സിബുവിന്റെ ദീപാസ് കിച്ചണ്‍ എന്ന ബ്ലോഗ് ശ്രദ്ധിച്ചിട്ടുണ്ടോ? ഇതില്‍ ദീപ എവിടെ? അതെന്താ ദീപയക്ക് നേരം കിട്ടാറില്ലേ, എഴുത്തും വായനയും അറിയില്ലേ? എന്താ സംഭവം? അതെന്താണ് മലയാളികളില്‍ സ്ത്രീകള്‍ ബ്ലോഗ് ചെയ്യുന്നതും ബ്ലോഗില്‍ ഇടപെടുന്നതും ഇത്ര കണ്ട് കുറവ്? മലയാളി സ്ത്രീകള്‍ ഇംഗ്ലീഷ് ഭാഷയിലും ഇത് തന്നെ സ്ഥിതി. തമിഴരും കന്നടക്കാരും തെലുങ്കരും എല്ലാം സ്ത്രീകള്‍ പുരുഷന്മാരോടൊപ്പം നില്‍ക്കുന്നുണ്ടെങ്കിലും മലയാളത്തില്‍ മാത്രം സ്ത്രീകള്‍ ഈ രംഗത്തേയ്ക്ക് കടന്ന് വരാത്തത് എന്ത്?
എത്രയോ ബ്ലോഗുകള്‍ ദിനംപ്രതി മലയാളത്തില്‍ ഉണ്ടാവുന്നു. ഇതിലാകട്ടെ മലയാളി സ്ത്രീ ശതമാനം മാത്രം വളരെ കുറവ്. സ്ത്രീകള്‍ ബ്ലോഗ് ചെയ്യുന്നുണ്ടെങ്കില്‍ തന്നെയും ബ്ലോഗിന്റെ ഒരു പ്രധാന ഗുണമായ ഭാഗഭാഗിത്വം, സമകാലീന ചര്‍ച്ചകള്‍ എന്തിനു സ്ത്രീകളെക്കുറിച്ചുള്ള പോസ്റ്റുകള്‍ വരെ ഗണ്യമായ കുറവ്. കേരളത്തിലെ അല്ലെങ്കില്‍ മലയാളി സ്ത്രീകള്‍ക്ക് ഒന്നും പറയാന്‍ ഇല്ലേ? നമ്മുടെ പ്രശ്നങ്ങളൊക്കെ തീര്‍ന്നോ?
എല്ലാ ഭാഷകളിലും ഏറ്റവും കൂടുതല്‍ ബ്ലോഗ് ചെയ്യുന്നതും ഉപയോഗിക്കുന്നതും സ്ത്രീകളാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുമ്പോഴും ഏറ്റവും കൂടുതല്‍ വിദ്യാസമ്പന്നരായ സ്ത്രീകള്‍ കേരളത്തില്‍ ഉണ്ടായിട്ടും എന്താണ് ബ്ലോഗില്‍ ഇത്രയും കടുത്ത അസന്തുലിതാവസ്ഥ? ഈ നിശ്ശബ്ദത എന്താണ് സൂചിപ്പിക്കുന്നത്?
നിങ്ങള്‍ക്ക് കുട്ടികളെ നോക്കിയും, പാചകം ചെയ്തും, വീട്ട് കാര്യങ്ങള്‍ നോക്കിയും, ജോലിക്കു പോയും മാത്രം ഇരുന്നാല്‍ മതിയോ? ബ്ലോഗ് പോലെയൊരു സ്വതന്ത്ര മാധ്യമത്തില്‍ കടന്ന് വരാന്‍ സാധിച്ചില്ലെങ്കില്‍, ഈ അവസരം ഇനിയും നഷ്ടപ്പെടുത്തിയാല്‍ പിന്നീട് നിങ്ങളുടെ ശബ്ദം, നാളെ നിങ്ങളുടെ മകളുടെ ശബ്ദം ആരു കേള്‍ക്കും? എങ്ങിനെ കേള്‍ക്കും? എന്തുകൊണ്ടാണ് ഇത്രയും പുരുഷന്മാര്‍ ബ്ലോഗിയിട്ടും അവരുടെ ഭാര്യമാരോ പെങ്ങള്‍മാരോ ബ്ലോഗിലേക്ക് കടന്ന് വരാതെ മലയാളം ബ്ലോഗുകള്‍ പുരുഷകേന്ദ്രീകൃതമാകുന്നത്? അങ്ങിനെയാവാന്‍ സ്ത്രീകള്‍ തന്നെ അവസരം കൊടുക്കുന്നത്?
അഗ്രജന്റെ ബ്ലോഗില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന ഈ സംഭവം എന്താണ് പാച്ചുവിന്റെ അമ്മയ്ക്ക് എഴുതിയാല്‍? എത്രയോ പുരുഷന്മാര്‍ എഴുതുന്ന ബ്ലോഗില്‍ 'ഞാനും എന്റെ നല്ല പാതിയും' എന്ന് ഇടതടവില്ലാതെ കാണുന്നു, പക്ഷെ അവരുടെ നല്ല പാതിയുടെ ശബ്ദം അടച്ചു വെയ്ക്കപ്പെടുന്നത് എന്തുകൊണ്ട്? ഇതിനു വേണ്ടി സ്ത്രീകള്‍ തന്നെ മുന്‍കൈ എടുക്കാത്തത് എന്തു കാരണം കൊണ്ടാണ്? പുരുഷന്മാര്‍ നല്ല പാതിയെ പ്രോത്സാഹിപ്പിക്കാത്തത് എന്തുകൊണ്ട്?
ഇന്റര്‍നെറ്റ് എന്നാല്‍ ലൈംഗികതയ്ക്ക് വേണ്ടിയുള്ള ദുരൂഹമായ ഒരു പ്രസ്ഥാനം എന്ന് വനിത (പുതിയ ലക്കം) എഴുതി വെയ്ക്കുന്നു. ഇങ്ങിനെയൊരു കാഴ്ചപ്പാട് കൊണ്ട് വരുന്നത് സ്ത്രീകള്‍ അധികം ഈ മേഖലയില്‍ കടന്നു വരാത്തതുകൊണ്ടാണെന്ന് ഞാന്‍ കരുതുന്നു. പെണ്‍ വേഷം കെട്ടിയ ആഭാസന്മാര്‍ കാണിക്കുന്ന പേക്കൂത്തുകള്‍ ശക്തമായ സ്ത്രീ സാന്നിധ്യം ഇല്ലാത്തതുകൊണ്ടാവണം. വനിത പോലെ സ്ത്രീകള്‍ (പുരുഷന്മാര്‍ ഒളിച്ചും) വായിക്കുന്ന ഒരു വാരികയില്‍ അങ്ങിനെയെഴുതി പിടിപ്പിക്കുന്നത് കൂടുതല്‍ സ്ത്രീകളെ ഇന്റര്‍നെറ്റിലേക്ക് വരുത്താതെ ഭയപ്പെടുത്താനാവുമെന്ന് ഞാന്‍ കരുതുന്നന്നു. എല്ലാ മലയാളി പുരുഷനിലും മര്യാദയില്ലാതെ സ്ത്രീയോട് അലറുന്ന ‘സുരേഷ് ഗോപികളെ’ വളര്‍ത്തുന്നത് ഇതുപോലെയുള്ള ഭയം പടര്‍ത്തുന്ന വസ്തുനിഷ്ഠമല്ലാത്ത ലേഖനങ്ങളാവണം.
ന്യൂസ് വീക്കിന്റെ ഈ ലേഖനം ശ്രദ്ധിക്കൂ. പാശ്ചാത്യസ്ത്രീകള്‍ പോലും ബ്ലോഗിലൂടെ സാധ്യമാകുന്ന വിപ്ലവം തിരിച്ചറിയുന്നുണ്ട്. പിന്നെയന്താണ് നിങ്ങള്‍ക്ക് ഇപ്പോഴും പ്രാപ്യമായ ഈ മേഖല കൈയെത്തിച്ച് പിടിക്കാന്‍ മടിച്ചു നില്‍ക്കുന്നത്? അലക്കൊഴിഞ്ഞിട്ട് നേരമില്ലായെന്നാണോ? അതെന്തുകൊണ്ടാണ് പുരുഷന്മാര്‍ക്ക് കിട്ടുന്ന സമയം സ്ത്രീകള്‍ക്ക് കിട്ടാത്തത്?
ബ്ലോഗ് എഴുതുന്ന സ്ത്രീകളെല്ലാം വീട്ടില്‍ കുത്തിയിരിക്കുന്നവരോ നേരമ്പോക്കുകള്‍ ഇല്ലാത്തതുകൊണ്ട് ബ്ലോഗ് തുടങ്ങുന്നവരോയല്ല. ഞങ്ങളിലാര്‍ക്കും ഒരുപാട് സമയം കൈമുതലായുള്ളവരല്ല. എന്തുകൊണ്ടോ ഇങ്ങിനെയൊരു ധാരണ നിര്‍ഭാഗ്യവശാല്‍ പടര്‍ന്ന് പിടിച്ചിട്ടുണ്ട്. പുരുഷനോടൊപ്പം തന്നെ ജോലിയും പഠിത്തവും എല്ലാമുള്ള സ്ത്രീകളാണ് ബ്ലോഗില്‍ കൂടുതലും. അല്ലാതെ ബോര്‍ഡ് ഹൌസ് വൈസ് അല്ല. മഹാനന്ദി എന്ന ബ്ലോഗ് ചെയ്യുന്ന സ്ത്രീ ഒരു ഡോക്ടറാണ്, സിഗ് ആകട്ടെ മൈക്രോസോഫ്റ്റിലും. ഇവര്‍ക്കൊന്നും വെറുതേ നേരം കൊല്ലല്‍ ആവില്ലല്ലോ ബ്ലോഗുകള്‍. ഇവരുടെ പാചക ബ്ലോഗുകള്‍ കണ്ട് പാചകം എന്ന് തള്ളാന്‍ വരട്ടെ, സമഗ്രമായ യാത്രാ വിവരണങ്ങളും രാഷ്ട്രീയ വീക്ഷണങ്ങളും ഇവര്‍ വിഭവങ്ങളോടൊപ്പം വിളമ്പാറുണ്ട് (മന:പൂര്‍വ്വമാണ് ഞാന്‍ അഞ്ജലി പോലുള്ള ബ്ലോഗുകള്‍ പരാമര്‍ശിക്കാതെ പാചക ബ്ലോഗുകള്‍ പരമാര്‍ശിക്കുന്നത് എന്ന് വായനക്കാര്‍ ദയവായി മനസ്സിലാക്കണം). പ്രതികരണ ശേഷി നഷ്ടപ്പെട്ട് ജീവച്ഛവമായി ജീവിക്കരുതെന്നുണ്ടെങ്കില്‍ ആഴ്ചയിലോ ദിവസത്തിലോ കുറച്ച് നേരം ഇതിനായി കണ്ടെത്തിയേ തീരൂ.
എത്രയോ ബ്ലോഗ് വായനക്കാര്‍ സ്ത്രീകളുണ്ട്. ഒരിക്കല്‍ പോലും ബ്ലോഗ് വായിക്കുമ്പോള്‍ പ്രതികരിക്കണം എന്ന് തോന്നിയിട്ടില്ലേ? എന്റെ പക്ഷം ഇതാണ് എന്ന് പറയാന്‍ തോന്നിയിട്ടില്ലേ? അങ്ങിനെ തോന്നിയിട്ടും മിണ്ടാതെ ഇരിക്കുന്നത് കുറ്റകരമായ മൌനമാണ്. ഒരുപാട് സ്ത്രീകള്‍ എന്നോട് പറഞ്ഞിട്ടുണ്ട് തൂലികാ നാമം വെച്ചിരുന്നുവെങ്കില്‍ കൂടുതല്‍ പ്രതികരിച്ചേനെ എന്ന് (ഇത് പുരുഷന്മാരും പറഞ്ഞിട്ടുണ്ട്). അങ്ങിനെയെങ്കില്‍ പുതിയതായി ബ്ലോഗ് തുടങ്ങുന്നവര്‍ കഴിവതും അവരുടെ ശരിയായ പേരൊ അഡ്രസ്സോ ഈമെയിലോ കൊടുക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക. തൂലികാനാമം തരുന്ന പ്രൈവസിയും ആരോടും അധികം കടപ്പാടോ അധികം സൌഹൃദമോ ഇല്ലാത്തത് തരുന്ന ആര്‍ജ്ജവവും നിങ്ങള്‍ക്ക് ഇതിലൂടെ ലഭിക്കും. അതുകൊണ്ട് തന്നെ എങ്ങോട്ടും ചായാതെ തുറന്നെഴുതുവാനും സാധിക്കും. ഇന്റര്‍നെറ്റ് തരുന്ന ഒരു സുരക്ഷയാണത്. അത് ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുക. നിങ്ങളുടേതായ ഒരു ചെറിയ ലോകം നിര്‍മ്മിച്ചെടുക്കുക. ബ്ലോഗില്‍ ലേഖനങ്ങള്‍ എഴുതുമ്പോള്‍ അത് പ്രൊഫഷണല്‍ ആയിരിക്കണമെന്നോ മറ്റോ ഭയക്കണ്ട. പറായാനുള്ളത് സത്യസന്ധമാണെങ്കില്‍ ഭാഷയോ തഴക്കമോ ഫോര്‍മാറ്റോ ഒന്നും പ്രസക്തമേയല്ല. അതിനാണ് ബ്ലോഗിങ്ങ് എന്ന കണ്‍സെപ്റ്റ് തന്നെ. സാധാരണക്കാരന്റെ അണ്‍ഫോര്‍മാറ്റഡ് ശബ്ദം.
എല്ലാവര്‍ക്കും എഴുതാന്‍ സാധ്യമല്ല. എങ്കില്‍ കമന്റുകള്‍ കൊണ്ട് എന്തുകൊണ്ട് ബ്ലോഗില്‍ ഇടപെടുന്നില്ല? അതും സാധ്യമല്ലെങ്കില്‍ എന്തുകൊണ്ട് വായനാലിസ്റ്റുകള്‍ ഉണ്ടാക്കിയിട്ടു കൂടാ? നിങ്ങളുടെ വായന, ഇന്നത് വായിക്കണം എന്ന നിര്‍ദ്ദേശം മറ്റൊരാള്‍ക്ക് ഗുണകരമാവുമെങ്കില്‍, അത് നല്ലൊരു സ്വാധീനം സമൂഹത്തിലും മറ്റ് സ്ത്രീകളിലും ഉണ്ടാക്കും. അങ്ങിനെയെങ്കിലും ഒരു കാര്യം ചെയ്യുന്നതില്‍ എന്താണ് ഇനിയും വിമുഖത?
മാതൃഭൂമിയുടെ ബ്ലോഗിനേക്കുറിച്ചുള്ള വിശദമായ ലേഖനത്തില്‍ തലക്കെട്ടില്‍ എന്തുകൊണ്ടാണ് അവനവന്‍ പ്രസാധകന്‍ മാത്രമായത്? എന്ത് കൊണ്ട് അവരവര്‍ പ്രസാധകര്‍ ആയില്ല? എന്തുകൊണ്ട് അവളവള്‍ പ്രസാധക ആയില്ല? അതിനു കാരണം നിങ്ങളുടെ ഈ കാതടപ്പിക്കുന്ന മൌനമാണ്.
നാളെ നിങ്ങളുടെ മകള്‍ക്ക് നിങ്ങളുടേതു പോലെ അടച്ച് മൂടിയ ഒരു അന്തരീക്ഷമല്ല നിങ്ങള്‍ കാംക്ഷിക്കുന്നതെങ്കില്‍ നാളെ അവളുടെ സ്വരം ഉയര്‍ന്ന് കേള്‍ക്കണമെങ്കില്‍, നാളെ സ്ത്രീയായതുകൊണ്ട് മാത്രം അവള്‍ തഴയപ്പെടാതെയിരിക്കണമെങ്കില്‍, തെറ്റ് തെറ്റെന്നും ശരി ശരിയെന്നും അവള്‍ക്ക് ഭയമില്ലാതെ പറയാന്‍ സാധിക്കണമെങ്കില്‍ ഇന്ന് നിങ്ങള്‍ സ്വയം അടച്ചു മൂടിക്കെട്ടിയിരിക്കുന്ന ആ വാ തുറന്നേ തീരൂ. പളുങ്കുമണികള്‍ ഉതിര്‍ത്തേ തീരൂ. ഇന്ന് നിങ്ങള്‍ക്ക് എന്ത് ചെയ്യാം എന്ന് ആലോചിക്കുക, നാളെ അത് ചെയ്തില്ലല്ലോ എന്ന നഷ്ടബോധത്തിനേക്കാളും. ഇന്ന് നിങ്ങളാലാവുന്നത് സമൂഹത്തിനു എന്ത് പ്രയോജനം ഉണ്ടാക്കാന്‍ സാധിക്കും എന്ന് ആലോചിക്കുക, ഒന്നും ചെയ്യാതെ കയ്യും കെട്ടി ഇരുന്നിട്ട് ഒന്നും സംഭവിച്ചില്ലല്ലോ എന്ന് നാളെ ആകുലപ്പെടുന്നതിനേക്കാളും.
ഇന്ന് തുറന്ന് കിട്ടിയിരിക്കുന്ന ഈ സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കുക. അതുകൊണ്ട് സ്ത്രീയേ ബ്ലോഗ് തുടങ്ങുക, എഴുതുക, പ്രതികരിക്കുക, ഇടപെടുക. നിങ്ങളില്‍ നിന്ന് തുടങ്ങട്ടെ മാറ്റത്തിന്റെ വിപ്ലവം.
2008-01-31
അവളവള്‍ പ്രസാധകേ നീ എവിടേ?
Subscribe to:
Post Comments (Atom)
40 പ്രതികരണങ്ങള്‍:
മാതൃഭൂമിയുടെ ബ്ലോഗിനേക്കുറിച്ചുള്ള വിശദമായ ലേഖനത്തില്‍ തലക്കെട്ടില്‍ എന്തുകൊണ്ടാണ് അവനവന്‍ പ്രസാധകന്‍ മാത്രമായത്? എന്ത് കൊണ്ട് അവരവര്‍ പ്രസാധകര്‍ ആയില്ല? എന്തുകൊണ്ട് അവളവള്‍ പ്രസാധക ആയില്ല? അതിനു കാരണം നിങ്ങളുടെ ഈ കാതടപ്പിക്കുന്ന മൌനമാണ്. - ഈ പറഞ്ഞത് ശരിയാണല്ലോ...
പിന്നെ, അവരെ പറഞ്ഞിട്ടും കാര്യമില്ല. ഇഞ്ചിപ്പെണ്ണ് എന്നൊരു ബ്ലോഗറുണ്ടെന്നൊക്കെ അവര്‍ക്കറിയാമായിരിക്കും. ഇനിയിപ്പോ അവരെങ്ങാനും ഒരു ഇന്റര്‍വ്യൂ പ്രസിദ്ധീകരിക്കാമെന്നു കരുതിയാല്‍ തന്നെ നിന്നു കൊടുക്കുമോ? ഐഡന്റിറ്റി പുറത്താവില്ലേ? പുരുഷ ബ്ലോഗേഴ്സില്‍ സ്വന്തം വ്യക്തിത്വം പുറത്തറിയിച്ച് ബ്ലോഗുചെയ്യുന്നവര്‍ (വിശാലമനസ്കന്‍ എന്നൊരു തൂലിക നാമമുണ്ടെങ്കിലും, ഐഡന്റിറ്റി രഹസ്യമല്ലല്ലോ?), സ്വന്തം ഐഡന്റിറ്റി പുറത്തുപറഞ്ഞ് ബ്ലോഗ് ചെയ്യുന്ന സ്ത്രീകളും കുറവല്ലേ? അതുകൊണ്ടൊക്കെക്കൂടെയാവാം, അവനവന്‍ പ്രസാധകന്‍ എന്നായിപ്പോയത്...
--
ഹരി, മാതൃഭൂമിയിലോ അല്ലെങ്കില്‍ മറ്റ് എവിടെയെങ്കിലുമോ ഇന്റര്‍വ്യൂ കൊടുക്കാനല്ലല്ലോ ബ്ലോഗുന്നത്? അത് അല്ലല്ലോ ഈ പോസ്റ്റില്‍ ഞാന്‍ ഉദ്ദേശിക്കുന്നത്?
ബ്ലോഗ് ചെയ്യുന്നവരോ, ബ്ലോഗ് വായിക്കുന്നവരോ മാത്രല്ലേ ഈ പോസ്റ്റ് വായിക്കൂ. അവരെയാണോ ഈ പോസ്റ്റ് ലക്ഷ്യമിടുന്നത്.
ഒരു പത്രത്തിനയച്ചുകൊടുത്താല്‍ അതു വായിക്കുന്ന കുറച്ച് സ്ത്രീകള്‍ക്കെങ്കിലും പ്രചോദനം ലഭിച്ചേക്കാം.ചിലപ്പോള്‍ ബ്ലോഗിംഗ് തുടങ്ങിയേക്കാം.
നിലവിലുള്ള ബ്ലോഗേര്‍സ് ഇതു വായിച്ചിട്ട് എന്ത് ചെയ്യണമെന്നാണ് ഉദ്ദേശിക്കുന്നത്.
വനിതാ ബ്ലോഗര്‍ എണ്ണത്തില്‍ കുറവാണെന്നു തോന്നുന്നില്ല, മറ്റു മാധ്യമങ്ങളിലെ വനിതാ എഴുത്തുകാരുടെ എണ്ണമൊക്കെ വച്ചു നോക്കുമ്പോള്‍. പക്ഷെ സ്ത്രീപക്ഷ പ്രശ്നങ്ങള്‍ എഴുതുന്നവര്‍ വളരെ വളരെ കുറവെന്നതാണ് സത്യം. മൈനയെയും, ആഗ്നേയയെയും പോലെ വളരെക്കുറച്ചു പേര്‍ മാത്രം.
ഇനി പുരുഷന്മാര്‍ സ്ത്രീനാമങ്ങളില്‍ ബ്ലോഗുകള്‍ തുടങ്ങാം അല്ലെ?
ങേ.. കൊത്തിക്കൊത്തി മുറത്തില്‍ കേറി കൊത്തിയോ!
ഒരു സ്വകാര്യം പറയട്ടേ.. ദീപയ്ക്ക് വീട്ടില്‍ പിടിപ്പതുപണിയുണ്ട്. എനിക്കുമാത്രമേ ഒഴിവുള്ളൂ :) അതാണ് പരമസത്യം..
faminism, faminism.... :)
നാളെ നിങ്ങളുടെ മകളുടെ ശബ്ദം ആരു കേള്‍ക്കും? എങ്ങിനെ കേള്‍ക്കും? എന്തുകൊണ്ടാണ് ഇത്രയും പുരുഷന്മാര്‍ ബ്ലോഗിയിട്ടും അവരുടെ ഭാര്യമാരോ പെങ്ങള്‍മാരോ ബ്ലോഗിലേക്ക് കടന്ന് വരാതെ മലയാളം ബ്ലോഗുകള്‍ പുരുഷകേന്ദ്രീകൃതമാകുന്നത്?
ഇഞ്ചി മുഴുവനും വായിച്ചിട്ട് മിണ്ടാണ്ടു കടന്നുകളയാന്‍ നോക്കിയതാണ്. പക്ഷെ രസകരമായ ഒരു വസ്തുത മുകളില്‍ പറഞ്ഞതിനെ ആസ്പദമാക്കി പറഞ്ഞിട്ടുപോകാം എന്നു കരുതി.
ഇവിടെ കുറച്ച് പുരുഷ ബ്ലോഗേര്‍സിന്റെ ഭാര്യ ബ്ലോഗേര്‍സ് ബ്ലോഗു ചെയ്യുന്നുണ്ട്. സമയവും ആശയദാരിദ്ര്യവും കാരണം പലരും വല്ലപ്പോഴും മാത്രം ചെയ്യുന്നു. അവരൊക്കെ ആദ്യം പുരുഷ ബ്ലോഗേര്‍സ് വന്നതിനു ശേഷം അവരെ പിന്‍ പറ്റി വന്ന വനിതാ ബ്ലോഗേര്‍സ് ആയിരുന്നു. ചിലരുടെ ഭാര്യമാര്‍ക്ക് എഴുത്തില്‍ താല്പര്യം ഇല്ല.
ഇനി ചോദ്യത്തിലേക്ക്, ഇവിടെ ഉള്ള എത്ര വനിതാ ബ്ലോഗേര്‍സ് ഉണ്ട് ബ്ലോഗില്‍ വന്നതിനുസേഷം അവരുടെ ഭര്‍ത്താവിനെ കൂടി ബ്ലോഗില്‍ കൊണ്ടുവന്നതായിട്ട്? ഓര്‍ത്തു നോക്കുമ്പോള്‍ പെട്ടന്ന് മനസില്‍ സൂവിന്റെ ചേട്ടന്‍ മാത്രമുണ്ട്. പുള്ളിക്കാരന്‍ തിരക്കുകളില്‍ പെട്ട് അധികം ബ്ലോഗാനും നിന്നില്ല.
ഇങ്ങനെ പുരുഷ ബ്ലോഗേര്‍സ് തങ്ങളുടെ പങ്കാളിയെ ബ്ലോഗില്‍ കൊണ്ടുവരുന്നില്ല എന്ന ആരോപണം ഉന്നയിക്കും മുന്‍പ് സ്വന്തം കാര്യം കൂടി ആലോച്ചിക്കണമായിരുന്നു.
സ്ത്രീ പുരുഷ വ്യത്യാസത്തില്‍ സംസാരിച്ചു തുടങ്ങിയാല്‍ ഈ പോസ്റ്റില്‍ ഒരുപാടു ഹോളുകള്‍ പഞ്ച് ചെയ്യാം. പക്ഷെ താല്പര്യമില്ല. സ്ത്രീകള്‍ കൂടുതല്‍ (ബ്ലോഗു ചെയ്യാന്‍ താല്പര്യമുള്ളവര്‍) ബ്ല്ലോഗിലേക്ക് വരണം. ഒരു വിവാദത്തിനും ഞാന്‍ ഇല്ല ഇഞ്ചി.
അങ്കിള്‍ പറഞ്ഞതാണ് കറക്ട്. ഈ വിഷയം ബ്ലോഗില്‍ ഇടാനുള്ള പോസ്റ്റ് അല്ല. ഈ ബ്ലോഗില്‍ ട്രാഫിക് കൂട്ടുന്നതിലുപരി ഒന്നും ചെയ്യാനാകില്ല ഇതിനു. കാരണം സ്വന്തം ഭാര്യയോടു ഒരു കൊച്ചുവിശേഷം അല്ലെങ്കില്‍ ഒരു പാചകകുറിപ്പെങ്കിലും എഴുതു എന്ന് പറയാത്ത പുരുഷബ്ലോഗേര്‍സ് വളരെ കുറവായിരിക്കും.
ഈ പോസ്റ്റ് പുറത്ത് പ്രിന്റ് മീഡിയത്തില്‍ അച്ചടിമഷിപുണ്ടുവരുന്നാല്‍ അതിനു ഫലമുണ്ടാകും.
നേരത്തെ പറഞ്ഞതു തന്നെ, ഒരു വിവാദത്തിനു ഞാന്‍ ഇല്ല.
എന്റെ പൊന്നുമോളേ.. (ആ ഫോട്ടോ കണ്ട് മോളാണ് എന്നു തോന്നിയത് കൊണ്ടാണ് കേട്ടോ അങ്ങനെ വിളിച്ചത്. .). അങ്കിള്‍ പറഞ്ഞത് തന്നെ എനിക്കും പറയാനുള്ളത്.
എന്റെ അറിവില്‍ പെട്ടിടത്തോളം കേരളത്തിലെ ഇന്റെര്‍നെറ്റ് ഉപയോഗക്കാരില്‍ 70% പുരുഷന്മാര്‍ ആണ്. അപ്പോള്‍ ബ്ലോഗിങ്ങിലും ആ അനുപാതം അല്ലേ പ്രതീക്ഷിക്കാന്‍ പറ്റൂ. ഇനി അത് കൂട്ടണമെങ്കില്‍ സമൂഹത്തിലേക്ക് ഇറങ്ങി ബ്ലോഗിങ്ങിന്റെ അനന്ത സാധ്യതയെ പറ്റി സ്ത്രീകളെ ബോധവതികള്‍ ആക്കണം. അതിനു പേരും നാളും വെളിപ്പെടുത്തിയിട്ടുള്ള ബ്ലോഗേഴ്ശിന് മാത്രമല്ലേ കഴിയൂ..നമുക്കാവില്ലല്ലോ..
അത് കഴിയാത്തിടത്തോളം ഇങ്ങനെ സ്വന്തം ബ്ലോഗില്‍ എഴുതി തൂക്കിയിടാനേ നമുക്ക് കഴിയൂ... ഇത് കാണുന്നതാകട്ടെ 'ഇഞ്ചിപ്പെണ്ണ്' എന്ന അഞ്ജാത സുന്ദരിയെ ആരാധിക്കുന്നവരും അവരെ വായിക്കുന്നവരും മാത്രം. അവര്‍ക്ക് ഇതിലൂടെ ഒരു ബോധവല്‍ക്കരണം ആവശ്യമുണ്ടോ? ഇത് വായിക്കുന്ന ബ്ലോഗ് ഇല്ലാത്ത വായനക്കാര്‍ ഇത് കണ്ടിട്ട് ബ്ലോഗ് തുടങ്ങിയാല്‍ തന്നെ അത് എത്ര എണ്ണം കാണും?.
ഇഞ്ചീ, അജിതയും മയിലമ്മയും ബ്ലോഗ്ഗ് തുടങ്ങിയിരുന്നെങ്കില്‍, ലോകത്തിന്റെ പല ഭാഗത്ത് നിന്നും ആവേശത്തോടേയുള്ള ആശംസകള്‍ എത്തിയേനെ. കുടിവെള്ളത്തിനും പെണ്‍ വാണിംഭക്കാര്‍ന്റെ വധ ശിക്ഷയ്കും ബ്ലോഗ്ഗിലെ ആശംസ പോരല്ലോ. അവള്‍ ഉണ്ടാക്കുന്ന ശബ്ദം വീതികളില്‍ കേള്‍ക്കണം, അല്ലാണ്ടേ മോണിറ്ററില്‍ തെളിഞാല്‍ എന്ത് ഗുണം?. ബ്ലോഗിലൂടെ അറിവുണ്ടാകുന്നുണ്ട്, പക്ഷെ വിപ്ലവം ഉണ്ടാകുന്ന ദിനം ദൂരെയാണു. അതിനു പ്രത്യക്ഷ സമരങ്ങളും ധര്‍ണ്ണകളും ലാത്തിയും തന്നെ വേണം. (ഈയ്യിടേ ഒരു ലിങ്ക് വായിച്ചിരുന്നു, വൈ ഗ്രേയ്റ്റ് മെന്‍/വുമന്‍(Presidents/Prime Ministers/Writers/CEO/ etc) ഡു നോട്ട് ഓണ്‍ ബ്ലോഗ്ഗ്-സ് ന്ന്, നല്ല ഒരു കുറിപ്പായിരുന്നു അത്,നോക്കട്ടെ കിട്ടിയ തരാം.)
അങ്കിള്‍ പറഞതിലും കാര്യമുണ്ട്. വീട്ടമ്മ എങ്കിലും കമ്പ്യൂട്ടര്‍ ഉണ്ടേങ്കിലും പ്രയോജനപരമായിട്ട് നെറ്റില്‍ എന്തെങ്കിലും ചെയ്യാന്‍ എത്ര വീട്ടമ്മമാര്‍ക്ക് പറ്റും. ബ്ലോഗിലൂടെ ശബ്ദം ഉയര്‍ത്തി പുറത്തേയ്ക് കേള്‍പ്പിയ്കാന്‍ വലിയ പാടാണു ഇഞ്ചി. 10 മണിക്കുര്‍ നെറ്റിലിരിയ്കുന്ന നമ്മളേ പോലെ ഏത് വീട്ടമ്മയ്ക് 1 മണിക്കുറിലധികം ഇതിനു പറ്റും? 1 മണിക്കൂറില്‍ എന്ത് പറ്റും? എത്ര വായിയ്കും? എവിടേ കമന്റി/എവിടേ ഫോളോ അപ്പ് ചെയ്യും? നെറ്റില്‍ കേറാണ്ടേ, കുടുംബ ശ്രീടേ ഒരു മീറ്റിങില്‍ അവള്‍ പോയി നോക്കട്ടെ, എത്രമാത്രം അവള്‍ടേ 1 മണിക്കൂറിന്റെ ശബ്ദത്തിനു വിലയുണ്ട്ന്ന്. എന്നാല്‍ 10 മണിക്കൂര്‍ നെറ്റിലിരിയ്കുന്ന സ്ത്രീകള്‍ക്ക് തന്നെ, അപ്പീസ് പണീടേ ഇടയില്‍ ബ്ലോഗ്ഗ് സീരിയസ്സായിട്ട് കൊണ്ട് പോകാന്‍ കഴിയോ? ഒന്ന് ഓടിച്ച് വായിയ്കാം എന്നല്ലാണ്ടേ? നെറ്റിലൂടേ നടക്കുന്ന സംവാദത്തിനും റിസള്‍ട്ടിനുമൊക്കെ ഒരുപാട് ലിമിറ്റേഷന്‍സ് ഉണ്ട് എന്ന് തന്നെ ഞാന്‍ വിശ്വസിയ്കുന്നു. പിന്നെ സ്ത്രീ സ്വാതന്ത്ര്യം എന്ന് പറയുന്നത് ഇന്റര്‍നെറ്റും ബ്ലോഗും മാത്രവുമല്ലല്ലോ.
ഇന്റര്‍വ്യൂ കൊടുക്കുന്നതിന്റെ കാര്യം പറഞ്ഞതുകൊണ്ട്, പുരുഷ ബ്ലോഗേഴ്സ് കൂടുതല്‍ ‘റീച്ചബിള്‍’ ആണ് എന്നതേ ഉദ്ദേശിച്ചുള്ളൂ. ഈ രംഗത്തുള്ള സ്ത്രീ ബ്ലോഗേഴ്സില്‍ പലരും ‘റീച്ചബിളാ’കുവാന്‍ ആഗ്രഹിക്കുന്നില്ല, എന്നതും; സ്ത്രീ ബ്ലോഗേഴ്സിനെക്കുറിച്ച് പ്രതിപാദിക്കപ്പെടാതെ പോയതിന് ഒരു കാരണമാണ് എന്നേ ഉദ്ദേശിച്ചുള്ളൂ. ഇന്റര്‍വ്യൂ കൊടുക്കുവാനാണ് ബ്ലോഗുന്നത്, എന്ന് ഞാന്‍ മുകളില്‍ കമന്റിയതിന് അര്‍ത്ഥമില്ല. അതാണ് ഈ പോസ്റ്റിലെന്ന് ഞാന്‍ കരുതിയിട്ടുമില്ല. എന്തേ അങ്ങിനെ തോന്നുവാന്‍? പക്ഷെ, ‘അവളവള്‍ പ്രസാധകേ, നീ എവിടേ?’ എന്നാരെങ്കിലും എന്നോടു ചോദിച്ചാല്‍; പൂര്‍ണ്ണ വിശ്വാസത്തോടെ, എനിക്ക് ചൂണ്ടിക്കാണിക്കാവുന്ന സ്ത്രീബ്ലോഗേഴ്സ് വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. പുരുഷബ്ലോഗേഴ്സ് വളരെയുണ്ട് താനും. മാതൃഭൂമി നോക്കുമ്പോളും അങ്ങിനെതന്നെയാവില്ലേ കാണുക? സ്വാഭാവികമായും ‘അവനവന്‍ പ്രസാധകന്‍’ എന്നല്ലേ തലക്കെട്ടുവരുകയുള്ളൂ?
പോസ്റ്റിന്റെ ഉദ്ദേശത്തോട് യോജിപ്പാണ് കേട്ടോ... പക്ഷെ, മറ്റു കോണുകളില്‍ നിന്നുകൂടി വിഷയത്തെ നോക്കിക്കാണണം എന്നുമാത്രം. :)
--
Linking
ഇഞ്ചിപ്പെണ്ണേ,
പോസ്റ്റ് വായിച്ചു. ആശയം കൊള്ളാം. പക്ഷേ അതിലെ പ്രായോഗിക വൈഷമ്യങ്ങള്‍ ഒന്നു മനസ്സിലാക്കാനാണീ കമന്റ്.
എന്റെ നല്ലപാതി നാട്ടിലാണ്. ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നപ്പോള്‍ അവളും ബ്ലോഗൊക്കെ വായിക്കുമായിരുന്നു-ഒരു പാവം ഡയലപ്പ് കണക്ഷനൊക്കെ ഉപയോഗിച്ച്. ഒരു ബ്ലോഗും തുറന്നു അവള്‍.
എന്നാപ്പിന്നെ അവള്‍ നന്നായി ബ്ലോഗട്ടെ എന്നു വിചാരിച്ച് ഒരു ബ്രോഡ് ബാന്‍ഡ് കണക്ഷനായി ഞാന്‍ BSNL ആപ്പീസില്‍ അപേക്ഷ കൊടുത്തു. ഞങ്ങളുടെ ഗ്രാമത്തില്‍ ഏഷ്യാനെറ്റും റിലയന്‍സും ഒന്നുമില്ല.
ഒരു മാസം കഴിഞ്ഞു തരാമെന്നു പറഞ്ഞ കണ്‍ക്ഷന്‍ ദാ ഇപ്പോ ഏഴുമാസം കഴിഞ്ഞാണ് കിട്ടിയത്. ആരോട് പരാതി പറയും?
ഇനി കണക്ഷനെല്ലാം കിട്ടി. പക്ഷേ അവള്‍ക്ക് രാവിലെ എഴുന്നേറ്റ് ഇത്തിരി വീട്ടുകാര്യം നോക്കി കോളേജില്‍ പോണം. വൈകുന്നേരം ട്യൂഷനും കമ്പ്യൂട്ടര്‍ പഠനവും. സന്ധ്യക്ക് ഇത്തിരി എന്തെങ്കിലും വായിച്ചു പഠിക്കണ്ടേ?
അതെല്ലാം കഴിഞ്ഞു മതി ബ്ലോഗിംഗെന്ന് അവളു തീരുമാനിച്ചതിനു ഞാനുത്തരവാദിയാണോ?
പ്രിയ ഭര്‍ത്താവ് സുഹൃത്തുക്കളേ,
താരതമ്യേന ‘നവ വരനായ’ എന്റെ ബുദ്ധിമുട്ടുകള്‍ ഞാന്‍ പങ്കുവെച്ചു.
ഇനി മക്കളും ഉദ്യോഗോം ഒക്കെ ഉള്ളവര്‍ക്ക് അവരുടെ കാര്യം പറയാം.
മലയാളം ബ്ലോഗിനെ കുറിച്ച് മോശമായ ചില ധാരണകള്‍ അച്ചടി മാദ്ധ്യമങ്ങള്‍ വെച്ചു പുലര്ത്തുന്നുണ്ട്.
ഒരു ഗംഭീരം ഉദാഹരണം ഇതാ.
ബ്ലോഗിന്‍ ലിംഗമുണ്ടോ ബ്ലഗാവെ?
സ്ത്രീകള്‍ ലിംഗഭേതമന്യേ എഴുതുന്ന ലേഖനങ്ങ ബ്ലോഗില്‍ ധാരാളമില്ലെ?
ചേച്ചി ഒരു സഹായം ചെയ്യു, നല്ല സ്ത്രീ ബ്ലഗാക്കത്തികളുടെ ഒരു reader list share ചെയ്യു.
ഇഞ്ചീ, ബ്ലൊഗില്‍ സ്ത്രീ സാന്നിദ്ധ്യം വേണം തീര്‍ച്ചയായും. (ഹ..ഹ.. കുറച്ചൂടെ കളര്‍ഫുളായിക്കോട്ടേ!). പക്ഷെ ഇന്റര്‍ നെറ്റ് ഇന്നും സീരിയസ്സായി കാണാത്ത “വനിത” കളാണ് കേരളത്തെ സംബന്ധിച്ചിടത്തോളം ഇപ്പോഴും. ഒരു ഇ-മെയിലയച്ചാല്‍ ഇവിടെനിന്നും 5 റിയാല്‍ മുടക്കി വിളിച്ചു പറയണം ഇ മെയില്‍ അയച്ചിട്ടുണ്ട് ഒന്നു തുറന്നു നോക്കെന്റെ പൊന്നേന്ന്. അതാണ് നാട്ടിലെ സ്ഥിതി!. (ഒഫീസുകളും വ്യത്യസ്ഥമല്ല ഇപ്പോഴും). ആദ്യം വേണ്ടത് ഇതെക്കുറിച്ചുള്ള ഒരു അവയര്‍നെസ് ആണ് അതിനായി നിങ്ങളെപ്പോലുള്ള “ചേച്ചിമാര്‍” മീഡിയ വഴി പബ്ലിസിറ്റി കൊടുക്കണം അല്ലാതെ ഇവിടെ ഒരു പോസ്തിട്ടാല്‍ അതു ഞങ്ങളെപ്പോലുള്ള ചിലരും പിന്നെ ഇവിടെ പരിസരത്തൊക്കെയുള്ള ബ്ലോഗിനി മാരും അല്ലെ അറിയൂ?. അതിനാല്‍ ഹരിയും അങ്കിളും അതുല്യാമ്മയും ഒക്കെ പറഞ്ഞതു കാര്യമായിട്ടെടുക്കൂ.
നല്ലപാതി : ഹ..ഹ..ഹ. ഇന്റര്‍നെറ്റ് തുറന്നാല്‍ അതു പെണ്‍പിള്ളെരോട് പഞ്ചാരയടിക്കാനാന്ന് വിശ്വസിക്കുന്നതാണ് എന്റെ നല്ല പാതി (ഇന്നലേം കൂടെ പറഞ്ഞതെയുള്ളൂ!!)
“എല്ലാ മലയാളി പുരുഷനിലും മര്യാദയില്ലാതെ സ്ത്രീയോട് അലറുന്ന ‘സുരേഷ് ഗോപികളെ’ വളര്‍ത്തുന്നത് ഇതുപോലെയുള്ള ഭയം പടര്‍ത്തുന്ന വസ്തുനിഷ്ഠമല്ലാത്ത ലേഖനങ്ങളാവണം.“
ഇഞ്ചീ , എന്റെ വ്യക്തിപരമായ വിദ്വേഷം ശക്തിയുക്തം ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു. സുരേഷ് ഗോപി എന്നാല്‍ “മര്യാദയില്ലതെ സ്ത്രീയോട് അലറുന്ന“ ആളായി വ്യാഖ്യാനിച്ചതു ഒട്ടും ശരിയായില്ല. ഈ വരികള്‍ പിന് വലിക്കനം കുറഞ്ഞ പക്ഷം “സുരേഷ് ഗോപി” എന്ന പേര്. അതു വ്യക്തി ഹത്യയാണ്... (ഞാനിന്നു തന്നെ സുരേഷ് ഗോപിയോടു വിളിച്ചു പറയും മാനനഷ്ടത്തിനു കേസു കൊടുക്കാന്‍....ഹ..ഹ..ഹ)
ക്ലബ്ബുകളില്‍ പരദൂഷണം പറയാന്‍ (?!) എടുക്കുന്ന സമയം ഇത്തരം സംഗതികള്‍ക്ക് കൂടെ പ്രചരിപ്പിക്കാന്‍ വീട്ടമ്മ മാര്‍ തയാറായാല്‍ നന്ന്. എന്താ ഇഞ്ചീ നാട്ടിലെ വനിതാ സുഹൃത്തുക്കളോട് ഈ വിഷയത്തില്‍ സെമിനാറൊ ചര്‍ച്ചകളൊ ഒക്കെ നടത്താന്‍ വിളിച്ച് പറഞ്ഞുകൂടെ. ഈ പോസ്തിനെക്കാള്‍ കുറച്ചു കൂടെ ഉദ്ദേശ ലക്ഷ്യം അതു കൊണ്ട് നേടാനാവും?!.
‘സര്‍വ്വലോക ബ്ലോഗിനികളെ സംഘടിക്കുവിന്‍”
ഇഞ്ചി, പോസ്റ്റ് ഫോര്‍മുലേറ്റ് ചെയ്യുന്നതില്‍ നിസ്സാരമല്ലാത്ത പിഴവുകള്‍ പറ്റിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പോസ്റ്റ് ലക്ഷ്യം വയ്ക്കുന്ന പ്രശ്നം ആരിലേയ്ക്കും നല്ലരീതിയില്‍ കമ്യൂണികേറ്റ് ചെയ്യാതെ ചര്‍ച്ച വേറെ പലതിലേയ്ക്കും പോകുന്നു.
ഈ പോസ്റ്റ് ലക്ഷ്യം വെക്കേണ്ടത് അഥവാ വയ്ക്കുന്നത് ഇവിടെ എഴുതി കണ്ടത് പോലെ നെറ്റ് നോക്കാനറിയാത്ത വീട്ടമ്മമാരേയോ, നെറ്റില്‍ അധികം നേരം കളയാനില്ലാത്ത മറ്റ് ജോലിക്കാരായ സ്ത്രീകളേയോ, തങ്ങളുടേതായ സ്വന്തം തട്ടകവും മീഡിയവും കണ്ടെത്തി പ്രവര്‍ത്തനം നടത്തുന്ന സ്ത്രീശക്തിയിലുള്ളവരേയോ, അജിതയേയോ, മയിലമ്മയേയോ അല്ല. മറിച്ച്, വേറെ രീതിയില്ുള്ള യാതൊരു രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഇല്ലാതിരിക്കുകയും, 8-9 മണിക്കൂറില്‍ കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുകയും, ആ മിഡിയത്തില്‍ ജോലി ചെയ്യുകയും, ബ്ലോഗ്ഗോ അതുപോലുള്ള വെബ് 2 മാധ്യമങ്ങള്‍ ഉപയോഗിക്കുകയും, അതേ സമയം വെറും വായിച്ച് പോകലല്ലാതെ, ഈ വിഷയത്തില്‍ തങ്ങള്‍ക്കെന്തെങ്കിലും ചിന്തിക്കനുണ്ടോ എന്നോ തങ്ങള്‍ക്കൊരു പ്രതികരണം ഉണ്ടോ എന്നു പോലുമൊ ഓര്‍ക്കാതെ കുറ്റകരമായ മൌനം, അഥവാ കുറ്റകരമായ അനാസ്ഥ കാണിക്കുന്ന സ്ത്രീകളെയാണ്. അതിനു ശരിയായി ഫോര്‍മുലേറ്റ് ചെയ്തിരുന്നെങ്കില്‍ ഇതുപോലുള്ള ഒരു ബ്ലോഗ് പോസ്റ്റ് ധാരാളം. ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്ന സ്ത്രീകളും അതുപയോഗിച്ച് പ്രതികരിക്കുന്ന മലയാളി സ്ത്രീകളുടേയും സ്ത്രീകളുടേയും അനുപാതം അതേ സാഹചര്യങ്ങളിലുള്ള മലയാളി പുരുഷന്മാരുടേതിനേക്കാളും മറ്റ് ഇന്ത്യന്‍ സ്ത്രീസമൂഹങ്ങളേക്കാളും തീര്‍ച്ചയായും പാശ്ചാത്യ സമൂഹത്തേക്കാളും കുറവാണ്. എന്തു കൊണ്‍ട്? ഉത്തരത്തില്‍ പല ഘടങ്ങളും കാണും പക്ഷേ അതില്‍ പ്രധാനമായ പ്രതികരിക്കാനൊന്നും എനിക്ക് വയ്യ, നേരല്യാ എന്നൊക്കെയുള്ള ഗൌരവമായ അനാസ്ഥ അല്ലെങ്കില്‍ അരാഷ്ട്രീയത തന്നെയാണു. എല്ലായ്പ്പോഴും പുരുഷന്‍ സ്പൂണ്‍ ഫീഡ് ചെയ്യണം, പ്രൊട്ടക്ഷന്‍ തരണം എന്നൊക്കെയുള്ള വാദങ്ങള്‍ക്ക് ഇത്തരം പ്രതികരണങ്ങളിലെങ്കിലും യാതൊരു വിലയുമില്ല. (ഇഞ്ചി വരുത്തിയ ഒരു പിഴവ് ഇവിടെയാണു) ആരുടേയും സഹായമില്ലാതെ തന്നെ തനിക്കു പ്രതികരിക്കുവാനുള്ള സാഹചര്യങ്ങള്‍, ആവശ്യമെന്നു തോന്നുന്നപക്ഷം മുഴുവന്‍ ഐഡന്റിറ്റി വെളുപ്പെടുത്താതെ തന്നെ പറയുവാന്‍ കഴിയുംവിധം ബ്ലോഗും അനുബന്ധ വെബ് 2 ഉം ഒരുക്കി തരുന്നുണ്ട്. എന്നീട്ടും പ്രതികാരിക്കാതിരിക്കുന്നത് ഈ മീഡിയം ഉപയോഗിക്കുന്ന സ്ത്രീയുടെ മാത്രം കുറ്റമായെ കാണാന്‍ പറ്റൂ. മറ്റാരുടേയെങ്കിലും തലയില്‍ കുറ്റം ചാരി അവര്‍ക്ക് രക്ഷപ്പെടാന്‍ ആവില്ല. പ്രിന്റ് മീഡിയയിലും, വാമൊഴിയായും പ്രചരിക്കുന്ന ഇന്റെര്‍നെറ്റ് അശ്ലീലമാണെന്ന ധാരണ, ബ്ലോഗിനു മാത്രമല്ല, മൊത്തം ഇന്റര്‍നെറ്റിനും ബാധമാണെന്നും ഓര്‍ക്കണം. ഇന്റെര്‍നെറ്റിന്റെ എല്ലാ സാധ്യതകളുമുപയോഗിക്കുന്ന സ്ത്രീ അത്തരം പ്രചാരണങ്ങളില്‍ വീണു ബ്ലോഗില്‍ പ്രതികരിക്കുന്നതില്‍ നിന്നും ഒഴിവായി നില്‍ക്കുന്നു എന്ന് പറയുന്നത് ഒട്ടുമെ ശക്തിയില്ലത്തൊരു വാദമാണ്. അതുകൊണ്ട് സ്ത്രീജനങ്ങളേ പ്രത്യേകിച്ചും ഈ മീഡിയത്തില്‍ ജീവിക്കുന്ന ‘സ്ത്രീജനങ്ങളേ‘ മൌനം നിങ്ങളെ സ്വതത്രരാക്കില്ല.
പണത്തിന്റെ വിനിമയത്തിലും, അധികാരത്തിലും പങ്കില്ലാത്തതാണ് സ്ത്രീകളുടെ രണ്ടാംകിട പൌരത്വത്തിനു ഒരു പരിധി വരെ കാരണം എന്ന് ചിന്തിക്കാം. എന്തുകൊണ്ട് പങ്കില്ലാതായി എന്നതിന് സാമൂഹികവും, രാഷ്ട്രീയവുമായ ഇന്‍ഫിനിറ്റ് കാരണങ്ങളുണ്ടാവാം/ ഉണ്ട്. പക്ഷേ അതില്‍ സ്ത്രീയ്ക്ക് പങ്കെടുക്കാന്‍ സാധിക്കുമായിരുന്ന അവസരങ്ങളിലും ബോധപൂര്‍വ്വമായി സ്വയം വലിഞ്ഞ് നില്‍ക്കുന്നുണ്ടോ (ഏറ്റവും ചെറിയ ശതമാനം മാത്രമെങ്കിലും) എന്നുകൂടെ ചിന്തിക്കാന്‍ സമയമായില്ലേ അതാവണം ഈ പോസ്റ്റിന്റെ മുഖ്യവിഷയം എന്നാണ് എന്റെ തോന്നല്‍.
ഓരോരുത്തര്‍ക്കായി ഉത്തരം എഴുതുന്നു.
അങ്കിളേ,
അങ്കിള്‍ കരുതുന്നതുപോലെ ബ്ലോഗ് എഴുതുന്നവര്‍ മാത്രമല്ല ബ്ലോഗ് വായിക്കുന്നത്. അല്ലെങ്കില്‍ ഈയൊരു അഞ്ചോ പത്തോ പേരുള്ള ഇട്ടാവട്ടമാവില്ല ബ്ലോഗ് എന്നുള്ളത്. ഇനി ആണെങ്കില്‍ തന്നെ ബ്ലോഗ് തുടങ്ങിയിട്ട് പിന്നെ സൈലന്റ് വായനക്കാരായ ഒരുപാട് സ്ത്രീകളുണ്ട്. അവരെ ഉദ്ദേശിച്ചാണീ പോസ്റ്റ്. അല്ലാതെ കമ്പ്യൂട്ടറേ ഇതു വരെ ഉപയോഗിച്ചിട്ടില്ലാത്ത ഒരു സ്ത്രീ വന്ന് ബ്ലോഗ് തുടങ്ങണമെന്ന് അല്ല ഈ പോസ്റ്റിന്റെ ലക്ഷ്യം. ബ്ലോഗ് വായിക്കുകയും എന്നാല്‍ മൌനമായി ഇരിക്കുന്ന സ്ത്രീകളോടാണ് ചോദ്യം തന്നെ. നിലവിലുള്ള ബ്ലോഗറായ അങ്കിള്‍ തന്നെ അങ്കിളിന്റെ ഭാര്യയെപറ്റി പോസ്റ്റുകളില്‍ പരാമര്‍ശിക്കുന്നത് ഞാന്‍ വായിച്ചിട്ടുണ്ട്. (ഇത് തെറ്റാണേങ്കില്‍ പൊറുക്കണം). പക്ഷെ എന്തുകൊണ്ട് അങ്കിളിന്റെ ഭാര്യ ബ്ലോഗുന്നില്ല? ഒരു ഈമെയില്‍ ഐഡി വെച്ച് കമന്റുന്നില്ല? ഇത് അങ്കിളിനെ വ്യക്തിപരമായി ഉദ്ദേശിച്ചുകൊണ്ടല്ല എന്ന് വ്യക്തമാക്കട്ടെ. അങ്ങിനെ ബ്ലോഗ് എന്താണേന്ന് അറിഞ്ഞിട്ടും അതിലേക്ക് കടന്നു വരാന്‍ ശ്രമിക്കാത്ത സ്ത്രീകളോടാണ് എന്റെ ചോദ്യങ്ങള്‍ തന്നെ. അതാണ് സിബുവിന്റെ ബ്ലോഗ് ഞാന്‍ ആദ്യം തന്നെ കോട്ട് ചെയതത്. സിബു പല സ്ഥലത്ത് എഴുതിയിട്ടുണ്ട് ഞാനും ദീപയും ഈ കഥ വായിച്ചു എന്ന്. ഞാന്‍ ഇന്നേവരെ പക്ഷെ ദീപയുടേ അഭിപ്രായം കേട്ടിട്ടില്ല. ബ്ലോഗ് എന്താണെന്ന് അറിയാത്ത ആളാവില്ലല്ലോ ദീപ.
കണ്ണൂരാനെ, അല്ല. ഇംഗ്ലീഷ് ബ്ലോഗിങ്ങില്‍ തന്നെ മലയാളികള്‍ ഞങ്ങള്‍ അഞ്ചോ ആറോ പേര്‍ മാത്രമുള്ളപ്പോള്‍ തമിഴരും, കന്നടക്കാരും, തെലുംഗരും ഇംഗ്ലീഷ് ബ്ലോഗുകളില്‍ ഒരുപാടുണ്ട്. അവരെക്കാളുമൊക്കെ വിദ്യാഭ്യാസമുള്ളവരാണ് കേരളത്തില്‍ സ്ത്രീകള്‍.
ചന്ദ്രേട്ടാ, അങ്ങിനെയല്ല ഉദ്ദേശിച്ചത്. സ്ത്രീകള്‍ തന്നെ മുന്നോട്ട് വരേണ്ട് സമയം അതിക്രമിച്ചിരിക്കുന്നു.
സിബു, ആ അതു തന്നെ. ദീപയ്ക്ക് മാത്രമെന്താ ഇത്ര പണി എന്ന് തന്ന്യാണ് എന്റെ ചോദ്യവും
കുമാറേ, കുമാര്‍ ഈ പോസ്റ്റ് തെറ്റായിട്ട് വായിച്ചു. സ്ത്രീകള്‍ ബ്ലോഗില്‍ കുറവാണ് എന്ന് ലേഖനം. അല്ലാതെ പുരുഷന്മാര്‍ കുറവെന്നല്ല. കുറവുള്ളതിനെയാണല്ലോ നമ്മള്‍ നികത്താന്‍ ശ്രമിക്കുന്നത്. സ്ത്രീകള്‍ അങ്ങിനെ കുറവുള്ളതുകൊണ്ട് ഒരു ബാലന്‍സിങ്ങ് വ്യൂ ബ്ലോഗുകളില്‍ കിട്ടുന്നില്ല. അത് ശരിയല്ല. സ്ത്രീകള്‍ പുരുഷ ബ്ലോഗേര്‍സിന്റെ അത്രയും എങ്കിലും ഇല്ലെങ്കിലും നല്ല ഒരു ശതമാനം തീര്‍ച്ചയായും വരണം. ഇല്ലെങ്കില്‍ ഇത് പോലെ കേരളത്തില്‍ ഉള്ളതുപോലെ ‘പെണ്ണെഴുത്ത്’ എന്ന് അവമതിക്കപ്പെടും. സ്ത്രീകളുടെ വ്യൂ കൂടി കേട്ടു തുടങ്ങിയാലേ അവരുള്‍പ്പെടുന്ന സമൂഹത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ക്ക് അവര്‍ക്കും ഗുണം കിട്ടുകയുള്ളൂ.
മൃദുലനേ, താങ്കള്‍ക്കുള്ള ഉത്തരം അങ്കിളിനു കൊടുതതില്‍ ഉണ്ട്. പിന്നെ എനിക്ക് മോളേ അതുപോലെയുള്ള വിശേഷങ്ങള്‍ ഒന്നും ചാര്‍ത്തി തരണ്ട. പ്രൈവസി എന്താണെന്ന് ആദ്യം മനസ്സിലാക്കാന്‍ ശ്രമിക്കണം.
അതുല്യേച്ചി, അജിതയും മയിലയമ്മയും അല്ല, ബ്ലോഗ് ചെയ്യുന്ന അതുല്യേച്ചിയെപ്പോലുള്ളവര്‍ തന്നെ മുന്‍പത്തെപ്പോലെ ബ്ലോഗിന്റെ സാമൂഹിക സംസ്ക്കാരിക കാര്യങ്ങളില്‍ പോസ്റ്റുകയോ ഇടപെടുകയോ ചെയ്യുന്നില്ല. അല്ലാതെ അജിത വന്ന് ബ്ലോഗ് തുടങ്ങണമെന്നല്ല എന്റെ ഉദ്ദേശ്യം. ഉള്ളവര്‍ തന്നെ ശബ്ദമുയര്‍ത്തി സംസാരിച്ചാല്‍ മതി. റെഗുലര്‍ ആയി പോസ്റ്റ് ചെയ്താല്‍ മതി. സ്ത്രീ സാന്നിധ്യം ഉണ്ടെന്ന് കാട്ടിക്കൊടുത്താല്‍ മതി. എനിക്ക് കേരളത്തില്‍ ചെന്ന് കൊടിപിടിക്കാന്‍ പറ്റില്ലല്ലോ? അതുപോലെ അജിതക്കോ മറ്റോ ബ്ലോഗ് ചെയ്യാനും പറ്റില്ല. പക്ഷെ ഇതു ഉപയോഗിക്കുന്നവര്‍ തന്നെ അത് ശരിയായി ഉപയോഗിക്കുന്നില്ലെങ്കില്‍ പ്രശ്നം എവിട്യാണ്? വീഥികളില്‍ കേള്‍ക്കേണ്ട ശബ്ദം മാതൃഭൂമിയിലോ മാധ്യമത്തിലോ വരരുത് എന്ന് പറയാന്‍ സാധിക്കുമോ? ഇത് ഒരു ടൂള്‍ ആണ്. അല്ലാതെ ഇത് വേണ്ട വീഥികളില്‍ മാത്രം ശബ്ദം മുഴങ്ങിയാല്‍ മതിയെന്ന് കരുതരുത്. ബ്ലോഗ്ഗ് ആളുകളിലേക്ക് ആശയങ്ങള്‍ എത്തിക്കാനുള്ള ഒരു മാര്‍ഗ്ഗമാണ്. അത് ഉപയോഗിച്ചേ തീരൂ. യാതൊരു എക്സ്ക്യൂസുമില്ല.
ഹരി, ഹരി വീണ്ടും തെറ്റായി വായിക്കുന്നു. ബ്ലോഗ് എന്നാല്‍ മാതൃഭൂമിക്കോ അല്ലെങ്കില്‍ മറ്റൊരു മാധ്യമത്തിനോ ചൂണ്ടിക്കാണിക്കാനോ മറ്റുമല്ല ഉദ്ദേശ്യം. ബ്ലോഗിന്റെ കാര്യം ബ്ലോഗില്‍ തന്നെ നിലനിന്നുകൊണ്ടുള്ള കാര്യമാണ് ഈ ലേഖനത്തിനു ആധാരം. മാതൃഭൂമിക്ക് അങ്ങിനെയ്ഴുതാന്‍ തോന്നിയത് റീച്ചബിളിറ്റിയല്ല മറിച്ച് ബ്ലോഗില്‍ ശക്തമായ സ്ത്രീ സാന്നിധ്യം ഇല്ലാത്തത് കൊണ്ട് മാത്രമാണ്.
സിയ, സിയയപ്പോലെ ഇങ്ങിനെ ഭാര്യയെ പ്രോത്സാഹിപ്പിക്കുന്ന ഭര്‍ത്താക്കന്മാര്‍ കൂടുതല്‍ ഉണ്ടാകട്ടേ എന്ന് കരുതിയാണ് ഈ പോസ്റ്റ് തന്നെ. ഇങ്ങിനെ ഒരു മാതൃക കാണിക്കണം എന്ന് തന്നെയാണ് ഉദ്ദേശവും. നന്ദി. എല്ലാവര്‍ക്കും ബ്ലോഗാന്‍ നേരം കിട്ടിയെന്ന് വരില്ല, പക്ഷെ ഒരു അവേര്‍നെസ്സ് ഉണ്ടല്ലോ അത് ക്രിയേറ്റ് ചെയ്യേണ്ടതാണ് ബ്ലോഗാന്‍ പറ്റുന്നവര്‍ക്കിടയിലെങ്കിലും.
നന്ദു, നന്ദു പറഞ്ഞതില്‍ വളരെ കാര്യമുണ്ട്. ഇന്റര്‍നെറ്റ് സീരിയസ്സായി എടുക്കാത്തതിന്റെ പ്രശ്നങ്ങളാണ്. അല്ലെങ്കില്‍ ഇവിടെ എഴുതിയിട്ട് എന്ത് കാര്യം എന്ന് വിചാരിക്കുന്നവര്‍. അചിന്ത്യയെപ്പോലെ എഴുതാന്‍ കഴിവുള്ളവര്‍ ഒരുപാടുണ്ട്. പക്ഷെ അവര്‍ ഇതൊരു വെര്‍ച്ചുവല്‍ ലോകമല്ലേ എന്ത് കാര്യം എന്ന് ചിന്തിക്കുന്നു. അല്ലെങ്കില്‍ ഒ, എന്ത് എഴുതിയാലും ഗുണമില്ല എന്നും. അതൊരു ഇട്ടാവട്ടത്തില്‍ നിന്ന് ചിന്തിക്കുന്നതുകൊണ്ടാണ്. ഇതിന്റെ ഇമ്പാക്റ്റ് ലോംഗ് ടേം ആയി ചിന്തിക്കാത്തതുകൊണ്ടും.
ഇതു എന്നെ ഉദ്ദേശിച്ചുള്ളതാണ്, എന്നെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, എന്നെ തന്നെ ഉദ്ദേശിച്ചുള്ളതാണ്. :)ഇതിനു പ്രതികാരം വീട്ടിയില്ലെങ്കില്‍...
ഈ പോസ്റ്റിന്റെ സദുദ്ദേശം എല്ലാവരും മനസ്സിലാക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. ഡാലി എഴുതിയതുപോലെയുള്ള, മനസ്സില്‍ ആദ്യമേ ഉറച്ചുപോയ ആ രണ്ടാംകിട പൗരത്വമനോഭാവം എടുത്ത് കളയാനുള്ള സാഹചര്യം ഇല്ലാത്തിടത്തോളം കാര്യങ്ങള്‍ ഒക്കെ ഇങ്ങിനെ തന്നെയേ വരൂ. :(
എന്റെ കാര്യം പറയുകയാണെങ്കില്‍, ആരും വിലക്കാതിരുന്നിട്ടു കൂടി ചില കാര്യങ്ങളിലെല്ലാം 'അതൊക്കെ ചേട്ടന്‍/അച്ഛന്‍' നോക്കിക്കോളും എന്നും പറഞ്ഞ് വലിഞ്ഞ് നില്‍ക്കുന്നയാളാണ് ഞാന്‍. അപ്പോ ആരെ കുറ്റം പറയും?
ആ വനിതയിലെ ലേഖനത്തിന്റെ കാര്യം പറഞ്ഞില്ലേ?, അതു തന്നെ, ഒരിക്കല്‍ വെക്കേഷന്‍ സമയത്ത് ഞാന്‍ കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവമാണ് - പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ അവിടെ വേറെ സിസ്റ്റം ആണ്, കാരണം പയ്യന്മാര്‍ പഠിക്കുന്ന സിസ്റ്റത്തിന്റെ ഡെസ്‌ക്‍ടോപ്പ് മുതലങ്ങോട്ട് കാണാന്‍ പാടില്ലാത്തതാണത്രേ! ഇപ്പോഴും നാട്ടിലെ കമ്പ്യൂട്ടര്‍ സെന്ററില്‍ ഒറ്റക്കു വിടില്ല. അങ്ങിനെ ഉള്ള ഒരു സാമൂഹിക വ്യവസ്തിതിയില്‍ എന്തു ബ്ലോഗ്, എന്തു സ്വാതന്ത്ര്യം! വീട്ടില്‍ നെറ്റ് ഉണ്ടായിട്ടും 'ചേട്ടന്' ഇഷ്ടമില്ലാത്തതു കൊണ്ട് ഓര്‍കുട്ട് ഉപയോഗിക്കാത്ത ബിരുദധാരിയായ ഒരു കൂട്ടുകാരി എനിക്കുണ്ട്.
ഈ പോസ്റ്റ് ഇന്റര്‍നെറ്റ് accessible ആയ എല്ലാ സ്ത്രീകള്‍ക്കും ഒരു പ്രചോദനമാവട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.
---
ഒന്നുംകൂടി വായിച്ച് നോക്കായിരുന്നു പബ്ലിഷ് ചെയ്യണേന് മുന്നേ! എന്തൊക്കെയോ മിസ്സിംഗ് പോലേ..
---
അവളവളേ നീ എവിടേ?
ചിലപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം മിണ്ടാതിരിക്കുന്നതാകും. “വ്യക്തിപരമായ“ അഭിപ്രായമല്ലേ, മാനിക്കേണ്ടെ ? ഭക്തി പോലെ. :)
ഈയിടെ ഒരു സുഹൃത്ത് പീഡനമേറ്റുവാങ്ങുന്നതിലെ ത്യാഗാത്മഗതയെപ്പറ്റി രണ്ടു മണിക്കൂറാ കത്തി വച്ചത്.
പ്രിയ ഇഞ്ചിപ്പെണ്ണേ,
ഇതുവരെ കമന്റിയ അവനവന്‍, അവളവള്‍മാരെ...
ഞാന്‍ മൈന. സ്‌ത്രീയാണ്. ബ്ലോഗിനുവേണ്ടിയുള്ള തൂലികാനാമമല്ല. E-mdil ID അടക്കം പ്രൊഫൈലില്‍ കൊടുത്തിട്ടുണ്ട്. ഒരു വര്‍ഷത്തോളമായി ബ്ലോഗിംഗ് ചെയ്യുന്നു. ഇതു മാത്രമല്ല പണി. പാചകവുമല്ല. ബാങ്ക് ജീവനക്കാരിയാണ്. രണ്ടു വയസ്സുകാരി മകളുണ്ട്. ഓഫീസിലെത്താന്‍ ബസ്സില്‍ 20 മിനിറ്റും നടന്ന് 5 മിനിറ്റും വേണം. തിരിച്ചും. മോളെ Day-care ല്‍ ആക്കണം. പത്രമാസികകളില്‍ വല്ലപ്പോഴും എഴുതാറുണ്ട്. പാചകം, അലക്കല്‍, വീട്ടുപണി, എല്ലാമുണ്ട്. എന്നാലും ഞാനൊരു ബ്ലോഗറാണ്.
ബ്ലോഗുവായനയുമുണ്ട്. പ്രതികരിക്കാന്‍ തോന്നാറുണ്ട്. നേരം കുറവായതുകൊണ്ട് വല്ലപ്പോഴുമാണ് പ്രതികരണം.
പേരു വെളുപ്പെടുത്തിയതു കൊണ്ട് നേട്ടമോ കോട്ടമോ സംഭവിച്ചിട്ടില്ല.
എന്റെ ഭര്‍ത്താവ് ഒരു മാസത്തോളമായി ബ്ലോഗറാണ്. ആദ്യം ഞാന്‍ സഹായിച്ചും ഇപ്പോള്‍ തനിച്ചും പോസ്‌റ്റുകള്‍ തയ്യാറാക്കുന്നു.
ഇത്രയും എഴുതിയത് ചുമ്മതിരുന്ന് ബ്ലോഗുകയല്ല വേറേം പണിയുടെ ഇടയ്‌ക്കുകൂടി ചെയ്യുന്നതാണെന്നാണ്.
നന്ദി .
ഇഞ്ചീ,
ബ്ലൊഗിന്റെ തുടക്കം കണ്ട് ഞെട്ടിപ്പോയി, 'ഇഞ്ചി'വന്നു് കടിച്ചപോലായി. വായിച്ചു കഴിഞ്ഞപ്പോള്‍ സമാധാനമായി.
ഇനി കാര്യം -- ബ്ലോഗിങ് ചെയ്യാത്തതു പ്രധാനമായും നന്നായി എഴുതാനറിയാത്തതുകൊണ്ടുതന്നെ. വായന തന്നെ നടക്കുന്നില്ല ശരിക്കു്. പിന്നെ, സമയക്കുറവു്. ജോലി 'വീട്ടിലെ പണി' മാത്രം ആയതുകൊണ്ടാണ്‍ സമയം കിട്ടാത്തതെന്നു തൊന്നുന്നു. ആ പണിക്കു് ഞാന്‍ തന്നെയാ നല്ലതു, സിബുനേക്കാളും. അതുകൊണ്ട് അതു സ്വയം ഏറ്റെടുത്തുവെന്നു മാത്രം. ജോലി ഒരു ഓഫീസിലൊക്കെ ആയിരുന്നുവെങ്കില്‍ നിങ്ങടെയൊക്കെപ്പോലെ കുറേ കുറേ സമയം കിട്ടിയേനെ എന്നും ആലോചിക്കാറുണ്ട്. 'ഒരു കമന്റെങ്കിലും ഇട്ടൂടെ' എന്നു ചോദിച്ചാല്‍ അതു കാര്യം. അതിനു ഒരു ഒരു..മടി. ആ തെറ്റു സമ്മതിയ്ക്കുന്നു. പലപ്പോഴും വായിച്ചു വരുമ്പൊഴേയ്ക്കും ഒരു കാലമായിട്ടുണ്ടാകും. അതുകൊണ്ടാണു കമന്റിടാന്‍ മടിക്കുന്നതു്. പിന്നെ, ഇതു ബ്ലോഗിലെ എന്റെ ആദ്യത്തെ കമന്റൊന്നും അല്ല. എനിക്കത്യാവശ്യമായി തോന്നുമ്പോഴൊക്കെ ചെയ്യാറുമുണ്ട്. അതു ‘എപ്പൊ, എവിടെ, എന്നു്’ എന്നൊക്കെ ചോദിക്കരുതു്, പറയാന്‍ ഉദ്ദേശവുമില്ല കേട്ടോ.
ഇനിയൊരു കാര്യം ചോദിക്കട്ടേ, ഇഞ്ചീടെ വീട്ടില്‍ എല്ലാരും ബ്ലോഗില്‍ ആക്റ്റീവാണോ? എനിക്കറിയണ്ട, ചോദിച്ചുവെന്നേയുള്ളൂ.
ദീപ.
ഇഞ്ചി,
ഉന്തി മരം കേറ്റിയാല്‍ നെഞ്ചൊരയും എന്നൊരു ചൊല്ലുണ്ട് മലയാളത്തില്‍.
എന്റെ ഭാര്യയ്ക്ക് പാടാനറിയാം, അത്യാവശ്യം ഡാന്‍സു കളിക്കും, ചിത്രം വരയ്ക്കും, വയലിന്‍ പഠിച്ചിട്ടുണ്ട്, കരകൌശല വസ്തുക്കള്‍ ഉണ്ടാക്കും..(ഇതൊക്കെ ബ്ലോഗിന്റെ പരിധിക്കു പുറത്തുള്ള കഴിവുകള്‍.) പക്ഷെ എഴുത്തില്‍ തീരെ താത്പര്യമില്ല. പരീക്ഷയല്ലാതെ ഒന്നും എഴുതിയിട്ടുമില്ല. ഇനി ഇഞ്ചി പറഞ്ഞതു പോലെ ഞാന്‍ ‘തല്ലി‘ ബ്ലോഗ് ചെയ്യിക്കണോ..?
ഓരൊരുത്തര്‍ക്ക് ഓരൊ താത്പര്യങ്ങളല്ലേ..
ഞാനൊരു മെയില്‍ ഷോവനിസ്റ്റ് അല്ല. വിവാഹത്തോടെ ഭാര്യയുടെ സര്‍നെയിം പോലും മാറ്റിയില്ല. പറഞ്ഞു വരുന്നത് ഇത് അധികാരത്തിന്റെ പ്രശ്നമല്ലെന്നാണ്..
പോസ്റ്റിന്റെ ഉദ്ദേശ്യത്തെ മാനിക്കുന്നു. കൂടുതല്‍ സ്ത്രീകള്‍ ബ്ലോഗിലേക്ക് വരേണ്ടതുണ്ട്. (പക്ഷെ ധ്വനി മാറിപ്പോയി.)
അനോണി ചോദിച്ചതു പോലെ ഇഞ്ചിയുടെ ഭര്‍ത്താവും (വിവാഹിതയാണെങ്കില്‍) ബ്ലോഗറാണോ?
എന്നോടു പറയണ്ട...സ്വയം ആലോചിച്ചാല്‍ മതി..
ദീപ (പോസ്റ്റിലെ ആദ്യത്തെ ലിങ്കിലെ ദീപയാണെന്ന് കരുതുകയാണ്)
അങ്ങിനെയൊരു സ്വാതന്ത്ര്യം എടുത്തത് സിബുവുമായി സംസാരിക്കാറുള്ളതുകൊണ്ടാണ്. ദയവായി തെറ്റിദ്ധരിക്കരുത്. കമന്റിട്ടോയെന്നൊക്കെ ചോദിക്കുന്നത് ആ ഒരു ഉദാഹരണം പോലെയാണ്. ഒട്ടും വ്യക്തിപരമായി അല്ല.
ദീപയ്ക്കും റോബിയ്ക്കും,
ദീപയോ അല്ലെങ്കില്‍ പോസ്റ്റില്‍ ഉദാഹരിച്ച അഗ്രജന്റെ ഭാര്യയോ അല്ലെങ്കില്‍ മറ്റൊരാളെയോ പ്രത്യേകമായി ഒരാളേയോ അല്ല ഉദ്ദേശിച്ചത്.
ഒരാള്‍ ബ്ലോഗ് ചെയ്യുന്നോ എന്നുള്ളതൊക്കെ തികച്ചും വ്യക്തിപരമായ കാര്യമാണ്. അത്രയും പാഷന്‍ ഉണ്ടേങ്കിലേ ബ്ലോഗ് ചെയ്യാവുള്ളൂയെന്ന് തന്നെ ഞാന്‍ പറയുള്ളൂ. അല്ലാതെ വെറുതെ ബ്ലോഗ് എന്ന പേരില്‍ ബ്ലോഗ് തുടങ്ങുകയും അതിനു വേണ്ടി പാഷന്‍ ഇല്ലതെയും വെറുതെ തുടങ്ങുന്നത് അര്‍ത്ഥമില്ല. എല്ലാവര്‍ക്കും എല്ലാം ചെയ്യാന്‍ പറ്റില്ല. അല്ലെങ്കില്‍ നേരം കിട്ടില്ല. ഞാന്‍ ഡോക്ടറാണെങ്കില്‍ എനിക്ക് കമ്പ്യൂട്ടറിന്റെ മുന്നേ ഇരിക്കാന്‍ നേരം കിട്ടില്ല. കമ്പ്യൂട്ടറിന്റെ മുന്നേ ഇരിക്കുന്ന ജോലിയായതുകൊണ്ട് മാത്രമാണ് ഇതിനു നേരം കിട്ടുന്നത് എന്ന് വ്യക്തം.
ഇതുമല്ല കമ്പ്യൂട്ടറിന്റെ മുന്‍പേ ഇരുന്നാലും ഇങ്ങിനെയൊരു പാഷന്‍ ഇല്ലെങ്കില്‍ അതൊരു പക്കാ ടൈംവേസ്റ്റാണ്.
അതൊന്നുമല്ല ഇവിടെ ഉദ്ദേശിച്ചത് തന്നെ. ഉദാഹരണം കാണിക്കുന്നത് തതുല്യമായ സ്ത്രീ സാന്നിധ്യം ഇല്ല്യായെന്നേയുള്ളൂ. അത് വലിയൊരു കുറവാണ് മലയാളം ബ്ലോഗില്‍. മലയാളി ബ്ലോഗേര്‍സില്‍ (ഇംഗ്ലീഷില്‍ പോലും) മാത്രം അങ്ങിനെയെന്താണ് കാണുന്നതെന്ന് എത്രയാലോചിച്ചിട്ടും മനസ്സിലായില്ല്യ. മാത്രമല്ല ബ്ലോഗ് വായിക്കുന്ന സ്ത്രീകള്‍ ഒരുപാട് ഉണ്ടെന്ന് തോന്നിയിട്ടുണ്ട്, പറ്റുമെങ്കില്‍ അവര്‍ക്ക് ഇന്‍സ്പിരേഷന്‍ കിട്ടട്ടേയെന്നാണ് കരുതുന്നത്.
ആരെങ്കിലും ബ്ലോഗണോ എന്നൊക്കെ മടിച്ചു നില്‍ക്കുകയാണെങ്കില്‍ കടന്നു വരട്ടേയെന്ന് കരുതുന്നതാണ്. അല്ലാതെ ഇപ്പോള്‍ റോബിയുടെ ഭാര്യ വരണമെന്നോ എല്ലാവരും സകുടുംബടക്കം ബ്ലോഗണമെന്നോയല്ല പോസ്റ്റിന്റെ ഉദ്ദേശ്യം തന്നെ. ബ്ലോഗ് വായിച്ചിട്ടും റെഗുലറായിട്ടും മൌനമായി ഇരിക്കരുത് എന്നാണ് പോസ്റ്റിന്റെ ഉദ്ദേശ്യം.
ഉദാഹരണം വെച്ച് ചൂണ്ടിക്കാണിച്ചത് ആളുകള്‍ക്ക് കൂടുതല്‍ മനസ്സിലാവാനായിരുന്നു. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ബ്ലോഗ് വായിക്കുന്ന
സ്ത്രീകളുണ്ടെങ്കില്‍ കടന്ന് വരട്ടേയെന്ന് കരുതി.
എന്നിട്ടും അജിതയും മയിലമ്മയും ബ്ലോഗാന്‍ ആണോ ഉദ്ദേശിച്ചേ എന്ന് കമന്റുകളില്‍ ചോദിക്കുന്നു. അതുകൊണ്ടാണ് ഉദാഹരിക്കാന്‍ ശ്രമിച്ചത്. (അത് പരാജയമായി എന്ന് ഡാലി തന്നെ പറഞ്ഞു.)
ഇനി എന്റെ കാര്യമാണെങ്കില്‍, ഭര്‍ത്താവ് ബ്ലോഗാറ് പോയിട്ട് ഇന്റര്‍നെറ്റില്‍ ഒന്നും വായിക്കാറു കൂടിയില്ല്ല. ഇപ്പോഴും പ്രിന്റ് മീഡിയകളും മാഗസിനും മാത്രമാണ് വായന. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ ഇഷ്ടമാണ്. എല്ലാം എല്ലാവരുടേം വ്യക്തിപരമായ ഇഷ്ടമാണെന്നാണെങ്കിലും എവിടെയെങ്കിലും ഒരു ഇന്‍ബാലന്‍സ് തോന്നുന്നെങ്കില്‍ അത് ചൂണ്ടിക്കാണിക്കേണ്ടുതുണ്ടല്ലോ?
ധ്വനി മാറിപ്പോയെന്നു തോന്നിയെങ്കില്‍ പ്രത്യേകിച്ചു ദീപയോട് അതിനു ക്ഷമ ചോദിക്കുന്നു.
പറഞ്ഞാല്‍ ലിങ്കും പോസ്റ്റിന്റെ ആദ്യഭാഗ്യവും മാറ്റാം.
പണ്ടുമുതലേ ഇഞ്ചി ബ്ലോഗില്‍ ഇത്തരം ഫെമിനിസ്റ്റ് ചിന്തകള്‍ കൊണ്ടുവരാറുണ്ട്. ഇതേ വിഷയം പല കഥകളിലൂടെ പറയുകയും അന്നും ഇത്തരം വാഗ്വാദങ്ങള്‍ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. പൊതുവേ പറയട്ടെ സ്ത്രീകള്‍ ഇന്റര്‍നെറ്റില്‍ അല്പം രഹസ്യ സ്വഭാവക്കാരാണ് . ഇന്നത്തെ സമൂഹം കല്‍പ്പിക്കുന്ന സഭ്യതകൊണ്ടൊന്നുമല്ല. ഒരുതരം അരക്ഷിതത്ത്വം പല മീഡിയയിലൂടെയും ഉണ്ടായിട്ടുണ്ട്.ഓര്‍ക്കുട്ടില്‍ ഐഡന്റിറ്റി വെളിപ്പെടുത്തിയ പലരും പല ആക്ഷേപങ്ങള്‍ക്കും ഇരയായിട്ടുണ്ട്. അതുകൊണ്ടാകാം പൊതുവേ ഈ താല്പര്യക്കുറവ്. നെറ്റിലൂടെയുള്ള പബ്ലിസിറ്റിയ്ക്ക് ആരും വില കല്‍പ്പിക്കുന്നുമില്ലായിരിക്കാം. ഇഞ്ചി ഒരു വിവാഹിതയായ സ്ത്രീയായിരുന്നില്ലെങ്കില്‍ ഒരു പക്ഷേ ബ്ലോഗുതന്നെയുണ്ടാവുകയില്ല. ഈ ഇഞ്ചി ഇങ്ങനെ ഇഞ്ചിയായി തുടരുന്നതുകൊണ്ടുമാവാം അത്.ഐഡന്റിറ്റി വെളിപ്പെടുത്തേണ്ട ആവശ്യം ഒരു ബ്ലോഗര്‍ക്കുമില്ല. ഇത് വാക്കുകള്‍ക്കൊണ്ട് സംവേദിക്കുന്ന ഒരു സമൂഹം മാത്രമാണ്. അതിലുപരി ഒരു ബന്ധത്തിന്റേയും ആവശ്യവുമതിനുണ്ടെന്ന് തോന്നുന്നുമില്ല.
ഓഫ്: ഒരുപാട് നാളയല്ലോ പരസ്പരം ബ്ലോഗില്‍ മാഷേ കണ്ടിട്ട്. സന്തോഷം തോന്നുന്നു.
പരസ്പരമേ,
ഈ പോസ്റ്റ് ഒരു ഫെമിനിസ്റ്റ് പ്രക്ഷേപമല്ലെന്ന് തോന്നുന്നു. മറിച്ചു ആക്റ്റിവിസത്തിനെ കുറിച്ചുള്ളതാണ്, രാഷ്ട്രീയപരമായുള്ള ജാഗ്രതയാണ് ലേഖിക ആവശ്യപ്പെടുന്നതെന്ന് വായിക്കുവാനേ എനിക്കു കഴിയുന്നുള്ളൂ. ഈ ജാഗ്രത ആണും പെണ്ണും കാണിക്കേണ്ടതുണ്ട്, ബ്ലോഗ് അതിനായുള്ള ഏറ്റവും ലളിതമായ പ്രദര്‍ശനോപാധിയാണെന്നും തോന്നുന്നു.
മയിലമ്മയുടേയും അജിതയുടേയും ബ്ലോഗുകള്‍ക്കു വേണ്ടി കാത്തിരിക്കേണ്ടതില്ല, തെരുവില്‍ മാത്രമാണ് വിപ്ലവമെങ്കില്‍ മാധ്യമങ്ങള്‍ ഉണ്ടാവുമായിരുന്നില്ല, കല എന്നൊന്നിനു രാഷ്ട്രീയമേ ഉണ്ടാവുമായിരുന്നില്ല. ബ്ലോഗ് താഴേക്കിടയില്‍ എത്തുന്നുണ്ടാവില്ല, കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ വളരെ ചെറിയ ശതമാനമായിരിക്കാം, എന്നാലും ഉറക്കെപ്പറയുന്ന ഒരു ശബ്ദം ആരാലും കേള്‍ക്കാതെ പോകുന്നത്ര പ്രേക്ഷകദാരിദ്യം ബ്ലോഗുകള്‍ക്കില്ല. സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ കേന്ദ്രങ്ങളെ നേരിട്ടു സ്വാധീനിക്കുവാന്‍ ആദ്യകാലത്തു ഒരു പക്ഷെ ബ്ലോഗുകള്‍ക്കു കഴിഞ്ഞെന്നു വരില്ല, ഈ കേന്ദ്രങ്ങളെ സ്വാധീനിക്കുന്നതായ പരമ്പരാഗത മാധ്യമങ്ങളിലേയ്ക്കു ബ്ലോഗുകളിലെ ശബ്ദം എത്തുന്നുണ്ട്, ചെറുതല്ലാത്ത ഒരു സംഘം മാധ്യമപ്രവര്‍ത്തകര്‍ ബ്ലോഗുകളെ കാര്യമായി എടുക്കുന്നുമുണ്ടു്. അതല്ലാതെ മൃഗശാലയില്‍ ആന ഒട്ടകത്തിനെ പ്രസവിച്ചതിന്റെ ചന്തം കാണുന്ന പോലെയാണ് മുഖ്യധാരാമാധ്യമങ്ങളില്‍ ബ്ലോഗ് എന്ന് പ്രിന്റ് ചെയ്തുവരുന്ന ഓരോ വാക്കുമെന്നും ആരെങ്കിലും കരുതിയെങ്കില്‍ അവര്‍ക്ക് orkut.com നു പകരം തെറ്റായി അടിച്ച യൂആര്‍ഐ മാത്രമാണ് ബ്ലോഗ്. ടീവിയിലും പത്രത്തിലും ബ്ലോഗ് എന്ന് കേള്‍ക്കുമ്പോഴും വായിക്കുമ്പോഴും പുത്തനുടുപ്പു കിട്ടിയ പൊട്ടിക്കുട്ടികളെ പോലെ ആടിക്കളിക്കുന്നവര്‍ക്കു ബ്ലോഗിനെ കുറിച്ചു ഒന്നുമറിയില്ല, ഒരു മാധ്യമം എന്ന നിലയില്‍ അതിനെ ഉപയോഗിക്കാനുമറിയില്ല എന്നു വേണം കരുതുവാന്‍.
ഇഞ്ചിയുടെ പോസ്റ്റ് വായിച്ചപ്പോഴാണ് ഞാന്‍ ഇതുവരെ ശ്രദ്ധിക്കാതിരുന്ന ഒരു കാര്യം ശ്രദ്ധിച്ചത്!
എന്റെ കുടുംബത്തില്‍ അധികം പേരും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉള്ളവരാണ് എന്നത്! എന്നുവെച്ചാല്‍ വീട്ടില്‍ത്തന്നെ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉള്ളവര്‍. ഇഷ്ടം പോലെ കാര്യങ്ങളും അറിവുകളും അനുഭവങ്ങളും പങ്കുവെക്കാന്‍ ഉള്ളവര്‍. ഞാന്‍ ബ്ലോഗ് എഴുതുന്നു എന്നല്ലാതെ, അവരില്‍ ചിലര്‍ ഇടയ്ക്ക് വായിക്കുന്നു എന്നല്ലാതെ ചിലരൊന്നും അതിനൊരു പ്രത്യേകതയും കല്‍പ്പിച്ചിട്ടില്ല. ചിലര്‍ ബ്ലോഗ് കണ്ടിട്ടുണ്ടോ എന്നുപോലും ഞാന്‍ ചോദിച്ചില്ല. വിദ്യാഭ്യാസത്തിന്റേയോ അറിവിന്റേയോ കുറവും അവര്‍ക്കൊന്നുമില്ല. ചിലര്‍ നല്ല ജോലിയുള്ളവര്‍. എന്നിട്ടും അവരെന്തുകൊണ്ട് ബ്ലോഗുകളെ കാര്യമായി എടുക്കുന്നില്ല, അവരുടെ സ്വരം ബ്ലോഗിലൂടെ കേള്‍പ്പിക്കുന്നില്ല, അവരുടെ അഭിപ്രായം കമന്റായിട്ടു പറയുന്നില്ല എന്നുചോദിച്ചാല്‍ സത്യമായിട്ടും എനിക്കറിയില്ല.
അവരുടെയൊന്നും സ്വരം അടിച്ചമര്‍ത്താന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നില്ല. എന്നിട്ടും അവര്‍ക്കിതൊന്നും വേണമെന്നില്ല. ബ്ലോഗുകളെക്കുറിച്ച് പത്രത്തിലും മാസികയിലും വരുന്നത് വായിക്കുമായിരിക്കും. തീര്‍ന്നു. ഇനിയിപ്പോ ബ്ലോഗെന്നാല്‍ വെറും കഥകളും കവിതകളും മാത്രമാണെന്നും അതില്‍ താല്പര്യം ഇല്ല എന്നതുകൊണ്ടും ആവുമോ?
എന്ത് അഭിപ്രായം എന്ന് വേണമെങ്കില്‍ അവരെന്നോട് ചോദിക്കും. അല്ലെങ്കില്‍ ഇതിനൊക്കെ സമയം എവിടെ എന്നു ചോദിക്കുമായിരിക്കും. ജോലി കഴിഞ്ഞ് സമയമില്ല എന്ന് വെറുതേ പറഞ്ഞൊഴിയുമായിരിക്കും. അതുകൊണ്ടുതന്നെ അവരോടൊക്കെ നിങ്ങള്‍ക്ക് പ്രതികരിച്ചൂടേ എന്നൊന്നും ചോദിക്കാന്‍ ഞാന്‍ പോകാത്തതായിരിക്കും എന്റെ തടിയ്ക്ക് നല്ലത്. ;)സോഫ്റ്റ് വെയര്‍ പ്രോഗ്രാമിംഗ് കമ്പനിയുള്ള ഒരാളുടെ അമ്മയോട് ഞാന്‍ ചോദിച്ചു അമ്മയെന്തുകൊണ്ട് ബ്ലോഗുന്നില്ല? ജോലികഴിഞ്ഞിട്ട് നേരമില്ല, അതുകഴിഞ്ഞാല്‍ സുഡോക്കു ചെയ്യാനേ നേരമുള്ളൂ. (ബുഹഹഹഹ!) അല്ലെങ്കില്‍ വേണ്ട, കമ്പ്യുട്ടര്‍ ഈ വീട്ടില്‍ ഇല്ലല്ലോ എന്നൊരു കാരണം പോരേ എന്ന്! എന്നുവെച്ചാല്‍ ഇതിനെയാണ് പറഞ്ഞൊഴിയല്‍ എന്നുപറയുന്നത്. ബാക്കിയുള്ളവരേയും ഫോണില്‍ വിളിച്ച് ചോദിക്കാം, പക്ഷെ ഇതില്‍ക്കൂടുതല്‍ വല്യ അഭിപ്രായമൊന്നും കേള്‍ക്കാന്‍ സാധ്യതയില്ല. ഞാനിവരെയൊക്കെ സ്ത്രീശക്തിയെക്കുറിച്ച് ഉദ്ബോധിപ്പിക്കണോ അതോ മിണ്ടാണ്ട് എന്റെ ബ്ലോഗും നോക്കി ഇരിക്കണോ? അല്ലെങ്കില്‍പ്പിന്നെ എനിക്ക് ചെയ്യാന്‍ കഴിയുന്നത് ബ്ലോഗെന്നാല്‍ ജീവിതത്തിന്റെ എല്ലാ മേഖലയിലും ഉള്ളവരുടെ ആശയങ്ങളും അഭിപ്രായങ്ങളും അനുഭവങ്ങളും പങ്കുവെക്കലാണെന്നും നിങ്ങള്‍ക്കും ആവുന്നതുപോലെ ചെയ്യാമെന്ന് പറഞ്ഞുകൊടുക്കലും ആണ്. അത് ഞാന്‍ ചെയ്ത് നോക്കാം.
നല്ലൊരു പോസ്റ്റ്, ഇഞ്ചീ.. കാണാന്‍ വൈകി. വീട്ടിലെ പണി, മകള്‍ക്ക് ചുമ, പനി.. തിരക്കോട് തിരക്ക്.
എല്ലാം കൂടി കൂട്ടിച്ചേര്‍ത്ത് വായിച്ചപ്പോഴാണ്, ഏകദേശം കാര്യം പിടികിട്ടിയത്. :)
കമ്പ്യൂട്ടറുള്ള എന്റെ കൂട്ടുകാരികളോടൊക്കെ ബ്ലോഗ്ഗിങ്ങിനെ കുറിച്ച് പറയാറുണ്ട്. പക്ഷെ, അവര്‍ക്കൊന്നും താല്പര്യം കണ്ടിട്ടില്ല, എന്നു മാത്രമല്ല അതിനോട് മേല്പറഞ്ഞ രീതിയിലുള്ള ഒരു അവഗണനയും കാണാറുണ്ട്. ഒരു “അടിച്ചേല്‍പ്പിയ്ക്ക്കലില്ലാതെ” പതുക്കെ മാത്രമേ ആ തെറ്റീദ്ധാരണകള്‍ മാറ്റാനാവൂ എന്നു തോന്നിയതുകൊണ്ട്, കൂടുതല്‍ ഇതിനെ കുറിച്ച് മനഃപൂര്‍വം ഷെയര്‍ ചെയ്യാറില്ല. പക്ഷെ ഇവര്‍ക്കൊക്കെ രാഷ്ട്രീയമായും, സാമൂഹികമായുമുള്ള അഭിപ്രായങ്ങളും കാഴ്ചപ്പാടുള്ളവരുമാണ്, ഒരുപക്ഷേ ബ്ലോഗ് ചെയ്യുന്ന എന്നേക്കാള്‍ കൂടുതല്‍. :)
എന്റെ ബ്ലോഗ്ഗിംഗ് ഒരു ഡയലപ്പില്‍ നിന്നുകൊണ്ടാണ്. എന്റെ ഭര്‍ത്താവും കൂടി ഉത്സാഹിച്ച് ഒരു സ്പീഡ് കണക്ഷനുവേണ്ടി ശ്രമിച്ചിരുന്നു, പക്ഷേ ഇവിടേയ്ക്ക് കണക്ഷന്‍ കിട്ടാന്‍ എന്തൊക്കെയോ പ്രശ്നങ്ങള്‍. എന്റെ മനസ്സിന്റെ ‘expressions‘ എന്ന നിലയ്ക്ക്, അദ്ദേഹത്തിനും ഞാന്‍ ബ്ലോഗ് തുടങ്ങിയതില്‍ സന്തോഷമേയുള്ളു.
ഒരു തുറന്നെഴുത്തിന്, ഞാനും തുനിഞ്ഞിട്ടില്ല എന്നത് സത്യമാണ്. സമയക്കുറവു തന്നെയാണ് കാരണം. എന്നാല്‍ വേണമെന്ന് തോന്നുന്നിടത്ത് ഒരഭിപ്രായം പറയാന്‍ ശ്രമിയ്ക്കാറുണ്ട്,(വിരളമായി) മിണ്ടാതെയിരിയ്ക്കുക എന്നത് എന്നോട് തന്നെ ഞാന്‍ ചെയ്യുന്ന ഒരു “ഇത്’ ആണെന്നതു കൊണ്ട്. എന്നിട്ടും ചിലപ്പോള്‍ ഒന്നും പറയേണ്ടിയിരുന്നില്ല, എന്നു തോന്നിയിട്ടുള്ള സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്; അതെന്റെ ഒരു പ്രശ്നം മാത്രം എന്നും തോന്നുന്നു. ഒരു തരം സേഫ് മോഡിലൂടെ മാത്രം സഞ്ചരിയ്ക്കാനുള്ള ടെന്‍ഡന്‍സി, ശീലിച്ചു വന്ന ടെന്‍ഡന്‍സി കൂടിയും. കുറേപേര്‍ക്കെങ്കിലും സംഭവിയ്ക്ക്കുന്നത് ഇതുതന്നെയാവുമെന്ന് തോന്നുന്നു.
ഏതായാലും ഈയിടെയായി എന്തൊക്കെയോ ചിലത് മനസ്സിലാക്കുന്നുണ്ട്, ബ്ലോഗ്ഗിംഗിന്റെ പ്രസക്തിയെ കുറിച്ച്. ഇതു പോലെ എന്തെങ്കിലും പറയാന്‍ പറ്റുന്നതിലും സന്തോഷമേയുള്ളു.
ഇടിവാള്‍ എന്ന എന്റെ ബ്ലോഗിന്റെ പേര് , ദേ ഈ നിമിഷം മുതല്‍ “ഇടിവാളീ” അല്ലെങ്കില്‍ ഇടിവാളത്തി എന്നാക്കിയ വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു
എന്തേ, പെണ്ണുങ്ങള്‍ക്കു മാത്രേ ഫെമിനിസം പറ്റൂ?
;)
ഇത്തിരി സംശയം ഇഞ്ചീ....(ഈ ഇഞ്ചി എന്ന പേരിന്നു ഒരു ഭംഗിയുമില്ല. അഭിപ്രായം മാത്രം.)
മറ്റു രാജ്യക്കാരെ അപേക്ഷിച്ച് മലയാളത്തില്‍ ബ്ലോഗെഴുതുന്ന പെണ്ണുങ്ങളുടെ എണ്ണം കുറവാണ് എന്നതിന്റെ റഫറന്‍സ് എന്താണ്? തല്ലു കൂടാനൊന്നുമല്ല കേട്ടോ..കാരണമെന്താച്ചാ ഇതിലൊരു കുഴക്കുന്ന പ്രശ്നമുണ്ട്.അതങ്ങനെയാണെങ്കില്‍. അല്ലെങ്കില്‍ ഈ പ്രശ്നത്തെ വിശദീകരിക്കാന്‍ എളുപ്പമാണ്. അങ്ങനെയാണെങ്കില്‍ തന്നെ ഏത് രാജ്യമെന്നുകൂടെപ്പറയൂ..അമേരിക്കയാണോ എന്നത് കൃത്യമായും അറിയണം. വെസ്റ്റേണ്‍ യൂറോപ്പിലെ ശതമാനക്കണക്കറിയുമോ?
ഇത് വായിച്ച് ഞാനിത്തിരി കുഴങ്ങി. അതില്‍നിന്ന് ഒരു മോചനം. അതാണ് ലക്ഷ്യം.
ഇടിവാളേ, അത് അറിയില്ല്യേ? ഫെമിനിസം എന്ന് പറയുന്നത് പെണ്ണുങ്ങള്‍ക്ക് മാത്രമുള്ളതല്ല. അതൊരു കോണ്‍സെപ്റ്റ് മാത്രാണ്. എല്ലാ പെണ്ണുങ്ങളും ഫെമിസ്റ്റുകളല്ല, ചില പെണ്ണുങ്ങളേക്കാള്‍ നല്ല ഫെമിനിസ്റ്റുകള്‍ ആണുങ്ങളാണ്. ഒരു സ്ത്രീയെ തുല്യസ്ഥാനത്ത് കാണുന്നത് മാത്രമാണ് ഫെമിനിസം. അത് അങ്ങിനെ വേണം എന്ന് കൂടുതല്‍ ഉച്ചത്തില്‍ പറയുന്നത് ചിലപ്പോ സ്ത്രീകളാവും എന്നേയുള്ളൂ. അതുകൊണ്ട് സ്ത്രീകള്‍ മാത്രമാണ് ഫെമിനിസ്റ്റുകള്‍ എന്ന് ധാരണ വരുന്നത്.
പ്രോഫറ്റേ :) ഇഞ്ചി എന്ന പേരിനു പോലും രസം പ്രോഫറ്റേ എന്ന് മലയാളത്തില്‍ എഴുതുമ്പോള്‍. :)
രാജ്യക്കരെന്നല്ല. ഇതര ഭാഷകളില്‍ സ്ത്രീകള്‍ ബ്ലോഗുകളില്‍ 40-50% എന്ന് കണക്കുകള്‍ പല തവണ അവിടേയും ഇവിടേയും വായിച്ചിട്ടുണ്ട്. ഇതൊക്കെ വായിക്കുമ്പോള്‍ റെഫറന്‍സ് എടുത്ത് വെച്ചിരുന്നതാണ്, ഇതെഴുതിയ സമയത്ത് അതൊക്കെ ലിങ്ക് കൊടുക്കാന്‍ പോയപ്പോഴാണ് അതൊക്കെ മറ്റൊരു പിസിയിലാണ് വെച്ചിരിരുന്നേ എന്ന നടുക്കുന്ന സത്യം മനസ്സിലായത്. എങ്കിലും ഞാന്‍ തപ്പിയെടുത്ത് തരാം.
പക്ഷെ മലയാളം ബ്ലോഗില്‍ വെറുതേ ഒന്ന് കണ്ണോടിച്ച് നോക്കിയാല്‍ പോലും ആണുങ്ങള്‍ ബ്ലോഗേര്‍സിന്റെ പത്ത് ഇരുപതോ ശതമാനമേ സ്ത്രീകള്‍ വരുന്നുള്ളൂ. ഇത് മലയാളി സ്ത്രീകള്‍ ഇംഗ്ലീഷ് ഫുഡ് ബ്ലോഗുകളിലും വിരലിലെണ്ണാവുന്നവരേയുള്ളൂ. അതൊരു നടുക്കുന്ന സത്യമാണ്. (രണ്ട് പേര്‍ വ്യക്തിപരമായി ഒന്നും പരാമര്‍ശിക്കാതെ സംസാരിക്കുന്നത് ഒരിക്കലും തല്ലുകൂടല്ലല്ല എന്റെ ലിസ്റ്റില്‍. അതുകൊണ്ട് ധൈര്യമായി ചോദിച്ചോളൂ.)
Inchee, Oru blogini ye ente care ofil tharunnu. venda guidance kodukkoo.
http://gija-ormakal.blogspot.com/2007/07/it-takes-3-seconds-to-say-u-r-my-true.html
അവളവള്‍ എന്ന വാക്ക് മലയാളത്തിലുണ്ടോ?
സ്ത്രീകള്‍ അവനവന്റെ കാര്യം നോക്കി നടക്കണം എനല്ലേ പറയാറ്?
പിന്നെ പോസ്റ്റിനുള്ള കമന്റുകള്‍ ഇപ്പഴാ വായ്യിച്ചത്. ഈ പോസ്റ്റ് ബ്ലോഗില്‍ ഫീമെയില്‍ ആക്റ്റിവിസത്തിനുള്ള ആഹ്വാനമാണോ ഫെമിനിസമാണോ എന്നു ചോദിച്ചാല്‍ (വ്യക്തിപരമായി) രണ്ടാമത്തേതായേ എനിക്കു തോന്നിയുള്ളൂ.
പീന്നെ, ഫെമിനിസം എന്നത് സ്ത്രീകള്‍ക്കു മാത്രമല്ല എന്ന സത്യം ഈയിടക്കാ മനസ്സിലായത് ` ദേ ഈ ബ്ലോഗു കണ്ട ശേഷം ;)
ആ വലതു വശത്ത് തൂക്കിയിരിക്കുന്ന ബ്ലോഗുകളുടെ ലിസ്റ്റൊന്നു നോക്ക്യേ.. മനസ്സിനകത്ത് എന്തോ ജാഞ്ചലിപ്പ്. (കട്: ആര്‍ക്കോ)
ഇഞ്ചി പറഞ്ഞ ഒരു കാര്യം ഞാനും ശ്രദ്ധിച്ചിരുന്നു, കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരുടെ കണക്കെടുത്താല്‍ പോലും അനൂപാതികമായ സ്ത്രീ സാന്നിദ്ധ്യം ബ്ലോഗില്‍ ഇല്ല എന്നതു...,ഞാന്‍ വിചാരിച്ചതു മലയാളി പെണ്‍സാന്നിദ്ധ്യം ഇംഗ്ലീഷ് ബ്ലൊഗിലാണു എന്നായിരുന്നു..പുതിയ തലമുറയില്‍ മലയാളം വായനയും എഴുത്തുമൊക്കെ കുറയുന്നതിന്റെ ഭാഗമായാണു മലയാളം ബ്ലോഗിലും കുറയുന്നതു എന്നാണുമ്മ് .
ഇപ്പൊ എന്തു ചെയ്യാന്‍ കഴിയും ? ബ്ലൊഗിനു പുറത്തുള്ള പ്രചരണം ആണു ഒരു പ്രശനമെങ്കില്‍
ഇഞ്ചിയുടെ ഈ പോസ്റ്റ് കുറച്ചു modify ചെയ്തു ..എങ്ങനെ ബ്ലൊഗം ,വരമൊഴി ലിങ്ക് ഇത്യാദി ഒക്കെ ചേര്‍ത്തു ഒരു pdf ഉണ്ടാക്കി വനിതലോകത്തിലോ മറ്റൊ പോസ്റ്റ് ചെയ്യുകയാണെങ്കില്‍ എല്ലാവര്‍ക്കും (പുരുഷ ബ്ലോഗെര്‍സിനടക്കം ) അവര്‍ക്കറിയാവുന്നവര്‍ക്കു അയച്ചു കൊടുക്കമല്ലൊ ..ചിലരെങ്കിലും ഒക്കെ തപ്പി എടുക്കാനുള്ള മടി കാരണം തുടങ്ങാത്തവരായിരിക്കും..
നന്ദു, അങ്ങിനെ ഓരോരുത്തരെ ബേബിസിറ്റിങ്ങ് വേണോയെന്ന് എനിക്ക് ശരിക്കും അറിയില്ല്യെ?:(
ഇടിവാളേ, രണ്ടാമത്തേതാണെങ്കിലും എന്താ? ഫെമിനിസം തെറ്റാണോ? സ്ത്രീകള്‍ക്ക് വോട്ടവകാശം കിട്ടിയത് ഫെമിനിസം കാരണമാണല്ലോ? അപ്പോള്‍ അത് നല്ലതല്ല്ലേ? എന്തിനും ഏതിനും പെണ്ണുങ്ങള്‍ പ്രതികരിച്ചാല്‍ ഫെമിനിസം എന്ന് കളിയാക്കി കളിയക്കിയാവും ഇടിവാളിനെപ്പോലുള്ളവര്‍ അതെന്തോ മോശം വാക്ക് പോലെ കാണുന്നത്. എന്തായാലും അതിനെക്കുറിച്ച് പിന്നീടൊരിക്കല്‍ വിശദമായൊരു പോസ്റ്റിടുന്നുണ്ട്.
പ്രിയേച്ചി
ഇല്ല, ബ്ലോഗിനു പുറത്തൊരു പ്രചരണം ആവശ്യമില്ല എന്ന് തന്ന്യാണ് എന്റെ പക്ഷം. അല്ലെങ്കില്‍ ഇന്റര്‍നെറ്റിനു പുറത്ത്. ഇന്റര്‍നെറ്റ് ഇപ്പോള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ മാത്രം മതി കുറച്ചെങ്കിലും ഇതിന്റെ ബാലന്‍സ് കൊണ്ടുവരാന്‍. ഇന്റര്‍നെറ്റില്‍ മെയിലോ മറ്റോ ഉപയോഗിക്കുന്ന സ്ത്രീകളുണ്ടെങ്കില്‍ അവര്‍ക്ക് ഇതിന്റെ ലിങ്ക് അയച്ച് കൊടുത്താല്‍ മതി എന്ന് തോന്നുന്നു. ഇന്റെര്‍നെറ്റേ ഇതുവരെ മറ്റൊരു കാര്യത്തിനും ഉപയോഗിക്കാത്തവര്‍ ബ്ലോഗാന്‍ വരുമെന്ന് തന്നെ തോന്നുന്നില്ല.
ഈ പോസ്റ്റ് ബ്ലോഗില്‍ ഫീമെയില്‍ ആക്റ്റിവിസത്തിനുള്ള ആഹ്വാനമാണോ ഫെമിനിസമാണോ എന്നു ചോദിച്ചാല്‍ (വ്യക്തിപരമായി) രണ്ടാമത്തേതായേ എനിക്കു തോന്നിയുള്ളൂ. .
മേല്‍പ്പറഞ്ഞതില്‍ നിന്നും ഫെമിനിസം എന്നത് മോശമാണെന്നു ഞാന്‍ പറഞ്ഞതായ്യി തോന്നിയോ?? എഴുതാപ്പുറം വായിക്കരുത്. ഞാന്‍ വിചാരിക്കുന്നതാണു ശരി, അതു മാത്രമാണു ശരി എന്നുള്ള ഇഞ്ചിപ്പെണ്ണിന്റെ ധാര്‍ഷ്ട്യമാണതില്‍ കാണുന്നത്.
അതാണു നിങ്ങഡെ ഫെമിനിസം എങ്കില്‍, അതിനോറ്റ് എനിക്കു വെറും പുച്ഛമാണേയ് ;)
ഇടിവാളിനെപ്പോലുള്ളവര്‍ അതെന്തോ മോശം വാക്ക് പോലെ കാണുന്നത്.
എന്നെപ്പറ്റി മുന്വിധികളൊന്നും വേണ്ടാ ഇഞ്ചിപ്പെണ്ണേ.. കുറച്ചു ബ്ലോഗു പോസ്റ്റുകളിലൂടെ മാത്രമല്ലേ നാം തമ്മില്‍ അറിയൂ..അതുകൊണ്ട് അതു വിട്ട് പീടി.. ഇഞ്ചിപ്പെണ്ണിനെപറ്റി മുന്വിധികളോഡെ ഞാന്‍ പോസ്റ്റും കമന്റും ഒന്നും ഇട്ടിട്ടില്ലല്ലോ ;)
ഇടിവാളിന്റെ കമന്റില്‍ എനിക്കങ്ങിനെ തോന്നി. ഫീമെയില്‍ ആക്റ്റിവസം ഫെമിനിസം തന്ന്യാണ് ഇടിവാളേ. അത് കൊണ്ട് അത് രണ്ടും പിരിച്ച് എഴുതിയപ്പോള്‍ എനിക്കങ്ങ്നെ തോന്നിയതില്‍ എന്താ? ഇതില്‍ ധാര്‍ഷ്ട്ര്യം എവിടെയാ ഇടിവാളേ? ഒരാള്‍ക്ക് അങ്ങിനെ തോന്നുന്നത് ധാര്‍ഷ്ട്ര്യം അല്ലല്ലോ, തെറ്റിദ്ധാരണ അല്ലേ? അങ്ങിനെ ഉദ്ദേശിച്ചില്ല എന്ന് എഴുതിയാല്‍ തീരുന്നതല്ലേയുള്ളൂ?
ആണുങ്ങള്‍ ഫെമിസ്റ്റുകള്‍ ഉണ്ടെന്ന് ഇടിവാളിനു അറിയില്ലായിരുന്നു എന്ന് ആദ്യം പറഞ്ഞു (അതിനി തമാശയണോ എന്ന് അറിയില്ല). പിന്നെ ഫീമെയില്‍ ആക്റ്റിവിസം ഫെമിനിസം അല്ലായെന്ന് അത് പിരിച്ചെഴുതിയതില്‍ നിന്ന് തോന്നി. ഇതില്‍ മുന്‍വിധിയും ധാര്‍ഷ്ട്ര്യവും ഒന്നും തന്നെയില്ല. ഒരാള്‍ ഉപയോഗിക്കുന്നത് വെച്ച് വായിച്ചെടുക്കുന്നതാണ്.
ഇടിവാള്‍ മാത്രമല്ല, ഫെമിനിസം എന്ന വാക്ക് തന്നെ ഒത്തിരി ദുരുപയോഗപ്പെട്ടിരിക്കുന്ന വാക്കാണ്. ഇത് മുന്‍വിധിയല്ല, ചരിത്രമാണ്.
ഇടിവാളിന്റെ ആശയങ്ങളും വാക്കുകളും എന്റെ ആശയങ്ങളും വാക്കുകളും ഇവിടെയുള്ളൂ.
അല്ലാതെ ഇടിവാള്‍ എന്നൊരു വ്യക്തി പോലും എനിക്കിവിടെ ഇല്ല.
ആണുങ്ങള്‍ ഫെമിസ്റ്റുകള്‍ ഉണ്ടെന്ന് ഇടിവാളിനു അറിയില്ലായിരുന്നു എന്ന് ആദ്യം പറഞ്ഞു (അതിനി തമാശയണോ എന്ന് അറിയില്ല).
ഇക്ക് വയ്യ ഇഞ്ചീപ്പെണ്ണേ ;) ഞാന്‍ സ്കൂട്ടാവുന്നു!
വരികള്‍ക്കിടയില്‍ വായിക്കരുതേ എന്നു മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ. ആ വിട്ടു കള.
There are a couple of issues here:
1. On what basis do you think that Mallu females do not have proportional representation in the blogosphere?
2. On what basis do you think that wifes are not blogging because their husbands are hiding the keyboards?
To blog or not to blog is an individual's decision. Blogs are a relatively new medium in Kerala. It is yet to get widespread acceptance. Once that happens, you will find more people, both men and women coming in - to blog and also to comment.
Post a Comment