2008-11-09

മാവിലകൾ

കുഞ്ഞുമേരിക്ക് സാറിനെ എന്തു ബഹുമാനാമാണെന്നോ. ഇഷ്ടവുമാണ്. ഇത്രയും നല്ലൊരു സാറിന്റെ വീട്ടിൽ കുഞ്ഞുമേരി ഇതുവരെ ജോലിക്ക് നിന്നിട്ടില്ല. ആദ്യത്തെ ആഴ്ചയിൽ തന്നെ കുഞ്ഞുമേരിക്ക് ചിലതെല്ലാം മനസ്സിലായി. അതായത്, കുഞ്ഞുമേരിയുടെ ഒരു മഹാഭാഗ്യമാണ് ഇതുപോലെ പഠിപ്പും വിവരവും അതുപോലെതന്നെ മനുഷ്യപറ്റും വേണ്ടുവോളമുള്ള ഒരു സാറിന്റെ വീട്ടിൽ ജോലിക്കു പോകാൻ. സാധാരണ അല്പം പഠിപ്പോ ഉദ്യോഗമോ ഉണ്ടെങ്കിൽ എന്തൊരു പത്രാസാണ് എല്ല്ലാവർക്കും. മക്കളും പഠിച്ചിട്ട് വേണം ഇത്രയും പത്രാസ് കുഞ്ഞു മേരിക്കും കാണിക്കുവാൻ എന്ന് അവരെക്കാണുമ്പോൾ ഓർത്തുവെക്കും.

സാറിന്റെ വീട്ടിലാണെങ്കിൽ അധികം ജോലിയില്ലായെന്നുള്ളതാണ് കുഞ്ഞുമേരിയുടെ ഏറ്റവും വലിയ സന്തോഷം. ബാക്കിയെല്ലായിടത്തും നടുമ്പുറം പൊട്ടുന്ന ജോലിയുമെടുത്ത് ഉച്ചയോടടുപ്പിച്ച് സാറിന്റെ വീട്ടിൽ ചെന്നാൽ മതി. രാവിലെ ഒരു കട്ടൻ ചായ മാത്രമേ സാർ കുടിക്കുകയുള്ളൂ. അത് സാറു തന്നെ ഇട്ട് കുടിക്കേം ചെയ്തോളും. അതുകൊണ്ട് ഉച്ച മുതലുള്ള ജോലികളേ ഉള്ളൂ. ഉമ്മറത്തെ പൊടിയും മാവിലകളും ഒന്ന് അടിച്ച് വാരി, എന്തെങ്കിലും ഉച്ചക്കലത്തേതുമുണ്ടാക്കി, വീടൊക്കെ ഒന്നു അടിച്ച് തുടച്ചാൽ മതി. സാറിന്റെ ചെറിയ വീട്ടിൽ ഓരോ ചുവരും നിറയേ പുസ്തകങ്ങളാണ്. അതെല്ലാം ഒന്ന് ചൂലു കൊണ്ട് ഒന്നു ആട്ടി പൊടിയെല്ലാം കളഞ്ഞാൽ തന്നെ അന്നത്തെ ജോലി തീരും. സാർ ഒറ്റക്കായതുകൊണ്ട് വെച്ച സാധനം (സാറിന്റെ കണ്ണട ഒഴികെ) വെച്ചിടത്ത് തന്നെ കാണും. വൈകുന്നേരം സാറിന്റെ വീട്ടിൽ സുഹൃത്തുകൾ വരും. അവർക്ക് വേണ്ടി എന്തെങ്കിലും പലഹാരം കൂടി ഉണ്ടാക്കി വെക്കണം. അത്ര തന്നെ ജോലികൾ. ചായ സാർ തന്നെ ഇട്ടോളും. അത് കൊണ്ട് മൂന്ന് മണിയാവുമ്പോഴേക്കും വീട്ടിൽ ചെല്ലാം.

ജോലി തീർന്ന് സാറിന്റെ വീട്ടിൽ ചോറുണ്ണാൻ ഇരിക്കുമ്പോൾ വേണമെങ്കിൽ ടിവിയും കാണാം. സാറിനതൊക്കെ വളരെ ഇഷ്ടവുമാണ്. ടിവിയിൽ എപ്പോഴും വാർത്തകളാണ്. ഓരോ വാർത്തയും കേൾക്കുമ്പോൾ സാറ് എന്തെങ്കിലും പറയും. അത് കേൾക്കാൻ കുഞ്ഞ് മേരിക്ക് നല്ല സന്തോഷമാണ്. ചിലപ്പോൾ ടിവി നോക്കി സാർ ചൂടാവും. ലോകത്ത് മനുഷ്യനു യാതൊരു വിവരവുമില്ലായെന്ന് സാർ എപ്പോഴും പറയും. കുഞ്ഞുമേരിക്കും അത് തോന്നിയിട്ടുണ്ട്. അല്ലെങ്കിൽ എന്തിനാണ് എപ്പോഴും ഇത്രയും പേടിപ്പെടുത്തുന്ന വാർത്തകൾ.

സദ്ദാം ഹുസൈൻ എന്നൊരാള് കുവൈത്ത് ആക്രമിച്ചത്രേ. ഇയാൾക്കിതെന്തിന്റെ കേടാണ്?, കുഞ്ഞു മേരി നെടുവീർപ്പിട്ടു. എത്രയോ മലയാളികൾ അവിടെയുള്ളതാണെന്ന് സദ്ദാമിനു വല്ലോ വിവരവുമോണ്ടോ? എന്നിട്ടെന്താ ചന്തയിൽ മീനിനൊക്കെ എന്തുമാത്രം വില കൂടി. എല്ലാവരും തിരിച്ച് വരുകയാണെന്ന് സാർ പറയുന്നു. രണ്ട് ദിവസമാ‍യിട്ട് സാറിന്റെ വീട്ടിൽ കുഞ്ഞുമേരി എത്തുമ്പോഴേക്കും അയൽ‌വക്കത്തെ കോളനിയിലെ സ്ത്രീകളുടെ ചെറിയ ഒരു കൂട്ടമുണ്ട്. ഒരു ഭൂപടമൊക്കെ (കുഞ്ഞുമേരി അന്നാദ്യമായാണ് കുവൈത്ത് കാണുന്നത്) മേശയിൽ നിവൃത്തിയിട്ട് സാർ ചുറ്റുമുള്ള സ്ത്രീകളോട് പറയും, ദേ ഇതാണ് അതിർത്തി, ഇവിടെ ബോമ്പൊന്നും വീണിട്ടില്ല, സമാധാനമായിരിക്കൂ എന്നെല്ലാം. ഒരു സ്ത്രീ കരഞ്ഞ് ഒരു ദിവസം സാറിന്റെ കാലിലോട്ട് വീണു. രക്ഷിക്കൂ എന്നു നിലവിളിച്ചു. ആ ദിവസം മുഴുവൻ സാർ ഒരു വറ്റു ചോറ് പോലും കഴിക്കാതെ കാപ്പി മാത്രം കുടിച്ചു വീടാകെ ഉലാത്തി നടന്നു. ഇതു വല്ലതും ആ സദ്ദാമിനു അറിയണോ? മലയാളികളെ എന്തിനാണ് ഇങ്ങിനെ വേറെ നാട്ടിലെ മനുഷ്യന്മാരു ഉപദ്രവിക്കുന്നത്?

കുഞ്ഞുമേരിക്കറിയുമോ, മനുഷ്യർ ഇത്രയും യുദ്ധത്തിനു ശേഷവും ഒന്നും പഠിച്ചിട്ടില്ല. സാർ പിന്നെയെപ്പോഴും നെഞ്ച് തടവി ഓരോ കഥകൾ പറയും. അവിടെ യുദ്ധമുണ്ടായതിന്റെ, ഇവിടെ യുദ്ധം ഉണ്ടായതിന്റെ, മനുഷ്യർ മരിച്ചതിന്റെ. ഓരോ യുദ്ധത്തിലും എത്ര തടവുകാർ, എത്ര പേർ മരിച്ചു എന്നു വരെ സാറിനു കൃത്യം കണക്കുണ്ട്. അധികം ഒന്നും മനസ്സിലാവില്ലെങ്കിലും സാറിന്റെ വർത്തമാനം കേൾക്കാൻ ഒരു രസമുണ്ട്. സാറ് വായിച്ചു കഴിഞ്ഞ പത്രക്കടലാസ്സൊക്കെ മക്കൾക്ക് കൊണ്ട് പോയി കൊടുത്ത് വായിപ്പിക്കാൻ തരും. വായിക്കേണ്ട ഭാഗങ്ങളും സാർ ചിലപ്പോൾ അടയാളപ്പെടുത്തി തരും. ഇത്രയും വിവരമുള്ളൊരു മനുഷ്യന്റെ വീട്ടിൽ ജോലിക്ക് വരാൻ പറ്റിയതിന്റെ ഭാഗ്യം കുഞ്ഞു മേരിക്ക് മക്കളോട് എത്ര പറഞ്ഞാലും മതിയാവില്ല. നമ്മൾ ഇങ്ങിനെയൊന്നും സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കരുതെന്നാണ് സാർ പറയുന്നത്. സഹജീവികൾ എന്നാണ് സാർ മറ്റുള്ള മനുഷ്യന്മാരെ വിളിക്കാറുള്ളത്.

സാറിനും കുഞ്ഞുമേരിയുടെ കറികളും ജോലിയും ഒക്കെ ഇഷ്ടമാണെന്ന് തന്നെ ഉറപ്പാണ്. അല്ലെങ്കിൽ പറഞ്ഞ് വിടുകയല്ലേ ചെയ്യുകയുള്ളൂ? സാറിനാണോ പണിക്കാരെ കിട്ടാൻ പാട്? ഏതൊക്കെ ദേശത്തു നിന്നു വേണമെങ്കിലും സാറിന്റെ വീട്ടിൽ ജോലിക്കു നിൽക്കാൻ ആൾ വരുമെന്ന് കുഞ്ഞുമേരിക്ക് ഉറപ്പായും തോന്നാറുണ്ട്. അതുകൊണ്ട് തന്നെ ഏറ്റവും നന്നായി ജോലി തീർക്കാനും കുഞ്ഞുമേരി ആഞ്ഞു പരിശ്രമിക്കും. പക്ഷെ എന്നിരുന്നാലും കുഞ്ഞുമേരിയെ വല്ലപ്പോഴും സാർ വഴക്ക് പറയുന്നത് ഉമ്മറം നിറയേ മാവിലകൾ പെരുകുമ്പോഴാണ്. കുഞ്ഞുമേരി എന്തു ചെയ്യാൻ? തൊട്ടയൽ‌വക്കത്തെ മാവാണ്. അതിന്റെ മുക്കാൽ ഭാഗവും സാറിന്റെ മുറ്റത്തോട്ട് ചെരിഞ്ഞും. അടിച്ച് വാരി ഒന്നു പുറം തിരിയുമ്പോൾ പിന്നേയും കാണും കുറച്ചിലകളും ഉറുമ്പും ചെളിയും എല്ലാം. അല്ലെങ്കിലും അവിടെ ആരും ഇരിക്കാനും കിടക്കാനും ഒന്നും വരുന്നില്ലല്ലോ. പിന്നെയെന്തിനാണ്? അത് ചവുട്ടി വരുന്നവർ വീടിനകം വൃത്തികേടാക്കുമെന്ന് സാർ വാശിപിടിക്കും. എന്നാലും സാറിന്റെ ഒരു സമാധാനത്തിനു വരുമ്പോഴും പോകുന്നതിനു മുൻപും കുഞ്ഞുമേരി രണ്ട് തവണ എങ്കിലും അടിച്ച് വാരിയിടാറുണ്ട്.

അത്യാവശ്യമായിട്ട് ധൃതിയിൽ പോകാൻ ഒരു ദിവസം തിരക്ക് കൂട്ടുമ്പോൾ സാറതാ മാവിലയുടെ കാര്യം പിന്നേയും പറയുന്നു. അടിച്ച് വാരിയിട്ട് പോയാൽ മതിയെന്ന് സാർ. കുഞ്ഞുമേരിക്ക് അല്പം അരിശം വന്നു. എന്തൊരു പാടപ്പനേ ഇത്? ജോലിയെല്ലാം ശർ‌ർ എന്നു തീ‍ർത്ത് ഓടാൻ നിക്കുമ്പോഴാണ് സാറ് മുറ്റത്ത് പുളിയനുറുമ്പ് നിരനിരയായി പോവുന്നത് കാണിച്ച് തരുന്നതു. ഉണങ്ങിയ മാവിലകളും. ഈ മാവിനു എവിടെന്നാണ് ഇത്രയും ഇല? എന്തായാലും അതിനു വേണ്ടി നിൽക്കാൻ ഇപ്പോൾ സമയമില്ലായെന്നും ഇനി മാവില അടിച്ച് വാരി കൂട്ടണമെങ്കിൽ നൂറ് രൂപ കൂട്ടിത്തരണമെന്നും കുഞ്ഞുമേരി ഒരു ശുണ്ഠിക്ക് പറഞ്ഞതാണ്. അല്ലാതെ കാശിനു അത്യാവശ്യമുണ്ടായിട്ടൊന്നുമല്ല. പക്ഷെ സാറിന്റെ മുഖം വല്ലാതെ ചുവന്നു പോയി.

അടുത്ത ദിവസം ജോലിക്ക് ചെല്ലണോയെന്ന് ഒന്ന് പേടിച്ചെങ്കിലും സാറ് പറഞ്ഞൊന്നും വിടില്ല എന്ന് തോന്നി, എന്നാലും ഇന്നലത്തെ മുഖഭാവം ആദ്യമായിട്ടാണ് അത്രയും പന്തിയില്ലാതെ കണ്ടത്. ഇനി ജോലിക്ക് നിറുത്തിയാൽ കുറച്ച് മണ്ണെണ്ണ ഒഴിച്ച് ഉറുമ്പിനെയെല്ലാം കൊല്ലണം. എന്തായാലും ഉച്ചയായപ്പോഴേക്കും സാറിന്റെ വീട് വരെ ഒന്നു ചെന്നു നോക്കാമെന്ന് കരുതി ചെന്നപ്പോഴാണ് സാറിന്റെ മുറ്റത്ത് മൂന്ന് നാലു പേർ കൂടിയിരിക്കുന്നത് ദൂരത്ത് നിന്നു തന്നെ കണ്ടത്. ഉള്ളിലെ ആന്തൽ കാരണം ഓടിച്ചെന്നപ്പോൾ സാറും അയൽ‌വക്കത്തെ ആളും തമ്മിൽ എന്തോ തർക്കമാണ്. മാവു വെട്ടാൻ സാർ ആളെ വിളിച്ചു നിറുത്തിയിട്ടുണ്ട്. നമ്മുടെ മതിലിന്റെ ഇപ്പറത്തോട്ടുള്ള ശിഖിരങ്ങൾ നമ്മൾക്ക് വെട്ടിമാറ്റുവാൻ അധികാരം ഉണ്ടെന്ന് അന്നാണ് കുഞ്ഞുമേരിക്ക് മനസ്സിലായത്. ഇത് നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ പുറമ്പോക്കിലെ ഒരു മരത്തിന്റെ വേര് നീണ്ട് നീണ്ട് വന്നതു കാരണം സ്വന്തം കൂര പൊളിച്ച് മാറ്റി ഓടയുടെ അടുത്തേക്ക് മാറ്റി വെക്കണ്ടായിരുന്നു എന്നു കുഞ്ഞുമേരി നെടുവീർപ്പിട്ടു. എന്നാലും ഈ സാറിന്റെ ഒരു വിവരം എല്ലാ കാര്യത്തിലും, കുഞ്ഞുമേരി അന്നും പതിവ് ജോലികളിൽ വ്യാപൃതയായി.

9 പ്രതികരണങ്ങള്‍:

അനില്‍@ബ്ലോഗ് // anil said...

ഇഞ്ചി,
സാറ് ആള് ഒരു പുലിയാ കേട്ടൊ.

"ഒരു സ്ത്രീ കരഞ്ഞ് ഒരു ദിവസം സാറിന്റെ കാലിലോട്ട് വീണു. രക്ഷിക്കൂ എന്നു നിലവിളിച്ചു."

ഇതെന്തിനായിരുന്നോ ആവോ?

ഒരു ഗവേഷണം: ഈ പോസ്റ്റില്‍ “സാറി..” എന്നത് 23 തവണ വന്നിട്ടുണ്ട്.

ആശംസകള്‍

അയല്‍ക്കാരന്‍ said...

ആ സാര്‍ മാറി പുതിയ സാര്‍ വന്നാലും മാങ്കൊമ്പുകള്‍ വെട്ടപ്പെടും, കുഞ്ഞുമേരിക്ക് കൂലി കൂടുതല്‍ കിട്ടുകയുമില്ല.
(മാങ്കൊമ്പ് വളര്‍ന്നാല്‍ വെട്ടാം, വേര് വളര്‍ന്നാല്‍ പക്ഷെ മാവോടെ വെട്ടണം. കുഞ്ഞുമേരി പോയിട്ട് സാറിനാലെ മുടിയാത്)

poor-me/പാവം-ഞാന്‍ said...

Dear ginger girlee,
Read your post. and learned a lesson how to react? whats the consequence? I am a person always thinking of others feelings so I all most fail to express my displeasure and anger. Now I have to follow your Naayika

Jayasree Lakshmy Kumar said...

അസ്സലായി. അതാണ് മാതൃകാസർ

പിരിക്കുട്ടി said...

kunku mary nannayirikkunnu

ധൂമകേതു said...

ഇഞ്ചീ കുഞ്ഞുമേരിയുടെ ചിന്തകള്‍ നന്നായിരിക്കുന്നു. എത്ര ബഹുമാനം തോന്നുന്ന ആളിനോടായാലും ചില സമയം പ്രതികരിച്ചു പോകുമെന്ന് കുഞ്ഞുമേരി നമുക്കു കാണിച്ചു തരുന്നു.

Unknown said...

ha ha

Readers Dais said...

good one!,i was wondering about the less number of comments for such a wonderful post especially when i see some other blog posts of less quality geting more responses,is it because one dont try to create a circle

Kumar said...

oru mavila muttathu veenal choodakunna aalano yudhathinte keduthikal orthu vyakulapedunnathu... :) nice story