2008-05-22

അമ്മാമ്മ മരിച്ചപ്പോള്‍ കിട്ടിയത്

പഴയ ഇനം നല്ല ഒന്നാന്തരം തേക്കുകൊണ്ട് അപ്പാപ്പന്‍ പറഞ്ഞ അതേ ക്രമത്തില്‍ ആശാരിയെക്കൊണ്ട് നിറുത്തിപണിയിപ്പിച്ച ഒരു കട്ടില്‍, അങ്ങിങ്ങായി വലിയ കുഴിവുള്ള പകുതിയും നനഞ്ഞിരിക്കുന്ന ഒരു പഞ്ഞി മെത്ത, കട്ടിലിനു താഴെ നൂറ് കൂട്ടം എട്ടുകാലികള്‍ പായസം വെച്ചിരുന്ന പോലെ ഒരു വലിയ ഓട്ടുരുളി, ജിജിമോളുടെ മാമ്മോദീസായ്ക്ക് അന്നമ്മ ദുബായില്‍ നിന്ന് കൊണ്ട് വന്ന നീലനിറത്തില്‍ വലിയ വട്ടങ്ങളുള്ള അരിക് അടര്‍ന്നു പോയ ഒരു കമ്പിളി, നാല്‍പ്പത്തൊന്‍പതു മണികള്‍ അവശേഷിക്കുന്ന അഴുക്കുപുരണ്ട കൊന്തയോട് കൂട്ടിക്കെട്ടി പിഞ്ഞിപ്പോയ ഒരു വെന്തിങ്ങ, അമേരിക്കയില്‍ നിന്ന് ഇച്ചാച്ചന്‍ കൊണ്ടു വന്ന നൂലെല്ലാം പൊന്തിയ തവിട്ട് നിറത്തിലുള്ള ഒരു ഫ്രന്റ് ഓപ്പണ്‍ സ്വെറ്റര്‍, അപ്പാപ്പന്റെ ചില്ല് ഫോട്ടോ വെച്ച ഒരു ചെറിയ മേശ, അതിനു മുന്‍പില്‍ കത്തിത്തീര്‍ന്നെന്ന് സമാധാനിപ്പിക്കുന്ന കരിഞ്ഞ ഒരു മെഴുകുതിരി, ചെറിയ നോവേനപുസ്തകം, കാല്‍ ഭാഗം അടര്‍ന്ന് പോയ ചെറിയ ചുവന്ന പൂക്കള്‍ കുതിര്‍ന്നു പോയെന്ന് തോന്നിപ്പിക്കുന്ന പൊട്ടാത്ത ഒരു പ്ലേറ്റ്, ചെരിഞ്ഞ് വീണു പോകുന്ന ഒരു സ്റ്റീല്‍ ഗ്ലാസ്സ്, ചതുരങ്ങള്‍ മാത്രമവശേഷിക്കുന്ന ഒരു കണ്ണട, കരിമ്പനയടിച്ച രണ്ട് തോര്‍ത്തുമുണ്ട്, ചെറിയ ശരീരയളവിനു പാകത്തിനു വെട്ടി തയ്പ്പിച്ച മൂന്ന് നൈറ്റികള്‍, ഒരു വലിയ സേഫ്റ്റി പിന്‍, പെയിന്റ് പോയി തുരുമ്പെടുത്ത ഒരു ചെറിയ ബിസ്കറ്റ് ഡപ്പിക്കുള്ളില്‍ നടുവേ മടക്ക് വീണ വേളാങ്കണി മാതാവിന്റെ ഒരു പടവും കുന്തിരിക്കത്തിന്റെ ഒരു ചെറിയ പ്ലാസ്റ്റിക്ക് പായ്ക്കറ്റും ഇരുപത്തിയൊന്ന് പലതരത്തിലുള്ള നാണയത്തുട്ടുകളൊടൊപ്പം ഒരു അഞ്ചിന്റേയും രണ്ട് പത്തിന്റേയും നോട്ടുകള്‍, പേരില്ലാത്ത ഒരു മരുന്ന് ചീട്ട്, അറ്റമെല്ലാം ദ്രവിച്ചുപോയ ഒരു ബൈബിളിന്റെയുള്ളില്‍ ദീപിക ദിനപത്രത്തില്‍ നിന്നു വെട്ടിവെച്ചിരിക്കുന്ന കുറേ പരിചയക്കാരുടേയും കുറേയധികം അജ്ഞാതരുടേയും ചരമ അറിയിപ്പുകളോടൊപ്പം ജിജിമോളുടെ കല്ല്യാണ ഫോട്ടോയും ഇച്ചാച്ചന്റെ മരിച്ചടക്കിനുള്ള അറിയിപ്പ് കുറിപ്പും,

അതോടൊപ്പം

മൂത്രത്തിന്റെ മണമുള്ള ഒരു മുറി, അനില നേഴ്സ് മാത്രം കയറിയിരുന്ന ഒരു വാതില്‍, കാറ്റെത്തെപ്പോഴോ അടഞ്ഞു പോയ രണ്ട് ജനല്‍.

17 പ്രതികരണങ്ങള്‍:

Unknown said...

കൊള്ളാം...! എല്ലാംകണ്ടതു പോലെ!

Rachana , Appu said...

വളരെ നന്നായിരിക്കുന്നു. ബന്ധങ്ങളെയും ബന്ധനങ്ങളെയും ജീവിതത്തെയും എല്ലാം ഒരു പാരഗ്രാഫില്‍ വളരെ മനോഹരം ആയി ഒതുക്കിയിരിക്കുന്നു.

ഒരു സംശയം ബാക്കി . ഇച്ചാച്ചന്‍ എന്ന് പറഞ്ഞാല്‍ അമ്മാമ്മയുടെ സഹോദരന്‍ ആണോ ?

പാഞ്ചാലി said...

കഥ ഇഷ്ടമായി. നല്ല നിരീക്ഷണം.

അമ്മാമ്മയ്ക്ക് അനില നേഴ്സ് എങ്കിലും ഉണ്ടായിരുന്നു...

ഇന്നു നീ...നാളെ ഞാന്‍...

ഇട്ടിമാളു അഗ്നിമിത്ര said...

എങ്ങോട്ടാ പോണേ എന്നൊരു കണ്‍ഫ്യൂഷന്‍‍ ആരുന്നു..

ദൈവം said...

ഇത്രപോലും അവശേഷിപ്പിക്കാനില്ലല്ലോ നമുക്ക്...

Anonymous said...

ithinu enthu comment idanam ennariyilla :(

you have photo of all these ille ?

രാജ് said...

സക്കറിയയുടെ ‘ഒരു ദിവസത്തെ ജോലി’ എന്ന കഥയുടെ അനുബന്ധമായിട്ടേ വായിക്കുവാൻ കഴിഞ്ഞുള്ളൂ.

Pramod.KM said...

അരയിടത്തുചിറയില്‍ താമസിച്ചിരുന്ന മാതിയമ്മമ്മ മരിച്ചപ്പോള്‍ കിട്ടിയത്: ഒരു കീറപ്പായ,ഒട്ടിയ ഒരു പ്ലേറ്റ്,കറുത്ത നിറമുള്ള ഒരു കണ്ടന്‍ പൂച്ച.

Anonymous said...

രാജ് ഒന്നുകില്‍ ‘ഒരിടത്ത്’ വായിച്ചിട്ടില്ല.അല്ലെങ്കില്‍ ഇക്കഥ വായിച്ചിട്ടില്ല.

രാജ് said...

അനോണി എന്റെ കമന്റ് നേരെ വായിച്ചിട്ടില്ല [ഒന്നുകിൽ എന്നൊന്നും വേണ്ട ഉറപ്പിച്ചു തന്നെ ;)]

‘ഒരിടത്ത്’ എന്നല്ല എഴുതിയത്, ‘ഒരു ദിവസത്തെ ജോലി’ എന്ന കഥയാണ്.

-------
20.30: അമ്മയെ കിടക്കയിൽ കിടത്തി പുതപ്പിക്കുക. അമ്മയുടെ കണ്ണുകളിലേക്കു നോക്കി പുഞ്ചിരിക്കുക. ‘ഗുഡ്നൈറ്റ്, സ്വീറ്റ് ഡ്രീംസ്’ എന്നു പറയുക. അമ്മ പുഞ്ചിരിക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കുക. പുഞ്ചിരിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും അമ്മയുടെ മൂർധാവിലും പിന്നെ കവിളത്തും പിന്നെ ചുണ്ടുകളിലും ‘എന്റെ പ്രിയപ്പെട്ട അമ്മച്ചീ’ എന്നു പറഞ്ഞുകൊണ്ടു ഞങ്ങൾ ആറുപേർക്കും വേണ്ടി ഓരോ മധുരമുള്ള ഉമ്മ കൊടുക്കുക.
ഇത്രയും ചെയ്താൽ നഴ്സിന്റെ ആ ദിവസത്തെ ജോലി പൂർത്തിയായി. ഈ നിബന്ധനകൾ സ്വീകാര്യമെങ്കിൽ ഇന്റർവ്യൂവിനു വരാൻ സൗകര്യമുള്ള ദിവസം കാണിച്ചു് ഉടനെ മറുപടി അയക്കുക.
നന്ദിയോടെ,
സ്വന്തം
കോര ഫിലിപ്പ് ജോൺ
------

എന്ന് അവസാനിക്കുന്ന സക്കറിയയുടെ കഥ. വായിച്ചിട്ടില്ലെങ്കിൽ ചെന്നു വായിക്കൂ, നല്ല കഥയാണ്.

Inji Pennu said...

രചന, ആ അതെ. സഹോദരനാവാം. കുടും‌ബത്തിലെ ഒരാളെന്നേ കഥയില്‍ അര്‍ത്ഥമുള്ളൂ.

ധിനു, എന്ത് ഫോട്ടോ ? എനിക്ക് ചോദ്യം മനസ്സിലായില്ല? :( കഥ എഴുതി എന്നേയുള്ളൂ. ഇങ്ങിനെയാരേം എനിക്കറിയില്ല്യ.

വായിച്ചവര്‍ക്കെല്ലാം നന്ദി.

പാമരന്‍ said...

ഇഷ്ടമായി..

ചീര I Cheera said...

എനിയ്ക്കിഷ്ടായി ഇഞ്ചീ എഴുത്ത്..
അതുപൊലെ എനിയ്ക്കിഷ്ടാ‍ണ്, ഇഞ്ചീടെ ഇങ്ങനെ ചെറിയ ചെറിയ പോസ്റ്റുകളിലൂടെ പല പല എക്സ്പ്രഷന്‍സ് ഉള്ളില്‍ നിന്നും പുറത്ത് വരുന്നത്, എല്ലാ കോണുകളേയും, മുക്കുകളേയും, അരികുകളേയും തേഞ്ഞു പോകുന്നതിനു മുന്‍പേ നല്ല ഭാഷയില്‍ എടുത്തിട്ട് പോസ്റ്റാക്കുന്നത്..

ഓഫ്.
ഇവിടെ അലക്കു കഴിഞ്ഞ് കാശിയ്ക്കു പോകാന്‍ നേരമില്ലാത്ത പോലെയാ.
ആറ്റുനോറ്റ് കണക്ഷന്റെ അലോഗ്യങ്ങളും തീര്‍ത്ത്, ഒന്നെഴുതാനിരിയ്ക്കുമ്പോഴേയ്ക്കും എഴുതാന്‍ വന്നതെന്താന്ന് മറന്നു പോയിട്ടുണ്ടാവും.:)
പിന്നെ ഒരു പ്രചോദനവും അന്വേഷിച്ച് നടക്കണം.
പിന്നെയൊരു നാലു പോസ്റ്റ് വായിച്ച് ഷെയറീയുമ്പോഴാ ആകെയൊരു ആശ്വാസം!
:)

Sapna Anu B.George said...

എവിടെയാ ചേച്ചി.....ഒരു വിവരവും ഇല്ലല്ലോ, സ്ക്രാപ്പില്ല, ബ്ലോഗ് കൊമ്മെനെറ്റില്ല??? മറന്നോ???

Unknown said...

എന്‍റെ ഇ‍ഞ്ചീ, എങ്ങിനെ ഇത് ഇത്രയും ചുരുക്കി എഴുതാന്‍ പറ്റുന്നു? നല്ല വായനാനുഭവം.

പിരിക്കുട്ടി said...

inji ppenne.......

nammudem gathy ithokke thanne alle?

aa sadhangalude listil mattam undakum athu valla laptop ...etc items ayirikkum alle?

Jayasree Lakshmy Kumar said...

ഈ പോസ്റ്റൊക്കെ ഞാനെന്തേ കാണാതെ പോയി?

എന്തോ ഒരു സങ്കടം ഇതെല്ലാം വായിച്ചപ്പൊ