2006-12-06

ഇരുട്ട്

“മതീ, നിറുത്ത്!” കൈപത്തികള്‍ അവന്റെ ചുമലില്‍ വെച്ച് അവനെ തള്ളി മാറ്റുന്നതിനിടെ അവള്‍ ശാസിച്ചു.

ഗൌനിക്കാതെ തുടര്‍ന്ന അവനെ അവള്‍ പിന്നേയും പുറകോട്ട് ശക്തമായി തള്ളി.

“നിറുത്താനല്ലെ പറഞ്ഞേ?” അവളുടെ കണ്ണുകളില്‍ വല്ലപ്പോഴുമുള്ള തീപ്പൊരി, ഇരുട്ടിനിടയിലും പൊള്ളലേല്‍പ്പിക്കുന്നവ.

അവന്‍ സംശയത്തോടെ ചലനങ്ങള്‍ക്കൊരു വിരാമമിട്ടു.

“എന്തു പറ്റി?” അവന്റെ ശബ്ദത്തിനു വല്ലാത്തൊരു കനം. വിയര്‍പ്പിന്റെ ഗന്ധമുള്ള ഇരുട്ടില്‍ അവളുടെ മുഖം വായിച്ചെടുക്കാനൊരു വിഫലശ്രമം.

“കുഞ്ഞിന്റെ കരച്ചില്‍...”

“ആഹ്?” ഒന്നും അറിയാത്തതുപോലെ തൊട്ടടുത്ത ചെറിയ കട്ടിലില്‍ കിടന്നുറങ്ങുന്ന കുഞ്ഞുങ്ങളുടെ ശബ്ദത്തിനായി അവന്‍ കാതോര്‍ത്തു.

“ഇല്ലല്ലൊ, സുമീ. അവര്‍ നിശബ്ദരായി ഉറങ്ങുന്നുണ്ടല്ലൊ.” അവന്റെ വിറയാര്‍ന്ന ശ്വാസത്തിലെ നാട്യം, ഇരുട്ടിനെപ്പോലും തോല്‍പ്പിച്ചുകൊണ്ട്.

അവനെ തള്ളിമാറ്റി, നിലത്തുകിടന്ന അവന്റെ ഉടുമുണ്ട് ദേഹത്ത് ചുറ്റി, അടഞ്ഞുകിടന്ന ജനലരുകില്‍ പോയി, ജനല്‍കമ്പികളില്‍ നെറ്റി ചേര്‍ത്ത് വെച്ച്, കണ്ണുകളടച്ച്, മുഖം കുനിച്ചവള്‍ നിന്നു.

“ജനല്‍ തുറന്നേക്കൂ സുമീ, വല്ലാത്ത ഇരുട്ട്, മുറിയില്‍” അവന്‍ വാക്കുകള്‍ക്കായ് തപ്പിത്തടഞ്ഞു.

ഈ ജനല്‍ അടഞ്ഞു തന്നെ കിടക്കട്ടെ. അകത്തെ ഇരുട്ടൊരിക്കലും പുറത്തേക്ക് വ്യാപിക്കില്ലല്ലോ. ഒന്നും മിണ്ടാതെ അവള്‍ നിന്നു.

“നിനക്കെന്താ സുമീ?” സ്വരം കുറച്ച് ഉയര്‍ന്നിരുന്നു. നാണയത്തുട്ടുകള്‍ നിറഞ്ഞ ഭിക്ഷപ്പാത്രം പെട്ടെന്ന് തട്ടിമാറ്റപ്പെട്ട ഭിക്ഷക്കാരന്റെ രൌദ്ര്യത്തോടേയും അല്‍ഭുതത്തോടേയും അവന്‍.

“എനിക്ക് കേ..കേള്‍ക്കാം...കുഞ്ഞിന്റെ കരച്ചില്‍” ചെറുതായിയൊന്ന് വിതുമ്പിയൊ?

“ഇതു ആദ്യത്തെ സംഭവമൊന്നുമല്ല സുമീ. നീ ആവശ്യമില്ലാത്തത് ആലോചിച്ചു കൂട്ടുകയാണ്. ഈ ലോകത്തില്‍ എല്ലാവരും ചെയ്യുന്നതാണ് ഇതൊക്കെ.”

അവരുടെ ഇടയിലുള്ള നിശ്ബ്ദമായ ഇരുട്ടവനില്‍ പിന്നേയും മോഹമുണര്‍ത്തി. “വരൂ സുമീ.” കിതപ്പോടെ അവന്‍ പിന്നേയും വിളിച്ചു.

“ഇല്ല!” നെഞ്ചിന്‍ കൂടില്‍ ചെറുതായി കൈ കൊണ്ട് തട്ടി, വളരെ ബുദ്ധിമുട്ടി അവള്‍ ഉമിനീരിറക്കി.

അവളുടെ ശ്ബദത്തിലെ വീര്യമുള്ള വെറുപ്പ് മനസ്സിലാക്കിയിട്ടാവണം നിരാശയോടെയവന്‍ തിരിഞ്ഞു കിടന്നു.

രണ്ട് ദിവസം മുന്‍പ്, ഒരാശുപുത്രി മുറിയില്‍, ഗര്‍ഭപാത്രം തെറ്റി പിറന്ന ഒരു നക്ഷത്രം, ചോരക്കട്ടകളുടെ ചാമ്പല്‍ ധൂളികളായിത്തീരും മുന്‍പ് ചെറുതായൊന്ന് പിടച്ചിരുന്നുവൊ?

42 പ്രതികരണങ്ങള്‍:

ബിന്ദു said...

ഹ്ഹ്ഹ്മ്! :(
എന്താ പറയുക. നല്ല കഥ.:)

Viswaprabha said...

ഇഞ്ചീ,
നിനക്കു വീണ്ടും എരിവു കൂടുന്നു!

ഇത്ര വേണ്ട!
ഈ പാചകം എന്റെ ശ്വാസനാളവും അന്നപഥവും ഒന്നടങ്കം എരിച്ചുകളയും!

ഇതുവേണ്ടയിഞ്ചീ!
ആ ജനല്‍ തുറന്നിട്ടേയ്ക്കൂ, ഇരുട്ടിന്റെ ഈ എരിവ് കാറ്റില്‍ അലിഞ്ഞലിഞ്ഞുപൊയ്ക്കോട്ടെ...

:-(

സ്വാര്‍ത്ഥന്‍ said...

ഇതു ആദ്യത്തെ സംഭവമൊന്നുമല്ല.....ഈ ലോകത്തില്‍ എല്ലാവരും ചെയ്യുന്നതാണ് ഇതൊക്കെ.
കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍!

Adithyan said...

അവരെന്താരുന്നു ചെയ്യുന്നെ :-?

അറിയാനുള്ള ജിഗ്നാസ കൊണ്ടാ ;)

Obi T R said...

രാവിലെ തന്നെ സങ്കടമായി :-(

reshma said...

ഇവിടെന്നും പൊട്ടിച്ചിരിച്ചു പോയാ ഔചിത്യബോധമില്ലെന്ന് പറയോ? എനിക്ക് ആദിത്യന്റെ കമന്റ് വായിച്ചിട്ട് കണ്ട്രോള്‍ കിട്ടുന്നില്ല!
പടച്ചോനെ എന്തെല്ലാം മനുഷ്യരേ!

Anonymous said...

ആത്മഹത്യ, കൊടുംകാറ്റ്‌ പിന്നെ ഇപ്പോ ഇതും കൂടി. ആകെ പേടിപ്പിക്കുകയാണല്ലോ ഇഞ്ചിക്കുട്ടീ..

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ഇഞ്ചിയുടെ എരിവും മുന്തിരിയുടെ ലഹരിയും അമര്‍ഷവും ഇടകലര്‍ന്ന നല്ല ചെറിയ കഥ. ആ ഭ്രൂണത്തിന്റെ കരച്ചില്‍ ഞാനും കേള്‍ക്കുന്നു. (സാമാന്യനിയമങ്ങളെ ലംഘിക്കുന്ന ഒരു കുഴപ്പവും ഈ കഥയിലില്ല. ഉണ്ടെന്ന്‌ തോന്നുന്നവരെ ഈശ്വരന്‍ രക്ഷിക്കട്ടെ!)

ദിവാസ്വപ്നം said...

അവരെന്താണ് ചെയ്യുന്നതെങ്കിലും, കാര്യങ്ങളുടെ സാങ്കേതിക വശങ്ങളെപ്പറ്റി നല്ല പിടിയില്ലാത്തവരാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്

(ഐ ആം ദി റണ്ണിംഗ്)

ദേവന്‍ said...

അതുല്യ വിട്ടപ്പോ ഇക്കാസ്‌ തുടങ്ങി. ഇക്കാസ്‌ നിര്‍ത്തിയപ്പോ ഇഞ്ചി ഏറ്റെടുത്തു.

ഞണ്ടിന്റെ ഇറുക്കുകാലും പാമ്പിന്റെ വഴുക്കന്‍ ശരീരവുമുള്ള വ്യാളിയില്‍ നിന്നും ഇഴഞ്ഞുമാറാനാവാതെ നിലവിളിക്കുന്ന കുട്ടിയുടെ നിലവിളി നില്‍ക്കുന്നില്ല ഇവിടെ. അത്‌ ബൂലോഗത്തിന്റെ ചാനല്‍ മ്യൂസിക്കെന്നു കരുതി ഞാന്‍ കേള്‍ക്കാതിരിക്കാന്‍ ശ്രമിക്കട്ടെ.

സു | Su said...

ഇഞ്ചീ,

എനിക്കെന്തോ ഭയങ്കര ഇഷ്ടമായി കഥ.

ഇനിയെന്നും ഇത്തരം കഥ എഴുതുമെങ്കില്‍ ഞാന്‍ എന്റെ ബ്ലോഗിന്റെ പാസ്‌വേര്‍ഡ് തരാം. ഡിലീറ്റ് ചെയ്തോ.

ഏറനാടന്‍ said...

ഈ കഥയെന്നില്‍ ഇഞ്ചിയും ഉപ്പും കൂട്ടി ചവച്ച്‌ കണ്ണ്‍ എരിഞ്ഞുനിറഞ്ഞു കവിഞ്ഞൊരു പ്രതീതിയുളവാക്കുന്നു... നെഞ്ചിലൊരു പെടപെടപ്പ്‌!

Kaithamullu said...

ഇഞ്ചീ,

കഥ നന്നായിരുന്നു.

ദേ, ഈ വാചകങ്ങള്‍ എടുത്തുമാട്ടിയാല്‍, കഥ
ക്ക് കിട്ടുന്ന മാനം ഒന്നു വേറെയാക്കാം, നോക്കൂ:


......“ആഹ്?” ഒന്നും അറിയാത്തതുപോലെ തൊട്ടടുത്ത ചെറിയ കട്ടിലില്‍ കിടന്നുറങ്ങുന്ന കുഞ്ഞുങ്ങളുടെ ശബ്ദത്തിനായി അവന്‍ കാതോര്‍ത്തു.

“ഇല്ലല്ലൊ, സുമീ. അവര്‍ നിശബ്ദരായി ഉറങ്ങുന്നുണ്ടല്ലൊ.” അവന്റെ വിറയാര്‍ന്ന ശ്വാസത്തിലെ നാട്യം, ഇരുട്ടിനെപ്പോലും തോല്‍പ്പിച്ചുകൊണ്ട്........

സ്നേഹത്തോടെ,

അതുല്യ said...

ദേവന്‍ ആദ്യമേ ചീത്ത വിളിച്കത്‌ കൊണ്ട്‌ ഞാന്‍ ഒന്നും പറയില്ല്യാ ഇഞ്ചി. ഇന്ന് ഇനി ഈ പോസ്റ്റ്‌ കണ്ടിട്ടാണോ ആരോ ഒരാള്‍ ഞാനും ഇഞ്ചിയും ഒക്കെ ഒന്നാന്ന് പറഞ്ഞത്‌?

ഇത്‌ പോലെ ഒന്നും എഴുതണ്ടാന്നേ.. നമുക്ക്‌ ചിരിച്ചിരിയ്കാം. ഒന്നും നമ്മളറിയുന്നില്ല. നമുക്കൊന്നും അറിയുകയുമില്ല.

asdfasdf asfdasdf said...

ഇഞ്ചീ, വെറുപ്പ് എന്നെയും ഗ്രസിച്ചിരിക്കുന്നു; കഥ എനിക്കിഷ്ടമായെങ്കിലും..

ശിശു said...

ഇക്കാസ്‌ സ്ത്രീയെ ഒന്നുപദേശിച്ച്‌ വിട്ടു, നന്നാവണം, ഭ്രൂണഹത്യ പാപമാണ്‌, (ഇഞ്ചി (ചേച്ചി) അന്നേ കയര്‍ത്തിരുന്നു)
ഇവിടെ അതിന്റെ നേര്‍വിപരീതം, ഇഞ്ചി വേര്‍ഷന്‍,
കാരണം പുരുഷന്‍:

ഇനി അടുത്തത്‌, ആരാണെഴുതാന്‍ പോകുന്നത്‌?
അതില്‍ ദോഷം ഭ്രൂണത്തിന്റെതായിരിക്കുമോ, ഹെന്റെ മാതാവേ..

ഓഫ്‌:) ശിശു എന്ന വര്‍ഗ്ഗമേ ഈ ഭൂമുഖത്ത്‌ ജീവിച്ചിരുന്നില്ല.

Unknown said...

ഇഞ്ചി ചേച്ചീ,
:-( വേറെ എന്ത് പറയാനാ.

ഓടോ: ആദീ, അവരെന്താ ചെയ്തിരുന്നേന്ന് അറിയില്ലാ? കൊണ്ടാട്ട മുളക് ഉണക്കാന്‍ വേണ്ടി തരം തിരിക്ക്യായിരുന്നു.

Inji Pennu said...

ആദിയേ, ആ റ്റെഡിക്കൊച്ച് നാട്ടീന്ന് വന്നിട്ട് വേണം ആദിക്കിട്ട് രണ്ടെണ്ണം പൊട്ടിക്കാന്‍ പറയാന്‍! പപ്പേട്ടനോടും ആദിയോടും നാലുകെട്ടില്‍ കയറുരുതെന്ന് വാര്‍ണിങ്ങ് തന്നതല്ലേ?:) ഇനി മതില് കെട്ടി,ബൊഗൈന്‍ വില്ല വളര്‍ത്താന്‍ പോവാ. അന്നേരം മുള്ള് കൊള്ളൂലോ കുറുമ്പ് കാട്ടാന്‍ വരുമ്പൊ.

Adithyan said...

അതങ്ങ് പള്ളീപ്പറഞ്ഞാ മതി. കഴിഞ്ഞ ആഴ്ച വിശ്വേട്ടന്‍ ചരിത്രപ്രസിദ്ധമായ ബ്ലോഗ് പ്രവേശന വിളംബരം നടത്തീത് കണ്ടില്ലാരുന്നോ? ഇവിടത്തെ എല്ലാ ബ്ലോഗിലും വിശ്വേട്ടനു പുറകെ എനിക്കും കുടികിടപ്പവകാശം ഉണ്ട്. സോ ബിവേര്‍

krish | കൃഷ് said...

ഇഞ്ചിയേ.. കഥ വായിച്ചു..
ഇഞ്ചി കടിച്ചപോലെ.. അല്ലേലും ഇഞ്ചി നല്ലതല്ലേ.

കൃഷ്‌ | krish

Abdu said...

ആദ്യമായിട്ടാണ് ഇഞ്ചിയെ വായിക്കുന്നത്,

കമന്റുകളും ഈ പോസ്റ്റും തമ്മിലുള്ള ഈ അന്തരം എന്നെ ശരിക്കും അമ്പരിപ്പിക്കുന്നു,

ബ്ലൊഗില്‍ തീരെ കാണാത്തതാണ് ഇത്ര തന്റേടത്തോട് കൂടിയുള്ള എഴുത്ത്.

അഭിനന്ദങ്ങള്‍.

തറവാടി said...

എന്‍റെമ്മേ ,

ഇഞ്ചിയുടെ കഥയാണോ ഇത്‌
സത്യം,,,വളരെ ദുഖിപ്പിച്ച കഥ

ലിഡിയ said...

ഇഞ്ചീ, വലിയ വലിയ വെറുപ്പുകള്‍ മനസ്സില്‍ കുമിഞ്ഞ് കൂടുന്നു, ഒരു വാതില്‍ പോലും തുറക്കാനാവാതെ ഉള്ളില്‍ പിടയ്ക്കുന്ന വെറുപ്പിന്റെ തിരതള്ളല്‍..

-പാര്‍വതി.

അരവിന്ദ് :: aravind said...

ഇഞ്ചീ....കഥ തകര്‍ത്തു.

എഴുതിയ രീതി പ്രത്യേകിച്ചും.
കഴിവാണ് ഇഞ്ചീ...ഇതൊരു കഴിവാണ്.

ഉണ്ണിക്കുട്ടന്‍ said...

പാറൂ , കമന്റ്‌ കൊള്ളാം.. പക്ഷേ ...ഉണ്ണിക്കുട്ടന്‌ അതങ്ങോട്ട്‌....മനസിലായില്ല കേട്ടോ..:)

ഉണ്ണിക്കുട്ടന്‍ said...

കലക്കി ഇഞ്ചീ, പ്രമേയവും അതു പറഞ്ഞ രീതിയും ഇഷ്ടപ്പെട്ടു. ഇനിയും എഴുതുക

Kumar Neelakandan © (Kumar NM) said...

എല്‍ജി എന്താ പറയാന്‍ ശ്രമിക്കണേ?
രണ്ടുദിവസം മുന്‍പു പാത്രം മാറിവന്ന ഗര്‍ഭം പുറത്തിറക്കിക്കത്തിച്ചവളാണോ ഇരുട്ടില്‍ ഇപ്പോള്‍ ഇങ്ങനെ മദിക്കാന്‍ ഒരുങ്ങുന്നത്? അവളെ മദിപ്പിക്കാന്‍ കെട്ടിയവന്‍ ഒരുങ്ങുന്നത്?
ഇതെവിടെ നടക്കുന്ന കഥയാ?
എനിക്കൊന്നും മനസിലാകണില്ല.

(പേടിക്കണ്ട, എന്റെ കുഴപ്പമാ..)

മുല്ലപ്പൂ said...

കഥയില്‍ ചോദ്യമില്ല . എന്നാലും ചോദിക്കാതെ വയ്യ.
അല്ല ഇവരു ജീവിക്കുന്നതു ഈ ലോകത്തൊന്നും അല്ലേ ?
എത്ര മാത്രം“ പ്രൊകോഷണറി മെഷേര്‍സ്” ഉണ്ട്.

എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ “ഭ്രൂണഹത്യ “ യില്‍ തന്നെ ഇഞ്ചി മൂന്നില്‍(?) കൂടുതല്‍ പോസ്റ്റ് എഴുതിട്ടുണ്ട്. ഇനി ആശയം മാറ്റി പിടിക്കൂ.

രാജ് said...

ഇഞ്ചിക്ക് ഏവൂരാന്‍ ബാധ കൂടിയോ ;)

Vempally|വെമ്പള്ളി said...

എഴുത്തു നല്ലതു തന്നെ പക്ഷെ കുമാര്‍മാഷ് പറഞ്ഞതു പോലെ ഇതെവിടെ നടക്കും? ഞാനും കിണറ്റിലെ തവളയാണൊ?

sreeni sreedharan said...

അപ്പൊ രണ്ടു ദിവസം മുന്‍പ് എന്ന് പറഞ്ഞാല്‍, നാല്‍‍പ്പത്തെട്ട് മണിക്കൂറിനു മുന്‍പ് - കിറു കൃത്യം 11.59 പി എമ്മിനും 12.01 എ എംമിനും ഇടയില്‍ തന്നെ ആയിരിക്കണം :)
ഇഞ്ചിയേച്ചിയേ മനസ്സിലായോ?

(കര്‍ത്താവേ ഞാനിതാ വരുന്നേ... ;)

Siji vyloppilly said...

ഇഞ്ചി,
എനിക്ക്‌ കഥ ഇഷ്ടമായി പക്ഷെ വളരെയധികം ഇഷ്ടായില്ല.എന്തുകൊണ്ടാന്നെറിയില്ല.തീം എനിക്ക്‌ നല്ല ഇഷ്ടമായി കുറച്ചുകൂടി നന്നാക്കാന്‍ പറ്റുമായിരുന്നില്ലേ എന്ന തോന്നല്‍...

Unknown said...

അറിഞ്ഞോ അറിയാതെയോ ഇത്തരമൊരവസ്ഥ അഭിമുഖീകരിച്ചവര്‍ക്ക് ഹൃദയത്തില്‍ ഒരു വിങ്ങല്‍ ബാക്കി വെക്കുന്ന കഥ.നല്ല ആഖ്യാന ശൈലി.
ഇതൊരു തുടര്‍ക്കഥയാക്കരുത് പ്ലീസ്....

സഹൃദയന്‍ said...

വായിച്ചു.....

ചില നേരത്ത്.. said...

കഥ വായിച്ചു.
ഭ്രൂണഹത്യ, ഗര്‍ഭസ്ഥശിശുവിന്റെ കരച്ചില്‍, മാതാവിന്റെ തേങ്ങല്‍,
പിതാവിന്റെ ആശ്വസിപ്പിക്കല്‍ ഒക്കെ മലയാള കഥയില്‍ ക്ലീഷേയാകുന്നു.
ഇവിടേം അതു തന്നെ.
ഇരുട്ടത്ത് മാത്രമേ ‘തൊട്ടു തലോടല്‍‘ നടക്കുകയുള്ളൂ എന്നുണ്ടോ?
ലൈംഗികതയും ഇരുട്ടും മലയാളകഥകളില്‍ എന്നൊരു പോസ്റ്റെഴുതാന്‍ തോന്നുന്നു.
ഒപ്പം സക്കറിയയുടെ ഒരു കഥയും :)

Sona said...

ഇഞ്ചി പെണ്ണീന്റെ ഇരുട്ട് വായിച്ചു,മൊത്തം പവര്‍കട്ടിലായിപോയി ഞാന്‍!

ചീര I Cheera said...

ഇഞ്ചീ..
വായിച്ചു..
ആ ഒരു “വെറുപ്പ്” എന്ന വാക്കിന്റെ എല്ലാ expressions-um ഇതിലൂടെ കൊണ്ടൂവന്നിട്ടുണ്ട് എന്നു തോന്നി...
നന്നായിരിയ്ക്കുന്നു..

റീനി said...

ഇഞ്ചീസെ, വായിച്ചു, നന്നായിരിക്കുന്നു.

ഗര്‍ഭപാത്രം "തെറ്റിപിറന്നൊരു" നക്ഷത്രം എന്നത്‌ എനിക്കൊരു കണ്‍ഫൂഷന്‍ ഉണ്ടാക്കുന്നു. എന്റെ കൊഴപ്പം ആയിരിക്കും.

ബഹുവ്രീഹി said...

നല്ല കഥ.

പക്ഷെ.. വിഷമിപ്പിക്കുന്നു.

Visala Manaskan said...

നല്ല ഭാഷ. കൂടുതല്‍ എഴുതുക. ആശംസകള്‍!

‘എന്നാലും അവന്‍ അവളോട് അങ്ങിനെ അന്ന് പെരുമാറാന്‍ പാടില്ലായിരുന്നു‘

മുസാഫിര്‍ said...

ഇന്‍ചി,

പറയാനുദ്ദേശിച്ച കാര്യം ശക്തമായ ഭാഷയില്‍ പറഞ്ഞിട്ടുണ്ട്.ബാക്കിയുള്ള വിവരങ്ങലൊന്നും പ്രസക്തമല്ല.

Haree said...

കഥവായിച്ചു തുടങ്ങുന്നതിന്നാണ്. പിറകിലെ പോസ്റ്റുകളിലേക്ക് പോകുവാനുള്ള മടികൊണ്ടാണ് അറച്ചു നിന്നത്... വായിക്കേണ്ടതായിരുന്നു...
--
ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കു നോക്കുവാനെന്തേ മനുഷ്യനു കഴിയുന്നില്ല? വെളിച്ചമില്ലാത്ത അവസ്ഥമാത്രമാ‍ണല്ലോ ഇരുട്ട്. ഈ ഇരുട്ടില്‍ മാത്രമോ നിലവിളികള്‍?
--