സ്ത്രീ എഴുത്തുകാര്‍ എന്ന ബ്ലോഗ് ഇവന്റ് നോട്ടീസ് പതിച്ചപ്പോള്‍ എന്തുകൊണ്ട് സ്ത്രീ എഴുത്തുകാര്‍, എഴുത്തില്‍ തരംതിരിവ് എന്തിന് എന്നെല്ലാം ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ആ ചോദ്യങ്ങള്‍ക്ക് ഒരു മറുപടിയാണ് ഇവന്റിലേക്ക് പങ്കെടുത്ത ഇത്രയധികം പോസ്റ്റുകള്‍ എന്ന് തന്നെ നിസ്സംശയം പറയാം.
ഇവന്റിന്റെ വിഷയത്തിനു വേണ്ടി എന്റെ ചെറുപ്പം മുതലുള്ള വായനാനുഭവത്തിലേക്ക് എത്തിനോക്കിയപ്പോള്‍, എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് സ്ത്രീ എഴുത്തുകാരികള്‍ ആണെന്നുള്ള പ്രധാനമായ കാര്യം ഞാന്‍ ഓര്‍ത്തെടുത്തു. ഇങ്ങിനെയൊരു കാര്യം ഞാന്‍ തന്നെ അറിയാതെ ഇരിക്കുകയായിരുന്നു. എനിഡ് ബ്ലയ്ട്ടണ്‍, മാര്‍ഗ്ഗററ്റ് മിച്ചല്‍, അരുന്ധതി റായ്, വിര്‍ജീനിയ വൂല്‍ഫ്, അയ്ന്‍ റാന്റ് ഇവരെല്ലാം ശക്തമായ സ്വാധീനങ്ങളായിരുന്നു. എനിഡ് ബ്ലയ്ട്ടണ്‍ ഒരു സ്ത്രീയാണെന്ന കാര്യം തന്നെ വളരെ കാലങ്ങള്‍ക്ക് ശേഷമാണ് അറിയുന്നത്. അല്ലെങ്കില്‍ ഇവരെല്ലാം സ്ത്രീ എഴുത്തുകാര്‍ എന്ന മട്ടില്‍ വായിച്ച് തുടങ്ങിയതല്ല. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം സ്ത്രീ എഴുത്തിലൂടെ ഞാനെന്ന സ്ത്രീയെ ഇവര്‍ക്കെല്ലാം ഒരു പരിധി വരെ സ്വാധീനിക്കുവാന്‍ സാധിച്ചു. അതുകൊണ്ട് തന്നെ സ്ത്രീ എഴുത്തുകാര്‍ എന്നതിനു എനിക്ക് ഒരു പ്രത്യേകതയുണ്ട്.
ആദ്യകാലാങ്ങളില്‍ സ്ത്രീകള്‍ എഴുതി തുടങ്ങിയപ്പോള്‍ പലരും പുരുഷ നാമങ്ങളാണ് സ്വീകരിച്ചിരുന്നത്. ഇന്നത്തെക്കാലത്തെ പോലെ സ്ത്രീകള്‍ക്ക് എഴുതുവാനും മറ്റും സ്വാതന്ത്ര്യമില്ലാതിരുന്ന ഒരു ഇരുണ്ട കാലഘട്ടമുണ്ട്. ഇപ്പോഴും ചില രാജ്യങ്ങളില്‍ ഇതിനു പ്രസക്തിയുണ്ട്. അതുകൊണ്ട് തന്നെ സ്ത്രീ എഴുത്തുകാരെ ആഘോഷിക്കണം എന്ന് എന്റെ വാദം. ലോകചരിത്രത്തില്‍ രേഖപ്പെടുത്തിയ ആദ്യത്തെ സ്ത്രീ എഴുത്തുകാരിയാണ് 2300-2225 B.C-ല്‍ ജീവിച്ചിരുന്ന Enheduanna. ഇന്ന് നൊബേല്‍ സമ്മാനങ്ങളില്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ കരസ്ഥമാക്കുന്നത് എഴുത്തിനാണ്.
എഴുതാന്‍ സാധിക്കാതിരുന്ന ഒരു കാലഘട്ടത്തില്‍ നിന്ന് ഒഴുക്കിനെതിരെ നീന്തി ഇന്ന് എത്രയോ സ്ത്രീകള്‍ എഴുത്തിലുണ്ട് എന്ന് അറിയുവാനായിരുന്നു ഈ ഇവന്റിന്റെ ലക്ഷ്യം. എല്ലാത്തരം എഴുത്തുകാരെക്കുറിച്ചും ആയിരുന്നു ഇവന്റ് എങ്കില്‍ ഇത്രയധികം സ്ത്രീ എഴുത്തുകാരെക്കുറിച്ചുള്ള പോസ്റ്റുകള്‍ വരില്ല. ഇത്രയധികം ശ്രദ്ധിക്കപ്പെടേണ്ട എഴുത്തുകാരെ മുന്നിലേക്ക് കൊണ്ട് വരാന്‍ സ്ത്രീ എഴുത്തുകാര്‍ എന്ന ഇവന്റിന്റെ പങ്കാളികള്‍ക്ക് സാധിച്ചു.
1. ആദ്യമായി പച്ചാനയുടെ പോസ്റ്റാണ് എന്നെ തുള്ളിച്ചാടിച്ച പോസ്റ്റ്. പുതിയ തലമുറയിലെ ഒരു കുട്ടി പ്രിയപ്പെട്ട എഴുത്തുകാരിയെക്കുറിച്ച് എഴുതി മലയാളം ബ്ലോഗിലെ ഒരു ഇവന്റിനു പങ്കെടുത്തു എന്നുള്ള കാര്യം അത്യന്തം സന്തോഷകരമായിരുന്നു. (പച്ചാനയുടെ മാതാപിതാക്കള്‍ക്കും അഭിനന്ദനങ്ങള്‍). മരീസ്സ മോസിനെക്കുറിച്ച് പച്ചാനയുടെ വാക്കുകളില്‍.
വലിയ ആളുകള്‍ക്ക് അവരുടെ കുട്ടിക്കാലം ഓര്‍ക്കാനും ഇന്നത്തെ കുട്ടികളുടെ മനസ്സു അറിയാനും കഴിയും
2. ഇവന്റ് പ്രഖ്യപിച്ച ഉടനേ തന്നെ, പോസ്റ്റെഴുതി സമര്‍പ്പിച്ചത് ചില്ലറയൊന്നുമല്ല പ്രചോദനമേകിയത്. സൂര്യഗായത്രി സാറാ തോമസിനെക്കുറിച്ച്.
എന്തുകൊണ്ട് സാറാ തോമസ്?
വായിച്ച കഥയൊക്കെ ഒരുവിധം, വലിയ ബുദ്ധിമുട്ടില്ലാതെ മനസ്സിലാക്കാന്‍ എനിക്കു കഴിഞ്ഞു എന്നത് ആദ്യത്തെ കാര്യം.
മിക്ക കഥകളിലും അവഗണിക്കപ്പെടുന്ന സ്ത്രീത്വം ഞാന്‍ വായിച്ചെടുത്തു. എന്നാലും അവരൊക്കെ സഹിക്കാന്‍ സ്വയം തയ്യാറാവുന്നവരാണ്. സ്വാതന്ത്ര്യത്തിന്റെ വഴി തിരിച്ചറിഞ്ഞിട്ടും, അസ്വാതന്ത്ര്യം മുറുകെപ്പിടിച്ച്, അതിന്റെ സന്തോഷത്തില്‍ മുഴുകാന്‍ തീരുമാനിക്കുന്നവരാണ്. അതു തന്നെയാവും, സ്ത്രീത്വത്തിന്റെ ഒരു പ്രത്യേകത.
3. സഹീറാ തങ്ങളെക്കുറിച്ച് ശെഫി.
മലയാള ഭാഷാ ലോകത്ത് മുസ്ലിം സാമൂഹിക ഇടങ്ങളേയും ജീവിതത്തേയും പ്രതിനിധീകരിക്കാന്‍ ഒത്തിരി പ്രതിഭാധനരായ എഴുത്തുകാര്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ മുസ്ലിം സ്ത്രികളില്‍ നിന്ന് അവരുടെ സാമൂഹിക ജീവിതത്തെ കുറിച്ചെഴുതാന്‍ എഴുത്തുകാരികള്‍ അധികമൊന്നും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.
4. ബ്ലോഗര്‍മാരായ എഴുത്തുകാരെക്കുറിച്ച് എഴുതരുത് എന്നുണ്ടായിരുന്നെങ്കിലും ഹദീല്‍ അല്‍ ഹുദൈഫ് എന്ന സ്ത്രീ ബ്ലോഗറെക്കുറിച്ച് സാധിഖ് എഴുതിയത് എന്തുകൊണ്ടും ഉചിതമായി.
സ്വര്‍ഗ്ഗത്തിന്റെ പടവുകള്‍
എന്നതായിരുന്നു അവരുടെ ബ്ലോഗിന്റെ പേര്. നിഴല്‍നാടകം കളിക്കാതെ, നേരിട്ട് പ്രത്യക്ഷപ്പെട്ട് തങ്ങളുടെ ബ്ലോഗുകള്‍ സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ധീരമായ ഒരിടമാക്കി മാറ്റാന്‍ അവര്‍ എപ്പോഴും സഹബ്ലോഗര്‍മാരായ വനിതകളെ വെല്ലുവിളിച്ചിരുന്നു.
5. ഒരു പൂ ചോദിച്ചപ്പോള്‍ പൂക്കാലം തന്നു എന്ന മട്ടില്‍ ഒന്നല്ല മൂന്ന് പ്രിയപ്പെട്ട സ്ത്രീ എഴുത്തുകാരെക്കുറിച്ച് കൊച്ചുത്രേസ്യയും എഴുതി.
നിങ്ങള്‍ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ഗുഹ സന്ദര്‍ശിക്കുകയാണ്.അവിടെ ആ ഗുഹയുടെ ഭിത്തിയില്‍ ഒരുപാടു ചിത്രങ്ങള്‍.അതില്‍ ഒരു ചിത്രത്തില്‍ നിങ്ങളുടെ കണ്ണുടക്കുന്നു..ഞെട്ടല്‍,അത്ഭുതം,ആശ്‌ചര്യം,അന്തംവിടല്‍ തുടങ്ങി പലപല ഭാവങ്ങള്‍ നിങ്ങളില്‍ നിറയുന്നു-കാരണം ആ ചിത്രം നിങ്ങളുടേതായിരുന്നു.- ലൂയിസ ആല്‍ക്കോട്ട് കൊച്ചു ത്രേസ്യയെ സ്വാധീനിച്ചത് അങ്ങിനെയാണ്.
ഒരു രാത്രി മുഴുവന്‍ ഞാന്‍ അനിതാ പ്രതാപിന്റെ കൂടെ ശ്രീലങ്കയിലും അഫ്ഗാനിസ്ഥാനിലുമൊക്കെ അലഞ്ഞു തിരിഞ്ഞു നടന്നു.- അനിതാപ്രതാപിനോടൊപ്പവും കൊച്ചുത്രേസ്യ.
ഇത്രയും നാള്‍ കൂടെ നടന്ന ഒരാള്‍ കണ്‍മുന്നില്‍ വച്ച് പെട്ടെന്ന് മറഞ്ഞു പോയതു പോലെ ഒരു അമ്പരപ്പും ശൂന്യതയും.- ആന്നെ ഫ്രാങ്കിനെക്കുറിച്ച്
6. സാറാ ജോസഫിനെക്കുറിച്ച് കൌണ്ടര്‍ കറന്റ്സ് എന്ന ബ്ലോഗില്‍
ഒരു ഇരുണ്ട തുരങ്കത്തിലൂടെ പാഞ്ഞുവരുന്ന തീവണ്ടിയുടെ മുന്നില്‍ അകപ്പെട്ടുപോകുന്ന പോലെയുള്ളതായിരുന്നു ആലാഹയുടെ പെണ്‍മക്കളുടെ വായന. ഖസാക്കിനുശേഷം മലയാള ഭാഷയുടെ ശക്തിയുടെ മുന്‍പില്‍ ശിരസ്സ് നമിച്ച മറ്റൊരു വായനാനുഭവം.
7. രാജശ്രീ മാധവിക്കുട്ടിയെ വായിക്കുക മാത്രമല്ല, മാധവിക്കുട്ടിയുടെ കഥകളിലൂടെ സഞ്ചരിച്ച് അവയിലുള്ള സ്ത്രീസ്വത്വ പ്രതിനിധാനത്തെക്കുറിച്ച് ചോദിക്കുകയാണ്.
സാധാരണ മനുഷ്യജീവിയില്‍ നിന്ന് വളരെ വ്യത്യാസങ്ങളൊന്നുമില്ലാത്ത ഒരു സ്ത്രീ വല്ലാതെ ആഘോഷിക്കപ്പെടുന്നുണ്ടെങ്കില്‍ അതിലെന്തോ അപകടമുണ്ട്.
സ്ത്രീകള്‍ സ്വത്വബോധമുള്ളവരായി മാറണം എന്നുമാത്രമേ സ്ത്രീവാദികള്‍ പറഞ്ഞിട്ടുള്ളൂ. അടിച്ചമര്‍ത്തപ്പെട്ട സ്വത്വബോധത്തിന്റെ ബഹിര്‍സ്ഫുരണങ്ങള്‍ സമൂഹത്തിന്റെ ചിട്ടവട്ടങ്ങള്‍ക്ക് പോറലേല്‍പ്പിച്ചുവെന്നു വരാം. മാധവിക്കുട്ടിയുടെ പെണ്‍കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത് അങ്ങനെയാണ്.
മാധവിക്കുട്ടിയുടെ നിലപാടുകളിലെ വൈരുദ്ധ്യങ്ങള്‍ അവരുടെ കഥകളിലും പ്രകടമാണ്.ഒരു സമൂഹത്തിന്റെ പെണ്‍ചിത്രീകരണത്തെ, സ്ത്രീസ്വത്വപ്രതിനിധാനത്തെ മാധവിക്കുട്ടികഥകള്‍ എപ്രകാരമാണ് പരുവപ്പെടുത്തിയത് എന്നതിനെക്കുറിച്ച് ഒരു വിചിന്തനം ആവശ്യമാണ്.
8. പി.വത്സലയുടെ പേമ്പിയിലൂടെ വല്യമ്മായി വായിച്ചെടുത്തത്.
പെണ്ണെന്നാല്‍ തനതായ വ്യക്തിത്വമാണെന്നും ആണിന്റെ സാമീപ്യമല്ല അവളുടെ മോക്ഷമെന്നും വിശ്വസിക്കുന്ന വത്സലയുടെ കഥാപാത്രങ്ങളില്‍ ശക്തയാണ് പേമ്പി.
മഹേശ്വതാദേവിയെ വല്യമ്മായി പരിചയപ്പെടുത്തുന്നത് ഇങ്ങിനെ
ഈ പ്രായത്തിലും ചൂഷണനത്തിനിരയാകുന്ന ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഇവരുടെ ഇടപെടലുകള്‍ അനുകരണീയമാണ്.
9. എമിലി ബ്രോന്റേയുടെ വുദറിങ്ങ് ഹൈറ്റ്സ് - ഡീപ് ഡൌണ്‍ എന്ന ബ്ലോഗറുടെ വാക്കുകളില്‍.
emily bronte-യുടെ എഴുത്തിന് മാന്ത്രികമായ ഒരു ഘനമുണ്ട്. അത് വായനക്കാരന്റെ/ക്കാരിയുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിയുന്നു. അത് തന്നെയാണ് ഈ പുസ്തകത്തെയും എഴുത്തുകാരിയെയും ഇത്രയും വലിയ വിജയമാക്കിത്തീര്‍ത്തത്. ഈ എഴുത്തുകാരിക്ക് ലഭിച്ചിട്ടുള്ള പ്രശസ്തി അവരുടെ മനോഹരമായ ശൈലിക്കുള്ള ശരിയായ അംഗീകാരം തന്നെയാണ്.
സ്ത്രീനാമങ്ങളില്‍ കൃതികള്‍ പ്രസിദ്ധപ്പെടുത്തിയാല്‍ അംഗീകാരം ലഭിക്കില്ല എന്ന് കരുതി ഇവര്‍ പുരുഷനാമങ്ങളാണ് തൂലികാനാമങ്ങളായി സ്വീകരിച്ചത്. അതില്‍ emily-യുടെ തൂലികാനാമം ellis bell എന്നായിരുന്നു.
10. മിര്‍ച്ചീസ് ചില്ലീസ് പ്രിയപ്പെട്ട എഴുത്തുകാരി ഡാനിയേല്‍ സ്റ്റീലിനെക്കുറിച്ച്
ഡാനിയല്‍ സ്റ്റീല്‍ എന്ന് ആദ്യം കേള്‍ക്കുമ്പോള്‍ തോന്നുക ഇതൊരു പുരുഷനല്ലെയെന്നാണ്.അതല്ലെങ്കിലും വളരെ ശക്തമായ ഒരു വ്യക്തിത്വത്തിന് ഉടമയാണ് ഈ അമേരിക്കന്‍ എഴുത്തുകാരി.മനസിനെ ആഴത്തില്‍ തൊടുന്ന കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന സ്ത്രീ.
11. സില്‍വിക്കുട്ടിയെക്കുറിച്ച് എഴുതുന്നു എന്ന് അറിഞ്ഞപ്പോള്‍ സില്‍വിയാ പ്ലാത് എന്നാണ് ഞാന്‍ കരുതിയത്. അങ്ങിനെയല്ലാതേയും മലയാളത്തിനൊരു സ്വന്തം സില്‍വിക്കുട്ടിയുണ്ടെന്ന് പരിചയപ്പെടുത്തുകയാണ് കണ്ണൂസ്.
സില്‍വിക്കുട്ടിയുടെ കഥകളില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളാണ് പള്ളിയും, ഇടയനും, കുഞ്ഞാടുകളും. കേരളത്തിലെ കൃസ്ത്യാനി കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ പലപ്പോഴും സാമൂഹിക കാര്യങ്ങളില്‍ നിന്ന് - പ്രത്യേകിച്ചും അതിന്റെ രാഷ്ട്രീയത്തില്‍ നിന്ന് - മാറി നില്‍ക്കാറുണ്ട് എന്ന് എനിക്ക് നേരത്തെ തോന്നിയിട്ടുള്ളതാണ്.
12. അതറിഞ്ഞിട്ടാവണം ചീടാപ്പി വേഗം സില്‍വിയ പ്ലാതിനെക്കുറിച്ചെഴുതിയത്
കണ്ണാടിയില്‍ പ്രതിബിംബത്തില്‍ തന്നെ തിരഞ്ഞ് ഗര്‍ത്തങ്ങളിലേക്കിറങ്ങുമ്പോള്‍ പ്രതിധ്വനിക്കുന്നത് വാസ്തവവും കാപട്യവും എന്ന രണ്ടു സീമകള്‍ക്കുള്ളിലെ 'സ്ത്രീ' യാണ്.
13. നിര്‍മ്മല ബ്ലോഗിലുള്ളവര്‍ക്കും സുപരിചിതയാണ്. നിര്‍മ്മലയുടെ നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി എന്ന പുസ്തകം പരിചയപ്പെടുത്തുകയാണ് സങ്കുചിതന്‍.
(കരുണാകരന്‍ എഴുതിയ അവതാരികയാണ് സങ്കുചിതന്‍ ബ്ലോഗ് വായനക്കാര്‍ക്ക് വേണ്ടി പോസ്റ്റായി ചേര്‍ത്തത്)
ലീന ആഗ്രഹിക്കുന്നത് ഭയമില്ലാതെ ജീവിക്കുക എന്നാണ്. ഭയമില്ലാതിരിക്കുക എന്നാല്‍ സ്വാതന്ത്ര്യത്തെ അനുഭവിക്കുക എന്നും. അത് ലീന ജീവിക്കുന്ന മൂല്യവ്യവസ്ഥകള്‍ക്കുള്ളില്‍ (മതം, പള്ളി, ബന്ധുക്കള്‍) അസാദ്ധ്യവുമാണ്. പള്ളിയെ(അച്ചനെയും) ഗ്രസിച്ച വേറൊരു ഭയത്തെ(പള്ളി പിളരുമോ?)ലീന നിരാകരിക്കുന്നത് അതിന്റെ നടത്തിപ്പിലെ പ്രകടനപരങ്ങളായ എല്ലാ ഭൗതികാവശ്യങ്ങളോടും വിമുഖയായാണ്.
14. മാധവിക്കുട്ടിയുടെ ബാല്യകാലസ്മരണകളിലൂടെ വീണ്ടും നടക്കുകയാണ് റേര്‍ റോസ്
അത്ഭുതം കൂറുന്ന കുഞ്ഞിക്കണ്ണുകളില്‍ ഒരായിരം സംശയങ്ങളൊളിപ്പിച്ചു വച്ചു തറവാട്ടിലെങ്ങും പാറിപ്പറക്കുന്ന കമല..."പ്രാക്ക് ന്ന് വച്ചാല്‍ എന്താ..?"..,"എന്റെ കാത് എപ്പാ കുത്താ ?.." ..,"നോക്കി ചോര കുടിക്കാന്നു വച്ചാല്‍ എന്താ..? ..തുടങ്ങിയന്തമില്ലാത്ത ഒരായിരം ചോദ്യങ്ങള്‍..
15. കിനാവിന്റെ പെണ്ണെഴുത്തിനെക്കുറിച്ചൊരു കുറിപ്പും അതോടൊപ്പം അഷിതയുടെ കഥകളെക്കുറിച്ചും.
രസകരമാണ് അഭിരാമിയുടെ കഥ. മുതിര്‍ന്നവരുടെ ലോകത്തിലെ നുണകളുടെ അനന്തസാധ്യതകളും വൈരുദ്ധ്യത്തിലെ അപാരസ്വാതന്ത്ര്യവും ചുണ്ടനങ്ങാതെ നുണപറയാന്‍ മിടുക്കിയായ അഭിരാമിയെ കൊതിപ്പിക്കുന്നു. മനസിനും വാക്കിനും ഇടയിലൊരു വിടവ്, വാക്കിനും പ്രവൃത്തിക്കും ഇടയില്‍ മറ്റൊരു വിടവ്... മുതിര്‍ന്ന വ്യക്തിയാകുന്നതിന് അത്യാവശ്യം വേണ്ട ഗുണം ഇതാണെന്ന നിഗമനത്തിലെത്തിച്ചേരുന്നു അഭിരാമി.
16. ഡോ. ഖദീജാ മുംതസിന്റെ ബര്‍സയെ വായിച്ചെടുക്കുകയാണ് ഇട്ടിമാളു.
നല്ലൊരു ഡോക്റ്റര്‍ എന്നനിലയില്‍ അവര്‍ മറ്റുള്ളവര്‍ക്കിടയില്‍ സുസമ്മതയാവുമ്പൊഴും നല്ലൊരു മുസ്ലിം എന്ന ലേബല്‍ അവള്‍ക്ക് ലഭിക്കാതെ പോവുന്നു... ആരാണ് നല്ല മുസ്ലിം എന്നതിന് കണ്ടുമുട്ടുന്നവര്‍ നല്‍കുന്ന വ്യാഖ്യാനങ്ങള്‍ അവര്‍ക്ക് അംഗീകരിക്കാവുന്നതിലപ്പുറമാണ്... അതുകൊണ്ട് തന്നെ മുസ്ലീമല്ലാത്തതിനാല്‍ മദര്‍തെരേസയും മഹാത്മാഗാന്ധിയും എത്തിപ്പെട്ട നരകമാണ് തന്നെ കാത്തിരിക്കുന്നതെന്ന വിമര്‍ശനത്തെ സബിത സസന്തോഷം ഏറ്റുവാങ്ങുന്നു..
17. എനിഡ് ബ്ല്യട്ടണിനെക്കുറിച്ച് മേരിക്കുട്ടി എഴുതുന്നു.
പരിസരം പോലും മറന്നു പുസ്തകത്തില്‍ ലയിച്ചിരിക്കുമ്പോള്‍ കുഞ്ഞി ക്കൂട്ടത്തിലെ ടാലാമന്‍ ആവറുണ്ടായിരുന്നു, മിക്കപ്പോഴും....
18. സുമംഗലയെന്ന ബാലസാഹിത്യകാരിയെ പരിചയപ്പെടുത്തുകയാണ് രാജേഷ് ആര്‍ വര്‍മ്മ.
ആദ്യം വായിച്ച കാലത്തു തന്നെ ഭീതിയും നിരാശയും ഉത്തേജനവും ഒന്നിച്ചു ജനിപ്പിച്ച കുട്ടിപ്പുര ആവര്‍ത്തിച്ചുള്ള വായനകളിലും പുതുമ പകര്‍ന്നുകൊണ്ടേയിരുന്നു. വളര്‍ന്നു വലുതായിക്കഴിഞ്ഞ്, മാലിയുടെയും നരേന്ദ്രനാഥിന്റെയും മികച്ച കഥകള്‍ മറന്നുകഴിഞ്ഞപ്പോഴും കുട്ടിപ്പുര പിന്നെയും പിന്നെയും ഓര്‍മ്മവന്നു. പോര്‍ട്ട്‌ലന്‍ഡിലെ ഒരു അമ്മയുടെ കയ്യില്‍ "മിഠായിപ്പൊതി" കണ്ടപ്പോള്‍ അറിയാതെ കൈനീട്ടിപ്പോയി. പ്രതീക്ഷിച്ചതുപോലെ തന്നെ, മധുരത്തിന്റെ മാന്ത്രികത പ്രമേഹഭീതിയുടെയും നാവിന്റെ മടുപ്പിന്റെയും രുചികളുടെ അതിപരിചിതത്വത്തിന്റെയും മുമ്പില്‍ മങ്ങിയിരിക്കുന്നു. കുട്ടിപ്പുര വീണ്ടും വായിച്ചു. ഉവ്വ്! ഇതില്‍ കാലപ്പഴക്കത്തിനു നഷ്ടപ്പെടുത്താന്‍ കഴിയാത്തതെന്തോ ഇപ്പോഴും ബാക്കിയുണ്ട്. ആനുകാലികങ്ങളില്‍ വന്നുപോയ ഭ്രമാത്മകമായ നൂറുകഥകള്‍ക്കും നഷ്ടപ്പെടുത്താന്‍ കഴിയാത്ത എന്തോ ഒന്ന്.
19. ഏഞ്ചലയ്ക്ക് ബ്ലോഗില്ല. എങ്കിലും ഇവന്റില്‍ പങ്കെടുക്കണമെന്ന് തോന്നി. മനോഹരമായ ഒരു പരിചയപ്പെടുത്തല്‍ ഒരു കമന്റിലൂടേയും പിന്നീട് ഈമെയിലിലൂടേയും എനിക്ക് അയച്ച് തന്നു. ഇങ്ങിനെ ഇവന്റില്‍ പങ്കെടുത്തതിനു ഏഞ്ചലയ്ക്ക് ഒരു സ്പെഷ്യല്‍ സലാം.
ബംഗാളി എഴുത്തുകാരി ആശാപൂര്‍ണ ദേവിയുടെ പ്രഥമ പ്രതിശ്രുതി എന്ന നോവലിനെക്കുറിച്ച് ഏഞ്ചല.
പെണ്ണുങ്ങള്‍ ഭൂമിക്കു തുല്യ അവകാശികള്‍ എല്ലാ കളികളിലും ഒരേ നിയമങ്ങള്‍ അവര്‍ക്കും എന്ന്, പുസ്തകം വായിക്കാതെയും ആരും പറഞ്ഞു പഠിപ്പിക്കാതെയും, പെണ്ണിന് വിദ്യാഭാസം പോലും പാപമായിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നു, ബാല്യവിവാഹവും ബഹു പത്നീവ്രതവും വിധവ പീഡനവും സര്‍വ്വ സാധാരണമായിരുന്ന ഒരു bengali കുഗ്രാമത്തില്‍ നിന്നു, സത്യ വന്നു പറഞ്ഞതു പിന്നീട് ഒരിക്കലും മറക്കാന്‍ കഴിയാത്ത വിധമായിരുന്നു.
20. ഡാഫിന്‍ ഡൂ മോരിയറിന്റെ റബേക്കയെ ഇഷ്ടപ്പെടുന്ന ബിന്ദു.
രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിക്കാര്‍ ഈ ബുക്ക് ഒരു കോഡ് സോഴ്സ് ആക്കിയിരുന്നു, പക്ഷെ ആ കോഡ് എവിടെയും ഉപയോഗിച്ചിട്ടില്ല.
21. അപര്‍ണ്ണ പരിചയപ്പെടുത്തുന്ന തസ്ലീമാ നസ്രീന്‍
ഒറ്റയിരിപ്പിന് വായിച്ച് തീര്‍ത്തു എന്നൊക്കെ പറയില്ലേ, അതുപോലെ ആയിരുന്നു. കല്‍ക്കട്ടയില്‍ ജനിച്ച് വളര്‍ന്ന്, പാരീസിലേയ്ക്ക് വിവാഹശേഷം ജീവിതം പറിച്ചു നടപ്പെടുന്ന 'നിലന്‍ജന' എന്ന പെണ്‍കുട്ടിയുടെ കഥ. കഥ തുടങ്ങുന്നത് പാരീസ് എയര്‍പോര്‍ട്ടില്‍ നിന്നാണ്. പട്ടുസാരിയും ആഭരണങ്ങളുമണിഞ്ഞ് വന്നിറങ്ങുന്ന നവവധു - അവള്‍ക്കുണ്ടാകുന്ന ചെറിയ ചില പ്രശ്നങ്ങള്‍. ആദ്യത്തെ അധ്യായം അവസാനിയ്ക്കുന്നത് ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ നിള പാരീസിനെ നോക്കിക്കാണാന്‍ തുടങ്ങുന്നിടത്താണ്.
22. ബിക്കു പേള്‍.എസ് ബക്കിന്റെ ആരാധികയായത് എങ്ങിനെയെന്ന് എഴുതുന്നു.
ചുരുക്കത്തില്‍, ഗ്രാമീണ ചൈനീസ് ജീവിതത്തിന്റെ ഒരു ചിത്രം വാങിന്റെ ജീവിതത്തിലൂടെ കാണിച്ചു തരികയാണ് കഥാകാരി ചെയ്യുന്നത്. ഒരു വിദേശിയായി മാറി നിന്ന് കാണുന്ന കാഴ്ചയായിട്ടല്ല, അവരിലൊരാള്‍ എഴുതിയ കഥയായിട്ടേ നമുക്കു തോന്നൂ എന്നിടത്താണ് കഥാകാരി വിജയിച്ചതെന്ന് തോന്നുന്നു.
22. മാധവിക്കുട്ടിയുടെ ഒരു ചിത്രം വരച്ചുകൊണ്ട് സാക്ഷി.
അതോടൊപ്പം ഗീതാ ഹിരണ്യനെക്കുറിച്ചു ഒരു വ്യക്തിപരമായ കുറിപ്പും.
ടീച്ചറുടെ മലയാളം ക്ലാസ്സുകള്‍ വല്ലത്തൊരനുഭവമായിരുന്നു. എന്‍റെ കലാലയ ജീവിതത്തിന്‍റെ അവസാനകാലത്താണ് ടിച്ചര് കൊടുങ്ങല്ലൂര്‍ കെ.കെ.ടി.എം. കൊളേജില്‍ എത്തുന്നത്. അതുകൊണ്ടുതന്നെ ടീച്ചറുടെ വളരെ കുറച്ചു ക്ലാസ്സുകള്‍ മാത്രമാണ്എനിക്കുകിട്ടിയത്.
23. സന്തോഷ് കൊല്ലങ്കോട്ടമ്മയെ പരിചയപ്പെടുത്തുന്നത് ഇങ്ങിനെ
കെ. ഓമന അമ്മ എഴുതിയ കൊല്ലങ്കോട്ടമ്മ എന്ന പുസ്തകത്തെപ്പറ്റിയാണു് ഈ കുറിപ്പു്. ഡോ. രാധിക പറയുന്ന ഭാഷയില്‍ പറഞ്ഞാല്‍, പുസ്തകത്തിന്‍റെ രീതിശസ്ത്രവും ദാര്‍ശനികതലവും പരിപൂര്‍ണ്ണമായി വെളിപ്പെടുത്തുന്ന ഒരു നിരൂപണമോ ആസ്വാദനമോ അല്ല ഈ ലേഖനം. കുറഞ്ഞ വാചകങ്ങളിലുള്ള ഒരു പുസ്തകപരിചയം മാത്രം.
24. പാത്തക്കനു ജയശ്രീ മിശ്രയുടെ Ancient promises (പ്രിയ.എസ് ന്റെ വിവര്‍ത്തനം) ഏറെ സ്വാധീനിച്ച ഒരു പുസ്തകമായി മാറിയെതെങ്ങിനെ എന്ന് വിവരക്കുന്നു..
അതിനുള്ള പ്രധാന കാരണം മറ്റൊന്നുമല്ല "ജാനകി" എന്ന കഥാപാത്രം ജയശ്രീ മിശ്ര എന്ന എഴുത്തുകാരി തന്നെ എന്നുള്ള സത്യം എന്റെ നേരെ എറിഞ്ഞത് ഒരു കൂട്ടം ചോദ്യങ്ങള്‍ ആയിരുന്നു.. എന്റെ പല ചിന്തകളേയും ചോദ്യം ചെയ്യുന്നവ ആയിരുന്നു അത്..കഥയിലെ മുഖ്യകഥാപത്രമായ ജാനകി എന്ന ജാനു ....
ancient promises എന്ന നോവല്‍ മലയാളത്തിലെ ഏറ്റവും വിട്ടഴിക്കപെട്ട നോവലുകളില്‍ ഒന്നാവാന്‍ കഴിഞ്ഞത് അതിന്റെ വളരെ മനോഹരമായ പരിഭാഷണ രീതിയാണ്..പ്രിയ എ എസ് , എന്ന എഴുത്തുകാരെ നൂറു ശതമാനവും നീതിപുലര്‍ത്ത്തിയിരിക്കുന്നു..
25. സ്ത്രീ എഴുത്തിന്റെ ചരിത്രഗതി മാറ്റിയ ഒരെഴുത്തുകാരിയാണ് മാര്‍ഗരറ്റ് മിച്ചല്‍. അമേരിക്കന്‍ സിവില്‍ വാറിലെ ഒരു സ്ത്രീയ്ക്ക് നേരിടേണ്ടി വന്ന പ്രശ്നരൂക്ഷിതമായ സന്ദര്‍ഭങ്ങള്‍ കോര്‍ത്തിണക്കിയ വിപ്ലാത്മകമായ ഒരു കഥയാണ് ഗോണ്‍ വിദ് ദ വിന്റ്.
പ്രിയംവദയുടെ പരിചയപ്പെടുത്തല്‍.
യുദ്ധത്തില്‍ കത്തിയെരിയുന്ന തെരുവിലൂടെ മെലനിയേയും അവളുടെ നവ ജാത ശിശുവിനേയും കൊണ്ടു 'ടാര എന്ന സ്വതം എസ്റ്റേറ്റ്റ്റിലേക്കു യാത്ര ചെയ്യാന്‍ കാണിക്കുന്ന ധൈര്യം , ജോലിക്കാരുടെ താമസഥലത്തുള്ള അടുക്കള തോട്ടത്തില്‍ പോയി ഭക്ഷിക്കാന്‍ കിട്ടുമൊ എന്ന് അനേഷിക്കുന്ന പ്രയോഗികത. ടാരയിലെത്തി അതിന്റെ സംരക്ഷണം ഏറ്റ്ടുക്കുന്ന താന്‍പോരിമ.
26. മീനാ അലക്സാണ്ടറെക്കുറിച്ച് അനിലന്‍ തര്‍ജ്ജമ ചെയ്ത കുറിപ്പുകള്‍
മീന എന്നത് സംസ്കൃതത്തില്‍ മല്‍സ്യവും ഉറുദുവില്‍ ആഭരണവും അറബിയില്‍ തുറമുഖവുമാണ്
എഴുതുന്ന ചില നേരങ്ങളില്‍ എന്റെ ബോധം ഒരു ഒഴിഞ്ഞ ഇടമാണെന്ന് എനിക്ക് തോന്നാറുണ്ട്.പൊട്ടും പൊടിയുമായി പലതും അവിടെ വന്നു വീഴുന്നു. കലങ്ങിയ അരുവിയുടെ ഒരു തെല്ല്, മരത്തിന്റെ കടും പച്ചയാര്‍ന്ന ഇലകള്‍, വരണ്ട വഴിയരികിലെ ഉരുളന്‍ കല്ലുകള്‍,സൂര്യവെളിച്ചത്തില്‍ പ്രകാശിക്കുന്ന വെളുത്ത ചുമര്‍, പ്രാവിന്‍ ചിറകുകള്‍, നരച്ച മേല്‍ക്കൂര... അങ്ങനെ പലതും.
27. സയന്‍സ് ഫിക്ഷനില്‍ ഇപ്പോഴും അധികം സ്ത്രീ എഴുത്തുകാരില്ല്ല. അതുകൊണ്ട് തന്നെ മയൂരയുടെ ഒക്ടാവിയയെക്കുറിച്ചുള്ള ഈ പരിചയപ്പെടുത്തല്‍ അവസരോചിതമായി. ഇവന്റിലെ ആഫ്രിക്കന്‍ അമേരിക്കന്‍ എഴുത്തുകാരിയെന്നതുകൊണ്ടും ഈ കുറിപ്പ് ശ്രദ്ധേയമാകുന്നു.
1979- സയന്‍സ് ഫിക്‌ഷന്‍ രംഗത്ത് വെള്ളക്കാരായ പുരുഷ എഴുത്തുകാര്‍
അരങ്ങുതകര്‍ത്ത് വാഴുന്ന കാലം. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയായ ഒക്ടാവിയ ഇ. ബട്‌ലര്‍(June 22, 1947 – February 24, 2006) തന്റെ കിന്‍ഡ്‌റെഡ്/Kindred എന്ന സയന്‍സ് ഫിക്‌ഷന്‍ നോവല്‍ എഴുതിത്തീര്‍ത്ത് പ്രസാധകരുടെ വാതിലുകള്‍ മുട്ടുന്നതും അതേ കാലത്താണ്. സ്‌ത്രീ, ആഫ്രിക്കനമേരിക്കക്കാരി , സയന്‍സ് ഫിക്‌ഷന്‍, ഒന്നും പോരാഞ്ഞ് സിവില്‍ വാറിനു മുമ്പുള്ള കാലഘട്ടത്തിലെ തോട്ടത്തിന്റെ പശ്ചാത്തലം- ഒക്ടാവിയയ്‌ക്കുമുന്നില്‍ നിരവധി പുരികക്കൊടികളുയര്‍ന്നു.
28. വളരെ വ്യത്യസ്തമായി കവിത എഴുതിയാണ് മാധവിക്കുട്ടിയെക്കുറിച്ച് ലീലം.എം ചന്ദ്രന്‍ എഴുതിയത്.
കമലേ, നീയെന്തിനീ
നീര്‍മാതളത്തിന്റെ
കദനം നിനയ്ക്കാ-
തൊളിച്ചുപോയി...?
29. അമൃത പ്രണയത്തിന്റെ കഥയും കവിതയും പറയുകയാണ് തുളസി.
മൂന്ന്
ലാഹോര്‍ ഗവണ്മെന്റ് കോളേജിലെ സുന്ദരിയായ പെണ്‍കുട്ടിയുടെ പേര് അമൃത എന്നായിരുന്നു. പതിനാറം വയസ്സില്‍ അമൃതയുടെ ആദ്യ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. അക്കൊല്ലം തന്നെ അവള്‍ വിവാഹിതയുമായി. കുട്ടിക്കാലത്തെ വീട്ടുകാര്‍ പറഞ്ഞുറപ്പിച്ചു വെച്ച പ്രീതം സിംഗ് ആയിരുന്നു വരന്‍. 1947 ലെ ഇന്ത്യാ പാക്ക് വിഭജനത്തിന്റെ ദുരന്തമുഖം നേരില്‍ അനുഭവിച്ചറിഞ്ഞ അമൃത ഇന്ത്യയിലേക്ക് കുടിയേറി. 'ആജ് ആഖേന്‍ വാരീസ് ഷാ നു' എന്ന കവിതയും 'പിന്‍ജര്‍ ' എന്ന നോവലും വിഭജനം അമൃതയെകൊണ്ട് എഴുതിച്ചതാണ്.
30. മാധവിക്കുട്ടിയാണ് ഇവന്റിലെ ഏറ്റവും കൂടുതല്‍ എന്റ്രികള്‍ കിട്ടിയ സ്ത്രീ എഴുത്തുകാരി.
സരിജ എഴുതുന്നു.
ലളിതവും സുന്ദരവുമായ പദങ്ങള്‍ കൊണ്ട് നീ സൃഷ്‌ടിച്ച മനോഹാരിത ഹൃദയത്തിന്റെ ആഴങ്ങളില്‍ അജ്‌ഞാതമായ ഒരു വ്യഥയുണര്‍ത്തി. എന്റെ ഗ്രാമത്തിന്റെ നിറവില്‍ തിരുവാതിരക്കുളിരില്‍ കുളിര്‍ന്നു വിറയ്‌ക്കുന്ന പൂക്കളുമായി ഒരു നീര്‍മാതളമുണ്ടായിരുന്നില്ല. ഒരിക്കലും കാണാതെ, ആ സുഗന്ധം അറിയാതെ ഞാന്‍ നീര്‍മാതളത്തെ സ്‌നേഹിച്ചു, നിന്റെ സുഗന്ധം പരത്തുന്ന അക്ഷരങ്ങളിലൂടെ...
31. ഷെറി ആര്‍ഗോവിന്റെ പുസ്തകം പരിചയപ്പെടുത്തുകയാണ് സാബി.
ഇതു ഫിക്ഷനായും,ചെറുകഥയായും,മിത്തുകളായും,തത്വങ്ങളായും ഒരേ മാലയിൽ കോർത്ത വൈവിധ്യ വർണ്ണങ്ങളുള്ള എന്നാൽ ഒരേ രൂപമുള്ള മണികളായി എഴുത്തിനെ ലയിപ്പിച്ചിരിക്കുന്നതിനാൽ ഏതുഗണത്തിൽ പെടുത്തുമെന്നറിയില്ല. പക്ഷെ ഇതൊരു മാനൈഫെസ്റ്റോയാണ് (വനിതകളുടെ)
32. അഗതാ ക്രിസ്റ്റിയെ ഓര്‍മ്മിക്കുകയാണ് പ്രിയ.
എങ്കിലും ആറിലോ ഏഴിലോ പഠിക്കുമ്പോള്‍ വായിച്ച രണ്ടു പുസ്തകം (മലയാള വിവര്ത്തനം ആയിരുന്നു ) എഴുതിയ ആളുടെ പേരു എന്തേ ഓര്‍മയില്‍ മായാതെ നില്ക്കുന്നു. അഗതാ ക്രിസ്റ്റി.
33. ഡാലിയുടെ കല്ലു സ്ലേറ്റില്‍ കന്യാസ്ത്രീ ആയിരുന്ന ഒരു എഴുത്തുകാരിയെപറ്റി - മേരി ജോണ്‍ തോട്ടം.
ഇരുപത്തിയേഴാം വയസ്സില്‍ തന്റെ കാവ്യജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ കന്യാസ്ത്രീജീവിതം തിരഞ്ഞെടുത്തു് ഐഹീക ജീവിതത്തിന്റെ ആകര്‍ഷണങ്ങളില്‍ നിന്നും പിന്തിരിഞ്ഞു നടന്നിരുന്നു മേരി ജോണ്‍ തോട്ടം. ഇക്കാരണങ്ങളാല്‍ സ്വാതന്ത്ര്യ സമരത്തേയോ സാമൂഹിക പ്രശ്നങ്ങളേയോ നേരിട്ടു് തന്റെ കവിതയില്‍ അടയാളപ്പെടുത്തിയിരുന്നില്ലെങ്കിലും തത്ത്വചിന്ത, അദ്ധ്യാത്മികത എന്നിവയിലൂന്നിയുള്ള എഴുത്തിലും സ്ത്രീ എന്ന തന്റെ സ്വത്വത്തെ കുറിച്ചു് ബോധ്യവതിയായിരുന്നു. പുരുഷാധിപത്യത്തിനും പുരുഷസ്വാര്‍ത്ഥതയ്ക്കുമെതിരെ ഉയര്‍ന്ന ഒരു സ്ത്രീപക്ഷ ആര്‍ത്തനാദമായിരുന്നു പ്രഭാവതി എന്ന കവിത.
മേരി ജോണ്‍ തോട്ടത്തിലൂടെ നടന്ന് മലയാള സ്ത്രീ എഴുത്തുകാരുടെ ചരിത്രംഒരു ചരടില്‍ കോര്‍ത്ത് ഒരു അതിസുന്ദരമായ പോസ്റ്റെഴുതിയ ഡാലിയാണ് താരം.
കോഴിക്കോടു് കിഴക്കേകോവിലകത്തെ മനോരമ തമ്പുരാട്ടിയായിരുന്നിരിക്കണം കേരളത്തിലെ ആദ്യ സ്ത്രീ എഴുത്തുകാരി.
34. സുഗതകുമാരിയെ ഫോണിലൂടെ ഇന്റര്‍വ്യൂ ചെയ്താണ് ഞാന്‍ ഈ ഇവന്റില്‍ പങ്കെടുത്തത്.
ചേര്‍ത്ത് വായിക്കേണ്ടവ:
1. ഇവന്റിനെക്കുറിച്ച് വിമര്‍ശനം
2. ഇവന്റിനെക്കുറിച്ചല്പം തമാശ :)
P.S:
ക്ഷമാപണം: ഇവന്റ് റൌണ്ട് അപ്പ് ഇത്രയും താമസിച്ച് പോയതില്‍.
നന്ദി: തിരക്കുകളുടെ ഇടയിലും ഇതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും.
വെച്ചിട്ടുണ്ട്: ഞാന്‍ ഇവന്റില്‍ ഉണ്ടാവണമെന്ന് വിചാരിച്ച ചില എഴുത്തുകാരികളെക്കുറിച്ച് എഴുതാമെന്ന് പറഞ്ഞ് എന്നെ മോഹിപ്പിച്ച പിന്നെ പറ്റിച്ചവര്‍ക്കു:). ഇവന്റിനു വേണ്ടിയല്ലെങ്കിലും എപ്പോഴെങ്കിലും അവരെക്കുറിച്ച് എഴുതുമെന്ന് കരുതുന്നു.
(ആരുടെയെങ്കിലും പോസ്റ്റ് വിട്ട് പോയിട്ടുണ്ടെങ്കില്‍ ദയവായി അറിയിക്കണമെന്ന് അപേക്ഷ)
13 പ്രതികരണങ്ങള്‍:
അഭിനന്ദനം.
ബ്ലോഗീന്നു മുങ്ങും മുന്നെ ഇതു കണ്ടിരുന്നു. മലയാളം ബ്ലോഗിലെ ആദ്യ ഇവന്റ് ഒരുവിജയമാക്കിയവര്‍ക്ക് സലാം! ഹെലന്‍ കെല്ലറേയും അവരുടെ “ദ സ്റ്റോറി ഓഫ് മൈ ലൈഫ്” എന്ന ആത്മകഥയേയും ആരും പരാമര്‍ശിച്ചു കാണാഞ്ഞത് ഒരിത്തിരി അത്ഭുതമുണ്ടാക്കുന്നു. ഒപ്പം കൌതുകവും! ഏതായാലും അടുത്ത ഇവന്റ്റിന് ഒരു സജഷന്‍.. ഇത് സ്ത്രീഎഴുത്തുകാരെക്കുറിച്ചല്ലേ...ഇനി സ്ത്രീ കഥാ പാത്രങ്ങളെക്കുറിച്ചാവാം ഒന്ന്.
അയ്ന്‍ റാന്‍ഡിനെപ്പറ്റി എഴുതണമെന്നുണ്ടായിരുന്നു. സമയത്തു തീര്‍ക്കാന്‍ സാധിച്ചില്ല. എങ്കിലും, ഡാലിയുടെ പോസ്റ്റിനെ അവലംബിച്ചെഴുതിയ മനോരമയും ഇക്കാവമ്മയും ഈ ഇവന്റില്‍ത്തന്നെ കൂട്ടാം എന്നു തോന്നുന്നു.
അഭിനന്ദനങ്ങളും വലീയ ഒരു നന്ദിയും പറയട്ടെ ഇഞ്ചി?
നല്ല വായനാനുഭവങ്ങളായിരുന്നു ഈ ഇവന്റ് വഴി കിട്ടിയത്.
ഈ സമ്മിങപ്പിനും പ്രത്യേക സന്തോഷം.
ഞാന്‍ കാണാന്‍ വിട്ടുപോയ(ഇടയ്ക്ക് നാട്ടില്‍പ്പോയതുകൊണ്ട്)പല രചനകളുമുണ്ട് ഈ കൂട്ടത്തില്‍.
ഇവന്റില്‍ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും,
ആഴത്തിലൊരു പഠനമറ്ഹിയ്ക്കുന്ന വിഷയമായതുകൊണ്ട്,ചുരുങ്ങിയ സമയത്തില്‍ എഴുതാന്‍ പറ്റുമെന്നൊരു ധൈര്യം തോന്നിയില്ല.
എനിക്കും അയ്‌ന്‍ റാന്‍ഡിനെ കുറിച്ചെഴുതണമെന്നുണ്ടായിരുന്നു...
നല്ല മടിയായിരുന്നു :(
Inji
Good Effort.
I was surpirsed to note that nobody mentioned about RoseMary, who is one of the leading Literary Figures in Keraka at present !
Regards
Usman
ചോദ്യം ചോദിക്കുംന്ന് പറഞ്ഞിരുന്നില്ലേ, അതിവിടെ വെച്ചു ചോദിക്കോ അതോ വനിതാലോകത്തില്‍ വിളിച്ചോണ്ടോയി ഡാലി ടീച്ചറു ചോദിക്കോ ;)?
"പുലരിയെത്തുമ്പോള്‍
മുഖം തുടച്ചുള്ള നിന്‍-
ചിരിയും തിടുക്കവും
നാട്യവും ഞാനറിയും;
അറിയുന്നതെന്തുകൊ-
ണ്ടെന്നോ? സഖി, ഞാനു-
മിതുപോലെ,
രാത്രിമഴപോലെ!" എനിക്കും ഈ വരികള്‍ ഏറെ പ്രിയപ്പെട്ടവ. ടീച്ചറുടെ കവിതകളെല്ലാം പ്രിയം തന്നെ.
ഇവന്റില്‍ പങ്കെടുക്കാന്‍ പറ്റാത്തതില്‍ ശരിക്കും വിഷമമുണ്ട്. എഴുതും എന്ന് പ്രതീക്ഷിച്ച പലരും എഴുതികണ്ടില്ല, വാശിപിടിച്ചിരിക്കുന്ന കുട്ടികളെപോലെ.
ഈ സംരംഭം നന്നായി. എല്ലാമൊന്ന് വായിച്ചുതീര്‍ക്കട്ടെ, പലതും ഇപ്പോഴാണ്‍ കണ്ടത്.
If I had started my blog then, I would have written about Edna Ferber :D
എനിഡ് ബ്ള്യ്റ്റന്‍ സ്ത്രീ ആയിരുന്നു എന്ന വിവരം തന്നതിനു നന്ദി. പെല്‍ എസ് ബക്കിനെ കുറിച്ച് ആരും എഴുതിയില്ലെ?
ഹെന്റെ ഭാരതമാതാവേ..ഇങ്ങനൊരു ചതി ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല. പേള്‍ എസ് ബക്ക് പെണ്ണാണ് പോലും!!!ആ ഗുഡ് എര്‍ത് വായിച്ചു വായിച്ച് പ്രാന്തായി കാണുന്നവരോടും കേള്‍ക്കുന്നവരോടുമെല്ലാം അതിനെ പറഞ്ഞ് നടന്നിരുന്ന ഞാനീ സത്യമറിഞ്ഞില്ലല്ലോ..
ബിക്കൂ... വിധിയുണ്ടായിരുന്നെങ്കില്‍ എന്റെ ബ്ലോഗില്‍ പ്രത്യക്ഷപ്പെടേണ്ടിയിരുന്ന പോസ്റ്റായിരുന്നു അത്..എന്തു ചെയ്യാം... വിവരമില്ലായ്മ ചതിച്ചു
:-(
സംഭവം കുഴപ്പമില്ലാരുന്നു ഇഞ്ചി. നല്ല വര്‍ക്കുകള്‍.
വിമര്‍ശനം അതു ഞമ്മളാണേ..(പഴയ എട്ടുകാലി മമ്മൂഞ്ഞ് സ്റ്റൈല്‍)..
ചിയേഴ്സ്!!
ഈ റൗണ്ടപ്പ് നന്നായി.
കുറേ പേര്‍ക്കു കൂടി പോസ്റ്റുകളെത്താന്‍ ഉപകരിച്ചു കാണും. എന്‍റെ ഹദീല്‍ സ്വര്‍ഗത്തിന്‍റെ പടവുകളില്‍ എന്ന പോസ്റ്റില്‍ ഇന്നൊരാള്‍ സന്ദര്‍ശനം നടത്തിപ്പോയി.
വന്നത് ഇഞ്ചിപ്പെണ്ണിന്‍റെ ഈ പോസ്റ്റ് വഴി.
ഇത്തരം സംരംഭങ്ങള്‍ ഇനിയുമുണ്ടാകട്ടെ..
Post a Comment