2008-11-12

ഫാസിസം അഥവാ ഫാഷിസം

ഇന്നത്തെ പത്രങ്ങളിൽ ആശാവഹമായൊരു സുപ്രധാന വാർത്ത ഉണ്ടായിരുന്നു. അതിനു എത്രമാത്രം പ്രാധാന്യം കൊടുക്കുന്നുവെന്നു അറിയില്ല. പക്ഷെ എന്റെ കാര്യത്തിൽ എനിക്കേറ്റവും സന്തോഷം തോന്നിയ ഒരു വാർത്തയായിരുന്നു തപസി മാലികിന്റെ ഘാതകരെ കോടതി ശിക്ഷിച്ചു എന്നത്. അതും രണ്ട് വർഷത്തിനുള്ളിൽ നിർധനായ ഒരു കുടുംബത്തിനു ഇതുപോലെയൊരു വിധി ഇന്ത്യൻ നീതിപീഠത്തിൽ നിന്നു ലഭിക്കുക എന്നത് ഇന്ത്യയിലുള്ള എന്റെ വിശ്വാസം വളരെയധികം കൂട്ടുകയാണ് ചെയ്തത്.

ആരാണ് തപസി മാലിക്? പതിനെട്ട് വയസ്സുള്ള ദളിത് യുവതി.

എങ്ങിനെയാണ് മരിച്ചത് ? ബലാത്സംഗം ചെയ്യപ്പെടുകയും ചുട്ടുകരിക്കപ്പെടുകയും ചെയ്തു.

അവളുടെ കുറ്റം? സംസ്ഥാന ഗവണ്മെന്റ് സ്വന്തം കൃഷി ഭൂമി ഏറ്റെടുത്ത് റ്റാറ്റക്ക് നൽകുന്നതിനെതിരെ സിംഗൂരിൽ സമരത്തിൽ മുൻനിരയിൽ നിന്നു. അവൾ ധൈര്യവതിയായ ഒരു പെൺകുട്ടിയായിരുന്നുവെന്നും സമരത്തിനു വളരെയധികം ഊർജ്ജം പകർന്നിരുന്നുവെന്നും സമരക്കാർ.

ആരാണ് ഘാതകർ? ദേബു മാലിക്, സുഹൃദ് ദത്ത (രണ്ട് പേരും സി.പിഎം കാർ) . ഇവർ സിംഗൂരിലെ സമരം നയിക്കുന്നവർക്കെതിരെ ഉള്ള 'സമരക്കാർ'. അതായത് പശ്ചിമ ബംഗാൾ ഗവണ്മെന്റ് ഒത്താശയോടെ സമരത്തിനെ എതിർക്കുന്നുവർ.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മൗത് പീസായ പീപ്പിൾസ് ഡെമോക്രസി എന്ന പാർട്ടി പത്രം പറഞ്ഞത് അവളുടെ അച്ഛനും സഹോദരനും കൂടി അവളെ കൊന്നു എന്നാണ്. അവൾക്ക് കാമുകന്മാരുണ്ടായിരുന്നുവെന്നും കഥകൾ പരത്തി. എങ്കിലും അറുപത്തിനാലു സാക്ഷികളെ വിസ്തരിച്ച് കോടതി ഇന്നലെ കണ്ണു തുറന്നു.

കാലം പോയ പോക്കു നോക്കണം. ചോരച്ചാലുകൾ നീന്തിക്കയറിയവർ ചോരക്കളം സൃഷ്ടിക്കുന്ന പുതിയ കീഴ്വഴക്കങ്ങൾ. രക്ഷകർ വേട്ടക്കാരാവുന്നതിലെ വിധിവൈപരീത്യം. മായാവതി 'ദളിത്' പ്രധാനമന്ത്രിയെന്ന് കൊട്ടിഘോഷിച്ചവർ. വടക്കേ ഇന്ത്യയിലെ ദളിത് കൂട്ടങ്ങളെ സവർണ്ണർ കുരുതിക്കൊടുക്കുമ്പോൾ (മുതല)ക്കണ്ണീർ ഒഴുക്കുന്നുവർ. വേശ്യയുടെ ചാരിത്ര്യ പ്രസംഗം എന്ന് ഞാൻ പറയില്ല (വേശ്യകൾക്കുമുണ്ട് ചാരിത്ര്യവും അവകാശങ്ങളും.) ഹിറ്റ്ലർമാരുടെ അഹിംസാവാദം!

ആരാണ് ശരിയായ കുറ്റക്കാർ? സി.പി.എംകാരാണോ? പൂർണ്ണമായും അല്ല. "'When a giant tree falls, the earth below shakes" എന്നു പതിനായിരം സിക്കുകാരെ ചുട്ടും എരിച്ചും കുരുതികൊടുത്തതിനെ പറ്റി രാജീവ് ഗാന്ധി എന്ന 'പോപ്പുലർ' പ്രധാനമന്ത്രി, ഇന്ത്യയുടെ അന്നത്തെ നവ പ്രതീക്ഷ, ഇന്ത്യയുടെ അന്നത്തെ യുവത്വം പ്രതികരിച്ചത് അങ്ങിനെയാണ്. അത്രയും ലാഘവത്വത്തോടെ. പതിനായിരം പേർ. ജെനോസൈഡ്. മറ്റൊരു ജനാധിപത്യ രാജ്യത്തും അങ്ങിനെയുള്ള വാക്കുകൾ ഉച്ചരിച്ച ഒരാൾ പ്രധാനമന്ത്രിയോ ഏതെങ്കിലും സ്ഥാനമോ വഹിക്കുമോ എന്ന് സംശയമാണ്.

അമേരിക്കയിൽ ഒരുപാട് മാഫിയാ ഗാംഗുകൾ ഉണ്ട്. ഗോഡ് ഫാദർ എന്ന സിനിമയിൽ കാണുന്ന റൊമാന്റിക്ക് ഗാംഗുകൾ അല്ല. ശരിക്കും മാഫിയ. ദ റിയൽ വൺസ്. അതിൽ ഏറ്റവും പാവങ്ങളാണ് ഇറ്റലിക്കാർ. അവയിൽ ഏറ്റവും ക്രൂരർ റഷ്യൻ മാഫിയയും. പക്ഷെ ഇവിടെയൊന്നും ഒരൊറ്റ ഇന്ത്യൻ ഗാംഗുകൾ ഇല്ല. ചൈനീസ് കൊറിയൻ ഗാംഗ് വാറുകൾ വരെയുണ്ട്. പക്ഷെ ഇന്ത്യൻ ഗാംഗുകൾ ഇല്ല. അന്വേഷിച്ച് അറിഞ്ഞതനുസരിച്ച് യൂറോപ്പിലുമില്ല. എന്തിനു ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ള ഗൾഫിൽ പോലുമില്ല(?). മറ്റു രാജ്യങ്ങളിൽ നമ്മൾ വളരെ മര്യാദയുള്ളവരാണ്. അതായത് ശക്തമായ ഒരു നിയമവ്യവസ്ഥിതിയിൽ നമ്മൾ നല്ലപിള്ളമാരാണ്. നമ്മുടെ അഭിപ്രായങ്ങൾക്ക് വിലങ്ങ് തടിയായി നിൽക്കുന്നവരെ ചുട്ടെരിക്കാറില്ല, കൊന്നു തള്ളാറില്ല.

പിന്നെ എന്തുകൊണ്ട് ഇന്ത്യയിൽ ഈ റയറ്റിങ്ങ് മെന്റാലിറ്റി (rioting mentality)? കാരണമുണ്ട്. വോട്ട് ബാങ്ക്! അതിനു ന്യായവുമുണ്ട്. ഇങ്ങ് കേരളത്തിൽ കണ്ണൂരിൽ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനത്രെ അവിടെ അധികാരത്തിൽ ഇരിക്കുന്നുവരുടെ ഒത്താശയോടെ ഗുണ്ടായിസം. സംരക്ഷിച്ച് സംരക്ഷിച്ച് കണ്ണൂരിൽ ഇപ്പോൾ തീവ്രവാദികളുടെ വിളയാട്ടം. ഒരു ബോംബ് നിർമ്മിച്ചാലോ പൊട്ടിയാലോ കണ്ണൂരിൽ അതൊരു സംഭവമല്ല. അത്രയും നല്ലൊരു തീവ്രവാദ സംസ്കാരം വ്യത്യസ്ത പാർട്ടിക്കാർ ഉണ്ടാക്കിയെടുത്തു. കൂടുതൽ കൂടുതൽ അക്രമങ്ങൾക്കുള്ള കാലാവസ്ഥ നിർമ്മിച്ചു കൊടുത്തു. എന്നിട്ടിപ്പോൾ ഞെട്ടൽ രേഖപ്പെടുത്തുന്നു. അന്യോന്യം പഴി ചാരുന്നു.

'ഭൂരിപക്ഷ തീവ്രവാദത്തിനോടൊപ്പം അപകടകരമാണ് ന്യൂനപക്ഷ തീവ്രവാദം' പറഞ്ഞത് മറ്റാരുമല്ല, പിണറായി വിജയൻ. അതായത് ഈയടുത്ത കാലത്ത് ഇത് അദ്ദേഹത്തിനെക്കൊണ്ട് പറയിപ്പിച്ചത് വോട്ട് ബാങ്ക്. ഇന്ത്യയിൽ ബാക്കിയെവിടെ ഇസ്ലാമിക തീവ്രവാദം നടമാടിയാലും അതെല്ലാം ഭൂരിപക്ഷത്തിന്റെ തലയിൽ കെട്ടിവെക്കുന്ന സർക്കസ്സുകൾ കേരളത്തിലെ തീവ്രവാദ ലിസ്റ്റുകൾ പുറത്ത് വന്നപ്പോൾ എന്തുകൊണ്ടോ കാണിച്ചില്ല. അത്രയും നല്ലത്.

ഇന്ത്യയുടെ വടക്ക്കിഴക്കൻ സംസ്ഥാനങ്ങളിൽ അസ്സലായ ക്രിസ്ത്യൻ തീവ്രവാദത്തിന്റെ വാർത്തകൾ. ഒരു വൃദ്ധ സ്വാമിയെ കൊല്ലുവാൻ മാവോയിസ്റ്റുകൾക്ക് പണം കൊടുത്തുവെന്ന വാർത്തകൾ, ആരോപണങ്ങൾ. അതിനും മുൻപും മിഷണറിമാർ തോക്ക് ചൂണ്ടിയ കഥകൾ. അത് കലാശിച്ചത് ക്രിസ്ത്യാനികളെ ചുട്ടുകൊന്ന്. പോലീസുകാരൻ നോക്കിനിൽക്കേ കന്യാസ്ത്രീയെ നശിപ്പിച്ചുവെന്ന്. നിയമവും ജനങ്ങളും മോരും മുതിരയും പോലെ.

എല്ലാവർക്കും ന്യായങ്ങളുണ്ട്. മറ്റൊരുവൻ പ്രകോപിപ്പിച്ചു. അതായത് മറ്റൊരു ജാതി, മറ്റൊരു മതം മറ്റൊരു പാർട്ടിയുടെ പ്രകോപനം കാരണം നിസ്സഹായരെ ചുട്ടുകൊല്ലാം എന്ന വിചിത്രമായ ന്യായവ്യവസ്ഥ. ഇന്ത്യയിൽ കലാപങ്ങൾ മിക്കതും വിവിധ സർക്കാരുകൾ അറിഞ്ഞുകൊണ്ടും വളർത്തിയും കണ്ണടച്ചും ഉണ്ടാക്കുന്നതാണ്. കാരണം വോട്ട് ബാങ്ക്! അന്യോന്യം കൊല്ലുന്നതിനു നമ്മൾ സർക്കാരുകളെ ജയിപ്പിച്ച് വിടുന്നു.

മഹാരാഷ്ട്രയിൽ രാജ് താക്കറ്യുടെ വിഡ്ഡിത്ത പുലമ്പലുകൾ. അത് കലാശിച്ചത് ബിഹാറിയായ ഒരുവന്റെ കൊലപാതകത്തിൽ.

പ്രഗ്യാ സിംഗ് എന്ന സന്യാസിനിയുടെ, ഇന്ത്യൻ ആർമിയിൽ പോലും ചൂഴ്ന്നു നിൽക്കുന്ന തീവ്രവാദ ശക്തികൾ. ഗുജറാത്തിൽ മുസ്ലീം സുഹൃത്ത് പറയുന്നു ഇപ്പോൾ അവിടെ യാതൊരു വിധ കുഴപ്പവുമില്ലായത്രേ. മോഡി ഭരിക്കുമ്പോൾ ലഹളകൾ ഇല്ലായെന്ന്. എത്ര നല്ല മറവി. രണ്ട് മതങ്ങളെ മതിലുകൾ പണിത് വിഭജിച്ച് നിർത്തുവാൻ സാധിക്കുന്ന രാഷ്ട്രീയക്കാരനു ശോഭനമായ ഭാവി.

ആരാണ് കുറ്റക്കാർ? എങ്ങിനെയാണ് കേരളം പോലൊരു സംസ്ഥാനത്ത് പോലും മൂന്നോറോളം പേരെ കാഷ്മീരിലേക്ക് ട്രെയിനിങ്ങിനായി പറഞ്ഞു വിടാൻ സാധിക്കുന്നത്? ഇവരെല്ലാം തീവ്രവാദികളാവും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഗഫൂർക്കമാർ പെറ്റി ക്രിമിനലുകളെ ഗൾഫ് കാണിക്കാൻ കൊണ്ടു പോയതാവുമെന്നേ എനിക്ക് തോന്നുന്നുള്ളൂ. മകന്റെ മുഖം കാണണ്ടയെന്നു പറഞ്ഞ് വിലപിക്കുന്ന മാതാവ് ദേശസ്നേഹം മൂത്തിട്ടാണത് ചെയ്തെന്നും ഞാൻ കരുതുന്നില്ല. ഭയമാണ്. തെറ്റായ ഒരു വാക്ക് പറഞ്ഞാൽ, തെറ്റായ ഒരു പാർട്ടിയിൽ അകപ്പെട്ടാൽ, തെറ്റായ ഒരു മതത്തിൽ വിശ്വസിച്ചാൽ മരണം ഉറപ്പ്. ചുട്ടു കൊല്ലും! തെറ്റ് എന്ന് പറയുന്നത് ഇന്ത്യൻ നിയമവ്യവസ്ഥിതി നിഷ്കർഷിക്കുന്ന തെറ്റല്ല. ആൾക്കൂട്ടങ്ങൾ പാർട്ടികളുടെ, വോട്ട് ബാങ്കിന്റെ ബലത്തോടെ, അധികാരത്തോടെ അടിച്ചേല്‍പ്പിക്കുന്ന തെറ്റുകൾ.

മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്കാണ് ഫാസിസം. ഫാഷിസം എന്ന ഇറ്റാലിയൻ വാക്കിന്റെ ആംഗ്ലിസൈസ്ഡ് വേർഷൻ. നമുക്ക് എല്ലാത്തിനും ഫാസിസമാണ്. അപ്പറത്തെ കുട്ടപ്പന്റെ കടയുടെ അടുത്ത് ഇപ്പറത്ത് ആരെങ്കിലും കട തുടങ്ങിയാൽ അതും ഫാസിസ്റ്റുകളാവും. അത്രയും ഗൗരവത്തോടേയും അത്രയും തന്നെ ലാഘവത്തോടേയും നമ്മൾ പുലരുവോളം ഫാസിസത്തെപറ്റി പ്രസംഗിക്കും. പക്ഷെ കുരുതികൊടുക്കുന്നവരുടെ ചിത്രങ്ങളിൽ നമ്മൾ പാർട്ടിയെണ്ണും. പാർട്ടി വെച്ച് ശരിയും തെറ്റും അളക്കും. മതം വെച്ച് ചോരയുടെ നിറം ചുവപ്പിക്കും. നിയമങ്ങളെപറ്റി ബോധവാന്മാരെങ്കിലും അവയെ കാറ്റിൽപ്പറത്തി ആൾക്കൂട്ട നീതി നടപ്പാക്കും. ജയിലുകളിൽ നിന്ന് അതാത് ഗവണ്മെന്റുകൾ മാറുമ്പോൾ കൊലപാതകികളെ രക്ഷപ്പെടുത്തും. പാർട്ടി മാറിയവനെ വെട്ടും. അതിലുപരി ഇതെല്ലാം സർവ്വസാധാരണമെന്ന മട്ടിൽ കണ്ണടക്കും. അവനവനിലേക്ക് ചൂണ്ടുന്ന മൂന്നു വിരൽ വെട്ടിക്കളയുകയും മറ്റവനെ ചൂണ്ടി ഫാഷിസ്റ്റ് എന്ന് മുദ്രണം ചെയ്യുകയും ചെയ്യും.

വർഗ്ഗീയത കൂടുന്നു തീവ്രവാദം കൂടുന്നു എന്നു വിലപിച്ചതുകൊണ്ടായില്ല. നിയമങ്ങൾ നിയമമായി തന്നെ എടുക്കുവാനും പാർട്ടി തിരിവില്ലാതെ അതു നടപ്പിലാക്കാനും ഒരു സർക്കാരിനു കഴിയണം. ജനാധിപത്യം എന്നാൽ ഭൂരിപക്ഷത്തിന്റെ നിയമമല്ല. വർഷങ്ങളായി ചൂണ്ടു വിരലിൽ മഷി പുരളുന്നതുമല്ല. താഴേക്കടിയിലുള്ള ഒരുവനും യാതൊരു ഭയവുമില്ലാതെ നിയമവ്യവസ്ഥയിൽ നിന്നു കൊണ്ട് അവനവന്റെ ജീവിതം മുന്നോട്ട് കൊണ്ടു പോകുവാൻ കഴിയുന്ന അന്നേ ജനാധിപത്യമെന്നു അതിനെ വിശേഷിപ്പിക്കാനാവൂ.

പക്ഷെ അധികം പ്രതീക്ഷയില്ല. ഏറ്റവും കൂടുതൽ സാക്ഷരരെന്നു നടിക്കുന്ന ഒരു സംസ്ഥാനത്തിന്റെ അവസ്ഥ ഇതെങ്കിൽ ഇന്ത്യയിൽ എങ്ങിനെ നിയമം വാഴുമെന്ന് പ്രതീക്ഷിക്കാൻ സാധിക്കും? അനേകം തപസി മാലിക്കുമാർ എങ്ങിനെ ഇനിയും
ചുട്ടുകരിക്കപ്പെടാതെയിരിക്കും?

ചിലപ്പോൾ ദേബു മാലികുമാരും സുഹൃദ് ദത്തയും രക്ഷപ്പെടും. അല്ലെങ്കിൽ ജയിലിൽ അല്പകാലത്തേക്ക് മാത്രം സുഖചികിത്സ നേടും, പാർട്ടി സീറ്റിൽ മത്സരിക്കും, മന്ത്രിമാർ വരെയാവും. തപസി ആത്മഹത്യ ചെയ്യുകയും അവളുടെ അച്ഛൻ അവളെ ബലാത്സംഗം ചെയ്യുകയും ചെയ്യും, ഇല്ലെങ്കിൽ ചെയ്യിപ്പിക്കും നമ്മൾ! അതാണ് നമ്മുടെ ജനാധിപത്യം.

Image courtesy: BBC

28 പ്രതികരണങ്ങള്‍:

Anonymous said...

ഫോട്ടോ ഒഴിവാക്കാമായിരുന്നില്ലേ?

പക്ഷപാതി :: The Defendant said...

ആക്രമം ആര് കാണിച്ചാലും അക്രമം തന്നെ. സി.പി.എം.കാരന്‍ ബലാത്സംഗം ചെയ്താലും, കോണ്‍ഗ്രസ്സുകാരനോ, ബി.ജെ,പിക്കാരനോ, മുസ്ലീമോ, ക്രിസ്ത്യാനിയോ, ദളിതനോ ആരു ചെയ്താലും അതിക്രമം തന്നെ. അത് ഒരേ രീതിയില്‍ തെറ്റാണെന്ന് ലോകത്തോട് വിളിച്ചുപറയാനാണ് ചങ്കൂറ്റം വേണ്ടത്. അല്ലാതെ വലതന്‍ ചെയ്യുമ്പോള്‍ ഇടതനും, ഇടതന്‍ ചെയ്യുമ്പോല്‍ വലതനും എഴുന്നേറ്റ് നിന്ന് വിളിച്ച് കൂവുന്നത് അത്ര വലിയ കാര്യമൊന്നുമല്ല.

Joker said...

നല്ല ലേഖനം...

നല്ല ഫാസിസം

സിപീഎം ഫാസിസം.

സിപീ എം ഗുണ്ടകള്‍ , റഷ്യന്‍ ഗ്യാങ്ങുകള്‍, ഇസ്ലാമിക തീവ്രവാദം, ഹ ഹ ഹ

ഗ്വണ്ടനാമോ ഏതില്‍ പെടുമോ ആവോ ?

ഹ ഹ ഹ

നിഷാന്ത് said...

ഇഞ്ചിപ്പെണ്ണിന്റെ ചില്ലക്ഷരങ്ങള്‍ മുഴുവന്‍ ചതുരങ്ങള്‍(on ie7)! അത് വായനാസുഖം കളയുന്നു. മാറ്റാന്‍ വല്ല വഴിയുമുണ്ടോ?

ഈ ലേഖനത്തിന് ഇങ്ങനെയൊരു കമന്റ് ചേരില്ല! വായിച്ചെങ്കില്‍ ഡിലീറ്റിയേരെ.

Anonymous said...

Nishanth


Use this link to get the new Anjali Fonts. That will correct your problem.

t.k. formerly known as thomman said...

കാനഡയിലെ വാന്‍ കൂവറില്‍ പഞ്ചാബികളുടെ ഗാംഗുകള്‍ ശക്തമാണെന്ന് കേട്ടിട്ടുണ്ട്. അവര്‍ ഉള്‍പ്പെട്ട കൊലപാതകങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടായപ്പോളാണ് ഞാന്‍ ആ വാര്‍ത്ത പത്രങ്ങളില്‍ കണ്ടത്.

Nat said...

എന്റെ കമന്റ് പക്ഷപാതി നേരത്തെ പറഞ്ഞു കളഞ്ഞു..... :-(

Unknown said...

പക്ഷപാതി പറഞ പോലെ മുഖം നോക്കാതെ ശിക്ഷിക്കാൻ ആർജവം വേണം അതില്ലാതെ പോയതാണു നമ്മുടെ കഷ്ടം ...

N.J Joju said...

പൊതുവെ രാഷ്ട്രീയകക്ഷികള്‍ പൊതുവെ ബി.ജെ.പി അനുകൂല സംഘടനകളെ പറയാനാണ് ഫാസിസം എന്ന പദം കൂടുതലായി ഉപയോഗിച്ചത്.(ഇവയ്ക്കൊന്നും ഫാസിസ്റ്റു ശൈലി ഇല്ല എന്നു ഞാന്‍ പറയില്ല) പിന്നെ ഹിന്ദു മതത്തെ അനുകൂലിച്ച് എന്തുപറഞ്ഞാലും ഫാസിസം എന്നായി. സി.പി.എം എന്റെ പല രീതികളും ഫാസിസം എന്നതോന്നലാണ് ഉണ്ടാക്കിയത്. ഈയിടെ രമേശ് ചെന്നിത്തല സി.പി.എം ന്റെ ഫാസിസത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിയ്ക്കുന്നതുകണ്ടു.

തങ്ങള്‍ക്ക് ആധിപത്യമുണ്ടാകുന്ന സ്ഥലങ്ങളിലെല്ലാം പൊതുവെ രാഷ്ട്രീയ കക്ഷികള്‍ ഫാസിസ്റ്റു ശൈലി സ്വീകരിയ്ക്കുന്നതായാണു തോന്നുന്നത്.

ഒരു പോസ്റ്റില്‍ ഫാസിസം എന്നു പരാമര്‍ശിയ്ക്കേണ്ടി വന്നപ്പോള്‍ എന്താണു ഫാസിസം എന്നു കാര്യമായ ഒരു പഠനം നടത്താം എന്നു വിചാരിച്ചു ചില മെറ്റീരിയലുകള്‍ സംഘടിപ്പിച്ചപ്പോഴാണ് അത് എഴുപ്പം സാധിയ്ക്കുന്ന ഒന്നല്ല എന്നു മനസിലായത്.എന്നുതന്നെയല്ല ഫാസിസത്തിന് ഓരോരുത്തര്‍ക്കും ഓരോ നിര്‍വചനമാണുള്ളത്. കമ്യൂണിസ്റ്റുകാര്‍ക്ക് ഫാസിസത്തെക്കുറിച്ച് അവരുടേതാ‍യ നിര്‍വ്വചനമുണ്ട്. അതനുസരിച്ച് അവര്‍ ചെയ്യുന്നതൊന്നും ഫാസിസമാകാന്‍ സാധ്യതയില്ല. ഉണ്ടെങ്കില്‍ തന്നെ നിര്‍വ്വചനം എത്രയും പെട്ടന്നു തിരുത്തുക എന്നൊരു സാധ്യതയുണ്ടല്ലോ. അതുകൊണ്ട് പഠിച്ചിട്ട് ഫാസിസത്തെക്കുറിച്ച് ഒരു പോസ്റ്റിട്ടുകളയാം എന്ന ആഗ്രഹം പിന്‍‌വലിച്ചു.

വെറുതെ പറഞ്ഞു എന്നു മാ‍ത്രം.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ലേഖനം നന്നായിട്ടുണ്ട്.
:) വെള്ളായണി

Physel said...

ഇഞ്ചീ, വെള്ളത്തിൽ വരയ്ക്കാനാണോ ശ്രമം! അതും കെട്ടിക്കിടന്ന് നാറുന്ന അഴുക്ക് വെള്ളത്തിൽ!
പിന്നെ കേരളം പോലുള്ള ഒരു സംസ്ഥാനത്ത് എന്നു പറയാൻ മാത്രം മറ്റൊരു സംസ്ഥാനത്തിനുമില്ലാത്ത എന്തു പ്രത്യേകതയാണ് കേരളത്തിന്? സമ്പൂർണ്ണ സാക്ഷരത എന്ന നോൺസെൻസ് സ്വയം പ്രഖ്യാപനമോ? അതോ ഉത്ബുദ്ധരായ ഉത്ബുദ്ധരായ എന്ന് നാഴികക്ക് നാല്പതുവട്ടം നടത്തുന്ന ശുദ്ധ വങ്കത്തജല്പനമോമോ? അണ്ണാച്ചികൾ എന്ന് നാം അധിക്ഷേപിക്കാറുള്ള തമിഴന്മാർക്കുള്ളത്രയും ആത്മാർത്ഥതയും,സാമൂഹ്യബോധവുമില്ലാത്ത നാം കേരളീയർക്ക് ഇപ്പറഞ്ഞതിലുമൊക്കെ വൃത്തി കെട്ട ലെവലിലേക്ക് താഴാൻ വലിയ തയ്യാറെടുപ്പൊന്നും വേണ്ടി വരില്ല!

പക്ഷപാതി :: The Defendant said...

Physel,

You said it!

Inji Pennu said...

ജോജൂ
ഞാനുമൊരു ‘ഇന്ത്യൻ’ നിർവ്വചനം തേടിയലഞ്ഞാണ് പിന്നെ ഈ ലേഖനത്തിൽ ഒതുക്കിയത്. മലയാളം വായിക്കാൻ തുടങ്ങിയ ശേഷം അതായത് ബ്ലോഗിൽ വന്ന ശേഷമാണ് ഇത്രയധികം തവണ ഈ വാക്ക് കേട്ടിട്ടുള്ളതും.
വാലെന്റൈൻസ് ഡേ ആഘോഷിക്കാൻ സമ്മതിക്കാത്ത വി.എച്.പിക്കാരും നോക്ക് കൂലി ആവശ്യപ്പെടുന്ന സി.ഐ.റ്റിയുക്കാരുമൊക്കെ കേരളാ ഫാസിസ്റ്റ് നിർവ്വചനത്തിൽ പെടുമെന്നു തോന്നുന്നു.

ഫൈസൽ പറഞ്ഞത് വളരെ ശരിയാണ്. നമ്മൾ അപാര ബുദ്ധിയുള്ളവരാണെന്നൊരു നടിപ്പിലാണ് പലതും സംഭവിക്കാറുള്ളത്.

Inji Pennu said...

പക്ഷപാതി
ഏതെങ്കിലും രാജ്യം പുരോഗതി നേടമെങ്കിൽ ഇങ്ങിനെ ഒരു സംവിധാനം വന്നേ തീരൂ.
Mississippi Burning എന്നൊരു സിനിമയുണ്ട്. എനിക്കതാണ് ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥ എന്നു തോന്നും. ഇതിനെതിരെ എന്നാലാവും വിധം പ്രതികരിക്കുന്നുൻ, പിന്നീട് മനസ്സാക്ഷിക്കുത്ത് തോന്നാതെയിരിക്കുവാൻ.

മലമൂട്ടില്‍ മത്തായി said...

Apologies for commenting in English.

1. Its a myth that there are no India gangs outside India. Apart from the Punjabi gangs of Canada, immigration and human trafficking Indian gangs are active in the UK. Then there are the Bombay underworld gangs in the Gulf, Thailand, Malaysia and Nepal. They may not be well known or romantic (thats an absurdity, only in Hollywood are gangs romantic. If you want to know about how brutal the Italians are, just read the book by Joe Pistone, the man behind the Donnie Brasco movie) but just as brutal as any.

2. No religion is wholly saintly and no religion is wholly devilish. And fundamentalists of all hues (hindu, muslim, christian, communist, capitalist, environmentalist, buddhist) have to be dealt with by the rule of law.

3. Although the conviction in the case of Tapasi Malik is commentable, the sad fact is that rate of conviction in criminal cases in India is around 4%. That has to change. In India, the increase in criminality can be directly linked to the lax prosecution of the criminal cases. As a country we cannot afford this.

Inji Pennu said...

ഗാംഗ് എന്നുപയോഗിച്ചത് ഇവിടെ ശരിയായോ എന്നുറപ്പില്ല. അമേരിക്കയിലും ഹ്യൂമൺ ട്രാഫിക്ക് ഗാംഗുകളുണ്ട്, ഇന്ത്യക്കാരെ കൊണ്ട് വരുന്നത്. പക്ഷെ അത് ഒരു ക്രിമിനൽ ആക്റ്റ് അല്ലാതെ ഒരു ബിസിനസ്സ് പോലെ (ന്യൂയോർക്കിലെ ഫിഷ് മാർകെറ്റ് /ട്രാഷ് കളക്ഷൻ ഇറ്റാലിയിൻ ഗാംഗിന്റെ വരുതിയിൽ) ഉണ്ടോ എന്നു എനിക്ക് തോന്നുന്നില്ല്ല. അല്ലെങ്കിൽ ഞാൻ അങ്ങിനെ വായിച്ചിട്ടില്ല.

റഷ്യൻ മാഫിയ ഇറ്റാലിയൻ മാഫിയെക്കുറിച്ച് എനിക്ക് പറഞ്ഞ് തന്നത് ന്യൂയോർക്കിൽ ജോലി ചെയ്തിരുന്ന ഒരു പഴയ പോലീസ് ഓഫീസറാണ്.

കിഷോർ‍:Kishor said...

തപസിയുടെ കഥ പരിചയപ്പെടുത്തിയതില്‍ നന്ദി. ഇന്ത്യയിലെ നിയമ-കോടതി-വ്യവസ്ഥ ഇന്നും രാഷ്ട്രീയപക്ഷപാതം കാണിക്കാതെ നിലനില്‍ക്കുന്നു എന്നത് അഭിമാനകരമായ കാര്യം തന്നെ.

മലമൂട്ടില്‍ മത്തായി said...

Again apologies for commenting in English.

About human traficking gangs in India and US. Here is a link for the Department of Labor (US) with details about human trafficking from (and to) India to (and from) other countries. USA is also a destination from India. Organized crime are heavily involved.

http://www.dol.gov/ilab/media/reports/iclp/tda2004/india.htm

A couple of months before there was sensational reporting about human smuggling gangs in the UK. Needless to say most of them were headed by Indians, in this case from Southall, London. You have to read about the immigration raids on the Indian restaurants (mainly) in the UK in conjunction with this - all of them employed illegals paying them no or paltry wages. So this is a big business apart from being a criminal activity.

What I meant was that there were no "romantic" gangs any where. Gangs of any kind are linked by one element - criminality. Criminals all, no discrimination.

All said, rule of law is kind of alien to the present Indian culture :-)

Inji Pennu said...

അത് പരമാർത്ഥം. പക്ഷെ ഇറ്റാലിയൻസിനു പൊതുവേ ഒരു റൊമാന്റിസം വന്നു, ഈ സിനിമകളിൽ കൂടി എന്നു ഞാൻ കരുതുന്നു. ഗാംഗ് എന്നാൽ ക്ലോസ് ഫാമിലിയാണെന്നു വരെ. സൊപ്രാനോസ് ഒക്കെ ഭയങ്കര ഹിറ്റല്ലേ? അങ്ങിനെയാണു ഉദ്ദേശിച്ചത്.

ഇംഗ്ലീഷിൽ കമന്റുന്നതിനു അപോളജിയൊന്നും വേണ്ട. എന്തിലാണോ കം‌ഫർട്ട് അതുപയോഗിക്കൂ.

കനല്‍ said...

ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊല്ലാന്‍ സാധ്യതയുള്ളവനാണോയെന്നും ബോംബ് നിര്‍മ്മിച്ച് രാജ്യത്തിനെ ഒറ്റികൊടുക്കുന്നവനാണോയെന്നും ടെസ്റ്റ് ചെയ്യാന്‍ സംവിധാനമുണ്ടായിരുന്നെങ്കില്‍ അത്തരത്തിലുള്ളവരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ക്കും അതുപോ‍ലെ ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കും തങ്ങളുടെ സമുദായത്തില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും ഒഴിവാക്കാമായിരുന്നു.

Sherlock said...

ചേര്‍ത്തു വായിക്കുക. http://pd.cpim.org/2007/0506/05062007_bengal.htm

ജിവി/JiVi said...

സി പി എംനെ കുറ്റം പറയണം, റഷ്യയേയും ചൈനയേയും പറയണം. രാജീവ്ഗാന്ധിയെയടക്കം പരാമര്‍ശിച്ചുകൊണ്ട് ഒരു നിഷ്പക്ഷ മുഖം എടുത്തണിഞ്ഞിട്ടുണ്ട്.

കേരളത്തില്‍ നിന്ന് തീവ്രവാദികള്‍ പിടിക്കപ്പെടുന്നു. അതും കൂടുതല്‍ കണ്ണൂരില്‍ നിന്ന്. ആഹാ!! സി പി എം ഫാസിസം വരുത്തിയ വിന.

Anonymous said...

കേരളത്തിലെ മത്മ്മോഉലിക തീവ്രവാദത്തിന്റെ വിത്ത് കണ്ണൂരിലാണ്. ചരിത്രമറിയാത്തവരാണു കണ്ണൂരിൽനിന്നു തീവ്രവാദികളോ എന്നദ്ഭുതപ്പെടുuനത്.

ഹിന്ദുക്കളായ സാമൂതിരിമാർ കോഴിക്കോടുഭരിച്ചിരുന്നപ്പോൾ അവിടെ നല്ല വ്യാപാരപുരോഗതി ഉണ്ടായിരുന്നു. എള്ളാ മതക്കാരും ഒരുമിച്ചിടപെടേണ്ടതാണു കച്ചവടമേഖൽ എന്നതുകൊണ്ടുതന്നെ എല്ലാ മതക്കാർക്കും സംരക്ഷനൽകാൻ രാജാവും ശ്രദ്ധിച്ചു. ഈ സാമൂതിരിക്കു സ്ഥിരമായി ഒരു കരസേന ഉണ്ടായിരുന്നില്ല. യുദ്ധസന്ദറ്ഭ്ഭങ്ങളിൽ നൂറും അഞ്ഞൂറും ആയിരവും പടയാളികളെ ഒരുക്കാനുള്ള ഉത്തരവാദിത്തം ചില പ്രഭുക്കന്മാരിൽ നിക്ഷിപ്തമായിരുന്നു.
മൈസൂർ സുൽത്താന്റെആക്രമണഭീഷണി ഉണ്ടായിട്ടും വലിയ പടയൊരുക്കമൊന്നും സാമൂതിരി നടത്താതിരുന്നതു “കൃഷ്ണമേനോന്മണ്ടത്തം”കൊണ്ടായിരുന്നില്ല.ചുരം വഴി പടയെ കൊണ്ടുവരാൻ ഒറ്റയടിക്കു കഴിയില്ലെന്നും ചെറിയ ചെറിയ കൂട്റ്റങ്ങളായി കൊണ്ടുവരുമ്പോൾ അവയെ നേരിടൻൻ പ്രയാസമില്ലെന്നും സാമൂതിരി കരുതി.
എന്നാൽ അറക്കൽ രാജാവ്, കോഴിക്കോടാക്രമിക്കാൻ സൂൽത്താനെ ക്ഷണിക്കുമെന്നോ മൂന്നുമാസ്ത്തോളം സമയമെട്ത്തു മൈസൂർപ്പട മുഴുവനായും വരുന്നതുവരെ അവറ്ക്കു കണ്ണൂരിൽ താവളമടിക്കാൻ അറക്കല്രാജാവു അനുമതി കൊടുക്കുമെന്നോ സാമൂതിരി കരുതിയില്ല.
മാത്രമല്ല ടിപ്പുവീന്റേയും ഹൈദറിന്റേയും പടയോട്ടകാലത്തു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെടുകയും അനേകം അമുസ്ലീങ്ങൾ കൊല്ലപ്പ്പെടുകയും മതം മാറ്റപ്പെടുകയും ചെയ്തു.
ഈ സത്യം തുറന്നെഴുതിയാൽ അതു ഹിന്ദുക്കളിൽ പ്രതികാരബോധമുണ്ടാക്കും എന്നു കരുതി പാഠപുസ്തകങ്ങളിൽ നിന്നു ഈ ഭാഗം തഴയപ്പെട്ടു. മാത്രമല്ല, സാമൂ‍തിരിമാരെ കഴിയുന്നത്ര താഴ്ത്തിക്കെട്ട്ടി അവതരിപ്പിക്കുകയും ചെയ്തു മതേതരത്വ ജനാധിപത്യ പുരോഗമനശക്തികൾ .
പക്ഷേ, കണ്ണൂരിന്റെ മതതീവ്രവാദബീജത്തെ നല്ല നിലയിലേക്കു മ്യൂട്ടേഷൻ ചെയ്യാനൊന്നും ആരും ശ്രമിച്ചതുമില്ല. സങ്ഘടിതമതങൾ വോട്ടു ബാങ്കുകളാണല്ലോ‍!

Inji Pennu said...

ജിവി
പിന്നേ കമ്മ്യൂണിസ്റ്റുകൾക്ക് അത്യാവശത്തിനു ഫാഷിസം ഉണ്ടെന്ന് പറയാൻ ഞാൻ എന്തിനു ഭയക്കണം? ആരെ? അത് ശരി. അതിനു നിഷ്പക്ഷത അഭിനയിക്കണോ? ബെസ്റ്റ്! ഈ വാർത്ത വായിക്കുമ്പോൾ ജിവിക്ക് അതിൽ ശൊ! കമ്മ്യൂണിസ്റ്റ് കാർക്ക് എതിരാണല്ലോ ഈ വിധി എന്ന മട്ടിൽ തോന്നുന്നെങ്കിൽ അവിടുന്നാവും തുടങ്ങേണ്ടതു.

Unknown said...

ശക്തമായ പ്രതിഷേധങ്ങൾ തന്നെ ഇതു പോലുള്ള വിഷയങ്ങളിൽ ഉണ്ടാകണം

Anonymous said...

"പാർട്ടി പത്രം പറഞ്ഞത് .... അവൾക്ക് കാമുകന്മാരുണ്ടായിരുന്നുവെന്നും കഥകൾ പരത്തി. എങ്കിലും അറുപത്തിനാലു സാക്ഷികളെ വിസ്തരിച്ച് കോടതി ഇന്നലെ കണ്ണു തുറന്നു..."

സുഹൃത്തെ എണ്‍പതു സാക്ഷികളെ വിസ്തരിച്ച്ചു ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തില്‍ കമ്മികള്‍ക്ക് പന്കില്ലെന്നു പറയുമ്പോ താന്കലുറെ അഭിപ്രായം എന്താണ്,കോടതിക്ക് എതിരാണോ അനുകൂലമാണോ..ഇവിടെ സി.പി.എം 'ഫാസിസ്ടുകളെ' പോലെ കോടാതി എതിരാവുമ്പോ അവിഞ്ഞ ന്യായീകരണം വരുമോ..എന്തരോ ആവോ..

ത്രിശ്ശൂക്കാരന്‍ said...

ഭാരതത്തില്‍ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ ഇല്ലാതെ മനുഷ്യര്‍ മാത്രം ഉണ്ടായിരുന്നെങ്കില്‍,
അടുത്ത ഇലക്ഷന്‍ ഏത് പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്യണമെന്ന് മത അദ്ധ്യക്ഷന്മാര്‍ പറയാതിരുന്നെങ്കില്‍, വിദ്യാഭാസവും തൊഴിലും ആരോഗ്യപരിപാലനവും വിഭജിയ്ക്കപ്പെട്ടില്ലായിരുന്നെങ്കില്‍, ഒരു പക്ഷെ, നമ്മള്‍ നന്നായേനെ...
പിന്നെ യുറോപ്പിലും ഗള്‍ഫിലും ഇന്ത്യന്‍ മാഫിയയെ കണ്ടില്ലെന്ന് പറയരുത്. ദാവൂദ് ഇബ്രാഹിമും ബാക്കിയുള്ള അധോലോക റ്റീമുകളും ഏവിടെയാണ്? ഒരു ആയുധ മാഫിയയുടെ കൂടേ കൂടിയ, പിടിയ്ക്കപ്പെട്ട ഇന്ത്യക്കാരനെ ഓര്‍മ്മ വരുന്നു.
ഇന്ത്യക്കാരനെ തട്ടിച്ച് നോക്കിയത് യൂറോപ്പില്‍ നിന്ന് അമേരിയ്ക്കയിലേയ്ക്ക് ഒരു നൂറ്റാണ്ട് മുന്‍പ് കുടിയേറി അവിടെ സ്വന്തം രാജ്യമാക്കിയ ഇറ്റാലിയന്‍സിനെയും ശീതസമരകാലത്തും അതിന്‍ മുന്‍പും എത്തിയ റാസ്സ്യക്കാരെയുമായത് ശരിയായില്ല. നമ്മള്‍ കൂട്റ്റിവന്നാല്‍ മുപ്പത് വര്‍ഷമല്ലേ ആയുള്ളൂ.. പോരത്തതിന് നല്ല ജോലിയും സാലറിയും സൌകര്യങ്ങളും..മാഫിയയിലേയ്ക്ക് യുറോപ്യന്‍ അമേരിയ്ക്കന്‍ ഇന്ത്യക്കാര്‍ എത്താന്‍ സാധ്യത കുറവാണ്. പക്ഷേ, ഇന്ത്യയില്‍ക്കാണുന്ന അരാജത്വം മാഫിയയുടെ പ്രവൃത്തിയാണെന്ന് പറയാന്‍ വയ്യ.
മതപരമായ അസഹിഷ്ണുത, അധികാര സംരക്ഷണത്തിന് വേണ്ടിയുള്ള അക്രമങ്ങള്‍, വളരെയധികം മോശമായ പോലീസിങ്ങ് ഇത്രയുമായാല്‍ നമ്മളായി.
വരും നാളുകളില്‍ ഇന്ത്യ കത്തുക തന്നെ ചെയ്യും...

വരുമോ വസന്തത്തിലെ ഇടിമുഴക്കം വീണ്ടും?

Hashim said...

ഹിന്ദുവിന് തീവ്രവാദം ചെയ്യാന്‍ പറ്റില്ലെന്ന് ബീ ജെ പീ നേതാവ്. ശരിയാണ് യഥാര്‍ത്ഥ ഹിന്ദുവിന് അത് ചെയ്യാന്‍ പറ്റില്ല. ഇന്ത്യയിലെ ഭൂരിഭാഗം ഹിന്ദുക്കളും തീവ്രവാദത്തെ അംഗീകരിക്‍കാത്തവരാണ് . ബജരങ്ങ്ടല്‍, ആര്‍ എസ് എസ് മുതലായ സന്ഘപരിവരങ്ങള്‍ മൊത്തം ഹിന്ദുക്കളുടെ പത്തു ശതമാനത്തില്‍ താഴെ മാത്രമെ വരൂ. അവരാണ് ഹിന്ദു മതത്തില്‍ വെള്ളം ചേര്‍ത്തതും ചരിത്രതിലിന്നോളമുള്ള നരമേധങ്ങല്‍കും പരമതനിന്ന്ദക്കും നേതൃത്വം കൊടുത്തതും. പാവങ്ങളായ ദളിതുകളെയും പിന്നാക്ക്ക ജാതിക്കാരെയും 'നിങ്ങളും ഞമ്മന്റെ ആളാണെന്നു' പറഞ്ഞു കൂടെ ക്കൂട്ടി വഴിതെറ്റിക്കുകയനെന്നു മാത്രം.