2008-04-15

എനിക്ക് വിശക്കുന്നു!

അന്തരീ‍ക്ഷത്തില്‍ തീരെ ചെറിയ വ്യതിയാനങ്ങള്‍, എന്തിനു ഒരു പൂമ്പാറ്റയുടെ ചിറകടി ഉണ്ടാക്കുന്ന ചലനം പോലും മറ്റൊരു സ്ഥലത്ത് ഒരു കൊടുങ്കാറ്റ് സൃഷ്ടിക്കാം. അതിനെയാണ് ബട്ടര്‍ഫ്ലൈ എഫക്റ്റ് (Butterfly effect) എന്ന് കെയോസ് (chaos) തിയറിയില്‍ പറയുന്നത്.

സദ്ദാം ഹുസൈന്റെ വലിയ കൊട്ടാരത്തില്‍ മുന്‍വശത്തെ വാതിലിനു മുന്‍പിലെ പോര്‍ട്ടിക്കോവില്‍ നിലത്ത് ജോര്‍ജ് വോക്കര്‍ ബുഷിന്റെ ചിത്രമുണ്ടായിരുന്നു. കയറിപ്പോവുന്നവരെല്ല്ലാം ചവുട്ടി പോകുവാന്‍. ബുഷിന്റെ മകന്‍ ഭരണത്തില്‍ കയറിയപ്പോള്‍ ആ കൊട്ടാരം ആദ്യത്തെ ബോംബില്‍ തന്നെ നശിപ്പിച്ചു, അച്ഛനെ അപമാനിച്ചതിനും കൂടെ കുഴിക്കുന്നിടത്തെല്ലാം എണ്ണ കിട്ടുന്നതിനും. യുദ്ധത്തിനു പോയാല്‍ എണ്ണവില കുറയുമെന്നു മനസ്സില്‍ കണക്കുകള്‍ കൂട്ടിയും കിഴിച്ചും, എന്നാല്‍ ഇതുവരെ ആരും ഇറാക്കില്‍ കണ്ടിട്ടില്ലാത്ത WMD ഉണ്ടെന്ന് അന്താരാഷ്ട്ര സമൂഹത്തെ കബളിപ്പിച്ചും ഇറാക്ക് പോലെയൊരു സോവ്രിന്‍ രാജ്യത്തെ ആക്രമിച്ച് ഒരു ജനതയെ നാശത്തിലേക്ക് തള്ളിവിട്ട യുദ്ധക്കുറ്റവാളിയാണ് ഇപ്പോഴത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ്.

ഈ അനാവശ്യ യുദ്ധം ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ വെറും ഇറാക്കിലോ അമേരിക്കയിലോ മാത്രമല്ല പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്, അന്താരാഷ്ട്ര സമൂഹം മുഴുവന്‍ പുതിയൊരു വിപത്തിന്റെ പിടിയില്‍ അകപ്പെട്ടിരിക്കുകയാണ്. ഒരു അണു ബോം‌ബിനു തുല്യം. പട്ടിണിയുടെ അണുബോംബ്. എവിടേയും ഭക്ഷണക്ഷാമമാണ്. ലോകത്തിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ തിങ്ങിവസിക്കുന്ന ഏഷ്യയിലും ആഫ്രിക്കയിലും രൂക്ഷമായ ഭക്ഷണക്ഷാമമാണ്. അത് പടര്‍ന്നു കൊണ്ടിരിക്കുന്നു.

പല കാരണങ്ങളില്‍ പ്രധാനമായ എണ്ണ വിലയുടെ കുതിച്ചുകയറ്റമാണ് ഇത്രയും കൊടിയ ഭക്ഷ്യക്ഷാമത്തിനു പ്രധാന കാരണം. ഇന്ത്യയിലേയും തായ്ലാന്റിലേയും മഴക്കെടുതിയോ ഓസ്ത്രേലിയയിലെ വരള്‍ച്ചയോ ചേര്‍ത്താലും, ബയോഫ്യൂലിനുള്ള സബ്സിഡികളെന്ന കാരണങ്ങള്‍ ചേര്‍ത്താലും, എണ്ണയുടെ വില ഇറാക്ക് യുദ്ധം മൂലം ക്രമാതീതമായ് വര്‍ദ്ധിച്ചത് ഇതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ചൈനയുടേയും ഇന്ത്യയുടേയും സാമ്പത്തിക വളര്‍ച്ചയും മറ്റും കണ്ണില്‍പ്പൊടിയിടാന്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ശരിയായി എല്ലാ വാ‍ര്‍ത്തകളും തട്ടിച്ചു നോക്കി വായിക്കുമ്പോള്‍ മനസ്സിലാവുന്നത് എണ്ണ വിലയില്‍ തൂങ്ങിക്കിടിക്കുന്ന അവശ്യ ഭക്ഷണസാധനങ്ങളുടെ വിലയാണ്. ഇതിനു വിവിധ നാട്ടിലുള്ള ഭരണാധികാരികള്‍ ഇപ്പോള്‍ കണ്ട് പിടിക്കുന്ന ഒരു പുതിയ ന്യായമുണ്ട്. പാവപ്പെട്ടവര്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതാണത്രേ ഈ പുതിയ ഭക്ഷ്യക്ഷാമത്തിനു കാരണം.

ഈ ഭക്ഷണക്ഷാമം ഇപ്പോള്‍ മുന്‍പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത വിധം വികസിതരാജ്യങ്ങളിലേയ്ക്കും പതിയേ കയറിക്കൂടുകയാണ്. അതുകൊണ്ട് മാത്രം വികസിത രാജ്യങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന അന്താരാഷ്ട്ര സമൂഹം മുറവിളി തുടങ്ങിയിരിക്കുന്നു. ഇതിന്റെ ഭീകരത അറിയണമെങ്കില്‍ ഫുഡ് ഷോര്‍ട്ടേജ് ക്രൈസിസ് എന്ന് ഗൂഗിളില്‍ സേര്‍ച്ച് ചെയ്ത് നോക്കിയാല്‍ മതി. എല്ലാ വാര്‍ത്തകളുടേയും തീയതികള്‍ 2007-2008 വര്‍ഷങ്ങളിലെ പുതിയ വാര്‍ത്തകളാണ്. എല്ലാം വിരല്‍ ചൂണ്ടുന്നതും ഈ പുതിയ തരം അണു ബോം‌ബിലേക്കും. യുദ്ധങ്ങളും കലാപങ്ങളും ഈ ഭക്ഷണക്ഷാമം മൂലം വിവിധ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെടുമെന്നും അവ ഇപ്പോള്‍ സമാധാനത്തില്‍ കഴിയുന്ന പല രാജ്യങ്ങളേയും ചിഹ്നഭിന്നമാ‍ക്കുമെന്നും റിപ്പോര്‍ട്ടുകള്‍. ഒരു ദശാബ്ദക്കാലമെടുക്കും ഈ പട്ടിണി തീര്‍ന്നുകിട്ടുവാന്‍ എന്നുള്ള ഭയപ്പെടുത്തുന്ന പ്രവചനങ്ങള്‍.

ഒരു പൂമ്പാറ്റയുടെ ചലനം -- അനാവശ്യമായൊരു യുദ്ധം വേണമെന്ന് നിശ്ചയിച്ച ഒരു ചലനം സൃഷ്ടിക്കുന്ന കെടുതികളുടെ വ്യാപ്തി നോക്കൂ. ഇറാക്ക് എവിടെ കിടക്കുന്നു, നമ്മള്‍ ഭക്ഷണം പാചകം ചെയ്യുന്ന അടുക്കളയും. വിശക്കുന്നു എന്നു ചുറ്റുമുയരുന്ന മുറവിളികളള്‍ക്കായി ഇനി അധികനാള്‍ കാത്തിരിക്കേണ്ടി വരില്ല. നമുക്ക് മുണ്ട് മുറുക്കിയുടുത്ത് ശീലിക്കാം!

12 പ്രതികരണങ്ങള്‍:

സു | Su said...

ഒരു സ്ഥലത്തെ ഒരു ചെറിയ ചലനം, വെറുതെയാണെങ്കില്‍പ്പോലും, മറ്റൊരിടത്ത് ഭൂകമ്പം ഉണ്ടാക്കിയേക്കും!

ഉണ്ടാക്കും. ഭീകരമായ പ്രത്യാഘാതങ്ങളും.

മൂര്‍ത്തി said...

ഒരു പൂമ്പാറ്റയുടെ ചലനം കൊടുങ്കാറ്റ് ഉണ്ടാക്കുന്നതിനോട് ഇറാഖ് അധിനിവേശം പോലുള്ള സംഗതികളെ തുല്യപ്പെടുത്തുന്നത് ഒട്ടും ശരിയല്ല. അതൊരു തരം നിസ്സാരവല്‍ക്കരണമാണ്. അധിനിവേശത്തിനുള്ള തീരുമാനം പൂമ്പാറ്റയുടെ ചലനം പോലെ നിഷ്കളങ്കമല്ല. പ്രത്യാഘാതങ്ങള്‍ മുന്‍‌കൂട്ടി കാണാന്‍ പറ്റാത്തതുമല്ല.

പോസ്റ്റിലെ വിശപ്പിനെക്കുറിച്ചുള്ള/ക്ഷാമത്തെക്കുറിച്ചുള്ള കണ്‍സേണിനോട് യോജിച്ചുകൊണ്ടാണിത് പറയുന്നത്.

Inji Pennu said...

മൂര്‍ത്തി തീര്‍ച്ചയായും നിഷ്കളങ്കമെന്നോ നിസ്സാരമെന്നോ കരുതിയിട്ടല്ല. പക്ഷെ ഇറാക്കില്‍ അമേരിക്ക ആക്രമിച്ചാല്‍ നമ്മള്‍ക്കെന്ത് ചേതം എന്ന് വിചാരിക്കുന്നവരോട് ഒരു തിയറി വെച്ച് പറഞ്ഞതാണ്. എങ്ങിനെ ആ ചലനം ലോകം മൊത്തം വ്യാപിക്കുന്ന ഒരു കൊടുങ്കാറ്റാവുന്നു എന്ന്.

പോരാളി said...

ലോക സംരക്ഷകരാണ് തങ്ങളെന്ന് വീമ്പിളക്കി എവിടെയും സംഘര്‍‌ഷങ്ങളും തീരാ നഷ്ടങ്ങളും വരുത്തിവെക്കുന്ന അങ്കിള്‍ സാം ലോകത്തെ മൊത്തം നാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്നുവെന്നത് യാഥാര്‍‌ത്ഥ്യം തന്നെ. അഭിനന്ദനങ്ങള്‍‌ ഈ പോസ്റ്റിന്.

രാജ് said...

മൂര്‍ത്തി പറഞ്ഞ തരത്തിലല്ലെങ്കിലും മറ്റൊരു നിസ്സാരവല്‍ക്കരണം നടക്കുന്നുണ്ട് ഈ പോസ്റ്റില്‍. യുദ്ധത്തിന്റെ കാരണമെന്ന് പ്രത്യക്ഷത്തില്‍ ദ്യോതിപ്പിക്കുന്നില്ലെങ്കിലും ഒരു ഫെയറി ടേല്‍ പോലെ സീനിയര്‍ ബുഷിന്റെ ചിത്രവും സദ്ദാമിന്റെ കൊട്ടാരവും ഇതില്‍ വരുന്നുണ്ട്. യുദ്ധത്തിന്റെ കാരണങ്ങളില്‍ മകന്‍ ബുഷിന്റെ ഈ പേഴ്സണല്‍ വെണ്ടെറ്റ എത്രയോ നിസ്സാരമാണ്, അമേരിക്കന്‍ യുദ്ധക്കൊതിയുടെ അന്തര്‍നാടകങ്ങളില്‍ ജോര്‍ജ് ബുഷ് എന്നയാള്‍ക്ക് ചെയ്യേണ്ട റോള്‍ അമേരിക്കന്‍ പ്രസിഡണ്ടിന്റേതായിരുന്നു എന്ന് മാത്രം. അയാള്‍ അല്ലെങ്കില്‍ മറ്റൊരാള്‍ അധിനിവേശം അതിന്റെ വഴിയേ നടക്കുമായിരുന്നു.

A Cunning Linguist said...

എണ്ണവിലയുടെ ഏറ്റക്കുറച്ചിലുകള്‍ ബാധിക്കുന്നത് ഒരു വാഹനം പോലുമില്ലാത്ത (ചിലപ്പോള്‍ കണ്ടിട്ട് കൂടിയില്ലാത്ത) ആള്‍ക്കാരെയെന്നത് അത്ഭുതപ്പെടുത്തുന്നു... നിസ്സഹായനുമാക്കുന്നു!

Inji Pennu said...

രാജേ,
അമേരിക്കന്‍ യുദ്ധക്കൊതിയില്‍ ഇറാക്ക് ഇത്ര വേഗം വന്നത് ജോര്‍ജ് ബുഷ് ഉള്ളത്കൊണ്ട് മാത്രമാണ്. അല്ലെങ്കില്‍ അഫ്ഗാനില്‍ നില്‍ക്കേണ്ട യുദ്ധം ഇറാക്കിലേക്ക് ഇതുപോലെ വികസിക്കില്ലായിരുന്നു. ഒരു റിപ്പബ്ലിക്കന്‍ പ്രസിഡന്റും അതില്‍ ബുഷും.

ഇറാക്കിനെതിരെ പോകുന്ന ന്യായങ്ങള്‍ നിരത്തുമ്പോള്‍ അപ്പന്‍ ബുഷിനെ ആക്രമിച്ചതും, പറഞ്ഞ് പറഞ്ഞ്
‘മൈ ഡാഡ്’ എന്ന് വരെ പറഞ്ഞിട്ടുണ്ട് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കുമ്പോള്‍.
യു.എനും എന്തിനു കോളിന്‍ പവല്‍ വരെ എതിരായിരുന്നിട്ട് കൂടി ഇറാക്ക് ആക്രമിച്ചതിനു പിന്നില്‍ നടന്നത് അതൊക്കെയാണ്. ഒരു 9/11 ഇല്ലെങ്കിലും ബുഷ് 43-ആം പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കയറിയപ്പോള്‍ മുതല്‍ ഇറാക്ക് ആക്രമിക്കുമെന്ന് ഒരു ധ്വനി ഉണ്ടായിരുന്നു. 9/11 സ്പീഡഡ് തിങ്ങ്സ് അപ്. അത്രേയുള്ളൂ. റിപ്പബ്ലിക്കന്‍ ഇലക്ഷന്‍ മന്ത്രം തന്നെ ബുഷ് കയറിയാല്‍ റെജീം ചേഞ്ച് ഇന്‍ ഇറാക്ക് എന്നായിരുന്നു. അതിനു 9/11 ന്റെ ആവശ്യമേ ഉണ്ടായിരുന്നില്ല.
ജോര്‍ജ് ബുഷിന്റെ പഴ്യ സെക്രട്ടറി പോള്‍ ഓ നീല്‍ പറഞ്ഞതും അതൊക്കെ തന്ന്യാണ്.

മൂര്‍ത്തി said...

പ്രിയ ഇഞ്ചി,
രാജ് പറഞ്ഞതാണ് അതിന്റെ ശരി. ഇതൊക്കെ ചില വ്യക്തികള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളാക്കി നിസ്സാരവല്‍ക്കരിക്കുമ്പോള്‍ സാമ്രാജ്യത്വത്തിന്റെ ചോരയിലലിഞ്ഞുചേര്‍ന്നിട്ടുള്ള ഒന്നാണിത്തരം അധിനിവേശങ്ങളും expansionsഉം ലാഭക്കൊതിയും എന്നത് മറച്ചുവെക്കപ്പെടുന്നുണ്ട്. ബുഷിന്റെ ഡാഡ് വിളിയും മറ്റുമൊക്കെ അദ്ദേഹത്തിന്റെ പബ്ലിക്ക് റിലേഷന്‍/പ്രതിച്ഛായാ നിര്‍മ്മാതാക്കളുടെ ഉപദേശപ്രകാരം ആണെന്നറിഞ്ഞാല്‍പ്പോലും അതില്‍ അത്ഭുതമില്ല.അച്ഛനോട് ചെയ്തതിനു മോന്‍ പ്രതികാരം ചെയ്തു എന്ന ഒരു പ്രചരണം കുറെപ്പേരെയെങ്കിലും ബുഷിന്റെ ഭാഗത്ത് എന്തോ ഒരു ശരിയൊക്കെ ഉണ്ട് എന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കും ഇല്ലേ? വ്യക്തിയെ കേന്ദ്രമാക്കുമ്പോള്‍ നാളെ മൊത്തം സംഭവം കുളമായാലും ആളു മാറിയാല്‍ ശരിയാവും എന്ന പ്രചരണത്തിലൂടെ damage control നടത്താനുള്ള option ഉം ബാക്കി നില്‍ക്കും.

അത് പോലെ ഐക്യരാഷ്ട്രസഭ എതിര്‍ത്തോ ഇല്ലയോ എന്നത് അമേരിക്കക്ക് എന്നാണ് വിഷയമായിട്ടുള്ളത്?
ലിങ്കില്‍ 1972 മുതല്‍ അമേരിക്ക വീറ്റോ ചെയ്തിട്ടുള്ള ഐക്യരാഷ്ട്രസഭാ പ്രമേയങ്ങളുടെ ലിസ്റ്റ് ഉണ്ട്.

Inji Pennu said...

അച്ഛനോട് ചെയ്തതിനു മോന്‍ പ്രതികാരം ചെയ്തു എന്ന ഒരു പ്രചരണം കുറെപ്പേരെയെങ്കിലും ബുഷിന്റെ ഭാഗത്ത് എന്തോ ഒരു ശരിയൊക്കെ ഉണ്ട് എന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കും ഇല്ലേ?

മൂര്‍ത്തി അത് നേരെ മറിച്ചല്ലേ? അങ്ങിനെ ഒരു നിസ്സാര കാര്യത്തിനു വേണ്ടി ഒരു രാജ്യം ആക്രമിക്കുന്നത് അമേരിക്ക പോലെയൊരു രാഷ്ട്രത്തിനു ചേരുന്ന പ്രവര്‍ത്തിയാണോ? വ്യക്തികള്‍ പോലെയല്ലല്ലോ രാഷ്ട്രങ്ങള്‍. അതുകൊണ്ട് തന്നെ ബുഷിന്റെ വ്യക്തിപരത കൂടുതല്‍ നെഗറ്റീവ് ആണ് ഈ യുദ്ധത്തില്‍ ഉണ്ടാക്കിയത്, പ്രത്യേകിച്ച് wmd കണ്ട് പിടിക്കാതെ ഇരുന്നപ്പോള്‍ സ്വന്തം വ്യക്തിഗത താത്പര്യങ്ങള്‍ക്ക് വേണ്ടി അമേരിക്കയെ ഉപയോഗിച്ചു എന്നാ‍യി. അതാണ് ഞാനീ പോസ്റ്റില്‍ ഉദ്ദേശിച്ചതും. അതൊരു തരം ഡിക്റ്റേറ്റര്‍ഷിപ്പ് പോലെ ആയില്ലേ, അമേരിക്ക ഒരു ജനാധിപത്യം അല്ലേ. അതുകൊണ്ട് തന്നെ അഫ്ഗാനെ ആക്രമിച്ചത് അനുകൂലിക്കുന്നോര് പോലും ഇറാക്ക് അനുകൂലിക്കാത്തത്.

അതോ ഞാ‍ന്‍ ക്ലിയര്‍ ആവുന്നില്ലേ?

ആ അതെ യു.എന്‍ -നെതിരെ പോയത് അപ്പന്‍ ബുഷ് പോലും വിമര്‍ശിച്ചിരുന്നു. അതാണ് ഉദ്ദേശിച്ചത്.ആ അതൊക്കെ കണ്ണില്പൊടിയാണ് താനും.

Umesh::ഉമേഷ് said...

ബുഷ് വടക്കേ അമേരിക്കയുടെ പ്രെസിഡന്റല്ല. അമേരിക്കന്‍ ഐക്യനാടുകള്‍ എന്നോ യു. എസ്. എ. എന്നോ വെറും `അമേരിക്ക’ എന്നോ തിരുത്തുക.

ചിന്തിപ്പിക്കുന്ന പോസ്റ്റ്. കമന്റുകളും.

പക്ഷേ, എണ്ണവില ഇങ്ങനെ കൂടുകയും ഭക്ഷ്യക്ഷാമം ഉണ്ടാകുകയും ചെയ്തപ്പോഴാണോ പ്രതികരിക്കാന്‍ തോന്നിയതു്?

(നീ പ്രതികരിച്ചോ എന്നു തിരിച്ചു ചോദിക്കണ്ടാ. ഇല്ല. ഞാന്‍ ഒരു അരാഷ്ട്രീയകരിങ്കാലി ആകുന്നു :) )

t.k. formerly known as thomman said...

The silent tsunami എന്ന പ്രധാന ഫീച്ചര്‍ ലേഖനത്തിലൂടെ The Economist-ന്റെ ഏപ്രില്‍ 19-25 ലക്കം ഈ വിഷയം വളരെ ആഴത്തില്‍ വിസ്തരിക്കുന്നുണ്ട്. ലിങ്കുകള്‍ ഇവിടെ; ഇവിടെ. ഇറാക്ക് യുദ്ധം മൂലമാണ് ഇത്തരം ഒരു അവസ്ഥ സംജാതമായിരിക്കുന്നതെന്ന നിഗമനം തെറ്റാണ്. ഭക്ഷ്യവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നതില്‍ നിന്ന് കര്‍ഷകര്‍ക്ക് ആദായം കുറഞ്ഞു വന്നതുകൊണ്ട്, പൊതുവേ ഉല്‍പ്പാദനം ആഗോളതലത്തില്‍ കുറഞ്ഞുകുറഞ്ഞു വന്ന് ദീര്‍ഘകാലം കൊണ്ട് ഇത്തരമൊരവസ്ഥയില്‍ എത്തിയെന്നാണ് ഞാന്‍ ആ ലേഖനത്തില്‍ നിന്ന് വായിച്ചെടുത്തത്. വികസ്വര രാജ്യങ്ങളില്‍ കൃഷിഭൂമി മറ്റുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതും ധാന്യങ്ങളുടെ മൊത്തം ഉല്‍പ്പാദനം കുറയാന്‍ ഇടയാക്കി. (കേരളത്തില്‍ തന്നെ ഈ രണ്ടു കാര്യങ്ങള്‍ക്കും ഉദാഹരണം കാണിക്കാന്‍ കഴിയും. എളുപ്പത്തില്‍ വിറ്റഴിക്കാന്‍ പറ്റാത്തതുകൊണ്ട് കാലിഫോര്‍ണിയയില്‍ ഓര്‍ഡറു പ്രകാരം മാത്രം അരിയുല്‍പ്പാദിപ്പിക്കുന്ന കര്‍ഷകരെപ്പറ്റി ഞാന്‍ പറഞ്ഞുകേട്ടിട്ടുണ്ട്.) മറ്റൊരു കാരണം സബ്‌സിഡി തുടങ്ങിയ കാര്യങ്ങള്‍ വച്ചുള്ള സര്‍ക്കാരുകളുടെ ധാന്യോല്‍പ്പാദനത്തിലുള്ള അമിതമായ കൈകടത്തലാണ്.

എല്ലാത്തിനും അമേരിക്കയാണ് ഉത്തരവാദി എന്ന് പറയുന്നത് പ്രശ്നം നിസാരവല്‍ക്കരിക്കാനേ ഉതകൂ.

Inji Pennu said...

എല്ലാത്തിനു ഉത്തരവാദി അമേരിക്കയെന്നൊന്നും പറഞ്ഞിട്ടില്ല. പക്ഷെ ഈ പ്രശ്നം ഇത്രയും രൂക്ഷമാവാന്‍ പ്രധാന ഉത്തരവാദി അമേരിക്ക തന്നെയാണേന്നാണ് എന്റെ അനുമാനം.

1970’ലെ അതേ വിലയിലേക്ക് വില കുതിച്ച് കയറിയത് പ്രധാനമായും ഓയിലിന്റെ വിലയിലേക്കാണ്. അന്നത്തെ ക്രൂഡ് ഓയിലിന്റെ വിലയുമായി തട്ടിച്ചു നോക്കുമ്പോള്‍ കാണുന്ന plain and simple കാര്യമാണിത്.
Oil Price History

ഈ പ്രശ്നത്തെ ഒതുക്കിതീര്‍ക്കാനും കണ്ണില്‍ പൊടിയിടാനുമാണ് എതനോളിന്റേയും ഫുഡ് കണ്‍‌സം‌‌ഷന്റേയും കാര്യം കൊണ്ടു വരുന്നത്. എതനോള്‍ കൊണ്ടോ മറ്റോ ഇത്രപെട്ടെന്ന് ഒരു ക്ഷാമം വരില്ല. മാത്രമല്ല, കൃഷി നാശങ്ങളെല്ലാം ഇത് ആദ്യമായല്ല ഉണ്ടാവുന്നത് ലോകത്തില്‍. ഇത്ര പെട്ടെന്ന് ഇങ്ങിനെയൊരു സിറ്റുവേഷനിലേക്ക് എത്തിയത് ഓയിലിന്റെ വിലയുല്‍ തൂങ്ങിതന്നെയാണെന്നാണ് എന്റെ നിഗമനം.

ഇതും വായിച്ചു നോക്കൂ.
Oil's upward trend. The oil price has risen faster than food prices since 2005, and is driving them upward. Modern commercial agriculture is extremely energy-intensive, using chemical fertilizers and tractor power, as is the food distribution industry. Fuel costs of both are soaring.