2008-04-30

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

കേരളത്തില്‍ നിന്നുള്ള സിംഗപ്പൂര്‍, ദുബായ് യാത്രകള്‍ വെറും നാല് മണിക്കൂറില്‍ തീരും. വിമാനം താമസിച്ചാല്‍ ഒന്നില്ലെങ്കില്‍ കേരളത്തിലോ മുംബായിലോ അല്ലെങ്കില്‍ ചുറ്റുവട്ടത്തൊക്കെയായി കാത്തിരിക്കേണ്ടതായി വരും. അതുപോലെയുള്ള ചെറിയ ചെറിയ ഫ്ലൈറ്റുകള്‍ താമസിച്ചാല്‍ അധികം ടെന്‍ഷന്‍ അടിക്കേണ്ട കാര്യമില്ല. പക്ഷെ യൂറോപ്പ്, ഓസ്ത്രേലിയ, അമേരിക്ക, ആഫ്രിക്ക, കാനഡ എന്നിങ്ങിനെയുള്ള ഫ്ലൈറ്റുകള്‍ നാല് മണിക്കൂറൊക്കെ വെറും സ്റ്റോപ്പ് ഓവര്‍ സമയങ്ങളാണ്. പതിനെട്ട് മുതല്‍ മുപ്പത്തിയാറ് മണിക്കൂറുകള്‍ വരെ നീണ്ടു നില്‍ക്കുന്ന ദുരിതം പിടിച്ച യാത്രകളാണ്.

വിമാനം ഉണ്ടാക്കിയവനെ കൊല്ലണമെന്ന് തോന്നും (വിമാനം നിലത്ത് ഇറങ്ങിക്കഴിഞ്ഞ ശേഷം മാത്രം). അതും പ്രത്യേകിച്ച് കുട്ടികളെ വെച്ചുകൊണ്ടുള്ള യാത്രകളില്‍. അതില്‍ തന്നെ കുരുന്നുകുട്ടികളേയും വെച്ച് സ്ത്രീകളോ മറ്റോ ഒറ്റയ്ക്കായാലുള്ള നരകതുല്യമായ അവസ്ഥ പറഞ്ഞറിയിക്കുവാന്‍ കൂടി സാധ്യമല്ല. അതില്‍ ഫ്ലൈറ്റ് ലേറ്റവുക മറ്റോ ചെയ്താല്‍ !

അല്പം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍, വിമാനയാത്രയില്‍ ഒരു ഹാന്റ് ലഗേജില്‍ ആത്യാവശ്യം കരുതേണ്ട കാര്യങ്ങള്‍ :

1. ഒരു ദിവസത്തേക്കുള്ള ഒരു സെറ്റ് വസ്ത്രം എപ്പോഴും കരുതണം. കുട്ടികളുണ്ടെങ്കില്‍ അവര്‍ക്കുള്ള ബാഗില്‍ രണ്ടോ മൂന്നോ വസ്തങ്ങളും കരുതണം. മിക്കവരും കുട്ടികള്‍ക്കുള്ളതെല്ലാം എടുക്കും, സ്വന്തം കാര്യം മറക്കും.

2. മുഖം തുടയ്ക്കാനും മറ്റുമുള്ള നാപ്കിനുകള്‍ അല്ലെങ്കില്‍ ഒരു ചെറിയ ടവ്വല്‍.

3. ന്യൂസ് പേപ്പറുകള്‍ ഒരു ദിവസത്തേത് അല്ലെങ്കില്‍ ഒരു ചെറിയ ഷീറ്റ്. അധികം ഭാരം കൂടാതെയാണ് ന്യൂസ് പേപ്പര്‍ കരുതുന്നത്.

4. മൂന്നോ നാലോ പ്ലാസ്റ്റിക്ക് കവറുകള്‍, ചര്‍ദ്ദിക്കുകയോ മറ്റോ ചെയ്താല്‍ അല്ലെങ്കില്‍ എന്തെങ്കിലും കയ്യില്‍ കരുതാന്‍.

5. കുട്ടികള്‍ക്കുള്ള ആഹാരം രണ്ട് ദിവസത്തിനുള്ളത്, ചെറിയ ചെറിയ ക്ലിയര്‍ ആയുള്ള പ്ലാസ്റ്റിക്ക് കൂടുകളില്‍ കരുതണം. വിമാനയാത്രയില്‍ ആഹാരസാധനങ്ങളും മറ്റും കൊണ്ടു പോകുന്നത് ഇപ്പോള്‍ കര്‍ക്കശമാക്കിയിരിക്കുകയാണ്. അതുകൊണ്ട് നിയമങ്ങള്‍ ശ്രദ്ധിച്ച് വായിച്ച ശേഷം വേണം ഇതെല്ലാം പാക്ക് ചെയ്യാന്‍. വെള്ളം ചെറിയ ബോട്ടിലില്‍ മാത്രമേ അനുവദിക്കുകയുള്ളൂ.

6. ഫോണ്‍ നമ്പറുകള്‍, അതും എങ്ങിനെ ഓരോ രാജ്യത്തും വിളിക്കേണ്ടത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍. (കേരളത്തിനു വെളിയിലുള്ള പരിചയക്കാരുടെ മുഴുവന്‍ നമ്പറുകള്‍ ഞാന്‍ കരുതാറുണ്ട്. വിമാനം ഏതിലേക്കൂടി കൊണ്ടു പോകുമെന്ന് യാതൊരു ഐഡിയയും ഇല്ല). മിക്ക എയര്‍പ്പോര്‍ട്ടുകളിലും ഇപ്പോള്‍ ഇന്റര്‍നെറ്റ് സൌകര്യമുണ്ട്.

7. പാസ്സ്പ്പോര്‍ട്ടും ടിക്കറ്റും അങ്ങിനെ മറ്റു പ്രധാന രേഖകളും കഴുത്തില്‍ തൂക്കിയിടാവുന്ന തരം ട്രാവല്‍ പൌച്ചസ് കിട്ടും. അതാണ് ഏറ്റവും എളുപ്പവും സൌകര്യവും. ഇതില്‍ തന്നെ അത്യാവശ്യ ഫോണ്‍ നമ്പറുകളും കരുതുക. അത് കഴുത്തില്‍ കിടക്കുന്നതുകൊണ്ട് വസ്ത്രത്തിന്റെ ഉള്ളിലേക്ക് കടത്തിയിടാനും സൌകര്യമാണ്. അതുകൊണ്ട് ഒന്നു ഉറങ്ങിപ്പോയാലും ഭയക്കണ്ട. ഓരോരുത്തര്‍ അവരവരുടെ ഡോക്യുമെന്റ്സ് കരുതുക. അല്ലാതെ എല്ലാം കൂടി ഒരാളെ ഏല്‍പ്പിക്കരുത്.

8. അത്യാവശ്യം ചില്ലറ കറന്‍സികള്‍. യൂറോപ്പിലേക്കാണെങ്കില്‍ യൂറോയും നാണയങ്ങളും, അമേരിക്കയിലേക്കാണെങ്കില്‍ ഡോളറും ചില്ലറകളും. ചില്ലറ കരുതേണ്ടത് അത്യാവശ്യമാണ്. ഒരു ക്യാന്‍ സോഡാ മെഷീനില്‍ നിന്ന് എടുക്കാനോ, ഒന്ന് ഫോണ്‍ ചെയ്യാനോ ഒക്കെ ആ സമയത്ത് വേറെ മാര്‍ഗ്ഗം കാണില്ല. അല്ലെങ്കില്‍ എയര്‍പ്പോര്‍ട്ടില്‍ ഇറങ്ങി കറന്‍സി എക്സേഞ്ച് ചെയ്യാമെന്ന് കരുതരുത്. അസമയത്ത് ഇറങ്ങിയാല്‍ ഇതൊന്നും തുറന്ന് പ്രവര്‍ത്തിക്കില്ല.

9. വിമാനം താമസിച്ചാല്‍ അപ്പോള്‍ തന്നെ കാത്തിരിക്കുന്നവരേയോ വീട്ടിലേക്കോ വിളിച്ചറിയിക്കുക. അവര്‍ നിങ്ങളേക്കാളും തീ തിന്നായിരിക്കും ഇരിക്കുന്നത്. മാത്രമല്ല അവര്‍ക്ക് നിങ്ങള്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തരുവാന്‍ സാധിക്കും.

10. ബാഗില്‍ സ്വര്‍ണ്ണം, ക്യാമറ ഇത്യാദി കരുതിയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും സൂക്ഷിക്കണം. വിമാനത്തില്‍ ഉള്ളവരെല്ലാം കാശുകാരല്ലേ ഒന്നും അടിച്ചെടുക്കില്ല എന്നൊന്നും കരുതുണ്ട. സുഹൃത്തുക്കള്‍ പലര്‍ക്കും ന്യൂ യോര്‍ക്ക് ജെ.എഫ്.കെ എയര്‍പ്പോര്‍ട്ടില്‍ സ്വര്‍ണ്ണം വെച്ചിരുന്ന ഹാന്റ് ലഗേജ് കളഞ്ഞുപോയിട്ടുണ്ട്.

11. എന്തെങ്കിലും വഴി ചോദിക്കുമ്പോള്‍ ഒരാളോട് മാത്രമല്ല, അല്‍പ്പം നീങ്ങി മറ്റൊരാളോടും കൂടി ചോദിച്ച് തീര്‍ച്ചപ്പെടുത്തുക.

12. നീണ്ട യാത്രയ്ക്ക് വിമാനം ബുക്ക് ചെയ്യുമ്പോള്‍ എപ്പോഴും കണ്ടിന്യൂസ് ആയിട്ട് ബുക്ക് ചെയ്യുക. ഇല്ലെങ്കില്‍ നിങ്ങളുടെ ഒരു വിമാനം താമസിച്ചാല്‍, മറ്റേ എയര്‍ലൈന്‍സിനു അതില്‍ ഉത്തരവാദിത്വം ഉണ്ടാവുകയില്ല. മാത്രമല്ല ഇടയ്ക്ക് വെച്ച് ഭാരമുള്ള പെട്ടിയെടുത്ത് മാറിക്കയറേണ്ട അവസ്ഥയും ഉണ്ടാവില്ല.

13. കൃത്യമായുള്ള വിവരങ്ങള്‍ കിട്ടാതെ, എന്തു സംഭവിച്ചാലും എയര്‍പ്പോര്‍ട്ടില്‍ നിന്ന് ഒരു കാരണവശാലും പുറത്തേക്ക് ഇറങ്ങരുത്. എയര്‍പ്പോര്‍ട്ടില്‍ കുടുങ്ങിയാല്‍ കണ്ടെത്താന്‍ എളുപ്പമാണ്. മാ‍ത്രമല്ല, വെളിയിലേക്ക് ഇറങ്ങിയാല്‍ പിന്നെ തിരിച്ചു കയറാനും മറ്റും ബുദ്ധിമുട്ടാണ്. സാധാരണയായി എയര്‍പ്പോര്‍ട്ടുകളുടെ അടുത്ത് ഒന്നും ഉണ്ടാവുകയുമില്ല.

14. ഒരു സ്വെറ്റര്‍. ഇത് മിക്കവരും മറന്ന് പോകുന്നതാണ്. വിമാനത്തിന്റെ അല്ലെങ്കില്‍ വിമാനത്താവളത്തിന്റെ ഉള്ളില്‍ അല്ലേ എന്നൊക്കെ കരുതി മിക്കവരും ഇത് ഹാന്റ് ലഗേജില്‍ കരുതാറില്ല. പക്ഷെ ചിലപ്പോള്‍ നിങ്ങള്‍ ഇറങ്ങുന്ന ഫൈനല്‍ ഡെസ്റ്റിനേഷനില്‍ തണുപ്പില്ലെങ്കിലും നിങ്ങളുടെ വിമാനം ഇറക്കേണ്ടി വരുന്ന സ്ഥലത്തെ കാലവാസ്ഥ പ്രവചിക്കാന്‍ സാധ്യമല്ല.

15. വിമാനം താമസിച്ചാല്‍ അത് അതാത് എയര്‍ലൈന്‍സിന്റെ ബാദ്ധ്യതയാണ്. അതുകൊണ്ട് ആ എയര്‍ലൈന്‍സ് അധികൃതരുമായി വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കാ‍ന്‍ ശ്രദ്ധിക്കണം. എയര്‍പ്പോര്‍ട്ട് ജീവനക്കാരെക്കാളും എയര്‍ലൈന്‍സുകാര്‍ക്കാണ് ഇതില്‍ ഉത്തരവാദിത്വം.

ആഹാരം, പുതപ്പ്, കറന്‍സി ഇതൊക്കെ എല്ലാ വിമാനത്താവളത്തിലും കിട്ടുന്നതല്ലേ എന്നൊക്കെ കരുതാം. ഒരു അനുഭവം പറയാം. ലണ്ടനില്‍ തന്നെ ഇറങ്ങേണ്ട ഞങ്ങള്‍, ലണ്ടനില്‍ അതിഭയങ്കര മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് ലണ്ടന്‍ വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയി. വേറെ എങ്ങോട്ടും പോകണ്ട, അവിടെ ഇറങ്ങിയാല്‍ മതി. എന്നിട്ട് പോലും വെളിയിലോട്ട് ഇറങ്ങാന്‍ സാധിക്കാതെ സ്റ്റക്കായിപ്പോയി. അതും അവിടെ എത്തിയത് രാത്രി പത്ത് മണിക്ക്, എയര്‍പ്പോര്‍ട്ടില്‍ ഒരു ചായക്കടപോലും തുറന്നിരുന്നില്ല. കാലത്തെ ആറ് മണിവരെ അവിടെ ഇരുന്നും കിടന്നും പ്രാകിയും നേരം കഴിച്ചു. മിക്കവരും സ്റ്റക്കായിരുന്നതുകൊണ്ട് എയര്‍പ്പോര്‍ട്ട് നിറയേ ആളുകളായിരുന്നു. ഒരു കസേര പോലും ഒഴിവില്ലായിരുന്നു. ഇങ്ങിനെയൊക്കെ ചെറുതായി കരുതിയിരുന്നതുകൊണ്ട് അല്പം ബുദ്ധിമുട്ടുകള്‍ കുറയ്ക്കുവാന്‍ സാധിച്ചു. നിങ്ങള്‍ക്കും അടുത്ത യാത്രയ്ക്ക് ബുദ്ധിമുട്ടുകള്‍ ഇല്ലാതിരിക്കട്ടെ.

10 പ്രതികരണങ്ങള്‍:

ചീര I Cheera said...

ആകാശത്തു വിമാനം പോണ കാണാനുള്ള സുഖമേയുള്ളൂ. അതിനുള്ളിലെ യാത്ര, ഒരു നാലു മണിക്കൂറ് യാത്ര പോലും ...
(ഭൂമിയെ ഏറെ സ്നേഹിച്ചു പോകുന്നത് വിമാനം കയറുമ്പൊഴാ!)
പോയിന്റ്സ് ഒക്കെ വളരെ പ്രയോജനപ്രദം. കുട്ടികളേം കൊണ്ടുള്ള യാത്രയാവും, ഏറ്റവും ക്ഷീണിപ്പിയ്ക്കുന്നത്.
പിന്നെ കറന്‍സികള്‍, ഫോണ്‍ നമ്പറുകള്‍, അവനവന്റെ ഡോക്യുമെന്റ്സ് അവനവന്റെ കയില്‍ സൂക്ഷിയ്ക്കുന്നത്, ഒക്കെ “റ്റൂ‍ൂ‍ൂ പ്രധാനം“ !

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

അല്ല ഇഞ്ചിപ്പെണ്ണേ....
ആഹാരം, കറന്‍സി, പത്രം, കിടക്ക, ഫോണ്‍നമ്പര്‍ ...
ഇവയെല്ലാം കൂടി കെട്ടിയെടുത്ത്‌ പോവണോ.....

അതിലും നല്ല ഒരു ഉപായം അന്യന്‍ പറയാം...

ഈ വിമാനയാത്രയില്ലേ... അതങ്ങ്‌ ഒഴിവാക്കിയേക്കുക...
അതിലും നല്ലത്‌ ഇവിടെ നിന്ന്‌ ലണ്ടനിലേക്ക്‌ ടാക്സി പിടിച്ച്‌ പോവുന്നതാ.. നല്ലതെന്ന്‌ തോന്നുമല്ലോ... ഇത്‌ കണ്ടാല്‍..

ഗിരീഷ്‌ എ എസ്‌ said...

വിമാനയാത്ര പേടിപ്പിക്കുകയാണല്ലോ ഇഞ്ചീ....

ആശംസകള്‍...

മൂര്‍ത്തി said...

ഉപകാരപ്രദമായ വിവരങ്ങള്‍...
ഓ.ടോ:
സ്വന്തമായി വിമാനം ഉള്ളത് കൊണ്ട് ഇതുവരെയായും ബുദ്ധിമുട്ട് അറിഞ്ഞിട്ടില്ല...:)

Santhosh said...

ഡോക്റ്റര്‍, വിമാന യാത്ര ചെയ്യുമ്പോള്‍ മൂന്നര വയസ്സുള്ള കുട്ടിയുടെ പാസ്പോര്‍ട്ട് കുട്ടിയുടെ കഴുത്തില്‍ തൂക്കുന്നതാണോ മാതാവിന്‍റേയോ പിതാവിന്‍റേയോ കഴുത്തില്‍ തൂക്കുന്നതാണോ നല്ലതു്?

:)

Ranjith chemmad / ചെമ്മാടൻ said...

വായിച്ചു,ബോധിച്ചു..
ഒന്ന് നാട്ടില്‍‌പ്പോയലോന്നാലോചിക്ക്യാ...

സാല്‍ജോҐsaljo said...

ഒരു പ്രത്യേക അറിയിപ്പ്:

8 ആം നമ്പര്‍ ബാച്ചിലേഴ്സിനെക്കൂടി ഉദ്ദേശിച്ചുള്ളതാണ്. സോഡയ്ക്ക് ഓടി നടക്കേണ്ടിവരും! അതുകൊണ്ട് കറന്‍സികള്‍/നാണയങ്ങള്‍ കരുതുക.

8a. മുന്‍പ് പറഞ്ഞ പ്ലാസ്റ്റിക് കവറില്‍ അച്ചാര്‍ കരുതുക.

ഇപ്പഴല്ലേ എല്ലാമായത്...

എന്നാ പിന്നെ വണ്ടി പോട്ടേയ്...

ഏറനാടന്‍ said...

സോദരീ, വളരെ ബെസ്റ്റ് ആര്‍ട്ടിക്കിള്‍. ഇത് ഫ്ലോറിഡായില്‍ ഉള്ള എന്റെ മമ്മീയ്ക്ക് ഞാന്‍ അയച്ചുകൊടുത്തിട്ടുണ്ട്. പാവം, തനിയെ മൂന്നാം വട്ടം നാട്ടില്‍ വരാനിരിക്കുകയാ ഉടനെ. അത്യാവശ്യം ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ അറിയാമെങ്കിലും പലപ്പോഴും എയര്‍പോര്‍ട്ടില്‍ ഏറെനേരം വട്ടം ചുറ്റിപ്പോയിരുന്നു അവര്‍. ഇഞ്ചിപ്പെണ്ണ് ഇപ്രാവശ്യം സഹായകരമായിട്ടൊ. നന്ദി.

ഹരിയണ്ണന്‍@Hariyannan said...

നല്ല,ഉപകാരപ്രദമായ പോസ്റ്റ്!!

ഇതും കൂടി..
കയ്യില്‍ ഒരുകൊച്ചു പോപ്പിക്കുട കരുതണം!
അഥവാ പാരച്യൂട്ട് നിവരുന്നില്ലേല്‍ ഒറ്റക്ലിക്കിന് ലവനെ പൊക്കണം...എന്നിട്ട് മെല്ലെ..വളരെ മെല്ലെ...
വല്ല പാറക്കെട്ടിലും പോയി സുരക്ഷിതമായിട്ട് ലാന്റുചെയ്യാമല്ലോ!!

Unknown said...

നല്ല പോസ്റ്റ്!! സോദരീ,

കേരളത്തില്‍ നിന്നുള്ള സിംഗപ്പൂര്‍, ദുബായ് യാത്രകള്‍ വെറും നാല് മണിക്കൂറില്‍ തീരും. വിമാനം താമസിച്ചാല്‍ ഒന്നില്ലെങ്കില്‍ കേരളത്തിലോ മുംബായിലോ അല്ലെങ്കില്‍ ചുറ്റുവട്ടത്തൊക്കെയായി കാത്തിരിക്കേണ്ടതായി വരും. അതുപോലെയുള്ള ചെറിയ ചെറിയ ഫ്ലൈറ്റുകള്‍ താമസിച്ചാല്‍ അധികം ടെന്‍ഷന്‍ അടിക്കേണ്ട കാര്യമില്ല. പക്ഷെ യൂറോപ്പ്, ഓസ്ത്രേലിയ, അമേരിക്ക, ആഫ്രിക്ക, കാനഡ എന്നിങ്ങിനെയുള്ള ഫ്ലൈറ്റുകള്‍ നാല് മണിക്കൂറൊക്കെ വെറും സ്റ്റോപ്പ് ഓവര്‍ സമയങ്ങളാണ്. പതിനെട്ട് മുതല്‍ മുപ്പത്തിയാറ് മണിക്കൂറുകള്‍ വരെ നീണ്ടു നില്‍ക്കുന്ന ദുരിതം പിടിച്ച യാത്രകളാണ്


നല്ല പോസ്റ്റ്!! സോദരീ,

പക്ഷെ ഗള്‍ഫ് വിമാനങ്ങള്‍ മാത്രമെ സ്ഥിരമായി late ആകാരുള്ള്...