2008-01-18

പുതുപ്പണക്കാരി

ബ്ലോഗിങ്ങ് ഗൂഗിളിന്റെ സെര്‍വറുകളില്‍ നിന്നെല്ലാം മാറി സ്വതന്ത്രമായി നിലകൊള്ളുമ്പോള്‍ മിനുട്ടിനു മിനുട്ടിനു ചവറെഴുതുവാന്‍ എന്നെപ്പോലുള്ളവര്‍ തുനിയില്ല. കാരണം, വാടകക്കെടുക്കുന്ന സെര്‍വര്‍ സ്പേസിനു കാശുമുടക്കുണ്ട്. അങ്ങിനെ ഒരു അവസ്ഥയിലേക്ക് ബ്ലോഗിങ്ങ് സീരിയസായി മുന്നേറുമ്പോള്‍ എടുക്കുന്ന സെര്‍വര്‍‌സ്പേസിന്റെ റണ്ണിങ്ങ് കോസ്റ്റ് പരസ്യങ്ങളിലൂടെ നികത്താന്‍ സാധിച്ചാല്‍ അതില്പരം നല്ലൊരു കാര്യം എന്തുണ്ട്?

അങ്ങിനെ ഒരു പരീക്ഷണാടിസ്ഥാനത്തില്‍ ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പ് ഗൂഗിള്‍ ആഡ്സ് വെക്കുകയും നൂറ്റിചില്വാനം ഡോളര്‍ പിരിഞ്ഞുകിട്ടുകയും ചെയ്തു. ഇംഗ്ലീഷില്‍ പാചക ബ്ലോഗിങ്ങ് തുടങ്ങിയത് മലയാളിയുടെ തനതു രുചികളെ മലയളികളല്ലാത്ത ഒരു സമൂഹത്തിനു സരസമായി പരിചയപ്പെടുത്തുക എന്ന ഗൂഢോദ്ദേശ്യമായിരുന്നു. ആന്ധ്രാക്കാരും തമിഴരും ഗുജറാത്തികളും ഒക്കെ നമ്മുടെ കുത്തരി പരീക്ഷിച്ച് ഇത്രയും നല്ലൊരു അരി ഞങ്ങള്‍ കാണാതെ പോയതെന്തേ എന്ന് ചോദിക്കുമ്പോള്‍ കേരളത്തിന്റെ അരി ഉല്പാദനം കൂടുന്നതും കുത്തരിക്കഞ്ഞി സായിപ്പ് വരെ മുളകുപൊട്ടിച്ച് കഴിക്കുന്നതും അങ്ങിനെ വെച്ചടിവെച്ചടി മലര്‍പ്പൊടിക്കാരന്‍ നടന്ന് നീങ്ങുന്നതും ഞാന്‍ സ്വപ്നം കണ്ടു. ആ സ്വപ്നം കാണലില്‍ നിന്നുമാണ് പാചക ബ്ലോഗ് എഴുതാനുള്ള പ്രചോദനം എപ്പോഴും കിട്ടുന്നത്.

പാചക ബ്ലോഗ് എന്നാല്‍ എന്തോ സ്ത്രീകളുടെ അടുക്കള കാര്യം പോലെ കാണുന്നവരുണ്ട്. എന്നാല്‍ ഇന്ത്യന്‍ പാചക ബ്ലോഗില്‍ ഏറ്റവും കൂടുതന്‍ ഇന്ത്യയെ ആഘോഷിക്കുന്നത് ഈ പാചക ബ്ലോഗുകളാണ്. ഒരു സാധാരണ കാളന്റെ പാചകവിധിയേക്കാളും അതിനു പിന്നിലുള്ള ചേരുവകള്‍, ചരിത്രം, പഴയ പാചക രീതികള്‍, ഗുണങ്ങള്‍, അതിനു വേണ്ട പച്ചക്കറികള്‍ പ്രകൃതിദത്തമായി നട്ട് വളര്‍ത്തുന്നത് ഇങ്ങിനെ ഇത്രമാത്രം മനസ്സറിഞ്ഞ് സ്നേഹം വിളമ്പി ബ്ലോഗുന്ന മറ്റൊരു തരത്തിലുള്ള ബ്ലോഗിങ്ങ് ഇല്ലാ എന്ന് തന്നെ പറയാം. മാത്രമല്ല പരിസ്ഥിതി പ്രശ്നങ്ങള്‍, അന്യം നിന്ന് പോകുന്ന ആഘോഷങ്ങളെ പറ്റിയുള്ള അറിവുകള്‍, ഭക്ഷണത്തിന്റെ ഇമ്പോര്‍ട്ട് എക്സ്പോര്‍ട്ട് നിയമങ്ങള്‍, സംസ്കാ‍രങ്ങള്‍ ഇവയെക്കുറിച്ച് എല്ലാം സമഗ്രമായ പോസ്റ്റുകളുണ്ട്.
പാചക ബ്ലോഗില്‍ ഇതിനെ കുറിച്ച് വിശദമായ ഒരു പോസ്റ്റുണ്ട്. (അത് തന്നെ ഇവിടെ പകര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല. ദയവായി അത് വായിക്കുക)

എന്തായാലും ഇന്ത്യക്കാരുടെ പ്രത്യേകിച്ചു മലയാളികളുടെ പ്രശ്നങ്ങളായ
1) നിറയേ കാശ് വേണം, പക്ഷെ ‍ആരെങ്കിലും കണ്ടാലോ?
2) ഏയ് എനിക്ക് കാശില്‍ കമ്പമില്ല ഞാന്‍ തികച്ചും ഗാന്ധിമാര്‍ഗ്ഗം, പക്ഷെ ലേറ്റസ്റ്റ് ഐപോഡും ക്യാമറഫോണും വേണം -- ഇത്യാദി ഹിപ്പോക്രസിയില്‍ ഒക്കെ ഞാനും ഉള്‍പ്പെടാറുള്ളതുകൊണ്ട് പരസ്യങ്ങള്‍ വെക്കുന്നത് ചിലപ്പോള്‍ ഒരു ചമ്മലാവുകയും ഞാന്‍ എടുത്ത് മാറ്റുകയും ഒന്നുറങ്ങിക്കഴിഞ്ഞ് ബോസിന്റെ മുഖം കാണുമ്പോള്‍, പോടോ ഞാന്‍ ബ്ലോഗെഴുതി കാശുണ്ടാക്കുമെടോ തന്റെ ശമ്പളം ആര്‍ക്ക് വേണം എന്ന് തോന്നുകയും പിന്നേയും അവ എടുത്ത് വെക്കുകയും ഒക്കെ ഇതിന്റെ ഇടയ്ക്ക് പല തവണ ചെയ്തിട്ടുണ്ട്.

അങ്ങിനെ ആളുകള്‍ ക്ലിക്കിയും ക്ലിക്കാതെ പേജ് ലോഡിനും ഒക്കെ കൂടിയായി തരക്കേടില്ലാത്ത പോയിന്റ് ആന്റ് ഷൂ‍ട്ട് ക്യാമറ മേടിക്കാനുള്ള കാശ് പിരിഞ്ഞു കിട്ടിയതായി സസന്തോഷം ഇവിടെ പറഞ്ഞുകൊള്ളുന്നു. എല്ലാ‍ ദിവസവും പാചക ബ്ലോഗ് അപ്ഡേറ്റിയിരുന്നെങ്കില്‍ എന്റെ ഒരു കണക്കനുസരിച്ചു ഇത് എകദേശം അഞ്ചു മാസം കൊണ്ട് ഇത്രയും തുക കിട്ടുമെന്നാണ്. എന്തായാലും ഈ വിവരങ്ങള്‍ മറ്റൊരാള്‍ക്ക് ബ്ലോഗ് തുടങ്ങാനും മറ്റും പ്രചോദനമാ‍വാനുതകും എന്നൊരൊറ്റ കാരണത്താലാണ് മലയാളത്തിലും പോസ്റ്റുന്നത്.

പുതിയ നാമങ്ങള്‍ : ഇഞ്ചി മുതലാളി / ബൂര്‍ഷ്വാ / സാമ്രാജ്യത്വ കുത്തക മൂരാച്ചി / തൊഴിലാളി ചൂഷക
വില്പനയ്ക്ക് : അര്‍ദ്ധരാത്രി തുറക്കുന്ന ജപ്പാ‍ന്‍ മേഡ് കുട.

ഇനി അടുത്തത് എന്റെ ലിസ്റ്റില്‍ ഇതുപോലെ ബ്ലോഗെഴുതി എഴുതി ആളുകള്‍ ക്ലിക്കി ക്ലിക്കി ഒരു ചെറിയ ഫ്റാറി. തീരെ ചെറിയ സ്വപ്നങ്ങളേയുള്ളൂ. ദേ പോണൂ മലര്‍പൊടിക്കാരന്‍. പിന്നാലെ ചെല്ലട്ടെ!

17 പ്രതികരണങ്ങള്‍:

ഡാലി said...

അഹാ! ഇതാണ് പണ്ടുള്ളോര്‍ പറയണത് അല്‍പ്പനു അര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിയ്ക്കു ഫ്‌റാറികുട പിടിയ്ക്കുമെന്ന്.

രാജ് said...

ഗൂഗിള്‍ ആഡ്‌സെന്‍സ് എത്രയും പെട്ടെന്ന് മലയാളം ബ്ലോഗേഴ്സിനു വേണ്ടി അനുവദിക്കപ്പെട്ടില്ലെങ്കില്‍ ഞാനെന്റെ ബ്ലോഗ് വേറെ വല്ല ഹോസ്റ്റിലേക്കും മാറ്റി ‘വായിക്കണമെങ്കില്‍ കാശ് തരണം’ എന്ന പോലെയാക്കാന്‍ പോവുകയാണ്. ക്രെഡിറ്റ് കാര്‍ഡുകളും പേപാലും സ്വീകരിക്കുന്നതാണ്. ഇതെന്താ സാഹിത്യത്തിനൊന്നും ഒരു വെലേം ഇല്യേ?

കാശ് കൊടുത്ത് വാങ്ങിയ പട്ടിയെ മാത്രമേ മലയാളി നേരെ നോക്കൂ എന്നാണ് നാണപ്പജി പറഞ്ഞിരിക്കുന്നത്, അതുകൊണ്ട് പട്ടിയായാലും സാഹിത്യപ്പട്ടിയായി ഒന്ന് നേരെ വായിക്കപ്പെട്ടാല്‍ മതി :-)

[ഒക്കെ സീരിയസ്സാണ്. ഉടന്‍ പ്രതീക്ഷിക്കുക.]

Satheesh said...

എന്തായാലും കിട്ടിയത് ചില്ലറക്കാര്യമല്ലല്ലോ..ഇതിന്‍ ഒരു പോപ്പിക്കുട തന്നെ പിടിക്കാന്‍ സ്കോപ്പുണ്ട്!

ബൈദബൈ: ആ അക്കൌണ്ടില്‍ നിന്ന് കാശ് വലിച്ചവരെയൊക്കെ ഞാന്‍ നോക്കി കണ്ട് പിടിച്ചോളാം! :)

reshma said...

എന്തോ ഗൂഗ്ഗിള്‍ ആഡ് സെന്‍സ്കൊണ്ട് ഒരു കാര്യവും ഇല്ലെന്നായിരുന്നു എന്റെ ധാരണ. മാറ്റി. ഇനിയങ്ങോട്ട് ഇവിടെ തീ പുകയുമ്പോ‍ളൊക്കെ ഗ്ഗൂഗ്ഗിള്‍ മണീസ് തരട്ടെ. ഫ്രാറിയില്‍ സ്പാറിയില്ലെങ്കിലും ഇടക്ക് ഫെററോ അടിക്കാലോ.
(ഞാനിത് വരെ നെല്‍പ്പാടത്തിലൂടെ നടന്നിട്ടില്ല. കുത്തരി ഇഷ്ടവുമല്ല. എന്റെ ഉപ്പൂപ്പ പേര്‍ഷ്യേന്നും ആനപ്പുറത്ത് വന്നതു കൊണ്ട് എനിക്ക് മലയാളി ഹിപ്പോക്രസിയുമില്ല).

ദിലീപ് വിശ്വനാഥ് said...

ഒരു വര്‍ഷം കൂടി കാത്തിരുന്നാല്‍ ഒരു എസ്. എല്‍. ആര്‍. ക്യാമറ തന്നെ വാങ്ങാമല്ലോ.
നല്ല പോസ്റ്റ്. തമാശയിലൂടെ ഇങ്ങനെ വിജ്ഞാനം പകരാന്‍ കഴിയുന്നത് ചെറിയ കാര്യമല്ല കേട്ടോ.

സാക്ഷരന്‍ said...

കളി കാര്യമായി … കൊള്ളാം

നമ്മൂടെ ലോകം said...

ONLY FERRARI...... NO - NANO - NO- NO?

ബിന്ദു said...

നന്നായി. ഇനി അത്യാവശ്യത്തിനു കടം ചോദിക്കമല്ലൊ. :)

Mrs. K said...

ആഹാ.. അപ്പൊ എനിക്ക് തരാനുള്ള കാശ് എപ്പത്തരും? കാമറയൊക്കെ ആറ്ഭാടമാണ്‍ കുട്ടീ.. സിമ്പിളായിട്ട് ജീവിക്കണം..സിമ്പിളായിട്ട്. :)

അപര്‍ണ്ണ said...

പിടിച്ചോളൂ എന്റെ വക വല്യ ഒരു CONGRATS..

ഇത്രേം നാളും എനിക്കു ശരിക്കും അറീല്ലാരുന്നു ഇതെന്താ സൂത്രം എന്ന്. ഇപ്പോ പിടി കിട്ടി, കുടയും കിട്ടി. തൂക്കി വെച്ചിട്ടുണ്ട്‌, പക്ഷേ മലയാളം ആയാല്‍ പറ്റുമോ എന്നു അറീല്ലാരുന്നു.

ഇഞ്ചിയേച്ചി ആഗ്രഹിച്ച പോലെ തന്നെ നടക്കട്ടെ. വേഗം വേഗം പോക്കറ്റ്‌ മണീസ്‌ നിറയട്ടെ.തഥാസ്തു. :)

ആ പാചക ബ്ലോഗ്‌ ഉണ്ടല്ലോ,അതര്‍ഹിക്കുന്നതു തന്നെയാണേ വരുമാനമൊക്കെ, അത്രയും effort അല്ലേ അത്‌. ഞാന്‍ അദ്ഭുതപ്പെട്ടിട്ടുണ്ട്‌ ചില recipie ഒക്കെ വിത്ത്‌ പടം കണ്ടിട്ട്‌.

simy nazareth said...

ഇഞ്ചീ,

എനിക്കും കുറെ നാളായി ഈ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ നാലോ അഞ്ചോ ഡോളര്‍ പിരിഞ്ഞുകിട്ടിയിട്ട് എന്നാ ചെയ്യാനാ, ബ്ലോഗിന്റെ ഭംഗി പോവൂല്ലേ തുടങ്ങിയ സംശയങ്ങളൊക്കെ വന്നപ്പൊ മടിച്ചു. എന്നാലും നൂറുഡോളര്‍! കാമറ! തകര്‍ത്തു.

ഇനി ദുബൈ വഴി വരുമ്പൊ ട്രീറ്റ് തന്നാ മതി.

മയൂര said...

രസകരമായി കാര്യം പറഞ്ഞ രീതി “ക്ഷ“ പിടിച്ചു, കാര്യവും:)
ബൈ ദ ബൈ പേരു വെട്ടിയ ചെക്ക് ബാങ്ക് കൈപറ്റുമോ;)

ഭൂമിപുത്രി said...

ഇഞ്ചിപ്പെണിന്റെ പാചകതന്ത്രം ബ്രില്ല്യന്റ്!
മലയാളം ബളോഗുകളില്‍നിന്നാര്‍ക്കെങ്കിലും കാശുകിട്ടുന്നുണ്ടാകുമോ?
എങ്കിലൊര(മുക്കാല്-ഫുള്)‍കൈനോക്കായിരുന്നു.
കാര്യം ശംബളൊന്നുല്ലാതെ ലീവെടുത്തിരിയ്ക്കാണെ..

ഉഗാണ്ട രണ്ടാമന്‍ said...

നല്ല പോസ്റ്റ്...

കാലമാടന്‍ said...

ഒരു ബ്ലോഗ് തുടങ്ങി...
കാലമാടന്‍
(കമന്റ് ദുരുപയോഗം സദയം ക്ഷമിക്കുക; എല്ലാവര്‍ക്കും വേണ്ടത് പബ്ലിസിറ്റി ആണല്ലോ...)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വളരെ രസകരമായി നല്ലൊരു കാര്യം പറഞ്ഞിരിക്കുന്നു.ഈ വഴിയെങ്ങാനും വരുന്നുണ്ടെങ്കില്‍ കാമറയൊന്നു കാണിച്ചുതരാന്‍ മറക്കണ്ട ട്ടോ.

Anonymous said...

നീയാണു മോളെ പെങ്കുട്ടി..