2006-06-27

മകന്‍

അവന്‍ വന്നത് ഞാനോര്‍ക്കുന്നു.

അവന്റെ ചുവന്ന കുഞ്ഞി കൈകള്‍ എന്റെ വിരല്‍ത്തുമ്പിനെ മുറുക്കെപ്പിടിക്കുന്നത്. കുളിപ്പിക്കുമ്പോള്‍ അവന്‍ കണ്ണടച്ച് ഉറങ്ങുന്നത്, കുളി കഴിഞ്ഞ് നനവൊപ്പുമ്പോള്‍ വാവിട്ടവന്‍ നില വിളിക്കുന്നത്. അതു കണ്ടെല്ലാവരും ചിരിക്കുന്നത്. അവന്റെ വലിയ കണ്ണുകളില്‍ മഷി പടര്‍ത്തുന്നത്.

അവിടവിടെയായി വട്ടത്തില്‍ നനഞ്ഞ കിടക്കവിരികളില്‍ കിടന്നുറങ്ങുവാന്‍ അവന്‍ എന്നെ ശീലിപ്പിച്ചത്. പല്ലില്ലാത്ത മോണ കാട്ടി ചിരിച്ച് എന്റെ ഹൃദയം കവര്‍ന്നത്. എന്റെ മുഖത്തോടു ചേര്‍ന്ന് അവന്‍ ഉറങ്ങുന്നത് . അമ്മിഞ്ഞപ്പാലിന്റെ മണം എന്റെ ഉടുപ്പുകള്‍ക്കും വന്നത്.

അവനു വേണ്ടി കുഞ്ഞിപ്പാട്ടുകള്‍ പഠിക്കുന്നത്. അതു പാടി പാടി എന്റെ കൈകളില്‍ അവന്‍ ഉറങ്ങുന്നതും നോക്കി കണ്ണിമക്കാതെ ഇരിക്കുന്നത്, കിടക്ക തൊടുമ്പോള്‍ ഞെട്ടി ഉണര്‍ന്ന് അവന്‍ കരയുന്നത്. പിന്നീട്, എന്റെ കൈകളില്‍ അവനേയും താങ്ങി ഞാന്‍ ഉറങ്ങാന്‍ പഠിച്ചത്. എന്റെ ദിനരാത്രങ്ങള്‍ അവനെ വലം വെച്ചത്.

ഞാനൊപ്പം കരയുന്നത് കണ്ട് എന്നെ നോക്കി അവന്‍ കരയാന്‍ മറന്നത് . ചോറും പരിപ്പും നെയ്യും പീച്ചി പീച്ചി അവന് കൊടുത്തത്. എന്റെ പുസ്തകങ്ങള്‍ അവന്‍ വലിച്ചു കീറുന്നത്. അതു കണ്ട് ഒരു ചെറു ചിരിയോടെ മാത്രം ഇരുന്നത്. അവന് വേണ്ടി രാജാവിനേയും കാട്ടിലെ പുലിയേയും ഞാന്‍ ഓര്‍ത്ത് വെച്ചത്‌. അച്ഛന്റെ പോലെ അവന് മീശ വരച്ചു കൊടുത്തത്. അച്ഛന്റെ കുപ്പായം ഇട്ടു കൊടുത്തത്.

അവനെ അക്ഷരങ്ങള്‍ പഠിപ്പിക്കുന്നത്. ചുമരുകള്‍ മൊത്തം അവന്‍ അതു എഴുതി വെക്കുന്നത്. അവന്റെ കൂടെ മണ്ണപ്പം ചുടുന്നത് . കുരിശു വരക്കുമ്പോള്‍ എന്നെ അവന്‍ ചിരിപ്പിക്കുന്നത്‌. സ്തുതി കൊടുക്കാന്‍ അവനെ പഠിപ്പിച്ചത്. മുഖം നിറയെ അവനെ ഞാന്‍ ഉമ്മ വെച്ചത്. പുഴുക്കളേയും പ്രാണികളെയും എനിക്കു കാട്ടിത്തരാന്‍ കൊണ്ടു വന്നെന്നെ പേടിപ്പിക്കുന്നത്.

സ്കൂളിലേക്ക് അവനെ കൊണ്ട് പോവുന്നത്. സിസ്റ്റര്‍ റോസിന്റെ പിറന്നാളിന് ഞാന്‍ ചൊല്ലിക്കൊടുത്ത പാട്ട് അവന്‍ പാടിയത്. എല്ലാവരും കൈയ്യടിച്ച് അഭിനന്ദിച്ചപ്പോള്‍ എന്നെ നോക്കി അവന്‍ നാണത്തോടെ ചിരിച്ചത്. അവന്റെ കുറുമ്പുകള്‍ക്കു കുഞ്ഞടികള്‍ അവന്റെ തുടയില്‍ കൊടുക്കുന്നത്. കരയുമ്പോള്‍ പഞ്ചസാര ഭരണി എടുത്ത് കൊടുക്കുന്നത്.

പേരമരത്തില്‍ നിന്ന് വീണ അവനെ കണ്ട് ഞാന്‍ മോഹാത്സ്യപ്പെട്ടത്. വലത്തെ കാലിലും കയ്യിലും പകുതി ഭാഗം വെളുത്ത പ്ലാസ്റ്ററും ഇട്ട് ചിരിച്ചു കൊണ്ടിരുന്ന അവനെ നോക്കി ഞാന്‍ വിതുമ്പിയത്. പിന്നേയും അവന് ചോറുരുളകള്‍ കൊടുത്തത്. അവന്റെ കോളേജില്‍ ചെന്നത്. അവന്റെ കൂട്ടുകാര്‍‍ക്കൊക്കെ എന്നെ അവന്‍ പരിചയപ്പെടുത്തി കൊടുത്തത്. അവന്റെ ഒരൊ ജയവും ഞാന്‍ ആഘോഷിച്ചത്. അവന്റെ തോല്‍വികള്‍ക്കെല്ലാം ഞാന്‍ ദൈവത്തെ പഴിച്ചത്.

എന്റെ പിറന്നാളുകള്‍ ഞാന്‍ മറന്നത്, അവന്റെ മാത്രം ഓര്‍ത്തുവെക്കു‍ന്നത്. അവന്റെ പുത്തന്‍ ബൈക്കില്‍ അവന്റെ കൂടെ ഞാന്‍ ആദ്യം കയറണം എന്നവന്‍ വാശി പിടിച്ചത്. അവന്റെ ആദ്യത്തെ ശമ്പളത്തില്‍ നിന്നെനിക്ക് പച്ചയില്‍ നീലപ്പൂക്കളുള്ള സാരി മേടിച്ച് തന്നത്. എന്റെ ഇഷ്ട നിറം എങ്ങിനെ അറിയാം എന്ന് ഞാന്‍ അല്‍ഭുതപ്പെട്ടത്. അതു ഉടുക്കാതെ ഉടയാതെ ഞാന്‍ കാത്തു സൂക്ഷിക്കുന്നത്.

അവന്റെ കത്തുകള്‍ ഒരായിരം തവണ വായിക്കുന്നത്. ഫോണില്‍ അവന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ എന്റെ മനസ്സ് നിറയുന്നത്. എന്റെ പാത്രത്തില്‍ നിന്ന് ഒരു വറുത്ത മീനിന്റെ കഷണം അവന്‍ കട്ടെടുക്കുന്നത്. അവന്റെ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ ചെവി പൊത്തുന്നത്. അവന്റെ
നിര്‍ത്താതെയുള്ള ചിരിയില്‍ അവനെ ഞാന്‍ ചേര്‍ത്ത് പിടിക്കുന്നത്.

എഴുതിയാല്‍ തീരാത്ത സ്നേഹനുറുങ്ങുകള്‍ ഞാന്‍ അവനെക്കുറിച്ചു എഴുതാന്‍ ശ്രമിക്കുന്നത്. എന്റെ അനുജനായി അവന്‍ പിറന്നത്. എനിക്കൊരു മകനെ അമ്മ കൊണ്ടു വന്നത് ഞാന്‍ ഓര്‍ക്കുന്നു.

4 പ്രതികരണങ്ങള്‍:

Anonymous said...

38 comments:
ദിവ (diva) said...
that was wonderful LG. really interesting narration !

1:47 PM, June 27, 2006
Inji Pennu said...
ഇന്നാ ഒരു ‘മകന്‍’

അവന്‍ വന്നത് ഞാനോര്‍ക്കുന്നു.

അവന്റെ ചുവന്ന കുഞ്ഞി കൈകള്‍ എന്റെ വിരല്‍ത്തുമ്പിനെ മുറുക്കെപ്പിടിക്കുന്നത്.

2:19 PM, June 27, 2006
സാക്ഷി said...
നന്നായിരിക്കുന്നു.
ഒരു സിനിമയിലെന്നോണം കാണുന്നു,
സ്വന്തം ജീവിതത്തിലെന്നപോലെ അനുഭവവേദ്യമാകുന്നു. അല്ല, ഇതിലേറെയും ഞാന്‍ അനുഭവിച്ചതാണ്‍.. ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു.

2:40 PM, June 27, 2006
ബിന്ദു said...
അതേ എല്‍ ജീസെ.. ഞാനും.. പിന്നെയൊന്നുള്ളതെന്റെ ഉടുപ്പും ഇട്ട്‌ എന്റെ പിറകേ അവന്‍ ഒന്നാം ക്ലാസ്സിലേയ്ക്കുള്ള വഴിയുടെ പകുതി വരെ വന്നതു, അമ്മ കാണാതെ കുളത്തില്‍ ചെന്നു തുണി നനയ്ക്കാന്‍ പോയതു, അങ്ങനെ അങ്ങനെ എത്ര കാര്യങ്ങള്‍>..
:)

2:45 PM, June 27, 2006
വഴിപോക്കന്‍ said...
കമന്റെഴുതുന്ന L G വേറെ. കഥയെഴുതുമ്പോള്‍ വേറെ. അന്യന്‍ സിനിമയിലെപ്പോലെ extreamly different ആയ ഭാവപ്പകറ്ച്ച, ഭാഷയില്‍..

എഴുത്തിലെ ആ സിമ്പ്ലിസിറ്റി മനോഹരമായി..

2:47 PM, June 27, 2006
Immigrant in Canada said...
wht do i write.. I know tht feeling.. I raised my sisters as my kids.. now they too hv flown out of the nest!!!

5:11 PM, June 27, 2006
ഇന്ദു | Indu said...
എല്‍ജി ഇതെഴുതിയിരിക്കുന്നത് എല്ലാ ചേച്ചിമാ‍ര്‍ക്കും വേണ്ടിയാണ്. വളരെ നന്നായിരിക്കുന്നു!

8:01 PM, June 27, 2006
Adithyan said...
എല്‍ജിക്കുട്ടിയേച്യേ... എന്താണിത്...

ആഡംബരം...

നന്നായിട്ടുണ്ട്...

8:12 PM, June 27, 2006
പരസ്പരം said...
എല്‍ജീ, നന്നായിരിക്കുന്നു..എന്റെ മകനിപ്പോള്‍ 7 മാസം പ്രായം, അവന്റെ വളര്‍ച്ച സാകൂതം വീക്ഷിക്കുന്നു.അവന്‍ വളര്‍ന്നു വരുമ്പോള്‍ അവന്റെ പല കുസ്രിതികളും ഞാന്‍ കുഞ്ഞായിരിക്കുമ്പോള്‍ കാട്ടുന്നതുതന്നെ എന്ന് എന്റെ അമ്മ പറയുമ്പോള്‍. ഒരു വശത്ത് അപ്പനായും, മറ്റൊരു വശത്ത് മകനായും...

11:59 PM, June 27, 2006
സങ്കുചിത മനസ്കന്‍ said...
marvelous!!!
Marvelous !!!

12:09 AM, June 28, 2006
മുല്ലപ്പൂ || Mullappoo said...
വായിച്ചു പലതവണ..
കൂടെ വളറ്ന്നവര്‍ക്കു അറിയാം.. മന്‍സ്സിന്റെ തുടിപ്പു.....

12:30 AM, June 28, 2006
Inji Pennu said...
ദിവാസ്വപ്നം : നന്ദി

സക്ഷീ : നന്ദി .അതു അനുഭവിക്കാന്‍ ഒരു ഭാഗ്യം വേണമെല്ലെ?

ബിന്ദു: നന്ദീ,അതെ ഇനിയുമുണ്ടു

വഴിപോക്കന്‍ : ഹൊ! എന്നാലും അതു ഒരു അടിപൊളി കമന്റായിരുന്ന്. ഞാന്‍ കുറേ നേറം തല്‍മുടി മുന്നിലേക്കൊക്കെ ഇട്ട് നോക്കി അന്യത്തി ആവുന്നുണ്ടോ എന്ന്. നോ രക്ഷ! എന്നാലും എന്താണ് എല്ലാരും കമന്റില്‍ വേറെ അതു റേ എന്നു് പറയുന്നതു എന്ന് എനിക്കു മനസ്സിലാ‍വുന്നില്ല...

സാറാ, എനിക്കറിയാം.. സാറക്കു അതു മനസ്സിലാവുമെന്ന്

ഇന്ദു, ഞാന്‍ ഇതുവരെ കണ്ടിട്ടേ ഇല്ലല്ലൊ.. കമന്റിയതു കൊണ്ടു ഒരു അടിപൊളി ബ്ലോഗ് കാണാന്‍ പറ്റി. നന്ദി.

ആദിത്യന്‍ : ആണൊ? നന്ദി :)

പരസ്പരം : നന്ദി. എഴുതൂ അതേക്കുറിച്ചു

സങ്കുചിത: ഹിഹി.കളിയാക്കിയതാണൊ?

മുല്ലപ്പൂ : അതെ. അതെ. നന്ദി.

12:59 AM, June 28, 2006
ഇടിവാള്‍ said...
നന്നായിരിക്കുന്നു എല്‍ജ്ജി:
തുടക്കത്തില്‍ ഞാന്‍ തെറ്റിദ്ധരിച്ചു... അവസാനമായപ്പോഴല്ലേ കാര്യം മനസ്സിലായേ...

1:08 AM, June 28, 2006
അജിത്‌ | Ajith said...
ഒറ്റയിരിപ്പിന്‌ ഒറ്റശ്വാസത്തില്‍ വായിച്ചു തീര്‍ത്തു.

എനിക്കും ഉണ്ട്‌ എല്‍ജീ ഇതു പോലൊരു ചേച്ചി.

1:52 AM, June 28, 2006
വക്കാരിമഷ്‌ടാ said...
വളരെ നന്നായിരിക്കുന്നു.... നല്ല അവതരണരീതി.

ദുര്‍ഗ്ഗയും പണ്ട് അനിയനെപ്പറ്റി എഴുതിയിരുന്നു...

2:51 AM, June 28, 2006
കുറുമാന്‍ said...
ചെറിയ ചെറിയ വരികളാല്‍ നെയ്തെടുത്ത ഭംഗിയുള്ള ഒരു കഥ.
പവിത്രത്തില്‍ മോഹന്‍ലാല്‍ ചേട്ടച്ഛനായതുപോലെ, ഇവിടെ ഇതാ ഒരു ചേച്ചിയമ്മ.

നന്നായി എല്‍ ജീ

3:01 AM, June 28, 2006
daly said...
ഞാനും ഒരു ചേച്ചിയാണേ....എന്റെ കുഞനിയനിപ്പോ ഒരു കുഞ്ഞി മോന്‍ ഉണ്ടായി.. മോനേ ഞാന്‍ ചെന്നു കാണാത്തതിന്റെ പരിഭവത്തിലനിപ്പോള്‍........
കാല്പനികത ഉള്ള വിവരണം

7:24 AM, June 28, 2006
Inji Pennu said...
ഇടിവാള്‍ : നന്ദി..അതല്ലെ അതിന്റെ ഗുട്ടന്‍സ് മൊത്തം :)

അജിത്: താങ്ക്സ്ട്ടൊ.. ഭാഗ്യം ചെയ്തിട്ടുണ്ടു എന്ന്
കരുതിക്കോളൂ..

വക്കാരി: ഹൊയ് ! ഹൊയ്! അങ്ങിനെ എല്ലായിടത്തും ഓടി പാഞ്ഞു നടക്കുന്ന വക്കാരി എന്റെ ബ്ലോഗിലും വന്നേ..നന്നായീന്ന് പറഞ്ഞേ!!

കുറുമാന്‍ : എപ്പോഴും ഒരു മടിയും കൂടാതെ പറയുന്ന ഈ നല്ല വാക്കിനു ഒത്തിരി നന്ദി.

ഡാലി : അതു ശരി! അപ്പൊ അമ്മുമ്മ ആയീല്ലേ? ;)

പിന്നെ എനിക്കൊരു അഭ്യര്‍ത്ഥന ഉണ്ടു.
ഞാന്‍ ഒരു പുട്ടുകൂറ്റി ഇല്ലാത്തെ പുട്ടു കഥ ഇവിടെ ബ്ലോഗി. അതു നമ്മുടെ പുട്ടു ഫാന്‍സ് അസ്സോസ്സിയേഷന്‍കാരു സ്വീകരിക്കുമൊ? അതിനുള്ള നിബന്ധനകള്‍ എന്താണ്?

10:10 AM, June 28, 2006
ശനിയന്‍ \OvO/ Shaniyan said...
എല്‍ജിയുടെ എഴുത്ത് നന്നാവുന്നു.. ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു ആ സ്നേഹത്തിനെ..

7:42 PM, June 28, 2006
ഉമേഷ്::Umesh said...
അപ്പോ മകനെന്നു പറഞ്ഞു് അവസാനം അനുജനാക്കി, അല്ലേ? കൊച്ചുനമ്പൂതിരിയുടെ ഒരു പാരഡി ഓര്‍മ്മ വരുന്നു. ഒരു മുനിയും ഭാര്യയും പല ജന്തുക്കളുടെ രൂപം ധരിച്ചു നടന്നതിനെപ്പറ്റിയുള്ള ഏതോ ഒരു കാവ്യത്തിന്റെ പാരഡി:

ആശാരിയായ് മുനിശ്രേഷ്ഠന്‍
ആശാരിച്ച്യായ് മുനിപത്നി;
മൂശാരിയായ് മുനിശ്രേഷ്ഠന്‍
മൂശാരിച്ച്യായ് മുനിപത്നി;
കൊല്ലനായ് മുനിശ്രേഷ്ഠന്‍
കൊല്ലത്തിയായ് മുനിപത്നി;
ഞാനായീ മുനിശ്രേഷ്ഠന്‍ - എന്റെ
അമ്മയായ് മുനിപത്നി!


നന്നായിട്ടുണ്ടു്, എല്‍‌ജീ.

7:51 PM, June 28, 2006
Adithyan said...
എല്‍ജീ, ശനിയന്‍ ഒന്നു താങ്ങിയതാ...
പണ്ടു നല്ലതല്ലാരുന്നു എന്നാ ധ്വനി.
മറ്റെ നമ്മടെ തോട്ടില്‍ നീന്തിയ കാര്യം വെച്ചാണു പറയുന്നതെന്നു തോന്നുന്നു...


(ഞാന്‍ ഏരിയ വിട്ടു)

9:10 PM, June 28, 2006
Inji Pennu said...
എനിക്കതു തോന്നി ആദീ. അതു വായിച്ചപ്പോള്‍ അതു തന്നെയാണ് തോന്നിയതു..ഹിഹിഹി!

Atlantic Ocean-എ തോട് എന്ന് വിളിച്ചാല്‍ നോക്കിക്കൊ!! ഇന്ന് കുറച്ച് കൂട്ടുകാര്‍ പോയി, അവരു വെള്ളം കുടിച്ചത്രെ.അവര്‍ക്ക് ഒന്നും തന്നെ ചെയ്യന്‍ പറ്റീല്ലാന്ന് . ഞാനിവിടെ ഇങ്ങിനെ ഷൈന്‍ ചെയ്തു ഇരിക്കുവാണ് ഭയങ്കര ധൈര്യശാലി ആയിട്ട്.. :)

9:20 PM, June 28, 2006
ശനിയന്‍ \OvO/ Shaniyan said...
പറയ് പറയ്.. എന്റെ പുറത്തു തന്നെ ബീഡി കെടുത്തണം അല്ലെ..

(ഈ നേരായിട്ടും തീരാത്ത ഈ പണിയുടെ നടുക്ക് വായിച്ചു കമന്റിയ എന്നെ പറഞ്ഞാ മതി)

9:26 PM, June 28, 2006
Inji Pennu said...
ഓ! പിന്നേ പിന്നേ എന്തു പണി? ഉമേഷേട്ടന്റെ അത്രേം ജോലി ഒന്നുമില്ലല്ലൊ..എന്നിട്ടാണ്...

9:35 PM, June 28, 2006
ശനിയന്‍ \OvO/ Shaniyan said...
ഉമേഷ്ജീയുടെ അത്രേം ഇല്ലാരിക്കാം.. എന്നാലും, ആദ്യായിട്ടാ ഞാന്‍ പണി ചെയ്യുന്നില്ലാ എന്ന് പറഞ്ഞത്.. എല്‍ജീ, മോശായിപ്പോയി ട്ടാ.. മോശായിപ്പോയി..

9:42 PM, June 28, 2006
Inji Pennu said...
ഞാന്‍ വെറുതെ ഇപ്പൊ രണ്ട് നാനും ഇച്ചിരെ ചിക്കണും കഴിച്ചിങ്ങനെ ഇരിക്കുമ്പൊ തമാശക്കാരി ആവാന്ന് വിചാരിക്കണതല്ലെ ശനിയങ്കുട്ടാ..ക്ഷമീ...

10:20 PM, June 28, 2006
RP said...
ഹായ് ഞാന്‍‌ മലയാളം എഴുതാന്‍‌ പഠിച്ചു!! എല്‍ജിയുടെ ഈ സൈഡ് ബിസിനസ്സ് കണ്ടു പിടിച്ചിട്ട് കുറച്ചു നാള്‍‌ ആയി കെട്ടോ. നോക്കിയപ്പോ എല്ലാരും മലയാളത്തിലാ കമന്റടിക്കുന്നതു, അപ്പോ എനിക്കു ഇംഗ്ലീഷില്‍ കമന്റടിക്കാന്‍ ഒരു നാണം. കുത്തിയിരുന്നു പഠിച്ചു. ഞാന്‍ വിചാരിച്ചതു inji(അതു മലയാളത്തിലെഴുതാന്‍ പറ്റൂ‍ന്നില്ല)മാങ്ങായുടെ ബിസിനസ് മാത്രമേ ഉള്ളൂ എന്നാ, ഇതു കലക്കീട്ടുണ്ട് എല്‍ജീ. എന്നാ ഞാന്‍ പോട്ടെ? പോയി ആ അര്‍ച്ചന, സാ‍റ ഇവരെയൊക്കെ ഒന്ന് മലയാളം എഴുതി പേടിപ്പിക്കട്ടെ...നല്ല രസം!

11:22 PM, June 28, 2006
പെരിങ്ങോടന്‍ said...
ഇഞ്ചിയെന്നെഴുതാന്‍ inchi എന്നു ടൈപ്പ് ചെയ്യുക ആര്‍പ്പിയെ :)

പിന്നെ ആ പറഞ്ഞകൂട്ടരെയാരെയും (അര്‍ച്ചന, സാറ) മലയാളം എഴുതി പേടിപ്പിക്കരുതേ, വേണമെങ്കില്‍ മലയാളം എഴുതാന്‍ പഠിപ്പിച്ചോള്ളൂ, എന്നിട്ട് കാളനും അവിയലും ഓലനുമെല്ലാം പാചകം ചെയ്യുന്നതു മലയാളത്തിലും എഴുതാന്‍ പറയൂ :)

-കായം,മല്ലി,ഉലുവ,മുതിര ഇത്യാദികളുടെ ഇംഗ്ലീഷറിയാത്തൊരു വങ്കന്‍

2:04 AM, June 29, 2006
Immigrant in Canada said...
ente Rp.. i hv varamozhi.. njan thokkennezhumpol athu val akkum.. Kurukkan munthiri pulikkum nnu paranjathu pole, njan valum churutti pamba kadannu.. entha cheyaa

1:49 AM, June 30, 2006
Inji Pennu said...
RPക്കുഞ്ഞെ,
എന്നാല്‍ അപ്പൊ ഇനി പുതിയ മലയാളം ബ്ലോഗ് തുടങ്ങല്ലെ?
പക്ഷെ, പെരിങ്ങോടന്‍ പറഞ്ഞ പോലെ റെസിപ്പി മൊത്തം മലയാളത്തില്‍ ആക്കണ്ട എന്നാണ് എന്റെ അഭിപ്രായം.നമ്മുടെ മലയാ‍ള പാചകം നാലു പേര് കണ്ട് അതു ഗ്ലോബല്‍ ആവട്ടെ. ഇത്രെം നല്ല ഒരു കുസീന്‍ ആളുകള്‍ മിസ്സ് ചെയാന്‍ പാടില്ലാന്നാ എനിക്ക് തോന്നണെ.

പെരിങ്ങ്സ് :കായം,മല്ലി,ഉലുവ,മുതിര
ഇതു Asafoetida,corainder,fenugreek seeds,horse gram - ഇതു മതിയൊ? ഇല്ലെങ്കില്‍ പറഞ്ഞ് തരാന്‍ എന്റെ വിവരം കാണിക്കന്‍ റെഡ്ഡി ആയി ഇരിക്കുവാ ഞാനിവിടെ :)

സാറക്കുഞ്ഞെ, അങ്ങിനെ എങ്ങിനെയാ ആവുന്നെ? വരമൊഴി വേണ്ട,നേരെ ഈ കമന്റ് ബോക്സിലോട്ടും കമന്റാം എന്നാ തോന്നണെ. ഹെല്പ് വേണൊ?

12:04 PM, June 30, 2006
Immigrant in Canada said...
lg.. Help ..how do I write a malayalam comment?( vivaram nahi hai..nnu manassilayallo!!!)

1:55 PM, June 30, 2006
RP said...
പുതിയ മലയാളം ബ്ലോഗോ? ഞാനില്ല എല്‍ജീ. ഒന്നാമതു ഇദ്ദേഹത്തിന്റെ പോലെ മനോഹരമായി എഴുതാനുള്ള കഴിവില്ല. നന്നായി എഴുതുന്നവരല്ലേ ബ്ലോഗ് തുടങ്ങേണ്ടതു? അല്ലാതെ ബ്ലോഗ് തുടങ്ങാന്‍ വേണ്ടി എഴുതാന്‍ പറ്റുമോ. പിന്നെ ഒരു ബ്ലോഗ് തുടങ്ങി റെസിപ്പി ഒക്കെ മലയാളത്തിലും കൂടെ ഇടാ‍മായിരുന്നു. ഇപ്പൊ ആ വര്‍ഷോപ്പ് നടത്തികൊണ്ടു പോകുന്നതുതന്നെ ഒരു വിധത്തിലാ എല്‍ജീ. ഒരു വയസ്സുകാരി ഭയങ്കര കുസൃതിയാ...പിന്നെവിടുന്നാ ഇതിനൊക്കെ സമയം.

സാ‍റാ, വരമൊഴിയല്ല ഞാന്‍ ഉപയോഗിച്ചതു, മൊഴി കീമാപ്പ്! ഇവിടെ കമന്റുബോക്സിലേക്കു നേരിട്ടു ടൈപ്പ് ചെയ്യാം.

നന്ദി പെരിങ്ങോടന്‍.

10:28 PM, July 01, 2006
വിശാല മനസ്കന്‍ said...
റ്റച്ചിങ്ങ്!!

പോസ്റ്റ് ഗംഭീരായിട്ടുണ്ട് എല്‍.ജീസേ.

11:11 PM, July 01, 2006
കലേഷ്‌ കുമാര്‍ said...
കിടിലന്‍ പോസ്റ്റ് എല്‍.ജീ!
ഒരു ചേച്ചിയുടെ വില അതില്ലാത്തവര്‍ക്കറിയാം!

RP, വര്‍ക്ക്ഷോപ്പില്‍ ഞാന്‍ പോയിരുന്നു.
ഗംഭീരം!
ദയവായി http://www.chintha.com/index_paachakam സന്ദര്‍ശിക്കൂ. മലയാളം യുണികോഡില്‍ തനി നാ‍ടന്‍ റെസീപ്പികള്‍ ഒരുപാടുണ്ട് അവിടെ. സാധിക്കുമെങ്കില്‍ അതിലേക്ക് മലയാളത്തില്‍ റെസീപ്പികള്‍ കോണ്ട്രിബ്യൂട്ട് ചെയ്യൂ. റെസീപ്പികള്‍ editor(at)chintha.com ലോട്ട് ഈ-മെയില്‍ ചെയ്യൂ.

നന്നായി എഴുതുന്നവര്‍ മാത്രമാ ബ്ലോഗുന്നതെന്ന് ആരാ പറഞ്ഞത്?ആര്‍ക്കും ബ്ലോഗാം - ഏറ്റവും വല്യ ഉദ്ദാഹരണം ഈ ഞാന്‍ തന്നെ! അതുകൊണ്ട് മലയാളത്തില്‍ വേഗം തന്നെ ഒരു ബ്ലോഗ് RP തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

5:00 AM, July 02, 2006
ഡ്രിസില്‍ said...
ഹൊ.. ഞാനിതു കാണാന്‍ വൈകി.. ഹൃദയത്തില്‍ തൊട്ടു..

6:35 AM, July 02, 2006
ചില നേരത്ത്.. said...
L G
മകനെ പറ്റിയാണെന്നാ കരുതിയത്..എഴുത്ത് ഹൃദയസ്പര്‍ശിയായി..(എന്നാലും തെറ്റിദ്ധരിപ്പിച്ചു).

6:48 AM, July 02, 2006
ഷാജുദീന്‍ said...
ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ അനിയനുണ്ടായ വിവരം പഴയ ഇന്‍ലെന്റിലൊക്കെ എഴുതി ബന്ധുക്കള്‍ക്കൊക്കെ അയച്ചത് വീണ്ടും ഓര്‍ത്തു ഇതു വായിച്ചപ്പോള്‍

7:09 AM, July 02, 2006
kumar © said...
LG യെ. നല്ല നിമിഷങ്ങള്‍ എഴുതിയിട്ടുണ്ട്. രസകരം എന്നു കരുതുന്ന നിമിഷങ്ങള്‍. എനിക്കതിന്റെ വ്യാപ്തി അറിയില്ല. കാരണം എനിക്കനിയന്മാരില്ല. പക്ഷെ, ഞാനൊരു അനിയനായിരുന്നു.

7:14 AM, July 02, 2006

Anonymous said...

എന്തോരു സ്നേഹാ :)

രാജ് said...

അമ്മയെ കുറിച്ച് വായിക്കായിരുന്നു. വായിച്ച് വായിച്ച് ഇവിടെയെത്തി, വേറെങ്ങോട്ടും പോകാൻ തോന്നുന്നില്ല.

ഷിബിന്‍ said...

ഗള്‍ഫിലുള്ള എന്നെയും നാട്ടിലുള്ള എന്റെ ചേച്ചിയെയും കരയിപ്പിച്ചു ഈ പോസ്റ്റ്‌.... എനിക്ക് ഇപ്പൊ എന്റെ ചേച്ചിയെ കാണണം......