലോ, അതാ ഞാന്‍ പിന്നെ വരാഞ്ഞേ.
ഈ പോസ്റ്റും നന്നായി. നിഷ്കളങ്കതയുടെ ഐ എസ്സൈ മാര്‍ക്കു തെളിഞ്ഞു കാണാണ്ട്.
(ഗേറ്റ് ചാടിയായാലും കള്ളനെപ്പോലായാലും ഞാനിന്ന് അകത്തുകടക്കും, അതോണ്ട് മറുപടീടെ ഭാരം കൂട്ടണില്ല്യ:)
ഹായ് ജ്യോതിചേച്ചി, അതെന്താണാവൊ അങ്ങിനെ പറ്റിയെ? എന്താ പോസ്റ്റാന്ന് വെച്ചേ അവള്‍ക്ക് പോകണമെന്ന് ഉള്ള പോസ്റ്റില്‍? പ്ലീസ് ഒന്നൂടെ പോസ്റ്റുവൊ? എനിക്ക് വായിക്കണം :(. ഞാന്‍ മുള്ളു വേലീം ഒന്നും കെട്ടിയതല്ല. ഈ ഗൂഗിളുകാര് എന്തോ കാണിക്കണതാ...
പിന്നെയ്..വെറേ എന്തു വേണമെങ്കിലും പറഞ്ഞൊളൂ.. പക്ഷെ ഈ നിഷ്കളങ്ക എന്നുള്ള ലേബല്‍...എന്നെ ആകെ അപ്സെറ്റാക്കുന്നു. അത് കേട്ട് ശരിക്കുമുള്ള നിഷ്കളങ്കര്‍ ആത്മഹത്യ ചെയ്യുന്നത് കാണാന്‍ എനിക്ക് മേലാ...
ഇന്നസെന്റിനേക്കാളും എനിക്ക് ഇഷ്ടം ജഗതി,ജഗദീഷ്,മുകേഷ് ഇവരെയൊക്കെയാ..
ഇഞ്ചീ,
വാക്കുമാറ്റണം ന്ന് ഞാനും വിചാരിച്ചു. ആത്മാര്‍ഥത എന്നാക്കിയാലോ?:)
ഇന്നസെന്റും ജഗതീം ഒക്കെ ഇതിനെടേള്‍ എപ്പോ...വന്നൂ? :)[മനസ്സിലായീ]
ഒരു ഓഫ് ടോപിക് കാര്യം
ബ്ലോഗ്ഗര്‍ ബീറ്റയില്‍ കമന്റുമ്പോള്‍ ഓള്‍റെഡി സൈന്‍ഇന്‍ ആണെങ്കില്‍ "Do you want to display nonsecure items" എന്നു രണ്ടു പ്രാവശ്യം ചോദിക്കും. രണ്ടു പ്രാവശ്യവും “yes“ കൊടുത്താല്‍ കമന്റിടാന്‍ പ്രശ്നമുണ്ടാകില്ല
എന്റെ അനുഭവം, എല്ലാവര്‍ക്കും അങ്ങിനെ വരുമോയെന്നറിയില്ല
ഇഞ്ചി, പോസ്റ്റ് നേരത്തെ വായിച്ചു. കമന്റിടാന്‍ ശ്രമിച്ചിട്ട് നടന്നില്ല.
ഇതുപോലെ നേരാംവണ്ണം എഴുതുന്നവര്‍ അപൂര്‍വ്വമെന്നതാണ് സത്യം. എന്റെയൊക്കെ കാഴ്ചപ്പാടിന് ഒരു പക്ഷേ ഇഞ്ചിയുടേതില്‍ നിന്ന് വ്യത്യാസമുണ്ടാകാം. പക്ഷേ ഇവിടെ ഇഞ്ചി പറഞ്ഞുഫലിപ്പിച്ചതു പോലെ അത് പറയാന്‍ എന്നെക്കൊണ്ട് കഴിയുമോ എന്ന് ശരിക്കും സംശയമുണ്ട്. ഈ കുറിപ്പിനും അതിന്റെ പിന്നിലെ ആര്‍ജ്ജവത്തിനും നമോവാകം.
ആ അവസാന പാരഗ്രാഫിന് എന്താ ഒരു ഭംഗി!
- പരാജിതന്‍
ഇഞ്ചികുട്ടിയോട് ഞാനും യോജിക്കുന്നു.
phew!
ഞാന്‍ അദ്യപൊസ്റ്റില്‍ തന്നേ നയം വ്യക്തമക്കിയതു നന്നായി. അതെ ഇതൊരു തുറന്ന diary പോലെ യാണു എന്നിക്കു ഫീല്‍ ചെയ്യാാറു.
നീ എന്തിനു ബ്ലോഗുന്നു?
ജന്മനാ ഞാന്‍ ബ്ലോഗനായതുകൊണ്ട് എനിക്കു ബ്ലോഗാതിരിക്കാനാവില്ല.
[നീ കവിയെന്ന് നിന്നോടാരുപറഞ്ഞു?
സുഹൃത്തേ, നീ മനുഷ്യനെന്ന് നിന്നോട് ആരു പറഞ്ഞു]
ഭയക്കണ്ടാ, ഒന്നും ഇളകിയതല്ല, ഇവിടെ രാത്രി ഒന്നര മണിയായി ഇഞ്ചീ, അതുകൊണ്ടാ.
ഹഹ.ദേവേട്ടാ ജന്മനാ ബോറനായതുകൊണ്ട് ബ്ലോഗുന്നു എന്നതാവില്ലേ കൂടുതല്‍ ശരി? :)
പൂവിനു പര്യായം പുസ്പം എന്നും പറയാം പിന്നെ ഈ വാരസ്യാരു കുട്ടി പറഞ്ഞപോലെയും പറയാം.
ഇതുവായിച്ചപ്പോള്‍ എനിക്ക് പറയാനുള്ളതും പറയണം എന്നുതോന്നി.. കമന്‍റായി ഇട്ട് വൃത്തികേടാക്കണ്ടല്ലോന്ന് കരുതി ഇവിടെ പോസ്റ്റിയിട്ടുണ്ട്..
ഇഞ്ചിപ്പെണ്ണൂ, സിബുവേട്ടന്‍,
മാനുവല്‍ ആയി ഇന്റ്ക്സ് ചെയ്ത നല്ല പോസ്റ്റുകളില്‍ നിന്നു ബ്ലോഗിളെത്തി കമന്റ് പോസ്റ്റ് ചെയ്ത്, തിരിച്ചെത്തി വീണ്ടും തിരയുന്നതിനു പകരം രണ്ടും ഒരു ഫ്രെയിംഡ് പേജില്‍ ക്രമീകരിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. ഇഞ്ചിപ്പെണ്ണു പറഞ്ഞ ഗൂഗില്‍ ഇന്റക്സ്ഡ് സെര്‍ച്ചിലെ സൗകര്യവും ബ്ലോഗിലെ കമന്റ് സ്വാതന്ത്ര്യവും ഒരേ വിന്‍ഡോയില്‍ ലഭ്യമാക്കാമല്ലോ.
ചെയ്യുന്നത് ഇത്ര:
പോര്‍റ്റലിലെ കണ്ടന്റ് മനേജ്‌മന്റ് സിസ്റ്റം- നല്ല പോസ്റ്റുകള്‍ തിരഞ്ഞെടുക്കാന്‍ മാനുവല്‍ ഇന്റക്സിംഗ് ഇവിടെ ആവശ്യമാണു.
ബ്ലോഗ് അക്കൗണ്ടിലെ ലോഗിന്‍- താഴെയുള്ള ഫ്രൈമില്‍. സഹകരിക്കുമെങ്കില്‍ ഇത്രയും ഞാന്‍ ചെയ്യാം
“ഒളിച്ചേ കണ്ടേ കളിക്കുമ്പോള്‍ ഒളിക്കാന്‍ പോയ ഒരു പെണ്‍കുട്ടിയാണ് ഞാന്‍. എന്റെ ഒളിസങ്കേതത്തില്‍ പക്ഷെ എന്നെപ്പോലെ ഒരുപാട് കൂട്ടുകാരെ ഞാന്‍ കണ്ടു. കളിസ്ഥലത്ത് തിരിച്ചു ചെന്ന് സാറ്റ് വിളിക്കാന്‍ എനിക്കെന്തോ പറ്റുന്നില്ല. ഇനിയും ഇവിടെയിങ്ങിനെ ഒളിച്ചിരിക്കട്ടെ.” ഞാനുമുണ്ടോ അവിടെ??? :)
--
നല്ല ആശയം. എനിക്കു തോന്നുന്നു ഓരോ ബ്ലോഗേഴ്സും ഈ വിഷയത്തിലൊരു ബ്ലോഗെഴുതേണ്ടത് ആവശ്യമാണെന്ന്. അപ്പോളറിയുവാനൊക്കും എന്തൊക്കെയാണ് എനിക്കു പറയുവാന്‍ സാധിക്കുക, എന്തൊക്കെയാണ് എന്‍റെ ആഗ്രഹങ്ങള്‍ എന്നൊക്കെ...
--
തര്‍ജ്ജിമ:
1. individual personality
സ്വവ്യക്തിത്വം / വ്യക്തിസ്വഭാവം
2. Live and let Live
ജീവിക്കൂ ജീവിക്കുവാന്‍ അനുവദിക്കൂ
3. collateral
സാമാന്തരികം / സമാന്തരം(ആന്‍സേഴ്സ്.കോം ധാരാളം ഇംഗ്ലീഷ് നിര്‍വചനങ്ങള്‍ എനിക്കു തന്നു, അതിലാദ്യത്തേതിനുള്ള (പാരലല്‍)മലയാളം.
4. empathy
അനുഭാവം
5. virtual
മായ / അരൂപം
(എനിക്കു തീരെ വിവരമില്ല, ഇതൊന്നും ശരിയുമാവില്ല. പിന്നെ, ചോദ്യം കണ്ടപ്പോള്‍ ഉത്തരമിടുവാനൊരു ത്വര... അത്രമാത്രം.) :)
--
"ഒളിച്ചേ കണ്ടേ കളിക്കുമ്പോള്‍ ഒളിക്കാന്‍ പോയ ഒരു പെണ്‍കുട്ടിയാണ് ഞാന്‍. എന്റെ ഒളിസങ്കേതത്തില്‍ പക്ഷെ എന്നെപ്പോലെ ഒരുപാട് കൂട്ടുകാരെ ഞാന്‍ കണ്ടു. കളിസ്ഥലത്ത് തിരിച്ചു ചെന്ന് സാറ്റ് വിളിക്കാന്‍ എനിക്കെന്തോ പറ്റുന്നില്ല. ഇനിയും ഇവിടെയിങ്ങിനെ ഒളിച്ചിരിക്കട്ടെ." WOW!!!
ഇതിങ്ങനെ 49-ല്‍ മൂത്ത് പഴുത്ത് നില്‍ക്കുന്നതു കാണാന്‍ ഇവിടെ ബിന്ദു ഇല്ലാതെ പോയല്ലോ!
ഇന്നലെ മുതല്‍ ഞാന്‍ ഇവിടെ കറങ്ങി നടക്കുകയല്ലായിരുന്നോ- സന്തോഷോ ബിന്ദുവോ ഇപ്പോള്‍ വരും ഇപ്പോള്‍ വരും എന്നോര്‍ത്ത്. അങ്ങിനെ ഞാന്‍ കാരണം സന്തോഷിന് ഒരമ്പതും കൂടി കിട്ടി. ഫിക്സഡിലിട്ടാല്‍ ഭയങ്കര പലിശയാണെന്നാണ് കേട്ടത് :)
Post a Comment