2008-04-03

അപ്പൊ തുടങ്ങാല്ലേ?

ഒരു സ്ഥലത്തൂന്ന് ഒരു ഷര്‍ട്ട് മേടിച്ചു, അത് ഒരൊറ്റ അലക്കില്‍ ചുരുങ്ങി പീസ് പീസ് ആയി. കടയുടെ പേര് അഡ്രസ്, ഷര്‍ട്ട് മേടിച്ച് രസീതും ഉണ്ടെങ്കില്‍ ഇതിനെക്കുറിച്ച് ഒന്ന് ബ്ലോഗിയാല്‍, പിന്നെ അത് വായിച്ച് അങ്ങോട്ട് പോവാനിരുന്ന പതിനഞ്ച് പേര് പോവില്ലല്ലോ? അങ്ങിനെ ഒരു ആശയം വളരെ നാളാ‍യി മനസ്സില്‍ ഉണ്ടായിരുന്നതാണ്.

മുന്‍പ് സന്തോഷ് പിള്ള തിരുവനന്തപുരത്തെ പാര്‍ത്ഥാസിനെ കുറിച്ച് ഒരു കുറിപ്പിട്ടിരുന്നു. പക്ഷെ ആശാന്‍ എന്തുകൊണ്ടോ എന്താ സംഭവിച്ചേ എന്ന് എഴുതിയില്ല. അത് നമ്മുടെയൊക്കെ ഭാവനയ്ക്ക് വിട്ടു. അങ്ങിനെ പറഞ്ഞതുകൊണ്ട് കാര്യമില്ല. കൃത്യമായി തെളിവോട് കൂടി നടന്ന കാര്യം എഴുതുവാന്‍ ഒരു സ്വതന്ത്രമാധ്യമം ഉണ്ടല്ലോ നമുക്ക്. പിന്നെന്താ?

ദേവരാഗം ഇങ്ങിനെയൊരു സംരംഭം തുടങ്ങിക്കഴിഞ്ഞു. ആദ്യത്തെ പോസ്റ്റും ഇട്ടു. ഇനി നിരനിരയായി നിങ്ങള്‍ പോകുന്ന ഡോക്ടറെക്കുറിച്ചോ, വാങ്ങുന്ന അരിയെക്കുറിച്ചോ, നിങ്ങളുടെ ടെലിഫോണ്‍ സര്‍വീസ് പ്രൊവൈഡറെക്കുറിച്ചോ, ഇസ്രയേലിലെ മെഡിക്കല്‍ ഇന്‍ഷുറന്‍സിനെക്കുറിച്ചോ സ്വന്തം ബ്ലോഗില്ലോ അല്ലെങ്കില്‍ ആ കണ്‍സ്യൂമര്‍ ബ്ലോഗിലോ പോസ്റ്റിട്ട് ഇതൊരു ഉഷാര്‍ സംഭവം ആക്കാം.

അങ്ങിനെയെങ്കില്‍ ബ്ലോഗുകള്‍ക്ക് പ്രത്യേകിച്ച് മലയാളം ബ്ലോഗുകള്‍ക്ക് ഇതുവരെ ഇല്ലാതിരുന്ന സാമൂഹിക ഇടപെടല്‍ സ്വഭാവം കൈവരുകയും കൂടുതല്‍ പവര്‍ഫുള്‍ ആവുകയും തൂലിക ചലിപ്പിക്കുന്നതിനു ഒരു ഗുണമുണ്ടാവുകയും ചെയ്യും.

ഇനി നിങ്ങള്‍ താമസിക്കുന്നത് കമ്പ്ലെയിന്റ് ചെയ്താല്‍ അപ്പൊ പിടിച്ച് ജയിലില്‍ ഇടുന്ന രാജ്യമാണെന്ന് ഇരിക്കട്ടേ, എങ്കില്‍ ഉപഭോക്തൃ ബ്ലോഗിലേക്ക് ഒരു മെയില്‍ അയക്കൂ, അവിടെ ഉപഭോക്തൃ ബ്ലോഗിന്റെ ഐഡിയില്‍ ആ പോസ്റ്റിടാം എന്ന് കരുതുന്നു. അങ്ങിനെയെങ്കില്‍ നിങ്ങളുടെ പേരില്‍ വരില്ല. പക്ഷെ കമ്പ്ലെയിന്റിനു തെളിവ് ഉണ്ടായിരിക്കണേ. മാത്രമല്ല, അങ്ങിനെയൊരു കമ്പ്ലെയിന്റോ പോസ്റ്റോ ഇടുന്നതു വഴി മറ്റൊരാള്‍ക്ക് ഒരു സഹായം ആകും, നിങ്ങളുടെ കമ്പ്ലെയിന്റിനു ഉത്തരം കിട്ടിയില്ലെങ്കിലും.

അപ്പൊ വേഗാവട്ടേ....

എന്റെ മനസ്സിലുള്ള നിര്‍ദ്ദേശങ്ങള്‍:
1. എഴുതുമ്പോള്‍ കൃത്യമായി പോയിന്റ് ബൈ പോയിന്റ് എഴുതണം. ഉദാ: ഒരു പോലീസുകാരന്‍ ഉപദ്രവിച്ചുവെങ്കില്‍ അയാളുടെ പേര്, അയാളുടെ പോലീസ് സ്റ്റേഷന്‍ പരിധി, പറ്റുമെങ്കില്‍ അയാളുടെ ഒരു ചിത്രം (ക്യാമറ ഉള്ള മൊബൈല്‍ അല്ല്ലേ കയ്യില്‍ ഇരിക്കുന്നത്), സംഭവിച്ച കാര്യം ചുരുക്കത്തില്‍ (കഥ വായിക്കാന്‍ ആര്‍ക്കും നേരമുണ്ടാവില്ല) ഇത്യാദി ഒക്കെ ആയി പോസ്റ്റിടുക.

2. തീര്‍ച്ചയായും തെളിവുകള്‍ ഉണ്ടായിരിക്കണം. പ്രത്യേകിച്ച് ബ്ലോഗുകള്‍ക്ക് പൊതുവേ വിശ്വാസ്യത ഇല്ലായെന്ന് ആരോപിക്കുന്ന പത്രമാധ്യമങ്ങള്‍ ഉള്ളപ്പോള്‍ അത് ചോദ്യം ചെയ്യപ്പെടാന്‍ ഇടവരുത്തരുത്. തീയതി, രസീത്, സാക്ഷികള്‍ ഇവയെല്ലം കരുതണം. വേണമെങ്കില്‍ അത് സ്കാന്‍ ചെയ്തു ഇടാനും മടിക്കണ്ട.

3. വ്യക്തിപരമായി തെറി വിളിച്ച് ആക്ഷേപിച്ച് എഴുതരുത്. അവരോട് രണ്ട് തെറി വിളിക്കാന്‍ പറ്റാത്തേന്റെ കെറുവല്ല, മറിച്ച് മറ്റൊരാള്‍ക്ക് അത് ഉപകരാപ്പെടട്ടേ എന്ന് കരുതി വേണം എഴുതുവാന്‍.

4. ഏതൊരു കണ്‍സ്യൂമര്‍ കോര്‍ട്ടിനേക്കാളും ഉപകാരമാണ് ഗൂഗിളില്‍ ഒരു സേര്‍ച്ച് ഒരു പ്രസ്തുത കമ്പനിയെക്കുറിച്ച് സേര്‍ച്ചുമ്പോള്‍ കിട്ടാന്‍ പോകുന്നതെന്ന നടുക്കുന്ന സത്യം കസ്റ്റമേര്‍സിനെ ദൈവതുല്യം കാണുവന്‍ നമ്മുടെ സ്ഥാപനങ്ങളെ പഠിപ്പിക്കും. അതുകൊണ്ട് മാക്സിമം കീ വേര്‍ഡ്സ് ഉപയോഗിച്ച് വേണം എഴുതുവാന്‍.

5. സ്വന്തമായി എഴുതാന്‍ ചമ്മലുണ്ടോ? എങ്കില്‍ വനിതയില്‍ ഒക്കെ കാണുന്നതുപോലെ "എന്റെ കൂട്ടുകാരന്‍/കൂട്ടുകാരി ക്ക് സംഭവിച്ചത്" എന്ന എഴുതിക്കോളൂ. അങ്ങിനെയെങ്കില്‍ സത്യമായിട്ടും അത് നിങ്ങളുടെ കൂട്ടുകാര്‍ക്ക് സംഭവിച്ചതന്നേ വായനക്കാ‍ര്‍ കരുതുള്ളൂ ;)

6. നിങ്ങളുടെ സ്വന്തം ബ്ലോഗില്‍ പോസ്റ്റുന്നെങ്കില്‍ അതിന്റെ ലിങ്ക് ഉപഭോക്തൃ ബ്ലോഗില്‍ ലിങ്ക് കൊടുക്കുക. ലിങ്കിങ്ങ് ബാക്ക് നല്ലൊരു കാര്യമാണ്, സേര്‍ച്ചില്‍ വരാന്‍ ചാന്‍സും കൂടുതല്‍.

ഓഫ്: നല്ല കാര്യങ്ങളും എഴുതാം, എഴുതണം. പക്ഷെ ഓവറക്കാണ്ട. നമ്മുടെ കമ്പനിയൊന്നുമല്ലല്ലോ. :)

13 പ്രതികരണങ്ങള്‍:

Santhosh said...

പാര്‍ത്ഥാസില്‍ എനിക്കു നേരിട്ട അനുഭവം എന്താണെന്നു് കൃത്യമായി പറയാത്തതിനു കാരണങ്ങളുണ്ടു്.

എനിക്കു് പാര്‍ത്ഥാസില്‍ നേരിട്ട പ്രശ്നത്തിനുള്ള പരിഹാരം ബ്ലോഗിലൂടെ ആവുമെന്നു് ഞാന്‍ വിശ്വസിക്കുന്നില്ല. എന്‍റെ വായനക്കാരെയെല്ലാം പാര്‍ത്ഥാസില്‍ നിന്നും അകറ്റുക എന്‍റെ ലക്ഷ്യമായിരുന്നില്ല. സന്ദര്‍ഭവശാല്‍ ഈ സംഭവം നടന്നതു് പാര്‍ത്ഥാസ് ആയെന്നേയുള്ളൂ. തിരുവനന്തപുരത്തെ ഏതൊരു വലിയ ജൌളിക്കടയുടേയും സ്ഥിതി വ്യത്യസ്ഥമല്ല.

എന്‍റെ അനുഭവം വായിച്ചിട്ടു് അതില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ വിശ്വാസ്യമാണെന്നു ബോദ്ധ്യമായാല്‍ ആ കടയില്‍ പോകണമോ വേണ്ടയോ എന്ന തീരുമാനം വായനക്കാര്‍ക്കു് എടുക്കാമല്ലോ. ഉപഭോക്താവിനെ കടക്കാര്‍ക്കു് പുല്ലുവിലയാണെന്നു ഓര്‍മ്മപ്പെടുത്താന്‍ പോസ്റ്റിലെ എന്‍റെ അനുഭവവിവരണം കിറുകൃത്യമായില്ല എന്നതു് തടസ്സമാവുമെന്നു് ഞാന്‍ വിശ്വസിക്കുന്നില്ല. എന്‍റെ അനുഭവം ശരിവയ്ക്കുന്ന കമന്‍റുകള്‍ ആ പോസ്റ്റില്‍ കാണുകയും ചെയ്യാം.

ഇനി ഏറ്റവും പ്രധാനമായി, കടയില്‍ നടന്നതു് എന്താണെന്നു് അക്ഷരംപ്രതി വിവരിക്കരുതെന്നു് എനിക്കു നിയമോപദേശമുണ്ടായിരുന്നു.

ഉപഭോക്തൃസംഘം എന്ന ബ്ലോഗിന്‍റെ പ്രഖ്യാപിത ലക്ഷ്യം എന്‍റെ പോസ്റ്റിന്‍റെ ലക്ഷ്യത്തില്‍ നിന്നും വ്യത്യസ്തമാണു്.

Inji Pennu said...

ബ്ലോഗിലൂടെ പ്രശ്നപരിഹാരം അല്ലായെന്ന് തോന്നുന്നു ഉപഭോക്തൃ ബ്ലോഗിന്റെ ലക്ഷ്യം. കസ്റ്റമറുടെ ഒരു റിവ്യൂ മാത്രമാണ്. പുതിയ കസ്റ്റമേര്‍സിനെ അകറ്റുകയും അല്ല. പക്ഷെ ഇംഗ്ലീഷില്‍ ഒരു സ്ഥാപനത്തിനെക്കുറിച്ച് സേര്‍ച്ച് ചെയ്താല്‍ കിട്ടുന്ന ഒന്ന് പോലും മലയാളത്തില്‍ ഇല്ല. അങ്ങിനെ ഒരു കോമ്പ്രിഹെന്‍സീവ് റിവ്യൂ ഡേറ്റാ കളക്ഷനാണ് മുഖ്യ ലക്ഷ്യം എന്ന് കരുതുന്നു. അത് വായിച്ച് ആളുകള്‍ക്ക് നിശ്ചയിക്കാം എന്ന് തന്നെ.

സന്തോഷ് ശരിയായ ഒരു ഉപഭോക്തൃ പോസ്റ്റ് അല്ല ഇട്ടത് എന്നു തന്നെയാണ് ഞാന്‍ ലേഖനത്തില്‍ ഉദ്ദേശിച്ചതും. അങ്ങിനെ ബ്ലാങ്കറ്റ് ആയിട്ട് എല്ലാ ജൌളിക്കടയെക്കുറിച്ചും പറയാനല്ല, മറിച്ച് കൃത്യം ആയിരിക്കണം എന്ന്.

Santhosh said...

എന്‍റെ പോസ്റ്റിന്‍റെ ലക്ഷ്യം കസ്റ്റമര്‍ റിവ്യൂ ആയിരുന്നില്ല. (അതാണു് പറഞ്ഞതു് എന്‍റെ പോസ്റ്റിന്‍റെ ലക്ഷ്യവും ഉപഭോക്തൃസംഘം എന്ന ബ്ലോഗിന്‍റെ ലക്ഷ്യവും രണ്ടാണെന്നു്.)

ഒരു ശരിയായ ഉപഭോക്തൃ പോസ്റ്റിന്‍റെ ലക്ഷണമെന്താണു്? ജെനറല്‍ അവയര്‍നെസ് ഉണ്ടാക്കാന്‍ സഹായിക്കുക അതിലൊന്നാണെന്നു് ഞാന്‍ കരുതുന്നു. എന്‍റെ പോസ്റ്റ് ആ ലക്ഷ്യം നേടിയോ എന്നു പറയേണ്ടതു് ഞാനല്ലാത്തതിനാല്‍ അതിലേയ്ക്കു് കടക്കുന്നില്ല.

un said...

ഇഞ്ചിപ്പെണ്ണ്,
നല്ല സംരഭം. തക്കസമയത്താണ് ഞാനിവിടെ വന്നത്. കഴിഞ്ഞ മൂന്നാലു ദിവസമായി എനിക്ക് നേരിട്ടനുഭവിക്കേണ്ടി വന്ന ഒരു കാര്യം ഇവിടെ സൂചിപ്പിക്കുന്നു. ഒരു പോസ്റ്റായി ഇടാനുള്ള മാനസികാവസ്ഥയിലല്ല ഞാന്‍. അതു കൊണ്ട് കമന്റിന്റെ അനൌചിത്യം പൊറുക്കുക.
കഴിഞ്ഞ ഞായറാഴ്ച രാത്രി പന്ത്രണ്ടുമണി മുതല്‍ ഞാനും ചില കൂട്ടുകാരും അത്യാസന്ന നിലയില്‍ കിടക്കുന്ന എന്റെ ഒരു സുഹൃത്തിന്റെ ജീവന്‍ രക്ഷിക്കാനായി പരക്കം പായുകയാണ്.
28ന് വൈകുന്നേരമാണ് എന്റെ സുഹൃത്ത്
ബാഗ്ലൂരിലെ പ്രശസ്തമായ(?)പഞ്ചനക്ഷത്ര ഹോസ്പിറ്റലായ കൊളംബിയ ഏഷ്യ എന്ന ഹോസ്പിറ്റലില്‍ കഠിനമായ പനിയും സന്ധിവേദനുയുമായി പരിശോധനക്ക് ചെല്ലുന്നത്. അന്ന് ഡ്യൂട്ടി ഡോക്ടര്‍ ചില ബ്ലഡ് ടെസ്റ്റുകള്‍ എഴുതിക്കൊടുത്ത് തിരിച്ചയച്ചു. ഒരു കുറവും കാണിക്കാത്തതിനാല്‍ പിറ്റേന്ന് വീണ്ടും ചെന്നു. കാറോടിക്കാന്‍ പോലും ശേഷിയില്ലാഞ്ഞിട്ടും അവര്‍ അഡ്മിറ്റു ചെയ്യാതെ തിരിച്ചയച്ചു. ശനിയാഴ്ചയും അതു തന്നെ ചെയ്തു. റിപ്പോര്‍ട്ടു വരാന്‍ 72 മണിക്കൂര്‍ കഴിയുമെന്നും അതുവരെ കാത്തിരിക്കാനും പറഞ്ഞു. ഞായറാഴ്ചയായപ്പോഴേക്കും അവന്‍ തീരെ അവശനായി. കണ്ണുകള്‍ ചോരനിറമായി.ചര്‍ദ്ദി, വയറ്റിളക്കം കൂടാതെ മൂന്നു രാത്രി ഉറങ്ങാത്തതിന്റെ ക്ഷീണവും. അങ്ങനെ ഒടുവില്‍ അവര്‍ അവനെ ICUയില്‍ അഡ്മിറ്റ് ചെയ്തു. ബുധനാഴ്ച വരെ അവിടെക്കിടന്നു. യാതൊരു കുറവുമില്ല. ശരീരം നീരു വന്നു വീര്‍ത്തു. കരള്‍, ശ്വാസകോശം,എന്നിവടങ്ങളില്‍ ഇന്‍ഫെക്ഷനാണെന്നാണ് പറഞ്ഞത്. MRI scan ചെയ്യാനുള്ള സൌകര്യമില്ലാ എന്നു പറഞ്ഞ് അവശനായ രോഗിയെയും കൊണ്ട് പുറത്തു പോയി അതു ചെയ്യിപ്പിച്ചു. ഒടുവില്‍ ബുധനാഴ്ച വൈകുന്നേരം അവര്‍ പറഞ്ഞത് ഹാര്‍ട്ടിനും അണുബാധയുണ്ട് ഉടന്‍ ഒരു ഹാര്‍ട്ട് ഓപ്പറേഷന്‍ വേണം അതിനായി കണ്ണിങ്ഹാം റോഡിലുള്ള വോക് ഹാട് ഹോസ്പിറ്റലിലേക്ക് മാറ്റണമെന്ന്. നാലു ദിവസത്തേക്ക് 89000/- രൂപയുടെ ബില്ലും തന്നു. പരിശോധിച്ച ഓരോ ഡോക്ടറുടേയും പ്രത്യേകം ഫീസ് അടക്കം!വൈകുന്നേരം ഏഴുമണിയുടെ ട്രാഫിക്കില്‍ ഹെബ്ബാളില്‍ നിന്നും കണ്ണിങ്ങം റോഡിലേക്ക് ആംബുലന്‍സ് പറപ്പിച്ചു. അവിടെ എത്തിയപ്പോഴാണ് അവര്‍ പറയുന്നത് ആ ബ്രാഞ്ചിലല്ല, 10-15 കി. മി ദൂരെ ബന്നേര്‍ഗട്ട റോഡിലുള്ള ആശുപത്രിയിലേക്കാണെന്ന്. രണ്ടര മണിക്കൂറോളം എടുത്തു ഒടുവില്‍ ആശുപത്രിയിലെത്തിക്കാന്‍. അത്യാസന്ന നിലയില്‍ കിടക്കുന്ന ഒരു രോഗിയെ കൈകാര്യം ചെയ്തതിലെ അനാസ്ഥ നോക്കൂ. അഡ്മിറ്റ് ചെയ്യാന്‍ വൈകിപ്പിച്ച് കാര്യങ്ങള്‍ വഷളാക്കിയതു കൂടാതെ തികച്ചും നിരുത്തരവാദ പരമായി പെരുമാറിയ ആശുപത്രി അധികൃതരെക്കുറിച്ച് മറ്റുള്ളവരും അറിയണമെന്നു തോന്നിയതു കൊണ്ടാണ് ഈ സംഭവം ഇവിടെ വിവരിച്ചത്. വോക് ഹാര്‍ടിലെത്തിച്ച അന്ന് പ്രതീക്ഷക്ക് വകയില്ല എന്നു പറഞ്ഞെങ്കിലും, ഇപ്പോള്‍ നല്ല പുരോഗതിയുണ്ട് എന്നാണവര്‍ പറയുന്നത്. ഭേദമാവുമെന്ന് ഡോക്ടര്‍മാര്‍ക്ക് നല്ല പ്രതീക്ഷയും. ഞങ്ങള്‍ ഇപ്പൊഴും പ്രാര്‍ത്ഥിക്കുകയാണ്.
ഒന്നു കൂടെ അനൌചിത്യത്തിനു മാപ്പ്.

Anonymous said...

www.mouthshut.com

അരവിന്ദ് :: aravind said...

നല്ല പഴയ ഒരു ഐഡിയ ആണ്. കേരളത്തില്‍ പുതിയതും!

ദക്ഷിണ ആഫ്രിക്കയില്‍ ഈ ആശയം ഒരാള്‍ പ്രാബല്യത്തില്‍ വരുത്തി, എത്രത്തോളം വിജയിച്ചു എന്നറിയാന്‍ ഇവിടെ നോക്കുക.

http://www.hellopeter.com

ഭയങ്കര എഫെക്റ്റാണ് ഇതിന്..എനിക്ക് ഒരു പ്രോപ്പര്‍ട്ടി ഏജന്റിന്റെ കൈയ്യില്‍ നിന്നും ഒരു പ്രശ്നമുണ്ടായപ്പോള്‍ ഞാന്‍ പറഞ്ഞു, "ഓകെ, ഞാന്‍ തര്‍ക്കിക്കുന്നില്ല, പക്ഷേ നാളെ നിങ്ങളുടെ കമ്പനിയെക്കുറീച്ച് ഉണ്ടായ സംഭവം ഞാന്‍ ഹെലോപീറ്ററില്‍ എഴുതും" എന്ന്! അടുത്ത ദിവസം വന്നു ക്ഷമാപണവും, നേരായ ഇടപെടലും!
ഇവിടെ പല കൊര്‍പ്പെറേറ്റുകളും ഈ സൈറ്റിനെ ആശ്രയിക്കുന്നു, കസ്റ്റമര്‍ ഫീഡ് ബാക്കിനും പ്രൊസെസ്സ്/റിലേഷന്‍ഷിപ്പ് ഇംപ്രൂവ്മെന്റിനും!

ആശംസകള്‍.

(പണ്ട് ബാംഗ്ലൂരിലെ റ്റൈംസ് ഓഫ് ഇന്ത്യ പത്രത്തില്‍ ഇതുപോലെ വേറെ നല്ല ഒരു ആശയവും കണ്ടിരുന്നു. ഗവര്‍മെന്റിന്റെ അനാസ്ഥകാട്ടുന്ന ഫോട്ടോകള്‍ പത്രത്തിലിടുക.എന്നിട്ട് അതു നന്നാക്കാന്‍ ഗവര്‍മെന്റ് എടുക്കുന്ന ദിവസങ്ങളുടെ എണ്ണം എടുക്കുക. ഉദാഹരണത്തിന് അപകടകരമാം‌വിധം റോഡിലെ ഇളകിക്കിടക്കുന്ന ഒരു ഓടയുടെ സ്ലാബ്. ഫോട്ടോയിട്ട് ഒരു മൂന്ന്-നാല് ദിവസം കഴിയും മുന്‍പ് ബാംഗ്ലൂര്‍ മുന്‍സിപ്പാലിറ്റി അത് ശരിയാക്കുമായിരുന്നു എന്ന് ഓര്‍ക്കുന്നു!)

നാട്ടിലെ പൊതുജനങ്ങല്‌ക്ക് വൃത്തിബോധവും സാമൂഹികബൊധവും വളര്‍ത്താന്‍ ഇതു പോലെ വല്ല ഐഡിയയും ഉണ്ടെങ്കില്‍ നന്നായിരുന്നു. (പൊതു റ്റോ‌യ്ലെറ്റ് നന്നായി ഉപയോഗിക്കുക, പൊതുസ്ഥലത്തെ ലിറ്ററിംഗ് തടയുക, ക്യൂ നില്‍ക്കുക, ട്റാഫിക് നിയമങ്ങള്‍ നന്നായി പാലിക്കുക, ..എത്ര ചെറിയ കാര്യങ്ങളുടെ അഭാവമാണ്, നമ്മളെ മൂന്നാം ലോകമാക്കുന്നത്!)

Anonymous said...

http://www.complaints.com/

Anonymous said...

ഇഞ്ചിപ്പെണ്ണിനോടൊരു ചോദ്യം.ഒരാളുടെ അനുമതിയില്ലാതെ അയാളുടെ ഫോട്ടൊ എടുക്കുന്നത് നിയമവിരുദ്ധമാണെന്നറിയില്ലെ? അയാളു പരാതിപ്പെട്ടാല്‍ പരാതിയുമായി ചെന്ന്‍ അതിനു തെളിവായി ഫോട്ടൊ കൊടുക്കുന്ന ആളു ചിലപ്പൊ അകത്തായിപ്പോകും..പിന്നെ നമ്മളു ചെയ്യുന്നതുകൂടി സത്യസന്ധമായി എഴുതാന്‍ പറയണം. നമ്മളു ഹെല്‍മറ്റില്ലാതെ വര്‍മ്പോള്‍ പോലീസുദ്യോഗസ്ഥന്‍ കൈ കാണിച്ചാല്‍ നിര്‍ത്തതെ പോകുകയും അയാളു നമ്പരു നോട്ട് ചെയ്തു വച്ചു പിന്നീട് പേപ്പറയക്കുമ്പോള്‍ എന്നെ പിഡിപ്പിച്ചെ എന്നു വലിയവായിലു വിളിക്കാതിരിക്കുകയും വേണം. അല്ലാതെ സ്വന്തം കാര്യം നടക്കാന്‍ വേണ്ടി എന്തും കാണിക്കുന്ന ഒരു ടിപ്പിക്കല്‍ മലയാ‍ളിയുടെ സ്വഭാവം കാണിക്കാതിരുന്നാല്‍ ഇതു വിജയിച്ചേക്കും..

പിന്നെ വനിത തന്നെ ഉദാഹരണമായിക്കാണിച്ചതു വളരെ നന്നായി..!!

Inji Pennu said...

പേരയ്ക്കേ,
കമന്റുകള്‍ സേര്‍ച്ചാന്‍ ഇപ്പോള്‍ സാധിക്കാത്തതുകൊണ്ട് ഇതൊരു പോസ്റ്റായിട്ട് ഇടണം.
അത് ഇടുന്നതില്‍ വിരോധമില്ലല്ലോ ല്ലേ?

അനോണിയേ
ഇന്ത്യയില്‍ ഇപ്പൊഴത്തെ നിയമമനുസരിച്ച് ഒരാളുടെ ഫോട്ടോ എടുക്കുന്നത് നിയമവിരുദ്ധമൊന്നുമല്ല എന്നാണെന്റെ അറിവ്. ഇന്ത്യയില്‍ പ്രൈവസി നിയമമായിട്ട് ഒന്ന് ഇതുവരേയും നമ്മള്‍ സെറ്റ് അപ്പ് ആക്കീട്ടില്ല എന്നാണ് എന്റെ അറിവില്‍. മറിച്ചുണ്ടെങ്കില്‍ ഒന്ന് ലിങ്കോ മറ്റോ കാണിച്ചു തരണേ?
(ബ്ലാങ്ക് നോയ്സ് പ്രോജ്കറ്റില്‍ ഇന്ത്യന്‍ ഈവ് ടീസേര്‍സിന്റെ ഫോട്ടോകള്‍ പെണ്‍കുട്ടികള്‍ ബ്ലോഗില്‍ ഇടാറുണ്ട്.)

എന്തേ വനിത ഉദാഹരിച്ചാല്‍? കുറച്ചിലാണോ? ;)

Haree said...

Indian Consumer Complaints Forum എന്നൊരു സംരംഭം ഇപ്പോള്‍ തന്നെയുണ്ട്. സമാനമായ മലയാളം വേര്‍ഷനാണ് ഇവിടെ ഉദ്ദേശിക്കുന്നതെന്നു കരുതട്ടെ? എങ്കില്‍ ഇംഗ്ലീഷില്‍ ഒരു പോസ്റ്റ് ആ ഫോറത്തിലുമിടുന്നത് നന്നായിരിക്കില്ലേ?

സന്തോഷിന്റെ പോസ്റ്റ് ഞാനും വായിച്ചിരുന്നതാണ്. ഒരുപക്ഷെ സ്ഥിരമായി പാര്‍ത്ഥാസില്‍ പോവുന്ന ഒരാ‍ള്‍ക്ക് അത് മനസിലാവുമായിരിക്കും. പക്ഷെ, എനിക്ക് സന്തോഷിനു നേരിട്ട പ്രശ്നമെന്താണെന്ന് മനസിലാക്കുവാന്‍ സാധിച്ചില്ല. എന്തോ ഒരു പ്രശ്നമുണ്ടായി, അതിന്റെ മൂലകാരണം കസ്റ്റമറിനെ വിലകുറച്ചു കണ്ടതാണ് ഇത്രയും മനസിലായി. ഇത്രയും മനസിലാക്കണമെന്നേ ഒരുപക്ഷെ സന്തോഷ് ഉദ്ദേശിച്ചിരിക്കുകയുള്ളൂ, അല്ലേ? :)

പേരക്കയോട്; ഇത് പോസ്റ്റാക്കുകയല്ലല്ലോ വേണ്ടത്. നരഹത്യയ്ക്ക് കേസെടുക്കുവാനുള്ളത്രയും ഗൌരവം അതിനുള്ളതായാണ് തോന്നുന്നത്. മുകളില്‍ തന്ന ലിങ്കില്‍ (Indian Consumer Complaints Forum) ഒന്നു പോസ്റ്റ് ചെയ്യൂ.

പോലീസുകാരന്റെ ഫോട്ടോയിടുന്ന പ്രശ്നം. പോലീസുകാരന്‍ പബ്ലിക്കായി കൃത്യനിര്‍വ്വഹണത്തില്‍ ഏര്‍പ്പെടുന്നതിന്റെ ചിത്രം പകര്‍ത്തുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. പിന്നെ അതെടുത്ത് കൊമേഴ്സ്യലായി എന്തെങ്കിലും ചെയ്യുവാനായി (ഉദാ: കാക്കി തുണി പുറത്തിറക്കുന്ന ഒരു കമ്പനിയുടെ പരസ്യമായി) ഉപയോഗിക്കുമ്പോഴാണ് പ്രശ്നമാവുക. മാധ്യമങ്ങളില്‍ ഉപയോഗിക്കുവാന്‍ പോലീസുകാരന്റെ അനുവാദം ആവശ്യമില്ല. പക്ഷെ, ‘ബ്ലോഗ്’ എന്നു പറയുന്നത് ഒരു മാധ്യമമാണെങ്കിലും അതിന് പല രൂപങ്ങളും സ്വീകരിക്കാം. അപ്പോള്‍ ഇത് പ്രസിദ്ധപ്പെടുത്തുന്ന ബ്ലോഗിന്റെ വ്യക്തിത്വവുമായി ബന്ധപ്പെട്ടിരിക്കും, ഉപയോഗിക്കുവാന്‍ സാധിക്കുമോ ഇല്ലയോ എന്ന കാര്യം.
--

കരീം മാഷ്‌ said...

ഇതരഭാഷാ ബ്ലോഗുകളില്‍ വിവിധ ജനകീയ മുന്നേറ്റ കര്‍ത്തവ്യങ്ങള്‍ കണ്ടപ്പോള്‍ മലയാളത്തിലും ഇതിനു വളരെ പ്രസക്തിയുണ്ടെന്നു തോന്നിയിരുന്നു.
കണ്ടന്റിന്റെ സത്യസന്ധതയും, ആത്മാര്‍ത്ഥതയും ഉറപ്പു വരുത്തുന്നതും ഉത്തരവാദിത്വം ഏറ്റെടുക്കുന്നതുമാണു പ്രധാനം.
പ്രാഥമീക അന്വേഷണവും ഉദ്ദേശശുദ്ധിയും തെളിയിക്കപ്പെട്ടതിനു ശേഷം തുടരുന്ന പോരാട്ടങ്ങള്‍ക്കു പത്ര-ദൃശ്യ മാധ്യമ ഇടപെടലുകളെക്കാള്‍ ഫലം ചെയ്യും. കാരണം ഒരിക്കല്‍ പതിഞ്ഞ ചീത്തപ്പേരു കാലാകാലം മായാതെ നെറ്റില്‍ പത്തു തലമുറകഴിഞ്ഞാലും ബാക്കി നില്‍ക്കുന്നതിനാല്‍ കണ്ടില്ലന്നു നടിച്ചു കണ്ണടച്ചിരുട്ടാക്കാന്‍ ആര്‍ക്കും കഴിയില്ല.
പുതിയ സംരംഭത്തിനു സകല ഭാവുകങ്ങളും.

ആഷ | Asha said...

ഇപ്പഴാണ് ആ ഉപഭോക്ത്രു ബ്ലോഗു കാണുന്നത്.
സംഗതി കൊള്ളാം :)

ലുട്ടാപ്പി::luttappi said...

കൊള്ളാം ഇഞചീ... നല്ലൊരു സംരഭം.... ഞ്യൻ ഇന്നാണു ഇതു കണ്ടതു.... എനിക്കും... ഇതു പോലെ ഒരു അനുഭവം ഉണ്ടു... അതു ഒരു ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ടതാനണു...1 വർഷം ബാങ്കിന്റെ പുറകേ നടന്നിട്ടു ഫലം കാണാഞ്ഞു ആർ ബി ഐ യിൽ കുമ്പ്ല്യിന്റ് കൊടുതു.... കഴിഞ്ഞ മാസം... ഇന്നലെ അവർ സെറ്റിൽമെന്റ് മായി കത്തു അയച്ചിരുന്നു...എല്ലാം ഒന്നു സെറ്റിൽ ആയിട്ടു ഒരു പോസ്റ്റ് ആയി ഇടാം.