ഓഫീസിലെ പ്രധാന കെട്ടിടത്തിന്റെ താഴെ മതിലിനോട് തൊട്ട് ചേര്‍ന്ന് കട്ടിയുള്ള ഇലകളുള്ള പൂക്കള്‍ വിരിയാത്ത ചെടികള്‍ നിരനിരയായി പല ആകൃതിയില്‍ വെട്ടി നിര്‍ത്തിയിട്ടുണ്ട്. അവിടെ അതിന്റെ ആദ്യത്തെ നിരയില്‍ വഴിതെറ്റി വന്നപോലെ ഒരു കുറ്റിമുല്ല ചെടിയും. അതില്‍ മാത്രം നിറയേ വെള്ള അരിമുല്ല്ല പൂക്കളും. എങ്ങിനെ അത് അവിടെ വന്നുവെന്ന് മാത്രം മനസ്സിലായിട്ടില്ല. ബാക്കിയെല്ലാം സാധാരണ കാണാറുള്ള വൃത്തിയായി യൂണിഫോം ഇട്ട പട്ടാളക്കാരെപോലെ നിരനിരയായി മുകളില്‍ ഒരേ നിരപ്പില്‍ വെട്ടിയ നാലടിയോളം പൊക്കമുള്ള പച്ചചെടികളാണ്. ഒരു രണ്ട് അടിയില്‍ കൂടുതല്‍ പൊക്കമില്ല്ലാത്ത ഈ കുറ്റിമുല്ലയെ ബാക്കി ചെടികളോടൊപ്പം ശ്രദ്ധിക്കാന്‍ തന്നെ സാധ്യമല്ല.
ലാന്‍സ്കേപ്പിങ്ങ് ചെയ്തപ്പോള്‍ അറിയാതെ പറ്റിയ കൈയബദ്ധം പോലെയാണ് അതിന്റെ നില്‍പ്പ്. എപ്പോള്‍ നോക്കിയാലും അതില്‍ നിറയേ അരിമുല്ലപൂവുകളും. എനിക്ക് അതില്‍ ഒന്ന് പറിച്ചു നോക്കണമെന്നും ഒരു ചെറിയ മാലയ്ക്കുള്ള പൂ ശേഖരിക്കണമെന്നും പലപ്പോഴും തോന്നാറുണ്ട്, പക്ഷെ പിന്നീട് പൂത്തില്ലെങ്കിലോ എന്നോര്‍ത്ത് ദൂരെ നിന്ന് മാത്രം ശ്രദ്ധിക്കും. രാത്രിയാവും അവ പൂക്കുക. അല്ലേ?
വര്‍ണ്ണനിറമുള്ള ഒരു മിട്ടായി കടലാസ്, ചുരുട്ടിക്കൂട്ടി അശ്രദ്ധമായി എറിഞ്ഞ കുറച്ച് കടലാസുതുണ്ടുകള്‍, ഒരു പേനയുടെ ക്യാപ്പ്, പൊഴിഞ്ഞു പോയ പൂവുകള്‍ ഇതെല്ലാം അതിന്റെ ചുവട്ടില്‍ ഞാന്‍ കണ്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം കുറ്റിമുല്ലയുടെ അടുത്ത് ആരോ എല്ലറ്റം വരെ വലിച്ചു തീര്‍ന്നൊരു സിഗററ്റ് കുറ്റി അശ്രദ്ധമായി വലിച്ചെറുഞ്ഞിരിക്കുന്നു. ഞാന്‍ ആ കുറ്റി ചവുട്ടിയരച്ചു. യാതൊരു പരിഭവവുമില്ലാതെ ഇത്രയും പൂക്കള്‍ തരുന്ന അതിന്റെ അടുക്കല്‍ ഒരു സിഗററ്റ് കുറ്റി. കണ്ണൊന്നും കാണുന്നില്ലേ ഇവിടത്തെ മനുഷ്യന്മാര്‍ക്ക്?
പിന്നെയോര്‍ത്തു ഇത് എനിക്ക് മാത്രമേ കാണാന്‍ സാധിക്കുന്നുള്ളോ? എന്റെ വിഭ്രാന്തിയാണോ? കാരണം, തികച്ചും വഴിതെറ്റി അവിടെയൊരു കുറ്റിമുല്ല ചെടി നില്‍ക്കണ്ട കാര്യമില്ല. അത്രയും വൃത്തിയായി വെടിപ്പോടെ സൂക്ഷിക്കുന്ന ഓഫീസുകളാണ്. അശ്രദ്ധമായി ഒരു ഇലപോലും എവിടേയും ഇല്ല. ഉറപ്പാക്കാന്‍ സുഹൃത്തിനോടൊപ്പം നടക്കുമ്പോള്‍
"നോക്കൂ. ഒരു കുറ്റിമുല്ല!" എന്ന് ഞാന്‍ അല്പം ഉറക്കേ പറഞ്ഞു നോക്കി, ആ എന്ന് സാ മട്ടില്‍ അദ്ദേഹം തലയനക്കി. അപ്പോള്‍ അതവിടെയുണ്ട്. എന്റെ വെറും തോന്നലല്ല.
ചിലപ്പോള്‍ ലാന്‍സ്കേപ്പിങ്ങ് മിസ്റ്റേക്ക് ആവില്ല, ചിലപ്പോള്‍ അവിടെ മറ്റെന്തെങ്കിലും നിന്ന് കാണും, എന്തെങ്കിലും മറയ്ക്കാന്‍ വേണ്ടി നട്ടതായിരിക്കുമോ? എന്തെങ്കിലും അടയാളം പോലെ ആരെങ്കിലും ഉപേക്ഷിച്ചതാവുമോ? ലാന്‍സ്കേപ്പിങ്ങ് ചെയ്യുന്നവര്‍ ആരെങ്കിലും പ്രണയിച്ചതാവുമോ? ആരുടെയെങ്കിലും സമ്മാനമാവുമോ? അല്ലെങ്കില്‍ ഇതുവരെ അത് പറിച്ച് മാറ്റി തലമുടി പറ്റെ വെട്ടിയ ചെടികള്‍ കുഴിച്ച് വെയ്ക്കാന്‍ ആരും പറയാത്തതെന്തേ? നിറയേ പൂക്കളുതിര്‍ത്തു അവിടെ വ്യത്യാസപ്പെട്ട് നില്‍ക്കുന്ന കുറ്റിമുല്ലയെ ഒരു ലാന്‍സ്കേപ്പിങ്ങ് മിസ്റ്റേക്ക് ആയിട്ട് നിറുത്തിയതെന്താവോ? എത്രയോ ഓഫീസുകളിലെ പൂച്ചെടികള്‍ ശ്രദ്ധിക്കാതെ ഇത് മാത്രം എന്റെ കണ്ണില്‍ പെട്ടത് എങ്ങിനെയാവുമോ?
ചിലപ്പോള്‍ ചിലതെല്ലാം അങ്ങിനെയാവും. വഴിതെറ്റി വരുന്ന ഒരു പെരുമഴ പോലെ, പൊടുന്നനേയുള്ള പലായനം പോലെ, ഓര്‍മ്മിച്ചെടുക്കുന്ന തൊട്ടുകാണിക്കനാവാത്ത മുറിവുകള്‍ പോലെ, ചിലപ്പോള്‍ ചിലതെല്ല്ലാം അങ്ങിനെയാവും. വഴിതെറ്റി നില്‍ക്കുന്ന നിറയേ പൂക്കുന്ന കുറ്റിമുല്ലച്ചെടികള്‍ പോലെ.
2008-01-17
കുറ്റിമുല്ല
Subscribe to:
Post Comments (Atom)
12 പ്രതികരണങ്ങള്‍:
നട്ടില്‍ ജനകീയാസൂത്രണത്തിന്റെ ആദ്യഘട്ടത്തിലെ ഒരു പ്രധാന സംഭവമായിരുന്നു കുറ്റിമുല്ല കൃഷി. ഇതങ്ങമേരിക്കയിലും എത്തിയോ?
കുറ്റിമുല്ല ഇഷ്ടമായി. കുറെ ഏറെ പോസ്റ്റുകളുടെ ലിങ്കുകളും ചേര്‍ത്ത് നല്ലൊരു സദ്യ :)
-സുല്‍
ഈ അസുഖം അത്ര നല്ലതല്ലാട്ടോ. ആരും കാണാത്ത കുറ്റിമുല്ലയൊക്കെ കാണേ? ശിവ,ശിവ!
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത കുറ്റിമുല്ലകള്‍ കാണുന്ന സ്റ്റേജ് ആയില്ലല്ലോ. ;-)
---
പിന്നെ, കുറ്റിമുല്ലേല്‍ അരിമുല്ലപ്പൂ വിടരുന്നതു എങ്ങനെയാ ഇഞ്ചിയേച്ചീ? അരിമുല്ല വേ, കുറ്റിമുല്ല റെ. പുരിഞ്ചിതാ? :)
ഒരുകാലത്ത് അവിടെ മുഴുവന്‍ കുറ്റിമുല്ല ആയിരുന്നിരിക്കും. അവ മാറ്റി പുതിയ ചെറ്റികളെ നട്ടപ്പോള്‍ തായ് വേരില്‍ നിന്നും കിളിര്‍ത്ത ഒന്നായിരിക്കുമത്. ചില വേരുകള്‍ എളുപ്പം നശിക്കില്ല.
ഒറ്റയ്ക്കു നില്‍ക്കുന്ന കുറ്റിമുല്ലയെ കണ്ടപ്പോള്‍ ഇഞ്ചിയതിന്റെ ഏകാന്തതയെകുറിച്ചും ഡാലി അതില്‍ ഗവേഷണവും നടത്തി. ഹഹഹ...
അവസാനത്തെ ഖണ്ഡികയ്ക്കു് ഒരു തംസ് അപ്പ്. അതാണു് പോസ്റ്റിന്റെ ജീവന്‍. അതിനു മുമ്പുള്ള ഖണ്ഡികകള്‍ ഒന്നു വെട്ടിച്ചുരുക്കാമായിരുന്നു.
എങ്കിലും അവസാനത്തെ ഒരൊറ്റ ഖണ്ഡിക മാത്രം മതി ഇതിനെ ഒരു നല്ല കൃതിയാക്കാന്‍.
ഡാലിയുടെ കമന്റും ഗംഭീരം.
ഉമേഷ് പറഞ്ഞത് നേര്. അവസാനത്തെ പാരയായിരുന്നു എനിക്കിഷ്ടമായത്. (പാര എന്നു പറയുമ്പോള്‍ പാരഗ്രാഫ് എന്നു തന്നെ വായിക്കുക)
കുറ്റിമുല്ല പോലെ തന്നെ പടുമുളയും ഇങ്ങനെ പൊടിക്കുന്നവയാണ്. കര്‍മ്മത്തില്‍ വ്യത്യസ്തത ഉണ്ടെങ്കിലും ജീവിതം ഒന്നുതന്നെ. (എനിക്ക് വേദാന്ത ക്ലാസിനു പോകാന്‍ സമയമായി)
ഖണ്ഡികകള്‍ വെട്ടിച്ചുരുക്കിയാല്‍ അത് പറ്റേ മുടിവെട്ടിയിരിക്കുന്ന പട്ടാളച്ചെടികളെപ്പോലെയാവില്ലേ ഉമേഷേട്ടാ, പൊട്ടിച്ചിതറി നില്‍ക്കുന്ന കുറ്റിമുല്ലപോലെയാവില്ലല്ലോ :)
ഈ പോസ്റ്റൊക്കെ ഉമേഷേട്ടനു എങ്ങിനെ ഇഷ്ടപ്പെട്ടു എന്ന് എനിക്ക് മനസ്സിലാവണില്ല്യ :( ഇതൊക്കെ തുരുമ്പ് മാറ്റാനുള്ള പോസ്റ്റുകളാണ്. ഒരുപാട് മഴ പെയ്യുമ്പോ പെട്ടെന്നാ തുരുമ്പ് പിടിക്ക്യാ, അപ്പൊ ഉരച്ച് നോക്കുന്നതാ.
അതിന്റെ അര്‍ത്ഥം, തുരുമ്പു മാറ്റാന്‍ എഴുതുന്നവയിലേ നാച്വറല്‍ റൈറ്റിംഗ് വരൂ എന്നാണു്. ബാക്കിയൊക്കെ പടപ്പായിരിക്കും :)
വല്ലപ്പോഴും ഇങ്ങനെ ഉരച്ചു നോക്കുന്ന കൃതികളും എഴുതണേ. പത്തു പതിനഞ്ചു ഗഹനങ്ങലായ കൃതികള്‍ക്കിടയില്‍ :)
(സ്മൈലി ഉണ്ടു്. ഇനി അതിന്റെ കുഴപ്പം വേണ്ട :))
ഹഹ. ഇങ്ങിനെയൊരെണ്ണം എന്റെ നാച്ചുറല്‍ അല്ല ഉമേഷേട്ടാ. ഇത് മേഡ് അപ്പാണ്. ഇങ്ങിനെ പറ്റോ എന്ന് നോക്കിയതാണ്. കാല്പനികതയുടെ അയ്യരു കളി നമ്മള്‍ക്കും വഴങ്ങോയെന്ന്...ഇത് പഴ്യ കാല എഴുത്തല്ലേ. എനിക്കിഷ്ടല്ല.
സ്മൈലി പോസ്റ്റ് ഉമേഷേട്ടനെ ഉദ്ദേശിച്ചേയല്ല, ഹൊ, ഇനി അതും പറഞ്ഞ് സകല സ്ഥലത്തും സ്മൈലി ഇടണ്ട.
ഇത് കമന്റ് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടായിരുന്നല്ലേ?
ഞാന്‍ കാണില്ല എന്നാലും കിടക്കട്ടേയെന്ന് കരുതിയാണ് ഇത്ര താമസിച്ച് മറു കമന്റിട്ടത് :)
ഹ ഹ, ഇഞ്ചിയ്ക്കൊരു ചോദ്യം മുട്ടി നില്‍ക്കുന്നില്ലേ, എന്താണു നാചുറല്‍ റൈറ്റിംഗ് എന്നു.
ഉമേഷ് മാഷു വേഗം ഉത്തരം കണ്ടു പിടിച്ചോള്ളൂ.
(ഞാന്‍ ഈ നാട്ടുകാരി അല്ല)
ഹൌ! ഇബളും എത്തിയാ? ഒരുത്തര്‍ക്കും അറിഞ്ഞൂട. എന്തായാലും നിന്റെ പൊട്ട ഡെഫനിഷന്‍ അല്ല. ഒറപ്പാ. :)
Post a Comment