2008-02-19

വിഷാദരോഗം

വിഷാദരോഗത്തെക്കുറിച്ച് വിശദീകരിക്കുന്നതിനു മുന്‍പ്, ആദ്യം അടുത്തറിയാവുന്ന ഒരാളുടെ അനുഭവം പറയാം.

സെപ്റ്റം‌ബര്‍ 11, 2001 -ല്‍ ന്യൂയോര്‍ക്കില്‍ ഒസാമാ ബിന്‍ലാദിന്റെ നേതൃത്വത്തില്‍ വിതച്ച നാശത്തില്‍ ഒരു സുഹൃത്തിന്റെ ഭര്‍ത്താവ് മരിക്കുന്നു. ഭാര്യയും ഭര്‍ത്താവും ഒരേ കമ്പനിയില്‍ ജോലി ചെയ്തിരുന്നവരാണ്. വിവാഹം കഴിഞ്ഞ് ഒരു കൊല്ലത്തോളമാവുന്നതേയുള്ളൂ. നാട്ടില്‍ നിന്ന് ന്യൂ യോര്‍ക്കിലേക്ക് താമസം മാറ്റിയിട്ട് ആറ് മാസവും. ആദ്യം പതിവുള്ള സങ്കടവും കരച്ചിലും മൌനവും എല്ലാം കാണിച്ചതിനു ശേഷം രേവതി (അവളെ അങ്ങിനെ വിളിക്കാം) ഓഫീസിലേയ്ക്ക് ഒരു മാസത്തിനു ശേഷം മടങ്ങി. രേവതിയുടെ വീട്ടുകാരും ഭര്‍ത്താവിന്റെ വീട്ടുകാരും സംഭവത്തിനു ശേഷം രേവതിയുടെ ഒപ്പമുണ്ടായിരുന്നു. രേവതി പതിവ് ദിനചര്യകളിലേയ്ക്ക് മടങ്ങിയെന്ന് മകളോടൊപ്പം കുറച്ച് മാസം താമസിച്ച് ഉറപ്പ് വരുത്തിയതിനു ശേഷം വീട്ടുകാര്‍ മടങ്ങുന്നു. രേവതി പഴയതു പോലെ ചിരിക്കുവാനും കളിക്കുവാനും സംസാരിക്കുവാനും എല്ലാം തുടങ്ങുന്നു. രേവതി ഒരു കൂട്ടുകാരിയുടെ വീട്ടിലേയ്ക്ക് താമസം മാറ്റുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ഒരു വലിയ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുന്നു. രേവതി കടുത്ത വിഷാദരോഗത്തിനു അടിമപ്പെട്ടിരുന്നു. ഭര്‍ത്താവ് മരിച്ച് ഒരു കൊല്ലത്തോളം ആവുന്നുണ്ടായിരുന്നിട്ടും രേവതി ആ ദുഃഖം താങ്ങുവാന്‍ കഴിയാതിരുന്ന ഏതോ അവസരത്തില്‍ ആത്മഹത്യ ചെയ്യുന്നു.

രേവതിയ്ക്ക് ഉണ്ടായിരുന്നത് സാധാരണ ദുഃഖമല്ല. കടുത്ത വിഷാദരോഗമാണ്. വിഷാദരോഗം സാധാരണ കാണപ്പെടുന്ന തരം സങ്കടമല്ല. അടുത്തുള്ള ഒരാള്‍ മരണപ്പെടുമ്പോഴോ, എന്തെങ്കിലും നഷ്ടം സംഭവിക്കുമ്പോഴോ അല്ലെങ്കില്‍ പ്രണയനൈരാശ്യം കൊണ്ടോ എല്ലാവര്‍ക്കും ഉണ്ടാവുന്ന സങ്കടം വിഷാദരോഗമല്ല.

വിഷാദരോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ താഴെ കൊടുക്കുന്നു.

1. കടുത്ത നൈരാശ്യം. എന്ത് സന്തോഷമുണ്ടായാലും അതില്‍ സന്തോഷിക്കുവാനോ അല്ലെങ്കില്‍ പങ്കു ചേരാനോ സാധിക്കാതിരിക്കുക.
2. ചെറിയ കാര്യങ്ങള്‍ക്ക് പോലും പെട്ടെന്ന് പൊട്ടിക്കരയുക, ദേഷ്യപ്പെടുക. കറിയില്‍ ഉപ്പ് കൂടിയെന്ന് പറഞ്ഞ് പോലും കരഞ്ഞിട്ടുള്ളവരുണ്ട്.
3. പെട്ടെന്ന് ഹൈപ്പര്‍ ആക്റ്റീവ് ആവുക.
4. ഉറക്കമില്ലായ്മ.
5. ഭക്ഷണത്തോട് അമിത താത്പര്യമോ അല്ലെങ്കില്‍ പൂര്‍ണ്ണ വിരക്തിയോ. ഇതുമൂലം വണ്ണം കൂടുകയും കുറയുകയും ചെയ്യുക.
6. ലൈംഗിക കാര്യങ്ങളില്‍ താത്പര്യക്കുറവ്.
7. ശരീരത്തില്‍ അങ്ങിങ്ങായി വേദന, ശ്വാസം മുട്ടല്‍ തുടങ്ങിയവ.
8. അടിക്കടിയുള്ള ആത്മഹത്യ ചിന്തകള്‍. അതിനെക്കുറിച്ച് പലവുരു സംസാരിക്കുക. അങ്ങിനെയുള്ള കാര്യങ്ങള്‍ കാ‍ണുവാനും കേള്‍ക്കുവാനും താത്പര്യം കാണിക്കുക.
9. സുഹൃദ്‌വലയങ്ങളില്‍ നിന്ന് അകന്ന് മാറി നില്‍ക്കുക. ഉറ്റ സുഹൃത്തുക്കളില്‍ നിന്നു പോലും അകലുക, ഫോണ്‍ എടുക്കാതിരിക്കുക, കോണ്ടാക്റ്റ്സ് മുഴുവന്‍ വിച്ഛേദിക്കുക.

ഇവയെല്ലാം ചില ലക്ഷണങ്ങള്‍ മാത്രമാണ്. മാനസികമായ അവസ്ഥ ആയതിനാല്‍ പലരും പലതരത്തിലാണ് ഇത് പ്രകടിപ്പിക്കുക. എങ്കിലും ഇതില്‍ പലതും ഉണ്ടെന്ന് തോന്നുകില്‍ സ്വയം വിഷാദരോഗിയാണെന്ന് തിരിച്ചറിയുന്നത് ചികിത്സ തേടുവാന്‍ ഉപകരിക്കും.

പല കാരണങ്ങള്‍ കൊണ്ട് വിഷാദ രോഗത്തിനു അടിമപ്പെടാം. പല തരം വിഷാദ രോഗങ്ങളുണ്ട്. അവയില്‍ പ്രധാനമായ ചിലത്. പ്രായഭേദമന്യേ ഇവയില്‍ പലതും ഉണ്ടാവാറുണ്ട്.

1. മരുന്നുകള്‍ കഴിക്കുന്നതുകൊണ്ടുണ്ടാവുന്ന വിഷാദം. ചില കടുത്ത മരുന്നുകള്‍ കഴിക്കുമ്പോള്‍ അതിന്റെ സൈഡ് ഇഫക്റ്റായിട്ട് വിഷാദരോഗം പിടിപെടും. മദ്യം, പുകവലി അങ്ങിനെ അവ കഴിക്കുന്നത് കൊണ്ടോ അല്ലെങ്കില്‍ അവ പെട്ടെന്ന് നിറുത്തുന്നതുകൊണ്ടോ ഉണ്ടാവുന്നത്.

2. പ്രസവശേഷം സ്ത്രീകള്‍ക്ക് എത്ര കാത്തിരുന്ന കുഞ്ഞാണെങ്കില്‍ പോലും കുഞ്ഞിനെ എടുക്കുവാനോ ലാളിക്കുവാനോ തോന്നാറില്ലാത്തത് ഒരു തരം വിഷാദരോഗമായി തരം തിരിച്ചിരിക്കുന്നു. പോസ്റ്റ്‌‌ പാര്‍ട്ടം ഡിപ്രഷന്‍ എന്ന് നാമധേയം. ഇത് ചിലപ്പോള്‍ തനിയേ മാറുമെങ്കിലും, മറ്റു ചിലപ്പോള്‍ മരുന്നുകള്‍ കഴിക്കാതെ ഇതിനു ശമനം ഉണ്ടാവുകയില്ല. അമ്മമാര്‍ക്ക് ഉണ്ടാവുന്നത് വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടതാണ്. പ്രസിദ്ധയായ ബ്രൂക്ക് ഷീല്‍ഡ്സിന്റെ വിഷാദരോഗ വിവാദം അറിവുള്ളതാണല്ലോ.

3. ജനതികമായുള്ള വിഷാദരോഗം. ഇത് പലതായി തരം തിരിച്ചിട്ടുണ്ട്. ബന്ധുക്കളില്‍ ആര്‍ക്കെങ്കിലുമോ വിഷാദരോഗമുണ്ടെങ്കില്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുന്ന ഉടനേ വിദഗ്ദ സഹായം തേടേണ്ടത് അത്യാവശ്യമാണ്.

4. ജീവിത രീതിയില്‍ വരുന്ന അവസ്ഥകള്‍ കൊണ്ടുണ്ടാവുന്ന വിഷാദം. എന്തെങ്കിലും പുതിയ ജോലിയോ, കല്ല്യാണമോ, ഭയമോ, മരണമോ അങ്ങിനെ അപ്രതീക്ഷിതമായി ജീവിത രീതിയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്നവ.

ചിലപ്പോള്‍ ചെറുതോ അല്ലെങ്കില്‍ കാര്യമായോ ചികിത്സ വേണ്ടുന്ന രോഗമാണ് വിഷാദരോഗം. രോഗി സ്വയം തനിക്ക് വിഷാദരോഗമാണെന്ന് തിരിച്ചറിയുന്നില്ലാത്ത ഒരവസ്ഥയില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ശ്രദ്ധിച്ചാലോ മറ്റോ നിങ്ങള്‍ക്ക് ചെയ്യാവുന്ന എളുപ്പമുള്ള കാര്യം പതിയേ അവരുടെ വിശ്വാസം ആര്‍ജ്ജിക്കുകയെന്നതാണ്. അവരെ ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കുകയോ, സ്നേഹം, സിമ്പതി ഇത് കൊണ്ട് മൂടുകയോ ചെയ്തിട്ടും കാര്യമില്ല. ഇതില്‍ നിന്നെല്ലാം ഓടിയൊളിക്കുവാന്‍ ശ്രമിക്കുന്നവരാണവര്‍. ചിലപ്പോള്‍ ഒരുപാട് സ്നേഹം കൊടുത്താല്‍ പോലും ചിലര്‍ക്ക് താങ്ങുവാന്‍ സാധിക്കില്ല. അത്രയും നേരിയ ബാലന്‍സിലാവും മിക്കവരും ചിലപ്പോള്‍. പെട്ടെന്ന് മാറുന്ന പലതരം മാനസികാവസ്ഥയിലൂടെ കടന്ന് പോവുന്നവരാണവര്‍. അതുകൊണ്ട് തന്നെ വളരെയധികം ത്യാഗവും സ്നേഹവും ക്ഷമയും സമയവും ഇതിനുവേണ്ടി മാറ്റി വെക്കേണ്ടതായി വരുമെന്ന് അറിയുക. ഒരിക്കല്‍ സ്നേഹവും വിശ്വാസവും നേടിയ ശേഷം പകുതി വഴി ഉപേക്ഷിച്ച് പോകുവാനും സാധിക്കില്ല്ല. അത് കൂടുതല്‍ കടുത്ത പ്രശ്നങ്ങളിലേക്കോ ആത്മഹത്യയിലേക്കോ വരെ നയിച്ചെന്നിരിക്കും.

ചെറിയ തരം വിഷാദരോഗമാണെങ്കില്‍ മരുന്നുകള്‍ക്ക് അതീതമായി ചെയ്യാവുന്നത് പുതിയ സ്ഥലത്തേക്ക് മാറുക, പുതിയ ഒരു ഹോബി തിരഞ്ഞെടുക്കുക, പുതിയ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുക, മറ്റെന്തെങ്കിലും കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക തുടങ്ങിയവയാണ്. ആദ്യം തന്നെ ഇത് സ്വയം തിരിച്ചറിഞ്ഞ് അതിനെ അതിജീവിക്കാന്‍ ശ്രമിക്കുന്നതാണ് ഏറ്റവും എളുപ്പവും ഫലവത്തായതുമായ മാര്‍ഗ്ഗം. സ്വയം അതിജീവിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നല്ല ഒരു സുഹൃത്തിന്റെ സഹായം തേടുക അതോടൊപ്പം തന്നെ വൈദ്യസഹായം തേടുക. എല്ലാ രോഗങ്ങളേയും പോലെ പ്രാരംഭദശയാണ് ചികിത്സിച്ച് ഭേദമാക്കാന്‍ എളുപ്പം.

സമര്‍പ്പണം: വിഷാദരോഗത്തിനു അടിമപ്പെട്ടിരുന്ന എന്റെ സുഹൃത്തുക്കള്‍ക്ക്.

ചേര്‍ത്ത് വായിക്കേണ്ടവ : 1. Happiness Already
2. Stages of Grief

Disclaimer: Content of this post is not intended as a professional medical advice. This post is only for informational purposes. Always seek the advice of your physician.

10 പ്രതികരണങ്ങള്‍:

മൂര്‍ത്തി said...

ഈ പോസ്റ്റിനു ഒരു സ്പെഷ്യല്‍ നന്ദി..

അഭയാര്‍ത്ഥി said...

ഇത്രയും കാര്യമാത്ര പ്രസക്തമായ പോസ്റ്റ്‌ ഞാന്‍ വായിച്ചിട്ടില്ല-എന്നെ സംബന്ധിച്ചിടത്തോളം. ഞാന്‍ പലപ്പോഴും വിഷാദരോഗത്തിന്നടിമപ്പെടുന്നതുകൊണ്ടായിരിക്കാം. സ്വയം തിരിച്ചറിയാനുള്ള കഴിവെനിക്കുള്ളതുകൊണ്ട്‌ ആപദ്ശംകയുമില്ലാതെ അങ്ങിനെ പോകുന്നു. ഒരുപാട്‌ ജീവിതാനുഭവങ്ങളിലൂടെ കടന്നു പോന്നതുമൂലം (ടോളറന്‍സ്‌ ലവലിനുമപ്പുറം) ഉണ്ടായ ഒന്നാണെനിക്കിത്‌. മക്കള്‍ എന്ന ഏകകണ്ണിയില്‍ ഇഹലോകത്തിനോട്‌ ബന്ധിക്കപ്പെട്ട്‌ നില്‍ക്കുന്നു. ഭാര്യയോടുള്ള സ്നേഹത്തിനൊ അല്ലെങ്കില്‍ തിരികെ ലഭിക്കുന്ന അവളുടെ സ്നേഹത്തിന്നൊ എന്റെ വിഷാദത്തെ തടുക്കാനാവില്ല. കാരണങ്ങളീല്‍ പലതും ഇഞ്ചി പറഞ്ഞതൊക്കെത്തന്നെ.

നാല്‍പ്പത്‌ വയസ്സിന്‌ മീതേയാണ്‌ ഇതെന്നെ അല്‍പ്പാല്‍പ്പമായി പിടികൂടിയത്‌.

എനിക്ക്‌ കൂടുതല്‍ അവബോധമുണ്ടാക്കാന്‍ ഈ ലേഖനം ഉപകരിച്ചുവെന്ന്‌ പ്രത്യേകം പറയേണ്ടല്ലൊ.

നാലുകെട്ടില്‍ നിന്ന്‌ ഇത്രയും ഔന്നത്യമുള്ള ഒരു ലേഖനം- ഈ കൊച്ചു വെളൂപ്പാം കാല്‍ത്ത്‌ പ്ര്തീക്ഷിച്ചില്ല.

സൂപ്പര്‍ബ്‌ സൂപ്പര്‍ബ്‌ സൂപ്പര്‍ബ്‌ എന്ന്‌ മാത്രമെ എനിക്കിതിനെക്കുറിച്ച്‌ പറയാനുള്ളു.

സു | Su said...

നല്ല പോസ്റ്റ് ഇഞ്ചീ. പുസ്തകങ്ങളിലൊക്കെ ഇതിനെക്കുറിച്ച് വായിച്ചിട്ടുണ്ട്. വിഷാദരോഗത്തിന്റെ അവസ്ഥ ഭീകരമാണ്. അതിനുള്ളിലേക്ക് പോകാതിരിക്കാന്‍ എനിക്ക് പലപ്പോഴും എന്നെ കെട്ടിവലിച്ച് ഇരിക്കേണ്ടിവന്നിട്ടുണ്ട്. ചിലപ്പോഴൊക്കെ എങ്ങനെ അതില്‍ മുങ്ങിക്കയറിപ്പോന്നുവെന്ന് ആശ്ചര്യത്തോടെ ചിന്തിച്ചിട്ടുണ്ട്. രോഗത്തിനും രോഗമില്ലായ്മയ്ക്കും ഇടയിലൂടെ ബോധമില്ലാതെ അലഞ്ഞുതിരിഞ്ഞിട്ടുണ്ട്. അങ്ങോട്ടെനിക്ക് പോകേണ്ടെന്ന ഉറച്ച വിശ്വാസത്തില്‍ അതിന്റെ നേരെ മുഖം തിരിച്ച് ഇരിപ്പാണ് പലപ്പോഴും. അതെന്നെ ആവുന്നത്ര പ്രീണിപ്പിക്കുന്നുണ്ട്. നിന്നെ ഞാന്‍ തല്ലിക്കൊല്ലുമെടാ വിഷാദമേന്നൊക്കെ ഭീഷണിപ്പെടുത്താറുണ്ട്. എല്ലാത്തിലും, സുഖത്തിലും ദുഃഖത്തിലും പങ്കുചേരാന്‍ ശ്രമിക്കാറുണ്ട്. ഒന്നും വേണ്ട എന്നൊരു തോന്നലുണ്ടാവും ഈ രോഗം പിടിപെട്ടാല്‍. ഒന്നിലും പ്രത്യേകിച്ച് താല്പര്യം ഇല്ലാതെ, സന്തോഷിക്കാന്‍ പോലുമാവാതെ ചിലപ്പോള്‍......

ആര്‍ക്കെങ്കിലും ഈ രോഗം ഇപ്പോഴുണ്ടെങ്കില്‍ എനിക്കൊന്നേ പറയാനുള്ളൂ. നിങ്ങളുടെ ജീവിതം വേണം. നിങ്ങള്‍ക്ക് മാത്രമല്ല, മറ്റുള്ളവര്‍ക്കും. അതുകൊണ്ട് വിഷാദത്തെ അകറ്റുക. അതിന്റെ പിടിയില്‍ ഇരിക്കാതെ ലോകത്തോട് സംവേദിക്കുക. അല്ലെങ്കില്‍ അത് പതുക്കെപ്പതുക്കെ നമ്മളെ തിന്നും.

ശാലിനി said...

തിരഞ്ഞെടുത്തത് നല്ല വിഷയംതന്നെ.

വിഷാദരോഗമുള്ള രണ്ടു കൂട്ടുകാരുണ്ട് എനിക്ക്. രണ്ടുപേരും രണ്ടു രീതിയിലാണ് പ്രതികരിക്കുന്നത്. ഒരാള്‍ തന്‍റെ അവസ്ഥ ശരിക്കും മനസിലാക്കി, അതില്‍ നിന്ന് എങ്ങനേയും വിമുക്തയാവണം എന്ന് കരുതി ജീവിക്കുന്നു. നിരാശ തോന്നുമ്പോള്‍ അടുപ്പമുള്ള കൂട്ടുകാരെ വിളിച്ചു സംസാരിക്കുകയും മറ്റും ചെയ്യും. മറ്റെയാള്‍ നേരേ വിപരീതം. മറ്റുള്ളവരെ പഴിപറഞ്ഞ് ജീവിതം തന്നെ നാശമാക്കുന്നു. എത്ര നാളുകള്‍ കഴിഞ്ഞാലും പഴയതൊന്നും മറക്കാതെ അതൊക്കെ വീണ്ടും ആലോചിച്ചുകൂട്ടി സ്വയം രോഗത്തിലേക്ക് ഇറങ്ങി പോകുന്നവള്‍. രോഗത്തെ കുറിച്ച് മനസിലാക്കാനുള്ള ക്ഷമപോലും കാണിക്കുന്നില്ലവള്‍.

സൂവിന്‍റെ കമന്‍റ് നന്നായിരിക്കുന്നു. പിടികൊടുക്കാതെ വഴുതി മാറുക, അതായിരിക്കും നല്ലതെന്ന് തോന്നുന്നു. ജീവിതത്തിലൊരിക്കലെന്കിലും വിഷാദത്തിനടിമപ്പെടാത്തവര്‍ ഉണ്ടോ? ഞാന്‍ വായനയിലേക്ക് തെന്നി മാറും, പിന്നെ നല്ല അടുപ്പമുള്ള കൂട്ടുകാരുമായി സംസാരിക്കും. തനിയെ കുറച്ചു ദൂരം നടക്കും, ലോകവുമായുള്ള ബന്ധം വിട്ട് എന്‍റേതായൊരു സന്കല്പ ലോകത്തില്‍ അല്പനേരം പോയി തിരിച്ചുവരും.

ഇപ്പോള്‍ ഒന്നിനും സമയമില്ലാത്തതുകൊണ്ടാവും വിഷാദത്തിലേക്ക് പോകാനും സമയമില്ല. :)

കമന്‍റുകളിലൂടെ അനുഭവങ്ങള്‍ പന്കുവയ്ക്കുന്നത് മറ്റുള്ളവര്‍ക്ക് ഉപകരിക്കുമല്ലേ.

തോന്ന്യാസി said...

വിഷാദരോഗത്തെ കുറിച്ചുള്ള ഈ പോസ്റ്റ് വളരെയധികം ഇഷ്ടമായി വളരെ നന്ദി

ജ്യോനവന്‍ said...

നല്ല ലേഖനം

Vanaja said...

നല്ല പോസ്റ്റ്.
ജീവിതത്തിലൊരിക്കലെങ്കിലും ഭാഗീകമായിട്ടെങ്കിലും ഇപ്പറഞ്ഞ അവസ്ഥ അനുഭവിച്ചിട്ടില്ലാത്തവര്‍ കാണില്ല എന്നു തോന്നുന്നു.അതിന്റെ കാരണങ്ങള്‍ എന്തെന്ന് സ്വയം തിരിച്ചറിയുകയും അതിനെതിരെയുള്ള ബോധപൂര്‍വമായ പ്രധിരോധവും പ്രയോജനകരമായിരിക്കും.

ബിന്ദു said...

ഏതെങ്കിലും ഒരു രോഗലക്ഷണം വായിച്ചാല്‍ ആ രോഗം എനിക്കുമുണ്ടോന്നു തോന്നുന്നത്‌ ഏതു കാറ്റഗറിയില്‍ പെടുന്ന രോഗമാണ്‌ ഡോക്ടര്‍? ;)

നല്ല ലേഖനമായി.

അനിലൻ said...

വെറുതേ വായിച്ചു.
വിഷാദരോഗത്തിനു ഗുളിക കഴിച്ചു കഴിച്ച് ഓവര്‍ ഡോസും കഴിച്ച് കരളു കേടായി അതിനു ഗുളിക കഴിക്കുന്ന ഒരാളെ എനിയ്ക്കറിയാം.

ആഷ | Asha said...

എനിക്കുമുണ്ടോയിരുന്നോന്നൊരു ഡൌട്ട്.
ചില ലക്ഷണങ്ങള്‍ ചില സമയം കാണിച്ചിരുന്നെന്ന് തോന്നുന്നു. പ്രത്യേകിച്ച് ആ 9 മത്തത് ചില സമയം തോന്നും.

അതോ ഇനി ബിന്ദുചേച്ചി പറഞ്ഞ രോഗമാണോ?