2008-05-15

നിസ്സഹായനായ ദൈവം

ദൈവമേ ഇനിയുമീ കള്ളക്കളികള്‍ അവസാനിപ്പിച്ചുകൂടേ?
നിനക്ക് കഴിവില്ലയെന്ന് സമ്മതിച്ചുകൂടേ?
അറിയാതെ പറ്റുന്ന അബദ്ധങ്ങളില്‍
ലോകം നിന്നെ മാറോടണയ്ക്കുമ്പോള്‍
അരുതേയെന്ന് ഒരിക്കല്‍ വിലക്കികൂടേ?

നിന്റെ കൈകളില്‍ അന്നവര്‍ തറച്ചയാണി പതിഞ്ഞിറങ്ങിയിരുന്നുവെന്നും
കുന്തത്താല്‍ മുറിവേല്‍പ്പിച്ചപ്പോള്‍ ഊര്‍ദ്ധ്വശ്വാസത്തില്‍ നീ പിടഞ്ഞിരുന്നുവെന്നും
നിന്നെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാമെന്ന് വാക്കരുളിയ പിതാവ്
ഹൃദയവേദനയാല്‍ നിനക്ക് മുന്‍പേ മരിച്ചിരുന്നുവെന്നും
അത്യുച്ചത്തിലൊന്ന് നിലവിളിച്ചുകൂടേ?

പ്രളയമായും തീമഴയായും ഭൂമിപിളര്‍ന്നും
ഇറങ്ങിപ്പോയ നാവ് നിനക്കൊന്ന് ചലിപ്പിച്ചുകൂടേ?
അല്പമെങ്കിലും സത്യസന്ധത കാണിച്ചുകൂടേ?
നീ ദൈവമല്ലേ?



പ്രിയ മരണമേ

പ്രിയ മരണമേ
എത്രമാത്രം പ്രണയിച്ചതാണ് ഞാന്‍
നിന്നെ വരിക്കാന്‍ എത്ര കാത്തിരുന്നതാണ്
വിരഹിച്ചിരുന്ന ദിവസങ്ങളില്‍
നിന്റെ തണുത്ത കരസ്പര്‍ശം കൊതിച്ച്
നിന്റെ ഇമ്പമാര്‍ന്ന നിശബ്ദതയില്‍ ലയിച്ച്

എന്നിട്ട് നീയൊന്ന് എത്തി നോക്കിയത്
ഇപ്പോള്‍, എന്റെ കുഞ്ഞെന്റെയുള്ളില്‍ ശ്വസിച്ചു തുടങ്ങിയപ്പോള്‍
എന്നിലേക്ക് ഒരു പിടി മണ്ണെടുത്തിടുമ്പോള്‍
എന്റെ കുഞ്ഞിനേയും എന്നോടൊപ്പം
ചേര്‍ക്കണം.

ആറടിയുടെ മൌനത്തില്‍
ഞാനവനെയൊന്ന് താലോലിച്ചോട്ടേ!

9 പ്രതികരണങ്ങള്‍:

Rachana , Appu said...

ഇഞ്ചി ,
"എന്നിട്ട് നീയൊന്ന് എത്തി നോക്കിയത്
ഇപ്പോള്‍, എന്റെ കുഞ്ഞെന്റെയുള്ളില്‍ ശ്വസിച്ചു തുടങ്ങിയപ്പോള്‍എന്നിലേക്ക് ഒരു പിടി മണ്ണെടുത്തിടുമ്പോള്‍ എന്റെ കുഞ്ഞിനേയു എന്നോടൊപ്പം ചേര്‍ക്കണം ."

ഇങ്ങനെയൊന്നും എഴുതല്ലേ .ഞങ്ങള്‍ അമ്മമാര്‍ക്കു ഒട്ടും സഹിക്കാന്‍ പറ്റില്ല.

എന്തിനാ മരണത്തെ പ്രണയിക്കുന്നത്‌. ഒരു ഗന്ധര്‍വനെ പ്രണയിചിരുന്നെകില്‍ ഒരു നല്ല പാട്ട് എങ്കിലും കേള്‍ക്കാമായിരുന്നു . തമാശ പറഞ്ഞതാണ്‌ കേട്ടോ

അപര്‍ണ്ണ said...

ഹയ്യോ :(

പ്രിയ said...

" പ്രളയമായും തീമഴയായും ഭൂമിപിളര്‍ന്നും
ഇറങ്ങിപ്പോയ നാവ് നിനക്കൊന്ന് ചലിപ്പിച്ചുകൂടേ?
അല്പമെങ്കിലും സത്യസന്ധത കാണിച്ചുകൂടേ?
നീ ദൈവമല്ലേ?
"
ക്ലാപ് ഒണ്‍ലി ഫോര്‍ ദ ഫസ്റ്റ് പാര്‍ട്ട്.
മരണത്തിന്റെ (അതോ ജനനത്തിന്റെയോ ) രണ്ടാം ഭാഗം ഞെട്ടിക്കുന്നു. സങ്കല്‍പ്പിക്കാന്‍ പോലും മനസിനെ വിടാതെ.

Anonymous said...

എവിടെയൊ വായിഛത് ഓര്‍ക്കുന്നു ... ദൈവം നാമ്മളെ വിളിക്കാന്‍ ശ്രമിക്കുന്നു ... നമ്മല്‍ എപ്പൊളും out of coverge area...

Anonymous said...

"എന്നിലേക്ക് ഒരു പിടി മണ്ണെടുത്തിടുമ്പോള്‍
എന്റെ കുഞ്ഞിനേയും എന്നോടൊപ്പം
ചേര്‍ക്കണം.

ആറടിയുടെ മൌനത്തില്‍
ഞാനവനെയൊന്ന് താലോലിച്ചോട്ടേ!"

oops.

Physel said...

കവിതകള്‍ വായനക്കാരോട് ഇത്രയും ക്രൂരമായി സംവദിക്കരുത്!

സാല്‍ജോҐsaljo said...

കൊള്ളാം.

വായിക്കും തോറും ഭാവങ്ങള്‍ കൂടിവരുന്നു.

മകന്റെയും അമ്മയുടേതും.
പിതാവിന്റെയും പുത്രന്റെയും....
പ്രതീക്ഷയറ്റവന്റെ പരിവേദനം...
അങ്ങനെ നീണ്ടുപോകുന്നതുപോലെ.
വരികള്‍ ശരിക്കും ഉള്ളില്‍ നിന്നു വന്നതുപോലെ തോന്നുന്നു.

പക്ഷേ വാസ്തവത്തില്‍ രണ്ടാം പകുതി വേറേയാണ് (?)

എന്നിലേക്ക് ഒരു പിടി മണ്ണെടുത്തിടുമ്പോള്‍
എന്റെ കുഞ്ഞിനേയും എന്നോടൊപ്പം
ചേര്‍ക്കണം.


അതെന്തിനാ? ഉള്ളില്‍ തന്നെയില്ലേ? ആകെ കണ്‍ഫ്യൂഷനായല്ലോ? മനോധര്‍മ്മമെന്ന ടാഗും!

ഏലി ഏലി ലാമാ സബഥാനി?!!



നന്നായിരിക്കുന്നു.

ദൈവം said...

പറ്റൂല്ലല്ലോ :)

G.MANU said...

‘ദൈവങ്ങള്‍ വിരമിച്ച തൃസ്സന്ധ്യയില്‍ ഭൂമിയില്‍ ശാന്തിയും സമാധാനവും ഉണ്ടായി..” (എന്ന് പണ്ടെങ്ങോ ഈയുള്ളവന്‍ കുറിച്ചിരുന്നു..)



നല്ല കവിത..