2008-02-19

ഉറക്കം

കുട്ടികളെ ഉറക്കുന്നത് ഒരു ഭഗീരഥപ്രയത്നമാണ്. പകല്‍ മുഴുവന്‍ എത്ര കളിച്ച് ക്ഷീണിച്ചാലും ചില നേരത്ത് ഉറങ്ങാന്‍ എന്തൊരു വാശിയാണ്? എന്താവും കാരണം എന്ന് ഞാന്‍ പല തവണ ആലോചിച്ചിട്ടുണ്ട്. കുട്ടികളെ ഉറക്കുന്ന ആളാവും ആദ്യം ഉറങ്ങുക. പാട്ട് പാടുക, കഥ വായിക്കുക, കൊഞ്ചിക്കുക, പാലു കൊടുക്കുക അങ്ങിനെ സകല പരിപാടികളും നടത്തിയാലും കുട്ടികള്‍ ഉറങ്ങില്ല. ഉറങ്ങി എന്ന് കരുതി ഒരു മിനുട്ട് സംശയിച്ചാല്‍ അപ്പോള്‍ മിഴിച്ച് നോക്കും. ഏറ്റവും നല്ലത് ഡ്രൈവിങ്ങാണ്. മിക്ക കുട്ടികളും ഡ്രൈവ് ചെയ്യുന്ന സമയത്ത് ഉറങ്ങാറുണ്ട്. അറ്റ കൈക്ക് അതും പ്രയോഗിച്ചിട്ടുണ്ട്. രാത്രി വണ്ടിയുമെടുത്ത് കുഞ്ഞിനെ ഉറക്കാന്‍ പോയിട്ടുണ്ട്. എന്നാലും ചിലപ്പോള്‍ തിരിച്ച് വന്ന് വണ്ടിയില്‍ നിന്ന് വാരിയെടുക്കുന്ന പാടേ ദേ പിന്നേം മിഴിച്ച് നോക്കും റ്റാറ്റ പോകുന്ന പരിപാടി ഇത്ര വേഗം കഴിഞ്ഞോ എന്ന മട്ടില്‍.

കണ്ണടച്ച് ഉറങ്ങിപ്പോയാല്‍ പിന്നീട് മിഴിതുറക്കുമ്പോള്‍ അമ്മ അടുത്തുണ്ടാവില്ലായെന്ന് കരുതുന്നതുകൊണ്ടാവുമോ ഉറക്കത്തിനു ഇത്ര ശാഠ്യം? ചോദിക്കാമെന്ന് വെച്ചാല്‍ പറയാന്‍ കുഞ്ഞുങ്ങള്‍ക്ക് അറിയില്ലല്ലോ?

5 പ്രതികരണങ്ങള്‍:

സു | Su said...

ഭഗീരഥപ്രയത്നം.

കുട്ടികളോട് ഒന്നേ പറയണ്ടൂ, ഉറങ്ങരുത്, മനുഷ്യനെ മിനക്കെടുത്തി ഉണര്‍ന്നിരുന്നു കളിച്ചുകൊണ്ടിരിക്കണം കേട്ടോ എന്ന്. അപ്പോ കിടന്നുറങ്ങിക്കോളും. ;) പിന്നെ വേണ്ടത് പാട്ട് പാടുകയാണ്. ഇത് സഹിക്കേണ്ടല്ലോന്ന് കരുതി മിനുട്ടുവെച്ച് ഉറങ്ങും. ചെറിയ കുട്ടികള്‍ ആണെന്നേയുള്ളൂ. അവര്‍ക്കൊക്കെ മനസ്സിലാവും. ;) പറഞ്ഞില്ലെങ്കിലും.

ഭൂമിപുത്രി said...

ഉറക്കംവരുമ്പോള്‍ അതുമനസ്സിലാകാതെ വാശിപിടിച്ചുകരയുകയും,
വിശക്കുമ്പോള്‍ അതുംമനസ്സിലാകാതെ ഭക്ഷണം കഴിയ്കാതെകരയുകയും,
ഓരോ തമാശകളേയ്..

ഉപാസന || Upasana said...

ഉറക്കം വരുന്നു...
:-)
ഉപാസന

ജിജ സുബ്രഹ്മണ്യൻ said...

ഉറക്കം വരുമ്പോള്‍ കുഞ്ഞുങ്ങള്‍ ഉറങ്ങില്ലേ ഇഞ്ചിപ്പെണ്ണേ....പകല്‍ അധികം ഉറങ്ങാതെ നോക്കിയാല്‍ രാത്രിയില്‍ നന്നായി ഉറങ്ങിക്കോളും....പിന്നെ തോളത്തു കിടത്തി താരാട്ടു പാടിയാല്‍ ഉറങ്ങാത്ത കുഞ്ഞുങ്ങള്‍ ഉണ്ടോ?കാളരാഗം ആകരുത് എന്നേയുള്ളൂ......ഹ ഹ ഹ

Vanaja said...

ഇഞ്ചി അവസാനം ചോദിച്ച ചോദ്യം ഞാനും ചോദിച്ചിട്ടുണ്ട്.പലവട്ടം.കാന്താരിക്കുട്ടിയേ, ഈ പാട്ടുപാടലൊക്കെ എത്ര പരീക്ഷിച്ചിരിക്കുന്നു. ഫലം കാണാതെ പോയതിനു കാരണം കാളരാഗം തന്നെ.