2008-07-29

മതമില്ലാത്ത നിയമം

കോടതി: സ്ത്രീയുടെ പേര്?

ഉ: ഷാ ബാനോ

കോടതി: വേറെ പേരുകൾ?

ഉ: ജോർഡൻ ദീങ്ങ്ദിശ് (Jorden Diengdish), ലേഖ വിജയൻ

കോടതി: എന്താണ് പരാതി?

ഉ: ഭർത്താവിന്റെ പീഢനം

കോടതി: ക്ഷമിക്കൂ, ആദ്യത്തെ രണ്ട് പേരുകാർ പീഢനം തുടർന്നും സഹിച്ചേ പറ്റൂ‍. ലേഖ വിജയനു നിയമപരമായി ബന്ധം വിച്ഛേദിക്കാനുള്ള സാധ്യതകളുണ്ട്.


ആണവകരാറിനെക്കുറിച്ച് ഒരു യമണ്ടൻ പോസ്റ്റ് എഴുതാമെന്ന് കരുതി ഇരുന്നപ്പോഴാണ് നാട്ടിൽ നിന്നു പുന്നാര അനിയൻ കൊടുത്തയച്ച ടിവി ചന്ദ്രന്റെ 'പാഠം ഒന്ന് - ഒരു വിലാപം' കാണാമെന്ന് ഓർത്തത്. ചങ്ക് പറിഞ്ഞ് പോയി. നിരനിരയായി ഒക്കത്തൊരു കുട്ടിയുമായി നടന്ന് വരുന്ന പതിനഞ്ച് വയസ്സുകാരികൾ.

ഇന്ത്യൻ പാർലിമെന്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ഉണ്ടായിരുന്ന രാജീവ് ഗാന്ധി സർക്കാർ ഷാ ബാനോ‍ കേസിൽ കാണിച്ച തെമ്മാടിത്തരമാണ് ഓർമ്മ വന്നത്. ഇന്ത്യയിൽ ഒരു വത്തിക്കാനും സൗദിഅറേബ്യയും ഉണ്ടാക്കുന്നുതാണോ ഇന്ത്യയെ പുതുയുഗത്തിലേക്ക് നയിക്കുമെന്ന് പ്രത്യാശിച്ച ഒരു യുവപ്രധാനമന്ത്രി ചേയ്യേണ്ടിയിരുന്നത്?

എന്ത് ആണവ കരാർ? എന്ത് പുരോഗതി? ഭരണത്തിൽ നിന്ന് മതങ്ങളെ മാറ്റി നിറുത്താൻ സാധിച്ചില്ലെങ്കിൽ വീട് മുഴുവൻ ആയിരം വാട്ട് ബൾബുകൾ കൊണ്ട് കത്തിച്ചിട്ടും ബ്രോഡ് ബാന്റ് ഇന്റർനെറ്റും കൊണ്ട് എന്ത് പ്രയോജനം? ഒരേ നിലയും വിദ്യാഭ്യാസവുമുള്ള എന്റെ കൂട്ടുകാരി നിഷ അലിയ്ക്ക് ഒരു നീ‍തി, എനിക്ക് മറ്റൊരു നീതി, ലേഖ വിജയനു മറ്റൊരു നീതി - ഒരേ രാ‍ജ്യത്ത്.

എനിക്ക് ഒരിക്കലും മനസ്സിലാവാത്ത കാര്യമാണത്. ആയിരത്തിയഞ്ഞൂറ് ന്യൂനപക്ഷ കാരണങ്ങൾ ഇതിനു നിരത്തിയാലും നിഷ എന്തിനു എന്നേക്കാളും കൂടുതൽ ദുരിതം അനുഭവിക്കണം? അവളെന്തിനു 'നിയമപരമായി' അലിയുടെ മൂന്നാം ഭാര്യയാവണം? ഇതൊക്കെ കാട്ടിക്കൂട്ടുന്നത് തിന്നു കൊഴുത്തിരിക്കുന്ന എല്ലാ മതത്തിലേയും പുരോ‍ഹിത സമൂഹങ്ങൾ മാത്രമാണ്. അല്ലാതെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരല്ല. എന്നിട്ടും ഈ അനീതി, ഈ കാട്ട് നീതി ഇന്ത്യ പോലെയൊരു രാജ്യത്തിൽ തുടർന്ന് കൊണ്ട് പോവുന്നതിന്റെ കാരണം?

ദേശീയോദ്ഗ്രഥനത്തിനു വേണ്ടത് ഹിന്ദിയല്ല, പകരം ജാതിഭേദമന്യേ ഒരേ തരം നിയമങ്ങളാണ്. സ്വാതന്ത്ര്യം കഴിഞ്ഞ് അറുപത് വർഷം കഴിഞ്ഞിട്ടും ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 44 നിയമപ്രാബല്യത്തിൽ കൊണ്ട് വരാൻ സാധിക്കാത്തതും എല്ലാ വർഷവും ഏതെങ്കിലും കേസിന്റെ ഭാഗമായി കോടതികൾ ഇതിനു വേണ്ടി വിലപിക്കുന്നതും കണ്ടില്ലെന്ന് നടിക്കുന്നത് ജനദ്രോഹപരമെന്നല്ലാതെ പിന്നെയന്താണ്?

മതപ്രീണനം മറയില്ലാതെ നടത്തുന്ന കോൺ‌ഗ്രസ്സ് യൂണിഫോം സിവിൽ കോഡ് ജന്മത്ത് കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കണ്ട. പുരോഗമനം വീമ്പടിക്കുന്ന മതപ്രീണനം ഒളിച്ചു നടത്തുന്ന കമ്മ്യൂണിസ്റ്റുകാരും ഇതിനെതിരാണ്. യൂണിഫോം സിവിൽ കോഡ് കൊണ്ട് വരാൻ വേണ്ടിയെങ്കിലും ആറ് മാസമെങ്കിൽ ആറ് മാസം ബിജെപി കേന്ദ്രത്തിൽ ഭരിക്കണമെന്ന് അറിയാതെ ആഗ്രഹിച്ചു പോവാറുണ്ടെന്ന് ഒരു കൂട്ടുകാരിയോട് പറഞ്ഞപ്പോൾ അവളെന്നെ കൊല്ലാൻ വന്നു. ഒരു നല്ല കാര്യത്തിനു വല്ലപ്പോഴും ചെകുത്താനെ കൂട്ട് പിടിക്കുന്നതിൽ തെറ്റില്ല എന്ന് എന്റെ പക്ഷം!

അമേരിക്ക, യൂറോപ്പ് ഇങ്ങിനെ പൊതുവെ ക്രിസ്ത്യൻ രാജ്യങ്ങളിലില്ലാത്ത നിയമങ്ങൾ ഇന്ത്യൻ ക്രിസ്ത്യാനികൾക്കുണ്ട്. തുർക്കിയിലോ, ഇറാനിലോ, ഈജിപ്തിലോ എന്തിനു പാകിസ്താനിൽ പോലുമില്ലാത്ത നിയമങ്ങൾ ഇന്ത്യയിൽ ഉണ്ട്. ഇവിടെയൊന്നും ഇല്ലാത്ത multiculturalism excuse ഇന്ത്യക്ക് വേണം. എന്താ ഒരു വിശാലത!

20 പ്രതികരണങ്ങള്‍:

സു | Su said...

എനിക്കും ഒന്നും മനസ്സിലാകുന്നില്ല. കൂട്ടുകാർക്ക് വേറെ വേറെ നിയമം, അയൽക്കാർക്ക് വേറെ നിയമം, വഴിയിൽക്കൂടെ പോകുന്നവർക്ക് വേറെ നിയമം. എല്ലാവർക്കും ഒരു നിയമം എന്നത് വരുന്ന നല്ല നാളെകൾ സ്വപ്നം കണ്ടു കൊണ്ടിരിക്കാം.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വരില്ല ഇഞ്ചീ , കോരന്റെ കഞ്ഞി എന്നും കുമ്പിളില്‍ തന്നെ ആക്കാനുള്ള വിദ്യ നല്ലവണ്ണം അറിയാവുന്നവരാണ്‌ ഭരണപക്ഷവും പ്രതിപക്ഷവും എല്ലാം. കോരന്‍ എന്നും വിഡ്ഢി തന്നെ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...
This comment has been removed by the author.
ടോട്ടോചാന്‍ said...

ഹൈന്ദവ,ക്രൈസ്തവ,ഇസ്ലാം നിയമങ്ങള്‍ക്കതീതമായി ഭാരതത്തില്‍ നിയമങ്ങളുണ്ട്.
എന്നാല്‍ വ്യക്തി നിയമങ്ങള്‍ എന്ന ലേബലില്‍ വരുന്ന നിയമങ്ങളാണ് ഈ അനീതിക്ക് കാരണം.

ഏകീകൃത സിവില്‍ കോഡ് എത്രയും പെട്ടെന്ന് കൊണ്ടു വരിക എന്നതു മാത്രമാണ് ഇതിനൊരു പരിഹാരം. അതിനെ എതിര്‍ക്കുന്ന ഏത് രാഷ്ട്രീയപാപികളേയും വോട്ട് ചെയ്ത് തോല്‍പ്പിക്കാനുള്ള കരുത്ത് നമുക്കുണ്ടാവണം.
ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന ഈ കാര്യം ഇതുവരെ നടപ്പാക്കാന്‍ നട്ടെല്ലില്ലാത്ത ഭരണാികാരികള്‍. എങ്ങിനെ ഉണ്ടാവും?
നന്മകള്‍ മാത്രമുള്ള ഒരു പാഠപുസ്തം കത്തിച്ച് അദ്ധ്യാപകരെ കൊലപ്പെടുത്തി മതമില്ലാത്ത ജീവന്‍റെ ജീവനെടുത്ത ജീവനില്ലാത്ത മതങ്ങളും മതനേതൃത്വവും നിലനില്‍ക്കുന്നിടത്തോളം രാഷ്ട്രീയം എന്നതിന് സാധുതയില്ല. മതരാഷ്ട്രീയം മാത്രമേ നടമാടൂ.!

മതത്തേയും രാഷ്ട്രീയത്തേയും വേര്‍തിരിക്കാനുള്ള ആര്‍ജ്ജവം ഭരണാധികാരികള്‍ക്കുണ്ടാവണം. പുതിയ തലമുറയില്‍ നിന്നും പുതിയ ആര്‍ജ്ജവമുള്ള രാഷ്ട്രീയക്കാര്‍ ഉടലെടുക്കും... അതു വരെ കാത്തിരിക്കാം വോട്ട് എന്ന് പ്രതിരോധത്തിലൂടെ..
അഭിപ്രായങ്ങള്‍ എന്ന പ്രതിരോധത്തിലൂടെെ...

അഭിനന്ദനങ്ങള്‍.....

വിചാരം said...

ഞാനീ പോസ്റ്റ് കണ്ടതിപ്പോഴാണ് ഇതിലെ പല കാര്യങ്ങളും പലപ്പോളായി ഞാന്‍ പല പോസ്റ്റിലും കമന്റിയിട്ടുണ്ട് അതു പോലെ പലരുമായും ചാറ്റിയിട്ടുമുന്റ് ഇവിടെ കഴിഞ്ഞ കുറച്ച് ദിവസം മുന്‍പ് (ജൂലായ് 28 ) ഒരു സുഹൃത്തുമായി ചാറ്റിയതിന്റെ ചാറ്റ് റിക്കോര്‍ഡ് ഞാനിവിടെ പേസ്റ്റ് ചെയ്യുന്നു ആരുമായാണോ ചാറ്റിയത് ആ വ്യക്തിയുടെ പേരു ഞാന്‍ ഡിലീറ്റുന്നു. ഈ പോസ്റ്റുമായി ചില അഭിപ്രായ സമന്വയം ഉള്ളതുകൊണ്ടാണ് ഞാനിത് ഇവിടെ പകര്‍ത്തുന്നത്.

Vichaaram: ബി.ജെ.പിയെ അകറ്റി നിറുത്താന്‍ പാടില്ല അവരെ രാഷ്ട്രീയത്തിന്റെ .. ഭരണത്തിന്റെ ഉത്തുംഗതയില്‍ എത്തിയ്ക്കണം എങ്കില്‍ ഒത്തിരി നല്ല ഗുണങ്ങള്‍ ഇന്ത്യയ്ക്കുണ്ടാവും (ഞാനൊരു കമ്യൂണിസ്റ്റു ചിന്താഗതിയ്ക്കാരനാണ് )
വ്യക്തി: :)
3:05 AM Vichaaram: ഏക സിവില്‍ കോഡ് വരണമെന്ന് വാദിയ്ക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍ എന്നാല്‍ അത് നടപ്പിലാക്കാന്‍ അവര്‍ക്ക് ഇനിയും 50 വര്‍ഷം വേണം
ഞാനും അത് വാദിയ്ക്കുന്നു
ബി.ജെ.പിയ്ക്കത് ചെയ്യാനാവും അവര്‍ക്കിപ്പോള്‍ ശക്തിയുണ്ട് ആ ശക്തിയിലത് അവര്‍ ചെയ്യണം
3:06 AM മത ന്യൂനപക്ഷങ്ങളുടെ വിലപേശല്‍ തന്ത്രത്തില്‍ ആദ്യം വീഴുന്നത് എന്നും കേരളത്തിലെ ഇടതും വലതുമായ പക്ഷങ്ങളാണ്
വ്യക്തി: അവരും ചെഹ്യ്യില്ല
അതിനൊന്നും ആര്‍ക്കും ധൈര്യമില്ല
Vichaaram: കാരണം എതെങ്കിലും ഒരു കേരള കോണ്‍ഗ്രസ്സ് .. പി.ഡി.പ് ഇത്തി കണ്ണികള്‍
3:07 AM ഇവരുടെ ഭരണത്തിലുണ്ടാവും
അതല്ലേ പറഞ്ഞത് ഒറ്റ കകഷിയായി ബി.ജെ.പി വരണം
വന്നാല്‍ അവര്‍ക്കത് ചെയ്യാനാവും
വ്യക്തി: കണ്ടറിയണം
Vichaaram: അവരത് ചെയ്യും
3:08 AM മതങ്ങളുടെ ആധിപത്യത്തെ തകര്‍ക്കാന്‍ മറ്റു മതങ്ങള്‍ക്കേ ആവൂ .. അവര്‍ പരസ്പരം ആശയ ഗതിയിലും മറ്റും തമ്മില്‍ തല്ലണം അതിനുള്ള അവസരം ഉണ്ടാക്കണം
3:09 AM ഏതെങ്കിലും ഒരു മതത്തെ തൊടാന്‍ കമ്യൂണിസ്റ്റുക്കാര്‍ ശ്ശ്രമിച്ചാല്‍ അവരൊരുമിച്ച് നിന്ന കമ്യൂണിസത്തെ ഇല്ലാതാക്കും
പാഠപുസ്തക വിവാദം ഒരു ഉദാഹരണം
വ്യക്തി: :)
3:10 AM Vichaaram: ജൂതരെ തകര്‍ത്തത് ... ക്രൈസ്തവ ചിന്താഗതിക്കാരന്‍
ഇസ്ലാമതത്തിന്റെ മുന്നേറ്റത്തെ തകര്‍ക്കുന്നത് ഹൈന്ദവരും
3:11 AM ഇന്ത്യയില്‍ ക്രൈസ്സ്തവരുടെ മുന്നേറ്ററ്ത്തെ ആശയപരമായ തകര്‍ക്കലിലാണ് ഇസ്ലാമത വിശ്വാസികള്‍ .മത പ്രചരണത്തിലൂടെ
ബുദ്ധമത്തത്തിന്റെ ശക്തിയെ തകര്‍ത്തത് ബ്രാഹ്മണ മേധാവിത്വമെന്ന പോലെ
3:12 AM വ്യക്തി: അതൂ ശരിയാണ്
Vichaaram: ബി.ജെ.പി വളരണം.. എങ്കിലേ ഒറ്റ കക്ഷിയായ ബി.ജെ പിയെ തകര്‍ക്കാന്‍ അതിനെ എതിര്‍ക്കാനും അതിനോളം ശക്തിയായ കമ്യൂണിസ്റ്റ് മതേതര ചിന്താഗതിയ്ക്കാവൂ
3:13 AM വ്യക്തി: അറിയില്ല. ഇതൊരു വ്യത്യസ്ത ചിന്താഗതിയയന്‍
3:14 AM Vichaaram: ഒരാള്‍ കൂട്ടത്തിലേക്ക് ഒരു കല്ലെടുത്തെറിഞ്ഞാല്‍ അതാരുടെയെങ്കിലും തലയില്‍ വീഴുമെന്നുറപ്പ് എന്നാല്‍ പല കൂട്ടങ്ങളായി നില്‍ക്കുന്നവരുടെ ഇടയിലേക്കിട്ടാല്‍ അതൊരു പക്ഷെ വീഴുക ഇവരുടെ ഗ്യാപുകളിലായിരിക്കും ... ആരുടെ മണ്ടയും തകരില്ല
:)

മാണിക്യം said...

ഇന്ത്യന്‍ ഭരണഘടന സ്ത്രീക്കും പുരുഷനും തുല്യസ്വാതന്ത്ര്യം കല്പിച്ചിട്ടുണ്ടങ്കിലും
പരമ്പരാഗതമായ പുരുഷ മേധാവിത്വം
സമൂഹത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള
പലചട്ടങ്ങളും മാമ്മൂലുകളും ഇന്നും ഭാരതനാരിയെ
അടിമപെടുത്തിയിരിക്കുന്നു,200 ബിസിയില്‍ രചിച്ച മനു സിദ്ധാന്തങ്ങള്‍ , ഇന്നും വിവേചനത്തിന്റെ പാതയിലൂടെതന്നെ!
സ്ത്രീ ജന്മം അടിമത്വത്തിലും, ദാരിദ്ര്യത്തിലും ,
അഞ്ജതയിലും,അനാരോഗ്യത്തിലും ,
നിസ്സഹായതിലും ....
അത്യന്തം ഭീഭത്സവും വേദനാജനകവും തന്നെയാണ്‌ ചിത്രം .
ഏതു മതമായാലും തഥൈവ!
ചോദ്യം എന്താ ഒരു പ്രതിവിധി?

തോന്ന്യാസി said...

ഒരു നല്ല കാര്യത്തിനുവേണ്ടി ചെകുത്താനെ കൂട്ടു പിടിക്കുന്ന ആശയത്തോട് ഞാനും യോജിയ്ക്കുന്നു....
ഏതെങ്കിലും ഒരു സാഹചര്യത്തില്‍ ബി.ജെ.പി ഒറ്റയ്ക്ക് അധികാരത്തില്‍ വരികയും കോമണ്‍ സിവില്‍ കോഡ് നടപ്പിലാക്കുകയും ചെയ്തു എന്നിരിയ്ക്കട്ടെ. അടുത്തതായി വരുന്ന ബിജെപി ഇതര സര്‍ക്കാര്‍ അത് റദ്ദാക്കില്ല എന്നതിന് എന്താണ് ഉറപ്പ്?

വിചാരം said...

ഏക സിവില്‍ കോഡ് അതാണ് ഒരേ ഒരു പരിഹാരം അതിനായ് പരിശ്രമിയ്ക്കുന്ന ഏതൊരാള്‍ക്കും വോട്ടു ചെയ്യൂ എന്ന് ഏവരും തീരുമാനമെടുക്കുക ഞാനൊരു ബി.ജെ.പി കാരനല്ലെങ്കിലും ഈയൊരു കാര്യം സാധിയ്ക്കാനായ് അവരെ അധികാരത്തില്‍ കയറ്റുക. അവര്‍ക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം എല്ലാ ഭാരതീയരും നല്‍കണം എന്നിട്ടും ചെയ്തിട്ടില്ലെങ്കില്‍ നോക്കാമല്ലോ അവസരം വീണ്ടും വരുമല്ലോ .

എല്ലാ മതവിശ്വാസികള്‍ക്കും സിവില്‍ നിയമങ്ങള്‍ വ്യത്യസ്ഥമാണ് അതുകൊണ്ടാണ് ആദ്യത്തെ രണ്ടു പേരുക്കാര്‍ പീഢനം തുടര്‍ന്നു സഹിയ്ക്കാന്‍ ജഡ്ജി തന്നെ വിധിച്ചത് പാവം ജഡ്ജിക്ക് മറ്റൊരു ഓപ്ഷനില്ല, എന്നാ ചെയ്യാന്‍ മതന്യൂനപക്ഷങ്ങള്‍ എന്നു പറയുന്ന എമ്പോക്കികള്‍ ആണും പെണ്ണും കെട്ട രാഷ്ട്രീയ നപുംസകങ്ങളെ ഭീഷണിപ്പെടുത്തുന്നതുകൊണ്ടാണ് പാര്‍ലിമെന്റില്‍ സ്ത്രീവിരുദ്ധമായ ഇങ്ങനെയുള്ള നിയങ്ങള്‍ വരുന്നത്, 35 ശതമാനം സ്ത്രീ സംവരണമെന്ന നിലപാടിന് പോലും എതിര് നില്‍ക്കുന്ന മുലായം പോലുള്ളവരുടെ പിന്തുണ മുഖ്യകക്ഷികള്‍ക്ക് വേണ്ടി വരുന്നയിടത്തോളം കാലം സ്ത്രീകള്‍ എന്നും സമൂഹത്തിന്റെ അടിത്തട്ടില്‍ തന്നെ കഴിയേണ്ടി വരും ഇവിടെ ഉഗ്ര വര്‍ഗ്ഗീയവാദികളായ ബി.ജെ.പിയോട് പോലും കമ്മ്യൂണിസ്റ്റുകാര്‍ക്ക് കൈ കോര്‍ക്കേണ്ട അവസരമുണ്ട് എന്നാല്‍ ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യം വയ്ക്കുന്ന കമ്യൂണിസ്റ്റുക്കാരും തിരിഞ്ഞു ചിന്തിയ്ക്കുന്നു ഇതുകൊണ്ടല്ലാം തന്നെയാണ് ബി.ജെ.പിയാണ് നമ്മുടെ രാഷ്ട്രത്തിന്റെ പല നല്ല ഗുണകരമായ കാര്യങ്ങള്‍ക്കും ആവശ്യം.

ബി.ജെ.പി വന്നാല്‍ സാമുദായിക സംവരണം എന്ന തത്വം ഒഴിവാക്കി അവിടെ സാമ്പത്തിക സംവരണം എന്ന നിലപാടിലെത്തും എന്നു ഞാന്‍ കരുതുന്നു ഇന്ന് നമ്മുടെ ഭാരതത്തിനാവശ്യം സാമ്പത്തിക സംവരണമാണ് കാരണം 50 വര്‍ഷം മുന്‍പ് അടിത്തട്ടിലെന്ന പറഞ്ഞവരില്‍ പകുതിയും ഉന്നതിയിലെത്തി കഴിഞ്ഞു അതുപോലെ ഉന്നതിയിലായി എന്നു പറഞ്ഞവര്‍ വളരെ താഴെ തട്ടിലും എത്തി കഴിഞ്ഞു ഇനി ഈ രണ്ടു വിഭാഗങ്ങളിലേയും സാമ്പത്തികമായി താഴെ തട്ടിലുള്ളവരെ ഉയരങ്ങളിലെത്തിയ്കാന്‍ സാമ്പത്തിക സംവരണത്തിനേ ആവൂ.

സാമൂഹികമായ ഉച്ചനീചത്വം ഇല്ലാതാക്കാന്‍ ദീര്‍ഘവീക്ഷണമായ ചിന്തകള്‍ക്ക് കഴിയണം ബി.ജെ.പി തങ്ങളുടെ പഴഞ്ചന്‍ ചിന്താഗതികൂടി ഉപേക്ഷിച്ച് ഭാരതത്തിന്റെ ഉന്നമനത്തിനും ഭാരതീയരുടെ ഉന്നമനത്തിനും പ്രവര്‍ത്തിയ്ക്കുക അതുപോലെ ന്യൂനപക്ഷങ്ങളുടെ ഉമ്മാക്കിക്ക് വില കല്പിക്കാതെ കമ്യൂണിസ്റ്റുക്കാരും ബി.ജെ.പിയുമായി കൈ കോര്‍ക്കുക കോണ്‍ഗ്രസ്സ് എന്ന നപുംസക പാര്‍ട്ടിയെ ഏഴലത്ത് പോലും കയറ്റരുത് കാരണം ആ പാ‍ട്ടിയാണ് ഇന്നിന്ത്യയെ പിന്നോട്ട് നയിക്കുന്നത്, ഇന്ത്യയ്ക്ക് വ്യക്തവും ശക്തവുമായ ഒരു നയം കൊണ്ടുവന്ന പാര്‍ട്ടിയായിരിന്നു പഴയകാല കോണ്‍ഗ്രസ്സുകാര്‍ എന്നാല്‍ ഇന്നവരുടെ നിലപാടുകള്‍ അമേരിക്ക പോലുള്ള രാഷ്ട്രങ്ങളുടെ കാല്‍ കീഴില്‍ എത്തിയ്ക്കാമെന്ന് വാക്ക് കൊടുത്തത് പോലെയാണ് പ്രവര്‍ത്തികള്‍. മാറ്റം അതാണ് എന്നും കാലഘട്ടത്തിനിവാര്യം ഇന്നലത്തെ എന്റെ നിലപാടുകള്‍ തന്നെ ഇന്നും ഞാന്‍ തുടരണം എന്നു പറയുന്നത് ശുദ്ധ ഭോഷ്ക്കാണ് അടിസ്ഥാനപരമായ മാറ്റമല്ലെങ്കില്‍ കാലിക പ്രസക്തിയോട് എന്നും എല്ലാവരും എല്ലാ ചിന്താഗതിയ്ക്കാരും മാറിയെ തീരൂ .

സൂര്യോദയം said...

രാജ്യത്ത്‌ മത ഭേദമന്യേ ഒരേ നിയമം വേണമെന്നത്‌ തന്നെയാണ്‌ എന്റേയും ആഗ്രഹം. എന്തുകൊണ്ട്‌ അത്‌ നടപ്പിലാക്കാന്‍ സാധിക്കുന്നില്ല എന്നതിനുത്തരം 'ന്യൂനപക്ഷപ്രീണനം' അല്ലെങ്കില്‍ 'അവസരവാദരാഷ്ട്രീയം' എന്നത്‌ മാത്രമാണ്‌ ഉത്തരം.

പല സര്‍ക്കാറുകള്‍ക്കും പല നല്ല കാര്യങ്ങളും നടപ്പിലാക്കുന്നതിന്‌ തടസ്സം നില്‍ക്കുന്നത്‌ ചില മത സംഘടനകളും ഈര്‍ക്കിലിപ്പാര്‍ട്ടികളും തന്നെ. ഇത്‌ തന്നെയാകുന്നു നമ്മുടെ നാടിന്റെ ശാപം. ഏകീകൃതമായ രീതിയില്‍ എന്തെങ്കിലും പരിഷ്കാരമോ നിയമമോ നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ അപ്പോഴൊക്കെ ഈ പ്രശ്നമുണ്ട്‌ താനും.

വിചാരം പറഞ്ഞപോലെ, സാമ്പത്തിക സംവരണം എന്നത്‌ തന്നെയാകുന്നു ഏറ്റവും നല്ല സംവരണം എന്ന് ഞാനും വിശ്വസിക്കുന്നു. മതവിവേചനമില്ലാതെ സാമ്പത്തികബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കായിരിക്കണം സംവരണം ലഭിക്കേണ്ടത്‌. പക്ഷേ, അത്‌ നടപ്പിലാക്കുക അത്ര എളുപ്പമോ സുഗമമോ ആയിരിക്കില്ല. ഒരു വ്യക്തിയുടെ സാമ്പത്തികനില കണ്ടുപിടിക്കുക എന്നത്‌ ഇന്നത്തെ സംവിധാനത്തില്‍ നടപ്പില്ല. കൃത്യമായ വേതനം വാങ്ങുന്നവരുടെ കാര്യത്തിലല്ലേ ഇതിനുള്ള റെക്കോര്‍ഡുള്ളൂ. ബിസിനസ്സുകാരും വലിയ കൃഷിക്കാരും അവരുടെ സാമ്പത്തികസ്ഥിതിയുടെ സത്യാവസ്ത ഒരിക്കലും പൂര്‍ണ്ണമായും വെളിപ്പെടുത്തില്ല. റെക്കോര്‍ഡുകളില്‍ ദാരിദ്ര്യവും ജീവിതത്തില്‍ സ്വര്‍ഗ്ഗീയവുമായ സുഖങ്ങള്‍ അനുഭവിച്ച്‌ അങ്ങനെയുള്ളവര്‍ സംവരണം നേടിയേക്കാം എന്നതാണ്‌ ഇതിന്റെ പ്രശ്നം. എല്ലാ ജനങ്ങളുടേയും മുഴുവന്‍ സാമ്പത്തിക ഇടപാടുകള്‍ക്കും വ്യക്തവും സുതാര്യവുമായ കണക്കുകള്‍ ഗവര്‍ണ്‍മന്റ്‌ സംവിധാനത്തിലൂടെ പരിശോധിക്കാനുള്ള ഒരു കാലഘട്ടത്തിലേ ഈ സാമ്പത്തികസംവരണം എന്നത്‌ വിജയമാകുകയുള്ളൂ. പൂര്‍ണ്ണമായ ഒരു കമ്മ്യൂണിസവും സോഷ്യലിസവും നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ ഒരു പരിധിവരെ ഇത്‌ വിജയിച്ചേക്കാം.

Sands | കരിങ്കല്ല് said...

ഓണത്തിടയില്‍ പൂട്ടുകച്ചവടം :

സ്ത്രീപീഢനം സ്ത്രീയെ പീഡിപ്പിക്കല്‍ ആണെങ്കില്‍ ... എന്താണ്‍ ഭർത്തൃപീഢനം?

സജീവ് കടവനാട് said...

ആറ് മാസമെങ്കിൽ ആറ് മാസം ബിജെപി കേന്ദ്രത്തിൽ ഭരിക്കണമെന്ന് അറിയാതെ ആഗ്രഹിച്ചു പോവാറുണ്ടെന്ന് ഒരു കൂട്ടുകാരിയോട് പറഞ്ഞപ്പോൾ അവളെന്നെ കൊല്ലാൻ വന്നു. ഒരു നല്ല കാര്യത്തിനു വല്ലപ്പോഴും ചെകുത്താനെ കൂട്ട് പിടിക്കുന്നതിൽ തെറ്റില്ല എന്ന് എന്റെ പക്ഷം!

അപ്പൊ ഇഞ്ചി അറിഞ്ഞില്ലായോ, അഞ്ചര കൊല്ലം ബിജെപി ഒലത്തിയത്?

പിന്നെ നമുക്കെന്തിനാ വനിതാബില്ല് എന്നും കൂടി ചോദിക്കാരുന്നു...

കണ്ണൂസ്‌ said...

ഏകീകൃത സിവില്‍ കോഡ് പടിപടിയായി കോടതി വിധികളിലൂടെയല്ലാതെ ഇന്ത്യയില്‍ വരില്ല.

Manoj മനോജ് said...

ഏകീകൃത സിവില്‍ കോഡും, വനിതാ ബില്ലും ഇന്ത്യയില്‍ നടപ്പിലാകുമെന്ന് കരുതുന്നുവെങ്കില്‍ അത് ഒരു സ്വപ്നം മാത്രമാണ്. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഇന്ത്യയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടി ഭരിക്കാന്‍ സാധിക്കുമോ? സാധിക്കും രാജീവിനെ കൊന്ന് ഭൂരിപക്ഷം നേടിയെടുത്ത പോലെ ഒന്ന് സംഭവിച്ചാല്‍. ഇനി അഥവാ ബി.ജെ.പി.ക്ക് കഴിഞ്ഞൂ എന്ന് കരുതുക. അവര്‍ ഈ നിയമം കൊണ്ട് വരുമെന്ന് കരുതുവാന്‍ മാത്രം ബുദ്ധി ശൂന്യരാണോ നമ്മള്‍! അയോദ്ധ്യ ഇപ്പ കെട്ടും എന്ന് പറഞ്ഞിട്ട് എന്തായി? ഇതൊക്കെ വോട്ട് തട്ടാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നമ്പറുകളല്ലേ.

പിന്നെ ഇതിനെല്ലാം കാരണം ഗാന്ധിയായിരിക്കണം. എനിക്ക് ഇന്നും അത്ഭുതമാണ് എന്തിനാണ് ഗാന്ധി ചുരുക്കം ചില സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഹിന്ദി ദേശിയ ഭാഷയായി തെരഞ്ഞെടുത്തത് എന്ന്. ശരിക്കും പുള്ളി സംസ്കൃതമായിരുന്നില്ലേ തെരഞ്ഞെടുക്കേണ്ടിയിരുന്നത്. അങ്ങിനെയായിരുന്നു എങ്കില്‍ ഇന്ത്യയിലെ എല്ലാവരും അത് പഠിക്കുമായിരുന്നു. ഭാഷയുടെ പേരില്‍ ഇന്ത്യയില്‍ വിഭജനം വരില്ലായിരുന്നു. ഭരണഘടന നിര്‍മ്മാണ സമയത്ത് തന്നെ ഏകീകൃത സിവില്‍ നിയമവും വരുമായിരുന്നു.

പക്ഷേ പറഞ്ഞിട്ട് എന്ത് കാര്യം?

ഇനി ഒരിക്കലും ഇന്ത്യയില്‍ ഇന്ത്യക്കാരന് ഒരേ നീതി കിട്ടുമെന്ന് തോന്നുന്നില്ല. അവനെ നിയമം നോക്കി കാണുക ന്യൂനപക്ഷനെന്നോ, ഹരിജനെന്നോ, ഹിന്ദുവെന്നോ, മുസ്ലീമെന്നോ, ക്രിസ്ത്യാനിയെന്നോ ആയിരിക്കൂ.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

"എന്നിട്ടും ഈ അനീതി, ഈ കാട്ട് നീതി ഇന്ത്യ പോലെയൊരു രാജ്യത്തിൽ തുടർന്ന് കൊണ്ട് പോവുന്നതിന്റെ കാരണം?" ദീപസ്തംഭം മഹാശ്ചര്യം നമുക്കു (മാത്രം) കിട്ടണംവോട്ട്‌. അതാണ്‌ കാരണം.

കള്ളന്‍.. കള്ളന്‍.. എന്നു വിളിച്ചു കൂവുന്നവരെ സൂക്ഷിക്കുക. സ്വന്തം കളവ്‌ മറയ്ക്കാനോ അല്ലെങ്കില്‍ മറ്റൊരു കളവു മനസില്‍ പദ്ധതിയിട്ടോ ആവുംപലരുമങ്ങിനെ പറയുന്നത്‌. കളവിനെ വെറുത്തിട്ടാവില്ല.

ഷബാനോ കേസില്‍ രാജീവിനെ കുറ്റം പറയരുത്‌. പാവം. (ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തുന്നത്‌ യുദ്ധതന്ത്രമാണ്‌. ) അതുപോലും അറിയാത്ത പാവമായിരുന്നുഅയാള്‍. ഐ.പി.കെ.എഫ്‌. ശ്രീലങ്കയില്‍ പ്രവേശിക്കുന്നതിനെതിരെ ഒരു ദിലീപന്‍ സത്യാഗ്രഹമിരുന്നു ഒരു മാസത്തിനുള്ളില്‍ മരിച്ചിരുന്നു അക്കാലത്ത്‌. (അന്നു പെട്ടെന്ന് ഞാന്‍ ഒാര്‍ത്തതുമഹാത്മാ ഗാന്ധിജിയെ ആയിരുന്നു. ഇന്നാണ്‌ ഗാന്ധിജിസത്യാഗ്രഹമിരുന്നതെങ്കില്‍... ബ്രിട്ടിഷുകാര്‍ക്കു പകരംകോണ്‍ഗ്രസുകാരാണ്‌ ചുറ്റും ഉണ്ടായിരുന്നതെങ്കില്‍.... ആലോചിക്കാന്‍ വയ്യ. ഒറ്റ സത്യാഗ്രഹത്തില്‍ എല്ലാംതീരുമായിരുന്നില്ലേ. ) ഇന്നു അവര്‍ ചെയ്യുന്നത്‌ സത്യാഗ്രഹ്‌ അല്ല വോട്ടിനു വേണ്ടിയുള്ള അത്യാഗ്രഹ്‌ആണ്‌. ഓരോ വകുപ്പുകളും കിട്ടുന്ന അവസരം മുതലാക്കി ഇവരുടെ കളര്‍ ചിത്രങ്ങള്‍ പത്രങ്ങളില്‍ (ഫുള്‍ പേജ്‌) കൊടുത്ത്‌ പാവപ്പെട്ടവന്‍റെ നികുതിപ്പണം മുടിക്കുന്നതു കാണുമ്പോള്‍... തിളയ്ക്കാറുണ്ട്‌ ചോര. ഒാര്‍ക്കാറുണ്ട്‌, അടൂരിന്‍റെ `വിധേയന്‍' എന്ന സിനിമ.

എന്തായാലും ഈ പോസ്റ്റ്‌ ഇട്ടതിനു ഇഞ്ചിപ്പെണിനു വളരെ വളരെ അഭിനന്ദനങ്ങള്‍ (വെറും വാക്കല്ല, മനസില്‍ തോന്നിയതു അപ്പടി പറഞ്ഞതാണ്‌)

പാമരന്‍ said...

ഏകീകൃത സിവില്‍ കോഡെന്നാല്‍ സിവില്‍ നിയമങ്ങള്‍ മാത്രമാണെന്നും ക്രിമിനല്‍ നിയമങ്ങള്‍ ഏതൊരു ഇന്ത്യാക്കാരനും ഇപ്പോഴും എപ്പോഴും ഒരുപോലെയാണെന്നും മുകളില്‍ കമന്‍റിയവരൊക്കെ മനസ്സിലാക്കുന്നുണ്ടോ എന്നു എനിക്കു സംശയമുണ്ട്‌.

ഈ പിഢനം സിവില്‍ നിയമത്തിന്‍ കീഴില്‍ വന്നതെങ്ങനെയാണാവോ?

ഒരു മതേതര രാജ്യമാണു നമ്മുടേത്‌. ഇസ്ലാമതം അതിന്‍റെ ഒരു ആചാരമായിത്തന്നെ പ്രഖ്യാപിച്ചിരിക്കുന്നതാണ്‌ ശരി-അത്ത്‌ നിയമങ്ങള്‍. മതേതര രാഷ്ടമെന്ന നിലയില്‍ സ്വന്തം ആചാരങ്ങള്‍ അനുഷ്ഠിക്കാനുള്ള അവകാശം മുസ്ലിങ്ങള്‍ക്കു നല്‍കാതിരിക്കാനാവുമോ? എന്നിട്ടും ക്രിമിനല്‍ നിയമങ്ങളില്‍ ആ അവകാശം ഇന്ത്യ അനുവദിക്കുന്നില്ലെന്നുമോര്‍ക്കണം.

ഏകീകൃത സിവില്‍ നിയമത്തിനെതിരല്ല ഞാന്‍. അതു നിലവില്‍ വരണമെന്നുതന്നെയാണഭിപ്രായം. പക്ഷേ ബീജേപ്പിക്കെന്നല്ല ഒരാള്‍ക്കും ഒരു രാത്രികൊണ്ട്‌ അതു നിലവില്‍ വരുത്താനാവില്ല തന്നെ. കണ്ണൂസ്‌ പറഞ്ഞപോലെ പടിപടിയായേ അതു നിലവില്‍ വരൂ.

Inji Pennu said...

ബി‌ജെപി വന്നാല്‍ ഏകീകൃത സിവില്‍ കോഡ് എന്നത് കൊണ്ട് വരുമെന്ന് തോന്നുന്നെങ്കിലും അതില്‍ കാര്യമായ ഹിന്ദു തീവ്രവാദപക്ഷമുണ്ടാവും എന്നുമുറപ്പ്. ഞാനങ്ങിനെ എഴുതി എന്നതേയുള്ളൂ. കടലിനും ചെകുത്താനു നടുവില് എന്ന് വരുമ്പോള്‍.

പാമരന്‍, എന്റെ ഒരു കൂട്ടുകാരിക്ക് അഞ്ച് വയസ്സിനു മേലുള്ള ഒരു കുട്ടിയുണ്ട്. ഇസ്ലാം
പേര്‍‌സണല് നിയമമനുസരിച്ച് ബന്ധം വേര്‍പെടുത്തിയാല് കുട്ടി അപ്പന്റെയൊപ്പം പോകും. (ഇതവള് പറഞ്ഞ അറിവേ എനിക്കുള്ളൂ ഇങ്ങിനെയൊരു നിയ്മം). ആ ഒരൊറ്റ കാരണത്താല്‍ അയാളുടെ അടിയും ഇടിയും തൊഴിയും സഹിച്ച് അവള്‍ കഴിയാണ്. ബന്ധം വേര്‍പ്പെടുത്തുന്നത് സിവില് എന്ന് തോന്നുമെങ്കിലും അതിന്റെ
കാരണങ്ങള് ക്രിമിനലാണ്, സ്ത്രീകളോടുള്ള ക്രൂരതയാണ്.

ജയരാജന്‍ said...

ബി ജെ പി വന്നാല്‍ വല്ലതും നടക്കും എന്ന് എനിക്കും തോന്നുന്നില്ല. 5-6 കൊല്ലം ഭരിച്ചിട്ടും എന്തെങ്കിലും നീക്കമുണ്ടായോ ആ വഴിക്ക്? ആര്‍ എസ് എസ്സിന്റെ സ്വദേശിപ്രേമമൊക്കെ കണ്ടപ്പോള്‍ ഞാനും വിചാരിച്ചിരുന്നു, ഒരു കാലത്ത്: ബി ജെ പി - ക്ക് നയങ്ങളില്‍ അല്പമെങ്കിലും വ്യത്യാസം കാണുമെന്ന്. 1998 -2004 ആ ധാരണ തിരുത്തി. അതെങ്ങനെയാ രാഷ്ട്രീയപ്പാര്‍ടികള്‍ക്ക് അധികാരം കിട്ടിയാല്‍ മാത്രം മതിയല്ലോ, നയരൂപീകരണമൊക്കെ ഉദ്യോഗസ്ഥന്മാരുടെ കുത്തകയല്ലേ?

simy nazareth said...

ഇഞ്ചി, ഷാ ബാനോ കേസിനെക്കുറിച്ച് കൂടുതല്‍ ഇവിടെ. ഒരു നല്ല അനാലിസിസ് ഇവിടെ ഉണ്ട്.

ഇവിടെ രണ്ട് conflicting വസ്തുതകള്‍ ഉണ്ട് - ഒരു സ്ത്രീയുടെ അവകാശ സംരക്ഷണയും, ഒരു സമുദായത്തിന്റെ - മതപരമായി ബന്ധപ്പെട്ടു കിടക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ - സിവില്‍ കോഡിന്റെ പരിധിയില്‍ വരുന്നവ - സംരക്ഷിക്കാനും പിന്തുടര്‍ന്നു പോവാനുമുള്ള അവകാശവും.

എന്റെ അഭിപ്രായത്തില്‍ ഒരു ബി.ജെ.പി. സര്‍ക്കാര്‍ മുസ്ലീം സമുദായത്തെ ബാധിക്കുന്ന നിയമങ്ങള്‍ നിര്‍മ്മിക്കരുത്. കോണ്‍ഗ്രസിന് ഇതില്‍ ഒരു ദേശീയ അഭിപ്രായം രൂപീകരിക്കാനും നിയമങ്ങള്‍ നിര്‍മ്മിച്ച് ഒരു യൂണിഫോം സിവില്‍ കോഡ് ഉണ്ടാക്കാനുമുള്ള balls ഇല്ല.

ഇതില്‍ സത്യത്തില്‍ വരേണ്ടിയിരുന്നത് മുസ്ലീം സമുദായം തന്നെ നേതൃത്വമെടുത്ത് ആശയ-ചര്‍ച്ചകളും ശിബിരങ്ങളും നടത്തി സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കുന്ന വിധത്തില്‍ നിയമങ്ങള്‍ നിര്‍മ്മിക്കുക ആയിരുന്നു. ഇതിന് മുസ്ലീം സമുദായ നേതൃത്വത്തെ prod ചെയ്യുകയാണ് വേണ്ടത്.

ഗുപ്തന്‍ said...

ഓഫ്.

സിമിയേയ്..

ധൈര്യത്തിന് ബോള്‍സ് എന്നുപറയുന്നത് സെക്സിസ്റ്റ് റ്റെര്‍മിനോളജി ആണ്;) അതുള്ളവര്‍ക്കേ ധൈര്യമുള്ളൂ എന്നൊരു ധ്വനി. ശരിയല്ലാട്ടാ..


സിവില്‍ നിയമങ്ങളില്‍ മാത്രമാണെങ്കില്‍ പോലും വേറുകൃത്യമുണ്ടാകുന്നത് സ്ത്രികളുടെ ജീവിതത്തെയും സ്വാതന്ത്ര്യത്തെയും വളരെയേറെ ബാധിക്കുന്നകാര്യമാണ്. ഏകീകൃത നിയമം തന്നെയാണ് ശരി.

ബിജെപി ആ നിയമം കൊണ്ടുവന്നാല്‍ പിന്നെ അതിന്റെ പേരില്‍ മുതലെടുപ്പ് നടത്താന്‍ ഇടതന്മാരും വലതന്മാരും തമ്മില്‍ മത്സരം നടക്കും. വനിതാബില്ലിന്റെ അവസ്ഥ നോക്ക്. ഇടതന്മാര് പുറത്തും എസ്പി അകത്തും ആയതോടെ അതിന്റെ കാര്യം നമഹ. ജനപ്രതിനിധികള്‍ എന്ന മന്ദബുദ്ധിപ്പട്ടാളത്തെക്കൊണ്ട് ഒരു ചുക്കും നടക്കില്ല ഈ രാജ്യത്ത് :(

simy nazareth said...

ഗുപ്തന്‍: some things have to come from within. അല്ലാത്തവ എല്ലാം സമൂഹത്തിന്റെ അവകാശങ്ങള്‍ക്കെതിരെ ഉള്ള കടന്നുകയറ്റമായി തെറ്റിദ്ധരിപ്പിക്കാനും ഇതില്‍ മൈനോരിറ്റി സമുദായത്തെ ഇളക്കാനും ഉള്ള വടികള്‍ ആവും.

ഉദാഹരണത്തിന് ബി.ജെ.പി. ഇങ്ങനെ ഒരു നിയമം നിര്‍മ്മിച്ചാല്‍ അതിനെ മുസ്ലീം സമുദായത്തെ ഇന്ത്യയില്‍ വേട്ടയാടുന്നതിന് മറ്റൊരുദാഹരണം എന്ന രീതിയില്‍ മുസ്ലീം സമുദായത്തിലെ തീവ്ര-ആശയ വിഭാഗവും, എന്തിന്, മുഖ്യധാരാ പത്രങ്ങളില്‍ ഒരു വിഭാഗവും തന്നെ കൊട്ടിഘോഷിക്കാന്‍ സാദ്ധ്യതയുണ്ട്.

എന്നാല്‍ ഇന്ന് വിദ്യാഭ്യാസത്തിലും ചിന്തയിലും ഉയര്‍ന്നുനില്‍ക്കുന്ന ഒരു വിഭാഗം ജനങ്ങള്‍ മുസ്ലീം സമുദായത്തിലുണ്ട്. സമുദായ പരിഷ്കരണം - വിദ്യാഭ്യാസത്തിലും സ്തീ-അവകാശ സംരക്ഷണത്തിലും സമുദായത്തിനെ വിശ്വാസത്തിലെടുത്ത് സുരക്ഷിതാവസ്ഥ പ്രദാനം ചെയ്യുന്നതിനും - ഇങ്ങനെ പല കാര്യങ്ങളിലും സമുദായത്തിനു ഉള്ളില്‍ത്തന്നെ ഒരു മാറ്റം വരുത്തുവാന്‍ ഇവര്‍ക്കു സാധിക്കും. അടിച്ചേല്‍പ്പിക്കപ്പെടുന്ന ഒരു ഏകീകൃത സിവില്‍ കോഡിനെക്കാള്‍ മത നേതൃത്വത്തെ വിശ്വാസത്തിലെടുത്ത് മുസ്ലീം സമുദായം തന്നെ നടത്തുന്ന ഇന്റേണല്‍ പരിഷ്ക്കാരങ്ങളായിരിക്കും ഏറ്റവും നല്ലത്.

തുര്‍ക്കിയില്‍ ഇത് വ്യാപകമായി നടക്കുന്നു. ഹദിത്തുകളുടെ പ്രസക്തി ഇന്നത്തെ സാഹചര്യത്തില്‍ നിര്‍വ്വചിക്കാന്‍ തുര്‍ക്കി മുസ്ലീം സ്കോളര്‍മാരുടെ കോണ്‍ക്ലേവ് വിളിച്ചുചേര്‍ക്കുന്നു. അവര്‍ പൊതുസ്ഥലങ്ങളില്‍ ഹെഡ്സ്കാര്‍ഫ് നിരോധിക്കുന്നു. തുര്‍ക്കിയുടെ സെക്യുലാര്‍ പദവി നിലനിര്‍ത്താന്‍ തുര്‍ക്കി സര്‍ക്കാരുകളും സുപ്രീം കോടതിയും അശ്രാന്തം പരിശ്രമിക്കുന്നു.

നമുക്കു വേണ്ടത് സര്‍ക്കാരിന്റെ ഒത്താശയോടെ മുസ്ലീം സമുദായത്തിനകത്തും, മുസ്ലീം സമുദായവും ഹിന്ദു സമുദായവും തമ്മിലും, സമുദായനേതൃത്വങ്ങളും സര്‍ക്കാരും തമ്മിലും ഉള്ള നിരന്തരമായ ചര്‍ച്ചകളാണ്. അത്തരം ചര്‍ച്ചകള്‍ക്കും ആന്തരിക പരിവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ വഴിമരുന്നിട്ട് കൊടുക്കുകയേ ചെയ്യാവൂ.